2017, ജനുവരി 24, ചൊവ്വാഴ്ച

ഗുരു ദക്ഷിണ

മാതാ പിതാ  ഗുരു ദൈവം.

ഭാരതത്തിന്റെ പാരമ്പര്യം. അമ്മ, അച്ഛൻ  അത് കഴിഞ്ഞു ഗുരു. ആ ഗുരുവിനാണ് ജീവിച്ചിരിക്കുമ്പോൾ സ്വന്തം ശിഷ്യർ ഒരു ശവക്കുഴി തീർത്തത്.  27  വർഷത്തെ അധ്യാപനത്തിന്   ശേഷം വിരമിക്കുന്ന പാലക്കാട് വിക്ടോറിയ കോളേജ് പ്രിൻസിപ്പൽ  ഡോ. സരസുവിനു  ആണ് മാർക്സിസ്റ് വിദ്യാർത്ഥി സംഘടന ആയ SFI ശിഷ്യർ അന്നേ ദിവസം  2016 മാർച്ച് 31 നു  വിടവാങ്ങൽ സമ്മാനം ആയി ശവക്കുഴി നൽകിയത്. ഇതിലും നല്ല ഗുരു ദക്ഷിണ എന്താണ്? മാർക്സിസ്റ് കാരെല്ലാം ഇതിനെ പിന്തുണക്കുകയും ചെയ്തു. മാർക്സിസ്റ് അധ്യാപക സംഘടന ആണ് ഇതിന്റെ പിന്നിലുള്ള  ബുദ്ധി കേന്ദ്രം. സഹ പ്രവർത്തകന്  പണിയാൻ കൂട്ടുനിൽക്കുന്ന അധ്യാപകർ.

ഇതാ മറ്റൊരു ഭാവനാ പൂർണമായ ഗുരു ദക്ഷിണ. എറണാകുളം മഹാരാജാസ് കോളേജിലെ പ്രിൻസിപ്പാളിന്റെ കസേര കത്തിച്ചു കളഞ്ഞു. അതും ശിഷ്യർ തന്നെ. അതും മാർക്സിസ്റ് വിദ്യാർത്ഥി സംഘടന ആയ SFI ശിഷ്യർ തന്നെ.

ക്യാമ്പസിൽ രാഷ്ട്രീയം വേണമെന്ന് എല്ലാ രാഷ്ട്രീയക്കാരും വാദിക്കുന്നു. ഇപ്പോൾ ഏതാണ്ട് രാഷ്ട്രീയ ജോലി തീർന്നു ഷെഡ്‌ഡിൽ കയറിയ  എ.കെ. ആന്റണി ഇന്നലെ പറഞ്ഞത് സ്വാശ്രയ കോളേജിലെ പ്രശ്നം കാമ്പസ് രാഷ്ട്രീയം ഇല്ലാത്തതാണ് എന്ന്. ഈ ക്യാംപസിൽ എന്തെങ്കിലും രാഷ്ട്രീയം ഉണ്ടോ? ഇല്ല. ക്യാമ്പസ്സിൽ  ഉള്ള വിദ്യാർത്ഥികൾക്കു രാഷ്ട്രീയം എന്തെങ്കിലും അറിയാമോ? ഇല്ല. അറിയില്ല.  അവരുടെ മാതൃ സംഘടനകൾ പറയുന്നത് പോലെ ചുടു ചോറ് വാരാനുള്ള  കുട്ടിക്കുരങ്ങന്മാർ. സ്‌കൂളിൽ നിന്നും കോളേജിൽ എത്തുമ്പോൾ ഉള്ള കൗമാര സഹജമായ ആവേശവും ചാപല്യവും അക്രമ വാസനയും തീർക്കാനുള്ള ഒരു സ്ഥലമാണ് ഈ വിദ്യാർത്ഥി സംഘടനകൾ. അതിനു ഏറ്റവും അനുയോജ്യമായത് SFI ആണ്. അത് കൊണ്ട് അതിൽ ആള് കൂടുന്നു. ഇടയ്ക്കിടെ ബസിനു കല്ലേറ്, അധ്യാപകരെ തെറി വിളി അങ്ങിനെ അക്രമാസക്തമായ സമരങ്ങൾ കൂടുതലുംനടത്തുന്നത് SFI ആണ്.

ക്യാമ്പസ്സിൽ രാഷ്ട്രീയം വേണമെന്ന് പറയുന്നത് നേതാക്കന്മാരുടെ  വെറും സ്വാർത്ഥത. എന്തെങ്കിലും സമരം ആഹ്വാനം ചെയ്‌താൽ കാശു കൊടുക്കാതെ അടി കൊള്ളാൻ  പാവം വിദ്യാർത്ഥികളെ കിട്ടും എന്നുള്ളതു കൊണ്ട്. യൂത്തും മൂത്ത പാർട്ടിക്കാരും മടിക്കുന്നിടത്തും ഈ പാവം പിള്ളേര് ഇറങ്ങിക്കോളും. അത് മാത്രമാണ് നേതാക്കളുടെ ലക്ഷ്യം. പാർട്ടി കാശ് വാങ്ങുന്ന ചിലയിടങ്ങൾ ഉണ്ട്. അവിടെ അവരുടെ വിദ്യാർത്ഥി സംഘടനകൾ പഞ്ചപുച്ഛം അടക്കി നിന്നും കൊള്ളും. ലാ അക്കാദമി ഒരു ഉദാഹരണം.

നല്ല നേതാക്കളെ വാർത്തെടുക്കുന്നു  ക്യാമ്പസുകൾ എന്നൊരു വാദം ഉണ്ട്. നല്ല നേതാക്കൾ എന്നത് ശരിയല്ല. നേതാക്കൾ എന്ന് മാത്രം പറഞ്ഞാൽ മതി. കൂടെയുള്ള  വിദ്യാർത്ഥികളെ കബളിപ്പിച്ചും  മുതലെടുത്തും കുറേപ്പേർ നേതാക്കൾ ആയി രാഷ്ട്രീയത്തിൽ എത്തുന്നുണ്ട്.   എന്റെ ക്ലാസിൽ പഠിച്ച ഒരാൾ, അന്ന് ചെറിയ വിദ്യാർത്ഥി  രാഷ്ട്രീയം മാത്രം, എം.എൽ.എ. ആയി, പിന്നെ മന്ത്രി ആയി. വലിയ നേതാവ് കളിച്ചു നടന്ന ഞങ്ങടെ (അന്ന് ആവേശത്തിൽ വിപ്ലവ വിദ്യാർത്ഥി സംഘടനയിൽ ആയിരുന്നു) ഒരു  നേതാവ് മന്ത്രി ആയി ,സ്പീക്കർ ആയി. ഞങ്ങടെ രണ്ടു വർഷം സീനിയർ ആയ അവനെ മാതൃകയാക്കാൻ അന്ന് അധ്യാപകർ പറയുമായിരുന്നു. അത്ര സോപ്പ് ആയിരുന്നു അധ്യാപകരുടെ മുന്നിൽ. വിവരമില്ലാത്ത ഞങ്ങൾ ആകട്ടെ അവൻ പറയുന്നത് കേട്ട് കല്ലെറിയാൻ നടന്നു. ( പിന്നെ ഒരു നേതാവ്, സൈക്കിൾ ചെയിനും ഒക്കെയായി ഞങ്ങൾക്ക് മാതൃക ആയവൻ, ഒരു വർഷം സീനിയർ, LLB കഴിഞ്ഞു മിടുക്കനായി ഹൈ കോർട്ട് ജഡ്ജി ആയി.)

ക്യാമ്പസ് രാഷ്ട്രീയം കൊണ്ട് വിദ്യാർഥികൾ പ്രബുദ്ധരൊന്നും ആകുന്നില്ല. രാഷ്ട്രീയ പാർട്ടികളുടെ താളത്തിനൊത്തു തുള്ളുന്ന വിവരമില്ലാത്ത കുറെ കുട്ടികളെ കിട്ടുന്നു എന്ന് മാത്രം. അവരാണ് ഗുരുവിന്റെ കുഴിമാടം ഉണ്ടാക്കുന്നതും ഇരിപ്പിടം കത്തിയ്ക്കുന്നതും. അവരെ മുതലെടുത്തു കുറെ  ഗുരുത്വ ദോഷികൾ രാഷ്ട്രീയത്തിൽ  നേതാക്കൾ ആയി വന്ന് ജനാധിപത്യ വ്യവസ്ഥിതിയെ വ്യഭിചരിച്ചു ആസ്വദിക്കുന്നു എന്നൊരു ഗുണം മാത്രമാണ് ഇന്നത്തെ ക്യാമ്പസ് രാഷ്ട്രീയം.  ഗുരു  ദക്ഷിണ 

2017, ജനുവരി 13, വെള്ളിയാഴ്‌ച

ഇടതു സാഹിത്യം.

എഴുത്തുകാരൻ  സക്കറിയ ഇടതു പക്ഷത്തിന്റെ അടിമത്വത്തിൽ നിന്നും  മുക്തി നേടിയിട്ടില്ല. ആ കടപ്പാട് ഇപ്പോഴും നില നിർത്തുന്നു. അത് കൊണ്ട്  ഇടതു  അല്ലാത്തവരോടുള്ള അസഹിഷ്ണുത കുറഞ്ഞിട്ടുമില്ല.  ഇപ്പോൾ ഇടതും അദ്ദേഹത്തിനെ അത്ര ശ്രദ്ധിക്കുന്നുമില്ല. അത് കൊണ്ട് ഇടയ്ക്കിടെ ശ്രദ്ധിക്കപ്പെടാൻ ഉള്ള അടവുകളും അറിയാം. അത്തരം ഒന്നാണ്  ഈയിടെ എഴുതിയ ഒരു ചെറു ലേഖനം. സാഹിത്യകാരനും വാഗ്മിയുമായ ശ്രീ  എം.കെ. സാനുവിനെ കുറിച്ചാണ്എഴുത്തു. സാനു മാഷ് അടുത്തിടെ എഴുതിയ ഒരു ലേഖനത്തിൽ, ''സക്കറിയ യെ വിമർശിച്ചതിനാലാണ് അദ്ദേഹം പിണങ്ങിയത്'' എന്ന്  ഒരു ചോദ്യത്തിന് ഉത്തരമായി പറയുന്നുണ്ട്. പക്ഷെ  സക്കറിയ ആകട്ടെ സാനു മാഷിന്റെ  ആ വിമർശം ഇത് വരെ വായിച്ചിട്ടുമില്ല. (കഷ്ട്ടം ഇനിയെങ്കിലും സാനു മാഷ് എന്താണ് പറഞ്ഞത് എന്ന് ഒന്ന് വായിച്ചു നോക്കണേ സക്കറിയാ).

''ഇടതു പക്ഷ ചിന്തയുടെ സുപ്രധാന പ്രതിനിധി'' ആയാണ് സാനു മാഷിനെ  കണ്ടത് എന്നാണ് സക്കറിയ പറയുന്നത്. അത് കൊണ്ട് അദ്ദേഹത്തെ ആർ.എസ്എസിന്റെ വേദികളിൽ കണ്ടപ്പോൾ വിമർശിച്ചു എന്നാണു സക്കറിയ എഴുതിയത്.

ഇനി  സാനു മാഷ് ഇപ്പോൾ എഴുതിയത് എന്താണെന്ന് നോക്കാം.

" കൂട്ടുകാരൊക്കെ പാർട്ടി അംഗങ്ങളായിരുന്നെങ്കിലും  ഞാനൊരിക്കലും അങ്ങനെ ആയിരുന്നില്ല. വ്യക്തിപരമായ സ്വാതന്ത്ര്യം,ജനാധിപത്യം എന്നിവയൊക്കെയാണ് എനിക്ക് പ്രധാനപ്പെട്ടതു എന്നതാവാം ഞാൻ പാർട്ടി മെമ്പർ ആകാതിരിക്കാൻ കാരണം.... പാർട്ടിയുടെ ഏതെങ്കിലും നിയന്ത്രണങ്ങൾ  എന്റെ മേൽ ഉണ്ടായിട്ടില്ല........... എന്റെ അഭിപ്രായങ്ങളോ നിലപാടുകളോ പാർട്ടി നിർദ്ദേശാനുസരണം മാറ്റേണ്ട ഒരവസരവും എനിക്കുണ്ടായിട്ടില്ല. പാർട്ടി വിരുദ്ധനായ എം.ഗോവിന്ദനുമായി എനിക്ക് നല്ല അടുപ്പമായിരുന്നു. സർഗാത്മകത കത്തി നിൽക്കുന്ന എഴുത്തുകാർ പുകാസ യിൽ എത്തിപ്പെട്ടിരുന്നില്ല  എന്നതിന് പാർട്ടിയുടെ നിയന്ത്രണങ്ങൾ കാരണമായിട്ടുണ്ടാകാം. "

കാര്യം മനസ്സിലായല്ലോ. പുകാസയിൽ  ശരാശരി എഴുത്തുകാർ മാത്രമേ ഉള്ളൂ എന്ന് കണ്ടല്ലോ. അതിനു കാരണം കമ്മ്യുണിസ്റ് പാർട്ടിയുടെ വിധേയനായി നിൽക്കേണ്ടി വരും എന്നത് തന്നെ. മീഡിയോക്കാർ എഴുത്തുകാരെയും കൊണ്ട് പു.ക.സ. നടന്നതിന്റെ കാരണം വ്യക്തമാണല്ലോ.

ഇടതു പാർട്ടികൾക്കൊപ്പം നിൽക്കുന്ന എഴുത്തുകാർക്കും കലാകാരന്മാർക്കും അസഹിഷ്ണുത കൂടുതലാണ്. എല്ലാവരും ഇടത്തിൽ നിൽക്കണം എന്ന നേതൃത്വത്തിന്റെ നിലപാട് ആണ് ഇവരുടെ വഴികാട്ടി. അത് കൊണ്ട് അല്ലാത്തവരെ പുലഭ്യം പറയും. അതാണ് സക്കറിയയും ഇവിടെ  നടത്തിയത്. അഞ്ചു വർഷം കൂടുമ്പോൾ ഭരണത്തിൽ കയറുമ്പോൾ എന്തെങ്കിലും കിട്ടിയാൽ അത്രയും ആയില്ലേ.

സക്കറിയ പറയുന്നത് പോലെ ഇടതൊന്നുമല്ല സാനു മാഷ്.  " കൂട്ടുകാരൊക്കെ പാർട്ടി അംഗങ്ങളായിരുന്നെങ്കിലും  ഞാനൊരിക്കലും അങ്ങനെ ആയിരുന്നില്ല. വ്യക്തിപരമായ സ്വാതന്ത്ര്യം,ജനാധിപത്യം എന്നിവയൊക്കെയാണ് എനിക്ക് പ്രധാനപ്പെട്ടതു എന്നതാവാം ഞാൻ പാർട്ടി മെമ്പർ ആകാതിരിക്കാൻ കാരണം.''


.അത് കൊണ്ട് തന്നെയാണ് ആർ.എസ്.എസ്.ന്റെയും പോഷക സംഘടനകളുടെയും സമ്മേളനങ്ങളിൽ  അദ്ദേഹം സ്ഥിരം  സാന്നിധ്യമായത്.

2017, ജനുവരി 11, ബുധനാഴ്‌ച

കോപ്പിയടി

ആന പിണ്ടം ഇടുന്നത് കണ്ട് മുയല് മുക്കുന്നു എന്നൊരു പഴഞ്ചൊല്ലുണ്ട്. അത് പോലാണ് കോൺഗ്രസ്സ് എം.എൽ.എ., കെ. മുരളീധരൻ.  വലിയ നേതാക്കൾ വലിയ പ്രസംഗങ്ങളും വലിയ കാര്യങ്ങളും ഒക്കെ പറയുന്നു. അതൊക്കെ മാധ്യമങ്ങളിൽ വരുന്നു. മാധ്യമങ്ങളുടെ തൊഴിൽ തന്നെ അതാണല്ലോ.അത് കണ്ടു കൊണ്ടാണ് മുരളീധരൻ രംഗത്തിറങ്ങിയത്. തനിക്കും ഒരു കൈ നോക്കിയാലെന്താ. ആദ്യമായി കോൺഗ്രസ്സിലെ കഴിവ് കേടു പറഞ്ഞു ഒരു പ്രസ്താവന ഇറക്കി.  അത് ഏതാണ്ട് പൊതു തെറിവിളിയിൽ അവസാനിച്ചു. ആ തെറി വിളി കൊണ്ട് ഇങ്ങേരു ഒരു ഹീറോ ആയി. ( എ. ഗ്രൂപ്പിന്റെ മുന്നിൽ).

പിന്നെ നോക്കിയപ്പോഴാണ്  പുതിയ ട്രെൻഡ് ആയ ഫേസ് ബുക്ക് കാണുന്നത്. ഉടൻ ഫേസ്  ബുക്കിൽ കയറി ഒരു  പോസ്റ്റ് ഇട്ടു. നോട്ട് പിൻവലിക്കലിൽ  മോദിയെ കളിയാക്കിക്കൊണ്ട്. അതിലെ ചില പ്രയോഗങ്ങൾ മാധ്യമങ്ങൾ കൊണ്ടാടി. മുരളിയുടെ കഴിവിനെ പുകഴ്ത്തി. ഒരു ചക്ക വീണു ഒരു മുയൽ ചത്തപ്പോൾ മുരളി അടുത്ത പോസ്റ്റും ഇട്ടു.  അത് ദേശീയതയിൽ ബി.ജെ.പി യെ കളിയാക്കിക്കൊണ്ട്. അതിലെയും ചില പ്രയോഗങ്ങൾ മാധ്യമങ്ങൾ കൊണ്ടാടി.  
ഇതും കൂടിയായപ്പോഴാണ്  മുരളിയുടെ കഴിവുകൾ അറിയാവുന്ന  സാമാന്യ ബോധമുള്ള ജനത്തിന് സംശയമായത്. ഇത് കോപ്പി അടി അല്ലേ?  സംഭവം കോപ്പി തന്നെ. നാസറുദ്ദിൻ മണ്ണാർക്കാട് എന്ന ആള് തന്റെ ഫേസ് ബുക്കിൽ ഇട്ട പോസ്റ്റുകൾ ആണ് മുരളി അതെ പാടി കോപ്പി അടിച്ചു സ്വന്തമായി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്. പിന്നെ ആള് ബുദ്ധിമാനാ. അറിയാതിരിക്കാൻ വേണ്ടി ഇപ്പോഴത്തെ കമലാഹാസൻ എന്ന പേര് വെട്ടിച്ചുരുക്കി കമൽ എന്ന്  പോസ്റ്റിൽ ചേർത്തു. പുതിയത് ആണെന്ന് ജനം ധരിച്ചോട്ടെ എന്ന് കരുതി.

മൈക്കിന് മുൻപിൽ പട്ടി -കുശിനിക്കാരൻ മദാമ്മ എന്നൊന്നും വിളിക്കുന്നത് പോലല്ല അന്തസ്സായി എഴുതുന്നത്. അതിനു നിലവാരം വേണം, വിജ്ഞാനം വേണം, വിവരം വേണം,എഴുതാനുള്ള കഴിവ് വേണം. SSLC പരീക്ഷയ്ക്ക് കോപ്പി അടിച്ചതിന്റെ പാരമ്പര്യവും കൊണ്ട് നടന്നാൽ പറ്റില്ല. ഇങ്ങിനെയുള്ള കോപ്പിയടിക്കാരെ എന്ത് ചെയ്യണം എന്ന് സമൂഹം തീരുമാനിക്കണം.

2017, ജനുവരി 4, ബുധനാഴ്‌ച

കോടതികൾ ജനത്തിനു

മതത്തിന്റെയും ജാതിയുടെയും വംശത്തിന്റെയും പേരിൽ വോട്ട് പിടിക്കുന്നത്  നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി ഇന്ത്യൻ ജനാധിപത്യത്തിൽ തങ്ക ലിപികളിൽ കുറിക്കേണ്ട ഒരു വിധി  ആണ്.  എന്നതിൽ സംശയം വേണ്ട. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം നടന്ന ആദ്യത്തെ പൊതു തെരഞ്ഞെടുപ്പ് മുതൽ ഇന്നു വരെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും മതവും ജാതിയും ഒരു   പ്രധാന ഘടകം തന്നെ ആയിരുന്നു. സ്ഥാനാർത്ഥികളെ നിശ്‌ചയിക്കുന്നത് മുതൽ വോട്ട് പിടിത്തം വരെയുള്ള എല്ലാ മേഖലകളിലും മതവും ജാതിയും  ഇടപെട്ടു. മത മേലധ്യക്ഷന്മാർ പരസ്യമായി വോട്ട് പിടിക്കാൻ ഇറങ്ങി.  

7 അംഗ ബെഞ്ചിന്റെ സുപ്രധാന വിധിയിൽ 'തെരെഞ്ഞെടുപ്പ് എന്നത് ഒരു മതനിരപേക്ഷമായ പ്രക്രിയ ആണെന്നും, ജനങ്ങളും ദൈവവും തമ്മിലുള്ള ബന്ധം തികച്ചും വ്യക്തിപരമാണെന്നും സ്റ്റേറ്റിന് അതിൽ ഇടപെടാൻ അധികാരമില്ലെന്നും' പറഞ്ഞു. ഒരു പാർട്ടിയ്ക്ക് വോട്ട് ചെയ്യണം എന്നുള്ള മത നേതാവിന്റെ അഭ്യർത്ഥന അഴിമതി ആയി വരുമോ എന്നുള്ള കേസിൽ വിധി പറയുകയായിരുന്നു. ഇനി മുതൽ അത് Section 123 of the Representation of  People's Act പ്രകാരം കുറ്റം ആവുകയും സ്ഥാനാർത്ഥി  അയോഗ്യനാവുകയും ചെയ്യും.
രാഷ്ട്രീയക്കാർ മടിക്കുന്നിടത്തു സുപ്രീം കോടതി ജനങ്ങളുടെ രക്ഷയ്ക്ക് വരുന്നു.

അത് പോലെ സുപ്രധാനമായ ഒരു സുപ്രീം കോടതി  വിധി ആയിരുന്നു ക്രിക്കറ്റിന്റെ കാര്യത്തിൽ നടത്തിയത്. ഇന്ത്യൻ പ്രസിഡന്റിനേക്കാളും പവ്വറിലാണ് ഇന്ത്യയിലെ ക്രിക്കറ്റ് പ്രസിഡന്റ് നടന്നിരുന്നത്. ബി.സി.സി.ഐ. പ്രസിഡന്റ് എന്ന് പറഞ്ഞാൽ  ആർക്കും, കോടതിയ്ക്ക് പോലും  ചോദ്യം ചെയ്യാൻ അധികാരമില്ലാത്ത രാജാവ്. എങ്ങിനെയും ചിലവാക്കാൻ കോടികൾ. കണക്കും ആഡിറ്റും ഒന്നുമില്ലാത്ത കുമിഞ്ഞു കൂടിയ പണം.അത് കൊണ്ടാണ് രാഷ്ട്രീയക്കാർ എല്ലാം ഈ പദവിയ്ക്കു വേണ്ടി കടി പിടി കൂടിക്കൊണ്ടിരുന്നത്. ഇൻർനാഷണൽ ക്രിക്കറ്റ് ഫെഡറേഷന് പോലും ബി.സി.സി.ഐ യെ പേടി. ഇന്ത്യ വേണ്ടെന്നു വച്ചാൽ ക്രിക്കറ്റ് തീർന്നു. വേറെ ഒരു രാജ്യത്തും ഇത്രയും പൊട്ടന്മാർ ഇത്രയും കാശും മുടക്കി ഇത്രയും സമയം വായും പൊളിച്ചിരിക്കാൻ കാണില്ല അത് കൊണ്ട് തന്നെ. കളി A BC അറിയില്ല. എന്നാലും നോക്കിയിരിക്കും.  റൺ, ഔട്ട് സെഞ്ചുറി ഇങ്ങിനെ കുറെ വാക്കുകൾ മാത്രം അറിയാവുന്ന കാഴ്ചക്കാർ. ധൂർത്തടിക്കാൻ

അങ്ങിനെ പ്രമാദിത്വം കാണിച്ച  ബി.സി.സി.ഐ. യെ ആണ് സുപ്രീം കോടതി പൊളിച്ചടുക്കിയത്. പ്രസിഡന്റിനെയും സെക്രട്ടറിയേയും പുറത്താക്കി. 70 കഴിഞ്ഞവനെയും കേസുള്ളവനെയും 9 വർഷം ഇരുന്നവനെയും ഇനി വേണ്ട.പാവപ്പെട്ടവന്റെ പണം ഇനി കണക്കും പരിശോധനയും ഒക്കെ ഉണ്ട്. വളരെ നന്നായി. എല്ലാ മേഖലയിലും ഇത് പോലെ കോടതി ഇടപെട്ടു സംഭവം സുതാര്യമാക്കണം. കേരളത്തിലെ സ്പോർട്സ് കൗൺസിലിലും.

ടി.സി.മാത്യു ആള് വീരനാ. എങ്ങിനെയെങ്കിലും പ്രസിഡന്റ് സ്ഥാനത്തു കയറിക്കൂടാനാ നോക്കുന്നത്. 9  വര്ഷം ആയതു കൊണ്ട് കേരളത്തിൽ നിന്നും രാജി വച്ചു.  സ്റ്റേഡിയത്തിനു ഭൂമി വാങ്ങിയതിൽ  അഴിമതി ആരോപണം ഉണ്ട്. എല്ലാം കലങ്ങി തെളിയട്ടെ.