2015, ജൂൺ 20, ശനിയാഴ്‌ച

ആംബുലൻസ്

ആംബുലൻസിന്റെ വേഗത നിയന്ത്രണത്തിൽ ആണ് ഇപ്പോൾ തർക്കം ഉടലെടുത്തിരിയ്ക്കുന്നത്.  പ്രത്യേക പരിഗണന ഇവയ്ക്കു വേണ്ടെന്നും മറ്റു വാഹനങ്ങൾക്ക് നിശ്ചയിച്ച  വേഗത നിയന്ത്രണം ഇവർക്കും ബാധകം ആണെന്നുമാണ് ഡി.ജി.പി. പറയുന്നത്. മറിച്ചാണ് വേണ്ടത് എന്നും അതിനു കേന്ദ്ര നിയമം ഉണ്ടെന്നും എ.ഡി.ജി.പി. ആയ   ട്രാൻസ്പോർട്ട് കമ്മീഷണറും.

ഇപ്പോൾ കാർ, എൽ.എം.വി. എന്നിവയ്ക്ക്    അനുവദനീയമായ   വേഗത 90, 85, 80 കിലോ മീറ്റർ ആണ് നാലു വരി, ദേശീയ പാത, സംസ്ഥാന പാത എന്നിവിടങ്ങളിൽ. നഗര പരിധി, മറ്റു റോഡുകൾ ഇവയിൽ  അതിൽ  കുറവും ആണ്. ആംബുലൻസ് എൽ.എം.വി. വിഭാഗത്തിൽ വരും. അപ്പോൾ മേൽപ്പറഞ്ഞ വേഗതയിൽ മാത്രമേ പോകാൻ കഴിയുകയുള്ളൂ.  അത്യാസന്ന നിലയിൽ ഉള്ള ഒരു രോഗിയുമായി ഈ നിയന്ത്രിത വേഗതയിൽ പോകണം എന്നു പറയുന്നത് പ്രായോഗികമല്ല. എത്രയും പെട്ടെന്ന് വൈദ്യ സഹായം ലഭ്യമാക്കുകയോ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുകയോ ചെയ്ത്  മരണ വക്ത്രത്തിൽ നിന്നും മനുഷ്യനെ രക്ഷിയ്ക്കുക  എന്നതാണ് ഒരേ ഒരു ചിന്ത.  എല്ലാവരുടെയും ആവശ്യവും  അത് മാത്രമാണ്.  ഒരു ജീവൻ  അവിടെ തുലാസിൽ നിൽക്കുകയാണ്.  അങ്ങിനെയുള്ള സന്ദർഭത്തിൽ  സ്പീഡോമീറ്ററിൽ കണ്ണും നട്ട് 90 കടക്കുന്നുണ്ടോ എന്ന് നോക്കി വണ്ടി ഓടിക്കുക എന്നത്  ഒട്ടും പ്രായോഗികമല്ല. ചിലപ്പോൾ വേഗത അൽപ്പം കൂടി എന്നിരിക്കും. പല സ്ഥലങ്ങളിലും ഈ 90 ഉം 80 ഉം ഒന്നും എത്താൻ കഴിയില്ല എന്നതാണ് വസ്തുത.

ആംബുലൻസുകളെ വേഗ പരിധിയിൽ കൊണ്ടു വരുന്നത്  ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തെ ബാധിക്കും എന്ന് നിസ്സംശയം പറയാം. അതിനാൽ ആംബുലൻസുകൾക്ക് ഇളവു അനുവദിയ്ക്കുക തന്നെ വേണം. അപകടം ഒഴിവാക്കാനാണല്ലോ  വേഗത നിയന്ത്രിക്കണം എന്ന് പറയുന്നത്. അതിനായി മറ്റു പല കാര്യങ്ങളും ചെയ്യാൻ കഴിയും. കൂടിയ  വേഗതയിലും  സുരക്ഷിതമായി വാഹനം ഓടിയ്ക്കാൻ പ്രത്യേകം പരിശീലനം നൽകിയ  ഡ്രൈവർമാരെ മാത്രമേ  നിയോഗിക്കാവൂ എന്നൊരു നിബന്ധന കൊണ്ട് വരണം. അതിനായി ആംബുലൻസ് ഡ്രൈവർ എന്നൊരു വിഭാഗത്തിലായി  ലൈസൻസും ബാഡ്ജും  നൽകണം. വർഷത്തിൽ ഒരിക്കൽ അവരുടെ കാഴ്ചയും ശാരീരിക ക്ഷമതയും പരിശോധിച്ച്  ഉറപ്പു വരുത്തുകയും വേണം. അവരുടെ മറ്റു കാര്യങ്ങളുടെ ഉത്തരവാദിത്വം ആംബുലൻസിൻറെ ഉടമസ്ഥർക്ക് ആയിരിക്കണം.  നിശ്ചിത മാന ദണ്ഡങ്ങൾ ഉള്ള വാഹനങ്ങൾക്ക് മാത്രമേ ആംബുലൻസ് ആയി ലൈസൻസ് നൽകാവൂ.  ആംബുലൻസുകളുടെ  എഞ്ചിൻ എപ്പോഴും   കാര്യക്ഷമ മായിരിക്കണം.   അതിനായി   ഓരോ വർഷവും സർക്കാർ  പരിശോധന നടത്തുകയും വേണം. എല്ലാ ആംബുലൻസിന്റെയും അതിൻറെ ഡ്രൈവറുടെയും വിവരങ്ങൾ കൃത്യമായി ട്രാഫിക്ക് പോലീസിൻറെ കൈവശം ഉണ്ടായിരിക്കണം. ഒരു ആംബുലൻസ് രോഗിയുമായി പുറപ്പെടുമ്പോൾ ആശുപത്രി അധികൃതരോ ഡ്രൈവറോ , പുറപ്പെടുന്നതും എത്തുന്നതുമായ സ്ഥലം പോലീസിനെ അറിയിച്ചിരിക്കണം.   അതിനായി ഒരു മൊബൈൽ ഫോണ്‍ ആപ്പ് പോലീസിനു തയ്യാറാക്കാൻ വളരെ എളുപ്പമാണ്. വേണമെങ്കിൽ ജി.പി.എസ് . നിർബ്ബന്ധ മാക്കുകയും ചെയ്യാം.

ഒരു കാര്യം കൂടി . 25 വർഷത്തിനു ശേഷം ആണ് 2015 ൽ  പരമാവധി വേഗതാ പരിധി പരിഷ്ക്കരിച്ച് അത്  90, 85, 80 കിലോ മീറ്റർ എന്ന്  ആക്കിയത്. ഇന്നത്തെ റോഡിന്റെ സ്ഥിതിയും ഗതാഗതവും  കണക്കാക്കിയാണ് അത് നിശ്ചയിച്ചത്. അമിത വേഗതയ്ക്ക്  ഈ പരിധി കൊണ്ടു വന്നത്  അപകടം കുറയ്ക്കാനായി   മാത്രം ആണല്ലോ. ഒന്നോ രണ്ടോ   ആംബുലൻസുകൾ അൽപ്പം  വേഗത കൂട്ടി ഓടിയാൽ നിരത്തുകളിൽ ഒരു അപകടവും സംഭവിക്കാൻ പോകുന്നില്ല. കാരണം  സൈറനും ബീക്കണ്‍ ലൈറ്റുമായി പോകുന്ന  ഇവയെ മനസ്സിലാക്കാൻ മറ്റു  വാഹന ഡ്രൈവർമാർക്ക് എളുപ്പം  കഴിയുന്നുണ്ട്. അവർ വഴി മാറി  ക്കൊടുക്കുന്നുമുണ്ട്.   അതിനാൽ കാര്യം മനസ്സിലാക്കി തർക്കം അവസാനിപ്പിച്ച് ആംബുലൻസുകൾക്ക് വേഗത നിയന്ത്രണ ഇളവ് നൽകുക തന്നെ വേണം.

10 അഭിപ്രായങ്ങൾ:

  1. പൂർണ്ണമായും യോജിക്കുന്നു ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇങ്ങിനെ പോകുന്ന ആംബുലൻസിൽ ഇരുന്നിട്ടുണ്ടോ ജ്യുവൽ?

      ഇല്ലാതാക്കൂ
    2. ഉണ്ട് ബിപിൻ ചേട്ടാ...
      മിക്ക ഡ്രൈവർമാരും ആംബുലൻസു കൾക്ക് വഴിമാറിത്തരാറുണ്ട്.
      ചേട്ടൻ പറഞ്ഞ പോലെ ഒരു ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിൽ ട്രാഫിക്‌ നിയമങ്ങളെല്ലാം പാലിക്കണമെന്ന് പറയുന്നതു പ്രായോഗികമല്ല.

      ഇല്ലാതാക്കൂ
  2. അദ്ദേഹത്തോട്‌ നല്ല യോജിപ്പ്‌ തോന്നിയിരുന്നു.ഇക്കാര്യത്തിൽ കഴിയുന്നില്ല.

    മറുപടിഇല്ലാതാക്കൂ


  3. രണ്ട്‌ വർഷം മുൻപ്‌ എന്റെ അച്ഛനു ഒരു മേജർ സർജ്ജറി വേണ്ടി വന്നു...നിർഭാഗ്യവശാൽ അത്‌ പരാജയപ്പെട്ടു...സർജ്ജറി കഴിഞ്ഞ്‌ 12ഓളം മണിക്കൂറുകൾ കഴിഞ്ഞ്‌ ഡോക്ടർമ്മാർ പറഞ്ഞു,ആൾ മരിക്കുമെന്ന്.അങ്ങനെ കൈവിടാൻ ഞങ്ങൾ ഒരുക്കമായിരുന്നില്ല.രാത്രി 10 മണിയോടെ എന്റെ സഹപാഠികൾ നേഴ്സും,ഡ്രൈവറും ആയി ഡ്യുട്ടിയിലുള്ള 1298 ആംബുലൻസിൽ എറണാകുളം ലൂർദ്ദിലേയ്ക്ക്‌ പുറപ്പെട്ടു.കിടങ്ങൂരിൽ നിന്നുമവിടം വരെ 72കിലോമീറ്റർ ഉണ്ട്‌.മുക്കാൽ മണിക്കൂർ കൊണ്ട്‌ എത്തിച്ചേർന്നു.രണ്ട്‌ മണിക്കൂർ കൊണ്ട്‌ അച്ഛൻ വെന്റിലേറ്ററിൽ ആയി.പിറ്റേന്ന് രാവിലെ ഏഴ്‌ മണിക്ക്‌ ഡയാലിസിസ്‌.ആറാം ദിവസം വെന്റിലേറ്ററിൽ നിന്നും മാറ്റി.നാലു ഡയാലിസിസ്‌ 13 ദിവസം കൊണ്ട്‌.
    മരിയ്ക്കുമെന്ന് ഉറപ്പിച്ച്‌ പറഞ്ഞ ആൾ 16 ആമത്തെ ദിവസം വീട്ടിലേയ്ക്ക്‌ നടന്ന് കയറി.

    പെട്ടെന്ന് ആ ആംബുലൻസ്‌ യാത്ര ഓർമ്മ വന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത് കൊണ്ടാണ് സുധീ ആംബുലൻസ് അൽപ്പം വേഗതയിൽ പോകട്ടെ എന്ന് പറയുന്നത്.
      അങ്ങിനെ അച്ഛനെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവന്നു,

      ഇല്ലാതാക്കൂ
  4. ബിപിന്‍ സാറിന്‍റെ നിര്‍ദ്ദേശങ്ങളോട് യോജിക്കുന്നു.....
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആരെങ്കിലും ഇതൊക്കെ കേൾക്കുമോ ചേട്ടാ .

      ഇല്ലാതാക്കൂ
  5. മറുപടികൾ
    1. ജനങ്ങൾക്ക് ഗുണമുള്ളത് ചെയ്‌താൽ മതിയായിരുന്നു.മുരളീ

      ഇല്ലാതാക്കൂ