2015, ജൂൺ 4, വ്യാഴാഴ്‌ച

മാഗി





അതെ. 30 വർഷമായി നമ്മളെ ചൂഷണം ചെയ്തു കൊണ്ടിരിയ്ക്കുന്നു.

എന്ത് കഴിയ്ക്കണം എന്നോ കഴിയ്ക്കുന്നതിൽ എന്തൊക്കെ ഉണ്ടോ എന്നൊന്നും നമ്മലളല്ല തീരുമാനിയ്ക്കുന്നത്. അത് വലിയ ഭക്ഷണ നിർമാണ കമ്പനികൾ ആണ്. നമ്മൾ കണ്ണും പൂട്ടി വിഴുങ്ങുന്നു. അവർ തരുന്നതും അവർ പറയുന്നതും.

2 മിനിട്ട് കൊണ്ട് ഒരു ലോകം നമ്മുടെ മുന്നിൽ തുറന്നു തരുന്നു എന്ന് തോന്നിപ്പിയ്ക്കുന്ന പരസ്യവുമായി ആണ് മാഗി നൂഡിൽസ് വന്നത്. ലോക  പട്ടിണിയ്ക്ക് ഒരു പരിഹാരം എന്ന നിലയിൽ.  ഇത്രയും നാൾ നമ്മൾ കാത്തിരുന്നത് അതാണ്‌ എന്ന മട്ടിൽ നമ്മൾ കൂട്ടത്തോടെ അത് വാങ്ങി കഴിച്ചു. പരസ്യം കണ്ടു പിള്ളേർക്ക് അത് ഒരു പൂർണ ആഹാരമായി നമ്മൾ നൽകി, കരുതി. നമ്മെളെ കഴിപ്പിയ്ക്കാൻ വന്നത് ആരെന്ന് നോക്കൂ. അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, പ്രീതി സിന്റ തുടങ്ങിയവർ. വളരെ നല്ലതാണ്, ആരോഗ്യത്തിന് അത്യുത്തമം എന്നൊക്കെ പറഞ്ഞു ഇവർ വന്നപ്പോൾ നമ്മൾ കൂടുതൽ വാരി ക്കഴിയ്ക്കാൻ തുടങ്ങി.

ഇപ്പോഴിതാ പറയുന്നു അതിൽ  ഈയം അമിതമായി അടങ്ങിയിട്ടുണ്ട്. പിന്നെ മാരകമായ ചൈനീസ് സാൾട്ട് (MSG) ഉണ്ടെന്ന്.  പല സംസ്ഥാനങ്ങളിലും അത് നിരോധിച്ചു കഴിഞ്ഞു. അമിതാഭ് തുടങ്ങിയുള്ളവരുടെ പേരില് കേസും എടുത്തു തുടങ്ങി.  അത് വളരെ ആവശ്യമാണ്‌. ഇതെന്താണ് എന്ന് അറിയാതെ കാശും വാങ്ങി ഇത് നല്ലതാണ് കഴിയ്ക്കൂ എന്ന് നമ്മോടു പറഞ്ഞു നമ്മളെ വഞ്ചിയ്ക്കുന്ന  ഇവർക്കെതിരെ കേസ് എടുക്കുക തന്നെ വേണം.

നെസ് ലെ എന്നത് ഒരു വലിയ ആഗോള ഭീമൻ ആണ്. അവർ ശത കോടികൾ ഉണ്ടാക്കുന്നത്‌ ഈത്തരം തട്ടിപ്പ് കൊണ്ടാണ്. തൽക്കാലം അവർ ഒന്ന് പിൻവാങ്ങിയേക്കാം. എങ്ങിനെയെങ്കിലും അവർ തിരിച്ചു വരും. വീണ്ടും നമ്മളെ വഞ്ചിച്ച്. കാഡ്ബറിയുടെ കഥ മറന്നു കാണില്ലല്ലോ. അവരുടെ ഡയറി മിൽക്ക് ചോക്കലെട്ടിൽ പുഴു കണ്ടു. അങ്ങിനെ വിൽപ്പന ഇടിഞ്ഞു. അവർ നേരെ അമിതാഭ് ബച്ചനെ കൊണ്ട് വന്നു. ഒരു പ്രശ്നവും ഇല്ല വാങ്ങി കഴിച്ചോ എന്ന് പുള്ളി ടി.വി.യിലൂടെയും മറ്റു പരസ്യങ്ങളിലൂടെയും നമ്മളോട് പറഞ്ഞു. ഇന്ന് എത്ര പേർ പുഴു കണ്ടത് ഓർമിയ്ക്കുന്നു? നമ്മൾ സന്തോഷമായി  ഡയറി മിൽക്ക് വാങ്ങി കഴിയ്ക്കുന്നു. അവരുടെ വിൽപ്പന പൂർവാധികം ഭംഗിയായി നടക്കുന്നു. അത് പോലെ ഒന്ന് രണ്ടു മാസം കഴിയുമ്പോൾ നമ്മൾ വീണ്ടും മാഗി നൂഡിൽസ് വാങ്ങി തിന്നു തുടങ്ങും.

ഈ ആഗോള ഭീകരർ എന്തൊക്കെയാണ് ഇതിൽ ചേർക്കുന്നത് എന്ന് പോലും നമ്മുടെ സർക്കാരിനോട് പോലും പറയില്ല. അത്ര ധാർഷ്ട്യവും പണക്കൊഴുപ്പും ആണവർക്ക്. നമ്മുടെ സർക്കാരുകൾ ആകട്ടെ കിട്ടുന്ന നക്കാപ്പിച്ചയും വാങ്ങി അത് സമ്മതിച്ചു കൊടുക്കും. അതിനെതിരെ ശക്തമായ നടപടി എടുത്ത ഒരേ ഒരു സർക്കാരെ ഉള്ളൂ. 1977 ലെ ജനതാ സർക്കാർ. കൊക്കാ കോള അമേരിക്കയിൽ നിന്നും കൊണ്ട് വരുന്നു എന്തോ ഒരു പൊടി കലക്കി നമുക്ക് തരുന്നു. എന്താണ് അതിനുള്ളിൽ എന്ന് അവർ  പറയില്ല. അന്നത്തെ സർക്കാർ    ( ജോർജ്  ഫെർണാണ്ടസ്) കൊക്കാ കോളയെ ഭാരതത്തിൽ നിന്നും പുറത്താക്കി. കുറെ വർഷം കഴിഞ്ഞാണ് അവനു തിരിച്ചു വരാൻ കഴിഞ്ഞത്. അത് പോലെ പ്രവർത്തിയ്ക്കുന്ന ഒരു സർക്കാർ ഉണ്ടെങ്കിലെ ഈ ചൂഷണത്തിൽ നിന്നും നമ്മൾ രക്ഷ പ്പെടൂ.

പിന്നെ നമ്മുടെ കയ്യിലും ഉണ്ട് കുറ്റം. നാട്ടിലുള്ള നല്ല സാധനം ഒന്നും കഴിയ്ക്കില്ല. വിദേശി എന്ത് junk  കൊണ്ടിറക്കിയാലും നമ്മൾ വാരി തിന്നും.ഇവിടത്തെ പൊരിച്ച കോഴി തിന്നു കൊണ്ടിരുന്ന നമ്മൾ ഒരു സുപ്രഭാതത്തിൽ KFC യുടെ അളിഞ്ഞ സാധനം വാങ്ങി തിന്നു തുടങ്ങി. അത് പോലെ ഡോമിനോസും പിറ്റ്സാ ഹട്ടും ഒക്കെ വന്നിറങ്ങി. സ്വർഗംകിട്ടിയത് പോലെ എന്താണെന്ന് അറിയാതെ നമ്മൾ തീറ്റ തുടങ്ങി. പിന്നെ ഒരു സഹായം അവർ ചെയ്യുന്നു.. നമുക്ക് ആവശ്യമായ മരുന്നും ഈ അമേരിക്കക്കാരും ഫ്രഞ്ച് കാരും  ഒക്കെ ഉണ്ടാക്കി തരുന്നുണ്ട്. 

6 അഭിപ്രായങ്ങൾ:

  1. കിടിലൻ പോസ്റ്റ്...സത്യത്തിൽ മാഗിയുടെ രുചി എനിക്കിഷ്ടമായിരുന്നു...
    വിഷമില്ലാത്തതായി ഒന്നും ബാക്കിയില്ലാതായി..

    മറുപടിഇല്ലാതാക്കൂ
  2. എവിടെയായിരുന്നു തൊട്ടാവാടി? കുറെ നാളായല്ലോ കണ്ടിട്ട്.

    മറുപടിഇല്ലാതാക്കൂ
  3. ഈ ലേഖനം പോലും ആഗോളഭീമന്മാരോട് മൃദുസമീപനം ആണ് പുലർത്തിയിരിക്കുന്നത്. ഇത്രയേറെ വിഷം കലക്കി തന്നിട്ടും വിമർശനം ഉന്നയിച്ചിരിക്കുന്നത് മറ്റുള്ളവരെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിഷം കലക്കി തന്നാലും കണ്ണടച്ച്, സന്തോഷ പൂർവ്വം കുടിയ്ക്കുന്ന നമ്മളെയല്ലേ ഗോവിന്ദാ കുറ്റപ്പെടുത്തേണ്ടത്? കാശ് പോകുന്നതും നമ്മുടെ, ആരോഗ്യം പോകുന്നതും നമ്മുടെ.

      ഇല്ലാതാക്കൂ
  4. ടിവിചാനലുകളിലൂടെ കാണിക്കുന്ന പരസ്യങ്ങള്‍ കുട്ടികളില്‍ പോലും വന്‍സ്വാധീനം ചെലുത്തുന്നുണ്ട് എന്നതാണ് സത്യം...............
    ആശംസകള്‍ ബിപിന്‍ സാര്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതിലും കുറച്ചു പലിശ കൊടുത്താൽ മതിയല്ലോ പ്രവാസികൾക്ക്, ബാങ്ക് കൊടുക്കുന്ന പലിശ.

      ഇല്ലാതാക്കൂ