2015, ഫെബ്രുവരി 27, വെള്ളിയാഴ്‌ച

"സാറേ ഞാൻ സോളാർ കേസിന്റെ ആളാണേ"

ഉമ്മൻ ചാണ്ടി സോളാറിൽ പിടിയിൽ ആകും എന്നത് തീർച്ചയായി. ഇടയ്ക്കിടെ പൊന്തി വരുന്ന തെളിവുകൾ അതിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. സത്യം അധിക കാലം മൂടി വയ്ക്കാൻ കഴിയില്ലല്ലോ.ഒരു നാൾ അതു പുറത്തു  വരിക തന്നെ ചെയ്യും.

സോളാർ കേസിൽ ജയിലിൽ ആയ   "ടീം സോളാർ" കമ്പനി ടെക്നിക്കൽ മാനേജർ  മണിലാൽ എന്ന ആളുടെ സഹോദരൻ റിജേഷ്, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി സംസാരിയ്ക്കുന്ന ടെലഫോണ്‍ ശബ്ദ രേഖ ആണ് പുറത്തു വന്നിരിയ്ക്കുന്നത്. ഏതായാലും ഈ ശബ്ദം ഉമ്മൻ ചാണ്ടിയുടെ അല്ല എന്ന്  ചാണ്ടിയോ, ചാനലിലും മറ്റും വരുന്ന കൂലിപ്പടയോ നിഷേധിച്ചിട്ടില്ല. അപ്പോൾ ഈ ടെലഫോണ്‍  സംഭാഷണ ശബ്ദ രേഖ ഒറിജിനൽ തന്നെ എന്ന് ഉമ്മൻ ചാണ്ടിയും സമ്മതിയ്ക്കുന്നു.

ഉപദേശകർ കൂടുതൽ കള്ളത്തരം  ആലോചിച്ചു കണ്ടു പിടിയ്ക്കുന്നതിനു മുൻപ്  വിശദീകരണം നൽകാൻ നിർബ്ബന്ധിതനായ ഉമ്മൻ ചാണ്ടി  ജനങ്ങളോട് പറഞ്ഞത്, പണ്ട് തൃശ്ശൂർ ഏതോ ഇലക്ഷൻ മീറ്റിംഗ് കഴിഞ്ഞ് പുറപ്പെടാൻ തുടങ്ങുമ്പോൾ ഒരു പ്രായമായ അമ്മയെയും കൊണ്ട് ഒരാൾ വന്ന് ജയിലിൽ കിടക്കുന്ന മകൻറെ കാര്യം പറഞ്ഞിരുന്നു എന്നാണ്.എന്തൊരു ഓർമ ശക്തി! സോളാർ കേസിലെ  കാര്യങ്ങൾ  എല്ലാം തന്നെ മറന്ന ഉമ്മൻ ചാണ്ടി ആണിത്.  ഒരു മീറ്റിങ്ങിൽ  സോളാർ സരിത തോളത്ത് ചാഞ്ഞു കിടന്നു എന്തോ സംസാരിയ്ക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തു വന്നപ്പോൾ അതാരാണെന്ന് ഓർമയില്ല എന്ന് പറഞ്ഞ മഹാൻ ആണ്.  അത്രയും ശക്തമായ  മറവി യുള്ള ഉമ്മൻ ചാണ്ടി ആണ്  ഏതാണ്ട് ഒരു വർഷം മുൻപ്  ഒരു തെരഞ്ഞെടുപ്പു സമ്മേളനത്തിന്റെ  വലിയ തിരക്കിനിടയിൽ വന്നു കണ്ട ഒരാളെ ഇത്ര കൃത്യമായി ഓർത്തിരിയ്ക്കുന്നത് എന്നത് സോളാർ അഴിമതിയിൽ അദ്ദേഹത്തിന്റെ പങ്ക് ആണ് വെളിപ്പെടുത്തുന്നത്.

ചിര പരിചിതരെ പ്പോലെ ആണ് റിജേഷ് മുഖ്യ മന്ത്രിയോട് എല്ലാ പ്രാവശ്യവും   സംസാരിയ്ക്കുന്നത്.  "ഞാൻ റിജേഷ്" എന്ന് ഫോണിൽ പറയുമ്പോൾ "ഏത് റിജേഷ്"എന്ന് ഒരിക്കൽ പ്പോലും  മുഖ്യ മന്ത്രി ചോദിയ്ക്കുന്നില്ല. അതിനർത്ഥം റിജെഷിനെ മുഖ്യ മന്ത്രിയ്ക്ക് വ്യക്തമായി അറിയാമെന്നും "റിജേഷ്"എന്ന് പറയുമ്പോൾ തന്നെ ആളെ മനസിലാകുന്ന തരത്തിൽ അടുപ്പം ഉണ്ടെന്നും ആണല്ലോ. ജനങ്ങൾ, ജന പ്രതിനിധികൾ,രാഷ്ട്രീയ ക്കാർ,  ഉദ്യോഗസ്ഥർ തുടങ്ങി എത്ര ആയിരം  ആളുകളാണ് മുഖ്യ മന്ത്രിയെ  ദിവസവും ഫോണിൽ ബന്ധപ്പെടുന്നത്? ആ ആയിരങ്ങൾക്കിടയിൽ നിന്നാണ്  ഈ "റിജേഷിനെ" യാതൊരു പരിചയപ്പെടുത്തലുകളും ചോദ്യങ്ങളും ഇല്ലാതെ തന്നെ മുഖ്യ മന്ത്രി  മനസ്സിലാക്കുന്നത്. എന്താണ്   ഇതിനർത്ഥം?  റിജെഷും മുഖ്യ മന്ത്രിയും തമ്മിൽ അടുത്ത  ബന്ധം ഉണ്ട് എന്നത് മാത്രമാണ്.

ഏതോ ഒരാൾ വന്ന് ജയിലിൽ കിടക്കുന്ന മകൻറെ കാര്യം നേരിട്ട്  പറയുമ്പോൾ അതിൻറെ വിശദ വിവരം ചോദിയ്ക്കുകയും കാര്യങ്ങൾ എഴുതി തരാൻ പറയുകയും അല്ലേ സാധാരണ മുഖ്യ മന്ത്രി ചെയ്യുന്നത്? അതും പ്രത്യേകിച്ച് വോട്ട് പിടിക്കാൻ നടക്കുന്ന തെരഞ്ഞെടുപ്പ് കാലത്ത്. അതിന് പകരം സ്ഥലം എം.എൽ.എ.യെ കാണാൻ പറയുന്നത് എന്തിനാണ്? ഒരാൾ ജയിലിൽ കിടക്കുന്നുവെങ്കിൽ  അതിനർത്ഥം   കോടതി ശിക്ഷിച്ചിട്ടോ അല്ലെങ്കിൽ വിചാരണ തടവുകാരൻ ആയിട്ടോ ആണ്എന്നു മനസ്സിലാക്കാനുള്ള  സാമാന്യ ബുദ്ധി ഒരു മുഖ്യ മന്ത്രിയ്ക്ക് കാണുമല്ലോ.  അതിൽ മുഖ്യ മന്ത്രി എങ്ങിനെ ഇട പെടും? അതിന്  എം.എൽ.എ.യെ കാണാൻ പറയുന്നത് എന്തിനാണ്? ഇക്കാര്യത്തിൽ എം.എൽ.എ.യ്ക്ക് എന്ത് ഇടപെടൽ നടത്താൻ  കഴിയും? അതിനർത്ഥം മുഖ്യ മന്ത്രിയ്ക്ക് താല്പ്പര്യമുള്ള എന്തോ കാര്യം ഇതിലുണ്ട് എന്നല്ലേ?

ഇതായിരുന്നു കേസ് എന്ന് അറിയില്ല എന്ന് മുഖ്യ മന്ത്രി വിശദീകരണം നൽകുന്നു. മണലൂർ എം.എൽ .എ. മാധവൻ ആ തെരഞ്ഞെടുപ്പ് സമ്മേളന വേദിയിൽ ഇല്ലായിരുന്നു എന്ന് മുഖ്യ മന്ത്രി പറയുന്നുണ്ട്. അങ്ങിനെയെങ്കിൽ അയാൾ ബന്ധപ്പെട്ടു കഴിഞ്ഞ ശേഷം എം.എൽ .എ.കാര്യങ്ങൾ വിശദമായി മുഖ്യ മന്ത്രിയെ അറിയിച്ചു കാണുമല്ലോ. കൂടാതെ ഒരു ടെലിഫോണ്‍ സംഭാഷണത്തിൽ  റിജേഷ് വ്യക്തമായി പറയുന്നുണ്ട് " സാറേ ഞാൻ സോളാർ കേസിന്റെ ആളാണേ". അപ്പോൾ അറിവില്ല എന്ന് മുഖ്യ മന്ത്രി പറയുന്നത് അസത്യമല്ലേ?

എല്ലാം മാധവനോട് പറഞ്ഞിട്ടുണ്ടെന്നും, മാധവൻ എന്തോ ചെയ്തത് പ്രശ്നം ആയെന്നും മുഖ്യ മന്ത്രി ഒരു ടെലിഫോണ്‍ സംഭാഷണത്തിൽ റിജേഷിനോട് പറയുന്നു. " നമ്മള് അവിടെയുള്ളവരോട് പറഞ്ഞു, ഹെൽപ് ചെയ്യാൻ പറഞ്ഞു, ഹെൽപ്പ് ചെയ്തു,ഹെൽപ്പ് ചെയ്തതിന്റെ പേരിൽ ആക്ഷേപം വന്നു.എന്ത് ചെയ്യാൻ  പറ്റും"  ഇതാണ് ഉമ്മൻ ചാണ്ടി പറയുന്നത്. അവസാനമായി ഓക്കേ പറയുന്നതിന് മുൻപ് ഒരു കാര്യം കൂടി ഉമ്മൻ ചാണ്ടി പറയുന്നുണ്ട്."ബന്ധപ്പെട്ടാൽ മതി,കേട്ടോ " എന്ന്. ആരെ?  ആരെ എന്ന് റിജേഷ് ചോദിയ്ക്കുമ്പോൾ ഉമ്മൻ ചാണ്ടി സംഭാഷണം അവസാനിപ്പിയ്ക്കുന്നു.   ആരെയാണ് ബന്ധപ്പെടെണ്ടത്? എന്ത് ഹെൽപ്പ് ആണ് "അവിടെയുള്ളവർ"  ചെയ്തത്?  എന്താണ്  എം.എൽ .എ. മണിലാലിനെ പുറത്തിറക്കാൻ ചെയ്തത്? അത് എന്താണെന്ന് മുഖ്യ മന്ത്രിയ്ക്ക് വ്യക്തമായി അറിയാം. മുഖ്യ മന്ത്രി രിജെഷിനോട് ആദ്യമേ പറയുന്നുണ്ട് "അത് ഞാൻ അയാളെ ഏൽപ്പിച്ചതാ, അയാള് ചെയ്യും" എന്ന്. 

ഈ ടെലിഫോണ്‍ സംഭാഷണം നടക്കുന്നത് സോളാർ പ്രശ്നം കത്തി ജ്വലിച്ചതിനു ഒക്കെ ശേഷം ആണ്. അതായത് പ്രതിപക്ഷവും ആയുള്ള ഒത്തു തീർപ്പ് കൊണ്ടും തെളിവുകൾ ഒതുക്കിക്കൊണ്ടും  ഇല്ലാതാക്കിയതിനു ശേഷം ആണ്. കേസ് ഏതാണ്ടൊക്കെ മൂടി വച്ചതിന് ശേഷം. അത് കൊണ്ട് ഈ സംഭാഷണം റിക്കോർഡ് ചെയ്യുന്നു എന്ന് മുഖ്യ മന്ത്രിയ്ക്ക് വ്യക്തമായി അറിയാം. അതാണ്‌ വ്യക്തമായി മറുപടി നൽകാതെ, എങ്ങും  തൊടാതെ, ശബ്ദം സ്പഷ്ട്ടമാക്കാതെ  ശബ്ദം താഴ്ത്തി,  മനപൂർവ്വം   മുഖ്യ മന്ത്രി സംസാരിയ്ക്കുന്നത്. റിക്കോർഡ് ചെയ്യുന്നു  എന്ന് അറിയാമായിരുന്നിട്ടും  മുഖ്യമന്ത്രിയ്ക്ക് റിജേഷ് ഫോണ്‍ വിളിയ്ക്കുമ്പോൾ അയാളോട്  സംസാരിക്കേണ്ടി വന്നത് എന്ത് കൊണ്ടാണ്? അവസാനത്തെ ഫോണ്‍ സംഭാഷണത്തിൽ ജുഡിഷ്യൽ കമ്മീഷൻ വിളിച്ചിട്ടുണ്ടെന്നും  ഇതൊക്കെ പുറത്തു പറഞ്ഞാൽ എന്താകും എന്ന് ഭീഷണിയുടെ  സ്വരത്തിൽ തന്നെ റിജേഷ് പറയുന്നു. എന്നിട്ടും ഒന്നും പ്രതികരിക്കാനാകാതെ  "ഓ.കെ.ഓ.കെ" എന്ന് പറഞ്ഞു രക്ഷ പ്പെടാനുള്ള വെപ്രാളമാണ്  മുഖ്യ മന്ത്രി കാണിക്കുന്നത്. കൂടുതൽ എന്തെങ്കിലും റിജേഷ് വെളിപ്പെടുത്തുമോ (റിക്കോർഡ് ചെയ്യുക ആണല്ലോ)  എന്ന ഭയം കൊണ്ട് ഓ.കെ. പറഞ്ഞ് മുഖ്യ മന്ത്രി പെട്ടെന്ന് ഫോണ്‍ വയ്ക്കുകയാണ്.

എന്തിനെയാണ് മുഖ്യ മന്ത്രി ഭയപ്പെടുന്നത്? എന്ത് സഹായം ആണ് മുഖ്യ മന്ത്രി ചെയ്തത്? ഇതൊക്കെ അറിയാൻ ജനങ്ങൾക്ക്‌ അവകാശമുണ്ട്‌.മുഖ്യ മന്ത്രി മറുപടി പറയേണ്ട ചില ചോദ്യങ്ങൾ.

ചോദ്യം 1  " സാറേ ഞാൻ സോളാർ കേസിന്റെ ആളാണേ" എന്ന് റിജേഷ് പറഞ്ഞിട്ടും ഏതു  കേസ് എന്ന് അറിയില്ല എന്ന് പറഞ്ഞത് കള്ളം അല്ലേ ?

ചോദ്യം 2. " നമ്മള് അവിടെയുള്ളവരോട് പറഞ്ഞു, ഹെൽപ് ചെയ്യാൻ പറഞ്ഞു, ഹെൽപ്പ് ചെയ്തു,ഹെൽപ്പ് ചെയ്തതിന്റെ പേരിൽ ആക്ഷേപം വന്നു.എന്ത് ചെയ്യാൻ  പറ്റും" മുഖ്യ മന്ത്രി പറഞ്ഞതാണല്ലോ ഈ വാചകങ്ങൾ.  ആരോട് പറഞ്ഞു?

ചോദ്യം 3. എന്ത് ഹെൽപ്പ്  ആണ് ചെയ്തത് ?

ചോദ്യം 4. എന്ത് ആക്ഷേപം ആണ് വന്നത്? 

ചോദ്യം 5.  ഈ പറഞ്ഞതിനർത്ഥം അത് വരെ നടന്നതിനെ പറ്റി വ്യക്തമായ ധാരണ ഉണ്ടായിരുന്നു എന്നല്ലേ?

ചോദ്യം 6 . "ബന്ധപ്പെട്ടാൽ മതി,കേട്ടോ "  എന്ന് മുഖ്യ മന്ത്രി പറയുന്നു. ആരെ?

ചോദ്യം 7 .  എന്തിന്‌ വേണ്ടി?

ചോദ്യം 8 . ജയിലിൽ കിടക്കുന്ന ഒരു കുറ്റവാളിയ്ക്കു വേണ്ടി ഇടപെടുന്നത്  
         ഭരണഘടന വിരുദ്ധവും  സത്യ പ്രതിജ്ഞാ ലംഘനവും  അല്ലേ ?

ഈ ചോദ്യങ്ങൾക്ക് മറുപടി പറയാൻ മുഖ്യ മന്ത്രി ബാധ്യസ്ഥനാണ്. ഒരു ജുഡിഷ്യൽ കമ്മീഷൻ ഇതെല്ലാം കണ്ടു കൊണ്ടിരിയ്ക്കുന്നു. 

4 അഭിപ്രായങ്ങൾ:

  1. ചാണ്ടിച്ചൻ ഒന്നും മിണ്ടാനില്ല ആ വിഷയത്തിൽ

    മറുപടിഇല്ലാതാക്കൂ
  2. മറ്റു പാർട്ടികളും കൂടുതൽ മുന്നോട്ടു പോയില്ല എന്നതിൽ നിന്നും കാര്യം മനസിലായല്ലോ പാവം ജനങ്ങൾക്ക്‌

    മറുപടിഇല്ലാതാക്കൂ
  3. മറുപടികൾ
    1. ബന്ധപ്പെടലുകൾ എത്ര വിധം? സരിതയുമായും ബന്ധ പ്പെടാം.

      ഇല്ലാതാക്കൂ