2015, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

അധ്യാപക പാക്കേജ്

കേരള സർക്കാരിന്റെ ഒരു നിയമം കൂടി കോടതി തള്ളിയിരിക്കുന്നു. അടുത്തിടെ ഉണ്ടാക്കിയ അധ്യാപക പാക്കേജ് ആണ് ഹൈ ക്കോടതി സ്റ്റേ ചെയ്തത്. 

ഈ പാക്കേജ് ഉണ്ടാക്കിയത് എയിഡഡ്‌ സ്കൂൾ മാനേജ്മെന്റിനെ എയിഡ്‌ ചെയ്യാൻ തന്നെയായിരുന്നു. ഈ സ്കൂളുകളിൽ എല്ലാം  അധ്യാപകരുടെ നിയമനം നടത്തുന്നത് മാനേജ്മെന്റ ആണ്. ശമ്പളം കൊടുക്കുന്നതോ സർക്കാരും. വെറുതെ അങ്ങ്  നിയമനം നടത്തുകയല്ല. കോഴ വാങ്ങിയിട്ടാണ് നിയമനം നടത്തുന്നത്. ലക്ഷങ്ങൾ. ഒരു പോസ്റ്റിനു 38 ലക്ഷം വാങ്ങിയ കഥ ഒരു ചാനലിൽ പറയുന്നത് കേട്ടു. കുറച്ചു വർഷത്തെ ശമ്പളം കൊണ്ട് ഈ കൊടുത്ത ലക്ഷങ്ങൾ മുതലാകും. ബാക്കി സർവീസ്  ഉള്ള ശമ്പളം ലാഭം. തീർന്നില്ല. വിരമിച്ചാൽ പെൻഷൻ. പിന്നെ കുടുംബ പെൻഷൻ. ഇതെല്ലാം സർക്കാർ വഹിക്കണം. നിയമനത്തിന് വാങ്ങിയ 40 ലക്ഷം മാനേജർ വഹിക്കും.

ഈ പ്രക്രിയ തുടങ്ങിയിട്ട് നാളേറെയായി. ഭാരതത്തിൽ മറ്റൊരു സംസ്ഥാനത്തും ഇങ്ങിനെയൊരു വിചിത്രമായ സംഗതി ഇല്ല. അല്ലെങ്കിലും കേരളത്തിൽ നടക്കുന്നതെല്ലാം വിചിത്രം ആണല്ലോ.ഓരോ വർഷവും പുതിയ ഡിവിഷൻ (കുട്ടികളുടെ കള്ള ക്കണക്ക് കാട്ടിയും മറ്റും) ഉണ്ടാക്കി പുതിയ അധ്യാപകരെ നിയമിച്ച് മാനേജർമാർ ലക്ഷങ്ങൾ ഉണ്ടാക്കുന്നു. അവർക്കൊക്കെ ശമ്പളം കൊടുത്ത് സർക്കാർ മുടിയുന്നു. ഈ നിയമനങ്ങൾക്ക് ശമ്പളം കൊടുക്കുന്ന സർക്കാരിന്റെ അനുമതി ഒന്നും വേണ്ട. കാശ് വാങ്ങി ആളെ നിയമിച്ചിട്ട് സർക്കാരിനോട് പറയും. ഞങ്ങൾ നിയമിച്ചു. ശമ്പളം കൊടുത്തു തുടങ്ങിക്കോളൂ. സർക്കാർ ഏറാൻ മൂളും. ഇതാണ്   എയിഡഡ്‌ സ്കൂൾ അധ്യാപക നിയമനവും ശമ്പളം കൊടുക്കലും. 

ഒരു സ്കൂളിനു എത്ര അധ്യാപകരെ ആവശ്യമുണ്ട് എന്നൊന്നും സർക്കാർ നോക്കാറുമില്ല ചോദിക്കാറുമില്ല. വോട്ട് ബാങ്ക് അല്ലേ. കാശ് പൊതു ജനത്തിന്റെയും. പിന്നെന്തിന് വിദ്യാഭ്യാസ മന്ത്രി ഇതൊക്കെ നോക്കണം? ആരും മോശമല്ല. ഇടതു    ഭരിച്ചപ്പോഴും ഇത് തന്നെ ഗതി. ഓരോ വർഷവും ആവശ്യമില്ലാതെ മാനെജ്മെന്റ് നിയമിച്ച അധ്യാപകർ ധാരാളം ഉണ്ടാകും. അടുത്ത വർഷം വരുന്ന വെക്കൻസിയിൽ ഇവരെ  അഡ്‌ജസ്റ്റ് ചെയ്യില്ല. പകരം പുതിയ അധ്യാപകനെ വീണ്ടും 40 ലക്ഷം വാങ്ങി നിയമിക്കും. എന്നിട്ട് സർക്കാരിന് എഴുതും. ഞങ്ങൾ വീണ്ടും കാശ് വാങ്ങി സർക്കാരേ  ശമ്പളം കൊടുത്തോളൂ. സർക്കാർ  യെസ് മൂളും. ഇങ്ങിനെ ഇല്ലാത്ത വെക്കൻസിയിൽ നിയമിക്കപ്പെട്ട അധ്യാപകർ ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുന്നു. അവരെ ക്രമീകരിച്ച് മാനെജ്മെന്റ് വാങ്ങിയ കോഴ റെഗുലറൈസ് ചെയ്യാനായിരുന്നു  ഈ പാക്കേജ്.

പുതിയ പാക്കേജ് അനുസരിച്ച് ഇങ്ങിനെ തോന്നിവാസം പോലെ മാനേജ്മെന്റ്റ്  കാശ് വാങ്ങി  നിയമിച്ച അധ്യാപകരെ എല്ലാം നിയമാനുസൃതമാക്കി സർക്കാർ ശമ്പളം കൊടുത്തു തുടങ്ങിയേനെ.   അതോടു കൂടി അടുത്ത ഇത്തരം നിയമനം ലക്ഷങ്ങൾ വാങ്ങി മാനേജ്മെന്റുകൾ വീണ്ടും  തുടരും.       

ഒരു സ്കൂളിൽ എത്ര വിദ്യാർഥികൾ ഉണ്ട്, അവർക്ക് എത്ര അധ്യാപകർ ഉണ്ട് എന്നൊരു കണക്കൊന്നും സർക്കാരിനില്ല. മാനേജ്മെന്റ് പറയുന്നതാണ് കണക്ക്.

കേന്ദ്ര സർക്കാർ കൊണ്ട് വന്ന വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ കുറെ വർഷങ്ങൾ കൊണ്ട് കേന്ദ്രം പറയുന്നു. വിദ്യാഭ്യാസത്തിൽ  സർക്കാരിന് വ്യക്തമായ മേൽക്കൈ ഉള്ള നിയമം ആണത്. കേരളമാകട്ടെ സമയം നീട്ടി ചോദിച്ചു കൊണ്ടിരിക്കുന്നു. അതിലൊരു ഗുട്ടൻസ് ഉണ്ട്. ക്രിസ്തീയ -മുസ്ലിം മാനേജ്മെന്റുകൾ ന്യുന പക്ഷ കാർഡ് എടുക്കും. അങ്ങിനെ ആ നിയമത്തിൽ നിന്നും രക്ഷപ്പെടും.  അപ്പോൾ നിയന്ത്രണത്തിൽ വരുന്നത് ഭൂരി പക്ഷ  സമുദായങ്ങളുടെ വിദ്യാലയങ്ങൾ ആയിരിക്കും.NSS ,SNDP തുടങ്ങിയവരുടെ സ്കൂളുകൾ. കാര്യം നടക്കുമോ?അതാണ്‌ അച്യുതാനന്ദനും ഉമ്മൻ ചാണ്ടിയും ഒക്കെ കള്ളാ ക്കളി കളിക്കുന്നത്.

4 അഭിപ്രായങ്ങൾ:

  1. പുതിയ പാക്കേജ് അനുസരിച്ച് ഇങ്ങിനെ തോന്നിവാസം പോലെ മാനേജ്മെന്റ്റ് കാശ് വാങ്ങി നിയമിച്ച അധ്യാപകരെ എല്ലാം നിയമാനുസൃതമാക്കി സർക്കാർ ശമ്പളം കൊടുത്തു തുടങ്ങിയേനെ. അതോടു കൂടി അടുത്ത ഇത്തരം നിയമനം ലക്ഷങ്ങൾ വാങ്ങി മാനേജ്മെന്റുകൾ വീണ്ടും തുടരും.

    മറുപടിഇല്ലാതാക്കൂ