2016, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

കെ.എം. എബ്രഹാം

രാഷ്ട്രീയ ക്കാരും ഉദ്യോഗസ്ഥരും തമ്മിൽ ഒരു ഒത്തു കളി ആണ് കേരളത്തിൽ എന്നും നടന്നു കൊണ്ടിരിക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടും മുതുകു ചൊറിഞ്ഞു കൊടുക്കുന്ന രീതി. ഒരാൾക്ക് കയ്യിട്ടു വാരാൻ മറ്റെയാൾ കൂട്ട് നിൽക്കുന്നു, തിരിച്ചും. ഒരു പരസ്പര സഹകരണ സംഘം.

2014 മാർച്ച് 13 ന്  കെ.എം. എബ്രഹാമിന് എതിരെ സി.ബി.ഐ.. പ്രിലിമിനറി എൻക്വയറി രജിസ്റ്റർ ചെയ്തിരുന്നു. ഏബ്രഹാം സെബി ബോർഡ് അംഗം ആയിരിക്കുമ്പോൾ (2008 -2011)  2008 ൽ MCX -SX  സ്റ്റോക്ക് എക്സ്ചേഞ്ച് തുടങ്ങാൻ അനുവാദം നൽകിയതിന് ആയിരുന്നു. ക്രിമിനൽ ഇല്ലാത്തതിനാൽ  2014ആഗസ്റ്റിൽ സി.ബി.ഐ. കേസ് ഒഴിവാക്കുകയും ഡിപ്പാർട്മെന്റൽ ആക്ഷൻ എടുക്കാൻ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് നിർദ്ദേശം കൊടുക്കുകയും ചെയ്തു.

2011 ൽ  എബ്രഹാം സെബി അംഗം ആയിരിക്കുമ്പോൾ (ചെയർമാൻ ആകാൻ അബ്രഹാമും രംഗത്ത് ഉണ്ടായിരുന്നു. പക്ഷെ സിൻഹ ആണ് ആയത്)  സെബി ചെയർമാൻ യു.കെ.  സിൻഹയ്ക്കു  എതിരെ  കുറെ ആരോപണങ്ങളുന്നയിച്ചു കൊണ്ട്   പ്രധാന മന്ത്രിയ്ക്ക് ഒരു നീണ്ട കത്ത് എഴുതിയിരുന്നു. സിൻഹയ്ക്കു എതിരെ അഗർവാൾ എന്ന ഒരാൾ സുപ്രീം കോടതിയിൽ കേസ് കൊടുത്തപ്പോൾ ഏബ്രഹാം കൊടുത്ത കത്തും ചൂണ്ടിക്കാട്ടിയിരുന്നു. ഏബ്രഹാം എഴുതിയ കത്തിനെ അതി നിശിതമായി വിമർശിച്ചാണ് 2013 നവംബറിലെ വിധിയിൽ  സുപ്രീം കോടതി പറഞ്ഞത്.

" ഏബ്രഹാം ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമായി എടുക്കാൻ കഴിയില്ല കാരണം അത് ഗൂഢോദ്ദേശ്യത്തോട് ഉള്ളതായി ആണ് കാണപ്പെടുന്നത്. അത് സിൻഹയുടെ സത്യ സന്ധതയെ ചോദ്യം ചെയ്യുന്നതാണ്. നീണ്ട കത്തിൽ എബ്രഹാം പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങൾക്ക് വിശ്വാസ്യത നൽകാൻ കഴിയില്ല കാരണം വിശ്വാസ യോഗ്യമായ തെളിവുകൾ ഇല്ല"


"എബ്രഹാം ആ കത്തിൽ  ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്‌, വ്യക്തമായും മറ്റു ഉദ്ദേശ്യത്തോടു കൂടിയവയാണ്."

അന്ന് കത്ത് കൊടുത്ത് പ്രധാന മന്ത്രിയ്ക്ക് ആണെങ്കിൽ ഇത്തവണ കത്തു  മന്ത്രിക്കു കൊടുത്തത്. തനിക്കെതിരെയുള്ള വിജിലൻസ് അന്വേഷണം ശരിയല്ലെന്ന് കാണിച്ചു.

സുപ്രീം കോടതി ഇങ്ങിനെ പറഞ്ഞ അതെ എബ്രഹാം, ഇപ്പോൾ വിജിലൻസ് അന്വേഷണം നേരിടുന്ന  കെ.എം. അബ്രഹാം, വളരെ നല്ല മനുഷ്യനാണ് എന്ന് ധന മന്ത്രി തോമസ് ഐസക്ക് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നു. അദ്ദേഹം അഴിമതിയ്ക്കു അതീതനാണ് എന്നാണ് ഐസക്ക്  പറയുന്നത്. എന്തിനാണ് ഇപ്പോൾ ഇങ്ങിനെ ഒരു സർട്ടിഫിക്കറ്റ് നൽകിയത് എന്ന് അറിയില്ല. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ പിണറായി വിജയൻ സപ്പോർട്ട് ചെയ്യുന്നതിന് പകരം ധന മന്ത്രി കൊടുത്ത  ഒരു പണി ആണോ എന്നറിയില്ല. മുഖ്യ മന്ത്രിയും ധന മന്ത്രിയും തമ്മിലുള്ള ഊഷ്മളമായ  ബന്ധം നമുക്കറിയാമല്ലോ.

2016, ഒക്‌ടോബർ 30, ഞായറാഴ്‌ച

നിലവാരം

തന്തയ്ക്കു വിളിപ്പിച്ചു ചാനലിന്റെ റേറ്റിങ് കൂട്ടുന്നത് തന്തയില്ലാത്തതരം ആണെന്ന് പറഞ്ഞാൽ തെറ്റുണ്ടോ?

ഇനി അത്  ഏതു ചാനൽ ആണെന്ന് പ്രത്യകിച്ചു എടുത്തു പറയണ്ടല്ലോ. അതെ അത് മാതൃഭൂമി ചാനൽ തന്നെ. 






അവതാരകൻ ആരെന്നും അറിയാമല്ലോ. ഇവിടെ ഉമ്മൻ ചാണ്ടിയ്ക്ക് പണം കൊടുത്തു അത് തിരിച്ചു പിടിക്കാൻ ബാഗ്ലൂർ കോടതിയിൽ നിന്നും വിധി സമ്പാദിച്ച  കുരുവിള പറഞ്ഞതിന് മറുപടി പി.സി.ജോർജിനെ വിളിച്ചു വരുത്തി പറയിപ്പിക്കുകയാണ് അവതാരകൻ വേണു. പി.സി. ജോർജ് ആകട്ടെ കുരുവിളയെ തന്തയ്ക്കു വിളിക്കുകയും ചെയ്യുന്നു. 

ഇതാണോ ഒരു ചാനൽ ചർച്ചയിൽ ജനം പ്രതീക്ഷിക്കുന്നത്. അവതരിപ്പിക്കുന്ന വിഷയത്തിന്റെ നാനാ വശങ്ങളും, ഓരോ രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകളും, അഭിപ്രായങ്ങളും ആണ് ഒരു ചർച്ചയിൽ നിന്നും ജനം മനസ്സിലാക്കുന്നത്. അല്ലെങ്കിൽ മനസ്സിലാക്കേണ്ടത്. അത് ജനങ്ങൾക്ക് ലഭിക്കാൻ വേണ്ടി  ചർച്ച നയിക്കുകയാണ്  വിവരമുള്ള അവതാരകൻ ചെയ്യേണ്ടത്. അങ്ങിനെ ആ  വിഷയത്തിൽ അന്തിമമായി തെറ്റേത്, ശരിയേത്എന്ന് ജനങ്ങൾ സ്വയം മനസ്സിലാക്കിക്കോളും. 

ഇവിടെ എന്താണ് സംഭവിച്ചത്? പി.സി. ജോർജിൽ നിന്നും അത്തരം ഒരു പ്രതികരണം വീണു കിട്ടത്തക്ക രീതിയിൽ  ചർച്ചയെ വളച്ചു കൊണ്ട് പോവുകയാണ് അവതാരകൻ ചെയ്തത്.  ചർച്ചയിൽ പങ്കെടുത്ത പി.സി.ജോർജിനെ  "ഏതു മാനസികാശുപത്രിയിൽ നിന്നും വന്നതാണെന്ന്" എന്ന് കുരുവിള ചോദിക്കുന്നു. അപ്പോൾ തന്നെ നിലവാരമുള്ള ചാനലിന്റെ  വിവരമുള്ള അവതാരകൻ അത്തരം പരാമർശങ്ങൾ പാടില്ല എന്ന് പറഞ്ഞു അത് അവിടെ അവസാനിപ്പിക്കുകയല്ലേ ചെയ്യുന്നത്. പക്ഷെ ഇവിടെ ചാനലിന്റെ നിലവാരമനുസരിച്ചുള്ള ഒരു തന്തയ്ക്കു വിളി വേണം എന്നുള്ളത് കൊണ്ട് അവതാരകൻ അതിനമൊരു അവസരം ഉണ്ടാക്കി കൊടുക്കുന്നു. ജോർജിന്റെ ആ തന്തയ്ക്കു വിളിയോടെ ആ രംഗം അവസാനിപ്പിക്കുന്നു.  

ഇനി ആ ചർച്ചയിൽ പങ്കെടുത്ത മറ്റു ''മാന്യന്മാരെ" നോക്കാം. എല്ലാ മാന്യൻമാരും ഈ 'തന്തയ്ക്കു വിളി' കേട്ട് ആസ്വദിക്കുകയാണ്.ചിരിച്ചു മറിയുന്നു. അവരുടെ ചിരിയും ആസ്വാദനവും  അവരുടെയും നിലവാരം അല്ലെ കാണിക്കുന്നത്? മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജ്,തോറ്റ എം.എൽ.എ. വിഷ്ണുനാഥ്, റഹിം എന്നൊരു ഇടതു പക്ഷൻ, പിന്നെ ഒരു വക്കീലും. എല്ലാവരും നല്ല വണ്ണം ആസ്വദിക്കുന്നു.  വല്ലവന്റെയും തന്തയ്ക്കു പറയുന്നത് കേൾക്കാൻ സുഖമാണല്ലോ. പി.സി.ജോർജ് ഇവരെയാരെയെങ്കിലും ആയിരുന്നു പറഞ്ഞുവെങ്കിലോ?

അന്തസ്സുള്ള  ജനങ്ങൾ ഈ മാതൃഭൂമി ചാനലിന്റെ ചർച്ച കാണുന്നത് ഒഴിവാക്കണം. അത് പോലെ  തന്തയ്ക്കു പറഞ്ഞതും പറഞ്ഞതും അത് ആസ്വദിച്ചതും ആയ ചർച്ചക്കാർ പങ്കെടുക്കുന്ന  എല്ലാ ചർച്ചകളും ഒഴിവാക്കണം. നിലവാരമുള്ള ചർച്ചകൾക്ക് വേണ്ടി ഒരു കാമ്പയിൻ തുടങ്ങുകയും വേണം.  Decent Discussion എന്ന കാമ്പെയിൻ. 

2016, ഒക്‌ടോബർ 27, വ്യാഴാഴ്‌ച

സി.ബി.ഐ.





ജേക്കബ് തോമസിനെതിരെയുള്ള അന്വേഷണം ഏറ്റെടുക്കാം എന്ന് പറഞ്ഞു സി.ബി.ഐ. സ്വമേധയാ മുന്നോട്ടു വന്നിരിക്കുന്നു!

പ്രമാദമായ പല കേസുകളും ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടിട്ടും ഏറ്റെടുക്കാത്ത സി.ബി.ഐ. ആണ് അങ്ങോട്ട് കേറി ഈ കേസ് ഞങ്ങൾ അന്വേഷിക്കാം എന്ന് പറഞ്ഞിരിക്കുന്നത്. ധാരാളം കേസുകൾ അന്വേഷിക്കാനുണ്ട്, അതിനു വേണ്ട ഉദ്യഗസ്ഥർ ഇല്ല എന്ന ന്യായം പറഞ്ഞാണ് അവർ കേസുകൾ ഏറ്റെടുക്കാത്തത്. ഒരു പരിധി വരെ അത് ശരിയുമാണ്. കാരണം അഴിമതി കേസുകൾ ധാരാളമായി വരുകയാണ് . 2ജി, കൽക്കരി ഖനി തുടങ്ങിയ  ലക്ഷം കോടികളുടെ അഴിമതി ക്കേസുകൾ ആണ് ഇന്നുള്ളത്.പിന്നെ തെളിയാത്ത മറ്റു പല കേസുകളും. അത് കൊണ്ട് സി.ബി.എ. കേസുകളുടെ ബാഹുല്യം കൊണ്ട് വിഷമിക്കുകയാണ്.

അങ്ങിനെയുള്ള സ്.ബി.ഐ. ആണ് ഇന്നലെ ഹൈ ക്കോടതിയിൽ കേറി പറഞ്ഞത് കേസ് ഞങ്ങൾ അന്വേഷിച്ചോളാമേ  എന്ന്. കേസ് ഏറ്റെടുക്കാൻ പറ്റുമോ, അല്ലെങ്കിൽ കേസ് അത്ര പ്രമാദം ആണ് അത് കൊണ്ട് ഏറ്റെടുക്കണം എന്നൊന്നും കോടതി ചോദിച്ചില്ല. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഒരു ഹർജി കോടതിയിൽ വന്നു. സി.ബി.ഐ.അതിൽ ഒരു കക്ഷി ആണ്. കേസ് വന്നപ്പോഴേ സി.ബി.ഐ. വക്കീൽ ഒരു അഫിഡവിറ്റ് കൊടുത്തു. ഞങ്ങൾ കേസ് അന്വേഷിച്ചു കൊള്ളാം എന്ന്.

ഇനി കേസ് എന്താണെന്ന് നോക്കാം. 1,76,000 കോടിയുടെ 2-ജി സ്പെക്ട്രം അഴിമതിയോ 1,86,000 കോടിയുടെ കൽക്കരി ഖനി അഴിമതിയോ അല്ല. ഒരു ർ സർവീസ് കേസ്. ജേക്കബ് തോമസ് IPS ലീവ് എടുത്തു ഒരു  സ്വകാര്യ കോളേജിൽ പഠിപ്പിക്കാൻ പോയി ശമ്പളം വാങ്ങി. അതാണ് കേസ്. അതിനാണു സി.ബി.ഐ. അന്വേഷിക്കാമെന്നു പറയുന്നത്. ഇതൊരു രേഖയാണ്. ലീവ് എടുത്തു, പഠിപ്പിക്കാൻ പോയി., അവിടെ നിന്നും ശമ്പളം വാങ്ങി, അത് തിരിച്ചു കൊടുത്തു.  ആ രേഖകൾ എല്ലാം ഉണ്ട്. ഒരു സാദാ ക്ളർക്ക്   നോക്കിയാൽ പോലും മനസിലാകുന്ന കാര്യം. അതിനെന്തിനാ സി.ബി.ഐ.?അത് തെറ്റാണെങ്കിൽ അതിനു വകുപ്പ് തല നടപടികൾ ഉണ്ടാവണം. അത്ര തന്നെ.

അഴിമതിക്കാർക്കൊക്കെ ഇപ്പോൾ പേടിയായിത്തുടങ്ങി. പഴയ മന്ത്രി ബാബു,മാണി, എന്നിവർ കുടുങ്ങിയിരിക്കുകയാണ്. സോളാർ കേസ് വന്നാൽ  ഉമ്മൻ ചാണ്ടിയും കുടുങ്ങും. പിന്നെ ചാണ്ടിയുടെ ഭരണത്തിൽ കാശുണ്ടാക്കിയ പല IAS ഉദ്യോഗസ്ഥരും അന്വേഷണം നേരിടുന്നു. ഇതൊക്കെ സത്യാ സന്ധനായ ജേക്കബ് തോമസിന്റെ കീഴിലുള്ള വിജിലൻസ് ആണ് നടത്തുന്നത്. അതൊക്കെ തെളിയുകയും ചെയ്യും.അതാണ് ഇവർക്കൊക്കെ പേടി.അങ്ങേരെ പുകച്ചു പുറത്തു ചാടിച്ചു ഏതെങ്കിലും ലല്ലു-പഞ്ചു (നട്ടെല്ലില്ലാത്ത)  വിനെ കൊണ്ട് അന്വേഷിപ്പിക്കാനാണ് ഇവരെല്ലാം ചേർന്ന് ശ്രമിക്കുന്നത്. അതിൽ സി.ബി.ഐ.യും വീണു എന്ന് പറയാം.

ഏതായാലും കോടതി ആണ് അവസാന തീരുമാനം എടുക്കേണ്ടത്. ഒരു സർവീസ് കാര്യം തീരുമാനിക്കാൻ സി.ബി.ഐ. വേണം എന്ന് കോടതി പറയില്ല എന്ന് വിശ്വസിക്കാം.

2016, ഒക്‌ടോബർ 25, ചൊവ്വാഴ്ച

സോളാർ ശിക്ഷ




ഉമ്മൻ ചാണ്ടിയുടെ പതനം തുടങ്ങിയിട്ട് കുറെ നാളായി. സരിത അതിനൊരു നിമിത്തം ആയെന്നു മാത്രം. ഭരണ കാലത്തു പണവും പദവിയും നൽകി ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും കൂടെ നിർത്തി, അതിനു വഴങ്ങാത്ത വരെ  ഭീഷണിയും പീഡനവും കൊണ്ട് വരുതിയിൽ നിർത്തി തന്റെ സ്വാഭാവികമായ അന്ത്യം നീട്ടിയെടുക്കാൻ സാധിച്ചു  എന്നുള്ളതല്ലാതെ വിധി മാറ്റിയെഴുതാൻ കഴിഞ്ഞില്ല. തെരെഞ്ഞെടുപ്പ് പരാജയമായിരുന്നു അടുത്ത ശിക്ഷ. അതോടെ കേരള രാഷ്ട്രീയത്തിൽ അപ്രസക്തനായി തുടങ്ങി.  ഇതാ സരിതയും സോളാറും ആസ്വദിച്ചതിന്റെ തിരിച്ചടികൾ തുടങ്ങിക്കഴിഞ്ഞു. 

 ബാങ്കലൂര് കോടതി ആണ് ആദ്യമായി സോളാർ കേസിൽ ഒരു ശിക്ഷ വിധിക്കുന്നത് .  കുരുവിളയുടെ പരാതിയിൽ കോടതി ഉമ്മൻ ചാണ്ടി കുറ്റക്കാരൻ ആണെന്ന് വിധിച്ചു.  

എക്സ്-പാർട്ടെ വിധി ആണെന്ന് ഒരു ന്യായം ആണ് ഉമ്മൻ ചാണ്ടി പറയുന്നത്. അങ്ങേരെ കേൾക്കാതെയുള്ള വിധി. എന്ത് കൊണ്ട് സമൻസ് കിട്ടിയിട്ടും കോടതിയിൽ പോയില്ല? എന്ത് കൊണ്ട് തന്റെ ഭാഗം പറയാൻ വക്കീലിനെ ഏർപ്പെടുത്തിയില്ല? അത് ബുദ്ധിപൂർവമായ ഒരു നീക്കം ആയിരുന്നു. തെളിവുകൾ എല്ലാം എതിര്. വിധി എതിരാകും എന്നറിയാം. അത് കൊണ്ട് കോടതിയിൽ കേസ് വാദിക്കാൻ പോയില്ല. അറിഞ്ഞില്ല കേട്ടില്ല എന്ന് പറയാൻ പറ്റില്ല. പിന്നെ 14 മണിക്കൂർ തുടർച്ചയായി സോളാർ കമ്മീഷന് മുന്നിൽ മൊഴി നൽകിയ വിദ്വാനാണ്. പിന്നെ എന്ത് കൊണ്ട് കോടതിയിൽ പോയില്ല?

തെളിവില്ല എന്ന വാദം നിലനിൽക്കില്ല. കാരണം വെറുതെയല്ല കോടതി വിധി പ്രസ്താവം നടത്തിയത്. കുരുവിള സമർപ്പിച്ച തെളിവുകളെ ആസ്പദമാക്കിയാണ് ഉമ്മൻ ചാണ്ടി കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തിയതും വിധിച്ചതും. അത് കൊണ്ട്  തന്റെ ഭാഗം കേട്ടില്ല എന്നത് അർത്ഥമില്ലാത്ത ഒരു ന്യായം ആണ് മാത്രവുമല്ല അത് നില നിൽക്കുകയുമില്ല.  ഉമ്മൻ ചാണ്ടി വാദിച്ചായിരുന്നുവെങ്കിൽ ഇതിനെതിരെ എന്ത് തെളിവ് കൊടുക്കാൻ കഴിയും? തെളിവില്ല തെളിവില്ല എന്ന് ജനങ്ങളുടെ മുൻപിൽ സ്ഥിരം പറയുന്ന പല്ലവി കോടതി കേൾക്കില്ലല്ലോ.

കേരളത്തിലെ കോടതികൾ ആയിരുന്നുവെങ്കിൽ എന്തെങ്കിലും കള്ളത്തെളിവ് നൽകാൻ കഴിയുമായിരുന്നു. ശങ്കർ റെഡ്ഢിയെ പ്പോലെ ആരെങ്കിലും തെളിവ് കണ്ടു പിടിച്ചേനെ. (അങ്ങേരിപ്പോൾ കേസ് മുക്കിയതിന് വിജിലൻസ് അന്വേഷണ നേരിടുകയാണ്). അങ്ങിനെ രക്ഷപ്പെടാൻ ഉമ്മൻ ചാണ്ടി പഴുതുകൾ ഉണ്ടാക്കിയേനെ. ബാന്ഗ്ലൂരില് ആയതു കൊണ്ട് അതിനൊന്നും ഒരു സ്‌കോപ്പും ഇല്ല. അത് കൊണ്ട് സത്യം തെളിയുകയും ചെയ്തു.

ഈ കോടതി വിധിയിൽ നിന്നും ഊർജം കൊണ്ട് ഇനി കേരളത്തിലെ കോടതി വിധികളും  ഇത് പോലെ തന്നെ വരും.



2016, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

ആദിവാസി






"നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്......ഒന്ന് അബോർഷൻ ആണ്.  ..മറ്റൊന്നിന് വാൽവിന്റെ തകരാർ..."

''നാല്  പട്ടി ചത്തിട്ടുണ്ട്'' എന്ന് പറയുന്ന ലാഘവത്തോടെ ആണ് ഈ പറയുന്നത്. പക്ഷേ പട്ടിയേയോ പന്നിയെയോ കുറിച്ചല്ല ഈ പറയുന്നത്. മനുഷ്യരെ കുറിച്ച് തന്നെയാണ്. പറഞ്ഞത്  സാധാരണക്കാരൻ അല്ല. ഭരണഘടനാ പദവിയിൽ ഇരിക്കുന്ന കേരളത്തിലെ ഒരു മന്ത്രി. പറഞ്ഞ സ്ഥലമോ? നിയമ സഭ.  

അട്ടപ്പാടിയിലെ ശിശു മരണത്തെ കുറിച്ചാണ് പറഞ്ഞത്. പിറന്നു വീണ നാല് പിഞ്ചു കുഞ്ഞുങ്ങളെ ആണ് "നാലെണ്ണം" എന്ന് വിശേഷിപ്പിച്ചത്. മനുഷ്യ കുഞ്ഞുങ്ങൾ ആണെങ്കിലും ആദിവാസികൾ അല്ലേ? പിന്നെന്തിനു മാന്യമായി പറയണം?

 മനുഷ്യർ  ആണെങ്കിലും വോട്ട് ബാങ്ക് ആല്ലാത്തതു കൊണ്ട് ആദിവാസികളെ ക്കുറിച്ചു  ഇങ്ങിനെയൊക്കെ പറഞ്ഞാൽ മതി. ആദിവാസികളുടെ നാടായ കാട് മുഴുവൻ നമ്മൾ കയ്യേറി. ഇങ്ങു നാട്ടിൽ അവനു സൗകര്യം ഒരുക്കാനും തയ്യാറല്ല. അങ്ങിനെ കാടും നാടും ഇല്ലാതെ സ്വന്തം ഭൂമിയിൽ തന്നെ അന്യനായി നിൽക്കുന്ന ഒരു കൂട്ടം മനുഷ്യരാണ് ആദിവാസികൾ. അവർ സംഘടിതരല്ല. പരാതികളും പരിവേദനങ്ങളും പറയാൻ ശക്തരല്ല.സർവോപരി അവർ വോട്ട് ബാങ്ക് അല്ല.

 ജനാധിപത്യ ഭരണ കൂടങ്ങൾ വന്ന കാലം മുതൽ ഇവിടെ പട്ടിക ജാതി പട്ടിക വർഗ വകുപ്പും മന്ത്രിയും ഉണ്ട്. ആ വിഭാഗത്തിൽ നിന്നുമുള്ള ഒരാളെ തന്നെ മന്ത്രിയാക്കാൻ ഇടതും വലതും മുന്നണികൾ ശ്രദ്ധിക്കാറുണ്ട്. മന്ത്രിയായി ക്കഴിഞ്ഞാൽ താൻ ഏത് ജാതി/ വർഗ്ഗത്തിൽ നിന്നാണ് വന്നത് എന്നും അവർക്കു വേണ്ടി എന്തെങ്കിലും ചെയ്യാനാണ് മന്ത്രി ആയത് എന്നും സൗകര്യ പൂർവം  മറക്കുന്ന ആളുകൾ.

അധിക്ഷേപം മന്ത്രി അവിടെയും നിർത്തിയില്ല. അദ്ദേഹം തുടർന്നു...

 "നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്. അത് പോഷകാഹാരക്കുറവ് കൊണ്ടല്ല. ഒന്ന്  അബോർഷനാണ്.അബോർഷനെന്നു   പറഞ്ഞാൽ  നിങ്ങളുടെ കാലത്തു ഗർഭിണിയായത്.ഇപ്പോഴാണ് ഡെലിവറി ആയത്. അതിനു ഞാൻ ഉത്തരവാദി അല്ല.മറ്റൊന്നിനു വാൽവിന്റെ  തകരാറ്.   അത് ഗർഭിണിയായതും നിങ്ങളുടെ കാലത്താണ്.ഇപ്പോഴാണ് പ്രസവിച്ചത്. അതിനും ഞാൻ ഉത്തരവാദിയല്ല."

ആദിവാസി സ്ത്രീകൾ ഗർഭം ധരിക്കുന്നതിനെ കുറിച്ച് എത്ര അവജ്ഞയോടും പുശ്ചത്തോടും പരിഹാസ പൂർവവും ആണ് പറയുന്നത്  നോക്കൂ. യു.ഡി.എഫ്.  കാലത്തെ ഗർഭമാണ് അത് കൊണ്ട് എൽ.ഡി.എഫ്. മന്ത്രി ഉത്തരവാദി അല്ല എന്ന്! മറ്റൊരു സമുദായത്തെ ക്കുറിച്ചാണെങ്കിൽ ഇങ്ങിനെ പരിഹസിക്കുമോ? അതും ആദിവാസി ക്ഷേമത്തിന് വേണ്ടിയുള്ള മന്ത്രി.

ഈ പരിഹാസവും ആക്ഷേപവും കേട്ട് മന്ത്രിയെ കയ്യടിച്ചു അഭിനന്ദിക്കാനും  ഡെസ്‌ക്കിലടിച്ചു പ്രോത്സാഹിപ്പിക്കാനും  ഭരണ പക്ഷത്തെ എം.എൽ.എ. മാർ.ഇത്രയും കേട്ടിട്ടും ഇത്ര നീചമായ പരിഹാസത്തിന്റെ അതിനെ ചോദ്യം ചെയ്യാനോ അതിനെതിരെ ഒരക്ഷരം പറയാനോ തയ്യാറാകാഞ്ഞ പ്രതിപക്ഷ എം.എൽ.എ. മാർ.  ഈ പരാമർശങ്ങളിൽ തെറ്റ് കാണാത്ത  അൺ പാർലമെന്ററി  എന്ന് പറയാത്ത സ്പീക്കർ.

ചാനലുകളും പത്രങ്ങളും ഒരു പരിധി വരെ ഈ വാർത്ത   തമ്സ്കരിച്ചു. സോഷ്യൽ മീഡിയ രംഗത്ത്  വന്നതിനു ശേഷമാണ് ചർച്ചകൾ തുടങ്ങിയത്.  അതിനു ശേഷം   വിശദീകരണ വുമായി  വന്ന മന്ത്രി വീണ്ടും സ്വയം ന്യായീകരണമാണ് നടത്തിയത്.'എണ്ണം അങ്ങിനെയേ പറയാൻ കഴിയൂ' എന്ന്. "നാലെണ്ണം" എന്നതിന് പകരം "നാല് കുട്ടികൾ" എന്ന് എന്ത് കൊണ്ട് പറഞ്ഞില്ല? അത് പോലെ ഗർഭത്തെ കുറിച്ച് എന്തിനാണ് അനാവശ്യ പരാമർശം നടത്തിയത്?

യു.ഡി.എഫ് ന്റെ കാലത്തെ ഗർഭം എന്ന് മന്ത്രി ആക്ഷേപിക്കുന്നുണ്ടല്ലോ. അധികാരത്തിൽ വന്നതിനു ശേഷമുള്ള  കഴിഞ്ഞ നാലു മാസക്കാലത്തെ  ഈ യു.ഡി.എഫ്. ഗർഭിണികളുടെ പോഷകാഹാരക്കാര്യമോ മറ്റു സുഖ സൗകര്യങ്ങളോ  മന്ത്രി നോക്കിയോ?  ആദിവാസി ഊരുകളിൽ താമസിച്ചു എന്നൊക്കെ പറയുന്ന മന്ത്രി അധികാരമേറ്റതിനു ശേഷം ഒരിക്കലെങ്കിലും ഏതെങ്കിലും ഒരു  ആദിവാസിയെ കണ്ടിട്ടുണ്ടോ? ആദിവാസി കോളനികളിലെ ദുരിതം ശ്രദ്ധിച്ചിട്ടുണ്ടോ? 

ആദിവാസികളുടെ സ്ഥിതി ഇന്നും മഹാ കഷ്ട്ടം തന്നെ. സ്വാതന്ത്ര്യം കിട്ടിയ അന്ന് മുതൽ ജനകീയ സർക്കാരുകൾ  അവരെ ഉദ്ധരിക്കുകയാണ്. അവർക്കു വേണ്ടി പ്രത്യേക വകുപ്പുകൾ, പദ്ധതികൾ അങ്ങിനെ ആദിവാസ ക്ഷേമം തകൃതിയായി നടക്കുന്നു. പക്ഷെ ഇന്നും  കോരന്   കഞ്ഞി കുമ്പിളിൽ തന്നെ. അട്ടപ്പാടിയിലെ ശിശു മരണവും പോഷകാഹാരക്കുറവ് കൊണ്ടുള്ള ഗർഭിണികളുടെ മരണവും ഒക്കെ കണ്ട് സൊമാലിയ പോലെ ആയെന്നുള്ള സത്യം നരേന്ദ്ര മോദി വിളിച്ചു പറഞ്ഞപ്പോൾ  ആദിവാസികൾക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കിയ   മാർക്സിസ്റ്റ് കാരുടെ, പട്ടിക ജാതി-പട്ടിക വർഗ-പിന്നോക്ക വിഭാഗ ക്ഷേമ  മന്ത്രി തന്നെ ആദിവാസി സ്ത്രീകളുടെ ഗർഭത്തെ  പരിഹസിക്കുന്നതാണ് ഇവിടെ കണ്ടത്.


2016, ഒക്‌ടോബർ 22, ശനിയാഴ്‌ച

സൗജന്യ തേക്ക്

''കാട്ടിലെ തേക്ക് നാട്ടിലെ ക്ഷേത്രം വെട്ടെടാ വെട്ട്.''

ബന്ധു നിയമനത്തിന്റെ കുറ്റ സമ്മതത്തിന്റെ ( സ.കോടിയേരി ആണ് പറഞ്ഞത് കുറ്റം സമ്മതിച്ചു എന്ന്) പേരിൽ  രാജി വച്ചൊഴിയേണ്ടി വന്ന സ.ജയരാജൻ സൗജന്യമായി തേക്കിൻ തടി നൽകാൻ വനം വകുപ്പിന് ഒരു കത്ത് ഫോർവേഡ് ചെയ്തതിന്റെ പേരിൽ വിവാദത്തിൽ.





ജയരാജന്റെ നാട്ടിലെ ഒരു  ക്ഷേത്രത്തിനു വേണ്ടി അതിന്റെ  ഭരണ സമിതിക്കാർ സൗജന്യമായി 1200 കുബിക്ക് മീറ്റർ  തേക്ക് ലഭ്യമാക്കുന്നതിന് വേണ്ടി ഒരു കത്ത് മന്ത്രി  ജയരാജന് അയക്കുന്നു. ജയരാജൻ അത്  തന്റെ ലെറ്റർ ഹെഡിൽ വനം വകുപ്പിന് ഫോർവേഡ് ചെയ്തു. ഇതിലെന്താണ് തെറ്റ് എന്നാണ്  ചോദിക്കുന്നത്. തെറ്റുണ്ട്. അഴിമതി ഉണ്ട്. 

ജയരാജൻ മന്ത്രിയായ  വ്യവസായ വകുപ്പല്ല മറ്റൊരു മന്ത്രിയുടെ വനം വകുപ്പാണ് ഇതിൽ തീരുമാനം എടുക്കേണ്ടത്. അപ്പോൾ  വനം വകുപ്പിന് നൽകാതെ (നൽകി എന്നിരുന്നാലും)  എന്തിനാണ് ക്ഷേത്രം അധികാരികൾ ഈ കത്ത് ജയരാജന് നൽകിയത്? അതിനു പിന്നിൽ ഒരു ഗൂഢോദ്ദേശ്യം ഉണ്ട്. മന്ത്രി ജയരാജന്റെ സ്വാധീനം ഇക്കാര്യത്തിൽ ഉണ്ടാകണം എന്ന ഗൂഢോദ്ദേശ്യം.  ഇനി ജയരാജൻ  സ്വന്തം ലെറ്റർ ഹെഡിൽ വനം വകുപ്പിൽ ആ  കത്ത് അയച്ചു  കൊടുത്തത് എന്തിനാണ്? തനിക്കതിൽ താൽപ്പര്യം ഉണ്ടെന്ന് വനം വകുപ്പ് മന്ത്രിയെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടു കൂടിതന്നെയാണ്.  അല്ലായിരുന്നുവെങ്കിൽ  തന്റെ വകുപ്പല്ല ഇത് ചെയ്യുന്നത് എന്ന് പറഞ്ഞു ക്ഷേത്രക്കാർക്ക് മറുപടി അയക്കുക അല്ലേ  വേണ്ടിയിരുന്നത്? അപ്പോൾ സൗജന്യമായി ക്ഷേത്രത്തിന് തടി കിട്ടുക എന്നത് തന്നെ ആയിരുന്നു മന്ത്രിയുടെ ഉദ്ദേശം. അവിടെയാണ് അഴിമതി ഉണ്ടാകുന്നത്. ജയരാജന്  പരിചയമില്ലാത്ത ഒരു വ്യക്തി അല്ലെങ്കിൽ ഒരു സ്ഥാപനം ആണ്  ഇത് പോലെ 1 കോടി രൂപയുടെ തേക്കിൻ തടി സൗജന്യമായി വേണം എന്ന് പറഞ്ഞു ഒരു കത്ത് കൊടുത്തിരുന്നുവെങ്കിൽ അദ്ദേഹം അത് വനം മന്ത്രിയ്ക്ക് ഫോർവേഡ് ചെയ്യുമായിരുന്നോ? 

 മന്ത്രി അല്ലെങ്കിൽ എം.എൽ.എ. മാർക്ക് കിട്ടുന്ന ഇത്തരം കത്തുകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് അയച്ചു കൊടുക്കുകയാണ് പതിവ് എന്നാണു ജയരാജൻ പറയുന്നത്.മുൻ എം.എൽ.എ. ആയ ഡൊമിനിക് പ്രസന്റേഷനും ഇതേ  അഭിപ്രായം ഏതോ ഒരു ചാനലിൽ പറയുന്നത് കേട്ടു. നിയമ പരമായ കാര്യങ്ങൾ ചെയ്തു കിട്ടാൻ  ഇവർക്ക് എന്തിനാണ് കത്ത് കൊടുക്കുന്നത്? അപ്പോൾ തെറ്റായ, നിയമ വിരുദ്ധമായ  കാര്യങ്ങൾ ചെയ്തു കിട്ടാൻ വേണ്ടിയാണ് ഇത്തരം കത്തുകൾ നൽകുന്നതും അത് അവർ ഫോർവേഡ് ചെയ്യുന്നതും.

ഇനി വനം മന്ത്രിയുടെ കാര്യം നോക്കാം.  ക്ഷേത്രത്തിന്റെ കത്ത് ജയരാജൻ ഫോർവേഡ് ചെയ്തതു  കിട്ടികഴിഞ്ഞാൽ അവരുടെ ആവശ്യത്തിന്റെ നിയമ സാധുത അല്ലെ ആദ്യം നോക്കേണ്ടത്? നിയമ വിധേയം  അല്ലെങ്കിൽ അത്തരം ഒരു മറുപടി കൊടുക്കുക. അതിനു പകരം ഇവിടെ വനം മന്ത്രി 1200 കുബിക്ക് മീറ്റർ തേക്ക് ലഭ്യമാണോ എന്നൊക്കെയാണ് അന്വേഷണം നടത്തിയത്. എന്തായിരുന്നു   അതിന്റെ ആവശ്യം. സൗജന്യമായി തടി വനം വകുപ്പ് നൽകില്ല എന്നാണു നിയമമെന്ന് മന്ത്രിയ്ക്ക് അറിയില്ല എങ്കിൽ പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ഓഫ് ഫോറസ്റ്റിന്റെ കൂടെ ചോദിക്കുക.  ആ ഓഫീസിലെ  ഏതെങ്കിലും ഒരു ക്ളർക് നിയമ പുസ്തകം നോക്കി 5 മിനിറ്റിനകം മറുപടി ഫയലിൽ എഴുതുമായിരുന്നവല്ലോ. അതിനു വേണ്ടി കണ്ണവം ഫോറസ്ററ് ഡിവിഷനിലോ  റെയിഞ്ച് ഓഫിസിലോ പോകേണ്ട കാര്യമില്ലായിരുന്നവല്ലോ. അതിന്റെ അർത്ഥം നിയമ വിരുദ്ധമായി പ്രവർത്തിക്കാൻ വനം മന്ത്രിയും സന്നദ്ധമായിരുന്നു എന്ന് തന്നെയാണ്. 

2016, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

സവാള വില

സവാള വില കിലോയ്ക്ക് 40 രൂപ. ഇക്കഴിഞ്ഞ ജൂണിൽ നാം വാങ്ങിയ വില. മധ്യ പ്രദേശിൽ 50 പൈസ. അതിനു മുന്നിലത്തെ മാസം,മെയിൽ,മധ്യ പ്രദേശിൽ സവാള വില കുത്തനെ ഇടിഞ്ഞു. കർഷകന് കിലോയ്ക്ക് വെറും 50 പൈസ മാത്രം വില കിട്ടുന്നു. കർഷകരെ രക്ഷിക്കാനായി മധ്യ പ്രദേശ് സർക്കാർ കിലോയ്ക്ക് 6 രൂപ നൽകി സവാള വാങ്ങി. അങ്ങിനെ വാങ്ങിയ  9 ലക്ഷം ക്വിന്റൽ സവാള വിൽക്കാൻ   ജൂണിൽ ടെൻഡർ വിളിച്ചു. വാങ്ങാൻ ആളില്ലാതെ സർക്കാർ സംഭരിച്ചതിൽ 7 ലക്ഷം ക്വിന്റൽ സവാള ആണ് നശിച്ചു പോയത്.  



ഇങ്ങിനെ മധ്യപ്രദേശിൽ സവാള നശിക്കുമ്പോഴും കേരളത്തിൽ സർക്കാർ സ്ഥാപനമായ  ഹോർട്ടി കോർപ്പിൽ നിന്ന് പോലും  വലിയ വില കൊടുത്താണ് ജനങ്ങൾ  വാങ്ങിയത്.  പൊതു വിപണിയിൽ അതിലും വലിയ വില.എന്ത് കൊണ്ട് കേരളത്തിലെ സർക്കാർ സംഭരണ ഏജൻസികൾ മധ്യ പ്രദേശ് സർക്കാരിൽ നിന്നും സവാള വാങ്ങാൻ നടപടി എടുത്തില്ല എന്നത് അന്വേഷിക്കേണ്ടി ഇരിക്കുന്നു. ഹോർട്ടി കോർപ്പ് ഒക്കെ സ്വകാര്യ മൊത്ത വ്യാപാരികളിൽ നിന്നും ആണ് വാങ്ങുന്നത്. വില കൂട്ടി വാങ്ങി ലാഭം ഉദ്യോഗസ്ഥർ പോക്കറ്റിൽ ആക്കുന്നു. അതാണ് മധ്യ പ്രദേശിൽ നിന്നും വാങ്ങാൻ തയ്യാറാകാഞ്ഞത്. 

മധ്യ പ്രദേശ് ആകട്ടെ സംഭരണ വിലയായ 6 രൂപയിലോ അതിലും കുറച്ചോ നൽകുമായിരുന്നു. അവർക്കു സൂക്ഷിച്ചു വയ്ക്കാൻ സ്ഥലം ഇല്ല എന്നത് വലിയൊരു പ്രശ്നം. അവിടന്നുള്ള ട്രാൻസ്‌പോർട്ടേഷൻ കിലോയ്ക്ക് രണ്ടോ മൂന്നോ രൂപയായാലും 10 രൂപയ്ക്കു താഴെ കേരളത്തിൽ കിട്ടിയേനെ. നശിച്ചു പോയ 7  ലക്ഷം ക്വിന്റൽ സവാള ഡിസ്പോസ് ചെയ്യാൻ മധ്യ പ്രദേശ് സർക്കാർ ചെലവാക്കിയത് എത്രയെന്നോ? 6 കോടി രൂപ! കേരളം വാങ്ങാൻ സമീപിച്ചിരുന്നു എങ്കിൽ ഈ 6 കോടി രൂപയെങ്കിലും സേവ് ചെയ്യാൻ വേണ്ടി പണം വാങ്ങാതെ അവർ വെറുതെ നൽകാനുള്ള സാധ്യത പോലും ഉണ്ടായിരുന്നു.

 ഇന്ത്യയുടെ മൊത്തം ഉൽപ്പാദനത്തിന്റെ 30   ശതമാനം നൽകുന്ന മഹാരാഷ്ട്രയിലും സ്ഥിതി മറിച്ചല്ലായിരുന്നു. കർഷകന്  കിലോ 1 രൂപയ്ക്കു വിൽക്കേണ്ടി വന്നു. നമ്മുടെ തൊട്ടടുത്ത് കിടക്കുന്ന കർണാടക ആണ് 23  ശതമാനം നൽകുന്ന രണ്ടാമത്തെ വലിയ ഉൽപ്പാദകർ. ഇവിടെയൊക്കെ ഉൽപ്പാദനം  അധികമാവുമ്പോൾ വില വൻതോതിൽ കുറയും. കര്ഷകന് ഒന്നും രണ്ടും രൂപ മാത്രം കിലോയ്ക്ക് കിട്ടുന്ന അവസ്ഥ. അപ്പോഴും ഇടനിലക്കാരന് അമിത ലാഭം നൽകി സാധനം വാങ്ങാൻ കേരളക്കാർ നിർബന്ധിതരാകുന്നു.

കേരളത്തിലെ കൃഷിയിലും കാർഷിക വിള സഭരണത്തിലും വലിയ കാര്യങ്ങൾ ചെയ്യും എന്ന് പറയുന്ന, കുറച്ചൊക്കെ ചെയ്തു കൊണ്ടിരിക്കുന്ന നമ്മുടെ കൃഷി മന്ത്രി സുനിൽ കുമാർ ഇതൊന്നും അറിഞ്ഞില്ല എന്ന് കരുതാം. മധ്യപ്രദേശിലേയും മഹാരാഷ്ട്രയിലെയും  കർണാടകയിലെയും  ഇതൊക്കെ കാണിക്കുന്നത് കർഷകന് കിട്ടുന്നതിന്റെ പതിന്മടങ്ങു വിലയ്ക്കാണ് സാധനം സാധാരണക്കാരന് കിട്ടുന്നത് എന്നാണ്. ഹോർട്ടികൾച്ചറൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ആണ് കേരളത്തിലെ സർക്കാർ  സംഭരണഏജൻസി. അവരാകട്ടെ തട്ടിപ്പും വെട്ടിപ്പും ആയി കഴിയുന്നു. അവർക്ക് എന്ത് കൊണ്ട് മറ്റു ഉൽപ്പാദന സംസ്ഥാനങ്ങളിലെ സമാനമായ സർക്കാർ ഏജൻസികളും ആയി നേരിട്ട് ഇടപെട്ട് സംഭരണം നടത്തിക്കൂടാ?  അതിനു ഹോർട്ടി കോർപ്പറേഷനിൽ ഒരു പ്രത്യേക വിങ് തന്നെ തുടങ്ങണം.നമ്മുടെ കൃഷി മന്ത്രി ഇക്കാര്യത്തിൽ ഇടപെടേണ്ട സമയം അതിക്രമിച്ചു.

2016, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

വിജിലൻസ്






വിജിലൻസിന്റെ പ്രശ്‌നം തല്ക്കാലം ഒന്ന് ഒതുങ്ങിയ ലക്ഷണമാണ്.ഡയറക്ടർ ജേക്കബ് തോമസ് തൽസ്ഥാനത്തു തുടരും എന്ന് തന്നെയാണ് തോന്നുന്നത്. മാറണം എന്ന് പറഞ്ഞു ഡയറക്ടർ  കത്ത് കൊടുത്തപ്പോഴേയ്ക്കും അദ്ദേഹത്തോട് അമിത  സ്നേഹം പ്രകടിപ്പിച്ച  രമേശ് ചെന്നിത്തലയ്ക്കും കൂട്ടുകാരായ,മാണിക്കും,ബാബുവിനും ചാണ്ടിക്കും പിന്മാറാനില്ല എന്ന ജേക്കബ് തോമസിന്റെ നിലപാട് ഒരു തിരിച്ചടി തന്നെയാണ്. എന്തൊക്കെയാണ് നിയമ സഭയിൽ രമേശ് പറഞ്ഞത്. ജേക്കബ് തോമസ് മാറണമെന്ന് പറഞ്ഞത് ജയരാജന് നേർക്ക് വരുന്ന അന്വേഷണത്തെ ഭയന്ന് പിണറായിയും പാർട്ടിയും നടത്തിയ കളി ആണെന്ന് വരെ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ചുമതല അതാണല്ലോ, ഭരണ പക്ഷത്തെ കുറ്റം പറയുക എന്നത്. അപ്പോഴും ഉള്ളിന്റെ ഉള്ളിൽ ഡയറക്ടർ പോകും എന്ന് തന്നെയാണ് കരുതിയത്. ദേ ബാബുവിനെ വിജിലൻസ് ചോദ്യം ചെയ്യാനായി നാളെ വിളിപ്പിച്ചിരി ക്കുകയാണ്. ഹരിപ്പാട് മെഡിക്കൽ കോളേജ് അഴിമതി ചെന്നിത്തലയിൽ എത്തും എന്നത് ഉറപ്പാണ്.

ജയരാജന് എതിരെയുള്ള അന്വേഷണം ഡയറക്ടർക്കു പിന്മാറാനുള്ള ഒരു കാരണമാണ്. അത് മാർക്സിസ്റ് പാർട്ടിയെ ബാധിക്കും. അത് കൊണ്ട് പാർട്ടി എതിർക്കും. അതിനു പിണറായിയിൽ നിന്നും പൂർണ പിന്തുണ വേണം. പിന്നെ ഒരു കാരണം IAS, IPS ഉദ്യോഗസ്ഥരിൽ നിന്നുമുള്ള സമ്മർദ്ദം. ഇതിനെയൊക്കെ അതിജീവിച്ചില്ലെങ്കിൽ ജേക്കബ് തോമസിന് പകുതി വഴിയിൽ ഉപേക്ഷിക്കേണ്ടി വരും. അതിലും ഭേദം ഇപ്പോഴേ ഗുഡ് ബൈ പറഞ്ഞു പിരിയുകയാണല്ലോ.

പിണറായിയേയും സർക്കാരിനെയും ഇത്രയും നാൾ താങ്ങി നിർത്തിയത് അവരുടെ അഴിമതി വിരുദ്ധ മുദ്രാവാക്യം ആണ്.ആ ഒരു ഇമേജ് വരുത്താ  ഉള്ള  മുഖ്യ  ഉപകരണം വിജിലൻസ് ആയിരുന്നു. വിജിലൻസിനെ അത്തരത്തിൽ  വന്നത് ജേക്കബ് തോമസും. അത് കൊണ്ട് അങ്ങേരെ കൈ വിട്ടാൽ പാർട്ടിയും ഭരണവും അപഹാസ്യരാകും. അതു കൊണ്ട് ജേക്കബ് തോമസ് പറയുന്ന ആവശ്യങ്ങൾ അംഗീകരിക്കാൻ പിണറായായി നിർബന്ധിതനായി.

ഏതായാലും ജനങ്ങൾ സംതൃപ്തരാണ്. ഇനിയും കുറെ അഴിമതികൾ കൂടി പുറത്തു വരുമല്ലോ. 

ഇന്നത്തെ വീക്ഷണം പത്രത്തിന്റെ എഡിറ്റോറിയൽ നോക്കിയാൽ മനസ്സിലാകും ആരാണ് തോമസിനെ പുകച്ചു പുറത്തു ചാടിക്കാൻ നോക്കുന്നത് എന്ന്. (കോൺഗ്രസ്സിന്റെ  വീക്ഷണം)

"യു ഡി എഫ് സര്‍ക്കാരിനെ വെല്ലുവിളിക്കുകയും അന്നത്തെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അപഹസിക്കുകയും ചെയ്ത ധീരതയ്ക്കുള്ള സമ്മാനമായിരുന്നു ജേക്കബ് തോമസിന്റെ വിജിലന്‍സ് ഡയറക്ടര്‍ പദവി. രാജി സ്വീകരിക്കുകയല്ല വേണ്ടത്; ധനകാര്യ പരിശോധനാ റിപ്പോര്‍ട്ട് പ്രകാരം അദ്ദേഹത്തെ പുറത്താക്കുകയാണ് വേണ്ടത്."

2016, ഒക്‌ടോബർ 18, ചൊവ്വാഴ്ച

ഉടുക്ക് കൊട്ട്

മാർക്സിസ്റ്റിന്റെ അനിയനായ സി.പി.ഐ.യുടെ നേതാവ് ഇപ്പോൾ ആരാണെന്നറിയാമോ? കനയ്യ കുമാർ. ഇനി ഈ കനയ്യ ആരാണെന്നറിയാമോ?ജെ.എൻ.യു. വിദ്യാർത്ഥി. ഇനി നേതാവാകാൻ ഇയാളുടെ യോഗ്യത എന്താണെന്നറിയണ്ടേ?  രാജ്യദ്രോഹമായ കുറെ പ്രസ്താവനകൾ നടത്തി എന്നത്. മാത്രമല്ല നരേന്ദ്ര മോദിയെ ഇടയ്ക്കിടെ തെറി വിളിക്കും. പോരെ ഒരു ദേശീയ പാർട്ടിയായ സി.പി.ഐ. നേതാവാകാൻ ഇതൊക്കെ.

ആദർശത്തിന്റെ പേരിൽ പിളർന്ന പാർട്ടി. എസ്.എ. ഡാങ്കെ യെ പ്പോലുള്ള സമുന്നത നേതാക്കൾ നയിച്ച പാർട്ടി. സി. അച്യുത മേനോനെ പ്പോലെ യുള്ളവർ നയിച്ച പാർട്ടി. ആ പാർട്ടിയാണ് ഇപ്പോൾ കനയ്യ കുമാറിനെയെയും പൊക്കിപ്പിടിച്ചു നടക്കുന്നത്.കേന്ദ്രത്തിൽ  സുധാകർ റെഡ്‌ഡി,ഡി.ഐ. രാജ എന്നിവർ ഉണ്ട്.കേരളത്തിൽ നേതാക്കൾ ഇല്ലാഞ്ഞിട്ടാണോ? കാനം രാജേന്ദ്രൻ, ഇസ്‍മായിൽ തുടങ്ങി പ്രഗത്ഭരായവർ. അവരുടെ ഒക്കെ നേതാവായി ആണ് കനയ്യ വരുന്നത്. 

കനയ്യ കുമാറിന്റെ പ്രസംഗം കേട്ടിട്ടുണ്ടോ? അതിനകത്തു ഒന്നുമില്ല. (തലയ്ക്കകത്തു വല്ലതും ഉണ്ടെങ്കിൽ അല്ലേ പുറത്തു വരൂ) .കുറെ ഹിന്ദു വിരുദ്ധ വാചകങ്ങൾ. പിന്നെ ഇടയ്ക്കിടെ നരേന്ദ്ര മോദിയെ കുറെ ചീത്ത വിളിക്കും. തീർന്നു പ്രസംഗം.പ്രസംഗത്തിന്റെ  ഹൈലൈറ് ഇതൊന്നുമല്ല. ആശാൻ വരുമ്പോൾ ഒരു ഗഞ്ചിറയും  (കൊട്ടുന്ന ഉപകരണം) കൊണ്ടാണ് വരുന്നത്. അതും കൊട്ടി മൈക്കിന് മുൻപിൽ എന്തൊക്കെയോ പാടും. സംഭവം ഹിന്ദിയോ മറ്റോ ആണ്.കേട്ട് നിൽക്കുന്നവരുടെ ജോലി കയ്യടിക്കുക എന്നതാണല്ലോ.അവരതു ചെയ്യും. അടുത്തിടെ ഏതോസി.പി.ഐ. മീറ്റിംഗിൽ ഇയാൾ ഡോലക്കും അടിച്ചു പാടി. കേരളത്തിലെ മുതിർന്ന സി.പി.ഐ . നേതാക്കളും മന്ത്രിമാരും ആണ് കൂടെപ്പാടിയത്‌.പത്തും അൻപതും വർഷം ആയി പാർട്ടിയിലുള്ള മുതിർന്ന നേതാക്കൾ.കഷ്ട്ടം തോന്നി.

അല്ലെങ്കിൽ തന്നെ ഇനി വലുതായി വളരാനൊന്നും ഇല്ലാത്ത  പാർട്ടി ആണ് സി.പി.ഐ. മാർക്സിസ്റ് പാർട്ടിയെപ്പോലെ തന്നെ. അവരുമായി കൂടി നിൽക്കുന്നത് കൊണ്ട് കേരളത്തിൽ ഉണ്ട്. അത്ര മാത്രം. അവരോടൊപ്പം ഈ പാർട്ടിയും നാമാവശേഷമാകും. പിന്നെ എന്തിന് ഈ ഉടുക്ക് കൊട്ട് കാരനെ കെട്ടിയെഴുന്നള്ളിച്ചു കൂടെപ്പാടി നടക്കുന്നത്?  കനയ്യാവിനു നന്നായി അറിയാം മോദിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ കഴിയില്ല എന്ന്. സി.പി.ഐ.ക്കും അത് നന്നായി അറിയാം. എന്നിട്ടും ഇയാളെ തലയിലേറ്റി നടക്കുന്ന പാവങ്ങൾ.



2016, ഒക്‌ടോബർ 16, ഞായറാഴ്‌ച

പത്ര ധർമം





അഭിഭാഷകർ മാധ്യമ പ്രവർത്തകരെ കോടതിയിൽ കയറാൻ അനുവദിക്കാത്തതും അവരെ ആക്രമിക്കുന്നതും ശുദ്ധ ഗുണ്ടായിസം  ആണ്. എങ്കിലും രണ്ട് അടി  മാധ്യമങ്ങൾ -പ്രവർത്തകർ - അർഹിക്കുന്നു എന്ന് ജനങ്ങൾക്ക് പലപ്പോഴും തോന്നും. അവര് കാണിക്കുന്ന തോന്നിവാസത്തിനാണത്. സ്വർണം കള്ളക്കടത്തിന് ഒരു ജ്യുവലറിയെ പിടിച്ചു എങ്കിൽ ഈ ചാനലുകാരും പത്രങ്ങളും ഒക്കെ എഴുതുന്നത് എന്താണ്?   " ഒരു പ്രമുഖ ജ്യുവലറിയെ സ്വർണ കള്ളക്കടത്തിന് പിടിച്ചു".  ഇൻകം ടാക്സ് കേസ് പിടിച്ചാൽ പറയും "ഒരു പ്രമുഖ വ്യവസായി" യെ പിടിച്ചു. എന്താ ഇവന്മാർക്ക് പേര് പറഞ്ഞാൽ? കാരണം ഇവിടങ്ങളിൽ നിന്നും കിട്ടുന്ന പരസ്യം കൊണ്ടാണ് ഇവർ ജീവിക്കുന്നത്. അങ്ങിനെ നക്കാപ്പിച്ച കൊടുക്കുന്നവർ എന്ത് കാണിച്ചാലും പത്രത്തിലും ചാനലിലും കൊടുക്കില്ല. എല്ലാം "പ്രമുഖ " എന്ന സർവ നാമത്തിൽ ഒളിപ്പിക്കും. കുറെ വർഷം മുൻപ് ഇത് പോലെ കള്ളക്കടത്തു സ്വർണം പിടിച്ചു. പതിവ് പോലെ "തിരുവനന്തപുരത്തെ പ്രമുഖ ജ്യുവലറി" പിടിക്കപ്പെട്ടു എന്ന സ്ഥിരം പല്ലവി പാത്രത്തിൽ വന്നു.  അത് ഭീമ ജ്യുവലറി ആയിരുന്നു. 

 കാശും പുത്തനും ഉള്ള ആരെയെങ്കിലും കേസിൽ പിടിച്ചാലോ. അവരെ ഒളിപ്പിക്കാൻ മാക്സിമം നോക്കും ഈ പത്രക്കാർ. അവരുടെ പടം എങ്ങും വരാതിരിക്കാൻ. സാധാരണ ജനങ്ങൾ ആണെങ്കിലോ? അവൻ തിരിഞ്ഞും മറിഞ്ഞും നിൽക്കുന്ന ഫോട്ടോകൾ വിഷ്വലുകൾ, മുഴുനീള വീഡിയോകൾ ഒക്കെ കൊടുക്കും. 

ഭക്ഷണത്തിൽ മായം ചേർക്കുന്നതിനും ചീഞ്ഞ ഭക്ഷണം കൊടുക്കുന്നതിനും ഒക്കെ പിടിച്ചാലും ഈ ഗതി തന്നെ. പേര് പറയില്ല ഇവർ. അത് ശരിയാണോ? ജനങ്ങളെ സത്യം അറിയിക്കേണ്ട ബാധ്യത  മാധ്യമങ്ങൾക്കില്ലേ?  ചീഞ്ഞ ഭക്ഷണം വിൽക്കുന്ന കടയുടെ പേരറിഞ്ഞാൽ ജനത്തിന് അത് ഒഴിവാക്കാമല്ലോ. അതാണ് പത്രങ്ങൾക്കും പേടി. പേര് പറയാതിരുന്നാൽ വല്ലപ്പോഴും ആ ഹോട്ടലുകളിൽ പോയി ചിക്കനും മട്ടണും (മദ്യമുണ്ടെങ്കിൽ അതും)  ഓസിന് അടിക്കാമല്ലോ എന്നായിരിക്കും ഇവരുടെ മനസ്സിലിരുപ്പ്.   അഭിഭാഷകരുടെ അടി കിട്ടുമ്പോഴൊക്കെ  ''മാധ്യമ ധർമം'' എന്ന് വിളിച്ചു കൂവുന്ന ഇവർക്ക് ഹോട്ടലുകളിലെ ഈ കുറ്റ കൃത്യങ്ങൾ ജനങ്ങളെ അറിയിക്കാനുള്ള ഉത്തരവാദിത്വം ഇല്ലേ? വിഷ ഭക്ഷണം കഴിച്ചു ആളുകൾ മരിക്കുന്നതു ഒഴിവാക്കാനുള്ള  ബാധ്യത ഇല്ലേ? സത്യം അറിയിക്കേണ്ട ധർമം ഇല്ലേ? 

 ഉന്നതങ്ങളിൽ ഇരിക്കുന്നവരെ,വ്യവസായികളെ വെറുതെ അധിക്ഷേപിക്കണം എന്ന് പറയുന്നില്ല. ഊഹാ പോഹങ്ങൾ പ്രചരിപ്പിപ്പിക്കുകയും അരുത്. പക്ഷെ ആളുകൾ ആരാണെന്നു അറിഞ്ഞാൽ, അവരുടെ പേരിൽ കേസ് എടുത്താൽ ആ സ്ഥാപനം,ആള് ആരാണെന്നു ഒളിച്ചു വയ്‌ക്കേണ്ട ആവശ്യം എന്താണ്? അതാണ് പത്രക്കാരുടെ  കള്ളക്കളി.  

ഇന്നലെ തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ ഫുഡ് സേഫ്റ്റി വിങ് പരിശോധന നടത്തുകയും വൃത്തിഹീനമായ ഹോട്ടലിനു 50,0000 രൂപ പിഴയിടുകയും, കാര്യങ്ങൾ നേരെയാക്കാൻ നോട്ടീസ് കൊടുക്കുകയും ചെയ്തു. വാർത്ത വന്നു. പതിവ് പോലെ. "നഗരത്തിലെ മുന്തിയ ഹോട്ടലിൽ റെയിഡ്"  പത്രം മനോരമ തന്നെ.  

പുഴു നുരയ്ക്കുന്ന പഴം. (പുഴുവിന്റെ ഫോട്ടോ സഹിതം ആയിരുന്നു പരാതി). സാദാ ഹോട്ടൽ അല്ല. 4 സ്റ്റാർ ലക്ഷുറി ബിസിനസ്സ് ഹോട്ടൽ . HOTEL SP GRAND DAYS. ഇവിടത്തെ ഭക്ഷണത്തിന്റെ റേറ്റ് അപാരമായിരിക്കുമല്ലോ. അത്രയും കൂടുതൽ പണം മുടക്കി കഴിക്കുന്ന ആൾക്കാരെയാണ് പഴകിയ ഭക്ഷണം വൃത്തിഹീനമായ ചുറ്റുപാടിൽ ഉണ്ടാക്കി നൽകി   ഈ  ഫോർ സ്റ്റാർ ഹോട്ടൽ ചതിക്കുന്നത്. 



2016, ഒക്‌ടോബർ 15, ശനിയാഴ്‌ച

ചിറ്റപ്പന്റെ രാജി

ഗത്യന്തരമില്ലാതെ മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്ന ജയരാജന് ഒരു ത്യാഗി, രക്തസാക്ഷി പരിവേഷം നൽകാനുള്ള തീവ്ര യത്നത്തിലാണ് മാർക്സിസ്റ് പാർട്ടി. ജയരാജന്റെ രാജി അറിയിച്ചു കൊണ്ടുള്ള കോടിയേരിയുടെ  പത്ര സമ്മേളനത്തിൽ അതിനുള്ള യജ്ഞങ്ങൾ തുടങ്ങി. തെറ്റ്  ചെയ്തത് ഏറ്റു പറഞ്ഞു, ധാർമിക മൂല്യം ഉയർത്തി പ്പിടിച്ചു ജയരാജൻ രാജി സന്നദ്ധത പാർട്ടിയെ അറിയിച്ചു എന്നൊക്കെയാണ്  കോടിയേരി പറഞ്ഞത്.  പാർട്ടിയാകട്ടെ വീണ്ടും പാർട്ടിയുടെ  വകയായി കുറച്ചു ധാർമികത കൂടി  ചേർത്ത്  ഉയർത്തിപ്പിടിച്ചു  രാജി സ്വീകരിച്ചു എന്നും  കോടിയേരി പറഞ്ഞു. ജയരാജനും പിണറായിക്കും  പാർട്ടിക്കും  ധാർമികത  ഉയർത്തി പിടിക്കാൻ 9 ദിവസം വേണ്ടി വന്നു എന്നതാണ്  അത്ഭുതം. സംഭവം പുറത്തു വന്ന ദിവസം ജയരാജൻ പറഞ്ഞത് തന്റെ ബന്ധുക്കൾ പലയിടത്തും കാണും, അതിനെന്തു വേണം എന്നാണ്. പിന്നെ 9  ദിവസം കൊണ്ടാണ് ജയരാജനും പാർട്ടിക്കും ധാർമികത വളർന്നത്.

ഇതിനിടെ കൂനിന്മേൽ കുരു എന്നത് പോലെ വിജിലൻസ് കേസും എടുത്തു. വെട്ടിലായത് വിജിലൻസ് ഡയറക്ടർ ആണ്. കേസെടുത്താൽ പിണറായി പിണങ്ങും. അത് കൊണ്ട് ഈ 9 ദിവസവും അതിന്റെ നിയമ വശങ്ങൾ ചർച്ച ചെയ്യൽ ആയിരുന്നു. ചർച്ച- ചർച്ച- ചർച്ച തന്നെ. അവസാനം പിണറായിയെ കണ്ടു കാര്യം പറഞ്ഞു. പിണറായി നോക്കിയപ്പോൾ ജയരാജനെ ഒതുക്കാൻ വിജിലൻസ് തന്നെ ഒരവസരം. അങ്ങിനെ യെസ് പറഞ്ഞു. അതോടെ ജയരാജനും പാർട്ടിയും  ധാർമികത ഉയർത്തിപ്പിടിച്ചു. ജേക്കബ് തോമസിന്റെ നീക്കം വളരെ ബുദ്ധിപരം ആയിരുന്നു. പിണറായിയുടെ അനുവാദം ഇല്ലാതെ കേസ് എടുത്താൽ എന്തെങ്കിലും കേസോ കാര്യമോ പറഞ്ഞു ജേക്കബ് തോമസിനെ ഒഴിവാക്കും. മാണിയെയും  ബാബുവിനെയും  ഒന്ന് നിരപ്പാക്കാൻ അവസരം കിട്ടാതെ പോകും. ഇത് അൽപ്പം നാണം കേട്ടെങ്കിലും കാര്യം സാധിച്ചെടുത്തല്ലോ.

മീഡിയ ആണ്  ജയരാജനെയും പാർട്ടിയെയും രാജിക്ക് നിർബ്ബന്ധിതരാക്കിയത്. സോഷ്യൽ മീഡിയ അത്  തുടങ്ങി വച്ചു. ഒന്ന് രണ്ടു ചാനൽ  അത് ഏറ്റെടുത്തു. മടി കാണിച്ച നിന്ന ചാനലുകളും ചർച്ച തുടങ്ങാൻ നിർബ്ബന്ധിതരായി. അങ്ങിനെ എല്ലാ ചാനലുകളും നിരന്തരം ഇത് വിഷയമാക്കി. ഈ 9 ദിവസവും അന്തി ചർച്ച ഈ വിഷയം ആയിരിക്കുന്നു. സംഭവം ലോകം മുഴുവൻ അറിഞ്ഞു. ചർച്ചകളിൽ മാർക്സിസ്റ് പാർട്ടിയുടെ, ഇടിച്ചു കയറി ചെന്ന് അട്ടഹാസം മുഴക്കുന്ന സ്ഥിരം കക്ഷികൾ ആരും ചെന്നില്ല. പാർട്ടിയുടെ പുറകെ നടക്കുന്ന, ഇടതു ചിന്തകൻ എന്നൊക്കെ പേര് ചാർത്തി വാങ്ങിയ ചില പാവങ്ങൾ മാത്രമാണുണ്ടായിരുന്നത്. അവരാകട്ടെ ഒന്നും  മിണ്ടാനാകാതെ ഇരുന്നു. ഏതായാലും ഇനിയും താങ്ങാൻ കഴിയില്ല എന്നൊരു നില വന്നപ്പോൾ രാജി എന്ന കാര്യം സംഭവിച്ചു. ട്രോൾ കൊണ്ടും അഭിപ്രായം കൊണ്ടും സോഷ്യൽ മീഡിയ നടത്തിയ ഒരു ഉത്സവം ആയിരുന്നു ചിറ്റപ്പന്റെ ജോലി കൊടുപ്പ്. ന്യു ജെൻ ഭാഷയിൽ പറഞ്ഞാൽ സോഷ്യൽ മീഡിയയുടെ ഒരു പൊങ്കാല.  ആറ്റുകാൽ പൊങ്കാലയെക്കാൾ ഭീമമായ പൊങ്കാല.

മീഡിയ കൊണ്ടാണ് ഇതൊക്കെ സംഭവിച്ചത് എന്ന് പറഞ്ഞാൽ അതിനെ ചോദ്യം ചെയ്യുന്നവരും  ഉണ്ടാകും. 9 ദിവസത്തെ യുദ്ധം കൊണ്ട് ഒരു മന്ത്രി രാജി വച്ച് എന്ന് പറയുകയാണെങ്കിൽ  സോളാർ, സരിത, ബാർ കോഴ ഇങ്ങിനെ ഡസൻ കണക്കിന് അഴിമതിക്കേസുകളെ  കഴിഞ്ഞ 5  വർഷം തുടർച്ചയായി ചാനലുകളും ജനവും സോഷ്യൽ മീഡിയകളും ചർച്ച ചെയ്തിട്ടും ഒരു മന്ത്രി പോലും രാജിവച്ചില്ലല്ലോ എന്നൊരു മറു ചോദ്യം ഉണ്ടാവുക സ്വാഭാവികം. അന്ന് വിജിലൻസ് എന്നാൽ ഉമ്മൻ ചാണ്ടിയുടെ ഭൃത്യന്മാർ ആയിരുന്നു. ആര്  എങ്ങിനെയൊക്കെ തലകുത്തി നിന്നാലും വിജിലൻസ് ഒരു നടപടിയും എടുക്കില്ല. അത് മാത്രമല്ല കേസൊന്നും ഇല്ല എന്നും പറയും. പോലീസും അത് പോലെ തന്നെ.  ഇവിടെ സംഭവിച്ചത് യു.ഡി.എഫ്. നേതാക്കളെ പിടിക്കാൻ ജേക്കബ് തോമസിനെ അഴിച്ചു വിട്ടു. ജയരാജന് വേണ്ടി തിരിച്ചു പിടിച്ചു കെട്ടാൻ അൽപ്പം ബുദ്ധിമുട്ട് ആയി. കോടതികളും ഇടപെടും. അങ്ങിനെ വെട്ടിലായതാണ് പിണറായി. ഏതായാലും ഒരാൾ പോയി. ഇനി പഴയ യു.ഡി.എഫ്. നിയമനങ്ങളും അന്വേഷണത്തിൽ വരുന്നു. കാത്തിരുന്നു കാണാം.

2016, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

തീവ്രവാദം

കൊച്ചിയിലെ പീസ്  സ്‌കൂളിൽ മത പരിവർത്തന ക്ളാസുകളും തീവ്രവാദ ക്ളാസുകളും എന്തിന് IS ലേക്കുള്ള റിക്രൂട്മെന്റ് നടന്നു എന്നതിന് തെളിവുകൾ  ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. കൊച്ചു കുട്ടികളിൽ വരെ വർഗീയ വിഷം കുത്തി വയ്ക്കുന്നു എന്നതിന്റെ ഞെട്ടിപ്പിക്കുന്ന തെളിവാണ് രണ്ടാം ക്ലാസിലെ പാഠ പുസ്തകം. 




മുസ്ലിം മതത്തിലേക്ക് പരിവർത്തനം നടത്തേണ്ടതിന്റെ ആവശ്യകത യെ ക്കുറിച്ചാണ് രണ്ടാം  ക്ലാസിലെ ഈ പാഠ പുസ്തകത്തിൽ പഠിപ്പിക്കുന്നത്.  രണ്ടാം ക്ലാസ് എന്ന് പറയുമ്പോൾ കുട്ടികൾക്ക് 6 വയസ്സ്. ആ പ്രായത്തിലാണ് ഈ വിഷം കുത്തിവയ്ക്കുന്നത്. IS ൽ ചേർന്ന് സിറിയയിലേക്ക് പോയ 21  പേരിൽ 6 പേർ ഈ സ്‌കൂളിൽ ജോലി ചെയ്തിരുന്നവരാണ്.

ഈ സ്‌കൂളിലെ മത തീവ്ര വാദ പ്രവർത്തനങ്ങൾ തുടങ്ങുന്നത് ഇന്നോ ഇന്നലെയോ അല്ല. വളരെ വർഷങ്ങളായി സ്‌കൂളിന്റെ മറവിൽ ഇറ്റ് ഭീകര പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. സമൂഹത്തിലെ മാന്യന്മാർ എൻ മുഖം മൂടി ധരിച്ച  പല പണക്കാരും വ്യവസായികളും ഇതിന്റെ പിന്നിൽ ഉണ്ട് എന്നാണു NIA അന്വേഷണത്തിൽ തെളിഞ്ഞത്.സ്‌കൂളിന് അംഗീകാരവുംമ ഇല്ല.  ഇത്രയും വർഷങ്ങളായി ഇത്തരത്തിൽ തീവ്ര വാദം നടത്തുന്ന സ്‌കൂൾ ഉണ്ടായിട്ട് കേരളത്തിലെ പോലീസ് അറിഞ്ഞില്ലെന്നാണോ നമ്മൾ കരുതേണ്ടത്? വളരെ ശക്തമായ ഇന്റലിജൻസ് സംവിധാനം പൊലീസിന് ഉണ്ട്. അത് പ്രകാരം ഈ വിവരം മേലധികാരികളെ അറിയിച്ചു കാണും.  അത് ഭരണത്തിലിരിക്കുന്ന ഉന്നതരുടെ അറിവിൽ എത്തിയിട്ടും ഉണ്ടാകും. ഇവിടെ കഴിഞ്ഞ 10 വർഷമായി ദേശ വിരുദ്ധ തീവ്ര വാദ പ്രവർത്തനങ്ങൾ നടക്കുന്നു എന്ന് പൊലീസിന് അറിയാം എന്ന് അത് അന്വേഷിച്ച ടി.പി. സെൻ കുമാർ ഡി.ജി.പി. രണ്ടു ദിവസം മുൻപ് പറയുകയുണ്ടായി. വിശദമായ  റിപ്പോർട്ട് നൽകി എന്നും പറയുന്നു. അതിനർത്ഥം 2006 -11 ഭരിച്ച കമ്മ്യുണിസ്റ് കാർക്കും 2011 -16  ഭരിച്ച കോൺഗ്രസ്സ് കാർക്കും ഈ വിവരം  അറിയാമായിരുന്നു എന്നല്ലേ? എന്നിട്ടും ആരും ഇതിനെതിരെ ഒരു നടപടിയും എടുത്തില്ല. 

എന്ത് കൊണ്ട് ഭീകര പ്രവർത്തനം തടയാൻ വേണ്ടി കേരളം ഭരിച്ച സർക്കാരുകൾ  ഒരു നടപടിയും എടുത്തില്ല എന്നൊരു പ്രസക്തമായ ചോദ്യം ഇവിടെ ഉദിക്കുന്നു. ഇത് ഒളിച്ചു വയ്ക്കാൻ അവർക്കെന്തായിരുന്നു താൽപ്പര്യം? ഇത് നമ്മൾ അന്വേഷിക്കണ്ടേ? 

വിദേശത്തു നിന്നും കോടികളാണ് ഈ സ്‌കൂളിലേക്കും ഇതിന്റെ ഡയറക്ടർ മാരായ വ്യവസായ പ്രമുഖരിലേയ്ക്കും എത്തിയത് എന്നാണു NIA യുടെ നിഗമനം. അങ്ങിനെയെങ്കിൽ ഭരണക്കാരുടെ വായ് അടപ്പിക്കാൻ വേണ്ടി, ഈ സ്‌കൂളിന്റെ മറവിൽ ദേശദ്രോഹ-ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്ന ആളുകളെ രക്ഷിക്കാനും അവരുടെ നടപടികൾ ഒളിച്ചു വയ്ക്കാനും വേണ്ടി  അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് പണം നൽകിക്കാണും എന്നൊരു സാധ്യത ഇല്ലേ? അത് കൂടി NIA അന്വേഷിക്കേണ്ടി ഇരിക്കുന്നു.

2016, ഒക്‌ടോബർ 12, ബുധനാഴ്‌ച

ചാനൽ അഭിമുഖം

"തലയിൽ മുണ്ടിട്ടല്ല മകന് അമൃതയിൽ മെഡിസിന് പ്രവേശനം വാങ്ങാൻ പോയത്" എന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഇങ്ങിനെ ഗീർവാണം അടിക്കുന്നത്. 

 ഇപ്പോൾ ഇത്തരം ചാനൽ  അഭിമുഖങ്ങൾ കൂടിക്കൂടി വരുന്നു.പത്ര സമ്മേളനം നടത്തുന്നതിനേക്കാൾ  ഇഫക്ടീവ് ആണ് ഈ അഭിമുഖം എന്ന പരിപാടി.  പെയ്ഡ് ന്യൂസ് എന്ന് പറയുന്നതിന്റെ മറ്റൊരു വകഭേദം. പരിചയമുള്ള, തങ്ങളോട് രാഷ്ട്രീയ ചായ്‌വുള്ള,അല്ലെങ്കിൽ വ്യക്തമായും കാശ് കൊടുത്തു് ഒരു ചാനലിനെ സംഘടിപ്പിക്കുന്നു. ചാനലിന് ഗുണം പലത്. നേരിട്ടുള്ള  സാമ്പത്തികം. പിന്നെ പരസ്യത്തിൽ നിന്നുള്ള വരുമാനം. പിന്നെ എന്താണ് സംഭവിക്കുന്നത് എന്നറിയാൻ ആൾക്കാർ കാണുന്നത് കൊണ്ട് ഉണ്ടാകുന്ന റേറ്റിംഗ്. ( രണ്ടു ദിവസം മുൻപേ തുടങ്ങും ഇവരുടെ അനൗൺസ്‌മെന്റ് ...കാണുക....ന്റെ അഭിമുഖം... ഇന്ന് രാത്രി 7.30 ന്. പിന്നെ അയാൾ പറഞ്ഞ രണ്ടു വാചകങ്ങൾ അടങ്ങിയ ഒരു ക്ലിപ്പിങ്ങും.) ജനം അത് നോക്കി ഇരിക്കും. വളരെ ഷാർപ് എന്ന രീതിയിൽ ആണ് ചോദ്യങ്ങൾ. അയാൾക്ക് പറയാനുള്ള കാര്യങ്ങൾ പറയാൻ പാകത്തിലുള്ള ചോദ്യങ്ങൾ ആയിരിക്കും ചോദിക്കുന്നത്. അല്ലാതെ പൊളിച്ചു കാണിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളോ, കുറിക്കു കൊള്ളുന്ന  തരത്തിലുള്ള അസൗകര്യമായ  ചോദ്യങ്ങളോ ഒന്നും കാണില്ല. ഒരു തരം തട്ടിപ്പ്. ഇപ്പോൾ സത്യം പുറത്തു വരും എന്ന് വിചാരിച്ചു കണ്ടിരിക്കുന്ന ജനം മണ്ടു  കൊജ്ഞാടൻമാർ. ബോബി ചെമ്മണൂരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ വന്നപ്പോൾ എല്ലാ ചാനലുകാർക്കും ഇന്റർവ്യൂ കൊടുത്തത് നമ്മൾ കണ്ടല്ലോ. അയാൾക്ക് പറയാനുള്ളത് പറയാൻ ഒരു അവസരം സംഘടിപ്പിക്കുന്നു. കോടികൾ പരസ്യത്തിന് ചെമ്മണ്ണൂരിന്റെ കയ്യിൽ നിന്നും കിട്ടുന്നത് കൊണ്ട് ചാനലുകാർ അയാൾ പറയുന്ന ചോദ്യങ്ങൾ ചോദിച്ചു നമ്മളെ വിഡ്ഢികൾ   ആക്കികൊണ്ടിരിക്കും.

ചെന്നിത്തലയുടെ ഏഷ്യാ നെറ്റ് അഭിമുഖം നോക്കാം. ജിമ്മി എന്ന ആളാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. ജിമ്മിയുടെ ആ ഇരിപ്പും ഭാവവും ചോദ്യത്തിന്റെ രീതിയും ഒക്കെ കണ്ടാൽ തോന്നും ചെന്നിത്തലയ്ക്ക് ഇപ്പോൾ ഉത്തരം മുട്ടും കള്ളി വെളിച്ചത്താകും എന്നൊക്കെ. ആ ടെമ്പോ അവസാനം വരെ നില നിർത്തും. അതാണ് ഇവരുടെ കളി.  അവസാനം ചെന്നിത്തലയ്ക്കു ആവശ്യമുള്ളത്, ജനങ്ങളെ അറിയിക്കേണ്ടത് മാത്രം അറിയിച്ചു നമസ്‍കാരം പറഞ്ഞു എണീറ്റ് പോകും. എന്തിനായിരുന്നു ഈ അഭിമുഖ നാടകം എന്ന് അപ്പോഴാണ് ജനത്തിന് മനസ്സിലാകുന്നത്.  സ്വന്തം മകൻ എം.ബി.ബി.എസിനും അത് കഴിഞ്ഞു എം.ഡി. യ്ക്കും അമൃതയിൽ പഠിക്കുന്ന കാര്യം ചോദിക്കുമ്പോൾ പറയുന്നത് വി.എസിന്റെയും ശർമയുടെയും മറ്റു രാഷ്ട്രീയക്കാരുടെയും മക്കൾ പഠിക്കുന്നു എന്നാണ്. അമൃത ഡീംഡ്   യൂണിവേഴ്സിറ്റി ആയതിനെതിരെ കേസ് പോയ സർക്കാരിന്റെ മന്ത്രി ആയിരുന്നല്ലോ എന്ന ചോദ്യത്തിന് മറ്റൊരുത്തരം. ഫീസ് വെറും ഒന്നോ ഒന്നരയോ ലക്ഷം മാത്രം. അതിനു 7  ലക്ഷം ബാങ്ക് വായ്പ എടുത്തിട്ടുണ്ട്. ഹൌസ് സർജൻസിയ്ക്കു മാസം 25000 രൂപ വച്ച് കിട്ടിയതു വായ്പ തിരിച്ചടക്കാനും ഉപയോഗിച്ചു. അങ്ങിനെ 3 ലക്ഷം കണക്കിൽ കാണിച്ചു. എത്ര സത്യ സന്ധനായ നേതാവ്. MBBS നും MD യ്ക്കും എങ്ങിനെ അഡ്മിഷൻ കിട്ടി എന്ന ചോദ്യം ചോദിച്ചില്ല. മെറിറ്റിൽ ആണോ  കാശ് കൊടുത്തോ, അധികാരം പ്രയോഗിച്ചോ എന്നൊന്നും ചോദിച്ചില്ല.  ചോദിക്കാത്തതിന്  ഉത്തരം പറയേണ്ടല്ലോ. 

രാഷ്ട്രീയത്തിന്റെ നിറത്തിൽ ഇവർക്കൊക്കെ കീജെയ് വിളിക്കുന്ന നമ്മളെ വേണം കുറ്റം പറയാൻ. ഇവർക്കൊക്കെ പുറകെ നടന്ന എത്ര പാവപ്പെട്ടവർക്ക് അവരുടെ പഠിക്കുന്ന മക്കൾക്ക് പണം ഇല്ല എന്ന ഒറ്റക്കാരണം കൊണ്ട് MBBS പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്നു. എന്നിട്ടും നമ്മൾ ഇവർക്ക് ജയ് വിളിച്ചു നടക്കുന്നു. 

2016, ഒക്‌ടോബർ 11, ചൊവ്വാഴ്ച

റേഷൻ കരിഞ്ചന്ത

പാവപ്പെട്ടവർക്ക് റേഷൻ കട വഴി നൽകിയിരുന്ന അരിയുടെ വിലയിൽ വർധനവും അളവിൽ കുറവും ആണ്  ഇനി മുതൽ  കേരളത്തിൽ. കേന്ദ്രം കൊണ്ട് വന്ന ഭക്ഷ്യ  ഭദ്രത നിയമം കേരളം നടപ്പിലാക്കാത്തതിനാലാണ് ഇവിടത്തെ പാവപ്പെട്ടവർക്ക് ഈ ഗതി വന്നത്.  

Image result for ration shop owner says giving bribe asianet

2013ൽആണ് ഈ നിയമം കേന്ദ്ര കൊണ്ട് വന്നത്. National Food Secuiryt Act 2013. ഭാരതത്തിലെ  125 കോടി ജനനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗത്തിന്,  അതായത്  42 കോടി ജനങ്ങൾക്ക് സബ്‌സിഡി നൽകി കുറഞ്ഞ നിരക്കിൽ ഭക്ഷ്യ സാധനങ്ങൾ നൽകുക എന്നതാണ് ഈ നിയമം കൊണ്ട് ഉദ്ദേശിച്ചത്.  നിയമം ആയിട്ട് ഈ സെപ്റ്റംബറിൽ  മൂന്നു വർഷം കഴിയുന്നു. 3 വർഷം കഴിഞ്ഞിട്ടും ആ നിയമം നടപ്പിലാക്കാൻ കേരളത്തിന് കഴിഞ്ഞിട്ടില്ല എന്നത് ഇവിടത്തെ ഭരണകർത്താക്കൾ പാവപ്പെട്ടവർക്ക്   വേണ്ടി ഒന്നും ചെയ്യുന്നില്ല എന്നതിന്റെ ഒരു ഉദാഹരണം കൂടിയാണ്. കേരള സർക്കാരിന് പണച്ചിലവില്ലാത്തതാണ് ഈ പദ്ധതി. കാരണം ഇതിന്റെ സബ്‌സിഡി മുഴുവൻ കേന്ദ്രം ആണ് നൽകുന്നത്. എന്നിട്ടും പദ്ധതിയ്ക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞ മൂന്നു വർഷമായി കേരളത്തിന് സാധിച്ചില്ല.

നിയമം വന്നിട്ട് രണ്ടര വർഷത്തിലേറെ ഭരിച്ചത് ഉമ്മൻ ചാണ്ടി സർക്കാരാണ്. അവർ പൂർണമായും അനാസ്ഥയാണ് കാണിച്ചത്. പുതുതായി വന്ന പിണറായി സർക്കാരും പഴയ സർക്കാരിന്റെ അതെ പാത പിന്തുടർന്നു. 4 മാസം ഭരിച്ചിട്ടും ഈ പ്രശ്നത്തിന് മുൻഗണന നൽകാൻ പിണറായിക്കും കഴിഞ്ഞില്ല. ഇതിനിടയ്ക്ക്നൂറു കണക്കിന്  ബന്ധു നിയമനത്തിന് അവർ സമയം കണ്ടെത്തി. പക്ഷേ വിശക്കുന്നവനു ആഹാരം നൽകാൻ കേന്ദ്രം നൽകുന്ന സഹായം പാവപ്പെട്ടവന് എത്തിക്കാൻ അവർക്കു സമയമില്ലാതെ പോയി.

കേരളത്തിലെ റേഷൻ സംവിധാനത്തിൽ നടക്കുന്ന തട്ടിപ്പും ചൂഷണവും കൊണ്ടാണ് കേന്ദ്ര നിയമം നടപ്പാക്കാത്തത്. കേന്ദ്രം നൽകുന്ന അരി റേഷൻ കടകളിൽ എത്താറില്ല. അത് മറിച്ചു വിൽക്കുന്നു. മില്ലുകളിൽ കുത്താൻ കൊടുക്കുന്ന നെല്ല് അരിയായി വരുമ്പോൾ അത്റേഷൻ കടയിൽ എത്താതെ  സ്വകാര്യ കച്ചവടക്കാർക്കാണ് പോകുന്നത്. റേഷൻ കടകളിൽ എത്തുന്നത് പുഴുവരിച്ച അരിയും ഗോതമ്പും. ഇതിനൊക്കെ സർക്കാർ ഉദ്യോഗസ്ഥരും കൂട്ട് നിൽക്കുന്നു. അടുത്തിടെ ഒരു ചാനലിൽ ഒരു റേഷൻ കടയുടമ പറയുകയുണ്ടായി. 'കരിഞ്ചന്ത നടത്തുന്നത് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനാണ്' എന്ന്. ഇതൊക്കെ സർക്കാർ അറിഞ്ഞാണല്ലോ നടക്കുന്നത്. അഴിമതി ഇല്ലാതാക്കും എന്ന് പറഞ്ഞു വന്ന ഇടതു സർക്കാർ അഴിമതിയിൽ മുങ്ങി കുളിച്ചു നിൽക്കുന്നു. 

റേഷൻ കടകളിൽ നിന്നും ഭക്ഷ്യ സാധങ്ങൾ   സബ്‌സിഡി നിരക്കിൽ കിട്ടുന്നതു കൊണ്ട് മാത്രം ആഹാരം കഴിച്ചു ജീവിക്കുന്ന   ഒരു കൂട്ടം ജനം ഇവിടെ ഉണ്ട് എന്ന സത്യം പലപ്പോഴും എല്ലാവരും മറക്കുന്നു. റേഷൻ കടകളിൽ നിന്നും പുഴുത്ത അരിയായാൽ പോലും വാങ്ങുന്ന ഒരു ജന വിഭാഗം. അവരെയാണ് സൗകര്യ പൂർവം സർക്കാരും ജനങ്ങളും മറന്നു പോകുന്നത്.

2016, ഒക്‌ടോബർ 8, ശനിയാഴ്‌ച

എം.ഡി. നിയമനം

"എനക്ക് അറിയില്ല ". എന്ത് ചോദിച്ചാലും ഈ ഉത്തരം പറയുന്ന ഒരു മുഖ്യ മന്ത്രി ആണ് കേരളത്തിന് കിട്ടിയത്.ഒന്നും അറിഞ്ഞു കൂടാത്ത മുഖ്യ മന്ത്രി. ജിഷ വധ ക്കേസ്സായാലും,സൗമ്യ വധക്കേസിന്റ് സുപ്രീം കോടതിയിലെ വാദം ആയാലും, സ്വാശ്രയ മെഡിക്കൽ കോളേജ് സീറ്റ് കച്ചവടം ആയാലും മുഖ്യ മന്ത്രി പറയുന്ന മറുപടി ഇത് തന്നെ.  "അറിയില്ല ".

ഏറ്റവും അവസാനം അറിഞ്ഞു കൂടാ എന്ന് മുഖ്യ മന്ത്രി  പറഞ്ഞത് വ്യവസായ വകുപ്പിലെ പ്രധാനപ്പെട്ട ഒരു നിയമനത്തെ കുറിച്ചാണ്. കെ.എസ്.ഐ.ഇ. യിൽ മാനേജിങ് ഡയറക്ടർ ആയി   വ്യവസായ മന്ത്രി  ഇ.പി. ജയരാജന്റെ ഭാര്യാ സഹോദരിയുടെ മകനെ  (പി.കെ. ശ്രീമതി എം.പി. യുടെ മകൻ കഴിഞ്ഞ തവണ   മന്ത്രിയായിരുന്ന  ശ്രീമതി തന്റെ മരുമകളെ സ്വന്തം അരിവെപ്പുകാരിയായി എടുത്തു പിന്നെ പേർസണൽ സ്റ്റാഫിൽ ആക്കി പെൻഷനും വാങ്ങി കൊടുത്തു.)  നിയമിച്ച വിവരം ആണ്. ഇത്രയും പ്രധാനപ്പെട്ട ഒരു പൊതു മേഖലാ സ്ഥാപനത്തിന്റെ മുഖ്യ അധികാരി ആയി നടത്തിയ നിയമനം അദ്ദേഹം അറിഞ്ഞില്ല.   വ്യവസായ മന്ത്രിയുടെ ജ്യേഷ്ടന്റെ മകന്റെ ഭാര്യയെ കേരളാ ക്ലെയ്‌സ് ആൻഡ് സിറാമിക്സ് എന്ന പൊതു മേഖല സ്ഥാപനത്തിന്റെ ജനറൽ മാനേജർ ആയി നിയമിച്ചതും മുഖ്യ മന്ത്രി അറിഞ്ഞു കാണില്ല.കിൻഫ്രാ വീഡിയോ പാർക്കിന്റെയും, കിൻഫ്ര അപ്പാരൽ പാർക്കിന്റെയും മാനേജിങ് ഡയറക്ടർമാർ ആയി നിയമിച്ചതും പാർട്ടി സഘാക്കളുടെ ബന്ധുക്കളെയാണ്. യാതൊരു യോഗ്യതയും ഇല്ലാത്തവരെയാണ് ഈ നിയമനങ്ങളിലൂടെ പൊതു മേഖല സ്ഥാപനങ്ങളുടെ തലപ്പത്തു എത്തിച്ചത്. സ്വജന പക്ഷപാതത്തിന്റെ ഉത്തമ ഉദാഹരണങ്ങൾ ആണ് ഇവയെല്ലാം. ഇനിയും പലതും പുറത്തു വരാനുമുണ്ട്.

എന്താണ് മുഖ്യ മന്ത്രി ഇങ്ങിനെ ഒന്നും അറിയാതെ പോകുന്നത്? കേരളത്തിലെ കുഞ്ഞു കുട്ടിയടക്കം എല്ലാവരും അറിഞ്ഞ കാര്യം പോലും  മുഖ്യ മന്ത്രി അറിയാറില്ല. മുഖ്യ മന്ത്രി എന്നതു കൂടാതെ കേരളത്തിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ ചാർജ് കൂടി ഉള്ള ആളാണ് ഈ മുഖ്യ മന്ത്രി.  ലോക് നാഥ് ബെഹ്‌റയ്‌ക്കു കീഴിലുള്ള സുസജ്ജമായ പോലീസ് സേന ആഭ്യന്തര മന്ത്രിയുടെ കീഴിലാണ്. ഒരു വിരൽ ഞൊടിച്ചാൽ കേരളത്തിലെ എല്ലാ വിവരങ്ങളും പോലീസ്  ഇന്റലിജൻസ് സംവിധാനത്തിലൂടെ മുഖ്യ മന്ത്രിയ്ക്ക് കിട്ടും. എന്നിട്ടും കേരളത്തിൽ നടക്കുന്ന പല സംഭവങ്ങളും സുപ്രധാനമായ പല തീരുമാനങ്ങളും മുഖ്യ  മന്ത്രി  അറിയുന്നില്ല. ചില കാര്യങ്ങളൊക്കെ തന്റെ ഭരണത്തിന്റെ പിടിപ്പുകേടാണെന്ന് മനസ്സിലായത് കൊണ്ടും  അത് തന്നെ പ്രതികൂലമായി ബാധിക്കും എന്ന് അറിയാവുന്നതു കൊണ്ടും ആണ് "എനക്ക് അറിയില്ല" എന്ന മറുപടി പറഞ്ഞു മുഖ്യ മന്ത്രി ഒഴിയുന്നത്. അത്  നമുക്ക് വ്യക്തമായി മനസ്സിലാക്കാൻ  കഴിയും.

പക്ഷെ പൊതു മേഖല നിയമനങ്ങൾ പോലുള്ള മറ്റു കാര്യങ്ങൾ  അറിയില്ല എന്ന് മുഖ്യ മന്ത്രി പറയുന്നത് സത്യ സന്ധമായിട്ടാണ്  എന്ന് നമ്മൾ വിശ്വസിക്കേണ്ടി ഇരിക്കുന്നു. മുഖ്യ മന്ത്രിയെ അറിയിക്കാതെ കാര്യങ്ങൾ നടക്കുന്നു എന്നർത്ഥം.  മുഖ്യ മന്ത്രിയെ ഒഴിവാക്കി സർക്കാരിൽ സ്വന്തം താൽപ്പര്യങ്ങൾ നടത്തിയെടുക്കാൻ ഉള്ള ഒരു സംഘം പാർട്ടിയിൽ ഉണ്ട് എന്ന് തന്നെയാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്.അവരാണ് ഈ കളികൾ ഒക്കെ കളിക്കുന്നത്. അവർ ശക്തി പ്രാപിച്ചു വരുന്നും ഉണ്ട്.  കെ.എസ്.ഐ.ഇ. മാനേജിങ് ഡയറക്ടർ ആയി നടത്തിയ നിയമനത്തിന്റെ തീരുമാനം എടുത്തത്  മുഖ്യ മന്ത്രി പങ്കെടുക്കാത്ത അവൈലബിൾ പോളിറ്റ് ബ്യുറോ യിൽ ആണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. ( കേരളത്തിൽ മാത്രം ഒതുങ്ങിയ ഒരു പ്രാദേശിക പാർട്ടി ആണെങ്കിലും സെറ്റ് അപ്പ് ഒക്കെ   ഗംഭീരമാണ്. പോളിറ്റ്  ബ്യുറോ, സെൻട്രൽ കമ്മിറ്റി എന്നൊക്കെ യുള്ള പേരുകൾ ഇപ്പോഴും അവർ കൊണ്ട് നടക്കുന്നു).  

മുഖ്യ മന്ത്രിയെ ഒതുക്കുകയാണ് ഈ പാർട്ടി ഇന്നർ ഗൂപ്പിന്റെ ലക്ഷ്യം. പിണറായി വിജയനെ  മറ്റൊരു വി.എസ്. ആക്കി മാറ്റുക എന്നത്. മുഖ്യ മന്ത്രി എന്ന കസേരയിൽ ഇരുത്തിയിട്ടു മാർക്സിസ്റ് പാർട്ടി ഭരണം നടത്തുക.  പിണറായിക്കു അതിൽ പരാതി പറയാൻ കഴിയില്ല. കാരണം അദ്ദേഹം തുടങ്ങി വച്ചതാണ് ഈ കീഴ്വഴക്കം. പിണറായി പാർട്ടി സെക്രട്ടറി ആയിരുന്നപ്പോഴാണല്ലോ  വി.എസിനെ വെറും നോക്ക് കുത്തി മുഖ്യ മന്ത്രി ആയി ഇരുത്തിയിട്ട് പാർട്ടി ഭരണം നടപ്പിലാക്കിയത്. അത് തന്നെ ഇവിടെ ആവർത്തിക്കുന്നു. അതിനെ അതി ജീവിക്കാൻ മുഖ്യ മന്ത്രിയ്ക്ക് കഴിയില്ല. കാരണം മുഖ്യ മന്ത്രി ഒറ്റപ്പെട്ടു കഴിഞ്ഞു.  അഴിമതി ഭരണത്തിനായി ഒറ്റക്കെട്ടായി നിൽക്കുകയാണ് ഇന്ന് പാർട്ടി. അവരാണ് ഇന്ന് കേരളം ഭരിക്കുന്നത്.  കേരളത്തിലെ ജനങ്ങളുടെ ദുര്യോഗം എന്നല്ലാതെ എന്ത് പറയാൻ. എല്ലാം ശരിയാക്കും എന്ന് തെരഞ്ഞെടുപ്പിനു മുൻപ് പറഞ്ഞപ്പോൾ അവർ ഉദ്ദേശിച്ചതും ഇത് തന്നെ. നേതാക്കന്മാരുടെ കുടുംബം എല്ലാം ശരിയാക്കും. ജയരാജൻ,ആനത്തലവട്ടം ആനന്ദൻ, കോലിയക്കോട് കൃഷ്ണൻ നായർ,പി.കെ.ശ്രീമതി  എന്നിവരുടെ കുടുംബങ്ങളിൽ  തുടക്കം.

ഉമ്മൻ ചാണ്ടി  സർക്കാരിന്റെ അഴിമതി പറഞ്ഞാണ് ഇവർ അധികാരത്തിൽ കയറിയത്. വന്നയുടനെ അവരുടെ അവസാന കാല കടും വെട്ടു തീരുമാനങ്ങൾ ഒക്കെ പുനഃ പരിശോധിക്കുന്നു. പിന് വലിച്ചാലും തീരുമാനങ്ങൾ എടുത്തതിൽ അഴിമതി ഉണ്ടോ എന്ന് പരിശോധിക്കാൻ. അത് പോലെ പി ൻ  വലിച്ച  പിണറായി സർക്കാരിന്റെ തീരുമാനങ്ങളും അന്വേഷണ വിധേയമാക്കണം. തീരുമാനത്തിൽ അഴിമതി നടന്നോ എന്ന് അറിയാൻ.

2016, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

നിത്യ ഹരിത ഗാനം



മധുരമായ ശബ്ദത്തിലൂടെ മലയാളി മനസ്സിനെ കീഴടക്കിയ എസ്. ജാനകി എന്ന മഹാ പ്രതിഭ പാട്ടു നിർത്താൻ തീരുമാനിച്ചു എന്ന് കേട്ടപ്പോൾ ദുഃഖം തോന്നി. സിനിമാ ഗാന രംഗത്തോ പൊതു ഗാന മേള രംഗത്തോ അവരിന്ന് സജീവമായി ഇല്ല, 78 വയസ്സായി, ഇനി പാട്ടുകൾ പ്രതീക്ഷിക്കേണ്ട എന്നൊക്കെ അറിയാമെന്നിരിക്കിലും  ഒരു ചെറിയ ദുഃഖം. ജാനകിയുടെ പാട്ടുകൾ ഇന്നും മനസ്സിൽ നിത്യ ഹരിതമായി നിൽക്കുന്നതായിരിക്കും  അതിനു കാരണം.   

   "ഞാൻ ആവശ്യത്തിന് പാട്ടുകൾ പാടിക്കഴിഞ്ഞു" ഇതാണ് ജാനകി പാട്ടു നിർത്താൻ കാരണമായി പറഞ്ഞത്. കഴിഞ്ഞ 60 വർഷത്തോളം മലയാളം സിനിമയിൽ  നിറഞ്ഞു നിന്ന എസ്. ജാനകിയുടെ   മധുര മനോഹര ശബ്ദത്തിലുള്ള ഗാനങ്ങൾ ഇന്നും മലയാളിയുടെ മനസ്സിൽ വസന്തം ആയി പൂത്തുലഞ്ഞു നിൽക്കുന്നു. അന്യ ഭാഷയിൽ നിന്നും മലയാളത്തിൽ വന്ന് മലയാളത്തിന്റെ സ്വന്തമായ ശ്രീമതി ജാനകി മലയാള സിനിമയിൽ തന്നെയാണ് തന്റെ അവസാന ഗാനം പാടിയത്.മനോഹരങ്ങളായ 1300 ഓളം  ഗാനങ്ങളാണ് ജാനകി മലയാളത്തിന് സംഭാവന നൽകിയത്. എല്ലാം ഒരേ പോലെ മധുരവും മനോഹരവും. ഏതു "റേഞ്ചിലും" പാടാൻ ഉള്ള അവരുടെ കഴിവ് ആണ് പാട്ടുകളുടെ ഭംഗി. അതാണ് ആറു പതിറ്റാണ്ട്    സിനിമാ ഗാന രംഗത്ത് നിൽക്കാൻ കഴിഞ്ഞത്. തെലുങ്കിലും തമിഴിലും കന്നടയിലും ഒക്കെ പാടി, ഓരോ ഭാഷയിലും ആയിരത്തിലധികം ഗാനങ്ങൾ.കൂടാതെ ഒറിയയിലും ഹിന്ദിയിലും.  എല്ലാം കൂടി അയ്യായിരത്തിൽ അധികം പാട്ടുകൾ.

ഇത്തരം പാട്ടുകാരുടെ സ്വര മാധുരി ഭംഗിയായി ഉപയോഗപ്പെടുത്താൻ അന്നത്തെ സിനിമാ രംഗത്തുള്ളവർ തയ്യാറായി തയ്യാറായി എന്നതാണ് ഇത്രയും സുന്ദരമായ പാട്ടുകൾ ഉണ്ടാകാൻ കാരണം. അർത്ഥസമ്പുഷ്ടമായ ഗാനങ്ങൾ എഴുതുന്ന കവികളായ ഗാനരചയിതാക്കൾ. ആ അർത്ഥം ഉൾക്കൊണ്ടുകൊണ്ട് അതിന് അനുയോജ്യമായ രാഗവും താളവും നൽകുന്ന സംഗീത സംവിധായകർ. അതിന്റെ ഭാവങ്ങൾ പൂർണമായും തങ്ങളുടെ ശബ്ദത്തിലൂടെ നൽകിയ ഗായകർ. ഇവരെല്ലാം ഒത്തു ചേർന്നപ്പോഴാണ്  മനോഹരങ്ങളായ ഗാനങ്ങൾ മലയാള സിനിമയിൽ പിറന്നത്. അന്നത്തെ സിനിമാ നിർമാതാക്കളും സിനിമയേക്കുറിച്ചു നല്ല ബോധം ഉള്ളവരായിരുന്നു. ഇന്നത്തെ പ്പോലെ പണം മാത്രമായിരുന്നില്ല അന്ന് നിർമാതാവിന്റെ യോഗ്യത.  ഇതൊക്കെ മനസ്സിലാക്കാനും ആസ്വദിക്കാനും കഴിയുന്നവരായിരുന്നു അന്ന് സിനിമാ നിർമാതാക്കൾ.
അങ്ങിനെ മനോഹരങ്ങളായ, ചുണ്ടിലും മനസ്സിലും തങ്ങിനിൽക്കുന്ന ഒരു പിടി ഗാനങ്ങൾ മലയാളിയ്ക്ക് കിട്ടി.

മലയാള സിനിമാ ഗായകനായ  ജി. വേണുഗോപാൽ എസ് ജാനകിയുടെ  തീരുമാനത്തെ കുറിച്ച് പറഞ്ഞത്  "ജാനകിയമ്മ പാട്ട് നിർത്തുന്നുവെന്ന വാർത്ത ശരിയാണെങ്കിൽ അതൊരു നല്ല തീരുമാനമാണ്" എന്നാണ്. ഏകദേശം പാട്ടു നിർത്തിയ മട്ടിലായിരുന്നു ജാനകി. ആരുടേയും അവസരം കളയാൻ എങ്ങും ഇടിച്ചു കയറാറില്ല. ജാനകി , പഴയ കാല  പാട്ടുകാരായ സുശീല, മാധുരി,വാണി ജയറാം, യേശുദാസ്, ജയചന്ദ്രൻ എന്നിവരെ പ്പോലെ  ഒതുങ്ങി കഴിയുകയായിരുന്നു. ഇടയ്ക്കിടെ ചില റിയാലിറ്റി ഷോ കളിൽ വരുന്നു എന്ന് മാത്രം.അല്ലെങ്കിലും എങ്ങിനെ ഇവരൊക്കെ അവസരങ്ങൾ നഷ്ടപ്പെടുത്തും? അവരുടെ പാട്ടിന്റെ ആവശ്യം ഇപ്പോൾ ഇല്ല. ഒരു പരാതിയും പറയാതെ ഒതുങ്ങി കഴിഞ്ഞു. അങ്ങിനെ ഒരവസരത്തിൽ വേണുഗോപാൽ ഇത്തരം ഒരഭിപ്രായം എന്തിനാണ് പറഞ്ഞത് എന്നറിയില്ല.

മോഹ ഭംഗമോ നിരാശയോ ഒക്കെ ആയിരിക്കാം വേണുഗോപാലിന്.ഉദ്ദേശിച്ച രീതിയിൽ ധാരാളം പാട്ടുകളൊന്നും സിനിമയിൽ കിട്ടിയില്ല. ആദ്യ കാലത്തു യേശുദാസ് എല്ലാം കയ്യടക്കി വച്ചു. അത് കഴിഞ്ഞു എം.ജി. ശ്രീകുമാർ രംഗം കയ്യടക്കി. ഇപ്പോഴാകട്ടെ  ഇവരുടെ രീതിയിലുള്ള പാട്ടുകൾ ആവശ്യമില്ലാതായി തുടങ്ങി എന്തെങ്കിലും ശബ്ദമുണ്ടാക്കിയാൽ പുതിയ കാല സിനിമാ പാട്ടായി. പാട്ടു തന്നെ മേളങ്ങളുടെ ശബ്ദത്തിൽ കേൾക്കാൻ വയ്യാതായി. കേൾക്കാത്തത് ഭാഗ്യം. അർത്ഥവും ഒന്നുമില്ലാത്ത കുറെ ശബ്ദങ്ങൾ ആണല്ലോ ഗാനം. 

നിരാശ ബാധിച്ച വേണുഗോപാലിന്റെ പറച്ചിൽ കേൾക്കുമ്പോൾ നമ്മുടെ മഹാനായ ഗായകൻ യേശുദാസ് ഇത്തരത്തിൽ പറഞ്ഞതാണ് ഓർമ വരുന്നത്. വളരെ  വർഷങ്ങൾക്കു മുൻപ് ലതാ മങ്കേഷ്‌കർ പാട്ട്  നിർത്തണം  എന്ന്  അദ്ദേഹം പറഞ്ഞു.  അങ്ങേരുടെ ശബ്ദത്തിൽ വെള്ളി വീണു കൊണ്ടിരുന്ന സമയത്താണ് ലതയെ കുറിച്ച് അങ്ങിനെ പറഞ്ഞത്. അതൊരു പ്രശസ്തി കിട്ടാൻ വേണ്ടി പറഞ്ഞത് ആയിരിക്കാം. പിന്നെ അൽപ്പം അസൂയയും. ലതാ മങ്കേഷ്‌ക്കറിന് അത്രയും പ്രശസ്തി ആണല്ലോ ലോകം എമ്പാടും. 

അത് പോലെ അൽപ്പം അസൂയ ആയിരിക്കും വേണുഗോപാലിനും. പിന്നെ മറ്റൊരു കാര്യം കൂടി. ഇത് യേശുദാസിനെ മനസ്സിൽ വച്ച് കൊണ്ട് പറഞ്ഞതാണ് എന്നൊരു വ്യാഖ്യാനം കൂടി വേണമെങ്കിൽ ആകാം. "ദാനേ പെ ലിഖാ ഹെ ഖാനേ വാലേ കീ നാം" എന്ന് ഇടയ്ക്കിടെ യേശുദാസ് പറയാറുണ്ട്. ഓരോ ധാന്യത്തിലും  എഴുതിയിട്ടുണ്ട് അത് ആർക്കാണെന്ന്. അതായത് ദൈവം ഓരോരുത്തർക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്. ഇത് പറയുന്ന യേശുദാസ് ആണ് ലതയെ കുറിച്ച് പറഞ്ഞത്. യേശുദാസ് ഉണ്ടായിട്ടോ ശ്രീകുമാർ ഉണ്ടായിട്ടോ അല്ല വേണുഗോപാലിന് പാട്ടുകൾ കുറഞ്ഞത്. അവരില്ലായിരുന്നവെങ്കിൽ മറ്റാരെങ്കിലും ആയിരുന്നേനെ. ഹിന്ദി ചലച്ചിത്രങ്ങളിൽ  സുന്ദരമായ ഗാനങ്ങൾ ആലപിച്ച യേശുദാസിനു എന്ത് സംഭവിച്ചു? കിഷോർ കുമാർ ഉളളത് കൊണ്ടെന്നു പറയാം. അതൊക്കെ ശരിയാകാം.  പക്ഷെ യേശുദാസിന് വച്ച ഗാനങ്ങൾ യേശുദാസ് തന്നെ പാടി. അതാണ് സത്യം. 

2016, ഒക്‌ടോബർ 4, ചൊവ്വാഴ്ച

IS ഭീകരത

ഇതാ IS ഭീകരരെ കേരളത്തിൽ നിന്നും പിടിച്ചിരിക്കുന്നു. 





കേരളം ഭരിച്ച ഇടതും വലതും സർക്കാരുകളുടെയും അതിലെ രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാപിത താൽപ്പര്യങ്ങൾ കൊണ്ട് മാത്രമാണ് കേരളത്തിൽ ഭീകരവാദവും തീവ്രവാദവും വളർന്നത്. ഇവിടെ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല തീവ്ര വാദം എന്ന് എല്ലാവർക്കുമറിയാം. ഓരോ കാലഘട്ടത്തിൽ ഉണ്ടാകുന്ന തീവ്രവാദത്തെ അക്കാലത്തെ സർക്കാരുകൾ മറച്ചു വച്ച് എന്ന് തന്നെ പറയാം. അധ്യാപകന്റെ കൈ വെട്ടു കേസിൽ തീവ്ര വാദ സംഘടനകളുടെ ഇടപെടൽ ഉണ്ടായിരുന്നതായി ഏവർക്കും അറിയാവുന്നതാണ്. പക്ഷെ ശരിയായ ഒരു അന്വേഷണം  നടത്താതെ അതിനെ ഒഴിവാക്കുകയാണ് ചെയ്തത്. അന്വേഷണ ഏജൻസികൾ ഭരണ കൂടത്തിന്റെ ഭാഗമാകുമ്പോൾ സത്യത്തിനും നീതിയ്ക്കും നിൽക്കാതെ, നിസ്പക്ഷമായ അന്വേഷണം നടത്താതെ ഭരിക്കുന്നവരുടെ നിക്ഷിപ്ത താൽപ്പര്യത്തിന് ചൊൽപ്പടിക്ക് നിൽക്കുന്നത് കാണാം.അതിന്റെ പരിണിത ഫലമാണിന്ന് കണ്ണൂരിലെ കനക മലയിൽ നാം കണ്ടത്.

കൈവെട്ടു കേസ് മാത്രമല്ല മറ്റു പല കേസിലും തീവ്രവാദികളുടെ കരങ്ങൾ കണ്ടതാണ്.അവിടെയൊക്കെ മറ്റു പരിഗണന വച്ച് മുന്നോട്ടു പോകാതിരുന്നു. അതിനു  നമ്മൾ പിന്തുണയും നൽകി. 

ഈ രാഷ്ട്രീയക്കാർക്ക് കൂട്ടായി അവരുടെ പിന്നിൽ നാം അണി  നിരക്കുന്നു. പ്രത്യയ ശാസ്ത്രങ്ങളോ ആദർശങ്ങളോ ഒന്നുമില്ല. അന്ധമായ ആരാധന. ഇവിടെ തീവ്രവാദികൾ ഇല്ല എന്ന് തല്പര രാഷ്ട്രീയ പാർട്ടികൾ പറയുമ്പോൾ അത് സത്യം അല്ല എന്ന് അറിയുമെങ്കിൽ കൂടി നമ്മൾ അതിനെ പിന്താങ്ങുന്നു. അതാണ് നമ്മൾ മാറ്റേണ്ടത്.

ഇപ്പോൾ കണ്ണൂരിൽ നിന്നും പിടിച്ചവർ ഭീകരർ തീവ്രവാദികൾ അല്ല എന്നുള്ള വാദഗതികളുമായി പല സ്ഥാപിത താൽപ്പര്യക്കാരും വന്നു കഴിഞ്ഞു. അതിനെ അനുകൂലിക്കാനും ഒരു കൂട്ടം ജനം ഉണ്ടായി.എന്തിന്? നമ്മൾ വിശ്വസിക്കുന്ന പാർട്ടിയാണ് പറഞ്ഞത്. അത് കൊണ്ട് അത് ഏറ്റു  പറയണം. അത്ര തന്നെ. നേതാക്കൾ അധികാരത്തിൽ ഇരിക്കാനും പണമുണ്ടാക്കാനും സുഖഭോഗങ്ങൾ അനുഭവിക്കാനും ആണ് ഇതിനൊക്കെ കൂട്ടു നിൽക്കുന്നത്. പട്ടിണിപ്പാവങ്ങളായ സാധാരണക്കാരോ?

സ്വർഗ്ഗ രാജ്യം നൽകാം എന്ന മോഹന വാഗ്ദാനം നൽകിയാണ് ചാവേറുകളെ ഇതിലേയ്ക്ക് ആകർഷിക്കുന്നത്. തീവ്രവാദം വന്ന ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തു സമാധാനം വന്നിട്ടുണ്ടോ? ഇല്ല. എല്ലായിടവും കൊല്ലും കൊലയും അരക്ഷിതാവസ്ഥയും ആണ് ഉള്ളത്. അതിനൊരു മാറ്റം വരികയുമില്ല. എന്നും രക്ത ചൊരിച്ചിൽ തന്നെ ആയിരിക്കും അവിടങ്ങളിൽ ഒക്കെ.

ഇവിടെ ഇതിന്റെയൊക്കെ തിക്ത ഫലം അനുഭവിക്കുന്നത് സാധാരണ ജനം തന്നെയാണ്.  നേതാക്കളല്ല  സാധാരണ ജനങ്ങൾ ആണ് ഇവരുടെ തോക്കിനു ഇരയാകുന്നത്. അത് കൊണ്ട് രാഷ്ട്രീയ-വർഗീയ വാദികളുടെ വലയിൽ വീഴാതെ നമുക്ക് തീവ്രവാദത്തിനു എതിരെ പൊരുതാം. സമാധാനമായി ജീവിക്കാം.

2016, ഒക്‌ടോബർ 2, ഞായറാഴ്‌ച

കപട രാജ്യ സ്നേഹം

 പാകിസ്ഥാൻ പാട്ടുകാരുടെ ഗാനമേള ഭാരതത്തിൽ നടത്തണം എന്ന് പറഞ്ഞ ഹിന്ദി സിനിമാ നടൻ സൽമാൻ ഖാന്റെ പ്രസ്താവന  രാജ്യ സ്നേഹത്തിൽ അയാൾ കാണിക്കുന്ന കാപട്യം ആണ് വെളിവാക്കുന്നത്. യുദ്ധം നടക്കട്ടെ,  അതിർത്തിയിൽ   എന്തും  നടന്നു കൊള്ളട്ടെ, രാജ്യത്തു എന്തും നടന്നു കൊള്ളട്ടെ,  പക്ഷെ സ്വന്തം കാര്യം നടക്കണം എന്ന സ്വാർത്ഥത ആണ് അയാൾക്ക്.  




അതിർത്തിയിൽ ഭീകരാക്രമണം നടത്തി 18 ഭാരതീയ സൈനികരെ കൊന്ന പാകിസ്ഥാൻ രാജ്യത്തെ  ഗായകരെ ആണ് പാട്ട് പാടി പണം ഉണ്ടാക്കാൻ ഭാരതീയർ അനുവദിക്കണം എന്ന് ആണ് സൽമാൻ പറയുന്നത്. ആ 18 സൈനികരുടെ കുടംബങ്ങളുടെ കണ്ണുനീർ തോർന്നിട്ടില്ല.  ഭാരത്തിനേറ്റ മുറിവ് ഉണങ്ങിയിട്ടില്ല. അതിനു മുൻപേ പാകിസ്ഥാൻ കാരുടെ പാട്ട് കേൾക്കണം സൽമാന്.

223  കോടി രൂപയാണ്  ഒരൊറ്റ വർഷം കൊണ്ട് ഈ സൽമാൻ ഖാൻ ഉണ്ടാക്കിയത്. ഫോർബ്സ് മാഗസിൻറെ കണക്കു പ്രകാരം 2014 ജൂൺ   മുതൽ 2015 ജൂൺ വരെ 33.5 മില്ല്യൺ ഡോളർ ആണ് ഉണ്ടാക്കിയത്. ഇത് സിനിമയിൽ അഭിനയിച്ചു ഉണ്ടാക്കിയതല്ലേ? അതിനു സൗകര്യം ചെയ്തു കൊടുത്തത് ഭാരതം അല്ലേ? ആ പണത്തിന്റെ ഭൂരിഭാഗവും അയാളുടെ  സിനിമ കണ്ട  ഇന്ത്യാക്കാരന്റേത് അല്ലേ?.  ആ നന്ദിയെങ്കിലും   ഇൻഡ്യാ മഹാരാജ്യത്തോട് ആ മനുഷ്യന് വേണ്ടേ?

 1000 കോടിയിലേറെ ആസ്തി കാണും അയാൾക്ക്.  അതൊക്കെ വിദേശ രാജ്യങ്ങളിൽ മുടക്കിക്കാണും. വലിയ കൊട്ടാരങ്ങൾ തന്നെ അവിടെയൊക്കെ കാണും. യുദ്ധം ഒന്ന് മുറുകിയാൽ കെട്ടും ഭാണ്ഡവും എടുത്തു ഇയാൾ ഏതെങ്കിലും രാജ്യത്തെയ്ക്ക് വിടില്ല എന്നെങ്ങിനെ പറയാൻ കഴിയും?

കലയെയും മറ്റും യുദ്ധവുമായും  കൂട്ടികുഴയ്ക്കുകയല്ല.  പക്ഷെ ഒരു സാമാന്യ മര്യാദ ഉണ്ട്. ഈ പാടാൻ വന്ന കലാകാരന്മാർ ആരെങ്കിലും പാകിസ്ഥാന്റെ ഭീകരാക്രമണത്തെ അപലപിച്ചിട്ടുണ്ടോ? ഇല്ല. തള്ളിപ്പറഞ്ഞിട്ടുണ്ടോ? ഇല്ല. അവർ ഇപ്പോഴും സ്വന്തം രാജ്യമായ പാകിസ്ഥാൻ ചെയ്തത് ശരിയാണെന്ന് വിശ്വസിക്കുന്നവരാണ്. പക്ഷെ പണം ഉണ്ടാക്കാൻ ഇൻഡ്യാക്കാരെ മുതലെടുക്കാൻ അവർ ഒരുക്കമാണ്. അവർക്കാണ് പത്തു കാശുണ്ടാക്കി കൊടുക്കാൻ സൽമാൻ ശ്രമിക്കുന്നത്.

ഇയാളുൾപ്പടെയുള്ളവരുടെ ഹിന്ദി സിനിമ മുഴുവൻ പാകിസ്ഥാൻ നിരോധിച്ചല്ലോ? എന്നിട്ടും ഇയാൾ വലിയ വിശാല ഹൃദയൻ  ആയി മിടുക്കൻ ആവുകയാണല്ലോ. ഇവരുടെയൊക്കെ സിനിമ കാണാൻ പോകുന്ന നമ്മളൊക്കെ തന്നെയാണ് ഇതിനു കാരണക്കാർ. ഇനിയെങ്കിലും സൽമാന്റെ സിനിമകൾ കാണില്ല എന്നൊരു പ്രതിജ്ഞ എടുക്കണം രാജ്യ സ്നേഹികളായ ഭാരതീയർ.