2015, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

കപ്പൽ

ഇതാ ഉമ്മൻ ചാണ്ടി സർക്കാരിന്റെ വക മറ്റൊരു പ്രഖ്യാപനം. 

തിരുവനന്തപുരത്ത് നിന്നും കൊച്ചിക്കും കോഴിക്കോട്ടെയ്ക്കും കപ്പൽ സർവീസ്. 

കേൾക്കാൻ നല്ല സുഖം. കൊച്ചിക്ക്‌ 300 രൂപ. ടെണ്ടർ നടപടി തുടങ്ങിക്കഴിഞ്ഞു. ഇനി ആൾക്കാർ മുഴുവൻ ട്രെയിനും ബസും എല്ലാം ഉപേക്ഷിച്ചു കപ്പൽ യാത്ര തുടങ്ങും. 

പണ്ട് തുഗ്ലക്ക് ഉണ്ടായിരുന്നു. അയാളുടെ ബുദ്ധി ആണ് നമ്മുടെ ഭരണാധികാരികൾക്ക്. ഒരു  ദിവസം രാവിലെ തുഗ്ലഖ് തലസ്ഥാനം ഡൽഹിയിൽ   നിന്നും  ദൌലത്താബാദിലേക്ക് മാറ്റി.  അസൌകര്യം ആയതിനാൽ  വീണ്ടും ഡൽഹിയിലേക്കു മാറ്റി. അങ്ങേര് സൗകര്യം നോക്കിയാണ് ഈ ഭരണ പരിഷ്ക്കാരങ്ങൾ നടത്തിയത്. നല്ല ഉദ്ദേശത്തോടെ. പക്ഷെ നമ്മുടെ ഭരണാധികാരികളുടെ "സദുദ്ദേശം"  പത്തു കാശ് ഉണ്ടാക്കുക എന്നതാണ്.

ഈ കപ്പൽ സർവീസിനെ കുറിച്ച് ആരെങ്കിലും പഠനം നടത്തിയിട്ടുണ്ടോ? അത് വയബിൾ ആണോ എന്ന് നോക്കിയിട്ടുണ്ടോ? എത്ര പേർ യാത്ര ചെയ്യാൻ കാണും എന്ന്  പഠിച്ചോ ? ഒന്നും ഇല്ല. ഏതോ വമ്പൻ സ്രാവുകൾ വന്നു വീണു. അതിൽ നിന്നും കുറച്ചു പണം ഉണ്ടാക്കാം. കുറെ ഖജനാവിനെയും നഷ്ട്ടപെടുത്താം. അത്ര തന്നെ ഇവരുടെ ഉദ്ദേശം.

22 വർഷം മുൻപ് തുടങ്ങിയ ഒരു പദ്ധതി ഇപ്പോൾ ഉമ്മൻ ചാണ്ടിക്ക് ഓർമ്മയുണ്ടോ ആവോ? കൊല്ലം-കോട്ടപ്പുറം ജല പാത. 1993 ൽ തുടങ്ങിയതാണ്‌. കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള 205 കിലോ മീറ്റർ ദൂരം നിലവിലുള്ള തോട് യാത്രാ യോഗ്യമാക്കാനുള്ള 65 കോടിയുടെ പദ്ധതി. അത് നീണ്ടു നീണ്ടു ഇഴഞ്ഞ് പൂർത്തിയാവാതെ 22 കൊല്ലം പൂർത്തിയാക്കുന്നു.പണം ഇത് വരെ എത്ര ചെലവഴിച്ചു എന്നറിയാമോ? 200 കോടി രൂപ. പണം മറ്റെങ്ങും നിന്നല്ല. ഖജനാവിൽ നിന്നും. നമ്മൾ കൊടുക്കുന്ന നികുതി പ്പണം.

ആ ജലപാത പൂർത്തിയായാൽ  കേരളത്തിലെ തെക്ക്-വടക്ക് ചരക്കു നീക്കം മുഴുവൻ അതിലൂടെ നടത്താം. ഇതിനു ഗുണം പലതാണ്.  ജലമാർഗം ഉള്ള യാത്ര വളരെ ചെലവ് കുറഞ്ഞതാണ്. അതിനാൽ  ചരക്കു കടത്ത് കൂലി ഗണ്യമായി കുറയും.  സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താവിന് കിട്ടും. രണ്ടാമത്തെ ഗുണം നിരത്തിലെ ട്രാഫിക് ഗണ്യമായി കുറയും. പെട്രോളും ഡീസലും പാചക വാതകവും മറ്റു നിത്യോപയോഗ സാധനങ്ങളും മറ്റും    കയറ്റിയ വലിയ ലോറികൾ നിരത്തിൽ നിന്നും ഒഴിവാകും. അത് നിരത്തിലെ   ട്രാഫിക് വളരെയേറെ  കുറയ്ക്കും. കൂടാതെ  ധാരാളം ഇന്ധനവും ലാഭിക്കാം.

അത് തന്നെയാണ് ഈ പദ്ധതി നടക്കാതെ പോകുന്നതിന്റെ കാരണവും. ഇൻലാന്റ് നാവിഗേഷൻ കോർപറേഷൻ മുൻ ചെയർമാൻ റിയർ അഡ്മിറൽ  ബി.ആർ. മേനോൻ പറയുന്നത്   ലോറി ക്കാരുടെ എതിർപ്പ് ആണ് ഇത് നടക്കാതെ പോകുന്നതിനു കാരണം എന്നാണ്. അവർ ഭരണാധികാരികൾക്ക് പണവും മറ്റും നൽകി ഇതിനെ തടസ്സപ്പെടുത്തുന്നു. ഇത് നടപ്പാക്കാനുള്ള കമ്പനിയുടെ മുൻ ചെയർമാൻ കള്ളം പറയേണ്ട കാര്യമില്ലല്ലോ.

നാടിനു ഇത്രയും ഗുണം ഉണ്ടാകുന്ന ഈ പദ്ധതി കഴിഞ്ഞ 22 വർഷമായി വലിച്ചു നീട്ടുന്നതിന്റെ കാരണം പറയാൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ബാധ്യസ്ഥനാണ്. അതിനൊന്നും അദ്ദേഹത്തിന് സമയമില്ല. പുതിയ മേച്ചിൽ പ്പുറങ്ങൾ തേടി പ്പോവുകയാണ് അദ്ദേഹം. 

രണ്ടു വരി പ്പാത ഉണ്ടെങ്കിൽ കേരളത്തിൽ റെയിൽ ഗതാഗതം വളരെയേറെ പുരോഗമിക്കും. കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ കഴിയും. പക്ഷെ അതിനുള്ള നടപടികൾ ഒന്നും കേരള സർക്കാർ എടുക്കുന്നില്ല. സ്ഥലം എടുത്തു നൽകിയാൽ റെയിൽ പാത നിർമിക്കാം എന്ന് കേന്ദ്ര സർക്കാർ പറയുന്നു. പക്ഷെ സ്ഥലം എടുത്തു നൽകാൻ കേരളം തയ്യാറല്ല.  

വികസനം എന്ന് മുറവിളി കൂട്ടുന്നതല്ലാതെ ശരിയായ വികസനത്തിന് സർക്കാർ ഒന്നും ചെയ്യുന്നില്ല.  ഈ കപ്പൽ സർവീസും ഒരു ജല രേഖ യായി അവശേഷിക്കും. ഭരണാധികാരികൾക്ക് കിട്ടാനുള്ളത് കിട്ടും അത്ര തന്നെ. നാട് എങ്ങിനെ നശിച്ചാലും അവർക്കെന്ത്?  

2015, ഓഗസ്റ്റ് 30, ഞായറാഴ്‌ച

പഞ്ചായത്ത് തെരഞ്ഞെടുപ്പ്

ഭരണ ഘടന സ്ഥാപനങ്ങളെ അടിച്ചും പിടിച്ചും ഭീഷണിപ്പെടുത്തിയും തങ്ങളുടെ വരുതിയിൽ നിർത്താൻ ഉമ്മൻ ചാണ്ടിയും പിണിയാളുകളും എന്നും ശ്രമിച്ചു കൊണ്ടേ ഇരുന്നു. ചാണ്ടി നേരിട്ട് ചെറിയ സൂചനകൾ നൽകും. എന്നിട്ട് തന്റെ സിൽബന്ധികളെ കൊണ്ട് അവരെ ചീത്ത പറയിക്കും. സാമം ദാനം എന്ന് പറയുന്നത് പോലെ ആണ് പരിപാടി. ആദ്യം  എങ്ങിനെനെയെങ്കിലും  വളയ്ക്കാൻ ശ്രമിക്കും. കാശോ സ്ഥാനമാനങ്ങളോ ഒക്കെ വാഗ്ദാനം ചെയ്യും. അതിൽ വീണില്ലെങ്കിൽ ദണ്ഡം. പണ്ട് പാമോയിൽ കേസിൽ കാര്യം എതിരെ വരുമെന്ന് കണ്ടപ്പോൾ അന്നത്തെ ശിങ്കിടിയായ പി.സി. ജോർജിനെ  കൊണ്ട് വിജിലൻസ് ജഡ്ജിയെ ചീത്ത വിളിപ്പിച്ചു. ആ പാവം ജീവനും കൊണ്ട് അവിടെ നിന്നും ഓടി. അതാണ്‌ രീതി. 

ഹൈക്കോടതിയിൽ സർക്കാരിനെതിരെ പരാമർശം നടത്തുന്ന ജഡ്ജിമാരെ ചാണ്ടിയുടെ ശിങ്കിടിമാർ അധിക്ഷേപിക്കും. ഇങ്ങിനെ പലരെയും അധിക്ഷേപിച്ചിട്ടുണ്ട്. ജസ്റ്റീസ് സതീഷ്‌ ചന്ദ്രൻ, ഹാരുണ്‍ അൽ റഷീദ്, അലക്സാണ്ടർ  തോമസ്‌  തുടങ്ങിയ അനേകം ജഡ്ജിമാർ ഈ ശിങ്കിടികളുടെ   ചീത്ത വിളി കേട്ടിട്ടുള്ളവരാണ്.   ജസ്റ്റീസ്  അലക്സാണ്ടർ  തോമസ്‌ ഇപ്പോൾ പഴയ സിവിൽ കേസുകൾ കേൾക്കുന്ന ബെഞ്ചിലേക്ക് മാറ്റപ്പെട്ടു. ഇങ്ങിനെ എത്ര പേരെ മാറ്റും? പുതിയ വരുന്ന ജഡ്ജിമാർ   കോണ്‍ഗ്രസിന്റെയും ചാണ്ടിയുടെയും വാലാകും എന്നിവർ ധരിക്കുന്നോ?

ഭരണ ഘടന സ്ഥാപനങ്ങളെ കൈക്കലാക്കുക എന്ന് പറയുമ്പോൾ ആദ്യം ചെയ്യുന്നത് അഡ്വക്കെറ്റ്  ജനറൽ ഓഫീസ് ആണ്. ഹൈക്കോടതിയിൽ സർക്കാർ ഭാഗം പറയേണ്ട ഭരണ ഘടന സ്ഥാപനം. പക്ഷെ എ.ജി. വിചാരിച്ചിരിക്കുന്നത് അങ്ങേര് ചാണ്ടിയുടെ കുടുംബ വക്കീൽ ആണെന്നാണ്‌. കേസുകൾ വാദിക്കുന്നതും തോറ്റു കൊടുക്കുന്നതും ഒക്കെ കണ്ടാൽ  മനസ്സിലാകും ഇങ്ങേര്  ചാണ്ടിയുടെ സ്വന്തം കാര്യം നോക്കാൻ വേണ്ടി ഭരണ ഘടന നിയോഗിച്ച് ജനങ്ങൾ ശമ്പളം നൽകുന്ന ആളാണ്‌ എന്ന്. ആ സ്ഥാപനത്തെ അങ്ങിനെ കാൽക്കീഴിൽ ചവിട്ടി അരച്ചിട്ട് ഇപ്പോൾ മറ്റൊരു ഭരണ ഘടന സ്ഥാപനത്തെ പിടിച്ചിരിക്കുകയാണ്. അതാണ്‌ കേരള സ്റേറ്റ് ഇലക്ഷൻ കമ്മീഷൻ. 

ആദ്യം ഈ കമ്മീഷൻ സ്ട്രോങ്ങ്‌ ആയി നിന്ന്. തെരഞ്ഞെടുപ്പു ഒക്ടോബറിൽ തന്നെ നടത്തും. നിശ്ചയിച്ച തീയതിയിൽ. പുതിയ പഞ്ചായത്ത് വിഭജനം കണക്കിലെടുക്കാതെപഴയ, 2010 ലെ പഞ്ചായത്ത് കണക്കനുസരിച്ച്,    അപ്പോഴാണ്‌ മുസ്ലിം ലീഗ് ശക്തമായി രംഗത്ത് വരുന്നത്. കാരണം അവരുടെ താല്പ്പര്യ പ്രകാരമാണ് മുസ്ലിം പഞ്ചായത്ത് ആയി വിഭജിച്ചത്. മറ്റു മാർഗങ്ങളില്ലാതെ ചാണ്ടിയും കൂടെ നിന്നു. ഇലക്ഷൻ കമ്മീഷനുമായി മീറ്റിംഗ് കൂടി. നട്ടെല്ലോട് കൂടി നിന്ന  സ്റേറ്റ് ഇലക്ഷൻ കമ്മീഷൻ അത് കഴിഞ്ഞു അങ്ങ് തണുത്തു. അടുത്ത സെപ്റ്റംബർ 3 നു കോടതി വിധി പറയും. അതനുസരിച്ച് നോക്കാം എന്ന് ഇലക്ഷൻ കമ്മീഷനും സമ്മതിച്ചു.

നേരത്തെ ഹൈക്കോടതി ഇലക്ഷൻ കമ്മീഷനു പൂർണ സ്വാതന്ത്ര്യം കൊടുത്തതാണ് സമയത്ത് തെരഞ്ഞെടുപ്പു നടത്താൻ. അതിന്റെ പൂർണ അധികാരവും ഉത്തരവാദിത്വവും കമ്മീഷന് ആണെന്ന് കോടതി പറയുകയും ചെയ്തു. എന്നിട്ടും മീറ്റിംഗ് കഴിഞ്ഞപ്പോൾ കമ്മീഷൻ അയഞ്ഞു. മീറ്റിംഗിൽ എന്തൊക്കെ നടന്നു എന്ന് അറിയില്ല. പാവത്തിനെ ഭീഷണി പ്പെടുത്തിക്കാണും. ദേഹോപദ്രവം  ഒഴിച്ച് എല്ലാം അവിടെ നടന്നു കാണും. ഏതായാലും കമ്മീഷൻ തന്റെ അഭിപ്രായം മാറ്റി. സെപ്റ്റംബർ 3 വരെ കാത്തിരിക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ ആജ്ഞ ശിരസാ വഹിച്ചു.

 ഭരണ ഘടന (73 ഭേദഗതി) നിയമം 1992 ഉം ഭരണ ഘടന (74  ഭേദഗതി) നിയമം 1992 ഉം അനുസരിച്ചാണ്കേരളത്തിലെ പഞ്ചായത്ത് മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് നടത്താൻ സ്റേറ്റ് ഇലക്ഷൻ കമ്മീഷനെ ഗവർണർ നിയമിക്കുന്നത്. അതായത് ഒരു ഭരണ ഘടന സ്ഥാപനം. സംസ്ഥാന സർക്കാരിന്റെ ജോലിക്കാരനല്ല. സസ്പെന്ഡ് ചെയ്യാനോ പിരിച്ചു വിടാനോ സംസ്ഥാന സര്ക്കാരിന് അധികാരം ഇല്ല. ഈ പദവിയിൽ നിന്നും മാറ്റണമെങ്കിൽ ഗവർണർ ഉത്തരവിറക്കണം. പിന്നെ എന്തിനു ഇങ്ങിനെ പേടിക്കണം എന്നാണു  മനസ്സിലകാത്തത്‌.

പണ്ട് ടി.എൻ. ശേഷൻ എന്നൊരു  ആളെ പറ്റി ഈ കമ്മീഷൻ കേട്ടിട്ടുണ്ടോ? ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷനർ  ആയി നിയമിതനായതിനു ശേഷം ആ ഭരണ ഘടന പദവിയുടെ അന്തസ്സിനു യോജിക്കുന്ന രീതിയിൽ പ്രവർത്തിച്ച ഒരു മനുഷ്യൻ. ഇന്ന് നമ്മൾ കാണുന്ന എല്ലാ തെരഞ്ഞെടുപ്പു പരിഷ്ക്കരണങ്ങളും  വരുത്തിയ ആൾ. ആ പദവിയിൽ എത്തിയതിനു ശേഷം  ആരുടെയും കാലു പിടിക്കാതെ അന്തസ്സായി അവിടെ ഇരുന്ന ആൾ. അങ്ങേരുടെ പണ്ടത്തെ കഥ നോക്കണ്ട. ആണ് കോണ്‍ഗ്രസ്സിന്റെ വാല് ആയിരുന്നു. പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ വാഹന വ്യുഹത്തിനു  സുരക്ഷ ഒരുക്കി രാജീവിന്റെ കാറിനു പുറകെ റോഡിലൂടെ ഓടിയ ആളായിരുന്നു          ( പശ്ചിമ ബെന്ഗാളിൽ വച്ച്). പക്ഷെ ഒരു ഭരണ ഘടന പദവി കിട്ടിയപ്പോൾ അതിന്റെ അന്തസ്സ് അന്തസ്സായി കാത്തു സൂക്ഷിച്ചു. 

നമ്മുടെ സ്റേറ്റ് ഇലക്ഷൻ കമ്മീഷൻ പഴയ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷൻ  ടി.എൻ. ശേഷൻറെ പാത പിന്തുടരാത്തത് എന്ത്? സമയം അതിക്രമിച്ചിട്ടില്ല. നമ്മുടെ ഭരണ ഘടനയുടെ അന്തസ്സ് കാത്തു സൂക്ഷിക്കാൻ അദ്ദേഹത്തിന് ബാധ്യതയുണ്ട്, ഉത്തരവാദിത്വം ഉണ്ട്.

2015, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

ഓണ സമ്മാനം.

കേരള സർക്കാരിന്റെ ഓണ സമ്മാനം. മലയാളികൾക്ക്. 

അനേകം തവണ തിരിച്ചും മറിച്ചും പറഞ്ഞ സംഭവമാണ് ബാർ കോഴ.

ബാർ  മുതലാളിമാർ പണം പിരിച്ച് മന്ത്രിമാർക്ക് കൊടുത്തു, മദ്യ നയം അവർക്ക് അനുകൂലമാക്കാൻ. അതിനിടെ ചാണ്ടിയും സുധീരനും തമ്മിലുള്ള പിണക്കം കൊണ്ട് സുധീരൻ അതിൽ ഇടങ്കോലിട്ടു. കാശ് വാങ്ങി,( മാണി വാങ്ങി,ബാബു വാങ്ങി രമേശ്‌ വാങ്ങി, ശിവകുമാർ വാങ്ങി, കൊണ്ട് ചെന്ന് പക്ഷെ വാങ്ങിയില്ല എന്ന് കുഞ്ഞാലിക്കുട്ടിയും) ഇനിയും കൂടുതൽ കിട്ടും. അങ്ങിനെയുള്ള   മദ്യ നയത്തിൽ ആണ് ഈ പ്രശ്നം ഉണ്ടായത്. അതിനെ വെട്ടാൻ ചാണ്ടി ഒരു മദ്യ നയം അങ്ങ് കൊണ്ട് വന്നു. ആർക്കും ലൈസൻസ് കൊടുക്കില്ല. അഞ്ചു സ്റ്റാർ ഹോട്ടലിനു മാത്രം. ചാണ്ടി സാർ ആള് ബുദ്ധിമാനാ. കൂർമ ബുദ്ധി. കോടതിയിൽ തള്ളിപ്പോകുന്ന വകുപ്പുകൾ ചേർത്തു. സംഭവം തള്ളും. രക്ഷപ്പെടും.  ബാർ മുതലാളിമാരിൽ നിന്നും കാശും കിട്ടും.

പക്ഷെ സംഭവംഉദ്ദേശിച്ച പോലെ  നടന്നില്ല. ബാർ മുതലാളിമാരുടെ കേസ് ഹൈക്കോടതി തള്ളി. അപ്പോഴും ചാണ്ടിയും ബാറുകാരും ആശ്വസിച്ചു. നേരെ സുപ്രീം കോടതി. അവിടെ അറ്റോർണി ജനറൽ മുകുൾ രോഹ്തഗി ബാറുകാർക്ക് വേണ്ടി കേസ് വാദിച്ചു. ഉമ്മൻ ചാണ്ടി പറഞ്ഞു അത് തെറ്റാണ്. അക്കാര്യം സുപ്രീം കോടതി ചോദിച്ചപ്പോൾ കേരള സർക്കാർ വക്കീൽ ഒന്നും മിണ്ടിയില്ല. അത് പോലെ ഈ നയം മൌലികാവകാശ ലംഘനം അല്ലെന്നു കോടതി പറഞ്ഞപ്പോഴും അതുന്നയിച്ചു വാദിക്കാൻ ഒന്നും സർക്കാർ  വക്കീൽ മെനക്കെട്ടില്ല. അവസാനം സർക്കാർ വക്കീൽ പറഞ്ഞത് ഈ മദ്യ നയം തെറ്റാണെങ്കിൽ അത് ക്യാൻസൽ ചെയ്യാൻ കോടതി ദയവുണ്ടാകണം എന്നാണു. അതായത് ബാറുകാരുടെ വക്കീൽ വാദിച്ചത് പോരെങ്കിൽ സർക്കാർ വക ഒരു സപ്പോർട്ട്. അങ്ങിനെയെങ്കിലും കോടതി ഇതൊന്നു തള്ളിയാൽ ചാണ്ടിക്ക് രക്ഷപ്പെടാം. കോടതി പറഞ്ഞതല്ലേ ഞങ്ങൾക്കിനി എന്ത് ചെയ്യാൻ കഴിയും. അത് പോലെ പണം വാങ്ങിയ മന്ത്രിമാർക്ക് രക്ഷപ്പെടാം.

ഇതിനിടയിൽ ആണ് റിപ്പോർട്ടർ ചാനൽ ഒരു പ്രധാന കാര്യം പുറത്തു വിട്ടത്. സ്റ്റിങ്ങ് ഓപ്പറേഷൻ എന്ന് പറയില്ലേ. ഒരു ബാർ മുതലാളിയെ  വിളിച്ചു. അയാൾ പറയുകയാണ്‌ 2 ലക്ഷം രൂപ പിരിവു കൊടുത്തു സുപ്രീം കോടതി ജഡ്ജിമാരെ സ്വാധീനിക്കാൻ എന്ന്. എങ്ങനുണ്ട് നമ്മുടെ ബാർ മുതലാളിമാർ?

 കെ.പി.,സി..സി. യുടെ   വക്താവ് അജയ് തറയിൽ പറഞ്ഞത്. " ബാറുകാർക്ക്  അനുകൂലമായി  കോടതി വിധി വരും. ഡീൽ നടന്നു കഴിഞ്ഞു. ഇതൊക്കെയാണ് ഇന്ത്യയിൽ നടക്കുന്നത്" എന്ന്.  വിധി വരും ഉമ്മൻ ചാണ്ടി പറയും കോടതി പറഞ്ഞു ഇനി ഞങ്ങൾ എന്ത് ചെയ്യാനാണ് എന്ന്. ജനങ്ങളെ മുഴുവൻ വിഡ്ഢികളാക്കി. ഇതാണ് ഇത്തവണത്തെ ചാണ്ടിയുടെ ഓണ സമ്മാനം.  

എല്ലാവർക്കും ഹാപ്പി ഓണം.

2015, ഓഗസ്റ്റ് 23, ഞായറാഴ്‌ച

ഹജ്ജ്

ഹജ്ജിനു പോകുന്നവർ വയാഗ്ര, മറ്റു ലൈംഗിക ഉത്തേജക മരുന്നുകൾ കൊണ്ടു പോകരുതെന്ന് കേന്ദ്ര വിദേശ കാര്യ വകുപ്പ് ഇറക്കിയ സർക്കുലറിൽ പറയുന്നു.  വിദേശ കാര്യ മന്ത്രാലയത്തിന് കീഴിലുള്ള " ദി ഹജ്ജ് കമ്മിറ്റി ഓഫ് ഇൻഡ്യ" ആണ് ഹജ്ജിനു പോകുന്നവർക്ക് ഈ ഉപദേശം നൽകിയത്.

 ഹജ്ജിനു പോകുന്നവർ ഇതൊക്കെ കൊണ്ട് പോകുന്നത് എന്തിനാണ്? ഇതൊക്കെ ആസ്വദിക്കാനാണോ പുണ്യ   തീർഥാടനത്തിനു പോകുന്നത്? ഇനി ഈ ഹജ്ജ് യാത്രയ്ക്ക് സർക്കാർ പണം നൽകി സഹായിക്കുന്നത് കൊണ്ടാണോ ഇങ്ങിനെ ഒരു  നിർദ്ദേശം നൽകിയത്?  

 "ഇത്തരം നിർദ്ദേശങ്ങൾ നൽകിയിട്ടും പരിശീലന ക്ലാസുകൾ നൽകിയിട്ടും 2013 ലും 2014 ലും പല വിമാനത്താവളങ്ങളിൽ വച്ചും വയാഗ്ര ഗുളികകൾ, ലൈംഗിക ഒയിലുകൾ, ക്രീമുകൾ ഒക്കെ ഹജ്ജിനു പോകുന്നവരുടെ കയ്യിൽ നിന്നും പിടിച്ചിട്ടുണ്ട്.   നിയമ വിരുദ്ധമായ കാര്യങ്ങൾ ഒന്നും ഈ പുണ്യ തീർഥാടന വേളയിൽ ചെയ്യരുത് എന്ന് വിശുദ്ധ ഗ്രന്ഥം പറയുന്നുണ്ടെങ്കിലും പലപ്പോഴും സൌദിയിൽ നിരോധിച്ച വയാഗ്ര ഗുളികകൾ, ലൈംഗിക ഒയിലുകൾ, ക്രീമുകൾ തുടങ്ങിയവ ധാരാളം വസ്തുക്കൾ  ചില  തീർഥാടകർ  അങ്ങോട്ടേയ്ക്ക് കള്ളക്കടത്ത് നടത്തുന്നതായി കഴിഞ്ഞ കാലങ്ങളിൽ കണ്ടെത്തിയത് കൊണ്ടാണ് ഇത്തരം ഒരു ഉപദേശം പുറത്തിറക്കുന്നത്" എന്നാണ് ഹജ്ജ് കമ്മിറ്റിയുടെ സി.ഇ. ഓ. അത്തൌർ റഹ് മാൻ പറയുന്നത്.

ഇവിടെ രണ്ടു കാര്യങ്ങൾ പ്രധാനമായും ഉണ്ട്. ഇവിടന്ന് പോകുന്നവർ പുണ്യ തീർഥാടനത്തിനു ആണ് പോകുന്നത്. അവർ ഇങ്ങിനെയുള്ള കാര്യങ്ങൾ കൊണ്ട് പോകുന്നത്  എന്തിനാണ്? സൗദി ആണെങ്കിൽ വളരെ കർക്കശമായ നിയമങ്ങൾ ഉള്ള സ്ഥലവും. അവിടെ ആർക്കു വേണ്ടിയാണ് ഈ സാധനങ്ങൾ?

2015, ഓഗസ്റ്റ് 22, ശനിയാഴ്‌ച

ഓണാഘോഷം




ആദരാഞ്ജലികൾ.
 അകാലത്തിൽ പൊലിഞ്ഞ തെസ്നിക്ക് 


ഒരു ഓണാഘോഷത്തിന്റെ രക്ത സാക്ഷിയാണ് തെസ്നി എന്ന  പാവം പെണ്‍ കുട്ടി. എൻജിനീയറിംഗ് വിദ്യാർത്ഥിനി. തിരുവനന്തപുരത്ത് പഠിക്കാനായി  നിലമ്പൂർ നിന്നും എത്തിയ കുട്ടി.  അമിതമായ ഓണാഘോഷം ആണ് ഈ ജീവൻ എടുത്തത്‌.

എന്തായിരുന്നു ഓണാഘോഷം? ഒരു ലോറി വാടകയ്ക്ക് എടുത്ത് അതിൽ നിറയെ കുട്ടികളെയും കയറ്റി കോളേജ് കാമ്പസിൽ കയറ്റി ചുറ്റിയടിക്കുക.  രണ്ടു ജീപ്പ്  നിറയെ ആളെ കയറ്റി മുന്നിൽ പായുന്നു.  ജീപ്പിൻറെ ബോണറ്റിൽ വരെ വിദ്യാർത്ഥികളെ കയറ്റി ഇരുത്തുന്നു. ഈ ഘോഷയാത്ര കാമ്പസ് കറങ്ങുന്നു. അതിലൊരു ജീപ്പ് ആണ് തെസ്നിയുടെ മരണത്തിനു കാരണമായത്‌. ഇതെന്തു ഓണാഘോഷം? അത്തപ്പൂ ഇട്ടു ഓണം ആഘോഷിക്കാറുണ്ട്. ഊഞ്ഞാൽ കാണും. കൈകൊട്ടിക്കളി തുടങ്ങിയ കളികൾ. പാട്ടുകൾ. പിന്നെ സദ്യ. ഇതൊക്കയാണ്   സാധാരണ ഓണാഘോഷം. ലോറിയിലും ജീപ്പിലും കുട്ടികളെ കുത്തി നിറച്ച് കോളേജ് കാമ്പസിൽ അമിത വേഗത്തിൽ ഓടിക്കുന്നത് എന്ത് ഓണാഘോഷം ആണ്?

കോളേജിൽ ഒരു പ്രിൻസിപ്പാൾ ഉണ്ട്. ഉണ്ട് എന്നാണു വയ്പ്പ്. ഇതൊന്നും അങ്ങേരു കണ്ടിട്ടില്ല. ഹോസ്റ്റൽ കാർക്ക് ഓണം ആഘോഷിക്കാൻ അനുവാദം നൽകിയത് ഈ   പ്രിൻസിപ്പാൾ ആണ്. ലോറി-ജീപ്പ് ഘോഷയാത്രയ്ക്ക് ആണോ അനുവാദം നൽകിയത്? ജീപ്പും ലോറിയും കാമ്പസിൽ കടന്നപ്പോൾ സെക്യുരിറ്റി തടഞ്ഞു എന്ന് പറയുന്നു. അയാൾ പ്രിൻസിപ്പാളിനെ ഈ വിവരം അറിയിച്ചു കാണുമല്ലോ.എന്നിട്ട് എന്ത് കൊണ്ട് ഈ   പ്രിൻസിപ്പാൾ നടപടി എടുത്തില്ല. പേടിച്ചിട്ടാണോ? വിവരം അറിഞ്ഞ ഉടൻ കുട്ടികളെ തടയുകയോ അത് കഴിഞ്ഞില്ലെങ്കിൽ നിയമം ലംഘിച്ചതിന് പോലീസിൽ അറിയിപ്പിക്കുകയോ    ചെയ്യാതിരുന്നത് എന്ത് കൊണ്ട്? അങ്ങിനെ ചെയ്തിരുന്നുവെങ്കിൽ ഈ അപകടം ഒഴിവാക്കാമായിരുന്നു. ആ പെണ്‍ കുട്ടിയുടെ ജീവൻ രക്ഷപ്പെടുത്താമായിരുന്നു. ഇക്കാര്യങ്ങളൊക്കെ വിശദീകരിക്കാൻ പ്രിൻസിപ്പാൾ ബാധ്യസ്ഥനാണ്.  കുട്ടികൾ ചെയ്തു എന്ന് പറഞ്ഞു രക്ഷപ്പെടാൻ അദ്ദേഹത്തിന് കഴിയില്ല.ഈ ജീപ്പുകൾ സ്ഥിരം കോളേജ് കാമ്പസിൽ കിടക്കുന്നവയാണ് എന്നാണ് കുട്ടികളൊക്കെ പറയുന്നത്. അത് ഇത് വരെ പ്രിൻസിപ്പാൾ അറിഞ്ഞില്ലേ? കോളേജ് ക്യാമ്പസിൽ കിടക്കുന്ന ജീപ്പിനെ കുറിച്ചോ അവിടെ നടക്കുന്ന കാര്യങ്ങളെ കുറിച്ചോ അറിയാത്ത ഇദ്ദേഹം എന്തൊരു പ്രിൻസിപ്പാൾ ആണ്? എന്തിനാണ് ആ പദവിയിൽ ഇരിക്കുന്നത്?

ഈ ജീപ്പ് പണ്ടും കേസിൽ പെട്ടിട്ടുണ്ട് എന്നാണു പറയുന്നത്. മൂന്നു മാസം ഒരു പോലീസ് സ്റ്റെഷനിൽ കിടക്കുകയും ചെയ്തു. പിന്നെ ഇതെങ്ങിനെ പുറത്തിറങ്ങി? ആരാണ് പുറത്തിറക്കിയത്? ഇതൊക്കെ അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്.




 ആഭ്യന്തര മന്ത്രി സ്ഥിരം പ്രസ്താവനയുമായി രംഗത്ത് വന്നു കഴിഞ്ഞു. മുഖം നോക്കാതെ നടപടി എടുക്കും എന്ന്. ശരിയാണ് എങ്ങിനെ തെസ്നിയുടെ നിർജീവമായ മുഖത്ത് നോക്കും? എങ്ങിനെ ആ കുട്ടിയുടെ മാതാ പിതാക്കളുടെയും ബന്ധുക്കളുടെയും മുഖത്ത് നോക്കാൻ കഴിയും ? പക്ഷെ ആ ജീപ്പ് ഒന്ന് നോക്കൂ.  

2015, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

അധ്യാപക പാക്കേജ്

കേരള സർക്കാരിന്റെ ഒരു നിയമം കൂടി കോടതി തള്ളിയിരിക്കുന്നു. അടുത്തിടെ ഉണ്ടാക്കിയ അധ്യാപക പാക്കേജ് ആണ് ഹൈ ക്കോടതി സ്റ്റേ ചെയ്തത്. 

ഈ പാക്കേജ് ഉണ്ടാക്കിയത് എയിഡഡ്‌ സ്കൂൾ മാനേജ്മെന്റിനെ എയിഡ്‌ ചെയ്യാൻ തന്നെയായിരുന്നു. ഈ സ്കൂളുകളിൽ എല്ലാം  അധ്യാപകരുടെ നിയമനം നടത്തുന്നത് മാനേജ്മെന്റ ആണ്. ശമ്പളം കൊടുക്കുന്നതോ സർക്കാരും. വെറുതെ അങ്ങ്  നിയമനം നടത്തുകയല്ല. കോഴ വാങ്ങിയിട്ടാണ് നിയമനം നടത്തുന്നത്. ലക്ഷങ്ങൾ. ഒരു പോസ്റ്റിനു 38 ലക്ഷം വാങ്ങിയ കഥ ഒരു ചാനലിൽ പറയുന്നത് കേട്ടു. കുറച്ചു വർഷത്തെ ശമ്പളം കൊണ്ട് ഈ കൊടുത്ത ലക്ഷങ്ങൾ മുതലാകും. ബാക്കി സർവീസ്  ഉള്ള ശമ്പളം ലാഭം. തീർന്നില്ല. വിരമിച്ചാൽ പെൻഷൻ. പിന്നെ കുടുംബ പെൻഷൻ. ഇതെല്ലാം സർക്കാർ വഹിക്കണം. നിയമനത്തിന് വാങ്ങിയ 40 ലക്ഷം മാനേജർ വഹിക്കും.

ഈ പ്രക്രിയ തുടങ്ങിയിട്ട് നാളേറെയായി. ഭാരതത്തിൽ മറ്റൊരു സംസ്ഥാനത്തും ഇങ്ങിനെയൊരു വിചിത്രമായ സംഗതി ഇല്ല. അല്ലെങ്കിലും കേരളത്തിൽ നടക്കുന്നതെല്ലാം വിചിത്രം ആണല്ലോ.ഓരോ വർഷവും പുതിയ ഡിവിഷൻ (കുട്ടികളുടെ കള്ള ക്കണക്ക് കാട്ടിയും മറ്റും) ഉണ്ടാക്കി പുതിയ അധ്യാപകരെ നിയമിച്ച് മാനേജർമാർ ലക്ഷങ്ങൾ ഉണ്ടാക്കുന്നു. അവർക്കൊക്കെ ശമ്പളം കൊടുത്ത് സർക്കാർ മുടിയുന്നു. ഈ നിയമനങ്ങൾക്ക് ശമ്പളം കൊടുക്കുന്ന സർക്കാരിന്റെ അനുമതി ഒന്നും വേണ്ട. കാശ് വാങ്ങി ആളെ നിയമിച്ചിട്ട് സർക്കാരിനോട് പറയും. ഞങ്ങൾ നിയമിച്ചു. ശമ്പളം കൊടുത്തു തുടങ്ങിക്കോളൂ. സർക്കാർ ഏറാൻ മൂളും. ഇതാണ്   എയിഡഡ്‌ സ്കൂൾ അധ്യാപക നിയമനവും ശമ്പളം കൊടുക്കലും. 

ഒരു സ്കൂളിനു എത്ര അധ്യാപകരെ ആവശ്യമുണ്ട് എന്നൊന്നും സർക്കാർ നോക്കാറുമില്ല ചോദിക്കാറുമില്ല. വോട്ട് ബാങ്ക് അല്ലേ. കാശ് പൊതു ജനത്തിന്റെയും. പിന്നെന്തിന് വിദ്യാഭ്യാസ മന്ത്രി ഇതൊക്കെ നോക്കണം? ആരും മോശമല്ല. ഇടതു    ഭരിച്ചപ്പോഴും ഇത് തന്നെ ഗതി. ഓരോ വർഷവും ആവശ്യമില്ലാതെ മാനെജ്മെന്റ് നിയമിച്ച അധ്യാപകർ ധാരാളം ഉണ്ടാകും. അടുത്ത വർഷം വരുന്ന വെക്കൻസിയിൽ ഇവരെ  അഡ്‌ജസ്റ്റ് ചെയ്യില്ല. പകരം പുതിയ അധ്യാപകനെ വീണ്ടും 40 ലക്ഷം വാങ്ങി നിയമിക്കും. എന്നിട്ട് സർക്കാരിന് എഴുതും. ഞങ്ങൾ വീണ്ടും കാശ് വാങ്ങി സർക്കാരേ  ശമ്പളം കൊടുത്തോളൂ. സർക്കാർ  യെസ് മൂളും. ഇങ്ങിനെ ഇല്ലാത്ത വെക്കൻസിയിൽ നിയമിക്കപ്പെട്ട അധ്യാപകർ ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുന്നു. അവരെ ക്രമീകരിച്ച് മാനെജ്മെന്റ് വാങ്ങിയ കോഴ റെഗുലറൈസ് ചെയ്യാനായിരുന്നു  ഈ പാക്കേജ്.

പുതിയ പാക്കേജ് അനുസരിച്ച് ഇങ്ങിനെ തോന്നിവാസം പോലെ മാനേജ്മെന്റ്റ്  കാശ് വാങ്ങി  നിയമിച്ച അധ്യാപകരെ എല്ലാം നിയമാനുസൃതമാക്കി സർക്കാർ ശമ്പളം കൊടുത്തു തുടങ്ങിയേനെ.   അതോടു കൂടി അടുത്ത ഇത്തരം നിയമനം ലക്ഷങ്ങൾ വാങ്ങി മാനേജ്മെന്റുകൾ വീണ്ടും  തുടരും.       

ഒരു സ്കൂളിൽ എത്ര വിദ്യാർഥികൾ ഉണ്ട്, അവർക്ക് എത്ര അധ്യാപകർ ഉണ്ട് എന്നൊരു കണക്കൊന്നും സർക്കാരിനില്ല. മാനേജ്മെന്റ് പറയുന്നതാണ് കണക്ക്.

കേന്ദ്ര സർക്കാർ കൊണ്ട് വന്ന വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ കുറെ വർഷങ്ങൾ കൊണ്ട് കേന്ദ്രം പറയുന്നു. വിദ്യാഭ്യാസത്തിൽ  സർക്കാരിന് വ്യക്തമായ മേൽക്കൈ ഉള്ള നിയമം ആണത്. കേരളമാകട്ടെ സമയം നീട്ടി ചോദിച്ചു കൊണ്ടിരിക്കുന്നു. അതിലൊരു ഗുട്ടൻസ് ഉണ്ട്. ക്രിസ്തീയ -മുസ്ലിം മാനേജ്മെന്റുകൾ ന്യുന പക്ഷ കാർഡ് എടുക്കും. അങ്ങിനെ ആ നിയമത്തിൽ നിന്നും രക്ഷപ്പെടും.  അപ്പോൾ നിയന്ത്രണത്തിൽ വരുന്നത് ഭൂരി പക്ഷ  സമുദായങ്ങളുടെ വിദ്യാലയങ്ങൾ ആയിരിക്കും.NSS ,SNDP തുടങ്ങിയവരുടെ സ്കൂളുകൾ. കാര്യം നടക്കുമോ?അതാണ്‌ അച്യുതാനന്ദനും ഉമ്മൻ ചാണ്ടിയും ഒക്കെ കള്ളാ ക്കളി കളിക്കുന്നത്.

2015, ഓഗസ്റ്റ് 18, ചൊവ്വാഴ്ച

ഇന്ത്യയും ഗൾഫും

നരേന്ദ്ര മോദി ഗൾഫ് പര്യടനത്തിൽ ആണ്. 34 വർഷങ്ങൾക്കു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാന മന്ത്രി ഗൾഫ് സന്ദർശിക്കുന്നത്. അബുദാബിയും അത് കഴിഞ്ഞ് ദുബായും സന്ദർശിച്ചു. അബുദാബിയിലെ കിരീടാവകാശി തൻറെ 5 സഹോദരങ്ങളോടൊപ്പം ആണ് മോദിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയത്. അത് തന്നെ ഇന്ത്യയുമായി ഒരു നല്ല ബന്ധം അവർ എത്ര കണ്ടു ആഗ്രഹിക്കുന്നു എന്നതിന് തെളിവാണ്. അവിടെ ഒരു ക്ഷേത്രം പണിയാനുള്ള അനുവാദം കൂടി   കൊടുത്തു.

ഗൾഫ് ഇന്ത്യയ്ക്ക് വളരെ വേണ്ടപ്പെട്ട ഒരു  പ്രദേശമാണ്. അവിടെ നിന്നും നമ്മുടെ നാട്ടുകാർ വിയർപ്പൊഴുക്കി ( 40 ഉം 50 ഉം ഡിഗ്രിയിൽ വിയർപ്പാണോ ഒഴുകുന്നത്?) അയയ്ക്കുന്ന പണം ആണ് ഭാരതത്തിൻറെ സാമ്പത്തിക മേഖലയിലെ ഒരു പ്രധാന താങ്ങ്. അവരുടെ  കാര്യങ്ങൾ ശ്രദ്ധിക്കാനോ അവരുടെ  പ്രശ്നങ്ങൾ എന്താണെന്ന് അറിയാനോ മുൻ  സർക്കാരുകൾ  ശ്രമിച്ചില്ല എന്നത് ദുഖകരമാണ്. മാത്രമല്ല അവരുടെ പണം മാത്രമാണ് നമുക്ക് വേണ്ടത് എന്ന നമ്മുടെ ചിന്താഗതി വെളിവാക്കുകയും ചെയ്യുന്നു.

അവിടത്തെ ജീവിതം നല്ലൊരു വിഭാഗം പ്രവാസികളെ സംബന്ധിച്ചിടത്തോളം വളരെ കഷ്ട്ടപ്പാടുകൾ നിറഞ്ഞതാണ്‌. ലേബർ ക്യാമ്പ് സന്ദർശിക്കുക  വഴി മോദി അവരുടെ ജീവിതം അറിയാനാണ് ശ്രമിച്ചത്.  അതിനു മറ്റൊരു വശം കൂടിയുണ്ട്. അധികാരികളുടെ ശ്രദ്ധ അങ്ങോട്ട്‌ കൊണ്ട് വരാനും അത് വഴി അത്തരം ക്യാമ്പുകളിലെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനും കഴിയും.

പ്രവാസികളുടെ വോട്ടവകാശം, ഇടയ്ക്കിടെ കൂട്ടുന്ന വിമാന നിരക്കുകൾ തുടങ്ങി പല കാര്യങ്ങളും ഇനിയും ചെയ്തു തീർക്കേണ്ടാതായുണ്ട്. ഇപ്പോഴത്തെ മോദി സന്ദർശനത്തിന്റെ തുടർച്ച ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.

നമ്മുടെ കേരള മന്ത്രിമാർ എത്ര തവണയാണ് ഗൾഫിൽ പോയത്?  ബന്ധുക്കളെയും   കണ്ട് ആസ്വദിച്ചു തിരിച്ചു വരും അത്ര തന്നെ.ഒരു തവണ പോലും അവിടത്തെ പ്രവാസികളുടെ പ്രശ്നങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

2015, ഓഗസ്റ്റ് 16, ഞായറാഴ്‌ച

മന്ത്രിയും പോലീസും.

"മുഖം നോക്കാതെ നടപടി എടുക്കും". ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല സ്ഥിരം പറയുന്ന വാചകങ്ങൾ ആണിത്.ഒന്നിടവിട്ട ദിവസങ്ങളിൽ ഈ ഏറ്റു  പറച്ചിൽ നാം കേൾക്കാറുണ്ട്. 

എവിടെയെങ്കിലും പോലീസ്  ഒരു കുറ്റവാളിയെ പിടിക്കാൻ താമസിക്കുകയോ, പിടിക്കാതിരിക്കുകയോ, സഹായിക്കുകയോ ചെയ്തതായി മാധ്യമങ്ങൾ വാർത്ത കൊണ്ടു വന്നാൽ അപ്പോൾ ചെന്നിത്തല ഈ വായ്ത്താരി ആവർത്തിക്കും.  സർക്കാർ ചിലവിൽ ഒരു പത്ര സമ്മേളനം നടത്തി ആയിരിക്കും പ്രഖ്യാപനം. അത് കാര്യത്തിന്റെ ഗൌരവം അനുസരിച്ചായിരിക്കും. ഗ്രൂപ്പ് കൊലപാതകം ആണെങ്കിൽ സർക്കാർ പത്ര സമ്മേളനം. നിഷാം-ചന്ദ്ര ബോസ് വധക്കേസ് ഒക്കെ അതിൽ വരും. ചീള് കേസുകൾ എങ്കിൽ പത്രക്കാരോട് വഴിയിൽ പറയും.എന്തായാലും മാധ്യമങ്ങളിൽ പ്രതികൂല വാർത്ത വന്നാലുടൻ കേൾക്കാം "മുഖം നോക്കാതെ നടപടി എടുക്കും".

കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്കിനെ തുടർന്ന് തൃശ്ശൂരിൽ ഒരു കൊലപാതകം നടന്നു.പ്രതികൾ കോണ്‍ഗ്രസ്സുകാർ ആയതിനെ തുടർന്ന് അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു തട്ടിക്കളിച്ചു. അവസാനം ഗ്രൂപ്പ് സമ്മർദ്ദം കാരണം ഒരു പ്രതി പട്ടിക ഉണ്ടാക്കി. പക്ഷെ പ്രതികളെ പിടിക്കില്ല. അത്ര തന്നെ. പ്രതികൾ ആകട്ടെ പോലീസിന്റെ മൂക്കിന്റെ കീഴെ സ്വന്തം വീട്ടിൽ സസുഖം കഴിയുന്നു. പോലീസിനു മാത്രം അവരെ കാണാൻ കഴിയുന്നില്ല.അവസാനം സഹി കെട്ട് നാട്ടുകാർ കൂടി ഈ പ്രതിയെ പിടിച്ച് പോലീസിൽ ഏൽപ്പിക്കുന്നു.

 "മുഖം നോക്കാതെ നടപടി എടുക്കും".എന്ന് പറയുന്ന ആഭ്യന്തര മന്ത്രി ഒരു പടി കൂടി മുന്നോട്ടു പോയി. അദ്ദേഹം ചോദിക്കുകയാണ് " ജനങ്ങൾ പ്രതികളെ പിടിച്ചതിൽ എന്താണ് തെറ്റ്? അത് ശരിയായ നടപടി ആണ്" എങ്ങനുണ്ട് പോലീസിന്റെ തലവനായ ആഭ്യന്തര മന്ത്രി? ഇത് താൻടാ പോലീസ് മന്ത്രി! ഇങ്ങിനെ വേണം ആഭ്യന്തര മന്ത്രി ആയാൽ. പിന്നെന്തിനാ മന്ത്രീ ഈ പോലീസ്?

ഇടയ്ക്കിടെ മന്ത്രി പറയുന്ന "മുഖം നോക്കാതെ നടപടി എടുക്കും" എന്ന ഈ പ്രസ്താവന വീഡിയോ ടേപ്പ് ചെയ്തു വച്ചിട്ട് എല്ലാ ദിവസവും രാവിലെ  ചാനലുകളിൽ ഇടുന്ന കാര്യം മന്ത്രി ഒന്ന് ആലോചിക്കേണ്ടി ഇരിക്കുന്നു.

2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

ശുചി മുറി

സ്ത്രീ ശാക്തീകരണത്തിൻറെ ആവശ്യകതയെ  ക്കുറിച്ച് നിരന്തരം പ്രസ്താവനകളും പ്രഖ്യാപനങ്ങളും നടത്തുന്ന  മുഖ്യ മന്ത്രിയും മറ്റു മന്ത്രിമാരും  സ്ത്രീകളുടെ ആവശ്യങ്ങൾക്ക് നേരെ മുഖം തിരിക്കുന്ന ഒരു സമീപനമാണ് കൈക്കൊള്ളുന്നത് എന്നത് ഖേദകരമാണ്. അടുക്കളയിൽ നിന്നും പുറത്തിറങ്ങി മുഖ്യ ധാരയിൽ ആയിക്കഴിഞ്ഞു ഇന്നത്തെ സ്ത്രീ സമൂഹം. അവർ ധാരാളം യാത്ര ചെയ്യുന്നു. ഈ യാത്രകളിൽ അവർക്ക് അത്യാവശ്യം വേണ്ട വിശ്രമ കേന്ദ്രങ്ങളോ എന്തിനു മിനിമം ആവശ്യമായ  ശുചി മുറികൾ ഒരുക്കാൻ പോലും അധികാരികൾ തയ്യാറാകുന്നില്ല. റോഡ്‌ മാർഗം സഞ്ചരിക്കുന്നവർ  ആണ് ഏറെ കഷ്ട്ടപ്പെടുന്നത്. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റുകളിലെ വൃത്തി ഹീനമായ ശുചി മുറികളുടെ കാര്യം ഓർക്കുമ്പോൾ തന്നെ ഓക്കാനം വരും. സ്വകാര്യ വാഹനങ്ങളിൽ   സഞ്ചരിക്കുന്നവരുടെ ഗതി അതിലും കഷ്ട്ടം. ഒന്ന് മൂത്രമൊഴിക്കാൻ പോലും വഴി ഇല്ല.പുരുഷന്മാർ എന്തും വരട്ടെ എന്ന് വിചാരിച്ച് കണ്ണടച്ച് വഴിവക്കിൽ കാര്യം സാധിക്കുമ്പോൾ സ്ത്രീകൾ വിധിയെ ശപിച്ച് ദ്വേഷ്യവും  മൂത്രവും അടക്കിപ്പിടിക്കാൻ നിർബന്ധിതരായി    രക്ത സമ്മർദവും മൂത്രാശയ രോഗങ്ങളും സ്വീകരിക്കുന്നു.  ഏതെങ്കിലും ഹോട്ടലുകളിലെ  ദുർഗന്ധ പൂർണമായ  ടോയിലറ്റുകൾ തന്നെ ശരണം.  പോകാതിരുന്നാലും രോഗംവരും  പോയാലും രോഗം വരും. അതാണ്‌ സ്ഥിതി.   മേനം കുളത്ത്, ദേശീയ ഗെയിംസിനു വേണ്ടി ഉണ്ടാക്കിയ വീടുകൾ പൊളിച്ചു മാറ്റുന്നു എന്ന് കേട്ടു.   വീണ്ടും ഉപയോഗിക്കാവുന്നതാണ് ഈ വീടുകൾ. വഴിയോര വിശ്രമ കേന്ദ്രങ്ങൾ ആയി എന്ത് കൊണ്ട് ഇവയെ ഉപയോഗിച്ചു കൂടാ? 700  ചതുരശ്ര അടി വിസ്തീർണം ഉള്ളതാണ് ഓരോ വീടും. ഒരു ചെറിയ റെസ്റ്റാറന്റും കൂടി  ഈ വിശ്രമ കേന്ദ്രത്തിൽ  ഉൾപ്പെടുത്താവുന്നതാണ്.  ദേശീയ പാതയിലും സ്റേറ്റ് ഹൈ വേ യിലും ഓരോ 50 കിലോമീറ്ററിലും വിശ്രമ കേന്ദ്രങ്ങൾ ആയി ഇവ ഉപയോഗിക്കാം. ഉദ്ദേശം 30 വീടുകൾ കൊണ്ട് കേരളത്തിലെ  പ്രധാനപ്പെട്ട റോഡുകളുടെ വശത്ത് ഇത്തരത്തിൽ  വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കാവുന്നതാണ്.    

കേരളത്തിലെ ഹൈവേ കളിൽ യാത്രക്കാർക്ക് അൽപ്പ നേരത്തേയ്ക്കുള്ള വിശ്രമത്തിനോ,ഒരു രാത്രി കഴിച്ചു കൂട്ടാനോ സൌകര്യങ്ങൾ ഒന്നും തന്നെ ഇല്ല. സാധാരണക്കാരന്റെ കഴിവിനും അപ്പുറം വലിയരീതിയിൽ പണം ചാർജ് ചെയ്യുന്ന  വലിയ ഹോട്ടലുകൾ മാത്രമാണ് അതിന് ഏക ആശ്രയം. അതും എല്ലാം സ്വകാര്യ സംരംഭങ്ങളും. സർക്കാരിനോ, ടൂറിസത്തിനോ ഈ രംഗത്ത്  ഹോട്ടലുകൾ തുടങ്ങാൻ സാമ്പത്തിക പരാധീനതകൾ തടസ്സമായി നിൽക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ സർക്കാരിന്  വീണു കിട്ടിയ ഒരു ഭാഗ്യമാണ് ഈ കോട്ടേജുകൾ.  ഹൈവേ കളിൽ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ യാത്രക്കാരുടെ   താമസത്തിന്, മോട്ടൽ ആയോ, സത്രം ആയോ,  ആഹാരം സ്വയം വച്ച് കഴിക്കാൻ  സൌകര്യമുള്ള വീടുകളായോ ഒക്കെ ഈ കോട്ടേജുകൾ സ്ഥാപിയ്ക്കാം. അതിനോടൊപ്പം റെസ്റ്റാറന്റ്  ആയും ഇവ    ഉപയോഗിയ്ക്കാവുന്നതാണ്. ഇത്തരം സൌകര്യങ്ങൾ സ്ഥാപിയ്ക്കുന്നതിന് കെ.ടി.ഡി.സി. താൽപ്പര്യം എടുക്കണം. ഇത് സ്ഥാപിയ്ക്കാൻ വളരെ കുറച്ചു സ്ഥലം മതി എന്നുള്ളതാണ് പ്രധാന ഗുണം.  തിരുവനന്തപുരം മുതൽ കാസർകോട്-പാലക്കാട് വരെ  ദേശീയ ഹൈ വെയിലും സ്റേറ്റ്  ഹൈ വെയിലും കെ.ടി.ഡി.സി ക്ക് ഇവ ഉപയോഗിച്ച് സ്വന്തമായി ഹോട്ടൽ/ മോട്ടൽ/ ഇൻ തുടങ്ങാം.  ഈ സുവർണാവസരം  പാഴാക്കി കളയാതെ ടൂറിസം വികസനവും സഞ്ചാരികളുടെ സൌകര്യവും ലക്ഷ്യമാക്കി കെ.ടി.ഡി.സി. ഇത് പ്രാവർത്തികം ആക്കണം.




2015, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

സിനിമാ അവാർഡ്

പരീക്ഷാ ഫലം പ്രഖ്യാപിക്കാനും സിനിമാ അവാർഡ് പ്രഖ്യാപിക്കാനും ഒക്കെ എന്തിനാണ് ഈ മന്ത്രിമാർ ചാടി പുറപ്പെടുന്നത്? ഇവന്മാർക്ക് വേറെ തൊഴിലൊന്നും ഇല്ലേ? ഒന്നാം ക്ലാസ് പോലും പാസ്സാകാത്ത  അക്ഷരാഭ്യാസ മില്ലാത്ത  മന്ത്രി SSLC പരീക്ഷാ ഫലം പറയുന്നു. ഇന്ന് സിനിമാ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സിനിമാ അവാർഡ് പ്രഖ്യാപിച്ച രംഗം കണ്ടില്ലേ? ആ പേപ്പറിൽ എഴുതിയതു വായിക്കാൻ പോലും ആ ദേഹത്തിനു അറിയില്ല. എല്ലാം തെറ്റിച്ചു. കൂട്ടി വായിക്കാനറിയില്ല. അൻപതിനായിരം അയ്യായിരം എന്ന് വായിച്ചു. നല്ല നടി തെറ്റിച്ചു പറഞ്ഞു. തിരുത്തലിൽ വീണ്ടും തെറ്റി. എന്നിട്ട് 32 പല്ലും കാട്ടി ഒരിളിപ്പും.  നമ്മുടെ നാട്ടിൽ ഒരു പഴഞ്ചൊല്ലുണ്ട് ചെരയ്ക്കാൻ പോയ്ക്കൂടെ എന്ന്.

2015, ഓഗസ്റ്റ് 9, ഞായറാഴ്‌ച

കയ്യേറ്റ ഭൂമി

ഭരണം തീരുന്നതിനു മുൻപ്  കേരളം  വിറ്റ് കാശാക്കാനാണ് ഉമ്മൻ ചാണ്ടിയുടെയും  കൂട്ടരുടെയും ഉദ്ദേശം. അതിന്റെ തെളിവാണ് ഇപ്പോൾ കൊണ്ട് വന്ന ഭോമി പതിച്ചു കൊടുക്കുന്ന ഭേദഗതി നിയമം. വനമേഖലയും സർക്കാർ ഭൂമിയും ഒക്കെ കൈവശക്കാർക്ക് പതിച്ചു കൊടുക്കാനുള്ള നീക്കം. ഓരോ കയ്യേറ്റക്കാരനും 4 ഏക്കർ പതിച്ചു കൊടുക്കും. ഇങ്ങിനെ പതിച്ചു കിട്ടുന്ന ഭൂമി അടുത്ത 25 വർഷത്തേയ്ക്ക് വിൽക്കാൻ പാടില്ല എന്ന ഉപാധിയും എടുത്തു കളഞ്ഞു. പതിച്ചു കിട്ടിയാൽ അടുത്ത നിമിഷം അത് വിറ്റു കാശാക്കാം.  ഇതായിരുന്നു സർക്കാർ കൊണ്ട് വന്ന ഭേദഗതി. 

മാണി കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും അനുഗ്രഹാശിസ്സുകളോടെ കേരളത്തിലെ സർക്കാർ ഭൂമിയും വനവും മലയോരവും ഒക്കെ കയ്യേറി കഴിഞ്ഞിരിക്കുന്നു. ഈ കയ്യേറ്റങ്ങൾക്ക് നിയമ സാധുധ നൽകുകയാണ് ഈ ഭേദഗതിയുടെ ഉദ്ദേശം.

മൂന്നാർ ഭാഗം മുഴുവൻ അനധികൃത കൈയേറ്റം നടത്തിയിരിക്കുകയാണ്.  വൻ കിട ഭൂ മാഫിയയും റിസോർട്ട് മാഫിയയും കൂടിയാണ് ഇവ നടത്തിയിരിക്കുന്നത്. ഏക്കർ കണക്കിനുള്ള ഈ കയ്യേറ്റങ്ങൾ മുഴുവൻ     4 ഏക്കർ വീതം  ബിനാമി പേരിൽ ആക്കി പതിച്ചെടുത്ത് അടുത്ത ദിവസം മാഫിയയുടെ പേരിൽ കച്ചവടം നടത്തി എന്ന് കാണിക്കും. അങ്ങിനെ കൈക്കലാക്കും. അതാണീ നിയമ ഭേദഗതികൊണ്ട്  ലക്ഷ്യമിട്ടിരിക്കുന്നത്. 

പൊതു സമൂഹമോ ജന പ്രതിനിധികളോ ഒന്നും അറിയാതെ രഹസ്യമായാണ് ഈ ഭേദഗതി കൊണ്ട് വന്നത് എന്നത് ഇവരുടെ ഗൂഡ ലക്ഷ്യം വെളിവാക്കുന്നു. മാധ്യമങ്ങൾ കണ്ടു പിടിച്ചത് കൊണ്ട് തൽക്കാലം കേരളം രക്ഷപ്പെട്ടു. ജനം അറിഞ്ഞ പിറ്റേ ദിവസം തന്നെ ഭേദഗതി പിൻവലിച്ചു. ഈ ഭേദഗതി ആര് കൊണ്ട് വന്നു എങ്ങിനെ വന്നു എന്നൊന്നും ആരും പറയുന്നില്ല. മുഖ്യ മന്ത്രി പറഞ്ഞു പുള്ളിക്ക് ഇതറിയില്ല എന്ന്. റെവന്യു മന്ത്രി അടൂർ പ്രകാശ് പറയുന്നു സദുദ്ദേശത്തോടെ കൊണ്ട് വന്നതാണ്. പക്ഷെ ജന വികാരം മാനിച്ചു പിൻവലിക്കുന്നു. എങ്ങിനെയുണ്ട് പെട്ടെന്ന് വന്ന ഈ "ജന വികാര മാനിക്കൽ". 

ഈ ഭേദഗതിക്ക് പിറകിൽ കോടികൾ മറിഞ്ഞു കാണും എന്നത് തീർച്ചയാണ്. അനേകം കോടികൾ വിലയുള്ള സർക്കാർ ഭൂമിയും വാസന ഭൂമിയുമാണ് ഒരു പൈസ പോലും ചിലവില്ലാതെ ഭൂ മാഫിയക്ക് കിട്ടുന്നത്. അതിനു പ്രത്യുപകാരമായി കുറെ കോടികൾ ഭേദഗതി ഉണ്ടാക്കിയവർക്കും കിട്ടാനുള്ള സാധ്യത ഉണ്ടല്ലോ.

ഏതായാലും ഇനിയും പൊതു സമൂഹം ജാഗ്രതയോടെ ഇരിക്കണം. കുറച്ചു മാസങ്ങളെ ഇനി ഭരണം ഉള്ളൂ. അതിനു മുൻപ് ബാകിയുള്ള കേരളവും കൂടി വിൽക്കാൻ ഇനിയും ശ്രമങ്ങൾ ഉണ്ടാകും.

2015, ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

വാഹന പരിശോധന

പോലീസിന്റെ ഹെൽമറ്റ് വേട്ട കൊണ്ട് രണ്ടു ജീവനുകൾ കൂടി പൊലിഞ്ഞു. തൃശൂർ മണ്ണുത്തിയിൽ ആണ് പോലീസ് വാഹന പരിശോധനക്കിടയിൽ എതിരെ വന്ന ബസ്സിൽ ഇടിച്ച് ബൈക്ക് യാത്രക്കാരായ മൂന്നു പേരിൽ ഭാര്യയും മകളും മരിച്ചത്. തലച്ചോർ ചിതറി മരിച്ചു കിടക്കുന്ന അമ്മ. അരികിൽ മകൾ.

ഡി.ജി.പി. എന്തൊക്കെ പറഞ്ഞാലും എത്ര സർക്കുലർ ഇറക്കിയാലും ഒരു മാറ്റവും വരാൻ പോകുന്നില്ല. പണ്ട് ജേക്കബ് പുന്നൂസ് എന്ന ഡി.ജി.പി. ഇറക്കിയ, വാഹന പരിശോധന ക്യാമറയിൽ പകർത്തണം എന്ന  സർക്കുലറിനെ പറ്റി ഒരു പോലീസ്കാരൻ  പരസ്യമായി പറഞ്ഞത് എല്ലാവരും കേട്ടതാണല്ലോ. " അയാള് അതൊക്കെ പറയും. ഞങ്ങൾക്ക് ഇങ്ങിനെ യൊക്കെയോ  പറ്റൂ".  സെൻ കുമാറും അന്ന് അത്  കേട്ടതാണല്ലോ.

 ഹെൽമറ്റ് വേട്ട എന്നത്  തന്നെയാണ്  ശരിയായ പ്രയോഗം. ആളും അനക്കവും ഇല്ലാത്ത ഏതെങ്കിലും മൂലയിൽ നിന്നിട്ട് വേട്ടക്കാരെ പ്പോലെ  ഇരകളുടെ, ഡ്രൈവർ മാരുടെ, മേൽ  ചാടി വീഴുകയാണ് പോലീസുകാർ. ഇരു ചക്ര വാഹനങ്ങൾ ആണെങ്കിൽ ഉടൻ താക്കോൽ ഊരി എടുക്കും. കള്ളനെയും കൊലപാതകിയെയും പിടിക്കുന്ന അതെ ആവേശത്തോടും അതെ ക്രൌര്യത്തോടും  തരം താണ ഭാഷാ പ്രയോഗത്തോടും ആണ് ഡ്രൈവർമാരെ ഇവർ കൈകാര്യം ചെയ്യുന്നത്. ഒരു വലിയ കുറ്റവാളിയെ കൈകാര്യം ചെയ്യുന്നത് പോലെയാണ് ഡ്രൈവർ മാരെ പിടിക്കുന്നത്‌. കൊലക്കുറ്റ ആരോപിതനായ നിഷാമിനെ പോഷ് ഹോട്ടലിൽ കയറ്റി വീട്ടുകാരുമൊപ്പം ഭക്ഷണം കഴിക്കാൻ കൂട്ട് നിന്ന പോലീസ് ആണ് ഇതെന്ന് ഓർക്കണം.

ഇല്ല എന്നൊക്കെ പറഞ്ഞാലും മുകളിലുള്ളവർ ഇവർക്ക് ഒരു ക്വോട്ട ഫിക്സ് ചെയ്യും. കേസ് കിട്ടാതിരുന്നാൽ വിരട്ടുകയും ചെയ്യും.അതിനു വേണ്ടിയാണ് ഇങ്ങിനെ ഒളിഞ്ഞിരുന്നു ഇവർ വാഹനങ്ങളെ ആക്രമിക്കുന്നത്.കേസ് തികയ്ക്കെണ്ടേ. പിന്നെ ഇവരുടെ സ്വത സിദ്ധമായ അധികാരത്തിന്റെ ധാർഷ്ട്യം. ഇവരെ കണ്ടാൽ ജനങ്ങൾ പഞ്ച പുശ്ചം അടക്കി ബുക്കും പേപ്പറും കൊടുത്ത്  തൊഴുതു വണങ്ങണം എന്ന് ഇവർ കരുതുന്നു.

ഇവരെ കണ്ടാൽ ജനം രക്ഷപ്പെടാൻ നോക്കുന്നത് പേടി കൊണ്ടാണ്. എല്ലാം ശരിയാണെങ്കിലും നിയമ ലംഘനം ഒന്നും ഇല്ലെങ്കിലും എന്തെങ്കിലും ഒരു പെറ്റി അടിക്കും. ഒരു സംഭവം  പറയാം. പണ്ട് തിരുവനന്തപുരം ശംഖും മുഖത്ത് ഇത് പോലൊരു സംഘം ഒരു മരത്തിനു കീഴിൽ ഒളിച്ചു നിൽക്കും. ഒരു മൊബൈൽ കോടതിയും ഉണ്ട്. വളരെ അടുത്തെത്തിയാൽ മാത്രമേ ഇവരെ കാണാൻ കഴിയുള്ളൂ. അത് കൊണ്ട് ധാരാളം കേസും കിട്ടും. ഒരിക്കൽ ഇങ്ങിനെ പോകുമ്പോൾ അതാ ഒരു പോലീസ് ചാടി വീഴുന്നു. എല്ലാ രേഖകളും കാണിച്ചു. എല്ലാം ശരി. അങ്ങിനെ വിട്ടാൽ പറ്റില്ലല്ലോ. കേസ് വേണ്ടേ? പോലീസ് ഒന്ന് കൂടി ചുറ്റും നടന്നു നോക്കി. യൂറെക്കാ! കിട്ടിപ്പോയി! "ഫാൻസി നമ്പർ ബോർഡ് ആണല്ലേ?"  സന്തോഷത്തോടെയുള്ള ചോദ്യം.  നമ്പർ പ്ലേറ്റിൽ പൊന്തി  നിൽക്കുന്ന എഴുത്ത്. എംബൊസ് എന്ന് പറയാം. അത് നിയമ വിരുദ്ധമാണത്രെ. പറഞ്ഞു നോക്കി. രക്ഷയില്ല. നേരെ വണ്ടിക്കോടതിയിൽ.   മജിസ്ട്രേറ്റ് പറഞ്ഞു. "നമ്പർ പെയിന്റ് കൊണ്ടെഴുതണം എന്നാണു നിയമം. (  1914 ൽ ഉണ്ടാക്കി 1939 ൽ ഭേദഗതി വരുത്തി 1988 ൽ വീണ്ടും ഭേദഗതി ചെയ്ത നിയമം ആണ്  പറയുന്നത്.  അന്ന് " to be painted" എന്ന് എഴുതിയ നിയമം ആണ് ലംഘിച്ചിരിക്കുന്നത്)  2000 രൂപ അടിക്കെണ്ടതാണ്. ഏതായാലും ഇരുനൂറെ അടിക്കുന്നുള്ളൂ". സന്തോഷം. എഴുതി തന്നു. അതിനകത്ത് തന്നെ അടച്ചു. ഒരാഴ്ച കഴിഞ്ഞ് അതെ വഴിയിൽ ഇതേ കോടതിയുടെ മുന്നിൽ പെട്ടു. വീണ്ടും അതെ  പരിശോധന. എല്ലാം ഭദ്രം. അങ്ങിനെ വിടാൻ പറ്റില്ലല്ലോ. വീണ്ടും വണ്ടിയെ ഒന്ന് വലം വച്ചു പോലീസുകാരൻ. വീണ്ടും  യൂറെക്കാ. "ഫാൻസി ആണ്" S I   യോട് വിളിച്ചു പറഞ്ഞു. എഴുതാൻ തുടങ്ങിയപ്പോൾ പറഞ്ഞു "കഴിഞ്ഞയാഴ്ചയും ഇതിനു പെനാൽറ്റി അടച്ചതാണ്. പുതിയ നമ്പർ എഴുതാൻ കൊടുത്തിട്ടുണ്ട്" . "ഓ ഹോ. അകത്തു പറഞ്ഞാൽ മതി"   "ഇനി  perpetual offender  എന്ന് പറഞ്ഞ്  കൂടുതൽ ഫൈൻ അടിക്കാനാണോ?"  SI ഒന്നു നോക്കി. നേരെ അകത്തു കയറി. ഇത്തവണ 300 രൂപ എഴുതി തന്നു.  അതടച്ചു. അടുത്ത ആഴ്ച, മൂന്നാമത്തെ തവണ അവരുടെ അടുത്ത് എത്തുന്നതിനു മുൻപ് സംഭവം ഓർമ വന്നു. കാർ വരും എന്ന പ്രതീക്ഷയിൽ അവർ കാത്തു നിന്നു. കാർ പതുക്കെ വശത്ത് ഒതുക്കി ഇട്ട് ഒരു ഓട്ടോയിൽ കയറി പോയി. ജോലി കഴിഞ്ഞു തിരിച്ചു വന്നു കാറും എടുത്തു പോയി. 

നിയമ ലംഘനം തടയുക എന്നതല്ല പോലീസിന്റെ ലക്ഷ്യം. നിയമ ലംഘകരെ കേസിൽ   പെടുത്തുക എന്നതാണ്. അതാണ്‌ പ്രശ്നം. ഒളിച്ചു നിന്ന് പിടിക്കാതെ  പരസ്യമായി പരിശോധനയ്ക്ക് നിന്നാൽ എന്താണ് കുഴപ്പം? ഇവരെ കാണുമ്പോൾ ഹെൽമറ്റ് എടുത്തു തലയിൽ വയ്ക്കും. അല്ലെങ്കിൽ ഇവർ നിൽക്കുന്നതറിഞ്ഞു മറ്റേതെങ്കിലും വഴിയെ പോകും. പോകട്ടെ. അപ്പോഴും നിയമ ലംഘനം നടത്തുന്നു എന്നൊരു അറിവ് അയാൾക്ക്‌ ഉണ്ടാകുന്നുണ്ടല്ലോ. പതിയെ അതിൽ നിന്നും പിന്തിരിയും. അത് പോരേ? പിന്നെ ഒരൽപ്പം കാശ് വീഴുന്ന ഏർപ്പാട് കൂടിയാണ് ഇത്. വല്ല ലോറിയോ മറ്റോ വന്നാൽ വിരട്ടി പേടിപ്പിച്ച്   പത്തു കാശ് ഉണ്ടാക്കാം. അതിനിടയിൽ സ്പിരിറ്റ്‌ ലോറികളും മറ്റും അറിഞ്ഞും അറിയാതെയും കടന്നു പോവുകയും ചെയ്യും. സ്ഥിരം പരിശോധന സ്ഥലങ്ങൾ ഏർപ്പെടുത്തുക.  ഇടയ്ക്കിടെ എല്ലാ റോഡുകളിലും surprise ചെക്കും നടത്തുക.

2015, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

പോണ്‍ സൈറ്റ്

അശ്ലീല സൈറ്റുകൾ ( അശ്ലീലം ആണോ അവ?) ഇന്ത്യയിൽ നിന്നും അപ്രക്ത്യക്ഷമാകുന്നു. 857 സൈറ്റു കളെയാണ് ഭാരത സർക്കാർ നിരോധിച്ചത്. അത് കണ്ട് കേറി നോക്കിയപ്പോൾ പല സൈറ്റുകളും കിട്ടുന്നില്ല. പണി നിർത്തി പോയെന്നാണ് പറയുന്നത്. കുറെ ഇപ്പോഴും കിട്ടുന്നുമുണ്ട്. 

ഇത്തരം സൈറ്റുകൾ നിരോധിക്കണം എന്നുള്ള കേസ് സുപ്രീം കോടതിയിൽ എത്തിയിരുന്നു. അടച്ചിട്ട മുറിയുടെ സ്വകാര്യതയിൽ വ്യക്തി   രതി സൈറ്റുകൾ കാണുന്നത് കുറ്റമല്ല എന്നാണ് കോടതി പറഞ്ഞത്. എല്ലാവരും എതാണ്ട് അങ്ങിനെയൊക്കെ തന്നെയാണ് കാണുന്നത്. പണ്ട് കാലത്ത് ഒരു കാസറ്റ് സംഘടിപ്പിച്ച് പിള്ളാര്‌ ഒന്നിച്ചു കാണുന്ന കാലം പോയി. ഇപ്പം സാധനം മൊബൈൽ ഫോണിൽ വരെ കാണാം. അങ്ങിനെയെങ്കിൽ സുപ്രീം കോടതി പറയുന്നത് പോലെ സ്വകാര്യമായി ആണ് കാണുന്നത്.

ഇനി ഇത് കാണുന്നത് ആശാസ്യമാണോ ( ആശ്വാസം ആണോ എന്നല്ല) എന്നത് ഓരോ വ്യക്തിയും ആണ് തീരുമാനിക്കേണ്ടത്. കുട്ടികൾ കാണരുത് എന്ന് മാതാപിതാക്കൾ ശഠിക്കും. ഇന്നത്തെ കാലത്ത് അതൊക്കെ നടക്കുമോ? ഓരോ പുതിയ ടെക്നോളജി വരുമ്പോഴും ഇങ്ങിനെ കുറെ ക്കാര്യങ്ങൾ ഉണ്ടാകുന്നു.  നമ്മുടെ സംസ്കാരം അനുസരിച്ച് കുട്ടികളെ വളർത്തുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്.

857 സൈറ്റുകൾ നിരോധിച്ചാൽ കാര്യം നടക്കുമോ? ആയിരക്കണക്കിന് സൈറ്റുകൾ ആണ് ഉള്ളത്. നിരോധിച്ച സൈറ്റുകളിൽ കയറാൻ പുതിയ വഴി തേടുകയാണ് ജനം. അതിനെയൊക്കെ ബാൻ ചെയ്യുന്നത് പ്രായോഗികമല്ല. അങ്ങിനെ വീണ്ടും സൈറ്റുകൾ തിരികെ വരും എന്ന് തന്നെയാണ് കരുതേണ്ടത്.