2015, ഫെബ്രുവരി 6, വെള്ളിയാഴ്‌ച

ഗിന്നസ് റിക്കോർഡ്

കുറുക്കു വഴി എന്നും ഇന്ത്യാക്കാരന് പ്രീയപ്പെട്ടതാണ്‌. വളരെ ആയാസപ്പെട്ട്‌ സാഹസിക അഭ്യാസ പ്രകടനങ്ങൾ നടത്തി മറ്റെല്ലാ രാജ്യക്കാരും  ഗിന്നസ് ബുക്കിൽ കയറുന്നു. നയാഗ്ര വെള്ള ച്ചാട്ടത്തിനു  കുറുകെ കെട്ടിയ കമ്പിയിൽ കൂടി നടക്കുക, അംബര ചുംബികളിൽ അള്ളി പ്പിടിച്ചു കയറുക അങ്ങിനെ അപകടകാരികളായ പ്രവർത്തികൾ ചെയ്ത് റിക്കോർഡ് ഇടുമ്പോൾ, നഖം വളർത്തുക, താടി വളർത്തുക  തുടങ്ങിയ ചെപ്പടി വിദ്യകൾ കൊണ്ട് നമ്മളും ഗിന്നസ് റിക്കോർഡിൽ കയറുന്നു. 

 മലയാളികൾ കുറച്ചു കൂടി എളുപ്പം നോക്കുന്നവരാണ്.  കുറച്ചു ദിവസം മുൻപ് തൃശ്ശൂരിൽ കുറെ ക്രിസ്തുമസ് പപ്പ മാരെ ചുവപ്പ് ഉടുപ്പും താടിയും വച്ച് അണി നിരത്തി അതും ഗിന്നസിൽ ആക്കി. പിന്നെ എവിടെയോ പണ്ട് വലിയ അത്തപ്പൂക്കളം ഉണ്ടാക്കിയിട്ടുണ്ട്. തമിഴന്റെ തോവാളയിൽ  പൂവ് ഉള്ളിടത്തോളം നമുക്ക് എത്ര പൂക്കളവും ഇടാമല്ലോ. ഏറ്റവും അവസാനം അവർ ഗിന്നസിൽ കയറിയത് തിരുവാതിര കളിച്ചാണ്. 5200 സ്ത്രീകളെ  മുണ്ടും നേര്യതും ഉടുപ്പിച്ച് അണി നിരത്തിയാണ് സംഭവം നടത്തിയത്.  ഇരിഞ്ഞാലക്കുട യിൽ. (ലോകത്ത് തിരുവാതിര ഇല്ലാത്തതിനാൽ റിക്കോർഡ് കൊടുക്കുമോ ആവോ?) 

എത്ര പണം ആണ് ഈ ഉപയോഗ ശൂന്യമായ കാര്യങ്ങൾക്ക് വേണ്ടി പാഴാക്കി കളയുന്നത്? ഇത് കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാകാൻ പോകുന്നത്? ഒരു കഷണം കടലാസ്സിൽ എഴുതി വയ്ക്കും -റിക്കോർഡ്.ഈ പണം പാഴാക്കാതെ ഏതെങ്കിലും നല്ല കാര്യത്തിന് ചിലവഴിച്ചു കൂടെ? ക്രിസ്തുമസ് പപ്പയ്ക് പകരം കുറെ പാവങ്ങൾക്ക് ചികിത്സയ്ക്ക് പണം. തിരുവാതിര മാമാങ്കത്തിന് പകരം ആ പണം കൊണ്ട് കുറെ കുട്ടികൾക്ക് സൗജന്യ നൃത്ത പരിശീലനം. അങ്ങിനെ പലതും.

ലാലിസം പരിപാടിയ്ക്ക് 2 കോടി രൂപ കൊടുത്തതിനെ പറ്റി  മട്ടന്നൂർ ശങ്കരൻ കുട്ടി പറഞ്ഞതാണ് ശരി.ഇത്രയും പണം ഉണ്ടായിരുന്നുവെങ്കിൽ താൻ ഒരു താള വാദ്യ വിദ്യാലയം ഉണ്ടാക്കിയേനെ എന്ന്. പക്ഷേ നമ്മുടെ പൊങ്ങച്ചം?

6 അഭിപ്രായങ്ങൾ:

  1. വിശദമായ വിയോജനക്കുറിപ്പുമായി പിന്നെ വരാം. തത്കാലം തൃപ്പൂണിത്തുറ എന്നത് ഇരിങ്ങാലക്കുട എന്നാക്കിയാൽ കൊള്ളാം. ഇത്തരം വസ്തുതാപരമായ പിശകുകൾ ലേഖനത്തിന്റെ ഭംഗി കുറയ്ക്കും.

    മറുപടിഇല്ലാതാക്കൂ
  2. സംഭവം നടത്തി.ഭീഷണി ഒന്നും വേണ്ട വേഗം വാ.

    മറുപടിഇല്ലാതാക്കൂ
  3. ഇരിങ്ങാലക്കുടയുടെ സംസ്കാരികോത്സവമാണ് 'തനിമ'. ഇത്തവണത്തെ തനിമയിൽ നാലായിരം സ്തീകളെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു മെഗാ തിരുവാതിരക്കളി സംഘടിപ്പിക്കാൻ ഇരിങ്ങാലക്കുടയിലെ ജനപ്രതിനിധികളും സാംസ്കാരിക പ്രമുഖരും തീരുമാനിക്കുന്നു. രണ്ടായിരത്തിൽ പരം സ്ത്രീകൾ ചേർന്ന് മുംബയിൽ കാഴ്ച വച്ച കൈകൊട്ടിക്കളിയുടെ റെക്കോർഡ്‌ മറികടക്കുകയാണ് ലക്ഷ്യം. ഒരേ പോലത്തെ വസ്ത്രങ്ങളണിഞ്ഞു മൈതാനിയിൽ ചെന്ന് നിന്നാൽ പോരല്ലോ. തിരുവാതിരപ്പാട്ടുകൾക്കൊപ്പം ഇവരെല്ലാം ഒരുപോലെ ചുവടു വെക്കുകയും വേണം. അതിനായി 'ജിതാ ബിനോയ്‌' എന്ന നൃത്താധ്യാപികയുടെ നേതൃത്വത്തിൽ കുറച്ചു സ്ത്രീകൾ ഒത്തു ചേരുന്നു. ഇരിങ്ങാലക്കുടയ്ക്ക് ചുറ്റുമുള്ള സ്ഥലങ്ങളിൽ ഈ ഉദ്യമത്തെ കുറിച്ച് അറിയിക്കുന്നു. ഇത്രയും രേഖയുള്ള ചരിത്രം.
    ഇനി രേഖപ്പെടുത്താത്ത ചരിത്രം.
    സ്വന്തം സ്വപ്‌നങ്ങൾ ഉള്ളിലൊതുക്കി കുടുംബത്തിനായി ജീവിതം മാറ്റി വച്ച ഒരുപാട് വീട്ടമ്മമാർക്ക് ഇത് ഒരേ സമയം പ്രലോഭനവും പ്രതീക്ഷയും പകർന്നു. റെക്കോർഡ്‌ എത്തിപ്പിടിക്കാനുള്ള അത്യാഗ്രഹം കൊണ്ടല്ല. എന്നോ പിന്നിലുപേക്ഷിച്ച ചില സന്തോഷങ്ങളെയും സ്വപ്നങ്ങളെയും തിരിച്ചു പിടിക്കാൻ ഒരവസരം. സമൂഹത്തിന്റെ പിന്തുണയോടെ. പിന്നീടുള്ള മാസങ്ങൾ അവരെല്ലാം ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ആയിരുന്നു. ദിവസവും കിലോമീറ്ററുകൾ യാത്ര ചെയ്ത് പലരും നൃത്തം പഠിക്കാൻ എത്തി. കുടുംബത്തിനും നൃത്തത്തിനും സമയം പകുത്തെടുക്കാൻ അവർ പാടുപെട്ടു. നാനാജാതിമതസ്ഥരായ സ്ത്രീകൾ ആ കേരളീയ കലയിൽ പങ്കെടുക്കാൻ ആവേശത്തോടെ മുന്നോട്ട് വന്നു. എന്തിനേറെ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കേരളത്തിന്‌ പുറത്തു നിന്ന് പോലും ഇരിങ്ങാലക്കുടയിലെ സ്ത്രീകൾ കൈകൊട്ടിക്കളി പഠിക്കാൻ എത്തിച്ചേർന്നു. ഭർത്താക്കന്മാരും സഹോദരന്മാരും മക്കളും എല്ലാം അവരെ പിന്തുണച്ചു, പ്രോത്സാഹിപ്പിച്ചു. ചെറിയ സംഘങ്ങളായി പല പൊതുവേദികളിലും കൈകൊട്ടിക്കളിച്ച് അവർ പിഴവുകൾ തീർത്തു.
    വീണ്ടും രേഖയുള്ള ചരിത്രത്തിലേക്ക്.
    പച്ച നിറമുള്ള ജാക്കറ്റ് തുണി മാത്രം സംഘാടകർ വിതരണം ചെയ്തു. വേഷഭൂഷാദികളെ കുറിച്ച് കൃത്യമായ നിർദേശവും നൽകി. മത്സര(?)ദിവസം ഓരോരുത്തർക്കും ബാർകോഡ് പതിച്ച ബാഡ്ജ് വിതരണം ചെയ്ത് എണ്ണം രേഖപ്പെടുത്തി കഴിഞ്ഞപ്പോൾ അധികാരികൾ ഞെട്ടി. അയ്യായിരത്തി ഇരുന്നൂറ്റി പതിനൊന്നു പേർ! കത്തിച്ചു വച്ച നിലവിളക്കിനു ചുറ്റും ഇരുപത്തൊമ്പത് വൃത്തങ്ങളിൽ അണിനിരന്ന് ആ മഹിളാമണികൾ ആദ്യത്തെ ചുവടുവച്ചപ്പോൾ തന്നെ ആ മൈതാനം ആരവങ്ങൾ കൊണ്ട് മുഖരിതമായി. കാരണം അയ്യായിരത്തിൽ ഏറെ പേർ കേരളീയ വേഷങ്ങളിൽ ഒരു പോലെ ചുവട് വെക്കുന്ന ഒരു കാഴ്ച ഇരിങ്ങാലക്കുടക്കാർക്ക് പുതിയതായിരുന്നു. ആട്ടക്കഥയുടെ ഉപജ്ഞാതാവും ഇരിങ്ങാലക്കുടക്കാരനും ആയ ശ്രീ. ഉണ്ണായി വാര്യർ രചിച്ച 'അംഗനേ ഞാൻ' എന്ന പാട്ടിൽ തുടങ്ങി പ്രശസ്തമായ നാലു തിരുവാതിരപ്പാട്ടുകൾക്കൊപ്പം ചുവടു വച്ച് മംഗളം പാടി അവസാനിപ്പിക്കുമ്പോൾ, ജീവിതത്തിൽ എന്നെന്നും ഓർമിക്കുന്ന പതിനേഴു മിനിട്ടുകളാണ് ആ സ്ത്രീരത്നങ്ങൾ സ്വന്തമാക്കിയത്.
    ചില ഗിമ്മിക്ക് കാണിച്ച് ലോകറെക്കോർഡ്‌ സ്വന്തമാക്കാൻ ഉള്ള ശ്രമമായിട്ടല്ല മറിച്ച്‌, ഇനിയൊരിക്കലും ഒരു പൊതുവേദിയിലും എത്തില്ലെന്ന് കരുതിയ സ്ത്രീകളെ അതിന് സജ്ജരാക്കി എന്ന നിലയിലാണ് ഈ കൈകൊട്ടിക്കളിയെ കാണേണ്ടത്. എനിക്ക് അടുത്തറിയാവുന്ന ഒരുപാട് അമ്മമാരും സഹോദരിമാരും ഈ ഉദ്യമത്തോട് കാണിച്ച ആവേശത്തിൽ നിന്നുമാണ് ഇത്രയും വിവരങ്ങൾ ഞാൻ മനസ്സിലാക്കിയത്. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി കോടികൾ ഒഴുക്കുന്ന ഇക്കാലത്ത് ഒരു കേരളീയ കലയെ മുൻനിർത്തി തീരെ കുറഞ്ഞ ചെലവിൽ ഈ സംരംഭം സംഘടിപ്പിച്ചവരെ അഭിനന്ദിക്കാതെ വയ്യ. ഇത് ഇവിടെ അവസാനിക്കുന്നില്ല എന്നതും ഓർക്കണം. ഇനിയുള്ള എത്രയോ സാംസ്കാരിക പരിപാടികളിലും ഉത്സവങ്ങളിലും ഇവർ പങ്കെടുക്കാനിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ, ചെറുപ്പം മുതൽക്കേ കേട്ടിട്ടുള്ള ഗിന്നസ് റെക്കോർഡ്‌ ഇരിങ്ങാലക്കുടക്കാർക്ക് ഇനി കുടുംബകാര്യമാണ്! എന്നാൽ അതിനേക്കാൾ വിലയുണ്ട്, ആത്മവിശ്വാസം വീണ്ടെടുത്ത ചില പാവപ്പെട്ട വീട്ടമ്മമാരുടെ നിഷ്കളങ്കമായ ചിരികൾക്ക്... ആ ചിരികൾക്ക് പകരം വയ്ക്കാൻ പണം മതിയാവില്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കൊച്ചു ഗോവിന്ദന്റെ വികാരം മനസ്സിലാക്കുന്നു.
      ഞാൻ പറഞ്ഞത് ഇത്ര മാത്രം. "തിരുവാതിര മാമാങ്കത്തിന് പകരം ആ പണം കൊണ്ട് കുറെ കുട്ടികൾക്ക് സൗജന്യ നൃത്ത പരിശീലനം. അങ്ങിനെ പലതും".

      ഇല്ലാതാക്കൂ
  4. പണം പോയാലും പെരുമ വരണമെന്ന് പറയും.. കേട്ടൊ ഭായ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത് കാശുള്ളവന്റെ തിയറി. കാശി ല്ലാത്ത വന്റെയോ, "കുളിച്ചില്ലെങ്കിലും കോണാൻ പുരപ്പുറത്തു കിടക്കട്ടെ" എന്നത്.

      ഇല്ലാതാക്കൂ