2015, ഫെബ്രുവരി 4, ബുധനാഴ്‌ച

മോഹൻ ലാൽ

ഉദ്ഘാടന മാമാങ്കത്തോടെ  ദേശീയ ഗെയിംസിലെ അഴിമതിയുടെ കൂടുതൽ  കണക്കുകൾ പുറത്തു വന്നു. 15 കോടി രൂപയാണ് ഈ ഉദ്ഘാടന ചടങ്ങിന് ചിലവഴിച്ചത്. അതിൻറെ കണക്കുകൾ കാണിയ്ക്കുന്നത് എല്ലാറ്റിനും ചിലവിന്റെ പതിന്മടങ്ങ്‌ വില കൂട്ടി കാണിച്ചിരിക്കുന്നു എന്നാണ്. അത്രയും പണം കീശയിൽ ആക്കാനാണ് ചെലവ് കണക്കുകൾ പെരുപ്പിച്ച  കാട്ടിയത്. 

അതിനിടെ മോഹൻ ലാലിൻറെ ഒരു പാട്ട് പരിപാടി അന്ന് കാണിച്ചിരുന്നു. 2 കോടി രൂപ ചിലവിൽ!പാടാനറിയാത്ത മോഹൻ ലാൽ പാടുന്നതിന്  ഉള്ള പരിപാടി എന്തിനാണ് ഏറ്റെടുത്തത്? പരിപാടി ഫ്ലോപ്പ്  ആയപ്പോൾ പണം  തിരികെ നൽകാമെന്ന് ലാൽ പറയുന്നു. പണം തിരികെ കൊടുത്താൽ ആ കുറ്റം തീരുമോ? ചുണ്ടനക്കി കാട്ടി ഇത്രയും വർഷങ്ങൾ നെഞ്ചിലേറ്റിയ ജനങ്ങളെ കബളിപ്പി യ്ക്കുകയും വിഡ്ഢികൾ ആക്കുകയും ചെയ്ത പാപത്തിന് എന്ത് പരിഹാരം? ഏതായാലും തിരിച്ചു കൊടുക്കാം എന്ന് പറഞ്ഞ ആ ഒന്നര കോടി മെഡൽ ജേതാക്കൾ ആയ കേരള താരങ്ങൾക്ക് മോഹൻ ലാലിൻറെ പ്രായശ്ചിത്തം ആയി നൽകട്ടെ. 

തിരുവഞ്ചൂരും,ഉമ്മൻ ചാണ്ടിയും മമ്മൂട്ടിയും ഒക്കെ പറയുന്നു  " പ്ലീസ് നിങ്ങൾ മോഹൻ ലാലിനെ വേട്ടയാടരുത്". എന്താണ് ഈ  വേട്ടയാടൽ എന്നത് കൊണ്ട് ഇവർ ഉദ്ദേശിയ്ക്കുന്നത്?  മോഹൻ ലാൽ വലിയ തുക പ്രതിഫലം വാങ്ങി ഒരു പാട്ട് പരിപാടി അവതരിപ്പിച്ചു. അത്  ഫ്ലോപ്പ്. അതിന് പിന്നെ മമ്മൂട്ടിയെ കുറ്റം  പറഞ്ഞാൽ മതിയോ? അതിനു ഉത്തരവാദി മോഹൻ ലാൽ  മാത്രം ആണ്. പണം  ജനങ്ങളുടെതാണ്. ജനത്തിന് ചോദിയ്ക്കാനും അവകാശമുണ്ട്‌.

 ഇത് മോഹൻ ലാലിൽ മാത്രം ഒതുങ്ങുന്നില്ല. പാടാനറിയാത്ത മോഹൻലാലിന്റെ പാട്ട് പരിപാടി വേണമെന്ന് തീരുമാനിച്ചത് ആരാണ്? തിരുവഞ്ചൂർ കൈ മലർത്തുന്നു.അങ്ങിനെ ഓരോരുത്തരും. ഇതിന് ഒരു സബ് കമ്മിറ്റി ഉണ്ടത്രേ. അവരാണ് പരിപാടി  ഫിക്സ് ചെയ്തത് എന്ന്. അതിന് മുകളിൽ ചോദിയ്ക്കാനും പറയാനും ആരും ഇല്ലേ? അങ്ങിനെയെങ്കിൽ ഈ സബ് -കമ്മിറ്റി സരിതയുടെ ഒരു നൃത്ത പരിപാടി  വച്ചിരുന്നെങ്കി ലോ? മുഖ്യ മന്ത്രിയും സ്പോർട്സ് മന്ത്രിയും അത് സ്വീകരിയ്ക്കുമായിരുന്നൊ? ( ഇവരുടെ രണ്ടു പേരുടെയും കാര്യത്തിൽ ഇരിപ്പു വശം അനുസരിച്ച് ഇല്ല എന്ന് തീർത്തു പറയാൻ പറ്റില്ല ). അപ്പോൾ ഇത് എല്ലാവരും കൂടി അറിഞ്ഞു കൊണ്ട് വച്ച പരിപാടിയാണ്. അതിന് തെളിവാണ് തിരുവഞ്ചൂർ നേരത്തെ പറഞ്ഞത്. "എ.ആർ.റഹ്  മാന്റെ പരിപാടി ആലോചിച്ചു, പക്ഷെ 10-15 കോടി ആകുമെന്നുള്ളതിനാലാണ് അതൊഴിവാക്കി ലാലിന്റെ പരിപാടി വച്ചത്" എന്ന്. പരിപാടി പൊളിഞ്ഞപ്പോൾ സൗകര്യ പൂർവം  കാല് മാറുന്നു. ആർക്കും വേണ്ടാത്ത ഒരു കുഞ്ഞാലി മരയ്ക്കാരുടെ എന്തൊക്കെയോ സീൻ കാണിച്ച് അതിലും 20 ലക്ഷം തട്ടി. അതിന് ഇവിടെ എന്തായിരുന്നു പ്രസക്തി?  ദൂര ദർശനിൽ ഭാരതമാകെ  ഈ കോലാഹലം തത്സമയം കണ്ടു കൊണ്ടിരുന്ന വടക്കേ ഇന്ത്യൻ ആൾക്കാർ ചോദിയ്ക്കുകയാണ്, "അരേ  കോനേ യേ  കൂച്ചാലി  മാരക്കാർ?". ആള് പഴയ വല്ല ഒളിമ്പ്യൻ ആണെന്ന് അവർ ധരിച്ചു കാണും. ഓട്ടമോ ചാട്ടമോ ഏത് ഐറ്റം ആണെന്ന് അവർ ആലോചിച്ചു മടുത്തു കാണും. മോഹൻ  ലാലിന് അങ്ങേരുടെ  പുതിയ സിനിമയ്ക്ക് പബ്ലിസിറ്റിയും കിട്ടി  ഇട നിലക്കാർക്ക് കമ്മീഷനും. 

 
മമ്മൂട്ടിയ്ക്ക് ഒരു ഇടത് ചായ്‌വ് (തോൾ  അല്ല ).  സുരേഷ് ഗോപിയാകട്ടെ   ബി.ജെ.പി.എന്ന് പറഞ്ഞു നടക്കുന്നു. എന്നാൽ  തൻറെ ചരിവ്  കോണ്‍ഗ്രസ്സിനോട് ഒന്ന് കണക്റ്റ് ചെയ്യാം  എന്ന വിചാരം ആണ് മോഹൻ ലാലിനെ ഈ കൃത്യത്തിനു പ്രേരിപ്പിച്ചത് എന്ന് അനുമാനിയ്ക്കാം.  തിരുവഞ്ചൂർ ഉൾപ്പടെയുള്ള  രാഷ്ട്രീയക്കാർക്ക് ആകട്ടെ  പ്രശസ്തനും ജന പ്രിയനുമായ മോഹൻലാലിനെ മുന്നിൽ നിർത്തി ( ശിഖണ്ടി - ഈ പഞ്ച്  ഡയലോഗ് മോഹൻ ലാൽ ഒരു സിനിമയിൽ പറയുന്നത് ഏതായാലും അറം പറ്റി )   അഴിമതി കാണിയ്ക്കുക എന്ന ലക്ഷ്യവും.  

അഴിമതി കൊണ്ട് മാത്രമല്ല കെടു കാര്യസ്ഥത കൊണ്ടും സംഘാടന പ്പിഴവ് കൊണ്ടും നിറം കെട്ടതായിരുന്നു ഉദ്ഘാടന ചടങ്ങ്. കുറെ താള,വാദ്യ,നൃത്ത  കലാകാരന്മാരെ സ്റ്റെഡിയത്തിൽ നിരത്തി എന്നല്ലാതെ ഒട്ടും ആസ്വാദ്യ ജനകം ആയിരുന്നില്ല  പരിപാടികൾ. കുറെ വേഷങ്ങൾ എന്തൊക്കെയോ കളിച്ചു കൊണ്ട് പോകുന്നു അത്ര തന്നെ. കൈക്കൊട്ടിക്കളിയ്ക്കുന്ന കഥകളി വേഷങ്ങൾ, തെയ്യം കളിയ്ക്കുന്ന ഭാരത നാട്യം വേഷങ്ങൾ. അങ്ങിനെ പലതും. മുഖ്യാഥിതി ആയ സച്ചിൻ ഏതോ കിട്ടിയ കാറിൽ കയറി ആണ് അവിടന്ന് സ്ഥലം വിട്ടത്‌. അത്രയും ആയിരുന്നു അവടത്തെ സജ്ജീകരണങ്ങൾ.മുഖ്യ മന്ത്രിയ്ക്കും, സ്പോർട്സ് മന്ത്രിയ്ക്കും പ്രസംഗ സമയത്ത്  കിട്ടിയ  കാണികളുടെ കൂവൽ അവരുടെ  മനസ്സ് ആണ് വെളിവാക്കിയത്.

ലാൽ പരിപാടിയെ കുറ്റം പറഞ്ഞ് രക്ഷ പെടാനുള്ള ഒരു യജ്ഞം സ്പോർട്സ് മന്ത്രി നടത്തി നോക്കി. ഏശിയില്ല. ഉദ്ഘാടന ആഘോഷ മാമാങ്കത്തിന്റെ  പാളിച്ചകൾ മറച്ചു വയ്ക്കാനും രാഷ്ട്രീയ യജമാനന്മാരെ സന്തോഷിപ്പിയ്ക്കാനും  അഴിമതി മൂടി വയ്ക്കാനും  കെ.  മുരളീധരനെപ്പോലെ ചില ഭരണ കക്ഷി എം.എൽ.എ. മാർ രംഗത്ത് വരികയും ചെയ്തു. അതൊന്നും ജനങ്ങളുടെ മുന്നിൽ വിലപ്പോയില്ല. അഴിമതിയിൽ മനം നൊന്ത് ഗെയിംസിൽ  നിന്നും രാജി വച്ച മുരളി നേരം വെളുക്കുന്നതിനു മുൻപ് രാജി പിൻ വലിച്ചല്ലോ.(രാജി പിൻ വലിച്ചത്  റിക്കാർഡഡ്.  ചുണ്ട് അനക്കിയത് മാത്രം ആയിരുന്നു ). 


ഇത്  മഞ്ഞു മലയുടെ മുനമ്പ് മാത്രമാണ്. ഗെയിംസ് പൂർത്തി യാകുമ്പോഴേയ്ക്കും   ഇനിയും അനേകം കോടികളുടെ അഴിമതി പുറത്തു വരും. ഉദ്ഘാടനത്തിന് 15 കോടി മുടക്കിയവർ സമാപനത്തിനും കോടികൾ  ചിലവാക്കും. ചെലവ് കൂടുന്തോറും ആണല്ലോ കൂടുതൽ പണം അടിച്ചെടുക്കാൻ ഉള്ള അവസരവും വർധിയ്ക്കുന്നത്‌.  ഈ ചെലവാക്കിയ പണവും കമ്മീഷനും എല്ലാം ജനങ്ങളുടെ പണം ആണ്. അപ്പോൾ ആത്യന്തികമായി നഷ്ട്ടപ്പെടുന്നതും ജനങ്ങൾക്ക്‌ തന്നെയാണ്.

 ഒരു ഉദ്ഘാടനമോ സമാപനമോ ഇത്ര ആഡംബരവും ആർഭാടവും ആക്കുന്നത് എന്തിനാണ്? കായിക മത്സരങ്ങൾക്കല്ലേ പ്രാധാന്യം നൽകേണ്ടത്? വെറുതെ നന്നായി നടത്തി എന്ന് പൊങ്ങച്ചം പറയാൻ മാത്രമേ ഇത്തരം ചടങ്ങുകൾ ഉപകരിയ്ക്കൂ.  മുഖ്യ മന്ത്രി  അത് പരസ്യമായ് പ്രഖ്യാപിയ്ക്കുകയും ചെയ്തു. ഇത് അഭിമാനത്തിന്റെ പ്രശ്നമാണ് എന്ന്. ആരുടെ അഭിമാനം? മുഖ്യ  മന്ത്രിയുടെ. അത് പൊതു ജനങ്ങളുടെ ചിലവിൽ വേണോ? മോഹൻ ലാൽ ചെയ്തത് പോലെ ചാണ്ടിയ്ക്ക് ആത്   സ്വന്തം പണം എടുത്ത്  ചെലവാക്കി ക്കൂടേ? 

 സമാപനം ആർഭാടം പൂർണമായും ഒഴിവാക്കി ആരെങ്കിലും ഒരാൾ (കേന്ദ്രത്തിൽ നിന്നും ആരും എത്തുമെന്ന് തോന്നുന്നില്ല). ഗെയിംസ് അവസാനിച്ചതായി പ്രഖ്യാപിച്ച് സംഭവം അവസാനിപ്പിയ്ക്കണം. ഒരു രൂപയുടെ പോലും ചിലവില്ലാതെ.

6 അഭിപ്രായങ്ങൾ:

  1. വിമർശനം വന്നപ്പോൾ പണം തിരിച്ചു നൽകാനുള്ള മാന്യതയെങ്കിലും മോഹൻലാൽ കാണിച്ചു.വർഷങ്ങളായി സംസ്ഥാനം കട്ടുമുടിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ നേതാക്കന്മാർ ഇപ്പോഴും വെള്ളയുടുത്തു മാന്യന്മാരായി നടക്കുന്നു.നമ്മുടെ സംസ്ഥാനത്തിന്റെ കാര്യം ഗോവിന്ദ!

    മറുപടിഇല്ലാതാക്കൂ
  2. ജ്യൂവലേ ഇത് മോഹൻ ലാലിനെ എല്ലാരും കൂടി പറ്റിച്ചതാ. അങ്ങേരുടെ കൂടെ സിനിമാ രംഗത്തുള്ളവരും രാഷ്ട്രീയക്കാരും കൂടി. അത് മനസ്സിലാക്കാനുള്ള ബുദ്ധി ലാലിന് ഇല്ലാതെ പോയി. പാവം.

    മറുപടിഇല്ലാതാക്കൂ
  3. ശ്രീ.ബിപിൻ ഈ കുറിപ്പ് ആദ്യമേവായിച്ചില്ല,‘അവസരം’ എന്ന താങ്കളുടെ പുതിയകുറിപ്പിന് കമന്റിടുകയും ചെയ്തു. അതിരിക്കട്ടേ നമ്മുടെ പ്രിയതാരം അടുത്ത കാലത്ത് ഒരു ‘പടനായരാ‘കാനും ശ്രമിച്ച്, പെരുന്നയദ്യത്തിന്റെ പെട മേടിച്ച കാര്യം മറന്നോ ??

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുകുമാരന് ഓരോ കരയോഗത്തിൽ നിന്നും പ്രമേയങ്ങൾ കിട്ടുന്നുണ്ട്‌. അതാണതിന്റെ ശരിയായ വഴി. ജനുവരി 29 നു NSS എന്നൊരു പോസ്റ്റ് ഇട്ടിരുന്നു. അതിൽ പറയുന്നത് പോലെ താഴെ നിന്ന് അങ്ങേർക്കെതിരെ സമ്മർദം കൊണ്ട് വന്നു അവിടെസിംഹാസനത്തിൽ നിന്നും നിഷ്ക്കാസിതനാക്കണം.

      പെരുന്നയിലും മോഹൻ ലാലിന് അബദ്ധം പറ്റി.ഏതെങ്കിലും ഒരു ഉറച്ച നിലപാട് എടുക്കാൻ കലാകാര-സാഹിത്യ കാരന്മാർക്കു കഴിയുന്നില്ല. അത് അവരുടെ ആസ്വാദകരുടെ എണ്ണം കുറയ്ക്കുമോ എന്നുള്ള പേടി. കാശ് ,അതല്ലേ എല്ലാറ്റിലും വലുത്.

      ഇല്ലാതാക്കൂ
  4. വിമർശനം വന്നപ്പോൾ പണം തിരിച്ചു നൽകാനുള്ള മാന്യതയെങ്കിലും മോഹൻലാൽ കാണിച്ചു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ. അത്രയും ചെയ്തു. അതു കൊണ്ട് ഇങ്ങേരെ മുന്നിൽ നിർത്തി പണം അടിച്ചു മാറ്റിയ മറ്റുള്ളവർ വെളിച്ചത്തായി.

      ഇല്ലാതാക്കൂ