Sunday, April 20, 2014

മദ്യ നയം

മദ്യ ഉപഭോഗം കുറയ്ക്കുകയും പടി പടിയായി പൂർണ നിരോധനത്തിൽ എത്തുകയുമാണ് ലക്ഷ്യം എന്ന് മുഖ്യ മന്ത്രിയും മദ്യ മന്ത്രിയും പൊതു വേദിയിലും ടെലിവിഷൻ ചാനലുകളിലും പ്രഖ്യാപിക്കുന്നു എങ്കിലും അതൊന്നും ആത്മാർത്ഥമായ പ്രസ്താവനകൾ അല്ലെന്നുള്ള സത്യം എവർക്കും അറിയാം. കഴിഞ്ഞ വർഷം ( 2012-13 )  സർക്കാറിന്റെ   കുത്തകക്കാരായ  ബീവറേജസ്  കോർപറേഷൻ 1480 കോടിക്ക്  വാങ്ങിയ മദ്യം  8818 കോടിക്ക് കുടിയന്മാർക്ക് വിറ്റ് 7249 കോടി രൂപ സർക്കാരിന് നികുതിയിനത്തിൽ വരുമാനം ഉണ്ടാക്കി.  ആരുടേയും പരാതിയോ പരിഭവമോ ഇല്ലാതെ ഖജനാവിന് ചുളുവിൽ ഇത്രയും കോടികൾ കിട്ടുമ്പോൾ പാവപ്പെട്ടവൻറെ കരള് കരിഞ്ഞ പണം ആണിത് എന്ന് ചിന്തിച്ച്   കിട്ടുന്ന കോടികൾ വേണ്ട എന്ന്  വയ്ക്കാൻ ഏതെങ്കിലും ഒരു ഭരണാധികാരി തയ്യാറാകുമോ? കുറെ മനുഷ്യർ കള്ള് കുടിച്ച് ചത്താലും അടുത്ത തെരഞ്ഞെടുപ്പ് ആകുമ്പോഴേക്ക് പുതിയ വോട്ടർ മാർ വരുമല്ലോ. അത് കൂടാതെ, കൊള്ള ലാഭം കൊയ്യുന്ന അബ്കാരി മുതലാളിമാരും മദ്യ നിർമാണ കമ്പനികളും ഓണത്തിനും ക്രിസ്തുമസ്സിനും, വിൽപ്പന കൂടുന്ന  മറ്റു വിശേഷ  ദിവസങ്ങളിലും നൽകുന്ന ഉപകാര സ്മരണക്കുള്ള ഉപഹാരങ്ങളും, തെരഞ്ഞെടുപ്പു സമയങ്ങളിൽ നൽകുന്ന പണക്കിഴികളും നിരസിക്കാൻ ഏത് രാഷ്ട്രീയ പാർട്ടിക്ക് കഴിയും? ബാറുകളുടെ ലൈസൻസ് പുതുക്കാനും  പുതിയവ നൽകാനും മറ്റും കേസുകൾ  കോടതിക്ക് മുൻപിൽ എത്തുമ്പോഴുള്ള പ്രകടനങ്ങളിൽ നിന്നും മദ്യ ലോബിയെ സഹായിക്കാനുള്ള  സർക്കാറിന്റെ വ്യഗ്രത പ്രകടമാണ്. പുലരുമ്പോൾ മുതൽ പാതിരാവ് വരെ കേരളത്തിൻറെ മുക്കിലും മൂലയിലും മദ്യം സുലഭമാക്കി ലക്ഷക്കണക്കിന്‌ മദ്യ പാനികളെ സൃഷ്ട്ടിച്ചു ലക്ഷക്കണക്കിന്‌ കുടുംബങ്ങളെ വഴിയാരാധമാക്കിയിട്ട്, മദ്യം  കുടിക്കരുതെന്ന് അവരെ ഉൽബോധിപ്പിക്കുന്നു എന്ന് പറയുന്നത് സർക്കാരിൻറെ കപട നാടകമാണ്. 

തെരഞ്ഞെടുപ്പ് പ്രമാണിച്ച് താമസിച്ചു പോയ ബാറുകളുടെ ലൈസൻസ്‌ പുതുക്കൽ എങ്ങിനെ വേണം എന്നതിന്   21 തിങ്കളാഴ്ച കൂടുന്ന കെ.പി.സി.സി.-സർക്കാർ ഏകോപന സമിതി  മദ്യ നയം രൂപീകരിക്കാൻ പോവുകയാണ്.  ആ സമിതിയിൽ  മദ്യം ഒഴുക്കുന്നതിനെതിരെ പ്രതികരിക്കും എന്ന ആകെ ഒരു പ്രതീക്ഷ വി.എം. സുധീരൻ ആണ്. പറയുന്നതിൽ ആത്മാർഥത ഉണ്ടെങ്കിൽ 
ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്.

1. മദ്യ വിൽപ്പനയിലൂടെ ലാഭം    ഉണ്ടാക്കുക എന്ന കാഴ്ചപ്പാട് മാറ്റുക.

2. പുതിയ ബാറുകൾ അനുവദിക്കാതിരിക്കുക 

3.  ബാറുകളുടെ സമയം  രാവിലെ 11 മുതൽ 3 വരെയും വൈകുന്നേരം 6 മുതൽ രാത്രി 10 വരെയും ആക്കുക. മദ്യ വിൽപ്പന ശാലകൾ രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെയും വൈകുന്നേരം 4 മുതൽ 8 വരെയും ആക്കുക.

4. ഹോട്ടലിൽ എവിടെയും മദ്യം വിളമ്പുന്നത് നിർത്തലാക്കി ബാറിൽ മാത്രം കൊടുക്കുക.

5.  മദ്യം വാങ്ങുന്നതിനും,കൈവശം വയ്ക്കുന്നതിനും, ഉപയോഗിക്കുന്നതിനും പെർമിറ്റ്‌ ഏർപ്പെടുത്തുക, 21 വയസ്സ് തികഞ്ഞവർക്ക്‌ മാത്രം. മുംബൈയിൽ ഇത്തരത്തിൽ പണ്ട് മുതൽക്കേ  പെർമിറ്റ്‌ സിസ്റ്റം  ഉണ്ട്. 

6. കേരളത്തിൻറെ 2 സർക്കാർ ഡിസ്റ്റിലറികളിൽ (തിരുവല്ല, പാലക്കാട്) കേരളത്തിനു ആവശ്യമായ മദ്യം നിർമിച്ചു കുറഞ്ഞ വിലക്ക് വിൽക്കുക.

7. എല്ലാ ഒന്നാം തീയതികൾക്കൊപ്പം എല്ലാ ശനിയാഴ്ചകളും ഡ്രൈ ഡേ ആക്കുക.

മദ്യപിച്ച് മദോന്മത്തരായി  അർദ്ധ ബോധത്തിലും അബോധത്തിലും കഴിയുന്ന ഒരു ഭാവി തലമുറ അല്ല നമുക്ക്  വേണ്ടത്. സമ്പൂർണ മദ്യ നിരോധനം വിഭാവനം ചെയ്ത ഗാന്ധിജിയുടെ അരുമ ശിഷ്യർ,  ഖാദർ ധാരികൾ, നയിക്കുന്ന  കോണ്‍ഗ്രസ്സ് സർക്കാർ ആണ് കേരളം ഭരിക്കുന്നത്‌. അവരിൽ നിന്നും നമുക്ക് നന്മ പ്രതീക്ഷിക്കാം.

ഈസ്റ്റർ

ഇന്ന് ഈസ്റ്റർ. രാവിലെ പള്ളിയിലൊന്നു പോണം. പിന്നെ നേരെ അടുക്കളയിലേക്ക്. ഇന്നലെ വാങ്ങിയ കുപ്പിയും ഉണ്ട്.

ഉയിർത്തെഴുന്നേൽക്കാൻ നമ്മൾ സമ്മതിക്കാറുണ്ടോ? 

കൈപ്പത്തി നഷ്ട്ടപ്പെട്ട  തൊടുപുഴ ന്യൂമാൻ കോളേജ് പ്രൊഫസ്സർ ജോസഫ്  സാറിനും ഇന്ന് ഈസ്റ്റർ. മനം നൊന്ത് ആത്മഹത്യ ചെയ്ത അദ്ദേഹത്തിൻറെ ഭാര്യ സലോമിക്ക് ഈസ്റ്റർ അങ്ങ് മറു ലോകത്തിൽ.

ജോസഫിനെ തിരിച്ച്‌ ജോലിയിൽ പ്രവേശിപ്പിക്കാതിരുന്ന കോളേജ് അധികാരികൾക്കും ഈസ്റ്റർ ആശംസകൾ. അതിനു തുടക്കം മുതലേ കൂട്ട് നിന്ന  സഭാ നേതൃത്വത്തിനും ഈസ്റ്റർ ആശംസകൾ. 

വിശ്വാസികളെ കൂട്ട് പിടിച്ച്, ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടും കസ്തുരി രംഗൻ കമ്മിറ്റി റിപ്പോർട്ടും   കീറി കളഞ്ഞ് അതിനെതിരെ കുരിശു യുദ്ധം നടത്തുന്ന, ഇടയ ലേഖനം ഇറക്കുന്ന,  പശ്ചിമ ഘട്ടം നശിപ്പിക്കാൻ ഒരുങ്ങുന്ന, മലയോര കർഷകരുടെ പേരിൽ മുതല കണ്ണീർ ഒഴുക്കുന്ന, ക്വാറി മുതലാളിമാർക്ക് ഓശാന പാടുന്ന  പാതിരിമാർക്കും ഈസ്റ്റർ ആശംസകൾ

വിശാസികൾക്കെല്ലാം ആശംസകൾ. 

Saturday, April 19, 2014

തമിഴ്നാട് റെയിൽവേ

ആരവങ്ങളടങ്ങി. വാഗ്ദാന പെരുമഴ പെയ്തൊഴിഞ്ഞു.കേരളത്തിൻറെ വികസനം മുഴുവൻ തങ്ങളാണ് നടത്തിയത് എന്ന അവകാശ വാദവുമായി നിലവിലുള്ള എം.പി. മാർ. തങ്ങൾ പണ്ട് നടത്തിയതാണെന്ന് പറഞ്ഞ് പഴയ എം.പി. മാർ. കേരള സർക്കാരും കേന്ദ്ര സർക്കാരും ചേർന്നാണ് കേരള വികസനം മൊത്തം നടത്തിയത് എന്ന്  നിലവിലെ സർക്കാർ. ജയിച്ചാൽ വികസനം നടത്തിക്കൊണ്ടേ ഇരിക്കും എന്ന് എല്ലാ സ്ഥാനാർഥികളും, എല്ലാ രാഷ്ട്രീയ പാർട്ടികളും  ഒരേ സ്വരത്തിൽ. കേരളം പറുദീസ ആക്കും എന്നതിൽ ഒരു സ്ഥാനാർഥിയ്ക്കും സംശയമില്ല. വോട്ട് പെട്ടിയിലായതോടു കൂടി എല്ലാവരും മാളത്തിലേക്ക് പിൻ വലിഞ്ഞിരിക്കുകയാണ്. 

ഇതിനിടയിലാണ് തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ കീഴിലുള്ള  നേമം-ചെങ്കുളം പാത വേർ തിരിച്ച് മധുര ഡിവിഷന്റെ കീഴിൽ ആക്കാനുള്ള നീക്കം നടക്കുന്നതായി മാതൃഭുമി പത്രത്തിൽ കണ്ടത്.   തെരഞ്ഞെടുപ്പു ചൂടിൽ ഇവിടത്തെ അധികാരികൾ, അറിയേണ്ടവർ അറിയാതെ പോയി. തമിഴ് നാട്ടിലും തെരഞ്ഞെടുപ്പ് ഉണ്ട്. പക്ഷെ അതിനിടയിൽ  അവിടത്തെ ഉദ്യോഗസ്ഥർ ബുദ്ധി പൂർവ്വം  കരു നീക്കി. ഒപ്പം രാഷ്ട്രീയക്കാരുടെ പിന്തുണയും.   കേരളത്തിലെ  രാഷ്ട്രീയ നേതാക്കൾക്ക് കേരളത്തോട് ഒരു കൂറോ മമതയോ ഇല്ല. അവർക്ക് ഭാരത മെന്ന വിശാല താൽപ്പര്യം ആണുള്ളത്. ആവശ്യമില്ലാത്ത  കാര്യങ്ങൾക്കാണ്  അവർ മുൻഗണന നൽകുന്നത്. തിരുവനന്തപുരം ഡിവിഷൻ ചെറുതാകുന്നതോടെ അതിൻറെ പ്രസക്തി നഷ്ട്ടപ്പെടുകയും കേരള റെയിൽവേ സോണ്‍ എന്ന ആവശ്യം ഒരു കാലത്തും നടക്കാതെ പോവുകയും ചെയ്യും. വീണ്ടും വടക്കൻ ഭാരതീയരുടെ സാമന്തന്മാർ ആയി കേരളം കഴിയുന്ന   സ്ഥിതി തുടരും. ഇവിടെ തേനും പാലും ഒഴുക്കുമെന്ന്, ഒരാഴ്ച മുൻപ്,   തെരഞ്ഞെടുപ്പിൽ മോഹന വാഗ്ദാനങ്ങൾ നൽകിയ സ്ഥാനാർഥികൾക്കും, രാഷ്ട്രീയ പാർട്ടികൾക്കും, കേരള സർക്കാരിനും എന്തെങ്കിലും ചെയ്യാൻ കഴിയുമോ? അതോ നിങ്ങളെ കാണാൻ അടുത്ത അഞ്ചു വർഷം ഞങ്ങൾ കാത്തിരിക്കണമോ? 

Friday, April 18, 2014

ദുഃഖം

ഇന്ന് ദുഃഖം. സാരമില്ല. ഈ പീഡനാനുഭവം  അവസാനിക്കാൻ ഇനി  വെറും 48 മണിക്കൂർ മാത്രം 

കോഴിയും കാടയും,
 താറാവും പോത്തും,
 ടർക്കിയും  പന്നിയും

അല്ലേ കാത്തിരിക്കുന്നത്‌ 

മപ്പാസായ് , കറിയായ്,  റോസ്റ്റായ്,  പെരളനായ്, ഫ്രൈയായ്, വരട്ടായ്.
അങ്ങിനെ എത്രയെത്ര രൂപങ്ങളിൽ, ഭാവങ്ങളിൽ  5000 ടണ്‍ ഇറച്ചി ആണ്  കേരളം ഒരു ദിവസം കഴിക്കുന്നത്‌. 

ഒരു വർഷം കഴിക്കുന്നതോ 

28 കോടി കോഴി 
16 ലക്ഷം മാട്
7 ലക്ഷം ആട് 
3 ലക്ഷം പന്നി
കാട,താറാവ്,മുയൽ എന്നിവ വേറെ.

നമ്മുടെ പ്രമേഹവും, കൊളസ്ട്രോളും, രക്ത സമ്മർദവും, ദുർമേദസ്സും  ഈ മിണ്ടാ പ്രാണികളുടെ ശാപമാണോ? 

Thursday, April 17, 2014

ഞാനാരാണെന്ന്

ഞാൻ ആര്?

അതറിയാൻ ശ്രമിക്കുന്നത് റിപ്പോർട്ടർ ചാനൽ.

അത് പറയാൻ ഇരിക്കുന്നതോ?


പി.സി. ജോർജ്ജ് തുടങ്ങിയവർ.video+

Tuesday, April 15, 2014

ത്രികാല ജ്ഞാനി

ഉമ്മൻ ചാണ്ടി ത്രികാല ജ്ഞാനി ആണ്. അത് കൊണ്ടാണ് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ തന്നെ പരാജയത്തിൻറെ പൂർണ്ണ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തത്.  അതിൻറെ അർത്ഥം പരാജയം വരുമ്പോൾ രാജി വയ്ക്കാമല്ലോ. അവിടെയും വാക്ക് പാലിച്ചു എന്നുള്ള ഒരു ആദർശ പരിവേഷം നേടാമല്ലോ.  ഉമ്മൻ ചാണ്ടിയെ ഒഴിവാക്കാൻ സോണിയ നേരത്തെ തീരുമാനിച്ചതാണ്. പക്ഷേ ഈ തെരഞ്ഞെടുപ്പു വേളയിൽ പകരം ആളെ നോക്കി പോകുന്നതിലും ഭേദം  ഉമ്മൻ ചാണ്ടിയെ തന്നെ തുടരാൻ അനുവദിക്കുകയാണ് നല്ലതെന്ന് വിചാരിച്ചതിനാൽ ആണ് മുഖ്യ മന്ത്രി സ്ഥാനം നീട്ടി കിട്ടിയത്. എങ്ങിനെ എങ്കിലും മൂന്നാലു സീറ്റ് കോണ്‍ഗ്രസ്സിന് കിട്ടുന്നെങ്കിൽ അത്രയും ആയല്ലോ. വടക്കേ ഇന്ത്യ മുഴുവൻ കൈ വിട്ടു പോകുകയാണല്ലോ. പിന്നെ ഇത്രയും നാൾ വിനീത വിധേയനായി നിന്ന ഒരാളെ, പ്രത്യേകിച്ചും ഒരു ക്രിസ്ത്യാനിയെ, അൽപ്പം മാന്യമായി പിരിച്ചു വിടണ്ടേ  എന്ന ഒരു പരിഗണനയും.

തെരഞ്ഞെടുപ്പു കഴിഞ്ഞ്  ഒരു കാരണവശാലും ഉമ്മൻ ചാണ്ടിയെ തുടരാൻ അനുവദിക്കുകയില്ല എന്നും തീർച്ചയായും പുറത്താക്കും എന്നും ഹൈ കമാൻഡ് തീരുമാനം എടുത്തു കഴിഞ്ഞു. കഴിഞ്ഞ കുറേ ക്കാലമായി ജനങ്ങൾക്കിടയിലും മറ്റു നേതാക്കൾക്കിടയിലും ഉമ്മൻ ചാണ്ടിയുടെ ഗ്രാഫ് വളരെ താഴോട്ടു പോയ്ക്കൊണ്ടിരിക്കുകയാണ്.  കോണ്‍ഗ്രസ്സിൻറെ  കേന്ദ്ര നേതാക്കളുടെ അഴിമതി നിലവാരം വച്ച് നോക്കിയാൽ ഇവിടത്തേത്‌ ഒന്നുമല്ല. 1,86,000 കോടിയുടെ കൽക്കരിപ്പാട അഴിമതിയും 1,76,000 കോടിയുടെ 2-ജി. സ്പെക്ട്രം അഴിമതിയുടെയും  മുന്നിൽ ചാണ്ടി ഒന്നുമല്ല. കഴിഞ്ഞ തവണ ആഭ്യന്തര മന്ത്രി സ്ഥാനം കൊണ്ട് തൃപ്തി പ്പെടാൻ വിധിച്ച രമേശ്‌ ചെന്നിത്തല മുഖ്യ മന്ത്രി കുപ്പായം തയ്ച്ചു വച്ചിട്ട് നാളേറെയായി. ആദർശം സുധീരനും ഹൈ കമാൻഡ് പറഞ്ഞാൽ റെഡി എന്ന നിലയിലാണ്. 

തന്നെ പുറത്താക്കും എന്ന തീരുമാനമാണ്  ജ്ഞാന ദൃഷ്ടി കൊണ്ട് ഉമ്മൻ ചാണ്ടി കണ്ടത്. അതിനാലാണ് പരാജയത്തിൻറെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത്  ഹൈക്കമാണ്ടിന് ഒരു മുഴം നീട്ടി എറിഞ്ഞത്. സരിതയുടെ പ്രശ്നം മുഖ്യ മന്ത്രിയെ വേട്ടയാടി കൊണ്ടിരുന്നപ്പോൾ അദ്ദേഹം എന്താണ് പറഞ്ഞത്?  "എത്ര അപമാനം സഹിച്ചാലും താൻ രാജി വയ്ക്കില്ല.മുഖ്യ മന്ത്രി ആയി തുടരും" എന്ന്.  സലിം രാജ് പ്രശ്നം തന്നെയും, ഓഫീസിനെയും, കുടുംബത്തെയും ബാധിച്ചപ്പോഴും താൻ സംശയത്തിൻറെ നിഴലിൽ ആയിരുന്നപ്പോഴും രാജി വയ്ക്കാൻ മുഖ്യ മന്ത്രി തയ്യാറായിരുന്നില്ല.  എന്താണ് പെട്ടെന്നുള്ള മനം മാറ്റത്തിന് കാരണം? സരിത-സലിം രാജ് കേസുകളിൽ സർക്കാരിൻറെയും മന്ത്രിസഭയുടെയും പ്രതിശ്ചായ നിലത്തു മുഖം കുത്തി വീണപ്പോൾ ഇല്ലാത്ത ധാർമിക   ഉത്തരവാദിത്വം തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്  എങ്ങിനെ ഉണ്ടായി?    "പരാജയത്തിൻറെ  ധാർമിക   ഉത്തരവാദിത്വം ഏറ്റെടുത്ത് ഞാൻ രാജി വയ്ക്കുന്നു." എന്ന  ഒരു പ്രഖ്യാപനം മെയ്‌ 16 നു കേൾക്കാം. എങ്ങിനെ എങ്കിലും ഒഴിഞ്ഞു പോകട്ടെ.

Monday, April 14, 2014

വിഷു

സമ്പൽസമൃദ്ധമായ ഒരു നാളയെ കണി കണ്ടുണരാൻ 

എല്ലാവർക്കും

 വിഷു ആശംസകൾ.