2013, ഡിസംബർ 31, ചൊവ്വാഴ്ച

അഴ കൊഴമ്പൻ ആഭ്യന്തരം

പുതിയ ആഭ്യന്തര മന്ത്രി  വന്നത് കൊണ്ട് എന്താണ് പ്രയോജനം?  മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ കീഴിലല്ലേ ഭരിക്കേണ്ടത് ? പിന്നെ ആര് മന്ത്രി ആയാലെന്താ?കേരളത്തിലെ ഭരണം ആകെ തകർന്നിരിക്കുന്നു. അടി തൊട്ട് മുടി വരെ അഴിമതിയിൽ മുങ്ങി നിൽക്കുകയാണ് ഉമ്മൻ ചാണ്ടിയുടെ  സർക്കാർ. സോളാർ അഴിമതി, ആറന്മുള വിമാനത്താവളം അഴിമതി തുടങ്ങി തൊട്ടതിൽ ഒക്കെയും അഴിമതി ആണ്. ഭൂരിഭാഗം മന്ത്രിമാരും അഴിമതിക്കാരാണ്. ഒന്നാം സ്ഥാനം  മുഖ്യ മന്ത്രിയ്ക്ക് തന്നെ. അധികാരത്തിൽ വരുന്നതിനു മുൻപ് അഴിമതിയെ പ്പറ്റി എന്തെല്ലാം പറഞ്ഞു?  2010 മെയ്‌ 5  ന് സെക്രട്ടറിയെറ്റ് ധർണ ഉത്ഘാടനം ചെയ്തു കൊണ്ടു ഈ ഉമ്മൻ ചാണ്ടി (അന്ന് പ്രതി പക്ഷ നേതാവ്) പറഞ്ഞത് അഴിമതി ആരോപണം നേരിടുന്ന എല്ലാ മന്ത്രിമാരുടെയും പേരിൽ അന്വേഷണം വേണമെന്നാണ്.  ഇപ്പോൾ  അതെല്ലാം മറന്നു പോയി. അന്ന് പറഞ്ഞതിൽ പ്രധാനം മന്ത്രി പി.ജെ.ജൊസഫ് വലിയ അഴിമതിക്കാരൻ ആണെന്നാണ്‌. ഇന്ന് ആ ജോസഫ് ആരാ? ഉമ്മൻ ചാണ്ടിയുടെ മന്ത്രി.

 മുഖ്യ മന്ത്രി  കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അഴിമതി ആരോപണം നേരിടുന്നത് ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആണ്. സരിത, ശാലു, ഗുജറാത്ത് വ്യവസായി അഭിലാഷ് തുടങ്ങി തിരുവഞ്ചൂരിനെതിരെ ഇല്ലാത്ത ആരോപണം ഇല്ല. സ്വന്തം അഴിമതി മൂടിവെയ്ക്കാൻ ഇടതുമായി ഒത്തു തീർപ്പ് നടത്തുന്ന ആൾ. കൂടാതെ മുഖ്യ മന്ത്രിയുടെ വിശ്വസ്തൻ, അതായത്  ഉമ്മൻ ചാണ്ടിയുടെ   "മാൻ  ഫ്രൈഡേ".    (യഥാർത്ഥ മാൻ ഫ്രൈഡേ നര ഭോജി ആയിരുന്നു. ഇദ്ദേഹം ഭുജിച്ചില്ലെങ്കിലും മനുഷ്യനെ കൊല്ലും, ചിരിച്ചും സംസാരിച്ചും.) എല്ലാറ്റിനും വല്ലാതെ  വലിച്ചു നീട്ടിയ വിശദീകരണവും ആയി ആൾക്കാരെ നിരന്തരം  ബോറടുപ്പിച്ചു കൊണ്ടിരുന്ന  മനുഷ്യൻ. "തീയിൽ കുരുത്തതെന്ന്" സ്വയം പൊങ്ങച്ചം അടിച്ച  മഹാൻ. ഇപ്പോൾ വാടി താഴെ വീഴാൻ  വെയിൽ പോലും വേണ്ട.ഡൽഹിയിൽ നിന്നൊരു ഫോണ്‍ വിളി മാത്രം മതി എന്നത് കർമ ഫലം.

ഈ ദേഹത്തെ മാറ്റി പുതിയൊരാളിനെ പ്രതിഷ്ടിക്കുകയാണ് സർവ്വ ശക്തയായ ഹൈക്കമാൻഡ്. ആള് ശ്രീ രമേശ്‌ ചെന്നിത്തല. തിരുവഞ്ചൂരിൽ നിന്നും ഒട്ടും വ്യത്യസ്ഥനല്ലാത്ത അതേ പോലത്തെ ഒരു അഴ കൊഴമ്പൻ സാധനം. ഒന്നിനും വ്യക്തമായ ഒരു അഭിപ്രായമില്ലാത്ത ഒരാൾ. എല്ലാം  ഹൈ കമാൻഡ് പറയുന്നത് പോലെ എന്ന് പറഞ്ഞു നടക്കുന്ന വിധേയ വിനീതൻ. രണ്ടു തവണ ആഭ്യന്തര മന്ത്രി ആകാൻ ശ്രമിച്ച് എ ഗ്രൂപ്പിൻറെ അടിയിൽ നിലം പരിശായി മുന്തിരിങ്ങ പുളിക്കും എന്ന് പറഞ്ഞത് പോലെ  ഉമ്മൻ ചാണ്ടിയുടെ കീഴിൽ മന്ത്രിയായി  ഒരു കാരണവശാലും വരില്ല എന്ന് വീമ്പിളക്കിയ ആൾ. ഇപ്പോഴിതാ പഞ്ച പുശ്ചം അടക്കി ഉമ്മൻ ചാണ്ടിക്ക് കീഴിൽ വരാൻ പോകുന്നു. തരാ തരം പോലെ വാക്ക് മാറ്റുന്നവരാണല്ലോ  രാഷ്ട്രീയക്കാർ.  തിരുവഞ്ചൂരിൽ നിന്നും ഒരേ ഒരു കാര്യത്തിൽ മാത്രമേ  ഇദ്ദേഹത്തിനു വ്യത്യാസം ഉള്ളൂ.  ഉമ്മൻ ചാണ്ടിയും ആയുള്ള ഇടപാടിൽ.  ഉമ്മൻ ചാണ്ടിയുടെ ബദ്ധ ശത്രു. അധികാരത്തിൽ വന്നതു കൊണ്ട് ഇതിൽ കാതലായ മാറ്റം ഉണ്ടാകും. കാരണം രമേഷിനും  വ്യക്തമായ സ്വാർത്ഥ താൽപ്പര്യം ഉണ്ട്. അത് കൊണ്ട് ഉമ്മൻ ചാണ്ടിയും ആയി വളരെ സ്നേഹത്തിൽ കഴിഞ്ഞു പോകും. 

ഈ തരികിടകൾ എല്ലാം ജനം കണ്ടു കൊണ്ടിരിക്കുകയാണ്. മണ്ടന്മാരല്ല എന്ന് ജനങ്ങൾ തെരഞ്ഞെടുപ്പിൽ  തെളിയിച്ചു കൊണ്ടിരിക്കുന്നു. കെ.പി.സി.സി. തന്നെ നടത്തിയ ഒരു അഭിപ്രായ സർവെ നോക്കിയാൽ   കോണ്‍ഗ്രസ്സിന് ഇത്തവണ സീറ്റ് കിട്ടുമോ എന്ന് വരെ സംശയം തോന്നും. 

2013, ഡിസംബർ 30, തിങ്കളാഴ്‌ച

ആരാണ് കള്ളം പറയുന്നത്?

ചാനലുകളായ ചാനലുകളും  പത്രങ്ങളായ പത്രങ്ങളും എല്ലാം  പറഞ്ഞു ഉമ്മൻ ചാണ്ടി യുടെ സർക്കാർ ആണ് 2012ൽ ആറന്മുള വിമാനത്താവള ഭൂമിക്ക് പോക്ക് വരവ് ചെയ്യാൻ അനുമതി നൽകിയത് എന്ന്. വെറുതെ പറഞ്ഞതല്ല. തെളിവുകൾ സഹിതം. തെളിവുകൾ എന്നാൽ സർക്കാർ രേഖകൾ. വിവരാകാശ നിയമം വഴി സർക്കാരിൽ നിന്നും ലഭിച്ച ഒറിജിനൽ രേഖകൾ. പക്ഷെ ഉമ്മൻ ചാണ്ടി സമ്മതിക്കുന്നില്ല. ഉമ്മൻ ചാണ്ടി ഇപ്പോഴും തീർത്തു പറയുകയാണ്‌ തങ്ങളല്ല നൽകിയത് എന്ന്. 

കേരള സർക്കാർ കുറെ കാര്യങ്ങൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും മറച്ചു വച്ചു എന്നൊരു ആരോപണം വന്നിരുന്നു. ആറന്മുള വിമാനത്താവളത്തിനു  വേണ്ടി വയൽ നികത്തിയ വിവരം മനപൂർവം മറച്ചു വച്ചു എന്നാണ്. ഇതും വെറുതെ അല്ല തെളിവുകൾ സഹിതം ആണ് പത്ര പ്രവർത്തകർ പുറത്തു വിട്ടത്. ആധികാരികമായ രേഖകൾ. അതും  മുഖ്യ മന്ത്രി സമ്മതിക്കുന്നില്ല. 

ഉമ്മൻ ചാണ്ടിയെ എന്നും കണ്ണടച്ച് പിന്താങ്ങിയിരുന്ന മനോരമയും കുറച്ചൊക്കെ ആഭിമുഖ്യം കാണിച്ചിരുന്ന മാതൃഭൂമിയും വരെ ഇപ്പോൾ തെളിവുകളുമായി വരുന്നു. അത്രയ്ക്കാണ് ചാണ്ടിക്കെതിരെയുള്ള തെളിവുകൾ.

തെളിവുകൾ നിരത്തിയാലും അത് ശരിയല്ല എന്ന് പറയുന്ന ഒരവസ്ഥ വന്നു ചേർന്നിരിക്കുന്നു.

2013, ഡിസംബർ 29, ഞായറാഴ്‌ച

അമിത വേഗത-അപകടം

ഗതാഗത നിയമ ലംഘനം നിരീക്ഷിക്കാനുള്ള 100 ക്യാമറകൾ  സ്ഥാപിച്ചതിന്റെ ഉദ്ഘാടനം മുഖ്യ മന്ത്രി നിർവഹിക്കുന്നു. അതിന് ഏറ്റവും അനുയോജ്യൻ ഏതായാലും മുഖ്യ മന്ത്രി തന്നെ. കാരണം ഗതാഗത നിയമ ലംഘനം ഏറ്റവും കൂടുതൽ നടത്തുന്നത് മുഖ്യ മന്ത്രി സഞ്ചരിക്കുന്ന വാഹനം ആണ്. 100 കിലൊമീറ്ററിൽ അധികം വേഗതയിൽ ആണ് എപ്പോഴും മുഖ്യ മന്ത്രി സഞ്ചരിക്കുന്നത്. ചിലയിടങ്ങളിൽ സിഗ്നൽ ലൈറ്റ് അണച്ച്, വേഗതയിൽ പോകാൻ പോലീസ് സൗകര്യം ചെയ്യുന്നു. അല്ലാത്തിടത്തൊക്കെ സിഗ്നൽ ലൈറ്റ് വക വയ്ക്കാതെ മുഖ്യ മന്ത്രി പോകുന്നു. പേടിപ്പെടുത്തുന്ന ഒരു ഹൂട്ടർ ശബ്ദവും പുറപ്പെടുവിച്ച് അടിച്ചു പറത്തി പൈലറ്റ്‌ വണ്ടി. അതിനു പുറകെ കൈയൂം കലാശവും കാണിച്ചു കൊണ്ടുള്ള പോലീസ്കാരെയും കൊണ്ട് മറ്റൊരു വണ്ടി. അതിനു പുറകെ അമിത  വേഗത്തിൽ മുഖ്യ മന്ത്രിയുടെ വാഹനം.ഏതെങ്കിലും ഉദ്ഘാടനത്തിനുള്ള മരണ പാച്ചിൽ ആയിരിക്കും ഇത്. അല്ലാതെ ഇത്ര അത്യാവശ്യമായി ചെയ്യാൻ എന്ത് ജോലിയാണ് ഉള്ളത്? മുഖ്യ മന്ത്രിയുടെ  ഇരുപതിന പരിപാടിയുടെ  ഭാഗമായാണ് 40 കോടി രൂപ മുതൽ മുടക്കിൽ സംസ്ഥാന പാതകളിൽ ക്യാമറകൾ സ്ഥാപിച്ചത്. അത് നന്നായി. മുഖ്യ മന്ത്രിയും മന്ത്രിമാരും അമിത വേഗത്തിൽ പോയാലും  നിയമ ലംഘനം നടത്തിയാലും പാവപ്പെട്ട ജനങ്ങളെ ഈ ക്യാമറ വച്ച് പിടിക്കാമല്ലോ.

ഗതാഗത കമ്മീഷണറും അധികാരികൾക്കെതിരെ നടപടി  എടുക്കാനുള്ള അവിവേകം ഒന്നും കാണിക്കുകയില്ല. ചുവന്ന ബീക്കണ്‍ ലൈറ്റിൻറെ കാര്യം എഴുതി ചോദിച്ചു എന്ന് പറയുന്നതല്ലാതെ നിയമ ലംഘനം നടത്തുന്ന അധികാരി വർഗ്ഗത്തെ തൊട്ടു കളിക്കാനൊന്നും ഗതാഗത വകുപ്പ് തയ്യാറല്ല. നമ്പർ ബോർഡിൽ  കേരള സ്റ്റേറ്റ് എന്നൊക്കെ എഴുതുക, ബീക്കണ്‍ ലൈറ്റ് വയ്ക്കുക, എയർ ഹോണ്‍ വയ്ക്കുക, കണ്ണാടിയിൽ കറുത്ത ഫിലിം ഒട്ടിക്കുക, അമിത വേഗത, തുടങ്ങി എല്ലാ നിയമ ലംഘനങ്ങളും നടത്തുന്ന സർക്കാർ വാഹനങ്ങളെ ഒന്നും ചെയ്യാതെ പാവപ്പെട്ട ജനങ്ങളുടെ മേൽ കുതിര കയറുക എന്ന പരിപാടിയാണ് കേരളത്തിൽ നടക്കുന്നത്. 

2013, ഡിസംബർ 28, ശനിയാഴ്‌ച

ഡൽഹി സർക്കാർ

ആദ്യമായി ഭാരതത്തിൽ ജനങ്ങളുടെ സർക്കാർ രൂപീക്രിതമായിരിക്കുന്നു.കേജ് രിവാളിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ഇന്ന് സത്യ പ്രതിജ്ഞ ചെയ്തു അധികാരത്തിൽ വന്ന സർക്കാർ. ഇത്രയും നാൾ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ സർക്കാർ ആയിരുന്നു ഭാരതത്തിൽ, കേന്ദ്രത്തിലും  സംസ്ഥാനങ്ങളിലും,   ഭരണം നടത്തിയിരുന്നത്. ഇന്നത്‌ മാറി അഴിമതി തുടച്ചു നീക്കാനായി, സദ്‌ ഭരണത്തിനായി  സമരം ചെയ്ത ജനങ്ങൾ അധികാരത്തിൽ വന്നിരിക്കുന്നു. രാഷ്ട്രീയ പാർട്ടികൾ അധികാരത്തിൽ വരുന്നത് ജന നന്മക്ക്   വേണ്ടിയുള്ള ഭരണത്തിനല്ല.  അധികാരം ആണവരുടെ ലക്ഷ്യം. അധികാരം എന്തിനാണ്? ഭൌതിക സുഖങ്ങൾ ആസ്വദിക്കാനും, പണം ഉണ്ടാക്കാനും. പണം സുഖിക്കാനും അവരുടെ മക്കൾക്കും അടുത്ത തലമുറയ്ക്കും സുഖിക്കാനായി സമ്പാദിച്ചു വയ്ക്കാനും. പിന്നെ അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി ചെലവാക്കാൻ. 

ഈ പണം എവിടന്നു വരുന്നു? അഴിമതിയിലൂടെ ഉണ്ടാകുന്നത്. അഴിമതിയെ നമ്മൾ നിസ്സാരവൽക്കരിക്കരുത്. അത് നമ്മളുടെ പണമാണ്. അതായത് നമ്മൾ നികുതി ദായകരുടെ പണം. കൽക്കരി പ്പാടം അഴിമതിയിൽ സംഭവിച്ചത് നോക്കാം. കുറഞ്ഞ വിലയ്ക്ക് കൽക്കരിപ്പാടങ്ങൾ കമ്പനികൾക്ക് വിറ്റു. അത് മൂലം ഒരു 1,86000 കോടി രൂപയാണ് സർക്കാരിന് നഷ്ട്ടമായത്. അതായത് കമ്പനികൾക്ക്  1,86000 കോടി രൂപ  ലാഭം കിട്ടി. ഇതിൻറെ വിഹിതം കൈക്കൂലി ആയി ഇത് ചെയ്തു കൊടുത്തവർക്ക് കിട്ടി. പ്രധാന മന്ത്രി മൻ മോഹന സിങ്ങ് ആയിരുന്നു കൽക്കരി മന്ത്രാലയത്തിന്റെ ചാർജ്. അങ്ങേര് വാങ്ങിയിട്ടില്ലാ എന്ന് പറയുകയാണെങ്കിൽ അത് കോണ്‍ഗ്രസ് പാർട്ടി വാങ്ങിയിട്ടുണ്ട്. മറ്റു പല മന്ത്രിമാരും ഉന്നതരും അഴിമതിപ്പണം വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. 1,86000 കോടി രൂപയാണ് ജനങ്ങൾക്ക്‌ നഷ്ട്ടമായത്. അപ്പോൾ എന്ത് അഴിമതി നടന്നാലും അവിടെ നഷ്ട്ടം സാധാരണ ജനങ്ങൾക്ക് ആണ്. 

അഴിമതി വൻതോതിൽ നടക്കുന്ന ഒരു സ്ഥലമാണ് പ്രധിരോധ മന്ത്രാലയം. അവിടെ എന്ത് ആയുധം വാങ്ങിയാലും കമ്മീഷൻ ഉണ്ട്. കാരണം ഒരു ആയുധത്തിന്റെ വിലയും മറ്റൊന്നിനോട് താരതമ്യം ചെയ്യാൻ പറ്റില്ലല്ലോ. വില കൂടിയെന്ന് പറഞ്ഞാൽ അതിനകത്ത് കൂടുതൽ മേന്മയുള്ള സാധനങ്ങൾ  ഉണ്ടെന്ന് പറയും. അതായത് വില കൂട്ടിക്കാണിച്ചു ആ മാർജിൻ മന്ത്രിക്കും മറ്റുള്ളവർക്കും വീതം വയ്ക്കും. നമ്മുടെ ഇപ്പോഴത്തെ മന്ത്രി ആദർശ ധീരൻ ആണെങ്കിൽ പാർട്ടി വാങ്ങിക്കൊള്ളും കോഴ.

അഴിമതി ഇല്ലാതെ ഭരണം നടക്കില്ല എന്ന് പറയുന്നത് തെറ്റാണ്. വെള്ളത്തിന്റെ കരം നോക്കാം. കെടു കാര്യസ്ഥതയും അഴിമതിയും കൊണ്ടാണ് വില കൂടുന്നത്. പൈപ്പ് കുഴിച്ചിടാൻ ടെണ്ടർ വിളിക്കുമ്പോൾ തുടങ്ങുന്ന അഴിമതിയും കൈക്കൂലിയുമാണ്. ആ  പണം മുഴുവൻ വെള്ളത്തിന്റെ കരം ആയി പാവപ്പെട്ടവർ അടക്കേണ്ടി വരുന്നു. വൈദ്യുതിയും അത് പോലെ തന്നെ. അതിനാൽ അഴിമതി അവസാനിപ്പിച്ചാൽ  കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക്‌ സേവനം കിട്ടും.അഴിമതിക്കാര്യത്തിൽ എല്ലാ പാർട്ടികളും ഒത്തൊരുമയോടെയാണ്. ഡൽഹിയെ പ്പോലെ കേരളവും മറ്റു സംസ്ഥാനങ്ങളും പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു. നമുക്ക് പ്രതീക്ഷിക്കാം.

2013, ഡിസംബർ 26, വ്യാഴാഴ്‌ച

ഗവണ്മെന്റ് ഗേൾസ്‌ സ്കൂൾ കോഴിക്കോട്‌


സായിപ്പിനോടുള്ള ആരാധനാ മനോഭാവവും അവരോടുള്ള വിധേയത്വവും മലയാളികളിൽ പലർക്കും ഇന്നും  ഉണ്ട്. അത് കൊണ്ട് അവരെ ഭാഷയിലും വേഷത്തിലും പെരുമാറ്റത്തിലും അനുകരിക്കാനുള്ള ധ്വരയും മലയാളി വെടിഞ്ഞിട്ടില്ല.

 കോഴിക്കോട്‌ നടക്കാവ് ഗവണ്മെന്റ് ഗേൾസ്‌ ഹയർ സെക്കൻഡറി സ്കൂൾ        ( പേര് തന്നെ ഇംഗ്ലീഷിൽ ആണല്ലോ) അന്താരാഷ്‌ട്ര നിലവാരത്തിൽ ആയിരിക്കുന്നു. ഇതിൻറെ ഔപചാരിക ഉൽഘാടനം  ഇന്ന് നടക്കും.നല്ല പരീക്ഷണ ശാലകൾ,വായനശാല, ഹോക്കി,ഫുട് ബോൾ, മറ്റു  കളിസ്ഥലങ്ങൾ തുടങ്ങി എല്ലാം നല്ല നിലവാരത്തിൽ ഉള്ളവയാണ്. എം.എൽ.എ. ഫണ്ടും മറ്റു സാമ്പത്തിക,സാങ്കേതിക സഹായവും ഉപയോഗിച്ച് ഒരു സാധാരണ സർക്കാർ വിദ്യാലയത്തെ ഇത്രയും പരിഷ്കരിച്ചതും നല്ല നിലയിൽ ആക്കിയതും അവിടത്തെ എം.എൽ.എ. ആയ ശ്രീ എ. പ്രദീപ്‌ കുമാർ ന്റെ കഠിന പരിശ്രമം ഒന്ന് കൊണ്ടു മാത്രമാണ്. അതിൽ അദ്ദേഹം പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.  മറ്റ് എം.എൽ.എ. മാരും ഇദ്ദേഹത്തിന്റെ പാത പിൻ  തുടർന്ന് ഇത്തരം ജനോപകാര പ്രദമായ പ്രവർത്തനങ്ങൾ നടത്തും എന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നു.

ഹാഫ് സ്കർട്ടും, കോട്ടും, ടൈയ്യും,ബ്ലേസറും ആണ് നമ്മുടെ നടക്കാവിലെ വിദ്യാർഥിനികളുടെ വേഷം.  പഴയ ബ്രിട്ടീഷ് സംസ്കാരത്തിൻറെ ബാക്കി പത്രം ആയി ഊട്ടിയിലും,  ഡറാഡൂണിലും മറ്റും സ്ഥലങ്ങളിൽ പബ്ലിക് സ്കൂളുകളിൽ നില നിൽക്കുന്ന വേഷം.തണുപ്പുള്ള സ്ഥലങ്ങളിൽ സായിപ്പ്  ഏർപ്പെടുത്തിയ വേഷം. അന്താരാഷ്ട്രം ആകണമെങ്കിൽ വേഷവും ഇത് പോലെ ആകണം എന്ന മിഥ്യാ ധാരണയും അപകർഷതാ ബോധവും ആണ്  ഇത് പോലെ പെണ്‍ കുട്ടികളെ കൊണ്ട് വേഷം കെട്ടിക്കാൻ പ്രേരകം ആയത്. ബ്ലൗസും പാവാടയും,വേണമെങ്കിൽ ദാവണിയും ആക്കിയിരുന്നെങ്കിൽ എന്തായിരുന്നു കുഴപ്പം?  ഇൻറർ നാഷണൽ സ്കൂൾ എന്നാൽ പഠനത്തിലും, പഠന സൌകര്യങ്ങളിലും, വിദ്യാർഥികളുടെയും അധ്യാപകരുടെയും നിലവാരത്തിലും  ഔന്നത്യം പുലർത്തുകയാണ് വേണ്ടത്. അതും നമ്മുടെ സംസ്ക്കാരവും പൈതൃകവും അന്തസ്സോടെ ഉയർത്തിപ്പിടിച്ച്. അല്ലാതെ സായിപ്പിനെ പോലെ വേഷം ധരിക്കുകയല്ല.


2013, ഡിസംബർ 25, ബുധനാഴ്‌ച

സിവിൽ സർവീസ് പരീക്ഷ

കാക്ക പിടിത്തവും കാലു പിടിത്തവും  മാത്രം യോഗ്യത ആയുള്ള സംസ്ഥാന ഉദ്യോഗസ്ഥർക്ക്  ഇനി  ഐ.എ.എസ്. കിട്ടാൻ അൽപ്പം ബുദ്ധി മുട്ടുണ്ടാകും. യുണിയൻ പബ്ലിക്‌ സർവീസ് കമ്മീഷൻ നടത്തുന്ന എഴുത്ത് പരീക്ഷയും അഭിമുഖവും ജയിച്ചാൽ മാത്രമേ ഐ.എ.എസ്., ഐ.പി.എസ്., ഫോറസ്റ്റ് സർവീസ് എന്നീ സിവിൽ സർവീസിലേക്ക് അവർക്ക് സ്ഥാനകയറ്റം കിട്ടൂ. ഇതയും നാൾ സീനിയോറിറ്റിയും, വാർഷിക കോണ്‍ഫിടൻഷ്യൽ റിപ്പോർട്ടും മാത്രമേ നോക്കുക ഉണ്ടായിരുന്നുള്ളൂ. ഇനി അത് കൂടാതെ  പൊതു വിജ്ഞാനം, ആപ്ടിറ്റുട്‌  തുടങ്ങി 2/ 3 പേപ്പർ  ഉൾപ്പെട്ട ആൾ  ഇൻഡ്യ പരീക്ഷ. അതിൽ പാസ്സായാൽ മാത്രം അഭിമുഖം. 

പൂർണമായും രാഷ്ട്രീയ സ്വാധീനത്തിൽ ആയിരുന്നു സിവിൽ സർവീസ് പ്രൊമോഷൻ  നടന്നിരുന്നത്.  സർക്കാർ തങ്ങളുടെ സേവ പിടിക്കുന്നവരുടെ പേരായിരുന്നു ഡൽഹി ക്ക് ശുപാർശ ചെയ്തിരുന്നത്. അതിനാൽ കഴിവും, വിജ്ഞാനവും, ഭരണ നൈപുണ്യവും ഉള്ളവർ പലരും പുറത്താവുകയും രാഷ്ട്രീയക്കാരുടെ ഇഷ്ട്ടക്കാർ കടന്നു കൂടുകയും ചെയ്തിരുന്നു.അങ്ങിനെ നിലവാരമില്ലാത്ത   ഐ.എ.എസ്./  ഐ.പി.എസ്കാർസംസ്ഥാന ഭരണത്തിൽ വരുകയും അവർ രാഷ്ട്രീയ ക്കാരുടെ ഏറാൻ മൂളികൾ മാത്രം ആയി തീരുകയും ചെയ്തു. (ഒറിജിനൽ സിവിൽ സർവീസ്കാരും കാല ക്രമേണ അങ്ങിനെ ആയിത്തീരുന്നു എന്നത് മറ്റൊരു സത്യം).  കേരള സംസ്ഥാന ചരിത്രം പരിശോധിച്ചാൽ കഴിവും അർഹതയും ഉള്ള പലരും സർക്കാർ തഴഞ്ഞതിനാൽ കോടതി മുഖേന ആണ് ഐ.എ.എസ്. പ്രൊമോഷൻ നേടിയത്. വർഷങ്ങളോളം പൊട്ടക്കുളത്തിൽ ഫണീന്ദ്രനെ പോലെ കഴിഞ്ഞ പുളവന്മാരാണ് പെട്ടെന്ന് രാഷ്ട്രീയക്കാരുടെ പിൻബലത്തിൽ  സിവിൽ സർവീസിൽ എത്തുന്നത്‌. അങ്ങിനെയുള്ളവരെ ഒഴിവാക്കി വിവരവും പൊതു വിജ്ഞാനവും, വിശാലമായ് കാഴ്ച്ചപ്പാടും കഴിവും ഉള്ളവർ വരും എന്നുള്ളത് ആശാവഹമാണ്‌.  

2013, ഡിസംബർ 24, ചൊവ്വാഴ്ച

സന്ധ്യ-മാർക്സിസ്റ്റ്-കൊച്ചൌസേപ്പ്

സന്ധ്യ എന്ന വീട്ടമ്മയുടെ,  വഴി തടയലിന് എതിരായുള്ള  പ്രതികരണം വലിയ ജന ശ്രദ്ധ പിടിച്ചു പറ്റി.  വളരെ വർഷം കേരളം ഭരിച്ച, ജനങ്ങൾക്കും പ്രതിയോഗികൾക്കും എതിരെ അക്രമം പ്രയോഗിക്കാൻ മടിയില്ലാത്ത, കയ്യൂക്കിലും തടി മിടുക്കിലും വിശ്വസിക്കുന്ന, വഴി തടസ്സപ്പെടുത്തി ക്കൊണ്ടുള്ള സമരങ്ങൾ നിരോധിച്ച  ഹൈക്കോടതിക്കെതിരെ  നിശിത വിമർശനം നടത്തിയ, ശക്തമായ  ഒരു രാഷ്ട്രീയ പാർട്ടിക്ക് നേരെയായിരുന്നു അവരുടെ ഭർത്സനം എന്നതായിരുന്നു അതിന്റെ ഹൈ ലൈറ്റ്.  അള മുട്ടിയാൽ ചേരയും കടിക്കും എന്ന് പറഞ്ഞ പോലെ അവരുടെ വഴി അടക്കുന്നതിൽ  സഹി കെട്ട്  സ്വാഭാവികമായി പ്രതികരിച്ചതാണവർ. ഈ വഴി തടയലിൽ പോലീസിനും ഉണ്ട് പ്രധാന പങ്ക്. ഉപരോധ സമരമോ വഴി തടയലോ പ്രഖ്യാപിക്കുമ്പോൾ തന്നെ പോലീസ് സ്വന്തം നിലയിൽ വഴി മുഴുവൻ അടച്ചു കെട്ടി ജനങ്ങളുടെ യാത്ര  തടയും. അങ്ങിനെ സഞ്ചാര  സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഭരണ കൂടം ആണ്. ഉപരോധം തടയുകയല്ലേ സർക്കാർ ചെയ്യേണ്ടത്? അതിന് പകരം ഉപരോധം നടത്തുകയാണ് ഇവിടെ  സർക്കാർ ചെയ്യുന്നത്.

ഈ  ക്ലിഫ് ഹൌസ് ഉപരോധം  സമരക്കാർക്ക്  ഒരു പദ്മ വ്യുഹം   ആയിപരിണമിച്ചു.  അതിൽ നിന്നും എങ്ങിനെ രക്ഷപ്പെടും എന്നറിയാതെ വിഷമിക്കുകയാണ് സമര നേതാക്കൾ. ഇപ്പോൾ ഇത് വെറും ഒരു നാടകമായിരിക്കുന്നു.   രാവിലെ മുഖ്യ മന്ത്രി പോയതിനു ശേഷം ഉപരോധം തുടങ്ങുകയും പുള്ളി തിരിച്ചു വരുന്നതിനു മുൻപ് അവസാനിപ്പിക്കുകയും ചെയ്യുന്നു. അറസ്റ്റ് ഏതാണ്ട് വെയില് മൂക്കുന്നതിനു മുൻപ് 12 മണിയോട് കൂടി നടക്കും. ഒരു സിനിമയിൽ ജഗതി പറയുന്നത് പോലെ "ഞങ്ങളെ അറസ്റ്റ് ചെയ്യൂ" എന്ന് സമരക്കാർ പറയുമ്പോൾ അറസ്റ്റ്.  സമരക്കാർ ഉപരോധം തുടങ്ങുമ്പോൾ തന്നെ  അറസ്റ്റ് ചെയ്തു കൂടേ? എന്തിനു 12 മണി വരെ പോലീസ് നോക്കി നിൽക്കുന്നു? മുഖ്യ മന്ത്രിയും ആഭ്യന്തര മന്ത്രിയും പാർട്ടി സെക്രട്ടറിയും കൂടിയുള്ള ഒരു ഒത്തു കളിയല്ലേ ഇത്. ഇപ്പോൾ ക്രിസ്തുമസ്സിന് രണ്ടു ദിവസം സമരത്തിന്‌ അവധി കൊടുത്തിരിക്കുന്നു.  ഉമ്മൻ ചാണ്ടിക്ക് മനസ്സമാധാനമായി  കേക്ക് മുറിക്കാമല്ലോ. ക്ലിഫ് ഹൌസിൽ  മുഖ്യ മന്ത്രിക്കു സ്തുതി, ഭൂമിയിൽ സമരക്കാർക്ക്  സമാധാനം.  സത്യത്തിൽ  ക്രിസ്തുമസ്സിന്    മുഖ്യ മന്ത്രി കേക്ക് മുറിച്ച് എല്ലാ സമരക്കാർക്കും നൽകുക ആയിരുന്നു  വേണ്ടിയിരുന്നത്. സർക്കാർ കലണ്ടർ പ്രകാരം ഉള്ള എല്ലാ അവധികളും സമരക്കാർക്കും നൽകണം.

ഇതിനിടെ ശ്രീമതി സന്ധ്യക്ക്‌ ഒരു പാരിതോഷികവുമായി വ്യവസായി കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി രംഗ പ്രവേശം ചെയ്തു. അവരുടെ ധീരതക്കുള്ള പ്രതിഫലം ആണെന്ന് പറഞ്ഞാണ് 5 ലക്ഷം രൂപ. ഒരു ശസ്ത്രക്രിയക്കോ അത് പോലെ പണം ആവശ്യമുള്ള കാര്യങ്ങൾക്ക് പാവപ്പെട്ടവർക്ക് സാമ്പത്തിക സഹായം  നൽകുന്ന ജീവ കാരുണ്യ പ്രവർത്തനം മനസ്സിലാക്കാം. പക്ഷേ  ധീരതയ്ക്ക് പ്രതിഫലം നിശ്ചയിച്ചത് ഒരു  തരം താണ പണി ആയിപ്പോയി.  ഇടതു മുന്നണിക്ക്‌ എതിരായത് കൊണ്ടാണിത് ചെയ്തത് എന്ന് എല്ലാവർക്കും അറിയാം. കടൽ തീരത്ത് നിന്ന് അനധികൃതമായി മണൽ എടുക്കുന്നത് തടയണം എന്ന ആവശ്യവുമായി  9 പകലും രാത്രിയും, കണ്ണൂർ പഴയങ്ങാടി പോലീസ് സ്റ്റെഷനു മുൻപിലും, പിന്നീട് കണ്ണൂർ കളക്ടറേറ്റിനു മുൻപിലും, 64 ദിവസം  തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ ഉമ്മൻ ചാണ്ടിക്ക്  മുൻപിലും, കഴിഞ്ഞ രണ്ടര മാസമായി കൊടും തണുപ്പിൽ ഡൽഹിയിലെ   ജന്തർ മന്തറിലും,  മുല കുടി മാറാത്ത കൈക്കുഞ്ഞ് ഉൾപ്പടെ  മൂന്നു മക്കളുമായി ഒറ്റയാൾ  സമരം നടത്തുന്ന വീട്ടമ്മയായ  ജസീറയെന്ന ധീര വനിതയെ  പ്പറ്റി ഇത്രയും നാൾ   -കൊച്ചൌസേപ്പ്  കേട്ടതേ ഇല്ല. ഇപ്പോഴാണ് അദ്ദേഹം അവരെ കണ്ടെത്തിയത്. എന്തെല്ലാം രാഷ്ട്രീയം.

2013, ഡിസംബർ 23, തിങ്കളാഴ്‌ച

മാർത്തോമ പൗലോസ്‌ കാതോലിക്കാ ബാവ

മാറ്റത്തിന്റെ അനിവാര്യത മനസ്സിലാക്കുന്നവരാണ് യഥാർത്ഥ മനുഷ്യർ. അഴിമതിയിൽ മുങ്ങി ക്കുളിച്ച കോണ്‍ഗ്രസ് കാരുടെ ഭരണം അവസാനിപ്പിച്ചില്ലെങ്കിൽ അത് നമ്മുടെ രാജ്യത്തിൻറെ നാശത്തിന് വഴി വക്കുമെന്നുള്ള സത്യം എല്ലാവരും മനസ്സിലാക്കിയിരിക്കുന്നു. ആ ദുർഭരണം അവസാനിപ്പിക്കാനുള്ള നരേന്ദ്ര മോഡിയുടെ മുന്നേറ്റം വിജയം കാണുമെന്ന് വന്നപ്പോഴാണ് വിറളി പിടിച്ച കോണ്‍ഗ്രസ് കാരും മാർക്സിസ്റ്റ്കാരും  അദേഹത്തെ പറ്റി അപവാദ പ്രചരണം തുടങ്ങിയത്.  വർഗീയതയാണ്  അവരുടെ മുഖ്യ പ്രചരണായുധം. ന്യൂന പക്ഷങ്ങളുടെ പേരിലാണിവർ  മുതലക്കണ്ണീർ ഒഴുക്കുന്നത്. 

 ഓർത്തോഡോക്സ് സഭയുടെ മതാധ്യക്ഷൻ ബസേലിയസ് മാർത്തോമ പൗലോസ്‌  കാതോലിക്കാ ബാവ യുടെ പ്രസ്താവന ഇത്തരുണത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്നു. ഗുജറാത്തിൽ മോഡി നടത്തുന്ന വികസന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും മോഡിയുടെ ഭരണത്തിൽ ക്രിസ്തു മത വിശ്വാസി കൾക്ക് എല്ലാ സൌകര്യങ്ങളും പിന്തുണയും സർക്കാരിൽ നിന്നും കിട്ടിയിട്ടുണ്ടെന്നും ചുവപ്പ് നാട കൂടാതെ കാര്യങ്ങൾ എളുപ്പം അവിടെ നടക്കുന്നു എന്നും അദ്ദേഹം പറയുക ഉണ്ടായി. വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്സിന്റെ ഭാവി ഇരുളടഞ്ഞതാണെന്നും പറയുന്നു. സത്യ സന്ധ മായ ഈ പ്രസ്താവന  വർഗീയതയുടെ പേരിൽ മുതലെടുപ്പു നടത്തുന്ന രാഷ്ട്രീയ പാർട്ടികൾക്ക്‌ ഒരു തിരിച്ചടി ആണ്.  മതത്തിന്റെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കുന്നവർക്കും വികസനത്തിന്‌ എതിര് നിൽക്കുന്നവർക്കും ഒരു മറുപടി.  

ഡൽഹി മന്ത്രി സഭ

ആം ആദ്മി പാർട്ടി ഡൽഹിയിൽ മന്ത്രി സഭ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതാണ്‌ നല്ലത്. ജനങ്ങൾ ഭൂരി പക്ഷം നൽകിയില്ല എങ്കിലും അവരുടെ മനസ്സും അഭിപ്രായവും ആണ് ഇത്രയും സീറ്റുകളിലെ വിജയത്തിൽ   പ്രതിഫലിക്കുന്നത്. അഴിമതിക്ക് എതിരെ പൊരുതാൻ ഉള്ള മാൻഡേറ്റ് ആണ് ഡൽഹി ജനങ്ങൾ ആം ആദ്മി പാർട്ടിക്ക് നൽകിയത്. ഉടനെ വീണ്ടും ഒരു തെരഞ്ഞെടുപ്പിലേക്ക് തള്ളിയിടാതെ മന്ത്രി സഭ രൂപീകരിക്കുകയാണ് ആവശ്യം. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അടുത്ത തെരഞ്ഞെടുപ്പു വരെ ജനങ്ങളെ പൂർണമായും അവഗണിക്കുന്ന ഭാരതത്തിലെ  ജനാധിപത്യത്തിൽ കേട്ടു കേൾവി  പോലുമില്ലാത്ത ഒരു പുതിയ കാര്യം ആം ആദ്മി പാർട്ടി  തുടങ്ങി വയ്ക്കുകയും ചെയ്തു. ജനങ്ങളോട് അഭിപ്രായം തേടുക എന്നത്. ജന ഹിതം അറിയാനായി എല്ലാ പ്രധാന സ്ഥലങ്ങളിലും മീറ്റിങ്ങുകൾ വിളിച്ചു കൂട്ടി അവരുടെ അഭിപ്രായം ആരായുകയും   ഭൂരിപക്ഷം ജനങ്ങളും മന്ത്രി സഭ രൂപീകരിക്കുന്നതിന് അനുകൂല അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തു.    കോണ്‍ഗ്രസ് നൽകിയ നിരുപാധിക പിന്തുണ  സ്വീകരിക്കുന്നതിന്  ആം ആദ്മി പാർട്ടി ഉപാധികൾ വച്ചപ്പോൾ കോണ്‍ഗ്രസ്സ് അൽപ്പം അങ്കലാപ്പിൽ ആയെങ്കിലും അവരുടെ പിന്തുണ നില നിൽക്കുന്നുണ്ട്. അഴിമതി ഇല്ലാത്ത ഭരണം ഒട്ടും പ്രയാസം ഉള്ളതല്ല. അടുത്ത തെരെഞ്ഞെടുപ്പിലേക്കും ഭാവിയിലേക്കും പണവും സ്വത്തും സമ്പാദിക്കാനുള്ള മന്ത്രിമാരുടെയും അവരെ താങ്ങുന്ന രാഷ്ട്രീയക്കാരുടെയും ആർത്തി ഒന്ന് മാത്രമാണ് അഴിമതി ഉണ്ടാവാൻ കാരണം.  ആം ആദ്മി പാർട്ടിയെ സംബന്ധിച്ചിടത്തോളം അത്തരം ഒരു ചിന്താഗതി ഇല്ലാത്തത് കൊണ്ട് അഴിമതി രഹിത ഭരണം ആയിരിക്കും.

മുഖ്യ മന്ത്രി ആരാണെന്ന് എം.എൽ.എ. മാർ  തീരുമാനിക്കട്ടെ എന്നാണ് കേജ് രിവാൾ പറയുന്നത്. നേതാവെന്ന നിലയിൽ അദ്ദേഹം തന്നെ വരാൻ ആണ് സാധ്യത. ഇപ്പോഴത്തെ നിലയിൽ അതായിരിക്കില്ല നല്ലത്. കേജ് രിവാൾ  മന്ത്രി സഭയിൽ ചേരാതെ പുറത്ത് നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും നൽകണം. ജനങ്ങൾക്ക്‌ വാഗ്ദാനങ്ങൾ നൽകിയതും ജനങ്ങൾ വിശ്വസിച്ചതും കേജ് രിവാളിനെ ആണ്. അത് നിറവേറ്റാൻ ഉള്ള ബാധ്യത അദ്ദേഹത്തിന് ഉണ്ട്. മുഖ്യ മന്ത്രി എന്ന നിലയിൽ അത് ചെയ്യുന്നതിനെക്കാളും എളുപ്പം പുറത്തു നിന്ന്  നിരീക്ഷിച്ച്, നിയന്ത്രിച്ച്‌ പ്രവർത്തിക്കുകയാണ് നല്ലത്.പ്രശാന്ത് ഭൂഷൻ ആയിക്കോട്ടെ മുഖ്യ മന്ത്രി.  ഏതായാലും ഈ സംവിധാനം അധിക നാൾ നില നിൽക്കില്ല. കോണ്‍ഗ്രസ്സിനെ എന്നും ആശ്രയിക്കാൻ കഴിയില്ല. അത് ശരിയും അല്ല. അടുത്ത ലോക് സഭാ തെരെഞ്ഞെടുപ്പിന് ഒപ്പം ഡൽഹി നിയമ സഭ തെരഞ്ഞെടുപ്പു കൂടി നടക്കട്ടെ. അധിക ച്ചെലവും ആകില്ലല്ലോ. ആം ആദ്മി പാർട്ടിയുടെ ഭരണം  എന്താണെന്ന് ജനങ്ങൾ അറിയുകയും അവർക്ക് വ്യക്തമായ ഭൂരി പക്ഷം നൽകുകയും ചെയ്യട്ടെ.

2013, ഡിസംബർ 22, ഞായറാഴ്‌ച

ഗ്രാൻറ് കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവൽ.

എല്ലാ ദിന പത്രങ്ങളിലും ഒന്നാം പേജിൽ തന്നെ മുഴു പേജ് പരസ്യം.  ഗ്രാൻറ് കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവൽ.  മുഖ്യ മന്ത്രി,  ടൂറിസം മന്ത്രി, ( ഇവരുടെ രണ്ടു ചിത്രങ്ങൾ വീതം ). ധന മന്ത്രി, വ്യവസായ മന്ത്രി, കൂടെ പ്രതി പക്ഷ നേതാവിന്റെയും ചിരിക്കുന്ന പടങ്ങളും ആശംസകളും.  എന്താണ് കേരളം  വിൽക്കുന്നത് ?എന്താണവർക്ക് വിൽക്കാനുള്ളത്? ആകെയുള്ളത് ഫല ഭൂയിഷ്ടമായ അൽപ്പം ഭൂമി മാത്രമാണ്. അതിൻറെ വിൽപ്പന തകൃതി ആയി നടക്കുന്നും ഉണ്ട്.  ഉപ്പ് തൊട്ട് കർപ്പൂരം ഉള്ള  എല്ലാ സാധനങ്ങളും അന്യ സംസ്ഥാനങ്ങളിൽ നിന്നും ആണിവിടെ വരുന്നത്. സ്വന്തമായി കേരളത്തിന്‌  ഒന്നുമില്ല. രാഷ്ട്രീയക്കാർ പുറപ്പെടുവിക്കുന്ന കുറെ പ്രസ്താവനകളും വാഗ്ദാനങ്ങളും മാത്രമാണ് കേരളത്തിന്‌ ആകെ സ്വന്തമായുള്ളത്. അങ്ങിനെയുള്ള കേരളത്തിൽ ഇങ്ങിനെ ഒരു മാമാങ്കത്തിന് എന്താണ് സാംഗത്യം?  

കേരളം ഒരു ഉപഭോഗ സംസ്ഥാനം ആണ്. ഈ  കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവലിൽ നടക്കുന്ന കച്ചവടം, ടി.വി, ഫ്രിഡ്ജ്,വാഷിംഗ് മെഷീൻ, തുടങ്ങിയ സാധനങ്ങൾ, സാരി,റെഡിമെയിഡ് തുണിത്തരങ്ങൾ തുടങ്ങിയവ, പിന്നെ സ്വർണാഭരണങ്ങൾ തുടങ്ങിയവ  ആണ്. ഇതിൽ ഏതെങ്കിലും ഒരു സാധനം  കേരളത്തിൽ നിർമ്മിക്കുന്നുണ്ടോ?  ഇല്ല.  മുഴുവൻ സാധനങ്ങളും   അന്യ സംസ്ഥാനങ്ങളിൽ  നിർമ്മിക്കുന്നവയാണ്. കേരളത്തിൽ ഒരു വ്യവസായങ്ങളും ഇല്ല. അപ്പോൾ അന്യ സംസ്ഥാനങ്ങൾക്ക് വേണ്ടിയാണോ കേരളം ഷോപ്പിംഗ്‌ ഫെസ്റ്റിവൽ  നടത്തുന്നത്? ഇതെല്ലാം വാങ്ങുന്നത് കേരളക്കാർ മാത്രമാണ്. മുംബൈയിൽ ഉണ്ടാക്കിയ തുണി വാങ്ങാൻ മുംബൈക്കാർ കേരളത്തിൽ വരില്ലല്ലോ? അത് കൊണ്ട് ടൂറിസം വികസിക്കും എന്നുള്ള പ്രസ്താവന  വെറും വിഡ്ഢിത്തരം ആണ്.

കേരള സർക്കാർ 25 കോടി രൂപയാണ് ഇതിനു വേണ്ടി ചിലവാക്കുന്നത്.  കഴിഞ്ഞ വർഷം ഇതിന്റെ നടത്തിപ്പിൽ കോടികളുടെ വെട്ടിപ്പ് സി & എ.ജി. ആഡിറ്റിൽ  കണ്ടു പിടിച്ചിരുന്നു. കേരളത്തിന്‌ ഇത് കൊണ്ട് എന്ത് പ്രയോജനം ആണ് ഉണ്ടാകുന്നത്? സാധാരണ രീതിയിൽ കച്ചവടക്കാർ വെട്ടിക്കുന്ന കുറെ വിൽപ്പന നികുതി, ജനങ്ങൾ സമ്മാനം പ്രതീക്ഷിച്ച് ബില്ല് വാങ്ങുന്നത് കൊണ്ട്, സർക്കാരിന് കിട്ടും. വിൽപ്പന നികുതി പിരിക്കാൻ ഈ മാർഗം മാത്രമേ ഉള്ളോ?  വിലക്കയറ്റവും ഇൻഫ്ലെഷനും വർധിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത് സമ്മാനങ്ങൾ ഉയർത്തി ക്കാട്ടി പാവം ജനങ്ങളെ  പ്രലോഭിപ്പിച്ച് ആവശ്യമില്ലാത്ത  കൂടുതൽ സാധനം വാങ്ങാൻ സർക്കാർ പ്രേരിപ്പിക്കുന്നത് ശരിയല്ല. ഈ പണം പോകുന്നത് അന്യ സംസ്ഥാനങ്ങളിലേക്ക്  ആണ്. കേരളത്തിലെ ആൾക്കാർ  സാധനങ്ങൾ  വാങ്ങി ക്കൂട്ടി  പാപ്പരാകുമ്പോൾ  അന്യ സംസ്ഥാന വ്യവസായികൾ പണം ഉണ്ടാക്കുന്നു. അതിന് സർക്കാർ  കൂട്ട് നിൽക്കുകയാണ്. ജനങ്ങളെ കൊള്ളയടിക്കാനുള്ള  വഴികൾ.  കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്റെ പിറകിൽ  അന്യ സംസ്ഥാന വ്യവസായ ലോബിയുടെ കറുത്ത കൈകൾ ഉണ്ടാകാം  എന്ന വസ്തുത തള്ളിക്കളയാനാകില്ല.

2013, ഡിസംബർ 21, ശനിയാഴ്‌ച

പാദുവ- അലക്സാണ്ടർ ജേക്കബ്

മെൽവിൻ പാദുവ എന്ന ജീവ പര്യന്ത തടവുകാരൻ 20 വർഷം ജയിലിൽ കിടന്നതിനു ശേഷം വിമോചിതനായിരിക്കുന്നു. സാധാരണ ഗതിയിൽ ജീവ പര്യന്തക്കാർ  12 വർഷം ജയിൽ വാസം കഴിയുമ്പോൾ പുറത്ത് ഇറങ്ങാറാണ് പതിവ്. രാഷ്ട്രീയത്തിൽ പിടി പാടുള്ളവരും, കാശ് ഇറക്കാൻ കഴിവുള്ളവരും  ഭരണത്തിലിരിക്കുന്നവരുടെ പ്രത്യേക പരിഗണന കിട്ടി അതിനും മുൻപ് ഇറങ്ങാറുണ്ട്‌. ഇവിടെ നമ്മുടെ പാദുവയ്ക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. പാദുവ പുറത്ത് ഇറങ്ങരുത് എന്ന് നിർബന്ധം ഉള്ള അധികാരികൾ ഉണ്ടായിരുന്നു എന്നതാണ് കാരണം. ടി..പി. വധ ക്കേസിലെ ജയിൽ പുള്ളികൾക്ക് അനുകൂലമായി ഒരു പത്ര സമ്മേളനത്തിൽ പറഞ്ഞിട്ട് സ്ഥാനം പോയ പഴയ ജയിൽ മേധാവി അലക്സാണ്ടർ ജേക്കബ് ആണ് പാദുവയുദെ മോചനത്തിനു എതിരായി നിരന്തരം കരുക്കൾ നീക്കിയിരുന്നത്‌ എന്ന് എല്ലാവരും കാലങ്ങളായി പറയുന്നതാണ്. അങ്ങേരുടെ സഭയിലെ ഒരു കന്യാ സ്ത്രീ സഭാ വസ്ത്രം വലിച്ചെറിഞ്ഞ് ജയിലിൽ കിടന്ന പാദുവയെ കല്യാണം കഴിച്ചു എന്നതാണ് പുള്ളിക്ക്  വൈരാഗ്യം ഉണ്ടാകാൻ കാരണം എന്നാണ്  പറയുന്നത്.ജയിൽ   മോചിതനായ പാദുവ പറയുന്നതും ഇതിനു കാരണക്കാരൻ അലക്സാണ്ടർ ജേക്കബ് ആണെന്ന് തന്നെയാണ്.  " അയാൾക്ക്‌ ദൈവം കൊടുത്തു കൊള്ളും" എന്നാണു പാദുവ പറയുന്നത്. കൊലക്കുറ്റത്തിന് ശിക്ഷിച്ചു ജീവപര്യന്തം ജയിലിൽ കിടക്കുന്ന ഒരു മനുഷ്യനെ കല്യാണം കഴിക്കാനുള്ള സന്മനസ്സു കാണിച്ചതല്ലേ കർത്താവിനെ സേവിക്കുന്നതിനെക്കാളും മഹത്തരം? അതിനു അനുമോദിക്കുകയല്ലേ വേണ്ടത്? 

ഇപ്പോൾ തനിക്കു വധ ഭീഷണി ഉണ്ട് എന്നു പറഞ്ഞു ശ്രീ അലക്സാണ്ടർ ജേക്കബ് രംഗ പ്രവേശം ചെയ്തിരിക്കുകയാണ്. ഏതായാലും മാനസാന്തരപ്പെട്ട പാദുവ ഇനി അങ്ങിനെ ഒരു കൃത്യം ചെയ്യില്ല.താനൊരു മത മൗലിക വാദി ആണെന്ന പ്രചരണം നടക്കുന്നു എന്നും തനിക്ക് പ്രൊമോഷൻ നൽകാതിരിക്കാൻ ഗൂഡാലോചന നടക്കുന്നു എന്നൊക്കെ പഴയ ജയിൽ മേധാവി പറയുന്നു.  ജയിൽ പുള്ളികൾക്ക് അനുകൂലമായി കഴിഞ്ഞ പത്ര സമ്മേളനം നടത്തിയത് മുതൽ ജനങ്ങൾക്ക്‌ കാര്യമായ സംശയം ഉണ്ട്. ഇപ്പോഴത്തെ പ്രസ്താവനയോട് കൂടി ഏതാണ്ട് സ്ഥിരീകരിച്ച നിലയിൽ ആയിരിക്കുന്നു. മാർക്സിസ്റ്റ് പാർട്ടി  നേതാക്കൾ എല്ലാം ഇദ്ദേഹത്തിനു പിന്നിൽ അണി നിരന്നു എന്നുള്ളത് രസകരവും ചിന്തനീയവും ആയിരിക്കുന്നു.

2013, ഡിസംബർ 20, വെള്ളിയാഴ്‌ച

കെ.കരുണാകരൻറെ പ്രതിമ

മുൻ മുഖ്യ മന്ത്രി  ശ്രീ കെ.കരുണാകരൻറെ ഒരു പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കുകയാണ്. ഇങ്ങിനെ പൊതു സ്ഥലങ്ങളിൽ പ്രതിമ സ്ഥാപിക്കുന്നത് സുപ്രീം കോടതി വിലക്കിയിട്ടുണ്ട്. രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജി ആണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. 2011 ൽ കരുണാകരൻ  ഫൌണ്ടേഷൻറെ ഏറ്റവും നല്ല ഭരണാധികാരിക്കുള്ള അവാർഡ് അന്നത്തെ ധന മന്ത്രി  പ്രണബ് മുഖർജിക്കാണ് കിട്ടിയത്.

എന്തിനാണീ പ്രതിമകൾ? തിരുവനന്തപുരം നഗരത്തിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ   അനേകം പ്രതിമകൾ കാക്കകളുടെ  കാഷ്ട്ടവും  പേറി നിൽക്കുന്നുണ്ട്. ഇനി കാക്ക തൂറാൻ ഒരു പ്രതിമ കൂടി. കരുണാകരന് എന്തിനാണ് ഒരു സ്മാരകം?  അല്ലാതെ തന്നെ  കേരളീയരുടെ മനസ്സിൽ എന്നും മറക്കാൻ  പറ്റാതെ  നിൽക്കുന്ന വ്യക്തിത്വം ആണല്ലോ അദ്ദേഹത്തിന്റെത്‌. ഭാരത ജനാധിപത്യത്തിലെ കറുത്ത അദ്ധ്യായം ആയ അടിയന്തരാവസ്ഥ ക്കാലത്തെ കേരള ആഭ്യന്തര മന്ത്രി. ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥ ആത്മാർഥമായി നടപ്പിലാക്കിയ മനുഷ്യൻ.കക്കയം ക്യാമ്പിലെ രാജൻറെ കൊലപാതകം. അതിൻ ഫലമായി മുഖ്യ മന്ത്രി പദം രാജി വയ്ക്കേണ്ടി വന്ന ആൾ. കേന്ദ്ര വ്യവസായ മന്ത്രി. അന്നും കേരളത്തിന്‌ വേണ്ടി ഒന്നും ചെയ്യാത്ത ആൾ.കോണ്‍ഗ്രസ്സിൽ നിന്നും ഉദ്ദേശിച്ച പദവികൾ കിട്ടാതെ വന്നപ്പോൾ മകനെയും കൂട്ടി നാഷണൽ കോണ്‍ഗ്രസ് (ഇന്ദിര) എന്ന പാർട്ടി ഉണ്ടാക്കിയ ആൾ.പിന്നീടത്‌ ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് (കരുണാകരൻ) എന്നാക്കി മകനെ പ്രസിഡന്റ്റ് ആക്കി. മാർക്സിസ്റ്റ് ഇടതു മുന്നണിയോടു ചേർന്ന് പ്രാദേശിക തെരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റു. പിന്നീട് ശരദ് പവാറിന്റെ എൻ.സി.പി,.യിൽ ലയിച്ചു. അവിടെയും വലിയ രക്ഷ ഇല്ലെന്ന് കണ്ട് മകനെയും കൂട്ടി തിരിച്ച് കോണ്‍ഗ്രസ്സിൽ തന്നെ വന്നു. ഏതായാലും കോണ്‍ഗ്രസ്കാർ സ്വീകരിച്ച് ഒരു കോണ്‍ഗ്രസ്കാരനായി മരിക്കാൻ അനുവദിച്ചു.

കരുണാകരന്റെ സ്മാരകം സ്ഥാപിക്കാനായി തിരുവനന്തപുരം നഗരത്തിൻറെ ഹൃദയ ഭാഗത്ത്‌ 37 സെൻറ്റ് സ്ഥലം  കേരള സർക്കാർ സൗജന്യമായി സംഭാവന ചെയ്യുവാൻ പോകുന്നു എന്നൊരു വാർത്ത വന്നു. കെ. കരുണാകരൻ ഫൌണ്ടേഷൻ എന്ന സംഘടനക്കാണീ സംഭാവന കിട്ടാൻ പോകുന്നത്. കെ.പി.സി.സി. പ്രസിഡന്റ് രമേഷ് ചെന്നിത്തലയാണ് ഈ ഫൌണ്ടേഷൻറെ ചെയർമാൻ. ഒരു വലിയ വായനശാലയും മറ്റ് സൌകര്യങ്ങളും അടങ്ങിയ ഒരു സമുച്ചയം.  നമ്മുടെ പബ്ലിക് ലൈബ്രറി തന്നെ അരക്ഷിതാവസ്ഥയിൽ നിൽക്കുമ്പോൾ എന്തിനാണ് തിരുവനന്തപുരത്ത് ഒരു   വായനശാല കൂടി ? കരുണാകരനും വായന ശാലയും തമ്മിൽ അത്രയ്ക്ക് ബന്ധമുണ്ടെങ്കിൽ അദ്ദേഹത്തിന്റെ പേരിൽ പബ്ലിക് ലൈബ്രറി പുനരുദ്ധരിച്ചു കൂടെ? പഴയ ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്നും  കൊണ്ട് വന്ന പുസ്തകങ്ങൾ എല്ലാം വയ്ക്കാൻ എങ്കിലും കഴിയുമല്ലോ? 

എല്ലാ പാർട്ടികൾക്കും തിരുവനന്തപുരത്ത് സ്ഥലം ഉണ്ട്, കോണ്‍ഗ്രസ്സിനും കിട്ടണം എന്നാണ് ചിലർ പറയുന്നത്. ഇത് ഒരു അവകാശം എന്നതിന്റെ ധ്വനി. സർക്കാർ സ്ഥലം ഇങ്ങിനെ രാഷ്ട്രീയ പാർട്ടികൾക്ക് പങ്ക് വച്ച് നൽകാൻ ഉള്ളതാണോ? കോണ്‍ഗ്രസ്സിലെ കുറെ ആൾക്കാർക്ക് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനാണീ സ്ഥലം. കരുണാകരൻ  ഫൌണ്ടേഷൻ എന്നൊരു പേരിൻറെ മറവിൽ. 

2013, ഡിസംബർ 18, ബുധനാഴ്‌ച

കൈ വിലങ്ങും നഗ്ന പരിശോധനയും

ഇന്ത്യൻ നയതന്ത്ര പ്രധിനിധിയെ അറസ്റ്റ് ചെയ്ത് പരസ്യമായി കൈവിലങ്ങ് വച്ചു. കഴിഞ്ഞ വ്യാഴാഴ്ച. അമേരിക്കയിലെ ഇന്ത്യൻ ഡെപ്യൂട്ടി കോണ്‍സൽ ജനറൽ ആയ ദേവയാനി ഖോബ്രഘടെ ക്ക് ആണ് ഈ ദുസ്ഥിതി സംഭവിച്ചത്. ഇന്നിതാ ഒരു പടി കൂടി കടന്ന് അവരെ വിവസ്ത്ര ആക്കി പരിശോധിച്ചു. ഡി.എൻ.എ. ടെസ്റ്റും നടത്തിയിരിക്കുന്നു. ഇത്രയും  ആയപ്പോഴാണ് ഭാരത സർക്കാർ  ഒന്നനങ്ങിയത്. ആദ്യം ഒരു ചെറിയ "പ്രൊട്ടസ്റ്റ്". സ്ഥിരം ചെയ്യുന്നത്.അത് കാര്യമായിട്ട് എടുക്കാതെയാണ് ആണ് വിവസ്ത്ര ആക്കി പരിശോധിച്ചതും, ക്രിമിനലുകളോടും, മയക്കു മരുന്നു കഴിക്കുന്നവരോടും   വേശ്യകളോടും ഒപ്പം നിറുത്തിയത്. 

ഉന്നത പദവിയിലിരിക്കുന്ന ഒരു നയതന്ത്ര പ്രധിനിധിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണ ഇന്ത്യാക്കാരന്റെ ഗതി എന്തായിരിക്കും? എന്നും നമ്മൾ അമേരിക്കയോട് കാട്ടുന്ന അടിമത്ത മനോഭാവവും വിധേയത്വവും ആണ് അവർക്ക് നമ്മളോട് ഇത്രയും പുച്ഛവും നികൃഷ്ട്ടമായ പെരുമാറ്റവും ഉണ്ടാവാൻ കാരണം. നമ്മുടെ മുൻ രാഷ്ട്രപതി അബ്ദുൽ കലാം അമേരിക്കയിൽ പോയപ്പോൾ തുണി അഴിച്ചവർ പരിശോധിച്ചു. അതവരുടെ കൃത്യ നിർവഹണത്തിന്റെ ശുഷ്ക്കാന്തി ആയി നമ്മൾ വാഴ്ത്തി. നരേന്ദ്ര മോഡിക്ക് വിസ നിഷേധിച്ചപ്പോൾ നമ്മളതിനെ കൊണ്ടാടി. കുറെ പാർലമെന്റ് അംഗങ്ങൾ അമേരിക്കക്ക് കത്തയക്കുക പോലും ചെയ്തു. നമ്മുടെ ജനാധിപത്യത്തിന്റെ അപചയം. അങ്ങിനെ എന്നും നമ്മൾ അമേരിക്കയുടെ അടിമകൾ ആയിരുന്നു. പണ്ട് അമേരിക്കക്ക് വേണ്ടിയും യു.എൻ. നു വേണ്ടിയും ഒക്കെ ജോലി ചെയ്തവരും അതിന്റെ പെൻഷൻ കിട്ടുന്നവരും. അപ്പോൾ എന്നും അവർക്ക് കൂറ് അമേരിക്കയോട് ആയിരിക്കും. വിക്കി ലീക്സ് പുറത്തു വിട്ട പഴയ ഇന്ത്യയിലെ അമേരിക്കൻ അംബാസഡറുടെ  വെളിപ്പെടുത്തലുകൾ ഇന്ത്യയിലെ മിക്ക രാഷ്ട്രീയക്കാരും പണവും മറ്റു ആനുകൂല്യങ്ങളും കൈപ്പറ്റി എന്ന് പറയുന്നു.

ഇന്ത്യയിലെ നയ രൂപീകരണത്തിൽ അമേരിക്കയുടെ സ്വാധീനം വൻ തോതിൽ ഉണ്ട്. അവർ പറയുന്നത് പോലെയാണ് ഇവിടെ കാര്യങ്ങൾ നടത്തുന്നത്. സബ്സിഡി നിർത്തലാക്കാൻ പറഞ്ഞാൽ  ഉടൻ അങ്ങിനെ. ചില്ലറ വിൽപ്പന അനുവദിക്കാൻ പറഞ്ഞാൽ അങ്ങിനെ.  മൻ മോഹൻ സർക്കാരിന്റെ നിയമ സാധുധ ഇല്ലാത്ത, ലക്ഷക്കണക്കിന്‌ കോടി രൂപ ചെലവ് വരുന്ന ആധാർ എന്ന പരിപാടിക്ക് അമേരിക്കൻ സി.ഐ.എ. യുടെ പിന്തുണ ഉണ്ടെന്നുള്ളതാണ്  വിവരം. പിന്നെ സഹായം എന്ന പേരിൽ കുറേ പണം നമുക്ക് തരും. അതിന്റെ പതിന്മടങ്ങ്‌ ആയുധം വിറ്റ് നമ്മുടെ കയ്യിൽ നിന്നും തിരിച്ച് വാങ്ങും. അങ്ങിനെ അമേരിക്കയെ ആശ്രയിച്ചു അന്തസ്സ് ഇല്ലാതെ ജീവിക്കുന്നത് കൊണ്ടാണ് നമ്മുടെ രാജ്യത്തിന് അവർ ഒട്ടും വില കൽപ്പിക്കാത്തതും, നമ്മുടെ രാഷ്ട്രപതിയേയും നയതന്ത്ര പ്രതിനിധിയെയും മറ്റും വിവസ്ത്രരാക്കാൻ അവർ തയ്യാറാകുന്നതും. ഇപ്പോൾ നമ്മുടെ സർക്കാർ കാണിക്കുന്നതൊക്കെ ആത്മാർത്ഥമായിട്ടൊന്നും അല്ല. ജനങ്ങളെ വിശ്വസിപ്പിക്കാനുള്ള ചില വിദ്യകൾ മാത്രം.  അതിൽ കൂടുതൽ ഒന്നും വിനീത വിധേയർക്ക് ചെയ്യാൻ കഴിയില്ല.

2013, ഡിസംബർ 15, ഞായറാഴ്‌ച

സർദാർ പട്ടേൽ

ഭാരതത്തിൻറെ "ഉരുക്ക് മനുഷ്യൻ"  ആയ സർദാർ വല്ലബ് ഭായ് പട്ടേലിന്റെ ഉരുക്കു പ്രതിമ നിർമാണത്തിന്റെ തുടക്കം കുറിക്കാനായി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നടത്തിയ "ഒരുമയ്ക്ക് വേണ്ടിയുള്ള ഓട്ടം"  (റണ്‍ ഫോർ യുണിറ്റി) കേരളത്തിലും നടക്കുകയുണ്ടായി. ഭാരത റിപ്പബ്ലിക്കിൻറെ  സ്ഥാപക ശിൽപ്പികളിൽ പ്രമുഖനും, നാട്ടുരാജ്യങ്ങളെ ഒന്നിച്ചു ചേർത്ത് ശക്തമായ ഭാരതത്തിന്‌ അടിത്തറ പാകിയ ആഭ്യന്തര മന്ത്രിയും ആയിരുന്ന മഹാനായ അദ്ദേഹത്തിന്റെ ഓർമക്കാണീ പ്രതിമ സ്ഥാപിക്കുന്നത്. കോട്ടയത്ത് നടന്ന ചടങ്ങ് ഫ്ലാഗ് ഓഫ്‌ ചെയ്തത് കേരള സർക്കാർ ചീഫ് വിപ്പ് പി.സി.ജോർജ് ആണ്. പട്ടേലിന്റെ മാഹാത്മ്യം മനസ്സിലാക്കിയാണ് പി.സി.ജോർജ്  ഈ ചടങ്ങ് ഉത്ഘാടനം ചെയ്യാൻ എത്തിയത്. ഈ പ്രതിമ മോഡി ഭരിക്കുന്ന ഗുജറാത്തിൽ ആയതു കൊണ്ട് പട്ടേലിന്റെ മാഹാത്മ്യം കുറയുമോ?

അടുത്തിടെ കേരളത്തിൽ നിന്നുമുള്ള ഒരു സംഘം എം.എൽ.എ മാർ വികസനം കണ്ടു പഠിക്കാനായി ഗുജറാത്തിൽ പോകേണ്ടി യിരുന്നു. കോണ്‍ഗ്രസ്സും മാർക്സിസ്റ്റും അടങ്ങിയ എം.എൽ.എ മാർ. അപ്പോഴാണ്‌ ഏതോ അൽപ്പ ബുദ്ധികൾക്ക് തോന്നിയത് മോഡി ഭരിക്കുന്ന ഗുജറാത്തിൽ പോയി വികസനം പഠിച്ചാൽ അത് മോശമാണെന്ന്. അങ്ങിനെ ആ പരിപാടി റദ്ദ് ചെയ്തു. എന്തൊരു വിവരക്കേടാണ് കാണിച്ചത്? പാർട്ടി നോക്കിയാണോ വികസനം നടത്തേണ്ടത്? ഇതിൽ നിന്നും അങ്ങിനെ അല്ലേ മനസ്സിലാക്കേണ്ടത്? അടുത്തിടെ മന്ത്രി ഷിബു ബേബി ജോണ്‍ ഗുജറാത്തിൽ പോയി വികസനം നേരിൽ കണ്ടു. മന്ത്രി ഏതോ മഹാ പാപം ചെയ്ത രീതിയിൽ ആയിരുന്നു കോണ്‍ഗ്രസ്സുകാർ ഇവിടെ  ബഹളം വച്ചത്. നല്ലത് എവിടെ കണ്ടാലും അത് സ്വീകരിക്കാനുള്ള മാന്യത പോലും നമ്മുടെ കോണ്‍ഗ്രസ്കാർക്ക് ഇല്ലാതെ പോയി. കഷ്ടം. നമ്മുടെ ഭരണാധികാരികളുടെ വികല മനസ്ഥിതി കൊണ്ട് നഷ്ടം വന്നത് കേരളത്തിലെ സാധാരണ ജനങ്ങൾക്കാണ്. പക്ഷെ ഗുജറാത്ത്‌ കൃഷി മന്ത്രി ബാബുറാം ബുക്കേരിയ തൻറെ കേരള സന്ദർശനത്തിൽ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയെ കാണുകയും   വികസനത്തിൽ രാഷ്ട്രീയം കലർത്തരുത് എന്ന് പറയുകയും ചെയ്തു.

പി.സി.ജോർജ് ചടങ്ങിൽ പങ്കെടുത്തതിനെ കോണ്‍ഗ്രസ് നേതാക്കൾ വിമർശിച്ചിരിക്കുന്നു. ആദ്യം പ്രതികരിച്ചത് ശ്രീ വി.ഡി.സതീശൻ. സ്വന്തം മുന്നിൽ കൈ കൂപ്പി തൊഴുത് കാലുകൾക്ക് ബലമില്ലാതെ നിലത്തു വീണ പാവം വൃദ്ധയെ ഒന്ന് പിടിച്ചെണീപ്പിക്കാൻ പോലും സന്മനസ്സ് കാട്ടാത്ത മഹാത്മൻ.  ഇക്കാര്യം പാർട്ടിയിൽ ചർച്ച ചെയ്യും  എന്ന്  ശ്രീ കെ.എം. മാണി പറയുന്നു.   മാർക്സിസ്റ്റ് പാർട്ടി യുടെ പ്ലീനത്തിൽ പങ്കെടുത്ത ആളാണ്‌ ഈ മാണി സഖാവ്. പിന്നെ ജോർജിനോട് എന്നാ ചോദിക്കും?  ഇടത് അല്ലെങ്കിൽ കോണ്‍ഗ്രസ് എന്ന തിരക്കഥ കേരളത്തിൽ മാറാൻ പോകുന്നു എന്നുള്ളതിന്റെ ശുഭ സൂചനകൾ ആണ് കേരളത്തിൽ വന്നു കൊണ്ടിരിക്കുന്നത്. 

2013, ഡിസംബർ 13, വെള്ളിയാഴ്‌ച

ഹൈക്കോടതി പരാമർശം

സർക്കാർ ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക ജോലി ശരിയായി നിർവഹിക്കുന്നില്ല എന്ന് ഹൈക്കോടതി പരാമർശം നടത്തിയിരിക്കുന്നു. കിട്ടുന്ന ശമ്പളത്തിന് തുല്യമായ  ജോലി എങ്കിലും ചെയ്യാൻ ഉള്ള  മാന്യത  അവർ കാണിക്കണമെന്നും കോടതി പറഞ്ഞു. ഇപ്പോഴത്തെ രീതി അനുസരിച്ച് കോടതിയുടെ പരാമർശങ്ങൾ ഒന്നും അനുകൂലമല്ലെങ്കിൽ ആരും  സ്വീകരിക്കാറില്ല. അന്തിമ  വിധി യിൽ വരാത്തിടത്തോളം അതിനു പ്രസക്തി ഇല്ല എന്നാണു കോണ്‍ഗ്രസ്സും മാർക്സിസ്റ്റും എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ സിൽബന്ധികൾ ആയ പ്രഗൽഭർ എന്ന് മുദ്ര ചാർത്തിയ വക്കീലന്മാരും  ഇത്തരം പരാമർശങ്ങൾ പ്രതികൂലമാണെങ്കിൽ  പറയുന്നത്.

ഹൈക്കോടതിയുടെ ഈ പരാമർശവും അത്തരത്തിൽ തള്ളിക്കളയും. ജോലി ചെയ്യാത്ത ഒരു സാഹചര്യം ഉണ്ടാകാനുള്ള ഒരേ ഒരു കാര്യം സർക്കാർ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ വൽക്കരണം ആണ്. സർക്കാർ സർവീസ് നിറയെ സംഘടനകൾ ആണ്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും വാൽ സംഘടനകൾ. ഇത് രഹസ്യം ഒന്നുമല്ല. പരസ്യമായാണ് രാഷ്ട്രീയ പാർട്ടികൾ ഇതിനു നേതൃത്വം നൽകുന്നത്. ഒരു കോണ്‍ഗ്രസ് സംഘടനയുടെ ഉൽഘാടനം നടത്തിയത് ഉമ്മൻ ചാണ്ടി ആണ്. സ്വന്തം അണികളെയും രാഷ്ടീയ പിന്താങ്ങികളെയും വളർത്തിയെടുക്കാനുള്ള പാർട്ടികളുടെ താൽപ്പര്യമാണ് ഇത്തരം രാഷ്ട്രീയ സർവീസ് സംഘടനകൾ ഉണ്ടാവുന്നതും വളരുന്നതും. എന്തിന്, ക്രമ സമാധാനത്തിനും കേസന്വേഷണത്തിനും നിയോഗിക്കുന്ന, നിഷ്പക്ഷത പുലർത്തേണ്ട പോലീസ് സേനയിൽ പോലും നിറയെ രാഷ്ട്രീയമാണ്. അടുത്തിടെ കോണ്‍ഗ്രസ് പോലീസും മാർക്സിസ്റ്റ് പോലീസും തമ്മിൽ ഒരു സഹകരണ സംഘത്തിന്റെ തെരഞ്ഞെടുപ്പിൽ തമ്മിൽ പൊരിഞ്ഞ തല്ല് ഉണ്ടായത് നമ്മൾ കണ്ടുവല്ലോ. എന്നിട്ടും,എന്തിനും വലിയ വായിൽ വിശദീകരണം നൽകുന്ന ആഭ്യന്തര മന്ത്രി ഒരക്ഷരം ഉരിയാടിയില്ലല്ലോ.  ഈ പോലീസ് രാഷ്ട്രീയത്തിൻറെ കളികളാണ് കോഴിക്കോട് ജയിലിൽ ഫോണ്‍ വിളി നടത്താൻ സഹായകമായത്. സർക്കാർ ശമ്പളം പറ്റുന്ന എയിഡഡ  കോളേജ്,സ്കൂൾ അധ്യാപർക്കു  തെരഞ്ഞെടുപ്പിൽ  വരെ  നിൽക്കാം. 

 സർക്കാർ ജോലിയിൽ പ്രവേശിക്കുന്ന ആ നിമിഷം ഏതെങ്കിലും സംഘടനയിൽ അംഗമാകേണ്ടി വരും. ഒന്നിലും ചേരാതെ ഒരാൾക്കും  ജോലി ചെയ്യാനോ ജീവിക്കാനോ കഴിയില്ല. അത്രയ്ക്ക് ശക്തരാണ് സംഘടനകൾ. സംഘടനാ നേതാക്കൾക്കാകട്ടെ  ഒരു പാട് ഗുണങ്ങൾ ഉണ്ട്.ഒന്നാമത് ജോലി ചെയ്യേണ്ട. തങ്ങളുടെ മന്ത്രി സഭ വരുമ്പോൾ നല്ല പോസ്റ്റിങ്ങ്‌ കിട്ടും. ഇങ്ങിനെ പല പല ഗുണങ്ങൾ. ഗതികേടിനു സസ്പെൻഷൻ ആയാലും അടുത്ത മന്ത്രി സഭയിൽ എല്ലാ ശമ്പളവും സർവീസും മുൻകാല പ്രാബല്യത്തോടെ നൽകി തിരിച്ച് അന്തസ്സായി കയറാം.  ഇക്കാര്യങ്ങൾ എല്ലാം മുഖ്യ മന്ത്രിക്കും പ്രതിപക്ഷ നേതാവിനും കേരളത്തിലെ ഓരോ പൗരനും അറിയാം.

ഈ രാഷ്ട്രീയ നേതാക്കൾ  സ്വാർത്ഥ ലാഭത്തിനു വേണ്ടി ഉദ്യോഗസ്ഥരുടെ മേൽ ചെലുത്തുന്ന സമ്മർദം ആണ് ആത്മാർഥമായി ജോലി ചെയ്യാൻ പലപ്പോഴും വിലങ്ങു തടി ആയി നിൽക്കുന്നത്. 2012 ഏപ്രിൽ മുതൽ ഇന്ന് വരെ 18 മാസത്തിൽ റെവന്യൂ വകുപ്പ്  മേലധികാരി  ആയി 6 സെക്രട്ടറി മാരാണ് മാറി മാറി വന്നത് എന്നത് ഇതിനു ഉദാഹരണം ആണ്. തങ്ങൾക്കു ഇഷ്ട്ടമില്ലാത്തവ രെ   അവർ മാറ്റും  മറ്റുള്ളവർ സ്വയം ജീവനും കൊണ്ട് ഓടും. ആറന്മുള വിമാനത്താവള ഭൂമി കൈമാറ്റം അസാധു ആണെന്ന് ഓർഡർ ഇറക്കിയതിനാണ് ടി.ഒ .സൂരജിനെ മാറ്റിയത്‌.

ഇതൊന്നും നോക്കാതെ ആണ് ഹൈക്കോടതി ഈ പരാമർശം നടത്തിയത് . 

ഉദ്യോഗസ്ഥർ  ജോലി ചെയ്യാത്തത് കൊണ്ടാണ് മുഖ്യ മന്ത്രി  ജനസമ്പർക്കം നടത്തുന്നത് എന്നുള്ള  കോടതി  പരാമർശം   ശരിയാണെന്ന് തോന്നുന്നില്ല. ഉദ്യോഗസ്ഥരോട്  ജോലി ചെയ്യാൻ പറയാതെ  മുഖ്യ മന്ത്രി സ്വയം ആ ജോലി ഏറ്റെടുക്കുന്നത് അല്ലേ തെറ്റ്? ഒന്നുകിൽ കഴിവ് കേട് അല്ലെങ്കിൽ ജനസമ്മിതി കൂട്ടാനുള്ള അടവ്. ഇത്രയും അപേക്ഷകൾ മുഖ്യ മന്ത്രി തൻറെ ഓഫീസിൽ ഇരുന്നു നോക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എന്ത് ചെയ്യണമെന്ന് കർശന നിർദേശം നൽകിയാൽ നടക്കുന്ന കാര്യങ്ങൾ മാത്രമല്ലേ  ഈ ബഹളം ഉണ്ടാക്കി മുഖ്യ മന്ത്രി ചെയ്യുന്നത്? ഈ ഉത്സവത്തിന്റെ ചെലവ് കൂടി ഏതെങ്കിലും പാവങ്ങൾക്ക് കൊടുക്കാമല്ലോ. അതോ  അന്ധനും, ബധിരനും,മുടന്തനും രോഗ  ബാധിതനും  വേളാങ്കണ്ണിയിൽ പോകു ന്നത് പോലെ  വന്ന് മുഖ്യ മന്ത്രിക്ക് മുൻപിൽ ദയ യാചിച്ച് നിൽക്കണോ? ദുരിതാശ്വാസ നിധിയിൽ നിന്നും സംഭാവന ചെയ്യലല്ലേ അവിടെ നടക്കുന്നത്?ഇതിന് കണക്കോ വ്യവസ്ഥയോ വല്ലതും ഉണ്ടോ? അടുത്തിടെ  ഹൈക്കോടതി ഒരു  കേസിലെ വാദത്തിനിടെ വാക്കാൽ ചോദിച്ചിരുന്നു  "ഏതു നിയമത്തിന്റെ ബലത്തിലാണ് മുഖ്യ മന്ത്രി ജനസമ്പർക്കം നടത്തുന്നത്" എന്ന്. അതിൻറെ മറുപടി ഇത് വരെ ആർക്കും കിട്ടിയിട്ടില്ല.   ഇപ്പോൾ ഹൈകോടതിഅഭിപ്രായം പ്രകടിപ്പിക്കുന്നു  മുഖ്യ മന്ത്രിയുടെ   ജനസമ്പർക്കം നല്ലതാണെന്ന്.  

2013, ഡിസംബർ 12, വ്യാഴാഴ്‌ച

സർക്കാർ വക പ്ലാസ്റ്റിക് വേസ്റ്റ്

കോടിക്കണക്കിന് പ്ലാസ്റ്റിക് കുപ്പികൾ, വെള്ളം കുടിച്ചിട്ട് വലിച്ചെറിഞ്ഞവ,  നശിക്കാതെ  നമ്മുടെ മണ്ണിന്റെ ശാപമായി എല്ലായിടത്തും ചിതറി  കിടക്കുന്നു. ഈ പ്ലാസ്റ്റിക് കുപ്പികളെല്ലാം നിരത്തി വച്ചാൽ കേരളത്തിനെ മൊത്തം മൂടാൻ കഴിയും.  ഇത്രയും ഭയാനകമായ പ്ലാസ്റ്റിക് വിപത്തിലേക്കാണ്   നമ്മുടെ സർക്കാർ അവരുടെ വക പ്ലാസ്റ്റിക് കുപ്പികളുടെ സംഭാവനയുമായി രംഗ പ്രവേശം നടത്തിയിരിക്കുന്നത്. മുഖ്യ മന്ത്രിയുടെ പ്രസ്താവന അനുസരിച്ച് കേരളാ വാട്ടർ അതോറിട്ടി കുപ്പി വെള്ള നിർമാണത്തിൽ ഇറങ്ങിയിരിക്കുകയാണ്. സർക്കാർ അധീനതയിൽ ഉള്ള വാട്ടർ അതോറിട്ടി കേരളത്തിലെ ജനങ്ങൾക്ക്‌ ശുദ്ധമായ കുടി വെള്ളം നൽകാൻ ബാധ്യസ്ഥരാണ്. അതാണവരുടെ ഉത്തരവാദിത്വവും. അതിനു പകരം കുടിവെള്ളം കുപ്പിയിൽ ആക്കി കേരളം മുഴുവൻ പ്ലാസ്റ്റിക് കൊണ്ട് നിറക്കാൻ ആണ്  പോകുന്നത്. മാത്രമല്ല സാധാരണക്കാർക്ക് ശുദ്ധമല്ലാത്ത കുടി വെള്ളവും വിതരണം ചെയ്യുന്നു. 

പരിസ്ഥിതിയെ വളരെ ഗുരുതരമായി ബാധിക്കുന്നതാണ് ഒരിക്കലും നശിക്കാതെ ഭൂമിയിൽ അവശേഷിക്കുന്ന ഈ പ്ലാസ്റ്റിക് കുപ്പികൾ.ഇത്രയും പരിസ്ഥിതി നാശം വരുത്തുന്ന ഒരു  സംരംഭം സർക്കാർ നേതൃത്വത്തിൽ   തുടങ്ങുന്നത് സർക്കാർ ജനങ്ങളോട് ചെയ്യുന്ന ദ്രോഹം അല്ലേ ?

ശുദ്ധമായ വെള്ളം കിട്ടാത്തത് കൊണ്ടാണല്ലോ ജനങ്ങൾ  കുപ്പി വെള്ളം വാങ്ങാൻ നിർബന്ധിതർ ആകുന്നത്. അത് കൊണ്ട്  ശുദ്ധ ജലം നൽകാൻ ശ്രമിക്കുകയല്ലേ സർക്കാർ ചെയ്യേണ്ടത്? യാത്ര ചെയ്യുന്നവരാണ് കുപ്പി വെളളത്തിന്റെ ഏറ്റവും വലിയ ഉപ്ഭോക്താക്കൾ. പിന്നെ നഗരങ്ങളിലെ  ഫ്ലാറ്റു താമസക്കാരും. കുപ്പിയിൽ അല്ലാതെ ഇവർക്ക് ശുദ്ധ ജലം വിതരണം ചെയ്യാമല്ലോ. യാത്രക്കാർക്കായി റെയിൽവേ സ്റേഷൻ, ബസ് സ്റ്റാൻഡ എന്നിവിടങ്ങളിൽ ചെറിയ സ്റ്റീൽ ടാങ്കുകൾ സ്ഥാപിച്ചു കോയിൻ  ഇട്ട് (പണം നൽകി) വെള്ളം എടുക്കുന്ന സമ്പ്രദായം തുടങ്ങാം.പണ്ട് ഡൽഹിയിൽ മദർ ഡയറി ഈ രീതിയിൽ വിജയകരമായി പാൽ വിതരണം ചെയ്തിരുന്നു.   ട്രെയിൻ കമ്പാർട്ട്മെന്റിലും  ഇത്തരം രീതി പ്രാവർത്തികമാക്കാം. യാത്രക്കാർക്ക് ശുദ്ധ ജലം നൽകാൻ റെയിൽവേയും ബാധ്യസ്ഥരാണല്ലോ.  ഫ്ലാറ്റ് വാസികൾക്ക് വേണ്ടി വീണ്ടും ഉപയോഗിക്കാവുന്ന  25-50 ലിറ്റർ  പ്ലാസ്റ്റിക് ഭരണികളിൽ ജലം വിതരണം ചെയ്യാം. അങ്ങിനെ സർക്കാർ വക പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാം. ഈ തലമുറയെയും വരും തലമുറകളെയും രക്ഷിക്കാം.

 വേസ്റ്റ് നിർമാർജനത്തിൽ സർക്കാർ ഒരു വലിയ പരാജയം ആണല്ലോ. നിലവിലുള്ള വേസ്റ്റ് നിർമാർജ്ജനം ചെയ്യാൻ കഴിയാത്ത സർക്കാർ സ്വന്തം നിലയിൽ വേസ്റ്റ് ഉണ്ടാക്കാതിരിക്കുക എങ്കിലും ചെയ്യണ്ടേ?

മുസ്ലിം ലീഗ് ഒറ്റയ്ക്ക്

അതാണ്‌ ആണത്വം. അതാണ്‌ തറബാടിത്തം. ബരുന്ന ലോക സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ  3 മണ്ഡലങ്ങളിൽ ഒറ്റയ്ക്ക് നിന്ന് മത്സരിച്ചു ജയിക്കാൻ കയിയും എന്ന് മുസ്ലിം ലീഗ്. ബെറും നെയ്ച്ചോറും കോയി ബിരിയാണീം കയിക്കുന്നതല്ല  രാഷ്ട്രീയം എന്ന് ലീഗ് തെളിയിക്കുന്നു. കേരളത്തിലെ ഒരൊറ്റ രാഷ്ട്രീയ പാർട്ടി പോലും കാണിക്കാത്ത ദൈര്യം ആണ് ഞമ്മടെ മുസ്ലിം ലീഗ് കാണിച്ചത്.

എന്നും കേരളത്തിൽ ഒറ്റയ്ക്ക് നിന്ന് മത്സരിക്കുന്ന ഒരേ ഒരു പാർട്ടി ഭാരതീയ ജനതാ പാർട്ടി ആണ്. 

ഒറ്റയ്ക്ക്  നിന്നാൽ  നിലവിലുള്ള സീറ്റുകളായ മലപ്പുറം, പൊന്നാനി എന്നിവയ്ക്ക് പുറമേ വയനാട് കൂടി കിട്ടുമെന്നാണ് അവർ പറയുന്നത്. ഇത്രയും നാൾ ഇടതു മുന്നണിയിലും വലതു മുന്നണിയിലും മാറി മാറി താളം ചവിട്ടി നിന്ന് കാര്യം സാധിച്ച മുസ്ലിം ലീഗിന് ഇപ്പോഴാണ് തങ്ങളുടെ ( പാണക്കാട് തങ്ങള് അല്ല - തങ്ങളുടെ എന്നാൽ സ്വന്തം എന്നർത്ഥം) ശക്തി മനസ്സിലാവുന്നത്. എവിടായിരുന്നു ഇത്രയും നാൾ ഈ ഉശിര്? ഇനിയെങ്കിലും എല്ലാക്കാര്യത്തിലും ഈ അന്തസ്സ് തുടരണം.

ഒരു പഴഞ്ചൊല്ലുണ്ട്. തവള പാണ്ടി ലോറിക്ക് മുന്നിൽ മസിൽ പിടിക്കുന്നു എന്ന്. പാണ്ടി ലോറി കടന്നു പോയി. ഒരു ചെറിയ ശബ്ദം പോലും കേട്ടില്ല. അത് പോലായിരിക്കും മുസ്ലിം ലീഗ് ഒറ്റയ്ക്ക് നിന്നാൽ.  കെട്ടി വച്ച പണം പോലും കിട്ടില്ല. 

ഈ പ്രസ്താവനക്ക് പിന്നാലെ വിശദീകരണവും വന്നു. ഒറ്റയ്ക്ക് നിന്നാൽ ജയിക്കും. പക്ഷെ റബ്ബ് ൽ ആലമീനായ തമ്പുരാൻ വിചാരിച്ചാലും നിൽക്കില്ല.  തമിഴൻ പറഞ്ഞത് കേട്ടിട്ടില്ലേ ?  "നാൻ നിനച്ചാൽ പുലിയെ പിടിക്കും. പക്ഷെ ഉയിര് പോയാലും നിനക്കമാട്ടെൻ".

2013, ഡിസംബർ 11, ബുധനാഴ്‌ച

മാർക്സിസ്റ്റ് പരാജയം

പ്രബുദ്ധരായ ഡൽഹിയിലെ സാധാരണ ജനങ്ങൾ  കോണ്‍ഗ്രസ്സിനെ തൂത്തെറിഞ്ഞ് ശുദ്ധമാക്കിയതാണ് 1977 ലെ തെരഞ്ഞെടുപ്പിന് ശേഷം ഭാരതം കണ്ട ഏറ്റവും വലിയ വിപ്ലവം. അഴിമതി കൊണ്ട് ആജീവനാന്തം ഭരിക്കാം എന്നുള്ള കോണ്‍ഗ്രസ്സിന്റെ  ധാർഷ്ട്യത്തിനു, മൻ മോഹനും , സോണിയക്കും, രാഹുലിനും ചൂല് കൊണ്ട് മുഖത്ത് ഏറ്റ അടിയാണ് ഈ ദയനീയ പരാജയം. 4 സംസ്ഥാനങ്ങളിലും ഇത് തന്നെ ആണ് സംഭവിച്ചത്.

ഈ തെരഞ്ഞെടുപ്പിൽ വളരെ ആരും ശ്രദ്ധിക്കാതെ പോയമറ്റൊരു പ്രധാന സംഭവം ആണ് മാർക്സിസ്റ്റ്റ്റ് പാർട്ടിക്ക് ഏറ്റ  കനത്ത അടി.  അത് ബുദ്ധി പൂർവ്വം പാർടി  മൂടി വക്കുന്നു. അവരുടെ സൈറ്റിൽ കോണ്‍ഗ്രസ് തോറ്റതിനെ പറ്റിയെല്ലാം പോളിറ്റ് ബ്യൂറോ സംവദിക്കുന്നു. തങ്ങൾക്കു പറ്റിയ ദയനീയ പരാജയം ഒരു വാചകത്തിൽ പറഞ്ഞു രക്ഷപ്പെടുന്നു. കേരളത്തിൽ മാത്രം നിലനിൽക്കുന്ന ഒരു ദേശീയ പാർട്ടിയായി   ഒതുങ്ങുന്നു  എന്നുള്ളതാണ് അവരുടെ വിധി.. കഴിഞ്ഞ രാജസ്ഥാൻ  നിയമ സഭയിൽ സി.പി.ഐ. എമ്മിന് 3 സീറ്റുകൾ ഉണ്ടായിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ  അത് മൂന്നും പോയി. ജനങ്ങൾ അവരെയും ഒഴിവാക്കി.

ദേശീയ ഭൂ പടത്തിൽ നിന്നും മാർക്സിസ്റ്റ് പാർട്ടി  അപ്പ്രത്യക്ഷമാവുകയാണ്. ഈ തെരെഞ്ഞെടുപ്പോട് കൂടി ദേശീയ പാർട്ടി എന്ന സ്ഥാനവും ഇല്ലാതാവുകയാണ്. ബംഗാളിൽ ഇനി നോക്കുകയെ വേണ്ട. ബംഗാളിനെ അവർ 34 വർഷം പുറകോട്ടു നയിക്കുക  ആയിരുന്നു. ബംഗാളിലെ ജനങ്ങളെ കാലാ കാലങ്ങളായി വിഡ്ഢികൾ ആക്കുക  ആയിരുന്ന അവരെ ജനങ്ങൾ തൂത്തെറിഞ്ഞു. 


കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇൻഡ്യ, മാർക്സിസ്റ്റ് എന്ന് നീട്ടി പറയുന്നതിന് പകരം പിണറായി കോണ്‍ഗ്രസ് എന്ന് പറയുന്നതാണ് ഉചിതവും ഭംഗിയും ശരിയും.  കോണ്‍ഗ്രസ്സും മാർക്സിസ്റ്റും എന്ന ഓപ്ഷൻ മാത്രമേ കേരളത്തിലുള്ളൂ എന്ന ധൈര്യത്തിൽ ആണ് ഇന്നീ രണ്ടു പാർട്ടികളും.   അത്തരം വിശ്വാസത്തിൽ ജീവിച്ച രാഷ്ട്രീയ പാർട്ടികൾക്ക് ഇപ്പോൾ സംഭവിച്ചത് നമ്മൾ കണ്ടുവല്ലോ? അത് പോലെ ഒരു വിപ്ലവം ആണ് കേരളത്തിൽ നടക്കാൻ പോകുന്നത്.  അടുത്ത ലോക സഭ തെരഞ്ഞെടുപ്പിലെ ജനങ്ങളുടെ വിധി കാത്തിരു ന്നു കാണാം.


2013, ഡിസംബർ 10, ചൊവ്വാഴ്ച

ചുവന്ന ലൈറ്റ്

ചുവന്ന ബീക്കണ്‍ ലൈറ്റ്, ഉന്നത ഭരണ ഘടനാ  സ്ഥാനം വഹിക്കുന്നവരുടെ  വാഹനങ്ങളിൽ  ഒഴിച്ച് മറ്റു വാഹനങ്ങളിൽ ഉപയോഗിക്കുന്നത്  കർശനമായി നിരോധിച്ചു കൊണ്ട്  സുപ്രീം കോടതി ഉത്തരവ് പുരപ്പെടുവിച്ചിരിക്കുന്നു.  

നിയമ വിരുദ്ധമായി ഉപയോഗിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും, ഭയമോ പരിഗണനയോ കൂടാതെ പോലീസ് ഇത് നടപ്പാക്കണമെന്നും നിർദേശിക്കുന്നു.  ഈ ചുവന്ന ലൈറ്റ് അധികാരത്തിന്റെയും അന്തസ്സിന്റെയും അടയാളം ആയിട്ടാണ് ഈ രാഷ്ട്രീയക്കാർ കൊണ്ട് നടക്കുന്നത്. അത് കണ്ട് ഉദ്യോഗസ്ഥ പ്രമാണിമാരും. പഞ്ചാബിൽ ഇൻകം റ്റാക്സ് ജോയിന്റ് കമ്മീഷണർ ചുവന്ന ലൈറ്റ് വക്കുന്നുണ്ട്. കേരളത്തിൽ ഇൻഫർമേഷൻ കമ്മീഷണർ വച്ച് കൊണ്ട് നടക്കുമായിരുന്നു. എന്തിന് മേയർ മാർ വരെ വക്കുന്നു. അടുത്ത കാലത്ത്അതെടുത്തു മാറ്റാൻ പറഞ്ഞതിന് കൊല്ലം മേയർ പോലീസ് വാഹനം തടയുക വരെ ചെയ്തു.

സ്വർണക്കട ഉത്ഘാടനം ചെയ്യാൻ പോകുമ്പോഴും ചുവന്ന ലൈറ്റും കത്തിച്ചാണ് ഇവർ പാഞ്ഞു പോകുന്നത്. എന്തിനാണിത്? ബ്രിട്ടീ ഷ് പാരമ്പര്യത്തിന്റെ ബാക്കി പത്രം ആണിത്. ഇത് അവസാനിപ്പിക്കുക. 

2013, ഡിസംബർ 9, തിങ്കളാഴ്‌ച

ഫിലിം ഫെസ്റ്റിവൽ -2013

അൽപ്പന് അർഥം കിട്ടിയാൽ അർദ്ധ രാത്രിക്ക് കുട പിടിക്കും എന്നൊരു പഴഞ്ചൊല്ല് ഉണ്ട്.  കോണ്‍ഗ്രസ് കാരെ സംബന്ധിച്ചിടത്തോളം വെറും കുടയല്ല  മുത്തുക്കുടയാ പിടിക്കുന്നത്‌. അഹങ്കാരത്തിന്റെയും അജ്ഞതയുടെയും മൂർത്തിമദ് ഭാവങ്ങളാണ് അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ്കാർ. അവരുടെ സിൽബന്ധികൾ ആകട്ടെ അതിലും അപ്പുറം ആണ്. കോണ്‍ഗ്രസ്സിന്റെ വക്താക്കൾ ആയി ചാനൽ ചർച്ചകളിൽ വരുന്ന സിദ്ദിക്കിനെ പോലുള്ളവരുടെ ശരീര ഭാഷ നോക്കൂ. എന്തൊരു ധാർഷ്ട്യം. ജനങ്ങളോടാകെ പുശ്ചം.

ഇത്തരക്കാരെ സേവ പിടിച്ച് ചലച്ചിത്ര അക്കാഡമിയിലും അതുമായി ബന്ധപ്പെട്ട സ്ഥാനങ്ങളിലും കയറിപ്പറ്റിയ ആൾക്കാരുടെ മനോനിലയും ഇത് പോലെ തന്നെ. കയറിപ്പറ്റിയാൽ ഉടൻ തന്നെ ഇവരുടെ മാന്യതയും,ഭവ്യതയും,  അന്തസ്സും എല്ലാം ധാർഷ്ട്യത്തിനു വഴി മാറും.  രണ്ടു വർഷം മുൻപ് ഇതിൻറെ നടത്തിപ്പുകാരനായി ഒരു മന്ത്രി ഉണ്ടായിരുന്നു. ഫ്ലൂക്കിന് മന്ത്രി സഭയിൽ കയറിപ്പറ്റിയ ഗണേഷ് കുമാർ. ചലച്ചിത്രോത്സവത്തിന് കൂവുന്ന കാഴ്ചക്കാരന്റെ അണ്ടി ചെത്തി ഉപ്പിലിട്ടു കളയും എന്നെല്ലാം വലിയ വായിൽ പ്രസ്താവന നടത്തിയ അങ്ങേരെ ഇപ്പോൾ കാണാനേ ഇല്ല. മന്ത്രി സ്ഥാനവും പോയി കുടുംബവും പോയി ( അത് പണ്ടേ പോയി കിടക്കുകയായിരുന്നല്ലോ) എല്ലാം പോയി ഇപ്പോൾ ഒതുങ്ങി കഴിയുന്നു. മന്ത്രി ആയിരുന്നപ്പോൾ നിലത്തിരുന്നു സിനിമ കാണുക തുടങ്ങിയ ജാടകൾ കാണിച്ച ആളുടെ പൊടി പോലും ഈ ഫിലിം ഫെസ്റ്റിവലിനു കണ്ടില്ല.ഇനിയെങ്കിലും മര്യാദക്ക് അടങ്ങി ഒതുങ്ങി കഴിയും എന്ന് വിചാരിക്കാം. അങ്ങേരുടെ ഒരു വലിയ പടമുള്ള ഫ്ലെക്സ് ബോർഡ് കൈരളി തിയേറ്ററിൽ  നിന്നും വലിച്ചു മാറ്റുന്നതും ജനങ്ങൾ കണ്ടു.

പ്രിയദർശൻ ആണ് ചലച്ചിത്ര അക്കാഡമി ചെയർമാൻ. എന്ത് കൊണ്ടും അതിനേക്കാൾ അനുയോജ്യനായ ഒരു മനുഷ്യനെ ഭൂമി മലയാളത്തിൽ  കണ്ടെത്തുക പ്രയാസം.  ഇത്രയും ലോക സിനിമകൾ കുത്തിയിരുന്ന് കണ്ട മറ്റൊരാൾ ഈ ഭൂലോകത്ത് ഉണ്ടാവാൻ വഴിയില്ല. കാരണം അങ്ങേരുടെ എല്ലാ ചിത്രങ്ങളും മറ്റു വിദേശ ചിത്രങ്ങളിൽ നിന്നും ഉള്ള മോഷണം  ആണ്. പല സിനിമകളും സീൻ ബൈ സീൻ ആണ് കോപ്പിയടി.ഇപ്പോഴും അത് തന്നെ തുടരുന്ന അങ്ങേര് തന്നെ ഈ പദവിക്ക് ഏറ്റവും ഏറ്റവും യോഗ്യൻ. അങ്ങേരുടെ ഒരു വലിയ ഫ്ലെക്സ് ബോർഡ് പടം കൈരളി സ്ഥാപിച്ചിട്ടുണ്ട്. ഫാൻസ്‌ ആണത്രേ. ബണ്ടി ചോറിനും ഫാൻസ്‌ ഉണ്ടെങ്കിൽ പ്രിയ ദർശന് എന്ത് കൊണ്ടായിക്കൂടാ?

കഴിഞ്ഞ കാലങ്ങളിൽ ഭേദപ്പെട്ട നിലവാരം പുലർത്തിയിരുന്നു കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേള. ഓരോ വർഷവും കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിലും, തിയേറ്ററുകളുടെ ക്രമീകരണത്തിലും എല്ലാം. പക്ഷെ  ഇത്തവണ എല്ലാം താറുമാറായി. നിലവാരം കുറഞ്ഞ സിനിമകൾ ആണ് മിക്കതും. ലോകത്ത്  മൊത്തം സിനിമകളുടെ നിലവാരം താഴോട്ടു പോവുകയാണോ എന്നറിയില്ല. മത്സര വിഭാഗത്തിൽ വന്ന പല ചിത്രങ്ങളും ശരാശരിയിലും താഴെയാണ് നിലവാരം. വലിഞ്ഞിഴഞ്ഞു നീങ്ങുന്ന ചിത്രങ്ങൾ ആണ് കൂടുതലും.  ഇതിലും നല്ല ചിത്രങ്ങൾ ലോകത്ത് ഉണ്ടാവുന്നില്ലേ? അതോ പ്രിയദർശൻ നേരിട്ട് തിരഞ്ഞെടുത്തതാണോ? വേൾഡ് സിനിമയും ഇതേ ഗതി തന്നെ. സിനിമകൾ  കണ്ട് നല്ല സിനിമകൾ കണ്ടു പിടിക്കാൻ ഇതിൻറെ സംഘാടകർക്ക്   ഒരു വർഷം  മുഴുവൻ കിട്ടുന്നുണ്ടല്ലോ?   തിയേറ്ററുകളുടെയും മറ്റു   ക്രമീകരണങ്ങളിലും ധാരാളം പാകപ്പിഴകൾ വന്നിട്ടുണ്ട്. എല്ലായിടവും തിക്കും തിരക്കും.

അടുത്ത ഉത്സവം എങ്കിലും നല്ല ചിതങ്ങൾ കാണാൻ അവസരം ഒരുക്കും എന്ന് പ്രതീക്ഷിക്കാം.

2013, ഡിസംബർ 8, ഞായറാഴ്‌ച

കോണ്‍ഗ്രസ്സിന്റെ പതനം

ഇൻഡ്യൻ നാഷണൽ കോണ്‍ഗ്രസ്സ്  എന്ന  രാഷ്ട്രീയ പാർടി   അടുത്ത ലോക സഭ തെരഞ്ഞെടുപ്പോടെ ദേശീയ രാഷ്ട്രീയത്തിൽ നിന്നും പൂർണമായും  തുടച്ചു നീക്കപ്പെടും എന്നുള്ളതിന്റെ തെളിവുകളാണ്  ഡൽഹി,രാജസ്ഥാൻ,മധ്യ പ്രദേശ്‌, ചത്തീസ്ഗഡ്  എന്നീ 4 നിയമ സഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ തരുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി ഡൽഹി മുഖ്യ മന്ത്രി ആയിരുന്ന ഷീലാ ദീക്ഷിത്തിനെ ഇനി ഒരു നിയമസഭാംഗം പോലും ആയിക്കൂടാ എന്ന  വാശിയിൽ ജനങ്ങൾ തോൽപ്പിച്ചത് അവർ അത്ര കണ്ട് കോണ്‍ഗ്രസ്സിനെ വെറുക്കുന്നു എന്നുള്ളത് കൊണ്ടാണ്. അഴിമതിയും ദുർഭരണവും മാത്രമാണ് കോണ്‍ഗ്രസ്സിന് ആകെ അവകാശപ്പെടാനുള്ളത്. 2 ജി. സ്പെക്ട്രം, കോമണ്‍വെൽത്ത് ഗെയിംസ്, കൽക്കരി ഖനി, സേനയുടെ ഹെലികോപ്ടർ തുടങ്ങി ലക്ഷക്കണക്കിന്‌ കോടി രൂപയുടെ അഴിമതി ആണ് കോണ്‍ഗ്രസ് പാർട്ടിയും അതിൻറെ നേതാക്കന്മാരും നടത്തിയത്. ജനങ്ങൾ ഇതെല്ലാം കണ്ടു കൊണ്ടിരിക്കുകയായിരുന്നു.  ആദ്യം കിട്ടിയ അവസരത്തിൽ ഈ ദുർഭരണത്തിനെതിരെ  അവർ വിധിയെഴുതി.

പാർടിക്ക്  ശക്തനായ, കഴിവുള്ള, സത്യസന്ധനായ  ഒരു നേതാവ് ഇല്ലാത്തതാണ് ആണ് കോണ്‍ഗ്രസ്സിൻറെ മറ്റൊരു പ്രശ്നം. നെഹ്രുവിന്റെ കുടുംബത്തിന്റെ പാരമ്പര്യ അവകാശമാണ് നേതൃ സ്ഥാനം എന്ന കീഴ്‌വഴക്കം ഇന്ന് നേതൃ സ്ഥാനത്ത് അവരോധിച്ചിരിക്കുന്നത് രാഹുൽ ഗാന്ധിയെ ആണ്. രാഷ്ട്രീയത്തിൻറെ ബാല പാഠങ്ങൾ പോലും അറിവില്ലാത്ത ആ പാവം എന്തൊക്കെയോ പറഞ്ഞു കൊണ്ട് നടക്കുന്നു. രാഷ്ട്രീയ കാഴ്ച്ചപ്പാടോ, കഴിവോ അനുഭവമോ ആത്മാർഥതയോ ഇല്ലാത്ത അദേഹത്തെ ആണ് മോഡിക്ക് പകരം പ്രധാന മന്ത്രി ആയി പാർട്ടി ഉയർത്തി ക്കാട്ടുന്നതു എന്നുള്ളത് വിചിത്രമായിരിക്കുന്നു. മോഡിയുടെ പ്രഭാവത്തിന് മുൻപിൽ രാഹുൽ ഒരു ഈയാം പാറ്റയെ പ്പോലെ എരിഞ്ഞു വീഴും എന്നുള്ളത് എല്ലാവർക്കുമറിയാം.   രാഹുൽ ഗാന്ധി പ്രസംഗിച്ച തെരഞ്ഞെടുപ്പു പ്രചരണ  പൊതു യോഗങ്ങൾ എല്ലാം വളരെ ശുഷ്കം ആയിരുന്നു. അദ്ദേഹം വോട്ട് പിടിച്ച ഡൽഹിയിലെ എല്ലാ സ്ഥാനാർഥികളും തോറ്റു. രാഹുൽ ഗാന്ധിയെ ജനങ്ങൾ അംഗീകരിക്കുന്നില്ല എന്നതാണ് സത്യം. രണ്ടാം നിര നേതാക്കന്മാർ കോണ്‍ഗ്രസ്സിൽ  ഇല്ല. ആകെയുള്ള കുറെ ആൾക്കാർക്ക്  രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും സ്തുതി പാഠകർ ആണെന്നുള്ള ഒരേ ഒരു യോഗ്യത മാത്രം. 

ഇതിൻറെ പ്രതിഫലനം ആണ് ലോക സഭ തെരഞ്ഞെടുപ്പിലും വരാൻ പോകുന്നത്. കേരളത്തിലെ കോണ്‍ ഗ്രസ്സിന്റെ സ്ഥിതിയും പരിതാപകരം ആണ്. ഇതിലും ദയനീയമായ പതനം ആയിരിക്കും കേരളത്തിൽ വരാൻ പോകുന്നത്. മുഖ്യ മന്ത്രി ഉൾപ്പടെ മന്ത്രിമാർ അഴിമതി യിൽ മുങ്ങി കുളിച്ചു നിൽക്കുകയാണ്. പെണ്ണ് കേസിലും ആരോപണ വിധേയർ ആണ് ഇവരെല്ലാം.  ഭരണ മുന്നണിയിലെ ഘടക കക്ഷികൾ ഇടഞ്ഞു നിൽക്കുന്നു.  ജനങ്ങൾ  ഈ ഭരണം മടുത്തു കഴിഞ്ഞു. ഒരു മാറ്റത്തിന് വേണ്ടി അവർ ആഗ്രഹിക്കുന്നു. കഴിഞ്ഞ സർവേ അനുസരിച്ച് ഭാരതീയ ജനതാ പാർട്ടിക്ക് 6 ശതമാനത്തിൽ നിന്നും വോട്ട് 16 ശതമാനമായി വർധിക്കും എന്നാണ് കാണുന്നത്. അത് സീറ്റ് ആക്കി മാറ്റാൻ പാർട്ടിക്ക് കഴിയണം. അതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് പാർടി നടത്തേണ്ടത്. ബി.ജെ.പി.യുടെ സർക്കാർ കേന്ദ്രത്തിൽ ഭരണം നടത്തുമ്പോൾ കേരളത്തിൻറെ തെരഞ്ഞെടുത്ത  പ്രതിനിധികൾ  വേണ്ടേ?

2013, ഡിസംബർ 7, ശനിയാഴ്‌ച

ജോണ്‍സണ്‍ & ജോണ്‍സണ്‍ ASR 15,000 കോടി

ആഗോള മരുന്ന്, ഉപകരണ നിർമാണ ഭീമനായ ജോണ്‍സണ്‍ & ജോണ്‍സണ്‍ 2.5 ബില്ല്യൻ ഡോളർ ( 15,000 കോടി രൂപ)  8000 രോഗികൾക്ക് നഷ്ട പരിഹാരം നൽകാൻ സമ്മതിച്ചു കൊണ്ടുള്ള ഒത്തു തീർപ്പ് അമേരിക്കൻ (ഒഹിയൊ)  ഫെഡറൽ കോടതി മുൻപാകെ സമർപ്പിച്ചിരിക്കുന്നു. കേസ് കൊടുത്തവരിൽ  94% പേർ അന്ഗീകരിച്ചാൽ  മാത്രമേ ഇത് നില നിൽക്കൂ. അല്ലെങ്കിൽ ഇതിൽ കൂടുതൽ ആകാനും മതി.

ജോണ്‍സണ്‍ & ജോണ്‍സണ്‍ ൻറെ അനുബന്ധ കമ്പനി ആയ ഡീ പീ  (DePuy Orthopedics) നിർമിച്ച ലോഹ  (metal on metal) കൃത്രിമ സന്ധി-ASR ( Articular Surface Replacement) കാലിന്റെ മേൽഭാഗം ഇടുപ്പിനോട് യോജിപ്പിക്കുന്ന സന്ധി, യുടെ പ്രവർത്തനം തെറ്റായ രീതിയിൽ ആണെന്ന് കണ്ട് ലോകത്താകമാനം മാറ്റി വച്ച കൃത്രിമ സന്ധികൾ എല്ലാം 2010 ൽ തിരിച്ചു വിളിക്കുകയും പുതിയ സന്ധികൾ വച്ച് പിടിപ്പിക്കുകയും ചെയ്തു. അങ്ങിനെ മാറ്റി വച്ചവരിൽ 8000 പേർ അമേരിക്കൻ കോടതികളിൽ കൊടുത്ത കേസിൽ ആണ് ഇത്തരം ഒരു ഒത്തു തീർപ്പ് ഫോർമുല കമ്പനി കോടതിയിൽ  സമർപ്പിച്ചത്.

ഈ കൃത്രിമ ലോഹ സന്ധിയിൽ (ASR)നിന്നും കോബാൾട്ട്,ക്രോമിയം എന്നീ ലോഹങ്ങളുടെ ശകലങ്ങൾ ശരീരത്തിൽ പടരുകയും അത് സന്ധികളിലും പേശികളിലും ദ്രാവകം ഒത്തു കൂടി വർദ്ധിക്കാൻ ഇടയാകുകയും തൽഫലമായി അസഹ്യമായ വേദനയും അസ്വാസ്ഥ്യവും അനുഭവപ്പെടുകയും ഉണ്ടായി. കൂടാതെ ശരീരത്തിൽ ലോഹ വിഷ ബാധ ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യും. 

ഇത്തരം വേദനയും അസ്വാസ്ഥ്യവും അനുഭവപ്പെട്ട അനേകം രോഗികൾ വർഷങ്ങളായി ഇത് ഡോക്ടർമാരെ ധരിപ്പിക്കാൻ പാട് പെടുകയാണ്. കാരണം ജോണ്‍സണ്‍ & ജോണ്‍സണ്‍ ഇക്കാര്യം പാടേ നിഷേധിക്കുകയായിരുന്നു. ലോഹവും പ്ലാസ്റ്റിക്കും കൊണ്ട്നിർമ്മിച്ച പരമ്പരാഗതമായ കൃത്രിമ ഇടുപ്പ് സന്ധികൾ 15 വർഷത്തിലോ അധികമോ പ്രശ്നം ഇല്ലാതെ ഇരുന്നു. ലോഹ ball ഉം ലോഹ cup ഉം ഉള്ള  ഈ ASR 2003 മുതൽ ഏതാണ്ട് 93000 രോഗികളിൽ നിക്ഷേപിച്ചിട്ടുണ്ട്‌. ഈ കമ്പനിയുടെ 2011 ലെ ഒരു രഹസ്യ രേഖ അനുസരിച്ച് അഞ്ചു വർഷത്തിനകം  40% രോഗികളിൽ ഈ ഉപകരണം  പരാജയപ്പെടും എന്ന്  കമ്പനി തന്നെ പറയുന്നുണ്ട്.

 ഭാരതത്തിലും അനേകം രോഗികളിൽ ഈ കമ്പനിയുടെ ASR വച്ച് പിടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ അവകാശങ്ങളെ പ്പറ്റി ബോധമുള്ളവരും, അവകാശം നേടിയെടുക്കാൻ അറിവുള്ളവരും അതിന് സഹായിക്കുന്ന ഒരു സർക്കാരും അമേരിക്കയിൽ ഉള്ളത് കൊണ്ട് ഉപഭോക്താക്കൾക്ക് അർഹമായ നഷ്ട്ട പരിഹാരം അവിടെ കിട്ടും. ഇവിടെ സ്ഥിതി അതല്ല. കമ്പനികളുടെ വലിപ്പം കണ്ട് മുട്ടിടിക്കുന്ന ഭരണാധികാരികളും, പ്രത്യേകിച്ച് അമേരിക്കൻ കമ്പനി എങ്കിൽ, ആ കമ്പനികളിൽ നിന്നും കൈക്കൂലി വാങ്ങി ജനങ്ങളെ കുരുതി കൊടുക്കുന്ന രാഷ്ട്രീയ നപുംസകങ്ങളും ഭരിക്കുന്ന ഭാരതത്തിൽ ജനങ്ങൾക്ക്‌ അർഹമായ നഷ്ട പരിഹാരം കിട്ടുമെന്ന് പ്രതീക്ഷിക്കുക വയ്യ.

1984 ൽ 4000 ത്തിൽ അധികം പേരുടെ മരണത്തിനും പതിനായിരങ്ങൾ ഇന്നും ദുരിതം അനുഭവിക്കുന്നതിന്റെയും കാരണമായ ഭോപ്പാൽ വാതക ചോർച്ചയുടെ ഉത്തരവാദികളായ  യുണിയൻ കാർബൈഡ് കമ്പനിയുടെ ചീഫ് എക്സികൂട്ടീവ് ഓഫീസർ ആയ വാറൻ ആൻഡേർസണെ രക്ഷിച്ച്  സുരക്ഷിതമായി ഭാരതത്തിൽ നിന്നും അമേരിക്കയിൽ എത്തിച്ച ഭരണാധികാരികൾ ആണ് നമുക്കുള്ളത്. അർജുൻ സിംഗ് എന്ന മുഖ്യ മന്ത്രി ആണിത് ചെയ്തത്‌ എന്ന്  ഇന്നത്തെ രാഷ്ട്രപതി പ്രണാബ് മുഖർജി തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്.  അത്രയ്ക്ക് വിധേയത്വമാണ് ഈ ഭരണാധികാരികൾക്ക്  അമേരിക്കക്കാരോട്. ഭോപ്പാലിൽ മരിച്ചവർക്കും ഇന്ന് മരിച്ചു ജീവിക്കുന്നവർക്കും ഇന്ത്യൻ നിയമം എന്ന് പറഞ്ഞു തുച്ഛമായ പണം നൽകി. കമ്പനി രക്ഷ പ്പെട്ടു. നീതി ന്യായ കോടതികളും അമേരിക്കൻ കമ്പനികളെ  രക്ഷപ്പെടാൻ സഹായിച്ചു എന്ന് പറഞ്ഞാൽ തെറ്റില്ല. അങ്ങിനെ ഭരണ കൂടവും നീതി ന്യായ കോടതികളും എല്ലാവരും കൂടി പാവപ്പെട്ട ജനങ്ങളെ ചതിക്കുകയായിരുന്നു. അത്തരം വഞ്ചനയും ചതിയും ഇനിയും ആവർത്തിക്കാൻ അനുവദിക്കരുത്.

ഭാരതത്തിൽ ഈ  ASR വച്ച് പിടിപ്പിച്ചതായി  അറിയുന്നത് ആകെ  280 രോഗികൾ ആണ്. ഇതിലും വളരെ വളരെ  അധികം മടങ്ങ്‌ കാണും ഇത്തരം രോഗികൾ. ഇങ്ങിനെ ഒരു കാര്യത്തെ പ്പറ്റിയുള്ള രോഗികളുടെ അജ്ഞത യാണ് യഥാർത്ഥ സംഖ്യ അറിയാൻ കഴിയാത്തതിന്റെ ഒരു കാരണം.  മറ്റൊന്ന് ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്താനുള്ള ഡോക്ടർ മാരുടെ വിമുഖതയാണ്‌.  ഈക്കാര്യങ്ങൾ പുറത്തറിയാതെ വളരെ രഹസ്യമായി സൂക്ഷിക്കാൻ ആശുപത്രി അധികൃതരും താൽപ്പര്യമെടുക്കും. കാരണം ഈ കമ്പനി അവർക്ക് നൽകുന്ന കമ്മീഷനും മറ്റു ഗുണങ്ങളും. കൂടാതെ  ഒന്നും അറിയാതെ പുതിയ ഇരകൾ വന്നു ചാടുകയും കൂടുതൽ പണം ഉണ്ടാക്കുകയും ചെയ്യാം എന്നുള്ള സ്വാർഥതയും.

മഹാരാഷ്ട്ര സർക്കാരിന്റെ FDA ഈ കേസ് സിബിഐ എടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ASR വച്ച് കൊടുത്ത ഡോക്ടർമാർക്കും ആശുപത്രികൾക്കും  ആ രോഗികളെ ഇക്കാര്യം അറിയിക്കാൻ ഉള്ള ബാധ്യതയും ധാർമിക ഉത്തരവാദിത്വവും ഉണ്ട്. ആ കടമ അവർ നിറവേറ്റണം. ഡോക്ടർമാരുടെ സംഘടന ആയ IMA അതിന് മുന്നിട്ടിറങ്ങണം. ഇപ്പോഴത്തെ ഒത്തു തീർപ്പ്‌ അനുസരിച്ച് അമേരിക്കയിൽ ഓരോ രോഗിക്കും ഏതാണ്ട് 2 കോടി രൂപയോളം കിട്ടും. അതേ നഷ്ട്ട പരിഹാരത്തിന് ഇന്ത്യയിലെ രോഗിക്കും അർഹതയുണ്ട്.  അവരെ പറഞ്ഞ് മനസ്സിലാക്കാനും അതവർക്ക് നേടിക്കൊടുക്കാനും ഡോക്ടർമാരും ആശുപതികളും നടപടികൾ കൈക്കൊള്ളണം. മറ്റൊരു ഭോപാൽ നഷ്ട പരിഹാര ദുരന്തം ആവർത്തിക്കാതിരിക്കാൻ നമുക്ക്ശ്രമിക്കാം.

2013, ഡിസംബർ 5, വ്യാഴാഴ്‌ച

ജയിൽ ഡി.ജി.പി.

അതീവ ഗുരുതരമായ ആരോപണങ്ങളാണ് ജയിലിന്റെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥനായ എ.ഡി.ജി.പി. ഉന്നയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കീഴിലുള്ള കേരളത്തിലെ എല്ലാ ജയിലുകളിലും നിയമ രാഹിത്യം നടക്കുന്നുവെന്നും അവിടം ഭരിക്കുന്നത്‌ തടവുകാർ ആണെന്നുമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ തടവുകാർ ജയിൽ ജീവനക്കാരെ കയ്യേറ്റം ചെയ്യുന്നു എന്നും ഭീഷണി പ്പെടുത്തുന്നു എന്നും അതിനെ അതി ജീവിക്കാൻ അവർക്ക് കഴിയുന്നില്ല എന്നുമാണ് ജയിലിന്റെ മുഖ്യൻ (ചീഫ്) കുമ്പസാരം നടത്തുന്നത്. കൈ വെട്ടും കാൽ വെട്ടും എന്നുള്ള തരത്തിലുള്ള ഭീഷണികൾ ആണ് വരുന്നത്. ഒരു കൈ പോകുന്നതിലും നല്ലത് ഒരു സസ്പെൻഷൻ അല്ലേ എന്നും ചീഫ് ചോദിക്കുന്നു.

ജയിലിനെ നിയന്ത്രിക്കാൻ കഴിവില്ല എന്ന് സ്വയം സമ്മതിക്കുന്ന  അദ്ദേഹം എന്തിനാണ് അതിൻറെ ചീഫ് ആയി ഇരിക്കുന്നത്? വേറെ ഏതെങ്കിലും അപ്രധാനമായ തസ്തിക വാങ്ങി പോകുകയല്ലേ ചെയ്യേണ്ടത്? ശമ്പളത്തിനോ ഗ്രേഡിനോ വ്യത്യാസം വരുകയും ഇല്ലല്ലോ?

ഒരു റിമാണ്ട് തടവുകാരന് ഭാര്യയെ കാണാൻ സൗകര്യം ഒരു ഹോട്ടലിൽ ഒരുക്കി കൊടുത്തതിനും ന്യായീകരണം ഉണ്ട്. ആ ആൾ ഒരു പ്രമേഹ രോഗി ആയതിനാൽ വെള്ളം കുടിക്കാൻ ആയിരുന്നു എന്ന്. അങ്ങിനെയെങ്കിൽ ഒരു കടയിൽ നിന്നും വെള്ളം വാങ്ങി കൊടുത്താൽ പോരായിരുന്നോ?

ഇതിലെല്ലാം ഗുരുതരവും  ഞെട്ടിപ്പിക്കുന്നതുമായ കാര്യം മറ്റൊന്നാണ്. പത്രങ്ങൾ പുറത്തു കൊണ്ട് വന്ന തടവ്‌ പുള്ളികളുടെ ഫേസ്ബുക്ക്‌ പോസ്റ്റിങ്ങും മൊബൈൽ ഫോണ്‍ വിളികളും അവരിൽ കൂടുതൽ കുറ്റം ചുമത്താനും  ടിപി വധകേസിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ കിട്ടാനുള്ള ആസൂത്രിത നീക്കമാണോ എന്ന്  ജയില്‍ ഡിജിപി സംശയം   പ്രകടിപ്പിച്ചിരിക്കുന്നു . ഒരു സർക്കാർ ഉദ്യോഗസ്ഥൻ  ഇത്തരത്തിൽ ഒരു അഭിപ്രായം പ്രകടിപ്പിക്കുന്നത് അനുചിതവും  രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് തുല്യവും ആണ്. ഒരു രാഷ്ട്രീയ കൊലപാതകത്തിൽ  പ്രതികൾ എന്ന് പറഞ്ഞ് പോലീസ് പിടിച്ച വർക്ക് വേണ്ടിയാണ്  ജയില്‍ ഡിജിപി  ഇങ്ങിനെ വാദിക്കുന്നത്.  എന്ത് ഭരണമാണ് കേരളത്തിൽ നടക്കുന്നത്?

2013, ഡിസംബർ 4, ബുധനാഴ്‌ച

മരങ്ങളിൽ ആണിയടിക്കരുത്‌

പശ്ചിമ ഘട്ടത്തെ ആകെ നശിപ്പിക്കാൻ തയ്യാറായി നിൽക്കുന്ന കശ്മലന്മാർക്ക്  അറിയില്ല മരത്തിൻറെ പ്രാധാന്യം. അതറിയാവുന്ന ഭരണത്തിൽ ഇരിക്കുന്ന ഖലൻ മാർ ആകട്ടെ പണം ഉണ്ടാക്കാൻ വേണ്ടി അതിന് കൂട്ടു നിൽക്കുന്നു. പരസ്യങ്ങൾ പതിക്കാൻ വേണ്ടി മരങ്ങളിൽ ആണി അടിച്ചു കയറ്റി വൃക്ഷങ്ങളെ നശിപ്പിക്കുന്നത് തടയാൻ ഒരു കൂട്ടം വിദ്യാർഥിനികൾ ഹൈ കോടതിക്ക് അയച്ച കത്ത് പൊതു താൽപ്പര്യ ഹർജി ആയി പരിഗണിച്ച് ഇതിനെ നിരോധിക്കാനും ഇതിനെതിരെ കർശന നടപടികൾ കൈക്കൊള്ളാനും ബഹു.ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്.



ഏതാണ്ട് രണ്ടു വർഷം മുൻപ് മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിന് നിറപ്പകിട്ട് പകരാൻ മാർക്സിസ്റ്റ് പാർട്ടിക്കാർ കാണിച്ച ക്രൂരതയുടെ രക്ത സാക്ഷിയായി തിരുവനന്തപുരം യുനിവേഴ്സിറ്റി കോളെജിനു മുന്നിൽ നിൽക്കുന്ന മരം. അതിൻറെ ഇന്നത്തെ അവസ്ഥയാണീ ഫോട്ടോ. മനുഷ്യർക്ക്‌ തണലേകിയും പറവകൾക്ക് കൂട് കൂട്ടാൻ ഇടമേകിയും  നൂറിലേറെ  വർഷങ്ങളായി  വഴിയരുകിൽ നിന്ന പത്തു പന്ത്രണ്ട് മഹാഗണി വൃക്ഷങ്ങളിലാണ് വീണ്ടു വിചാരമില്ലാത്ത കാപാലികർ ഇത്തരത്തിൽ ചുവപ്പും, വെള്ളയും,മഞ്ഞയും പെയിന്റ് പൂശി ദ്രോഹം ചെയ്തത്. രണ്ടു വർഷമായി പെയിന്റിലെ രാസ വസ്തുക്കളുടെ പ്രവർത്തനം കൊണ്ട് മരം നശിച്ചു കൊണ്ടേ ഇരിക്കുന്നു.   വെയിലും  മഴയുമേറ്റ് അന്നത്തെ കടും നിറത്തിന്റെ കാഠിന്യം അൽപ്പം കുറഞ്ഞു എങ്കിലും അത് മായാതെ നിൽക്കുകയാണ്.   മനുഷ്യന് വേണ്ടി  ഈ മരങ്ങൾ എല്ലാം സഹിക്കുകയാണ്.ആരോട് പരാതി പറയാൻ? പരാതിയും പരിഭവവും ഇല്ലാതെ മനുഷ്യ രാശിക്ക് തണലേകി നിൽക്കുന്നു ആ മഹാവൃക്ഷങ്ങൾ  ഹൈക്കോടതി ഉത്തരവ് എത്ര കണ്ട് ഈ ഭരണ കൂടം നടപ്പാക്കും എന്ന്  കാത്തിരുന്നു കാണാം. 

കസ്തുരി രംഗൻ റിപ്പോർട്ട്‌ നടപ്പാക്കാതിരിക്കാനായി പ്രധാന മന്ത്രി ക്ക്   നിവേദനം നൽകിയ ആളല്ലേ  കേരള മുഖ്യ മന്ത്രി? പിന്നെ എങ്ങിനെ മരങ്ങളെ രക്ഷിക്കാൻ നടപടി എടുക്കും?

2013, ഡിസംബർ 2, തിങ്കളാഴ്‌ച

മുകേഷിൻറെ കല്യാണം

സിനിമാ നടൻ മുകേഷ് വീണ്ടും കല്യാണം കഴിച്ചു. കഴിച്ചോട്ടെ. അതൊക്കെ അങ്ങേരുടെ വ്യക്തിപരമായ കാര്യങ്ങൾ. പക്ഷേ അവർ ഭാര്യയും ഭർത്താവും  ഒരു വാരികയുടെ  "മുന്നിൽ മനസ്സ് തുറക്കുകയാണ്". എന്താണിത്ര തുറക്കാൻ? രണ്ടു  പേരും പണ്ടിത് പോലെ ഓരോ തവണ തുറന്നതാണ്. ആദ്യ വിവാഹം കഴിഞ്ഞപ്പോൾ.  ഭർത്താവിൻറെയും ഭാര്യയുടെയും രണ്ടാം കല്യാണം ആണിത്. ഇത്രയും നാൾ തുറന്നു കിടന്നതാണ്. ഇനി എന്തോന്ന് തുറക്കാൻ?

മുകേഷ് പറയുകയാണ്‌, കല്യാണം കഴിഞ്ഞ ഉടൻ അദ്ദേഹത്തിന്  പനി പിടിച്ചു എന്ന്. അതിന്റെ കാരണമോ?  " അമ്പത് വയസ്സ് കഴിഞ്ഞ വിഭാര്യന്മാരായ നായന്മാരുടെ    പ് രാക്കാണെന്നു തോന്നുന്നു...." എന്ന്. കേരളത്തിലെ നായന്മാർ മുഴുവൻ കിട്ടാൻ കൊതിച്ചിരുന്ന സ്ത്രീയെ മുകേഷ് അടിച്ചെടുത്തു എന്നൊരു ധ്വനി. പിന്നെ മുകേഷിന് അപകർഷതാ ബോധം ആണെന്നു തോന്നുന്നു. "ഒ. മാധവൻ ഈഴവയുടെ മകനായ" മുകേഷിന് ഒരു നായർ സ്ത്രീയെ കെട്ടുന്ന   അപകർഷതാ ബോധം.  ഇങ്ങിനെ ഇപ്പോഴേ ആയാൽ എങ്ങിനെയാ ആശാനേ കാര്യങ്ങൾ മുന്നോട്ടു പോകുന്നത്?

ബഡായി ഒട്ടും കുറക്കുന്നില്ല മുകേഷ്  ഈ രണ്ടാം കെട്ടിലും. ലോകത്തുള്ള സർവമാന പേരും  പറയുന്നു മുകേഷിനോട് രണ്ടാം കല്യാണം കഴിക്കാൻ. മമ്മൂട്ടി, മോഹൻലാൽ, ശ്രീനിവാസൻ തുടങ്ങി എല്ലാവരും. സ്വന്തം മക്കൾ പോലും. പിന്നെങ്ങിനെ കഴിക്കാതിരിക്കും? കല്യാണം കഴിഞ്ഞിട്ട് ശ്രീനിവാസൻ പറഞ്ഞത് എന്താണെന്നോ?   " എൻറെ ഭാര്യയെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷവതി ആയി കണ്ടത് മുകേഷേ നീ കല്യാണം കഴിക്കാൻ പോകുന്നു എന്നറിഞ്ഞപ്പോഴാണ്." എങ്ങനുണ്ട് നമ്മുടെ മുകേഷേട്ടൻ ? എന്നാ അടിയാ അടിക്കുന്നത്. ഈപ്പറഞ്ഞത്‌  ശ്രീനിവാസൻ വായിക്കുകയാണെങ്കിൽ മുകേഷിൻറെ ചെപ്പാകുറ്റിക്ക് അടി കൊടുക്കും.

നമ്മുടെ സിനിമാ ലോകത്തെ കല്യാണങ്ങളൊക്കെ ഒരു പ്രത്യേക രീതിയിലാ. സിനിമാ താരങ്ങൾ തമ്മിൽ ഉള്ള കല്യാണം ഉണ്ട്. കല്യാണം കഴിഞ്ഞാൽ ഉടൻ വരും വാരികകളിലും റ്റീവിയിലുമെല്ലാം ഇവരുടെ  ഇൻറർ വ്യൂ.  "ചേട്ടൻ വളരെ കേയറിംഗ് ആണ് ആൻഡ്‌  വളരെ ലവിങ്ങ് ആണ്" നടി പറയും.  "ഡാർലിംഗ്, നിന്നെ കിട്ടിയതിൽ ഞാൻ ഭാഗ്യവാനാണ്. റിയലി ലക്കി."  അടുത്ത ദിവസം കാണാം നടി  പറയുന്നത്. "ദുഷ്ടൻ. എന്നെയല്ല എൻറെ പണമാണ് അവന് വേണ്ടത്".  നടൻറെ കമൻറ്. " രാക്ഷസി. അവളുടെ ഇഷ്ട്ടത്തിന് അഴിഞ്ഞാടണം".  സിനിമാ ഫീൽഡ് അല്ലേ സുഖിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ട്. രണ്ട് പേരും അവരവരുടെ ഇഷ്ട്ടത്തിനു എല്ലാം ആസ്വദിച്ച് ജീവിച്ചവരാണ്.  കല്യാണം കഴിഞ്ഞെന്നു പറഞ്ഞ് അതിനൊരു സ്റ്റോപ്പ്‌ ഇടാൻ രണ്ടു പേരും തയ്യാറല്ല. തനിക്ക് ആസ്വദിക്കണം പക്ഷെ മറ്റേ ആൾക്ക് പാടില്ല. സംഭവം അടിച്ചു പിരിയും. രണ്ടു പേരും ഹാപ്പി.

പിന്നൊരു തരം കല്യാണം ഉണ്ട് നടികൾക്ക്. ആസ്വാദനവും അഭിനയവും എല്ലാം കഴിയുമ്പോൾ ഫീൽഡിലെ കളി ഒക്കെ മതിയാക്കി നടികൾ അമേരിക്കയിലോ UK യിലോ ആരും അറിയാത്ത മറ്റു ദൂര രാജ്യങ്ങളിലോ ഉള്ള ഏതെങ്കിലും ഒരുത്തനെ കണ്ടു പിടിച്ചു കല്യാണം കഴിക്കും. എന്നിട്ട് ഒരൊറ്റ പോക്ക്.അവിടെ വർഷങ്ങളോളം കഴിഞ്ഞിട്ടാണ് തിരിച്ചു വരവ്. ആ ഭർത്താവിന് ആണെങ്കിൽ ഒരു നടിയെ ഭാര്യ ആയി കിട്ടിയ സന്തോഷം. രണ്ടു പേരും ഹാപ്പി.

താരത്തെ അല്ലാതെ കല്യാണം കഴിക്കുന്ന നടന്മാരുണ്ട്. അവർക്ക് സുഖമാണ്. അവരുടെ സിനിമാ ജീവിതം അടിച്ചു പൊളിച്ച് അവർക്ക് കഴിയാം. എല്ലാം സഹിക്കുന്ന സ്ത്രീ എന്ന  ഭാരത സങ്കൽപ്പത്തിലുള്ള ഭാര്യ കണ്ണീരും കയ്യുമായി ഒന്നും പരസ്യമാക്കാതെ സർവ്വം സഹയായി കഴിയുന്നു. ഹാപ്പി ഫാമിലി.

താരത്തെ അല്ലാതെ കല്യാണം കഴിക്കുന്ന നടികളും അതു  പോലെ തന്നെ.  അവർക്കും സുഖമാണ്. ഭർത്താവിനാണെങ്കിൽ ഇഷ്ട്ടം പോലെ കാശ് കിട്ടുന്നത് കൊണ്ട് ഭാര്യയെ പ്പറ്റി  അത്ര വലിയ വേവലാതിയും ഇല്ല.

മുകേഷേ നിങ്ങൾ ആരെ കെട്ടിയാലും ഞങ്ങൾക്ക് ഒന്നുമില്ല.