2013, ജൂലൈ 26, വെള്ളിയാഴ്‌ച

MULLAPERIYAR

മുല്ലപ്പെരിയാർ കേസ് ആദ്യമായി ശരിയായ ദിശയിൽ, സത്യത്തിന്റെ വഴിയിൽ, നീങ്ങുന്നു എന്ന് സുപ്രീം കോടതിയുടെ അഭിപ്രായ പ്രകടനങ്ങളിലൂടെ    നുമുക്ക്അനുമാനിക്കാം. ഇത്രയും നാൾ തമിഴ്നാട് ഉയർത്തിക്കൊണ്ടിരുന്ന അസത്യങ്ങളും അർത്ഥസത്യങ്ങളും ആയ വാദങ്ങൾ ഓരോന്നും കോടതി യുക്തി യുക്തം തുറന്നു കാട്ടുകയും തമിഴ് നാടിന് മറുപടി ഇല്ലാതാകുകയും ചെയ്തു. വിഡ്ഢികൾ ആയ കേരള ഭരണാധികാരികൾ പവിത്രം എന്ന് കരുതിയിരുന്ന, 1886 ലെ തിരുവിതാംകൂർദിവാനും സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഇൻഡ്യൻ കൌണ്‍സിലും    ഒപ്പിട്ട കരാറിന്റെ നിയമ സാധുത തന്നെ കോടതി ചോദ്യം ചെയ്യുകയുണ്ടായി. അതിന്റെ ബലത്തിൽ ആണല്ലോ കേരളത്തിലെ ജനകീയ ഭരണകൂടങ്ങൾ തുടർന്ന് കേരളത്തിന്റെ അഖണ്ഡതയെയും താൽപ്പര്യങ്ങളെയും  ഹനിക്കുന്ന പല കരാറുകളും തമിഴ് നാടുമായി കണ്ണുമടച്ച് ഒപ്പ് വച്ചത്.

സുപ്രീം കോടതി പറഞ്ഞതൊക്കെ ഇവിടെ ആരെങ്കിലും കേൾക്കുന്നുണ്ടോ ആവോ? സരിതയുടെ അടിപ്പാവാട ച്ചരടിൽ കെട്ടു പിണഞ്ഞു കിടക്കുന്ന മന്ത്രിമാർക്കും എം. എൽ. എ മാർക്കും, എം.പി. മാർക്കും ഇതിനൊക്കെ എവിടെ സമയം? കേരളത്തിലെ ഉന്നതോദ്യഗസ്ഥരാകട്ടെ  മന്ത്രിമാരുടെ കഴിവ് കേടും ഉദാസീനതയും മുതലെടുത്ത്‌ കലക്ക വെള്ളത്തിൽ  മീൻ പിടിക്കാൻ വിദഗ്ധരും  ആണ്. പലരും പ്രവർത്തിക്കുന്നത് സംസ്ഥാന താൽപ്പര്യങ്ങൾക്ക് എതിരായാണ്. മന്ത്രി അറിയാതെ ഇ. ശ്രീധരന് എതിരെ കേന്ദ്രത്തിന് കത്തയച്ച ടോം ജോസ് എന്ന ഐ.എ.എസ് കാരനും ഒരു നടപടിയും നേരിടാതെ  മന്ത്രി സഭയെ നോക്കുകുത്തിയാക്കി  സുഖമായി  സർക്കാർ സെക്രടറിയായി  
വിലസുന്ന നാടാണ് നമ്മുടെ കേരളം. 

സുപ്രീം കോടതിയിൽ ഇനി കേരളത്തിന്റെ വാദം തുടങ്ങുകയാണ്. കേരളത്തോടും കോടതി ഇതേ കർക്കശ  സമീപനം ആയിരിക്കും സ്വീകരിക്കുന്നത്.  അതായത് കേരളത്തിന്റെ പൊള്ളയായ വാദങ്ങളും വീഴ്ചകളും ചോദ്യം ചെയ്യപ്പെടും. ഈ കൊണ്‍സ്റ്റിറ്റുഷൻ ബെഞ്ചിന്റെ  ഇത് വരെയുള്ള നിലപാട് നോക്കിയാൽ അത് സത്യത്തിന്റെയു൦ നീതിയുടെയും ഭാഗത്താണെന്നും അതിനാൽ കേരളത്തിന്റെ നിലപാടുകൾക്ക് അനുകൂലമായി വരും എന്ന് കാണാം. പക്ഷെ തട്ടി ക്കൂട്ട് വാദങ്ങളും മറുപടികളും കൊണ്ട് അത് നേടി എടുക്കാൻ കഴിയില്ല. മാത്രമല്ല അത് തിരിച്ചടിക്കുകയും കേരളത്തിന്‌ ദോഷം സംഭവിക്കുകയും ചെയ്യു൦. 

ശരിയായ വസ്തുതകൾ വ്യക്തതയോടും കൃത്യതയോടും കൂടി കോടതിക്കു മുന്നിൽ  അവതരിപ്പിക്കുകയാണ് വേണ്ടത്. സത്യസന്ധമായി ആണെന്ന് ബോധ്യപ്പെടുന്ന രീതിയിൽ. പക്ഷെ എത്ര  പ്രഗൽഭനായ  അഭിഭാഷകൻ  ആയാലും അയാൾക്ക്‌ വസ്തുതകൾ പൂർണമായുംവേണം. പിന്നീട് വേണ്ടത് കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെയും സർക്കാർ വക്കീലന്മാരുടെയും ആത്മാർഥമായ സഹായവും സഹകരണവും പിന്തുണയും ആണ്. 

1886 ലെയും തുടർന്നുള്ള കരാറുകളു൦ നിയമ സാധുത ഇല്ലാത്തവ ആണെന്നും, 2006 ലെ സുപ്രീം കോടതി വിധിയും, ഉന്നതാധികാര സമിതിയുടെ കണ്ടെത്തലുകളും   അന്തിമം അല്ലെന്നുമുള്ള ചിന്താഗതിയാണ് ഈ കോടതിയുടെ പരാമർശങ്ങളിൽ  പ്രകടം ആകുന്നത്. പക്ഷെ അതിൽ സംപ്തൃപ്തരായി ഇരിക്കുക അല്ല കേരളം ചെയ്യേണ്ടത്. ഈ സുവർണാവസരം പാഴാക്കാതെ അതിനെ സാധൂകരിക്കുവാനുള്ള തെളിവുകളും വാദങ്ങളും വിശ്വാസ യോഗ്യമായി  അവതരിപ്പിക്കേണ്ടത് കേരളം ആണ്. പൊതു ഖജനാവിലെ പണം പറ്റുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും വക്കീലന്മാരും ആ ഉത്തരവാദിത്വം നിറവേറ്റാൻ ബാധ്യസ്തർ ആണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ