2015, ഓഗസ്റ്റ് 30, ഞായറാഴ്‌ച

പഞ്ചായത്ത് തെരഞ്ഞെടുപ്പ്

ഭരണ ഘടന സ്ഥാപനങ്ങളെ അടിച്ചും പിടിച്ചും ഭീഷണിപ്പെടുത്തിയും തങ്ങളുടെ വരുതിയിൽ നിർത്താൻ ഉമ്മൻ ചാണ്ടിയും പിണിയാളുകളും എന്നും ശ്രമിച്ചു കൊണ്ടേ ഇരുന്നു. ചാണ്ടി നേരിട്ട് ചെറിയ സൂചനകൾ നൽകും. എന്നിട്ട് തന്റെ സിൽബന്ധികളെ കൊണ്ട് അവരെ ചീത്ത പറയിക്കും. സാമം ദാനം എന്ന് പറയുന്നത് പോലെ ആണ് പരിപാടി. ആദ്യം  എങ്ങിനെനെയെങ്കിലും  വളയ്ക്കാൻ ശ്രമിക്കും. കാശോ സ്ഥാനമാനങ്ങളോ ഒക്കെ വാഗ്ദാനം ചെയ്യും. അതിൽ വീണില്ലെങ്കിൽ ദണ്ഡം. പണ്ട് പാമോയിൽ കേസിൽ കാര്യം എതിരെ വരുമെന്ന് കണ്ടപ്പോൾ അന്നത്തെ ശിങ്കിടിയായ പി.സി. ജോർജിനെ  കൊണ്ട് വിജിലൻസ് ജഡ്ജിയെ ചീത്ത വിളിപ്പിച്ചു. ആ പാവം ജീവനും കൊണ്ട് അവിടെ നിന്നും ഓടി. അതാണ്‌ രീതി. 

ഹൈക്കോടതിയിൽ സർക്കാരിനെതിരെ പരാമർശം നടത്തുന്ന ജഡ്ജിമാരെ ചാണ്ടിയുടെ ശിങ്കിടിമാർ അധിക്ഷേപിക്കും. ഇങ്ങിനെ പലരെയും അധിക്ഷേപിച്ചിട്ടുണ്ട്. ജസ്റ്റീസ് സതീഷ്‌ ചന്ദ്രൻ, ഹാരുണ്‍ അൽ റഷീദ്, അലക്സാണ്ടർ  തോമസ്‌  തുടങ്ങിയ അനേകം ജഡ്ജിമാർ ഈ ശിങ്കിടികളുടെ   ചീത്ത വിളി കേട്ടിട്ടുള്ളവരാണ്.   ജസ്റ്റീസ്  അലക്സാണ്ടർ  തോമസ്‌ ഇപ്പോൾ പഴയ സിവിൽ കേസുകൾ കേൾക്കുന്ന ബെഞ്ചിലേക്ക് മാറ്റപ്പെട്ടു. ഇങ്ങിനെ എത്ര പേരെ മാറ്റും? പുതിയ വരുന്ന ജഡ്ജിമാർ   കോണ്‍ഗ്രസിന്റെയും ചാണ്ടിയുടെയും വാലാകും എന്നിവർ ധരിക്കുന്നോ?

ഭരണ ഘടന സ്ഥാപനങ്ങളെ കൈക്കലാക്കുക എന്ന് പറയുമ്പോൾ ആദ്യം ചെയ്യുന്നത് അഡ്വക്കെറ്റ്  ജനറൽ ഓഫീസ് ആണ്. ഹൈക്കോടതിയിൽ സർക്കാർ ഭാഗം പറയേണ്ട ഭരണ ഘടന സ്ഥാപനം. പക്ഷെ എ.ജി. വിചാരിച്ചിരിക്കുന്നത് അങ്ങേര് ചാണ്ടിയുടെ കുടുംബ വക്കീൽ ആണെന്നാണ്‌. കേസുകൾ വാദിക്കുന്നതും തോറ്റു കൊടുക്കുന്നതും ഒക്കെ കണ്ടാൽ  മനസ്സിലാകും ഇങ്ങേര്  ചാണ്ടിയുടെ സ്വന്തം കാര്യം നോക്കാൻ വേണ്ടി ഭരണ ഘടന നിയോഗിച്ച് ജനങ്ങൾ ശമ്പളം നൽകുന്ന ആളാണ്‌ എന്ന്. ആ സ്ഥാപനത്തെ അങ്ങിനെ കാൽക്കീഴിൽ ചവിട്ടി അരച്ചിട്ട് ഇപ്പോൾ മറ്റൊരു ഭരണ ഘടന സ്ഥാപനത്തെ പിടിച്ചിരിക്കുകയാണ്. അതാണ്‌ കേരള സ്റേറ്റ് ഇലക്ഷൻ കമ്മീഷൻ. 

ആദ്യം ഈ കമ്മീഷൻ സ്ട്രോങ്ങ്‌ ആയി നിന്ന്. തെരഞ്ഞെടുപ്പു ഒക്ടോബറിൽ തന്നെ നടത്തും. നിശ്ചയിച്ച തീയതിയിൽ. പുതിയ പഞ്ചായത്ത് വിഭജനം കണക്കിലെടുക്കാതെപഴയ, 2010 ലെ പഞ്ചായത്ത് കണക്കനുസരിച്ച്,    അപ്പോഴാണ്‌ മുസ്ലിം ലീഗ് ശക്തമായി രംഗത്ത് വരുന്നത്. കാരണം അവരുടെ താല്പ്പര്യ പ്രകാരമാണ് മുസ്ലിം പഞ്ചായത്ത് ആയി വിഭജിച്ചത്. മറ്റു മാർഗങ്ങളില്ലാതെ ചാണ്ടിയും കൂടെ നിന്നു. ഇലക്ഷൻ കമ്മീഷനുമായി മീറ്റിംഗ് കൂടി. നട്ടെല്ലോട് കൂടി നിന്ന  സ്റേറ്റ് ഇലക്ഷൻ കമ്മീഷൻ അത് കഴിഞ്ഞു അങ്ങ് തണുത്തു. അടുത്ത സെപ്റ്റംബർ 3 നു കോടതി വിധി പറയും. അതനുസരിച്ച് നോക്കാം എന്ന് ഇലക്ഷൻ കമ്മീഷനും സമ്മതിച്ചു.

നേരത്തെ ഹൈക്കോടതി ഇലക്ഷൻ കമ്മീഷനു പൂർണ സ്വാതന്ത്ര്യം കൊടുത്തതാണ് സമയത്ത് തെരഞ്ഞെടുപ്പു നടത്താൻ. അതിന്റെ പൂർണ അധികാരവും ഉത്തരവാദിത്വവും കമ്മീഷന് ആണെന്ന് കോടതി പറയുകയും ചെയ്തു. എന്നിട്ടും മീറ്റിംഗ് കഴിഞ്ഞപ്പോൾ കമ്മീഷൻ അയഞ്ഞു. മീറ്റിംഗിൽ എന്തൊക്കെ നടന്നു എന്ന് അറിയില്ല. പാവത്തിനെ ഭീഷണി പ്പെടുത്തിക്കാണും. ദേഹോപദ്രവം  ഒഴിച്ച് എല്ലാം അവിടെ നടന്നു കാണും. ഏതായാലും കമ്മീഷൻ തന്റെ അഭിപ്രായം മാറ്റി. സെപ്റ്റംബർ 3 വരെ കാത്തിരിക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ ആജ്ഞ ശിരസാ വഹിച്ചു.

 ഭരണ ഘടന (73 ഭേദഗതി) നിയമം 1992 ഉം ഭരണ ഘടന (74  ഭേദഗതി) നിയമം 1992 ഉം അനുസരിച്ചാണ്കേരളത്തിലെ പഞ്ചായത്ത് മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് നടത്താൻ സ്റേറ്റ് ഇലക്ഷൻ കമ്മീഷനെ ഗവർണർ നിയമിക്കുന്നത്. അതായത് ഒരു ഭരണ ഘടന സ്ഥാപനം. സംസ്ഥാന സർക്കാരിന്റെ ജോലിക്കാരനല്ല. സസ്പെന്ഡ് ചെയ്യാനോ പിരിച്ചു വിടാനോ സംസ്ഥാന സര്ക്കാരിന് അധികാരം ഇല്ല. ഈ പദവിയിൽ നിന്നും മാറ്റണമെങ്കിൽ ഗവർണർ ഉത്തരവിറക്കണം. പിന്നെ എന്തിനു ഇങ്ങിനെ പേടിക്കണം എന്നാണു  മനസ്സിലകാത്തത്‌.

പണ്ട് ടി.എൻ. ശേഷൻ എന്നൊരു  ആളെ പറ്റി ഈ കമ്മീഷൻ കേട്ടിട്ടുണ്ടോ? ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷനർ  ആയി നിയമിതനായതിനു ശേഷം ആ ഭരണ ഘടന പദവിയുടെ അന്തസ്സിനു യോജിക്കുന്ന രീതിയിൽ പ്രവർത്തിച്ച ഒരു മനുഷ്യൻ. ഇന്ന് നമ്മൾ കാണുന്ന എല്ലാ തെരഞ്ഞെടുപ്പു പരിഷ്ക്കരണങ്ങളും  വരുത്തിയ ആൾ. ആ പദവിയിൽ എത്തിയതിനു ശേഷം  ആരുടെയും കാലു പിടിക്കാതെ അന്തസ്സായി അവിടെ ഇരുന്ന ആൾ. അങ്ങേരുടെ പണ്ടത്തെ കഥ നോക്കണ്ട. ആണ് കോണ്‍ഗ്രസ്സിന്റെ വാല് ആയിരുന്നു. പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ വാഹന വ്യുഹത്തിനു  സുരക്ഷ ഒരുക്കി രാജീവിന്റെ കാറിനു പുറകെ റോഡിലൂടെ ഓടിയ ആളായിരുന്നു          ( പശ്ചിമ ബെന്ഗാളിൽ വച്ച്). പക്ഷെ ഒരു ഭരണ ഘടന പദവി കിട്ടിയപ്പോൾ അതിന്റെ അന്തസ്സ് അന്തസ്സായി കാത്തു സൂക്ഷിച്ചു. 

നമ്മുടെ സ്റേറ്റ് ഇലക്ഷൻ കമ്മീഷൻ പഴയ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷൻ  ടി.എൻ. ശേഷൻറെ പാത പിന്തുടരാത്തത് എന്ത്? സമയം അതിക്രമിച്ചിട്ടില്ല. നമ്മുടെ ഭരണ ഘടനയുടെ അന്തസ്സ് കാത്തു സൂക്ഷിക്കാൻ അദ്ദേഹത്തിന് ബാധ്യതയുണ്ട്, ഉത്തരവാദിത്വം ഉണ്ട്.

6 അഭിപ്രായങ്ങൾ:

  1. ഇനിയേതു യുഗപുരുഷന്‍റെ പിറവിയും കാത്ത്.......
    ആശംസകള്‍ ബിപിന്‍ സാര്‍

    മറുപടിഇല്ലാതാക്കൂ
  2. നമ്മുടെ സ്റേറ്റ് ഇലക്ഷൻ
    കമ്മീഷൻ പഴയ മുഖ്യ തെരഞ്ഞെടുപ്പു
    കമ്മീഷൻ ടി.എൻ. ശേഷൻറെ പാത പിന്തുടരാത്തത്
    എന്ത്? സമയം അതിക്രമിച്ചിട്ടില്ല. നമ്മുടെ ഭരണ ഘടനയുടെ അന്തസ്സ് കാത്തു സൂക്ഷിക്കാൻ അദ്ദേഹത്തിന് ബാധ്യതയുണ്ട്, ഉത്തരവാദിത്വം ഉണ്ട്.

    മറുപടിഇല്ലാതാക്കൂ
  3. മറുപടികൾ
    1. ഒന്നുകിൽ വിനോദെ വെരട്ടിക്കാണും. അല്ലെങ്കിൽ ഓഫർ. അതുമല്ലെങ്കിൽ രണ്ടും കൂടി. വയസ്സ് കാലത്ത് ഉള്ളതും വാങ്ങി ഇരിക്കുന്നതല്ലേ സുഖം.

      ഇല്ലാതാക്കൂ