Friday, April 29, 2016

ഹെലികോപ്ടർ കോഴ


ഇത്തവണ മദാമ്മ അകപ്പെടുന്നതിന്റെ എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്. 

3600 കോടി രൂപയുടെ അഗുസ്റ്റ വെസ്റ്റ്ലണ്ട്  ഹെലികോപ്ടർ ഇടപാടിൽ കോഴ നൽകി എന്ന് സ്ഥിരീകരിക്കുന്ന  കോടതി വിധി യിൽ കോൺഗ്രസ്സിന്റെ അധ്യക്ഷയും  പരമാധികാരിയും ആയ  ശ്രീമതി സോണിയ ഗാന്ധിയുടെ പേര് പരാമർശിക്കപ്പെട്ടിരിക്കുന്നു. അഴിമതിയിൽ  ഇത് മറ്റൊരു ബൊഫോർസ് ആകാനുള്ള സാധ്യത ആണ് തെളിഞ്ഞു വരുന്നത്. ഇത്രയും കാലം വന്ന പല കോടതി വിധികളും ഇന്ത്യൻ കോടതിയുടേത്  എന്ന് പുശ്ചിച്ചു  തള്ളിയ പാരമ്പര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്സ്. അത്തരം ഒരു കോടതി വിധി വിമർശനത്തിന് 'നീലത്തിൽ വീണ കുറുക്കൻറെ ' സ്ഥിതി ആയി ഹൈക്കോടതിയിൽ മാപ്പപേക്ഷിച്ച  ഒരു കോൺഗ്രസ്സ് മന്ത്രി നമ്മുടെ  കേരളത്തിലും ഉണ്ടല്ലോ.  സോണിയയുടെ പേര് പരാമർശിച്ചിട്ടുള്ള വിധി  ഇന്ത്യൻ കോടതിയുടേത് അല്ല ഒരു വിദേശ രാജ്യത്തെ കോടതിയുടെതാണ് എന്നതാണ്  രസകരം. സോണിയയുടെ ജന്മദേശമായ ഇറ്റലിയിലെ   കോടതിയുടേത് ആണ് ആ വിധി എന്നത് വിധി വൈപരീത്യം  എന്നല്ലാതെ എന്ത് പറയാൻ.

സോണിയ ഗാന്ധി മാത്രമല്ല ഈ കോടതി വിധിയിൽ പരാമർശ വിധേയയായിട്ടുള്ളത്. അന്നത്തെ  പ്രധാന മന്ത്രി മൻ മോഹൻ സിംഗ് ഇതിൽ പേരെടുത്തു പറഞ്ഞിടുള്ള ആളാണ്‌.   സോണിയയുടെ രാഷ്ട്രീയ സെക്രട്ടറി ആയിരുന്ന അഹമ്മദ് പട്ടേൽ (അലൂമിനിയം പട്ടേൽ എന്ന് കെ. മുരളീധരൻ വിളിച്ച  അതെ പട്ടേൽ ), പിന്നെ കോൺഗ്രസ്സ് മന്ത്രി ആയിരുന്ന  ഓസ്കാർ    ഫെർണാണ്ടസ് എന്നിവരും കോഴയിൽ പങ്കുള്ളവരാണ് എന്നാണ് ഇറ്റലി കോടതി പറഞ്ഞിരിക്കുന്നത്. കോഴ നൽകിയതിന് രണ്ടു പേരെ കോടതി ശിക്ഷിക്കുകയും  ചെയ്തിട്ടുണ്ട്. 

Tuesday, April 26, 2016

ചൂട്

നാട് വെന്തു ഉരുകുകയാണ്. പകൽ ചൂട് കേരളത്തിൽ  എല്ലായിടത്തും 40 ഡിഗ്രി ആയിക്കഴിഞ്ഞു.  സൂര്യഘാതത്തിൽ  മനുഷ്യർ മരിക്കുന്നു. കന്നുകാലികളും വളർത്തു മൃഗങ്ങളും മരിച്ചു വീഴുന്നു. നദികളും ജലാശയങ്ങളും വറ്റി വരണ്ടു. കിണറുകളും കുളങ്ങളും വറ്റി.  കുടിക്കാൻ വെള്ളമില്ല. കൃഷിവിളകൾ എല്ലാം കരിഞ്ഞു കഴിഞ്ഞു. ഇത്രയും രൂക്ഷമായ ഒരു വരൾച്ച ഇത് വരെ കണ്ടിട്ടില്ല. ഇത്രയും ചൂടും അനുഭവിച്ചിട്ടില്ല. ഓരോ വർഷവും ചൂട് കൂടിക്കൂടി വരുന്നു. അടുത്ത മഴ വരുന്നത് വരെ, ഒരു മാസം കൂടി, ഈ കടുത്ത ചൂടിൽ ഉരുകാൻ വിധിക്കപ്പെട്ടവരാണ് കേരള ജനത. അതിനിടയിൽ ചൂടിൽ, വെള്ളം കിട്ടാതെ മരിക്കുമോ എന്ന് അറിഞ്ഞു കൂടാ.

 വർഷ കാലത്ത് മാത്രമല്ല വർഷം മുഴുവനും നിറഞ്ഞൊഴുകുന്ന പുഴകൾ. പൊട്ടിച്ചിരിച്ചു പായുന്ന  അരുവികൾ, തോടുകൾ. നിറഞ്ഞ നീല  ജലാശയങ്ങൾ. പരിശുദ്ധമായ ജലം ലഭിക്കുന്ന വീട്ടു മുറ്റത്തെ ഉറവ വറ്റാത്ത കിണറുകൾ.

ഇതായിരുന്നു കേരളം. ജല സമൃദ്ധി നിറഞ്ഞ കേരളം. വരൾച്ച കണ്ടിട്ടില്ലാത്ത കേരളം. എന്നും എവിടെയും ധാരാളമായി ജലം.  കുടിക്കാനും കുളിക്കാനും കൃഷിയ്ക്കും ഇഷ്ട്ടം പോലെ വെള്ളം. 44 നദികൾ ആണ് കേരളത്തിൽ ഉള്ളത്. 
 സസ്യ ശ്യാമള കോമള ധരണി ആയിരുന്നു കേരളം. പച്ചപ്പട്ടു വിരിച്ച  വയലേലകൾ. തലയുയർത്തി നിൽക്കുന്ന കേര വൃക്ഷങ്ങൾ. നിബിഡമായ കാട്.

നല്ല കാലാവസ്ഥ.  കുംഭം മീന മാസങ്ങളിലെ ചൂട് പോലും അത്ര കടുത്തതല്ല. അതായിരുന്നു  1956 ൽ കേരളം പിറവി എടുക്കുമ്പോൾ ഉള്ള സ്ഥിതി.

ആ കേരളം എങ്ങിനെ ഈ  സ്ഥിതിയിൽ എത്തി?

കാടായ കാടെല്ലാം വെട്ടി നശിപ്പിച്ചു. വനം കയ്യേറി. മരങ്ങളെല്ലാം മുറിച്ചു കളഞ്ഞു . നെൽവയലുകൾ എല്ലാം നികത്തി. കുളങ്ങളും ജലാശയങ്ങളും നികത്തി. കായലുകൾ നികത്തി.   നദികളെല്ലാം മണലൂറ്റി നശിപ്പിച്ചു.  മഴ കുറഞ്ഞു. ഭൂമിയിൽ വീഴുന്ന മഴവെള്ളം കെട്ടിക്കിടക്കാതായി. മണ്ണിൽ താഴ്ന്നു പോകാതായി. ഭൂഗർഭ ജലത്തിൻറെ അളവ് കുറഞ്ഞു. അങ്ങിനെ ജല ക്ഷാമം രൂക്ഷമായി. ചൂട് അതി ഭയങ്കരമായി വർദ്ധിച്ചു.

ആരാണ് ഇതിനു ഉത്തരവാദികൾ? കേരള പ്പിറവി യ്ക്ക് ശേഷം കേരളം ഭരിച്ച സർക്കാരുകൾ ആണ് ഇതിനുത്തരവാദികൾ.  1957 മുതൽ കഴിഞ്ഞ 58 വർഷം കേരളം  ഭരിച്ചവർ.  കേരളം നശിപ്പിച്ചതിന് പൂർണ ഉത്തരവാദികൾ അവരാണ്. ഇടതു മുന്നണിയും കോൺഗ്രസ്സ് മുന്നണിയും. കമ്മ്യുണിസ്റ്റ് മുന്നണി 29 വർഷം കേരളം ഭരിച്ചു. കോൺഗ്രസ്സ് മുന്നണിയും 29 വർഷം കേരളം ഭരിച്ചു. അവരാണ് ഈ നാട് മുടിച്ചത്. അതിന് മാർക്സിസ്റ്റ് പാർട്ടിയും കോൺഗ്രസ്സ് പാർട്ടിയും തുല്യ ഉത്തരവാദികൾ ആണ്.

 മാർക്സിസ്റ്റ് പാർട്ടിയും കോൺഗ്രസ്സ് പാർട്ടിയും ഇത് തുടരും എന്ന് തന്നെയാണ്. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു തൊട്ട് മുൻപ് ആയിരക്കണക്കിന് ഏക്കർ,മെത്രാൻ കായൽ ഉൾപ്പടെ  നെൽവയലും മറ്റും സ്വകാര്യ വ്യക്തികൾക്ക് പതിച്ചു കൊടുത്തത് ഉമ്മൻ ചാണ്ടി സർക്കാർ ആണല്ലോ. തീരുമാനങ്ങൾ പലതും പിൻ വലിച്ചത്  വിവാദം ആയതു കൊണ്ടാണെന്ന് ചാണ്ടി പറയുകയും ചെയ്തു. അതായത് തിരിച്ചു വന്നാൽ ആ ഭൂമിയൊക്കെ വീണ്ടും നശിപ്പിക്കും എന്ന്. അത് പോലെ തന്നെയാണ് മാർക്സിസ്റ്റ് കാരും. ആറന്മുള നിലം നികത്തി വിമാന ത്താവളത്തിന് തത്വത്തിൽ അനുമതി നൽകിയത് മാർക്സിസ്റ്റ് പാർട്ടി സർക്കാർ  ആണ്.

ഇത്രയും ഗുരുതരമായ ഒരു പ്രശ്നമായിട്ടും അത് ഒന്ന് ചർച്ച ചെയ്യാൻ ഇരു മുന്നണികളും തയ്യാറാവാത്തത് അവരുടെ ചെയ്തികളുടെ ഫലം ആണിതെന്ന് അവർക്ക് വ്യക്തമായി അറിയാവുന്നത് കൊണ്ടാണ്. 

ഇതൊക്കെയാണ് നമ്മൾ ചർച്ച ചെയ്യേണ്ടത്. ഇതൊക്കെയാണ് ഈ തെരഞ്ഞെടുപ്പിൽ പ്രതി ഫലിക്കേണ്ട കാര്യങ്ങൾ. 

Wednesday, April 20, 2016

എം.എൽ.എ

നിലവിലുള്ള എം.എൽ.എ. മാരും, മന്ത്രിമാരും പഴയ കക്ഷികളും ഒക്കെ വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അണി നിരക്കുകയാണ്. ജനങ്ങൾ പൊതുവെ മണ്ടന്മാരായത് കൊണ്ടാണ് ഇവർ വീണ്ടും വീണ്ടും ജയിച്ചു വരുന്നത്. 

ഈ നേതാക്കളെ കുറിച്ച് ഇവരുടെ അണികൾ പറഞ്ഞു പരത്തുന്ന ഒരു കാര്യമുണ്ട്.
 "എവിടെ എതു മരണം ഉണ്ടായാലും അദ്ദേഹം അവിടെ ഓടിയെത്തും. ഏതു കല്യാണ മുണ്ടെങ്കിലും അദ്ദേഹം അവിടെ പോകും".

 ഇതാണോ ഒരു എം.എൽ.എ. യുടെ ഗുണം, ഇതിനാനാണോ എം.എൽ.എ.യെ തെരഞ്ഞെടുത്തത്   എന്ന ചോദ്യങ്ങൾ  തൽക്കാലം ഒഴിവാക്കാം. 

സംഭവം ശരിയാണ്. ഈ മരണപ്പെട്ട ആളിനെയോ,ആ ആളുടെ ബന്ധുവിനെയോ ഒന്നും ഈ എം.എൽ.എ. യ്ക്ക് അറിയില്ല. ഏതെങ്കിലും ഒരു സിൽബന്ധി പറയും " അണ്ണാ അല്ലെങ്കിൽ സാറേ അല്ലെങ്കിൽ ചേട്ടാ അല്ലെങ്കിൽ അച്ചായാ, ദേ അവിടൊരു മരണം നടന്നു" . സിൽബന്ധികൾ വഴി  കാട്ടും . ബോർഡ് വച്ച കാറിൽ എം.എൽ.എ. അവിടെ ഇറങ്ങി മുഖത്ത് കുറെ ദുഃഖം വാരി വിതറി ഇങ്ങു പോരും. മിയ്ക്കവാറും എല്ലാ എം.എൽ.എ. മാരും വരുത്തന്മാരാ. ലോക്കൽ ആരെ അറിയാനാ? വട്ടിയൂർക്കാവ് മണ്ഡലത്തിൽ ആര് ചത്താലും കല്യാണം കഴിച്ചാലും മുഖത്ത് ഫിറ്റ്‌ ചെയ്ത വികാരവുമായി എം.എൽ.എ. കെ. മുരളീധരൻ  എത്തും സിൽബന്ധി കളും ആയി. കോഴിക്കോട് കാരൻ മുരളിയ്ക്ക് വട്ടിയൂർക്കാവിലെ ആരെ അറിയാനാ? ആരെയും പരിചയമില്ല. 


അത് കൊണ്ട് മരണത്തിനും കല്യാണത്തിനും കയറി ഇറങ്ങുന്ന ഇത്തരം  എം.എൽ.എ.മാർക്ക് ആരെയും അറിയില്ല എന്ന്, ഇത് വെറും പൊള്ളത്തരം ആണ് എന്ന്,  കപട നാടകം ആണ് എന്ന്  ജനങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കണം.

Friday, April 15, 2016

ഒരു കളി

സർവകക്ഷി യോഗം എന്നത് ഒരു തട്ടിപ്പ് ആണ്. സർക്കാരിന്റെ ചിലവിൽ നിലവിലുള്ള രാഷ്ട്രീയ പാർട്ടികൾ എല്ലാവരും കൂടി ജനങ്ങളെ കബളിപ്പിക്കുന്ന ഒരു ചടങ്ങ്. 

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് വേണമോ വേണ്ടയോ എന്നതിനായിരുന്നു ഏറ്റവും അവസാനം വിളിച്ചു ചേർത്ത സർവ കക്ഷി യോഗം. എന്ത് കൊണ്ട് ഇവിടം ഭരിക്കുന്ന സർക്കാരിനു ഒരു തീരുമാനം എടുത്തു കൂടാ? ദേവസ്വം ഭരിക്കുന്നതും അവരാണ്. മറ്റെല്ലാ തീരുമാനങ്ങളും എടുക്കുമ്പോൾ സർവ കക്ഷികളോടും എന്താണ് ചോദിക്കാത്തത്?  മെത്രാൻ കായൽ എഴുതി ക്കൊടുത്തു. മാർച്ച് 1 നു മുൻപ് കേരളത്തിലെ മിയ്ക്കവാറും സർക്കാർ ഭൂമി എല്ലാം സ്വകാര്യ വ്യക്തികൾക്ക് വിറ്റു കാശാക്കി. അതിനൊ ന്നും സർവ കക്ഷി യോഗം വിളിക്കാഞ്ഞതു എന്താണ്.  

പരവൂർ വെടിക്കെട്ട് ദുരന്തം 110 പേരുടെ ജീവൻ ആണ് എടുത്തത്. അതിൻറെ പശ്ചാത്തലത്തിൽ വെടിക്കെട്ട് നിരോധിക്കാനോ നിയന്ത്രിക്കാനോ ഒരു തീരുമാനം എടുക്കാൻ സർക്കാരിനു എന്ത് കൊണ്ട് കഴിയുന്നില്ല? അപ്പോൾ അതല്ല കാര്യം. ഇത് വിശ്വാസികളെ മുഴുവൻ പ്രകോപ്പിക്കുന്ന ഒരു കാര്യം ആകാം. അതിന്റെ ഉത്തരവാദിത്വം സ്വന്തം തലയിൽ എന്തിനു വലിച്ചു കേറ്റണം എന്ന് ചാണ്ടി ആലോചിച്ചു. എന്നാ ഇരിക്കട്ടെ ഒരു സർവ കക്ഷി യോഗം. കുറെ ഉത്തരവാദിത്വം പ്രതി പക്ഷത്തിന്റെ തലയിലും വച്ച് കെട്ടാമല്ലോ.

പ്രതിപക്ഷത്തിനും ഇത് ഒരു രക്ഷാ മാർഗം ആണ്. സ്വന്തമായി എന്ത് നിലപാട് എടുക്കുന്നു എന്ന  കാര്യം ജനങ്ങളെ അറിയിക്കാതെ രക്ഷപെടാം. എല്ലാവരും കൂടി ആലോചിച്ചു എന്നൊരു ഒഴികഴിവ് പറഞ്ഞു ജനങ്ങളിൽ നിന്നും രക്ഷപ്പെടാം.

ഏതായാലും അനുഭവിക്കുന്നത് പാവം ജനങ്ങൾ തന്നെ.അപകടം അറിയാതെ വെടിക്കെട്ട് കാണാൻ പോകുന്ന ജനങ്ങൾ. നിസ്സഹായരായ സമീപ വാസികൾ.

പൊതുവെ എല്ലാ സർവകക്ഷി യോഗത്തിലും ഐക്യകണ്ഠമായി എടുക്കുന്ന തീരുമാനങ്ങൾ ആണ് കാണാറുള്ളത്. എന്താണ് അതിന്റെ അർത്ഥം? നേരത്തെ ഭരണ പക്ഷവും പ്രതി പക്ഷവും പറഞ്ഞുറപ്പിച്ച ഒരു കളി എന്നാണോ? 

Tuesday, April 12, 2016

ആകാശ വാണിപഴയ കാല മലയാള ഗാനങ്ങൾ കേൾക്കാനാണ്‌ ആകാശ വാണി വയ്ക്കുന്നത്. അതിനൊപ്പം വാർത്തകളും വരും കേൾക്കും. ഇന്നലെ തിരുവനന്തപുരം -അനന്തപുരി എഫ്.എം. ൽ രാവിലെ 8 മണിയ്ക്ക് വന്ന വാർത്ത വളരെ വിചിത്രം.

" കനയ്യ കുമാറിന്റെ കേരള സന്ദർശനം റദ്ദാക്കിയിരിക്കുന്നു."

ഞെട്ടിപ്പോയി. ആരാണീ കനയ്യ കുമാർ? ഇന്ത്യൻ പ്രസിഡന്റോ, അതോ പ്രധാന മന്ത്രിയോ?  

ഇന്ത്യാ വിരുദ്ധ പ്രവർത്തനത്തിന് ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത ആൾ. ഡൽഹി ഹൈക്കോടതി നൽകിയ ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയ ആൾ.  JNU വിൽ നിന്നും പുറത്താക്കലിന്റെ വക്കത്തു നിൽക്കുന്ന ആൾ.

പരവൂർ ദുരന്തം അന്വേഷിക്കാനായി പ്രധാന മന്ത്രി നരേന്ദ്ര മോഡി വരുന്നു എന്ന് വാർത്ത വന്നു.  വന്നു എന്നും വാർത്ത വന്നു. അത്രയും പ്രധാന്യത്തോട് കൂടിയാണ് ആകാശ വാണി കനയ്യയുടെ വരവ് റദ്ദാക്കിയ കാര്യം പറഞ്ഞത്. പരവൂർ ദുരന്തം കാരണമാണ് അയാൾ യാത്ര റദ്ദാക്കിയത് അത്രേ.ആരാണ് ഇയാൾ എന്ന് കൂടി പറഞ്ഞു. JNU വിദ്യാർത്ഥി നേതാവ് എന്ന്. അത്രയും നന്നായി. 

ഇതാണോ ആകാശ വാണിയുടെ കർത്തവ്യം? അയാളുടെ വരവിനു എന്ത് വാർത്താ പ്രാധാന്യം ആണ് ഉള്ളത്‌? ആകെ ഒരു  മിനിട്ട് പോലുമില്ല വാർത്ത. ലോകം,ഇന്ത്യ,കേരളം മുഴുവൻ ഉള്ള വാർത്ത പറയാനുള്ള സമയം.  അതിനിടയിൽ ആണ്  കനയ്യയുടെ കാര്യം പറഞ്ഞത്.  അവിടെ വാർത്ത ഡെസ്ക്കിൽ ഇരുന്ന ഏതോ വികല മനസുള്ള ആൾ കൊടുത്തതായിരിക്കും. എന്നാലും ഒരു ന്യൂസ്‌ എഡിറ്റർ അവിടെ ഇല്ലേ? എന്തും ചെയ്യാം എന്നതിന്റെ ഒരു തെളിവാണ് ഇത്. 

Monday, April 11, 2016

വെടിക്കെട്ട് ദുരന്തം


പരവൂരിലെ വെടിക്കെട്ട്‌ നമ്മൾ  ഉണ്ടാക്കിയ മറ്റൊരു മഹാ ദുരന്തം.  അപകടത്തിൽ നൂറിലേറെ പ്പേർ  മരണമടഞ്ഞു.  ഇനിയും കൂടാൻ സാധ്യത. നാനൂറിലേറെ  ആളുകൾ പരിക്കേറ്റ് ആശുപത്രിയിൽ. നൂറോളം പേർ ഗുരുതരാവസ്ഥയിൽ.    ദാരുണമായ ഈ  ദുരന്തത്തിന് ഉത്തരവാദികൾ ക്ഷേത്രം അധികൃതരും വെടിക്കെട്ട് നടത്തിയവരും ആണ്. വെടിക്കെട്ടു പുരയ്ക്കു തീ പിടിച്ച് ഉണ്ടാകുന്ന ദുരന്തം   ഇത് ആദ്യത്തെത്   ഒന്നുമല്ല. പല തവണ അമ്പലങ്ങളിൽ ഇത്തരം വെടിക്കെട്ട് ദുരന്തങ്ങൾ നടന്നിട്ടുണ്ട്. 400 ലേറെ വെടിക്കെട്ട്  അപകടം ഉണ്ടായിട്ടുണ്ട്. 400 ലേറെ പ്പേർക്ക് ജീവൻ നഷ്ട്ടപ്പെടുകയും ചെയ്തിട്ടുണ്ട്.എന്നിട്ടും ഇത് തുടരുന്നത് അധികാരികളുടെ അശ്രദ്ധയും മനപൂർവമായ ഉദാസീനതയും ഒന്ന് കൊണ്ട് മാത്രമാണ്.

ആഭ്യന്തര മന്ത്രി പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.  ജുഡിഷ്യൽ അന്വേഷണത്തിന് മുഖ്യ മന്ത്രിയും. 6 മാസത്തിനകം റിപ്പോർട്ട് കൊടുക്കണം എന്ന്. 6 ദിവസം കൊണ്ട് നടത്താവുന്ന അന്വേഷണം അതാണ്‌ 6 മാസം.   അതിനർത്ഥം തെരെഞ്ഞെടുപ്പോക്കെ കഴിയും. ജനങ്ങൾ ഇതൊക്കെ മറക്കും. കാര്യം ശുഭം.

 സംഭവിക്കാൻ പോകുന്നത് എല്ലാവർക്കും അറിയാം.രാഷ്ട്രീയ സ്വാധീനത്തിൽ കുറ്റവാളികൾ രക്ഷപ്പെടും. വീണ്ടും   ഇത്തരം  ദുരന്തങ്ങൾ ആവർത്തിക്കും.   ക്ഷേത്ര ആചാരങ്ങൾ എന്ന നിലയിൽ ആണ്  വെടിക്കെട്ട്‌  നടത്തുന്നത്. അങ്ങിനെ തന്നെ എന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നത്. ക്ഷേത്ര ആരാധനയുമായി  വെടിക്കെട്ടിന് എന്ത് ബന്ധമാണ് ഉള്ളത്? ഒരു ബന്ധവും ഇല്ല എന്നതാണ് സത്യം.  ഏത് ദൈവം ആണ് കാതടപ്പിക്കുന്ന ഇത്രയും ഭയങ്കരമായ ശബ്ദം കേൾക്കാൻ ഇഷ്ട്ടപ്പെടുന്നത്? ഏതെങ്കിലും ഐതിഹ്യം എങ്കിലും ഇതും ആയി ബന്ധപ്പെട്ട് ഉണ്ടോ? ഇല്ല എന്നതാണ് സത്യം.

പിന്നെ പള്ളിപ്പെരുനാളിനു  നടക്കുന്ന വെടിക്കെട്ട്‌. അത് ക്രിസ്ത്യാനികൾ കേരളീയ ആചാരം  പിന്തുടരുന്നു എന്നേ ഉള്ളൂ. അവർക്ക് അതിൽ പ്രത്യേക വിശ്വാസം ഒന്നും ഇല്ല. അവർ  നിലവിളക്ക് ഉപയോഗിക്കുന്നു.(മുകളിൽ ഒരു  കുരിശു വയ്ക്കുന്നു ) സ്വർണ കൊടിമരം ഉണ്ട് ( മുകളിൽ ഒരു കുരിശും കൂടി)   മുത്തുക്കുട, ആനപ്പുറത്ത് എഴുന്നള്ളത്തു എന്നിവ. അതൊക്കെയും ഹിന്ദു ആചാരം പിന്തുടരുന്നു എന്ന് മാത്രം.  പൂർവികർ ഹിന്ദുക്കൾ (അൽപ്പം വെയിറ്റ് ഇരിക്കട്ടെ- നമ്പൂതിരിമാർ) ആണല്ലോ.

ഇതൊക്കെ  തെളിയിക്കുന്നത്  ദൈവവും ആയോ ആരാധന ക്രമവുമായൊ വെടിക്കെട്ടിന് യാതൊരു ബന്ധവുമില്ല എന്നതാണ്. ഓരോ വർഷവും 2000 കോടി  രൂപയുടെ  വെടി മരുന്ന് ആണ് ഈ കമ്പക്കെട്ട് എന്ന പ്രാകൃത ആചാരത്തിലൂടെ  കത്തിച്ചു കളയുന്നത് .  ഇതെല്ലാം ഭക്തരുടെ പണം ആണ്. അത് പാവപ്പെട്ടവർക്ക് ആഹാരത്തിനോ,ചികിത്സയ്ക്കോ വീട് വയ്ക്കാനോ, പഠനത്തിനോ ഉപയോഗിച്ച് കൂടെ?  ശബ്ദ മലിനീകരണം, അന്തരീക്ഷ മലിനീകരണം എന്നിവ മാത്രം പ്രദാനം ചെയ്യുന്ന ഒരു ദുഷ്ക്കർമം അവസാനിപ്പിച്ചു കൂടെ? 

ആർക്കും പ്രയോജനമില്ലാത്ത, കാതിനും വായുവിനും ദോഷം ചെയ്യുന്ന ഈ വെടിക്കെട്ട് എന്ന പരിപാടി പൂർണമായും നിരോധിക്കണം. അതിനു ഉടൻ തന്നെ അധികൃതർ നടപടി എടുക്കണം. ഇവിടെ ജാതിയോ മതമോ ഒന്നും ഇല്ല. ജനങ്ങളുടെ സുരക്ഷ മാത്രമാണ് ഉളളത്. അതിനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്.  മുഖ്യ മന്ത്രി "ബ ബ്ബ ബ്ബ" പറഞ്ഞു കഴിഞ്ഞു. നിരോധനം പറ്റില്ല നിയന്ത്രണം ആകാം എന്ന്.   ബഹുമാനപ്പെട്ട ഹൈക്കോടതി  ജനങ്ങളുടെ ജീവന് സുരക്ഷ നൽകാൻ ഭരണ ഘടന പ്രകാരം ഇത് നിരോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Friday, April 8, 2016

കുഴിമാടം

മാതാ പിതാ ഗുരു ദൈവം.

ദൈവ തുല്യനായ ഗുരുവിന്, അക്ഷരം പറഞ്ഞു തന്ന ഗുരുവിന്, അറിവിന്റെ വാതായങ്ങൾ തുറന്നു തന്ന ഗുരുവിനു, അരുമ  ശിഷ്യർ  നൽകിയ ഗുരുദക്ഷിണ.

                                                                  ഒരു കുഴിമാടം.

പാലക്കാട് വിക്ടോറിയ കോളേജ് പ്രിൻസിപ്പൽ Dr. ടി.എൻ. സരസു  പെൻഷൻ പറ്റി പിരിഞ്ഞു പോകുന്ന ദിവസം അവർക്ക് വേണ്ടി അവിടത്തെ ഗുരുത്വ ദോഷികളായ SFI വിദ്യാർത്ഥികൾ  ആ കോളേജ് അങ്കണത്തിൽ ഒരുക്കിയ കുഴിമാടം. ഇക്കഴിഞ്ഞ മാർച്ച് 31 ന് ആണ് സംഭവം നടന്നത്. 

ആ വിദ്യാർത്ഥികൾ ഇത്രയും അധപതിച്ചു പോയല്ലോ. അവർ വിദ്യാർത്ഥികൾ  ആണോ? അങ്ങിനെ വിളിക്കപ്പെടാൻ അവർ അർഹരാണോ? കോളേജിൽ പ്രവേശനം ലഭിച്ച കുറെ വിവര ദോഷികൾ,ഗുണ്ടകൾ എന്നല്ലാതെ അവരെ എന്ത് വിളിക്കാനാണ്.

 ഇത്രയും നീചവും ഹീനവും ആയ ഒരു പ്രവൃത്തി പ്രബുദ്ധം എന്ന് അഭിമാനിക്കുന്ന കേരളത്തിൽ നടന്നത് ലജ്ജാവഹം ആണ്. അൽപ്പമെങ്കിലും സംസ്കാരം ഉള്ള മനുഷ്യന് ഇത് അത്യധികം അപമാനകരം ആണ്. ഒപ്പം ദുഃഖ കരവും.


അതിലും ദുഃഖ കരം  ആണ് ഇത് ഒരു വാർത്ത ആകാതെ പോയതും. എന്തിനും ഏതിനും പ്രതികരിക്കുന്ന സാസ്കാരിക പ്രവർത്തകർ എന്ന ഒരു വർഗം കമ എന്നൊരക്ഷരം ഉരിയാടിയില്ല. ഇവിടത്തെ ഭരണ വർഗമായ കോൺഗ്രസ്സോ വാലാട്ടി പാർട്ടികളോ  വായ തുറന്നില്ല. വായാടിത്തം വിടാതെ പറയുന്ന കമ്മ്യുണിസ്റ്റ് പാർട്ടി ഒരക്ഷരം മിണ്ടിയില്ല. അത് പോലെ കാശ് വാങ്ങി മുണ്ട് കക്ഷത്തിൽ വച്ച് ഒച്ചാനിച്ചു നിൽക്കുന്ന മാധ്യമങ്ങളും മൌനം പാലിച്ചു.

കാരണമുണ്ട്. ഇത് ചെയ്തത് SFI ആണ്. മാർക്സിസ്റ്റ് പാർട്ടിയുടെ കുട്ടി സഖാക്കൾ.  അതെ മാർക്സിസ്റ്റ് പാർട്ടി യുടെ അധ്യാപക സംഘടനയും ഇതിനു പിന്തുണ നൽകി എന്ന് പറയുന്നു. അത് കൊണ്ട് പ്രതിപക്ഷം മിണ്ടാതിരുന്നു.  കോൺഗ്രസ്സ് ആകട്ടെ അവരുടെ വാല് ആണല്ലോ. ബംഗാളിൽ ഒന്നിച്ചു നിൽക്കുന്നത് കണ്ടല്ലോ. 

വെർമുല, കനയ്യ എന്നെല്ലാം ഘോര ഘോരം  വായിട്ടലയ്ക്കുന്ന ഒരൊറ്റ ഒരുത്തനെയും ഇത്രയും ക്രൂരമായ ഒരു സംഭവം നടന്നിട്ട് ഇവിടെ ഒരക്ഷരം പറയാൻ കണ്ടില്ല എന്നത് കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണ് എന്ന് നമുക്ക് കാണിച്ചു തരുന്നു.

മാർക്സിസ്റ്റ് പാർട്ടിയുടെ നേതാവ്, മനുഷ്യാവകാശ പ്രവർത്തകൻ എന്ന് അവകാശപ്പെടുന്ന  അച്യുതാനന്ദൻ മലമ്പുഴയിൽ മത്സരിക്കുന്നു. കൃഷ്ണദാസ് പാലക്കാടും. അത് പോലെ JNU വിലും ഹൈദരാബാദിലും ഓടിയെത്തിയ രാഹുൽ ഗാന്ധിയുടെ പാർട്ടിക്കാരും അവിടെ ഉണ്ട്. ഈ തെരഞ്ഞെടുപ്പിൽ ഈ കുഴിമാടം പ്രശ്നം ഫല പ്രദമായി അവതരിപ്പിക്കണം. അവർ  മറുപടി പറയട്ടെ.

Friday, April 1, 2016

ബിഗ്‌ ബസാർ

ഡിസ്കൌണ്ട് സെയിൽ.നിങ്ങളുടെ പഴയ സാധനങ്ങൾ, കീറിപ്പറിഞ്ഞ ബാഗുകൾ, ഉടുപ്പുകൾ,ചെരുപ്പുകൾ തുടങ്ങി പഴയ സാമാനങ്ങൾ എല്ലാം വാരി ക്കെട്ടി ക്കൊണ്ടു വരൂ ഞങ്ങളുടെ കടയിലേക്ക്.  അതിനു പണം തരാം. ആ പണം കൊണ്ട്  ഞങ്ങളുടെ കടയിൽ നിന്നും സാധനം വാങ്ങൂ. പണം കയ്യിൽ തരില്ല. പകരം കൂപ്പൺ തരും. നാം വാങ്ങുന്ന സാധനത്തിനു ഈ കൂപ്പൺ വില കുറച്ചു ഭാഗം കുറയ്ക്കാം.


എന്തൊരു നല്ല ഓഫർ! പഴയ സാധനം ഒഴിവാക്കാം. പണവും കിട്ടും. പുതിയ സാധനം വാങ്ങാം. എന്ത് നല്ല കടക്കാർ. എന്ത് നല്ല മനുഷ്യർ. തിരുവനന്തപുരത്ത് ബിഗ്‌ ബസാർ ആണ് ഇങ്ങിനെ ഓഫർ കൊടുക്കുന്ന ഒരു "നല്ല മനുഷ്യർ". (എന്താ ദാസാ പണ്ടേ ഈ കടക്കാർ ഇവിടെ വരാഞ്ഞത്?)  പഴയെതെല്ലാം വാരിക്കെട്ടി ഓടുകയായി. ( വയസ്സായ  അച്ഛനെയും അമ്മയെയും ബിഗ്‌ ബസാർ  എടുക്കാത്തത് കൊണ്ട് അതിനെ രണ്ടിനേം എടുത്തില്ല). ഇംഗ്ലീഷും മലയാളവും പേപ്പറുകളിൽ ഒരു മുഴുവൻ പേജ് പരസ്യം ആണ്  പഴയ സാധനം എടുക്കുന്നതിനു ബിഗ്‌ ബസാർ കൊടുക്കുന്നത്.കടയ്ക്കു മുന്നിൽ നീണ്ട നീണ്ട ക്യു. അങ്ങിനെ മണിക്കൂറുകൾ നിന്ന് പഴയത് മാറ്റി  പണം കൊടുത്തു  സാധനവും വാങ്ങി ( കൂപ്പൺ ഡിസ് കൌണ്ട് വാങ്ങി)സന്തോഷമായി വീട്ടിൽ പോകുന്നു)

മാർച്ച് 30 ന് തിരുവനന്തപുരത്ത് പുന്നക്കാമുഗൾ എന്ന സ്ഥലത്ത്  ഒരു തുറസ്സായ സ്ഥലത്ത് രാവിലെ നോക്കിയപ്പോൾ ഒരു കൂമ്പാരം വേസ്റ്റ്. ഏതാണ്ട് 5 ലോറി സാധനം. പഴയ ബാഗ്,ഉടുപ്പ്,ചെരുപ്പ് തുടങ്ങിയവ. ആള് കൂടി. ഇട്ടവനെ രക്ഷപ്പെടാൻ അനുവദിച്ചില്ല. അവസാനം കണ്ടു പിടിച്ചു. ഇത് നമ്മുടെ ബിഗ്‌ ബസാർ ആണ് കൊണ്ടിട്ടത്. രാത്രിയിൽ രഹസ്യമായി.പല പത്രങ്ങളും പേര് പറയാതെ "തിരുവനന്തപുരത്തെ ഒരു പ്രമുഖ കട" എന്ന സ്ഥിരം പല്ലവി പാടി. (പരസ്യം കിട്ടുമ്പോൾ എങ്ങിനെ പേര് പറയാൻ) ഏതായാലും   മേയർ ഇടപെട്ട് അവരെ ക്കൊണ്ട് വേസ്റ്റ് തിരിയെ വാരിച്ച് 25000 രൂപ ഫൈനും അടിപ്പിച്ച് വിട്ടു. മേലാൽ ആവർത്തിക്കരുത് എന്ന മുന്നറിയിപ്പും.  

ഇനി പഴയ സാധനത്തിനു പണം തന്ന അവരുടെ കളി എന്താന്നെന്നു നോക്കാം. ഈ വാങ്ങിക്കൂട്ടിയ പഴയ സാധനം ഒന്നും വീണ്ടും ഉപയോഗിക്കുന്നില്ല. (റീ സൈക്കിൾ ചെയ്യുന്നില്ല). അപ്പോൾ ഇതിനു നമുക്ക് തരുന്ന പണമോ? അവിടെയാണ് തട്ടിപ്പ്. അത് അവിടെ നിന്നും വാങ്ങുന്ന സാധനത്തിൻറെ  വില കൂട്ടി, നമുക്ക് തരുന്ന ഡിസ്കൌണ്ട്,  നമ്മുടെ കയ്യിൽ നിന്നും എടുക്കുന്നു. ആ പണം മാത്രമല്ല. പത്ര പ്പരസ്യത്തിന്റെ ലക്ഷങ്ങൾ. കൂടാതെ ഈ വെസ്റ്റ്‌ കളയാൻ കൊടുക്കുന്ന ലക്ഷങ്ങൾ. അതെല്ലാം നമ്മള് വാങ്ങുന്ന സാധനത്തിൽ നിന്നാണ് അവർ മുതലാക്കുന്നത്. എന്നിട്ട് നാം താമസിക്കുന്ന സ്ഥലത്ത് തന്നെ ആ വേസ്റ്റ് എല്ലാം തിരികെ കൊണ്ട് തട്ടുന്നു. അതെല്ലാം നമ്മുടെ ചിലവിൽ.