2017, ഓഗസ്റ്റ് 21, തിങ്കളാഴ്‌ച

രാജ്യ സ്നേഹം

10 വർഷം ഭാരതത്തിന്റെ ഉപരാഷ്ട്രപതി ആയിരുന്നതിനു ശേഷം ശ്രീ ഹമീദ് അൻസാരി പടിയിറങ്ങി. ഭാരതം പോലെ മഹത്തായ  ഒരു  രാഷ്ട്രത്തിന്റെ ഒരു പ്രധാന പദവിയിൽ ഇത്രയും നീണ്ട കാലം ഇരുന്നിട്ടും അദ്ദേഹത്തിന്റെ വീക്ഷണങ്ങളിൽ  ഒരു മാറ്റവും വന്നില്ല എന്നത് അദ്‌ഭുതത്തോടെ മാത്രമേ നമുക്ക് കാണാൻ കഴിയൂ. അതിനർത്ഥം അത്രയ്ക്കും രൂഢ മൂലം ആയിരുന്നു അദ്ദേഹത്തിന്റെ വിശ്വാസ പ്രമാണങ്ങൾ എന്നാണു നാം മനസ്സിലാക്കേണ്ടത്. രണ്ടു രാഷ്ട്രപതി മാരുടെ സമയത്തു അദ്ദേഹം സ്ഥാനത്തുണ്ടായിരുന്നു. അത് പോലെ വ്യത്യസ്ത ആശയങ്ങളും രീതികളും ഉള്ള രണ്ടു പ്രധാനമന്ത്രിമാരുടെ ഭരണത്തിലും ഉപ രാഷ്ട്രപതി ആയി അദ്ദേഹം ഉണ്ടായിരുന്നു.  

വിടവാങ്ങലിനു മുൻപ് കരൺ താപ്പർ എന്ന പത്ര പ്രവർത്തകന് നൽകിയ വീഡിയോ ഇന്റർവ്യൂവിൽ ആണ് അദ്ദേഹത്തിന്റെ വീക്ഷണങ്ങളും അഭിപ്രായങ്ങളും പ്രകടമാക്കിയത്. വിവിധ   വിഷയങ്ങളിൽ അദ്ദേഹം അഭിപ്രായം പറഞ്ഞു. 2015 ലെ യോഗാ ദിന പരിപാടികളിൽ ശ്രീ അൻസാരി മനഃപൂർവം പങ്കെടുക്കാതിരുന്നു എന്ന് ഉയർന്ന ആരോപണങ്ങൾ മുതൽ ഇന്നത്തെ രാജ്യത്തെ സ്ഥിതി വരെയുള്ള വിഷയങ്ങൾ ഇന്റർവ്യൂ വിൽ ഉണ്ടായിരുന്നു. ദേശീയ ഗാനം ആയ ജന ഗണ മന ഓരോ സിനിമാ പ്രദർശനത്തിന്  മുൻപും ഇടണമെന്ന സുപ്രീം കോടതി വിധിയും, വന്ദേ മാതരം ആഴ്ചയിൽ ഒരിക്കലെങ്കിലും തമിഴ് നാട് സ്‌കൂളുകളിലും കോളേജുകളിലും മാസത്തിൽ ഒരിക്കൽ സർക്കാർ/സ്വകാര്യ ഓഫിസുകളിൽ പാടണം എന്ന തമിഴ് നാട് ഹൈക്കോടതി വിധിയും നമുക്കറിയാമല്ലോ. ആ രണ്ടു വിധികളും  പൊതു ജന അഭിപ്രായത്തെ വിഭജിച്ചു എന്ന് കരൺ ഥാപ്പർ പ്രസ്താവിക്കുകയും അത് കോടതിയുടെ അധികാര കടന്നു കയറ്റമാണോ   അതോ ജന ഗണ മനയ്ക്കും വന്ദേ മാതരത്തിനും കൊടുക്കുന്ന അമിത ഭക്തി ദേശീയബോധത്തിന് ആവശ്യമാണോ എന്നും അൻസാരിയുടെ അഭിപ്രായം ചോദിച്ചു. അതിനു അദ്ദേഹം പറഞ്ഞ മറുപടി ഇപ്രകാരമാണ്. '' കോടതികൾ സമൂഹത്തിന്റെ ഭാഗമാണ്. അത് കൊണ്ട്  കോടതി പറയാൻ ഉദ്യമിക്കുന്ന കാര്യങ്ങൾ ചിലപ്പോൾ  സമൂഹത്തിൽ നില നിൽക്കുന്ന അന്തരീക്ഷം പ്രതിഫലിപ്പിക്കും." എന്താണ് അത്  കൊണ്ട്  ഉദ്ദേശിച്ചത്?  സമൂഹത്തിൽ നില നിൽക്കുന്ന പ്രവണത അനുസരിച്ചു കോടതികൾ വിധി പറയാൻ നിർബ ന്ധിത മാകുന്നു എന്നാണോ?നിഷ്പക്ഷമായും നീതി പൂർവമായും ഒരു വിധി പറയാൻ കോടതികൾക്ക് കഴിയില്ല എന്നാണോ?  ആ സ്ഥിതി വിശേഷത്തെ  ഒരു അരക്ഷിതാവസ്ഥ എന്ന് അദ്ദേഹം വിളിക്കുന്നു. '' രാവിലെയും വൈകിട്ടും  ഒരാളുടെ ദേശീയ ബോധം തെളിയിക്കാൻ പറയുന്നത് അനാവശ്യം ആണ്" എന്നാണു അദ്ദേഹം പറയുന്നത്.  അതായത് ജന ഗണ മനയും വന്ദേ മാതരവും ചൊല്ലുന്നത് ദേശീയബോധം വെളിവാക്കുന്നതാണ് എന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല. മാത്രമല്ല സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെ അത്തരത്തിലുള്ള വിധികൾ ശരിയല്ലെന്നും അദ്ദേഹം പറയുന്നു. പക്ഷെ ജഡ്ജിമാരെ വിമർശിക്കുന്നത് അംഗീകരിച്ച സമ്പ്രദായത്തിന് എതിരായതു കൊണ്ട് അങ്ങിനെ പറയുന്നില്ല എന്നും പറയുന്നു.

''സംസ്കാരത്തിലൂന്നിയുള്ള ദേശീയത യാഥാസ്ഥികവും ഇടുങ്ങിയതും ആയ ദേശീയത ആണ്. അത് അസഹിഷ്ണുതയും ധിക്കാര ദേശീയതയും ആണ്". അടുത്തിടെ പിരിയുന്നതിനു മുൻപ് ബാഗ്ലൂരിൽ ഉപ രാഷ്ട്രപതി നടത്തിയ ഒരു പ്രസംഗത്തിന്റെ ഭാഗമാണിത്. അത് 2017 ലെ രാജ്യത്തെ സ്ഥിതി കണ്ടു കൊണ്ട് പറഞ്ഞതാണ് എന്ന് മുഖാ മുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്. ഭാരതത്തിലെ മുസ്ലിങ്ങൾ ആശങ്കയുള്ളവരും അരക്ഷിതാവസ്ഥ അ നുഭവപ്പെടുന്നവരുമാണ്. ഒരു അസ്വസ്ഥയും സുരക്ഷിതത്വമില്ലായ്മയും അവരുടെ ഇടയിൽ പടരുന്നു എന്ന് അദ്ദേഹം പറയുകയുണ്ടായി. മുസ്ലിങ്ങൾക്ക് സംവരണം തീർച്ചയായും വേണമെന്നും അദ്ദേഹം പറഞ്ഞു.

മുത്തലാഖ് സുപീം കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയമാണ്. ഇങ്ങിനെ മൊഴി ചൊല്ലപ്പെട്ടവരും  പൊതു താല്പര്യക്കാരും ആണ് ഹർജിക്കാർ. ശരിയായ ഒരു കോടതി വിധി വന്നാലേ ഈ സമ്പ്രദായം അവസാനിക്കൂ എന്ന പൂർണ ബോധ്യത്തോടെ ആണ് അവർ കോടതിയെ സമീപിച്ചത്. ശ്രീ അൻസാരിക്കു മറ്റൊരു അഭിപ്രായമാണ്. കോടതികൾ ഇക്കാര്യത്തിൽ ഇടപെടേണ്ട എന്നാണു അദ്ദേഹം പറയുന്നത്. കാരണം മുസ്ലിം സമൂഹത്തിൽ നിന്നും ഉയർന്നു വരേണ്ടതാണ് പരിഹാരം. ഇത്രയും വർഷം കഴിഞ്ഞിട്ടും ഒരു പരിഹാരം ഉണ്ടാകാതെ കിടക്കുന്ന ഒരു വിഷയമാണിത്. മുത്തലാക്ക് വേണമെന്ന അഭിപ്രായമാണ് അവരുടെ ശക്തി കേന്ദ്രങ്ങളിൽ നിന്നും ഉണ്ടാകുന്നത്. അപ്പോൾ കോടതി വേണ്ട, സമൂഹത്തിൽ നിന്നും പരിഹാരം ഉരുത്തിരിഞ്ഞു വരും എന്ന് ശ്രീ അൻസാരി പറയുന്നത് എത്ര കണ്ട് യുക്തിഭദ്രം ആണ്?

ഐ.എസ് ആദർശങ്ങൾ സ്വീകരിച്ചു  മുസ്ലിങ്ങൾ  തീവ്ര വാദ ഗ്രൂപ്പുകളിൽ ചേരുന്നത് അത്ര ആശങ്കപ്പെടേണ്ട കാര്യമല്ല എന്നാണു അദ്ദേഹം പറയുന്നത്. കാരണം ഔദ്യോഗിക കണക്കുകൾ പറയുന്നുണ്ടെങ്കിലും മൊത്തം മുസ്ലിം ജന സംഖ്യ എടുത്തു നോക്കിയാൽ. ഓരോ ഏഴാമത്തെ ഇന്ത്യൻ പൗരനും ഒരു മുസ്ലിം ആണ്, അത് വളരെ കുറവായിരിക്കും എന്നാണുപറയുന്നത്‌. അത് കൊണ്ട് ഇവിടന്നു ഐ.എസിലേക്കുള്ള പോക്ക് ഒരു വിഷയം ആക്കേണ്ട എന്നാണോ അദ്ദേഹം പറയാൻ ശ്രമിക്കുന്നത്?  ഏതായാലും ഒരു പുതിയ ഉപ രാഷ്ട്രപതി എത്തിക്കഴിഞ്ഞു.

1 അഭിപ്രായം:


  1. ''സംസ്കാരത്തിലൂന്നിയുള്ള ദേശീയത യാഥാസ്ഥികവും ഇടുങ്ങിയതും ആയ ദേശീയത ആണ്. അത് അസഹിഷ്ണുതയും ധിക്കാര ദേശീയതയും ആണ്".

    മറുപടിഇല്ലാതാക്കൂ