Saturday, August 19, 2017

ബലാത്സംഗം
10 വയസ്സുള്ള ഒരു പെൺകുട്ടി പ്രസവിച്ചു. അങ്ങ് ദൂരെയൊന്നുമല്ല. നമ്മുടെ ഭാരതത്തിൽ. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. 10 വയസ്സുള്ള ആ കൊച്ചു കുട്ടിയെ 'അമ്മ' എന്ന് പറയുന്നത് മഹാ ക്രൂരതയാണ്. അറിയാം. 

7 തവണ യാണ് ആ കുട്ടി ബലാത്സംഗത്തിന് ഇരയായത്. മറ്റാരുമല്ല. സ്വന്തം വീട്ടിൽ.സ്വന്തം അമ്മാവൻ ആണ് ആ പൈശാചിക പ്രവർത്തി ചെയ്തത്. എട്ടും പൊട്ടും തിരിയാത്ത ആ കുഞ്ഞു ഗർഭിണിയായി.  ഗർഭം എന്തെന്നറിയാത്ത ആ 10  വയസ്സുകാരിയെ  ധരിപ്പിച്ചിരിക്കുന്നത് അവളുടെ വയറ്റിൽ ഒരു  ' കല്ല്' ആയിരുന്നു വെന്നാണ്. 32 ആഴ്ച്ച കഴിഞ്ഞാണ് ഗർഭിണി ആയതെന്നറിഞ്ഞത് കൊണ്ട് അലസിപ്പിക്കാൻ സുപ്രീം കോടതി അനുമതി നൽകിയില്ല. അത് 10 വയസ്സുകാരിയുടെ ജീവനെ ബാധിക്കും. പ്രസവത്തിനു,   കല്ല്  പുറത്തെടുത്തുഎന്നാണു ആ കുട്ടിയ പറഞ്ഞു മനസ്സിലാക്കിയത്.

 കണ്ണ് നനയാതെ ആ വാർത്ത വായിച്ചു പോകാൻ കഴിയില്ല. മൂന്നാം ക്ളാസിലോ നാലാം ക്ളാസിലോ പഠിക്കേണ്ട, കൂട്ടുകാരുമൊത്തു പാറി കളിച്ചു നടക്കേണ്ട കൊച്ചു കുഞ്ഞാണ് ഇന്ന് അമ്മയായി ഒരു കൊച്ചു കുഞ്ഞിനേയും കൊണ്ട് നടക്കേണ്ടത്‌.നമ്മുടെ സമൂഹം എത്ര അധഃപതിച്ചു എന്നതിന് മറ്റൊരു ഉദാഹരണം കൂടി. കുടുംബ ബന്ധങ്ങൾക്ക്‌ സംഭവിച്ച അപചയം ആണ് ഇതിന് പ്രധാന കാരണം. നമ്മുടെ സംസ്കാരം കാലഹരണപ്പെട്ട താണെന്നുള്ള വാദവും പാശ്ചാത്യ സംസ്കാരം സ്വീകരിക്കലും. 

കഴിഞ്ഞ ദിവസം സണ്ണി ലിയോൺ കൊച്ചിയിൽ വന്നപ്പോൾ ആ പോൺ നടിയെ കാണാൻ പതിനായിരങ്ങൾ ആണ് തടിച്ചു കൂടിയത്. പോലീസ് ലാത്തി ചാർജ് വരെ ഉണ്ടായി. ഇതാണ് ഇപ്പോൾ നമ്മുടെ സമൂഹത്തിന്റെ മാനസിക നില.

10 വയസ്സുകാരിയുടെ വാർത്ത വായിക്കുമ്പോൾ  നമ്മുടെ പെൺ മക്കളുടെ മുഖം മനസ്സിലേയ്ക്ക് വരുന്നുണ്ടോ?Monday, August 14, 2017

സാമൂഹിക പ്രതിബദ്ധത


ഭ്രാന്ത്  കാണാൻ നല്ല രസമാണ്. ആരാന്റെ അമ്മയ്ക്ക് വരണം. ഗുരുവായൂർ നടന്ന കല്യാണവും മണ്ഡപത്തിൽ വച്ച് തന്നെ അടിച്ചു പിരിഞ്ഞതിനെ  കുറിച്ചും  സോഷ്യൽ മീഡിയ മുഴുവൻ നന്നായി കൊണ്ടാടി. പൊടിപ്പും തൊങ്ങലും വച്ച വാർത്തകളും ചിത്രങ്ങളും വീഡിയോകളും സഹിതം.  പടം പകർത്തിയവനും  പ്രചരി പ്പിച്ചവരും വീണ്ടും പ്രചരിപ്പിച്ചവരും  ഒക്കെ.  എല്ലാവരും നന്നായി ആസ്വദിച്ചു.  ഭ്രാന്ത് ആരാന്റെ അമ്മയ്ക്ക് വരണം. അപ്പോഴാണ് ഒരു ത്രില്ല്. മനസ്സറിഞ്ഞു ചിരിക്കാം.

ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തു വിട്ടവരെയാണ് ആദ്യം അഭിനന്ദിക്കേണ്ടത്. ഇപ്പോൾ സ്റ്റുഡിയോ ചിത്രങ്ങൾ മാത്രമല്ല. കല്യാണത്തിന് ചെല്ലുന്നവരും പടമെടുക്കും. മൊബൈലിൽ എല്ലാവരും പടവും വീഡിയോയും എടുക്കും. കല്യാണം മുതൽ അടി വരെ ആദ്യാന്തം എടുത്തു ഉടൻ വാട്സാപ്പിൽ പ്രചരിപ്പിച്ചു. കല്യാണത്തിന് പങ്കെടുത്തവർ ആയിരിക്കുമല്ലോ ഇത് ചെയ്തത്.  അവർ ഹാപ്പി.സ്വന്തം പെങ്ങൾക്കാണ്  ഈ സ്ഥിതി വന്നതെങ്കിൽ ഇത് ചെയ്യുമോ? ഭ്രാന്ത് ആരാന്റെ അമ്മയ്ക്കല്ലേ! കാണാൻ നല്ല രസമല്ലേ. 

കല്യാണം പിരിഞ്ഞതിന് ശേഷം ചെറുക്കനും കൂട്ടുകാരും കേക്ക് മുറിച്ചാഘോഷി ക്കുന്നതിന്റെ  ഫോട്ടോയും വാട്സാപ്പിൽ  കണ്ടു. 

എന്നിരിക്കിലും ഇതിന്റെ പടങ്ങളും വീഡിയോകളും ഇട്ടു വാർത്തയും കമന്റുകളും ഇട്ടു ആഘോഷിച്ചത് ഒട്ടും സാധൂകരിക്കാൻ സാധിക്കില്ല. അവരായി അവരുടെ കാര്യമായി നമ്മളെന്തിന് ഫോട്ടോ ഇട്ടു എല്ലാവരെയും അധിക്ഷേപിക്കണം? നമുക്ക് രസം. ആരാന്റെ അമ്മയല്ലേ. നമുക്ക് ചിരിക്കാം.

Saturday, August 12, 2017

മുരുകനെ കൊന്നു.

7 മണിക്കൂർ ആണ് ജീവന് വേണ്ടി  7 ആതുരാലയങ്ങളുടെ  പടി വാതിലുകളിൽ നിശബ്ദമായി മുട്ടി വിളിച്ചത്. ഒരു വാതിലും തുറന്നില്ല. മനഃസാക്ഷി മരവിച്ച മനുഷ്യ രൂപങ്ങളുടെ ആശുപത്രികളെല്ലാം മുരുകന് നേരെ വാതിലുകൾ വലിച്ചടച്ചു.  അബോധാവസ്ഥയിൽ ആയിരുന്ന മുരുകൻ ആശുപത്രികൾ ഇല്ലാത്ത മറ്റൊരു ലോകത്തേക്കു പോയി.  ഒരു വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ തമിഴ് നാട് സ്വദേശി അബോധാവസ്ഥയിൽ. ഒരു സന്നദ്ധ സംഘടന നൽകിയ ആംബുലൻസിൽ. രാത്രി 10 മണി. കൊട്ടിയം കിംസ് ആശുപത്രി   ന്യുറോസർജനില്ല എന്ന് പറഞ്ഞു ഒഴിവാക്കി.   മെഡിട്രിന   ന്യുറോസർജനില്ല, ഒഴിവാക്കി.  മെഡിസിറ്റിയിൽ. കൂട്ടിരിക്കാൻ ആളില്ലാ, അവരും ഒഴിവാക്കി. രാത്രി 12 മണി. നില വഷളാകുന്നു. നേരെ 60 കിലോമീറ്റർ താണ്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. അവിടെ വെന്റിലേറ്റർ ഇല്ല.  വെളുപ്പിനെ 4 മണി. കോസ്മോപോളിറ്റൻ, അനന്തപുരി ആശുപത്രികളിൽ അന്വേഷിച്ചു.  വെന്റിലേറ്റർ ഇല്ല. SUT റോയൽ ആശുപത്രി  വെന്റിലേറ്റർ ഇല്ല. തിരിച്ചു കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ.  ന്യുറോസർജനില്ല  ഒഴിവാക്കി. അവസാനം ആംബുലൻസിൽ തന്നെ  മുരുകൻ വിട പറഞ്ഞു. 

പണം കെട്ടി വയ്ക്കാൻ കൂടെ ആളുണ്ടായിരുന്നുവെങ്കിൽ ഇങ്ങിനെ വരില്ലായിരുന്നു. അനാഥൻ. ചെലവ് ആര് വഹിക്കും?  അത് കൊണ്ട് ന്യുറോ സർജൻ ഇല്ല, വെന്റിലേറ്റർ ഇല്ല എന്നൊക്കെ പറഞ്ഞു ഒഴിവാക്കി.കാശ് കൊടുക്കാൻ കഴിവുള്ള രോഗിയെ മരിച്ചു കഴിഞ്ഞും വെന്റിലേറ്ററിൽ വയ്ക്കുന്ന ആശുപത്രികൾ ആണ് ഇതെല്ലാം. ഓരോ മെഡിക്കൽ സീറ്റിനും 25 ഉം 50 ഉം കോഴ വാങ്ങുന്ന മെഡിക്കൽ കോളേജുകൾ. നിയമസഭയിൽ ഇതൊന്നു ചോദിക്കാൻ ആരുമില്ലായിരുന്നു, ഭരണപക്ഷവും,പ്രതിപക്ഷവും. സർക്കാർ  മെഡിക്കൽ കോളേജ് ആശുപത്രി പോലും നോ പറഞ്ഞിട്ടും മുഖ്യ മന്ത്രി ഒരു ഫേസ് ബുക്ക് പോസ്റ്റിൽ ഒതുക്കി.   വടക്കേ ഇന്ത്യയിലെ മരണങ്ങൾക്ക് അനുശോചനം പറയുന്ന പാർട്ടിക്കാരെയും സാംസ്കാരികന്മാരെയും കണ്ടതേ ഇല്ല. മുരുകന്റെ പേരിൽ ഒരു മുതലെടുപ്പിന് സ്കോപ്പ് ഇല്ലല്ലോ.

സർക്കാർ ആശുപത്രി ആയ മെഡിക്കൽ കോളേജ് രോഗിയെ ഒഴിവാക്കി. അവിടെയും വെന്റിലേറ്റർ ഇല്ല. 3 മണിക്കൂർ മെഡിക്കൽ കോളേജിന് മുൻപിൽ പ്രതീക്ഷയോടെ കിടന്നു. കാശില്ലാത്തത് കൊണ്ടാണ് സ്വകാര്യ ആശുപത്രികൾ ഒഴിവാക്കിയത്. പക്ഷെ സർക്കാർ ആശുപത്രിയോ? അത് ഉത്തരവാദിത്വമില്ലായ്മ.  ഏതെങ്കിലും മന്ത്രിയുടെ ഓഫീസിൽ നിന്നോ മറ്റു രാഷ്ട്രീയ പാർട്ടികളുടെ ഓഫീസിൽ നിന്നോ, ഒരു വിളി വന്നിരുന്നുവെങ്കിൽ, ഏതെങ്കിലും പണക്കാരൻ ഇടപെട്ടിരുന്നവെങ്കിലോ  മെഡിക്കൽ കോളേജ് ഒഴിവാക്കുമായിരുന്നോ? ഇല്ല. ഇതാണ് കേരളം.

Monday, July 31, 2017

പി.ടി. ഉഷ

ഇനി മുതൽ  പത്ര മാധ്യമങ്ങളെയോ കാണില്ല എന്ന് പറഞ്ഞിരിക്കുന്ന പി.ടി. ഉഷ ഒരു 8 വർഷംപിറകോട്ടൊന്നു നോക്കുമോ? 2009 ൽ ഭോപ്പാലിൽ നടന്ന ദേശീയ അത്‍ലറ്റിക്ക് മീറ്റിൽ  സ്വീകരിക്കാൻ ആരുമില്ലാതെ  ഉഷയും മത്സരാർത്ഥികളും 5 മണിക്കൂർ  കറങ്ങി നടന്നതും അവിടത്തെ  മന്ത്രി  മാപ്പു പറഞ്ഞതും  ഒക്കെ  മാധ്യമങ്ങൾ ഈ പ്രശ്നം പുറത്തു കൊണ്ട് വന്നത് കൊണ്ടല്ലേ? അന്ന് ഇന്റർവ്യൂ കൊടുക്കാനും ഒക്കെ ഉഷയ്ക്ക് ഉത്സാഹം ആയിരുന്നല്ലോ.

ഉഷ അത്യധ്വാനം ചെയ്തതു  കൊണ്ട് മാത്രമാണ് ഈ നിലയിൽ എത്തിയത്. തന്റെ കഴിവും മത്സര ബുദ്ധിയും ഒന്നു  കൊണ്ട് മാത്രമാണ് ഉഷ പയ്യോളിയിൽ നിന്നും ലോസ് ആഞ്ചലസ്‌ ഒളിംപിക് ട്രാക്കിൽ എത്തിയതെന്നും ഒക്കെ എല്ലാവർക്കും അറിയാം. പ്രതികൂല സാഹചര്യങ്ങളോട്  പൊരുതി ആണെന്നും. പക്ഷേ ഇതിനൊക്കെ ഒരു അവസരം കിട്ടണം. പിന്തുണയും. അത് ഉഷയ്ക്ക്  കിട്ടി. കേരളത്തിൽ നിന്നും ഭാരതത്തിൽ നിന്നും. കേരളത്തിലെ ഓരോ ആളും ഉഷയ്ക്ക് വേണ്ടി നില കൊണ്ടു. മാധ്യമങ്ങൾ ഒന്നാകെ ഉഷയ്ക്ക് വേണ്ടി എഴുതി,പറഞ്ഞു. കഴിവ് കൊണ്ട് മാത്രം എങ്ങും എത്തില്ല എന്ന് ഉഷയ്ക്ക് സ്വന്തം അനുഭവത്തിൽ നിന്നും നന്നായി   അറിയാമല്ലോ. കഴിവ് തെളിയിക്കാൻ ഉള്ള അവസരങ്ങൾ കിട്ടണം. അങ്ങിനെ കിട്ടിയത് കൊണ്ട് മാത്രമാണ് ഉഷ ഈ നിലയിൽ എത്തിയത്. അതിനു നാടിന്റെയും നാട്ടാരുടേയും പിന്തുണ കിട്ടി.

ഇവിടെ ചിത്രയ്ക്ക് കിട്ടാതെ പോയത് അവസരം ആണ്. ലോക അത്‍ലറ്റിക്ക്സ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ  അവസരം ആണ് നിഷേധിക്കപ്പെട്ടത്. അതും ഉഷ ഉണ്ടായിരുന്ന ഒരു കമ്മിറ്റിയിൽ നിന്നും. അതാണ് മാധ്യമങ്ങൾ പറഞ്ഞത്. ഉഷയുടെ കൂടെ എന്നും ഉണ്ടായിരുന്ന  അതേ മാധ്യമങ്ങൾ.  ജനങ്ങളും ഒപ്പം കൂടി. മറ്റൊരു ഉഷയെ ആണ് കേരളം ചിത്രയിൽ കണ്ടത്. അതിനുള്ള അവസരം ആണ് നിഷേധിക്കപ്പെട്ടത്. പഴയ ഒരു വീഡിയോ നോക്കൂ.അന്നത്തേതിലും നിസ്സഹായയായും  വേദനയോടെയും  കരയുകയല്ലേ  ഇന്ന് ചിത്ര? 


Wednesday, July 26, 2017

എം.എൽ.എ. പീഡനം
സ്ത്രീ പീഡനം ഒരു തുടർ കഥ ആകുകയാണ്. അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരും രാഷ്ട്രീയക്കാരും ഒക്കെ പീഡകരാണ്. പണവും അധികാരവും കൊണ്ട് ഇതൊക്കെ തേച്ചു മാച്ചു കളയാം എന്നുള്ള വിശ്വാസം ആണ് അവർക്കു. ഐസ് ക്രീം സൂര്യ നെല്ലി ഇതൊക്കെ അവർക്കു പ്രോത്സാഹനം നൽകുന്നുമുണ്ട്. പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ  വിൻസന്റ് എം.എൽ.എ. യെ പിന്തുണച്ചു കോൺഗ്രസ്സുകാർ എല്ലാവരും. അയാൾ പീഡിപ്പിച്ചു എന്ന് വീട്ടമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.പക്ഷേ കോൺഗ്രസ്സുകാർക്ക് അത് ഗൂഡാലോചന ആണ്. മാർക്സിസ്റ്റുകാർ നടത്തിയ ഗൂഡാലോചന. 

നടിയുടെ കേസിൽ  ദിലീപിനെ അറസ്റ്റ് ചെയ്യണമെന്ന് ചാനലുകളിൽ വാദിച്ചവരാണ് കോൺഗ്രസ്സുകാർ.  നടിയെ പീഡിപ്പിച്ചത് സുനി. അതിൽ ഗൂഡാലോചന ആണ് ദിലീപിന്റെ പേരിൽ. എന്നിട്ടും അറസ്റ്റ് ചെയ്യണം എന്ന്. വിൻസെന്റിന്റെ കേസിലോ? വിൻസന്റ് തന്നെ പീഡിപ്പിച്ചു എന്ന് വീട്ടമ്മ തന്നെ മൊഴി നൽകി. എന്നിട്ടും കോൺഗ്രസ്സുകാർക്കു ഇത് ഗൂഡാലോചന ആണ്. 900 തവണയാണ് ഇവർ തമ്മിലുള്ള ഫോൺ വിളി. ഇന്നലെ ഒരു പൊട്ടൻ ചാനലിൽ പറയുകയാണ് അതിൽ 128 എണ്ണം മാത്രമേ എം.എൽ.എ. അങ്ങോട്ട് വിളിച്ചുള്ളൂ എന്ന്. പോരേ? എന്തിനാ ഒരു വീട്ടമ്മയെ 128 തവണ വിളിക്കുന്നത്? സംഭവം പുറത്തറിഞ്ഞ ഉടൻ വിൻസന്റ് വീട്ടമ്മയുടെ സഹോദരനെ വിളിച്ചു സംഭവം ഒതുക്കാൻ പറയുന്നതിന്റെ ശബ്ദ രേഖ പുറത്തായി. അത് പോലെ ആ കോൺഗ്രസ്സ് പൊട്ടൻ പറയുന്നു നാട്ടുകാരെല്ലാം എം.എൽ.എ. യ്ക്ക് അനുകൂലമാണ് എന്ന്. കാശ് കൊടുത്താൽ കോൺഗ്രസ്സ്കാർ ഏതു വശത്തേക്കും പോകും. പോലീസ് അന്വേഷിക്കട്ടെ. അത് വരെ വിൻസന്റ് റിമാൻഡിൽ കഴിയട്ടെ. 

Monday, July 24, 2017

നഴ്‌സുമാരുടെ സമരം
നഴ്‌സുമാർ സൂക്ഷിക്കുക. പക ഉള്ളിൽ സൂക്ഷിക്കുന്ന പാമ്പുകളാണ്  സി.പി.എം.  ഭരണാധികാരികൾ.(ടി.പിയുടെ 51 വെട്ടു ഓർമ്മിക്കുമല്ലോ) അതിനാൽ  മുഖ്യ മന്ത്രിയെ പുകഴ്ത്താതെ ഓരോ ചുവടും ശ്രദ്ധയോടെ  വച്ച് മുന്നോട്ട് പോവുക. ആശംസകൾ.

നഴ്‌സുമാരുടെ സമരം വിജയിച്ചു. രാഷ്ട്രീയ പാർട്ടികളുടെ കൂടെ നടന്നോ, അധികാരികളുടെ കാലു പിടിച്ചോ നേടിയ വിജയമല്ല. ചങ്കുറപ്പോടെ സമരം ചെയ്തു നേടിയ സമരം. യാതൊരു ഗത്യന്തരവുമില്ലാതെയാണ് മുഖ്യ മന്ത്രിക്കു ഒത്തു തീർപ്പു ചർച്ചയ്ക്കു അവരെ വിളിക്കേണ്ടി വന്നതും അവരുടെ മിനിമം ആവശ്യമായ മിനിമം ശമ്പളം 20000 രൂപ അംഗീകരിക്കേണ്ടി വന്നതും. അതിന്റെ ക്രെഡിറ്റ് പൂർണമായും സമരത്തിൽ ശക്തമായി ഉറച്ചു നിന്ന നഴ്‌സുമാർക്ക് തന്നെയാണ്. അവർക്കു മാത്രം.

തുടക്കം മുതലേ ;സമരത്തിന് എതിരായ നിലപാടാണ് സർക്കാർ എടുത്തത്. അതിനു പ്രധാന കാരണം ഈ നഴ്‌സന്മാര് ഇവരുടെയൊന്നും ട്രെയിഡ് യൂണിയനിൽ ഇല്ല എന്നത് തന്നെ. പിന്നെ അവരെ എന്തിനു സഹായിക്കണം. മ്റ്റൊരു കാര്യം ആശുപത്രി മുതലാളിമാരോടുള്ള  സ്നേഹം.  സ്വകാര്യ ആശുപത്രികളെ പിണക്കാൻ അവർക്കു കഴിയില്ല. പാർട്ടിയ്ക്ക് സംഭാവന നൽകുന്ന അവരെ പിണക്കുന്നതു ബുദ്ധിയല്ലല്ലോ.

ഏറെ വൈമനസ്യത്തോട് കൂടിയാണ്  സർക്കാർ ഒത്തു തീർപ്പു നടത്തിയത്. സ്വേച്ഛാതിപരമായാണ്  മുൻപ് നടന്ന ചർച്ചയിൽ ആരോഗ്യ മന്ത്രി 17000 ശമ്പളം പ്രഖ്യാപിച്ചത്. ഇതിനെ നിങ്ങൾക്കു അർഹതയുള്ളൂ വേണമെങ്കിൽ  എന്ന പുശ്ചത്തോട് കൂടി. കേരളത്തിലെ ജനങ്ങൾ ഒന്നാകെ നഴ്സ് മാരുടെ ന്യായമായ ആവശ്യത്തോ ടൊപ്പമെന്ന തിരിച്ചറിവും ആരോഗ്യ മേഖല പൂർണമായും സ്തംഭിക്കും എന്ന സത്യത്തിനു നേരെ കണ്ണടക്കാൻ കഴിയാത്തതു കൊണ്ടും ആണ് സർക്കാർ ഇടപെട്ടത്.  പിന്നെ മറ്റൊരു കാര്യം കൂടി. കേന്ദ്ര ആരോഗ്യ മന്ത്രി ലോക് സഭയിൽ നടത്തിയ പ്രഖ്യാപനം നേഴ്‌സുമാർക്ക് ശമ്പളം  കൂടുതൽ കൊടുക്കണം  ആയിരുന്നു. നഴ്‌സുമാർ ട്രെയിഡ് യൂണിയനുകളിൽ   ചേരാത്തതിന്റെ ദ്വേഷ്യം സി.പി.എം. നുണ്ട്. അതാണ് സർക്കാർ കളിച്ചതു. മൂന്നാറിൽ പെമ്പിളൈ ഒരുമൈ സമരം പൊളിച്ചത് പോലെ ഇവിടെയും പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷെ നടന്നില്ല.Saturday, July 22, 2017

സ്പീക്കറുടെ കസേര

ഒരു കഥയുണ്ട്. പ്രതാപിയായ കാരണവരുടെ  വീട്ടിൽ ചെന്ന ഒരു ഭിക്ഷക്കാരനോട് ' ഒന്നുമില്ല '  പറഞ്ഞു കാര്യസ്ഥൻ പറഞ്ഞയച്ചു. '' ഒന്നും ഇല്ല  എന്ന് പറയാൻ നീ ആരാ" എന്ന് കാര്യസ്ഥനോട് ക്ഷോഭിച്ചു. എന്നിട്ട്   ആ ഭിക്ഷക്കാരനെ തിരിച്ചു വിളിച്ചു എന്നിട്ടു പറഞ്ഞു  " ഒന്നും  ഇല്ല". പറയേണ്ടത് കാര്യസ്ഥനല്ല കാരണവർ ആണ്. ഞാനെന്ന ഭാവം, അധികാര ഭാവം തലയ്ക്കു പിടിച്ചതു കാണിക്കുന്നൂ ഈ കഥ.

ഇന്നലെ സ്പീക്കർ പോലീസിനെ വിരട്ടി. എന്റെ അനുവാദം  ഇല്ലാതെ രണ്ടു എം.എൽ.എ. മാരുടെ ,മൊഴി  എന്തിനു എടുത്തു? മൂന്നാമത്തെ എം.എൽ.എ. യുടെ മൊഴി എടുക്കണ്ട എന്ന് ഉത്തരവും ഇട്ടു. എടുത്തതിന്. അത് കഴിഞ്ഞു പോലീസ് ചെന്ന് സ്പീക്കറുടെ അനുമതി ചോദിച്ചു. " ശരി എടുത്തോളൂ" എന്ന് സ്പീക്കർ ഉത്തരവും ഇട്ടു.  " ഒന്നും  ഇല്ല" എന്ന് കാര്യസ്ഥൻ പറഞ്ഞത് പോരാഞ്ഞു സ്വയം പറഞ്ഞ കാരണവർ.

കാരണവരുടെ സ്വഭാവം ഇപ്പോൾ ജന പ്രതിനിധികൾക്ക് കിട്ടിയിരിക്കു കയാണ്‌. എം.എൽ.എ. ഹോസ്റ്റലിൽ  ഗുണ്ടാ ആക്രമണം ഒന്നുമല്ല നടന്നത്. പോലീസ് അതിക്രമവും അല്ല. നേരത്തെ നോട്ടീസ് കൊടുത്തു സമയം ചോദിച്ചു പാവം പോലീസ് വിനീത വിധേയരായി എം.എൽ.എ.മാരുടെ മൊഴി എടുത്തു. അത്ര തന്നെ.  ഒരു സ്ത്രീ  പീഡന,ഗൂഡാലോചന  ക്കേസാണിത്. എത്രയും പെട്ടെന്ന് സംശയമുള്ളവരുടെ മൊഴി എടുത്തു, തെളിവ് ശേഖരിച്ചു കുറ്റവാളികളെ അറസ്റ്റ് ചെയ്തു ശിക്ഷിക്കാൻ ഉള്ള സൗകര്യം ചെയ്തു കൊടുക്കുകയല്ലേ ഉത്തരവാതിത്വപ്പെട്ട ജന പ്രതിനിധി ചെയ്യേണ്ടത്? അതോ നടപടി ക്രമങ്ങളുടെ നൂലാമാലകളിൽ പെടുത്തുകയോ? 

സ്പീക്കറുടെ അന്തസ്സൊക്കെ നമ്മൾ കണ്ടതാണ്. കഴിഞ്ഞ നിയമസഭയിൽ അന്നത്തെ സ്പീക്കറുടെ കസേര എടുത്തു മറിച്ചതിൽ ഒരാളാണ് ഇന്നത്തെ സ്പീക്കർ.
Monday, July 17, 2017

ഒരു അന്തി ചർച്ച

"നമസ്കാരം.  എല്ലാ പ്രേക്ഷകർക്കും നാറും  ടിവിയുടെ  'സൂപ്പർ തറ ടൈമിലേയ്ക്ക്' സ്വാഗതം. ഞാൻ  നാണു .ഇന്ന് സൂപ്പർ തറ ടൈം ചർച്ച ചെയ്യുന്നത് മെമ്മറി കാർഡ് അമേരിക്കയിലോ, തുടങ്ങി പത്തു ചോദ്യങ്ങൾ.   ചർച്ചയിൽ പങ്കെടുക്കുന്നത് രാഷ്ട്രീയ നേതാവ്  തള്ള്  തങ്കപ്പൻ, മഹിളാ നേതാവ് സുന്ദരി , ചെയർപേഴ്സൺ  മേരി,  അഭിഭാഷകൻ കുറുക്കൻ കുഴി  കറിയാ, കോളേജ് ചെയർമാൻ സെയ്താലി, സിനിമാ സംവിധായകൻ  രാജൻ  പൊട്ടക്കുഴി എന്നിവരാണ്. മുതിർന്ന മാധ്യമ പ്രവർത്തകനായ ജോസഫ് വളഞ്ഞ വഴി,  റിട്ടയേർഡ് പോലീസുദ്യോഗസ്ഥൻ   കെ.പി.  ഈശാ പോശാ  എന്നിവർ ചർച്ചയിൽ ടെലിഫോൺ വഴി പങ്കെടുക്കാം എന്നറിയിച്ചിട്ടുണ്ട്. ഒരു  ഇടവേള."

"എടേ നാണൂ മൂന്നാലു ദിവസമായി നീയൊക്കെ എല്ലാ ചാനലും കൂടിയിട്ട് അലക്കി,  മറുപടി പറഞ്ഞു ഞങ്ങള് മടുത്തു ഇനി ഒന്നും പറയാനില്ലാത്ത അവസ്ഥയിലാ ഇപ്പഴെല്ലാരും. പുതിയ വിവരങ്ങൾ ഒന്നും പുറത്തു വരുന്നതുമില്ല. അത് കൊണ്ട് ഇനി എന്ത് പറയാനാ. ഞങ്ങൾ പോട്ടോടെ കുഴലൂത്തേ"

" പൊന്നു സാറന്മാരെ അവനെ ഒരു  വശത്താക്കണം എന്നാണു ഞങ്ങളുടെ മാനേജ്‌മെന്റിന്റെ ഉദ്ദേശം. അതിനു ഞങ്ങൾക്ക്  സമ്മാനം,കമ്മീഷൻ  ഒക്കെ തരുന്നുണ്ട്. അതിനു നിങ്ങളെല്ലാവരും ഒന്ന് സഹകരിക്കണം. നിങ്ങൾക്കും മൈലേജ് കിട്ടുമല്ലോ. പ്ലീസ്. ഇടവേള കഴിഞ്ഞു. പ്ലീസ്. പോകല്ലേ. 

"സ്വാഗതം. ആദ്യമായി ശ്രീ തള്ള് തങ്കപ്പൻ,  മെമ്മറി കാർഡ് പൊലീസിന് കിട്ടുമോ? അങ്ങയുടെ പാർട്ടി എന്താണ് പറയുന്നത്?"

" എന്റെ നാണൂ. കാർഡിന് വേണ്ടി അമേരിക്കയിൽ പോകണം. ദാസനും വിജയനും പോയത് പോലെ. നമ്മുടെ പോലീസ്  ശക്തരാണ്. ഗൂഡാലോചന ഇല്ലെന്നു ആദ്യം  പറഞ്ഞിട്ട് അവസാനം ഗൂഡാലോചനയിൽ കൊണ്ടെത്തിച്ചില്ലേ? 1942 ൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ ചൈന അമേരിക്കയെ തോൽപ്പിച്ചത് അറിയില്ലേ?  അത് പോലെ അമേരിക്കയെ യുദ്ധത്തിൽ കീഴടക്കി നമ്മുടെ പോലീസ് അത് പിടിച്ചെടുക്കും''
  
 ''ശ്രീമതി  സുന്ദരി എന്താണ് പറയാനുളളത്? ''
ശ്രീ നാണൂ,  സ്ത്രീ സമൂഹത്തിനാകെ അപമാനം വരുത്തി വച്ച ആ കശ്മലന്റെ  കാർഡ് എവിടെ ഉണ്ടെങ്കിലും പിടിച്ചെടുത്തു  കീറിക്കളയണം എന്നാണ്  എനിക്ക് പറയാനുളളതു. സ്വന്തം നാട്ടിലെ എം.എൽ.എ.യെ പ്പോലെയല്ല അന്യ സ്ഥലത്തുള്ള  ഭരണ പക്ഷ എം.എൽ.എ.മാർ. അവരെ ചോദ്യം ചെയ്യണം.

 ശ്രീമതി  മേരി എന്ത് പറയുന്നു?  

''ചൈന, റഷ്യ, തുടങ്ങിയ ലോക  കമ്മ്യുണിസ്റ്റ് രാജ്യങ്ങളിൽ, പാലസ്തീനിൽ, ബൊളീവിയയിൽ,ക്യൂബയിൽ എന്തിനു ത്രിപുരയിൽ പോലും സ്ത്രീകൾ സ്വാതന്ത്ര്യം അനുഭവിക്കുമ്പോൾ  അടിച്ചമർത്തലാണ് ട്രംപിന്റെയും മോദിയുടെയും  കീഴിൽ അമേരിക്കയിൽ നടക്കുന്നത്.  ഗ്രീൻ കാർഡ്  കൊടുക്കാത്ത കുത്തക മുതലാളിത്ത രാജ്യമായ  അമേരിക്കയെ  തള്ളിപറയണം...


അഡ്വേക്കേറ്ശ്രീ  കുറുക്കൻ കുഴി  കറിയാ, എന്താണിതിന്റെ നിയമ വശങ്ങൾ?.

നാണൂ  ഇവിടെ നടക്കുന്ന ചർച്ചകൾ യൂസ്‌ലെസ്സ്. സെക്ഷൻ 120 A പറയുന്നത് ഒരു ക്രിമിനൽ കോൺസ്പിറസി ആണ് 120 ബി അതിനുള്ള പണിഷ്മെന്റ്റും. മെമ്മറി കാർഡ് 120 A യിൽ വരുമോ 120 B യിൽ ആണോ എന്നുള്ളതാണ് ബഹു കോടതി നോക്കേണ്ടത്. ഇത് സബ്‌ജൂഡീസാണ്.

കോളേജ് ചെയർമാൻ ഡോക്ടർ  സൈതാലി, അങ്ങ് എന്ത് പറയുന്നു? 

നാണൂ  ഇവിടെ ഫാസിസം ആണ് നടക്കുന്നത്. മത ന്യുന പക്ഷത്തെ കോളേജ് നടത്താനോ , ആശുപത്രി നടത്താനോ  കോഴ വാങ്ങാനോ അനുവദിക്കാത്ത, ബീഫ് കഴിക്കാൻ അനുവദിക്കാത്ത  കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് മനോഭാവത്തിന് ഒരു ഉദാഹരമാണ് ഈ മെമ്മറി കാർഡ്.

സിനിമാ സംവിധായകൻ ശ്രീ പൊട്ടക്കുഴി അങ്ങേയ്ക്കു എന്താണ് പറയാനുള്ളത്? 
നാണൂ എനിക്കും പറയാൻ സമയം തരണം. സിനിമാക്കാരെന്തിനാ വിദേശത്തു പോകുന്നത്? കാശുണ്ടാക്കാൻ.  ഞങ്ങളെ കൊണ്ട് പോകാറില്ല. അത് കൊണ്ട് പണവും ഉണ്ടാക്കാൻ വഴിയില്ല. അങ്ങിനെ കഷ്ട്ടപ്പെടുന്ന ഞങ്ങളെ അമേരിക്കയിൽ കൊണ്ട് പോകാൻ സർക്കാർ എങ്കിലും മുൻകൈ എടുക്കണമെന്നാണ് എന്റെ ആവശ്യം.

''റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥൻ ശ്രീ  കെ.പി. ഈശാ പോശായിലേക്ക് പോകാം അദ്ദേഹത്തിന്റെ ടെലഫോൺ അടിക്കുന്നുണ്ട്. ഹലോ പറയൂ  സാർ കാർഡിനെ കുറിച്ച്.''

''കാർഡ് എന്ന് പറയുന്നത് പോലീസിനെ സംബന്ധിച്ചിടത്തോളം നിർണായക തെളിവാണ്. അന്വേഷണം ശരിയായ ദിശയിലാണോ എന്ന്  നമുക്ക് നോക്കാം.....

''ഹലോ ഹലോ കട്ടായിപ്പോയി എന്ന് തോന്നുന്നു.''

"കട്ടായതല്ല നാണൂ . മറ്റൊരു ചാനലിൽ ചർച്ചയിൽ ആണ്ഞാൻ. വിഷയം ഇത് തന്നെ അത് കൊണ്ട് ഇവിടെ പറഞ്ഞത്  ഫോണിൽ കൂടി കേൾപ്പിച്ചതാ. ഇവിടെ ഇടവേളയായി.  ബാക്കി പിന്നെ കേൾപ്പിക്കാം."

''മുതിർന്ന മാധ്യമ പ്രവത്തകൻ ജോസഫ് വളഞ്ഞ വഴി ടെലഫോൺ ലൈനിൽ ഉണ്ട്. ശ്രീ വളഞ്ഞ വഴി കേൾക്കാമോ? ഹലോ. 

''കേൾക്കാം. അവനെന്തെങ്കിലും ചെയ്യട്ടെടാ. നിനക്കെന്തു വേണം? നിനക്ക് കാശ് കിട്ടുന്നുണ്ടല്ലോ. ഞാൻ ഇവിടെ  ബാറിലിരുന്നു രണ്ടു വീശുവാ. കൂടെ നിങ്ങടെ ന്യൂസ് ചീഫ് എഡിറ്ററും ഉണ്ട്. ഓകെ.'' 


''ശ്രീ വളഞ്ഞ വഴി യാത്രയിലാണ്. അത്ര ക്ലിയർ അല്ല.''

 ''നമുക്ക് മറ്റൊരു ഇടവേളയിലേയ്ക്ക് പോകാൻ സമയമായി.''

Sunday, July 16, 2017

ആല്


നാണമില്ലാത്തവന്റെ ആസനത്തിൽ ആല് കുരുത്താൽ അതും അവനു തണൽ ആണ്. അതാണ് കേരളത്തിലെ സഭകളിൽ നടക്കുന്നത്. വിശ്വാസികളായ   കുഞ്ഞാടുകളുടെ പണം കൊണ്ട് സഭ ആശുപത്രികൾ കെട്ടിപ്പൊക്കി. എന്നാ ആ കുഞ്ഞാടുകൾക്കോ അവന്റെ കുടുംബങ്ങൾക്കോ എന്തെങ്കിലും സൗജന്യം, ഒരു പാരസെറ്റമോൾ ഗുളിക ഫ്രീ ആയി കൊടുക്കുമോ? അതങ്ങു പള്ളീപറഞ്ഞാൽ മതി.  അവിടെ എല്ലാവരെയും പിഴിയുന്നത് പോലെ സംഭാവന നൽകിയ കുഞ്ഞാടുകളെയും കുഞ്ഞു കുഞ്ഞാടുകളെയും അവരുടെ സന്തതി പരമ്പരകളെയും സഭ പിഴിയും. പള്ളി വേറെ ആശുപത്രി വേറെ.

അത് പോകട്ടെ ഈ പാവപ്പെട്ട കുഞ്ഞാടുകളുടെ കുടുംബത്തിൽ നിന്നും വായ്പ എടുത്തും പറമ്പു പണയം വച്ചും നഴ്‌സിംഗ് പഠിച്ചു വരുന്ന കൊച്ചു പിള്ളാരൊണ്ട്.  പഠിത്തം കഴിഞ്ഞു വന്നാ ഈ അച്ചന്മാരുടെ  ആശുപത്രീല് ജോലിക്കു കേറും. കൊടുക്കുന്നത് എന്നതാ? ഒരു 3000 രൂപ. ട്രെയിനി എന്ന വിളിപ്പേരുമിട്ട്. ഈ ട്രെയിനി പരിപാടി പല വർഷം തുടരും. ഒരു പത്തോ നൂറോ  അധികം കൊടുക്കും. ഇതാണ് അച്ചന്മാരുടെ കളി. നഴ്സ്‌ന്മാര്   ക്രിസ്ത്യാനി കളായതു കൊണ്ട് പള്ളിയെയും സഭയെയെയും ഒന്നും പറയാൻ അവരുടെ വീട്ടുകാർ സമ്മതിക്കില്ല. മറ്റു സമുദായങ്ങളിൽ പെട്ടവരോ എന്ന ചോദ്യം വരും. അവർ ന്യുന പക്ഷമാണ്. അത് കൊണ്ട് ഭൂരിപക്ഷത്തോടൊപ്പം നിൽക്കേണ്ടി വരും.  അത്  കൊണ്ട് സമരം എന്നൊന്നിനെ പറ്റി ആലോചിക്കാനേ കഴിയില്ല.  അങ്ങിനെയാണ് പാവം നഴ്‌സുമാർക്ക്‌ നക്കാപ്പിച്ച ശമ്പളം കൊടുത്ത് ആശുപത്രിക്കാർ നിറുത്തുന്നത്.  ഇപ്പഴ് നഴ്സ്സന്മാര് ശമ്പളം കൂട്ടി ചോദിച്ചപ്പോൾ   സഭ എടുത്ത നിലപാട് കണ്ടല്ലോ.  ഒരു പൈസ കൂട്ടിക്കൊടുക്കില്ല. എന്നിട്ടു കാണിക്കുന്ന പരിപാടി നോക്ക്. ആശുപത്രി ഉണ്ടാക്കാൻ ഇടവകയിലെ ക്രിസ്ത്യാനികളിൽ നിന്നും  നിർബന്ധിത പണപ്പിരിവ്. ഇവിടെയാണ് ആദ്യം പറഞ്ഞ ആല് കുരുത്തത്. പേടിച്ചു എല്ലാവരും കാശും കൊടുക്കും. 

Tuesday, June 27, 2017

ഡോക്ടർവീണ്ടും ഒരു നീറ്റ് പരീക്ഷാ ഫലം കൂടി വന്നു.എവിടെയാണ് പ്രവേശനം കിട്ടുന്നു എന്ന് ആദി പൂണ്ട മാതാപിതാക്കൾ. (മക്കൾക്ക് അത്ര ആധി ഒന്നും ഇല്ല.) മക്കളെ ഡോക്ടർ മാരാക്കാൻ പാട് പെടുന്ന അച്ഛനമ്മമാർ.മക്കൾ അതിനൊത്തുയരുന്നോ എന്നതാണ് നോക്കേണ്ടത്.  ഓരോ വർഷവും അഞ്ചര ലക്ഷം ആണ് ഫീസ്. പിന്നെ മറ്റു ചിലവുകളും. നമ്മുടെ നാട്ടിൽ അത്രയും ഫീസ് കൊടുക്കാൻ കഴിവില്ലാത്ത എത്രയെത്ര മാതാപിതാക്കൾ. ഇതൊന്നു വായിക്കൂ.

മൂത്ത മകൻ ഡോക്ടർ. രണ്ടാമത്തെ മകൾ ഡോക്ടർ. ഇളയ മകൻ രണ്ടാം വർഷം ഡോക്ടർ വിദ്യാർത്ഥി. ഡോക്ടർ മാരായ അച്ഛനമ്മമാർ അല്ല. പണക്കാരായ അച്ഛനമ്മമാർ അല്ല. ഒരു ആദിവാസി കുടുംബം. നേര്യമംഗലം, മാമലക്കണ്ടം ഇളംപ്ലാശ്ശേരിയിൽ താമസം. അടുത്തു സൗകര്യമായ സ്‌കൂളുകൾ ഇല്ല. കിലോമീറ്റർ നടന്നു വേണം സ്‌കൂളിൽ എത്താൻ.അടുത്തു കോളേജുകളില്ല. എന്നിട്ടും മൂന്നു പേരും പഠിച്ചു. ഡോക്ടർമാരായി. അച്ഛനുമമ്മയും കൂലി വേല ചെയ്തു. അദ്ധ്വാനിച്ചു. മക്കളെ നന്നായി പഠിപ്പിക്കണം എന്നൊരാഗ്രഹം മാത്രം. കുറച്ചു സഹായം മാതാ അമൃതാനന്ദ മയി ചെയ്തു. റബ്ബർ വെട്ടിയും ഈറ്റ വെട്ടിയും അച്ഛൻ രാഘവനും അമ്മ പുഷ്പയും മക്കളെ ഈ നിലയിൽ എത്തിച്ചു.  മകൻ ഹോമിയോ ഡോക്ടർ, ജോലിയും കിട്ടി. മകൾ എം.ബി.ബി.എസ്  കഴിഞ്ഞു എം.ഡി. ക്കു പഠിക്കുന്നു. ഇളയ മകൻ  ആയുർവേദ  വിദ്യാർത്ഥി.  പ്രതികൂല സാഹചര്യങ്ങൾക്കെതിരെ പട പൊരുതി ജയിച്ച ഒരു കുടുംബം. മക്കൾക്ക് പഠിക്കാൻ വേണ്ടി അത്യദ്ധ്വാനം ചെയ്ത അച്ഛനുമമ്മയും. അവരുടെ ആഗ്രഹത്തിനൊത്തുയർന്നു പഠിച്ച മക്കൾ.


Wednesday, June 14, 2017

മദ്യ നയം

കേരളത്തിൽ ഇനി  മദ്യത്തിൽ നീന്തി കുളിക്കാം . ത്രീ സ്റ്റാർ മുതൽ മുകളിലോട്ടുള്ള എല്ലാ ഹോട്ടലുകൾക്കും ഇടതു മുന്നണി സർക്കാർ  ബാർ അനുമതി നൽകിക്കഴിഞ്ഞു. മദ്യ വർജ്ജനം ആണ്  അന്തിമ ലക്ഷ്യം എന്ന് ഇപ്പോഴും ഉരുവിട്ടുകൊണ്ടിരിക്കുന്ന സി.പി.എമ്മിന്റെ  ''മദ്യ വർജ്ജനം'' എന്നതിനർത്ഥം കൂടുതൽ ബാറുകൾ തുറക്കുക എന്നതാണ്!

ഇത്തരമൊരു  മദ്യ നയം ഇടതു മുന്നണി കൊണ്ട് വരുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു, ഇവരെ അന്ധമായി വിശ്വസിച്ചു  ഇവർക്ക് വോട്ട് ചെയ്ത ആളുകൾക്കൊഴികെ. കാരണം മദ്യ ലോബിയുടെ സഹായം ഇല്ലാതെ ഇവർക്ക് നില  നിൽക്കാൻ കഴിയില്ല എന്നത് തന്നെ. മദ്യ മുതലാളിമാർക്ക് അനുകൂലമായ നിലപാട് ആയിരിക്കും തങ്ങളുടേത് എന്ന്  തിരഞ്ഞെടുപ്പ് സമയത്തു തന്നെ ഒളിഞ്ഞും തളിഞ്ഞും ഇടതു മുന്നണി വ്യക്തമാക്കിയിരുന്നു. ബാറുകൾ തുറക്കും എന്ന്  ബാർ മുതലാളിമാർക്ക് രഹസ്യമായി ഉറപ്പു നൽകുകയും ചെയ്തിരുന്നു എന്നതാണ് പ്രചരിക്കുന്ന വാർത്തകൾ. മുതലാളിമാർ സ്റ്റാറുകൾ കൂട്ടി പുതിയ ഹോട്ടലുകൾ കെട്ടിപ്പൊക്കിയത് ഇത്തരം ഒരുറപ്പിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു എന്നും വാർത്തകൾ പുറത്തു വന്നു.  മാണിക്കെതിരെ കോഴ ആരോപണം വന്നപ്പോൾ ഉമ്മൻ ചാണ്ടി സർക്കാരിൽ നിന്നും പ്രതികാര നടപടികൾ ഭയന്നാണ് കൈക്കൂലി കൊടുത്തു എന്ന സത്യം പറയാത്തത് എന്ന് പറഞ്ഞ  അനേകം ബാറുടമകൾ ഉണ്ടായിരുന്നു.  അവരെല്ലാം പുതിയ ഇടതു മുന്നണി അധികാരത്തിൽ വരുമ്പോൾ സത്യം വെളിപ്പെടുത്തും എന്ന് വിശ്വസിച്ച കുറെ ജനങ്ങൾ ഉണ്ടായിരുന്നു. പക്ഷെ  ഒരൊറ്റ ബാർ മുതലാളിയും സത്യംവിളിച്ചു പറഞ്ഞില്ല. കാരണം അത്തരം വെളിപ്പെടുത്തലുകൾ  ബാറുകൾക്കനുകൂല നിലപാടെടുക്കുന്നതിന് എന്തെങ്കിലും രീതിയിൽ തങ്ങൾക്കു തടസ്സം ആകുമോ എന്ന്  പുതിയ ഇടതു മുന്നണി  ഭരണ കൂടം ഭയപ്പെട്ടു. കോഴ കൊടുത്തവരെ ബാർ ലൈസൻസ് നൽകുന്നതിൽ നിന്നും ഹൈക്കോടതി വിലക്കുകയോ മറ്റോ ചെയ്‌താൽ കളി ആകെ തെറ്റും. അത് കൊണ്ട് സത്യം പുറത്തു പറയണ്ട എന്നുപദേശിച്ചു  അതിനു തടയിട്ടത് ഇടതു മുന്നണിയാണ്,  ബാർ മുതലാളിമാർക്ക് അനുകൂല മദ്യ നയം നടപ്പിലാക്കും എന്ന ഉറപ്പു നൽകിക്കൊണ്ട്.

മദ്യ മുതലാളിമാർക്ക് അനുകൂല നിലപാട് വെളിപ്പെടുത്തുന്ന മറ്റൊരു കാര്യമാണ് കഴിഞ്ഞയാഴ്ച സംഭവിച്ചത്.  2014 ൽ ഇറക്കിയ ഒരു ഉത്തരവ് പ്രകാരം ചേർത്തല-തിരുവനന്തപുരം, കുറ്റിപ്പുറം-വളപട്ടണം പാതകൾ ദേശീയ പാത അല്ലെന്നും ആ പാതയോരത്തെ ബാർ തുറക്കാൻ അനുമതി നൽകണമെന്നും കാണിച്ചു ഹൈക്കോടതിയിൽ ബാർ മുതലാളിമാർ കൊടുത്ത ഹർജി വന്നപ്പോൾ സർക്കാർ ഒരക്ഷരം മിണ്ടാതെ ഇരുന്നു..പൊതു മരാമത്തു വകുപ്പ് എതിർ കക്ഷി ആയിട്ടും സർക്കാർ അനങ്ങിയില്ല. പൊതു മരാമത്തു മന്ത്രി തീർത്തും പറയുന്നു. ഇത് രണ്ടും ദേശീയ പാത തന്നെ എന്ന്. സർക്കാരിന്റെ വക  ഒരു അഡ്വക്കേറ്റ് ജനറൽ ഉണ്ട്. ഇങ്ങിനെ കേസുകൾ വരുമ്പോൾ സർക്കാരിന് വേണ്ടി വാദിക്കാനാണ് ശമ്പളവും കൊടുത്തു അദ്ദേഹത്തെ  ഇരുത്തിയിരിക്കുന്നത്.അങ്ങേര് ഒന്നും മിണ്ടിയില്ല. ആലോചിച്ചു തീരുമാനിക്കാൻ കോടതി സർക്കാരിനോട് പറഞ്ഞപ്പോൾ എക്സൈസ് കമ്മീഷണർ എ.ജി. യോട് ഉപദേശം ചോദിച്ചു.അങ്ങേര് പറഞ്ഞു അപ്പീൽ പോകണ്ട. കോടതിയിൽ മാധ്യമങ്ങളെ ഒഴിവാക്കിയത് കൊണ്ട് ഈ കള്ളക്കളികൾ പുറത്തു വരാൻ കുറെ ദിവസങ്ങൾ എടുത്തു.  അതിനകം  തന്നെ ഒരു വിശദീകരണവും ചോദിക്കാതെ സർക്കാർ കുറെ ബാറുകൾക്കു അനുമതിയും നൽകി. ഇപ്പോൾ പൊതു താൽപ്പര്യമായി ഒരാൾ അപ്പീൽ പോയപ്പോഴാണ് സർക്കാരിന്റെ ഈ കള്ളക്കളികൾ പുറത്തു വന്നത്. കോടതിയെ മുതലെടുക്കരുതെന്നു  കോടതി സർക്കാരിനു താക്കീത് നൽകി. അതോടെ തുറന്ന ബാറുകൾ എല്ലാം വീണ്ടും അടയ്‌ക്കേണ്ടിയും വന്നു. കേരളത്തിലെ എല്ലാ ബാറുകളും എങ്ങിനെയെങ്കിലും തുറക്കണം എന്ന ഇടതു സർക്കാരിന്റെ നയം ആണ് ഇതിൽ നിന്നെല്ലാം വെളിപ്പെടുന്നത്.

ബാറുകൾ തുറക്കാൻ വേണ്ടി എന്തൊക്കെ ന്യായങ്ങൾ ആണ് ഇവർ പറഞ്ഞത്? മദ്യം വിൽക്കുന്ന പണം കൂടി കണ്ടു കൊണ്ടാണ് ബഡ്ജറ്റ് ഉണ്ടാക്കിയത് എന്നാണു ധന മന്ത്രി പറഞ്ഞത്‌. മനുഷ്യന്റെ ആരോഗ്യം നശിപ്പിക്കുന്ന പണം കൊണ്ടാണോ ബഡ്ജറ്റ് ഉണ്ടാക്കേണ്ടത്? അനേകം കടുംബങ്ങൾ തകരും. എന്നാലും സർക്കാരിന് കാശ് വേണം എന്ന നികൃഷ്ട ചിന്തയാണ് ഇടത് സർക്കാരിനുള്ളത്.  25756.32 കോടി രൂപ ധന കമ്മിയാണ് 2017-18 ലെ ബഡ്ജറ്റ് കാണിക്കുന്നത്.  റവന്യു കമ്മിയാകട്ടെ 16043.14 കോടി. പൊതു  കടവും  ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുന്നു. അതായത്  പുറത്തു നിന്നും സംസ്ഥാനം   വാങ്ങിക്കൂട്ടിയ കടം. ഇന്നത്  1,80,921.23 കോടിയാണ്. കഴിഞ്ഞ സർക്കാർ അധികാരമൊഴിയുമ്പോൾ ഉണ്ടായിരുന്നത് 1,57,370.33 കോടി. ഈ ഒരു വർഷം കൊണ്ട് 23,550.90 കോടി  കൂടുതൽ കടം പിണറായി വിജയൻ സർക്കാർ  ഉണ്ടാക്കി വച്ചു. അടുത്ത സാമ്പത്തിക വർഷാവസാനം വീണ്ടുമൊരു 26000 കോടി വർദ്ധിച്ചു കടം 2,07,026.81 കോടിയാകും എന്ന് ധന മന്ത്രി തന്നെ പറയുന്നു. എന്നിട്ടും മനുഷ്യന്റെ കരൾ ഉരുക്കുന്ന മദ്യം വിറ്റു വേണമോ കേരള സർക്കാർ പണം ഉണ്ടാക്കാൻ? മറ്റെല്ലാറ്റിനും പണം കണ്ടെത്താൻ കിഫ്‌ബി ഉണ്ടല്ലോ. എന്നിട്ടു മദ്യത്തിൽ വരുന്ന കമ്മി നികത്താൻ അത് ഉപയോഗിച്ചു കൂടെ?  മദ്യനയം പുറത്തു വന്നതോടു കൂടി ധന മന്ത്രി തോമസ് ഐസക്ക്  തന്റെയും നയം മാറ്റി, '' മദ്യത്തിൽ നിന്നുള്ള വരുമാനം ബഡ്ജറ്റിൽ വലിയ വ്യത്യാസം വരുത്തിന്നില്ല" എന്ന്. 

ബാറുകൾ തുറക്കാൻ വേണ്ടി ഇടതു സർക്കാറിന്റെ മറ്റൊരു വ്യാജ പ്രചാരണം ടൂറിസം മേഖല തകരുമെന്നും  മദ്യ നിയന്ത്രണം ടൂറിസത്തിനു വലിയ തിരിച്ചടി ഉണ്ടാക്കുമെന്നുമാണ്.  എല്ലാ ടൂറിസ്റ്റുകളും മദ്യപിക്കാനാണ്  കേരളത്തിൽ വരുന്നത് എന്നാണ് ഇവർ പറയുന്നത്. ടൂറിസ്റ്റുകൾ വരുന്നത് നാട് കാണാനാണ്. ഓരോ രാജ്യത്തു ചെല്ലുമ്പോഴും അവിടത്തെ നിയമവും ആചാരവും അനുസരിച്ചാണല്ലോ ടൂറിസ്റ്റുകൾ പെരുമാറേണ്ടത്?  അത് സഞ്ചാരികൾക്കു അറിയുകയും ചെയ്യാം. പക്ഷേ  24 മണിക്കൂറും മദ്യപിക്കാൻ സൗകര്യം ഒരുക്കിക്കൊടുക്കണമെന്നാണ് ഇടതു മുന്നണി പറയുന്നത്. ബാറുകൾ അടഞ്ഞതു കൊണ്ട് ടൂറിസ്റ്റുകൾ വരാതായെന്ന്!  ഇനി സത്യം എന്താണെന്ന് നോക്കാം. ഇക്കഴിഞ്ഞ വർഷം,  അതായത് 2016   ൽ വിനോദ സഞ്ചാരികളുടെ വരവിൽ 5.71% ശതമാനം വർധനയാണുണ്ടായത്. 1  കോടി  42 ലക്ഷം സഞ്ചാരികളാണ് കേരളത്തിൽ എത്തിയത്. വിദേശത്തു നിന്നുള്ള സഞ്ചാരികൾ 10.38 ലക്ഷം- ഈ വർഷം 6.23% വർധന! വിദേശ നാണ്യ വരുമാനം 7749.51 കോടി അതായത് 11.51%  വർധന. എന്നിട്ടാണ് സി.പി.എം. പറയുന്നത് ടൂറിസത്തിനു തിരിച്ചടി ആയെന്ന്.   ടൂറിസം വകുപ്പിന്റെ കണക്കുകൾ പുറത്തു  വന്നതിനു ശേഷം അൽപ്പം ഇളിഭ്യതയോട് കൂടിയാണെങ്കിലും മന്ത്രി കടകം പള്ളി സുരേന്ദ്രൻ ടൂറിസത്തിന്റെ വളർച്ച പരസ്യമായി സമ്മതിക്കുകയുണ്ടായി. പക്ഷെ ഈ  വളർച്ച കണക്കുകൾ ഒന്നും നമ്മുടെ  ധന മന്ത്രി അറിഞ്ഞ ലക്ഷണമില്ല.  അദ്ദേഹത്തിന്റെ  ഒരു പ്രസ്താവന കണ്ടു."ടൂറിസം ഉൾപ്പടെയുള്ള  പല മേഖലകളിലുമുണ്ടായ മാന്ദ്യമാണ് മദ്യ നയം മാറ്റാനുള്ള കാരണം". 

ദിവസം 12 മണിക്കൂർ ആണ് സർക്കാർ മദ്യപിക്കാൻ സൗകര്യം ഒരുക്കി യിരിക്കുന്നത്. രാവിലെ 11 മുതൽ രാത്രി 11 വരെ നോൺ -സ്റ്റോപ്പ് കുടി.. മദ്യ വർജനം ആണ് സർക്കാരിന് താൽപ്പര്യമെങ്കിൽ ഇത്രയും മണിക്കൂറുകൾ കുടിക്കാൻ എന്തിനു അവസരം കൊടുക്കണം? രാവിലെ ബ്രെക് ഫാസ്റ്റ് കഴിഞ്ഞു ജനം നേരെ വെള്ളമടി തുടങ്ങട്ടെ എന്നാണോ സർക്കാർ ഉ ദ്ദേശിക്കുന്നത്?  അത് പോലെ വൈകുന്നേരം 4 മണിക്കു ചായക്ക്‌ പകരം മദ്യം കഴിക്കാമെന്നോ? ഏതായാലും സമ്പൂർണ മദ്യ വർജനം ലക്ഷ്യം ആയ ഇടതു മുന്നണി സർക്കാർ   ''മദ്യ വർജ്ജന''  സമയമെങ്കിലും അൽപ്പം കൂട്ടിക്കൂടെ?  മദ്യപാന സമയം ഉച്ചക്ക് 12 മുതൽ 3 വരെയും പിന്നെ വെകുന്നേരം  6 മുതൽ രാത്രി 10 വരെ ആക്കിയാൽ പോരേ? 

മദ്യപിക്കാനുള്ള പ്രായം 21 ൽ നിന്നും ഉയർത്തി  23  ആക്കി.തികച്ചും അപ്രായോഗികമായ ഒരു കാര്യം ഏതോ മഹാ കാര്യം പോലെ അവതരിപ്പിക്കുകയാണ് സർക്കാർ. അങ്ങിനെ മദ്യം വിൽക്കുന്നവർ ശിക്ഷിക്കപ്പെടും എന്നൊരു വകുപ്പ് കൂടി! ഇനി ജനന സർട്ടിഫിക്കറ്റും കൊണ്ട് മദ്യം കഴിക്കാൻ പോകണമെന്നാണോ? ഇത് ആത്മാർത്ഥമായി പറയുകയാണ് എങ്കിൽ മദ്യം കഴിക്കുന്നവർക്ക് പെർമിറ്റ് കാർഡ് ഏർപ്പെടുത്തണം. കാർഡ് നോക്കി മാത്രം ഗദ്യം വിൽക്കുക.

പുതിയ മദ്യ നയം വന്നതോടെ 150 ബാറുകൾ തുറക്കുമെന്നാണ് പറയുന്നത്. അത് പോലെ നിലവിലുള്ള ബീയർ-വൈൻ പാർലറുകൾ ബാറുകളായി മാറും.പുതിയ ബാറുകൾ വനുവദിക്കുന്നതിൽ നിയന്ത്രണങ്ങൾ ഒന്നുമില്ല. ത്രീ സ്റ്റാറിനു  മുകളിൽ  ആകണമെന്ന് മാത്രം. അങ്ങിനെയെങ്കിൽ ഇനിയും പുതിയ ബാറുകൾ ഉണ്ടാകും. ബാറുകളുടെ എണ്ണം ആയിരം കടന്നു പോകും. മലയാളിക്ക് ഇഷ്ട്ടം പോലെ മദ്യപിക്കാം.സർക്കാർ കൂടെയുണ്ട്.

Wednesday, June 7, 2017

പരിസ്ഥിതി

ലോക പരിസ്ഥിതി ദിനം പ്രമാണിച്ചു  1 കോടി വൃക്ഷ തൈകൾ ആണ് കേരളത്തിൽ  നട്ടത്. ഗവർണർ മുഖ്യ മന്ത്രി,മന്ത്രിമാർ എം.എൽ.എ. മാർ തുടങ്ങി രാഷ്ട്രടീയക്കാർ എല്ലാവരും തൈ നട്ടു. റോഡരികിലും ഓഫീസ് മുറ്റത്തും പിന്നെ ജനം കാണുന്ന സ്ഥലത്തും ഒക്കെയാണ് ഇവ നട്ടത്. മുഖ്യ മന്ത്രിയ്ക്ക് മൂന്നാർ വനത്തിൽ പോയി ചെടി നടാൻ കഴിയാത്തതു കൊണ്ട് ക്ലിഫ് ഹൗസ് മുറ്റത്തു നടും. ഇവിടൊക്കെയാണോ ഈ മരങ്ങൾ നടേണ്ടത്?  ഈ മഴക്കാലം കഴിഞ്ഞാൽ ഈ നട്ട തൈകൾ ഒക്കെ കരിഞ്ഞു പോകും. ഒരു തുള്ളി വെള്ളം ഒഴിക്കാൻ ആരുമില്ല. പിന്നെ അടുത്ത പരിസ്ഥിതി ദിനത്തിൽ പുതിയ വ്യക്ഷ
തൈകളുമായി  ഇവരെ കാണാം.

 കേരളത്തിൽ വനം മുഴുവൻ വെട്ടിത്തെളിക്കുകയാണ്. അതൊക്കെ സർക്കാരിന്റെ അറിവോടെയും ആണ്. പശ്ചിമ ഘട്ട മല   നിരകൾ കയ്യേറ്റം മൂലം നശിച്ചു കൊണ്ടിരിക്കുന്നു. അപ്പോൾ ഈ തൈ നടലിനു എന്താണ് അർത്ഥം? വെറുമൊരു പ്രഹസനം അല്ലേ?  മരം നടൽ മാത്രമല്ല പരിസ്ഥിതി. നാട് മുഴുവൻ മാലിന്യ കൂമ്പാരം ആണ്. ജലവും വായുവും അന്തരീക്ഷമൊന്നാകെ മലിനീകരിക്കപ്പെടുന്നു. അത് തടയാൻ  സർക്കാർ ഒന്നും ചെയ്യുന്നില്ല. പരിസ്ഥിതിയെ ദുർബ്ബലപ്പെടുത്തി മൂന്നാർ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്നു. കായലും കടലും കയ്യേറി കെട്ടിടങ്ങൾ  നിർമിക്കുന്നു. ജല സ്രോതസ്സുകളും തണ്ണീർത്തടങ്ങളും ഒക്കെ പൂർണമായും മലിനീകരിക്കപ്പെടുന്നു. ക്വാറി മാഫിയയും മണൽ മാഫിയയും പ്രകൃതിയെ നശിപ്പിക്കുന്നു. കണ്ടൽ കാടുകൾ മുഴുവൻ വെട്ടി വെളുപ്പിക്കുന്നു. ഇതിനെതിരെ ഒരു ചെറു വിരൽ അനക്കാൻ താല്പര്യമില്ലാത്ത സർക്കാർ നടത്തുന്ന ഈ ഒരു കോടി തൈ നടൽ വെറും തട്ടിപ്പു മാത്രമാണ്.പരസ്യത്തിനും മറ്റുമായി എത്ര കോടിയാണ് പാഴ് ചെലവ്?
Friday, May 26, 2017

ആഘോഷം.

"നമുക്ക് ഒരുമിച്ചു മുങ്ങിത്താഴാം, സർക്കാർ ഒപ്പമുണ്ട്" ഇതാണ് പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിനു ഏറ്റവും അനുയോജ്യമായ പരസ്യ വാചകം. 

 കഴിഞ്ഞ ഒരു വർഷത്തെ ഭരണത്തിൽ നിന്നും ഇതിലും അർത്ഥവത്തായ ഒരെണ്ണം കണ്ടു പിടിക്കാൻ കഴിയില്ല. 'എല്ലാം ശരിയാക്കാം' എന്ന പരസ്യവാചകത്തിലൂടെ അധികാരത്തിൽ കയറിയ സർക്കാർ ഒന്നും ശരിയാകാതെ പകച്ചു നിൽക്കുകയാണ്. ''അഴിമതി പാടെ തുടച്ചു നീക്കും'' എന്ന് ഓരോ അഞ്ചു മിനിട്ടിലും " ഞാൻ പെണറായി വിജയൻ" എന്ന് തുടങ്ങുന്ന  റേഡിയോ പരസ്യത്തിൽ പറയുന്ന സർക്കാർ ആണ് അഴിമതി 'തുടച്ചു നീക്കാത്തതോ' പോകട്ടെ  അതിനെതിരെ ഒരു ചെറു വിരൽ പോലും അനക്കാൻ പോലും ആകാതെ നിൽക്കുന്നത്. ഭരണത്തിൽ കയറി ഒരു മാസം തികയുന്നതിനു മുൻപ് തന്നെ ബന്ധു ജന അഴിമതിയിൽ ഒരു മന്ത്രി രാജി വയ്‌ക്കേണ്ടി വന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ അഴിമതി കൊണ്ട് മാത്രം ജയിച്ചു കയറിയ ഇടതു മുന്നണി  ചാണ്ടി സർക്കാരിന്റെ അഴിമതി ഒരെണ്ണം പോലും ഒരു വർഷം ആയിട്ടും പുറത്തു കൊണ്ടു വന്നില്ല എന്നത് അഴിമതിയിൽ 'ഒത്തു കളി' നടത്തുന്നു  എന്നതിന് തെളിവല്ലേ? അഴിമതിക്ക് ജയിലിൽ പോയ ബാലകൃഷ്ണപിള്ളയെ കാബിനറ്റ് റാങ്കിൽ നിയമനം. ലൈംഗികാരോപണത്തി ൽ  രണ്ടാം മന്ത്രിയും രാജി വച്ചു.


 ഭരണ ആസ്ഥാനത്താണെങ്കിൽ IAS-IPS തമ്മിൽ തല്ല് കൂട്ടത്തല്ല്. സെക്രട്ടേറിയറ്റിൽ സർക്കാരിനെതിരെ സമരം.  ക്രമ സമാധാന നില അതീവ ഗുരുതരം. ഓരോ ദിവസവും ഓരോ ബലാത്സംഗം എന്നതാണ് പിണറായി സർക്കാർ വന്നതിനു ശേഷമുള്ള കണക്ക്. രാഷ്ട്രീയ കൊലപാതകങ്ങൾ.  ധാരാളം. അരി വില ആകാശത്തോളം കുതിച്ചുയർന്നു. കിലോയ്ക്ക് 50 രൂപ. പച്ചക്കറി വില അതിലും ഭീകരം.  അടിസ്ഥാന സൗകര്യമില്ലാത്ത സർക്കാർ വിദ്യാലയങ്ങൾ. പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്നു. പനി പിടിച്ചു ആളുകൾ മരിക്കുന്നു. മാലിന്യ സംസ്കരണം നടത്താതെ സർക്കാർ. ധൂർത്തിനാണെങ്കിൽ ഒരു കുറവുമില്ല.കാബിനറ്റ് റാങ്കിൽ ഒരു പിടി ഉപദേശകർ.ഒരു വിദ്യാർത്ഥിക്കെതിരെ പ്രചാരണത്തിന് പരസ്യം 18 ലക്ഷം. ഒരു ഡി.ജിപിക്കെതിരെ കേസിനു 3 കോടി. ഇതൊക്കെയാണ് ഈ സർക്കാരിന് ആഘോഷിക്കാനുള്ളത്.Tuesday, May 23, 2017

ബലാത്സംഗം

video
മന്ത്രി എന്ത് സന്ദേശമാണ് സ്ത്രീ സമൂഹത്തിനു നൽകുന്നത്? ഇരകൾ സ്വയം പ്രതിരോധിക്കണം എന്നാണോ? ബലാത്സംഗത്തിന് വരുന്നവരെ കത്തിയെടുത്തു ജനനേന്ദ്രിയം ഛേദിക്കണം എന്നോ? അങ്ങിനെ ഒരു യുവതി ചെയ്ത  പ്രവർത്തി ഉദാത്തമാണെന്നും ധീരമാണെന്നും  പറഞ്ഞതിൽ നിന്നും അതാണ് മനസ്സിലാകുന്നത്. ഓരോ വ്യക്തിയുടെ സുരക്ഷ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പു വരുത്താൻ ഭരണ ഘടന പ്രകാരം ഉത്തരവാദിത്വം നിക്ഷിപ്തമായിട്ടുള്ള ഒരു സംസ്ഥാന മുഖ്യ  മന്ത്രി ആണ്  ഇപ്രകാരം നിരുത്തരവാദിത്വ പരമായ ഒരു പ്രസ്താവന നടത്തിയത്.

വളരെ ലാഘവത്തോടെ ആണ് മുഖ്യ മന്ത്രി ഇത്രയും ഗുരുതരമായ പ്രശ്നം എടുത്തത്. ഒരു തരം ഹാസ്യ ഭാവത്തോടെ, ചിരിച്ചു കൊണ്ട്. ചിരിക്കാനുള്ള കാര്യമാണോ ഇവിടെ നടന്നത്? ഒരു യുവതിയെ ഒരാൾ ബലാത്സംഗം ചെയ്യുന്നു. അതാണോ ഇത്ര ലാഘവത്തോടെ എടുക്കേണ്ടത്? തുടർ നടപടികളിലും മുഖ്യ മന്ത്രിയ്ക്ക് ചിരിയും തമാശയും ആണ്. " ഇനി എന്ത് നടപടി എടുക്കാനാണ്? പിന്തുണയ്ക്കുക അത്ര മാത്രം."  അപ്പോൾ പ്രശ്നം അവിടെ അവസാനിച്ചു.  ആഭ്യന്തരത്തിന്റെ ചുമതല കൂടിയുള്ള മുഖ്യ മന്ത്രി ആണിത് പറയുന്നത്. ഇത് കേൾക്കുന്ന പോലീസുകാരും തുടർ നടപടികൾ   എന്തായിരിക്കും?

കഴിഞ്ഞ ഒരു വർഷമായി കേരളത്തിൽ കൂടി വരുന്ന സ്ത്രീ പീഡനങ്ങളും, ബലാത്സംഗങ്ങളും,കൊലപാതകങ്ങളും മുഖ്യ മന്ത്രിയുടെ ഈ ലാഘവ ത്തോടെയുള്ള കാഴ്ചപ്പാട് കൊണ്ടാണ് എന്ന് പറയുന്നതാണ് ശരി. പ്രതിപക്ഷ നേതാവും ഇതേ കാഴ്ചപ്പാട് തന്നെ പ്രകടിപ്പിച്ചു.ആയുവതിയുടെ പേരിൽ കേസ് എടുക്കേണ്ട എന്ന് പറഞ്ഞതിലൂടെ സ്ത്രീകൾ  സ്വയം പ്രതിരോധിക്കുക എന്ന ഒരു വഴി മാത്രമേ ഉള്ളൂ എന്നും അത് നിയമപരമാക്കുക എന്നുമാണ് രമേശ് ചെന്നിത്തല അർത്ഥമാക്കിയത്.

സുരക്ഷാ നൽകേണ്ട തങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറുന്നു .ഇവർക്കൊക്കെ ഒരു സ്ത്രീയുടെ മാനം എന്ന് പറഞ്ഞാൽ വെറും തമാശ ആണ്.

Saturday, May 20, 2017

പെൺ കൂട്ടായ്മImage may contain: 14 people, people smiling, selfie

സിനിമയിലെ സ്ത്രീ കൂട്ടായ്മ ഏറ്റവും യോഗ്യനായ ആളിനെത്തന്നെയാണ് പിന്തുണക്കായി സമീപിച്ചത്. സാക്ഷാൽ കേരള മുഖ്യ മന്ത്രി പിണറായി വിജയൻ. മഹിജ എന്ന വനിതയെ റോഡിലൂടെ വലിച്ചിഴച്ചതിനെ ന്യായീകരിച്ച ആൾ, പെമ്പിളൈ ഒരുമയെ  അധിക്ഷേപിച്ച മന്ത്രിയെ ന്യായീകരിച്ച ആൾ അങ്ങിനെ എല്ലാം കൊണ്ടും സ്ത്രീ പക്ഷനാണ്. 

വെറുമൊരു പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ് ''വിമൻ കളക്ടീവ് ഇൻ സിനിമ'' എന്ന സംഘടന. എന്താണ് സിനിമാ വ്യവസായത്തിൽ  സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ? ലൈംഗിക അതിക്രമങ്ങൾ, പീഡനങ്ങൾ,അവഗണന. ഇതിന്റെ കാരണം അന്വേഷിച്ചാൽ ഉത്തരവാദികൾ സ്ത്രീകൾ തന്നെ ആണെന്ന് കാണാം. സിനിമയിൽ ഒന്ന് മുഖം കാണിക്കാൻ വേണ്ടി, ഒരു ചാൻസിനു വേണ്ടി, ഒരു നായികാ പദവിക്ക് വേണ്ടി 'എന്തും ചെയ്യാം' എന്ന നിലപാടാണ് ഏറ്റവും പ്രധാന പ്പെട്ട കാരണം. അവിടത്തെ പുരുഷ സമൂഹം അതിനെ മുതലെടുക്കുകയും ചെയ്യുന്നു.അങ്ങിനെ തുടങ്ങി കഴിയുമ്പോൾ പിന്നെ ഈ  ''പവിത്രതയോടെ കാത്തു   സൂക്ഷിക്കുന്ന '' തിനൊന്നും ഒരർത്ഥവും ഇല്ലാതാകും. ഒരു പാട്സിനിമാ നടികളുടെ വിവിധ ''കലാപരിപാടികൾ''  നമ്മൾ  സോഷ്യൽ മീഡിയയിൽ  വരുന്ന വീഡിയോകളിൽ കാണാറുണ്ടല്ലോ. എങ്ങിനെയെങ്കിലും കാശുണ്ടാക്കുക,' സുഖിക്കുക' എന്നതാകുന്നു അവരുടെ ലക്ഷ്യം. അതിനു മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ. സിനിമാ താരങ്ങൾക്കിടയിൽ വിവാഹ മോചനം കൂടുന്നതിന്റെ കാരണവും ഇത് തന്നെ. NO എന്നൊരു വാക്കു പറയാൻ കഴിയാത്തിടത്തോളം കാലം, അതൊക്കെയാണ് ജീവിതം എന്ന് ചിന്തിക്കുന്നിടത്തോളം കാലം, അത് ആസ്വദിക്കുന്നിടത്തോളം  ഈ കൂട്ടായ്മ ഒരു പരാജയം ആയിരിക്കും.

Friday, May 19, 2017

14 ലക്ഷം ഫീസ്

മെഡിക്കൽ പി.ജി. യ്ക്ക് 14 ലക്ഷം ഫീസ് അംഗീകരിച്ച പിണറായി സർക്കാർ സാധാരണ വിദ്യാർത്ഥികളോട് ഒരു മഹാ പാപം ആണ് ചെയ്തത്. കഴിഞ്ഞ വർഷത്തെ ഫീസ് ആയ ഏഴര ലക്ഷം രൂപയിൽ നിന്നാണ് ഒറ്റയടിയ്ക്കു 14 ലക്ഷം ആക്കിയത്. മാനേജമെന്റുകൾ ആവശ്യപ്പെട്ട തുക അതെ പടി സ്വീകരിക്കുകയായിരുന്നു സർക്കാർ. ഇത്രയും ലക്ഷങ്ങൾ മുടക്കി പാവപ്പെട്ടവർ, സാധാരണക്കാർ  എങ്ങിനെ പഠിക്കും എന്ന് സർക്കാർ ചിന്തിച്ചതേ ഇല്ല. എന്തിനാണ് ഇത്രയും ഫീസ് പി.ജി. ക്കു വാങ്ങുന്നത്? മുസ്ലിം -ക്രിസ്ത്യൻ മാനേജ്‌മെന്റ് പ്രതിനിധികൾ ചാനലിൽ ഘോര ഘോരം വാദിക്കുന്നത് കണ്ടു. ഈ വിദ്യാർത്ഥികൾക്ക് വേണ്ടി MRI തുടങ്ങിയ വിലയേറിയ ഉപകരണങ്ങൾ വേണമെന്നും പ്രൊഫസ്സർ തുടങ്ങിയ അധ്യാപകർ വേണമെന്നും അതിനു വലിയ ചിലവാകുമെന്നും,പിന്നെ സ്റ്റൈപ്പൻഡ് കൊടുക്കുന്നു എന്നും.

 വിദ്യാർത്ഥികൾ എന്ന് പറയുന്നെങ്കിലും  പി.ജി. പഠിക്കുന്നവർ    MBBS കഴിഞ്ഞ full fledged  ഡോക്ടർ മാർ ആണ്. പത്താം ക്ലാസ്സിലെന്ന പോലെ അല്ല പി.ജി.പഠനം. അവർ ജോലി ചെയ്തുആണ് പഠിക്കുന്നത്. അതിന് മാർഗ നിർദ്ദേശം നൽകുകയും സഹായിക്കുകയും ആണ് അധ്യാപകർ ചെയ്യുന്നത്. ഈ അധ്യാപകർ ഡോക്ടർമാർ ആണ്. ക്ലാസ്സു മുറികളിലെ വെറും പഠിപ്പിക്കൽ അല്ല അവർ ചെയ്യുന്നത്. ആ ആശുപതിയിൽ ജോലി ചെയ്യുകയാണ്. രോഗികളെ  പരിശോധിക്കുന്നു, ഓപ്പറേഷൻ നടത്തുന്നു അങ്ങിനെ എല്ലാം ചെയ്യുന്നു ഈ അധ്യാപക ഡോക്ടർമാർ. അതിന്റെ പണം രോഗികളിൽ നിന്നും മെഡിക്കൽ കോളേജുകാർ വാങ്ങുന്നു. അപ്പോൾ അധ്യാപകർക്ക്   ശമ്പളം വിദ്യാർത്ഥികളുടെ ഫീസിൽ നിന്നും കണ്ടെത്തണം എന്ന് പറയുന്നത് കള്ളമാണ്. ഇനി  ഉപകരണങ്ങൾ. അത്  പി.ജി.ക്കാരെ  പഠിപ്പിക്കാൻ വേണ്ടി മാത്രമല്ല. അത് രോഗികൾക്ക് ഉപയോഗിച്ച് കാശ് വാങ്ങുന്നു. അതും വിദ്യാർത്ഥികളുടെ ഫീസിൽ നിന്നും വേണമെന്ന് പറയുന്നത് തട്ടിപ്പാണ്. പി.ജി. വിദ്യാർത്ഥികളുടെ സേവനം ആശുപത്രി ഉപയോഗിക്കുന്നു. അവരെ  '' full time  residents'' എന്നാണ് MCI  regulation -2000 (ക്ലാസ് 13.2) പറയുന്നത്.  O P തുടങ്ങിയ എല്ലാ ജോലികളും അവരെ കൊണ്ട് ചെയ്യിക്കുന്നു. അതിലൂടെ ആശുപത്രിക്കു കിട്ടുന്ന പണത്തിന്റെ വളരെ ചെറിയ ഒരംശം ആണ്  സ്റ്റൈപ്പൻഡ് എന്ന് പറഞ്ഞു കൊടുക്കുന്നത്. അത് കൊണ്ട് മാനേജ്‌മെന്റുകളുടെ പണമുണ്ടാക്കാനുള്ള വാദങ്ങൾ അംഗീകരിച്ചു കൊണ്ട് എന്തിനാണ് സർക്കാർ ഫീസ് കൂട്ടുന്നത്? ഇതിൽ കോഴയുടെ മണമാണ് ഉയരുന്നത്. കോടികളുടെ കോഴ.

Thursday, May 4, 2017

വട്ടാണോ

Image may contain: 1 person, close-up
ഒരു ഹൈക്കോടതി ജഡ്ജിക്ക് മാനസിക പ്രശ്നം ഉണ്ടോ എന്നറിയാനായി സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നു! കൽക്കട്ട ഹൈക്കോടതിയിലെ ജഡ്ജ് കർണന് എതിരെയാണ് ഉത്തരവ്. ഫെബ്രുവരി 8 മുതൽ കർണന് ജഡ്ജി എന്ന നിലയിലുള്ള അധികാരം മുഴുവൻ സുപ്രീം കോടതി എടുത്തു കളഞ്ഞിരിക്കുകയാണ്.

ജസ്റ്റീസ് കർണൻ ആകട്ടെ സുപ്രീം കോടതിയുടെ   വിധി അസ്ഥിര പ്പെടുത്തിക്കൊണ്ട്  ഒരു വിധി  പുറപ്പെടുവിക്കുന്നു. നേരത്തെയും മദ്രാസ് ഹൈക്കോടതിയിൽ നിന്നും കൽക്കട്ട ഹൈക്കോടതിയിലേയ്ക്ക് സ്ഥലം മാറ്റിയ സുപ്രീം കോടതി വിധി കർണൻ അസ്ഥിരപ്പെടുത്തി വിധി പറഞ്ഞിരുന്നു. അത് കഴിഞ്ഞു സുപ്രീം കോടതി ജഡ്ജിമാർക്കെതിരെ അഴിമതി ആരോപണം ഉയർത്തി. ഏറ്റവും അവസാനം സുപ്രീം കോടതി കർണനു എതിരെ കോടതി അലക്ഷ്യത്തിനു ഒരു 7 അംഗ ബെഞ്ച് ഉണ്ടാക്കി. കർണൻ ആകട്ടെ സുപ്രീം കോടതി ജഡ്ജിമാർ വിദേശത്തു പോകുന്നത് തടഞ്ഞു കൊണ്ട് ഒരു ഉത്തരവ് പുറപ്പെടുവിച്ചു. അതോടെ സുപ്രീം കോടതി കർണന് വട്ടാണോ എന്നറിയാൻ ഒരു മെഡിക്കൽ ബോർഡ് പരിശോധിച്ചു മെയ് 4 നകം പറയണമെന്നു ഉത്തരവ് പുറപ്പെടുവിച്ചു. (കഴിഞ്ഞ വർഷം തനിക്കു മെന്റൽ ആണെന്ന് കർണൻ തന്നെ സുപ്രീം കോടതിയിൽ ഏറ്റു പറഞ്ഞിരുന്നു). കർണ്ണനും വിട്ടില്ല. സുപ്രീം കോടതി ജഡ്ജുമാർക്കു വട്ടാണോ എന്ന് അറിയാൻ ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കണം എന്നൊരു ഉത്തരവിട്ടു.

ഇതാണ് ഭാരതത്തിലെ കോടതിയുടെയും ജഡ്ജുമാരുടെയും സ്ഥിതി.

Tuesday, April 25, 2017

DGP സെൻ കുമാർ

തോൽവികൾ ഏറ്റു വാങ്ങാൻ ഇനിയും വിജയൻറെ ജീവിതം ബാക്കി.

പിണറായി സർക്കാരിന് കരണത്ത് കിട്ടിയ ശക്തമായ അടിയാണ് ടി.പി.സെൻ കുമാറിനെ തിരിച്ചു DGP ആയി നിയമിക്കണം എന്ന ബഹു.സുപ്രീം കോടതിയുടെ വിധി. ലക്ഷങ്ങൾ മുടക്കി  പ്രശസ്തനായ വക്കീലിനെ നിയോഗിക്കുകയും ആവനാഴിയിലെ സർവതും പുറത്തെടുത്തിട്ടും, തിരുത്തിയ ഫയലുകൾ സമർപ്പിച്ചിട്ടും   സുപ്രീം കോടതി സത്യം കണ്ടെത്തുകയും കേരള സർക്കാരിന്റെ വാദങ്ങൾ എല്ലാം തള്ളി സെൻ കുമാറിനെ നിഷ്ക്കാസിതനാക്കിയ ഉത്തരവ് റദ്ദ് ചെയ്തു തിരിച്ചു നിയമനം നടത്താൻ ഉത്തരവിടുകയും ചെയ്തത്. 

എന്തിനാണ് സെൻ കുമാറിനെ മാറ്റിയത്? മാറ്റിക്കൊണ്ടുള്ള  പിണറായിയുടെ ഉത്തരവ്."....his leadership has not been satisfactory leading to serious dissatisfaction among the general public ...especially in regard to   Puttingal Temple incident and the Jisha murder case". സെൻ കുമാറിന്റെ നേതൃത്വം പൊതു ജനങ്ങൾക്ക് ഗുരുതരമായ അസംതൃപ്തി ഉളവാക്കി.

കോടതി വിധിയിൽ  പറയുകയാണ് "Suddenly, these issues resurfaced as soon as the present government assumed office.This might perhaps be a coincidence but it might also be politically motivated, as suggested by learned counsel for  the appellant". സെൻ കുമാറിനെ നീക്കിയത്  രാഷ്ട്രീയ ഉദ്ദേശത്തോടു കൂടിയും ആകാം എന്ന് ബഹു.സുപ്രീം കോടതി..

എങ്ങിനെയെങ്കിലും രക്ഷപ്പെടാൻ വേണ്ടി ഇതിനിടെ സെൻകുമാറിനെ നിയമിച്ചതും നിയമപരമായി അല്ലെന്നു പിണറായി സർക്കാർ സത്യ വാ ങ്മൂലത്തിൽ പറഞ്ഞു. ''അങ്ങിനെയെങ്കിൽ ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാൻ ആർക്കും കഴിയില്ല" എന്നും കോടതി പറഞ്ഞു.

"the appellant has been unfairly and arbitrarily dealt with".  സെൻകുമാറിനെ മാറ്റിയത് അന്യായവും സ്വേച്ഛാതിപത്യപരവും ആണ്.

പിണറായിയുടെ ഫേവറിറ്റ് വക്കീൽ ഹരീഷ് സാൽവെ ആണ് സർക്കാരിന് വേണ്ടി വാദിച്ചു തോറ്റത്. ലാവലിനും വാദിക്കുന്നത് ആ ദേഹമാണ്.


തെറി വിളി

ജാത്യാലുള്ളത് തൂത്താൽ പോകില്ല. എം.എം.മണിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം മണി കാണിക്കുന്നത്  മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്കാരമാണ്. അല്ലെങ്കിൽ എന്തിനാണ് മണിയെ മന്ത്രി ആക്കിയത്? മണിക്ക് ഒരു സുപ്രഭാതത്തിൽ പൊട്ടി വിരിഞ്ഞുണ്ടായതല്ല  ഈ സ്വഭാവ വിശേഷം. പാർട്ടിയിൽ കയറിയ കാലം തൊട്ടേ ഉണ്ട്. ഒരു പക്ഷേ അതായിരുന്നിരിക്കണം പാർട്ടിയിൽ കയറ്റാനുള്ള യോഗ്യത. എന്നിട്ടു മുഖ്യ മന്ത്രിയും മന്ത്രിമാരും പാർട്ടി സെക്രട്ടറിയും സെക്രട്ടേറിയറ്റും ഇവരുടെ കേന്ദ്ര നേതൃത്വവും  ഒരേ മനസ്സോടെ മണിയെ മന്ത്രിയാക്കി.1, 2, 3 പറഞ്ഞു കൊല നടത്തിയ കേസിലെ പ്രതിയാണ് മണി. അന്നേരം മാർക്സിസ്റ്റ് കാർക്ക് ധാർമിക പ്രശ്‍നം ഒന്നും ഉണ്ടായില്ല. മറ്റു പാർട്ടികൾ ചെയ്യുമ്പോൾ മാത്രം ഉണ്ടാകുന്ന ഒന്നാണല്ലോ.ഈ ധാർമികം. 
 തുടക്കം മുതൽ മാണി അസഭ്യങ്ങളും സംസ്കാരമില്ലാത്ത ഭാഷയും പ്രയോഗങ്ങളും നടത്തി. അശ്ലീലം ആംഗ്യ ഭാഷയിലൂടെ പ്രകടിപ്പിച്ചു. മാർക്സിസ്റ്റ് കാരെല്ലാം ഇത് കണ്ടു ആസ്വദിച്ചു, കൈയടിച്ചു. ഇത്   ഗ്രാമ്യ ഭാഷ എന്ന് പറഞ്ഞു പ്രോത്സാഹിപ്പിച്ചു. ഗ്രാമീണർ ഇത്തരം അസഭ്യമാണോ ഉപയോഗിക്കുന്നത്? ഏതു ഗ്രാമത്തിൽ ആണ് ഇത്തരം ആഭാസത്തരം സംസാരിക്കുന്നത്? ഇതിലൂടെ പാർട്ടി ഗ്രാമീണരെ അധിക്ഷേപിക്കുക കൂടി ആയിരുന്നു.

 എതിർ പാർട്ടികൾക്കെതിരെ  പരസ്യമായി ആഭാസം   പറയാൻ നേതൃത്വം നിയോഗിച്ച ആളാണെന്നു പറയാം. ഓരോന്നിനും  യോഗ്യത അനുസരിച്ചു നിയോഗിക്കാറുണ്ടല്ലോ. നിയമ സഭയിൽ ഉൾപ്പടെ സഭ്യേതര ഭാഷ പറഞ്ഞപ്പോഴും, നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ തെറി വിളിച്ചപ്പോഴും പാർട്ടി സന്തോഷിച്ചു.പാർട്ടിയുടെ മുഖമാണ് മണി. 


സ്ത്രീകൾക്കെതിരെയുള്ള പ്രസ്താവന വന്നപ്പോൾ മാത്രമാണ് പിണറായിയും കോടിയേരിയും   മണിക്കെതിരെ പറയാൻ നിർബന്ധിതരായത്.അടുത്ത സംസ്ഥാന കമ്മിറ്റിയിൽ ഒരു ശാസന. മിയ്ക്കവാറും പ്രശ്നം തീരും. മണി വീണ്ടും തെറി വിളിയുമായി സാംസ്കാരിക കേരളത്തിന് അപമാനമായി ഇങ്ങിനെ വിലസും. ഇവരെ തെരെഞ്ഞെടുത്ത ജനങ്ങൾ ഇത് അർഹിക്കുന്നു.

Sunday, April 23, 2017

കയ്യേറ്റ ഭൂമിയിലെ കുരിശുകൾമൂന്നാറിൽ കുരിശു നാട്ടി കൈയേറിയ സർക്കാർ ഭൂമി ഒഴിപ്പിച്ചത് കൈയേറ്റക്കാർക്കും അവർക്കു ചൂട്ടു പിടിച്ചു കൊടുക്കുന്ന രാഷ്ട്രീയക്കാർക്കും ഉള്ള ശക്തമായ ഒരു വാണിങ് ആയിരുന്നു. പ്രതീക്ഷിച്ചതു പോലെ കൈയേറ്റക്കാരെ പിൻതുണച്ച് രാഷ്ട്രീയക്കാർ, മാർക്സിസ്റ്റ് പാർട്ടി പരസ്യമായി  രംഗത്തു വന്നു. അത് കേരള മുഖ്യ മന്ത്രി തന്നെ ആയി എന്നുള്ളത് നമ്മുടെ ശാപം എന്ന് തന്നെ പറയാം.

കയ്യേറ്റ ഭൂമിയിലെ കുരിശുകൾ  പൊളിക്കാനായുള്ള മാർഗനിർദേശങ്ങൾ മുഖ്യമന്ത്രി പുറത്തിറക്കി.
1. പാർട്ടി എം.എൽ.എ.. പാർട്ടി ജില്ലാ സെക്രട്ടറി,ബ്രാഞ്ച് സെക്രട്ടറി,,L C സെക്രട്ടറി എന്നിവരുടെ രേഖാ മൂലമായ ഉത്തരവ് കളക്ടർ വാങ്ങണം.
2.ജെസിബി ,മൺവെട്ടി,പിക്കാസ്,കമ്പിപ്പാര   തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിക്കരുത്.
3. പകരം മൊട്ടു സൂചി,ചെവിത്തോണ്ടി, പല്ലു കുത്തി ഇവ ഉപയോഗിക്കുക.
3 .ബിഷപ്പ്,പള്ളീലച്ചൻ,തുടങ്ങിയവരുടെ കാർമികത്വത്തിൽ കുരിശിനു  അന്ത്യ കൂദാശ ചെയ്യണം.
4. കയ്യേറ്റ മുതലാളിയോട് സമ്മതമാണോ എന്ന് മൂന്നു തവണ വിളിച്ചു ചോദിക്കണം.
5.അനന്തരം ഭക്ത്യാദര ബഹുമാനപുരസ്സരം കുരിശിനെ തൊട്ടു വ ണങ്ങി നോവിക്കാതെ എടുത്തു മാറ്റണം.
 6 . ഹാലേലുയ്യ ..സ്ത്രോത്രം സ്ത്രോത്രം  എന്ന് എല്ലാവരും ഒന്നിച്ചു ചൊല്ലുക. 

Thursday, April 20, 2017

ലേണഡ് ജഡ്ജ്

ഹൈക്കോടതി ജഡ്ജിമാരെ സഹോദര  ജഡ്ജിമാർ  ''ലേണഡ് ജഡ്ജ്'' എന്നാണ് വിശേഷിപ്പിക്കുന്നത്. സുപ്രീം കോടതിയിലും അങ്ങിനെ തന്നെ വിളിക്കുന്നു.  പണ്ഡിതനായ ജഡ്ജി. ഒരു 'ലേണഡ് ജഡ്ജ്' പുറപ്പെടുവിച്ച വിധി കേട്ടോളൂ.

"(The).. tenant in the demised premises stands aggrieved by the pronouncement made by the learned Executing Court upon his objections constituted therefore...wherewithin the apposite unfoldments qua his resistance to the execution of the decree stood discountenanced by the learned Executing Court".

വല്ലതും മനസ്സിലായോ? ഇല്ല. നമ്മുടെ ഭാഷ മോശമായത് കൊണ്ടല്ല. ജഡ്ജിയുടെ ഭാഷ കേമമായതു കൊണ്ടാണ്. ബഹുമാനപ്പെട്ട സുപ്രീം കോടതിയ്ക്കും സംഭവം  മനസ്സിലായില്ല. അത് കൊണ്ട് സുപ്രീം കോടതി (ജസ്റ്റീസ് എം.ബി. ലോക്കൂർ,ജസ്റ്റീസ് ദീപക് ഗുപ്ത)പറഞ്ഞു.
"We will have to set it aside because one cannot understand this."

വിധി മനസ്സിലാകുന്നില്ല എന്ന്. അത് കൊണ്ട് കേസും റദ്ദാക്കി.ഹിമാചൽ പ്രദേശ് ഹൈക്കോടതി യിലെ ഒരു 'ലേണഡ് ജഡ്ജ്' പുറപ്പെടുവിച്ച വിധിയാണിത്. ആർക്കു വേണ്ടിയാണ് വിധി? പ്രതിയുടെയും വാദിയുടെയും വക്കീലന്മാർക്കും ഇതിന്റെ അർഥം മനസ്സിലായില്ല. പ്രതിയ്ക്കും വാദിയ്ക്കും ഏകാഭിപ്രായം - വിധി മനസ്സിലായില്ല.

ഇത് പോലെ മറ്റൊരു സുപ്രീം കോടതി ബെഞ്ചും ഇതേ ജഡ്ജിയുടെ ഒരു വിധി ഇതേ പോലെ തള്ളി എന്ന് വക്കീൽ കോടതിയെ അറിയിച്ചു. ബഹു: ഹൈക്കോടതിയെ എല്ലാ ബഹുമാനത്തോടും പ്രതീക്ഷയോടും കാണുന്ന പാവം ജനങ്ങൾ ചെയ്യും? ''ലേണഡ് ജഡ്ജ്''മാരെ ആരാധനയോടെ നോക്കുന്ന പാവം ജനങ്ങൾ എന്ത് ചെയ്യും?


ഡിസ്ട്രിക്ട് & സെഷൻസ് ജഡ്ജിമാരെ തെരഞ്ഞെടുത്തപ്പോൾ 50% മാർക്ക് അഭിമുഖത്തിന് നിർബന്ധമാക്കിയപ്പോൾ തോറ്റ പരീക്ഷാർത്ഥികൾ അതിനെതിരെ സുപ്രീം കോടതിയിൽ കൊടുത്ത കേസിൽ കേരള ഹൈ കോടതിയ്ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. വിധി അനുകൂലമെങ്കിൽ അഭിമുഖത്തിൽ തോറ്റ വരാണ് നാളത്തെ ജില്ലാ ജഡ്ജിമാർ, അവരാണ് മൂത്തു ഹൈക്കോടതിയിൽ എത്തുന്നത്. ലേണഡ് ജഡ്ജ് ആയി. ഇത്രയൊക്കെ
പ്രതീക്ഷിച്ചാൽ മതി.

Sunday, April 16, 2017

ജന വഞ്ചന.

വാണിയാനും വാണിയത്തിയും കളി എന്നൊരു പഴഞ്ചൊല്ലുണ്ട്. പൊതു ജനം ആട്ടാൻ കൊണ്ട് കൊടുക്കുന്ന കൊപ്രയിൽ നിന്നും എണ്ണ അടിച്ചു മാറ്റാൻ രണ്ടു പേരും കളിക്കുന്ന ഒരു നാടകം. തമ്മിൽ ഒരു വഴക്ക്. അടിയിൽ നിന്നും രക്ഷപ്പെടാൻ എന്ന വ്യാജേന ചക്ക് തുടയ്ക്കുന്ന തുണിയുമായി ആകെത്തേയ്ക്കു ഒരു ഓട്ടം. അവിടെ ഇരിക്കുന്ന പാത്രത്തിൽ എണ്ണ പിഴിഞ്ഞൊഴിച്ചു തിരിച്ചു വരുന്നു. കൊപ്ര കൊണ്ടു കൊടുത്തവൻ വിഡ്ഢിയായി നിൽക്കുന്നു.
അത് പോലാണ് CPI യും CPM ഉം കളിക്കുന്നത്. CPM ന്റെ പോളിസികൾക്കു എതിരെ ജന പക്ഷത്തു നിന്നു കൊണ്ട് CPI പ്രതികരിക്കുന്നു. സിപിഎം എതിർക്കുന്നു. പക്ഷേ ഈ സംഭവങ്ങളൊക്കെ നടക്കുന്നത് ഫേസ് ബുക്കിലും ജനയുഗ-ദേശാപമാനി പത്രത്താളുകളിലും വാർത്താ സമ്മേളനങ്ങളിലും മാത്രമാണ് എന്നതാണ് ഇത് ജനങ്ങളെ വിഡ്ഢിയാക്കാനുള്ള നാടകം ആണെന്ന് പറയുന്നത്. അങ്ങോട്ടും ഇങ്ങോട്ടും രൂക്ഷമായ പ്രതികരണങ്ങൾ വാദ പ്രതി വാദങ്ങൾ. ലാ അക്കാദമി വിഷയത്തിൽ ഇത് പോലെ ഇവർ തമ്മിൽ വഴക്കു ഉണ്ടാക്കിയതാണ്. കയ്യേറ്റം ഒഴിപ്പിക്കും എന്ന് സി.പി.ഐ. പറഞ്ഞു.ഒന്നും സംഭവിച്ചില്ല. പിണറായി പറഞ്ഞിടത്തു കാര്യങ്ങൾ നിന്നു.
മൂന്നാറിൽ സംഭവിക്കുന്നത്. മൂന്നാർ. റവന്യു ഭൂമി ഒഴപ്പിക്കാൻ പോയ സബ് കളക്ടറെ തടഞ്ഞു,തെറി വിളിച്ചു. സ്ഥിരം ശൈലിയിൽ CPI പ്രതികരിച്ചു. ഒന്നും സംഭവിച്ചില്ല. തടഞ്ഞ CPM കാർ സസുഖം വാഴുന്നു. CPI മുന്നണി യോഗങ്ങളിലും മന്ത്രി സഭാ യോഗത്തിലും ശബ്ദമുണ്ടാക്കുന്നു എന്ന് മാത്രം. ശക്തമായ ഒരു നിലപാട് എടുക്കുന്നില്ല. പുറത്തു പോര്, അകത്തു അഡ്ജസ്റ്റ്മെന്റ്. മുന്നണിയിലെ എല്ലാ പാർട്ടികളും തുല്യരാണ് എന്നൊക്കെ മാർക്സിസ്റ്റ് കാര് പറയുന്നെങ്കിലും അവരാണ് കാര്യങ്ങൾ നടത്തുന്നത് എന്ന് എല്ലാവർക്കും അറിയാം. സി.പി.ഐ. ക്കും. അധികാരം വേണം. ജന പക്ഷത്താണ് എന്ന് ധാരണ പരത്തണം. അതാണ് ജന വഞ്ചന.

Saturday, March 25, 2017

വരൾച്ച

സ്വയം അനുഭവിക്കാതെ ഒന്നും മനസിലാക്കില്ല എന്ന മനോഭാവമാണ് മലയാളിയുടെ ശാപം. കാടാകെ കത്തിയെരിയുന്ന, നാടാകെ വരളുന്നു, നദികൾ വറ്റി വരണ്ടു. കിണറുകൾ വറ്റി. കുടിക്കാൻ വെള്ളമില്ലാതെ വലിയൊരു ദുരന്തത്തിലേക്ക് നീങ്ങുകയാണ് കേരളം. രൂക്ഷമായ വരൾച്ചയുടെ  ദൃശ്യങ്ങളും വാർത്തകളും കൊണ്ട് മാധ്യമങ്ങൾ നിറയുന്നു. എന്നിട്ടും ''എനിക്കും കുടുംബത്തിനും കുളിക്കാനും നനയ്ക്കാനും കുടിക്കാനും ഉള്ള വെള്ളം കിട്ടുന്നുണ്ട്. പിന്നെ പാലക്കാടും വയനാട്ടിലും നാട്ടിൻപുറങ്ങളിലും ഉള്ള വരളുന്ന കഥകൾ ഞാനെന്തിന് കാണണം? "   ഇതാണ് ഒരു മലയാളിയുടെ മനോഭാവം. 

രാവിലെ നടക്കാനിറങ്ങുമ്പോൾ കാണുന്ന കാഴ്ചകൾ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു. ഹോസിലൂടെ മുറ്റവും ചെടിയും സമൃദ്ധമായി നനയ്ക്കുന്ന വീട്ടുകാർ ധാരാളം. ഓരോ തുള്ളിയും അമൃതം ആണെന്ന് കേൾക്കുന്ന അതെ മനുഷ്യരാണ് ഇങ്ങിനെ വെള്ളം പാഴാക്കിക്കളയുന്നത്. ചെടിക്കു ആവശ്യമുള്ളതിലും വളരെ അധികം വെള്ളം ആണ് ഒഴിക്കുന്നത് എന്നത് മറ്റൊരു കാര്യം.വീട്ടിൽ ഉപയോഗിച്ചു കളയുന്ന വെള്ളം കൊണ്ട് ചെടി നനക്കാൻ കഴിയുമ്പോഴാണ് ഇത്തരം ദുർവ്യയം. അരി, പച്ചക്കറി ഒക്കെ കഴുകുന്ന വെള്ളം, സോപ്പ് ഇട്ടു  കഴുകിയതിനു ശേഷം സൂക്ഷിക്കുന്ന  പാത്രങ്ങൾ  ഉപയോഗത്തിന് എടുക്കുമ്പോൾ വീണ്ടും കഴുകുന്ന വെള്ളം ഇതൊക്കെ സംഭരിച്ചു ചെടികൾ നനയ്ക്കാൻ ഉപയോഗിയ്ക്കാം. ഇന്നെല്ലാവരും വാഷിങ് മെഷീൻ ആണല്ലോ ഉപയോഗിക്കുന്നത്. ( ഇത്രയും സൂര്യ പ്രകാശം സുലഭമായിട്ടും 'ഡ്രയർ' കൂടിയുള്ള 'ആട്ടോമാറ്റിക്' വാങ്ങുന്ന വിവരദോഷം ആണ് മലയാളികൾ കാണിക്കുന്നത് എന്നത് മറ്റൊരു കാര്യം)  സോപ്പ് പൊടി പോയതിനു  ശേഷം അവസാനത്തെ രണ്ടു കഴുകൽ പുറത്തെടുത്തു ബക്കറ്റിൽ ആക്കിയാൽ ആ വെള്ളവും ചെടികൾക്ക് ഉപയോഗിക്കാം. അത് സംഭരിക്കാനും ഉപയോഗിക്കാനുമുള്ള മനസ്സ് മതി. അടുക്കളയിൽ നിന്നും ഒരു പ്രത്യേക പൈപ്പ് ഇട്ടാൽ കാര്യം  കുറേക്കൂടി എളുപ്പമായി. ഏതാണ്ട് 60-70  ലിറ്റർ വെള്ളമാണ് ഇത്തരത്തിൽ ഓരോ ദിവസവും വീട്ടിൽ നിന്നും കിട്ടുന്നത്. 25 ചട്ടിയിലുള്ള ചെടികൾ, 25  അടി ഫ്‌ളവർ ട്രഫിലെ ചെറു ചെടികൾ വേപ്പ്, മുരിങ്ങ തുടങ്ങി പറമ്പിലെ 5 ചെടികൾ, 10 മൂട് മരച്ചീനി എന്നിവ ഇങ്ങിനെ പാഴാക്കിക്കളയുന്ന വെള്ളം ഉപയോഗിച്ചു നനയ്ക്കുന്ന സ്വന്തം അനുഭവത്തിൽ നിന്നാണ് പറയുന്നത്. എയർ കണ്ടീഷനറിൽ നിന്നും വീഴുന്ന വെള്ളം ഒരു ചെടിയ്ക്കു മതിയാകും.. 

നഗരങ്ങൾ ഫ്‌ളാറ്റുകൾ കൊണ്ട് നിറഞ്ഞല്ലോ. ഫ്‌ളാറ്റുകളിൽ മഴ വെള്ള സംഭരണം നിർബന്ധമാക്കണം.  അതോടൊപ്പം വാഷിങ് മെഷീനിലെ ജലം ഫ്ലഷ് ടാങ്കിൽ ഉപയോഗിക്കാനും കഴിയണം. അങ്ങിനെ  പലതും ചെയ്യാൻ കഴിയും.  സാധാരണക്കാർക്ക് മതമല്ല ഈ മിതത്വം വേണ്ടത്. വരേണ്യ വർഗങ്ങളുടെയും  മന്ത്രി മന്ദിരങ്ങളിലെയും ജല ദുർവ്യയവും   അവസാനിപ്പിക്കണം. പണം ധാരാളം ഉണ്ടെങ്കിലും വെള്ളം അതിനു പകരം വെള്ളം മാത്രമല്ലേ ഉള്ളൂ.  അടുത്ത ഒരു മഴ വരെ മാത്രമാണ് നമ്മുടെ പ്രശ്നങ്ങൾ എന്ന് കരുതി ആശ്വസിക്കേണ്ട. ഇതൊരു തുടക്കമാണ്. ഇതിലും രൂക്ഷമായിരിക്കും വരും കാലം. അത് കൊണ്ട് ജലം സംരക്ഷിക്കുക എന്നത് നമ്മുടെ നില നിൽപ്പിനു അത്യന്താപേക്ഷിതമാണ്.

Monday, March 6, 2017

ദിവ്യ ഗർഭം

പള്ളീലച്ചൻ 16 കാരിയായ  പെൺകുട്ടിയെ ഗർഭിണി ആക്കി. പ്രസവത്തിന് ശേഷം ആരുമറിയാതെ ചോരക്കുഞ്ഞിനെ മാറ്റി, 10 ലക്ഷം രൂപ കൊടുത്തു  പെൺകുട്ടിയുടെ പിതാവിനെ കൊണ്ട് കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുപ്പിച്ച നരാധമൻ ആണ് യേശുവിന്റെ പേരിൽ പ്രാർത്ഥന നടത്തി ക്കൊണ്ടിരുന്ന റോബിൻ വടക്കുംചേരി.   ലണ്ടനിലേക്ക് മുങ്ങാൻ  ആയിരുന്നു നിത്യ പീഡകൻ ആയിരുന്ന അയാളുടെ പ്ലാൻ.പണ്ട്  ബെനഡിക്ട് എന്ന കത്തനാർ മാറിയക്കുട്ടിയെ  പീഡിപ്പിച്ചു കൊലപ്പെടുത്തി. അത് പോലെ പല അച്ചന്മാരും.. അനാശാസ്യ പ്രവർത്തിക്കിടയിൽ പിടിക്കപ്പെട്ട ജോസ്,തോമസ് എന്ന രണ്ടു അച്ചൻമാരും കന്യാസ്ത്രീ സെഫിയും കൂടി  സിസ്റ്റർ അഭയയെ കൊല ചെയ്ത കേസ് അടുത്ത കാലത്തുള്ളത്.

 ഇനിയും മനസ്സിലാകാത്തത് ഈ വിശാസികളെല്ലാം ഇത്തരം അച്ചൻമാരുടെ അടുത്ത് ചെന്ന്കുമ്പസാരിക്കുന്നത് എന്തിനാണ്? ''ഞാനൊരാളെ പീഡിപ്പിച്ചു'' എന്ന് ആരെങ്കിലും  റോബിൻ കത്തനാരുടെ അടുത്ത് കുമ്പസാരിക്കുന്ന രംഗം ഒന്നാലോചിച്ചു നോക്കൂ? റോബിൻ ചിരിച്ചു കൊണ്ട് ആത്മഗതം നടത്തും.  "മണ്ടൻ. ഞാൻ എത്ര നാള് കൊണ്ട് നടത്തുന്ന പണിയാ ഇത്. ഇവൻ ഒരെണ്ണം ചെയ്തിട്ട് കുമ്പസരിക്കാൻ വന്നിരിക്കുന്നു.''

 ഈ കത്തനാരന്മാരും മനുഷ്യരാണ്. അവർക്കും വികാരം ഉണ്ടാവുക സ്വാഭാവികം. കല്യാണം കഴിയ്ക്കാൻ പള്ളി സമ്മതിക്കില്ല. അത് കൊണ്ട് അച്ചന്മാർക്കു എളുപ്പ വഴി ഇതാണ്. പള്ളിമേടയിൽ കിട്ടുന്ന പിള്ളാരെ പീഡിപ്പിക്കുക. ഞായറാഴ്ച രാവിലെ ഏറ്റവും ഭംഗിയായി  ഒരുങ്ങിക്കെട്ടി മുന്നിൽ വരുന്ന തരുണീ മണികളെ കാണുമ്പോൾ ഏതു കത്തനാർക്കാ സംയമനം പാലിക്കാൻ കഴിയുക? തലേ ദിവസം കണ്ട പോൺ സൈറ്റിലെ സീനുകൾ മനസ്സിൽ കയറി വരും. പിന്നെ ഇവരിൽ ആരെങ്കിലും ഒരു ഏദൻ തോട്ട "പാപം" കുമ്പസാരിക്കുക കൂടി ചെയ്‌താൽ എന്തായിരിക്കും അയാളുടെ ഗതി?

കർത്താവിൽ വിശ്വസിച്ചോളൂ. പക്ഷേ നേരിട്ട് പ്രാർത്ഥിച്ചു കൂടേ? യേശു അത് കേൾക്കില്ല എന്നുണ്ടോ? വേദ പുസ്തകത്തിൽ അത് പാടില്ല എന്ന് പറയുന്നുണ്ടോ? കുഞ്ഞാടുകളേ, നിങ്ങളാണ് ഈ കത്തനാരന്മാരെ വളർത്തുന്നത്. ബലാത്സംഗം ചെയ്താലും നിങ്ങൾ അവരെ സംരക്ഷിക്കും, ഗർഭമുണ്ടാക്കിയാലും സംരക്ഷിക്കും, കൊലപാതകം ചെയ്താലും സംരക്ഷിക്കും. സംരക്ഷിച്ചോളൂ പുതിയ ദിവ്യ ഗർഭങ്ങൾ ഏറ്റെടുത്തോളൂ. അനുഭവിച്ചോളൂ.

'മകളെ മാപ്പ്' എന്ന് മാർ ആലഞ്ചേരി പറയുന്നുണ്ടെങ്കിലും മനസ്സിലിരുപ്പ് 'എടീ  - മോളെ അച്ചനെ പ്രലോഭിച്ചതിനു നീ മറുപടി പറയേണ്ടി വരും' എന്നാണെന്നു മനസ്സിലാക്കാൻ  സഭയുടെ ലേഖനത്തിൽ വന്ന 'കുട്ടിയാണ് തെറ്റുകാരി' എന്ന നിലപാടു നോക്കിയാൽ മതി. സഭയ്ക്ക് വേണ്ടി പണമുണ്ടാക്കി കൊടുക്കുന്ന അച്ചന്മാരെ അങ്ങിനെയങ്ങു തള്ളിപ്പറയാൻ സഭയ്ക്ക് കഴിയില്ല. അവരെ പിണക്കിയാൽ അവർ വായ തുറക്കും. ആ മാലിന്യം കഴുകിക്കളയാൻ പോപ്പ് മാപ്പ് പറഞ്ഞാലും കഴിയില്ല.

 ഇന്നലത്തെ ഏഷ്യാനെറ്റ് ചാനൽ ചർച്ചയിൽ ഒരു റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ, താൻ റോമൻ കാതോലിക്കനാണ് എന്ന് അനൗൺസ് ചെയ്തു കൊണ്ട് സഭയെ പരസ്യമായി  പിന്തുണച്ചു പറയുന്നത് കണ്ടു. ബലാത്സംഗ വീരൻ റോബിൻ നാട് വിടാൻ പോയത്   ബിഷപ്പിന്റെ യൊക്കെ മൗനാനുവാദത്തോടെയല്ല എന്ന് ശക്തിയുക്തം വാദിച്ച ആ മഹാൻ   ഇങ്ങിനെ  ഒരു വൈദികന് വിദേശത്തു പോകാൻ ഇടവകയുടെയോ ബിഷപ്പിന്റെയോ ആരുടേയും അനുവാദം വേണ്ട എന്ന് വരെ പറഞ്ഞു കളഞ്ഞു. സാമ്പത്തികമായും മാനസികമായും സഭ തങ്ങളെ ചൂഷണം ചെയ്യുന്നു എന്നറിഞ്ഞിട്ടും ആ സഭയോട് ഇത്രയും അടിമത്വം കാണിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ ഇത്തരം  കേസ് അന്വേഷിച്ചാൽ എങ്ങിനെ ഇരിക്കും എന്ന്  ഈ റിട്ടയേർഡ് പോലീസുകാരന്റെ വാക്കുകളിൽ നിന്നും വ്യക്തമാണല്ലോ.Sunday, February 26, 2017

ഗൂഡാലോചന

തിരക്കഥ സിനിമയിൽ വളരെ പ്രധാനം ആണ്. അതാണ് സിനിമയുടെ വിജയം. സിനിമാക്കാരേക്കാളും മികച്ച തിരക്കഥാ കൃത്തുക്കൾ രാഷ്ട്രീയ പാർട്ടികളിലും പോലീസിലും ഉണ്ട്. നടിയെ ആക്രമിച്ച സംഭവത്തിൽ ക്വട്ടെഷൻ ഇല്ല എന്ന്  മുഖ്യ മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. വെറും ബ്ളാക്ക് മെയിൽ മാത്രം.ഇന്നലെ സുനിയെ കോടതിയിൽ നിന്നും സിനിമാ സ്റ്റെയിലിൽ പിടിച്ചപ്പോൾ പാവം ജനം എന്ത് തുള്ളിച്ചാടി. ഇപ്പഴ് കേസ് തെളിയും. ആരൊക്കെയാണ് ഇതിനു പുറകിൽ. 81 കോടിയുടെ വസ്തു ബിസിനസ്സ് എന്തായി എന്നൊക്കെ അറിയാം എന്നായിരുന്നു ധാരണ. 24 മണിക്കൂർ ചോദ്യം ചെയ്യലിൽ കാര്യം എത്ര എളുപ്പത്തിൽ തെളിഞ്ഞു. സംഭവം ബ്ളാക് മെയിൽ. ആഭ്യന്തര മന്ത്രിയുടെ ചുമതലയുള്ള മുഖ്യ മന്ത്രി പ്രഖ്യാപിച്ചു. തീർന്നു കേസ്. ഇതാണ് കേരളാ പോലീസ്.

പക്ഷെ ഇതിനു വേണ്ടി കോടതിയിൽ പിടി കൂടുന്ന  നാടകം വേണ്ടിയിരുന്നില്ല. കോടതി പോലീസ് കസ്റ്റഡിയിൽ കൊടുക്കുമ്പോൾ എടുത്താൽ പോരായിരുന്നോ?  അപ്പോഴായാലും എപ്പോഴായാലും സുനിൽ ഇത് തന്നെ പറയും. അയാൾ മറ്റെന്തു പറയാനാ? അത് പോലെയല്ലേ പഠിപ്പിച്ചത്.


 പക്ഷെ പ്രസ്താവന താമസിച്ചു പോകും.അതിനാണ്  പൾസർ സുനിയെ ഓടിച്ചിട്ട് പിടിച്ചത്. അല്ലെങ്കിൽ റിമാൻഡിൽ ആയി കസ്റ്റഡി അപേക്ഷ നൽകി കയ്യിൽ കിട്ടാൻ ദിവസങ്ങൾ എടുത്തു എന്നിരിക്കും.  അങ്ങിനെയെങ്കിൽ മുഖ്യ മന്ത്രിയ്ക്ക് ''ബ്ളാക്ക് മെയിൽ പ്രസ്താവന'' ഇറക്കാൻ താമസം വരും. ഏതായാലും പോലീസ് ഇത് വരെ ഒരക്ഷരം പറഞ്ഞിട്ടില്ല. പോലീസ് മന്ത്രി പറഞ്ഞല്ലോ. അതല്ലേ അതിന്റെ ശരി.ആരോ കുളിക്കടവിൽ നിന്നതിനു, ആരെയോ നോക്കിയതിനു  ജിഷയെ കൊലപ്പെടുത്തിയ ആസാം കാരനെ കണ്ടു പിടിച്ചവരാണ് നമ്മുടെ പോലീസ്. അത് പോലീസ് പറയുന്നതിന് മുൻപ് പറഞ്ഞ ആളാണ് മുഖ്യമന്ത്രി.


ഇതിനു പുറകിൽ വൻ ഗൂഡാലോചന ഉണ്ടെന്നു ബി.ജെ.പി. നേതാക്കൾ പറയുന്നു. വൻ കള്ളപണമിടപാടും. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ കൊണ്ടും (FEMAct.  PMLAct. ) ആദായ നികുതി വകുപ്പിനെ കൊണ്ടും അന്വേഷിപ്പിക്കാൻ അവർ പറയാത്തതെന്താണ്?


Monday, February 20, 2017

ക്വട്ടേഷൻ

പീഡനത്തിനെതിരെ സിനിമാക്കാരുടെ  വികാര ഭരിതമായ പ്രകടനം കണ്ടില്ലേ? കണ്ടവർ കരഞ്ഞു പോകും.എല്ലാവരും ശക്തിയായി അപലപിച്ചു. മാർക്സിസ്റ്റ് ചായ്‌വുള്ള ഇന്നസെന്റിനെ പോലുള്ളവർ ഒരു മയത്തിനു  ആരെയും കുറ്റപ്പെടുത്താതെ കഴിച്ചു കൂട്ടി. മുകേഷ് എം.എൽ.എ. ആ വഴിയ്ക്കു കണ്ടില്ല. പാവം.ഏതെങ്കിലും സീരിയൽ ഷൂട്ടിങ് കാണും. പക്ഷെ മാധ്യമങ്ങളോട് ഒരു കാര്യം പറഞ്ഞു. ഈ 'പീഡകൻ' -പ്രതി- പണ്ട് തന്റെ ഡ്രൈവർ ആയിരുന്നു എന്ന്. (ഇത് കൊണ്ടാണോ ആവോ പിരിച്ചു വിട്ടത്?) പണ്ട് നടുറോഡിൽ തുണിയഴിച്ചു പ്രകടനം നടത്തിയ നർത്തകനെ ഇന്നലെ കണ്ടില്ല. ഇന്ന് തിരുവനന്തപുരത്തു മാനവീയം വീഥിയിൽ ഇത് പോലെ മറ്റൊരു പ്രകടനം കൂടി സിനിമാക്കാർ നടത്തുണ്ട്.  ഈ രണ്ടാമത്തെ ഷോ യോട് കൂടി പീഡന വിരുദ്ധ സമരം അവസാനിപ്പിക്കുന്നതാണ്.

നടന്മാർ, നിർമാതാക്കൾ, എന്നിവർ  ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിക്കുന്നു. എന്നത് ഏവർക്കും അറിയുന്ന കാര്യമാണ്.തങ്ങൾക്കു പാരയാകു മെന്നുള്ളവരെ, എതിർക്കുന്നവരെ, ചൊൽപ്പടിയ്ക്കു   നിൽക്കാത്തവരെ, ഇവരെയൊക്കെ ഒതുക്കാൻ ഇവർ ഗുണ്ടകളെ   ഉപയോഗിക്കുന്നു.

 സിനിമാ തുടങ്ങുന്ന ദിവസം തിയറ്ററുകളുടെ മുന്നിൽ നടക്കുന്ന 'ഫാൻസുകളുടെ'  പ്രകടനം കണ്ടിട്ടില്ലേ? കാശ് കൊടുക്കാതെ ആരാ ഇതൊക്കെ ചെയ്യുന്നത്. അപ്പോൾ  ആരാ കാശ് മുടക്കുന്നത്?  ഒന്ന് -നിർമാതാവ്- സിനിമ നല്ലതാണ് എന്നൊരു ഓളം ഉണ്ടാക്കി കൂടുതൽ മണ്ടന്മാർ കേറി കൂടുതൽ പണമുണ്ടാക്കാൻ.  രണ്ട് -നടൻ - തന്റെ മസിൽ പവർ ഇപ്പോഴും നില നിൽക്കുന്നു, റേറ്റിങ് ഇടിഞ്ഞില്ല, താനാണ് ഒന്നാമൻ എന്നൊക്കെ കാണിക്കാൻ.

എതിരാളിയെ തിയേറ്ററിൽ കൂവിത്തോപ്പിയ്ക്കുന്നത് ആരാണ്? അവരുടെ ഫ്ലെക്സുകൾ കീറുന്നതാരാണ്? ഇവരുടെ ഗുണ്ടകൾ തന്നെ. അതിനും  ഇവർക്ക് ഗുണ്ടകളുടെ സഹായം വേണം.

പിന്നെ സ്വന്തം  സെക്യൂരിറ്റി. മറ്റുള്ളവർ കൈ വയ്ക്കാതെ, സുരക്ഷിതമായി നടക്കാൻ നായക നടന്മാർക്കെല്ലാം 'പേർസണൽ സെക്യൂരിറ്റി' ഉണ്ട്. ബൗൺസർ മാർ എന്ന് എല്ലായിടങ്ങളിലും വിളിക്കപ്പെടുന്നവർ. അത് എന്തെങ്കിലും ''പച്ചവെള്ളം ചവച്ചു കുടിക്കുന്നവർ'' ആയാൽ പറ്റില്ലല്ലോ. അതും ഏകദേശം ഗുണ്ടാ കാറ്റഗറി യിൽ തന്നെ വരും.

നടികളെ രക്ഷിക്കാൻ പണ്ട്   അമ്മ മാരായിരുന്നു കൂട്ട്. കാലം മാറി അവരും പ്രൊഫഷണൽസിനെ വയ്ക്കാൻ തുടങ്ങി.

അങ്ങിനെ ഗുണ്ടാ- ക്വട്ടേഷൻ സംഘങ്ങൾ സിനിമാക്കാർക്ക് ആവശ്യമായി വരുന്നു. സിനിമാക്കാരുടെ കയ്യിൽ പണം ഇഷ്ട്ടം പോലെ ഉള്ളത് കൊണ്ട് അധികാരികൾ ആരും ചോദ്യം ചെയ്യാറില്ല. അങ്ങിനെ ഇത് തഴച്ചു വളരുന്നു. അത് തുടരുക തന്നെ ചെയ്യും. സിനിമ എന്ന സാധനത്തിനു പുറകെ ഇങ്ങിനെ ഭ്രാന്തു പിടിച്ചു ജനം പോകുന്നിടത്തോളം കാലം.

Saturday, February 18, 2017

വരേണ്യ പീഡനം

മലയാള സിനിമാ നടിയെ പീഡിപ്പിച്ചത് ഇന്നലെ രാത്രി. സംസ്കാര സമ്പന്നരെന്ന് അവകാശപ്പെടുന്ന കേരള ജനതയ്ക്കു  ഒരു അപമാനം കൂടി. അപമാനമോ? നാണമില്ലാത്തവന്റെ ആസനത്തിൽ ഒരു ആല് കുരുത്താൽ അതും ഒരു തണല് എന്ന് കരുതുന്ന നമുക്കോ അപമാനം?

 നെഹ്‌റു കോളേജിൽ മരണപ്പെട്ട ജിഷ്ണുവിന്റെ വീട്ടിൽ ഒന്ന് പോകാൻ, ബന്ധുക്കളെ ഒന്ന് ആശ്വസിപ്പിക്കാൻ സമയമില്ലാത്ത മുഖ്യ മന്ത്രി  പെട്ടെന്ന് ഇവിടെ കാര്യങ്ങൾ ശരിയാക്കി.  'അത് ഞാനറിഞ്ഞില്ല' എന്ന് സാധാരണ എല്ലാക്കാര്യങ്ങളിലും പറയുന്ന മുഖ്യ മന്ത്രി അങ്ങ് ഡൽഹിയിൽ ആയിരുന്നിട്ടു പോലും വിവരം  ''അറിഞ്ഞത്'' വളരെ നന്നായി. ജിഷ്ണുവിന്റെ അമ്മയെ  ഫോണിൽ പോലും വിളിക്കാത്ത മുഖ്യ മന്ത്രി, സംവിധായകൻ ലാലിനെ വിളിച്ചു സംസാരിക്കുന്നു. എന്തൊരു ശുഷ്ക്കാന്തി.രാത്രിയിൽ തന്നെ ഡെപ്യൂട്ടി കമ്മീഷണർ എത്തുന്നു, അസിസ്റ്റന്റ് കമ്മീഷണർ എത്തുന്നു ഇരയെ കാണുന്നു.  ശാസ്ത്രീയ അന്വേഷണം എന്ന് ഡി.ജി.പി. എന്തൊരു ശുഷ്ക്കാന്തി. ജിഷ്ണുവിന്റെ മരണം നടന്ന മുറി പൂട്ടി താക്കോൽ കൊലപാതകികളെ ഏൽപ്പിച്ച പോലീസ് ആണ് ഇത്. കോളേജ് മുറിയിൽ കണ്ട ചോരക്കറ സാമ്പിൾ എടുക്കാൻ ഒരു മാസം താമസിച്ച പോലീസ് ആണിത്. 

4 മാസം മുൻപ് സെപ്റ്റംബറിൽ സീപോർട്ട് -എയർപോർട്ട് റോഡിൽ വച്ച് അശ്വിനി എന്ന പെൺകുട്ടിയെയും കൂട്ടുകാരനെയും പട്ടാപ്പകൽ ഒരു കാറിൽ വന്ന രണ്ടു പേർ ആക്രമിക്കുകയുംപെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. കേസ് എങ്ങുമെത്തിയിട്ടില്ല.

ഇക്കഴിഞ്ഞ ഡിസംബറിൽ ഒരു വനിതാ പ്രത്ര പ്രവർത്തകയെയും സഹോദരനെയും ഒരു കൂട്ടം ആൾക്കാർ കോഴിക്കോട് വച്ച്  ചോദ്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്തു. പോലീസിൽ പറഞ്ഞിട്ടും ഇത് വരെ ഒന്നും സംഭവിച്ചിട്ടില്ല.


ഇവിടെ നടിയെ ആക്രമിച്ച കേസിൽ രായ്ക്കു രാമാനം മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തു. കാര്യങ്ങൾ വേഗത്തിൽ നടന്നു.വളരെ നല്ലത്. ഇങ്ങിനെ തന്നെ വേണം. ഇനി ശിക്ഷ കൂടി വേഗത്തിൽ നടപ്പാക്കി കിട്ടണം.സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കും എന്ന് മുഖ്യ മന്ത്രി പറഞ്ഞു.അന്വേഷണം ഊർജ്ജിതമാക്കിയെന്നു ഡി.ജി.പി. അന്വേഷണത്തിൽ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കും എന്നും ബെഹ്‌റ.

ഐ.ജി. വിജയനോട്  സംവിധായകൻ ലാൽ ഫോണിൽ സംഭവം പറയുന്നു. ഡെപ്യുട്ടി കമ്മീഷണർ യതീഷ് ചന്ദ്ര, അസിസ്റ്റന്റ് കമ്മീഷണർ എം.ബിനോയ് എന്നിവർ രാത്രി പന്ത്രണ്ടിന് വീട്ടിലെത്തി ഇരയോട് സംസാരിക്കുന്നു.
സംഭവത്തെ കുറിച്ച്  മുഖ്യ മന്ത്രി അടക്കമുള്ളവർ വിളിച്ചിരുന്നു എന്ന് സംവിധായകൻ ലാൽ.

ഇതൊക്കെ വളരെ നല്ല സ്റ്റെപ്പുകൾ. പക്ഷെ ആളും തരവും നോക്കി മാത്രം ആകരുത് നീതി പിണറായി സഖാവേ. രാഷ്ട്രീയക്കാരുടെ താൽപ്പര്യം നോക്കിയാകരുത് നീതി കേരളാ പോലീസെ. 

Tuesday, February 14, 2017

വാലന്റൈൻ ഡേ

രാമഭന്ദ്രൻ പിള്ള അൽപ്പം വറീഡ് ആണ്. തന്റെ 'മോറൽ സൈഡ്' കുറച്ചു 'വീക്ക്' ആയി എന്നുള്ള തിരിച്ചറിവ്!  

ഈ വർഷത്തെ വാലന്റൈൻ ഡേ  കാര്യമായി ഒന്നാഘോഷിക്കണം എന്ന് തീരുമാനിച്ചിരിക്കയായിരുന്നു രാമഭന്ദ്രൻ പിള്ള. പിള്ളയുടെ പഠന-കൗമാര-യൗവന കാലത്തൊന്നും  ഈ സാധനം ഇല്ല. കേട്ടിട്ടും ഇല്ല.  ഇപ്പം എവിടെ നോക്കിയാലും വാലന്റൈൻ ഡേ തന്നെ. എല്ലാ അവന്റെയും അവളുമാരുടെയും  f b നോക്കിയാൽ കാണാം. വാട്സ് ആപ്പ് നോക്കിയാൽ ഇത് തന്നെ. ഫെബ്രുവരി മാസം ഒന്നാം തീയതി ആകുമ്പോഴേയ്ക്കും ഈ ഡേയെ കുറിച്ചുള്ള വർത്തമാനം തുടങ്ങും. അങ്ങിനെയാണ് പിള്ളയിൽ ആഗ്രഹം പൊട്ടി മുളയ്ക്കുന്നത്.

എന്നാ തനിക്കും എന്ത് കൊണ്ടായിക്കൂടാ?  അതിനാണ് രണ്ടു വാലന്റയിൻമാരെ കഴിഞ്ഞ വർഷം തന്നെ പിള്ള ഒപ്പിച്ചു വച്ചത്. ബന്ധങ്ങൾ ചാറ്റുകളിൽ പുരോഗമിച്ചു. ഇതാ ഒരു സാമ്പിൾ ചാറ്റ്.


സമയം കണ്ടല്ലോ. അങ്ങിനെ ഏതു സമയവും ചാറ്റ് ഓടിക്കൊണ്ടിരുന്ന സുവർണ കാലം. ഒരു സുപ്രഭാതത്തിൽ ചാറ്റ് നിന്നു.  ഈ  ''ചാറ്റി'' യാതൊരു കാരണവും ഇല്ലാതെ സ്ഥലം കാലിയാക്കി. 

സാരമില്ല. മറ്റൊരു വാലന്റൈനുമായി തുടങ്ങി. അത് തുടർന്നു വന്നപ്പോൾ രാമഭദ്രൻ പിള്ള  ഒരു  ഒരു വാട്സാപ്പ് ഉമ്മ ചോദിച്ചു. അതോടെ അതും അവസാനിച്ചു. ഇപ്പോൾ  ഇടയ്ക്കിടെ അവരുടെ രണ്ടു പേരുടെയും  പ്രൊഫൈൽ പടം നോക്കി  ദീർഘ നിശ്വാസം വിടുന്നത് മാത്രം മിച്ചം.അടുത്തതായി മറ്റൊരു അറ്റംപ്റ്റ് നടത്തി. മോണിങ് വാക്കിൽ ഒരു വാലന്റൈനെ കണ്ടു പിടിച്ചു. വാലന്റൈൻ ഡേയ്ക്ക്   ഏകദേശം ശരിയാക്കി വച്ചതാ. ആ വാലന്റൈൻ ഒരാഴ്ച മുൻപ് വാക്കിങ്ങിനു  ഒരു  കൂട്ടുകാരിയെ ക്കൂടി കൂട്ടി. അതോടെ  മൂന്നാമത്തെ വാലന്റൈനും കൈവിട്ടു പോയി. 

 അതാണ്  രാമഭദ്രൻ പിള്ള തിരിച്ചറിഞ്ഞത്  2017 വർഷത്തിൽ താൻ അൽപ്പം    'വീക്ക്' ആയി എന്ന്.

ഫൂ ...വാലന്റൈൻ ഡേ! വൃത്തികെട്ട ആചാരങ്ങൾ. സംസ്കാരം ഇല്ലാത്തവർ.

Sunday, February 12, 2017

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയുടെ ശക്തിയും വ്യാപ്തിയും പരമ്പരാഗതക്കാരെ വല്ലാതെ അലോസരപ്പെടുത്തുന്നു.വല്ലവന്റെയും കാശ് വാങ്ങി വാർത്ത തമസ്ക്കരിക്കുകയും അവന്റെ കാലു നക്കുകയും ചെയ്യുന്ന മാധ്യമങ്ങൾ. സോഷ്യൽ മീഡിയയുടെ ഇടപെടൽ കൊണ്ട് മാത്രം പലപ്പോഴും അവർക്കു സത്യമായ വാർത്ത നൽകേണ്ടി വരുന്നത് കാണാമല്ലോ. അത് പോലെ പ്രസാധക മുതലാളിമാരുടെ പടിവാതിലിൽ കിടന്ന്  നിലവാരമില്ലാത്ത സ്വന്തം പുസ്തകങ്ങൾ  അച്ചടിപ്പിച്ചു പ്രസിദ്ധീകരിക്കുന്ന എഴുത്തുകാർ. അവരുടെ ദ്വേഷ്യവും അസഹിഷ്ണുതയുമാണ് സന്തോഷ് ഏച്ചിക്കാനം എന്ന എഴുത്തുകാരന്റെ പൊട്ടിത്തെറിയിൽ പ്രകടമാകുന്നത്. 

ഇവിടെ  രണ്ടാണ് പ്രശ്നം. ഒന്ന് കൂടുതൽ ആളുകൾ സോഷ്യൽ മീഡിയയിലൂടെ എഴുതുന്നു. അത് പ്രമാണിമാരുടെ  കുത്തകയെ തകർക്കുന്നു.''ആത്മ രതിയുടെ ഇടമാണത്രെ സോഷ്യൽ മീഡിയ''. അങ്ങിനെയെങ്കിൽ പുസ്തകം എന്താണ് ഏച്ചിക്കാനം? 

രണ്ട്, വിമർശനങ്ങൾക്കു സോഷ്യൽ മീഡിയ വലിയൊരു വേദി നൽകുന്നു.   ''ഏതു മണ്ടനും വന്നു അഭിപ്രായം പറയാം  മലമൂത്ര വിസർജ്ജനം നടത്താം'' .  കാര്യം മനസ്സിലായല്ലോ. വിമർശനം സഹിക്കാൻ കഴിയുന്നില്ല അയാൾക്ക്.  ബഷീറിന്റെയും  തകഴിയുടെയും മറ്റും രചനകൾ ഇന്നും കാലത്തെ അതിജീവിച്ചു  നിൽക്കുന്നത് എന്ത് കൊണ്ടാണ് എന്ന് ഒന്ന് ആലോചിക്കൂ സന്തോഷേ. പിന്നെ മാലിന്യത്തിന്റെ ദുർഗ്ഗന്ധം സഹിക്ക വയ്യാതെ വായനക്കാർ കാർക്കിച്ചു തുപ്പുന്നുണ്ടാകാം. അതിനു ഉത്തരവാദികൾ  മാലിന്യം നിക്ഷേപിച്ചവർ തന്നെയാണ്.