2017, സെപ്റ്റംബർ 28, വ്യാഴാഴ്‌ച

കമലഹാസൻ

"മോദി അത് നടപ്പാക്കാൻ ചെയ്യാൻ തുടങ്ങി -മറ്റുള്ളവർ വാഗ്‌ദാനം മാത്രം  നൽകിയപ്പോൾ" കമൽ ഹാസൻ.

മുങ്ങിത്താഴുമ്പോൾ കാണിക്കുന്ന വെപ്രാളമാണ് ഇപ്പോൾ മാർക്സിസ്റ് പാർട്ടി കാണിക്കുന്നത്. ഏതു വൈക്കോൽ ത്തുരുമ്പിലും കയറി പിടിക്കും. അത് കച്ചിത്തുരുമ്പാണെന്ന അറിവോടെ തന്നെ. അത് രക്ഷപ്പെടുത്തില്ല എന്ന അറിവോടെ തന്നെ. പക്ഷെ രക്ഷപ്പെടാനുള്ള  അവസാനത്തെ ശ്രമം. അങ്ങിനെ മാർക്സിസ്റ്റുകാർ കയറിപ്പിടിച്ചിരിക്കുന്ന അവസാന  കച്ചിത്തുരുമ്പാണ് . സിനിമാ താരം കമലാഹാസൻ.

കമ്മ്യുണിസ്റ്റ് പാർട്ടി അപ്രസക്തമായിട്ടു കാലം ഏറെയായി. എങ്ങിനെയോ പശ്ചിമ ബംഗാളിൽ മാർക്സിസ്റ്റ് പാർട്ടി വേര് പിടിച്ചു.   പക്ഷെ തങ്ങളുടെ തെറ്റ്  മനസ്സിലാക്കാൻ ബംഗാളികൾക്ക്  മറ്റൊരു  34  വർഷം വേണ്ടി വന്നു. അപ്പോഴേയ്ക്കും ബംഗാൾ ഏതാണ്ട് പൂർണമായും  നശിച്ചു കഴിഞ്ഞിരുന്നു. കൃഷിയും വ്യവസായവും നശിച്ചു. വിദ്യാഭ്യാസവും വികസനവും അധോഗതി ആയി. പട്ടിണി കൊണ്ട് ജനങ്ങൾ നാട് വിട്ടു ഓടിത്തുടങ്ങി.  പതിനെട്ടാം നൂറ്റാണ്ടിൽ ബംഗാളിൽ ഉണ്ടായ  മഹാ ക്ഷാമം പോലെ ഒരു സാഹചര്യം. അന്ന്  പലായനം ചെയ്തത് പോലെ ഒരു പലായനം ആണ് ഇന്ന് നമ്മൾ കാണുന്നത്. ബംഗാളിൽ  നിന്നും പട്ടിണി മൂലം ജനം കേരളത്തിലേ യ്ക്കു  കൂട്ടമായി വരികയാണ്.പക്ഷേ ബംഗാളികൾ ഒരു കാര്യം ചെയ്തു. വളരെ  താമസിച്ചു പോയെങ്കിലും  വൈരാഗ്യ ബുദ്ധിയോടെ ജനം കമ്യുണിസ്റ്റ് പാർട്ടിയെ തൂത്തെറിഞ്ഞു.  

സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യ സഭാ അംഗമാക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി. സാധിച്ചില്ല. മൂന്നു പതിറ്റാണ്ട് ഭരിച്ച ബംഗാളിൽ നിന്നും ഒരു അംഗത്തെ തെരഞ്ഞെടുക്കാനുള്ള സംഖ്യ ബലം ആ പാർട്ടിക്ക് ഇല്ലാതെ പോയത് ഭരണത്തിന്റ ഗുണം ഒന്ന് കൊണ്ട് മാത്രമാണല്ലോ. അവിടെയും കോൺഗ്രസ്സിന്റെ പിന്തുണയിൽ ജയിക്കാനുള്ള ശ്രമങ്ങൾ നടത്തി നോക്കി. യെച്ചൂരിയുടെ ആജന്മ ശത്രുവായ പിണറായിയും അദ്ദേഹത്തിന്റെ അനുയായികളും അത് സമ്മതിക്കുമോ? അങ്ങിനെ ആ സ്വപ്നവും പൊളിഞ്ഞു.

ഏറ്റവും അവസാനം നടത്തുന്ന സഖ്യത്തിനു വേണ്ടിയുള്ള ഉദ്യമം ആണ് കമലാ ഹാസനുമായുള്ളത്. വീട്ടിൽ വിളിച്ചു. കമലാഹാസൻ പഴയ സുഹൃത്താണെ ന്നും പണ്ടേ ഇങ്ങിനെ വരാറുണ്ടെന്നും മുഖ്യ മന്ത്രി ഫേസ് ബുക്കിൽ എഴുതി. അങ്ങിനെ ഒന്ന് ആരും  ഇതുവരെ കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല. സി.പി.എം. നടത്തുന്ന സെമിനാറിൽ കമലാഹാസനെ വിശിഷ്ടാതിഥി ആയി ക്ഷണിച്ചു.  പക്ഷെ കമലാഹാസൻ ഒഴിവായി. ക്ളൈമാക്സ് ഇതൊന്നുമല്ല. അതാണ് മോദിയെ പ്രകീർത്തിച്ചു കൊണ്ട് കമലാഹാസൻ പറഞ്ഞത്.

2017, സെപ്റ്റംബർ 27, ബുധനാഴ്‌ച

വയൽക്കിളികൾ





പാർട്ടിക്ക് മേലെ പരുന്തും പറക്കില്ല എന്ന് പറഞ്ഞ പാർട്ടി ഗ്രാമത്തിൽ അതിലും മേലെ ഇതാ 'വയൽക്കിളികൾ' പറന്നു. പാർട്ടി ഗ്രാമം എന്ന് പറഞ്ഞാൽ പാർട്ടിയുടെ തീട്ടൂരങ്ങൾ ആണ് നടപ്പാക്കുന്നത്. പാർട്ടിയുടെ ഉത്തരവുകൾ അലംഘനീയം. ആരും ചോദ്യം ചെയ്യാൻ പാടില്ല. അനുസരിക്കുക അത്ര മാത്രം. അങ്ങിനെയുള്ള ഒരു പാർട്ടി ഗ്രാമത്തിൽ, ശക്തി കേന്ദ്രമായ കണ്ണൂരിലെ  പാർട്ടി ഗ്രാമത്തിൽ മാർക്സിസ്റ്റു  നേതൃത്വത്തിനെതിരായി അണികൾ കലാപം നടത്തുന്നു. ഞെട്ടിത്തെറിച്ച നേതൃത്വം. ജില്ലാ അധ്യക്ഷൻ ജയരാജൻ സമര സഖാക്കളെ കണ്ടു, ഭീഷണി,അനുനയം ഒക്കെ നടത്തി. ഒരു ഫലവുമില്ല. സമരവുമായി സഖാക്കൾ മുന്നോട്ട്.

തളിപ്പറമ്പിലെ നെൽവയലുകളും തെങ്ങും വ്യക്ഷങ്ങളും നിറഞ്ഞ കീഴാറ്റൂർ ഗ്രാമത്തിലെ 250 ഏക്കറോളം പരന്നു കിടക്കുന്ന നെൽവയൽ സംരക്ഷിക്കാനാണ് ജനത ഉയിർത്തെഴുനേറ്റത്.'' വയൽക്കളികൾ'' എന്ന സംഘടന രൂപീകരിച്ചു രാപകൽ സമരം നടത്തുകയാണ്.  കുറ്റിക്കോൽ മുതൽ കുപ്പം വരെയുള്ള പാത വഴി തിരിച്ചു  വിടുന്നത്വ ഇവരുടെ വയലിൻ നടുവിലൂടെ. വയൽ മുഴുവൻ അവർക്കു നഷ്ട്ടമാകും. എന്തിന്നാണ് വഴി മാറ്റി വയലിലൂടെ പോകുന്നത് എന്നാണ് അവരുടെ ചോദ്യം.  9 മീറ്റർ ഉയരത്തിൽ 45 മീറ്റർ വീതിയിൽ നാലര കിലോമീറ്റർ ദൂരം. 

ഇത്രയും മണ്ണിട്ടു നികത്താൻ ഇടിക്കേണ്ട കുന്നുകൾ പാർട്ടി നേതാക്കൾക്കു സ്വന്തം. വിമത ശബ്ദം, പോകട്ടെ ഒരു ശബ്ദം പോലും ഉയരാൻ അനുവദിക്കാതെ കാത്തു സൂഷിക്കുന്ന സ്ഥലങ്ങളാണ് പാർട്ടി ഗ്രാമങ്ങൾ. അടിമത്തത്തിൽ കഴിയുന്ന ജനത. അടിച്ചമർത്തപ്പെട്ട ജനത. അവിടെ നിന്നാണ് വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്. തളിപ്പറമ്പ തമ്പ്രാക്കൾക്കു എതിരെ. ഇതൊരു തുടക്കം. കേരളത്തിൽ ആഞ്ഞടിക്കാൻ പോകുന്ന സമരങ്ങളുടെ നാന്ദി. 





2017, സെപ്റ്റംബർ 26, ചൊവ്വാഴ്ച

വട്ടിയൂർക്കാവ്

ടി. എൻ. സീമയെ  സി.പി.എം തിരുവനന്തപുരത്തു  വട്ടിയൂർക്കാവിൽ കൊണ്ട്  ഇറക്കിയപ്പോഴേജനങ്ങൾക്ക്  മനസ്സിലായി. സീമയെ കുരുതി കൊടുക്കാനാണ് ഈ കളിയെന്നു. ഒരു വെടിക്ക് രണ്ടു പക്ഷി.  അതായിരുന്നു നേതതൃത്വതിന്റെ ലക്ഷ്യം. സീമയ്ക്കു സീറ്റ് കൊടുത്തതും ആയി. സീമയെ ഒഴിവാക്കാനുള്ള വഴിയും ആയി. അവരുടെ സ്ഥിരം പരിപാടിയായ വോട്ട് മറിച്ചിൽ നടത്തി.

മാർക്സിസ്റ്റുകാർ കെ.മുരളീധരന് വോട്ട് ചെയ്തു സീമയെ തോൽപ്പിച്ചു. എല്ലാവർക്കും അറിയാമായിരുന്ന ഒരു പരസ്യമായ രഹസ്യം. പാവം സീമയും അറിഞ്ഞിരിക്കണം. വോട്ട് ചെയ്യാനായി പണം കുറെ മറിഞ്ഞു എന്നൊരു ആരോപണവും ഉണ്ടായി. പക്ഷെ പാർട്ടി നേതൃത്വം അതെല്ലാം തള്ളിക്കളഞ്ഞു.  ഏതായാലും വട്ടിയൂർക്കാവിൽ നിന്നും ജയിച്ച മുരളീധരൻ ഇപ്പോൾ പര്യസ്യമായി സമ്മതിച്ചിരിക്കുന്നു. മാർക്സിസ്റ്റുകാർ ആണ് മുരളിയെ ജയിപ്പിച്ചത് എന്ന്. കഷ്ട്ടം. ഇത്രയും നാൾ പാർട്ടി പാർട്ടി എന്ന് പറഞ്ഞു പുറകെ നടന്ന പാവം സീമ. പാർട്ടിയിൽ എല്ലാവരുടെയും ഗതി ഇതൊക്കെ തന്നെ. പിണറായി വിജയന് ജയ് വിളിച്ചു വിനീത വിധേയനായി നിൽക്കുക. എന്തെങ്കിലും കിട്ടും. അല്ലെങ്കിൽ പണി കിട്ടും.സീമയുടെ ഗതി തന്നെ. ഇതാണ് മാർക്സിസ്റ്റ് പാർട്ടി. 

2017, സെപ്റ്റംബർ 21, വ്യാഴാഴ്‌ച

ശിക്ഷ





നട്ടെല്ലുള്ള IAS  ഉദ്യോഗസ്ഥർ  കുറെ എങ്കിലും ഉണ്ടെന്നുളളത് ജനങ്ങൾക്ക് ആശ്വാസകരമാണ്. മൂന്നാർ കൈയേറ്റക്കാർക്കെതിരെ പട പൊരുതിയ  ശ്രീറാം വെങ്കട്ടരാമൻ, ഭക്ഷ്യ വസ്തുക്കളിൽ വിഷം കലർത്തുന്ന നിർമാതാക്കൾ ക്കെതിരെ  പൊരുതിയ  അനുപമ, ജയിലിലെ അഴിമതിക്കെതിരെ പൊരുതിയ  രൂപ IPS  എന്നുള്ള ചുരുക്കം ചിലരെ പ്പോലെ. ഈ കുറ്റവാളികൾക്കെതിരെ മാത്രം പൊരുതിയാൽ പോരാ ഈ ഉദ്യോഗസ്ഥർക്ക്. ഈ കുറ്റവാളികളെ സഹായിക്കുന്ന സർക്കാരിനെതിരെ കൂടി ഇവർക്ക് യുദ്ധം ചെയ്യേണ്ടി ഇരിക്കുന്നു.

ഇവിടത്തെ മിടുക്കൻ കേശവേന്ദ്ര കുമാർ IAS ആണ്. ഹൈസ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞു റെയിൽവേയിൽ ജോലിക്കു കയറി, BA കറസ്പോണ്ടൻസ് ആയി പഠിച്ചു 22 ആം വയസ്സിൽ IAS കിട്ടിയ ആളാണ് കേശവന്ദ്ര കുമാർ. 

2012 ൽ KSU ഉന്നത വിദ്യാഭ്യാസ ഡയറക്ടർ ആയ അദ്ദേഹത്തിന്റെ ഓഫീസിൽ കയറി കരി ഓയിൽ ഒഴിച്ചു. 8 പേരുടെആം പേരിൽ കേസ് എടുത്തു. നാശ നഷ്ട്ടമായ 5.5 ലക്ഷം രൂപ കെട്ടി വച്ച് അവർ ജാമ്യം എടുത്തു. .2015 ൽ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ഇവർക്കെതിരെ ഉള്ള കേസ് പിൻവലിക്കാൻ ഒരു കള്ളക്കളി നടത്തി. അവർക്കു  വേണ്ടിയാണല്ലോ പാവം പിള്ളാര് കോമാളി വേഷം കെട്ടുന്നത്. കേശവേന്ദ്ര കുമാറും IAS അസോസിയേഷനും വഴങ്ങിയില്ല. പിള്ളാര്   സമൂഹ സേവനം നടത്താൻ പറഞ്ഞു കേശവേന്ദ്ര കുമാർ. അങ്ങിനെ മാനസികാരോഗ്യ കേന്ദ്രത്തിലും ആശുപത്രീകളിലും അവർ സേവനം നടത്തി  സൗജന്യ ഭക്ഷണം വിതരണം ചെയ്തു. ഇതൊക്കെ ചെയ്തതായി ഡോക്ടർമാർ സാക്ഷ്യ പത്രം നൽകി. അങ്ങിനെ യാണ് കേസ് പിൻവലിക്കാൻ കേശവേന്ദ്ര  കുമാർ അനുമതി നൽകിയത്. മാതൃകാപരമായ ശിക്ഷ. 

ഈ വിദ്യാർത്ഥികളൊക്കെ സ്വയം ഇറങ്ങിത്തിരിക്കുന്നതല്ല. രാഷ്ട്രീയ നേതാക്കൾ ഇതിനൊക്കെ ഇവരെ പ്രേരിപ്പിക്കുന്നതാണ്.കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുടു ചോറ് വാരിക്കുന്ന  രാഷ്ട്രീയ നേതാക്കൾക്കും ഇത്തരം ശിക്ഷ നൽകണം.




2017, സെപ്റ്റംബർ 20, ബുധനാഴ്‌ച

ക്ഷേത്ര പ്രവേശം

യേശുദാസ് ശ്രീ പദ്മനാഭനെ തൊഴാൻ പോകുന്നു. അതിനായി ശ്രീ പദ്മനാഭ ക്ഷേത്ര അധികാരികൾക്ക് അപേക്ഷ നൽകി. ആരും അറിയാതെ എത്ര അഹിന്ദുക്കൾ ആണ് അമ്പലങ്ങളിൽ ദിവസവും കയറുന്നത്? മുസ്ലിങ്ങൾ, ക്രിസ്ത്യാനികൾ അങ്ങിനെ പലരും. കുറേപ്പേർ വിശ്വാസം ഉണ്ടായിട്ടും കുറെ അല്ലാതെയും. അറിയാത്തതു കൊണ്ട് അവിടം അശുദ്ധമാകാറില്ല.അവിടെ പുണ്യാഹം തളിക്കാറില്ല, ശുദ്ധി കലശം ഇല്ല.പക്ഷെ  ദൈവം അവിടങ്ങളിൽ ഒക്കെ  പരിശുദ്ധനായി നിൽക്കുന്നു.  

നമ്മുടെ ഗാന ഗന്ധർവ്വൻ ഇതാ ശ്രീ പദ്മനാഭ ക്ഷേത്രത്തിൽ കയറാൻ അപേക്ഷ കൊടുത്തു കാത്തു നിൽക്കുന്നു. ''അപരിചിതരായ അഹിന്ദുക്കൾക്കു ആണ് ഇത്തരത്തിൽ ഒരു അപേക്ഷ വേണ്ടത്" എന്ന് ക്ഷേത്രം അധികാരികൾ പറയുന്നു. അപരിചിതർ ഹിന്ദുക്കൾ അല്ല എന്ന് എങ്ങിനെ തിരിച്ചറിയും? അത് കൊണ്ട് അവർ അങ്ങ് കയറും. ആരും അറിയില്ല. യേശുദാസ് ആണെങ്കിൽ എല്ലാവർക്കും   സുപരിചിതൻ. അത് കൊണ്ട് എന്താ അദ്ദേഹത്തിന് അപേക്ഷ കൊടുക്കേണ്ടി വന്നു.ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കാനായി എത്ര തവണ അദ്ദേഹം ശ്രമിച്ചു.  അദ്ദേഹത്തിന് ഇതേ വരെ ലഭിച്ചിട്ടില്ല. അഹിന്ദുക്കൾക്കു പറ്റില്ല അത്രേ.

കമ്മ്യുണിസ്റ്റ്  ആയ കടകം പള്ളിയ്ക്ക് വരെ ഗുരുവായൂരിൽ തൊഴാം.പക്ഷെ വിശ്വാസി ആയ യേശുദാസിനു പറ്റില്ല. പക്ഷെ മറ്റു ഹിന്ദു ദൈവങ്ങൾ അദ്ദേഹത്തിന് അനുവാദവും ആശീർവാദവും നൽകിയിട്ടുണ്ട്.ശബരിമല അയ്യപ്പനും മൂകാംബിക ദേവിയും യേശുദാസിനെ ധാരാളം അനുഗ്രഹം നൽകിയിട്ടുണ്ട്. ഗുരുവായൂരപ്പനും നേരിട്ട് കാണാതെ തന്നെ അനുഗ്രഹം നൽകിയിട്ടുണ്ടാകാം. കാരണം ദൈവങ്ങൾ എല്ലാം അറിയുന്നവരാണ്. ആർക്കാണ് അനുഗ്രഹം വേണ്ടത് ഏന് അവർക്കറിയാം. അത് കൊടുക്കുകയും ചെയ്യും. ഏതായാലും യേശുദാസ് ശ്രീ പദ്മനാഭനെ കണ്ടു വണങ്ങുന്നുണ്ട്. വിജയ ദശമി നാളിൽ. അന്ന് അദ്ദേഹത്തിന്റെ വക ഒരു കീർത്തനാലാപവും ഉണ്ട്. ഇനിയും ഏറെ നാൾ അദ്ദേഹത്തിന്റെ കണ്ഠത്തിൽ നിന്നും ഗാന ധാര ഒഴുകട്ടെ.

2017, സെപ്റ്റംബർ 18, തിങ്കളാഴ്‌ച

വിചാരണ

ഒരു വിചാരണ.

നടിയെ ആക്രമിച്ച പീഡന കേസ് ആണ്.

ചോദ്യം: ഗൂഡാലോചന ഉണ്ടെന്ന് ആര് പറഞ്ഞു?
സുനി പറഞ്ഞു
ഇല്ലെന്ന് മുഖ്യ മന്ത്രി പറഞ്ഞല്ലോ?
സുനി പറഞ്ഞു.
ഗൂഡാലോചന നടത്തിയത് ദിലീപ് എന്ന് ആര് പറഞ്ഞു?
സുനി പറഞ്ഞു
വമ്പൻ സ്രാവ് ഉണ്ടെന്ന് ആര് പറഞ്ഞു?
സുനി പറഞ്ഞു
മാഡം ഉണ്ടെന്ന് ആര് പറഞ്ഞു?
സുനി പറഞ്ഞു
മാഡം കാവ്യ ആണെന്ന് ആര് പറഞ്ഞു?
സുനി പറഞ്ഞു
മാഡം 25000 രൂപ  തന്നെന്ന് ആര്പറഞ്ഞു?
സുനി പറഞ്ഞു
നാദിർഷാ ഉണ്ടെന്ന് ആര് പറഞ്ഞു?
സുനി പറഞ്ഞു
മെമ്മറി കാർഡ് നശിപ്പിച്ചു എന്ന് ആര് പറഞ്ഞു?
സുനി പറഞ്ഞു.

ചോദ്യം: ആരാണ് ഈ സുനി?  കേരള ഡി.ജിപി ആണോ  ? അല്ല.
അന്വേഷണ സംഘം തലവൻ ആണോ ? അല്ല.
കേരളത്തിലെ ആഭ്യന്തര മന്ത്രി ആണോ ? അല്ല.
ആരാണയാൾ? 

ഉത്തരം: അയാളാണ്  നടിയെ പീഡിപ്പിച്ച ആൾ. നടി മൊഴി കൊടുത്ത ആൾ. ഫോറൻസിക് പരിശോധനയിൽ പീഡിപ്പിച്ചു എന്ന് തെളിഞ്ഞ ആൾ. ഇപ്പോൾ ജയിലിൽ കിടക്കുന്ന ആൾ. പീഡന കേസിലെ ഒന്നാം പ്രതി.

ദിലീപിനെതിരെ സാക്ഷികളെ ഹാജരാക്കൂ. സാക്ഷികൾ ആരൊക്കെ?
1. ഏഷ്യാനെറ്റിലെ വിനു .2 . മാതൃഭൂമിയിലെ  വേണു 3. മനോരമയിലെ രാമൻ.

അഡീഷണൽ സാക്ഷികൾ.  ബൈജു കൊട്ടാരക്കര, SP ജോർജ് ജോസഫ്,ലിബർട്ടി ബഷീർ.

വിധി പറയാൻ സുനി വരുന്നു.


2017, സെപ്റ്റംബർ 14, വ്യാഴാഴ്‌ച

ടോം മോചനം

ഫാദർ ടോം ഉഴുന്നാലിൽ മോചിതനായി. ഭീകരരുടെ തടവിൽ ഇത്രയും കാലം  അനുഭവിച്ച മാനസിക-ശാരീരിക പീഡനങ്ങൾക്ക് അവസാനമായതിൽ സന്തോഷം. 

 രക്ഷപെട്ടതിനു ശേഷം മരിക്കാൻ പേടിയില്ലായിരുന്നു എന്നൊക്കെ  പറയുന്നത് കേട്ടു.  രക്ഷിക്കണം എന്ന് കരഞ്ഞു അപേക്ഷിച്ചത് നമ്മൾ കണ്ടതാണ്. അതും കർത്താവിനോടല്ല. ഇന്ത്യ ഗവേണ്മെന്റിനോടു.  അപ്പോൾ  കർത്താവിനെ കൊണ്ട് അത്ഭുതങ്ങൾ   ചെയ്യിക്കാം എന്ന് യെമൻകാരെ വിശ്വസിപ്പിക്കാൻ പോയ അച്ചന്  ഒന്നും ചെയ്യാൻ കഴിയില്ല എന്ന് മനസിലായി.  പോകരുത് എന്ന് ഭാരത സർക്കാർ വിലക്കിയതാണ്. എന്നിട്ടും  പോയി.  മതം പ്രചരിപ്പിക്കാൻ.  ഇൻഡ്യൻ സർക്കാർ  ഒന്നും ചെയ്യുന്നില്ല എന്ന് ടോം അച്ചൻ കുറ്റം പറയുന്നതും നമ്മൾ  കേട്ടു.  ഇന്ത്യക്കാരനായത് കൊണ്ടാണ് രക്ഷിക്കാത്തതു എന്ന് വരെ പറഞ്ഞു കളഞ്ഞു. പിന്നെ അവസാനം വർഗീയ കാർഡ് എടുത്തു.  ഒരു  ക്രിസ്ത്യാനിയായ തന്നെ രക്ഷിക്കാൻ ലോക ക്രിസ്ത്യാനികളെ വിളിച്ചു കേണപേക്ഷിച്ചു. എങ്ങിനെയെങ്കിലും രക്ഷപെടാനുള്ള ആ മാനസികാ വസ്ഥയിൽ എല്ലാം സ്വാഭാവികം. പിന്നെ സ്റ്റോക്ക് ഹോം സിൻഡ്രം.  അത് പതിയെ മാറിക്കൊള്ളും.വീഡിയോ ഒന്ന് കാണാം.





2017, സെപ്റ്റംബർ 13, ബുധനാഴ്‌ച

തോക്കുകൾ കഥ പറയുന്നു.






ഒരാൾ റോഡരുകിലൂടെ  നടന്നു പോകുന്നു.  പെട്ടെന്ന് മറ്റൊരാൾ പ്രധ്യക്ഷ പ്പെടുന്നു.  യാതൊരു പ്രകോപനവുമില്ലാതെ പോക്കറ്റിൽ നിന്നും കൈത്തോക്ക് എടുത്തു  മറ്റേയാൾക്ക് നേരെ ചൂണ്ടുന്നു.  നിറയൊഴിക്കുന്നു. ആൾ മരിച്ചു താഴെ വീഴുന്നു. വെടി വച്ചയാൾ ആൾകൂട്ടത്തിൽ ലയിക്കുന്നു. ഹോളിവുഡ് സിനിമയിൽ കാണുന്ന രംഗം. അമേരിക്കൻ തെരുവീഥികളിൽ അരങ്ങേറുന്ന രംഗം എന്ന് കരുതി ലാഘവത്തോടെ എടുക്കേണ്ട. നാളെ കേരളത്തിൽ സംഭവിച്ചേക്കാവുന്നതിന്റെ രൂപ രേഖ ആണിത്.

 1000 സെമി ആട്ടോമാറ്റിക് പിസ്റ്റലുകൾ ആണ് 4 മാസം മുൻപ് കേരളത്തിലേയ്ക്കു കടത്തിയത്. എങ്ങോട്ടു പോകുന്നു ഈ തോക്കുകൾ? ഭീകര വാദികളുടെയും ദേശ വിരുദ്ധ ഗ്രൂപ്പുകളുടെയും കയ്യിൽ തന്നെ എത്തുന്നു. എക്കാലവും ദേശ വിരുദ്ധ ശക്തികളോട് മൃദു സമീപനം പുലർത്തുന്ന കേരളത്തിലെ ഇടതു സർക്കാർ ഇതൊന്നും കാര്യമായി എടുക്കുന്നില്ല. ലഷ്‌ക്കർന്റെ ഏജന്റു മാരാണ് അറസ്റ്റിലായ മൊഹമ്മദ് മനോവർ, മുഹമ്മദ് ഷാഹിദ് അലാം വർഷങ്ങളായി ആയുധ കടത്തു നടത്തുന്നു എന്നാണു ഡൽഹി പോലീസ് പറയുന്നത്. ഇതിലും എത്രയോ അധികം തോക്കുകൾ കേരളത്തിൽ എത്തിയിട്ടുണ്ടാകാം. രാഷ്‌ടീയത്തിനതീതമായി രാജ്യത്തെ കാണണം എന്ന് ഈ പാർട്ടികൾ എന്ന് പഠിക്കും?

2017, സെപ്റ്റംബർ 12, ചൊവ്വാഴ്ച

ജന പ്രതിനിധികൾ





വിവരാകാശ നിയമ പ്രകാരം പാർലമെന്റ് നൽകിയ   കണക്കുകൾ കേട്ടാൽ ഞെട്ടും. എങ്ങിനെയൊക്കെ നമ്മുടെ പണം കാറ്റെടുക്കാം എന്നാണു ജന പ്രതി നിധികൾ ചിന്തിക്കുന്നത്.  നമ്മുടെ  ഭൂരിഭാഗം എം.പി. മാരും ബിസിനസ്സ് ക്ലാസിലോ ഫസ്റ്റ് ക്ലസ്സിലോ വിമാന യാത്ര ചെയ്തു ലക്ഷക്കണക്കിന് രൂപയാണ് പൊതു മുതൽ കൊള്ളയടിക്കുന്നത്. കഴിഞ്ഞ ഒരു വർഷം  ടി.എ./ഡി.എ. ഏറ്റവും കൂടുതൽ വാങ്ങിയ ലോക് സഭ  എം.പി.മാർ ആദ്യ പത്തു പേരിൽ ൽ വരുന്നത് കേരളത്തിൽ നിന്നുള്ള  5 പേര്.  എ. സമ്പത്ത്-  38,19,300 പി.കെ.ശ്രീമതി  - 32,58,739 എം.ബി.രാജേഷ്-30,27,268. ഈ കഥ ടൈംസ് നൗ ചാനൽ പുറത്തു വിട്ടു. താൻ വാങ്ങിയ പണം വിശദീകരിച്ചു കൊണ്ട് എം.ബി. രാജേഷ് ഒരു  fb പോസ്റ്റും ഇട്ടു. പ്രധാന കാര്യത്തിൽ ഒന്നും പറയാതെ, എന്തൊക്കെയോ പറഞ്ഞു തടി തപ്പുകയാണ് പുള്ളി.

അദ്ദേഹം 6.28  ലക്ഷം മാത്രമേ ഡി.എ. വാങ്ങിയിട്ടുള്ളൂ എന്ന് പറയുന്നു. DA യാത്രയിൽ വല്ല കട്ടൻ ചായ,പരിപ്പ് വട, കഴിക്കാനുള്ള കാശാണ്. TA/DA എന്നാണു RTI രേഖ  പറഞ്ഞത്. അതായത് ബാക്കി  25 ലക്ഷം ട്രാവൽ അലവൻസ് ആണ്. വിമാന യാത്രക്കൂലി. അതെന്തേ മിണ്ടാത്തത്?

Salary Allowance and Pension of Members of Parliament Act 1954 പ്രകാരം വിമാന ക്കൂലിയുടെ  കാൽ ഭാഗം ഡി.എ. ആയി കിട്ടും.അതിനുള്ള വിദ്യ എന്താണ്? ബിസിനസ്സ് ക്ലാസ്സിൽ പോവുക. സാധാരണ ക്ലാസ്സിന്റെ മൂന്നു മടങ്ങിൽ കൂടുതലാണ് ബിസിനസ്സ് ക്ലാസ്സ് ടിക്കറ്റ്.  ബിസിനസ്സ് ക്ലാസ്സിൽ യാത്ര പോയാൽ "കൂടുതൽ സുഖം കൂടുതൽ  ഡി.എ."  അങ്ങിനെ വലിയ ക്ലാസ്സിൽ എത്ര യാത്ര പോയെന്നു എന്ത് കൊണ്ട് വെളിപ്പെടുത്തുന്നില്ല?

അതിനു പകരം കൊച്ചു വീടാണ് കൊച്ചു കാറാണ് എന്നൊക്കെ കൊച്ചു പിള്ളേര് പറയുന്ന ഡയലോഗ് ആണ് ശ്രീ രാജേഷ് പറയുന്നത്..

ഇത്രയും യാത്ര എന്തിന്?  ബഡ്ജറ്റ്, മൺസൂൺ, വിന്റർ എന്നിങ്ങിനെ 3 സെഷൻ ആണ് പാർലമെന്റിൽ. ഇതിനിടയിൽ ഓരോ മാസവും വീട്ടിൽ വന്നു പോകണമെങ്കിൽ തന്നെ  24 യാത്ര.  10,000 രൂപ വച്ചാണെങ്കിൽ 2.40 ലക്ഷം.. ഇത് DA മാത്രം 6.28  ലക്ഷം! ജന പ്രതിനിധികൾ തന്നെ. 


2017, സെപ്റ്റംബർ 10, ഞായറാഴ്‌ച

കൊലപാതകം





കൊലപാതകം ഒന്നിനും  ഒരു പരിഹാരമല്ല.  എതിർ ശബ്ദം അടിച്ചമർത്താനുള്ള മാർഗവുമല്ല.അത് തെറ്റാണ്, അപലപനീയവുമാണ്.  അത് വ്യക്തമായി അറിയാവുന്നവരാണ് ആർഷ ഭാരത സംസ്കാരത്തിന്റെ പിന്തുടർച്ചക്കാർ.
ഗൗരി ലങ്കേഷിനെ അജ്ഞാതർ കൊലപ്പെടുത്തി.  സംഭവം നടന്ന് അര മണിക്കൂറി നുള്ളിൽ മതേതരക്കാർ കുറ്റക്കാരെ കണ്ടു പിടിച്ചു കഴിയും. സംഘ പരിവാർ.

കൽബുർഗി കൊല്ലപ്പെട്ടപ്പോഴും ഇവർ പ്രസ്താവനകളുമായി വന്നിരുന്നു.  2 വർഷം കഴിഞ്ഞിട്ടും കൊലപാതകികളെ കണ്ടു പിടിക്കാൻ ഇതേ വരെ അവിടത്തെ കോൺഗ്രസ്സ്  സർക്കാരിന് കഴിഞ്ഞില്ല. അന്നും ആരോപണം ഉന്നയിച്ചവർ കപട മതേതര വാദികൾ, ഇടതു പക്ഷം കൽബുർഗിയെ കുറിച്ച് ഇന്ന് മൗനമാണ്. ഇത് ആസൂത്രിതമാണ്. 

വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെ ഉണ്ട്. കുൽബുർഗിയും   ഗൗരി ലങ്കേഷും.എഴുത്തു തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ലല്ലോ.   ഇങ്ങിനെ  വിരുദ്ധ ആശയം ഉള്ളവരെ മുഴുവൻ കൊന്നൊടുക്കാൻ കഴിയുമോ?
 ഇവരൊക്കെ  ജീവിച്ചിരുന്ന കാലത്തല്ലേ ബി.ജെ.പി. വലിയ ഭൂരിപക്ഷത്തോടെ  കേന്ദ്രത്തിൽ അധികാരത്തിൽ വന്നത്? സംസ്ഥാനങ്ങളിലും അധികാരത്തിൽ വരുന്നത്. ഇതൊക്കെ എഴുത്തുകാരെ കൊന്നൊടുക്കിയാണോ?  

കേരളത്തിൽ വിമത ശബ്ദമായ ടി..പി ചന്ദ്ര ശേഖരനെ കൊന്നു. ആ വിമത ശബ്ദം ഇന്നും നില നിൽക്കുന്നു. പക്ഷെ കുറ്റക്കാരെ കണ്ടു പിടിക്കാനും ശിക്ഷിക്കാനും ഭരണ കൂടങ്ങൾ തയ്യാറാകാത്തതാണ് ഇത്തരം കൊലപാതകങ്ങൾ ആവർത്തിക്കുന്നത്. അതിനർത്ഥം ഇവർക്ക് സത്യം കണ്ടു പിടിക്കുന്നതിന് താൽപ്പര്യമില്ല.  ഇത്തരം കൊലപാതകങ്ങൾ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുക എന്നത് മാത്രമാണ് അധികാര സ്ഥാനങ്ങളുടെ താൽപ്പര്യം. അതിനു കോടിയുടെ നിറം നോക്കി ജനങ്ങൾ കൂട്ട്  നിൽക്കുന്നതാണ് ഏറ്റവും അപകടം.

2017, സെപ്റ്റംബർ 6, ബുധനാഴ്‌ച

ടീച്ചേർസ് ഡേ



അധ്യാപക ദിന ഓർമകൾ. 

അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള  ഹൈസ്‌കൂളിലായിരുന്നു പഠനം.  അച്ഛൻ ആണ് അവിടത്തെ  ഹെഡ്മാസ്റ്റർ.  എനിക്ക് പ്രത്യേക  പരിഗണനകൾ  ഒന്നുമില്ല മറ്റു കുട്ടികളെ പോലെ തന്നെ. അച്ഛൻ  ഒരു പരിഷ്‌ക്കാരം കൊണ്ടു വന്നു. എട്ടാം ക്ലാസിലെ അധ്യാപകർ തന്നെ അതെ വിദ്യാർത്ഥികളെ 9 ലും പത്താം ക്ലാസിലും പഠിപ്പിക്കും. ഓരോ വിദ്യാർത്ഥി യെയും  ശരിയായി മനസ്സിലാക്കി അവരെ നന്നായി പഠിപ്പിക്കാൻ എളുപ്പമാകുമല്ലോ.  ഞാൻ VIII ഡി. ഞങ്ങടെ  കണക്കു സാർ ക്ലാസിൽ വന്നാൽ   ചോദ്യം വായിച്ചു ഉത്തരം ബോർഡിൽ എഴുതും. ആർക്കും ഒന്നും  മനസ്സിലാകില്ല. പാഠ പുസ്തകത്തിന്റെ അവസാനം കൊടുത്തിരിക്കുന്ന 'അഭ്യാസം' ത്തിൽ നിന്നും കുറെ ചോദ്യം ഹോം  വർക്ക് തരും. ഞങ്ങളും ഹോമിൽ ചെന്ന് കുറേ അഭ്യാസം കാണിക്കും.  അടുത്ത ക്ലാസ്സിലും ഇതേ രീതി. സാറിനു മറ്റു പല ബിസിനസ്സുകളും ഉണ്ട്. അതിലൊരു സൈഡ് ബിസിനസ്സ് എന്ന പോലെയാണ് അധ്യാപക ജോലി.  

VIII  ക്ലാസും IX ക്ലാസ്സും കഴിഞ്ഞു. സാറ് ഉത്തര പേപ്പർ നോക്കുന്നത് കൊണ്ട് എല്ലാവരും  X  ൽ എത്തി. കൂടെ അതെ കണക്കു സാറും. പബ്ലിക്ക് പരീക്ഷയാണ്. SSLC.  ഇങ്ങിനെ പോയാൽ മാത്‍സ് കടന്നു കൂടുന്നത് അൽപ്പം ബുദ്ധിമുട്ടാണ്.  100 നു 100 ഉം  വാങ്ങാവുന്ന കണക്കിന്  കടന്നു കൂടുമോ എന്ന് വരെ സംശയമായി.  എന്താണ് മാർഗം?  X -C യിൽ നന്നായി പഠിപ്പിക്കുന്ന ഗോപി സാറാണ്.  X- C യിലേക്ക് മാറാം. അച്ഛൻ വിചാരിച്ചാൽ നടക്കുമല്ലോ. അധ്യാപകരെ കുറിച്ച് മോശം പറയുന്നത് അച്ഛന് ഒട്ടും ഇഷ്ട്ടമല്ല.   മറ്റു മാർഗ്ഗമില്ലല്ലോ.  ഞാൻ  അച്ഛനോട് പറഞ്ഞു. വലിയ ആദർശശാലിയാണ്. "നിന്നെ മാത്രം മാറ്റുന്നത് ശരിയല്ല". അച്ഛൻ കൽപ്പിച്ചു. 'ഇങ്ങിനെ പോയാൽ  അച്ഛന്റെ   കണക്കു കൂട്ടലുകൾ മുഴുവൻ  തെറ്റും' എന്ന് ഞാനും. അവസാനം ഒരു വഴി കണ്ടെത്തി. 'ഗോപി സാറിനോട് നിനക്ക് കണക്കു പറഞ്ഞു തരാൻ പറയാം'. അച്ഛൻ പറഞ്ഞു.  അന്ന് അധ്യാപകർക്കു ട്യൂഷൻ പരിപാടി ഇല്ല.  ഏതായാലും പള്ളിക്കൂടം കഴിഞ്ഞിട്ട് കുറെ നേരം  ഗോപി സാറ്  കണക്കു പഠിപ്പിച്ചു തന്നു. അതോടെ  കണക്കിന്റെ ഗുട്ടൻസ് കുറെയൊക്കെ പിടികിട്ടി.   ഏതായാലും ഫൈനൽ പരീക്ഷയിൽ കണക്കിന് 52 ശതമാനം മാർക്ക് കിട്ടി.

2017, സെപ്റ്റംബർ 4, തിങ്കളാഴ്‌ച

ഓണത്തള്ള്





''തള്ള് തള്ള് തള്ള് തള്ള് ''  എന്ന് അടൂർ ഭാസി പണ്ട് പാടിയ ഒരു സിനിമാ പാട്ടു ഉണ്ട്. അടുത്ത തലമുറ ഇത്രയും തള്ള് തള്ളും എന്നും ഭാസിയും ഈ പാട്ടു കേട്ട  ജനവും കരുതി ക്കാണില്ല.  ഉത്രാടം രാവിലെ രണ്ടു  ഓണപ്പാട്ട് കേൾക്കാമെന്ന് വച്ച് റേഡിയോ തുറന്നപ്പോഴാണ് അടൂർ ഭാസിയെക്കാളും വലിയ തള്ള്. ഓണം ആകുമ്പോൾ സെലിബ്രിറ്റി എന്ന കൂട്ടരോട് അൽപ്പം കിന്നാരം പറയുന്നത് ചാനലുകാരുടെയും റേഡിയോക്കാരുടെയും ഒരു സ്ഥിരം പരിപാടി ആണല്ലോ.  ഒരു പുത്തൻ മണവാളൻ  രാഷ്ട്രീയക്കാരനോട്   ഭാര്യയെ കുറിച്ചാണ് ചോദ്യം. "എന്താണ് സിവിൽ സർവീസ് കാരി ഭാര്യയെ തെരഞ്ഞെടുത്തത്‌?"  അതാ വരുന്നു ഉത്തരം. "എന്റെ രാഷ്ട്രീയ ജീവിതത്തെ മനസ്സിലാക്കാനും എന്റെ പ്രവർത്തനത്തെ സഹായിക്കാനും സിവിൽ സർവീസ് ഭാര്യയാണ് അത്യുത്തമം"  എന്ത് തള്ള്. ഭാരതത്തിൽ എത്ര രാഷ്ട്രീയക്കാർ ഉണ്ട്. എത്ര രാഷ്ട്രീയക്കാർക്ക് സിവിൽ സർവീസ് ഭാര്യമാർ ഉണ്ട്? അവരാരും വിജയകരമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നില്ലേ? അപ്പഴ് കിട്ടിയ അവസരത്തിൽ  ''തള്ള് തള്ള് തള്ള് തള്ള് '' 

ഡോക്ടർ ജോലി കളഞ്ഞിട്ടു  സിവിൽ സർവീസിൽ എത്തിയാൽ സ്ഥിരം ചോദിക്കുന്ന ചോദ്യം ആണ്, എന്താണ് ആ പണി വിട്ടത് എന്ന്. കാരണം അതൊരു നല്ല ജോലിയാണ്. ആതുര ശുശ്രൂഷ. നാട്ടുകാരുടെ കാശ് ചിലവാക്കി പഠിച്ചിട്ടു  മാറിയത് എന്തിനാണ് എന്നാണു വിവക്ഷ. ഇവിടത്തെ സിവിൽ സർവീസ് ഭാര്യയോടും അതെ ചോദ്യം. കൂടുതൽ സാമൂഹ്യ പ്രവർത്തനം  നടത്താൻ സിവിൽ സർവീസ് പ്രയോജനപ്പെടും എന്ന്.  ''തള്ള് തള്ള് തള്ള് തള്ള് '' 

  ആദ്യ വർഷങ്ങളിലെ കളക്ടർ ജോലി കഴിഞ്ഞാൽ ആരും അറിയപ്പെടാതെ എവിടെയെയങ്കിലും  ഒതുങ്ങും. രാഷ്ട്രീയ യജമാനന്മാരുടെ വിധേയരായി അവിടെ  കഴിയണം. എവിടെയാണ് സാമൂഹ്യ    പ്രവർത്തന ത്തിന്  അവസരം? ഡോക്ടർ ആണെങ്കിൽ പാവപ്പെട്ട ജനങ്ങൾക്ക് ചികിത്സ നൽകി സാമൂഹ്യ പ്രവർത്തനം നടത്താം. കാസർഗോഡ് എൻഡോസൾഫാൻ ഇരകൾക്കു വേണ്ടി  പ്രവർത്തിച്ച മോഹൻ കുമാർ എന്ന ഡോക്ടറെ കുറിച്ച് കേട്ടിട്ടില്ലേ? മാഗ്‌സാസെ അവാർഡ് കിട്ടിയ  ഡോ. പ്രകാശ് ആംറ്റെ,  ഡോ. മന്ദാകിനി ആംറ്റെ എന്നിവരെ അറിയില്ലേ?  ഡോ.ഗാദ്രെ  അറിയില്ലേ?  പാവപ്പെട്ടവർക്ക് വേണ്ടി സേവനം  ഡോക്ടർ മാർ. സിവിൽ സർവീസിൽ അല്ല.   

 അധികാരം, പദവി ഇവയ്ക്കുള്ള ആഗ്രഹം മാത്രമാണ് സിവിൽ സർവീസിൽ എത്തുന്നത്. പക്ഷെ ചോദിക്കുമ്പോൾ ''തള്ള് തള്ള് തള്ള് തള്ള് ''. 

2017, സെപ്റ്റംബർ 3, ഞായറാഴ്‌ച

ഹോട്ടൽ ഓണം


ഓണം  ഇപ്പോൾ നാട്ടുകാരറിയുന്നത്  ഇന്ന് ഹോട്ടലുകാരുടെ ഓണ സദ്യ പരസ്യം കൊണ്ടാണ്. റേഡിയോയിലും. പത്രങ്ങളിലും ഒക്കെ പരസ്യം. അത്തം മുതൽ സദ്യ തുടങ്ങി  കഴിഞ്ഞു. ഒരാൾക്ക്  250 രൂപ മുതൽ 500 അങ്ങിനെ  മുകളിലോട്ട്.   

പണ്ടൊക്കെ ഓണത്തിന് അന്യ സ്ഥലങ്ങളിലെ ലോഡ്ജ് നിവാസികളുടെ കാര്യം കഷ്ടമായിരുന്നു.  ഹോട്ടലുകൾ എല്ലാം അടയ്ക്കും. ഭക്ഷണം കിട്ടാൻ വഴിയില്ല. ഇന്നിതാ ലോഡ്ജ് കാർ മാത്രമല്ല വീട്ടുകാർ കൂടി ഹോട്ടലിൽ സദ്യ.  ഉള്ളവനും ഇല്ലാത്തവനും ഓണ ദിവസം സ്വന്തം വീട്ടിൽ സദ്യ ഒരുക്കുന്ന കാലത്തിൽ നിന്നും ഓണത്തിന് സ്വന്തം വീട്ടിൽ അടുപ്പു കത്തിക്കാതെ ഹോട്ടലിൽ  ഓണം ആഘോഷിക്കുന്ന കാലം. പട്ടണങ്ങളിൽ മാത്രമല്ല നാട്ടിൻ പുറങ്ങളിലും "ഹോട്ടൽ ഓണം"  ആയിക്കഴിഞ്ഞു. ഒരു   സ്റ്റാർ ഹോട്ടൽ മുതലാളി സുഹൃത്തിനെ കണ്ടു. പുള്ളിയുടെ ഹോട്ടലുകളിൽ എല്ലാം ഓണ സദ്യ ഉണ്ട്. അദ്ദേഹത്തിന്റെ ഓണ സദ്യ സ്വന്തം വീട്ടിൽ!


കൂട്ടായ്മയുടെ ആഘോഷം ആയിരുന്ന ഓണം ഹോട്ടലുകാരുടെ ഉത്സവം ആയി മാറി. പണ്ട്  ഉത്രാടം തിരക്കിൻറെ ദിവസമാണ്. വൈകുന്നേരം മുതൽ അടുക്കള സജീവമാകുന്നു. പെണ്ണുങ്ങൾ എല്ലാം അടുക്കളയിൽ ആണ്. ഏത്തയ്ക്കാ മുറിച്ചു  ആദ്യം  ഉപ്പേരി ശർക്കര വരട്ടി എന്നിവ ഉണ്ടാക്കുന്നു. രാതിയിൽ തന്നെ സാമ്പാർ വയ്ക്കുന്നു. ഇഞ്ചി, നാരങ്ങാ, മാങ്ങ  ഇവയും ഉത്രാടത്തിനു തന്നെ വയ്ക്കുന്നു. പിന്നെ സദ്യയുടെ പച്ചക്കറി അരിഞ്ഞു വയ്ക്കുന്നു. രാവിലെ പായസമുൾപ്പടെ എല്ലാം ഉണ്ടാക്കുന്നു. എല്ലാവരും ഒന്നിച്ചിരുന്നു സദ്യ കഴിക്കുന്നു.

 ഈ കൂട്ടായ്മയുടെ ആഹ്ലാദം ഒരു ഹോട്ടൽ സദ്യയിൽ കിട്ടുന്നുണ്ടോ? വീട്ടിൽ  എല്ലാവരും കൂടി ഉണ്ടാക്കി ഒന്നിച്ചിരുന്നു കഴിക്കുന്ന സംതൃപ്തി ഹോട്ടൽ സദ്യയിൽ കിട്ടുന്നുണ്ടോ? തലപ്പാവ് കെട്ടിയ ഹോട്ടൽ പരിചാരകർ വിളമ്പുന്ന സദ്യയ്ക്ക് അമ്മ വിളമ്പി തരുന്ന സദ്യയുടെ രുചിയുണ്ടോ? നമുക്കൊരു മാറ്റാമാവാം. സ്വന്തം വീട്ടിൽ എല്ലാവരും കൂട്ടുചേർന്ന് ഉണ്ടാക്കി എല്ലാവരും കൂടി വിളമ്പി എല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കുന്ന ഒരു ഓണ സദ്യ. കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്ന ഒരു ഓണം. മകനും മകളും ഒന്നും ബ്ലൂ വെയിൽ കളിക്കാതെ കായ വറുക്കുന്ന ഒരു ഓണം. താമസിച്ചിട്ടില്ല. ഇന്ന് ഉത്രാടം.നാളത്തേയ്ക്കുള്ള ഓണ സദ്യ നമുക്ക് വീട്ടിലുണ്ടാക്കാം. ഓണാശംസകൾ.    

ബാറുകൾ അടുത്ത്





ബാറുകൾക്ക് 200 മീറ്ററിൽ  നിന്നും ദൂര പരിധി  50 മീറ്റർ ആക്കി കുറച്ചു. 150 അടി. ( ബാറിൽ കേറി  150  അടിക്കാനല്ല. - 150 feet ) ഒരു വീടിന് അപ്പുറത്ത്. അമ്പലം, പള്ളി, പള്ളിക്കൂടം എന്നവയുടെ അടുത്ത് ബാർ ഉണ്ടായാൽ എന്താണ് കുഴപ്പം?

അല്ല ഈ ദൂര പരിധി തന്നെ എന്തിനാ?? ബാറുകളിൽ എന്തെങ്കിലും അനാശാസ്യം നടക്കുന്നോ? ഇല്ല. സർക്കാർ കൊടുത്ത ലൈസൻസ് വച്ച് അവർ മദ്യം കച്ചവടം ചെയ്യുന്നു. അവിടെ നിന്നും എന്തെങ്കിലും ഒച്ചയും ബഹളവും പുറത്തു കേൾക്കുന്നുണ്ടോ? അതുമില്ല. സംഭവം 4 സ്റ്റാർ  5 സ്റ്റാറാ. 300 -400 രൂപ പെഗ് വില. പിന്നെ ഒരു സ്‌പെഷ്യൽ കൗണ്ടർ തുടങ്ങും. അത്  പാവങ്ങൾക്ക് വേണ്ടി യാണ്.  എല്ലാവരും പാവങ്ങൾക്ക് വേണ്ടിയല്ലേ പണിയുന്നത്? പിന്നെ ബാർ മുതലാളിമാർക്ക് പാവങ്ങളോട് സ്നേഹം തോന്നുമ്പോൾ മാത്രം എന്താണ് കുഴപ്പം?

സ്‌കൂൾ പിള്ളാര് ഇടയ്ക്കു പോയി രണ്ടു അടിക്കുമെന്നാണോ പേടി ? അതോ അധ്യാപകരോ? ബാർ അവർക്കൊരു പ്രചോദനം ആകും. പഠിക്കാനും പഠിപ്പിക്കാനും. പ്രായോഗിക പരിശീലനം. അതോ ദൈവത്തെ ഒന്ന് തൊഴുതിട്ടു രണ്ടു വീശും എന്നാണോ? ദൈവം പരിഗണന നൽകാത്ത ദുഃഖം പങ്കു വയ്ക്കാനും ദൈവം അനുവദിച്ച സന്തോഷം ആഘോഷിക്കാനും തൊട്ടടുത്ത് തന്നെ ഒരു ബാർ ഉള്ളതല്ലേ നല്ലത്?


കോടികൾ മുടക്കിയാണ് കള്ളു ബിസിനസ്സ് തുടങ്ങുന്നത്. ഏതെങ്കിലും ഓണം കേറാ മൂലയിൽ കൊണ്ട് ബാർ ഉണ്ടാക്കിയാൽ ആള് കയറുമോ? അത് പ്രധാന സ്ഥലത്തു തന്നെ വേണം. എന്നാലേ കാശ് കിട്ടൂ. ഇടതു മുന്നണിയുടെ പ്രകടന പത്രികയിൽ വ്യക്തമായി പറയുന്നുണ്ടല്ലോ. അവർക്കു പ്രത്യേകം നയം ഉണ്ടെന്ന്.ഇതാണ് ആ നയം. പ്രതിപക്ഷത്തിനും ഈ നയം തന്നെയാണ് ഇഷ്ട്ടം. പേര് ദോഷം കേൾക്കാതെ പ്രതിപക്ഷത്തിന്റെ നയവും ഭരണ പക്ഷം തന്നെ നടപ്പിലാക്കി കൊടുത്തു. സംഭാവനയാണ് നയത്തിന് പിറകിൽ. ഒരു ഫോൺ കോൾ. ഒരു ബാർ മുതലാളിക്ക്. അയാൾ മറ്റു ബാർ മുതലാളിമാരെ കോണ്ടാക്റ്റ് ചെയ്യുന്നു. അഞ്ചോ പത്തോ കോടി മണിക്കൂറുകൾക്കകം റെഡി. മാണിയുടെ കാലത്തു ഇത്തരം പിരിവിനെ പറ്റി നമ്മൾ കേട്ടതാണല്ലോ.മറ്റേതു കച്ചവടത്തിൽ ഇത്ര പണം കിട്ടും? പിന്നെ നയം ഇതല്ലേ പറ്റൂ.കൂടുതൽ സമയം ബാറുകളിൽ ചിലവഴിച്ചു കൂടുതൽ പണം അവർക്കു നൽകുകയാണ് ജനം ചെയ്യേണ്ടത്. അല്ലാതെ കണ്ണടച്ച് എതിർക്കുകയല്ല.
കർമ ഫലം. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ പ്രബുദ്ധരായ ജനം ചെയ്തത്തിന്റെ ഫലം.