Wednesday, March 30, 2016

ചീഫ് സെക്രട്ടറി യുടെ ജോലി

നമ്മുടെ ചീഫ് സെക്രട്ടറി യുടെ ജോലി എന്താണെന്നോ? മന്ത്രി സഭാ യോഗത്തിൽ മന്ത്രിമാർ  പറയുന്ന കാര്യങ്ങൾ എഴുതി എടുക്കുക എന്നത്. അതായത് ആ യോഗത്തിന്റെ മിനിറ്റ്സ് തയ്യാറാക്കുന്നത്. 

കേരളത്തിലെ ഏറ്റവും സീനിയറായ IAS ഉദ്യോഗസ്ഥനാണ്  ചീഫ്   സെക്രട്ടറി. ഏതാണ്ട് 1 ലക്ഷം രൂപയോളം ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥൻ. കേന്ദ്ര സർക്കാരിൽ ഒരു വകുപ്പ് സെക്രട്ടറി റാങ്ക്.  ആ ഉദ്യോഗസ്ഥന്റെ  ജോലി ആണ് മന്ത്രി മാരുടെ യോഗത്തിന്റെ മിനിറ്റ്സ് എഴുതി എടുക്കുന്നത്. 

ഇത് മറ്റാരും പറഞ്ഞതല്ല. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ആയ പി.കെ. മോഹന്തി തന്നെ വെളിപ്പെടുത്തിയതാണ്. 

ഇത് വ്യക്തമാക്കുന്നത് ഇവിടെ ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ അവതരിപ്പിക്കാനോ അഭിപ്രായം പറയാനോ ഒരു അവകാശവും നൽകുന്നില്ല എന്നാണ്. അവരെ വെറുതെ ആ പദവിയിൽ ഇരുത്തുന്നു. കാര്യങ്ങൾ മുഴുവൻ മന്ത്രിമാർ നടത്തുന്നു.

അടുത്തിടെ കേരളം മുഴുവൻ സ്വകാര്യ വ്യക്തികൾക്ക് വിറ്റു തുലച്ച തീരുമാനങ്ങൾ എടുത്ത മന്ത്രി സഭ യോഗങ്ങളുടെ കാര്യം ആണ് മൊഹന്തി പറഞ്ഞത്. വെറുതെ ഒരു നോക്കു കുത്തി പോലെ ചീഫ് സെക്രട്ടറി അവിടെ ഇരിക്കുന്നു. വിൽപ്പനയുടെ കാര്യവും കണക്കും എല്ലാം മന്ത്രിമാർ അവതരിപ്പിക്കുന്നു,ഉത്തരവ് ഇറക്കുന്നു ലാഭം പങ്കിട്ടെടുക്കുന്നു.

മുൻപത്തെ ചീഫ് സെക്രട്ടറിമാർ പലതും ഇത്തരം നാട് കൊള്ളയടിക്കുന്നതിൽ കൂട്ട് നിൽക്കുന്നു അത് കൊണ്ട് അവരുടെ അഭിപ്രായം കൂടി കേൾക്കുന്നു. അവരുടെ അഭിപ്രായങ്ങൾ കൂടുതൽ ലാഭം കൊയ്യാൻ പര്യാപ്തമായത് ആയിരുന്നു. അത് കൊണ്ടാണ് മൊഹന്തി യെ നിയമിക്കാതെ പഴയ ആൾക്ക് കാലാവധി  നീട്ടിക്കൊടുക്കാൻ  ശ്രമിച്ചത്. അത് നടക്കാതെ വന്നപ്പോഴാണ് കൊള്ളക്കാർക്ക് കൂട്ടു നിൽക്കാത്ത മൊഹന്തിയെ നിയമിക്കാൻ നിർബന്ധിത രായത്.. 

Friday, March 18, 2016

ജന്മഭൂമി

ഹിന്ദുക്കൾ മാതൃഭൂമി പത്രം ബഹിഷ്ക്കരണം ഒരു നല്ല ആശയമാണ്.അത് എത്രത്തോളം പ്രാവർത്തികം ആകും എന്നതാണ് പ്രശ്നം. കാരണങ്ങൾ പലതുണ്ട്.മാതൃഭൂമി ഒഴിവാക്കുമ്പോൾ മലയാളിയുടെ വായനാ ശീലം അനുസരിച്ച് അതിനു പകരം വയ്ക്കാൻ   മലയാളി മറ്റൊരു പത്രം  ആഗ്രഹിക്കും. മനോരമ  സർക്കുലേഷൻ കൂടിയ മറ്റൊരു പത്രം ആണ്.  സ്വാഭാവികമായി മനോരമ ആയിരിക്കും പകരം  മനസ്സിൽ എത്തുക. രാജ്യ സ്നേഹികളെ സംബന്ധിച്ച്  അത് എരി തീയിൽ നിന്നും വറവ് ചട്ടിയിലേക്ക് ഉള്ള പോക്കായിരിക്കും.

അപ്പോൾ പകരം  മറ്റൊന്ന് വേണം. ആ ഇടം നിറയ്ക്കാൻ ജന്മഭൂമി പത്രത്തിന് ആകുമോ എന്ന് നോക്കണം.പത്രത്തോടും രാജ്യത്തോടും ഉള്ള കൂറിനു അതീതമായി ഒരു വാർത്താ പത്രം എന്ന നിലയിൽ ജന്മഭൂമി എത്ര ആളെ ആകർഷിക്കും എന്ന് നോക്കേണ്ടി ഇരിക്കുന്നു. അങ്ങിനെ ആകർഷിക്കാൻ കഴിഞ്ഞാൽ മാത്രമേ ഏതു പത്രത്തിനും ബദലായി ജന്മഭൂമി മുന്നിൽ വരികയുള്ളൂ എന്ന  സത്യം ഉൾക്കൊള്ളേണ്ടി ഇരിക്കുന്നു.  

 ജന്മഭൂമി പ്രത്രത്തിന്റെ രീതി അനുസരിച്ച് അത് ജന ഹൃദയങ്ങളിലേക്ക് കടന്നു കയറുമെന്ന് പ്രതീക്ഷിക്കുക വയ്യ. അതിന് സമൂലമായ ഒരു മാറ്റം വരുത്തിയാലെ അങ്ങിനെ ഒരു കടമ നിർവഹിക്കാൻ അതിനു കഴിയൂ. അതിനു കെട്ടിലും മട്ടിലും സമൂലമായ മാറ്റം വരുത്തണം. പറയാനുള്ള കാര്യങ്ങൾ പരോക്ഷമായി അവതരിപ്പിക്കുകയാണ് വേണ്ടത്. മറ്റു പത്രങ്ങൾ വിജയകരമായി നടത്തുന്ന ഒരു കർമം. ഒരുദാഹരണം. ഉമ്മൻ ചാണ്ടിയുടെ കള്ളക്കളികൾ മാതൃഭൂമി ചാനലിൽ വലിയ പ്രധ്യാന്യത്തോടെ പറയും. കാരണം ചാനൽ റേറ്റിംഗ്. പരസ്യ വരുമാനം. അടുത്ത ദിവസത്തെ മാതൃഭൂമി പത്രത്തിന്റെ അകത്തു ഏതെങ്കിലും മൂലയിൽ അപ്രധാന വാർത്ത. ഇങ്ങിനെ പലതും.

അവിടെയാണ് ജന്മഭൂമി പിന്നോക്കം പോകുന്നത്. ഹിന്ദു  പരിവാറിന്റെ ഒരു പ്രോപഗാണ്ട പത്രം പോലെ അനുഭവപ്പെടുന്നു. പറയേണ്ടത് പരോക്ഷമായി പറയാൻ കഴിയുന്നില്ല. പിന്നെ മറ്റൊരു കാര്യം. എല്ലാ കൂട്ടർക്കും  ആവശ്യമുള്ള വാർത്തകൾ നൽകാൻ കഴിയുന്നില്ല.  എല്ലാ ചിന്തകളും ആശയങ്ങളും വാർത്തകളും ലഭിക്കുന്ന പത്രം എന്നൊരു അനുഭവം വായനക്കാർക്ക്  ലഭിക്കണം. കെട്ടും മട്ടും മാറ്റി ഒരു പുതിയ ജീവൻ നൽകിയാൽ മാതൃഭൂമി,മനോരമ എനീ പത്രങ്ങളെ പുറന്തള്ളാൻ കഴിയും. ഗത്യന്തരമില്ലാതെ മാതൃഭൂമിയും മനോരമയും വായിക്കുന്ന രാജ്യ സ്നേഹികളെ ഒരു മാറ്റത്തിന് സഹായിക്കാൻ കഴിയും.

വികാരങ്ങൾക്ക് അടിമപ്പെടാതെ   യാഥാർത്ഥ്യബോധത്തോടെ നാം കാര്യങ്ങൾ നോക്കിക്കാണേണ്ടി ഇരിക്കുന്നു.

Wednesday, March 16, 2016

മണിയുടെ മരണം.

കലാഭവൻ മണിയുടെ അകാലത്തിലുള്ള വിയോഗം കലാ കേരളത്തിന്‌ വലിയ ഒരു ആഘാതവും നഷ്ട്ടവും ആയി. 

മണിയുടെ മരണത്തിൽ അനേകം നിഗൂഡതകൾ നിറഞ്ഞു നിൽക്കുന്നു. രക്തത്തിൽ വിഷാംശമുണ്ട് എന്ന് ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. രക്ത പരിശോധന ഫലം കിട്ടിയാലേ അത് അറിയാൻ പറ്റുകയുള്ളൂ. അസ്വാഭാവിക മരണത്തിനു കേസ് എടുത്ത പോലീസ് ഏകദേശം അത് വിട്ട മട്ടാണ്. സ്വാഭാവികം എന്നാണു തോന്നുന്നത് എന്നൊക്കെയാണ് അവർ പറയുന്നത്. മണിയുടെ വീട്ടുകാരും ഇങ്ങിനെ ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞു മണിയെ ആക്ഷേപിക്കരുത് എന്ന് പറയുന്നുണ്ട്.   

അതിനെ  കുറിച്ച് കൂടുതൽ പറയേണ്ട. പോലീസുണ്ട്. വീട്ടുകാരുണ്ട്.

ഗോസിപ്പുകൾ പലതും വരുന്നുണ്ട്. അത് സ്വാഭാവികം. മലയാള മനസ്സാണ്. എന്തെങ്കിലും ഒക്കെ പറഞ്ഞാൽ ഒരു മന സുഖം. കൂടാതെ സത്യത്തെ മൂടി വയ്ക്കുന്ന ഒരു സ്വഭാവം നമുക്കുണ്ട്. മറ്റൊരു കാര്യം ഇത് സിനിമാ ലോകം ആണ്. താര ത്തിളക്കം. അവിടെ പണം ധാരാളം. പണം കൊണ്ടു  വരുന്ന എല്ലാ ഭൌതിക സുഖവും ആർഭാടവും ഷോ കാണിക്കലും. അത് കണ്ട് അസൂയയോടും അത്ഭുതത്തോടും നോക്കുന്ന വാ പിളർന്നു നിൽക്കുന്ന ജനം.

വളരെ പാവപ്പെട്ട ഒരു കുടംബത്തിൽ നിന്നും, ചുറ്റുപാടുകളിൽ നിന്നും വന്ന് മലയാള സിനിമയിൽ വലിയൊരു സ്ഥാനം കരസ്ഥമാക്കിയ ആളാണ്‌ മണി. നാടൻ പാട്ട്, നാടൻ ശൈലിയിൽ നന്നായി പാടി. കോമഡി അഭിനയത്തിലൂടെ വന്ന് ( അത് നന്നായി രസകരമായി കൈകാര്യം ചെയ്തു). വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും തിളങ്ങി. വളരെ ഭംഗിയായി സ്വാഭാവികമായി അഭിനയിച്ചു.

പാവപ്പെട്ട ചുറ്റുപാടുകളിൽ നിന്നും വന്ന മണിയ്ക്ക് അത് കൊണ്ട് മാത്രം അർഹിക്കുന്ന പദവി കിട്ടിയില്ല എന്നൊരു ആരോപണം ആണ് ഏറ്റവും പുതിയത്.  ഇത്രയും വലിയ സ്ഥാനത്ത് എത്തിയ മണിയെ ഇങ്ങിനെ ആക്ഷേപിക്കുന്നത് നിർതതിക്കൂടെ?

Sunday, March 13, 2016

ചാണ്ടിയെ തോൽപ്പിക്കൂ നെൽവയൽ സംരക്ഷിക്കൂ

425 ഏക്കർ നെൽ വയൽ നികത്താനും  അവിടെ കോൺക്രീറ്റ് സൌധങ്ങൾ കെട്ടിപ്പൊക്കുന്നതിനുമുള്ള  അനുമതി ആണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള കേരള സർക്കാർ നൽകിയത്.കോട്ടയം കുമരകത്തെ മെത്രാൻ കായലിൽ  378 ഏക്കറും എറണാകുളത്തെ കടമക്കുടി വില്ലേജിൽ 47 ഏക്കറും നെൽ വയൽ  നികത്താനാണ് ചാണ്ടി മന്ത്രി സഭ അനുവാദം നൽകി ഉത്തരവിറക്കിയത്. മന്ത്രി സഭയുടെ അവസാന നാളുകളിൽ ഇത്തരം ഉത്തരവുകൾ ഇറക്കിയാൽ ജനം ശ്രദ്ധിക്കില്ല എന്നും അങ്ങിനെ രഹസ്യമായി കാര്യങ്ങൾ നടത്താം എന്നുമായിരുന്നു സർക്കാരിന്റെ കണക്കു കൂട്ടൽ.

ഉത്തരവിറക്കിയ റവന്യു മന്ത്രി അടൂർ പ്രകാശിനോട് ചോദിച്ചപ്പോൾ "അറിയില്ല" എന്ന ഉത്തരമാണ്  അദ്ദേഹം നൽകിയത് . "ഇങ്ങിനെ പല ഉത്തരവുകൾ വരും അതെല്ലാം നോക്കാൻ പറ്റില്ല" എന്ന് കൂടി അദ്ദേഹം പറഞ്ഞു. താൻ ഒപ്പിടുന്ന കാര്യം എന്താണെന്ന് അറിയാത്ത , ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങൾ പോലും ശ്രദ്ധിക്കാത്ത അദ്ദേഹം  ഒരു മന്ത്രി ആയിരിക്കാൻ  യോഗ്യൻ അല്ല  എന്നാണു ജനം കരുതുന്നത്. കൂട്ട് മന്ത്രിമാരും സുധീരൻ അടക്കമുള്ള കോൺഗ്രസ്സുകാരും അദ്ദേഹത്തെ കുറിച്ച് ഒന്ന്  ആലോചിക്കുന്നത് അടുത്ത തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ ഉചിതമായിരിക്കും. മുഖ്യ മന്ത്രിയും ആദ്യം ഒളിച്ചു കളിയൊക്കെ നടത്തി.

ഗത്യന്തരമില്ലാതെ ഈ ഉത്തരവിന്റെ പിതൃത്വം എറെടുക്കാൻ അടൂർ പ്രകാശും ഉമ്മൻ ചാണ്ടിയും ഒക്കെ തയ്യാറാവേണ്ടി വന്നു എന്നത് വിധിയുടെ വൈപരീത്യം. ഇതൊരു ചെറിയ കാര്യമല്ല.  അനർഹമായ ഒരു സഹായം ചെയ്തു എന്ന് ലാഘവത്തോടെ എടുക്കാൻ കഴിയില്ല. വളരെ ഗുരുതരമായ ഒരു നശീകരണ പ്രവർത്തനം ആണ് നടത്തിയത്. നമ്മുടെ തലമുറയ്ക്ക് ചോറ്  തന്നു കൊണ്ടിരുന്ന നെൽ വയൽ ആണ് ഒരിക്കലും തിരിച്ചെടുക്കാൻ കഴിയാത്ത രീതിയിൽ നശിപ്പിക്കാൻ  മുഖ്യ മന്ത്രിയും മറ്റു മന്ത്രിമാരും   പ്രവർത്തിച്ചത്. ഭക്ഷണം ദുർലഭ മായിക്കൊണ്ടിരിക്കുന്ന വരും തലമുറകളുടെ അന്നം ആണ് ഇവർ നശിപ്പിക്കാൻ ഒരുമ്പെട്ടത്. 

എന്ത് കൊണ്ടാണ് ഇവർ ഇങ്ങിനെ പെരുമാറുന്നത്? പക്ഷി മൃഗാദികൾ പോലും ചുറ്റുപാടുകൾ നശിപ്പിക്കാതെ നാളേയ്ക്കു കരുതി വയ്ക്കുമ്പോൾ എന്ത് കൊണ്ട് ഈ രാഷ്ട്രീയക്കാർ ഇങ്ങിനെ ചെയ്യുന്നു? ഇപ്പോൾ മലയാളികൾ അരി വാങ്ങുന്നത് ആന്ധ്രയിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും ആണെന്നും കേരളത്തിൽ നെൽകൃഷി കുറഞ്ഞു വരികയാണെന്നും ഒക്കെ ഉമ്മൻ ചാണ്ടിയ്ക്ക്  അറിയാം. ഇങ്ങിനെ പോയാൽ ഭാവി  തലമുറകൾ പട്ടിണിയിൽ ആകുമെന്നും  അദ്ദേഹത്തിന് അറിയാം. പക്ഷെ ഭാവി തലമുറയെന്നാൽ സ്വന്തം മകനും മകളും ചെറുമക്കളും എന്നതിനപ്പുറം അദ്ദേഹം ചിന്തിക്കാത്തത് കൊണ്ടായിരിക്കാം  ഇത്തരം ദുഷ്ട്ട പ്രവർത്തികൾ ചെയ്യുന്നത് എന്ന് കരുതാം.  അവർക്ക് വേണ്ടി  കുറെ പണവും സ്വത്തും  കരുതി  വച്ചു  എന്നാൽ എല്ലാം ആയി എന്ന സങ്കുചിത ചിന്ത ആയിരിക്കാം അദ്ദേഹത്തിൻറെ   മനസ്സിൽ.  അല്ലെങ്കിൽ കൃഷി സ്ഥലം ഇല്ലാതാക്കാൻ  ആരെങ്കിലും കൂട്ട് നിൽക്കുമോ? 

ജനങ്ങളുടെ,പാർട്ടിയുടെ സമ്മർദം ഏറി വന്നപ്പോൾ മറ്റു മാർഗങ്ങൾ ഇല്ലാതെ ഇറക്കിയ   ഉത്തരവ് മുഖ്യമന്ത്രി റദ്ദാക്കി. അതിനൊപ്പം അദ്ദേഹം നടത്തിയ പ്രസ്താവന കേരളത്തെ സംബന്ധിച്ചിടത്തോളം  ഒരു കൊടിയ വിഷം ആണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത്. "വയൽ നികത്താൻ നൽകിയ അനുമതി തെറ്റല്ല. പക്ഷേ തെരഞ്ഞെടുപ്പ് സമയത്ത് വിവാദങ്ങൾ വേണ്ട, അത് തങ്ങളുടെ വിജയത്തിനെ ദോഷകരമായി ബാധിക്കും  എന്നത് കൊണ്ടാണ് റദ്ദു ചെയ്യുന്നത്". നമ്മുടെ നാടിനു വളരെ അപകടമാരമായ   രണ്ടു മൂന്നു കാര്യങ്ങൾ ഈ പ്രസ്താവന  വെളിവാക്കുന്നു.

1. തെരഞ്ഞടുപ്പ് വേളയിലെ വിവാദം ഒഴിവാക്കാൻ വേണ്ടിയാണ്അനുമതി  റദ്ദാക്കുന്നത് എന്നതിനർത്ഥം ജനങ്ങളുടെ ഭക്ഷണമോ നില നിൽപ്പൊ അല്ല ചാണ്ടിക്ക് പ്രശ്നം.  തങ്ങളുടെ വോട്ടും അധികാരത്തിൽ എത്താനുള്ള വഴിയും മാത്രം ആണ് മുഖ്യ മന്ത്രിയുടെ പ്രശ്നം എന്നുമാണ്..

2. വയൽ നികത്താൻ അനുമതി നൽകിയത് തെറ്റല്ല ശരി ആണെന്ന് തന്നെയാണ് എന്ന് അദ്ദേഹം കരുതുന്നു എന്നതിനർത്ഥം വരും തലമുറയ്ക്ക് ഒന്നും കരുതി വയ്ക്കാൻ അദ്ദേഹം തയ്യാറില്ല എന്ന് തന്നെയാണ്.

3. അതിന് മറ്റൊരർത്ഥം കൂടിയുണ്ട്. ഈ റദ്ദാക്കൽ  വെറും താൽക്കാലികം മാത്രമാണെന്നും  ഇനി ചാണ്ടി അധികാരത്തിൽ വന്നാൽ വീണ്ടും ഇതേ വയൽ  നികത്താൻ അനുമതി നൽകും എന്നാണ്.

4. അതിന്റെ ഒരു ഉദാഹരണമാണ് ഈ സംഭവം കഴിഞ്ഞ് വൈക്കത്ത് ചെമ്പ് എന്ന സ്ഥലത്ത് 150 ഏക്കർ നെൽ വയൽ നികത്താൻ മറ്റൊരു സ്വകാര്യ വ്യവസായിക്ക് അനുവാദം നൽകിയത്.

പ്രകൃതി സ്നേഹികൾ,ഭാവി തലമുറയെ സ്നേഹിക്കുന്നവർ ഇനി എന്താണ് ചെയ്യേണ്ടത്? അദ്ദേഹം അധികാരത്തിൽ വരാതിരിക്കാൻ ശ്രമിക്കുക.

Thursday, March 10, 2016

മാതൃഭൂമി ഖേദ പ്രകടനം

9 ലെ മാതൃഭൂമി പത്രം. കോഴിക്കോട് എഡിഷൻ.


ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കമാൽ പാഷ ഇസ്ലാം  മതത്തിലെ പൌരോഹിത്യ വാഴ്ചയ്ക്കും പുരുഷ മേധാവിത്വത്തിനും   മുസ്ലിം വ്യക്തി നിയമത്തിൽ സ്ത്രീക്കുള്ള അവകാശം നിഷേധിക്കുന്നതിനും  എതിരെയുംപരസ്യമായി പ്രഖ്യാപനം നടത്തി. എല്ലാ പത്രങ്ങളും ആ വാർത്ത വലിയ പ്രാധ്യാന്യത്തോടെ ഇട്ടു. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും അനേകം പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വന്നു. അത് ഒന്ന് രണ്ടെണ്ണം  മാതൃഭൂമി പത്രം കോഴിക്കോട്, തൃശ്ശൂർ എഡിഷനുകളിൽ പ്രസിദ്ധം ചെയ്തു. അതിനെതിരെ മുസ്ലിംങ്ങളുടെ പ്രതിഷേധം ഉണ്ടായി. മാതൃഭൂമിയുടെ ഓഫീസിനും മറ്റും മുന്നിൽ പ്രകടനം.

 പേടിച്ച് മാതൃഭൂമി ഖേദ പ്രകടനം നടത്തി. എല്ലാ എഡിഷനുകളിലെയും മുൻ പേജിൽ വെണ്ടക്കയിൽ ഖേദ പ്രകടനം.

ഇതാണ് മുസ്ലിങ്ങളോട് കളിച്ചാൽ. ഫത്വവ പുറ പ്പെടുവിക്കാതെ ഇരുന്നത് ഭാഗ്യം. ഇനിയെങ്കിലും മാതൃഭൂമി ഉടമസ്ഥരേ,  ഇങ്ങിനെ കാണിക്കരുത്. വേണമെങ്കിൽ ദുർഗാദേവി യെയോ മറ്റു ഏതെങ്കിലും ഹിന്ദു ദൈവങ്ങളെ തെറി പറഞ്ഞോളൂ. ഇന്ത്യയിൽ ഒന്നും സംഭവിക്കില്ല.

മാതൃഭൂമി ഒരു പടി കൂടി കടന്നു. മുസ്ലിങ്ങൾ ഈ ഖേദ പ്രകടനത്തിൽ തൃപ്തരായില്ലെങ്കിലോ എന്ന് പേടിച്ചു അവരെ സുഖിപ്പിക്കാൻ ഒരു കാര്യം കൂടി ചെയ്തു.സോഷ്യൽ മീഡിയയിൽ ഇങ്ങിനെ പോസ്റ്റ്‌ ഇടുന്നതിനെതിരെ നടപടി വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുക കൂടി ചെയ്തു. എങ്ങിനെയുണ്ട് പുത്തി?
നാണമില്ലാത്തവന്റെ ആസനത്തിൽ ആള് കുരുത്താൽ അത് തണല്. മുട്ടു കുത്തി ഇഴയുന്ന മാതൃഭൂമി പത്രം. കഷ്ട്ടം.

Wednesday, March 9, 2016

വയൽ നികത്തൽ

378 ഏക്കർ നെൽപ്പാടം നികത്താൻ സർക്കാർ അനുമതി നൽകിയിരിക്കുന്നു. മാർച്ച് 1 നു. അപ്പർ കുട്ടനാടിലുള്ള കുമരകം മെത്രാൻ കായൽ ആണ് റാക്കിന്ടോ കുമരകം റിസോർട്ട് എന്ന കമ്പനിക്ക്. അടുത്ത ദിവസം മാർച്ച് 2 നു 47 ഏക്കർ വയൽ എറണാകുളത്തുള്ള കടമക്കുടിയിലും നികത്താൻ അനുമതി നൽകി. തെരഞ്ഞെടുപ്പ് നിയത്രണങ്ങൾ വരുന്നതിനു വെറും  മണിക്കൂറുകൾക്കു മുൻപ്.  
ഫയൽ ഒപ്പിട്ട  റവന്യു മന്ത്രിയോട്‌ ചോദിച്ചു. അങ്ങേര് ഇത് അറിഞ്ഞില്ല എന്ന് പറയുന്നു. "എത്ര ഫയലാ വരുന്നത്? എല്ലാം നോക്കാൻ പറ്റുമോ?" ഇതാണ് പുള്ളിയുടെ  ചോദ്യം? പിന്നെ ജനങ്ങളുടെ കാശും മുടിച്ചു ആ സ്ഥാനത് ഇരിക്കുന്നത് എന്തിനാണ്?

മുഖ്യ മന്ത്രിയോട് ചോദിച്ചു. സ്ഥിരം ഡയലോഗ്. "നോക്കിയിട്ട് പറയാം". നോക്കിക്കഴിഞ്ഞപ്പോൾ പറയുകയാണ് " എന്തെങ്കിലും ഒബ്ജക്ഷൻ ഉണ്ടെങ്കിൽ പുനരാലോചിക്കാം". 

ഈ രണ്ടു പേരും പറയുന്നത് പച്ചക്കള്ളം ആണ്.   മന്ത്രി സഭ കൂടി തീരുമാനിച്ചതാണ്  വയൽ നികത്താൻ അനുമതി നൽകാൻ. അപ്പോൾ അറിഞ്ഞില്ല കേട്ടില്ലാ എന്നൊക്കെ പറയുന്നത് ജനങ്ങളുടെ നേർക്കുള്ള വെല്ലുവിളി  ആണ്. 

പിന്നെയുള്ള ഒരു മറുപടി കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് വന്ന പദ്ധതി ആണ്.അതിനു ഞങ്ങൾ അനുമതി കൊടുത്തു എന്നെ ഉള്ളൂ. ഇവിടെ രണ്ടു ചോദ്യം ആണ് ഉദിക്കുന്നത്. "കഴിഞ്ഞ സർക്കാർ ചെയ്തത് അത് പോലെ ചെയ്യാനാണോ അവരെ മാറ്റി നിങ്ങളെ കയറ്റിയത്?" രണ്ടാമത്തെ ചോദ്യം." കഴിഞ്ഞ 5 വർഷം അനക്കാതെ വച്ചിരുന്നിട്ട് ഈ അവസാന നിമിഷം, പോകാൻ പോകുന്ന പോക്കിൽ എന്തിന് ഈ അനുവാദം നൽകി?"

കോടികൾ കോഴ മറിഞ്ഞു കാണും ഈ ഇടപാടിൽ എന്ന് എല്ലാവർക്കും അറിയാം.  

അവസാനം ടി.വി., ചാനലുകളിൽ ചർച്ചയിൽ  പുറത്തു വരുന്ന വാർത്തകൾ. ഒന്നും അറിയില്ല എന്ന് പറഞ്ഞ മന്ത്രി അടൂർ പ്രകാശ്  മന്ത്രി സഭാ യോഗത്തിൽ ഇതിനെ എതിർത്തു എന്നും  ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ആണ് നിർബ്ബന്ധിച്ചത് എന്നും. അത് പോലെ ഇത് കിട്ടിയ കമ്പനി ക്കാര് പറയുന്നത് മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിക്ക് ഈ വിവരം വ്യക്തമായി അറിയാമായിരുന്നു എന്ന് തന്നെയാണ്.

ഇതാണ് വികസനം. ഇതാണ് ചാണ്ടിയുടെ സുവർണ കാലം.

Monday, March 7, 2016

ആദർശ ധീരന്മാർ

ഞങ്ങൾ മാണി കോൺഗ്രസ്സിൽ നിന്നും രാജി വയ്ക്കുകയാണ്.

സീറ്റിനു വേണ്ടിയല്ല. ആദർശത്തിന് വേണ്ടിയാണ്. ഫ്രാൻസിസ് ജോർജ്, കെ.സി.ജോസഫ്, ആന്റണി രാജു, തുടങ്ങിയ മഹാന്മാർ ആണ് ആദർശത്തിന് വേണ്ടി രാജി വച്ചത്. ഇവരുടെ ആദർശം 5 വർഷം കൂടുമ്പോൾ മാറും. അല്ലെങ്കിൽ 5 വർഷം കൂടുമ്പോൾ കൂടുതൽ സ്ട്രോങ്ങ്‌ ആകും.ഇവരെല്ലാം കേരള കോൺഗ്രസ് പി.ജെ. ജൊസഫ് വിഭാഗം ആണ്. ഇപ്പോൾ എത്ര വിഭാഗം ഉണ്ടെന്നു ചോദിച്ചാൽ മൊത്തം എത്ര നേതാക്കൾ ഉണ്ടോ അത്രയും വിഭാഗങ്ങൾ ഉണ്ട്. ജോസഫ്, മാണി,പിള്ള,പി.സി. ജോര്ജ്, സ്കറിയ തോമസ്‌, അങ്ങിനെ എണ്ണിയാൽ തീരില്ല കേരള കോൺഗ്രസ് വിഭാഗങ്ങളുടെ.

ഇപ്പോൾ ആദർശം കൊണ്ട് മാണിയെ വിട്ടവർ   2010 ൽ ആദർശം  ഒന്ന് മാറിയതാണ്. അത് വരെ താങ്ങിയ എൽ.ഡി.എഫ്. ല നിന്നും കൂറ് മാറി ആദർശം യു.ഡി.എഫ്. നോടൊപ്പം ആയി. യു.ഡി.എഫ്. മന്ത്രിസഭയിൽ  പി.ജെ. ജോസഫിന് മന്ത്രി സ്ഥാനവും കിട്ടി. ബാക്കി യുള്ള നേതാക്കൾക്കും എന്തെങ്കിലും ഒക്കെ ചക്കര ക്കഷണങ്ങൾ കിട്ടി. അല്ലാതെ 5  വർഷം കൂടെ നിൽക്കില്ലല്ലോ.

ഇനിയിപ്പോൾ  ഇടതു മുന്നണിയുടെ ആദർശം ആണ് ഇഷ്ട്ടപ്പെടുന്നത്. അടുത്ത 5 വർഷം ഭരണം LDF നു ആയിരിക്കും എന്നൊരു തോന്നൽ ഇവർക്കുണ്ടായി. എന്നാൽ ആദർശം ഒന്ന് മാറ്റിപ്പിടിക്കാം. മാണിയുടെ കൂടെ നിന്നാൽ ഇവർക്കാർക്കും സീറ്റ് കിട്ടില്ല. അത് കൊണ്ട് ആദർശം ഒന്ന് മാറ്റി പിടിച്ചു. ഫ്രാൻസിസ് ജോർജിന് കഴിഞ്ഞ തവണ തന്നെ ഇടുക്കി പാർലമെന്റ് സീറ്റ് നൽകിയില്ല .  ഇത്തവണ അസംബ്ലിയിലും വലിയ സ്കോപ് ഇല്ല. ഒക്കെ ഒന്ന് ട്രൈ ചെയ്തു നോക്കിയതാ. ഒന്നിനും ഒരു ഉറപ്പുമില്ല. അങ്ങിനെയാണ് ഇടതു പാളയത്തിൽ ചോദിച്ചത്. അവരാണെങ്കിൽ മധ്യ തിരുവിതാകൂരിൽ എങ്ങിനെയെങ്കിലും ഒന്ന് കാലുറപ്പിക്കാനുള്ള വെപ്രാളത്തിൽ ആണ്. അവര് പറഞ്ഞു കൂടെ പോന്നേരെ.

പക്ഷെ പുറത്തു വന്നപ്പോൾ ഒരു പ്രശ്നം. ഇടയ്ക്കിടെ ഇങ്ങിനെ പുറത്തു ചാടുന്ന അവസര വാദികളെ സൂക്ഷിക്കണം ഏന് അച്ചുതാനന്ദൻ.

സീറ്റ് മോഹിച്ചാണ് വന്നത് എന്ന് എല്ലാവർക്കും അറിയാം. വെറും അവസര വാദികൾ.  5 വർഷം കൂടെ നിന്ന് കിട്ടാവുന്നതൊക്കെ നക്കിയെടുത്ത് ( ഇവരുടെ ഒരു നേതാവ് തന്നെ പറഞ്ഞതാ " ഭരണത്തിന്റെ ശീതള ശ്ചായയിൽ ഇത്രയും നാൾ ആസ്വദിച്ചിട്ടു" എന്ന് ) ഇപ്പോൾ അപ്പുറത്ത് പോകുന്നത് കൂടുതൽ കിട്ടാൻ ആണെന്ന് എല്ലാവർക്കും അറിയാം. മാണിയുടെ കോഴയുടെ പങ്കു പറ്റിക്കാനും ഇവരും എന്നത് തീർച്ചയാണ്. 

ഇത് ജനങ്ങളെ വഞ്ചിക്കുകയാണ് .  ഈ പുറത്തു വന്ന എല്ലാവരെയും തോൽപ്പിക്കുകയാണ് ജനം ചെയ്യേണ്ടത്. 

Thursday, March 3, 2016

ബംഗാളി & മലയാളി

വാട്സാപ്പിൽ കണ്ട ഒരു കാര്യം.

കൊച്ചിയിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ കാറ് കഴുകുന്ന ബംഗാളി.ആഴ്ചയിൽ ഒരു കഴുകൽ. ഷാമ്പൂവും മറ്റും അയാൾ കൊണ്ടു വരും. അങ്ങിനെ മാസത്തിൽ 4. ഓരോ കഴുകലിനും 75  രൂപ വച്ച് മാസം ഓരോ കാറിനും 300 രൂപ. 200 ഫ്ലാറ്റ് ഉണ്ട്.200 കാറും കഴുകണം. അപ്പോൾ മൊത്തം  60,000 രൂപ മാസ വരുമാനം.

കഥയാണോ നടന്നതാണോ എന്നറിയില്ല. പക്ഷെ നടക്കുന്ന കാര്യം തന്നെ. കാരണം നാം സ്വയം കാറ് കഴുകാറില്ല. പ്രത്യേകിച്ചും ഫ്ലാറ്റിൽ ഉള്ളവർ  രണ്ടാമതായി മലയാളികൾ ഈ ജോലിയ്ക്ക് തയ്യാറല്ല. അത് കൊണ്ട് ഇത് സത്യമാകാനാണ് വഴി.  

ഇനി തിരുവനന്തപുരത്ത് ആയിരൂപ്പാറ എന്ന സ്ഥലത്ത്  തെങ്ങ് കയറ്റ കമ്പനിയെ നോക്കാം. മുതലാളി മലയാളി. മോഹൻ ദാസ്‌.  തൊഴിലാളികൾ ബംഗാളി. (മലയാളി അല്ലാത്തവരെ എല്ലാം നമ്മൾ ബംഗാളി എന്നാണല്ലോ വിളിക്കുന്നത്‌. പണ്ട് തെക്കേ ഇന്ത്യാ ക്കാരെ മുഴുവൻ, മലയാളിയേയും,  മദ്രാസി എന്ന് വടക്കേ ഇന്ത്യാക്കാർ വിളിച്ചിരുന്നത്‌ പോലെ). മോഹൻ ദാസിൻറെ പറമ്പിലെ തെങ്ങിൽ തേങ്ങയിടാൻ ആളില്ലാതെ വന്നപ്പോൾ മെഷീൻ ഉപയോഗിച്ച് സ്വയം കയറി നോക്കി. വലിയ കുഴപ്പമില്ല എന്ന് കണ്ട് ബംഗാളി തൊഴിലാളിയെ കണ്ടു പിടിച്ചു. അവൻ അവൻറെ ബന്ധുക്കളെ കൊണ്ട് വന്നു. അതൊരു കമ്പനി ആയി.  40 രൂപ ഒരു തെങ്ങിന്. മാസം ഓരോ തൊഴിലാളിയും 15000 മുതൽ 20000 രൂപ വരെ സമ്പാദിക്കുന്നു. മര്യാദയ്ക്ക്  ആത്മാർത്ഥമായി ജോലി ചെയ്യുന്നത് കൊണ്ട് ടിപ്പും കിട്ടും. അത് ദിവസ ചിലവിനു.  ഒരുത്തൻ 6 മാസം കഴിഞ്ഞു നാട്ടിൽ പോയപ്പോൾ ഒന്നര ലക്ഷം രൂപ സമ്പാദ്യം കൊണ്ടുപോയ  കഥ മുതലാളി പറഞ്ഞു.

ബംഗാളി തെങ്ങ് കയറ്റത്തിൽ 

ഒരിക്കൽ ടിവി യിൽ തെങ്ങിൽ നിന്നും കരിക്ക് പറിക്കുന്ന  ദൃശ്യം കണ്ടു. വയലിൻറെ കരയിലും, തോടിന്നരികിലും, വരമ്പത്തും നിൽക്കുന്ന തെങ്ങുകളിൽ നിന്നാണ് കരിക്ക് വെട്ടുന്നത്. ബംഗാളികൾ അല്ല മലയാളികൾ തന്നെ ജോലിക്കാർ. വെട്ടി താഴെ ഇടുന്നില്ല. തേങ്ങാക്കുല  ( അത് തന്നെ.  ശരിയായ പ്രയോഗം തന്നെ) കയറിൽ കെട്ടി താഴെ ഇറക്കുന്നു. റോഡരുകിൽ തന്നെ ഒരു വണ്ടിയിൽ കരിക്ക് കച്ചവടവും ഉണ്ട്. അതും മലയാളി. പ്രോഗ്രാമിന്റെ  കമന്ററി  ശ്രദ്ധിച്ചു.  സ്ഥലം കേരളമല്ല. ഗൾഫ്. ഒമാൻ. അവിടത്തെ സലാല ആണ് സ്ഥലം. തെങ്ങിൽ കയറുന്നത് മലയാളി, താഴെ സഹായത്തിനു മലയാളി. കരിക്ക്   വിൽക്കുന്നത് മലയാളി. ഇവർ അവിടെ ജനിച്ചവരല്ല. കേരളത്തിൽ ജനിച്ചവർ. ലക്ഷങ്ങൾ  കൊടുത്തു വിസ ശരിയാക്കി ഗൾഫിൽ പോയവർ. 

 ആ പണി  കേരളത്തിൽ ചെയ്തു കൂടെ എന്നൊരു ചോദ്യം  ഉദിക്കുന്നു.


                         സലാല 

അന്യ  രാജ്യത്ത് കിടന്നു കഷ്ട്ടപ്പെട്ട്  നാട്ടിലേയ്ക്ക്  കാശ് അയയ്ക്കുന്നു. വർഷത്തിൽ അല്ലെങ്കിൽ രണ്ടു വർഷം കൂടുമ്പോൾ നാട്ടിൽ വരുന്നു. എന്തുണ്ട് ലാഭം?  പ്രവാസി  ജീവിതത്തിന്റെ കഷ്ട്ടപ്പാട് പറഞ്ഞു എന്നും കരയുന്നു. എവിടെയാണ് നമുക്ക് പിഴച്ചത്?   

പറയാൻ കാരണം പലതും ഉണ്ട്. ഇവിടെ ശമ്പളം കുറവ്. ഗൾഫിലും ഇപ്പോൾ ശമ്പളം വളരെ കുറവ് തന്നെ. ഇവിടെ ചെലവ്. അവിടെ ജീവിക്കുന്ന പോലെ ജീവിച്ചാൽ, ഒരു മുറി,കുറേപ്പേർ,ഒന്നിച്ചു ഭക്ഷണം പാകം ചെയ്യൽ, മറ്റു ആർഭാടങ്ങൾ ഒന്നുമില്ല, ഇവിടെയും സമ്പാദിക്കാം.പക്ഷെ ഇവിടെ ജീവിത രീതി അതല്ല. ഇവിടെ സിനിമ പിന്നെ ബീവറേജസ് അങ്ങിനെ പലതും.  

Wednesday, March 2, 2016

ലൈംഗിക പീഡനം
ബലാൽസംഗം നടന്നു. പ്രതികളെ എല്ലാവർക്കും അറിയാം. കണ്ടവരുമുണ്ട്. പക്ഷെ കേസ് കോടതിയിൽ എത്തില്ല. അതിനു വേണ്ടതൊക്കെ പോലീസ് ചെയ്യും. എങ്ങിനെയെങ്കിലും കോടതിയിൽ എത്തിയാലോ. സാക്ഷികൾ   കാണില്ല.  സാക്ഷികളെ ഒക്കെ കാശ് കൊടുത്തോ ഭീഷണിപ്പെടുത്തിയോ മാറ്റിയിരിക്കും. തെളിവുകൾ ഒക്കെ ആദ്യമേ തന്നെ നശിപ്പിച്ചു കാണും. പിന്നെ കോടതിയിലെ വിസ്താരം എന്ന  ഒരു "പീഡനം" കൂടി "ഇര"യ്ക്ക്, അത്ര തന്നെ.

ഇത് പണ്ട് തൊട്ടേ നാം കാണുന്നതാണ്. ഐസ് ക്രീം പെൺ വാണിഭം- പീഡനം തൊട്ടേ, അഭയ ബലാൽസംഗം-കൊലപാതകം കാലം തൊട്ടേ. സൂര്യനെല്ലി നിരന്തര ബലാൽസംഗം മുതൽ. അങ്ങിനെ ആയിരക്കണക്കിന്. പ്രതി മത പ്രമാണിമാരാകാം. രാഷ്ട്രീയക്കാരാകാം. അവരുടെ    ശിങ്കിടികൾ ആകാം. അധികാരത്തിൽ ഇരിക്കുന്ന രാഷ്ട്രീയക്കാർ ഈ ക്രിമിനലുകളെ രക്ഷിക്കാൻ അരയും തലയും മുറുക്കി ഇറങ്ങും. അവരെ സംരക്ഷിക്കേണ്ടത് ആ നാറികളുടെ  ആവശ്യമായി വരുന്നു. അങ്ങിനെ കേസ് പാളി പ്പോകുന്നു. ഇര വേശ്യയാണെന്ന് പറഞ്ഞ ബസന്തിനെ പ്പോലത്തെ ജഡ്ജിമാരും ഉണ്ട്.

40 വർഷം കഠിന തടവ്. ഇത് പോലൊരു പീഡന പ്രതിയ്ക്ക്. വ്യത്യസ്തമായൊരു വിധി. 12 വയസ്സുള്ള സ്കൂൾ കുട്ടിയെ ലൈംഗികമായി പീഡി പ്പിച്ചതിനാണ് പ്രതിയ്ക്ക് ഈ ശിക്ഷ കിട്ടിയത്. തൃശ്ശൂർ ഫസ്റ്റ് അഡീഷനൽ  സെഷൻസ് കോടതി ആണ് ഈ ശിക്ഷ വിധിച്ചത്. സാൽവേഷൻ ആർമിയിലെ പാസ്റ്റർ ആയിരുന്നു പ്രതി.POCSO  നിയമത്തിൽ ആണ് ശിക്ഷിക്കപ്പെട്ടത്.

മത അധ്യക്ഷന്മാരുടെ ഇടപെടൽ ഉണ്ടായിരുന്നില്ല എന്ന് വേണം കരുതാൻ. പാസ്റ്റർ സഭയ്ക്ക് അത്ര പ്രാധാന്യം ഉള്ളവൻ ആയിരിക്കില്ല. അത് കൊണ്ട് രാഷ്ട്രീയ കോമരങ്ങൾ രക്ഷിക്കാൻ ഇറങ്ങിക്കാണില്ല. അങ്ങിനെ കേസ് നേരായ വഴിയ്ക്ക് പോയി. ഉമ്മൻ ചാണ്ടി പറയുന്ന "നിയമം അതിന്റെ വഴിയ്ക്ക് പോകും" എന്നതല്ല. ( അതിനർത്ഥം നിയമം അതിന്റെ വഴിയെ പോകും. കേസ് ഞങ്ങൾ തേച്ചു മാച്ചു കളയും എന്നാണു). പോലീസ് സർക്കിൾ ഉമേഷ്‌, പ്രോസിക്യുട്ടർ പയസ് മാത്യു എന്നിവർ അഭിനന്ദനം അർഹിക്കുന്നു. 2014 ഏപ്രിലിൽ ആണ് സംഭവം നടന്നത്. വലിയ താമസം ഇല്ലാതെ വിധിയും വന്നു. വിധി പുറപ്പെടുവിച്ച ജഡ്ജിയും അഭിനന്ദനം അർഹിക്കുന്നു.

ഇത്തരം കഠിനമായ ശിക്ഷ കൊടുത്താൽ മാത്രമേ പീഡനവും,ചൂഷണവും ലൈംഗിക അതിക്രമങ്ങളും കുറയൂ. മാതൃകാ പരമായ ശിക്ഷ.    

Tuesday, March 1, 2016

ഉദ്ഘാടനം

കണ്ണൂർ വിമാനം വന്നിറങ്ങുന്നത് കണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ബോധം കെട്ടു വീണു. വിമാനം കുന്നിന്റെ മുകളിൽവന്നിറങ്ങുന്നത് കണ്ടാൽ ആർക്കാണ് ബോധം പോകാത്തത്? ബോധം ഉള്ളവർക്കൊക്കെ പോകും. അതില്ലാത്ത ഉമ്മൻ ചാണ്ടിയും കൂട്ടരും കണ്ടു ചിരിച്ചു കയ്യടിച്ചു നിന്നു. 14 മണിക്കൂർ തുടർച്ചയായി കള്ളം പറഞ്ഞിട്ടും ബോധം പോകാത്ത മനുഷ്യനാ. പിന്നാ..

Pilot flight lands at Kannur airport


ഈ ചാണ്ടിക്ക് എന്തിന്റെ കേടാ? വിമാനത്താവളം പണി ഒന്നും ആയിട്ടില്ല. കുറെ കുന്ന് ഇടിച്ചു നിരപ്പാക്കി ഇട്ടു എന്നതൊഴിച്ച് ഒന്നും അവിടെ നടന്നിട്ടില്ല. ഇലക്ഷൻ തീയതി പ്രഖ്യാപിക്കുന്നതിനു മുൻപ് ഉദ്ഘാടനം നടത്താൻ  ആണ് ഈ പെടാപ്പാട് പെടുന്നത്. എന്നിട്ടെന്താ ഗുണം? അവിടെ ഒരു കല്ലിൽ (ഏതായാലും കല്ല്‌ അകത്തായതിനാൽ പട്ടി കാലു പൊക്കി മൂത്രം ഒഴിക്കില്ല എന്നൊരു ആശ്വാസം ഉണ്ട്) സ്വന്തം പേര് എഴുതി വയ്ക്കും. ഇങ്ങിനെ എത്ര കല്ലുകൾ കേരളത്തിൽ അങ്ങോളമിങ്ങോളം ചാണ്ടിയും അത് പോലുള്ള അൽപ്പന്മാരും കുഴിച്ചിട്ടത് കിടക്കുന്നു?

ഇനി വന്നിറങ്ങിയ വിമാനം എന്താണെന്ന് നോക്കാം.ഒരു കൊച്ചു സാധനം. ഫ്ലയിംഗ് ക്ലുബ്ബുകളുടെ പഠിപ്പിക്കുന്ന ചെറിയ സാധനം (വിമാനം എന്നതിനെ വിളിക്കാമോ?) അതോ ഇനി പിള്ളാര് പറത്തി കളിക്കുന്ന ഏറോ മോഡൽ ആയിരുന്നോ?

എയർ ഫോഴ്സിന്റെ ഒരുഡോർനിയർ 228 വിമാനം ആണ് വന്നത്. ഒരു ചെറു വിമാനം. അതിന്റെ പ്രത്യേകത മോശപ്പെട്ട  റൺ വേ യിൽ ഇറങ്ങാൻ കഴിയും എന്നത് തന്നെയാണ്. അത് കൊണ്ട് തന്നെയാണ് ഈ വിമാനം തെരഞ്ഞെടുത്തത്. വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടത്തി എന്ന് കല്ലിലും പേപ്പറിലും ഒക്കെ എഴുതി വയ്ക്കാം എന്നല്ലാതെ പണി 25 ശതമാനം പോലും തീരാത്ത  ഇവിടെ എന്തിനാ ചാണ്ടീ ഈ പണി കാണിച്ചത്.

ഇനി കേന്ദ്ര സർക്കാരിനോട്. ഈ തരികിട കാണിക്കാൻ എന്തിനാണ്  എയർ ഫോഴ്സിന്റെ  വിമാനം വിട്ടു കൊടുത്തത്? ഇവിടത്തെ ബി.ജെ.പി. ക്കാരെങ്കിലും ഇത് കേന്ദ്രത്തിൽ പറഞ്ഞു ഒന്ന് ഒഴിവാക്കണം ആയിരുന്നു.

ചാണ്ടി മാഷ്‌ തിരക്കിൽ ആണ്. മെഡിക്കൽ കോളേജിൽ എന്തോ ഉദ്ഘാടനം. പിന്നെ കരമന-കളിയിക്കാവിള പകുതി പൂർത്തിയാക്കിയ റോഡ്‌. അങ്ങിനെ പലതും. ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ മീറ്റിംഗ് കൂടുന്നുണ്ട്. തീയതി പ്രഖ്യാപിക്കുന്നതിനു മുൻപ് കുറെ ഉദ്ഘാടനങ്ങൾ കൂടി നടത്തട്ടെ പാവം മുഖ്യ മന്ത്രി.

Pilot flight lands at Kannur airport

എന്തൊരു സന്തോഷം ആ മുഖത്ത്. ജനങ്ങളെ പറ്റിച്ചേ പറ്റിച്ചേ.