2018, ജനുവരി 29, തിങ്കളാഴ്‌ച

വാട്സാപ്പ്

അറിവ് ഒരു മഹാ സാഗരം. സംഗീതം ഒരു സാഗരം ആണെന്നും പാട്ടുകാരൊക്കെ കടാപ്പുറത്ത് മുത്തുച്ചിപ്പി പറക്കി നടക്കുന്ന കൊച്ചു കുട്ടികളാണെന്നും യേശുദാസ് പറഞ്ഞിട്ടുണ്ട്. സംഗീതമെന്ന സാഗരം തേടി അലഞ്ഞിട്ടുണ്ട് എന്ന് മോഹൻലാലും പറയുന്നുണ്ട്. പാട്ട് പഠിക്കാനായി പുള്ളി സിംഹത്തിന്റെ മടയിൽ ചെന്നു കയറിയ സിനിമയിൽ. സംഗീതം സാഗരമാണെങ്കിൽ അതിലും വലിയ സാഗരം ആയിരിക്കുമല്ലോ അറിവ്. അറിവെന്ന മഹാ സാഗരത്തിൽ നമ്മൾ കൊച്ചു കുട്ടികൾ പോലുമല്ല, വെറും നെത്തോലികൾ. അൽപ്പ ജ്ഞാനികൾ.പക്ഷേ അറിവിന്റെ ഭണ്ഡാഗാരങ്ങൾ കുറേശെയായി അടുത്ത കാലത്തായി നമ്മുടെ മുന്നിൽ  തുറന്നു കിട്ടുന്നുണ്ട്. നവയുഗത്തിന്റെ വരദാനമായ വാട്ട്സാപ്പ് ആണ്  നമുക്ക് തുറന്നു തരുന്നത്.  എന്തൊക്കെ അറിവുകൾ. എന്തൊക്കെ കാഴ്ചകൾ. ഈ പ്രപഞ്ചം എത്ര വിചിത്രം! 

ഒരുദാഹരണം നോക്കൂ. അവിയലും തോരനും സാമ്പാറുമൊക്കെ വയ്ക്കുന്ന പച്ചക്കറിയിൽ തമിഴൻ നമുക്കു   തളിച്ച് തരുന്ന മാരക വിഷത്തെ കുറിച്ച് നമുക്ക് അറിയില്ലായിരുന്നല്ലോ.വാട്ട് സാപ്പിലല്ലേ വിഷം മുക്കുന്ന പടങ്ങൾ ഉൾപ്പടെ വിവരങ്ങൾ നമ്മളറിഞ്ഞത്. പക്ഷെ ആ അറിവ് നമ്മളെ വല്ലാതെ വിഷമിപ്പിച്ചു. സാമ്പാറും വേണം പക്ഷേ വിഷം പാടില്ല താനും. അങ്ങിനെ വിഷ സാമ്പാർ വിഷമിച്ച് കഴിച്ചു കൊണ്ടിരുന്ന കാലഘട്ടത്തിലാണ് ദൈവത്തിന്റെ അവതാര മായ വാട്ട്സാപ്പ് ഒരു പരിഹാരവുമായി വന്നത്. ഒരു മാജിക്കൽ റമഡി. മഞ്ഞൾ! മലക്കറി മഞ്ഞൾ ലായനിയിൽ മുക്കി വയ്ക്കുക! വിഷം gone! നല്ല സ്വയമ്പൻ ജൈവ പച്ചക്കറി റഡി. മഞ്ഞളിലെ കർക്കുമിൻ  വിഷം മുഴുവൻ മാറ്റുമത്രേ! അങ്ങിനെ വിഷ രഹിത പച്ചക്കറി കഴിച്ച് സന്തോഷത്തോടെ കഴിയുമ്പോഴാണ് വാട്ട്സാപ്പ് വീണ്ടും വരുന്നത്. ഇടിത്തീ പോലെ. സന്തോഷം സങ്കടമായി. വിഷം കളയുന്ന മഞ്ഞൾപ്പൊടിയിൽ വിഷം! മാർക്കറ്റിൽ കിട്ടുന്ന മഞ്ഞൾ പൊടിയിൽ മായം ചേർക്കുന്നത് ഏതോ മാരക വിഷം! വിഷത്തെ വിഷം കൊണ്ട് കഴുകിയാൽ? അത് കൊണ്ട് മഞ്ഞൾ കൊണ്ട് പച്ചക്കറി കഴുകുന്നത് നിർത്തി. തമിഴന്റെ വിഷം തന്നെ  കഴിച്ചു കൊണ്ടിരിക്കുന്നു.

 അങ്ങിനെ ഇരിക്കുമ്പോഴാണ് മറ്റൊരു ആരോഗ്യ ടിപ്പുമായി വാട്സാപ്പ് വരുന്നത്. മാരകമായ വൈറസും ബാക്ടീരിയയും നമ്മുടെ വീട്ടിൽ ഉണ്ടാകുന്നു.നമ്മുടെ അശ്രദ്ധ കൊണ്ട്. എല്ലാ വീടുകളിലും യൂറോപ്യൻ ക്ളോസറ്റ്കൾ ആണല്ലോ. അവ ഫ്ലെഷ്‌ ചെയ്യുമ്പോൾ മലിന ജലം ബാക്ടീരിയ സഹിതം പുറത്തേയ്ക്കു തെറിച്ചു വീഴുന്നു. നമ്മുടെ ശുചി മുറി ആകെ അത് പടരുന്നു. കണക്കനുസരിച്ചു ശുചി  മുറിയുടെ 62 ശതമാനം സ്ഥലത്തു ബാക്ടീരിയ പടരുന്നു.! OMG ! വീഡിയോ സഹിതമാണ് നമ്മെ കാണിച്ചു തരുന്നത്. എത്ര ഭയാനകം.  നമ്മുടെ ശ്രദ്ധക്കുറവ് കൊണ്ടാണിത് സംഭവിക്കുന്നത്. ഇതെങ്ങിനെ തടയാം?  പ്രതിവിധി വാട്സാപ്പ് പറയുന്നുണ്ട്.  ക്ളോസറ്റിനു  അടപ്പുണ്ടല്ലോ. ഫ്ലഷ് ചെയ്യുമ്പോൾ അടപ്പു അടച്ചു വയ്ക്കുക. പ്രശ്നം തീർന്നു. എത്ര സിംപിൾ  കാര്യമാണ് നമ്മൾ ശ്രദ്ധിക്കാതെ പോയത്. അങ്ങിനെ വാട്സാപ്പ് പറഞ്ഞത് പോലെ ബാക്ടീരിയകളെ ക്ളോസറ്റിൽ തന്നെ നിർത്തി അവിടന്ന് ഡ്രൈനേജിൽ എത്തിച്ചു ശുചി മുറി ബാക്ടീരിയ ഫ്രീ ആയി സൂക്ഷിച്ചു സന്തോഷമായി കഴിയുന്ന നാളുകളിലാണ് ഒരു സംശയം മനസ്സിൽ ഉദിച്ചത്. ക്ളോസറ്റ് അടച്ചു ഫ്ലഷ് ചെയ്യുമ്പോൾ പുറത്തോട്ടു ശക്തിയായി വരുന്ന ജല കണങ്ങളും ബാക്ടീരിയയും ക്ളോസറ്റിന്റെ അടപ്പിൽ പറ്റിപ്പിടിച്ചു ഇരിക്കില്ലേ? തീർച്ചയായും.  അത് കഴുകി ക്കളയണ്ടേ? അടപ്പിൽ വെള്ളമൊഴിച്ചു കഴുകുന്നു. അപ്പോൾ ആ ബാക്ടീരിയ ശുചി മുറി ആകെ പടരുന്നു. പണ്ട് 62 ശതമാനം ആയിരുന്നുവെങ്കിൽ ഇപ്പോഴത് 100 ശതമാനം ആയിക്കാണും! അടച്ചില്ലെങ്കിൽ 62  അടച്ചാൽ 100. ആകെ പെട്ടു. ഇനി ഒരു പ്രതിവിധിയുമായി വാട്ട്സ്ആപ്പ് വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

2018, ജനുവരി 28, ഞായറാഴ്‌ച

13 കോടി

ജനങ്ങളെ അഭിമുഖീകരിക്കുന്നത്  സിപിഎമ്മിന് അത്ര എളുപ്പം അല്ലാതായി മാറിക്കൊണ്ടിരിക്കുന്നു. ജനത്തിന് എല്ലാം മനസ്സിലായല്ലോ.  ബിനോയ്  കോടിയേരിയുടെ 13 കോടി പണം തട്ടിപ്പ് പുറത്തു വന്നപ്പോൾ  പാർട്ടിക്കാര്യം അല്ല, അവർ ഉത്തരവാദിയല്ല എന്ന് പോളിറ്റ് ബ്യൂറോയും നേതാക്കളും പറഞ്ഞു. ശരി.  മകന്റെ കാര്യം അവൻ നോക്കട്ടെ എന്ന്  കോടിയേരിയും പറഞ്ഞു. രണ്ടും   സമ്മതിച്ചു. പക്ഷെ പെട്ടെന്ന് പാർട്ടി സ്റ്റേറ്റ് കമ്മിറ്റി കൂടുന്നു. ഒരു ദിവസം മുഴുവൻ ചർച്ച ചെയ്യുന്നു. മകൻ സ്വയം നോക്കട്ടെ എന്ന് പറഞ്ഞ അച്ഛൻ ദുബായിൽ നിന്നും വരുത്തിയ സൽസ്വഭാവ സർട്ടിഫിക്കറ്റ് സഹിതം പാർട്ടിക്ക്  വിശദീകരണം  നൽകുന്നു. അവസാനം  ദുബായ് പോലീസിനെ പോലെ സിപിഎമ്മും ഒരു സൽസ്വഭാവ സർട്ടിഫിക്കറ്റു കൊടുക്കുന്നു." പയ്യൻ നല്ലവൻ, അച്ഛൻ അതിലും  നല്ലവൻ"

13 കോടി കൊടുക്കാനുണ്ട് എന്നത് സത്യം. അത് ഫേസ് ബുക്കിൽ ബിനോയും സമ്മതിക്കുന്നു. 60000  ദിർഹം പിഴയായി കോടതിയിൽ കെട്ടി വച്ച് ക്രിമിനൽ കേസിൽ നിന്നും ഒഴിവായി. അപ്പോഴും കൊടുക്കാനുള്ള  13 കോടി ബാക്കി. സിവിൽ കേസ് പറഞ്ഞാൽ വർഷം കുറെ എടുക്കും. അതാണ് അറബി/മലയാളി സിപിഎം  പാർട്ടി കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്.  ഈ 13 കോടി ഏതെങ്കിലും പാർട്ടി അനുഭാവി ദുബായിൽ കൊടുത്ത് പ്രശ്നം ഒതുക്കും. രവി പിള്ള യൂസഫലി പോലെ എത്ര കോടീശ്വരന്മാരാണ് സിപി എമ്മിനു കൂട്ടായുള്ളതു. ലോക കേരള സഭയിലെ ഏതെങ്കിലും ഒരു പ്രവാസി യോട് പറഞ്ഞാൽ പോരെ? പകരം കേരളത്തിന്റെ ഏതെങ്കിലും പൊതു മുതൽ എഴുതി കൊടുത്താൽ പോരെ?  ഇനിയും മനസ്സിലാകാത്ത കാര്യം, ഇത്രയും പണ സ്രോതസ്സുള്ള അച്ഛനും മകനും എന്ത് കൊണ്ട് പണം കൊടുക്കാതിരുന്നു എന്നതാണ്കൊ ചോദ്യം. കാരണം അത് തന്നെ. വർഷങ്ങളോളം കേസ് പറയണം.പിന്നെ എന്തിനു 13 കോടി കളയണം? അത് കൊണ്ട് കൊടുക്കണ്ട എന്ന് തന്നെ തീരുമാനിച്ചു. ദുബായി കോടതിയിൽ വർഷങ്ങളോളം കേസ് കിടക്കും. ഇവിടെ  ചെയ്യാനും കഴിയില്ല. ആനപ്പുറത്തിരിക്കുന്നവന് നായെ പേടിക്കേണ്ടല്ലോ. ഇവരിലും അതി ബുദ്ധിമാൻ ആരോ അറബിയെ കേരളത്തിൽ ഇറക്കി കളിച്ചു. അംഭവം പുറത്തായി.


2018, ജനുവരി 22, തിങ്കളാഴ്‌ച

അവസാനം

Image may contain: 12 people

 
നല്ല കേസ് കിട്ടുന്നില്ല എന്ന് പറഞ്ഞു പണി മുടക്കി സുപ്രീം കോടതിയിൽ നിന്നും ഇറങ്ങിപ്പോയി പത്ര സമ്മേളനം നടത്തിയ 4 ജഡ്ജിമാരിൽ ഒരാളാണ് കുര്യൻ ജോസഫ് സാറ്. ഇപ്പഴ് ദാ ഒരു കേസ് കിട്ടിയപ്പം അതിൽ നിന്നും പിന്മാറിയിരി ക്കുന്നു. തോമസ് ചാണ്ടിയുടെ കേസ് കേൾക്കുന്ന ബെഞ്ചിന്റെ അധ്യക്ഷനായി രുന്നു. എന്താണ് ജഡ്ജിമാരുടെ ഈ പിന്മാറ്റത്തിന്റെ രഹസ്യം?  മനസ്സിലാ കുന്നില്ല.  പ്രബലന്മാർക്കെതിരെ വിധി പറ ഞ്ഞാൽ സ്വന്തം ശരീരത്തിനോ പദവിക്കോ  എന്തെങ്കിലും സംഭവിക്കുമോ എന്ന്. അങ്ങിനെയെങ്കിൽ പ്രധാന മന്ത്രി പദത്തിൽ ഇരുന്ന  ഇന്ദിരാഗാന്ധിക്കെതിരെ വിധി പറഞ്ഞ അലഹബാദ് കോടതിയിലെ ജസ്റ്റീസ് സിൻഹയെ നമിക്കണം. ശക്തനായ ലാലുവിനെ അഴിക്കുള്ളിലാക്കിയ ജഡ്ജി, ജയലളിതയെ, ശശികല യെ ഒക്കെ അകത്താക്കിയ ജഡ്ജിമാർ. അങ്ങിനെ അസംഖ്യം.കേസിൽ പക്ഷ പാതം വരുമോ എന്നുള്ള പേടി. മുന്നിൽ വരുന്ന കേസിനെ നിഷ്പക്ഷവും നീതിപൂർവവും ആയി സമീപിക്കാൻ കഴിയില്ല എന്ന പേടി.   നിയമിതനാകു മ്പോൾ  ഇങ്ങിനെയൊരു സത്യവാചകം ചൊല്ലുന്നുണ്ടല്ലോ.

 "I, ....., having been appointed as  a Judge of the Supreme Court of India do swear in the name of God/solemnly affirm that I will bear true faith and allegiance to the  Constitution  of India as by law established, that I will uphold the sovereignty and integrity of India, that I will duly and faithfully and to the best of my ability, knowledge and judgement perform the duties of my office without fear or favour, affection or ill-will and that I will uphold the Constitution  and the laws." 

ഇതിനു വലിയ അർത്ഥമൊന്നും ഇല്ലേ?


ഈ രണ്ടുമല്ലെങ്കിൽ മൂന്നാമത്തെ പേടി, ആ സത്യപ്രതിജ്ഞ വാചകത്തിൽ പറഞ്ഞിരിക്കുന്ന ''favour'' കിട്ടില്ല എന്നതായിരിക്കും. ജഡ്ജിമാരെ    ദൈവങ്ങളെ പ്പോലെയാണ് സാധാരണ ജനം കാണുന്നത്. പരമോന്നത കോടതിയിലെ ജഡ്ജിമാരെ ദൈവം കഴിഞ്ഞാൽ അടുത്ത പദവിയാണ് നൽകുന്നത് കാര്യങ്ങൾ ജഡ്ജിമാരുടെ മുന്നിൽ അവതരിപ്പിക്കാൻ മാത്രം ത്രാണിയുള്ള പട്ടിണിപ്പാവങ്ങളായ ജനം. നിഷ്പക്ഷമായ നീതി പൂർവമായ ഒരു വിധിയാണ് അവർ പ്രതീക്ഷിക്കുന്നത്. പിൻ തിരിഞ്ഞു ഓട്ടമല്ല.  


Image may contain: one or more people and people sitting


2018, ജനുവരി 19, വെള്ളിയാഴ്‌ച

ജനകീയ സമരം





ശ്രീജിത്തിന്റെ ഒറ്റയാൾ സമരം ഒരു ജനകീയ സമരമായി കേരളമാകെ പടർന്നു പിടിക്കുകയാണ്. സോഷ്യൽ മീഡിയ എന്ന നവ  മാധ്യമത്തിലൂടെ വ്യാപിച്ച സമരം ഭരണകൂട ഭീകരത്തേയ്ക്കെതിരെയുള്ള ഒരു വിപ്ലവമായി കക്ഷി രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ജനകീയ സമരങ്ങൾ എക്കാലവും വിജയം കണ്ടിട്ടുണ്ട് എന്നത് ചരിത്ര സത്യമാണ്. ലോക ചരിതം പരിശോധിച്ചാലും ഭാരതത്തിന്റെ ചരിത്രം നോക്കിയാലും അത് കാണാൻ കഴിയും. അടിയന്തരാവസ്ഥയ്ക്കു എതിരെ ഉയർന്നു വന്ന പ്രക്ഷോഭം നമ്മുടെ ഓർമയിൽ ജ്വലിച്ചു നിൽക്കുന്ന ഒരു ഉദാഹരണം ആണ്. പ്രധാന മന്ത്രി പദവി  നില നിർത്താനായി, അധികാരത്തിൽ തുടരുക എന്ന ഒരേ ഒരു ലക്ഷ്യത്തോടെ, ജനാധിപത്യ മാനദണ്ഡങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും ധ്വംസിച്ചു  അധികാരത്തിന്റെ കരാള ഹസ്ത ങ്ങളാൽ ഒരു ജനതയെ ആകെ അടിച്ചമർത്താമെന്ന ഇന്ദിരാ ഗാന്ധിയുടെ   വ്യാമോഹത്തി നെതിരെ ഉയർന്നു വന്ന ജന രോഷം  ഭാരതമാകെ വ്യാപിച്ച ഒരു ജനകീയ  പ്രക്ഷോഭ മായി മാറുകയും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച    ഭരണ കൂടത്തെ അധികാരത്തിൽ നിന്നും നിഷ്കാസിതമാക്കി അടിയന്തരാവസ്ഥ യ്ക്കെതിരെ  ജനങ്ങളോടൊപ്പം പോരാടിയ, അവർക്കു നേതൃത്വം നൽകിയ  ജനതാ പാർട്ടിയെ   ജനാധിപത്യ വ്യവസ്ഥയിൽ ബഹു ഭൂരിപക്ഷത്തോടെ    അധികാരത്തിൽ കൊണ്ട് വന്നത് 1977 ൽ  നാം കണ്ടതാണ്. ഭരണ കൂട ഭീകരത്തേയ്ക്കെതിരെയുള്ള   അത്തരം ഒരു ജനകീയ വിപ്ലവമാണ് കേരളത്തിന്റെ  ഭരണ സിരാ കേന്ദ്രത്തിൽ രൂപം കൊള്ളുന്നത്. 

ഹൈക്കോടതിയുടെ  ''സ്റ്റേ'' എന്ന ഒരു അദൃശ്യ സാധനത്തെ ആണ് സർക്കാർ തങ്ങളുടെ പ്രതിരോധ ആയുധമായി മുന്നിൽ വയ്ക്കുന്നത്. സ്റ്റേ എന്ന സാധനം ആരും കണ്ടിട്ടില്ല. സ്റ്റേ ഉണ്ടായതു കൊണ്ടാണ് സർക്കാരിന് ഒന്നും ചെയ്യാൻ കഴിയാത്തത് എന്ന് വാദിക്കുന്ന ചാനലിലെ ന്യായീകരണ തൊഴിലാളികൾക്ക് സ്റ്റേ ആരെയും കാണിക്കാൻ കഴിയുന്നില്ല. ഈ സ്റ്റേ എന്താണെന്നു കൂടി അറിയില്ല. ചാനലിൽ വന്ന ഒരാൾ പറയുകയാണ് ''സ്റ്റേ ഉണ്ട്, പക്ഷെ ഞാൻ കണ്ടിട്ടില്ല, അത് കൊണ്ട് അതിന്റെ ഉള്ളടക്കവും അറിയില്ല, പക്ഷെ അത് കൊണ്ടാണ് സർക്കാരിന് ഒന്നും ചെയ്യാൻ കഴിയാത്തത്''. എങ്ങിനെയുണ്ട് വാദഗതി? മാർകിസ്റ്റ് പാർട്ടിയെ പ്രതിനിധീകരിച്ചു ചാനലിൽ വന്ന ഒരു എംഎൽഎ. ആണ് ഇങ്ങിനെ പായുന്നത്. രണ്ടു വർഷമായിട്ടും സ്റ്റേ എന്താണെന്നോ എന്തിനാണെന്നോ അറിയാതെ ഇരിക്കുന്ന ഒരു സർക്കാർ. അഡ്വക്കേറ്റ് ജനറലിനെ ഫോണിൽ  വിളിച്ചു പറഞ്ഞാൽ ഒരു മിനിട്ടു കൊണ്ട് അറിയാൻ കഴിയുന്ന കാര്യമാണ്  അറിയില്ല, കണ്ടിട്ടില്ല എന്ന് പറഞ്ഞു സർക്കാർ കളിക്കുന്നത്. പ്രത്യേക  അന്വേഷണ സംഘം രൂപീകരിച്ച ആഭ്യന്തര സെക്രട്ടറിയുടെയോ ചീഫ് സെക്രട്ടറിയുടെ ഫയലിലും ഇല്ലേ ഈ 'സ്റ്റേ' യുടെ ഒരു പകർപ്പ്? ഏറ്റവും അവസാനം വന്ന വാർത്ത അനുസരിച്ചു പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ ഉത്തരവ് ഒരു ഒറ്റയാൾ ഉത്തരവ് ആയതു കൊണ്ട് നിയമപരം അല്ലാത്തത് കൊണ്ട്  സ്റ്റേ ചെയ്തു എന്നാണു പറഞ്ഞിരിക്കുന്നത്. ഇതാണോ സത്യം?   സർക്കാരിന് ഇത് അറിയാത്തതു കൊണ്ടോ അതോ മനഃപൂർവം ഒളിച്ചു വയ്ക്കുകയാണോ? സ്റ്റേ ഒഴിവാക്കാൻ ഹൈക്കോടതിയിൽ പോയാൽ സഹായിക്കാം എന്ന് സർക്കാർ പറയുന്നത് ഇത് അറിഞ്ഞു കൊണ്ടാണോ?

ഏറ്റവും രസകരം പിണറായി സർക്കാർ സിബിഐ  അന്വേഷണം ആവശ്യപ്പെട്ടു എന്നതാണ്. മുഖ്യ മന്ത്രിയും അത് തന്നെയാണ് ആവർത്തി ക്കുന്നത്. എന്തിനാണ് സിബിഐ  അന്വേഷണം ആവശ്യപ്പെട്ടത്?  കേരള പോലീസിനെ വിശ്വാസമില്ലാത്തതു കൊണ്ടല്ലേ? സ്വന്തം പോലീസ്   അന്വേഷിച്ചാൽ കണ്ടെത്താൻ കഴിയില്ല എന്ന ഉത്തമ ബോധ്യമുള്ള  ആഭ്യന്തര ചുമതലയുള്ള  മുഖ്യ മന്ത്രി!   ഇതാണ് കേരള സംസ്ഥാനത്തിലെ ക്രമ സമാധാന നില.


2018, ജനുവരി 10, ബുധനാഴ്‌ച

വിമർശനം

സിപിഎം ജില്ലാ സമ്മേളനങ്ങളിൽ നേതൃത്വത്തിനെതിരെ നിശിതമായ വിമർശനം ഉണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിൽ ഇരുത്തി ക്കൊണ്ടാ ണ് ഭരണ വീഴ്ചകൾ ചൂണ്ടി കാട്ടി ഇത്രയും രൂക്ഷമായ വിമർശനം നടത്തിയത്.

 കേരളത്തിൽ അങ്ങോള മിങ്ങോളം ഉള്ള മാർക്കിസ്റ്റ് പാർട്ടി അണി കൾ കോൾമയിർ കൊണ്ടു. OMG എന്തൊരു ഉൾപ്പാർട്ടി ജനാധിപത്യം! പാർട്ടിയുടെ സർവ്വാധി പതിയെ നേരിട്ട് വിമർശി ക്കാനുള്ള അവകാശം ഒരു പാർട്ടി അംഗ ത്തിന്! അതും മുഖത്ത് നോക്കി! ഏകാധി പതി എന്ന് വിളിച്ചാക്ഷേ പിക്കുന്ന പിണറായി യുടെ മഹാ മന സ്കത നോക്കൂ.  

 പാവം അണികൾ. മാധ്യമ പ്രവർത്തകരെ കടക്ക് പുറത്തു എന്ന് പറഞ്ഞ് അസഹിഷ്ണുത കാണിച്ച, കോട്ടയം സമ്മേളനത്തിൽ അണികളെ കള്ളുകുടിയന്മാരെന്ന് വരെ വിളിച്ച് ശകാരിച്ച, പാർട്ടി സെക്രട്ടറി പോലും എതിർത്ത് കമാ എന്ന് ഉരിയാടാൻ ധൈര്യ പ്പെടാത്ത പിണറായിക്കു മുൻപിൽ ഇങ്ങിനെ വിമർശ നം നടത്താൻ കഴിയുമോ എന്നൊന്നും പാവം സഖാ ക്കൾ ചിന്തിക്കാറില്ല. ഇതെല്ലാം മുന്നൊ രുക്കം നടത്തിയ നാടകങ്ങൾ ആണെന്ന് അവരുണ്ടോ അറിയുന്നു? നേതാക്കൾക്കെതിരെ അണികളിൽ ഉടലെടുക്കുന്ന അമർഷ വും രോഷവും അസംതൃപ്തിയും അണ കെട്ടി നിന്ന് പാർട്ടി മൊത്തം ഒഴുകി പ്പോകാതിരിക്കാൻ കണ്ടു പിടിച്ച ഒരു സേഫ്റ്റി വാൽവ് ആണ് ഈ വിമർശന നാടകങ്ങൾ. ദ്വേഷ്യം പരസ്യമായി പ്രകടിപ്പിക്കാൻ അവസരം കിട്ടിയതിൽ പ്രതിനിധികളും അണിക ളും ഒരു ബംബർ ലോട്ടറി അടിച്ച പോലെ സന്തോഷിക്കും.

ഈ വിമർശനങ്ങൾ ഒന്നും   ഭരണത്തെയോ നേതൃത്വത്തിന്റെ സ്വഭാവത്തെയോ ബാധിക്കില്ല എന്ന് അടുത്ത സമ്മേളനത്തിന് ആണ് ആ സഖാക്കൾ അറിയുന്നത്. അപ്പോഴും ഇത്തരം ഒരു വിമർശന നാടക ത്തിനു അവസരം കൊടുക്കും. സഖാക്കൾവീണ്ടും കോൾമയിർ കൊള്ളും. അടുത്ത വർഷം വീണ്ടും വിമർശനം വീണ്ടും......


2018, ജനുവരി 8, തിങ്കളാഴ്‌ച

സഭ

സീറോ മലബാർ സഭയുടെ അഴിമതിയുടെ നാറിയ കഥകൾക്ക് അത്ര പുതുമ യൊന്നും ഇല്ല. കാലാ കാലങ്ങളായി നടന്നു കൊണ്ടിരിക്കുന്ന, എല്ലാക്കാലത്തും നടക്കുന്ന എല്ലാവർക്കും അറിവുള്ള കാര്യങ്ങൾ ഇപ്പോൾ പുറത്തു വന്നു എന്ന് മാത്രം. ഇതൊരു കൂട്ടു കച്ചവടമാണ്. കൊള്ള മുതൽ എല്ലാവർക്കും പങ്കു വയ്ക്കാതെ വന്നപ്പോൾ സംഭവം പുറത്താക്കി.




ഒന്നോ രണ്ടോ രൂപയാണോ? കോടികൾ. 70 കോടി വില വരുന്ന എറണാകുളത്തെ 3.5 ഏക്കർ 28 കോടിക്ക് ഇടനിലക്കാരന് വിൽക്കുന്നു. അയാൾ 9 കോടി രൂപ മേജർ ആർച് ബിഷപ്പ് കർദിനാൾ മാർ ആലഞ്ചേരിക്ക് കൊടുത്തിട്ടു മുങ്ങി. ഈ അച്ചമ്മാര് ഇട്ടു കളിക്കുന്ന വസ്തുവും പണവും ഒക്കെ പാവപ്പെട്ട കുഞ്ഞാടു കളുടേതാണ്. അത് അവര് സന്തോഷമായിട്ടു കൊടുത്തതൊന്നും അല്ല. നിർ ബന്ധിച്ചുള്ള പിരിവു തന്നെ. മാമോദീസ, കല്യാണം, കുർബാന, അന്ത്യ കൂദാശ എല്ലാറ്റിനും റേറ്റ് അനുസരിച്ചു പണം കൊടുക്കണം. അവസാനത്തെ ആറടി മണ്ണിനു വരെ പള്ളിക്കാർ കാശു വാങ്ങുന്നു. എന്നിട്ട് ഈ പണം കൊണ്ട് അച്ചന്മാർ ആസ്വദിക്കുന്നു.


ആശുപത്രീകൾ നടത്തുന്നു, സ്‌കൂളുകൾ നടത്തുന്നു, കോളേജുകൾ നടത്തുന്നു. ഇതിൽ നിന്നൊക്കെ വൻ തോതിൽ ലാഭമുണ്ടാക്കുന്നു. ഈ പണമൊക്കെ എങ്ങോട്ടു പോകുന്നു എന്ന് ആർക്കുമറിയില്ല. സഭയിലെ പാവങ്ങൾക്ക് എങ്കിലും സഹായം ചെയ്തു കൂടെ? പാവങ്ങൾക്ക് ജാതിയില്ല മതമില്ല അവർക്കു പൊതുവായുള്ളത് ദാരിദ്ര്യം ആണ്.

 ഇനി ഞങ്ങൾ കുഞ്ഞാടുകളും മെത്രാന്മാരും ആയിട്ടുള്ള ഇടപാടിൽ പുറത്തുള്ള നിങ്ങൾക്കെന്തു കാര്യം എന്ന ചോദ്യം വരും. വിശ്വാസികളെ, നിങ്ങളുടെ പണം നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്തോ. പക്ഷേ ഇതിനകത്തു നികുതി വെട്ടിപ്പ് വരുന്നല്ലോ. സ്റ്റാമ്പ് ഡ്യൂട്ടി, ഇൻകം ടാക്സ് അങ്ങിനെ. ഏതായാലും ഒരു വിശ്വാസി പോലീസിൽ കേസ് കൊടുത്തിട്ടുണ്ട്. അതെന്താകുമെന്നു നോക്കാം. രാഷ്ട്രീയ പാർട്ടികൾ ഒരക്ഷരം മിണ്ടില്ല. ന്യുന പക്ഷം - പിന്നെ വോട്ട് ബാങ്ക്.

2018, ജനുവരി 4, വ്യാഴാഴ്‌ച

മിടുക്കി

എല്ലാവരും പുതുവർഷം ആഘോഷിക്കുമ്പോൾ കഴുത്തറ്റം വെള്ളം നിറഞ്ഞ നാട്ടുവഴിയിലൂടെ തലയിൽ പുസ്തക സഞ്ചിയുമായി പള്ളിക്കൂടത്തിൽ നിന്നും വീട്ടിലേക്ക്പോകുന്ന ഒരു പെൺ കുട്ടിയുടെ ചിത്രവും ആ കുട്ടി അതിജീവന ത്തിന്റെ പാത താണ്ടിയ കഥയും മാതൃഭ്രമി ദിന പത്രത്തിലുണ്ട്. 



സ്നേഹ എസ് നായർ എന്നാണാ കുട്ടിയുടെ പേര്. രണ്ടര സെന്റിലുള്ള വീട് വെള്ളത്തിൽ മുങ്ങിക്കിടന്നപ്പോൾ ആണ്  അച്ഛൻ മരിക്കുന്നത്. അടക്കം ചെയ്യാൻ പോലും സ്ഥലമില്ലാതെ അമ്മയെയും കൂട്ടി ആ കുട്ടി  വീട്ടിലേക്ക് മാറുന്നതും, ഉപജീവനത്തിന് വേണ്ടി  ഹരിപ്പാട്ട് അമ്പലനടയിൽ തട്ടുകട തുടങ്ങുന്നതും ഒക്കെ പറയുന്നുണ്ട്. അത്ര കഷ്ടപ്പെട്ടും ആ മിടുക്കി   പഠിത്തം തുടരുന്നു. പള്ളിക്കൂടത്തിൽ നിന്നും വന്നതിനു ശേഷം തട്ടുകടയിൽ അമ്മ യോടൊപ്പം ജോലി. അതിനിടയിൽ പഠിത്തം.



 ഇന്ന് ആ മിടുക്കി മഹാരാജാസ് കോളേജിൽ MA ക്ക് പഠിക്കുന്നു.വീട് ഇപ്പോഴും വെള്ളം കയറി താമസിക്കാൻ കഴിയാത്ത വിധം. ഈ ജീവിത സാഹചര്യങ്ങളെ ഒക്കെ അതിജീവിച്ചു ആ കുട്ടി പഠിക്കുന്നു. ജീവിക്കുന്നു. KSU വിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് അയിട്ടും പണക്കാരായ കോൺഗ്രസു നേതാക്കൾ ഒരു സഹായവും ചെയ്യുന്നില്ല. ആ വീടൊന്ന് നന്നാക്കി കൊടുക്കുക പോലും. പാവപ്പെട്ടവർക്ക് വേണ്ടി കണ്ണീരൊഴുക്കുന്ന ഖദർ ധാരികൾ.




അദ്ധ്വാനിച്ചു ഉണ്ടാക്കിയ പണം കൊണ്ട് ഒരു സ്‌കൂട്ടർ വാങ്ങുകയും ചെയ്തു.   വായ്പയെടുത്ത് ഒരു ഓട്ടോ വാങ്ങാനും ഒരു തയ്യൽ യൂണിറ്റ് തുടങ്ങാനും സ്നേഹ എസ്. നായർ എന്ന ആ കൊച്ചു മിടുക്കിക്ക് പദ്ധതി ഉണ്ട്. ഇത്രയും സ്ഥിരോത്സാഹവും നിശ്ചയ ദദാർഢ്യവും ഉള്ള സ്നേഹയ്ക്കു അതിനും കഴിയും. പണത്തിന്റെയും ധാരാളിത്തത്തിന്റെയും ഇടയിൽ മദിക്കുന്ന സമൂഹത്തിൽ ഇങ്ങിനെയുള്ള ജീവിതങ്ങളും ഉണ്ട്.  

2018, ജനുവരി 2, ചൊവ്വാഴ്ച

തലാക്ക്

മുത്തലാഖ്  നിർത്തലാക്കുന്ന ബിൽ ലോക് സഭ പാസ്സാക്കി. ബിൽ അവതരിപ്പിക്കുന്നതിനു മുൻപ് നടന്ന ഒരു മുത്തലാഖ് നോക്കൂ. ഉത്തര പ്രദേശിലെ രാംപൂർ ജില്ലയിലെ  ഖാസി  എന്ന മനുഷ്യൻ  മൂന്നു വട്ടം തലാക്ക് പറഞ്ഞു ഭാര്യ ഗുൽ അഫ്‌ഷാനെ വിവാഹം ഒഴിഞ്ഞു.കാരണം എന്തെന്നറി യണ്ടേ?  ഭാര്യ  രാവിലെ എണീക്കാൻ വൈകി! രാത്രി ജോലി കൊണ്ട് പാവം ഉറങ്ങിപ്പോയി.  തലാഖ് പറഞ്ഞത് കെട്ടിയോൾ കേട്ട് കാണാൻ വഴിയില്ല. ഉറക്കത്തിൽ അല്ലേ മൊഴി ചൊല്ലിയത്.  ഉറങ്ങി എണീറ്റപ്പോൾ ആയിരിക്കും പാവം ഭാര്യ  വിവരം അറിഞ്ഞത്.  ഇതാണ് മുതലാഖിന്റെ പേരിൽ ഭാര്യമാർ അനുഭവിക്കുന്ന ദുരന്തം.   

പക്ഷേ ഈ ബില്ലിനെതിരെ രാഷ്ട്രീയ പാർട്ടികൾ രംഗത്തു വന്നു. സുപ്രീം കോടതി വിധിയെ  സ്വാഗതം ചെയ്ത കോൺഗ്രസ്സ് മുത്തലാഖ് ക്രിമിനൽ കുറ്റം ആക്കുന്നതും തടവ് ശിക്ഷയും എതിർത്തു.  പിന്നെ എതിർത്തവർ കെ. പ്രേമചന്ദ്രൻ.  പിന്നെ എതിർപ്പ്  സ്ഥിരം കക്ഷി ഇ.ടി. മുഹമ്മദ് ബഷീർ. ഒരു ചാനൽ ചർച്ചയിൽ ഇ.ടി.യോട് ആവർത്തിച്ചാവർത്തിച്ചു  ചോദിച്ചു മുത്തലാക്ക് ഇസ്‌ലാമിക വിരുദ്ധമാണോ അല്ലയോ എന്ന്. വ്യക്തമായ ഒരു  മറുപടി പറയാതെ ഉരുണ്ടു കളിക്കുകയായിരുന്നു ഇ.ടി. പിന്നെ സ്ഥിരം മതേതരക്കാരായ ഇടതു പക്ഷം. അവർ ഇറങ്ങിപ്പോയി. ''ബിൽ പൗരാവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റമാണെന്ന്'' സാഹിത്യ ഭാഷ പറഞ്ഞു സമ്പത് എം.പി.യും. 

 സ്ത്രീകൾ ഈ ബില്ലിന് അനുകൂലമാണ്. കാരണം അവരാണല്ലോ മുത്തലാക്ക് കൊണ്ട് ദുരിതം അനുഭവിക്കുന്നത്. ഉറങ്ങിയാൽ തലാക്ക്, ഉണർന്നാൽ തലാക്ക് അങ്ങിനെ എന്തിനും തലാഖ്. പാവം ഭാര്യമാർ. മുസ്ലിം വനിതാ പേർസണൽ ലോ ബോർഡ് പ്രസിഡന്റ് ഷായിസ്ത ആംബർ പറഞ്ഞു, "ഞാൻ അള്ളാവിനോട് നന്ദി പറയുന്നു, ബില്ല് പാസാക്കിയെടുക്കാൻ സഹായിക്ക ണമെന്ന് എല്ലാ എംപി മാരോടും അഭ്യർത്ഥിക്കുന്നു." പക്ഷെ പുരുഷ സമൂഹം ഇതിനെ എതിർക്കും. നിയമം വന്നാൽ 3 വർഷം തടവ് ശിക്ഷ. പിന്നെ, നേരത്തെ ഉറങ്ങി, താമസിച്ചു എണീറ്റു,   കിഴക്കോട്ടു നോക്കി, പടിഞ്ഞാറോട്ടു നോക്കി എന്ന് കാക്കത്തൊള്ളായിരം  കാരണങ്ങളിൽ  മൊഴി ചൊല്ലാൻ കഴിയില്ലല്ലോ. പുരുഷാധിപത്യ സമൂഹത്തിൽ   ഇതൊക്കെ തന്നെ പ്രതീക്ഷിക്കാം. അതിലും പ്രധാനം വോട്ട് ബാങ്ക് ആണ്. ഇതിനെ പരസ്യമായി എതിർക്കാതെ മുസ്ലിം ലീഗിന് നില നിൽപ്പില്ല. അതെ പോലെയാണ് സി.പിഎമ്മിനും. sdpi  ൽ നിന്നും ലീഗിൽ നിന്നും മുസ്ലിം വോട്ട് പിടിച്ചില്ലെങ്കിൽ അവരും ജയിക്കില്ല. അത് പോലെ തന്നെ കോൺഗ്രസ്സും. മുത്തലാക്ക് രാഷ്ട്രീയ പാർട്ടികളുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്. പാവം സ്ത്രീകളുടെ ജീവിത പ്രശ്നവും.