2014, സെപ്റ്റംബർ 23, ചൊവ്വാഴ്ച

ഫൈവ് ഡേ വീക്ക്‌

കേരളത്തിലെ സർക്കാർ അപ്പീസുകളുടെ  പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ  അഞ്ച് ആയി കുറയ്ക്കാനുള്ള നിർദ്ദേശം  മന്ത്രി സഭയുടെ മുന്നിൽവരുകയാണ്. ചെലവ് ചുരുക്കൽ ആണ് ഈ ആലോചനയുടെ ഉദ്ദേശം എന്നാണ് പറയുന്നത്. വൈദ്യുതി, വെള്ളം, വാഹനങ്ങൾ, അവയുടെ ഇന്ധനം എന്നിങ്ങിനെ ലക്ഷക്കണക്കിന്‌ രൂപ ഓരോ ശനിയാഴ്ചയും ലാഭിയ്ക്കാൻ കഴിയും എന്നാണ് പറയുന്നത്. പണ്ട് കേന്ദ്ര സർക്കാരിന് ഇത്തരത്തിൽ അവധി കൊടുത്തപ്പോൾ  രാജീവ് ഗാന്ധി ഒരു കാര്യം കൂടി പറയുകയുണ്ടായി. പടിഞ്ഞാറൻ രാജ്യങ്ങളിലെ പ്പോലെ വാരാന്ത്യം ആഘോഷിച്ചാൽ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത കൂടും എന്ന്. നിലവിലുള്ള ദിനങ്ങളിൽ പോലും കാര്യക്ഷമമായി ചെയ്യാൻ ജോലി ഇല്ലാത്ത സർക്കാർ ജീവനക്കാർ കൂടുതൽ എന്ത് കാര്യക്ഷമത കാണിയ്ക്കാനാണ്‌? ഏതായാലും അതിവിടെ പറഞ്ഞു കേട്ടില്ല.

 അഞ്ചു ദിന ആഴ്ചയ്ക്ക് ജീവനക്കാർ ഒന്നടങ്കം സർവാത്മനാ പിന്തുണ നൽകുന്നു എന്നത് കൊണ്ട് വലിയ ചർച്ചയോ എതിരഭിപ്രായമോ  ഉയരാതെ   തീരുമാനം അങ്ങിനെ തന്നെ   മന്ത്രി സഭ നടപ്പിലാക്കും എന്നുള്ളത് തീർച്ചയാണ്. തൊട്ടതിനും പിടിച്ചതിനും ഒക്കെ അപ്പീസുകൾക്ക്  അവധി നൽകുന്ന സർക്കാർ അഞ്ചു ദിന ആഴ്ച കൂടി ആക്കുമ്പോൾ അവധി കൂടുന്നത് കൊണ്ട് ചില കാര്യങ്ങൾ ശ്രദ്ധിയ്ക്കേണ്ടതുണ്ട്.  ഒപ്പം  ചില കാര്യങ്ങൾ നിഷ്കർഷിയ്ക്കേണ്ടതും   നടപ്പിലാക്കേണ്ടതും ഉണ്ട്.   പ്രവർത്തി  ദിവസം കുറയ്ക്കുന്നതിനനുസരിച്ച് ജോലി  സമയം കൂട്ടേണ്ടി വരുമല്ലോ. നിലവിലുള്ള  10 മുതൽ 5 വരെ എന്നത് 9  മുതൽ 5.30 വരെ ആക്കേണ്ടി വരും. ആപ്പീസ് സമയത്തിൽ ഒരു മണിക്കൂറോളം താമസിച്ചു വരാനും അത് പോലെ തന്നെ  ഒരു മണിക്കൂറോളം നേരത്തെ പോകാനും ജീവനക്കാർക്ക്  അവകാശമുണ്ടെന്ന  ഒരു അലിഖിത നിയമം അംഗീകരിച്ച മട്ടിലാണ് എല്ലാ സംസ്ഥാന സർക്കാർ അപ്പീസുകളും ഇപ്പോൾ  പ്രവർത്തിയ്ക്കുന്നത്. പല കാരണങ്ങൾ ആണ് ഇതിനു ജീവനക്കാർ  പറയുന്നത്. വാഹനങ്ങളുടെ  കുറവ് അങ്ങിനെ പലതും.  ഈ സമയ മാറ്റം വരുമ്പോൾ അവരുടെ ഒഴികഴിവുകൾക്ക് കൂടുതൽ സാധുത വരുമല്ലോ. അങ്ങിനെ നോക്കുമ്പോൾ ജോലി സമയം വീണ്ടും കുറയുന്നത് ആയിരിക്കും അഞ്ചു ദിന ആഴ്ച കൊണ്ടുള്ള  അന്തിമ ഫലം. 

 കാര്യങ്ങൾ സാധിച്ചു കിട്ടാൻ വേണ്ടി ഓരോ ഓഫീസിൽ പല തവണ കയറി ഇറങ്ങേണ്ടി വരുന്ന പാവം ജനങ്ങൾക്ക്‌ പ്രവൃത്തി  ദിവസങ്ങൾ കുറയുന്നത്   കൂടുതൽ ബുദ്ധി മുട്ടുണ്ടാക്കും.  പുതിയ അഞ്ചു ദിന ആഴ്ച പരിഷ്ക്കാരത്തിൽ ജോലി സമയം നഷ്ട്ടപ്പെടാതിരിയ്ക്കാൻ    ജീവനക്കാർ സമയ നിഷ്ട്ടത പാലിയ്ക്കുക എന്നത് വളരെ പ്രാധാന്യമുള്ള ഒന്നാണ്.  സെക്രട്ടേറിയറ്റിൽ ബയോമെട്രിക് ഹാജർ (പഞ്ചിംഗ്) കൊണ്ടു വന്നപ്പോഴുള്ള ജീവനക്കാരുടെ എതിർപ്പ് നാം കണ്ടതാണ്.ആ യന്ത്രം കേടാക്കി ഇടുക വരെ ഉണ്ടായി. അവർക്ക് സമയ നിഷ്ട്ട പാലിയ്ക്കാൻ വയ്യ. അത്ര തന്നെ. ഇതിന് പൂർണമായും മാറ്റം വരണം. കേന്ദ്രത്തിൽ ആധാർ കാർഡ് കൂടി ബന്ധിപ്പിച്ചു കൊണ്ടുള്ള പഴുതുകളില്ലാത്ത  ബയോമെട്രിക് ഹാജർ സംവിധാനം ആണ് കൊണ്ട് വരുന്നത്.   ആധാറിൽ ഏകദേശം പൂർണത എത്തിയ സംസ്ഥാനമായ കേരളത്തിൽ അത് പരീക്ഷിയ്ക്കാവുന്നതാണ്. അഞ്ചു ദിന ആഴ്ച കൊണ്ട് വരുന്നത്, പഞ്ചിംഗ് എന്ന  നിബന്ധനയ്ക്ക് വിധേയമായി ആകണം. ഇല്ലെങ്കിൽ ചെലവ് ചുരുക്കാനായി കൊണ്ട് വരുന്ന ഈ പരിഷ്ക്കാരം മൂലം  ചുരുങ്ങുന്നത് ജോലി ആയിരിയ്ക്കും. ഭരണ കാര്യങ്ങൾ സാവധാനം ആകുകയും  ജനങ്ങൾക്ക് കൂടുതൽ പ്രയാസങ്ങൾ ഉണ്ടാവുകയും ചെയ്യും. കേരളത്തിലെ എല്ലാ സംസ്ഥാന സർക്കാർ ജീവനക്കാർക്കും ബയോമെട്രിക് ഹാജർ  ആക്കിയാൽ മാത്രമേ അഞ്ചു ദിന ആഴ്ച  നടപ്പാക്കൂ  എന്ന വ്യവസ്ഥ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു തീരുമാനം ആണ് മന്ത്രി സഭ എടുക്കേണ്ടത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ