2015, ഡിസംബർ 30, ബുധനാഴ്‌ച

ബാർ വിധി






അങ്ങിനെ കേരളം കാത്തിരുന്ന വിധി വന്നു. 5 സ്റ്റാർ ബാറുകൾ ഒഴികെ എല്ലാം പൂട്ടിയ കേരള സർക്കാരിന്റെ ഉത്തരവ് നിയമ പരം എന്ന് സുപ്രീം കോടതി പറഞ്ഞു.

ഈ വിധി ആർക്കും ആശ്വാസം നൽകുന്നില്ല. 

*തങ്ങളുടെ സൌകര്യത്തിനു ബാർ നടത്താൻ വേണ്ടി കോടിക്കണക്കിനു കോഴ നൽകിയ ബാർ മുതലാളിമാർക്ക് ഈ വിധി തിരിച്ചടി ആയി.

*ബാർ മുതലാളിമാർക്ക് അനുമതി നൽകാം എന്ന് വാഗ്ദാനം ചെയ്തു കോഴ വാങ്ങിയ സർക്കാരിനും മന്ത്രിമാർക്കും ഈ  വിധി തിരിച്ചടിയായി.

*പാർട്ടി ഫണ്ട് പിരിവിനു ഏറ്റവും അനുയോജ്യരായ ബാർ മുതലാളിമാർക്ക് ഇങ്ങിനെ ഒരു ദുർഗതി വന്നതിൽ രാഷ്ട്രീയ പാർട്ടികൾക്ക്  ഈ വിധി തിരിച്ചടി ആയി.

*അധികാരത്തിൽ വന്നാലും ഇനി ഇതിൽ നിന്നും ഒരു മാറ്റം അത്ര എളുപ്പമല്ല എന്ന തിരിച്ചറിവ്   പ്രതിപക്ഷത്തിനു ആശ്വാസകരം ആകുന്നില്ല.

*മദ്യ ലഭ്യത കുറയും എന്ന് പ്രതീക്ഷിച്ച സാധാരണക്കാർക്ക് ഈ വിധി അത്ര ആശ്വാസം നൽകുന്നില്ല. കാരണം പുറത്തു വരുന്ന സർക്കാർ കണക്കനുസരിച്ച് മദ്യത്തിന്റെ വിൽപ്പന കൂടി വരികയാണ്. 

മദ്യത്തിന്റെ ഉപഭോഗം വർദ്ധിച്ചു വരികയാണ്. വലിയ വാചകം അടിക്കുന്നുവെങ്കിലും സർക്കാര് ബാറുകൾ പൂട്ടിയത് അതിനല്ല എന്ന് എല്ലാവർക്കും അറിയാം. മദ്യ വിൽപ്പന ശാലകളിലൂടെ വിൽപ്പന റിക്കോർഡ് ഭേദിച്ച് മുന്നോട്ടു പോവുകയാണ്. അത് പോലെ പുതിയ ബീയർ വൈൻ പാർലറുകൾ കൂടിക്കൊണ്ടിരിക്കുന്നു. പിന്നെ എന്താണ് ഇതിന്റെ ഗുണം.

കഞ്ചാവ്,ഗുളിക തുടങ്ങിയ മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗം പുതിയ തലമുറയിൽ വര്ദ്ധിച്ചു കൊണ്ടിരിക്കുന്നു. സർക്കാരാകട്ടെ അതിലൊന്നും ശ്രദ്ധിക്കുന്നില്ല.

അപ്പോഴും മുഖ്യ മന്ത്രി ജനത്തിനെ വിഡ്ഢി കളാക്കുകയാണ്. ഉമ്മൻ ചാണ്ടി പറഞ്ഞത്  ആണ് രസം. " ഇത് ആർക്കും എതിരെയുള്ള ഒരു വിധി അല്ല."

എന്തൊരു തൊലിക്കട്ടി.  ബാറുടമകൾ കേസ് കൊടുത്തത് സർക്കാരിന്റെ നയത്തിനെതിരെ.   ആ വിധി അവർക്ക് പ്രതികൂലം. എന്നിട്ടും മുഖ്യ മന്ത്രി പറയുന്നു ആർക്കും എതിരെയുള്ള വിധി അല്ല എന്ന്. എന്താണ് അതിനർഥം? ഇനിയും ആശ കൈവെടിയണ്ട മുതലാളിമാരെ കാശ് തന്നാൽ അടുത്ത ഏപ്രിലിൽ പുതിയ മദ്യ നയം വരുമ്പോൾ ആലോചിക്കാം എന്ന്. ചാണ്ടി ആരാ മോൻ.



2015, ഡിസംബർ 29, ചൊവ്വാഴ്ച

ഫാസിറ്റ് അച്ഛൻ

സോണിയ ഗാന്ധിയുടെ അച്ഛൻ "ഫാസിറ്റ് ". ഇത് പറയുന്നത് മറ്റാരുമല്ല  കോണ്‍ ഗ്രസ്സിന്റെ മുഖ പത്രമായ 'കോണ്‍ഗ്രസ്സ് ദർശൻ' തന്നെ  ആണ്. സോണിയയുടെ അച്ഛൻ സ്റ്റെഫാനൊ മെയ്നോ ഇറ്റാലിയൻ ഫാസിസ്റ്റ് പടയാളി ആയിരുന്നുവെന്ന്  ആണ് ആ പത്രം പറയുന്നത്. മുംബയിൽ നിന്നും ഹിന്ദിയിലും മറാട്ടി യിലും പ്രസിദ്ധീകരിക്കുന്നതാണ് ഈ പത്രം. മുംബൈ കോണ്‍ഗ്രസ്സ് ചീഫ് സഞ്ജയ്‌ നിരുപം ആണ് ഈ പത്രത്തിന്റെ എഡിറ്റർ. 

സോണിയ യുടെ പൂർവ കാല ചരിത്രവും പത്രം പറയുന്നു.   എയർ ഹൊസ്റ്റസ്സ് ആകാനായിരുന്നു അവർക്ക് താൽപ്പര്യം. 1997 ൽ കോണ്‍ഗ്രസ് പാർട്ടിയുടെ  പ്രാഥമിക അംഗത്വം  എടുത്ത സോണിയ 62  ദിവസത്തിനകം കോണ്‍ഗ്രസ് പാർട്ടിയുടെ പ്രസിഡന്റ് ആയി.

ബി.ജെ.പി. ഫാസിസ്റ്റ് ആണെന്ന് വിളിച്ചു പറഞ്ഞു നടക്കുന്ന കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റിന്റെ അച്ഛൻ ഇറ്റലിയിലെ ഫാസിസ്റ്റ് പടയാളി ആയിരുന്നുവെന്ന്. കഷ്ട്ടം.

അത് പോലെ പാർട്ടി അംഗത്വം എടുത്ത് ഒരു മാസത്തിനകം ആ പാർടിയുടെ പ്രസിഡന്റ്.

കോണ്‍ഗ്രസ്സ് തമ്മിലടിയിൽ ഒന്നാമത് എതിരിയിരിക്കുന്നു. പ്രധാന കാരണം അധികാരവും ധനവും ആണ്. അധികാരത്തിൽ ഇരിക്കുമ്പോൾ ആവോളം കയ്യിട്ടു വാരുന്നു.അതിനു അവസരം കിട്ടാതിരിക്കുമ്പോൾ അടി കൂടുന്നു.

ജവഹർലാൽ  നെഹ്‌റു  എങ്ങിനെ കാശ്മീർ പ്രശ്നത്തിൽ ഇടപെട്ടു അത് കുളം ആക്കി എന്ന് കൂടി ഈ ലേഖനം പറയുന്നു. ഏറ്റവും രസകരം പാർട്ടിയുടെ 131 ആം ജനംദിനം ആഘോഷിച്ച ആ ദിവസത്തിൽ തന്നെയാണ് ഇതെല്ലാം നടന്നത്. 

ഇനിയെങ്കിലും ഈ പാർട്ടിയിലെ അൽപ്പമെങ്കിലും ചിന്തിക്കുന്നവർ ( അങ്ങിനെ ആരെങ്കിലും ഉണ്ടോ?)  ഈ പുഴു ക്കുത്തുകളെ ഒഴിവാക്കി പാർട്ടിയ്ക്ക് പുതു ജീവൻ നൽകാൻ ശ്രമിക്കുക.
  

2015, ഡിസംബർ 27, ഞായറാഴ്‌ച

വയൽ നികത്തു നിയമം

 എല്ലാ നിയമവും ഉണ്ടാക്കുന്നത്‌ നമ്മുടെ നാട് നശിക്കാതിരിക്കാനാണ്. അതിലൂടെ നമ്മളും നശിക്കാതിരിക്കാൻ. പക്ഷെ കേരളത്തിൽ ഇത് നേരെ തിരിച്ചാണ്. നശീകരണം എങ്ങിനെ സാധിച്ചെടുക്കാം അതെങ്ങിനെ നിയമ വിധേയമാക്കാം എന്നുള്ള ചിന്തയിലാണ് നിയമം ഉണ്ടാക്കുന്നത്‌. ക്വാറി നിയമം ആയാലും, ഉയർന്ന കെട്ടിടങ്ങൾക്കുള്ള നിയമം ആയാലും മണൽ വാരൽ നിയമം ആയാലും, വന നശീകരണ നിയമം ആയാലും  അതൊക്കെ തന്നെ  എങ്ങിനെ നിയന്ത്രിച്ചു നാടിനെയും ഭാവി തലമുറയെയും  രക്ഷിക്കാം എന്നല്ല നമ്മുടെ ഭരണാധികാരികളും നിയമ നിർമാണ സഭയും നോക്കുന്നത്. മറിച്ച്  എങ്ങിനെ നശീകരണം നിയമ വിധേയമായി  പ്രകൃതിയെയും നാടിനെയുംകുളം തോണ്ടാം  എന്നാണു അവർ നോക്കുന്നത്.

ഇനിയുള്ള വനം എങ്കിലും നശിപ്പിക്കാതെ കാത്തു സൂക്ഷിക്കാൻ വേണ്ടി ഗാട്ഗിൽ കമ്മിറ്റി റിപ്പോർട്ട് ഉണ്ടാക്കി. എല്ലാ രാഷ്ട്രീയക്കാരും അതിനെ ശക്തി യുക്തം എതിർത്തു. പിന്നെ ഗാട്ഗിലിൽ വെള്ളം ചേർത്ത് കസ്തുരി രംഗൻ റിപ്പോർട്ട് വന്നു. അതിനെയും ഈ രാഷ്ട്രീയക്കാർ എതിർത്തു. ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ള കോണ്‍ഗ്രസ്സുകാർ, കേരള കോണ്‍ഗ്രസ്സുകാർ, മാർക്സിസ്റ്റ് കാർ എല്ലാവരും എതിർത്തു. എല്ലാവരും ജനങ്ങൾക്ക്‌ ബുദ്ധി മുട്ട് ഉണ്ടാകും എന്ന് പറഞ്ഞാണ് എതിർത്തത്. പക്ഷെ ജനങ്ങൾക്ക്‌ അല്ലായിരുന്നു ബുദ്ധിമുട്ട്. വൻകിട മുതലാളിമാർക്ക് ആയിരുന്നു ബുദ്ധിമുട്ട്. ഫ്ലാറ്റ് നിർമാതാക്കൾ, റിസോർട്ട്,ക്വാറി മുതലാളിമാർക്ക്. ആ മാഫിയകൾക്ക്‌ കൂട്ട് നിൽക്കുകയായിരുന്നു ബി.ജെ.പി ഒഴിച്ചുള്ള മറ്റെല്ലാ രാഷ്ട്രീയ കക്ഷികളും.  

ഇപ്പോഴിതാ യാതൊരു നിയന്ത്രനവുമില്ലാതെ കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്നു. അവയുടെ, അവയിൽ താമസിക്കുന്നവരുടെ സുരക്ഷ തീ പിടിക്കുമ്പോൾ ഉറപ്പാക്കാൻ ഉള്ള നിയമം നടപ്പാക്കണം എന്ന് ജേക്കബ് തോമസ്‌ എന്ന ഉദ്യോഗസ്ഥൻ പറഞ്ഞപ്പോൾ ഉമ്മൻ ചാണ്ടിക്ക് ദ്വേഷ്യം വന്നു. അയാളെ കൈകാര്യം ചെയ്യും എന്ന് ഭീഷണി പ്പെടുത്തി.

അധികാരി വർഗം ഇതൊക്കെ ചെയ്യുന്നത് ഈ നശീകരണ മാഫിയകളെ സഹായിക്കാനാണ്. അങ്ങിനെ സഹായിച്ചാൽ അവർക്ക് പണം കിട്ടും.സ്വത്തു വാരിക്കൂട്ടാം. ആർഭാടത്തോടെ ജീവിക്കാം. മക്കളും അടുത്ത തലമുറയും ആർഭാട പൂർവ്വം ജീവിക്കും. അതിനടുത്ത തലമുറയോ? വരും തലമുറകളോ? അതീ രാജ്യ ദ്രോഹികൾ ചിന്തിക്കുന്നില്ല. രാജ്യ ദ്രോഹികൾ എന്ന് ചുരുക്കണ്ട. പ്രപഞ്ച ദ്രോഹികൾ ആണിവർ.

എന്താണിവരുടെ ആർഭാടം? കൂടിയ വസ്ത്രം? അത് പറ്റില്ല. ജനങ്ങളെ പറ്റിയ്ക്കാൻ ഖദറോ ലളിതമായ വസ്ത്രമോ ധരിക്കേണ്ടി ഇരിക്കുന്നു. വില പിടിപ്പുള്ള കാറുകളും വീടുകളും പറ്റില്ല. പിന്നെ ആകെയുള്ളത് മദ്യവും മദിരാക്ഷിയും ആണ്. അതാനിവരുടെ ആകെ സുഖം. ബാക്കി ഉണ്ടാക്കിയ പണം മുഴുവൻ അടുത്ത തലമുറ ഇത് പോലെ കള്ളും പെണ്ണും പിടിച്ചു തുലയ്ക്കുന്നു.

വയൽ നികത്തു നിയമം കൊണ്ട് വന്നു.  ഈ നിയമം കൊണ്ട് വന്നത് നമ്മുടെ വയൽ നികത്താതിരിക്കാൻ അല്ല. ഇനിയുള്ള വയലുകൾ എങ്കിലും നികത്താതിരിക്കാൻ നോക്കുന്നതിനു പകരം  ബാക്കിയുള്ളവ കൂടി എങ്ങിനെ നിയമ വിധേയമായി നികത്താം എന്നുള്ളതാണ് ഇവർ നോക്കുന്നത്. അതിന്റെ ഭേദഗതി കൊണ്ട് വന്നു കൂടുതൽ എളുപ്പത്തിൽ നികത്താൻ ആണ് റവന്യു വകുപ്പ് നോക്കിയത്. അത് പുറത്തു കൊണ്ട് വന്നപ്പോൾ കെ.പി.സി.സി. ഒരു കമ്മിറ്റിയെ നിയമിച്ചിരിക്കുന്നു. പഠിയ്ക്കാൻ. അപ്പോൾ ഈ നിയമം കൊണ്ട് വരുമ്പോൾ പാർട്ടിയെ ഒന്നും അറിയിക്കില്ലേ?കുറെ മന്ത്രിമാരെയും എം.എൽ.എ . മാരെയും ഉണ്ടാക്കുക മാത്രാമാണോ പാർട്ടിയുടെ  ലക്‌ഷ്യം?

പാർട്ടി കമ്മിറ്റിയിൽ വി.ഡി. സതീശനാണ് നേതാവ്. തരം കിട്ടുമ്പോൾ മാത്രം, അതായത് അനുകൂല സാഹചര്യത്തിൽ മാത്രം പ്രകൃതി സ്നേഹം കാട്ടുകയും നേതൃത്വം അനുകൂലിക്കില്ല എന്ന വിഷയങ്ങളിൽ മാളത്തിലോളിക്കുകയും ചെയ്യുന്ന ഓർ വർഗ്ഗത്തിന്റെ പ്രതിനിധി ആണ് സതീശൻ. പ്രതാപൻ ഷാഫി എന്നിവരാണ് ഈ വർഗത്തിലെ മറ്റു ചിലർ.

 പക്ഷെ നെൽ വയൽ നികത്താൻ ഏറ്റവും   അനുയോജ്യനായ ഒരാളെ ഈ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹമാണ്. ശിവദാസൻ നായർ  എം.എൽ.എ. ആറന്മുളയിൽ ഏക്കർ കണക്കിന്  നിലം  നികത്താൻ കൂട്ട് നിന്ന മഹാൻ. ആറന്മുള വിമാനത്താവളം എങ്ങിനെയെങ്കിലും വരുത്തും എന്ന് പ്ര തിജ്ഞഎടുത്ത മഹാൻ. ഏതായാലും കറക്റ്റ് ആളെ തന്നെ വയൽ നികത്തലിന് നിയോഗിച്ച സുധീരന്റെ ധീരമായ നിലപാടിന് അഭിവാദനങ്ങൾ. ഈ കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചാൽ വയൽ കാണാൻ നമ്മൾ ഇനി തമിഴ് നാട്ടിൽ പോകേണ്ടി വരും.

ഇതാണ് വയൽ നികത്തു ശിവദാസൻ നായർ 


2015, ഡിസംബർ 26, ശനിയാഴ്‌ച

എന്നേം സിനിമേലെടുത്തു

ബഹു  പ്രസിഡന്റ്  ശുധീരൻ  സാറേ,

എന്നേം ഡി.സി.സി. ലെടുത്തു. അല്ലേ.   ഇന്നലെ മനോരമ പത്രം നോക്കിയപ്പയാണ്  സാറേ  കോയിക്കോട് ഡി.ശി.ശി. ലിസ്റ്റുമ്മേല് ഞമ്മടെ പേരും കണ്ടത്. തൊണ്ണൂറ്റാറ് പേരുടെ ലിസ്റ്റില് ഞമ്മളാ ശെക്രട്ടറി എന്നാ എഴുതിയിരിക്കുന്നത്. 

 സാറേ ഞമ്മള് കോണ്‍ഗ്രസ്സ് ഒന്നുമല്ല. കോയിക്കോട് ഡി.ശി.ശി   അപ്പീസിന്റെ ആടെ  ചായക്കട നടത്തുവാ ഞമ്മള്. കയിഞ്ഞ മാസം ചായേം വടേം ദോശേം ഒക്കെ കയിച്ച ബഹയില് ഡി.ശി.ശി   അപ്പീസില് വരുന്ന നിങ്ങടെ കോണ്‍ഗ്രസ്സുകാര് ഞമ്മക്ക് കുറെ പൈശ തരാനുണ്ട്. ( അവർക്ക് കടയില് പറ്റാ)  അവരുടെയൊക്കെ പേരെയുതി ഓര് തരാനുള്ള പൈശേം എയുതി വലിയ ഒരു കടലാശ് , 96 പേരുടെ  പേര് , ഏറ്റവും  അടിയില് ഞമ്മടെ പേര് കാതര്, എന്ന് എഴുതി ഒപ്പ് ഒരു ശൂ വരച്ച് ഞമ്മള്  ഡി.ശി.ശി. അപ്പീശി കൊടുത്തു. ആപ്പീശിലെ തൂപ്പ് കാരി  ജാനു ചായ കുടിക്കാൻ വന്നപ്പം ഓളുടെ കയ്യിലാ കൊടുത്തത്. ചോദിച്ചപ്പം ആടെ  ആരുമില്ലാ എല്ലാരും അങ്ങ് തിരുവനന്തപുരത്ത് പോയിരിക്കുവാ എന്ന് ഓള്  പറഞ്ഞു.  ഓള് തരാനുള്ള പൈശയും ആ കടലാസ്സില് എഴുതിയിട്ടുണ്ട്.  ആ പഹയത്തി അതെന്തുവാ എന്ന് നോക്കാതെ ആ ലിസ്റ്റ്  നേരെ  കെ.പി.സി.സി. ഓഫീസില് നിങ്ങക്ക് അയച്ചു തന്നു. നിങ്ങള് അത് കോയിക്കോട് ഡി.ശി.ശി ലിസ്റ്റ് ആക്കി. അങ്ങനാ മാഷെ ഞമ്മള് കോയിക്കോട് ഡി.ശി.ശിയില് ആയത്. ജാനൂന്റെ പേരും ലിസ്റ്റിൽ ഒണ്ട്. ഞമ്മള്  കാതര് എയുതിയിട്ട് ശൂ എന്ന് നീട്ടിയെയുതി ഒപ്പിട്ടത്  നിങ്ങള്  ശെക്രട്ടറി എന്ന് വായിച്ചാണ് ഞമ്മള് അതായത്.

 കയിഞ്ഞ 25 കൊല്ലമായി ഞമ്മള് ആടെ ചായക്കട നടത്തുന്നു. എത്ര കോണ്‍ഗ്രസ്സ്കാരെ ഞമ്മള് കണ്ടിരിക്കുന്നു. എത്ര കളികള് ഞമ്മള് കണ്ടു. എത്ര പേരുക്ക് സീറ്റ് കൊടുക്കാതിരുന്നു. എത്ര പേരെ വെട്ടി മാറ്റി. എത്ര പേരെ കുത്തി തിരുകി. എന്തോരം ഗ്രൂപ്പ്  കളിയാ ഞമ്മള് കണ്ടത്. പിന്നെ  ചെറിയാൻ ഫിലിപ്പ് സാര്  പറഞ്ഞ മറ്റെക്കാര്യവും.ഞമ്മക്ക് എല്ലാം അറിയാം സാറേ. നമ്മക്ക് നല്ല പരിചയം ഒണ്ട്. അത് കൊണ്ട് ഞമ്മള് ഇപ്പോഴത്തെ ഡി.ശി.ശി. നന്നായി നടത്തും ഭായീ. 

നന്ദി 
ജയ് ഹിന്ദ്‌, ജയ്‌ കോണ്‍ഗ്രസ്, ജയ്‌ സോണിയ ഗാന്ധി, ജയ്‌ രാഹുൽ ഗാന്ധി . പിന്നെ ജയ്‌ സുധീരൻ, ജയ്‌ ഉമ്മൻ ചാണ്ടി ജയ്‌ രമേശ്‌  ചെന്നിത്തല.

എന്ന്
ചായക്കട കാതർ  ഭായ് 

(ശ്രീജിത്ത്‌ എന്ന സുഹൃത്ത്‌ വാട്സാപ്പിൽ അയച്ചു തന്ന  സാധനം ഒന്ന് മിനുക്കി എടുത്തതാണ്)  

2015, ഡിസംബർ 25, വെള്ളിയാഴ്‌ച

കുമ്പസാരം





അടുത്തിടെ രാഷ്ട്രീയത്തിൽ കുമ്പസാരങ്ങൾ കൂടി വരുന്നു. പണ്ട് കാണിച്ച പോക്രിത്തരങ്ങൾ തെറ്റായി എന്ന് ഏറ്റു പറയുന്നു. അന്ന് സ്വന്തം നില ഭദ്രമാക്കാനും മറ്റവൻ  തനിക്കു ഭീഷണി ആകാതിരിക്കാൻ  അവനെ ഒതുക്കാനും, അവൻറെ  അവസരം കൂടി പിടിച്ചെടുക്കാനും, അധികാരവും പണവും ഉണ്ടാക്കാനും നടത്തിയ വൃത്തികെട്ട, നെറികെട്ട, കളികൾ,   അവലബിച്ച അധാർമികമായ മാർഗങ്ങളും പ്രവർത്തികളും അതൊക്കെ തെറ്റായിരുന്നു എന്ന തിരിച്ചറിവ്. അത് ഉണ്ടാകുമ്പോഴാണ് രാഷ്ട്രീയക്കാർ കുറ്റം ഏറ്റു പറയുന്നത്.  മരണക്കിടക്കയിൽ കിടക്കുമ്പോഴും യാതൊരു കുറ്റ ബോധവും തോന്നാത്തവരാണ്  ഭൂരിഭാഗവും. "പാണ്ടി മണിയന്റെ"  കഥയിലെ  പോലെ ചാവാൻ കിടക്കുമ്പോഴും എന്തെങ്കിലും ആപ്പ് അടിച്ച് മറ്റുളളവരെ  കുടുക്കാൻ ശ്രമിക്കുന്നവരാണ് രാഷ്ട്രീയക്കാർ.

ഈ വരുന്ന കുമ്പസാരങ്ങളുടെ കാരണങ്ങൾ രണ്ടാണ്.  

1. ഏതാണ്ട് അവസാന കാലം  ഒക്കെ ആകുമ്പോൾ, ഇത്രയും കാലത്തെ കളികൾ കൊണ്ട് നേടിയത് ഒന്നും ശാശ്വതമല്ല എന്ന സത്യം അവർ തിരിച്ചറിയുന്നു. .ഇനി ഈ കളികൾ കൊണ്ട് അർത്ഥം ഇല്ല എന്നും അവർ മനസ്സിലാക്കുന്നു. പശ്ചാത്തപിക്കുന്നു. ജീവിതത്തിന്റെ അന്ത്യ വേളയിൽ ആണ് അവർ സത്യം പുറത്തു പറയാൻ തയ്യാറാകുന്നത്. മനസ്സിൽ ഇനി സൂക്ഷിക്കാൻ കഴിയില്ല എന്നൊരു സ്ഥിതി വരുമ്പോൾ.

2. രണ്ടാമത്തെ  കുമ്പസാരം വീണ്ടുമൊരു തട്ടിപ്പ് ആണ്. ഇത് വരെ തുടർന്നു വന്ന അധാർമിക രാഷ്ട്ട്രീയം, അധാർമിക ജീവിതം അഭംഗുരം  തുടരാൻ നടത്തുന്ന ഒരു കള്ളക്കളി. കുറ്റ ബോധമോ പശ്ചാത്താപമോ ഒന്നുമില്ല. ("പശ്ചാത്താപം മറ്റൊരു തെറ്റ് ചെയ്യാനുള്ള ഉൾപ്രേരണ ആണ്" എന്ന് അവതരണം ഭ്രാന്താലയം എന്ന നാടകത്തിൽ പറയുന്നുണ്ട്).  പാശ്ചാത്തപിക്കുന്നു എന്ന് മറ്റുള്ളവരെ ധരിപ്പിച്ച് ഒരു സിമ്പതി നേടി മറ്റുളളവരെ വിഡ്ഢി കളാക്കാനും സ്വയം മറ്റൊരു അധാർമിക കളി കളിക്കാനുമുള്ള ഒരു കപട നാടകം.

ശ്രീ എ. കെ. ആന്റണി പറയുകയുണ്ടായി വിദ്യാഭ്യാസ മേഖലയിൽ ആകെ അഴിമതി ആണ് എന്ന്. ഇത് ഒരു തരത്തിലുള്ള ഏറ്റു പറച്ചിൽ ആണ്. ഈ അഴിമതി ഉണ്ടാകാൻ  അദ്ദേഹവും ഉത്തരവാദി ആണ്. കേരളത്തിലെ സ്വാശ്രയ വിദ്യഭ്യാസത്തിനു തുടക്കം കുറിച്ചത് അദ്ദേഹമാണ്. സ്വാശ്രയ മേഖലയിൽ കോളേജ് തുടങ്ങാൻ ചോദിച്ചവർക്കൊക്കെ NOC കൊടുത്തു.യാതൊരു നിബന്ധനകളും ഇല്ലാതെ. ഇവർക്ക്  ഇത് നടത്താൻ കഴിവുണ്ടോ,സ്ഥലമുണ്ടോ എന്നൊന്നും നോക്കാതെ. എങ്ങിനെ നടത്തണം എന്ന് ഒരു നിയമവും നിബന്ധനയും നിയന്ത്രണവും  റൂളും വകുപ്പും ഒന്നുമില്ലാതെ ആണ് NOC കൊടുത്തത്. കോളേജുകൾ തുടങ്ങിക്കഴിഞ്ഞാണ്  നിയമം ഉണ്ടാക്കുന്നത്‌. അണ്ടി ആപ്പീസിൽ വരെ (കശുവണ്ടി ഫാക്ടറി) കോളേജുകൾ തുടങ്ങി. പ്രവേശനത്തിന് കുട്ടികളുടെ കയ്യിൽ നിന്നും വൻ തോതിൽ പണം വാങ്ങി. അൻപതും അറുപതും ലക്ഷം ഓരോ മെഡിക്കൽ സീറ്റിനും. നാലും അഞ്ചും ലക്ഷം എന്ജിനീയറിംഗ് സീറ്റിന്. സർക്കാരിന് ഒന്നും ചെയ്യാൻ വയ്യാതെ ആയി. കോളേജ് കാര് പറയുന്നത് പോലെ യാണ് നിയമം. ഇന്നും അത് തുടരുന്നു.

ഇതാണ് ആന്റണി ഇന്ന് തുറന്നു പറഞ്ഞത്. അദ്ദേഹത്തിന്റെ കുമ്പസാരം ആത്മാർത്ഥമായി ആണ്. സുഖമില്ലാതെ ചികിത്സയ്ക്ക് അമേരിക്കയിൽ പോകുന്നതിനു മുൻപ് കേരളത്തിൽ വന്നപ്പോഴാണ് വിദ്യാഭ്യാസ രംഗത്തെ അഴിമതിയെ കുറിച്ച് പറഞ്ഞത്. (അദ്ദേഹം അസുഖം ഭേദമായി തിരിച്ചു വരട്ടെ എന്ന് പ്രാർഥിക്കുന്നു). 

മറ്റൊരു കുമ്പസാരം ചെറിയാൻ ഫിലിപ്പ് നടത്തിയതാണ്. പണ്ട് കരുണാകരനെ ഇറക്കാൻ വലിയ ഗൂഡാലോചന നടന്നു എന്നും എ ഗ്രൂപ്പ് ആണ് അത് നടത്തിയത് എന്നും അതിലൊക്കെ തനിക്ക്  പങ്കുണ്ട് എന്നും അദ്ദേഹം പറഞ്ഞു.കരുണാകരനെ ഇറക്കി ആന്റണി വന്നതും ആന്റണിയെ ഇറക്കി ഉമ്മൻ ചാണ്ടി കയറിയതും ഒക്കെ ഗൂഡാലോചന ആയിരുന്നു എന്നും മറ്റു പലതും അദ്ദേഹം പറഞ്ഞു. ഇതും ആത്മാർത്ഥമായ കുമ്പസാരമാണ്. 

ഇനി മൂന്നാമത് നടന്ന ഒരു കുമ്പസാരം നോക്കാം. അത് നടത്തിയത് സാക്ഷാൽ ശ്രീമാൻ ഉമ്മൻ ചാണ്ടി. പണ്ട് കെ.പി. വിശ്വനാഥൻ മന്ത്രി സഭയിൽ നിന്നും രാജി വച്ചപ്പോൾ ആ രാജി സ്വീകരിച്ചത് തെറ്റായിപ്പോയി എന്ന് ഒരു ഏറ്റു പറച്ചിൽ. ഇത് മുൻപ് പറഞ്ഞ രണ്ടെണ്ണത്തിൽ  കൂട്ടാൻ പറ്റില്ല. ഇത് സ്വന്തം നില നിൽപ്പിനു വേണ്ടി പറഞ്ഞ ഒരു കുറ്റസമ്മതം ആണ്. വിശ്വനാഥൻ അന്ന് രാജി വച്ചിട്ട് അവസാനം കോടതി വെറുതെ വിട്ടു. തിരിച്ചു മന്ത്രി സ്ഥാനം കിട്ടിയതുമില്ല.  ആരെങ്കിലും പറയുന്നത് കേട്ട് മന്ത്രി സ്ഥാനം രാജി വച്ചാൽ കയ്യിലിരുന്ന അധികാരം പോയി  വെറുതെ നടക്കേണ്ടി വരും എന്ന് സമർഥിക്കാൻ ആണ് ഇങ്ങിനെ പറഞ്ഞത്.  അതായത് വിശ്വനാഥനെ പ്പോലെ താൻ രാജി വയ്ക്കേണ്ടതില്ല എന്നർത്ഥം.  അതായത് തട്ടിപ്പ്കുമ്പസാരം.

2015, ഡിസംബർ 23, ബുധനാഴ്‌ച

കൂട്ട് കച്ചവടം

ഒന്ന് നോക്കിയാൽ ഈ രാഷ്ട്രീയക്കാര് തമ്മിലുള്ള അടി നല്ലതാണ്. അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചു പറഞ്ഞു രണ്ടു പേരുടെയും അഴിമതി പുറത്തു വരും.അരവിന്ദ് കേജിരിവാളിന്റെ അഴിമതി കണ്ടു പിടിക്കാൻ സി.ബി.ഐ. പോയി. കേജി രിവാൾ പറയുന്നത് ഇത് മോദിയും കൂട്ടരും കളിച്ച കളി ആണെന്നാണ്‌. അതിനു പരകരമായി അങ്ങേര് ജെയിറ്റ്ലിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചു. അതിപ്പോൾ മാന നഷ്ട്ട ക്കേസിൽ മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ആയി കിടക്കുകയാണ്.എന്തെങ്കിലും ഒക്കെ പുറത്തു വരും. വരട്ടെ. നമ്മുടെ പണം കൊണ്ടാണല്ലോ ഇവന്മാരൊക്കെ കളിക്കുന്നത്.അത് കൊണ്ട് സത്യം ജനങ്ങൾ അറിയട്ടെ.

ഇങ്ങിനെ ഒക്കെ ആണെങ്കിലും ഇതിൽ പരമ കള്ളന്മാർ ഉണ്ട്. എന്തൊക്കെ തങ്ങളിൽ വഴക്ക് കൂടിയാലും പരസ്യമായി തങ്ങളിൽ ചീത്ത വിളിച്ചാലും ഇവന്മാര് യോജിച്ചു ചെയ്ത കള്ളത്തരങ്ങൾ ഒരിക്കലും പുറത്തു പറയാത്തവർ. അത്തരം ഒരു കേസ് അറിയാം.

ഒരു എം.എൽ.എ. ഒരു എം.പി. രണ്ടു പേരും ഏകദേശം ഒരേ കക്ഷിക്കാർ. വേണമെങ്കിൽ ഭരണം പങ്കു വയ്ക്കുന്നവർ എന്ന് പറയാം.ഇവര് രണ്ടു പേരും കൂടി തമിഴ് നാട്ടിൽ വർഷങ്ങൾക്കു മുൻപേ തോട്ടം വാങ്ങി. വാങ്ങാൻ പണവും ആയി പോയത് അവരുടെ എതിർ കക്ഷിയിലെ ഒരു ജില്ലാ നേതാവ്. തോട്ടം ഏക്കര് കണക്കിന് വാങ്ങി. എത്രയാണെന്ന് ജില്ല നേതാവ് വെളിപ്പെടുത്തിയില്ല. അതൊരു ചിരിയിൽ ഒതുക്കി.  അയാളും കുറച്ചു വസ്തു വാങ്ങിക്കാണും.

കുറേക്കഴിഞ്ഞ് ഈ വാങ്ങിയ രണ്ടു നേതാക്കളും തമ്മിൽ പിണങ്ങി. പരസ്യമായി തെറി വിളി, തന്തയ്ക്കു വിളി വരെ എത്തി. എത്രയൊക്കെ തെറി പറഞ്ഞിട്ടും മറ്റെക്കാര്യം, തോട്ടം വാങ്ങിയത്, മാത്രം പുറത്തു വന്നില്ല.എതിർ കക്ഷിക്കാരനും ഒരക്ഷരം പുറത്തു പറഞ്ഞില്ല.

ഇതാണ് കൂട്ട് കച്ചവടം. എന്തൊക്കെ പറഞ്ഞാലും അഴിമതിയ്ക്കും അത് മൂടി വയ്ക്കാനും ഇവരെല്ലാം ഒന്നിച്ചു നിൽക്കും. ഇവർക്ക് വേണ്ടിയാണ് നമ്മൾ തൊണ്ട പൊട്ടുമാറു  ജയ്‌ വിളിക്കുന്നത്‌.

2015, ഡിസംബർ 22, ചൊവ്വാഴ്ച

പഴയ പാട്ട്

"ചെഞ്ചുണ്ടുകളിൽ പുഞ്ചിരി തൂകി
കണ്ടു നിന്നാൽ ഹൃദയം തുള്ളും
പൂത്ത പൂവിൽ വണ്ടുകൾ പോലെ 
കാത്തു നിൽക്കും യുവ ഹൃദയങ്ങൾ" 

പാലും പഴവും കൈകളിലേന്തി..... .എന്ന പ്രശസ്തമായ തമിഴ് ഗാനത്തിന്റെ   ട്യുണിൽ ആണ് ഈ പാട്ടൊഴുകി വരുന്നത്. സിനിമയോ നാടകമോ  ഗാനമേളയോ ഒന്നുമല്ല. ഒരു കവലയിൽ നിന്ന് ഒരാൾ പാടുന്നതാണ്. കയ്യിൽ വിൽപ്പനയ്ക്ക് പാട്ടു പുസ്തകവും ഉണ്ട്. അതിൽ നിന്നുള്ള പാട്ടുകളാണ്  രാഗത്തിൽ പാടുന്നത്. പാട്ട് പുസ്തകത്തിന്റെ സെയിൽസ് പ്രൊമോ.

സുന്ദരിയെ, കഥാ നായികയെ, അവതരിപ്പിക്കുകയാണ് കവി.

പണ്ട് കാലത്ത് മിയ്ക്ക കവലകളിലും കാണുന്ന കാഴ്ച ആണിത്. അടുത്ത പ്രദേശങ്ങളിൽ നടന്ന ഏതെങ്കിലും സംഭവത്തെ, കൊലപാതകമോ, ആത്മഹത്യയോ,ഒളിച്ചോട്ടമോ,പ്രേമ സംബന്ധിയായ കാര്യങ്ങളോ  ആസ്പദമാക്കി എഴുതുന്ന പാട്ടുകൾ പുസ്തക രൂപത്തിലാക്കി ഇങ്ങിനെ വഴി നീളെ കവി തന്നെ പാടി കച്ചവടം നടത്തുന്നു.

 ഇങ്ങിനെ ഒരു കവിയുടെ  ചിത്രീകരണം സ്ഥാനാർഥി സാറാമ്മ എന്ന സിനിമയിൽ  കാണാം. അടൂർ ഭാസി ഇങ്ങിനെയുള്ള കവി-കം-പാട്ടുകാരനെ അവതരിപ്പിക്കുന്നു. അതിൽ ഇത്തരത്തിൽ കുറെ പാട്ടുകൾ ഉണ്ട്. പാട്ടിനു അകമ്പടി ആയി ഉള്ള ഏക വാദ്യോപകരണം "ചപ്പ്ളാങ്കട്ട" എന്ന സാധനം. രണ്ടു ചെറിയ ചെത്തി മിനുക്കിയ തടിക്കഷണങ്ങൾ കൈപിടിയോടു കൂടി. ഒരു കൈപിടി തള്ളവിരലിലും  മറ്റേ കൈപിടി മറ്റു നാല് വിരലുകളിലും പിടിച്ചു ഒരു കയ്യിൽ തന്നെ വച്ച് അത് തങ്ങളിൽ അടിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദമാണ്  താളം.

സി.ഡി.യും യുടുബും ഫെസ് ബുക്കും ഒക്കെ വന്നപ്പോൾ ഇത്തരം പാട്ടുകൾ  അവസാനിച്ചു. പിന്നെ പുതിയ ഉപകരണങ്ങൾ വന്നപ്പോൾ   "ചപ്പ്ളാങ്കട്ട" യും അത് പോലെയുള്ള വാദ്യോപകരങ്ങളും കാല യവനികക്കുള്ളിൽ മറഞ്ഞു.

വർഷങ്ങൾക്ക് മുൻപ് കേട്ട "ചെഞ്ചുണ്ടുകളിൽ" എന്ന പാട്ടിൻറെ മറ്റൊരു  ഭാഗം ഓർമയിൽ നിന്ന്  (പാലും പഴവും  അതെ രാഗം) 

"അമ്മയാണവളൊരു ശിശുവിൻറെ 
എങ്കിലുമൊരു  യൗവ്വന കാന്തി 
മിന്നിടുന്ന സുലോചനയെന്നാം 
ഭാസ്കരൻറെ സഹ ധർമിണിയാം" 

2015, ഡിസംബർ 21, തിങ്കളാഴ്‌ച

കേജ് രിവാൾ-CBI

കേസ് ഉണ്ടാകുന്നത് എപ്പോഴും കള്ളന്മാർക്ക് പേടിയാണ്. ഡൽഹി മുഖ്യ മന്ത്രി  കേജ് രിവാളിന്റെ ഓഫീസിൽ CBI പരിശോധന നടത്തി. മുഖ്യ മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദർ കുമാറിന്റെ അഴിമതി ആയിരുന്നു പുറത്തു കൊണ്ട് വരേണ്ടിയിരുന്നത്. ഇവിടം കൂടാതെ രാജേന്ദരിന്റെ വീട് ഉൾപ്പടെ മറ്റു 13 സ്ഥലങ്ങളിലും റെയിഡ് നടത്തിയിരുന്നു. അഴിമതിയിലൂടെ പണം സമ്പാദിച്ചതിന്റെ പല രേഖകളും കണക്കിൽ പെടാത്ത കുറെ  പണവും കണ്ടെടുത്തു. 

ഇതിൽ ക്ഷുഭിതനായ കേജ് രിവാൾ മോഡിയെ തെറി വിളിച്ചു തുടങ്ങി. ഭീരു എന്നും മാനസിക രോഗി എന്നും ഒരു മുഖ്യ മന്ത്രി ഉപയോഗിച്ചു കൂടാത്ത വാക്കുകളാണ് അദ്ദേഹം പ്രധാന മന്ത്രിക്കു നേരെ ചൊരിഞ്ഞത്.

എന്തിനാണ്  കേജ് രിവാൾ ഇങ്ങിനെ ബഹളം ഉണ്ടാക്കുന്നത്‌? റെയിഡ് നടന്നെങ്കിൽ കേസ് ഉണ്ടാകട്ടെ. അതിൽ അങ്ങേരു എന്തിനാണ് ഭയപ്പെടുന്നത്? ഇതിനർത്ഥം കേജ് രിവാളിന് എന്തോ ഒളിക്കാനുണ്ട് എന്നല്ലേ? മടിയിൽ ഘനം ഉള്ളവനല്ലേ വഴിയിൽ ഭയക്കെണ്ടൂ. പ്രിൻസിപ്പൽ സെക്രട്ടറി അഴിമതിയിൽ ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ അയാൾ ശിക്ഷ അനുഭവിക്കട്ടെ. അല്ലാതെ അതിനു മുഖ്യ മന്ത്രി എന്തിനു രോഷാകുലനാകണം.

ഇതാണ് അസഹിഷ്ണുത. എല്ലാവർക്കും അഴിമതി കാട്ടണം. പണം ഉണ്ടാക്കണം. പക്ഷെ  പിടിക്കപ്പെടരുത്.കേസ് ഒന്നും വരരുത്. അത്ര തന്നെ. കേരള മുഖ്യ മന്ത്രിയുടെ ഓഫീസിനും അവിടത്തെ ജോലിക്കാർക്കും എതിരെ എന്തെല്ലാം ആരോപണങ്ങളാണ് വന്നത്? എന്തെങ്കിലും ഒരു അന്വേഷണം ഇത് വരെ നടത്തിയിട്ടുണ്ടോ? അതെല്ലാം നശിപ്പിക്കുകയും ഒളിപ്പിക്കുകയും ചെയ്തില്ലേ? അത് പോലെ തന്നെ അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്ന എല്ലാ അഴിമതിക്കാരും. 

2015, ഡിസംബർ 19, ശനിയാഴ്‌ച

വ്യാജ കത്ത്

പണ്ടും രാഷ്ട്രീയക്കാർ പറഞ്ഞ വാക്ക്  നിഷേധിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. ഇവർ പറയുന്നത് പത്രക്കാർ എഴുതി എടുക്കും . അടുത്ത ദിവസം പത്രത്തിൽ വരും. അപ്പോഴാണ്‌ ജനം അറിയുന്നത്. പത്ര മുതലാളിയുടെ അയാളോടുള്ള വിധേയത്വം അനുസരിച്ചാണ് വാർത്ത വരുന്നത്.  ഇങ്ങിനെയൊക്കെ നടന്നോ എന്ന് ജനങ്ങൾ അമ്പരക്കുമ്പോഴേക്കും അടുത്ത ദിവസം പത്രത്തിൽ അയാളുടെ നിഷേധം വരുന്നു. സത്യം ഏതാണെന്ന് അറിയാതെ ജനം കുഴങ്ങുന്നു. ഇവരുടെ സ്വഭാവം വച്ച് ജനം ഒന്ന് തീരുമാനിക്കും. അന്ന് പറഞ്ഞത്  വീണ്ടും കാണാനോ കേൾക്കാനോ ഉള്ള സൗകര്യം ഇല്ലാത്ത അക്കാലത്ത് ഈ രാഷ്ട്രീയക്കാർ നിഷേധ ക്കുറിപ്പ്‌ ഇറക്കി ജനങ്ങളെ വിഡ്ഢികളാക്കി ക്കൊണ്ടിരുന്നു.

കാലം മാറി. ഇന്ന് വീഡിയോ ഉണ്ട്. എല്ലാ പത്രക്കാരും അതെടുത്ത് ചാനലുകളിൽ ഇടുന്നു. പോരെങ്കിൽ എല്ലാ മൊബൈൽ ഫോണിലും പടം പിടിക്കാം. അത് സോഷ്യൽ മീഡിയയിൽ വരും. അങ്ങിനെ സത്യം പുറത്തു വരുന്നു. കാലം മാറി എങ്കിലും രാഷ്ട്രീയക്കാർ മാറിയില്ല. അവരിപ്പോഴും "നിഷേധിക്ക്"ന്ന  സ്വഭാവത്തിൽ ആണ്. നമ്മൾ ലൈവ് ആയി കണ്ട് ചാനൽ ആയ ചാനൽ മുഴുവൻ വീണ്ടും വീണ്ടും കാണിച്ച സാധനം ഈ നാണമില്ലാത്ത മനുഷ്യർ നിഷേധിക്കും. അങ്ങിനെ പറഞ്ഞിട്ടില്ല എന്ന്. ഇപ്പോൾ മറ്റൊരു പരിപാടി കൂടി ഉണ്ട്." ഞാൻ പറഞ്ഞത് വളച്ചൊടിച്ചതാണ് ". പിന്നേ പത്രക്കാർക്ക് വളച്ചൊടിപ്പല്ലേ ജോലി? ഇങ്ങിനെ ചാനലുകാർ ആ ദൃശ്യം വീണ്ടും വീണ്ടും കാണിക്കുമ്പോൾ അവന്മാര് മിണ്ടാതിരിക്കും. നാണമില്ലാത്തവർ.  

ഏറ്റവും അവസാനം വന്നത്. രമേശ്‌ ചെന്നിത്തല എഴുതിയ കത്ത് ആണ്. അത് ചാനലായ ചാനലുകാരു മുഴുവൻ കാണിച്ചു. ചെന്നി തലയുടെ ഒപ്പോടു   കൂടിയാണ് ആ കത്ത് കറങ്ങുന്നത്. പക്ഷേ തല അത് നിഷേധിച്ചു. ഞാൻ അങ്ങിനെ ഒരു കത്ത് എഴുതിയിട്ടില്ല. ജനം എന്ത് ചെയ്യും? അതിനർത്ഥം അങ്ങേരുടെ കത്തും ഒപ്പും ഒക്കെ ഫൊർജ് ചെയ്തതാണ് എന്നല്ലേ? ആരോ കള്ള ഒപ്പിട്ട് കത്ത് എഴുതിയിരിക്കുന്നു. 

നമ്മളാണെങ്കിൽ പോലും  നമ്മുടെ പേരിൽ ഒരു കള്ള ഒപ്പിട്ടു എഴുത്ത് എഴുതിയാൽ കേസ് കൊടുക്കും. ഇത് ആഭ്യന്തര മന്ത്രിയാണ്. എന്നിട്ടും ഒരക്ഷരം മിണ്ടുന്നില്ല. ഡി.ജി.പി.യെ വിളിച്ച് ഇത് അന്വേഷിക്കാൻ പറഞ്ഞാൽ മതി. പക്ഷെ ഇതൊന്നും സംഭവിച്ചിട്ടില്ല. " എന്റെ എഴുത്തല്ല" എന്ന് പറഞ്ഞു മുങ്ങിയതാണ്. അതിനു ശേഷം ഒരക്ഷരം പറഞ്ഞിട്ടില്ല. അങ്ങേരുടെ ശിങ്കിടികൾ  എം.എൽ . എ. മുരളീധരനും ചന്ദ്രശേഖരനും  അതിന്റെ ഉള്ളടക്കം ശരിയാണ് എന്ന് പറയുന്നു. 

ചാണ്ടിയെ പ്പറ്റി ആണ് കത്ത്. അങ്ങേരു ഒന്നും ചെയ്യുന്നില്ല എന്ന്. അത് കൊണ്ട് മാറ്റണം, രമേഷിനെ കൊണ്ട് വരണം. അതാണ്‌ കത്തിന്റെ രത്ന ചുരുക്കം.ചാണ്ടി അതിലും ബുദ്ധിമാനാണ്. അങ്ങേരു പറയുകയാണ്‌ " രമേശ്‌ നിഷേധിച്ചല്ലോ. പിന്നെ ഞാൻ എന്ത് പറയണം". മിടുക്കൻ. 

നമ്മളെ ഇങ്ങിനെ ഈ രാഷ്ട്രീയക്കാർ കബളിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നമ്മളോ? രാഷ്ട്രീയ പാർട്ടികളോടുള്ള വിധേയത്വം കൊണ്ട് ഇവന്മാരുടെ എല്ലാം അംഗീകരിച്ചു പല്ലിളിച്ചു വിഡ്ഢികളായി കഴിയുന്നു.  അൽപ്പമെങ്കിലും സ്വയം ഒന്ന് ചിന്തിച്ച് സത്യത്തിന്റെ ഭാഗത്ത്‌ നിന്ന് കൂടെ?

2015, ഡിസംബർ 16, ബുധനാഴ്‌ച

രണ്ടു നല്ല കാര്യങ്ങൾ





മോദി വന്നു. മുഖ്യ മന്ത്രിയും മറ്റു മന്ത്രിമാരും സ്വീകരിച്ചു. അദ്ദേഹം സേനാ മുഖ്യരുടെ ചടങ്ങിൽ പങ്കെടുത്തു. തിരിച്ചു പോയി. പോകുന്ന വഴിയിൽ നമ്മുടെ മുഖ്യനും കൂട്ടു മന്ത്രിമാരും തിരുവനന്തപുരം വിമാനത്താവളത്തിൽ പോയി കേരളത്തിന്റെ സമഗ്ര വികസനത്തെ ക്കുറിച്ച്   പ്രധാന മന്ത്രിയുമായി ചർച്ച നടത്തി. എന്ത് വികസനം? ഒന്നുമില്ല വെറുതെ ഒരു നാടകം ആണ് മുഖ്യൻ നടത്തിയത്. രാജ് ഭവനിൽ പോയി മന്ത്രിമാരുമായും ചർച്ച ചെയ്തു  പോകാമായിരുന്നു പ്രധാന മന്ത്രിക്ക്. പക്ഷെ എന്തിന്?   മുഖ്യനും മന്ത്രിമാർക്കും  പ്രതിപക്ഷത്തിനും എല്ലാവർക്കും പ്രധാന മന്ത്രിയെ ആയിത്തമാണ്. പ്രധാന മന്ത്രിയുടെ സത്യ പ്ര തിജ്ഞ ചടങ്ങിൽ മുഖ്യ മന്ത്രി പങ്കെടുത്തില്ല. ഒരു മന്ത്രി ഗുജറാത്തിൽ പോയി മോദിയെ കണ്ടതിനു അങ്ങേരെ ശാസിച്ചു.അങ്ങിനെയുള്ള നാട്ടിൽ എന്തിന് മോദി ചർച്ച എന്ന പ്രഹസനം നടത്തണം? അത് കൊണ്ടാണ് അന്തസ്സായി അദ്ദേഹം ഒരു മനുഷ്യനെയും കാണാൻ നിൽക്കാതെ തിരിച്ചു പോയത്. 

ഏതായാലും ശങ്കർ പ്രതിമയ്ക്ക് മുഖ്യനെ ഒഴിവാക്കിയതു കൊണ്ട് രണ്ടു ഗുണം ഉണ്ടായി. ഒന്ന് ആർ. ശങ്കറിനെ കോണ്‍ഗ്രസ്സുകാർ എല്ലാവരും ഒന്ന് ഓർത്തു.  ചാണ്ടിയും സുധീരനും രമേശനും ഒക്കെ തിരുവനന്തപുരത്ത് ശങ്കർ പ്രതിമയ്ക്ക് മുന്നിൽ കൂട്ട പ്രാർത്ഥന ആയിരുന്നു. ശങ്കറിന്റെ ജന്മ ദിനത്തിലും ചരമ ദിനത്തിലും ഒരു പ്രാർത്ഥന നടത്താത്ത ഈ കോണ്‍ഗ്രസ് നേതാക്കൾ അങ്ങിനെയെങ്കിലും ശങ്കർ പ്രതിമയ്ക്ക് മുൻപിൽ പോയത് നന്നായി. അത് പോലെ കെ.എസ്.യു. ക്കാരും റോഡു നീളെ പ്രകടനം നടത്തി. ആർ ശങ്കർ ആരാണെന്ന് പോലും പല  കെ.എസ്.യു. ക്കാർക്കും അറിയില്ല. അവരും വെറുതെ മുദ്രാവാക്യം വിളിച്ചു പ്രതിഷേധം നടത്തി. ശങ്കറിന്റെ മകൻ വെല്ലാപ്പള്ളിയ്ക്ക് എതിരെ ഒരു പ്രസ്താവന നടത്തി. സത്യത്തിൽ അങ്ങേരു സന്തോഷിക്കുകയാണ് വേണ്ടത്. ശങ്കറിന് ഇത്രയും പബ്ലിസിറ്റി കിട്ടിയതിന്. ശങ്കറിനെ ഇങ്ങിനെ ചാണ്ടിയും ആന്റണിയും ഒക്കെ പ്രകീര്ത്തിച്ചതിന്. അതിനു വെള്ളാപ്പള്ളി യ്ക്ക് നന്ദി പറയുകയാണ് ശങ്കറിന്റെ മകൻ ചെയ്യേണ്ടത്. 

രണ്ടാമത് നടന്ന ഒരു നല്ല കാര്യം ബിന്ദു കൃഷ്ണ സ്വന്തം വായ്‌ മൂടി ക്കെട്ടിയതാണ്.    അത് കൊണ്ട് ബിന്ദു കൃഷ്ണയുടെ പ്രസംഗം കേൾക്കാതെ ജനം രക്ഷപ്പെട്ടു.അല്ലെങ്കിൽ എന്തെന്തു വിഡ്ഢിത്തം അവർ എഴുന്നള്ളിച്ചേനെ. ഇനിയെങ്കിലും ഇങ്ങിനെ ഉള്ള ചടങ്ങുകളിൽ ബിന്ദു കൃഷ്ണയുടെ റോൾ ഇങ്ങിനെ വായ്‌ മൂടിക്കെട്ടി  പ്രകടനം മാത്രമാക്കണം നേതാക്കൾ. ദയവു ചെയ്തു പ്രസംഗം ഒഴിവാക്കണം.

2015, ഡിസംബർ 13, ഞായറാഴ്‌ച

പ്രതിമയും ചാണ്ടിയും

ഉമ്മൻ ചാണ്ടിയുടെ കാര്യം മഹാ കഷ്ട്ടം തന്നെ. സരിതയും സോളാറും ബിജു രാധാകൃഷ്ണനും ഒക്കെ കൂടി സാധാരണ ഒരു മനുഷ്യൻ പണ്ടേ ആത്മഹത്യ ചെയ്യുമായിരുന്നു. പക്ഷെ ആളിത് ഉമ്മൻ ചാണ്ടിയാ.  

സ്ഫടികം സിനിമയിൽ  ആട് തോമയെ കുറിച്ച് പറയുന്നത് പോലെ  ഇരട്ടച്ചങ്കാ. ആടിന്റെ പച്ച ചോരയാ കുടിക്കുന്നത്. അതിനൊരു വ്യത്യാസം.  മനുഷ്യന്റെ ചോരയാ കുടിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ. അഴിമതി, പണാപഹരണം അങ്ങിനെ പല പല ആരോപണങ്ങൾ. ഇതാ ഏറ്റവും അവസാനം മറ്റേ ആരോപണവും. സി.ഡി. ഉണ്ടെന്ന് പഴയ ഭർത്താവാ പറയുന്നത്.

അതിനിടയിൽ ആണ് വിളിച്ചുണർത്തി അത്താഴമില്ല എന്ന് വെള്ളാപ്പള്ളി പറയുന്നത്. കൊല്ലത്ത് പഴയ മുഖ്യ മന്ത്രി ആർ. ശങ്കറിന്റെ പ്രതിമ പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ചാണ്ടി ഉണ്ടായിരുന്നു. ഇന്നലെ നടേശൻ വിളിച്ചു പറഞ്ഞു. "മാഷേ നിങ്ങള് വരണ്ട."  അതാണ്‌ സംഭവം. വെള്ളാപ്പള്ളി നടത്തുന്ന ചടങ്ങ്. അങ്ങേരു ആണ് ആളുകളെ നിശ്ചയിക്കുന്നത്. ആര് വരണം ആര് വരണ്ട എന്ന്. അന്ന് വിളിച്ചു. ശരി അത് കഴിഞ്ഞ് വേണ്ടാന്ന് വച്ചു. അത്ര തന്നെ. 

സമത്വ  മുന്നേറ്റ ജാഥ തുടങ്ങിയ അന്നു  മുതൽ തുടങ്ങിയതാണ്‌  ചാണ്ടി ഈ വെള്ളാപ്പള്ളി നടേശനെ  ചീത്ത  വിളി.  അങ്ങിനെയുള്ള ഉമ്മൻ ചാണ്ടിയെ എന്തിനാണ് ഇങ്ങിനെ ഒരു ചടങ്ങിൽ വിളിച്ചിരുത്തി ആദരിക്കുന്നത്? ഭാരതത്തിന്റെ പ്രധാന മന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ എന്തിനാണ് ഒരു പദവി നൽകുന്നത്? ഉമ്മൻ ചാണ്ടിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലാതെ വലിയ വായിൽ പ്രസംഗം നടത്തി, അന്യരുടെ ചിലവിൽ  കയ്യടി നേടാൻ, മിടുക്കനാകാൻ എന്തിനു വെള്ളാപ്പള്ളി സൗകര്യം ചെയ്തു കൊടുക്കണം? നിരന്തരം വിമർശിക്കുന്ന ആളിനെ തിരിച്ചു ചീത്ത വിളിച്ചില്ലെങ്കിലും ആദരിക്കാതിരിക്കാനുള്ള വക തിരിവ് വെള്ളാപ്പള്ളി കാണിച്ചുവല്ലോ.അത്  തന്നെ അന്തസ്സ്.  

പിന്നെ മറ്റൊരു കാര്യം. അത്ര നല്ല നിലയിൽ അല്ല ശ്രീ ഉമ്മൻ ചാണ്ടി. കഴിഞ്ഞ കുറെ വർഷങ്ങളായി അഴിമതി ആരോപണങ്ങളിൽ മുങ്ങി ക്കുളിച്ചു നിൽക്കുകയാണ്. തൻറെ തൊലിക്കട്ടി ഒന്ന് കൊണ്ട് മാത്രമാണ് അദ്ദേഹം ഇപ്പോഴും മുഖ്യ മന്ത്രി ആയി തുടരുന്നത്. ഏറ്റവും അവസാനം ലൈംഗിക ആരോപണം കൂടിയാണ് വന്നത്. എല്ലാറ്റിനും തെളിവ് ചോദിക്കുന്ന മുഖ്യ മന്ത്രിക്ക് തെളിവായി സി.ഡി. കൊടുക്കാം എന്ന് ഇപ്പോഴും ബിജു രാധാകൃഷ്ണൻ പറയുന്നു. അങ്ങിനെ  സംശയത്തിൻറെ മുനയിൽ നിൽക്കുന്ന അദ്ദേഹത്തിന് ആ  ചടങ്ങിൽ പങ്കെടുത്ത് പ്രധാന മന്ത്രിയ്ക്ക് നാണക്കേട്‌ ഉണ്ടാക്കണോ?

അന്നത്തെ ദിവസം അതായത് ഡിസംബർ 15, സോളാർ കമ്മീഷനു മുന്നിൽ സരിത തെളിവ് കൊടുക്കുന്ന ദിവസം. അന്ന് എല്ലാം പറയാം എന്ന് കഴിഞ്ഞ തവണ പറഞ്ഞതാണ്. ഇനി അങ്ങിനെ വല്ലതും സംഭവിക്കുമോ? സി.ഡി. ഉണ്ട് എന്ന് വല്ലതും പറഞ്ഞു കളയുമോ? അവരുടെ സെൽഫ് വീഡിയോ വാട്ട്സാപ്പ് വഴി പണ്ട്  ജനങ്ങൾ കണ്ടതാണ്.   അപ്പോൾ അങ്ങിനെ ഒന്നില്ല എന്ന് തീർത്തു പറയാൻ ആർക്കും കഴിയില്ല. പ്രധാന മന്ത്രിയുമൊത്തു വേദിയിൽ ഇരിക്കുമ്പോൾ അങ്ങിനെ വല്ലതും സംഭവിച്ചാലോ? (നാണം കെട്ട്  പ്രധാന മന്ത്രി രാജി വയ്ക്കേണ്ടി വരും). അങ്ങിനെ ഒരു സിറ്റ്യുവെഷൻ ഒഴിവാക്കാനാണ് മുഖ്യ മന്ത്രി ആ ചടങ്ങിൽ വേണ്ട എന്ന് പറഞ്ഞത്.

ഇനി ഉമ്മൻ ചാണ്ടി വെള്ളാപ്പള്ളിയെ എന്തോരം ചീത്ത പറഞ്ഞു? എന്തെല്ലാം വിളിച്ചു? അങ്ങിനെ ഉള്ള ഒരാളിനോടൊപ്പം വേദി പങ്കിടാൻ എന്തിനാണ് മുഖ്യ മന്ത്രി തയ്യാറായത്?

ആരും മോശമല്ല. സുധീരനും  സതീശനും തുടങ്ങി കോണ്‍ഗ്രസ്സിലെ  എല്ലാവരും മുഖ്യ മന്ത്രിയെ ഒഴിവാക്കിയതിനെ വിമർശിച്ചു. അവരും വെള്ളാപ്പള്ളിയെ തെറി വിളിച്ചവർ ആണ്. എന്നിട്ടിപ്പോൾ എന്തിനു വെള്ളാപ്പള്ളിയുടെ പുറകെ പോകണം?

മുഖ്യ മന്ത്രിയെ കരിങ്കൊടി കാണിച്ചു കൊണ്ട് നടക്കുന്ന മാർക്സിസ്റ്റ് കാരാണ് ഇപ്പോൾ ഉമ്മൻ ചാണ്ടിയെ പങ്കെടുപ്പിക്കാത്തതിൽ കണ്ണീര്   പൊഴിക്കുന്നത്.

ഈ പൊട്ടന്മാരൊക്കെ പറയുന്നതാണ് "പ്രോട്ടോക്കോൾ".  രമേശ്‌ ചെന്നിത്തലയും അത് പറയുന്നത്  കേട്ടു. ചാനലുകാരും  അത് ആവർത്തിച്ചു കൊണ്ടിരിക്കുന്നു. അതനുസരിച്ചു മുഖ്യ മന്ത്രി കൂടി ചടങ്ങിൽ വേണം എന്നാണ്‌. ഇത് വിവര ദോഷം ആണ്. ഒരു  സ്വകാര്യ ചടങ്ങിൽ പ്രധാന മന്ത്രി   പങ്കെടുക്കുമ്പോൾ എന്തിനാണ് മുഖ്യ മന്ത്രി പോകണം എന്ന് ശഠിക്കുന്നത്?  എന്താണ് പ്രോട്ടോക്കോൾ?   ഔദ്യോഗിക കാര്യങ്ങളിൽ മാത്രം ആണ് പ്രോട്ടോക്കോൾ. സ്വകാര്യ ചടങ്ങിൽ അത് നടത്തുന്ന ആള് മുഖ്യ മന്ത്രി വേണ്ട എന്ന് വെച്ചാൽ വേണ്ട. അവിടെ പ്രോട്ടോക്കോൾ  എന്നൊരു സാധനം ഇല്ല. നാളെ ബി.ജെ.പി. യുടെ ഒരു  സമ്മേളനത്തിൽ പങ്കെടുക്കാൻ മോദി വരുമ്പോൾ അവിടെയും കസേര വേണമെന്ന് ചാണ്ടി പറയുമോ? അത് പാർടി മീറ്റിംഗ് ആണ് ഒഫിഷ്യൽ അല്ല എന്ന് ഇവർ മറുപടി പറയും. അത് തന്നെയാണ് അവരോടും പറയാനുള്ളത്. ഇതും  സ്വകാര്യ മീറ്റിംഗ്. അത്ര തന്നെ.





2015, ഡിസംബർ 12, ശനിയാഴ്‌ച

കഴുത കരഞ്ഞു തീർക്കുന്നു.

കോണ്‍ഗ്രസ്സിന്റെ മുഖ പത്രം ആണ് വീക്ഷണം. അപ്പോൾ ആ മുഖത്ത് തെളിയുന്നത് കോണ്‍ഗ്രസ്സുകാരുടെ സ്വഭാവം ആയിരിക്കണമല്ലോ. അതങ്ങിനെ തന്നെ. ഈ സാധനം നിർബന്ധിതമായി കോണ്‍ഗ്രസ്സുകാരെ അടിച്ചേ ൽപ്പിക്കുകയാണ്. ആരും അത് തുറന്നു നോക്കാറ് പോലും ഇല്ല. നേരെ പഴയ പേപ്പർ വയ്ക്കുന്ന മൂലയിൽ വലിച്ചെറിയും. ആകെ ഒരു ദിവസം മുഴുവൻ ഇത്  പുറത്തു കിടക്കുന്നത്  കെ.പി.സി.സി. അപ്പീസിൽ റ്റീപ്പൊയിയുടെ പുറത്തു ആണ്. അവിടെ  ഇത് അനാഥ പ്രേതം പോലെ കിടക്കും. അടുത്ത ദിവസം രാവിലെ പീയൂണ്‍  പുതിയത് പ്രതിഷ്ട്ടിച്ചു പഴയത് എടുത്തു കളയും  

എനിക്കടുത്തറിയാവുന്ന ഒരാളുണ്ട്.  കോണ്‍ഗ്രസ്സ് എന്ന് കേട്ടാൽ " അഭിമാന പൂരിതമാകുന്ന അന്തരംഗം" ഉള്ള ആൾ. ഉമ്മൻ ചാണ്ടി എന്ന് "കേട്ടാലോ ചോര തിളക്കും ഞരമ്പുകളിൽ" ( ആ പേര് കേട്ടാൽ  നമുക്കും തിളയ്ക്കും ചോര). ആ ആളും വീക്ഷണം വീട്ടിൽ വരുത്തും. സാധനം വന്നാലുടൻ മടക്കു നിവർക്കാതെ ഭദ്രമായി മൂലയിൽ. 

ഇതിനെ കുറിച്ച് കേൾക്കുന്നത് വല്ലപ്പോഴും ടി.വി. ചാനലിൽ ആണ്. അത് കോണ്‍ഗ്രസ് കാര് അവരുടെ തനി സ്വഭാവം എഴുതി കാണിക്കുമ്പോൾ. ആരെയെങ്കിലും തെറി പറയാൻ ആണ് ഇവരുടെ മുഖ പ്രസംഗം ഉപയോഗിക്കുന്നത്. പ്രത്യേകം പത്രാധിപർ ഒന്നും വേണ്ട. എല്ലാവരും ഒരേ നിലവാരത്തിൽ തെറി പറയാൻ മിടുക്കരാണ്. ഇന്നലത്തെ വീക്ഷണത്തിൽ അവരൊരു മുഖ പ്രസംഗം എഴുതി. നമ്മുടെ ഡി.ജി.പി. ജേക്കബ് തോമസിനെ കുറിച്ച്. തനി ആഭാസത്തരം ആണ് എഴുതി വച്ചിരിക്കുന്നത്. കന്നി മാസത്തിലെ ശുനകനെ ഉപമിച്ചു കൊണ്ടാണ് തുടങ്ങുന്നത്. പിന്നെ ഊളൻ പാറയിൽ കൊണ്ട് പോകണമെന്നും മുക്കാലിയിൽ കെട്ടി അടിക്കണമെന്നും. ( മുക്കാലി പ്രയോഗം ഇവരുടെ ട്രെയിഡ് മാർക്ക് ആണ് പണ്ട് കെ. മുരളീധരൻ മുക്കാലി പ്രയോഗം നടത്തിയിട്ടുണ്ട് - ഇനി അങ്ങേരാണോ എഡിറ്റർ?). ഇങ്ങിനെ പലതും. ഉമ്മന്റെയും കോണ്‍ഗ്രസ്സിന്റെയും അഴിമതി വിളിച്ചു പറഞ്ഞത് കൊണ്ടാണ് ജേക്കബ് തോമസിനോട് ഇത്ര വൈരാഗ്യം. അങ്ങേര് സർവീസ് ചട്ടങ്ങൾ ലംഘിച്ചു എന്നാണു ഇവർ പറയുന്നത്. ആൾ ഇന്ത്യ സർവീസ് റൂൾസ്. ശരി അത് ലംഘിച്ചാൽ അതിനു നടപടിയും അതിൽ കാണുമല്ലോ. അതോ വീക്ഷണത്തിൽ കൂടി തെറി വിളിക്കണം എന്നാണോ സർവീസ് നിയമത്തിൽ പറയുന്നത്? 

ജേക്കബ് തോമസിനെ തൊട്ടാൽ പലതും പുറത്തു വരും. പലരും അകത്താവും ആ പേടിയാണ് ഇവർക്ക്.  കഴുത കാമം കരഞ്ഞു തീർക്കുന്നു. 

 പൊട്ടന്മാർ. കോടതിയിൽ ഹാജരാവാൻ പറഞ്ഞാൽ പാർലമെന്റ് സ്തംഭിപ്പിക്കും. ഇതാണ് ഇവന്മാരുടെ സ്വഭാവം. ഇനിയെങ്കിലും ഇവരെ ജയിപ്പിക്കരുത് എന്നൊരു തീരുമാനം നമ്മൾ എടുക്കണം.   



വീക്ഷണം സാമ്പിൾ ഇതാ

"കന്നിമാസം പിറക്കുമ്പോള്‍ പട്ടികള്‍ക്ക് കാമത്വര കലശലാകുന്നത് പോലെ തെരഞ്ഞെടുപ്പ് വര്‍ഷമായാല്‍ ചില ഉദ്യോഗസ്ഥ മേധാവികള്‍ക്ക് സര്‍ക്കാര്‍ വിരുദ്ധജ്വരം വര്‍ധിക്കാറുണ്ട്. ......ഊളന്‍പാറയിലോ കുതിരവട്ടത്തോ കൊണ്ടുപോയി ഷോക്കടിപ്പിക്കുകയാണ് വേണ്ടത്....ശിക്ഷാനടപടിയുടെ മുക്കാലിയില്‍ കെട്ടി 40 ചാട്ടയടി നല്‍കുകയാണ് വേണ്ടത്."

നിലവാരം കണ്ടല്ലോ.




2015, ഡിസംബർ 11, വെള്ളിയാഴ്‌ച

സി.ഡി.

എന്തൊരു കാത്തിരിപ്പായിരുന്നു. ഉച്ചയക്ക് 3 മണി മുതൽ രാത്രി  11 മണി വരെ. ഊണും ഉറക്കവും ഉപേക്ഷിച്ച്. എന്ന് പറയാൻ കഴിയില്ല. ഊണും ഉറക്കവും ഒക്കെ ടി.വി. യ്ക്ക് മുൻപിലാക്കി എന്ന് പറയുന്നതാകും സത്യം. ഇടയ്ക്ക് പരസ്യം വരുമ്പോഴാണ് മൂത്രമൊഴിക്കാൻ പോലും ഓടി പ്പോകുന്നത്.

അവസാനം അത് സംഭവിച്ചു. സി.ഡി. ഇല്ല.  "എല്ലാവരും കൂടി വന്നാൽ സി.ഡി. കിട്ടില്ല  എന്ന് അപ്പഴേ ഞാൻ പറഞ്ഞില്ലേ?"- ബിജു രാധാകൃഷ്ണൻ.   ആകെ കിട്ടിയത് ഒരു കായ സഞ്ചി.  ആ കായസഞ്ചിയിൽ പഴയ കുറെ സിം കാർഡും കുറെ വിസിറ്റിംഗ് കാർഡും. ശ്ശെ. കാത്തിരുന്നത് വെറുതെയായി. സി.ഡി. കാണാൻ പറ്റിയില്ലെങ്കിലും കിട്ടി എന്ന് അറിഞ്ഞാൽ മതിയായിരുന്നു. അത്രയെങ്കിലും മനസമാധാനമായെനെ. 

എറണാകുളത്ത് നിന്നും തിരിച്ചപ്പോൾ മുതൽ ചാനലുകാർ  കൂടെയുണ്ട്.

"ഇതാ ആലുവാ കഴിഞ്ഞു,ഇതാ തൃശ്ശൂർ,, പാലക്കാട് അവിടെ നിന്നും ഒരു പോലീസ് സംഘം കൂടി, അതിർത്തി കടന്നു.. നേരെ കോയമ്പത്തൂരിലേക്ക് തന്നെ. ഇതാ സെൽവിയുടെ വീട്ടിൽ..ഇതാ ചന്ദ്രൻ."  അങ്ങിനെ റന്നിംഗ് കമന്ററി തുടർന്നു കൊണ്ടേ ഇരുന്നു.

ഇത്രയൊക്കെ ആയിട്ടും ഒരു കാര്യം മനസ്സിലാകുന്നില്ല. ഇത്രയും ഗുരുതരമായ ഒരു ആരോപണം ( കൈക്കൂലിയും ലൈഗികവും) ഒരു സംസ്ഥാനത്തെ മുഖ്യ മന്ത്രിക്കും മന്ത്രിമാർക്കും എം.പി. എം.എൽ.എ മാർക്കും എങ്ങിനെ ഉണ്ടാകുന്നു എന്ന്. ഇതൊക്കെ ഉണ്ടായിട്ടും..  അവരുടെ നാണവും മാനവും ഒക്കെ പോയോ? അതോ അങ്ങിനെ ഒന്നില്ലേ? അതോ എങ്ങിനെയെങ്കിലും ഭരണത്തിൽ തൂങ്ങി കിടന്നാൽ മതിയെന്നാണോ? അതോ ഇങ്ങിനെ ഒരു സി.ഡി. നശിപ്പിച്ചു കളഞ്ഞു എന്ന് പൂർണ ബോധ്യമുള്ളതു കൊണ്ടാണോ?

മറ്റൊരു കാര്യം ശ്രദ്ധിച്ചോ? ഇങ്ങിനെ ഒരു സംഭവം നടന്നിട്ടില്ല എന്ന് തീർത്തു പറയാൻ ആരും ധൈര്യപ്പെട്ടു കണ്ടില്ല. ഇല്ല  ഇല്ല എന്ന് പറയുന്നു എന്നത് ശരി. ഇതല്ലെങ്കിൽ മറ്റൊരാളുമായുള്ള  മറ്റൊരു സി.ഡി. ഉണ്ടാകാം എന്നിവർ പേടിക്കുന്നു. അതാണ്‌ തെളിവ് വരട്ടെ എന്നിവർ പറയുന്നത്. വന്നാൽ അടുത്ത് പറയുന്നത് ഇത് ഒറിജിനൽ അല്ല എന്നായിരിക്കും ഇത് നമ്മൾ കുറെ കണ്ടതാണല്ലോ. അതുമല്ലെങ്കിൽ ഇതല്ലാതെ മറ്റെന്തെങ്കിലും തെളിവ് പുറത്തു വരുമോ എന്നും ഇവർ പേടിക്കുന്നു. 

ഉമ്മൻ ചാണ്ടി പറയുന്നത് ഇനി ഈ 73 ആം വയസ്സിലാണോ എന്ന്. ഇവരുടെ മറ്റൊരു കോണ്‍ഗ്രസ്സ് നേതാവ് സുഖ് രാം, വയസ്സ് 87, ഒരു സി..ഡി.  ക്കാര്യം നമ്മൾ മറന്നിട്ടില്ല.

ഏതായാലും ബിജു രാധാകൃഷ്ണൻ തന്നെ നമ്മുടെ ആശ്രയം. സി.ഡി. ഉണ്ട് എന്ന് തന്നെയാണ് അയാള് പറയുന്നത്. ഇനി വിദേശത്തേക്കായിരിക്കുമോ അടുത്ത സി.,ഡി. തേടി ബിജു പോകുന്നത്? ചാനലുകാരും? കാത്തിരിക്കാം.

" ഇത് കേരളത്തിനാകെ നാണക്കേടാണ്, തമിഴർ  മലയാളികളെ കുറിച്ച് എന്ത് ചിന്തിക്കും, മോശം" 


നാണത്തെ കുറിച്ച് പറഞ്ഞത് ആരാണെന്നോ?  കേരള സർക്കാരിന്റെ നാണത്തിന്റെ ബ്രാൻഡ് അംബാസഡർ സരിത. 



2015, ഡിസംബർ 10, വ്യാഴാഴ്‌ച

പരാതി പറയാൻ

മുല്ലപ്പെരിയാർ സ്ഥിതി വഷളായി ക്കൊണ്ടിരിക്കുന്നു. വൃഷ്ടി പ്രദേശത്തെ മഴ കൂടിയതിനാൽ  ജല നിരപ്പ് 142 അടി എത്തുമെന്ന് ഒരാഴ്ച മുൻപ് തന്നെ എല്ലാവർക്കും അറിയാമായിരുന്നു. നമ്മുടെ എല്ലാ മന്ത്രിമാർക്കും, മുഖ്യ മന്ത്രിയ്ക്കും അറിയാമായിരുന്നു. എന്നിട്ടും നിയമ സഭയിൽ വീര വാദം മുഴക്കുകയാല്ലാതെ ആരും ഒന്നും ചെയ്തില്ല. ദുരന്ത നിവാരണത്തിന് ചെയ്യേണ്ട കാര്യങ്ങൾ ഒന്നും ചെയ്തില്ല. ഇടുക്കി  ജില്ലയിൽ തന്നെ ഒരു മന്ത്രിയും ഇല്ലായിരുന്നു. എല്ലാവരും തിരുവനന്തപുരത്ത് സുരക്ഷിതമായി കഴിഞ്ഞു. എം.എൽ.എ മാരും സുഖമായി തിരുവനന്തപുരത്ത്. നിയമ സഭ കൂടുന്നു എന്നൊരു ഒഴി കഴിവ്. ജനങ്ങളാണോ നിയമ സഭ ആണോ വലുത്? ജനങ്ങൾ ഇല്ലെ തെരഞ്ഞെടുത്തു വിട്ടത്? അപ്പോൾ അവരുടെ ജീവൻ അല്ലെ വിലപ്പെട്ടത്‌? പക്ഷെ അതിലും വലുത് സ്വന്തം ജീവനല്ലേ മന്ത്രിമാർക്കും എം.എൽ.എ മാർക്കും.   

ആരോട് പറയാൻ? മുല്ലപ്പെരിയാറിൽ എത്തുമ്പോൾ  വലിയ പ്രസ്താവനകൾ അടിക്കും. അവിടം വിട്ടാൽ എല്ലാം മറക്കും.

മുല്ലപ്പെരിയാറിലെ സ്ഥിതി അതീവ ഗുരുതരമായിരുന്നു. ആകെ ഉണ്ടായിരുന്നത് ഇടുക്കി ജില്ലാ കളക്ടർ ആയിരുന്നു. ആ പാവം തന്നെ ക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്തു. ഉദ്യോഗ തലത്തിൽ അല്ലല്ലോ ഇതൊക്കെ ചെയ്യേണ്ടത്. മന്ത്രി തലത്തിൽ അല്ലെ. ഏതായാലും വെള്ളം 142 അടി ആയിട്ടും അണക്കെട്ടിനു അപകടം ഒന്നും സംഭവിച്ചില്ല. മാത്രമല്ല തമിഴനു കരുണ തോന്നി  ഷട്ടർ തുറന്നു ജല നിരപ്പ് കുറച്ചു. തുറന്നതോ ആരോടും പറയാതെ രാത്രിയിൽ. അതും ചോദിക്കാൻ ഇവിടെ ആരുമില്ല.

ഇതെല്ലാം കഴിഞ്ഞു മുഖ്യ മന്ത്രി മറ്റു മത്രിമാരെയും കൂട്ടി ഡൽഹിയ്ക്ക് പോയി. എന്തിനാണ് എന്നറിയില്ല. പ്രധാന മന്ത്രിയെ കണ്ട് പരാതി പറയാൻ എന്ന് പറയുന്നു. പിന്നീടാണ് അറിയുന്നത്  പ്രധാന മന്ത്രി സമയം കൊടുത്തില്ല എന്ന്. അതിനു പ്രധാന മന്ത്രിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരു മുഖ്യ മന്ത്രിയുടെ വ്യക്തിത്വം ആണ് മറ്റുള്ളവരെ ഇമ്പ്രസ്സ് ചെയ്യിക്കുന്നത്. നമ്മുടെ മുഖ്യ മന്ത്രിയ്ക്കാകട്ടെ നല്ല പേരും ആണ്. അഴിമതി എല്ലാം അങ്ങേരുടെ തലയിൽ ആണ്. അങ്ങേരുടെ ഒരു മന്ത്രി അഴിമതി ആരോപണത്തിൽ രാജി വച്ചു. വേറൊരാൾ വിജിലൻസ് അന്വേഷണത്തിൽ ആണ്. പിന്നെ സ്വന്തം കാര്യം. സരിത തൊട്ടു എല്ലാം കൂടെയുണ്ട്. ഇതിനൊക്കെ അതീതമായി ഒരു ലൈംഗിക ആരോപണവും കൂടി വന്നിരിക്കുന്നു. ബിജു   സി.,ഡി.  കൊണ്ട് വന്നാലെല്ലാം ശുഭം. അതാണ്‌ ആള്. പിന്നെ ഡൽഹിയിൽ ചെന്നാൽ എങ്ങിനെ വില കിട്ടും?

അവസാനം പ്രധാന മന്ത്രി പറഞ്ഞു. ഞാൻ കേരളത്തിൽ വരുന്നുണ്ട്. അപ്പോൾ വേണമെങ്കിൽ വന്നു കണ്ടോളൂ. ചാണ്ടി അത് സമ്മതിച്ചു. അപ്പോൾ പറയുന്നു ഞാൻ തിരിച്ചു പോകുന്ന വഴി വിമാനത്താവളത്തിൽ കുറച്ചു നേരം  കാണും. അപ്പോൾ വന്നു കാണൂ. അതും സമ്മതിച്ചു. ഇപ്പോൾ അതും കാത്തിരിക്കുകയാണ് മുഖ്യ മന്ത്രി. ഇങ്ങിനെയുള്ള ആള് മുല്ലപ്പെരിയാർ കാര്യം പറഞ്ഞാൽ  ആര് കേൾക്കാനാണ്‌? 

നമ്മുടെ ഒരു തലവിധി. 




2015, ഡിസംബർ 9, ബുധനാഴ്‌ച

നാഷണൽ ഹെറാൾഡ്‌ കേസ്







മദാമ്മയും മകനും ഇപ്പോൾ പെട്ടു എന്ന് തന്നെ പറയാം. സോണിയ ഗാന്ധിയും മകൻ രാഹുലും ഡൽഹി മെട്രോപൊലിറ്റൻ കോടതിയിൽ നേരിട്ട് ഹാജരാകണം എന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നു. നേരിട്ട് ഹാജരാകാൻ മെട്രോപൊലിറ്റൻ കോടതി രണ്ടു പേർക്കും സമൻസ് അയച്ചിരുന്നു. ആ  സമൻസ്  റദ്ദാക്കണം എന്ന് പറഞ്ഞാണ് ആണ് അവർ ഹൈക്കോടതിയിൽ പോയത്. അവരുടെ  ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി കോടതിയിൽ ഹാജരാകുക തന്നെ വേണം എന്ന്  പറഞ്ഞത്. ഇന്നലെ ആയിരുന്നു ഹാജരാകേണ്ടി  ഇരുന്നത്. അവരുടെ അസൌകര്യ പ്രകാരം അത് ഈ മാസം 19 ലേക്ക് മാറ്റിയിട്ടുണ്ട്. ഹൈക്കോടതി വിധിയ്ക്കു എതിരെ സുപ്രീം കോടതിയിൽ പോകും എന്നും പറയുന്നു. ഏതായാലും അവരുടെ വക്കീൽ കബിൽ സിബൽ 19 നു രണ്ടു പേരും  ഹാജരാകും എന്ന് കോടതിയിൽ   ഉറപ്പു നൽകിയിട്ടുണ്ട്.

 ഒരു പണ തട്ടിപ്പ്, വിശ്വാസ വഞ്ചന  കേസ് ആണ് അവർ ഉൾപ്പെട്ടിട്ടുള്ളത്. നാഷണൽ ഹെറാൾഡ്‌ കേസ്.   ഇന്ന് 2000 കോടി രൂപ വില വരുന്ന ന്യൂ ഡൽഹിയിലെ സ്വത്ത് തട്ടിയെടുത്തു എന്ന കേസ്. (ഇന്നതിനു 5000 കോടി വില വരും)   

 നാഷണൽ ഹെറാൾഡ്‌ പത്രം ജവഹർലാൽ നെഹ്‌റു 1938 ൽ തുടങ്ങിയതാണ്‌. 2008ൽ ആ പത്രം പൂട്ടി. പത്രത്തിന് ഡൽഹി ബഹദുർഷാ സഫർ മാർഗിൽ  ഹെറാൾഡ്‌ ഭവൻ എന്ന കെട്ടിടവും സ്വത്തുക്കളും സ്വന്തമായി ഉണ്ട്. സോണിയയും മകനും ചേർന്ന് "യങ്ങ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ്" എന്ന ഒരു കമ്പനി രൂപീകരിക്കുന്നു. അതിന്റെ 76 ശതമാനം ഓഹരികൾ അമ്മയും മകനും. ബാക്കി 26 ശതമാനം മോട്ടിലാൽ വോറ,ഓസ്കാർ ഫെർണാണ്ടസ് , സുമൻ ദുബേ, സാം പിട്രോട എന്ന കോണ്‍ഗ്രസ്സ് കാർക്ക്.

ഇനിയാണ് യഥാർത്ഥ തട്ടിപ്പിൻറെ വഴി. നാഷണൽ ഹെറാൾഡ്‌ കമ്പനി പത്രം തുടങ്ങാൻ വേണ്ടി കോണ്‍ഗ്രസ്സ് പാർട്ടിയിൽ നിന്നും  പണ്ട് കടം വാങ്ങിയ തുകയാണ് 90.25 കോടി. അത് ഇതേ വരെ തിരിച്ചു കൊടുത്തിട്ടില്ല. അത് തിരിച്ചു വാങ്ങി എടുക്കാനുള്ള  അവകാശം സോണിയയുടെയും രാഹുലിന്റെയും  യങ്ങ് ഇന്ത്യൻ കമ്പനി കോണ്‍ഗ്രസ്സിൽ നിന്നും എഴുതി വാങ്ങുന്നു. 50 ലക്ഷം രൂപ നൽകിയിട്ട്. അതായത് പിരിച്ചെടുക്കുന്ന 90.25  കോടി  സോണിയയുടെ കമ്പനിയ്ക്ക് കിട്ടും. ചിലവോ 50 ലക്ഷം രൂപ മാത്രം. ഇതാണ് തട്ടിപ്പും വഞ്ചനയും. അങ്ങിനെ 5000 കോടി വിലയുള്ള സ്വത്ത് സോണിയയുടെയും രാഹുലിന്റെയും സ്വന്തം കമ്പനിയുടെ സ്വന്തം ആകുന്നു.

ഇക്കാര്യം കാണിച്ചു കൊണ്ട് 2012ല സുബ്രമണ്യൻ സ്വാമി കേസ് കൊടുക്കുന്നു. കോണ്‍ഗ്രസ്സ് പാർട്ടി  പത്രത്തിന് കൊടുത്ത കടവും തെറ്റാണ്. കാരണം അത് പാർട്ടിയുടെ പൊതു ഫണ്ടിൽ നിന്നുമാണ് കൊടുത്തത് എന്നും സ്വാമി ആരോപിച്ചു. കോടതി സ്വാമി ഉൾപ്പടെ 4 സാക്ഷികളെ വിസ്തരിച്ചു. അതിനു ശേഷം വാദം കേൾക്കുന്നു. അത് കേട്ടതിനു ശേഷമാണ്  മദാമ്മയും മകനും ഹാജരാകാൻ സമൻസ് പുറപ്പെടുവിച്ചത്. " പൊതു ഫണ്ട് സ്വന്തമാക്കാൻ ഇവർ ശ്രമിച്ചു എന്ന് കാണുന്നു" എന്ന് കോടതി പറഞ്ഞു.ഇങ്ങിനെ സ്വന്തമാക്കാൻ  എല്ലാവരും ഒത്തു ചേർന്ന്  പ്രവർത്തിച്ചു എന്നും കോടതി പറഞ്ഞു. 

അതിനെതിരെ ഹൈക്കോടതിയിൽ പോയപ്പോഴാണ്  ഹർജി തള്ളിക്കൊണ്ട്  നേരിട്ട് ഹാജരാകണം എന്ന് ഹൈക്കോടതി പറഞ്ഞത്. "പ്രഥമ ദൃഷ്ട്യാ   ക്രിമിനൽ കുറ്റം ഉണ്ടെന്നു തെളിവുണ്ട്" എന്ന് കൂടി ഹൈക്കോടതി പറഞ്ഞു.

സംഭവം കുടുങ്ങും എന്ന് ഉറപ്പായപ്പോൾ അമ്മയും മകനും പുതിയ അടവുകളുമായി വരുന്നു. ആദ്യമായി അവരുടെ സിൽബന്ധികളെ കൊണ്ട് പാർലമെന്റിൽ ബഹളം ഉണ്ടാക്കിച്ചു. കോടതിയിൽ കേസ് ഉള്ളതിന് പാർലമെന്റിൽ എന്തിനാണ് ബഹളം വയ്ക്കുന്നത്. എന്തിനാണ് സഭ സ്തംഭിപ്പിക്കുന്നത്? എന്തെങ്കിലും സ്റ്റെറ്റ്മെന്റ് ഉണ്ടോ എന്ന് സ്പീക്കർ ചോദിച്ചപ്പോൾ  ഈ കോണ്‍ഗ്രസ്സ് കാർക്ക് മിണ്ടാട്ടമില്ല.എല്ലാ എം.പി. മാരും കൂടി ഒച്ചയും ബഹളവും.അങ്ങാടിയിൽ തോറ്റതിന് അമ്മയോടോ? ഇന്നലെ ഒരു  ഇന്റർവ്യൂ യിൽ സുബ്രമണ്യൻ സ്വാമി പറയുകയുണ്ടായി " കോണ്‍ഗ്രസ്സ് കാർ ജോക്കർ മാര്" ആണെന്ന്. അത് സത്യമാണെന്നു തെളിയുകയാണ്.

ഇതിനിടെ രാഹുൽ മദ്രാസിൽ വച്ച് പത്രക്കാരോട് പറയുകയാണ്‌ ഇത് രാഷ്ട്രീയ പക പോക്കൽ ആണെന്ന്? കള്ളത്തരം കാണിച്ചു കോടതി യിൽ ഹാജരാകാൻ പറയുമ്പോൾ    രാഷ്ട്രീയ പക പോക്കൽ എന്ന് പറഞ്ഞു കരയുകയാണോ വേണ്ടത്? ഇനി ലീവിൽ വിദേശത്ത് മുങ്ങുന്നത് നടക്കുന്ന ലക്ഷണമില്ല. ഇടയ്ക്കിടെ കോടതിയിൽ പോകേണ്ടി വരും.

അമ്മ സോണിയ ഒരു പടി കൂടി കടന്നു. " എനിയ്ക്കാരെയും പേടിയില്ല. ഞാൻ ഇന്ദിരയുടെ മരുമോളാണ് " അതെന്തു സംഭവം! സാധാരണ എല്ലാവരും പറയാറുണ്ട് " ഞാൻ  ഈ അച്ഛന്റെ മോനാണ്(മോളാണ്) ഈ അമ്മയുടെ മോനാണ്(മോളാണ്)" എന്നൊക്കെ. അത് ആ അച്ഛന്റെ അല്ലെങ്കിൽ അമ്മയുടെ ജീൻ തൻറെ ശരീരത്തിൽ ഉണ്ടെന്നും ആ ഗുണം തന്നിൽ ഉണ്ടെന്നും ആ ധൈര്യം താൻ കാണിക്കുമെന്നും ഒക്കെയാണ് അതിനർത്ഥം.  പക്ഷെ ആദ്യമായാണ് താൻ ആ അമ്മാവിയമ്മയുടെ മരുമകൾ ആണെന്ന് ഒരാൾ  പറയുന്നത്. ഇന്ദിരയുടെ ഗുണം എങ്ങിനെ സോണിയയിൽ കടന്നു കൂടി? അമ്മാവിയമ്മയുടെ ഗുണം മരുമകളിൽ കടന്നു കൂടി? വിചിത്രം തന്നെ.

" കോണ്‍ഗ്രസ്സ് കാർ ജോക്കർ മാര്" ആണെന്ന്സുബ്രമണ്യൻ സ്വാമി പറഞ്ഞത് സത്യമല്ല എന്ന് എങ്ങിനെ പറയും?.

2015, ഡിസംബർ 8, ചൊവ്വാഴ്ച

ദേവസ്വം വരുമാനം

തരികിട പരിപാടികൾ ആണ് ഉമ്മൻ ചാണ്ടിയുടെ സ്ഥിരം ഷോ . കുറെ നാളുകളായി ഹിന്ദുക്കൾ പറയുന്നു. അവരുടെ ക്ഷേത്രങ്ങളിൽ നിന്നും കിട്ടുന്ന പണം സർക്കാർ എടുത്തു മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന്. ഇങ്ങിനെ മറ്റു മതങ്ങളുടെ ആരാധനാലയത്തിൽ നിന്നും എടുക്കുന്നില്ല എന്നും. 

ചാണ്ടിയുടെ കുഴിഞ്ഞ ബുദ്ധി പ്രവർത്തിച്ചു. ഈ ആരോപണം എങ്ങിനെ പൊളിക്കാം. അതിനു നിയമ സഭ തന്നെ ആയുധമാക്കി. അവിടെ ഒരു മറുപടി പറയുന്നു ദേവസ്വം മന്ത്രി. അതിനു വേദിയൊരുക്കിയത് വിചിത്രം.  കോണ്‍ഗ്രസ്സിലെ തന്നെ ഒരു എം.എൽ.എ.   വി.ഡി. സതീശൻ  ഒരു സബ്മിഷൻ ഉന്നയിക്കുന്നു. അതിനു മറുപടിയായാണ് മന്ത്രി  231 കോടി ക്ഷേത്രങ്ങൾക്ക് ചിലവഴിച്ചു എന്ന് പറയുന്നത്.  ഭരണ പക്ഷവും പ്രതി പക്ഷവും എല്ലാവരും ഹാപ്പി . സതീശന് ഇത്  എന്തിനായിരുന്നു അറിയേണ്ടത്?  അറിയണം എങ്കിൽ തന്നെ മന്ത്രിയെ ഫോണ്‍ വിളിച്ചൊന്നു ചോദിച്ചാൽ പോരായിരുന്നോ? അല്ലെങ്കിൽ ദേവസ്വം അംഗം അജയ് തറയിൽ എം.എൽ.എ. യോട് ചോദിച്ചാൽ പോരേ? അപ്പോൾ ഇതൊരു കോണ്‍ഗ്രസ് നാടകം ആയിരുന്നു.  ജനങ്ങളെ പറ്റിയ്ക്കാൻ. 

വരുമാനം എത്ര?

വൈകുന്നേരം ചാനലുകളിൽ ചർച്ച നിറഞ്ഞു. ചിലവാക്കിയ തുക മന്ത്രി പറഞ്ഞു. പക്ഷെ വരുമാനം എത്രയാണെന്ന് മന്ത്രി പറഞ്ഞില്ല. രാവിലത്തെ പത്രങ്ങൾ നോക്കിയിട്ടും എങ്ങും വരുമാനം എത്രയെന്ന് മന്ത്രി പറഞ്ഞു കണ്ടില്ല. ഇതാണ്   ചാണ്ടിയുടെ ബുദ്ധി.


2015, ഡിസംബർ 7, തിങ്കളാഴ്‌ച

പ്രളയം.

ചെന്നൈ നഗരം മഴയിൽ മുങ്ങി. 

എന്ത് കൊണ്ടാണ് വെള്ളപ്പൊക്കം ഉണ്ടാകുന്നത്? അതിനു ഉത്തരം പറയാൻ വലിയ, വലിയ എന്നല്ല ചെറിയ പോലും ശാസ്ത്രീയ ജ്ഞാനം ഒന്നും വേണ്ട. വെള്ളം ഒഴുകിപ്പോകാൻ പറ്റാത്തത് കൊണ്ട് വെള്ളപ്പൊക്കം ഉണ്ടാകുന്നു എന്ന് എല്ലാവർക്കും അറിയാം. പക്ഷേ ഇതറിയാത്ത പല മോഡേണ്‍ ഭരണാധികാരികളും നമുക്കുണ്ട്. തിരുവനന്തപുരം തമ്പാനൂർ പരിസരത്തും കിഴക്കെക്കോട്ടയിലും  വെള്ളപ്പൊക്കം ഉണ്ടാകുന്നതിന്റെ കാരണം കണ്ടു പിടിക്കാൻ പല ഉദ്യോഗസ്ഥ സംഘങ്ങൾ പല തവണ വിദേശ  രാജ്യങ്ങളിലേയ്ക്ക്  യാത്രകൾ നടത്തിയിട്ടുണ്ട്.  വെള്ളപ്പോക്കത്തിനു കാരണം ഒഴുകി പ്പോകാൻ സ്ഥലമില്ലാത്തത് കൊണ്ടാണെന്ന് സാമാന്യ ബുദ്ധി യുള്ള ആർക്കും  അറിയാം. വിദേശ രാജ്യക്കാർ ഈ പൊട്ടന്മാരുടെ വരവ് കണ്ടു ചിരിച്ചു കാണും. ഈ പൊട്ടന്മാർ നാട്ടിലെ  വയലിലും പറമ്പിലും കൃഷിയിടങ്ങളിലും ഒന്ന് പോയി നോക്കണം. അപ്പോൾ മനസ്സിലാകും എങ്ങിനെയാണ് വെള്ളത്തെ നിയന്ത്രിക്കുന്നത്‌ എന്ന്. കൂടുതൽ വെള്ളം വരുന്നിടത്ത് ചാലുകൾ എടുത്ത് അടുത്ത തോടുകളിലേയ്ക്ക് ഒഴുക്കും. തോട്ടിൽ നിന്ന് അത് ആറ്റിൽ എത്തിച്ചേരും. വലിയ തോതിൽ വെള്ളം വരുമ്പോൾ പുഴ കര കവിഞ്ഞു ഒഴുകാറുണ്ട്. എന്നാലും വെള്ളക്കെട്ടില്ലാതെ അത് കായലിലും കടലിലും തടാകങ്ങളിലും ഒക്കെ ചെന്ന് ചേരും.

വയലും കായലും  ഈ എല്ലാം നികത്തുന്ന ഭരണാധികാരികൾ ഈ കാഴ്ചകൾ ഒക്കെ എങ്ങിനെ കാണാനാണ്? അത് കൊണ്ട് വിദേശ രാജ്യങ്ങളിൽ പോകും ഈ ഊളന്മാർ.

മഴ മാനത്ത് കണ്ടാൽ വെള്ളപ്പൊക്കം ഉണ്ടാകും തിരുവനന്തപുരം നഗരത്തിൽ. കുറെ വർഷങ്ങൾക്ക് മുൻപ് ഏറ്റവും വൃത്തിയുള്ള നഗരം ആയിരുന്നു അത്. മഴ തോർന്ന് കഴിയുമ്പോഴേക്കും മഴ വെള്ളം ഒഴുകി പ്പോയിരിക്കും. അന്ന് അതിനു സൗകര്യം ഉണ്ടായിരുന്നു. ഓടകൾ ഉണ്ടായിരുന്നു. മഹാരാജാക്കന്മാരെ പ്പോലെ ദീർഘ വീക്ഷണം ഉള്ള ഭരണാധികാരികൾ ഉണ്ടായിരുന്നു. ദുര മൂത്ത രാഷ്ട്രീയക്കാർ ഭരണത്തിൽ വന്നത് മുതൽ ഇതെല്ലാം താറു മാറായി. യാതൊരു മാനദണ്ഡവും ഇല്ലാതെ എവിടെയും വീടും കെട്ടിടങ്ങളും വയ്ക്കാൻ അനുമതി നൽകി. പഴയ ഓടകൾ എല്ലാം നികത്തി കെട്ടിടം പണിതു. തോടുകളും ആറുകളും കയ്യേറി. വയലുകൾ മുഴുവൻ നികത്തി.അങ്ങിനെ വെള്ളം ഒഴുകിപ്പോകാൻ മർഗമില്ലാതാക്കി. ഇതിനെല്ലാം അനുമതി നൽകിയത് കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ആണ്. ജനങ്ങളും ഇതിൽ ഉത്തരവാദി ആണ്. പണം കൊടുത്താൽ എന്തും നടത്താം എന്ന് വച്ച് കെട്ടിടങ്ങൾ നിർമിച്ചു കൂട്ടി.

ചെന്നൈ പോലൊരു ദുരന്തം നമുക്കും പ്രതീക്ഷിക്കാം. കൊച്ചി ആയിരിക്കും അങ്ങിനെനെയെങ്കിൽ ആദ്യത്തെ ഇര. അവിടെ കെട്ടിടങ്ങൾ കെട്ടി പ്പൊക്കുകയല്ലെ. ചതുപ്പും നിലവും എല്ലാം നികത്തി. വെള്ളം ഒഴുകിപ്പോകാൻ ഉള്ള വഴികൾ എല്ലാം അടച്ചു. അനുഭവിക്കുക. അത്ര തന്നെ.

നഗരങ്ങളിൽ ആദ്യം. പിന്നെ ഇത് ഗ്രാമങ്ങളിലെയ്ക്കും വ്യാപിക്കും.വയലും തോടും നികത്തി വിമാനത്താവളങ്ങൾ ഉണ്ടാക്കുകയല്ലേ നമ്മൾ. പക്ഷെ നമ്മൾ പഠിക്കില്ല. കൊച്ചിയിൽ വന്നാലും വിചാരിക്കും ഓ ഇത് ഇങ്ങോട്ട് വരില്ല. സ്വയം പ്രളയത്തിൽ മുങ്ങുന്നത് വരെ ഓരോരുത്തരും ശുഭാപ്തി വിശ്വാസത്തിൽ കഴിയും. അതാണല്ലോ മനുഷ്യ സ്വഭാവം.

2015, ഡിസംബർ 6, ഞായറാഴ്‌ച

തമിഴന്റെ ക്രൂരത





മദ്രാസിൽ അതി ഭയങ്കര മഴ. ഒരു പ്രളയം തന്നെ. വീടുകളിൽ വെള്ളം കയറി കയറി. എല്ലാം നഷ്ട്ടപ്പെട്ട പതിനായിരക്കണക്കിന് ആളുകൾ വള്ളത്തിലും ഹെലി കോപ്ടരിലും വിതരണം ചെയ്യുന്ന ചെയ്യുന്ന ഭക്ഷണ പൊതികളിൽ മാത്രം  ജീവിക്കുന്നു.  വളരെ ദയനീയമായ ഒരു സ്ഥിതി വിശേഷം. അതി  ശോചനീയം.

കഷ്ട്ടപ്പെടുന്ന നമ്മുടെ സഹോദരങ്ങൾക്ക്‌ വേണ്ടി എല്ലാവരും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ നൽകുന്നു. കേന്ദ്രം നൽകി. കേരളം. അത് പോലെ അവർക്ക് അത്യാവശ്യമായ ആഹാരം, നമ്മുടെ ജെയിൽ ചപ്പാത്തി അയച്ചു കഴിഞ്ഞു. അങ്ങിനെ പലതും. ഇത് തമിഴർക്കു സംഭവിച്ച ഒന്നായി കണ്ട് ആരും മാറി നിൽക്കുന്നില്ല. നമ്മുടെ കൂട്ടത്തിലുള്ള കുറെ പ്പെർക്ക് വന്നു പെട്ട ഒരു   ദുർഗതി എന്ന് കരുതിയാണ് എല്ലാവരും സഹായിക്കുന്നത്.

മഴ ഒന്നടങ്ങി എന്ന് ആശ്വസിച്ചു ഇരിക്കുമ്പോഴാണ് വീണ്ടും മഴ വരുമെന്ന് പറയുന്നത്.

ഇത്രയും ഒക്കെ ആയിട്ടും  തമിഴ് രാഷ്ട്രീയക്കാരുടെ അഹങ്കാരം അടങ്ങിയില്ല എന്നതാണ് കഷ്ട്ടം. ഇന്നലെ പാർലമെന്റിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജല നിരപ്പ് ഉയരുന്നതിനെ  കേരള എം.പി. മാർ ആശങ്ക പ്രകടിപ്പിച്ചു. 141 അടി വെള്ളം ആകുന്നു. 142 അടി ആണ്  അനുവദനീയം.  മുല്ലപ്പെരിയാർ എന്ന് കേട്ടപ്പോഴേ തമിഴന്മാർ എം.പി. മാർക്ക് ഹാലിളകി.  അവർ എല്ലാവരും കൂടി ഭയങ്കര ബഹളം ആയിരുന്നു. മദ്രാസിൽ ഇത്രയും വെള്ളപ്പൊക്കം വന്നപ്പോഴത്തെ ദുരിതം നമ്മൾ കണ്ടു കൊണ്ടിരിക്കുന്നു. അപ്പോൾ ഇടുക്കി അണക്കെട്ടിനു എന്തെങ്കിലും സംഭവിച്ചാൽ എന്തായിരിക്കും സ്ഥിതി? അത് ആലോചിക്കാനുള്ള സാമാന്യ ബുദ്ധി പോലും ഈ തമിഴന്മാർക്ക് ഇല്ലാതെ പോയല്ലോ. കഷ്ട്ടം. 

ഇതിനൊക്കെ ഉത്തരവാദികൾ കേരളത്തിലെ ഉത്തരവാദിത്വമില്ലാത്ത രാഷ്ട്രീയക്കാരും ഭരണാധികാരികളും മാത്രമാണ്. അച്യുതമേനോൻ മുഖ്യ മന്ത്രി ആണ് 99 വർഷത്തേയ്ക്ക് തമിഴ് നാടിനു വെള്ളവും അണക്കെട്ടിന്റെ അവകാശവും തീറെഴുതി കൊടുത്തത്. അന്ന് ഭരണത്തിൽ ഇരുന്ന പൊട്ടന്മാർ എല്ലാം മിണ്ടാതിരുന്നു. ( ഇനി പകരമായി അവർക്ക് തമിഴ് നാട്ടിൽ തോട്ടങ്ങൾ കൊടുത്തു എന്ന് പറഞ്ഞു കേൾക്കുന്നുണ്ട്. കൂടുതൽ പറഞ്ഞാൽ അവിടെയുള്ള വസ്തു വകകളുടെ കണക്കു വെളിപ്പെടുത്തും എന്ന് ജയലളിത ഭീഷണി പ്പെടുത്തി എന്നൊരു വാർത്തയും വന്നിരുന്നു.) അതിനു ശേഷം കേരളത്തിൽ  വന്ന സർക്കാരുകൾ എല്ലാം  ഇതൊരു വിഷയമേ അല്ല എന്ന രീതിയിൽ ആയിരുന്നു പെരുമാറിയത്.കോടതി കേസുകളിൽ എല്ലാം ഈ നയം പിന്തുടർന്നു. ഇവിടന്നു നമ്മൾ തെരഞ്ഞെടുത്തു വിട്ട എം.പി. മാരും വായും അടച്ചു ഇരുന്നു. പ്രേമചന്ദ്രൻ മന്ത്രി ആയിരുന്നപ്പോൾ മാത്രമാണ് എന്തെങ്കിലും ചെയ്തതും സുപ്രീം കോടതി കാര്യങ്ങൾ മനസ്സിലാക്കിയതും. പക്ഷെ അപ്പോഴേയ്ക്കും വളരെ താമസിച്ചു പോയിരുന്നു. ഉന്നതാധികാര സമിതിയിലും താഴ നാട് പിടി മുറുക്കി. അന്ന് ഇവിടെ നിന്നും പോയ ഉദ്യോഗസ്ഥരും റ്റമിഴ് നാട് കൊടുക്കുന്ന എച്ചിലും തിന്നു പഞ്ച പുശ്ചം അടക്കി നിന്നു.  

മുല്ലപ്പെരിയാറിലെ വെള്ളം ഉയർന്നു വരുകയാണ്. തമിഴ് നാട് പറഞ്ഞ 142 അടി ആകാറായി. ഇത്രയും ആയാലേ ഷട്ടർ തുറക്കൂ എന്നൊരു വാശിയിൽ ആണ് തമിഴർ. ഇറച്ചിപ്പലത്ത് നിന്നും വെള്ളം കൊണ്ട് പോയി അവർക്ക്  അവരുടെ വൈഗ അണക്കെട്ടിൽ നിറച്ചിടാം. പക്ഷെ അവർ ചെയ്യില്ല. മുഴുവൻ നിറച്ചു 142 അടി ആക്കി ലോകത്തെ കാണിക്കുക എന്ന നികൃഷ്ട്ടമായ വാശിയാണ് അവർക്ക്. കേരളം മുഴുവൻ നശിച്ചാലും തങ്ങൾക്കു വെള്ളം കിട്ടണം എന്ന അധമ ചിന്ത.  നമ്മുടെ മുഖ്യ മന്ത്രിയ്ക്കും മറ്റും അനക്കമൊന്നും ഇല്ല. ക്ലിഫ് ഹൗസും കന്ടോൻമെന്റ് ഹൌസും അങ്ങ് തിരുവനന്തപുരത്ത് ആണല്ലോ. ഇതിനിടെ കേരളത്തിലെ പൊട്ടന്മാർ നെയ്യാറിലെ വെള്ളം തമിഴനു കൊടുക്കാം എന്നൊരു വാഗ്ദാനം നൽകി. അടുത്ത വർഷം അവർ കോടതിയിൽ പറയുന്നു നെയ്യാർ വെള്ളം അവരുടെ അവകാശം എന്ന്. അതാണ്‌ തമിഴ്നാ.ട്  

കുടിവെള്ളവും ഭക്ഷണവും ഇല്ലാതെ കഷ്ട്ടപ്പെടുന്ന തമിഴർക്ക് ജയലളിത ചപ്പാത്തി കൊടുത്തു. ഓരോ കവറിലും അവരുടെ പടം ഒട്ടിച്ച്. ആളുകൾ കഷ്ട്ടപ്പെടുമ്പോഴും പ്രശസ്തി ആണ് അവർക്ക് താൽപ്പര്യം. 

പുതിയ് ഒരു അണക്കെട്ടിനു വേണ്ടി കേരളം ആവശ്യപ്പെടുന്നു. കഴമ്പില്ലാത്ത, നട്ടെല്ലില്ലാത്ത ഭരണ കൂടങ്ങൾ ആണ് കേരളത്തിൽ എന്നതു കൊണ്ട് അത് നടക്കും എന്ന് തോന്നുന്നില്ല. ( ഭരണാധികാരികൾക്ക് അതിൽ അത്ര വലിയ താൽപ്പര്യം ഒന്നുമില്ല താനും. പിന്നെ അതിൻറെ കമ്മീഷൻ കിട്ടും എന്ന ഒരു ആകർഷണം ഉണ്ട്.

120 വർഷം പഴക്കമുള്ള അണക്കെട്ടാണ്. സുർക്കിയും സിമന്റും കൊണ്ടുണ്ടാക്കിയ ഗ്രാവിറ്റി ഡാം. ഇത് അധിക നാൾ പോകില്ല എന്ന് എല്ലാവർക്കും അറിയാം. ഇന്നോ നാളെയോ അത്ര മാത്രം.എന്നിട്ടും നമ്മൾ സ്വസ്ഥമായി ഇരിക്കുന്നു. 

മുല്ലപ്പെരിയാറിൽ അണക്കെട്ടിലും ജലം വരുന്നിടത്തും ഒന്നും ചെയ്തു കൂടാ എന്നാണു സുപ്രീം കോടതി ഉത്തരവ്. അതായത് അതിനു മുകളിൽ മറ്റൊരു അണ പാടില്ല. വെള്ളം വരവ് തടസ്സപ്പെടുത്താനും പാടില്ല എന്ന്. ഈ വൃഷ്ട്ടി പ്രദേശം ഒക്കെ കേരളത്തിന്റെതാണ്. അപ്പോൾ സുപ്രീം കോടതി പറയുന്നതിന് ഒക്കെ  മുൻപ്  എന്തെങ്കിലും ചെയ്യാൻ കേരളത്തിന്‌ കഴിയില്ലേ? അത് നോക്കേണ്ടി ഇരിക്കുന്നു. 




2015, ഡിസംബർ 4, വെള്ളിയാഴ്‌ച

സർക്കാർ ജോലി

തോന്നുമ്പോൾ വരുക. വന്നു കഴിഞ്ഞാൽ തോന്നുന്നത് ചെയ്യുക. തോന്നുമ്പോൾ തിരിച്ചു പോവുക. ഇതാണ് കേരളത്തിലെ ബഹു ഭൂരിപക്ഷം സർക്കാർ ഓഫീസുകളിലെയും സ്ഥിതി. ഈ സ്ഥിതി തുടരണം എന്ന് തന്നെയാണ് സർക്കാർ ഉദ്യോഗസ്ഥരും സർക്കാർ ഓഫീസുകളിലെ രാഷ്ട്രീയ ട്രേഡ് യുണിയനുകളായ അവരുടെ അസ്സോസിയേഷനുകളും പറയുന്നത്.

സമയത്ത് ഓഫീസിൽ വരുകയും പോവുകയും ചെയ്യുന്നു എന്ന് ഉറപ്പു വരുത്താൻ തുടങ്ങി വച്ച "പഞ്ചിംഗ്" എന്ന പരിപാടിയെ ശക്തിയുക്തം എതിർത്ത് യുനിയനുകളും ഉദ്യോഗസ്ഥരും അത് ഒഴിവാക്കി. നാമ മാത്രമായി സെക്രട്ടറി യെറ്റിലോ മറ്റോ ഉണ്ടെങ്കിൽ തന്നെ അത് പ്രവർത്തന രഹിതമാക്കിയിട്ടുണ്ട്. അഥവാ പ്രവർത്തിക്കുന്നു എങ്കിൽ മേലുദ്യോഗസ്ഥരെ ഭീഷണി പ്പെടുത്തി അത് പ്രകാരം നടപടി എടുക്കാൻ അനുവദിക്കുന്നുമില്ല. 

ഓഫീസിൽ എത്തിയാൽ ഒരു പൈസയുടെ പോലും ജോലി ചെയ്യാതെ യുണിയൻ പ്രവർത്തനവും ആയി നടക്കുന്ന ഒരു കൂട്ടർ. ഇവർക്ക് സർക്കാർ ഇങ്ങിനെ ഒരു സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തിരിക്കുകയാണ്. എന്തും ചെയ്യാം. രാഷ്ട്രീയ പാർട്ടികളുടെ  യുണിയൻ ആണ് ഇവിടെ ഉള്ളത്. രാഷ്ട്രീയം നിരോധിച്ച സർക്കാർ സർവീസിൽ.  ഭരണ-പ്രതിപക്ഷ പാർട്ടികളുടെ  എല്ലാം യുനിയനുകൾ ഉണ്ട്. ഓരോ പാർട്ടിക്കും ഓരോ യുണിയൻ. അതിന്റെ നേതാക്കൾ  രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ തന്നെ. എം.പി.യോ എം.എൽ.എ. യോ മന്ത്രിയോ ഒക്കെ ആണ് ഇവരുടെ പ്രസിഡന്റ് മാർ. ഇവരുടെ സമ്മേളനത്തിന് ഉദ്ഘാടനത്തിന് പോകുന്നതും മന്ത്രിമാരും പ്രതിപക്ഷ നേതാവും ഒക്കെ തന്നെ.

ഓഫീസിൽ എത്തിയാലും പണി ചെയ്യാത്തവരാണ് ഭൂരിഭാഗവും. അവരെ പണിയെടുപ്പിക്കാൻ മേലുദ്യോഗസ്ഥർക്ക് കഴിയില്ല. എന്തെങ്കിലും പറഞ്ഞാൽ,ചെയ്‌താൽ  രാഷ്ടീയ സ്വാധീനം ഉപയോഗിച്ച് അതിനെ മറി കടക്കും. വേണമെങ്കിൽ അയാളെ പിന്തിരിപ്പൻ എന്ന് മുദ്ര കുത്തി സ്ഥലം മാറ്റിക്കും. ശമ്പളം വാങ്ങാൻ മാത്രമുള്ള ഒരു ജോലി ആയി മാറിയിരിക്കുന്നു സർക്കാർ ജോലി.

ഇഷ്ട്ടം പോലെ അവധി. എല്ലാ ജാതി മതങ്ങളെയും സംതൃപ്തരാക്കാൻ എല്ലാ ഉത്സവങ്ങൾക്കും അനാവശ്യമായി അവധി നൽകുന്നു. ആറ്റുകാൽ പൊങ്കാല യ്ക്ക് നഗരത്തിൽ ഗതാഗതം തടസ്സപ്പെടുന്നതിനാൽ അവധി കൊടുത്തു. (കേന്ദ്ര സർക്കാർ അവധി ഇല്ല) അമ്പലത്തിനു കൊടുത്താൽ പകരം മറ്റു ജാതിക്കാർക്കും അവധിയ്ക്ക് അവകാശമില്ലേ? കൊടുത്തു അവധി മുസ്ലിങ്ങൾക്ക്‌. ബീമാ പ്പള്ളി ഉറൂസിന് അപ്പോൾ   ക്രിസ്ത്യാനികൾക്ക് വേണ്ടേ? വേണം അവർക്ക് വെട്ടുകാട് പള്ളി പ്പെരുന്നാളിന്. ഇതാണ് കേരളത്തിലെ സർക്കാരിന്റെ അവധി വ്യവസ്ഥ. 

ഇങ്ങിനെ സർക്കാർ ശമ്പളവും വാങ്ങി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ നിയന്ത്രിക്കണം എന്നാണ് ശമ്പള പരിഷ്കരണ നിർദ്ദേശങ്ങൾ നൽകിയ പഴയ ജസ്റ്റീസ് രാമചന്ദ്രൻ നായർ പറഞ്ഞത്. എല്ലാവരും ജോലി ചെയ്യുന്നു എന്ന് ഉറപ്പാക്കണം. അവധികൾ കുറയ്ക്കണം. ഇതൊക്കെയാണ് പുള്ളി പറഞ്ഞത്. അങ്ങേർക്കു നേരെ രാഷ്ട്രീയ പാർട്ടികളും സർക്കാർ ഓഫീസ്  ട്രേഡ് യുനിയനുകളും  ഇളകി.   അദ്ദേഹം പറഞ്ഞതിൽ എന്താണ് തെറ്റ്? ശമ്പളം വാങ്ങുന്നവർ പണി എടുക്കണം എന്ന് പറയുന്നതിൽ തെറ്റുണ്ടോ? ജോലി അനുസരിച്ച് ഉദ്യോഗസ്ഥരെ വിന്യസിക്കണം എന്ന് പറയുന്നതിൽ എന്താണ് തെറ്റ്? അങ്ങിനെയല്ലേ വേണ്ടത്?

ചില മേഖലകളിൽ ആവശ്യത്തിനു ഉദ്യോഗസ്ഥരില്ല. ആരോഗ്യ മേഖലയാണ് നമുക്ക് അറിയാവുന്ന ഒന്ന്. ആശുപത്രികളിൽ ഒന്ന് നോക്കൂ? അവിടെ ആവശ്യത്തിനു ഡോക്ടർ മാരില്ല. നഴ്സുമാരില്ല മറ്റു ജോലിക്കാരില്ല. രോഗികൾ മാത്രം ധാരാളം. എന്ത് കഷ്ട്ടപ്പാടും സഹിച്ച് രാപകൽ ഡ്യൂട്ടി ചെയ്യുന്നവരാണ് അവിടെ. അത് പോലെയാണ്  പോലീസ്. അവിടെയും ഗതി ഇത് തന്നെ. രായും പകലും ജോലി. ഇടയ്ക്ക് ഭക്ഷണം പോലും കിട്ടാറില്ല. അങ്ങിനെ ചിലയിടങ്ങളിൽ ആവശ്യത്തിനു ജോലിക്കാരെ നിയോഗിക്കാതെ ആ പാവങ്ങൾ കഷ്ട്ടപ്പെടുമ്പോൾ ആണ് രാവിലെ എപ്പോഴെങ്കിലും ഓഫീസിൽ എത്തി ചായയും കാപ്പിയും കുടിച്ച് ആസ്വദിച്ചു ജോലിയൊന്നും ചെയ്യാതെ, അഥവാ അൽപ്പം എന്തെങ്കിലും ചെയ്ത് ബസും ട്രെയിനും സൗകര്യം നോക്കി നേരത്തെ ഇറങ്ങി വീട്ടിൽ പോകുന്ന ഒരു വരേണ്യ വർഗം സർക്കാർ ജോലിക്കാർ ഉള്ളത്. അത് മാറ്റണം എന്ന് തന്നെയാണ് രാമചന്ദ്രൻ നായർ പറഞ്ഞത്.

അത് മാറണം എന്ന് തന്നെയാണ് ഇവർക്ക് ശമ്പളം കൊടുക്കുന്ന ജനങ്ങൾ ആഗ്രഹിക്കുന്നത്. അത് നടപ്പാക്കുക തന്നെ വേണം.  ഏതായാലും അടുത്ത തവണ ചാണ്ടി തിരികെ വരില്ല. പിന്നെ പോകുന്ന പോക്കിൽ ജനങ്ങൾക്ക്‌ ആദ്യമായി ഒരു ഉപകാരം ചെയ്തു പോയ്ക്കൂടെ ഉമ്മൻ ചാണ്ടീ.

2015, ഡിസംബർ 3, വ്യാഴാഴ്‌ച

മനുഷ്യ സ്നേഹം

45  ബില്യൻ ഡോളർ!!!!!







 45  ബില്യൻ ഡോളർ ആണ് ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് കൊടുത്തത്. അതായത്  3 ലക്ഷം കോടി  രൂപ. മാർക്ക് സുക്കർബെർഗ്  ആണ് ഇത് നൽകിയത്. ഫേസ്  ബുക്കിൽ തന്റെ 99 ശതമാനം ഷെയറുകൾ ആണ് ഇത്. തനിക്കൊരു മകൾ ജനിച്ച അവസരത്തിൽ ആണ് മാർക്ക് ഈ പ്രഖ്യാപനം നടത്തിയത്. അതും ഫേസ് ബുക്കിലൂടെ.  

എന്തൊരു മഹാ മനസ്കത. സ്വത്തു മുഴുവൻ വാരിക്കൂട്ടി വെറും ആറടി മണ്ണിൽ ഒതുങ്ങുന്ന മനുഷ്യൻറെ സ്വാർത്ഥതയ്ക്ക് ഒരു  മറുപടി.

ഇങ്ങിനെയൊക്കെ ആളുകൾ ഉള്ളപ്പോഴാണ്  70 കോടി രൂപ ചിലവാക്കി  മകളുടെ കല്യാണം  നടത്തുന്ന മനുഷ്യരുടെ അൽപ്പത്വം നമ്മൾ അറിയുന്നത്.

അതിനെ ഒരു മഹനീയ കർമ്മം ആക്കി വിശേഷിപ്പിച്ച് ആ വിവാഹത്തിന്റെ വീഡിയോയും ഫോട്ടോയും പ്രസിദ്ധീകരിക്കുകയും ഷെയർ ചെയ്യുകയും  ചെയ്യുന്ന വിഡ്ഢികളായ ഒരു തലമുറ. ആ വിവാഹത്തിൽ  പങ്കെടുത്തതിൽ ആത്മ നിർ വൃതി  കൊള്ളുന്ന കുറെ നേതാക്കന്മാർ. 

ചെന്നയിലെ വെള്ളപ്പൊക്കം നോക്കൂ. എത്ര പണം ഉണ്ടായിട്ടെന്താ? ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കേഴുന്ന ജനം. .








2015, ഡിസംബർ 1, ചൊവ്വാഴ്ച

ജാതി

സഹാനുഭൂതിയും സഹജീവി സ്നേഹവും ദയയും അനുകമ്പയും ഒക്കെ അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നൗഷാദ്  എന്ന യഥാർത്ഥ മനുഷ്യനെ കാണാൻ കഴിഞ്ഞത്  ഭാഗ്യം എന്ന് തന്നെ പറയാം. സഹ ജീവികൾ അപകടത്തിൽ പെട്ടപ്പോൾ അവരുടെ ജീവൻ   രക്ഷിക്കാൻ  സ്വന്തം ജീവൻ തന്നെ അപകടത്തിലാക്കി  ഇറങ്ങി പുറപ്പെട്ട നൗഷാദ് എന്ന മനുഷ്യനെ നമ്മൾ പ്രണമിക്കേണ്ടി ഇരിക്കുന്നു. ഇത്തരം ഒരു അപകടം ഉണ്ടാകുമ്പോൾ, മറ്റുള്ളവരുടെ ജീവൻ അപകടത്തിലാകുമ്പോൾ  അതിന്റെ പടം പിടിക്കാനും പത്തു പേരെ കാണിക്കാനും ആണ് ഇന്നത്തെ മനുഷ്യന് താൽപ്പര്യം.  അല്ലാതെ അവരെ ഒന്ന് സഹായിക്കാൻ നമ്മൾക്ക് മടിയാണ്. അവിടെയാണ് നൗഷാദ് മാതൃകയാകുന്നത്‌. കൂടുതൽ പുകഴ്ത്തുന്നില്ല . അത് എൻറെ ഉത്തരവാദിത്വത്തിൽ  നിന്നും ഉള്ള ഒളിച്ചോട്ടം ആയിരിക്കും. 

നൗഷാദിനെ കുറിച്ച്,  നൗഷാദിന്റെ മാനുഷിക പ്രവർത്തിയെ    കുറിച്ച്, ആരെങ്കിലും അധിക്ഷേപിച്ചു പറഞ്ഞെങ്കിൽ അത് പൊറുക്കാനാകാത്ത തെറ്റ് തന്നെയാണ്. ഇത്രയും മഹത്തായ കാര്യം ചെയ്ത നല്ല മനസ്സിനെ അംഗീകരിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.  വെള്ളാപ്പള്ളി നടേശൻ പറഞ്ഞ പ്രസ്താവന ആണ് ഇപ്പോൾ ചർച്ച ആയിക്കൊണ്ടിരിക്കുന്നത്. നൗഷാദിനെ കുറിച്ച് മോശമായി നടേശൻ എന്തെങ്കിലും പറഞ്ഞോ? നൗഷാദ് ചെയ്ത മനുഷ്യത്വം നിറഞ്ഞ പ്രവർത്തി യെ മോശമായി ചിത്രീകരിച്ചോ? അങ്ങിനെ എങ്കിൽ അത് തെറ്റ് തന്നെയാണ്. നാം ചെയ്യാൻ മടിക്കുന്ന ഒരു സൽക്കർമം മറ്റാരെങ്കിലും ചെയ്യുമ്പോൾ അതിനെ അഭിനന്ദിക്കുക തന്നെയാണ് ചെയ്യേണ്ടത്.

ഇവിടെ സഹായിക്കുന്നതിനും കൂട്ട് കൂടുന്നതിനും ഒക്കെ മതം എന്ന് തൊട്ടാണ് ഒരു ഘടകം ആയി വന്നത്? പൊലിയുന്ന ജീവനുകൾക്ക് ജാതിയും മതവും ഉണ്ടോ? കുഴിയിൽ വീണത്‌ എതു മതക്കാരൻ എന്ന് നോക്കിയാണോ നൗഷാദ് രക്ഷിക്കാൻ എടുത്തു ചാടിയത്? അല്ല. ഇനി അവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിരുന്നു എന്ന് വിചാരിക്കുക. എങ്കിൽ   നൗഷാദ് എന്ന ഇസ്ലാം രക്ഷപ്പെടുത്തിയത് കൊണ്ട്  ആ ഹിന്ദുക്കളുടെ ജീവൻ രക്ഷപ്പെടില്ലായിരുന്നോ? 

ഇവിടെ രാഷ്ട്രീയ മുതലെടുപ്പാണ് നടക്കുന്നത്. വെള്ളാപ്പള്ളി ഒന്ന് പറഞ്ഞു. അതിനെതിരെ ചർച്ച ആഘോഷമാക്കുകയാണ് ചാനലുകാരും രാഷ്ട്രീയക്കാരും.ഇനി എന്തെങ്കിലും ആപത്തു വരുമ്പോൾ  ആണോ സഹായിക്കുന്നത്? ഒരാൾ അപകടത്തിൽ പെട്ട് കിടക്കുമ്പോൾ നമുക്ക് ചോദിക്കാം . നീയെത് ജാതി. എന്റെതെങ്കിൽ ഞാൻ നോക്കാം. അല്ലെങ്കിൽ അവർ വരട്ടെ.

അതും സംഭവിക്കില്ല. സ്വന്തം ജാതി ആയാലും മാറി നിൽക്കും. ഇവിടെ ജാതി കോളേജുകൾ ഉണ്ടല്ലോ? ജാതി പറഞ്ഞു ചെന്നാൽ  കാര്യം നടക്കുമോ? ഇല്ല അവിടെ സ്വന്തം ജാതി ആയാലും കാശ് കൊടുക്കണം.