2017, സെപ്റ്റംബർ 6, ബുധനാഴ്‌ച

ടീച്ചേർസ് ഡേ



അധ്യാപക ദിന ഓർമകൾ. 

അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള  ഹൈസ്‌കൂളിലായിരുന്നു പഠനം.  അച്ഛൻ ആണ് അവിടത്തെ  ഹെഡ്മാസ്റ്റർ.  എനിക്ക് പ്രത്യേക  പരിഗണനകൾ  ഒന്നുമില്ല മറ്റു കുട്ടികളെ പോലെ തന്നെ. അച്ഛൻ  ഒരു പരിഷ്‌ക്കാരം കൊണ്ടു വന്നു. എട്ടാം ക്ലാസിലെ അധ്യാപകർ തന്നെ അതെ വിദ്യാർത്ഥികളെ 9 ലും പത്താം ക്ലാസിലും പഠിപ്പിക്കും. ഓരോ വിദ്യാർത്ഥി യെയും  ശരിയായി മനസ്സിലാക്കി അവരെ നന്നായി പഠിപ്പിക്കാൻ എളുപ്പമാകുമല്ലോ.  ഞാൻ VIII ഡി. ഞങ്ങടെ  കണക്കു സാർ ക്ലാസിൽ വന്നാൽ   ചോദ്യം വായിച്ചു ഉത്തരം ബോർഡിൽ എഴുതും. ആർക്കും ഒന്നും  മനസ്സിലാകില്ല. പാഠ പുസ്തകത്തിന്റെ അവസാനം കൊടുത്തിരിക്കുന്ന 'അഭ്യാസം' ത്തിൽ നിന്നും കുറെ ചോദ്യം ഹോം  വർക്ക് തരും. ഞങ്ങളും ഹോമിൽ ചെന്ന് കുറേ അഭ്യാസം കാണിക്കും.  അടുത്ത ക്ലാസ്സിലും ഇതേ രീതി. സാറിനു മറ്റു പല ബിസിനസ്സുകളും ഉണ്ട്. അതിലൊരു സൈഡ് ബിസിനസ്സ് എന്ന പോലെയാണ് അധ്യാപക ജോലി.  

VIII  ക്ലാസും IX ക്ലാസ്സും കഴിഞ്ഞു. സാറ് ഉത്തര പേപ്പർ നോക്കുന്നത് കൊണ്ട് എല്ലാവരും  X  ൽ എത്തി. കൂടെ അതെ കണക്കു സാറും. പബ്ലിക്ക് പരീക്ഷയാണ്. SSLC.  ഇങ്ങിനെ പോയാൽ മാത്‍സ് കടന്നു കൂടുന്നത് അൽപ്പം ബുദ്ധിമുട്ടാണ്.  100 നു 100 ഉം  വാങ്ങാവുന്ന കണക്കിന്  കടന്നു കൂടുമോ എന്ന് വരെ സംശയമായി.  എന്താണ് മാർഗം?  X -C യിൽ നന്നായി പഠിപ്പിക്കുന്ന ഗോപി സാറാണ്.  X- C യിലേക്ക് മാറാം. അച്ഛൻ വിചാരിച്ചാൽ നടക്കുമല്ലോ. അധ്യാപകരെ കുറിച്ച് മോശം പറയുന്നത് അച്ഛന് ഒട്ടും ഇഷ്ട്ടമല്ല.   മറ്റു മാർഗ്ഗമില്ലല്ലോ.  ഞാൻ  അച്ഛനോട് പറഞ്ഞു. വലിയ ആദർശശാലിയാണ്. "നിന്നെ മാത്രം മാറ്റുന്നത് ശരിയല്ല". അച്ഛൻ കൽപ്പിച്ചു. 'ഇങ്ങിനെ പോയാൽ  അച്ഛന്റെ   കണക്കു കൂട്ടലുകൾ മുഴുവൻ  തെറ്റും' എന്ന് ഞാനും. അവസാനം ഒരു വഴി കണ്ടെത്തി. 'ഗോപി സാറിനോട് നിനക്ക് കണക്കു പറഞ്ഞു തരാൻ പറയാം'. അച്ഛൻ പറഞ്ഞു.  അന്ന് അധ്യാപകർക്കു ട്യൂഷൻ പരിപാടി ഇല്ല.  ഏതായാലും പള്ളിക്കൂടം കഴിഞ്ഞിട്ട് കുറെ നേരം  ഗോപി സാറ്  കണക്കു പഠിപ്പിച്ചു തന്നു. അതോടെ  കണക്കിന്റെ ഗുട്ടൻസ് കുറെയൊക്കെ പിടികിട്ടി.   ഏതായാലും ഫൈനൽ പരീക്ഷയിൽ കണക്കിന് 52 ശതമാനം മാർക്ക് കിട്ടി.

3 അഭിപ്രായങ്ങൾ: