Sunday, March 13, 2016

ചാണ്ടിയെ തോൽപ്പിക്കൂ നെൽവയൽ സംരക്ഷിക്കൂ

425 ഏക്കർ നെൽ വയൽ നികത്താനും  അവിടെ കോൺക്രീറ്റ് സൌധങ്ങൾ കെട്ടിപ്പൊക്കുന്നതിനുമുള്ള  അനുമതി ആണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള കേരള സർക്കാർ നൽകിയത്.കോട്ടയം കുമരകത്തെ മെത്രാൻ കായലിൽ  378 ഏക്കറും എറണാകുളത്തെ കടമക്കുടി വില്ലേജിൽ 47 ഏക്കറും നെൽ വയൽ  നികത്താനാണ് ചാണ്ടി മന്ത്രി സഭ അനുവാദം നൽകി ഉത്തരവിറക്കിയത്. മന്ത്രി സഭയുടെ അവസാന നാളുകളിൽ ഇത്തരം ഉത്തരവുകൾ ഇറക്കിയാൽ ജനം ശ്രദ്ധിക്കില്ല എന്നും അങ്ങിനെ രഹസ്യമായി കാര്യങ്ങൾ നടത്താം എന്നുമായിരുന്നു സർക്കാരിന്റെ കണക്കു കൂട്ടൽ.

ഉത്തരവിറക്കിയ റവന്യു മന്ത്രി അടൂർ പ്രകാശിനോട് ചോദിച്ചപ്പോൾ "അറിയില്ല" എന്ന ഉത്തരമാണ്  അദ്ദേഹം നൽകിയത് . "ഇങ്ങിനെ പല ഉത്തരവുകൾ വരും അതെല്ലാം നോക്കാൻ പറ്റില്ല" എന്ന് കൂടി അദ്ദേഹം പറഞ്ഞു. താൻ ഒപ്പിടുന്ന കാര്യം എന്താണെന്ന് അറിയാത്ത , ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങൾ പോലും ശ്രദ്ധിക്കാത്ത അദ്ദേഹം  ഒരു മന്ത്രി ആയിരിക്കാൻ  യോഗ്യൻ അല്ല  എന്നാണു ജനം കരുതുന്നത്. കൂട്ട് മന്ത്രിമാരും സുധീരൻ അടക്കമുള്ള കോൺഗ്രസ്സുകാരും അദ്ദേഹത്തെ കുറിച്ച് ഒന്ന്  ആലോചിക്കുന്നത് അടുത്ത തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ ഉചിതമായിരിക്കും. മുഖ്യ മന്ത്രിയും ആദ്യം ഒളിച്ചു കളിയൊക്കെ നടത്തി.

ഗത്യന്തരമില്ലാതെ ഈ ഉത്തരവിന്റെ പിതൃത്വം എറെടുക്കാൻ അടൂർ പ്രകാശും ഉമ്മൻ ചാണ്ടിയും ഒക്കെ തയ്യാറാവേണ്ടി വന്നു എന്നത് വിധിയുടെ വൈപരീത്യം. ഇതൊരു ചെറിയ കാര്യമല്ല.  അനർഹമായ ഒരു സഹായം ചെയ്തു എന്ന് ലാഘവത്തോടെ എടുക്കാൻ കഴിയില്ല. വളരെ ഗുരുതരമായ ഒരു നശീകരണ പ്രവർത്തനം ആണ് നടത്തിയത്. നമ്മുടെ തലമുറയ്ക്ക് ചോറ്  തന്നു കൊണ്ടിരുന്ന നെൽ വയൽ ആണ് ഒരിക്കലും തിരിച്ചെടുക്കാൻ കഴിയാത്ത രീതിയിൽ നശിപ്പിക്കാൻ  മുഖ്യ മന്ത്രിയും മറ്റു മന്ത്രിമാരും   പ്രവർത്തിച്ചത്. ഭക്ഷണം ദുർലഭ മായിക്കൊണ്ടിരിക്കുന്ന വരും തലമുറകളുടെ അന്നം ആണ് ഇവർ നശിപ്പിക്കാൻ ഒരുമ്പെട്ടത്. 

എന്ത് കൊണ്ടാണ് ഇവർ ഇങ്ങിനെ പെരുമാറുന്നത്? പക്ഷി മൃഗാദികൾ പോലും ചുറ്റുപാടുകൾ നശിപ്പിക്കാതെ നാളേയ്ക്കു കരുതി വയ്ക്കുമ്പോൾ എന്ത് കൊണ്ട് ഈ രാഷ്ട്രീയക്കാർ ഇങ്ങിനെ ചെയ്യുന്നു? ഇപ്പോൾ മലയാളികൾ അരി വാങ്ങുന്നത് ആന്ധ്രയിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും ആണെന്നും കേരളത്തിൽ നെൽകൃഷി കുറഞ്ഞു വരികയാണെന്നും ഒക്കെ ഉമ്മൻ ചാണ്ടിയ്ക്ക്  അറിയാം. ഇങ്ങിനെ പോയാൽ ഭാവി  തലമുറകൾ പട്ടിണിയിൽ ആകുമെന്നും  അദ്ദേഹത്തിന് അറിയാം. പക്ഷെ ഭാവി തലമുറയെന്നാൽ സ്വന്തം മകനും മകളും ചെറുമക്കളും എന്നതിനപ്പുറം അദ്ദേഹം ചിന്തിക്കാത്തത് കൊണ്ടായിരിക്കാം  ഇത്തരം ദുഷ്ട്ട പ്രവർത്തികൾ ചെയ്യുന്നത് എന്ന് കരുതാം.  അവർക്ക് വേണ്ടി  കുറെ പണവും സ്വത്തും  കരുതി  വച്ചു  എന്നാൽ എല്ലാം ആയി എന്ന സങ്കുചിത ചിന്ത ആയിരിക്കാം അദ്ദേഹത്തിൻറെ   മനസ്സിൽ.  അല്ലെങ്കിൽ കൃഷി സ്ഥലം ഇല്ലാതാക്കാൻ  ആരെങ്കിലും കൂട്ട് നിൽക്കുമോ? 

ജനങ്ങളുടെ,പാർട്ടിയുടെ സമ്മർദം ഏറി വന്നപ്പോൾ മറ്റു മാർഗങ്ങൾ ഇല്ലാതെ ഇറക്കിയ   ഉത്തരവ് മുഖ്യമന്ത്രി റദ്ദാക്കി. അതിനൊപ്പം അദ്ദേഹം നടത്തിയ പ്രസ്താവന കേരളത്തെ സംബന്ധിച്ചിടത്തോളം  ഒരു കൊടിയ വിഷം ആണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത്. "വയൽ നികത്താൻ നൽകിയ അനുമതി തെറ്റല്ല. പക്ഷേ തെരഞ്ഞെടുപ്പ് സമയത്ത് വിവാദങ്ങൾ വേണ്ട, അത് തങ്ങളുടെ വിജയത്തിനെ ദോഷകരമായി ബാധിക്കും  എന്നത് കൊണ്ടാണ് റദ്ദു ചെയ്യുന്നത്". നമ്മുടെ നാടിനു വളരെ അപകടമാരമായ   രണ്ടു മൂന്നു കാര്യങ്ങൾ ഈ പ്രസ്താവന  വെളിവാക്കുന്നു.

1. തെരഞ്ഞടുപ്പ് വേളയിലെ വിവാദം ഒഴിവാക്കാൻ വേണ്ടിയാണ്അനുമതി  റദ്ദാക്കുന്നത് എന്നതിനർത്ഥം ജനങ്ങളുടെ ഭക്ഷണമോ നില നിൽപ്പൊ അല്ല ചാണ്ടിക്ക് പ്രശ്നം.  തങ്ങളുടെ വോട്ടും അധികാരത്തിൽ എത്താനുള്ള വഴിയും മാത്രം ആണ് മുഖ്യ മന്ത്രിയുടെ പ്രശ്നം എന്നുമാണ്..

2. വയൽ നികത്താൻ അനുമതി നൽകിയത് തെറ്റല്ല ശരി ആണെന്ന് തന്നെയാണ് എന്ന് അദ്ദേഹം കരുതുന്നു എന്നതിനർത്ഥം വരും തലമുറയ്ക്ക് ഒന്നും കരുതി വയ്ക്കാൻ അദ്ദേഹം തയ്യാറില്ല എന്ന് തന്നെയാണ്.

3. അതിന് മറ്റൊരർത്ഥം കൂടിയുണ്ട്. ഈ റദ്ദാക്കൽ  വെറും താൽക്കാലികം മാത്രമാണെന്നും  ഇനി ചാണ്ടി അധികാരത്തിൽ വന്നാൽ വീണ്ടും ഇതേ വയൽ  നികത്താൻ അനുമതി നൽകും എന്നാണ്.

4. അതിന്റെ ഒരു ഉദാഹരണമാണ് ഈ സംഭവം കഴിഞ്ഞ് വൈക്കത്ത് ചെമ്പ് എന്ന സ്ഥലത്ത് 150 ഏക്കർ നെൽ വയൽ നികത്താൻ മറ്റൊരു സ്വകാര്യ വ്യവസായിക്ക് അനുവാദം നൽകിയത്.

പ്രകൃതി സ്നേഹികൾ,ഭാവി തലമുറയെ സ്നേഹിക്കുന്നവർ ഇനി എന്താണ് ചെയ്യേണ്ടത്? അദ്ദേഹം അധികാരത്തിൽ വരാതിരിക്കാൻ ശ്രമിക്കുക.

2 comments:

  1. ഊൂൂൂൂൂൂൂമ്മ്മൻ ചാണ്ടി കീ ജയ്‌.!!!!


    ReplyDelete
  2. പ്രകൃതി സ്നേഹികൾ,ഭാവി
    തലമുറയെ സ്നേഹിക്കുന്നവർ
    ഇനിയെങ്കിലും ചാണ്ടിയെ തോണ്ടിയെറിയണം

    ReplyDelete