2017, ഓഗസ്റ്റ് 31, വ്യാഴാഴ്‌ച

സ്വാശ്രയ MBBS



ദേ MBBS പഠിക്കാൻ വന്നിരിക്കുന്ന ആൾക്കാരെ നോക്കൂ. കാൽക്കാശിന് വകയില്ലാത്തവർ.  

എന്തിനാണ് പണമില്ലാത്തവർ  പഠിക്കുന്നത്? അവർ  എന്തിനു ഡോക്ടർ ആകണം? അവർ  എന്തെങ്കിലും കൂലിപ്പണി എടുത്തു ജീവിക്കട്ടെ. അവരുടെ മാതാപിതാക്കൾ പാവങ്ങളായി പിറന്നു, പാവങ്ങളായി ജീവിച്ചു. പിന്നെ എന്തിനാണ്  അവരുടെ മക്കൾ മറ്റൊരു തലത്തിലേയ്ക്ക് ഉയരണം എന്ന് ആഗ്രഹിക്കുന്നത്? അത് അത്യാഗ്രഹമല്ലേ കുട്ടികളേ? മറ്റെന്തെല്ലാം തൊഴിലുകൾ നിങ്ങളെ കാത്തു നിൽക്കുന്നു? പൂട്ടിയിരുന്ന 300 ബാറുകളും തുറന്നു. അവിടൊക്കെ മദ്യം വിളമ്പാനും മറ്റും ആള് വേണം. അതിനു പ്ലസ് 2 കഴിഞ്ഞ പട്ടിണിപ്പാവങ്ങളായ  നിങ്ങളെയൊക്കെ ആണ് വേണ്ടത്. 

കാശുള്ളവർ ഡോക്ടർ ആകട്ടെ മക്കളേ. അവർക്ക അതൊരു  ഭൂഷണവും ആകും. തങ്ങളുടെ മക്കൾ ഡോക്ടർ എന്ന് പറയുന്നത് ആ പണക്കാർക്ക് ഒരു അഭിമാനമല്ലേ? ഒരു കോടീശ്വരന്റെ മകൻ ഹോട്ടൽ ജോലിക്കാരൻ എന്ന് പറയാൻ കഴിയുമോ? അവൻ ഡോക്ടർ എന്ന് പറയുന്നതല്ലേ ഒരു ഗമ.

  55 ലക്ഷം ഫീസ്. മറ്റൊരു 10 ലക്ഷം 5 വർഷത്തേയ്ക്ക്. 65 ലക്ഷം എവിടെ നിന്നും നിങ്ങൾ കൊടുക്കും? പി.ജി. ക്കു പിന്നെയും ഒന്നോ രണ്ടോ കോടി മുടക്കേണ്ടി വരും. ബാങ്ക് വായ്പ എടുത്താൽ എങ്ങിനെ തിരിച്ചടയ്ക്കും?പിന്നെ ജപ്തി വരും. അന്ന് നിങ്ങളും കുടുംബവും  വഴിയാധാരമാകും.  അത് കൊണ്ട് ഞങ്ങളുടെ ഈ തീരുമാനം നിങ്ങളുടെ നന്മയ്ക്കു വേണ്ടിയാണ് എന്ന് മനസിലാക്കുക, പണമില്ലാത്ത കുട്ടികളേ. ഡോക്ടർ ആവുക എന്നത് മറന്നു കളയൂ. ഇത് പാവപ്പെട്ടവർക്ക് വേണ്ടിയുള്ള സർക്കാരാണ്.

ഒരു മെഡിക്കൽ കോളേജ് ഉണ്ടാക്കുക എന്ന് പറഞ്ഞാൽ അനേകം കോടികൾ ആണ് വേണ്ടത്. അത് മുഴുവൻ രോഗികളിൽ നിന്നും മാത്രം പിരിച്ചെടുത്താൽ വർഷം കുറെ ആകും. വിദ്യാർത്ഥികളിൽ നിന്നും കൂടി ഫീസും കോഴയും ഒക്കെ ആകുമ്പോൾ നല്ല ലാഭം കിട്ടും. മെഡിക്കൽ കോളേജ് മുതലാളിമാർ എന്ന് പറയുന്നെങ്കിലും അവരും പാവങ്ങളാ. നാടിനു വേണ്ടി ആശുപത്രി ഉണ്ടാക്കിയ മഹാ മനസ്ക്കർ. അവരെയും നമ്മൾ നോക്കണ്ടേ കുട്ടികളേ. 


വിദ്യാഭ്യാസത്തിനു വേണ്ടി കൊതിക്കുന്ന  ഒരു തലമുറയെ എങ്ങിനെ  വഞ്ചിക്കാം എന്ന്,  അവരുടെ വിജ്ഞാന ദാഹത്തെ എങ്ങിനെ അടിച്ചമർത്താം എന്ന് പിണറായി സർക്കാർ ഒരിക്കൽ കൂടി കാണിച്ചു തന്നു. മെഡിക്കൽ വിദ്യാഭ്യാസം പാവപ്പെട്ടവന് എങ്ങിനെ  അപ്രാപ്യം ആക്കാം എന്ന് കൂടി അവർ കാണിച്ചു തന്നു.

മുകളിലെ ചിത്രത്തിൽ ഒന്ന് സൂക്ഷിച്ചു നോക്കൂ. ആ അമ്മയുടെ മുഖത്തെ ദൈന്യ ഭാവം. എവിടന്നോ ഒപ്പിച്ചെടുത്ത 5 ലക്ഷം രൂപയും കൊണ്ടായിരിക്കും മെഡിസിന് പഠിക്കാൻ  ഉള്ള ആഗ്രഹവുമായി ആ പാവങ്ങൾ വന്നത്. ഓരോ തവണയും ആ പടത്തിൽ നോക്കുമ്പോൾ ആ അമ്മയുടെ മുഖത്ത് നോക്കുമ്പോൾ കണ്ണ് നിറയുന്നു. ആരോഗ്യ മന്ത്രി ഒരു സ്ത്രീയല്ലേ? അവർക്ക് ഈ ചിത്രം കണ്ടിട്ട് ഒന്നും തോന്നുന്നില്ലേ?

2017, ഓഗസ്റ്റ് 29, ചൊവ്വാഴ്ച

ചേലാ കർമം കേരളത്തിൽ

"ഇങ്ങിനെയൊരു ഭാഗം എന്റെ ശരീരത്തിലുണ്ടോ? ...ഞാൻ എന്റെശരീരം പരിശോധിച്ചു. ഇല്ല, എന്റെ ശരീരത്തിൽ അങ്ങിനെ ഒരവയമില്ല."

ഷാനി എന്നൊരു ഗവേഷക വിദ്യാർത്ഥിനി യുടെ തുറന്നു പറച്ചിലാണ് ഇത്. ഒരു പത്രത്തിൽ വന്നത്. രഹസ്യവും പരസ്യവും ആയി ചേലാ കർമം (female genital mutilation) വ്യാപകമായി നമ്മുടെ രാജ്യത്തു  നടത്തുന്നു എന്ന വാർത്ത വന്നതിനെ തുടർന്നാണ് ഈ യുവതി ഇത്തരത്തിൽ പ്രതികരിച്ചത്‌. കേരളത്തിലും ഈ കർമം വ്യാപകമാണെന്ന് തെളിവ് സഹിതം വാർത്തകൾ വന്നു. 
" ഞാനും ചേലാ കർമത്തിന് വിധേയയാക്കപ്പെട്ടു എന്ന തിരിച്ചറിവ് എന്നെ വിഷമിപ്പിച്ചു" ഷാനി പറയുന്നു. 

" വാപ്പയുടെ ഉമ്മയുടെ മറുപടി -സുന്നത്തു കല്യാണം നടത്താത്ത സ്ത്രീകൾ മുസ്ലിങ്ങളല്ല. മുസ്ലിങ്ങൾ ആവണമെങ്കിൽ സുന്നത്ത് കല്യാണം നടത്തണം.

"എന്തിനാണിത് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ ഉമ്മ പറഞ്ഞതിങ്ങനെയാണ് -പണ്ടുള്ള വിവരമുള്ള ആൾക്കാർ ചെയ്യുന്നത് പോലെ നമ്മളും ചെയ്യുന്നു."

ഓഡിയോ -വീഡിയോ തെളിവുകൾ സഹിതം  കോഴിക്കോട് Dr. സിദീഖ് ഹസ്സൻ ദാറുൽ ഷിഫാ സുന്നത്ത് സെന്റർ  നടത്തുന്നു എന്നും വെളിപ്പെടുത്തിയിരുന്നു. അതിനു ശേഷം ആണ് ധൈര്യ പൂർവം ആ സഹോദരി  അനുഭവ സാക്ഷ്യം പ്രസിദ്ധീകരിച്ചത്.

മനസ്സിനെയും ശരീരത്തെയും ബാധിക്കുന്ന മറ്റൊരു അനാചാരം കൂടി. തുറന്നു പറയാൻ അനുവദിക്കാതെ മതത്തിന്റെ ഇരുമ്പ് കൈകൾ ഉപയോഗിച്ച് അടിച്ചമർത്തുന്നത് കൊണ്ടാണ് സത്യം പുറത്തു വരാത്തത്. പേടിച്ചാണ് ആരും പറയാത്തതും. 

" ഈ കുറിപ്പ് ഞാൻ ജനിച്ചു വളർന്ന എന്റെ മതത്തെ അവഹേളിക്കാനോ എന്റെ കുടുംബത്തെ താഴ്ത്തിക്കെട്ടാനോ ഉപയോഗിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു" എന്ന് കൂടി അവസാനം ഷാനി പറയുന്നു. 



മനസ്സിനെയും ശരീരത്തെയും ബാധിക്കുന്ന മറ്റൊരു പ്രാകൃതമായ അനാചാരം. തുറന്നു പറയാൻ അനുവദിക്കാതെ മതത്തിന്റെ ഇരുമ്പ് കൈകൾ ഉപയോഗിച്ച് അടിച്ചമർത്തുന്നത് കൊണ്ടാണ് സത്യം പുറത്തു വരാത്തത്. പേടിച്ചാണ് ആരും പറയാത്തതും. തനിക്കെതിരെ മതം ഖഡ്ഗം എടുക്കുമോ എന്നുള്ള ഭയം. ഫത്‍വ വരുമോ എന്നുള്ള പേടി . ഇല്ല സഹോദരീ. ഞങ്ങൾ അവഹേളിക്കില്ല. ഇത് കളിയാക്കാനുള്ള ഒരു വിഷയമല്ല. അഭിനന്ദിക്കുന്നു. ഇത് പോലെ സ്ത്രീകൾ ധൈര്യം കാണിച്ചാൽ മാത്രമേ സ്ത്രീകൾക്ക് നേരെയുള്ള ക്രൂരതകൾ അവസാനിക്കൂ.
  

2017, ഓഗസ്റ്റ് 28, തിങ്കളാഴ്‌ച

ആൾ ദൈവങ്ങൾ


Image may contain: 1 person, beard and hat



എവിടെയും ദൈവങ്ങളായി മനുഷ്യർ. അദ്‌ഭുത ശക്തി . ലക്ഷക്കണക്കിന് അനുയായികൾ  ആൾ ദൈവങ്ങൾ എങ്ങിനെയാണ് ഇത്രയും ശക്തി പ്രാപിക്കുന്നത്?  പ്രധാന കാര്യം തന്നെ. അതെങ്ങിനെ വന്നു ചേരുന്നു? അതിനു  വഴികൾ. വിശ്വാസികളായ അനുയായികളും ശിഷ്യരും  സംഭാവന ചെയ്യുന്നത്. ദരിദ്രവാസികളായ അനുയായികളല്ല. കോടീശ്വരന്മാർ നൽകുന്ന കോടികൾ സംഭാവന. മറ്റൊരു വഴി കള്ളപ്പണം. അത് എങ്ങിനെയും ഉണ്ടാക്കും. പണം ഉണ്ടാകു മ്പോൾ സ്വാഭാവികമായും  ഇവരെ പിന്തുണയ്ക്കാൻ  രാഷ്ട്രീയ പാർട്ടികൾ മത്സരിച്ചു പിറകെ കൂടും. സ്നേഹം കൊണ്ടല്ല. അവർക്കു പണവും വോട്ടും കിട്ടണം. ഒരു വിഭാഗം ദൈവങ്ങൾ  ശിഷ്യ ഗണങ്ങളെ വർധിപ്പിച്ചു ധനം സമൂഹത്തിലെക്കു തന്നെ നല്ല കാര്യങ്ങളിലൂടെ ചിലവഴിക്കുന്നു. മറ്റവർ  ധൂർത്തടിക്കുകയും സ്വന്തം അധികാരം നില നിർത്താൻ വേണ്ടി അധികാര സ്ഥാനങ്ങളെ വിലയ്ക്ക് വാങ്ങും.

ഹിന്ദു സമൂഹത്തിൽ ആണ് ഇവരെ കൂടുതൽ  കാണുന്നത്. മതം എന്ന പേരിൽ   ഒരു നിയന്ത്രണവും  ഇല്ലാത്തതു കൊണ്ടാണ്. ഹിന്ദു മതത്തിൽ  മത മേധാവികൾ ഇല്ലല്ലോ. ചോദിക്കാനും പറയാനും ആരും ഇല്ലാത്തതു കൊണ്ട് അവർ വളർന്നു വികസിക്കുന്നു.  ക്രിസ്തു മതത്തിൽ ഇങ്ങിനെ വളരാൻ അനുവദിക്കാറില്ല.  വളർന്നാൽ കർത്താവിന്റെ പ്രതി പുരുഷന്മാരുടെ അധികാരവും പണം പിരിക്കലും നിൽക്കുമല്ലോ.  എന്നാലും സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്ത യോഹന്നാൻമാർ ക്രിസ്തു മതത്തിൽ ഉണ്ട്. ഇസ്‌ലാമിൽ ഇത്തരം കാര്യങ്ങൾക്കുവലിയ സ്‌കോപ്പും ഇല്ല.  കടുപ്പത്തിൽ ആണ് അവർ പിടിച്ചു നിർത്തിയിരിക്കുന്നത്. വലിയ കളിയൊന്നും നടക്കില്ല. ജിന്നിനെ ഒഴിപ്പിക്കുന്ന ലെവലിലുള്ള ബാവാമാർ ഇല്ലെന്നല്ല.  നബിയുടെ മുടിയും മറ്റും വച്ച് കാശുണ്ടാക്കാൻ ചിലർ ചില കളികൾ കളിക്കും എന്നല്ലാതെ. പക്ഷേ അവിടെ ദൈവത്തിനു പകരം പകരം തീവ്രവാദികൾ ഉണ്ടാകുന്നു.

പണം ഉണ്ടാകുമ്പോൾ അധികാരം വരുന്നു. അനുയായികൾ കൂടുന്നു. ആൾ ദൈവങ്ങൾ പരമാധികാരികൾ ആകുന്നു. ഇതിനു കേരളത്തിലും യാതൊരു വ്യത്യാസവുമില്ല..

2017, ഓഗസ്റ്റ് 25, വെള്ളിയാഴ്‌ച

വിശ്വാസങ്ങൾ






Dr. ഷിംന അസീസ്.  
മലപ്പുറത്തുള്ള ഷിംന അസീസ് എന്ന പെൺ ഡോക്ടർ.ഒരു അനാചാര ത്തിനെതിരെ  ഫേസ് ബുക്കിൽ എഴുതുകയുണ്ടായി. നല്ല മനസ്സിന് നന്ദി. 

മലപ്പുറത്തു ഒരു മുസ്ലിം യുവതി മത വിശ്വാസത്തിന് എതിരാണ് എന്ന് പറഞ്ഞു   ആശുപത്രിയിൽ പോകാൻ വിസമ്മതിക്കുകയും വീട്ടിൽ വച്ച്  പ്രസവത്തിൽ അമിത രക്ത സ്രാവം മൂലം മരിക്കുകയും ചെയ്തു. ആ യുവതിയുടെ വിവരക്കേടിനെ  കുറിച്ചാണ്  ഷിംന അസീസ്  ഫേസ് ബുക്കിൽ എഴുതിയത്. ആ എഴുത്തിന്റെ ചില ഭാഗങ്ങൾ. 

"ഇരുട്ടറയിൽ പിടഞ്ഞ്‌ തീരാനുള്ളതായിരുന്നില്ല പെണ്ണേ നിന്റെ ജീവൻ. .... ഞാനും നീയും വിശ്വസിക്കുന്ന ഇസ്‌ലാമും പടച്ചോനും മനപൂർവ്വം ചികിത്സ നിഷേധിച്ച്‌ ആ കുഞ്ഞിന്‌ തള്ളയില്ലാതാക്കിയതിന്‌ നിന്നെയും വീട്ടുകാരെയും തോളിൽ തട്ടി പ്രശംസിച്ച്‌ ജന്നാത്തുൽ ഫിർദൗസിലേക്ക്‌ എൻട്രി തരുമെന്ന്‌ വിശ്വസിക്കാനാവുന്നില്ല"…...മുലപ്പാലിന്‌ തൊള്ളകീറിക്കരയുന്ന പൈതലിനെ ഓർത്തിട്ട്‌ നെഞ്ച്‌ പിടയുന്നു. അത്‌ ഒരു വലിയ വിവരക്കേട്‌ കൊണ്ടാണെന്ന്‌ ഓർക്കുമ്പോൾ."

വളരെ നല്ലതു ഡോക്ടർ. സ്വന്തം സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ, അന്ധവിശ്വാസങ്ങൾക്കെതിരെ  തൂലിക പടവാളാക്കി  അവരെ നേർ വഴി നയിക്കണം.
ഡോക്ടർ തുടരുന്നു .........

"ഞാനൊരു മലപ്പുറത്തുകാരി മുസ്‌ലിം സ്‌ത്രീയാണ്‌. അസീസിനും ആയിഷക്കും ജനിച്ചതിലുമപ്പുറം കാരണങ്ങളാൽ ഇസ്‌ലാമെന്ന എന്റെ വിശ്വാസത്തെ മുറുകെ പിടിക്കാൻ ഇഷ്‌ടപ്പെടുന്നവൾ"

പിടിച്ചോളൂ ഡോക്ടർ മുറുകെ പിടിച്ചോളൂ. അത് തന്നെയാണ് ആ യുവതിയും ചെയ്തത്. ഡോക്ടർ ഷിംന അസീസ് തന്റെ വിശ്വാസം മുറുകെ പിടിക്കുന്നത് പോലെ ആ യുവതിയും തന്റെ വിശ്വാസം മുറുകെ പിടിച്ചു. ഹത ഭാഗ്യ മരിച്ചു. ഉപദേശിക്കുന്ന ഡോക്ടർ ഷിംനയും ആ യുവതിയും തമ്മിൽ എന്ത് വ്യത്യാസം?

ഡോക്ടർ അവസാനിപ്പിക്കുന്നു........

"NB: കിട്ടിയ തക്കത്തിന്‌ ഇസ്‌ലാമിനെ എതിർക്കാനും പുച്‌ഛിക്കാനും അവഹേളിക്കാനും ഈ പോസ്‌റ്റ്‌ ഉപയോഗിക്കുന്നവരെ കണ്ണും പൂട്ടി ബ്ലോക്ക്‌ ചെയ്യുന്നതായിരിക്കും"

ഇതാണ് പ്രശ്നം. ഇസ്‌ലാം അല്ലാതെ ആരും ഈ അന്ധ വിശാസത്തിനും അനാചാരത്തിനും എതിരെ അഭിപ്രായം പറയാൻ പാടില്ല. സമൂഹ ജീവി എന്ന നിലയിൽ പറഞ്ഞാൽ അത് ഫാസിസം. അല്ലെങ്കിൽ ഫത്വാ പുറപ്പടുവിക്കും. എന്നാൽ  അവിടെയുള്ളവർ പറഞ്ഞു നന്നാക്കുമോ അതുമില്ല. അഭിപ്രായങ്ങൾ ബ്ലോക്ക് ചെയ്തോളൂ ഡോക്ടർ ഷിംന അസീസ്, അങ്ങനെ വിമർശനങ്ങളെ പുറത്തു നിർത്തൂ. പ്രകാശം ബ്ലോക്ക് ചെയ്യൂ. അന്ധകാരത്തിൽ അഭിരമിയ്ക്കൂ.

2017, ഓഗസ്റ്റ് 24, വ്യാഴാഴ്‌ച

തലാഖ് തലാഖ് തലാഖ്

" -practice of ‘talaq-e-biddat’ – triple talaq is set aside."  - സുപ്രീം കോടതിയുടെ  ചരിത്ര പ്രധാനമായ വിധി. 

തലാഖ് തലാഖ് തലാഖ്, കെട്ടിയപുറത്ത്. പോസ്റ്റിലൂടെയോ,ഫോണിലൂടെയോ, വാട്ട്സാപ്പിലൂടെയോ, ഫേസ് ബുക്കിലൂടെയോ എങ്ങിനെയെങ്കിലും  തലാഖ്എന്ന് മൂന്ന് തവണ പറഞ്ഞു  മൊഴി ചൊല്ലുന്ന മുത്തലാഖ് രീതി സുപ്രീം കോടതിയുടെ സുപ്രധാന വിധിയിലൂടെ 2017 ആഗസ്റ്റ് 22 ന് അവസാനിച്ചു.


5 പേരടങ്ങുന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ  ആണ് ഭൂരിപക്ഷ തീരുമാനത്തിലൂടെ സുപ്രധാന വിധി. ചീഫ് ജസ്റ്റീസ് കേഹർ, ജസ്റ്റീസ് നസീർ എന്നിവർ, മുത്തലാഖ് ഒഴിവാക്കപ്പെടേണ്ടതാണ് എങ്കിലും വ്യക്തി നിയമത്തിൽ കോടതി ഇടപെടരുത് എന്നത് കൊണ്ട് പാർലമെന്റിൽ ഒരു നിയമ നിർമാണം ആണ് വേണ്ടത് എന്ന് വിധിയിൽ പറഞ്ഞു. ജസ്റ്റീസുമാരായ  കുര്യൻ ജോസഫ്, ആർ.എഫ്.നരിമാൻ, യു.യു.ലളിത് എന്നിവർ മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞു അത് നിർത്തലാക്കി.  കേസ് കൊടുത്ത ഷൈരാ ബാനോ ഉൾപ്പടെ മുസ്ലിം സ്ത്രീ സമൂഹം  ഈ വിധിയെ സ്വാഗതം ചെയ്തു. അവരാണല്ലോ ഇതിന്റെ ഫലം അനുഭവിക്കേണ്ടത്. 



Image may contain: 4 people, text


1. കേസ് കൊടുത്തവരിൽ മുന്നിൽ ഷയാരാ ബാനോ ആണ്. 35 വയസ്സുള്ള ഉത്തരക്കണ്ട് സംസ്ഥാനക്കാരി വീട്ടമ്മ. ബിരുദാനന്തര ബിരുദം ധാരിണി. രണ്ടു കുട്ടികളുടെ അമ്മ. കഴിഞ്ഞ 10 വർഷമായി ശാരീരികവും മാനസികവുമായ പീഢനം സഹിക്കുന്നു. 6 തവണ ഭർത്താവ്  ഗർഭഛിദ്രം നടത്തിച്ചു. എന്നിട്ടു മുതലാക്കും.

2. റഹ്‌മാൻ. 25 വയസ്സ്. രാജസ്ഥാൻ  കാരി. 2014 ൽ വിവാഹം കഴിച്ചു രണ്ടു മൂന്ന് മാസത്തിന്‌ ശേഷം സ്ത്രീധനത്തിന് വേണ്ടി ഭർതൃ വീട്ടുകാർ പീഡനം നടത്തി. ഇറക്കി വിട്ടതിനു ശേഷം ഭർത്താവ് മുത്തലാഖ് കത്ത് അയച്ചു.

3. ഇഷ്‌റത് ജഹാൻ 30 വയസ്സ് പശ്ചിമ ബംഗാൾ സ്വദേശി. 15 വർഷമായി വിവാഹം. ഭർത്താവ് ദുബൈയിൽ നിന്നും ഫോൺ വിളിച്ചു 3 തവണ തലാഖ് പറഞ്ഞു ഫോണും കട്ട് ചെയ്തു. ഭർത്താവ് പിടിച്ചു കൊണ്ട് പോയ തന്റെ 3 പെൺമക്കളെയും മകനെയും തിരിച്ചു തരണമെന്നും കോടതിയിൽ. 

4. ഗുൽഷൻ പർവീൺ. ഉത്തർപ്രദേശ്   രണ്ടു വയസ്സുള്ള കുട്ടിയുടെ അമ്മ. സ്ത്രീധനത്തിന് വേണ്ടി രണ്ടു  വർഷത്തിലേറെയായി ഭർത്താവ് പീഡിപ്പിക്കുന്നു.10 രൂപ സ്റ്റാമ്പ് പേപ്പറിൽ മുത്തലാഖ് എഴുതി അയച്ചു കൊടുത്തു.
5. അതിയ സാബ്രി - ഉത്തർപ്രദേശ്  അവരുടെ സഹോദരന്റെ ഓഫീസിലേയ്ക്ക് അയച്ച ഒരു കത്തിൽ ആണ് തലാഖ് ചൊല്ലിയിരിക്കുന്നത്. രണ്ടു കുട്ടികൾ.  


Image may contain: 3 people

ഇത്തരത്തിൽ അനീതിയ്ക്കു വിധേയരാക്കപ്പെട്ട അനേകായിരങ്ങൾ കാണും അറിയപ്പെടാതെ.അവർക്കു ആശ്വാസം പകരും ഈ വിധി.  അത് പോലെ മുതാലാഖ് എന്ന ഖഡ്ഗം തലക്കു മുകളിൽ തൂങ്ങുന്ന ലക്ഷങ്ങൾ. അവർക്കു ആശ്വാസം. ഭാവിയിൽ ഇത് വരും എന്ന് പേടിക്കുന്ന വിവാഹം കഴിയാത്ത പെൺകുട്ടികൾ. എല്ലാവർക്കും ആശ്വാസവും സന്തോഷവും നൽകുന്ന വിധി. 

2017, ഓഗസ്റ്റ് 21, തിങ്കളാഴ്‌ച

രാജ്യ സ്നേഹം

10 വർഷം ഭാരതത്തിന്റെ ഉപരാഷ്ട്രപതി ആയിരുന്നതിനു ശേഷം ശ്രീ ഹമീദ് അൻസാരി പടിയിറങ്ങി. ഭാരതം പോലെ മഹത്തായ  ഒരു  രാഷ്ട്രത്തിന്റെ ഒരു പ്രധാന പദവിയിൽ ഇത്രയും നീണ്ട കാലം ഇരുന്നിട്ടും അദ്ദേഹത്തിന്റെ വീക്ഷണങ്ങളിൽ  ഒരു മാറ്റവും വന്നില്ല എന്നത് അദ്‌ഭുതത്തോടെ മാത്രമേ നമുക്ക് കാണാൻ കഴിയൂ. അതിനർത്ഥം അത്രയ്ക്കും രൂഢ മൂലം ആയിരുന്നു അദ്ദേഹത്തിന്റെ വിശ്വാസ പ്രമാണങ്ങൾ എന്നാണു നാം മനസ്സിലാക്കേണ്ടത്. രണ്ടു രാഷ്ട്രപതി മാരുടെ സമയത്തു അദ്ദേഹം സ്ഥാനത്തുണ്ടായിരുന്നു. അത് പോലെ വ്യത്യസ്ത ആശയങ്ങളും രീതികളും ഉള്ള രണ്ടു പ്രധാനമന്ത്രിമാരുടെ ഭരണത്തിലും ഉപ രാഷ്ട്രപതി ആയി അദ്ദേഹം ഉണ്ടായിരുന്നു.  

വിടവാങ്ങലിനു മുൻപ് കരൺ താപ്പർ എന്ന പത്ര പ്രവർത്തകന് നൽകിയ വീഡിയോ ഇന്റർവ്യൂവിൽ ആണ് അദ്ദേഹത്തിന്റെ വീക്ഷണങ്ങളും അഭിപ്രായങ്ങളും പ്രകടമാക്കിയത്. വിവിധ   വിഷയങ്ങളിൽ അദ്ദേഹം അഭിപ്രായം പറഞ്ഞു. 2015 ലെ യോഗാ ദിന പരിപാടികളിൽ ശ്രീ അൻസാരി മനഃപൂർവം പങ്കെടുക്കാതിരുന്നു എന്ന് ഉയർന്ന ആരോപണങ്ങൾ മുതൽ ഇന്നത്തെ രാജ്യത്തെ സ്ഥിതി വരെയുള്ള വിഷയങ്ങൾ ഇന്റർവ്യൂ വിൽ ഉണ്ടായിരുന്നു. ദേശീയ ഗാനം ആയ ജന ഗണ മന ഓരോ സിനിമാ പ്രദർശനത്തിന്  മുൻപും ഇടണമെന്ന സുപ്രീം കോടതി വിധിയും, വന്ദേ മാതരം ആഴ്ചയിൽ ഒരിക്കലെങ്കിലും തമിഴ് നാട് സ്‌കൂളുകളിലും കോളേജുകളിലും മാസത്തിൽ ഒരിക്കൽ സർക്കാർ/സ്വകാര്യ ഓഫിസുകളിൽ പാടണം എന്ന തമിഴ് നാട് ഹൈക്കോടതി വിധിയും നമുക്കറിയാമല്ലോ. ആ രണ്ടു വിധികളും  പൊതു ജന അഭിപ്രായത്തെ വിഭജിച്ചു എന്ന് കരൺ ഥാപ്പർ പ്രസ്താവിക്കുകയും അത് കോടതിയുടെ അധികാര കടന്നു കയറ്റമാണോ   അതോ ജന ഗണ മനയ്ക്കും വന്ദേ മാതരത്തിനും കൊടുക്കുന്ന അമിത ഭക്തി ദേശീയബോധത്തിന് ആവശ്യമാണോ എന്നും അൻസാരിയുടെ അഭിപ്രായം ചോദിച്ചു. അതിനു അദ്ദേഹം പറഞ്ഞ മറുപടി ഇപ്രകാരമാണ്. '' കോടതികൾ സമൂഹത്തിന്റെ ഭാഗമാണ്. അത് കൊണ്ട്  കോടതി പറയാൻ ഉദ്യമിക്കുന്ന കാര്യങ്ങൾ ചിലപ്പോൾ  സമൂഹത്തിൽ നില നിൽക്കുന്ന അന്തരീക്ഷം പ്രതിഫലിപ്പിക്കും." എന്താണ് അത്  കൊണ്ട്  ഉദ്ദേശിച്ചത്?  സമൂഹത്തിൽ നില നിൽക്കുന്ന പ്രവണത അനുസരിച്ചു കോടതികൾ വിധി പറയാൻ നിർബ ന്ധിത മാകുന്നു എന്നാണോ?നിഷ്പക്ഷമായും നീതി പൂർവമായും ഒരു വിധി പറയാൻ കോടതികൾക്ക് കഴിയില്ല എന്നാണോ?  ആ സ്ഥിതി വിശേഷത്തെ  ഒരു അരക്ഷിതാവസ്ഥ എന്ന് അദ്ദേഹം വിളിക്കുന്നു. '' രാവിലെയും വൈകിട്ടും  ഒരാളുടെ ദേശീയ ബോധം തെളിയിക്കാൻ പറയുന്നത് അനാവശ്യം ആണ്" എന്നാണു അദ്ദേഹം പറയുന്നത്.  അതായത് ജന ഗണ മനയും വന്ദേ മാതരവും ചൊല്ലുന്നത് ദേശീയബോധം വെളിവാക്കുന്നതാണ് എന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല. മാത്രമല്ല സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെ അത്തരത്തിലുള്ള വിധികൾ ശരിയല്ലെന്നും അദ്ദേഹം പറയുന്നു. പക്ഷെ ജഡ്ജിമാരെ വിമർശിക്കുന്നത് അംഗീകരിച്ച സമ്പ്രദായത്തിന് എതിരായതു കൊണ്ട് അങ്ങിനെ പറയുന്നില്ല എന്നും പറയുന്നു.

''സംസ്കാരത്തിലൂന്നിയുള്ള ദേശീയത യാഥാസ്ഥികവും ഇടുങ്ങിയതും ആയ ദേശീയത ആണ്. അത് അസഹിഷ്ണുതയും ധിക്കാര ദേശീയതയും ആണ്". അടുത്തിടെ പിരിയുന്നതിനു മുൻപ് ബാഗ്ലൂരിൽ ഉപ രാഷ്ട്രപതി നടത്തിയ ഒരു പ്രസംഗത്തിന്റെ ഭാഗമാണിത്. അത് 2017 ലെ രാജ്യത്തെ സ്ഥിതി കണ്ടു കൊണ്ട് പറഞ്ഞതാണ് എന്ന് മുഖാ മുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്. ഭാരതത്തിലെ മുസ്ലിങ്ങൾ ആശങ്കയുള്ളവരും അരക്ഷിതാവസ്ഥ അ നുഭവപ്പെടുന്നവരുമാണ്. ഒരു അസ്വസ്ഥയും സുരക്ഷിതത്വമില്ലായ്മയും അവരുടെ ഇടയിൽ പടരുന്നു എന്ന് അദ്ദേഹം പറയുകയുണ്ടായി. മുസ്ലിങ്ങൾക്ക് സംവരണം തീർച്ചയായും വേണമെന്നും അദ്ദേഹം പറഞ്ഞു.

മുത്തലാഖ് സുപീം കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയമാണ്. ഇങ്ങിനെ മൊഴി ചൊല്ലപ്പെട്ടവരും  പൊതു താല്പര്യക്കാരും ആണ് ഹർജിക്കാർ. ശരിയായ ഒരു കോടതി വിധി വന്നാലേ ഈ സമ്പ്രദായം അവസാനിക്കൂ എന്ന പൂർണ ബോധ്യത്തോടെ ആണ് അവർ കോടതിയെ സമീപിച്ചത്. ശ്രീ അൻസാരിക്കു മറ്റൊരു അഭിപ്രായമാണ്. കോടതികൾ ഇക്കാര്യത്തിൽ ഇടപെടേണ്ട എന്നാണു അദ്ദേഹം പറയുന്നത്. കാരണം മുസ്ലിം സമൂഹത്തിൽ നിന്നും ഉയർന്നു വരേണ്ടതാണ് പരിഹാരം. ഇത്രയും വർഷം കഴിഞ്ഞിട്ടും ഒരു പരിഹാരം ഉണ്ടാകാതെ കിടക്കുന്ന ഒരു വിഷയമാണിത്. മുത്തലാക്ക് വേണമെന്ന അഭിപ്രായമാണ് അവരുടെ ശക്തി കേന്ദ്രങ്ങളിൽ നിന്നും ഉണ്ടാകുന്നത്. അപ്പോൾ കോടതി വേണ്ട, സമൂഹത്തിൽ നിന്നും പരിഹാരം ഉരുത്തിരിഞ്ഞു വരും എന്ന് ശ്രീ അൻസാരി പറയുന്നത് എത്ര കണ്ട് യുക്തിഭദ്രം ആണ്?

ഐ.എസ് ആദർശങ്ങൾ സ്വീകരിച്ചു  മുസ്ലിങ്ങൾ  തീവ്ര വാദ ഗ്രൂപ്പുകളിൽ ചേരുന്നത് അത്ര ആശങ്കപ്പെടേണ്ട കാര്യമല്ല എന്നാണു അദ്ദേഹം പറയുന്നത്. കാരണം ഔദ്യോഗിക കണക്കുകൾ പറയുന്നുണ്ടെങ്കിലും മൊത്തം മുസ്ലിം ജന സംഖ്യ എടുത്തു നോക്കിയാൽ. ഓരോ ഏഴാമത്തെ ഇന്ത്യൻ പൗരനും ഒരു മുസ്ലിം ആണ്, അത് വളരെ കുറവായിരിക്കും എന്നാണുപറയുന്നത്‌. അത് കൊണ്ട് ഇവിടന്നു ഐ.എസിലേക്കുള്ള പോക്ക് ഒരു വിഷയം ആക്കേണ്ട എന്നാണോ അദ്ദേഹം പറയാൻ ശ്രമിക്കുന്നത്?  ഏതായാലും ഒരു പുതിയ ഉപ രാഷ്ട്രപതി എത്തിക്കഴിഞ്ഞു.

2017, ഓഗസ്റ്റ് 19, ശനിയാഴ്‌ച

ബലാത്സംഗം








10 വയസ്സുള്ള ഒരു പെൺകുട്ടി പ്രസവിച്ചു. അങ്ങ് ദൂരെയൊന്നുമല്ല. നമ്മുടെ ഭാരതത്തിൽ. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. 10 വയസ്സുള്ള ആ കൊച്ചു കുട്ടിയെ 'അമ്മ' എന്ന് പറയുന്നത് മഹാ ക്രൂരതയാണ്. അറിയാം. 

7 തവണ യാണ് ആ കുട്ടി ബലാത്സംഗത്തിന് ഇരയായത്. മറ്റാരുമല്ല. സ്വന്തം വീട്ടിൽ.സ്വന്തം അമ്മാവൻ ആണ് ആ പൈശാചിക പ്രവർത്തി ചെയ്തത്. എട്ടും പൊട്ടും തിരിയാത്ത ആ കുഞ്ഞു ഗർഭിണിയായി.  ഗർഭം എന്തെന്നറിയാത്ത ആ 10  വയസ്സുകാരിയെ  ധരിപ്പിച്ചിരിക്കുന്നത് അവളുടെ വയറ്റിൽ ഒരു  ' കല്ല്' ആയിരുന്നു വെന്നാണ്. 32 ആഴ്ച്ച കഴിഞ്ഞാണ് ഗർഭിണി ആയതെന്നറിഞ്ഞത് കൊണ്ട് അലസിപ്പിക്കാൻ സുപ്രീം കോടതി അനുമതി നൽകിയില്ല. അത് 10 വയസ്സുകാരിയുടെ ജീവനെ ബാധിക്കും. പ്രസവത്തിനു,   കല്ല്  പുറത്തെടുത്തുഎന്നാണു ആ കുട്ടിയ പറഞ്ഞു മനസ്സിലാക്കിയത്.

 കണ്ണ് നനയാതെ ആ വാർത്ത വായിച്ചു പോകാൻ കഴിയില്ല. മൂന്നാം ക്ളാസിലോ നാലാം ക്ളാസിലോ പഠിക്കേണ്ട, കൂട്ടുകാരുമൊത്തു പാറി കളിച്ചു നടക്കേണ്ട കൊച്ചു കുഞ്ഞാണ് ഇന്ന് അമ്മയായി ഒരു കൊച്ചു കുഞ്ഞിനേയും കൊണ്ട് നടക്കേണ്ടത്‌.നമ്മുടെ സമൂഹം എത്ര അധഃപതിച്ചു എന്നതിന് മറ്റൊരു ഉദാഹരണം കൂടി. കുടുംബ ബന്ധങ്ങൾക്ക്‌ സംഭവിച്ച അപചയം ആണ് ഇതിന് പ്രധാന കാരണം. നമ്മുടെ സംസ്കാരം കാലഹരണപ്പെട്ട താണെന്നുള്ള വാദവും പാശ്ചാത്യ സംസ്കാരം സ്വീകരിക്കലും. 

കഴിഞ്ഞ ദിവസം സണ്ണി ലിയോൺ കൊച്ചിയിൽ വന്നപ്പോൾ ആ പോൺ നടിയെ കാണാൻ പതിനായിരങ്ങൾ ആണ് തടിച്ചു കൂടിയത്. പോലീസ് ലാത്തി ചാർജ് വരെ ഉണ്ടായി. ഇതാണ് ഇപ്പോൾ നമ്മുടെ സമൂഹത്തിന്റെ മാനസിക നില.

10 വയസ്സുകാരിയുടെ വാർത്ത വായിക്കുമ്പോൾ  നമ്മുടെ പെൺ മക്കളുടെ മുഖം മനസ്സിലേയ്ക്ക് വരുന്നുണ്ടോ?



2017, ഓഗസ്റ്റ് 14, തിങ്കളാഴ്‌ച

സാമൂഹിക പ്രതിബദ്ധത


ഭ്രാന്ത്  കാണാൻ നല്ല രസമാണ്. ആരാന്റെ അമ്മയ്ക്ക് വരണം. ഗുരുവായൂർ നടന്ന കല്യാണവും മണ്ഡപത്തിൽ വച്ച് തന്നെ അടിച്ചു പിരിഞ്ഞതിനെ  കുറിച്ചും  സോഷ്യൽ മീഡിയ മുഴുവൻ നന്നായി കൊണ്ടാടി. പൊടിപ്പും തൊങ്ങലും വച്ച വാർത്തകളും ചിത്രങ്ങളും വീഡിയോകളും സഹിതം.  പടം പകർത്തിയവനും  പ്രചരി പ്പിച്ചവരും വീണ്ടും പ്രചരിപ്പിച്ചവരും  ഒക്കെ.  എല്ലാവരും നന്നായി ആസ്വദിച്ചു.  ഭ്രാന്ത് ആരാന്റെ അമ്മയ്ക്ക് വരണം. അപ്പോഴാണ് ഒരു ത്രില്ല്. മനസ്സറിഞ്ഞു ചിരിക്കാം.

ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തു വിട്ടവരെയാണ് ആദ്യം അഭിനന്ദിക്കേണ്ടത്. ഇപ്പോൾ സ്റ്റുഡിയോ ചിത്രങ്ങൾ മാത്രമല്ല. കല്യാണത്തിന് ചെല്ലുന്നവരും പടമെടുക്കും. മൊബൈലിൽ എല്ലാവരും പടവും വീഡിയോയും എടുക്കും. കല്യാണം മുതൽ അടി വരെ ആദ്യാന്തം എടുത്തു ഉടൻ വാട്സാപ്പിൽ പ്രചരിപ്പിച്ചു. കല്യാണത്തിന് പങ്കെടുത്തവർ ആയിരിക്കുമല്ലോ ഇത് ചെയ്തത്.  അവർ ഹാപ്പി.സ്വന്തം പെങ്ങൾക്കാണ്  ഈ സ്ഥിതി വന്നതെങ്കിൽ ഇത് ചെയ്യുമോ? ഭ്രാന്ത് ആരാന്റെ അമ്മയ്ക്കല്ലേ! കാണാൻ നല്ല രസമല്ലേ. 

കല്യാണം പിരിഞ്ഞതിന് ശേഷം ചെറുക്കനും കൂട്ടുകാരും കേക്ക് മുറിച്ചാഘോഷി ക്കുന്നതിന്റെ  ഫോട്ടോയും വാട്സാപ്പിൽ  കണ്ടു. 

എന്നിരിക്കിലും ഇതിന്റെ പടങ്ങളും വീഡിയോകളും ഇട്ടു വാർത്തയും കമന്റുകളും ഇട്ടു ആഘോഷിച്ചത് ഒട്ടും സാധൂകരിക്കാൻ സാധിക്കില്ല. അവരായി അവരുടെ കാര്യമായി നമ്മളെന്തിന് ഫോട്ടോ ഇട്ടു എല്ലാവരെയും അധിക്ഷേപിക്കണം? നമുക്ക് രസം. ആരാന്റെ അമ്മയല്ലേ. നമുക്ക് ചിരിക്കാം.

2017, ഓഗസ്റ്റ് 12, ശനിയാഴ്‌ച

മുരുകനെ കൊന്നു.





7 മണിക്കൂർ ആണ് ജീവന് വേണ്ടി  7 ആതുരാലയങ്ങളുടെ  പടി വാതിലുകളിൽ നിശബ്ദമായി മുട്ടി വിളിച്ചത്. ഒരു വാതിലും തുറന്നില്ല. മനഃസാക്ഷി മരവിച്ച മനുഷ്യ രൂപങ്ങളുടെ ആശുപത്രികളെല്ലാം മുരുകന് നേരെ വാതിലുകൾ വലിച്ചടച്ചു.  അബോധാവസ്ഥയിൽ ആയിരുന്ന മുരുകൻ ആശുപത്രികൾ ഇല്ലാത്ത മറ്റൊരു ലോകത്തേക്കു പോയി.  ഒരു വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ തമിഴ് നാട് സ്വദേശി അബോധാവസ്ഥയിൽ. ഒരു സന്നദ്ധ സംഘടന നൽകിയ ആംബുലൻസിൽ. രാത്രി 10 മണി. കൊട്ടിയം കിംസ് ആശുപത്രി   ന്യുറോസർജനില്ല എന്ന് പറഞ്ഞു ഒഴിവാക്കി.   മെഡിട്രിന   ന്യുറോസർജനില്ല, ഒഴിവാക്കി.  മെഡിസിറ്റിയിൽ. കൂട്ടിരിക്കാൻ ആളില്ലാ, അവരും ഒഴിവാക്കി. രാത്രി 12 മണി. നില വഷളാകുന്നു. നേരെ 60 കിലോമീറ്റർ താണ്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. അവിടെ വെന്റിലേറ്റർ ഇല്ല.  വെളുപ്പിനെ 4 മണി. കോസ്മോപോളിറ്റൻ, അനന്തപുരി ആശുപത്രികളിൽ അന്വേഷിച്ചു.  വെന്റിലേറ്റർ ഇല്ല. SUT റോയൽ ആശുപത്രി  വെന്റിലേറ്റർ ഇല്ല. തിരിച്ചു കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ.  ന്യുറോസർജനില്ല  ഒഴിവാക്കി. അവസാനം ആംബുലൻസിൽ തന്നെ  മുരുകൻ വിട പറഞ്ഞു. 

പണം കെട്ടി വയ്ക്കാൻ കൂടെ ആളുണ്ടായിരുന്നുവെങ്കിൽ ഇങ്ങിനെ വരില്ലായിരുന്നു. അനാഥൻ. ചെലവ് ആര് വഹിക്കും?  അത് കൊണ്ട് ന്യുറോ സർജൻ ഇല്ല, വെന്റിലേറ്റർ ഇല്ല എന്നൊക്കെ പറഞ്ഞു ഒഴിവാക്കി.കാശ് കൊടുക്കാൻ കഴിവുള്ള രോഗിയെ മരിച്ചു കഴിഞ്ഞും വെന്റിലേറ്ററിൽ വയ്ക്കുന്ന ആശുപത്രികൾ ആണ് ഇതെല്ലാം. ഓരോ മെഡിക്കൽ സീറ്റിനും 25 ഉം 50 ഉം കോഴ വാങ്ങുന്ന മെഡിക്കൽ കോളേജുകൾ. നിയമസഭയിൽ ഇതൊന്നു ചോദിക്കാൻ ആരുമില്ലായിരുന്നു, ഭരണപക്ഷവും,പ്രതിപക്ഷവും. സർക്കാർ  മെഡിക്കൽ കോളേജ് ആശുപത്രി പോലും നോ പറഞ്ഞിട്ടും മുഖ്യ മന്ത്രി ഒരു ഫേസ് ബുക്ക് പോസ്റ്റിൽ ഒതുക്കി.   വടക്കേ ഇന്ത്യയിലെ മരണങ്ങൾക്ക് അനുശോചനം പറയുന്ന പാർട്ടിക്കാരെയും സാംസ്കാരികന്മാരെയും കണ്ടതേ ഇല്ല. മുരുകന്റെ പേരിൽ ഒരു മുതലെടുപ്പിന് സ്കോപ്പ് ഇല്ലല്ലോ.

സർക്കാർ ആശുപത്രി ആയ മെഡിക്കൽ കോളേജ് രോഗിയെ ഒഴിവാക്കി. അവിടെയും വെന്റിലേറ്റർ ഇല്ല. 3 മണിക്കൂർ മെഡിക്കൽ കോളേജിന് മുൻപിൽ പ്രതീക്ഷയോടെ കിടന്നു. കാശില്ലാത്തത് കൊണ്ടാണ് സ്വകാര്യ ആശുപത്രികൾ ഒഴിവാക്കിയത്. പക്ഷെ സർക്കാർ ആശുപത്രിയോ? അത് ഉത്തരവാദിത്വമില്ലായ്മ.  ഏതെങ്കിലും മന്ത്രിയുടെ ഓഫീസിൽ നിന്നോ മറ്റു രാഷ്ട്രീയ പാർട്ടികളുടെ ഓഫീസിൽ നിന്നോ, ഒരു വിളി വന്നിരുന്നുവെങ്കിൽ, ഏതെങ്കിലും പണക്കാരൻ ഇടപെട്ടിരുന്നവെങ്കിലോ  മെഡിക്കൽ കോളേജ് ഒഴിവാക്കുമായിരുന്നോ? ഇല്ല. ഇതാണ് കേരളം.