2015, മേയ് 31, ഞായറാഴ്‌ച

ജാതി സംഘടന

അനുരാഗിന് ഇപ്പോഴത്തെ  മെഡിക്കൽ പ്രവേശന പരീക്ഷയിൽ 804 റാങ്ക് ഉണ്ട്. ഏതെങ്കിലും സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശനം കിട്ടും. പക്ഷേ കുറഞ്ഞ സർക്കാർ ഫീസ്‌ കൊടുക്കാൻ പോലും കഴിവില്ല. ആലപ്പുഴ ആണ് സി.എസ്. അനുരാഗിന്റെ വീട്. കഴിഞ്ഞ ദിവസത്തെ മാതൃഭൂമി പത്രത്തിൽ വന്ന വാർത്ത ആണ്. സുമനസ്സുകളുടെ സഹായം അഭ്യർത്തിച്ചു കൊണ്ട് അവരുടെ ബാങ്ക് അക്കൌണ്ട് നമ്പരും കൊടുത്തിരുന്നു.  ഇങ്ങിനെ സാമ്പത്തിക പരാധീനത ഉള്ള പഠിത്തത്തിൽ മിടുക്കരായ പലരുടെയും കാര്യങ്ങൾ പത്രത്തിലും മറ്റു മാധ്യമങ്ങളിലും വരാറുണ്ട്. രണ്ടു ലക്ഷം രൂപ ഇല്ലാത്തത് കൊണ്ട് കായിക മത്സരത്തിനു പോകാൻ കഴിയാത്ത ഒരു താരത്തിനെ കുറിച്ചും വാർത്ത ഉണ്ടായിരുന്നു.

ഇവിടെ എത്ര ജാതി സംഘടനകൾ ആണുള്ളത്? ധാരാളം. ഓരോ ജാതിയ്ക്കും ഓരോന്ന്. നായർക്ക്, നമ്പൂതിരിയ്ക്ക്, ഈഴവന്, തട്ടാന്, ആശാരിയ്ക്ക്, മൂശാരിയ്ക്ക്, വിളക്കിത്തലയ്ക്ക്,തണ്ടാന്, മരയ്ക്കാന്, പുലയന്.  മുസ്ലിമിന്   ആകമാനം , പിന്നെ സുന്നി, ഷിയാ തുടങ്ങിയ അതിന്റെ അവാന്തര വിഭാഗങ്ങൾക്ക്, ക്രിസ്ത്യാനിയ്ക്ക്, മാർത്തോമ, യാക്കോബ,കത്തോലിക്കാ, പെന്തക്കോസ്ത് തുടങ്ങിയവ. അങ്ങിനെ സംഘടന ഇല്ലാത്ത ജാതികൾ ഇല്ല എന്ന്  തന്നെ പറയാം. ശരിയായ കണക്കു വേണമെങ്കിൽ സെക്രട്ടറിയെറ്റ് പടിയ്ക്കൽ നോക്കിയാൽ മതി. ഈ സംഘടനകളുടെ ഒക്കെ ഉദ്ദേശ ലക്ഷ്യം ഒന്ന് തന്നെയാണ് തങ്ങളുടെ ജാതി ക്കാരെ ഉദ്ധരിയ്ക്കുക എന്നത്. അല്ലെങ്കിൽ ഇങ്ങിനെ ജാതി സംഘടന ഉണ്ടാക്കേണ്ട കാര്യമില്ലല്ലോ.

നായരുടെ സംഘടന ആയ NSS ൻറെ കഴിഞ്ഞ വർഷത്തെ ബഡ്ജറ്റ് 105 കോടി രൂപയാണ്. ഈഴവന്റെ സംഘടന ആയ SNDP യുടെ  ബഡ്ജറ്റ് 88 കോടി രൂപ.  നൂറു കണക്കിന് സ്കൂളുകളും കോളെജുകളും ആശുപത്രികളും മറ്റു സ്ഥാപനങ്ങളും ഒക്കെയായി നൂറു കണക്കിന് കോടികളുടെ ആസ്തി ആണ് ഇവർക്കുള്ളത്.  മറ്റു സംഘടനകൾക്കും ഇത്രയൊന്നും കാണുകില്ല എങ്കിലും സാമാന്യം, ഭേദപ്പെട്ട ആസ്തിയും വരവും അവർക്കും ഉണ്ട്.

അനുരാഗിനെ പ്പോലെയുള്ളവർ ഇപ്പറഞ്ഞ ഏതെങ്കിലും ഒരു ജാതിയിൽ പ്പെട്ടവർ ആണല്ലോ.  അവരെ സഹായിയ്ക്കേണ്ട ചുമതല ആ സംഘടനകൾ ക്ക് അല്ലേ?  ഓരോ സംഘടനയുടെയും ലക്ഷ്യം തങ്ങളുടെ ജാതിക്കാരെ സംരക്ഷിയ്ക്കുക എന്നതാണല്ലോ. അങ്ങിനെ ഓരോ സംഘടനയും അവരുടെ അംഗങ്ങളെ  സഹായിച്ചാൽ ഈ പ്രശ്നം തീരുമല്ലോ. പിന്നെ  എന്ത് കൊണ്ട് ആ സംഘടനകൾ അവരെ സഹായിയ്ക്കുന്നില്ല?   അത് ചോദിയ്ക്കേണ്ടതും അത് നേടിയെടുക്കേണ്ടതും ഈ സംഘടനയിലെ അംഗങ്ങളുടെ ഉത്തരവാദിത്വം ആണ്. അത് കൊടുക്കേണ്ട ചുമതല ജാതി സംഘടന നേതാക്കൾക്കും.

മാതൃഭൂമിയിൽ വന്ന മറ്റൊരു വാർത്ത സാമ്പത്തികമായി കഷ്ട്ടപ്പെടുന്ന    ശ്രീലത മേനോൻ  എന്ന മുൻകാല സിനിമാ നടിയെ കുറിച്ചാണ്. 20 സിനിമകളിലും കുറെയേറെ സീരിയലിലും അഭിനയിച്ചവർ. ഇന്ന് വളരെയധികം  കഷ്ട്ടപ്പടിലാണ്. ഒരു തുണ്ട് ഭൂമിയില്ല, വീടില്ല. മാരക രോഗത്തിന്റെ പിടിയിൽ ആണ്, ചികിത്സയ്ക്ക് പണമില്ല. കുട്ടികളെ വളർത്താൻ പാട് പെടുന്നു.  ഈ സിനിമാ രംഗത്തുള്ളവർക്ക് അവരെയൊന്നു സഹായിച്ചു കൂടെ? ഇപ്പോഴുള്ളവർ പലരും കോടിപതികൾ ആണല്ലോ. ലക്ഷവും കോടിയും വാങ്ങുന്നവർ. എസ്റ്റേറ്റും വില്ലകളും മറ്റും വാങ്ങി കൂട്ടുന്നവർ. 5 കോടിയുടെ ഓഡി R 8 വാങ്ങണോ അതോ BMW i 8 വാങ്ങണോ എന്നൊക്കെ ആലോചിയ്ക്കുന്ന എത്രയോ  സിനിമാക്കാർ ഉണ്ട്. അത്രയും ഒന്നും ഇല്ലെങ്കിലും ഒരു ലക്ഷം രൂപയെങ്കിലും ഇങ്ങിനെ കഷ്ട്ടപ്പെടുന്നവർക്ക് കൊടുക്കാൻ കഴിവുള്ളവർ ആണ് എല്ലാവരും. എന്നിട്ടും കഷ്ട്ടപ്പെടുന്നവർക്ക്   ഒരു സഹായവും ചെയ്യാതെ ദുഷ്ട്ട മനസ്സുമായി കഴിയുകയാണ്  സിനിമാക്കാർ.

12 അഭിപ്രായങ്ങൾ:

  1. നല്ല ചിന്തകൾ!!!!!നടപ്പിലാകത്തില്ലെന്ന് മാത്രം...

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. നാറികള്‍ ജാതികൾ വിശ്വവിപത്തിന്‍റെ
    നാരായ വേരുകൾ.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ജാതി കോമരങ്ങൾ കാരണം ദേ വിനോദ് ഒരു കവി ആയി. ഇതൊന്ന് ഡെവലപ്പ് ചെയ്തു ഒരു പൂർണ കവിത ആക്ക് വിനോദ്

      ഇല്ലാതാക്കൂ
  4. അനുരാഗിനെക്കുറിച്ച് അടുത്ത ദിവസം പത്രത്തിൽ വായിച്ചതേ ഉള്ളു. പങ്കുവെച്ച ചിന്തകൾ സത്യമാണ്. പണവും ജാതിയും ഉറഞ്ഞു തുള്ളുന്നിടത്ത് ശ്രീലതാമേനോനും,അനുരാഗിനുമൊന്നും സ്ഥാനമില്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ പ്രദീപ്‌ കുമാർ . ജാതിയുടെ പേരിൽ അവര് പണവും പ്രതാപവും നേടുന്നു.

      ഇല്ലാതാക്കൂ
  5. വിനോദേയ് ,,,നിമിഷ കവേ ..നമസ്കരിക്കുന്നു ..



    ഇവൻമാർക്കൊക്കെ ജാതി കാശുകായ്ക്കുന്ന മരമാണ് ബിപിൻ സർ.തങ്ങളേം,മേത്രാനേം ,പെരുന്ന നായരേം ,ശിവഗിരി മൊതലിയാരേം മൂട് താങ്ങി നടക്കുന്ന രാഷ്ട്രീയന്മാരേം സകലരേം ഞ്ഞാൻ സർവ്വശക്തം പുച്ഛിക്കുന്നു.

    ഏഴകൾക്ക് ദൈവം തുണൈ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാ വഴി മരങ്ങൾ . ഏഴകൾ എന്നും ഏഴകൾ . ദൈവം മാത്രം. തുണ.

      ഇല്ലാതാക്കൂ
  6. അത് ചോദിയ്ക്കേണ്ടതും അത് നേടിയെടുക്കേണ്ടതും ഈ സംഘടനയിലെ അംഗങ്ങളുടെ ഉത്തരവാദിത്വം ആണ്. അത് കൊടുക്കേണ്ട ചുമതല ജാതി സംഘടന നേതാക്കൾക്കും

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മുരളി പറഞ്ഞതാണ് ശരി. പക്ഷെ അംഗങ്ങൾ അതൊന്നും ചോദിയ്ക്കാതെ വാലും ആട്ടി നേതാക്കളുടെ പുറകെ നടക്കുന്നു.

      ഇല്ലാതാക്കൂ
  7. കപ്പയ്ക്ക പോലെയാണ് നമ്മുടെ സമൂഹം തലപ്പതോട്ടു മാത്രം മുടിഞ്ഞ വളര്ച്ചയ മൂടിന് വേരിനു ഒരു ബലവും ഇല്ല എല്ലാം മേലെ തട്ടിൽ മാത്രം കേന്ദ്രീകൃതം കപ്പയ്കയുടെ ഉറപ്പേ ആ സമൂഹത്തിനും കാണു

    മറുപടിഇല്ലാതാക്കൂ