Friday, May 24, 2013

ഒരു കുളം പുനർജ്ജനിക്കുന്നു

തണ്ണീർത്തടങ്ങളും വയലുകളും ജലാശയങ്ങളും ഒന്നൊന്നായി നശിപ്പിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിൽ  ഒരു കുളം പുനർജ്ജനിക്കുന്നു  എന്ന വാർത്ത മനസ്സിൽ  ഒരു കുളിർ  മഴയായി. 

തിരുവനന്തപുരം ജില്ലയിൽ  നെയ്യാറ്റിൻകര ചെങ്കൽ ഗ്രാമത്തിലെ വറ്റി വരണ്ട് മണ്ണടിഞ്ഞു കരയായി മാറിയ 2 8 ഏക്കറിലുള്ള വലിയ കുളം വീണ്ടും കുളം ആയി പരിണമിക്കുന്നത് മനുഷ്യ മനസ്സിൻറെ നന്മ ഒന്ന് കൊണ്ടു മാത്രം ആണ്.ഭാവി തലമുറ കൾക്ക് വേണ്ടി, ഭൂമിയെ മരണത്തിൽ നിന്നും രക്ഷിക്കുവാൻ വേണ്ടി, പ്രതിന്ജാ ബദ്ധരായ ഒരു കൂട്ടം സു മനസ്സുകളുടെ നിസ്വാർതമായ പ്രവർത്തനത്തിന്റെ ഫലമാണ് ഊഷരമായി മാറിക്കൊണ്ടിരിക്കുന്ന ഭൂമിക്ക് ദാഹ ജലം പകരാനായി ഈ ജലാശയം ഉണ്ടാകുന്നത്. ഈ ഇടവപ്പാതിയിൽ നിറഞ്ഞു കവിയുന്ന കുളം കണ്ട് നമ്മുടെ മനസ്സും നിറയട്ടെ. 

ഒരു കാര്യം. കുളത്തിന് ആഴം കൂട്ടാനായി എടുത്ത മാറ്റുന്ന ആയിരക്കണക്കിന് ലോറി മണ്ണ് മറ്റൊരു കുളമോ വയലോ നികത്താനല്ല ഉപയോഗിക്കുന്നത് എന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം കൂടി നമുക്കില്ലേ? ഭൂ, മണ്ണ് മാഫിയകൾ (ഇവരെ മാഫിയകൾ എന്ന് വിളിക്കുന്നത് ശരി അല്ല എന്നും അവർ ബിസിനെസ്സ് കാർ  ആണെന്നും ജസ്റ്റീസ് രാമചന്ദ്രൻ നായർ പറയുന്നു എങ്കിലും)ഭരണം നടത്തുന്ന കേരളത്തിൽ അതിനുള്ള സാധ്യതകൾ  ആണ് ഏറെ. റോഡ്‌,റെയിൽ എന്നിവയുടെ നിർമാണത്തിന് ഈ മണ്ണ് ഉപയോഗിക്കാം. കഴക്കൂട്ടം ബൈ പാസ് നാല് വരി ആക്കുന്നതിന് ധാരാളം മണ്ണ് ആവശ്യവും ഉണ്ട്. കുന്നുകൾ  ഇടിച്ചു നിരത്താതെ തന്നെ ഇത്തരം  മണ്ണ് ഉപയോഗിക്കാം. 

ഒരു കാര്യം കൂടി. കുളത്തിൽ  വെള്ളം നിറയുന്നതിനു മുൻപ്  തന്നെ വിനോദ സഞ്ചാര വികസന പദ്ധതികൾ ആസൂ ത്രണം ചെയ്യാൻ മുഖ്യ മന്ത്രി നിർദേശം നൽകി ക്കഴിഞ്ഞതായി അറിയുന്നു. പ്രകൃതിയെ ചൂഷണം ചെയ്യാൻ സ്വകാര്യ കച്ചവടക്കാരെ  രംഗത്ത് ഇറക്കുക  ആണിതിന്റെ ലക്ഷ്യം. ടൂറിസവും റിസോർട്ടുകളും ഹോട്ടലുകളും ഫ്ലാറ്റുകളും അനുബന്ധ സൌകര്യങ്ങളും ഈ ജലാശയത്തെ മലീമസമാക്കുകയും ചെങ്കൽ ഗ്രാമത്തെ എന്നെന്നേക്കുമായി നശിപ്പിക്കുകയും ചെയ്യും. കോവളം,വർക്കല മുതലായ കടൽ ത്തീരങ്ങളും, ശാസ്താംകോട്ട കാ യൽ, ആക്കുളം കായൽ, അഷ്ടമുടി ക്കായൽ എന്നിവയും നശിച്ചത് ടൂറിസത്തിന്റെ പേരിൽ  നടത്തിയ പ്രവർത്തനങ്ങളുടെ  ഫലമാണ്.എങ്ങിനെ എങ്കിലും, ഭൂമിയും പരിസ്ഥിതിയും മനുഷ്യരാശി തന്നെയും നശിച്ചായാലും  പണം ഉണ്ടാക്കണം എന്ന് ആർത്തി പൂണ്ട ഒരു കൂട്ടരുടെ പരിസ്ഥിതി വിധ്വംസന  പ്രവർത്തനങ്ങളുടെ അനന്തര ഫലം ആണ് ഇന്ന് നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന അത്യുഷ്ണവും മഴയില്ലായ്മയും മറ്റു പ്രകൃതി ദുരന്തങ്ങളും. 

അതിനാൽ ടൂറിസമെന്ന അഭാസത്തിനു വശം വദരാകാതെ  മണ്ണിനും മനുഷ്യനും മരത്തിനും സർവ  ജീവജാലങ്ങൾക്കും ജീവ ജലം പകരുന്ന അക്ഷയ പാത്രം ആയി 'വലിയ കുളം' എന്ന ഈ  ശുദ്ധ ജല തടാകത്തെ അമൂല്യ നിധിയായി  നമുക്ക് കാത്തു സൂക്ഷിക്കാം.  

Sunday, May 19, 2013

NON-CONVENTIONAL ENERGY SOURCES

തിരുവനന്തപുരത്തിന്റെ, കേരളത്തിന്റെ തന്നെ അഭിമാനമായ ടെക്നോ പാർക്ക് പടർന്നു പന്തലിച്ച് വികസനത്തിന്റെ ചരിത്രത്തിൽ ഒരു നാഴിക ക്കല്ലായി നില കൊള്ളുന്നു. സ്വാർത്ഥ ലാഭം മനസ്സിൽ ക്കാണാതെ നാടിന്റെ നന്മ ലക്ഷ്യമാക്കി തുടങ്ങിയതിനാലും ഭൂ മാഫിയ അക്കാലത്ത് അത്ര സജീവം അല്ലാതിരുന്നതിനാലും "സ്മാർട്ട് സിറ്റി" പോലെ റിയൽ എസ്റ്റേറ്റ്‌ മാഫിയയുടെയും രാഷ്ട്രീയ ദല്ലാളൻ മാരുടെയും പിടിയിൽ അകപ്പെടാതെ രക്ഷ പ്പെടാൻ ടെക്നോ പാർക്കിന് കഴിഞ്ഞു. ഐ.റ്റി. വികസനത്തിന് പ്രാധാന്യം  കൊടുക്കുന്നു എങ്കിലും പരിസ്ഥിതി സൗഹാർദ പരമായ ഒരു അന്തരീക്ഷം അല്ല അവിടെ നില നിൽക്കുന്നത്.ഊർജ പ്രതി സന്ധിയും  ജല ദൗർലഭ്യവും അതി രൂക്ഷമായി രിക്കുന്ന ഇക്കാലത്ത് ഊർജ-ജല സംരക്ഷണത്തിന്  ടെക്നോ പാർക്ക്കാര്യമായി ഒന്നും ചെയ്യുന്നില്ല എന്നത് ദുഃഖ കരമാണ്. കുറെ സൈക്കിളുകൾ വാങ്ങി പാർക്കിൽ വെറുതെ ഇടുക, ചക്രം  ചവിട്ടിക്കറക്കി പ്രവർത്തിക്കുന്ന ഒരു ജല ധാര സ്ഥാപിക്കുക തുടങ്ങിയ ചില "ഗിമ്മിക്കുകൾ" കാണിക്കുന്നു എന്നല്ലാതെ പാരമ്പര്യേതര ഊർജൊൽപ്പാദനതിനൊ മഴ വെള്ള  സംഭരണത്തിനോ പാർക്കിന്റെ ഭാഗത്ത്‌ നിന്നോ കമ്പനികളുടെ ഭാഗത്ത്‌ നിന്നോ ഒരുപ്രവൃത്തിയും ഉണ്ടാകുന്നില്ല.

മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന കറന്റ് കട്ട്. അതി രൂക്ഷമായ ജല ക്ഷാമം. ഈ വേനലിൽ കേരളം അഭി മുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ ആണിവ. ഭാവിയിൽ  ഇതിലും ഗുരുതരം ആയി  ആവർത്തിക്കുന്നവ. പാരമ്പര്യേതര ഊർജ, ജല  സ്രോതസ്സുകളെ ആശ്രയിക്കേണ്ട സ്ഥിതി വന്നു ചേർന്നിരിക്കുന്നു എന്നുള്ള ബോധം ജനങ്ങളിൽ കുറേശ്ശെ ആയി ക്കഴിഞ്ഞു. പക്ഷെ  ഈ രംഗത്ത് വളരെയേറെ സാധ്യത കൾ ഉള്ള തിരുവനന്തപുരം  ടെക്നോ പാർക്ക് ഈ സത്യത്തിനു മുൻപിൽ മുഖം തിരിച്ച് നിസംഗതയോടെ നില്ക്കുന്നത് നിരാശാ ജനകമാണ്.

ടെക്നോ പാർക്കിലെ വൈദ്യുതി ഉപഭോഗം വളരെ വലുതാണ്‌. ഏതാണ്ട് 4 കോടി കുബിക് അടി ഓഫീസ് സ്ഥലം തണുപ്പിച്ച് നില നിർത്തുന്നതിനായി രാപ്പകൽ പ്രവർത്തിക്കുന്ന എയർ കണ്ടീഷനറുകൾ. ലൈറ്റുകൾ,ലിഫ്റ്റുകൾ തുടങ്ങിയവ വേറെ. പിന്നെ 2 4 മണിക്കൂറും പ്രവർത്തിക്കുന്ന പതിനായിര ക്കണക്കിന് കമ്പ്യൂട്ടർ കൾ, മറ്റ് അനുബന്ധ  ഉപകരണങ്ങൾ. ഇതൊന്നും പോരാതെ   light pollution ഉണ്ടാക്കുന്ന     "ഹൈ മാസ്റ്റ്" വിളക്കുകൾ. തിരുവനന്തപുരം നഗരത്തിൽ  മൊത്തം ആവശ്യമായ  വൈദ്യുതി തന്നെ ടെക്നോ പാർക്കിന് മാത്രമായി വേണ്ടി വരും.

ജോലി ചെയ്യുന്നവരുടെയും, പാർക്ക്, കമ്പനി അധികൃതരുടെയും മാനസിക നില ധാരാളിത്ത ത്തിന്റെ താണ്. അവിടെ കിട്ടുന്ന ഉയർന്ന ശമ്പളവും മറ്റും അവരെ ഒരു ചില്ലു മേടയിൽ എത്തിച്ചിരിക്കുന്നു. ചുട്ടു പാടും നടക്കുന്ന ഒന്നിനെ പ്പറ്റിയും അവർ concerned അല്ല. വൈദ്യുത, ജല ഉപഭോഗത്തിലും ഇത് തന്നെ സ്ഥിതി. 

ടെക്നോ പാർക്കിന് സ്വന്തമായി 7 ഉം കമ്പനികളുടെതായി 10 ഉം വിശാലമായ കെട്ടിടങ്ങൾ ഇവിടെ ഉണ്ട്.ഇവക്കാകെ  മൊത്തം ഏതാണ്ട് 5 0 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ മേൽക്കൂര ഉണ്ട്. നല്ല സൂര്യ പ്രകാശം ലഭിക്കുന്ന ഈ മേൽക്കൂര  മുഴുവൻ സോളാർ പാനലുകൾ സ്ഥാപിച്ചാൽ പാർക്കിന്റെ ആവശ്യത്തിന്റെ നല്ലൊരു പങ്ക് സൗരോർജത്തിലൂടെ നേടാം. മറ്റൊരു 5 0 ലക്ഷം
ചതുരശ്ര അടി കെട്ടിടങ്ങൾ മൂന്നാം ഘട്ട വികസനത്തിൽ പൂർത്തിയായി വരുന്നു. അവിടെയും സോളാർ പാനലുകൾ സ്ഥാപിക്കാം.

 ഒരു ചതുരശ്ര അടി സോളാർ പാനലിൽ നിന്നും 10 watt വൈദ്യുതി ഉൽപ്പാദിപ്പിക്കാം എന്നാണു കണക്ക്. അപ്പോൾ 100 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലുള്ള  സോളാർ പാനലിൽ നിന്നും എത്ര വൈദ്യുതി ഉൽപ്പാദിപ്പിക്കാന് കഴിയും?  ആലോചിക്കാൻ പോലും വയ്യ. അല്ലേ? പക്ഷെ സത്യം അതാണ്‌...  

   വൈദ്യുതി ദുർല്ലഭം ആയിക്കൊണ്ടിരിക്കുന്ന കേരളത്തിൽ  പാരമ്പര്യേതര  ഊർജ സ്രോതസ്സുകളിൽ നിന്നും ഉള്ള വൈദ്യുതി മാത്രം ആണ് ശാശ്വത പരിഹാരം എന്ന് എല്ലാവർക്കും അറിയാം.അത്തരം ദീർഘ വീക്ഷണം ആണ് നമുക്ക് വേണ്ടത്.

രൂക്ഷമായ ജല ക്ഷാമം അനുഭവിക്കുകയാണ് കേരളം. പ്രകൃതിയെ നശിപ്പിച്ച് മഴയെ നമ്മൾ അകറ്റി. കഴക്കൂട്ടം ഏരിയയിൽ ഭൂഗർഭ  ജല നിരപ്പ് പാലക്കാടിനോപ്പം ക്രമാതീതമായി താഴ്ന്നു കഴിഞ്ഞു എന്ന് സർവ്വേ യിൽ കണ്ടെ ത്തിയിട്ടുണ്ട്. പുതിയ ഫ്ലാറ്റുകളുടെ വരവാണ് അനിയന്ത്രിതമായ ജല ചൂഷണത്തിന്  ഒരു കാരണം ആകുന്നത്. ഏതാണ്ട് ഒരു ലക്ഷത്തോളം പേർ  ജോലി ചെയ്യുന്ന, അവരുടെ ആവശ്യങ്ങൾക്കും അവർക്ക് ഭക്ഷണം ഉണ്ടാക്കാനുള്ള ഹോട്ടലുകൾക്കും  വേണ്ടി ധാരാളം വെള്ളം ടെക്നോ പാർക്കിൽ ആവശ്യം ഉണ്ട്. ഇത്രയും കെട്ടിടങ്ങൾ  സ്ഥിതി ചെയ്യുന്ന, 350 ഏക്കർ  സ്ഥലം ഉള്ള പാർക്കിൽ ഒരു തുള്ളി മഴ വെള്ളം പോലും സംഭരിക്കുന്നില്ല എന്നതാണ് ദുഃഖ കരമായ സത്യം.. മഴ വെള്ള സംഭരണത്തിലൂടെ പാർക്കിന്റെ  ആവശ്യങ്ങൾ നിറവേറ്റാം.

പാഴായി പ്പോകുന്ന സൂര്യ പ്രകാശവും മഴ വെള്ളവും പ്രയോജനപ്പെടുത്തി പ്രകൃതിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ടെക്നോ പാർക്കിനും അവിടെ പ്രവർത്തി ക്കുന്ന കമ്പനികൾക്കും ഉണ്ട്.  സമൂഹം അവരിൽ  നിന്നും അത് പ്രതീക്ഷിക്കുന്നും ഉണ്ട്.