2015, ജനുവരി 15, വ്യാഴാഴ്‌ച

വോട്ടവകാശം.

പ്രവാസി കൾക്ക് ഒരു പുതു വത്സര സമ്മാനമായി, നാടിൻറെ ഭരണത്തിൽ ഭാഗ ഭാക്ക് ആകാനുള്ള അവസരം ലഭിച്ചിരിയ്ക്കുന്നു. ജന്മ നാടിൻറെ ഭാഗധേയം നിർണയിയ്ക്കാൻ നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവസരം ആണ് പ്രവാസിയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്. വളരെ നാളത്തെ ശക്തിയായ ആവശ്യപ്പെടലിനു ശേഷമാണ് ഇത് ലഭിച്ചത്. അതും സുപ്രീം കോടതി ഇട പെടൽ കൊണ്ടു മാത്രം.

പതിനായിരക്കണക്കിന് കോടി രൂപയാണ്  കേരളത്തിലേയ്ക്ക് പ്രതി വർഷം  വിദേശ മലയാളികൾ അയയ്ക്കുന്നത്. കേരളത്തിൻറെ സാമ്പത്തിക മേഖലയിൽ വളരെ ഗണ്യമായ ഒരു തുകയാണിത്. പ്രവാസികളുടെ ഇന്നേ വരെയുള്ള പണം നിക്ഷേപം കേരളത്തിൻറെ വാർഷിക ബട്ജറ്റിനേക്കാൾ അധികമായിരിയ്ക്കും. കേരളത്തിൻറെ സമ്പത്ത് ഘടനയിൽ വളരെയേറെ സ്വാധീനം ചെലുത്തുന്ന ദശ  ലക്ഷക്കണക്കിന്‌  മലയാളികൾക്ക് ആണ് കേരളം ആര് ഭരിയ്ക്കണമെന്ന് തീരുമാനിയ്ക്കാൻ, തങ്ങളുടെ അഭിപ്രായം കൂടി പറയാൻ അവസരം ലഭിയ്ക്കുന്നതു്.

കേരളത്തിൻറെ ഇതേ വരെയുള്ള ചരിത്രം പരിശോധിച്ചാൽ ഇടതും കോണ്‍ഗ്രസ്സും മാറി മാറി ഓരോ അഞ്ചു വർഷവും ഭരിയ്ക്കുകയാണ്. ജനാധിപത്യത്തിൽ ജനങ്ങളാണ് വലുത്, ജനങ്ങൾ നിശ്ചയിക്കുന്നത് പോലെയാണ് ഭരണം എന്നൊക്കെ മേനി പറയാമെങ്കിലും ഇവിടെ അതൊന്നുമല്ല നടക്കുന്നത്.ജനാധിപത്യത്തിന്റെ ചില പാളിച്ചകൾ മുതലെടുത്ത്‌ കൊണ്ട് ഇവർ മാറി മാറി ഭരിച്ചു മുടിയ്ക്കുന്നു. മറ്റൊരു വഴി ഇല്ലാതെ  ജനങ്ങൾ വലയുന്നു. വോട്ട് ചെയ്തില്ലെങ്കിലും പ്രയോജനമില്ല. ഒരു വോട്ട് കിട്ടുന്നയാളും ജയിയ്ക്കും, മറ്റു  മത്സരാർത്ഥിയ്ക്ക് ഒരു വോട്ടും കിട്ടിയില്ലെങ്കിൽ. അതാണ്‌ ജനാധിപത്യം. 

എന്നിരുന്നാലും പ്രവാസികൾക്ക് പ്രദേശികളെ ക്കാൾ കൂടുതൽ ചെയ്യാൻ കഴിയും.  ഇടതിനെയും കോണ്‍ഗ്രസ്സിനെയും എതിർക്കുന്ന ആളുകൾക്ക് ഒത്തൊരുമ ഇല്ലാത്തതിനാൽ വോട്ട് വിഭജിച്ച്‌ ഇടതോ കോണ്‍ഗ്രസ്സോ  ജയിയ്ക്കും. ഇവിടെയാണ്‌ പ്രവാസിയ്ക്ക് പലതും ചെയ്യാൻ കഴിയുന്നത്‌. അവർക്ക് പൊതുവായുള്ള ഒരു കാര്യം 'പ്രവാസം'  തന്നെ. അവിടെ ജാതി, മതം ,രാഷ്ട്രീയം   എന്നതിനേക്കാൾ ഏറ്റവും പ്രധാനവും മുൻപിൽ നിൽക്കുന്നതും അവരുടെ പൊതുവായ പ്രവാസം തന്നെ. അപ്പോൾ അവർക്ക് കൂടുതൽ യോജിപ്പ് കാണും.അവരുടെ കാര്യങ്ങൾ നോക്കാൻ തയാറുള്ള ആളെ, അവരുടെ നാട് നന്നാക്കാൻ തയ്യാറുള്ള ഒരു സ്ഥാനാർഥിയെ ജയിപ്പിയ്ക്കാൻ അവർ ഒന്നിച്ചുനിൽക്കുന്നത് കൊണ്ട്  കഴിയും. 

കുറച്ചു വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആണ് എല്ലാ മണ്ഡലത്തിലും ജയിയ്ക്കുന്നത്. ആ ഭൂരി പക്ഷം നിയന്ത്രിയ്ക്കാൻ ഒത്തൊരുമ ഉള്ളത് കൊണ്ട് പ്രവാസിയ്ക്ക് കഴിയും. ഈ വിവരം നന്നായി അറിയുന്ന രാഷ്ട്രീയ പാർട്ടികളും,അവരുടെ നിയന്ത്രണത്തിൽ ഉള്ള   മത സംഘടന കളും വിദേശത്തേയ്ക്ക് വോട്ട് പിടിയ്ക്കാൻ ഇറങ്ങാൻ സമയമായി. ജാതി,മതം,ഇവയാണ് എന്നും രാഷ്ട്രീയ പാർട്ടികളുടെ ആശ്രയം. ആ തുറുപ്പു ചീട്ട് അവർ ഇറക്കും. അതിന് അതീതരാകാൻ വിദേശ മലയാളികൾക്ക് മാത്രമേ കഴിയൂ. ആ കഴിവ് അവർ നന്നായി,നീതി യുക്തമായി ഉപയോഗിച്ചാൽ നമ്മുടെ നാട്ടിൽ ഒരു മാറ്റം വരും.

വിദേശത്ത് കഷ്ട്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ഭാവിയിലെയ്ക്കൊരു താങ്ങായി ഉപയോഗിയ്ക്കാൻ പറ്റിയ ഒരു നിക്ഷേപ സാധ്യത ഉണ്ടാക്കി ത്തരാൻ ഇത് വരെയുള്ള സർക്കാരുകൾക്ക് കഴിഞ്ഞോ? ഇല്ല.ബാങ്കിൽ ഇടുക എന്നൊരു വഴി മാത്രം. കൃഷി, വ്യവസായം തുടങ്ങി പല മേഖലയിലും സർക്കാരിന് ഈ പണം നിക്ഷേപിച്ച് അതിൻറെ ലാഭ വിഹിതം നിക്ഷേപകർക്ക് കൊടുക്കാമല്ലോ. ജോലി നഷ്ട്ടപ്പെട്ട് തിരിച്ചു വരുന്നവരെ പുനരധിവസിപ്പിയ്ക്കാൻ എന്തെങ്കിലും പദ്ധതി ഈ സർക്കാരുകൾ ഉണ്ടാക്കിയിട്ടുണ്ടോ? ലിബിയയിൽ മരണത്തിൻറെ പിടിയിൽ നിന്നും രക്ഷപ്പെട്ടു വന്ന പാവം നഴ്‌സുമാർ പലരും വീണ്ടും ഭീകരാവസ്ഥ തളം കെട്ടി ക്കിടക്കുന്നിടങ്ങളിലേക്ക്   തിരിച്ചു പോകാൻ നിർബ്ബന്ധിതർ ആയത് എന്ത് കൊണ്ടാണ്?  കേരളത്തിൽ ജീവിയ്ക്കാൻ ഒരു വഴിയും ഇല്ലാത്തതു കൊണ്ട്. അതാണ്‌ ബഹു ഭൂരിപക്ഷം പ്രവാസികളുടെയും സ്ഥിതി.

സോഷ്യൽ മീഡിയ കൂടുതൽ  ഉപയോഗിയ്ക്കുന്നത് പ്രവാസി മലയാളികൾ ആണ്. അത് അവർക്ക് നല്ലൊരു കൂട്ടായ്മയും ആണ്. അത് ശരിയായി പ്രയോജനപ്പെടുത്തി പ്രവാസിയ്ക്ക് ആവശ്യമായ കാര്യങ്ങളിൽ ശക്തമായ വില പേശൽ നടത്താൻ അവർക്ക് കഴിയും. ഈ കിട്ടിയ അവസരം പ്രവാസികൾ തങ്ങൾക്കനുകൂലമായി നന്നായി മുതലെടുക്കണം.     . മുതലെടുപ്പാണല്ലോ  ഈ രാഷ്ട്രീയക്കാർ എന്നും ചെയ്തു കൊണ്ടിരിയ്ക്കുന്നതും. പ്രവാസി ക്കാര്യം മാത്രമല്ല  നമ്മുടെ നാട്ടിൻറെ ആകെ വികസനത്തിനും നന്മയ്ക്കും കൂടി വേണ്ടി പ്രവർത്തിയ്ക്കാൻ ഈ രാഷ്ട്രീയക്കാരെ നിർബ്ബന്ധിതർ ആക്കണം. അങ്ങിനെ ഈ വോട്ടവകാശത്തെ   അനുകൂലമാക്കാൻ പ്രവാസികൾ ഒറ്റക്കെട്ടായി നിൽക്കണം. അവിടെ സങ്കുചിതമായ ചിന്തകൾ മാറ്റി നിർത്തണം. പ്രാവാസി എന്ന ഒരേ ഒരു മതം  മാത്രമേ ആകാവൂ. 

8 അഭിപ്രായങ്ങൾ:

  1. നമ്മുടെ സമ്പത്ഘടനയെ താങ്ങി നിർത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്ന പ്രവാസികൾക്ക് വോട്ടവകാശം ഇത്ര താമസിച്ചതാണ് അട്ഭുതപ്പെടുത്തുന്നത്.
    പിന്നെ നമ്മുടേത്‌ എന്നും കടലാസ് ജനാധിപത്യമാണല്ലോ.വോട്ടിംഗ് യന്ത്രത്തിൽ 'ഇവരാരുമല്ല' എന്ന ഒരു ഓപ്ഷൻ കഴിഞ്ഞ തവണ കൊണ്ടു വന്നു.എന്നാൽ ഒരാൾക്ക് ജയിക്കുവാൻ മിനിമം ഇത്ര ശതമാനം വോട്ടു വേണം എന്ന് ഒരു നിഷ്കർഷയും ഇല്ലാത്തതിനാൽ അതു അസാധു വോട്ടിന്റെ ഗുണം മാത്രമേ ചെയ്തുള്ളൂ.

    മറുപടിഇല്ലാതാക്കൂ
  2. അവസാനം പ്രവാസിക്കും വോട്ടവകാശമായി...പക്ഷെ 'വോട്ടർ' ആകാനുള്ള നൂലാമാലകൾ എന്തൊക്കെയാണോ ആവോ? കണ്ടറിയാം!!!

    മറുപടിഇല്ലാതാക്കൂ
  3. ഒന്നുകിൽ നാട്ടിൽ ആരെയെങ്കിലും ഉത്തരവാദിത്വ പ്പെടുത്തുക. അല്ലെങ്കിൽ ഫോം ഡൌണ്‍ ലോഡ് ചെയ്ത് വോട്ട് ചെയ്ത് അയച്ചു കൊടുക്കുക.

    കേരളത്തിൽ ഉടനെ വരുന്ന പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ ഇത് നടപ്പിലാക്കാനാണ് പദ്ധതി.

    മറുപടിഇല്ലാതാക്കൂ
  4. വോട്ടവകാശം സന്തോഷമുള്ള കാര്യം തന്നെ. പക്ഷേ, ഒരുമയുടെ കാര്യം ഒക്കെ കണക്കാ! ഇടതിനും വലതിനും ബീജെപീക്കും കുറച്ചു വോട്ട് കൂടും എന്നല്ലാതെ പ്രത്യേകിച്ച് ഒന്നും ഇല്ല. പിന്നെ, തനിക്കും ഈ വിധിയെഴുത്തിൽ പങ്കെടുക്കാൻ കഴിഞ്ഞല്ലോ എന്ന സംതൃപ്തി. അതാണ്‌ വലുത്. നത്തിംഗ് മോർ!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കൊച്ചു ഗോവിന്ദൻ പറഞ്ഞതാണ് ശരിയാവാൻ സാധ്യത. മലയാളികൾ എവിടെ ചെന്നാലും മലയാളി ആണല്ലോ.

      ഇല്ലാതാക്കൂ
  5. പ്രവാസികൾ എന്നു വച്ചാൽ യൂസഫലി,മേനോൻ,രവി പിള്ള തുടങ്ങിയവരാണെന്നാണ് പൊതുവെയുള്ള ധാരണ. അവർക്ക് പുരസ്കാരമഴ ഓരോ സീസണിലും കിട്ടുകയും ചെയ്യുന്നു. ഗ്രോസറി ജോലിക്കാരനും, 50 ഡിഗ്രി ചൂടിൽ പണിയെടുക്കുന്നവനും പ്രതിമാസം 1000 ദിർഹം ശരാശരി വരുമാനമുള്ളവരുമാണ് ഇവിടെയുള്ളതിൽ 80 ശതമാനവുമെന്ന് ആരറിയുന്നു.അവരുടെ അടിസ്ഥാനാ‍ാവശ്യങ്ങൾ തിരിച്ചറിയപ്പെടാൻ പ്രവാസി വോട്ട് കാരണമാകുമോ ? പ്രതീക്ഷയാണല്ലോ നമ്മെ നയിക്കുന്നത് , അല്ലേ.

    മറുപടിഇല്ലാതാക്കൂ
  6. ശശി കുമാർ ആദ്യം പറഞ്ഞ കോടീശ്വരൻമാർ അല്ല. മണലാരണ്യത്തിലെ ചൂടിൽ കഷ്ട്ടപ്പെടുന്നവരും, എയർ കണ്ടീഷൻ എന്ന സൌഭാഗ്യം ഉണ്ടെങ്കിലും രണ്ടറ്റം കൂട്ടി മുട്ടിയ്ക്കാൻ കഷ്ട്ടപ്പെടുന്നവരും ആയ ശരാശരി മലയാളിയുടെ കാര്യം ആണ് പറഞ്ഞത്. അവരാണ് ഒത്തു കൂടേണ്ടത്. അവരാണ് ഒന്നിയ്ക്കേണ്ടത്.

    മറുപടിഇല്ലാതാക്കൂ