Saturday, December 31, 2016

M.T.

എം.ടി. വാസുദേവൻ നായർക്ക് ''പ്രതികരണ ശേഷി'' ഉണ്ടാകാൻ  83 വയസ്സ് വരെ കാത്തിരിക്കേണ്ടി വന്നു എന്നൊരു വിഷമം മാത്രം ആണ് വായക്കാർക്കു ഉണ്ടായത്. ഇത്രയും വർഷം  അദ്ദേഹത്തിന് ഉണ്ടായിരുന്ന  ''ശേഷിക്കുറവ്''   ഇപ്പോഴെങ്കിലും  മാറിയല്ലോ എന്നൊരു ആശ്വാസവും.

നവംബർ 8 ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കഴിഞ്ഞു നേരം വെളുത്ത ഉടനെ അല്ല എം.ടി.അഭിപ്രായം പറഞ്ഞത്.  45 ദിവസത്തെ പഠനത്തിനും ആലോചനയ്ക്കും , സ്വന്തം അനുഭവത്തിനും ശേഷം ആണ് സുചിന്തിതമായ അഭിപ്രായം പറഞ്ഞത്.

ഭാരതത്തിലെ ഓരോ പൗരനും ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം അദ്ദേഹത്തിനും ഉണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ ആരും കൈ കടത്തുന്നുമില്ല.

ഒരു പുസ്തകം പ്രകാശനം ചെയ്യുമ്പോൾ ഏതു തറ പുസ്തകം ആയാലും  അതിനെ പുകഴ്ത്തി  രണ്ടു നല്ല വാക്ക് പറയുക എന്നതാണ് സാമാന്യ മര്യാദ. അല്ലാതെ 'ഇത് വളരെ മോശം പുസ്തകം ആണ്' എന്നൊന്നും പറയാൻ കഴിയില്ല. അതിനാണല്ലോ അവരെ വിളിക്കുന്നതും. സ്വർണ കട ഉദ്ഘാടനത്തിന് കാശ് കൊടുത്തു നടിയെ കൊണ്ട് വരും   എങ്കിലും പുസ്തക പ്രകാശനത്തിന് കാശ് കൊടുത്തു എന്ന് കേട്ടിട്ടില്ല. പിന്നെ വണ്ടിക്കൂലി കൊടുക്കും. അല്ലെങ്കിൽ ആളെ വണ്ടി കൊണ്ട് പോയി വിളിച്ചു കൊണ്ട് വരും. സുകുമാർ അഴിക്കോട് വണ്ടിക്കൂലി വാങ്ങിയാണ് പ്രസംഗത്തിന് പോകുന്നത് എന്ന് പറഞ്ഞിട്ടുണ്ടല്ലോ. 

ഒരാളെക്കുറിച്ചോ ഒരു പുസ്തകത്തെ കുറിച്ചോ നല്ലതു പറയണമെങ്കിൽ അയാളെ/അതിനെ വിലയിരുത്തി ഗുണം നോക്കിയാണ് പറയേണ്ടത്.അങ്ങിനെ പറയാൻ ഗുണം ഒന്നും ഇല്ലെങ്കിൽ ഉള്ള  ഒരേ ഒരു വഴി മറ്റുള്ളവരെ ദുഷിക്കുക എന്നതാണ്. ആ മാർഗം ആണ് എം.ടി. അവലംബിച്ചത്. തോമസ് ഐസക്കിന്റെ പുസ്തകത്തെ കുറിച്ച് നല്ലത് പറയണമെങ്കിൽ മോദിയെ കുറ്റം പറയണം എന്നൊരു സ്ഥിതി വന്നു.

പിന്നെ, പണ്ട് മഹാരാജാക്കന്മാരുടെ കയ്യിൽ നിന്നും പട്ടും വളയും വാങ്ങിയ പാരമ്പര്യമുള്ളവരാണ്  എഴുത്തുകാർ. ആ രക്‌തം സിരകളിൽ ഉണ്ട്. ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്നവരെ ഒന്ന് ഓച്ഛാനിക്കുന്നതിൽ എന്താണ് തെറ്റ്?

 മലയാളത്തിലെ മഹാനായ സാഹിത്യകാരന്  ജ്ഞാന പീഠ ത്തിനു മേലെ ഇനി എന്താണ് ഇവിടെ ഉള്ളത്?

സാഹിത്യകാരനായാലും ഒരു രാഷ്ട്രീയ വീക്ഷണം ഉണ്ടാകാം. മറ്റ് മേഖലകളിൽ ഇല്ലാത്തതു പോലെ യാതൊരു രാഷ്ട്രീയവും ഇല്ലാതെ സ്വന്തം കാര്യം മാത്രം നോക്കുന്ന അനേകം എഴുത്തുകാർ ഉണ്ട്. 

മോഹൻലാൽ മോദിയെ അനുകൂലിച്ചപ്പോൾ മാർക്സിസ്റ്റുകാരും മറ്റും അതിനെതിരെ വലിയ പ്രഖ്യാപനങ്ങൾ നടത്തി.സ്വാഭാവികം. അത് പോലെ എം.ടി. മോദി വിരുദ്ധ പ്രസ്താവന നടത്തിയപ്പോൾ ബി.ജെ.പി. അതിനെ വിമർശിച്ചു. സ്വാഭാവികം. അത് രാഷ്ട്രീയം.

സുരേഷ് ഗോപിയ്ക്ക് സ്ഥാനം കിട്ടിയപ്പോൾ മോദിയുടെ അടിമ എന്ന് കമൽ (കമാലുദീൻ എന്ന് വിളിച്ചതിന്റെ പ്രശ്നം തീർന്നിട്ടില്ല) വിളിച്ചു. അതെ കമൽ പിണറായിയുടെ അടിമ ആയി ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം സ്വീകരിച്ചു. ഇതോ?

Thursday, December 29, 2016

ക്രിസ്മസ് ആഘോഷം

ബോൺ നത്താലെ. എന്നൊക്കെയാണ് പത്രങ്ങൾ എഴുതുന്നതും ജനങ്ങൾ പറയുന്നതും. എന്താണ് എന്ന് ഭൂരിപക്ഷം ആൾക്കാർക്കും അറിഞ്ഞും കൂടാ. വെറുതെ ബോൺ നത്താലെ എന്ന് പറഞ്ഞു നടക്കുന്നു. നത്തോലി എന്നൊക്കെ പറയുന്ന അതെ മാനസികാവസ്ഥയിൽ ആണ് ജനം പറയുന്നത്. തൃശൂർ നഗരത്തിൽ ക്രിസ്മസ്സിന് അരങ്ങേറുന്ന ഒരു സംഭവം ആണ് ഈ ബോൺ നറ്റാലെ. ഇപ്പറയുന്നത്  ഇറ്റാലിയൻ ഭാഷ ആണ്. മെറി ക്രിസ്മസ് എന്ന് അർത്ഥം.

6000 ആൾക്കാർ ആണ് സാന്റാ ക്ളോസിന്റെ വേഷം ധരിച്ചു ഈ ക്രിസ്‌മസ്സിനു തൃശൂർ നഗരവീഥിയിലൂടെ ഘോഷയാത്ര ആയി പോയത്. 2014 ൽ 18000 ത്തിൽ അധികം പേർ പങ്കെടുത്ത്‌ ഗിന്നസ് വേൾഡ് റിക്കോർഡ് കരസ്ഥമാക്കിയതാണ് ഈ നത്താലെ. 6000 പേർ. ഒരാൾക്ക് ഈ സാന്റാ ക്ളോസ് വസ്ത്രത്തിനു ഏറ്റവും കുറഞ്ഞത് 1000 രൂപ ചെലവ് വച്ച് കണക്കു നോക്കിയാൽ ഉടുപ്പിന് മാത്രം 60 ലക്ഷം രൂപ! പിന്നെ മറ്റെല്ലാറ്റിനും കൂടി കൂട്ടിയാൽ 1 കോടി രൂപ ചിലവഴിച്ചു എന്ന് കാണാം. എന്തിനായിരുന്നു ഇത്രയും ചെലവ്?  ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിലിന്റെ കാർമികത്തിൽ ആയിരുന്നു ഈ പാഴ് ചെലവ്.

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിലിന്റെ ശ്രദ്ധ തൃശൂർ തന്നെയുള്ള കോട്ടപ്പടി സെന്റ്.ലാസർ പള്ളിയിലേക്ക് ക്ഷണിക്കുന്നു. അവിടെ തിരുനാളിനു ഉള്ള വെടിക്കെട്ട് ഒഴിവാക്കി  പള്ളിയിലെ അച്ചൻ നോബി അമ്പുക്കനും ഇടവകക്കാരും കൂടി ആ പണം കൊണ്ട് കിടപ്പാടം ഇല്ലാത്ത പൊറിഞ്ചു കുട്ടി തോമസിന് ഒരു വീട് നിർമിച്ചു കൊടുത്തു.

അതാണ് ഒരു വികാരിയുടെ കടമ താഴത്തിൽ അച്ചോ.

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിലിന്റെ ശ്രദ്ധ തൃശൂർ തന്നെയുള്ള ദേവമാതാ സ്‌കൂളിലേക്ക് ക്ഷണിക്കുന്നു. സ്‌കൂൾ പ്രിൻസിപ്പാൾ ഫാദർ ഷാജു എടമന ഇത്തവണത്തെ ക്രിസ്മസിന്  എല്ലാവരും കൂടി പണമെടുത്തു പൂജ എന്ന അവിടത്തെ വിദ്യാർത്ഥിനി ക്കു ഒരു വീട് ഉണ്ടാക്കി കൊടുത്തു.

അതാണ് സഹ ജീവി സ്നേഹം  താഴത്തിൽ അച്ചോ.

നോബി അച്ചനും ഷാജു അച്ചനും ഒക്കെ താഴത്തിൽ അച്ചൻ പഠിച്ച അതെ മത പഠനം തന്നെ ആണ് നടത്തിയത്. പക്ഷെ അവർ അതിൽ മനുഷ്യ സ്നേഹവും സഹജീവി സ്നേഹവും കൂടി പഠിച്ചു.

പിന്നെ എല്ലാവരെയും  കബളിപ്പിക്കാനായി  മത സ്നേഹം, മത സൗഹാർദ്ദം എന്നൊരു ലേബൽ കൂടി ചാർത്തും.ആശ്രമത്തിൽ നിന്നും ഒരു സ്വാമിയെയും പള്ളിയിൽ നിന്നും ഒരു ഇമാമിനെയും കൂടി പങ്കെടുപ്പിക്കും. (തിരിച്ചും ഇതൊക്കെ തന്നെയാണ്).

ഈ നറ്റാലെ യിൽ എന്താണ് മത സൗഹാർദ്ദം? ഈ ആർഭാടത്തിന്റെ പണം കൊണ്ട് പാവപ്പെട്ടവർക്ക്‌ ഒരു നേരത്തെ ആഹാരമോ അന്തിയുറങ്ങാൻ ഒരു ഇടമോ കൊടുക്കാമായിരുന്നില്ലേ? അതിലായിരുന്നു യേശു തന്റെ ജന്മദിനത്തിൽ സന്തോഷിക്കുമായിരുന്നത്.

Monday, December 26, 2016

ഹരിവരാസനം

ശബരിമലയിൽ എത്തുന്ന ലക്ഷക്കണക്കിന് ഭക്ത ജനങ്ങൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കാൻ പോലും  ഇത് വരെ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. സന്നിധാനവും പമ്പയും മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഓരോ സീസൺ കഴിയുമ്പോഴേയ്ക്കും അടുത്തത് ഭംഗിയായി നടത്തും വലിയ കാര്യങ്ങൾ ചെയ്യും എന്ന് പ്ലാനും പദ്ധതിയും എല്ലാം പ്രഖ്യാപിക്കും. അടുത്ത സീസണിലും ഇത് തന്നെ ഗതി. ഒന്നും ചെയ്യില്ല. 

ഇങ്ങിനെ ശബരിമലയിലെ പ്രശ്നങ്ങൾ കൂടി വരുമ്പോഴാണ് പണ്ട് യേശുദാസ് പാടിയ പാട്ടിൽ ഉണ്ടായ തെറ്റ് തിരുത്തി വീണ്ടും പാടിക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ഇറങ്ങി ത്തിരിച്ചിരിക്കുന്നത്.

യേശുദാസ് പാടിയ ഹരിവരാസനം റെക്കോർഡ് ഇട്ടാണ് എന്നും രാത്രി  ശബരിമല   നട അടയ്ക്കുന്നത്. കഴിഞ്ഞ തവണ യേശുദാസിന് തോന്നി അന്ന് റെക്കോർഡ് ചെയ്യാൻ പാടിയപ്പോൾ അർത്ഥം അറിയാതെ പാടിയതാണ്  എന്നും അതിൽ ഒരു പ്രയോഗം തെറ്റാണെന്നും..

മൂന്നാമത്തെ വരി "അരിവിമർദ്ദനം നിത്യ നർത്തനം" എന്നതിൽ അരിവിമർദ്ദനം എന്നത് ഒന്നിച്ചു പാടിപ്പോയി എന്നും 'അരി' കഴിഞ്ഞു ഒരു  ഇട  ഇട്ടു 'വിമർദ്ദനം' പാടേണ്ടതാണ് എന്ന് യേശുദാസ് പറഞ്ഞു. അതാണ് പ്രയാർ പറയുന്നത് യേശുദാസിനോട് പറഞ്ഞു മാറ്റിപ്പടിക്കും എന്ന്.

ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ മുൻഗണന ക്രമം മനസ്സിലായല്ലോ.  ഇതിലും പ്രധാനപ്പെട്ട നൂറു നൂറു കാര്യങ്ങൾ ശബരിമലയിൽ ചെയ്യാനുള്ളപ്പോഴാണ് പ്രയാർ പാട്ടു പാടിക്കാൻ നടക്കുന്നത്.

ഈ പ്രായത്തിൽ ഇനി യേശുദാസ് പാടിയാൽ ആ പാട്ടിന്റെ ഏഴയലത്തു വരുമോ?

പ്രയാറേ ആവശ്യമുള്ള കാര്യം നോക്ക്. കോടിക്കണക്കിനു രൂപ തരുന്ന ഭക്തി ജനങ്ങൾക്കു മിനിമം സൗകര്യം എങ്കിലും ചെയ്തു കൊടുക്കൂ. പാട്ട് പഴയതു തന്നെ മതി. 

യേശുദാസ് ഇപ്പഴ് പാടുന്നത് ഒന്ന്കേൾക്കൂ.....
Sunday, December 25, 2016

ടൈമൂർ.

ടൈമൂർ.  പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ടർക്കോ- മംഗോൾ,  ചെങ്കിഷ്‌ ഖാന്റെ കുലത്തിലുള്ള,  അന്യ രാജ്യങ്ങളെ ആക്രമിച്ചു കീഴടക്കുന്ന സ്വേച്ഛാധി  പതിയായ  ഭരണാധികാരി ,  എന്ന് പണ്ട് സാമൂഹ്യ പാഠങ്ങളിലും ചരിത്ര ക്ലാസുകളിലും പഠിച്ചതു ഓർമ വരും. അതേ. ആള് അത് തന്നെ.

നൂറ്റാണ്ടുകൾക്കു ശേഷം ടൈമൂർ എന്ന പേര് വീണ്ടും ഭാരതത്തിൽ ചർച്ച ചെയ്യപ്പെടുന്നു. ഇത് ഒരു സിനിമാ ദമ്പതികളുടെ കൊച്ചിന്റെ പേര് ആയതു കൊണ്ട്. കരീന കപൂർ-സൈഫ് അലിഖാന്റെ കുട്ടിയുടെ പേരാണ് ടൈമൂർ എന്ന് ഇടാൻ നിശ്ചയിച്ചത്.

അവര് അവരുടെ കുട്ടിയ്ക്ക് എന്തെങ്കിലും പേര് ഇട്ടോട്ടെ. അതൊക്കെ അവരുടെ സ്വാതന്ത്ര്യം. സ്വന്തം കുഞ്ഞുങ്ങൾക്ക് പേരിടാനുള്ള അവകാശം അവർക്കുണ്ടല്ലോ.

കിരാതനായ ഒരു ഭരണാധികാരിയുടെ പേര് കുട്ടിക്കിടുന്നതിനെതിരെ വൻതോതിൽ വിമർശനങ്ങൾ ഉയർന്നു വരുന്നു. അത് സ്വാഭാവികം. കാരണം കരീന കപൂർ ഗർഭിണി  ആയ നിമിഷം മുതലുള്ള ഓരോ കാര്യങ്ങളും വള്ളി പുള്ളി വിടാതെ പൊടിപ്പും തൊങ്ങലും വച്ച്  പത്രങ്ങളും ചാനലുകളുമെല്ലാം ആഘോഷപൂർവം കൊണ്ടാടുന്നു. കരീന ഗർഭിണി ആയ വിവരം പരിശോധിച്ച ഡോക്ടർ കരീനയോടോ ഭർത്താവിനോടോ ആയിരിക്കുമല്ലോ പറഞ്ഞത്. അല്ലാതെ  സംഭവം ഡോക്ടർ ജനങ്ങളോടല്ലല്ലോ പറഞ്ഞത്. അപ്പോൾ സംഭവം പുറത്തു വിട്ടത് അവര് തന്നെയാണ്. ഒരു ഗർഭത്തിൽ ഇത്ര രഹസ്യം ഒന്നുമില്ല. രഹസ്യമായി വച്ചിരിക്കാനും കഴിയില്ല. അതിന്റെ ആവശ്യവുമില്ല.  അതൊക്കെ പുറത്തു വിടുന്നതും വാർത്ത യാക്കുന്നതും കരീനയും ഭർത്താവും തന്നെയാണ്. ആ വാർത്തകളും  ജനങ്ങളുടെ അഭിപ്രായങ്ങളും ഒക്കെ സന്തോഷ പൂർവം കരീനയും സൈഫും  ആസ്വദിക്കുകയും ചെയ്തിരുന്നു. കാരണം പ്രസിദ്ധി ആണല്ലോ സ്വകാര്യതയേക്കാൾ അവർക്കു പ്രധാനം. സ്വന്തം പ്രസവം ലൈവ് ആയി ജനങ്ങളെ കാണിച്ച നടിയും നമുക്കുണ്ടല്ലോ.

അങ്ങിനെ കരീനയുടെ ഗർഭം അവരുടെ ആരാധകരുടെ സ്വന്തം ഗർഭമായി മാറി. അങ്ങിനെ  ഇരിക്കെ ടൈമൂർ എന്ന പേരിനെതിരെ വിമർശനം വന്നാൽ അതും ഉൾക്കൊള്ളേണ്ടത് കരീന-ഖാൻ ദമ്പതികളുടെ ഉത്തരവാദിത്വം തന്നെയാണ്. ഇപ്പോൾ കരീനയുടെ ബന്ധു ഋഷി കപൂർ വിമർശനങ്ങൾക്കെതിരെ ദ്വേഷ്യപ്പെടുന്നത് കണ്ടു.  വിവാഹവും വിവാഹിതര ബന്ധങ്ങളും ഒക്കെ പരസ്യമായി അലക്കി അതിൽ പ്രശസ്തി കണ്ടെത്തുന്ന സിനിമാക്കാർ വിമർശനങ്ങളെയും സഹിക്കേണ്ടി ഇരിക്കുന്നു.

വിമർശനങ്ങൾക്കെതിരെ എന്തിനു അസഹിഷ്ണുത കാണിക്കുന്നു? 

Thursday, December 15, 2016

ഒരു സിനിമാ കഥ

6 മണി. നേരം വെളുത്തു വരുന്നതേയുള്ളൂ. മൂടൽ മഞ്ഞു മാറിയിട്ടില്ല. ഇരുട്ടും. ക്യൂ നീണ്ടു കഴിഞ്ഞിരുന്നു.വേഗം  ക്യൂ വിനു  പിന്നിൽ കയറി.ഡിസംബർ മാസത്തിലെ തണുപ്പ് സ്വെറ്ററിനുള്ളിലേയ്ക്കും അരിച്ചു  കയറുന്നു. കൈകൾ പോക്കറ്റിനുള്ളിൽ തിരുകി കാത്തു നിന്നു. അനന്തമായ കാത്തു നിൽപ്പ്. ................  

ഗോവയിൽ സ്ഥിരം വേദി ആക്കുന്നതിനു മുൻപ്  ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇൻഡ്യ (IFFI) ഡൽഹിയിൽ ആയിരുന്നു. കണാട്ട് പ്‌ളേസ്  മുതൽ ആർ.കെ.പുരം-വസന്തവിഹാർ വരെ നീണ്ടു കിടക്കുന്ന പത്തു പന്ത്രണ്ടു കിലോമീറ്റർ ചുറ്റളവിൽ ഉള്ള കുറെ തിയേറ്ററുകളിൽ  നടത്തുന്ന മേള.  ഓരോ തിയേറ്ററിനും ഓരോ പാസ്സ് സംവിധാനം ആയിരുന്നു. ഒരാഴ്ചത്തെ പാസ്. ഈവനിംഗ് ഷോ ആണെങ്കിൽ ഒരാഴ്ചത്തെ ഈവനിംഗ് ഷോ പാസ്സ്. കുറച്ചു ടിക്കറ്റുകൾ ദിവസവും കൊടുക്കും. കാലം കുറെ മുൻപാണ്. നല്ല  വിദേശ ചിത്രങ്ങൾ കാണാനുള്ള അവസരം ആണ് മേള ഒരുക്കുന്നത്. അന്ന്  ഇന്റർനെറ്റും മറ്റും ഒന്നുമില്ല. അത് കൊണ്ട് നല്ല വിദേശ സിനിമയ്ക്ക് ചലച്ചിത്ര  മേള തന്നെ ശരണം.

തിരക്ക് അപാരം. മത്സര വിഭാഗം, ലോക സിനിമ, ലോക ക്ലാസ്സിക് എന്നൊക്കെയുള്ള വിഭാഗങ്ങൾ ഉണ്ട് . അവയ്ക്കു  പുറമെ മറ്റൊരു പ്രധാന വിഭാഗമുണ്ട്. അതിനാണ് ഏറ്റവും കൂടുതൽ തിരക്ക്. ടിക്കറ്റ് ബ്ളാക്കിൽ പോകും. ഉന്തും തള്ളും അടിയും ഒക്കെ നടക്കും ടിക്കറ്റ് കിട്ടാൻ.എല്ലാ വിഭാഗങ്ങളിലും ഉള്ള ചില പടങ്ങൾ ഉൾക്കൊള്ളുന്ന  ആ വിഭാഗമാണ് ബ്ലൂ. അന്ന് ഇന്റർനെറ്റ് ഒന്നും  ഇല്ലാത്തതു കൊണ്ട്സെ മേളയിലെ സെൻസർ ചെയ്യാത്ത  പടങ്ങൾ ആണ് പ്രധാന അട്രാക്ഷൻ.  എന്തെങ്കിലും ഒക്കെ കാണും. കൂടുതൽ കാണുന്നവ ആണ് പ്രധാനം. ''ഡയറി ഓഫ് എ ഷിഞ്ജിക്കു ബർഗ്ലർ''എന്ന പടത്തിനു റിവോളി തിയേറ്ററിൽ ടിക്കറ്റില്ലാതെ എങ്ങിനെയോ അകത്തു കയറി പത്തു പതിനഞ്ചു മിനിറ്റ് കണ്ടപ്പോൾ അധികാരികൾ ഇറക്കി വിട്ടു എങ്കിലും അത്രയും ആയല്ലോ എന്ന് പറഞ്ഞു ആത്മ സംതൃപ്തി അടഞ്ഞ ഒരു സിനിമാ പ്രേമിയെ അറിയാം. അത്തരം ഒരു കാത്തു നിൽപ്പായിരുന്നു ചാണക്യ പുരിയിലെത്. 'ബോഡി' എന്ന യു.കെ. സിനിമയുടെ  ടിക്കറ്റിനു വേണ്ടി.....................

കാത്തു നിൽപ്പിനു വിരാമമായി. ചാണക്യ തിയേറ്ററിന്റെ ഗേറ്റുകൾ തുറന്നു. അകത്തോട്ടൊരു ഒരു പ്രവാഹം. ഒരു മിനിട്ടു കൊണ്ട് അനൗൺസ്‌മെന്റ് വന്നു. 'ടിക്കറ്റ് തീർന്നു' . ഒപ്പം  കൗണ്ടർ അടപ്പും. ഇതൊരു സാമ്പിൾ.

ആർ. കെ.പുരത്തുള്ള 'സംഗം സിനിമ'യിൽ ഒരാഴ്ച പാസ് സംഘടിപ്പിച്ചു. രാത്രി 9 മണി ഷോ. നല്ല കുറെ സിനിമകൾ. രാവിലെ 11 മണിക്ക് ഐഫക്സ് ഓഡിറ്റോറിയത്തിൽ ഉള്ള ''ചാർളി ചാപ്ലിൻ റെട്രോസ്പെക്ടീവ്‌''  ന് തിരക്കില്ലാത്തത് കൊണ്ട് പാസ് ഒരാഴ്ച. മേളയിലെ ചില നല്ല പടങ്ങൾ ഡൽഹി മലയാളി ഫിലിം സൊസൈറ്റി ക്കാര് പ്രദർശിപ്പിക്കുന്നുണ്ട്. മഹാരാഷ്ട്ര രംഗായനിൽ. അങ്ങിനെ ദിവസം മൂന്നു പടം കാണാൻ അവസരം.

രാവിലെ ഓഫീസ്. 11 മണിക്ക് അതിനടുത്തുള്ള 'ഐഫക്‌സിൽ'ചാർളി ചാപ്ലിൻ ചിത്രം. തിരിച്ചു ഓഫീസ്. വൈകുന്നേരം 2കിലോമീറ്റർ അകലെ പാഡ്ഗഞ്ചിൽ ഉള്ള മഹാരാഷ്ട്ര രംഗായനിൽ സിനിമ കാണും. ഡിഫൻസ് മിനിസ്ട്രയിലെ ഉണ്ണി എന്ന  സുഹൃത്തിന്റെ പാസിൽ. അത് കഴിഞ്ഞു നേരെ ബസ് പിടിക്കും ആ സുഹൃത്തിനോടൊപ്പം 15 കിലോമീറ്റർ അകലെയുള്ള സംഗം സിനിമയിൽ എത്താൻ. സമയമില്ല . അത് കൊണ്ട് രാത്രി ഭക്ഷണം ബസ് കാത്തു നിൽക്കുമ്പോൾ വല്ല ചോലെ -ബട്ടൂരെ പോലെ എന്തെങ്കിലും വഴിക്ക് നിന്ന് കൊണ്ട്  കഴിച്ചാൽ ആയി. സംഗം തീയേറ്ററിലെ  സെക്കൻഡ് ഷോ യും കഴിഞ്ഞു 2 കിലോമീറ്റർ നടത്തം. മോത്തി ബാഗിൽ സുഹൃത്തിന്റെ താമസ സ്ഥലത്തെയ്ക്ക്. രാത്രി ഉറക്കം അവിടെ . അങ്ങിനെ ഒരാഴ്ച. കുറെ സിനിമകൾ. നല്ല സിനിമകൾ.

ചാർളി ചാപ്ലിന്റെ കുറെ നല്ല സിനിമകൾ. ഫാസ്ബിൻഡറിന്റെ   സിനിമകൾ, പോളണ്ട് സിനിമകൾ അങ്ങിനെപല സിനിമകൾ.

Tuesday, December 13, 2016

സിനിമാക്കാർ


ദേശീയ ഗാനം ആലപിക്കുമ്പോൾ എല്ലാ ഷോയ്ക്കും എണീറ്റ് നിൽക്കണം എന്ന് പറയുന്നത് നിർഭാഗ്യകരം എന്നാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറയുന്നത്.  മനുഷ്യന്റെ പ്രസ്താവന എന്ത് നിർഭാഗ്യകരമാണ്. വിവര ദോഷം പറയുന്നതിനും പരിധി നിശ്ചയിക്കേണ്ടി ഇരിക്കുന്നു. അല്ലെങ്കിൽ കമലും അത് പോലുള്ളവരും വിവര ദോഷം പറഞ്ഞു കൊണ്ടേ ഇരിക്കും.ഇയാളോട്  ചോദ്യം. ദേശീയ ഗാനം ആലപിക്കുമ്പോൾ ആദരസൂചകമായി ജനം എണീറ്റ് നിന്നാൽ ഇയാൾക്കെന്താണ് കുഴപ്പം? അത് ഫിലിം ഫെസ്റ്റിവലിനെ എങ്ങിനെ പ്രതികൂലമായി ബാധിക്കും? 52 സെക്കൻഡ് ആളുകൾ അറ്റൻഷൻ ആയി നിൽക്കുന്നു. സുപ്രീം കോടതി വിധിയിൽ വ്യക്തമായി പറയുന്നുണ്ട്. ദേശീയ ഗാനത്തിന് ആദരവ് നൽകേണ്ടതിന്റെ ആവശ്യകത. എന്നിട്ടും എന്ത് കൊണ്ട് കമൽ ഇങ്ങിനെ അസഹിഷ്ണുത കാണിക്കുന്നു? ഈ അസഹിഷ്ണുത രാജ്യസ്നേഹത്തിന്റെ കുറവു കൊണ്ടും പിന്നെ യജമാനന്മാരെ സുഖിപ്പിക്കാനും ആണ്. വിധേയൻ തൊമ്മി ആയി അഭിനയിക്കുകയാണ് കമൽ. സിനിമാ മന്ത്രി  എ .കെ. ബാലൻ ആദ്യം പറഞ്ഞു ദേശീയ ഗാനം ഇടാം. എണീറ്റ് നിൽക്കുന്നവർ നിൽക്കട്ടെ എന്ന്. പിന്നീട് അത് പതിയെ മാറ്റി. സുപ്രീം കോടതി വിധി മേളയ്ക്ക് ബാധകമാണോ എന്നറിയാൻ കോടതിയിലും ഒക്കെ പോയി. ബാലനെയും മറ്റും സുഖിപ്പിക്കണമെങ്കിൽ ഇങ്ങിനെ പറയണം എന്ന് ധരിച്ചാണ് കമൽ എന്ന തൊമ്മി ഇങ്ങിനെ പറഞ്ഞത്.

ഓരോ സിനിമാ കാണാൻ കയറാൻ പത്തും ഇരുപതും മിനിട്ടാണ് ഓരോരുത്തരും ക്യൂ നിൽക്കുന്നത്. എന്നിട്ടാണ് ഒരു മിനിറ്റ് എണീറ്റ് നിൽക്കുന്നതിന് കമൽ അസിഹിഷ്ണുത കാണിക്കുന്നത്.

ഒരു ദിവസം ഏതെങ്കിലും ഒരു ഷോയ്ക്കു ദേശീയ ഗാനത്തിന് ഒരു തവണ എണീറ്റ് നിന്നു എന്നൊരു സർട്ടിഫിക്കറ്റു ഓരോ ആൾക്കും കമൽ കൊടുത്താൽ മതി.

ഈ സിനിമാക്കാരുടെ ജാഡ കണ്ടാൽ തുണിയുരിഞ്ഞിട്ട് മുഖത്ത് ഉരച്ചു കൊടുക്കാൻ തോന്നും. പത്തു കാശ് കിട്ടുമ്പോൾ സ്വഭാവം ആകെ മാറും. മഹാൻ ആണെന്ന് സ്വയം തോന്നിത്തുടങ്ങും. ഏഴെട്ടു പടത്തിൽ അഭിനയിച്ചു, മൂന്നാലു പടം സംവിധാനം ചെയ്തു. അഭിനയം ശരാശരിയിലും താഴെ. അപ്പൂപ്പൻ ആനപ്പുറത്തിരുന്നു എന്ന് വച്ച് മോന്റെ ചന്തിയിൽ തഴമ്പ് കാണില്ലല്ലോ.   സംവിധാനവും പറയത്തക്കതായി ഒന്നുമില്ല. പക്ഷെ   അപ്പോഴേയ്ക്കും അഹങ്കാരം കേറി തലയ്ക്കു പിടിച്ചു. ആളാരാണെന്നു മനസ്സിലായി ക്കാണുമല്ലോ. വിനീത് ശ്രീനിവാസൻ.

പുള്ളി പറഞ്ഞ ഊളത്തരവും കൂടി കേട്ടാലേ എത്രത്തോളം വങ്കൻ ആണ് ആളെന്ന് മനസ്സിലാകൂ.

സിനിമയ്ക്ക് മുൻപേ തിയറ്ററുകളിൽ  ദേശീയ ഗാനം വേണമെന്ന സുപ്രീം കോടതി വിധിയെക്കുറിച്ചു പറയുകയായിരുന്നു. അതിൽ അദ്ദേഹത്തിന് വിഷമം ഒന്നുമില്ല. പക്ഷേ അദ്ദേഹത്തിന്റെ സിനിമയുടെ സമയം അപഹരിക്കും എന്നതാണ് പ്രശ്നം. ദേശീയ ഗാനത്തിന്റെ ഒരു മിനിറ്റ് ആണ് അദ്ദേഹത്തിന്റെ സിനിമയെ ബാധിക്കുന്നത്! രണ്ടും മൂന്നും മണിക്കൂർ വലിച്ചു നീട്ടി സിനിമ എന്ന പേരിൽ ചവറ് ഉണ്ടാക്കിയ വിനീത് ആണ് പറയുന്നത് ആ ഒരു മിനിറ്റ് അദ്ദേഹത്തിന്റെ സിനിമയെ ബാധിക്കും എന്ന്. ഒരു മിനിറ്റ് അല്ല ഒരു മണിക്കൂർ എടുത്തു മാറ്റിയാലും അങ്ങേരുടെ സിനിമയ്ക്ക് ഒന്നും സംഭവിക്കില്ല. അത്രയും ബോറടി കുറയും എന്ന ഗുണം  മാത്രം.

 'ഉദയനാണ് താരം' എന്ന ചിത്രത്തിലെ പൊങ്ങച്ചക്കാരൻ രാജപ്പൻ എന്ന സരോജ് കുമാർ എന്ന കാരക്ടർ വിനീത് ശ്രീനിവാസനിലൂടെ അറം പറ്റും എന്ന് അതിന്റെ തിരക്കഥാകൃത്തു ഒരിക്കലും വിചാരിച്ചു കാണില്ല.  

Sunday, December 11, 2016

കൂടുതൽ കുട്ടികൾ

''മത്സര ബുദ്ധിയോടെ കുട്ടികളെ ജനിപ്പിക്കണം. അന്ത്യശ്വാസം വരെ (ഉത്പാദന ശേഷിയുടെ) കുട്ടികളെ ഉൽപ്പാദിപ്പിക്കാൻ ശ്രമിക്കണം'' എന്ന് ഒരു മെത്രാൻ പറഞ്ഞതിന് അങ്ങേരെ ആക്ഷേപിച്ചു കൊണ്ട് കേരളം മൊത്തം ഉറഞ്ഞു തുള്ളുകയാണ്. ഇടുക്കി രൂപതയുടെ മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ഇറക്കിയ ഇടയ ലേഖനത്തിൽ ആണ് ഇങ്ങിനെ ഒരു ആഹ്വാനം ആ ദേഹം നടത്തിയിരിക്കുന്നത്.

 ചില 'ഡൗട്ടിങ് തോമ' മാർ കാണും. ഈ പരിപാടി എല്ലാവരും ചെയ്യണോ അതോ ക്രിസ്ത്യാനികൾ മാത്രം ചെയ്‌താൽ മതിയോ എന്ന് സംശയിക്കുന്നവർ. സംശയം വേണ്ട.

 ''കർത്താവിന്റെ ദാനമാണ് മക്കൾ; ഉദരഫലം ഒരു സമ്മാനവും'' (സങ്കി: 127:3 ).
ബൈബിൾ പിടിച്ചാണ് ആനിക്കുഴി ഈ ആഹ്വാനം നടത്തിയിരിക്കുന്നത്. അത് കൊണ്ട് വിശ്വാസികൾക്ക് മാത്രമുള്ളതാണിത്. മറ്റു മതക്കാർക്ക് ഇത് ബാധകമല്ല. ഇനി അങ്ങിനെ ചെയ്യുന്ന അവിശ്വാസികൾ "at own risk".

തോമായ്ക്കു സംശയം തീരുന്നില്ല. ഇങ്ങിനെ പന്നിയെപ്പോലെയോ പട്ടിയെപ്പോലെയോ (ദ്വേഷ്യപ്പെടേണ്ട -മെത്രാൻ ഉപയോഗിച്ച വാക്കുകൾ തന്നെയാണ്. പന്നി എന്ന് പറഞ്ഞാൽ ആർക്കെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്ന് പേടിച്ചു 'കാട്ടു പന്നി' എന്ന് ബുദ്ധിപൂർവമാണ് ആനിക്കുഴി പറഞ്ഞത് എന്ന് മാത്രം) കുട്ടികളെ ജനിപ്പിച്ചാൽ ആര് ചെലവ് കൊടുക്കും എന്ന് മെത്രാൻ പറയുന്നില്ല. അല്ലെങ്കിൽ തന്നെ സ്ഥിതി കഷ്ട്ടം ആണ്. ആകെയുണ്ടായിരുന്ന റവ റിനു വില കുറഞ്ഞു മരം മുറിച്ചു കളയേണ്ട അവസ്ഥയാണ്.കുരുമുളക്, ഏലം തുടങ്ങിയ എല്ലാത്തിനും വില കുറഞ്ഞു. ഇപ്പം ഒള്ള പിള്ളാരെ തന്നെ വളർത്താൻ പ്രയാസം. പെമ്പിള്ളാരെ വല്ല നഴ്സ് ആയി പറഞ്ഞയക്കാം എന്ന് വച്ചാൽ ഗൾഫിലും അമേരിക്കയിലും ഒന്നും ജോലിയില്ലാതെ എല്ലാം തിരിച്ചു വരുവാ. അപ്പം പുതിയ പുള്ളാരെ ഒണ്ടാക്കിയാ പള്ളി ചെലവിന് കൊടുക്കുമോ?  അതോ ആഹ്വാനം  മാത്രമേ ഉള്ളോ മെത്രാന്റെ ഉത്തരവാദിത്വം? പിന്നെ പട്ടിണിയും പരിവട്ടവും ആയിട്ട് പിള്ളാരെ വളർത്താൻ തന്തേം തള്ളേം കിടന്നു കഷ്ട്ടപ്പെടണോ? തോമാ നിസഹായനായി ചോദിക്കുകയാണ്.

തോമയുടെ അടുത്ത സംശയം എന്തിനാ ഇങ്ങിനെ ജനസംഖ്യ വർധിപ്പിക്കുന്നത് എന്നാണു. ഇത് കൊണ്ട് എന്താ ഗുണം? ലോകത്തു ആകെ 750 കോടിയുണ്ട്. ഭാരതത്തിൽ 132  കോടി. കേരളത്തിൽ 3.5 കോടി. വളർച്ച  1.5 ശതമാനത്തിൽ ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുന്നു. അപ്പഴാ മെത്രാൻ പറയുന്നത് ഇനിയും കൂട്ടണം എന്ന്. ഇനി ക്രിസ്ത്യാനി കൂടാനാണോ? ഇപ്പഴ് കേരളത്തിൽ 18 ശതമാനം ആണുള്ളത്. അതങ്ങോട്ടു കൂടിയാൽ ബാക്കിയുള്ള ക്രിസ്ത്യാനികൾക്ക് എന്നാ ഗുണമാ കിട്ടുന്നത്. മെത്രാന്മാർക്കും പള്ളിക്കും ഗുണം കാണും. ഓരോ പുതിയ ആളിനെയും തലയെണ്ണി പണം വാങ്ങാമല്ലോ. ഈ പുതിയ പിള്ളാര് ഓരോന്നിനും മാമോദിസ, മനസമ്മതം,കല്യാണം പിന്നെ ശവമടക്ക് അങ്ങിനെ എത്രയെത്ര മുഹൂർത്തങ്ങൾ ആണ് പള്ളിക്കു വന്നു ചേരുന്നത്.പണവും.

പിന്നെ തോമായുടെ അശ്ളീല വാസന അടുത്ത സംശയത്തിൽ പുറത്തു വരുന്നുണ്ട്. എല്ലാം ഇപ്പം ടീവിയിൽ ലൈവ് ഷോ ആണ്. ഈ മത്സരം? 

ഇങ്ങിനെയുള്ള സംശയ തോമ മാർ ഉളളത് കൊണ്ടാണ് പള്ളി വളരാത്തത്. മെത്രാന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യരുത്. തനിക്കു കഴിയാത്ത കാര്യം മറ്റുള്ളവർ ചെയ്തു കാണട്ടെ എന്ന ആഗ്രഹവും അത് കാണുമ്പോഴുള്ള സന്തോഷവും ഒന്ന് മാത്രമാണ് മെത്രാന്റെ മനസ്സിൽ എന്ന് നിസംശയം പറയാം. 

Friday, December 9, 2016

തിന്മയുടെ വിത്ത്

Image result for illegal construction in munnar
ഹരിത കേരളം എന്നൊരു മിഷനും കൊണ്ട് ഇതാ കേരള സർക്കാർ ഇറങ്ങിയിരിക്കുന്നു.കേരളത്തിലെ പ്രകൃതിയും ജലസ്രോതസ്സും സംരക്ഷിക്കാനും നമ്മുടെ നാട്ടിൽ കൃഷി പുനരുജ്ജീവിപ്പിക്കാനും ഒക്കെയാണ് ഈ പദ്ധതിയിൽ വിഭാവനം ചെയ്യുന്നത്. അങ്ങനെയൊക്കെയാണ് മുഖ്യമന്ത്രി എല്ലാ പത്രങ്ങളിലും പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്. ഒരേ ലേഖനം എഴുതി എല്ലാ പത്രത്തിനും നൽകിയതായിരിക്കാം. പക്ഷേ ദേശാഭിമാനിയിൽ വന്ന ലേഖനത്തിൽ ചില മാറ്റങ്ങൾ വരുത്തി മനോരമ ഇട്ടു. ചില വാചകങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ഏതാണ്ട് അത് പോലെ തന്നെ. അത്രയും വിധേയത്വം കാണിക്കാതെ മാതൃഭൂമിയാകട്ടെ അത് കുറെയേറെ എഡിറ്റ് ചെയ്തു കളഞ്ഞു. തിരുവനന്തപുരത്തു നിന്നും വടക്കോട്ടു പോകുംതോറും എഡിറ്റിങ് കൂടി കൂടി വന്നു.അതൊക്കെ പോകട്ടെ. അതല്ല വിഷയം.

എന്തെല്ലാം മോഹന വാഗ്‌ദാനങ്ങൾ ആണ് പിണറായി വിജയൻ ആ ലേഖനത്തിൽ കൂടി നൽകിയിരിക്കുന്നത്! കേരളത്തിലെ ''വായു,ജല ഖര മലിനീകരണം'' തടയുക, ''വന സമ്പത്തും ജല സമ്പത്തും സംരക്ഷിക്കലും വ്യാപ്തി വർധിപ്പിക്കലും'' ഒക്കെയാണ്  ഹരിത കേരളം പദ്ധതിയിലൂടെ നടപ്പാക്കണം എന്ന് മുഖ്യ മന്ത്രി ഉദ്‌ബോധനം നടത്തുന്നത്. ഇപ്പറയുന്നതിൽ എന്തെങ്കിലും ആത്മാർത്ഥയുണ്ടോ മുഖ്യ മന്ത്രിയ്ക്ക്? അദ്ദേഹം എഴുതിയതല്ല ഈ ലേഖനം എന്ന് എല്ലാവർക്കും അറിയാം. അതിനൊക്കെയാണെല്ലോ ഗോസ്റ്റ് റൈറ്റേഴ്സിനെ നിയമിച്ചിരിക്കുന്നത്. പക്ഷെ എന്തൊക്കെ ആണ് എഴുതിയിരിക്കുന്നത്എന്നൊന്നു വായിച്ചു കേൾപ്പിക്കാൻ  എങ്കിലും ഈ ശമ്പള എഴുത്തുകാരോട് ഒന്ന് പറയുക എങ്കിലും ചെയ്തു  കൂടായിരുന്നോ? എല്ലാം ശുദ്ധ കള്ളം. എഴുത്തൊന്ന് പ്രവൃത്തി മറ്റൊന്ന്.

രണ്ടു ദിവസം മുന്നേയാണ് ക്വാറി മുതലാളിമാർ സുപ്രീം കോടതിയിൽ പോയത്. 5 ഏക്കറിൽ താഴെയുള്ള ക്വാറികൾക്കും പരിസ്ഥിതി അനുമതി വേണം എന്ന ഹൈക്കോടതിയുടെ വിധിയ്ക്കെതിരെയാണ് ഇവർ സുപ്രീം കോടതിയിൽ പോയത്.  ഹരിത കേരളം കൊണ്ടു വന്ന കേരള സർക്കാർ അവിടെ എന്ത് നിലപാടാണ് എടുത്തത് എന്നറിയാമോ? ക്വാറി മുതലാളിമാർക്ക് അനുകൂല നിലപാട്. അതായത് ക്വാറികൾക്ക് പരിസ്ഥിതി അനുമതി വേണ്ട എന്ന് കേരളം പറഞ്ഞു. സുപ്രീം കോടതി കേരള സർക്കാരിനെ ഇതിന്റെ പേരിൽ നിശിതമായി വിമർശിച്ചിരുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ പരിസ്ഥിതിയെ നശിപ്പിക്കുന്ന ക്വാറി മാഫിയയെ സഹായിരിക്കുന്ന ഈ സർക്കാരാണ് പരിസ്ഥിതി സംരക്ഷണം നടത്തും എന്ന് പ്രസ്താവന ഇറക്കുന്നത്.

അടുത്തിടെ ഇറങ്ങിയ മറ്റൊരു തീരുമാനവും ഇവരുടെ പ്രകൃതി സ്നേഹം വെളിവാക്കുന്നു. അനധികൃതമായി നിർമിച്ച കെട്ടിടങ്ങളെ എല്ലാം നിയമ വിധേയം ആക്കും എന്നത്. തീരദേശ പരിപാലന നിയമങ്ങളും,തണ്ണീർത്തട നികത്തൽ നിയമങ്ങളും,വന സംരക്ഷണ നിയമങ്ങളും,വയൽ നികത്തൽ നിയമങ്ങളും ഒക്കെ ലംഘിച്ചു കൊണ്ട് പരിസ്ഥിതി നാശം വരുത്തി വച്ച് കൊണ്ട്  ഭൂ മാഫിയയും വൻ കിട കെട്ടിട നിർമാണക്കാരും റിസോർട്ട് മാഫിയയും ഒക്കെ കെട്ടിപ്പൊക്കിയ കെട്ടിടങ്ങളും ഫ്‌ളാറ്റ് സമുച്ചയങ്ങളും റിസോർട്ടുകളും ഒക്കെയാണ് നിയമ വിധേയം ആക്കാൻ പിണറായി സർക്കാർ തീരുമാനിച്ചിരിക്കുന്നത്.മൂന്നാറിലുംവായനാടിലും വനം  കയ്യേറി നിർമിച്ച റിസോർട്ടുകൾ കോവളത്തും വർക്കലയിലും മാരാരിക്കുളത്തും കടൽത്തീരം കയ്യേറി നിർമിച്ച ഹോട്ടലുകൾ,പുഴയും കായലും കയ്യേറി നിർമിച്ച കെട്ടിടങ്ങൾ ഇവയൊക്കെയാണ്  വിധേയമാക്കുന്നത്. 

പിണറായി സർക്കാരിന്റെ പരിസ്ഥിതി സംരക്ഷണത്തിന്റെ ആത്മാർഥത ഇതിൽ നിന്നും മനസ്സിലാകുമല്ലോ,ഇങ്ങിനെ പ്രകൃതിയെയും പരിസ്ഥിതിയെയും നശിപ്പിക്കുന്ന പിണറായി സർക്കാർ ആണ്  " ദീർഘ നാളുകളിലെ തെറ്റായതും അശാസ്ത്രീയവും  ആയ പ്രകൃതി ചൂഷണത്തിലൂടെ തകർന്ന പരിസ്ഥിതിയുടെ സമനില വീണ്ടെടുക്കണം "  എന്ന് പറഞ്ഞു ഹരിത കേരളവും ആയി വരുന്നത് .ഇത് വെറും തട്ടിപ്പു ആണ്, ജനങ്ങളുടെ പണം  കുറെ രാഷ്ട്രീയക്കാരും  ഉദ്യോഗസ്ഥരും കൂടി പങ്കിട്ടെടുക്കാനുള്ള ഒരു പദ്ധതി ആണ് ഹരിത കേരളം. പരിസ്ഥിതി നശിപ്പിക്കുന്നതിന് അനുകൂലമായ തീരുമാനങ്ങളും നിയമങ്ങളും ഈ സർക്കാർ ആദ്യം മാറ്റട്ടെ. അത് കഴിഞ്ഞു ആർജവത്തോടെ വരട്ടെ ''ഹരിത കേരളം' എന്ന ''നന്മയുടെ വിത്തിടാൻ''. അല്ലെങ്കിൽ ഈ സർക്കാർ വിതയ്ക്കുന്ന വിത്തെല്ലാം തിന്മയുടേതാകും. ആ വിത്തുകൾ പാറമടകളിലും,  വരണ്ട പുഴകളിലും,പാടത്തും കിടന്നു പ്രകൃതി നാശത്തിന്റെ മുളകളായി നാമ്പെടുക്കും. നാട് നശിക്കും.    

Sunday, December 4, 2016

ദേശീയ ഗാനം.

 സിനിമ തുടങ്ങുന്നതിനു മുൻപ് എല്ലാ സിനിമാ തിയേറ്ററുകളിലും ദേശീയ ഗാനം ഇടണം എന്ന് സുപ്രീം കോടതി വിധി വന്നിരിക്കുന്നു. ആ സമയം ദേശീയ പതാക സ്‌ക്രീനിൽ കാണണമെന്നും എല്ലാവരും എഴുനേറ്റു നിൽക്കണമെന്നും ആണ് നിർദ്ദേശം.

'' അടുത്ത കാലത്തു ജനം പലതും വായിക്കുന്നുവെങ്കിലും ദേശീയതയെ കുറിച്ചുള്ള കാര്യങ്ങൾ പഠന വിധേയമാക്കാറില്ല. ആഗോളീകരണം ഒക്കെ ശരി  തന്നെ പക്ഷേ സംസ്കാരത്തിന്റെയും വിജ്ഞാനത്തിന്റെയും ഒക്കെ ഉറവിടം ആണ് ഭാരതം. ദേശീയ ഗാനത്തിനും ദേശീയ പതാകയ്ക്കും ആദരവ് നൽകുന്ന ഒരു രാഷ്ട്രമാണ് ഭാരതം എന്ന് ജനങ്ങൾക്ക് അനുഭവവേദ്യമാകണം.'' -സുപ്രീം കോടതി പറഞ്ഞു. 

ഇതിനെതിരെ പലരും  രംഗത്ത് എത്തിക്കഴിഞ്ഞു. ഇത് ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുഎന്നും അതിലേക്കുള്ള ഒരു കടന്നു കയറ്റം ആണെന്നും ഒരു കൂട്ടം  പറയുന്നു. മറ്റൊരു കൂട്ടരാകട്ടെ രാജ്യ സ്നേഹം അടിച്ചേൽപ്പിക്കേണ്ടതല്ല എന്നും.

പണ്ടും സിനിമാ തിയേറ്ററുകളിൽ ദേശീയ ഗാനം ഇടുന്ന പതിവ് ഉണ്ടായിരുന്നു. സിനിമ കഴിഞ്ഞ ഉടൻ ദേശീയ ഗാനം. അത് പോലെ വൈകുന്നേരം പള്ളിക്കൂടം വിടുന്നതിനു മുൻപ് ജനഗണ മന ആലപിക്കുന്ന പതിവ് ഉണ്ടായിരുന്നു. (ജനഗണ മന എന്നായിരുന്നു കുട്ടികൾ പറഞ്ഞിരുന്നത്). അത് പോലെ പൊതു ചടങ്ങുകളിൽ അവസാനം  ദേശീയ ഗാനം ആലപിക്കാറുണ്ടായിരുന്നു.   അങ്ങിനെ ദേശീയ ഗാനം നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. 

കാല ക്രമേണ  ദേശീയ ഗാനം ആലപിക്കുന്നത് ഒഴിവാക്കിത്തുടങ്ങി. പൊതു ചടങ്ങുകളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നുമൊക്കെ ദേശീയ ഗാനത്തെ ഒഴിവാക്കിയത്  ബോധ പൂർവമായിരുന്നോ എന്നത് ചിന്തിക്കേണ്ടി ഇരിക്കുന്നു. ദേശീയ ഗാനം ഒരു ദേശീയത ബോധം ഉണർത്തും എന്നൊരു ചിന്ത ആയിരിക്കാം അതിനെ ബുദ്ധിപൂർവം ഒഴിവാക്കിയതിന് പിന്നിലുള്ള കാരണം എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.

ഈ വിധി ജനങ്ങളുടെ സ്വാതന്ത്ര്യത്തെ എങ്ങിനെ ബാധിക്കുന്നു എന്ന് മനസ്സിലാകുന്നില്ല.സർവ സ്വതന്ത്ര സ്വാതന്ത്ര്യം അല്ലല്ലോ ലോകത്തു ഒരു രാജ്യത്തും. എല്ലായിടത്തും നിയന്ത്രണ വിധേയമായ സ്വാതന്ത്ര്യം മാത്രമേ ഉള്ളൂ.നിരത്തിൽ വാഹനം ഓടിക്കാൻ സ്വാതന്ത്ര്യം ഉണ്ട്. അത് നിയമങ്ങൾക്കു അനുസരിച്ചു വേണം. അത് പോലെ സ്വന്തം മുറിയുടെ ഭിത്തികൾക്ക് അകത്ത്  നഗ്‌നത ആകാമെങ്കിലും സ്വാതന്ത്ര്യം എന്ന് പറഞ്ഞു പൊതു സ്ഥലത്തു നഗ്‌നത പാടില്ലല്ലോ. സ്വന്തം വീടിന്റെ ബാൽക്കണിയിൽ പോലും നഗ്‌നതാ പ്രദർശനം പാടില്ല. എല്ലാ സ്വാതന്ത്ര്യവും നിയമങ്ങൾക്കും അതിലൂടെയുള്ള നിയന്ത്രണങ്ങൾക്കും വിധേയമാണ് .അത് കൊണ്ട് സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്ന വാദഗതി തീർത്തും ബാലിശമാണ്. ദേശീയ ഗാനം ആലപിക്കുമ്പോൾ വേണമെന്നുള്ളവർ എണീറ്റ് നിന്നാൽ മതി എന്ന് കേരളത്തിൽ മന്ത്രി ബാലൻ പറയുകയുണ്ടായി. അദ്ദേഹം വക്കീൽ പരീക്ഷ പാസായ ആളാണെന്നു തോന്നുന്നു. എന്നിട്ടു പോലും സുപ്രീം കോടതി വിധിയെ ഇങ്ങിനെ ധിക്കരിക്കാൻ  പ്രേരിപ്പിച്ചത് എന്താണെന്നു മനസ്സിലാകുമല്ലോ. നിയമ സഭയിൽ സ്പീക്കർ പ്രവേശിക്കുമ്പോൾ എല്ലാവരും എണീക്കുന്നു. അതെന്തിനാണ്? ആ  കൂട്ടത്തിൽ ശ്രീ ബാലൻ എണീക്കാറില്ലേ? അതോ വേണമെങ്കിൽ എണീറ്റാൽ മതി എന്ന നിലപാടാണോ അവിടെ അദ്ദേഹം എടുക്കുന്നത്?

രാജ്യ സ്നേഹം അടിച്ചേൽപ്പിക്കുന്നു എന്ന് പറയുന്നു ചിലർ. ഒരു രാജ്യത്തുള്ളവർ ആ രാജ്യത്തോട് കൂറ് പുലർത്താൻ ബാധ്യസ്ഥരാണ്.അത് ഭാരതത്തിൽ മാത്രമല്ല ലോക രാജ്യങ്ങളിൽ എല്ലായിടത്തും ഉള്ള നിയമം തന്നെയാണ്. കൂറ് പുലർത്താത്തവരെയാണ് രാജ്യ ദ്രോഹി എന്ന് വിളിക്കുന്നത്. അപ്പോൾ രാജ്യ സ്നേഹം നിർബന്ധിതമാണ്. അത് അടിച്ചേൽപ്പിക്കുകയല്ല ഇവിടെ ചെയ്യുന്നത്. അത് മനസ്സിലാക്കിക്കൊടുക്കുക ആണ് ഈ വിധിയിലൂടെ സുപ്രീം കോടതി ചെയ്തത്.

ഇതൊന്നും അറിയാത്തവരല്ല ഈ വിധിക്കെതിരെ പറഞ്ഞു  നടക്കുന്നവർ. സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തുന്നവർ ആണവർ. ഭാരതത്തിന്റെ അഖണ്ഡതയെ വെല്ലു വിളിക്കുന്നവർ. 

ദേശീയ ഗാനം തിയേറ്ററുകളിൽ ആലപിക്കുകയും അപ്പോൾ ബഹുമാന സൂചകമായി എണീറ്റ് നിൽക്കുകയും ചെയ്‌താൽ എന്താണ് ദോഷം വരുന്നത്? 
Thursday, December 1, 2016

കടും വെട്ട്

കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ അവസാന കാലത്തു കുറെ  ഉത്തരവുകൾ ഇറക്കി. കേരളത്തെ  സ്വകാര്യ വ്യക്തികൾക്ക് വിറ്റുതുലയ്ക്കുന്ന തീരുമാനങ്ങൾ  ആയിരുന്നു അവ. റബ്ബർ മരം മുറിക്കുന്നതിന് മുൻപ് പാല് ഊറ്റിയെടുക്കാനുള്ള വെട്ട് പോലെ കടും വെട്ട്. അത് പോലെ പണം ഊറ്റിയെ ടുക്കാനുള്ള കടും വെട്ടു ഉത്തരവുകൾ ആയിരുന്നു അവ.

378 ഏക്കർ മെത്രാൻ കായൽ, സന്തോഷ് മാധവന്റെ പുത്തൻവേലിക്കര, കടമക്കുടി, 750 ഏക്കർ ഹോപ്പ് പ്ലാന്റേഷൻ ഭൂമി, ചെമ്പ് ഭൂമി, വിജയ മല്യക്ക് പാലക്കാട് കൊടുത്ത ഭൂമി, 833 ഏക്കർ കരുണ എസ്റ്റേറ്റ്, തുടങ്ങിയ, കോടികൾ കമ്മീഷൻ ഇനത്തിൽ മറിയുന്ന  അനവധി ഭൂമി കച്ചവടങ്ങൾ.

ഈ കടുംവെട്ടുകൾ ആണ് പിണറായിയെ അധികാരത്തിൽ എത്തിച്ചതിന്റെ മുഖ്യ കാരണം.  പിണറായി മന്ത്രി സഭ വന്നപ്പോൾ കടും വെട്ടു ഉത്തരവുകൾ എല്ലാം പരിശോധിക്കാനായി മന്ത്രി ബാലന്റെ അധ്യക്ഷതയിൽ,തോമസ് ഐസക്ക്,സുനിൽ കുമാർ,മാത്യു തോമസ്,ശശീന്ദ്രൻ എന്നിവരെ ഉൾപ്പെടുത്തി  ഒരു മന്ത്രിസഭാ ഉപ സമിതിയെ നിയോഗിച്ചു. കഴിഞ്ഞ ജൂണിൽ ഈ കമ്മിറ്റി പറഞ്ഞത് 127 ഉത്തരവുകൾ പരിശോധിച്ച് എന്നും അതെല്ലാം ക്രമ വിരുദ്ധം എന്ന്. ഇനിയും കൂടുതൽ ഉത്തരവുകൾ പരിശോധിക്കാനുണ്ട് എന്നും.കമ്മിറ്റി വന്നിട്ട് മാസം 6 കഴിഞ്ഞു. ഒന്നും സംഭവിച്ചില്ല. ഇപ്പോഴും പരിശോധിച്ചു കൊണ്ടിരിക്കുന്നു.

ഇതൊരു ഒത്തു കളിയാണ്. തെരെഞ്ഞെടുപ്പിനു മുൻപ് തന്നെ കടും വെട്ടു ഉത്തരവുകൾ എല്ലാം ക്രമ വിരുദ്ധവും അഴിമതി നിറഞ്ഞതും കോടികൾ കൈക്കൂലി വാങ്ങിയതും ആണെന്ന് ജനം അറിഞ്ഞു കഴിഞ്ഞു. അത് മുതലെടുത്തു അഴിമതി തുടച്ചു നീക്കും എന്ന് തെറ്റി ധരിപ്പിച്ചു പിണറായി സർക്കാർ അധികാരത്തിൽ വന്നു. ഒരു ഉപ സമിതിയെയും നിയമിച്ചു.

കാര്യത്തോട് അടുത്തപ്പോഴാണ് ഈ അഴിമതിയുടെ അനന്ത സാധ്യതകൾ അവരും മനസ്സിലാക്കുന്നത്. ഭൂ മാഫിയയും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഉൾപ്പെട്ട ഒരു അവിശുദ്ധ കൂട്ടുകെട്ട് കേരളത്തിൽ ഉണ്ട്. ഇടതു-വലതു മുന്നണി ഭേദമില്ലാതെ എല്ലാവരും അതിൽ പങ്കുകാരാണ്.അത് കൊണ്ടാണ് 6 മാസമായിട്ടും ഉപ സമിതിയുടെ പരിശോധന എങ്ങുമെത്താതെ ഇങ്ങിനെ നീളുന്നത്. ഭൂ മാഫിയ ആകട്ടെ വളരെ ശക്തരും . ഉദ്യോഗസ്ഥരോ ഇതിൽ നിന്നും ഇടനിലക്കാരായി നിന്ന് സത്യം മറച്ചു വയ്ക്കുന്നു.

ഉമ്മൻ ചാണ്ടി വെട്ടിയ കടും വെട്ടിൽ നിന്നും ഇനിയും പണം ഒഴുകും എന്ന് പിണറായിക്ക് അറിയാം. അതിങ്ങു വരട്ടെ. അടുത്ത 5 വർഷം  ഭരണം കിട്ടിയില്ലെങ്കിലും ഇത് തന്നെ ധാരാളം.

Wednesday, November 30, 2016

മാവോവാദി വേട്ട

നിലമ്പൂർ വനത്തിൽ രണ്ടു മാവോ വാദികൾ പോലീസിന്റെ  വെടിയേറ്റു മരിച്ചു. അത് കഴിഞ്ഞുള്ള പ്രവർത്തികൾ പലതും ദുരൂഹം. മുഖ്യ മന്ത്രി ഇതേ വരെ ഒരക്ഷരം ഉരിയാടിയിട്ടില്ല. പിണറായി പറഞ്ഞിട്ട് അല്ല പോലീസ് വെടി വച്ചതു എന്ന് മന്ത്രി സുധാകരൻ പറയുന്നു. വനത്തിൽ ഒരു ഓപ്പറേഷന് പോകുമ്പോൾ വെടി  വയ്ക്കണോ എന്നൊക്കെ ഇങ്ങു തിരുവന്തപുരത്തു  ഇരുന്നു മുഖ്യ മന്ത്രി നിർദേശം കൊടുക്കാറില്ലല്ലോ. അത് കൊണ്ട് സുധാകരന്റെ പ്രസ്താവന അപക്വമായതു കൊണ്ട്  തള്ളിക്കളയാം. സാധാരണ ഗതിയിൽ പോലീസിന്റെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദി ആഭ്യന്തര മന്ത്രി ആയാണ് കണക്കാക്കുന്നത്. ഇവിടെ പിണറായി ആണ് ആഭ്യന്തര ചാർജ്. 

പിണറായി ഒന്നും പറയാത്തത് കൊണ്ട് 'മുണ്ടാട്ടം മുട്ടിയ' കുറെ ആളുകൾ ഉണ്ട്. സാംസ്ക്കാരിക പ്രവർത്തകർ എന്ന ലേബൽ ചാർത്തിക്കിട്ടിയ കുറെ വിവര ദോഷികൾ. എന്തിനും ഏതിനും കിടന്നു കുരയ്ക്കാനും ബഹളം വയ്ക്കാനും വേണ്ടിയുള്ളവർ. അവരെ ആരെയും ഇത് വരെ നിലമ്പുർ വെടി  വെയ്പ്പിനെ കുറിച്ച് പ്രതികരിക്കാനേ കണ്ടില്ല.

ഗുജറാത്തിലോ മധ്യ പ്രദേശിലോ മറ്റോ ആയിരുന്നവെങ്കിൽ ഈ ശുനകന്മാർ എല്ലാം കിടന്നു തുള്ളിയേനെ.  അവിടത്തെ മുഖ്യ മന്ത്രി മാത്രം ഉത്തരം പറഞ്ഞാൽ പോരാ ഇവർക്ക്. അങ്ങ് ഡൽഹിയിൽ ഇരിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദി തന്നെ അതിനു മറുപടി പറയണം.  പണ്ട് പുരസ്കാരങ്ങൾ തിരിച്ചു നൽകിയവർ ഉണ്ട്. ജെ.എൻ.യു.വിൽ ദേശ വിരുദ്ധ പ്രവർത്തനത്തിന് ഒരുത്തനു എതിരെ കേസെടുത്താൽ ഇവന്മാർ പ്രസ്താവന ഇറക്കും. ദാദ്രി സംഭവത്തിൽ അവാർഡ് തിരിച്ചു നൽകിയതാണ് സാറാ ജോസഫ്. കവി സച്ചിതാനന്ദൻ ആകട്ടെ അസഹിഷ്ണുതയിൽ പ്രതിഷേധിച്ചു കേന്ദ്ര സാഹിത്യ അക്കാദമി സ്ഥാനം രാജി വെച്ചു. ഈ കക്ഷികളാരും വായ് തുറന്നു കണ്ടില്ല. സാംസ്കാരിക  പ്രവർത്തകരും നായകരും ആരും നാവ് അനക്കിയിട്ടില്ല. അധികാര സ്ഥാനത്തിരിക്കുന്നവരുടെ കാലു നക്കാൻ മാത്രമേ ഇവർ നാവു ചലിപ്പിക്കൂ എന്നുണ്ടോ?

Saturday, November 26, 2016

ഇപ്പം പൊട്ടും

ഒരു സിനിമയിൽ നെടുമുടി വേണു തേങ്ങാ ''ഇപ്പം പൊട്ടും -ഇപ്പം പൊട്ടും''  എന്ന് പറയുന്നത് പോലെ രണ്ടു ദിവസം കൊണ്ട് മാധ്യമങ്ങൾ പ്രത്യേകിച്ച് ചാനലുകൾ " ദേ ഇപ്പം കഴിക്കും ഇപ്പം കഴിക്കും, ദിലീപ് കാവ്യയെ ഇപ്പം കല്യാണം കഴിക്കും" എന്ന് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ഇന് രാവിലെ "ദേ കഴിച്ചു" എന്നും പറഞ്ഞു അതിന്റെ വീഡിയോകൾ ഇടയ്ക്കിടെ സംപ്രേക്ഷണം ചെയ്തു കൊണ്ടിരുന്നു. ദിലീപിന്റെയും കാവ്യയുടെയും രണ്ടാം കല്യാണം ആണിത്. അത്  നമുക്ക് ഇത്ര കണ്ടു ആഘോഷം എന്തിന്?  ഇവരുടെ ഒക്കെ വിവാഹവും വിവാഹ മോചനവും ഇടയ്ക്കിടെ നടക്കുന്ന ഒരു ചടങ്ങായി മാറിയിരിക്കുന്നു. കല്യാണം കഴിഞ്ഞു പത്തു ദിവസം കഴിയുമ്പോൾ പറയും 'ഞങ്ങൾ മാനസികമായി അകന്നു കഴിഞ്ഞു- അതിനാൽ പിരിയുന്നു."  പൈങ്കിളി വാരികകളും, ചാനലുകളും  ആഘോഷമാക്കി അവരുടെ വരുമാനവും റേറ്റിങ്ങും കൂട്ടും.

ഇത്തരം വാരികകൾ വായിക്കാനും ചാനലുകൾ കാണാനും ആസ്വദിക്കാനും ആളുകൾ ഉള്ളത് കൊണ്ടല്ലേ അവരിങ്ങനെ തരം താണ വാർത്തകൾ ഇട്ടു കൊണ്ടിരിക്കുന്നത്? അത് മാധ്യമങ്ങളുടെ മാത്രമല്ല ജനങ്ങളുടെ അധമ വികാരം തന്നെയാണ് കാണിക്കുന്നത്. ഈ സിനിമാക്കാരൊക്കെ വിവാഹം കഴിച്ചാലോ വിവാഹ മോചനം നടത്തിയാലോ സമൂഹത്തിനു എന്ത് ഗുണപരമായ മാറ്റം ആണ് ഉണ്ടാകുന്നത്? ജനങ്ങൾക്ക് എന്ത് പ്രയോജനം ആണ് ഉണ്ടാകുന്നത്? മറിച്ച്‌ വിവാഹ മോചനം എന്നത്, രണ്ടാം കല്യാണം എന്നത് ഒക്കെ നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല എന്ന് കരുതുന്ന സമൂഹം ( മുതലാക്ക് ഇവിടെ പറയുന്നില്ല,കാരണം അത് പാവം ഭാര്യമാരെ ഒഴിവാക്കാൻ ആണുങ്ങൾ കണ്ടു പിടിച്ച ഒരു വഴിയാണ്)  ഈ വിവാഹ മോചനങ്ങളെ എന്തിനു ആഘോഷിക്കുന്നു?

ചാനലുകളും വാർത്ത വിറ്റു കാശാക്കുന്നവരാണ്. പക്ഷെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും മേളം തന്നെ. ഓരോരുത്തരും 'ഞാൻ മുമ്പേ ഞാൻ മുമ്പേ' എന്ന രീതിയിൽ വിവരണവും പടങ്ങളും. കഷ്ട്ടം.അവരൊക്കെ സിനിമയിൽ അഭിനയിക്കുന്നു. അത് അവരുടെ ജോലി. കാശുണ്ടാക്കുന്നു. അത് കുറെ നികുതി കൊടുക്കാതെ കള്ളപ്പണം ആക്കുന്നു. എന്നിട്ടു സുഖ ലോലുപരായി ജീവിക്കുന്നു. നമ്മൾ കുറേപ്പേർ അവരെ ആരാധിക്കുന്നു. വായു നോക്കികൾ.

നമ്മൾ ഇത്രയും അവരെ ആരാധിക്കുന്നത്,സ്തുതിക്കുന്നത് എന്തിനാണ്? അവർ സമൂഹത്തിനു ഏതെങ്കിലും ചെയ്യുന്നുണ്ടോ? സാധാരണ ഒരാളെ പ്പോലെ കാശുണ്ടാക്കുന്നു, ആസ്വദിക്കുന്നു. എത്ര കോടികളാണ് ഈ മെഗാ സൂപ്പർ സ്റ്റാറുകളുടെ കയ്യിൽ ഉള്ളത്? അതിൽ ഒരു പൈസ എങ്കിലും സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന ഒരാൾക്കെങ്കിലും ഈ താരങ്ങൾ കൊടുത്ത ചരിത്രം ഉണ്ടോ? ഇല്ല. പണം ഉണ്ടാക്കുന്നു. വീണ്ടും വീണ്ടും വാരിക്കൂട്ടുന്നു.

ഈ താരാരാധനയും അനുബന്ധ കാര്യങ്ങളും ഒരു പത്തു വർഷത്തിനിപ്പുറമുണ്ടാക്കിയ സംഭവങ്ങൾ ആണ്. മോഹൻലാലും മമ്മൂട്ടിയും അഭിനയം തുടങ്ങി കുറെ വർഷം ഇതൊന്നും ഇല്ലായിരുന്നു. സിനിമാക്കാരാണ് ഇത് ഉണ്ടാക്കിയത്. പണമുണ്ടാക്കാൻ ഓരോ താരത്തെയും അവർ ഒരു വിഗ്രഹമാക്കി. അവരും അത് ആസ്വദിച്ചു. വിഡ്ഢികളായ ജനം ഓരോ വിഗ്രഹത്തിന്റെയും പുറകെ പോയി. ആ വിഗ്രഹം കള്ളു  കുടിച്ചാൽ അത് നല്ലത്, വ്യഭിചാരിച്ചാൽ  അത് നല്ലത്. വിവാഹം കഴിച്ചാൽ നല്ലത്, ഒഴിഞ്ഞാൽ നല്ലത്. അങ്ങിനെയൊരു ട്രെൻഡ് ആക്കി സിനിമാക്കാർ. മണ്ടന്മാരായ ജനം ആ ട്രാപ്പിൽ വീണു.

 കല്യാണം കഴിഞ്ഞു ദിലീപ് പറയുകയാണ് " ഞാൻ അന്നേ   പറഞ്ഞില്ലേ കല്യാണം കഴിക്കുമ്പോൾ ചാനലുകളെ അറിയിക്കും എന്ന്" ഇതെന്താ ചാനലുകാരാണോ ഇയാളുടെ അമ്മാവന്മാർ? ആദ്യ രാത്രി കൂടി ചാനലുകാരോട് ചോദിക്കുമോ? ലൈവ് കാണിക്കുമോ? മറ്റൊരു വില്ലത്തരം. 'ഞാൻ എന്റെ മോളോട് ചോദിച്ചു അനുവാദം വാങ്ങിയിട്ടാണ് കല്യാണം കഴിക്കുന്നത്' എന്ന്. ഇനി രാത്രിക്കാര്യം കൂടി മോളോട് ചോദിച്ചു അനുവാദം വാങ്ങുമോ എന്തോ.  പത്രക്കാർ അതിലും വിചിത്രം.മോളോട് ചോദിക്കുന്നു 'ഇപ്പോൾ എന്ത് തോന്നുന്നു?' ആ കൊച്ചിന് എന്ത് തോന്നാനാണ്. എന്നാലും അതിന്റെ മറുപടിയും വിചിത്രം. ''സന്തോഷം തോന്നുന്നു''.

ഇത്രയും ഒക്കെ കണ്ടും കെട്ടും ആരാധകരായ ജനം വിജൃംഭിതരായി..  
മറ്റൊരു താരത്തിന്റെ രണ്ടാം കെട്ടിന് ആകാംക്ഷയോടെ കാത്തിരിക്കുന്നു. വാട്സാപ്പും ഫേസ് ബുക്കും തയ്യാറാക്കി- ഫോട്ടോ ഇടാൻ.

Wednesday, November 23, 2016

ഉദരംഭരികൾ.


മോഹൻലാൽ മോദിയുടെ നോട്ട് പിൻവലിക്കലിനെ അനുമോദിച്ചു സംസാരിച്ചു. എന്തോ അക്ഷന്തവ്യമായ തെറ്റ് ചെയ്തത് പോലെ ലാലിന് നേരെ ശുനകന്മാരെല്ലാം കുരച്ചു ചാടുകയാണ്.

സ്ഥാന മാനങ്ങൾ എന്ന അപ്പക്കഷണത്തിന് വേണ്ടി അധികാരികളുടെ മുന്നിൽ വാലാട്ടി നിൽക്കുന്ന സാഹിത്യകാരന്മാരും കലാകാരന്മാരും ആണ് നമ്മുടെ നാട്ടിൽ അധികവും.. വല്ല അക്കാദമിയുടെ ചെയർമാൻ,സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ. സാഹിത്യ അക്കാദമി,ലളിത കലാ അക്കാദമി,ചലച്ചിത്ര അക്കാദമി, പിന്നെ കുറെ വികസന കോർപ്പറേഷനുകൾ. ഓരോ [പാർട്ടി അധികാരത്തിൽ വരുമ്പോഴും അവരുടെ ആൾക്കാരായി മാറും ഈ അവസരവാദികൾ. പിന്നെ  ഇവർ തമ്മിൽ അടിയും ഉണ്ട്. ഏഷണി പറഞ്ഞു ഒരുത്തനെ പുറത്തു ചാടിച്ചു അവിടെ കയറി പറ്റുക തുടങ്ങിയ തറ പരിപാടികൾ. ഭക്ത കവിയായ പൂന്താനം പറഞ്ഞത് പോലെ 

"സ്ഥാന മാനങ്ങൾ ചൊല്ലിക്കലഹിച്ചു
നാണം കെട്ടു നടക്കുന്നിതു ചിലർ "

അതാണ് നമ്മുടെ സാസ്കാരിക രംഗം.

കൂടുതലും ഇടതു വലതു പാർട്ടികളെ താങ്ങുന്നവരാണ് ഭൂരിഭാഗവും. ആദർശം കൊണ്ടോ അതിലുള്ള വിശ്വാസം കൊണ്ടോ അല്ല.ആദർശം പാർട്ടിക്കും ഇല്ലല്ലോ. ഇടതും കോൺഗ്രസ്സുമാണ് കേരളത്തിൽ അധികാരത്തിൽ വരുന്നത്കൊണ്ട് തന്നെയാണ്.

നല്ല ഫുൾ സ്വിങ്ങിൽ നിൽക്കുമ്പോൾ ഇവർ ആരുമായും വലിയ അടുപ്പമൊന്നും കാണിക്കാറില്ല. പ്രത്യേകിച്ചും സിനിമാ നടന്മാർ.നല്ല കാശ്. പ്രശസ്തി. ഇതൊക്കെ കണ്ടു രാഷ്ട്രീയക്കാർ കൂടെ വരും. പിന്നെന്തിനു അവരുടെ പുറകെ പോകണം? പടമൊക്കെ ഇല്ലാതായി ഷെഡിൽ കേറുമ്പോഴാണ് ഇവരുടെ പാർട്ടി സ്നേഹം വരുന്നത്. ഇവർ ഒന്നിനെയും കുറിച്ച് അഭിപ്രായം പറയില്ല. ബലാത്സംഗം നടന്നാലും കൊലപാതകം നടന്നാലും എന്ത് ദുരന്തം ഉണ്ടായാലും വായ് തുറക്കില്ല.പറഞ്ഞാൽ അവരുടെ സിനിമാ ഓടാതിരുന്നാലോ? മിണ്ടാതെ പല്ലും ഇളിച്ചു നടക്കും.

മോഹൻ ലാൽ  നരേന്ദ്ര മോദി യെ പ്രകീർത്തിച്ചു സംസാരിച്ചു. കേരളമാകെ പ്രശ്നമായി. സിനിമാക്കാർ,രാഷ്ട്രീയക്കാർ തുടങ്ങി എല്ലാവരും ലാലിനെ തെറി വിളി തുടങ്ങി. ഇനി മോഹൻ ലാൽ മോദിയുടെ പരിപാടി മോശമാണെന്ന് ആണ്  പറഞ്ഞത് എങ്കിലോ? ഈ വായ്‌നോക്കികൾ എല്ലാവരും അങ്ങേരെ പൊക്കിപ്പിടിച്ചു നടന്നേനെ. കാരണം ഭരിക്കുന്നത് മാർക്സിസ്റ് കാരാണ്. അവരോടൊപ്പം നിൽക്കുകയാണ് കോൺഗ്രസ്സും  ചില്ലറ പാർട്ടികളും. അത് കൊണ്ട് രണ്ടു കൂട്ടരുടെയും കൂടെ നിൽക്കുകയല്ലേ വല്ല ഗുണവും കിട്ടാനുള്ള വഴി.

വി.ഡി. സതീശൻ മോഹൻലാലിനെതിരെ പറയുകയുണ്ടായി. പാവങ്ങളുടെ കണ്ണീരൊപ്പുന്ന സതീശൻ ഇത്രയും ദിവസം ചിലവിനു എങ്ങിനെ പണം ഒപ്പിച്ചു? ബാങ്കിൽ ക്യൂ നിന്നോ? പണം കിട്ടാതെ പട്ടിണിയായോ? ഏതെങ്കിലും എം.എൽ.എ.യെയോ മന്ത്രിയെയോ രാഷ്ട്രീയക്കാരെയോ ഏതെങ്കിലും ക്യൂ വിൽ ആരെങ്കിലും കണ്ടോ? ഇല്ല. അവർക്ക് വേറെ വഴികളുണ്ട്. വി.ഡി. സതീശൻ എത്ര പണം ആണ് തെരെഞ്ഞെടുപ്പിനു ചെലവാക്കിയത്?അതെല്ലാം ശരിയായ കണക്കുള്ള പണം ആണോ? 

കൈതപ്രം പറയുകയാണ് മോഹൻലാൽ നന്ദി ഇല്ലാത്തവനാണ് എന്ന്. കൈതപ്രം എന്തെങ്കിലും ചെയ്തു കൊടുത്തിരുന്നോ? സിനിമാ രംഗത്ത് അങ്ങോട്ടും ഇങ്ങോട്ടും ആരും കടപ്പെട്ടിട്ടില്ല. ആരും ആർക്കും ഒരു സഹായവും ചെയ്തു കൊടുക്കില്ല. രാഷ്ട്രീയം പോലെ തന്നെയാണ്. ഗുണം കിട്ടുന്ന കാര്യങ്ങളിൽ അങ്ങോട്ടും ഇങ്ങോട്ടും മുതുകു ചൊറിഞ്ഞു കൊടുക്കും.പണം  ആണ് പണം മാത്രം ആണ് അവിടെ ഒരേ ഒരു വിഷയം. ഓരോരുത്തരും സ്വന്തം കാര്യം നോക്കുന്നു. പണം ഉണ്ടാക്കുന്നു പ്രശസ്തി പിടിച്ചു പറ്റുന്നു. അതിനിടെ കൈതപ്രം എന്ത് സഹായിച്ചു? എന്ത് നന്ദി കാട്ടണം?

ഇവർ മോഹൻ ലാലിനെ പുലഭ്യം പറയുന്നത് ഇവരുടെ രാഷ്ട്രീയ യജമാനന്മാരെ  സന്തോഷിപ്പിക്കാനാണ്. അല്ലാതെ ഇവർക്ക് നിലവാരം ഒന്നുമില്ല. ഉദരംഭരികൾ. 

Saturday, November 19, 2016

പേന മാലിന്യം

പേന കൊണ്ട് എഴുതി തുടങ്ങുന്ന കാലത്തു മഷി പേന ആയിരുന്നു കുട്ടികൾക്ക്. ഫൗണ്ടൻ പെൻ. കയ്യക്ഷരം നന്നാകാൻ മഷി പേന വേണം എന്നായിരുന്നു അന്ന് പറഞ്ഞത്. കുറെ കഴിയുമ്പോൾ  പേന ''ലീക്ക്'' ആകും. പിടിച്ചെഴുതുന്ന ഭാഗത്തു കൂടിയാണ് മഷി നിറയ്ക്കുന്നത്. അവിടെ കൂടി മഷി അൽപ്പാൽപ്പം പുറത്തു വന്നു വിരലുകളിൽ പുരളുന്ന സംഭവം. അന്നും  ബാൾ പെൻ ഉണ്ടായിരുന്നു. മുകളിൽ ഞെക്കുമ്പം എഴുതാൻ പാകത്തിൽ  റീഫിൽ പുറത്തു വരുന്ന സ്പ്രിങ് ഉള്ള പേനകൾ. 

അന്ന് സാധാരണ കമ്പനികളുടെ പേനകൾ ആയിരുന്നു കുട്ടികൾക്ക്. സാറന്മാര് അൽപ്പം കൂടിയ പേന. അന്നും ചൈന പേന ഉണ്ടായിരുന്നു. made in  China. യൂത്ത്‌, ഹീറോ. യൂത്ത് പേനയുടെ ക്യാപ്പ് വെള്ളി നിറം. ഹീറോ ക്യാപ് സ്വർണ നിറം.

മുതിർന്നവരുടെ പേന ഉപയോഗിക്കാൻ കുട്ടികളെ അനുവദിക്കാറില്ലായിരുന്നു. അച്ഛൻ ഉപയോഗിച്ചിരുന്നത്  പാർക്കർ പേന ആയിരുന്നു. പാർക്കറിന്റെ പല തരം. പാർക്കർ 21. പിന്നെ പാർക്കർ 51.  സ്വർണം പൂശിയ ക്യാപ്പ്. (14 ക്യാരറ്റ് എന്ന് അതിൽ എഴുതിയിട്ടുണ്ട്)   ആ പാർക്കർ 51   ഇന്നും ഞാൻ  സൂക്ഷിച്ചു വച്ചിട്ടുണ്ട്.


                                                  Parker 51


കാലം മാറി. മഷി പേനകൾ അപ്രത്യക്ഷമായിക്കഴിഞ്ഞു. പകരം ബോൾ പേനകൾ നിറഞ്ഞു. പല തരം ബാൾ പേനകൾ. മഷി പോലെ എഴുതാവുന്ന ജെൽ പേനകൾ. ഒപ്പിടാൻ ഉള്ള സൈൻ പേനകൾ തുടങ്ങി വിവിധ തരങ്ങൾ. പണ്ട് കാലത്തുള്ള  അടപ്പില്ലാത്ത സ്പ്രിങ് ഉള്ള പേനകൾ അപ്രക്ത്യക്ഷമായി.   അടപ്പുള്ള പേനകൾ വന്നു. മാറ്റിയിടാവുന്ന റീഫില്ലുകളും അടുത്ത കാലം വരെ ഉണ്ടായിരുന്നു.

''ഉപയോഗിച്ചു കളയുക'' - ത്രോ എവേ സംസ്കാരത്തിന്റെ ഭാഗമായി ഒരു റീഫിൽ തീരുമ്പോൾ പേനയും   വലിച്ചെറിയുന്ന പേനകൾ വന്നതാണ് പുതിയ വിപ്ലവം. അതാണ്  നാടിന്റെ ദുരിതവും.ഇപ്പോൾ റീഫില്ലുകൾ കിട്ടാനില്ല. കിട്ടിയാലും ആരും വാങ്ങില്ല. അതിനു പകരം രണ്ടോ മൂന്നോ രൂപ കൊടുത്താൽ പേന   കിട്ടും. ഉപയോഗിച്ചു കഴിഞ്ഞു കളയുക പുതിയ പേന വാങ്ങുക. ഈ കളയുന്ന പേനകൾ ഒക്കെ ഉണ്ടാക്കിയിരിക്കുന്നത് പ്ലാസ്റ്റിക് കൊണ്ടാണ്. അത്രയും പ്ലാസ്റ്റിക് ആണ് നമ്മുടെ മണ്ണിൽ കുന്നു കൂടുന്നത്. ഒരിക്കലും നശിക്കാതെ ഇങ്ങിനെ കിടക്കും. ഇത് ഒന്നോ രണ്ടോ പേന അല്ല. ആയിരക്കണക്കിന്, ലക്ഷക്കണക്കിന് ടൺ പ്ലാസ്റ്റിക് പേനകൾ ആണ് നമ്മൾ ഈ ഭൂമിയിലേയ്ക്ക് തള്ളുന്നത്.


                      ഉപയോഗിച്ചു കളഞ്ഞ പേനകൾ

സ്‌കൂളുകളും കോളേജുകളും ആയി കേരളത്തിൽ  15000 ത്തിനു മുകളിൽ കാണും. ഓരോ സ്‌കൂളിൽ നിന്നും ശരാശരി 1  ലക്ഷം പേനയാണ് ഓരോ വർഷവും  ഉപയോഗത്തിന് ശേഷം കളയുന്നത്. അങ്ങിനെ 15000 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നാകുമ്പോഴൊ?  15000   ലക്ഷം. അതായത് 150 കോടി?  ഈ  മാലിന്യം ഒരിക്കലും നശിക്കാതെ  ഇങ്ങിനെ കുന്നു കൂടി ക്കൊണ്ടിരിക്കുന്നു.


       
       പഴയ വലിച്ചെറിഞ്ഞ പേന ശേഖരിച്ച്‌  കുട്ടികൾ


ഈ സംസ്കാരം മാറ്റിയെടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അതിനായി കുട്ടികളുടെ ഇടയിൽ ബോധവൽക്കരണം നടത്തണം.പേന വലിച്ചെറിയുന്നതിന് പകരം റീഫിൽ മാറ്റിയിടാൻ അവരെ പ്രേരിപ്പിക്കണം. മാതാപിതാക്കൾ ആണ് ആദ്യം പറഞ്ഞു മനസ്സിലാക്കേണ്ടത്. അധ്യാപകരുടെ  മനസ്സും സേവനവും  കൂടി  വേണം  പൂർണതയിൽ എത്താൻ.

ഉപയോഗിച്ചു  വലിച്ചെറിയുന്ന പേനകൾക്കു പകരം നൽകാൻ ആവശ്യത്തിന് റീഫില്ലുകൾ വേണ്ടി വരും. അതിനു അന്യ സംസ്ഥാന കമ്പനികളെ ആശ്രയിക്കാതെ സ്റ്റാൻഡേർഡ് സൈസ് റീഫിൽ കേരളത്തിലെ ഏതെങ്കിലും പൊതു മേഖല വ്യവസായ സ്ഥാപനത്തിൽ നിർമിക്കണം. (ഒന്നോ രണ്ടോ ലക്ഷം രൂപയുടെ മെഷീൻ മതി അതിന്. ഇനി അതിനു വേണ്ടി ഒരു '' കേരള റീഫിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ'' ഉണ്ടാക്കാതിരുന്നാൽ മതി) അത്തരം റീഫില്ലുകൾ സൗജന്യമായോ, കുറഞ്ഞ വിലയ്‌ക്കോ വിദ്യാർത്ഥികൾക്ക് സ്ഥിരമായി സ്‌കൂളുകളിൽ നിന്നും നൽകണം. അങ്ങിനെയെങ്കിൽ പുതിയ പേനയ്ക്കു പകരം റീഫിൽ മാറ്റിയിടാൻ വിദ്യാർത്ഥികൾ തയ്യാറാകും.  ആ റീഫില്ലിനു പറ്റിയ പേനകളും ആ ഫാക്ടറിയിൽ നിർമിക്കാം. അതോടെ പേനയും കുറഞ്ഞ വിലയ്ക്ക് നൽകാൻ കഴിയും.

പ്ലാസ്റ്റിക് പേനയ്ക്കു പകരം മണ്ണിൽ അലിയുന്ന (ബയോ ഡിഗ്രെഡബിൾ) എന്തെങ്കിലും വസ്തുക്കൾ കൊണ്ട് പേന നിർമിക്കുന്ന കാര്യം ആലോചിക്കണം. മണ്ണ്,പഴയ പത്രക്കടലാസ് തുടങ്ങിയവ ഉപയോഗിച്ചു പേന  ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യ ഒക്കെ കാണും. എളുപ്പം നോക്കി നമ്മൾ പ്ലാസ്റ്റിക് കൊണ്ട് ഉണ്ടാക്കുന്നു എന്നേ ഉള്ളൂ. ഭരണാധികാരികൾ ഇതിൽ താൽപര്യമെടുക്കണം. നശിച്ചു കൊണ്ടിരിക്കുന്ന ഭൂമിയെ രക്ഷിക്കാനുള്ള ബാധ്യത ഓരോ ആൾക്കും ഉണ്ട് എന്നൊരു ബോധം നമുക്ക് വേണം.

Saturday, November 12, 2016

കള്ളപ്പണം

നരേന്ദ്ര മോദിയുടെ നോട്ട് പിൻവലിക്കൽ കൊണ്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങൾ  ആരെന്നു നോക്കാം.

1. അഴിമതിയിലൂടെ ലക്ഷങ്ങളും കോടികളും വാങ്ങിക്കൂട്ടിയ മന്ത്രിമാർ-എം.എൽ.എ.മാർ-രാഷ്ട്രീയക്കാർ-ഉദ്യോഗസ്ഥർ.

2. ഗുണ്ടാപ്പിരിവിലൂടെ പണം വാരിക്കൂട്ടിയ ഗുണ്ടകൾ.

3.ഗൾഫിൽ വിദേശ കറൻസി വാങ്ങി ഇവിടെ ഇന്ത്യൻ റുപ്പി കൊടുക്കുന്ന കുഴൽപ്പണക്കാർ

 4. ബ്ളാക്ക് മണി യിലൂടെ, (വില കുറച്ചു കാണിച്ചും)  ഭൂമി കച്ചവടം നടത്തുന്ന ഭൂ മാഫിയ.

5.  നികുതി കൊടുക്കാതെ കള്ള സ്വർണം വാങ്ങുന്ന സ്വർണ വ്യാപരികൾ.

6. വില കുറച്ചു കാണിച്ചു നികുതി വെട്ടിക്കുന്ന ഫ്‌ളാറ്റ്‌ നിർമാതാക്കൾ.

7 . തലവരിപ്പണം വാങ്ങുന്ന മെഡിക്കൽ കോളേജുകൾ.

8. കള്ളപ്പണ നിക്ഷേപം സ്വീകരിച്ചു ഒത്താശ ചെയ്യുന്ന സഹകരണ ബാങ്കുകൾ.

9. സിനിമാ നിർമാതാക്കൾ.

10.  സ്വകാര്യ ഫൈവ് സ്റ്റാർ ആശുപത്രികൾ

സത്യത്തിൽ  ഇവരെയൊക്കെയാണ് ഇത് ബാധിച്ചത്. അനധികൃതമായി സമ്പാദിച്ച കുന്നു കണക്കിന് പണം 1000 -500 എന്ന നോട്ടുകൾ ആക്കിയാണ്  ഇവർ സൂക്ഷിച്ചിരുന്നത്. ഈ പണം ആഡംബര ജീവിതത്തിനും ഭൂമിയും ഫ്‌ളാറ്റുകളും  ആഡംബര വസ്തുക്കളും വാങ്ങിക്കൂട്ടാനും ആണ് ഉപയോഗിക്കുന്നത്.  എല്ലായ്പ്പോഴും ഇവരുടെയൊക്കെ പക്കൽ അനേക കണക്കിന് കോടികൾ ആണ് ഉള്ളത്. 1000 ത്തിന്റെ ഒരു കെട്ട് 1  ലക്ഷം രൂപയാണ്. അങ്ങിനെ 100 കെട്ട് ആയാൽ 1 കോടി ആയി. ഒരു കൈ സഞ്ചിയിലോ ബാഗിലോ ഇരിക്കുന്ന വലിപ്പം.  ബാങ്ക് ലോക്കറുകളിലോ, സുരക്ഷിതമായ സ്ഥലങ്ങളിലോ ആണ് ഇവർ ഇത് രഹസ്യമായി  സൂക്ഷിക്കുന്നത്. ആവശ്യം അനുസരിച്ചു നോട്ട് കെട്ടുകൾ പുറത്തെടുക്കും.

നവംബർ 8 ലെ മോദിയുടെ ചരിത്ര പ്രഖ്യാപനത്തിലൂടെ നഷ്ടത്തിലും കഷ്ട്ടത്തിലും ആയവർ മേൽപ്പറഞ്ഞവരാണ്.ഇങ്ങിനെ കുന്നു കൂട്ടി വച്ചിരുന്ന കള്ളപ്പണം ആകെ ഒറ്റ ദിവസം കൊണ്ട് ഇല്ലാതായി.

ഇതിനിടെ കേരള ധന മന്ത്രി, നോട്ട് പിൻ വലിച്ച നടപടി തെറ്റാണെന്നു പറയുന്നു. തൻറെ പുതിയ  സാമ്പത്തിക ശാസ്ത്രവുമായി നോട്ട് പിൻവലിച്ചതിനെ എതിർക്കുകയുണ്ടായി. ഇത്ര പെട്ടെന്ന് വേണ്ടിയിരുന്നില്ല എന്നാണു ആ ധന തത്വ ശാസ്ത്രജ്ഞൻ പറയുന്നത്. നവംബർ 30 വരെ അവധി കൊടുക്കണമായിരുന്നു എന്നാണ് തോമസ് ഐസക്ക് പറഞ്ഞത്. എന്നാലും കള്ളപ്പണം തടയുന്നതിൽ ഒരു വ്യത്യാസവും വരില്ലായിരുന്നു എന്ന്.

ആ പണ്ഡിതൻ പറയുന്ന സമയം കൊടുത്തിരുന്നുവെങ്കിൽ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാം. ഇവരുടെ കയ്യിൽ ഇരിക്കുന്ന കള്ളപ്പണം മുഴുവൻ അവർ പുറത്തിറക്കി വെളുപ്പിക്കും. 

1.  ബിനാമി പേരിൽ  വസ്തു,കെട്ടിടങ്ങൾ തുടങ്ങിയവ വാങ്ങും.കൂടുതൽ വില നൽകും. കള്ളപ്പണമാണല്ലോ.വില കൂട്ടി  കാണിച്ചാൽ വിൽക്കുന്ന ആൾക്ക് ഇൻകം ടാക്സ്  അടച്ചാലും ലാഭമാകും.
2 .  സ്വർണം വാങ്ങിക്കൂട്ടും. നോട്ടിന് പകരം സ്വർണം ഒളിച്ചു  വയ്ക്കും.
3.  മറ്റു രാജ്യങ്ങളിൽ കള്ളപ്പേരിൽ നിക്ഷേപിക്കും.
4. അനുയായികളെക്കൊണ്ട് ചെറിയ തുകകൾ ഇവന്മാർ വെളുപ്പിക്കും.  
5 . തെരെഞ്ഞെടുപ്പ്  സ്ഥലങ്ങളിൽ വോട്ടർമാർക്ക് ഇഷ്ട്ടം പോലെ കള്ളപ്പണം നൽകാം. ഓരോ വോട്ടർമാർക്കും കിട്ടുന്നത് തുശ്ചമായത് കൊണ്ട് ആ പാവങ്ങൾക്ക് വെളുപ്പിക്കാൻ പ്രയാസമില്ല. 

ഇങ്ങിനെ എണ്ണമറ്റ വഴികളാണ്  സമയം നീട്ടി നൽകിയിരുന്നവെങ്കിൽ  കള്ളപ്പണക്കാർക്കു മുന്നിൽ തുറന്നു കിടക്കുന്നത്. ഇതിലും വലിയ നൂറു നൂറു വഴികൾ അവർ കണ്ടു പിടിക്കുകയും ചെയ്തേനെ. ഒരു ഡോക്ടറേറ്റ് ഒക്കെ കിട്ടിയ തോമസ് ഐസക്കിന് സാമാന്യ ബുദ്ധിയിൽ വരുന്ന ഈ കാര്യങ്ങൾ പോലും അറിയില്ല എന്ന് നമ്മൾ വിശ്വസിക്കണോ?  

ഇതിലൊക്കെ വലിയ കാര്യം, അതായത് മാർക്സിസ്റ് പാർട്ടിയെ നേരിട്ട് ബാധിക്കുന്ന പ്രശ്നം ആണ് സഹകരണ മേഖലയിലെ കള്ളപ്പണം. ഇൻകം ടാക്സ് വകുപ്പിന്റെയോ റിസർവ് ബാങ്കിന്റെയോ നിർദ്ദേശങ്ങൾ നടപ്പാക്കാത്ത ഈ സഹകരണ ബാങ്കുകൾ,പ്രാഥമിക സഹകരണ സൊസൈറ്റികൾ എന്നിവയിൽ കോടിക്കണക്കിനു കള്ളപ്പണ നിക്ഷേപം ആണ് ഉള്ളത്. അതിൽ ഭൂരിഭാഗവും അധികാരത്തിൽ ഇരിക്കുന്ന പാർട്ടികളുടെ നേതാക്കളുടെയാണ്.അതൊന്നു വെളുപ്പിക്കാനാണ് സാവകാശം വേണമെന്നു ധന  മന്ത്രി പറഞ്ഞത്.സമയം നീട്ടിക്കിട്ടിയിരുന്നുവെങ്കിൽ കോടികൾ അവിടെ നിക്ഷപം നടത്തിയേനെ.ഇൻകം ടാക്സ് ഡിപ്പാർട്മെന്റ് പരിശോധന തുടങ്ങി ക്കഴിഞ്ഞു. അതും രക്ഷയില്ലാതായി. 

Wednesday, November 9, 2016

500-1000നരേന്ദ്ര മോദിനടത്തിയ അപ്രതീക്ഷിത പ്രഖ്യാപനം ആയിരുന്നു 500 -1000 നോട്ടുകൾ പിൻവലിക്കുക എന്നത്. 

പക്ഷെ അതിലും അപ്രതീക്ഷിതമായിരുന്നു കേരളത്തിലെ ധന മന്ത്രിയുടെ പ്രസ്താവന. "ആവശ്യത്തിന് സമയം കൊടുത്തിട്ടു വേണമായിരുന്നു നോട്ട് പിൻവലിക്കാൻ" എന്ന്. എന്തിനാണ്? കള്ളനോട്ടുകാരെയും കള്ളപ്പണക്കാരെയും സഹായിക്കാനോ? അങ്ങിനെ വെളുപ്പിക്കാൻ സമയം കൊടുത്തിട്ടു പിന്നെന്തിനാ നോട്ട് പിൻവലിക്കുന്നത്?

തോമസ് ഐസക്ക് ആകെ ഫിക്സിൽ ആണ്. പിണാറായിയുടെ നിരീക്ഷണത്തിൽ ആണ്. അതാണ് ഗീതാ ഗോപിനാഥിനെ ഉപദേശക ആക്കിയത്. അതിന്റെ ഒക്കെ നിരാശയിലുംദ്വേഷ്യത്തിലും ആണ് ഇങ്ങിനെ എന്തെങ്കിലും ഒക്കെ പറഞ്ഞു കൊണ്ടിരിക്കുന്നത്.

നികുതി പിരിവ് ശക്തമാക്കുകയാണ് വേണ്ടത്‌ എന്നാണു ഐസക്ക് പ്രധാന മന്ത്രിയോട് പറയുന്നത്. കേരളത്തിൽ ഏതാണ്ട് 40% നികുതി ആണ് വെട്ടിക്കുന്നതു. വാളയാറും, വേലന്താവളവും അമരവിളയും  ചെക്ക് പോസ്റ്റുകളിൽ നടക്കുന്ന നികുതി വെട്ടിപ്പ് നമുക്കറിയാമല്ലോ. പൈൻ സ്വർണ കച്ചവടക്കാരും മറ്റുള്ളവരും നടത്തുന്ന വെട്ടിപ്പ്. ഇതൊന്നും നോക്കാൻ കഴിയാത്ത ഐസക്ക് ആണ് പറയുന്നത് കേന്ദ്രം നികുതി വെട്ടിപ്പ് തടയണം എന്ന്.

ഭാരതത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ഒരു ശക്തമായ തീരുമാനം ആയിരുന്നു നോട്ട് പിൻവലിക്കൽ. അതിന്റെ ആകസ്മികത   ആയിരുന്നു അതിന്റെ വിജയം. അല്ലാതെ അടുത്ത വര്ഷം പിൻവലിക്കും എന്നൊരു പ്രഖ്യാപനം അല്ല വേണ്ടത്.

ഇതിനെതിരെ ഒരു പാട് പേർ രംഗത്തു വന്നിട്ടുണ്ട്. ഇന്നൊരു ടി.വി. ചാനലിൽ കണ്ടു ഒരു പെൺകൊച്ചു പറയുന്നത്. ''ഞങ്ങൾ പാവപ്പെട്ടവർക്ക് വലിയ ബുദ്ധിമുട്ടു ആയിപ്പോയി." പാവപ്പെട്ടവരെല്ലാം ആയിരവും അഞ്ഞൂറും നോട്ടുകൾ കൊണ്ടല്ലേ നടക്കുന്നത്. അതിൽ കുറഞ്ഞ ഒരു നോട്ടും പാവപ്പെട്ടവന്റെ കയ്യിൽ കാണുകയില്ലല്ലോ. പിന്നെ കാണിച്ചത് സ്വർണ കടയാണ്. കച്ചവടം മോശം എന്ന് കടക്കാരൻ പറയുന്നു.. ഓരോ കടയിലും എത്താൻ സ്വന്തം വിമാനം ഉള്ള മുതലാളിമാരാണ് ഇത് കൊണ്ട് കഷ്ടപ്പെട്ട മുതലാളിമാർ. ഇതൊക്കെയാണ് പാവപ്പെട്ടവർ അനുഭവിച്ച ബുദ്ധിമുട്ടുകൾ. 

ഒരു ചായയും വടയും അല്ലെങ്കിൽ ഒരു ദോശയും കഴിക്കാൻ കയറിയവരാണ് 500 ന്റെയും 1000 ത്തിന്റെയും നോട്ടുകൾ കൊടുത്തത്. ഇരുപത്തഞ്ചോ അമ്പതോ രൂപയുടെ ബില്ല് കൊടുക്കേണ്ടവർ. ഇതൊക്കെ വെപ്രാളപ്പെട്ട് കയ്യിലിരിക്കുന്ന വലിയ നോട്ടുകൾ മാറാൻ ശ്രമിച്ചവർ ആണ്.മാറാൻ ബാങ്കിൽ പോകാൻ മിനക്കെടാതെ നോട്ട് മാറാൻ ശ്രമിച്ചവർ. രാവിലെ 50 രൂപയ്ക്കു പെട്രോൾ അടിക്കാൻ ഒരാൾ 500 രൂപ നോട്ട് കൊടുക്കുന്നത് കണ്ടു.

 എല്ലാവരും 500 .ഉം 1000 ഉം മാത്രമാണോ കൊണ്ട് നടക്കുന്നത്? ഒരു ദിവസം 1000 വും 500 ഉം മാറിയില്ലെങ്കിൽ ജീവിക്കാൻ ബുദ്ധിമുട്ടുന്ന പാവങ്ങൾ.

ഏതായാലും ഈ തീരുമാനം വളരെ നന്നായി.രാജ്യത്തു കള്ളപ്പണം കുറയും. സാമ്പത്തിക വളർച്ച കൂടും. കള്ള നോട്ട് അടിച്ചു ഇവിടെ വിതരണം ചെയ്യുന്ന പാകിസ്ഥാൻ ISI യ്ക്കു ഇതിലൂടെ 500 കോടിയിലധികം നഷ്ട്ടപ്പെട്ടു എന്ന് ഒരു വാർത്ത കണ്ടു. ഇനി വരുന്ന നിയമ സഭ തെരഞ്ഞെടുപ്പുകളിൽ പണത്തിന്റെ സ്വാധീനം കുറയുകയും ചെയ്യും.

Monday, November 7, 2016

NDTV വിലക്ക്

The right to freedom of speech and expression would be

 “totally wrong and unacceptable in such a situation,” the Bench said: “Freedom of expression, like all other freedoms under Article 19, is subject to reasonable restrictions. An action tending to violate another person’s right to life guaranteed under Article 21 or putting the national security in jeopardy can never be justified by taking the plea of freedom of speech and expression.”
"അഭിപ്രായ സ്വാതന്ത്ര്യം  ആർട്ടിക്കിൾ 19 ൽ പറഞ്ഞിരിക്കുന്ന മറ്റു സ്വാതന്ത്ര്യങ്ങളെ പ്പോലെ സാമാന്യ നിയന്ത്രണങ്ങൾക്ക് വിധേയമാണ്.   അഭിപ്രായ സ്വാതന്ത്ര്യം എന്ന വാദം ഉന്നയിച്ചു  ആർട്ടിക്കിൾ 21 ഉറപ്പു നൽകിയിട്ടുള്ള ജീവിക്കാനുള്ള മറ്റൊരാളുടെ അവകാശത്തിൽ കൈ കടത്തുകയോ രാജ്യത്തിന്റെ സുരക്ഷയെ തകിടം മറിക്കുന്നത് ആയോ ഉള്ള പ്രവൃത്തിയെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല."

2012 ആഗസ്റ്റ് 29 നു സുപ്രീം കോടതി പ്രഖ്യാപിച്ച വിധിയുടെ ഭാഗമാണിത്. ജസ്റ്റീസുമാരായ അഫ്താബ് അലം, സി.കെ. പ്രസാദ് എന്നിവർ മുബൈ ഭീകരാക്രമണത്തിൽ അജ്മൽ കസബിന്റെ വധശിക്ഷ ശരി വച്ച് കൊണ്ടുള്ള വിധിയിലാണ് ഇങ്ങിനെ പറഞ്ഞത്.  മുംബൈ ആക്രമണത്തിന്റെ ദൃശ്യങ്ങൾ തത്സമയം പ്രക്ഷേപണം ചെയ്ത മാധ്യമങ്ങളുടെ പ്രവർത്തിയെ ആണ് കോടതി രൂക്ഷമായി വിമർശിച്ചത്. ചാനലുകളുടെ സംപ്രേക്ഷണം പാകിസ്ഥാനെ സഹായിക്കുക ആണുണ്ടായത്.


 “The shots and visuals could have been shown after all the terrorists were neutralised and the security operations were over. But, in that case, the TV programmes would not have had the same shrill, scintillating and chilling effect and would not have shot up the TRP ratings of the channels. It must, therefore, be held that by covering live the terrorists’ attack on Mumbai in the way it was done, the Indian TV channels were not serving any national interest or social cause. On the contrary, they were acting in their own commercial interests, putting the national security in jeopardy. It is in such extreme cases that the credibility of an institution is tested. The coverage of the Mumbai terror attack by the mainstream electronic media has done much harm to the argument that any regulatory mechanism for the media must come only from within.”

രാജ്യ താൽപ്പര്യങ്ങളെ ബലീ കഴിച്ചു കൊണ്ട് TRP റേറ്റിങ്ങിനുള്ള മത്സരമായിരുന്നു ചാനലുകൾ നടത്തിയത്  എന്നാണു സുപ്രീം കോടതി പറഞ്ഞത്. 

 NDTV ക്കു കേന്ദ്ര സർക്കാർ ഒരു ദിവസത്തേയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് തെറ്റാണെന്ന് ഇതേ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞാണ് ചാനലുകളും  ചില രാഷ്ട്രീയ കക്ഷികളും കരയുന്നത്.  പഞ്ചാബിലെ പത്താൻകോട്ട് ഭീകരാക്രമണം നടക്കുമ്പോൾ  തന്ത്ര പ്രധാന  വിവരങ്ങൾ  പ്രക്ഷേപണം ചെയ്യുന്നുണ്ടായിരുന്നു. മുംബൈ കേസിലേതു പോലെ ഭീകരർക്കും അവരെ നിയന്ത്രിക്കുന്ന പാകിസ്ഥാനും ഈ വിവരങ്ങൾ ആക്രമണത്തിന് ഉപയോഗ യോഗ്യമാകും.

ജനുവരി 4 ന് NDTV  പറഞ്ഞത് “two terrorists are alive, and there is a weapons depot near where they are. The soldiers, the National Security Guard officers, who are exchanging fire with the terrorists, are concerned that if the terrorists reach the weapons depot, it will be difficult to eliminate them”.

ഭീകരർക്ക്  ഇനി അങ്ങിനെ ഒരു വിവരം കിട്ടിയിട്ടിലായിരുന്നുവെങ്കിൽ അത് നമ്മുടെ NDTV  അത് കൊടുക്കുകയായിരുന്നു. ഇതൊക്കെ തീവ്രവാദികളെ സഹായിക്കുന്ന നിലപാടുകൾ ആണ്. ഒരു ആക്രമണം നടക്കുമ്പോൾ ഭാരതീയർ ആകെ ഒറ്റക്കെട്ടായി നിൽക്കുന്നതിനു പകരം ഭീകരരെ സഹായിക്കുന്ന നിലപാടാണ് കുറച്ചു പേരെങ്കിലും എടുക്കുന്നത് എന്നത് ദുഃഖകരമാണ്.രാജ്യ ദ്രോഹവുമാണ്. 

കേരള പത്ര പ്രവർത്തക യൂണിയനും ഇതിനെതിരെ കേസ് പോയിട്ടുണ്ട്. അല്ലെങ്കിലും കേരളത്തിലെ പ്രത്ര പ്രവർത്തകർ എല്ലാറ്റിലും മുന്നിലാണല്ലോ. സർക്കാർ ഗ്രാന്റ് കിട്ടുന്ന തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ ബാർ തുടങ്ങാനും വെള്ളമടിക്കാനും ഒക്കെ മുൻപന്തിയിലാണ് അവർ.

ചാനലുകൾ ആയാലും പത്രങ്ങൾ ആയാലും പരിധി വിടരുത്.മലയാളം ചാനലുകളിലും നമ്മൾ കാണാറുണ്ടല്ലോ. 20 ഇന്ത്യൻ സൈനികരെ കൊന്നിട്ട് നമ്മുടെ സൈന്യം ഒരു നാടകം നടത്തുകയായിരുന്നു എന്ന് വരെ മാതൃഭൂമി ചാനൽ പറഞ്ഞില്ലേ?

സുപ്രീം കോടതി ആ വിധിയിൽ മറ്റൊരു പ്രധാന കാര്യം കൂടി പറയുകയുണ്ടായി. 

" മാധ്യമങ്ങളുടെ നിയന്ത്രണ സംവിധാനം മാധ്യങ്ങൾ സ്വയം ചെയ്യേണ്ടത് മാത്രമാണ് എന്ന വാദത്തിന് ദോഷകരമായി വന്നിരിക്കുകയാണ് മുംബൈ ഭീകരാക്രമണം ചാനലുകൾ പ്രദർശിപ്പിച്ച രീതി." 

 അതായത് മാധ്യമങ്ങൾ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കിൽ സർക്കാർ നിയന്ത്രണം കൊണ്ട് വരേണ്ടി വരും. അതാണ് പത്താൻകോട്ട് ലൈവ് ടെലികാസ്റ്റിൽ NDTV ക്കു സംഭവിച്ചത്. ഇനിയെങ്കിലും  സർക്കാർ കർശനമായി  നിയന്ത്രണം നടപ്പാക്കുക തന്നെ വേണം. പത്ര സ്വാതന്ത്ര്യതേക്കാൾ വലുതാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം എന്ന് നാം മനസ്സിലാക്കണം. ഇത്തരം കാര്യങ്ങളെ രാജ്യദ്രോഹമായി ആണ് കാണേണ്ടത്.

Sunday, November 6, 2016

ബലാത്സംഗം

കേരള സാരി. മുടിയിൽ ഒരു മുല്ലപ്പൂ മാല.ആണുങ്ങൾ ആകട്ടെ മുണ്ടും ജൂബയും. സർക്കാർ ചിലവിൽ ചടങ്ങുകൾ - മോഹിനിയാട്ടം,  കഥകളി വേഷങ്ങൾ കാട്ടുന്ന ആഭാസ നൃത്തം...... രാഷ്ട്രീയ കോമരങ്ങളുടെ നെടുങ്കൻ പ്രസംഗങ്ങൾ. തീർന്നു കേരള പ്പിറവി. 

അങ്ങിനെ കേരളത്തിന്റെ അറുപതാം പിറന്നാൾ ആഘോഷിച്ചു രണ്ടു ദിവസം കഴിഞ്ഞതേ ഉള്ളൂ. ഒരു കൂട്ട ബലാത്സംഗത്തിന്റെ ചുരുളുകൾ അഴിയുന്നു. ഒരു വീട്ടമ്മയെ  4 കശ്മലന്മാർ ബലാത്സംഗം ചെയ്ത സംഭവം. അത് കഴിഞ്ഞു ഭീഷണി. നഗ്ന ഫോട്ടോ കാട്ടി വീണ്ടും ബലാത്സംഗം. രണ്ടു വർഷമായി തുടരുന്നു. സഹി കേട്ട് ആ സ്ത്രീ ഇത് പരസ്യമായി പറയാൻ തയ്യാറായി.


ബലാത്സംഗം നടന്നു എന്ന് സ്ത്രീ പറഞ്ഞാൽ  കേസ് എടുക്കണം.  പക്ഷെ ഇവിടെ നടന്നതോ? പോലിസിൽ പരാതി കൊടുത്ത സ്ത്രീയെ അവിടെ വീണ്ടും അപമാനിച്ചു. പ്രതി മാർക്സിസ്റ് പാർട്ടിക്കാരൻ. പോലീസും രാഷ്ട്രീയക്കാരും ചേർന്ന് കേസ് തേച്ചു മാച്ചു കളഞ്ഞു. ഇതാണ് ഇന്നത്തെ കേരള സമൂഹത്തിൽ  നടക്കുന്നത്.

ഇവിടെ എന്തിനും പ്രതികരിക്കുന്ന കുറെ ആളുകളുണ്ട്. സാംസ്കാരിക നായകന്മാർ എന്നാണു ഇവരെ വിളിക്കുന്നത്. എവിടെയെങ്കിലും ഒരു ആദിവാസി പീഢിക്കപ്പെട്ടാലോ,മരിച്ചാലോ,എന്തിനു അവർക്കാർക്കെങ്കിലും ഒരു പനി പിടിച്ചാൽ പ്പോലും ഉറഞ്ഞു തുള്ളുന്ന കുറെ രാഷ്ട്രീയ കോമരങ്ങൾ.മാർക്സിസ്റ് പാർട്ടിയുടെ അടിമകളായ കുറെ എഴുത്തുകാരും കലാകാരന്മാരും. സാറാ തോമസും അരുന്ധതി റോയും പോലെ. കേരളത്തിൽ നടക്കുന്നതു അവർ കാണുന്നതേ ഇല്ല.  വടക്കേ ഇന്ത്യയിൽ നടക്കുന്നതിനു മാത്രം. അതും ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനമാണെങ്കിൽ മാത്രം. എങ്കിൽ തുള്ളൽ തുടങ്ങിയത് തന്നെ. പണ്ട് വാങ്ങിയ പുരസ്കാരങ്ങൾ തിരിച്ചു നൽകൽ തുടങ്ങിയ കലാ പരിപാടികൾ.കൂടാതെ മാർക്സിസ്റ് കാര് കുറെ പേരുണ്ട്. പാർട്ടിയുടെ വാചക ചാവേറുകൾ. സുരാജ്,റിയാസ്,ഷംസീർ ,ചന്ത തുടങ്ങിയവർ. സോഷ്യൽ മീഡിയയിൽ ഇവർ സംഹാര താണ്ഡവം നടത്തും.

വടക്കാഞ്ചേരി ബലാത്സംഗ ക്കേസിൽ ആർക്കും ഒന്നും പറയാനില്ല. പാർട്ടിയുടെ കൂലി എഴുത്തുകാരും  വാചക ചാവേറുകളും ആർക്കും അനക്കമില്ല. ഫേസ് ബുക്കിൽ പോസ്റ്റില്ല. ചത്ത   വീട് പോലെ. ഇതിനിടയിൽ ഇരയുടെ പേര് പറഞ്ഞു പഴയ സ്പീക്കർ രാധാകൃഷ്ണൻ. അതിനെ പിന്തുണച്ചു പി.കെ. ശ്രീമതിയും മന്ത്രി ശൈലജയും. എങ്ങിനെ ഉണ്ട് സ്ത്രീ സംരക്ഷണം?

കഴിഞ്ഞ 9 മാസത്തിനിടയിൽ 1200 ബലാൽസംഗങ്ങൾ ആണ്  കേരളത്തിൽ നടന്നത്. യു.ഡി.എഫ്. ന്റെ ഗർഭം എന്ന് പറഞ്ഞൊഴിയാൻ എൽ.ഡി.എഫ്.നു കഴിയില്ല. അവര് ഭരണത്തിൽ വന്നു 5 മാസം ആയി.രാഷ്‌ടീയ പിന്തുണ ബലാത്സംഗ ക്കാർക്ക് കിട്ടുന്നത് കൊണ്ടാണ് ഇതിങ്ങനെകൂടുന്നത്. അതിനെതിരെ സമൂഹം പ്രതികരിക്കേണ്ട കാലം കഴിഞ്ഞു. 

തൽക്കാലം കുഴപ്പമില്ല. ആരുടെയോ അമ്മയോ പെങ്ങളോ ഭാര്യയോ ആണ് ബലാത്സംഗത്തിനിരയായത്. ഒരു പ്രസ്താവനയോ നിസ്സംഗതയോ  കൊണ്ട് അത് പരിഹരിക്കാം. പക്ഷെ  സ്വയം ബലാസംഗപ്പെടുകയോ സ്വന്തം അമ്മയോ പെങ്ങളോ ഭാര്യയോ ഇരയാവുകയോ ചെയ്യുന്ന ഒരു നാളെ വരുക തന്നെ ചെയ്യും. അപ്പോൾ എന്ത് ചെയ്യും?

Saturday, November 5, 2016

ടൂറിസം

നാടിനെ നശിപ്പിക്കാനും അതിനെ വിറ്റു കാശുണ്ടാക്കാനും ഉള്ള ഒരു വകുപ്പാണ് ടൂറിസം വകുപ്പ്. മൂന്നാർ,വർക്കല,കോവളം തുടങ്ങി ടൂറിസം ഇടപെട്ടിട്ടുള്ള  എല്ലാ സ്ഥലങ്ങളും നശിച്ചു കഴിഞ്ഞു. സ്വകാര്യവ്യക്തികൾ അവിടം ആകെ കയ്യേറി പ്രകൃതിയെ നശിപ്പിച്ചു കഴിഞ്ഞു.  ടൂറിസത്തിലെ കുറെ ഉദ്യോഗസ്ഥർ കാശുണ്ടാക്കുന്നു. അത്ര മാത്രം. നാടിനെ നശിപ്പിച്ചു. ടൂറിസ്റ്റുകൾ ആരും വരാതെയായി. നല്ല കടലും കടൽത്തീരവും  ഉണ്ടായിരുന്ന കോവളത്തെ വിദേശികൾ ഉപേക്ഷിച്ചു കഴിഞ്ഞു. ഇപ്പോൾ വർക്കല ആണ് അവരുടെ ഡെസ്റ്റിനേഷൻ. വർക്കലയും നാശത്തിന്റെ വക്കിൽ ആണ്. മാരാരിക്കുളം നശിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു കടൽത്തീരം ആണ്.    

 വർഷം മുൻപ് 2015  സെപ്റ്റംബറിൽ  ജനം ടി.വി. പുറത്തു കൊണ്ടു വന്ന വാർത്ത.  നശിച്ചു കിടക്കുന്ന കോവളം ക്രാഫ്റ്റ് വില്ലേജ്.--കര കൗശല ഗ്രാമം.
ഇന്നത് രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും "കൗശലത്തിന്റെ" ചിഹ്നമായി  നില നിൽക്കുന്നു.

2011 ഫെബ്രുവരി 11 നു   കര കൗശല ഗ്രാമം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു എന്ന വാർത്ത വന്നു.
എൽ.ഡി.എഫ്. പോയി യു.ഡി.എഫ്. വന്നു. ഇത്രയും കോടികൾ മുടക്കി മറ്റവര് ചെയ്തിട്ട് തങ്ങൾക്കൊന്നും കിട്ടിയില്ലല്ലോ എന്നതു കൊണ്ട് യു.ഡി.എഫും കുറെ കോടികൾ മുടക്കി 2016 തെരെഞ്ഞെടുപ്പിനു മുൻപ് ഒരു ഉദ്ഘാടനവും നടത്തി. നശിച്ചു കിടക്കുന്ന കോവളം ക്രാഫ്റ്റ് വില്ലേജ്.  കുറെ കോടികൾ കൂടി മുടക്കി  2016 മാർച്ചിൽ യു.ഡി.എഫ്. ഉദ്‌ഘാടനം ചെയ്തു എന്ന ഏഷ്യാനെറ്റ് വാർത്ത വീഡിയോ കാണൂ.
Tuesday, November 1, 2016

വരമ്പത്തു കൃഷി
കേരള കാർഷിക ചരിത്രത്തിൽ ഒരു നാഴികക്കല്ലായി മാറിയ വരമ്പത്തു കൃഷി ഇതാ പിണറായി വിജയനും.വി.എസ്.സുനിൽകുമാറും  സഖാക്കളും കൂടി നടത്തിയിരിക്കുന്നു. വയലിൽ ഇറങ്ങാതെ വരമ്പത്തു നിന്ന് കൊണ്ടുള്ള നെൽകൃഷി.ആറന്മുളയിലെ കൃഷിക്കാരും ജനങ്ങളും അദ്‌ഭുത പരതന്ത്രയായി നോക്കി നിന്നു പോയി.

 വരമ്പത്തു കൂലി കൊടുക്കും എന്ന് ഭീഷണി മുഴക്കിയ പാർട്ടിക്കാർ ആണ്  വരമ്പത്തു നിന്ന് കൃഷിയും തുടങ്ങിയിരിക്കുന്നത്.  ചുമന്ന പരവതാനി വിരിച്ചു മനോഹരമാക്കി വയൽ വരമ്പത്തു തയ്യാറാക്കിയ   സ്ഥലത്തു നിന്ന് ന്ന് മുഖ്യ മന്ത്രിയും കൃഷി മന്ത്രിയും എം.എൽ.എ. യും ഇടതു സഖാക്കളും കൂടി വിത്ത് വിതച്ചാണ് ആറന്മുളയിൽ നെൽകൃഷി നടത്തിയത്.

ആത്മാർത്ഥത ഇല്ലാത്ത വെറും ഒരു പ്രകടനം മാത്രം ആയിരുന്നു ഇത്. കാലിൽ ചേറ് പുരളാതെ അലക്കിത്തേച്ച മുണ്ടിലും കുപ്പായത്തിലും ചെളി പുരളാതെ നടത്തിയ ഒരു അഭ്യാസം. ഒരു പബ്ലിസിറ്റി സ്റ്റണ്ട്. കൃഷി എന്നത് മാർക്സിസ്റ് പാർട്ടിയ്ക്ക് പണ്ടേ അലർജി ആണല്ലോ. കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലെ നെൽകൃഷി തകർത്തത് മാർക്സിസ്റ് പാർട്ടിയുടെ ട്രേഡ് യുണിയനിസം ആണ് എന്നെ എല്ലാവർക്കും അറിയാം. കൃഷി ഭൂമിയിൽ കെട്ടിടങ്ങളും മറ്റും കെട്ടിപ്പൊക്കാനാണ് അവർക്കു താൽപ്പര്യം. ഇവർ ഭരിച്ചിരുന്ന ;പശ്ചിമ ബംഗാളിൽ പാവപ്പെട്ട കൃഷിക്കാരിൽ നിന്നും പിടിച്ചെടുത്ത്‌   1000 ഏക്കർ കൃഷി ഭൂമി ആണല്ലോ ടാറ്റ കമ്പനിയ്ക്ക് ഇവർ പതിച്ചു കൊടുത്തത്. അതാണവരുടെ കൃഷി സ്നേഹം. സുപ്രീം കോടതി ആ 1000 ഏക്കറും തിരിച്ചു കൊടുക്കാൻ അടുത്ത കാലത്തു ഉത്തരവിടുകയുണ്ടായി.  2006  മുതൽ 10 വർഷക്കാലം 1000 ഏക്കർ ഭൂമി തരിശു കിടക്കുകയായിരുന്നു.  കൃഷിയെ കുറിച്ച് വാ തോരാതെ പ്രസംഗിക്കുന്ന മന്ത്രി സുനിൽ കുമാറും ഈ തരം തന്നെ എന്ന് ഇപ്പോൾ മനസ്സിലായി. 
പുലരി മുതൽ അന്തി വരെ മഞ്ഞിലും മഴയിലും വെയിലിലും പാടത്തു ചേറിൽ പണിയെടുക്കുന്ന പാവം കർഷകരെ അധിക്ഷേപിക്കുന്ന ഒരു പരിപാടി ആയിപ്പോയി മുഖ്യ മന്ത്രിയും കൂട്ടരും  കാണിച്ചു കൂട്ടിയത്.

ഇക്കൊല്ലം ഇത്രയും ഹൈ ടെക് കൃഷി നടത്തിയതിനാൽ അടുത്ത വർഷം കുറച്ചു കൂടി ഹൈ ടെക്ക് ആകാം. അടുത്ത ആറന്മുളയിലെ നെൽകൃഷി മുഖ്യ മന്ത്രി വിത്ത് വിതയ്ക്കുന്നത് വരമ്പത്തു എന്നതിന് പകരം   ഇങ്ങു തിരുവനന്തപുരത്തു ക്ലിഫ് ഹൗസിൽ നിന്നും  ആയിരിക്കും. വീഡിയോ കോൺഫറൻസിലൂടെ.  കസേരയിൽ ഇരുന്ന് നെൽവിത്തു വീഡിയോ ക്യാമറയിലേക്ക് എറിയുക. അത് നേരെ ആറന്മുള വയലിലെ സ്‌ക്രീനിലൂടെ കണ്ടത്തിൽ വീഴും.

ആറന്മുളയിലെ  കൊയ്ത്തും അത് പോലെ തിരുവനന്തപുരത്തു നിന്നും ആകാം..

Monday, October 31, 2016

കെ.എം. എബ്രഹാം

രാഷ്ട്രീയ ക്കാരും ഉദ്യോഗസ്ഥരും തമ്മിൽ ഒരു ഒത്തു കളി ആണ് കേരളത്തിൽ എന്നും നടന്നു കൊണ്ടിരിക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടും മുതുകു ചൊറിഞ്ഞു കൊടുക്കുന്ന രീതി. ഒരാൾക്ക് കയ്യിട്ടു വാരാൻ മറ്റെയാൾ കൂട്ട് നിൽക്കുന്നു, തിരിച്ചും. ഒരു പരസ്പര സഹകരണ സംഘം.

2014 മാർച്ച് 13 ന്  കെ.എം. എബ്രഹാമിന് എതിരെ സി.ബി.ഐ.. പ്രിലിമിനറി എൻക്വയറി രജിസ്റ്റർ ചെയ്തിരുന്നു. ഏബ്രഹാം സെബി ബോർഡ് അംഗം ആയിരിക്കുമ്പോൾ (2008 -2011)  2008 ൽ MCX -SX  സ്റ്റോക്ക് എക്സ്ചേഞ്ച് തുടങ്ങാൻ അനുവാദം നൽകിയതിന് ആയിരുന്നു. ക്രിമിനൽ ഇല്ലാത്തതിനാൽ  2014ആഗസ്റ്റിൽ സി.ബി.ഐ. കേസ് ഒഴിവാക്കുകയും ഡിപ്പാർട്മെന്റൽ ആക്ഷൻ എടുക്കാൻ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് നിർദ്ദേശം കൊടുക്കുകയും ചെയ്തു.

2011 ൽ  എബ്രഹാം സെബി അംഗം ആയിരിക്കുമ്പോൾ (ചെയർമാൻ ആകാൻ അബ്രഹാമും രംഗത്ത് ഉണ്ടായിരുന്നു. പക്ഷെ സിൻഹ ആണ് ആയത്)  സെബി ചെയർമാൻ യു.കെ.  സിൻഹയ്ക്കു  എതിരെ  കുറെ ആരോപണങ്ങളുന്നയിച്ചു കൊണ്ട്   പ്രധാന മന്ത്രിയ്ക്ക് ഒരു നീണ്ട കത്ത് എഴുതിയിരുന്നു. സിൻഹയ്ക്കു എതിരെ അഗർവാൾ എന്ന ഒരാൾ സുപ്രീം കോടതിയിൽ കേസ് കൊടുത്തപ്പോൾ ഏബ്രഹാം കൊടുത്ത കത്തും ചൂണ്ടിക്കാട്ടിയിരുന്നു. ഏബ്രഹാം എഴുതിയ കത്തിനെ അതി നിശിതമായി വിമർശിച്ചാണ് 2013 നവംബറിലെ വിധിയിൽ  സുപ്രീം കോടതി പറഞ്ഞത്.

" ഏബ്രഹാം ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമായി എടുക്കാൻ കഴിയില്ല കാരണം അത് ഗൂഢോദ്ദേശ്യത്തോട് ഉള്ളതായി ആണ് കാണപ്പെടുന്നത്. അത് സിൻഹയുടെ സത്യ സന്ധതയെ ചോദ്യം ചെയ്യുന്നതാണ്. നീണ്ട കത്തിൽ എബ്രഹാം പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങൾക്ക് വിശ്വാസ്യത നൽകാൻ കഴിയില്ല കാരണം വിശ്വാസ യോഗ്യമായ തെളിവുകൾ ഇല്ല"


"എബ്രഹാം ആ കത്തിൽ  ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്‌, വ്യക്തമായും മറ്റു ഉദ്ദേശ്യത്തോടു കൂടിയവയാണ്."

അന്ന് കത്ത് കൊടുത്ത് പ്രധാന മന്ത്രിയ്ക്ക് ആണെങ്കിൽ ഇത്തവണ കത്തു  മന്ത്രിക്കു കൊടുത്തത്. തനിക്കെതിരെയുള്ള വിജിലൻസ് അന്വേഷണം ശരിയല്ലെന്ന് കാണിച്ചു.

സുപ്രീം കോടതി ഇങ്ങിനെ പറഞ്ഞ അതെ എബ്രഹാം, ഇപ്പോൾ വിജിലൻസ് അന്വേഷണം നേരിടുന്ന  കെ.എം. അബ്രഹാം, വളരെ നല്ല മനുഷ്യനാണ് എന്ന് ധന മന്ത്രി തോമസ് ഐസക്ക് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നു. അദ്ദേഹം അഴിമതിയ്ക്കു അതീതനാണ് എന്നാണ് ഐസക്ക്  പറയുന്നത്. എന്തിനാണ് ഇപ്പോൾ ഇങ്ങിനെ ഒരു സർട്ടിഫിക്കറ്റ് നൽകിയത് എന്ന് അറിയില്ല. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ പിണറായി വിജയൻ സപ്പോർട്ട് ചെയ്യുന്നതിന് പകരം ധന മന്ത്രി കൊടുത്ത  ഒരു പണി ആണോ എന്നറിയില്ല. മുഖ്യ മന്ത്രിയും ധന മന്ത്രിയും തമ്മിലുള്ള ഊഷ്മളമായ  ബന്ധം നമുക്കറിയാമല്ലോ.

Sunday, October 30, 2016

നിലവാരം

തന്തയ്ക്കു വിളിപ്പിച്ചു ചാനലിന്റെ റേറ്റിങ് കൂട്ടുന്നത് തന്തയില്ലാത്തതരം ആണെന്ന് പറഞ്ഞാൽ തെറ്റുണ്ടോ?

ഇനി അത്  ഏതു ചാനൽ ആണെന്ന് പ്രത്യകിച്ചു എടുത്തു പറയണ്ടല്ലോ. അതെ അത് മാതൃഭൂമി ചാനൽ തന്നെ. 


അവതാരകൻ ആരെന്നും അറിയാമല്ലോ. ഇവിടെ ഉമ്മൻ ചാണ്ടിയ്ക്ക് പണം കൊടുത്തു അത് തിരിച്ചു പിടിക്കാൻ ബാഗ്ലൂർ കോടതിയിൽ നിന്നും വിധി സമ്പാദിച്ച  കുരുവിള പറഞ്ഞതിന് മറുപടി പി.സി.ജോർജിനെ വിളിച്ചു വരുത്തി പറയിപ്പിക്കുകയാണ് അവതാരകൻ വേണു. പി.സി. ജോർജ് ആകട്ടെ കുരുവിളയെ തന്തയ്ക്കു വിളിക്കുകയും ചെയ്യുന്നു. 

ഇതാണോ ഒരു ചാനൽ ചർച്ചയിൽ ജനം പ്രതീക്ഷിക്കുന്നത്. അവതരിപ്പിക്കുന്ന വിഷയത്തിന്റെ നാനാ വശങ്ങളും, ഓരോ രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകളും, അഭിപ്രായങ്ങളും ആണ് ഒരു ചർച്ചയിൽ നിന്നും ജനം മനസ്സിലാക്കുന്നത്. അല്ലെങ്കിൽ മനസ്സിലാക്കേണ്ടത്. അത് ജനങ്ങൾക്ക് ലഭിക്കാൻ വേണ്ടി  ചർച്ച നയിക്കുകയാണ്  വിവരമുള്ള അവതാരകൻ ചെയ്യേണ്ടത്. അങ്ങിനെ ആ  വിഷയത്തിൽ അന്തിമമായി തെറ്റേത്, ശരിയേത്എന്ന് ജനങ്ങൾ സ്വയം മനസ്സിലാക്കിക്കോളും. 

ഇവിടെ എന്താണ് സംഭവിച്ചത്? പി.സി. ജോർജിൽ നിന്നും അത്തരം ഒരു പ്രതികരണം വീണു കിട്ടത്തക്ക രീതിയിൽ  ചർച്ചയെ വളച്ചു കൊണ്ട് പോവുകയാണ് അവതാരകൻ ചെയ്തത്.  ചർച്ചയിൽ പങ്കെടുത്ത പി.സി.ജോർജിനെ  "ഏതു മാനസികാശുപത്രിയിൽ നിന്നും വന്നതാണെന്ന്" എന്ന് കുരുവിള ചോദിക്കുന്നു. അപ്പോൾ തന്നെ നിലവാരമുള്ള ചാനലിന്റെ  വിവരമുള്ള അവതാരകൻ അത്തരം പരാമർശങ്ങൾ പാടില്ല എന്ന് പറഞ്ഞു അത് അവിടെ അവസാനിപ്പിക്കുകയല്ലേ ചെയ്യുന്നത്. പക്ഷെ ഇവിടെ ചാനലിന്റെ നിലവാരമനുസരിച്ചുള്ള ഒരു തന്തയ്ക്കു വിളി വേണം എന്നുള്ളത് കൊണ്ട് അവതാരകൻ അതിനമൊരു അവസരം ഉണ്ടാക്കി കൊടുക്കുന്നു. ജോർജിന്റെ ആ തന്തയ്ക്കു വിളിയോടെ ആ രംഗം അവസാനിപ്പിക്കുന്നു.  

ഇനി ആ ചർച്ചയിൽ പങ്കെടുത്ത മറ്റു ''മാന്യന്മാരെ" നോക്കാം. എല്ലാ മാന്യൻമാരും ഈ 'തന്തയ്ക്കു വിളി' കേട്ട് ആസ്വദിക്കുകയാണ്.ചിരിച്ചു മറിയുന്നു. അവരുടെ ചിരിയും ആസ്വാദനവും  അവരുടെയും നിലവാരം അല്ലെ കാണിക്കുന്നത്? മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജ്,തോറ്റ എം.എൽ.എ. വിഷ്ണുനാഥ്, റഹിം എന്നൊരു ഇടതു പക്ഷൻ, പിന്നെ ഒരു വക്കീലും. എല്ലാവരും നല്ല വണ്ണം ആസ്വദിക്കുന്നു.  വല്ലവന്റെയും തന്തയ്ക്കു പറയുന്നത് കേൾക്കാൻ സുഖമാണല്ലോ. പി.സി.ജോർജ് ഇവരെയാരെയെങ്കിലും ആയിരുന്നു പറഞ്ഞുവെങ്കിലോ?

അന്തസ്സുള്ള  ജനങ്ങൾ ഈ മാതൃഭൂമി ചാനലിന്റെ ചർച്ച കാണുന്നത് ഒഴിവാക്കണം. അത് പോലെ  തന്തയ്ക്കു പറഞ്ഞതും പറഞ്ഞതും അത് ആസ്വദിച്ചതും ആയ ചർച്ചക്കാർ പങ്കെടുക്കുന്ന  എല്ലാ ചർച്ചകളും ഒഴിവാക്കണം. നിലവാരമുള്ള ചർച്ചകൾക്ക് വേണ്ടി ഒരു കാമ്പയിൻ തുടങ്ങുകയും വേണം.  Decent Discussion എന്ന കാമ്പെയിൻ. 

Thursday, October 27, 2016

സി.ബി.ഐ.

ജേക്കബ് തോമസിനെതിരെയുള്ള അന്വേഷണം ഏറ്റെടുക്കാം എന്ന് പറഞ്ഞു സി.ബി.ഐ. സ്വമേധയാ മുന്നോട്ടു വന്നിരിക്കുന്നു!

പ്രമാദമായ പല കേസുകളും ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടിട്ടും ഏറ്റെടുക്കാത്ത സി.ബി.ഐ. ആണ് അങ്ങോട്ട് കേറി ഈ കേസ് ഞങ്ങൾ അന്വേഷിക്കാം എന്ന് പറഞ്ഞിരിക്കുന്നത്. ധാരാളം കേസുകൾ അന്വേഷിക്കാനുണ്ട്, അതിനു വേണ്ട ഉദ്യഗസ്ഥർ ഇല്ല എന്ന ന്യായം പറഞ്ഞാണ് അവർ കേസുകൾ ഏറ്റെടുക്കാത്തത്. ഒരു പരിധി വരെ അത് ശരിയുമാണ്. കാരണം അഴിമതി കേസുകൾ ധാരാളമായി വരുകയാണ് . 2ജി, കൽക്കരി ഖനി തുടങ്ങിയ  ലക്ഷം കോടികളുടെ അഴിമതി ക്കേസുകൾ ആണ് ഇന്നുള്ളത്.പിന്നെ തെളിയാത്ത മറ്റു പല കേസുകളും. അത് കൊണ്ട് സി.ബി.എ. കേസുകളുടെ ബാഹുല്യം കൊണ്ട് വിഷമിക്കുകയാണ്.

അങ്ങിനെയുള്ള സ്.ബി.ഐ. ആണ് ഇന്നലെ ഹൈ ക്കോടതിയിൽ കേറി പറഞ്ഞത് കേസ് ഞങ്ങൾ അന്വേഷിച്ചോളാമേ  എന്ന്. കേസ് ഏറ്റെടുക്കാൻ പറ്റുമോ, അല്ലെങ്കിൽ കേസ് അത്ര പ്രമാദം ആണ് അത് കൊണ്ട് ഏറ്റെടുക്കണം എന്നൊന്നും കോടതി ചോദിച്ചില്ല. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഒരു ഹർജി കോടതിയിൽ വന്നു. സി.ബി.ഐ.അതിൽ ഒരു കക്ഷി ആണ്. കേസ് വന്നപ്പോഴേ സി.ബി.ഐ. വക്കീൽ ഒരു അഫിഡവിറ്റ് കൊടുത്തു. ഞങ്ങൾ കേസ് അന്വേഷിച്ചു കൊള്ളാം എന്ന്.

ഇനി കേസ് എന്താണെന്ന് നോക്കാം. 1,76,000 കോടിയുടെ 2-ജി സ്പെക്ട്രം അഴിമതിയോ 1,86,000 കോടിയുടെ കൽക്കരി ഖനി അഴിമതിയോ അല്ല. ഒരു ർ സർവീസ് കേസ്. ജേക്കബ് തോമസ് IPS ലീവ് എടുത്തു ഒരു  സ്വകാര്യ കോളേജിൽ പഠിപ്പിക്കാൻ പോയി ശമ്പളം വാങ്ങി. അതാണ് കേസ്. അതിനാണു സി.ബി.ഐ. അന്വേഷിക്കാമെന്നു പറയുന്നത്. ഇതൊരു രേഖയാണ്. ലീവ് എടുത്തു, പഠിപ്പിക്കാൻ പോയി., അവിടെ നിന്നും ശമ്പളം വാങ്ങി, അത് തിരിച്ചു കൊടുത്തു.  ആ രേഖകൾ എല്ലാം ഉണ്ട്. ഒരു സാദാ ക്ളർക്ക്   നോക്കിയാൽ പോലും മനസിലാകുന്ന കാര്യം. അതിനെന്തിനാ സി.ബി.ഐ.?അത് തെറ്റാണെങ്കിൽ അതിനു വകുപ്പ് തല നടപടികൾ ഉണ്ടാവണം. അത്ര തന്നെ.

അഴിമതിക്കാർക്കൊക്കെ ഇപ്പോൾ പേടിയായിത്തുടങ്ങി. പഴയ മന്ത്രി ബാബു,മാണി, എന്നിവർ കുടുങ്ങിയിരിക്കുകയാണ്. സോളാർ കേസ് വന്നാൽ  ഉമ്മൻ ചാണ്ടിയും കുടുങ്ങും. പിന്നെ ചാണ്ടിയുടെ ഭരണത്തിൽ കാശുണ്ടാക്കിയ പല IAS ഉദ്യോഗസ്ഥരും അന്വേഷണം നേരിടുന്നു. ഇതൊക്കെ സത്യാ സന്ധനായ ജേക്കബ് തോമസിന്റെ കീഴിലുള്ള വിജിലൻസ് ആണ് നടത്തുന്നത്. അതൊക്കെ തെളിയുകയും ചെയ്യും.അതാണ് ഇവർക്കൊക്കെ പേടി.അങ്ങേരെ പുകച്ചു പുറത്തു ചാടിച്ചു ഏതെങ്കിലും ലല്ലു-പഞ്ചു (നട്ടെല്ലില്ലാത്ത)  വിനെ കൊണ്ട് അന്വേഷിപ്പിക്കാനാണ് ഇവരെല്ലാം ചേർന്ന് ശ്രമിക്കുന്നത്. അതിൽ സി.ബി.ഐ.യും വീണു എന്ന് പറയാം.

ഏതായാലും കോടതി ആണ് അവസാന തീരുമാനം എടുക്കേണ്ടത്. ഒരു സർവീസ് കാര്യം തീരുമാനിക്കാൻ സി.ബി.ഐ. വേണം എന്ന് കോടതി പറയില്ല എന്ന് വിശ്വസിക്കാം.

Tuesday, October 25, 2016

സോളാർ ശിക്ഷ
ഉമ്മൻ ചാണ്ടിയുടെ പതനം തുടങ്ങിയിട്ട് കുറെ നാളായി. സരിത അതിനൊരു നിമിത്തം ആയെന്നു മാത്രം. ഭരണ കാലത്തു പണവും പദവിയും നൽകി ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും കൂടെ നിർത്തി, അതിനു വഴങ്ങാത്ത വരെ  ഭീഷണിയും പീഡനവും കൊണ്ട് വരുതിയിൽ നിർത്തി തന്റെ സ്വാഭാവികമായ അന്ത്യം നീട്ടിയെടുക്കാൻ സാധിച്ചു  എന്നുള്ളതല്ലാതെ വിധി മാറ്റിയെഴുതാൻ കഴിഞ്ഞില്ല. തെരെഞ്ഞെടുപ്പ് പരാജയമായിരുന്നു അടുത്ത ശിക്ഷ. അതോടെ കേരള രാഷ്ട്രീയത്തിൽ അപ്രസക്തനായി തുടങ്ങി.  ഇതാ സരിതയും സോളാറും ആസ്വദിച്ചതിന്റെ തിരിച്ചടികൾ തുടങ്ങിക്കഴിഞ്ഞു. 

 ബാങ്കലൂര് കോടതി ആണ് ആദ്യമായി സോളാർ കേസിൽ ഒരു ശിക്ഷ വിധിക്കുന്നത് .  കുരുവിളയുടെ പരാതിയിൽ കോടതി ഉമ്മൻ ചാണ്ടി കുറ്റക്കാരൻ ആണെന്ന് വിധിച്ചു.  

എക്സ്-പാർട്ടെ വിധി ആണെന്ന് ഒരു ന്യായം ആണ് ഉമ്മൻ ചാണ്ടി പറയുന്നത്. അങ്ങേരെ കേൾക്കാതെയുള്ള വിധി. എന്ത് കൊണ്ട് സമൻസ് കിട്ടിയിട്ടും കോടതിയിൽ പോയില്ല? എന്ത് കൊണ്ട് തന്റെ ഭാഗം പറയാൻ വക്കീലിനെ ഏർപ്പെടുത്തിയില്ല? അത് ബുദ്ധിപൂർവമായ ഒരു നീക്കം ആയിരുന്നു. തെളിവുകൾ എല്ലാം എതിര്. വിധി എതിരാകും എന്നറിയാം. അത് കൊണ്ട് കോടതിയിൽ കേസ് വാദിക്കാൻ പോയില്ല. അറിഞ്ഞില്ല കേട്ടില്ല എന്ന് പറയാൻ പറ്റില്ല. പിന്നെ 14 മണിക്കൂർ തുടർച്ചയായി സോളാർ കമ്മീഷന് മുന്നിൽ മൊഴി നൽകിയ വിദ്വാനാണ്. പിന്നെ എന്ത് കൊണ്ട് കോടതിയിൽ പോയില്ല?

തെളിവില്ല എന്ന വാദം നിലനിൽക്കില്ല. കാരണം വെറുതെയല്ല കോടതി വിധി പ്രസ്താവം നടത്തിയത്. കുരുവിള സമർപ്പിച്ച തെളിവുകളെ ആസ്പദമാക്കിയാണ് ഉമ്മൻ ചാണ്ടി കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തിയതും വിധിച്ചതും. അത് കൊണ്ട്  തന്റെ ഭാഗം കേട്ടില്ല എന്നത് അർത്ഥമില്ലാത്ത ഒരു ന്യായം ആണ് മാത്രവുമല്ല അത് നില നിൽക്കുകയുമില്ല.  ഉമ്മൻ ചാണ്ടി വാദിച്ചായിരുന്നുവെങ്കിൽ ഇതിനെതിരെ എന്ത് തെളിവ് കൊടുക്കാൻ കഴിയും? തെളിവില്ല തെളിവില്ല എന്ന് ജനങ്ങളുടെ മുൻപിൽ സ്ഥിരം പറയുന്ന പല്ലവി കോടതി കേൾക്കില്ലല്ലോ.

കേരളത്തിലെ കോടതികൾ ആയിരുന്നുവെങ്കിൽ എന്തെങ്കിലും കള്ളത്തെളിവ് നൽകാൻ കഴിയുമായിരുന്നു. ശങ്കർ റെഡ്ഢിയെ പ്പോലെ ആരെങ്കിലും തെളിവ് കണ്ടു പിടിച്ചേനെ. (അങ്ങേരിപ്പോൾ കേസ് മുക്കിയതിന് വിജിലൻസ് അന്വേഷണ നേരിടുകയാണ്). അങ്ങിനെ രക്ഷപ്പെടാൻ ഉമ്മൻ ചാണ്ടി പഴുതുകൾ ഉണ്ടാക്കിയേനെ. ബാന്ഗ്ലൂരില് ആയതു കൊണ്ട് അതിനൊന്നും ഒരു സ്‌കോപ്പും ഇല്ല. അത് കൊണ്ട് സത്യം തെളിയുകയും ചെയ്തു.

ഈ കോടതി വിധിയിൽ നിന്നും ഊർജം കൊണ്ട് ഇനി കേരളത്തിലെ കോടതി വിധികളും  ഇത് പോലെ തന്നെ വരും.Monday, October 24, 2016

ആദിവാസി


"നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്......ഒന്ന് അബോർഷൻ ആണ്.  ..മറ്റൊന്നിന് വാൽവിന്റെ തകരാർ..."

''നാല്  പട്ടി ചത്തിട്ടുണ്ട്'' എന്ന് പറയുന്ന ലാഘവത്തോടെ ആണ് ഈ പറയുന്നത്. പക്ഷേ പട്ടിയേയോ പന്നിയെയോ കുറിച്ചല്ല ഈ പറയുന്നത്. മനുഷ്യരെ കുറിച്ച് തന്നെയാണ്. പറഞ്ഞത്  സാധാരണക്കാരൻ അല്ല. ഭരണഘടനാ പദവിയിൽ ഇരിക്കുന്ന കേരളത്തിലെ ഒരു മന്ത്രി. പറഞ്ഞ സ്ഥലമോ? നിയമ സഭ.  

അട്ടപ്പാടിയിലെ ശിശു മരണത്തെ കുറിച്ചാണ് പറഞ്ഞത്. പിറന്നു വീണ നാല് പിഞ്ചു കുഞ്ഞുങ്ങളെ ആണ് "നാലെണ്ണം" എന്ന് വിശേഷിപ്പിച്ചത്. മനുഷ്യ കുഞ്ഞുങ്ങൾ ആണെങ്കിലും ആദിവാസികൾ അല്ലേ? പിന്നെന്തിനു മാന്യമായി പറയണം?

 മനുഷ്യർ  ആണെങ്കിലും വോട്ട് ബാങ്ക് ആല്ലാത്തതു കൊണ്ട് ആദിവാസികളെ ക്കുറിച്ചു  ഇങ്ങിനെയൊക്കെ പറഞ്ഞാൽ മതി. ആദിവാസികളുടെ നാടായ കാട് മുഴുവൻ നമ്മൾ കയ്യേറി. ഇങ്ങു നാട്ടിൽ അവനു സൗകര്യം ഒരുക്കാനും തയ്യാറല്ല. അങ്ങിനെ കാടും നാടും ഇല്ലാതെ സ്വന്തം ഭൂമിയിൽ തന്നെ അന്യനായി നിൽക്കുന്ന ഒരു കൂട്ടം മനുഷ്യരാണ് ആദിവാസികൾ. അവർ സംഘടിതരല്ല. പരാതികളും പരിവേദനങ്ങളും പറയാൻ ശക്തരല്ല.സർവോപരി അവർ വോട്ട് ബാങ്ക് അല്ല.

 ജനാധിപത്യ ഭരണ കൂടങ്ങൾ വന്ന കാലം മുതൽ ഇവിടെ പട്ടിക ജാതി പട്ടിക വർഗ വകുപ്പും മന്ത്രിയും ഉണ്ട്. ആ വിഭാഗത്തിൽ നിന്നുമുള്ള ഒരാളെ തന്നെ മന്ത്രിയാക്കാൻ ഇടതും വലതും മുന്നണികൾ ശ്രദ്ധിക്കാറുണ്ട്. മന്ത്രിയായി ക്കഴിഞ്ഞാൽ താൻ ഏത് ജാതി/ വർഗ്ഗത്തിൽ നിന്നാണ് വന്നത് എന്നും അവർക്കു വേണ്ടി എന്തെങ്കിലും ചെയ്യാനാണ് മന്ത്രി ആയത് എന്നും സൗകര്യ പൂർവം  മറക്കുന്ന ആളുകൾ.

അധിക്ഷേപം മന്ത്രി അവിടെയും നിർത്തിയില്ല. അദ്ദേഹം തുടർന്നു...

 "നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്. അത് പോഷകാഹാരക്കുറവ് കൊണ്ടല്ല. ഒന്ന്  അബോർഷനാണ്.അബോർഷനെന്നു   പറഞ്ഞാൽ  നിങ്ങളുടെ കാലത്തു ഗർഭിണിയായത്.ഇപ്പോഴാണ് ഡെലിവറി ആയത്. അതിനു ഞാൻ ഉത്തരവാദി അല്ല.മറ്റൊന്നിനു വാൽവിന്റെ  തകരാറ്.   അത് ഗർഭിണിയായതും നിങ്ങളുടെ കാലത്താണ്.ഇപ്പോഴാണ് പ്രസവിച്ചത്. അതിനും ഞാൻ ഉത്തരവാദിയല്ല."

ആദിവാസി സ്ത്രീകൾ ഗർഭം ധരിക്കുന്നതിനെ കുറിച്ച് എത്ര അവജ്ഞയോടും പുശ്ചത്തോടും പരിഹാസ പൂർവവും ആണ് പറയുന്നത്  നോക്കൂ. യു.ഡി.എഫ്.  കാലത്തെ ഗർഭമാണ് അത് കൊണ്ട് എൽ.ഡി.എഫ്. മന്ത്രി ഉത്തരവാദി അല്ല എന്ന്! മറ്റൊരു സമുദായത്തെ ക്കുറിച്ചാണെങ്കിൽ ഇങ്ങിനെ പരിഹസിക്കുമോ? അതും ആദിവാസി ക്ഷേമത്തിന് വേണ്ടിയുള്ള മന്ത്രി.

ഈ പരിഹാസവും ആക്ഷേപവും കേട്ട് മന്ത്രിയെ കയ്യടിച്ചു അഭിനന്ദിക്കാനും  ഡെസ്‌ക്കിലടിച്ചു പ്രോത്സാഹിപ്പിക്കാനും  ഭരണ പക്ഷത്തെ എം.എൽ.എ. മാർ.ഇത്രയും കേട്ടിട്ടും ഇത്ര നീചമായ പരിഹാസത്തിന്റെ അതിനെ ചോദ്യം ചെയ്യാനോ അതിനെതിരെ ഒരക്ഷരം പറയാനോ തയ്യാറാകാഞ്ഞ പ്രതിപക്ഷ എം.എൽ.എ. മാർ.  ഈ പരാമർശങ്ങളിൽ തെറ്റ് കാണാത്ത  അൺ പാർലമെന്ററി  എന്ന് പറയാത്ത സ്പീക്കർ.

ചാനലുകളും പത്രങ്ങളും ഒരു പരിധി വരെ ഈ വാർത്ത   തമ്സ്കരിച്ചു. സോഷ്യൽ മീഡിയ രംഗത്ത്  വന്നതിനു ശേഷമാണ് ചർച്ചകൾ തുടങ്ങിയത്.  അതിനു ശേഷം   വിശദീകരണ വുമായി  വന്ന മന്ത്രി വീണ്ടും സ്വയം ന്യായീകരണമാണ് നടത്തിയത്.'എണ്ണം അങ്ങിനെയേ പറയാൻ കഴിയൂ' എന്ന്. "നാലെണ്ണം" എന്നതിന് പകരം "നാല് കുട്ടികൾ" എന്ന് എന്ത് കൊണ്ട് പറഞ്ഞില്ല? അത് പോലെ ഗർഭത്തെ കുറിച്ച് എന്തിനാണ് അനാവശ്യ പരാമർശം നടത്തിയത്?

യു.ഡി.എഫ് ന്റെ കാലത്തെ ഗർഭം എന്ന് മന്ത്രി ആക്ഷേപിക്കുന്നുണ്ടല്ലോ. അധികാരത്തിൽ വന്നതിനു ശേഷമുള്ള  കഴിഞ്ഞ നാലു മാസക്കാലത്തെ  ഈ യു.ഡി.എഫ്. ഗർഭിണികളുടെ പോഷകാഹാരക്കാര്യമോ മറ്റു സുഖ സൗകര്യങ്ങളോ  മന്ത്രി നോക്കിയോ?  ആദിവാസി ഊരുകളിൽ താമസിച്ചു എന്നൊക്കെ പറയുന്ന മന്ത്രി അധികാരമേറ്റതിനു ശേഷം ഒരിക്കലെങ്കിലും ഏതെങ്കിലും ഒരു  ആദിവാസിയെ കണ്ടിട്ടുണ്ടോ? ആദിവാസി കോളനികളിലെ ദുരിതം ശ്രദ്ധിച്ചിട്ടുണ്ടോ? 

ആദിവാസികളുടെ സ്ഥിതി ഇന്നും മഹാ കഷ്ട്ടം തന്നെ. സ്വാതന്ത്ര്യം കിട്ടിയ അന്ന് മുതൽ ജനകീയ സർക്കാരുകൾ  അവരെ ഉദ്ധരിക്കുകയാണ്. അവർക്കു വേണ്ടി പ്രത്യേക വകുപ്പുകൾ, പദ്ധതികൾ അങ്ങിനെ ആദിവാസ ക്ഷേമം തകൃതിയായി നടക്കുന്നു. പക്ഷെ ഇന്നും  കോരന്   കഞ്ഞി കുമ്പിളിൽ തന്നെ. അട്ടപ്പാടിയിലെ ശിശു മരണവും പോഷകാഹാരക്കുറവ് കൊണ്ടുള്ള ഗർഭിണികളുടെ മരണവും ഒക്കെ കണ്ട് സൊമാലിയ പോലെ ആയെന്നുള്ള സത്യം നരേന്ദ്ര മോദി വിളിച്ചു പറഞ്ഞപ്പോൾ  ആദിവാസികൾക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കിയ   മാർക്സിസ്റ്റ് കാരുടെ, പട്ടിക ജാതി-പട്ടിക വർഗ-പിന്നോക്ക വിഭാഗ ക്ഷേമ  മന്ത്രി തന്നെ ആദിവാസി സ്ത്രീകളുടെ ഗർഭത്തെ  പരിഹസിക്കുന്നതാണ് ഇവിടെ കണ്ടത്.