2014, സെപ്റ്റംബർ 6, ശനിയാഴ്‌ച

മുഖ്യ മന്ത്രിയുടെ കൃഷി

അരി വില അനിയന്ത്രിതമായി കുതിച്ചുയരുന്നു. പച്ചക്കറി വിലയും അത് പോലെ തന്നെ. എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില സാധാരണക്കാരന് താങ്ങാവുന്നതിനും അതീതമായി അവൻറെ നടുവ് ഒടിയുകയാണ്. ഓണം വന്നതോടു കൂടി വ്യാപാരികളും ഇടനിലക്കാരും കൊള്ള ലാഭം എടുക്കുകയും കൂടി  ചെയ്യുന്നതോടെ ആത്മ ഹത്യയുടെ വക്കിൽ എത്തി നിൽക്കുകയാണ് സാധാരണക്കാരൻ. പൂഴ്ത്തി വയ്പ്പുകാരും, കരിഞ്ചന്ത ക്കാരും കൊള്ള ലാഭക്കാരും ആണ് ഇന്ന് കേരള വിപണി കയ്യടക്കിയിരിയ്ക്കുന്നത്. ഇവർക്കെതിരെയും, ഇവരുണ്ടാക്കുന്ന കൃത്രിമ  വില വർധനയ്ക്കെതിരെയും  ഒരു ചെറു വിരൽ അനക്കുക പോലും ചെയ്യാതെ നിഷ്ക്രിയമായി  നോക്കി നിൽക്കുകയാണ് കേരള സർക്കാർ.  ഇപ്പോൾ കേരളത്തിലെ മന്ത്രിമാരുടെയും  രാഷ്ട്രീയക്കാരുടെയും ഒരേ ഒരു ചിന്ത ഉമ്മൻ ചാണ്ടി വരുത്തി വച്ച വിനയിൽ നിന്നും ബാറുകളെ  എങ്ങിനെ രക്ഷപ്പെടുത്താം എന്ന് മാത്രമാണ്.  ബാർ എങ്ങിനെ തുറക്കാം എന്നുള്ളത് മാത്രമാണ് രാഷ്ട്രീയ ചർച്ചകൾ എല്ലാം.

കേരളത്തിൽ നെൽകൃഷി പൂർണമായും നശിച്ചിട്ടില്ല. 8 ലക്ഷം ഹെക്ടർ നെൽവയൽ ഉണ്ടായിരുന്ന കേരളത്തിൽ കഴിഞ്ഞ 34 വർഷത്തിനിടെ 6 ലക്ഷത്തിലേറെ ഹെക്ടർ വയൽ നഷ്ട്ടപ്പെടുകയുണ്ടായി. ദീർഘ വീക്ഷണമില്ലാത്ത    സർക്കാരുകൾ  വയൽ നികത്താൻ  ഒത്താശ ചെയ്തതു കൊണ്ടാണ് ഇന്നീ ദുസ്ഥിതി വന്നു ചേർന്നത്‌. എന്നിട്ടും കർഷകരുടെയും കൃഷിക്കാരുടെയും മണ്ണിനോടും, നെല്ലിനോടും ഉള്ള സ്നേഹം കൊണ്ട് 2 ലക്ഷത്തിലേറെ ഹെക്ടർ  സ്ഥലത്ത് ഇന്നും നെല്ല് കൃഷി ചെയ്യുന്നു. ഏതാണ്ട് 3 ലക്ഷം ചെറുകിട  നെൽ കൃഷിക്കാരാണ് ഉള്ളത്.  അങ്ങിനെ കൃഷി ചെയ്യുന്ന നെല്ല് കർഷകരിൽ നിന്നും  നേരിട്ട് സർക്കാരിന് ശേഖരിക്കാവുന്നതാണ്. പക്ഷെ അത് ചെയ്യുന്നില്ല. പകരം കേരളത്തിലെ നെല്ല് മുഴുവൻ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സ്വകാര്യ അരി മില്ലുകൾക്ക് സഹായം ചെയ്തു കൊടുക്കുകയാണ്. കുറഞ്ഞ വിലയ്ക്ക് അങ്ങിനെ മില്ലുകൾ വാങ്ങുന്ന അരിയാണ് കിലോയ്ക്ക് 45 രൂപയ്ക്ക് വിപണിയിൽ കിട്ടുന്നത്. സർക്കാർ ഊർജിതമായി നെല്ല് സംഭരണം നടത്തുകയാണെങ്കിൽ കർഷകന് ന്യായ വില ലഭിയ്ക്കുന്നതിനോടൊപ്പം സാധാരണക്കാരന് കുറഞ്ഞ വിലയ്ക്ക് വിൽക്കാനും സാധിയ്ക്കും. പക്ഷേ സ്വകാര്യ കമ്പനികൾക്ക് ലാഭം ഉണ്ടാക്കിക്കൊടുത്തു അവരിൽ നിന്നും കമ്മീഷൻ പറ്റുന്ന മന്ത്രിമാരും രാഷ്ട്രീയക്കാരും ഭരിക്കുമ്പോൾ മറ്റെന്തു പ്രതീക്ഷിക്കാൻ?

കേന്ദ്ര പൂളിൽ നിന്നും കിട്ടുന്ന നല്ല അരിയും സർക്കാർ സ്വകാര്യ മില്ലുകൾക്ക് മറിച്ചു കൊടുത്ത് പകരം അവർ നൽകുന്ന  വില കുറഞ്ഞ പുഴുത്ത അരിയാണ് റേഷൻ കടകളിലൂടെ പാവം ജനങ്ങൾക്ക്‌ നൽകുന്നത്. 

കേരളത്തിൽ പച്ചക്കറി കൃഷിയും നന്നായി നടക്കുന്നു. കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുകയാണെങ്കിൽ മുൻപ് പറഞ്ഞത് പോലെ കർഷകർക്ക് ജനങ്ങൾക്കും ഒരു പോലെ ഉപകാരപ്രദമായേനെ. പക്ഷെ ഇവിടെയും സ്വകാര്യ ലോബിയെയും ഇട നിലക്കാരെയും സഹായിക്കുകയാണ് സർക്കാർ ചെയ്യുന്നത്. പാലക്കാട് കൃഷിക്കാരിൽ നിന്നും തമിഴ് നാട്ടിലെ ഇട നിലക്കാർ പച്ചക്കറി വാങ്ങി അതിർത്തി കടത്തി അവിടെ നിന്നും കൂടിയ വിലയ്ക്ക് കേരളത്തിലേയ്ക്ക് തിരിച്ചു വിൽക്കുന്ന വിചിത്രമായ പരിപാടി വരെ ഇവിടെ നടക്കുന്നു. സർക്കാർ നേരിട്ട് ശേഖരിയ്ക്കാത്തതാണ് ഇതിനു കാരണം. ഇതൊന്നും കൂടാതെ മറ്റൊരു വലിയ തട്ടിപ്പ് കൂടി സർക്കാർ ഏജൻസി ആയ ഹോർട്ടി കോർപ് ചെയ്യുന്നുണ്ട്. തമിഴ് നാട്ടിൽ നിന്നും വാങ്ങുന്ന പച്ചക്കറി അമിത വിലയ്ക്ക് കേരളത്തിൽ വിൽക്കുന്നു. അവിടെ നിന്നും ഇവിടെ എത്തിയ്ക്കുമ്പോൾ ഒരു കിലോയ്ക്ക് ഒരു രൂപ മാത്രമാണ്  ചിലവാകുന്നത്. പക്ഷേ പതിനഞ്ചും ഇരുപതും രൂപ കൂട്ടിയാണ് ഇവിടെ സാധാരണക്കാർക്ക് വിൽക്കുന്നത്. തമിഴ് നാട്ടിൽ നിന്നും ഇങ്ങിനെ കൊണ്ട് വരുന്ന പച്ചക്കറി വളരെ വില കുറച്ച് സ്വകാര്യ പഞ്ച നക്ഷത്ര ഹോട്ടലുകാർക്ക്‌ നൽകുന്നത് തെളിവ് സഹിതം ഒരു ദൃശ്യ മാധ്യമം പുറത്തു വിട്ടിരുന്നു. ചില മുടന്തൻ ന്യായങ്ങൾ പറഞ്ഞ് മുഖ്യ മന്ത്രി അതിനെ ന്യായീകരിയ്ക്കുകയും ചെയ്തിരുന്നു.

ഇതിനിടെ തൻറെ ഔദ്യോഗിക വസതിയിയുടെ പറമ്പിൽ മുഖ്യ മന്ത്രി നെൽകൃഷി ചെയ്തിരിക്കുന്നു. മുഖ്യ മന്ത്രി നെല്ല് കൊയ്യുന്ന ചിത്രങ്ങൾ പത്ര ദൃശ്യ മാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെ നൽകി മുഖ്യ മന്ത്രിയുടെ അപദാനങ്ങൾ പാടി പ്പുകഴ്തുകയുണ്ടായി. കൃഷിയോടും സ്വയം പര്യാപ്തതയോടുമുള്ള മുഖ്യ മന്ത്രിയുടെ പ്രതിബദ്ധത. അദ്ദേഹത്തിന്റെ പത്നി ആണത്രേ ഇതിനു പിന്നിൽ. കേട്ടപ്പോൾ ചിരി വന്നു പോയി. സർക്കാർ  ശമ്പളം പറ്റുന്ന   പാവപ്പെട്ട കുറെ ഉദ്യാന പാലകരും തോട്ട പ്പണിക്കാരും വിയർപ്പൊഴുക്കിയതാണിത് എന്ന് ഏത് മണ്ടനും അറിയാവുന്നതാണ്. കറ്റ കൊയ്തതിനു ശേഷം മുഖ്യ മന്ത്രി ചില ഉൽബോധനങ്ങളും നടത്തി. കൃഷിയുടെ ഗുണ ഗണങ്ങൾ.

ആറന്മുളയിൽ സ്വകാര്യ വിമാന ത്താവളത്തിന്  വേണ്ടി കൃഷി ചെയ്തു കൊണ്ടിരുന്ന ഏക്കർ കണക്കിന്  നെൽ വയൽ നികത്താൻ സഹായിച്ച   മനുഷ്യനാണ് കൃഷിയുടെ മഹത്വം പ്രസംഗിയ്ക്കുന്നത്‌. വിമാനത്താവളം നടക്കില്ല എന്ന് വന്നപ്പോൾ അതിനെ സർക്കാരിന്റെ ഭാഗമാക്കി രക്ഷിക്കാനായി അതിൻറെ പത്തു ശതമാനം ഓഹരി എടുത്ത മുഖ്യ മന്ത്രി ആണ് ഈ ചാരിത്ര പ്രസംഗം നടത്തിയത്. നികത്തിയ വയൽ പഴയ പടി ആക്കി കൃഷി യോഗ്യമാക്കാൻ ഹൈ ക്കോടതി പറഞ്ഞപ്പോഴും മുഖ്യ മന്ത്രിയുടെ  വിമാനത്താവള പ്രേമം അവസാനിച്ചില്ല. ഇനിയും അവർ പുതിയ പ്രോപോസലും ആയി വന്നാൽ ഇനിയും അനുമതി കൊടുക്കും എന്ന് പറഞ്ഞ വ്യക്തിയാണ് ഒരു സെന്റ് ഭൂമിയിലെ നെൽക്കതിർ കൊയ്ത് കാർഷിക വിപ്ലവം നടത്താൻ ആഹ്വാനം നടത്തിയത്. കേരളത്തിലെ വയലും തണ്ണീർ ത്തടങ്ങളും നികത്താൻ സ്വകാര്യ വ്യക്തികളെ അനുവദിയ്ക്കുന്ന നിയമം കൊണ്ടു വന്ന മുഖ്യ മന്ത്രിയാണ് ഈ കൃഷി പ്രേമം കാണിച്ചത്. നാടിൻറെ ജീവ നാഡിയായ പശ്ചിമ ഘട്ടത്തെ രക്ഷിക്കാനുള്ള ഗാട്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കരുത് എന്ന് മുറവിളി കൂട്ടിയ ആളാണ്‌.ഗാഡ്ഗിലിൽ വെള്ളം ചേർത്ത കസ്തുരി രംഗൻ റിപ്പോർട്ട് പോലും മാറ്റാൻ വേല വയ്ച്ച ആളാണ്‌ കൃഷിയുടെ നേട്ടങ്ങൾ നിരത്തുന്നത്.

എത്ര നാൾ ഇങ്ങിനെ കേരള ജന്നതയെ വിഡ്ഢികൾ ആക്കാൻ ഇദ്ദേഹത്തിനു കഴിയും?  അത് പോകട്ടെ, ഇനി എത്ര നാൾ കേരള ജനത  ഇങ്ങിനെ സ്വയം  വിഡ്ഢി വേഷം കെട്ടും? ടുണീഷ്യയിൽ നടന്ന മുല്ലപ്പൂ വിപ്ലവം പോലെ  ഒരു വിപ്ലവം  കേരളത്തിൽ നടക്കേണ്ടി ഇരിക്കുന്നു. കൃഷി ഭൂമി നശിപ്പിക്കാതിരിയ്ക്കാൻ   വേണ്ടി. കൃഷി ചെയ്യാൻ ഭൂമിയ്ക്ക് വേണ്ടി.  കൃഷിചെയ്യാനുള്ള അവകാശങ്ങൾക്ക് വേണ്ടി. ഒരു  "നെൽക്കതിർ വിപ്ലവം". അതിൻറെ സമയം അതിക്രമിച്ചു കഴിഞ്ഞു.ഇറങ്ങാം നമുക്ക്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ