2014, മാർച്ച് 30, ഞായറാഴ്‌ച

അധികാരം

"അധികാരം കുരങ്ങൻറെ കയ്യിലെ പൂമാല"




2014, മാർച്ച് 29, ശനിയാഴ്‌ച

ഹൈ ക്കോടതി വിധി

മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയെ അതി നിശിതമായാണ് കേരള ഹൈക്കോടതി വിമർശിച്ചിരിക്കുന്നത്. സലിം രാജ് ഭൂമി തട്ടിപ്പ് കേസിൻറെ വിധിയിൽ ആണ് കോടതി   അധികാര ദുർവിനിയോഗത്തിനും തൻറെ ഓഫീസ് കുറ്റവാളികളെ കൊണ്ട് നിറച്ചതിനും മുഖ്യ മന്ത്രിക്കെതിരെ പരാമർശങ്ങൾ നടത്തിയത്. "ജനങ്ങളെ സേവിക്കാനുള്ള ഒരു മാതൃകാ  സ്ഥാപനം ആയിരിക്കണം മുഖ്യ മന്ത്രിയുടെ ഓഫീസ്", കോടതി പറഞ്ഞു. "അടുത്ത കാലത്ത് നടന്ന സംഭവങ്ങൾ ," (സരിത നായർ  തട്ടിപ്പ്, സലിം രാജ് തട്ടിപ്പ്), മുഖ്യ മന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനത്തിൽ ഗുരുതരമായ ചോദ്യങ്ങൾ ആണ് ഉയർത്തിയിരിക്കുന്നത് , അതിന് കേരളത്തിലെ ജനങ്ങളോട്  മറുപടി പറയാൻ മുഖ്യ മന്ത്രി ബാധ്യസ്ഥനാണ്." 

ഇതിനപ്പുറം ഒരു കോടതി എന്താണ് പറയേണ്ടത്? മുഖ്യ മന്ത്രിയുടെ പങ്ക് ഈ  സംഭവങ്ങളിൽ ഉണ്ടായിരുന്നുവെന്നും, അത് പുറത്തു വന്നപ്പോൾ കുറ്റക്കാരെ സംരക്ഷിക്കാൻ മുഖ്യ മന്ത്രി ശക്തമായ  ഇടപെടൽ നടത്തിയെന്നും അല്ലേ ഇതിനർത്ഥം? ഇതേ കോടതി, സലിം രാജ് കേസിലും സരിത കേസിലും  നിരന്തരമായി  മുഖ്യ മന്ത്രിക്ക് എതിരെ പരാമർശങ്ങൾ നടത്തിയിരുന്നു. മുഖ്യ മന്ത്രിയുടെ പങ്ക് തെളിയിക്കുന്ന പരാമർശങ്ങൾ. അന്നെല്ലാം ഉമ്മൻ ചാണ്ടിയും സിൽബന്ധികളും, "അതൊക്കെ വാക്കാലുള്ള പരാമർശങ്ങൾ" ആണെന്നും വിധിന്യായത്തിൽ അതിനു സാംഗത്യം ഇല്ല" എന്നും   പറഞ്ഞു തള്ളിക്കളഞ്ഞിരുന്നു. ചാനൽ  ചർച്ചകളിൽ വിഡ്ഢി വേഷം കെട്ടാൻ  വരുന്ന ചാണ്ടിയുടെ  കാവൽ പടയിലെ   കാലാളുകൾ ആയ   തറയിൽ,  വാഴയ്ക്കൻ, ഉണ്ണിത്താൻ   എന്നീ  ഇംഗ്ലീഷ് അക്ഷരം അറിയാവുന്നവർ ഇതൊരു "പാസ്സിംഗ് റെഫറൻസ്"  എന്ന കോടതി ഭാഷ ആണെന്നു ജനങ്ങൾക്ക്‌  പറഞ്ഞു തന്നു. എന്നാൽ ഇപ്പോൾ ഇത്  കോടതി വിധി യിൽ തന്നെ എഴുതിയിരിക്കുന്ന പരാമർശങ്ങൾ ആണ്. ഇതിനിപ്പോൾ  സാംഗത്യം ഇല്ലേ?എന്ത് പറയുന്നു? 

തൻറെ ഭാഗം കേൾക്കാതെ ആണ് കോടതി ഇങ്ങിനെ വിധി പറഞ്ഞത് എന്നുള്ള അർത്ഥമില്ലാത്ത, ബാലിശമായ  വാദഗതിയുമായി ഉമ്മൻ ചാണ്ടി രംഗത്ത് വന്നിരിക്കുകയാണ്. അവസാന കച്ചിത്തുരുമ്പ് .  കാരണം തങ്ങളുടെ   മുൻപിലുള്ള തെളിവുകൾ പരിശോധിച്ച ശേഷമാണ് കോടതിഇത്തരം പരാമർശം നടത്തിയത്. എങ്ങിനെ ഈ തീരുമാനത്തിൽ എത്തി ചേർന്നു എന്ന് കോടതി വ്യക്തമാക്കുന്നുണ്ട്. "സം സ്ഥാന ഭരണത്തിൻറെ തലപ്പത്തിരിക്കുന്നവർ,  സത്യസന്ധരും,സ്വഭാവ ശുദ്ധിയുള്ളവരുമായ പേർസണൽ സ്റ്റാഫിനെ നിയമിക്കാനുള്ള വിവേകവും ഉത്തരവാദിത്വവും കാണിച്ചില്ല." എന്ന് കോടതി പറയുന്നുണ്ട്. അതിനർത്ഥം, സരിത നായർ, സലിം രാജ് കേസുകളിൽ ഉമ്മൻ ചാണ്ടിയുടെ പേർസണൽ സ്റ്റാഫ് ആരോപണ വിധേയരായപ്പോഴും അവരെ സംരക്ഷിക്കാൻ ഉമ്മൻ ചാണ്ടി നടത്തിയ കളികൾ കോടതിക്ക് നേരിട്ട് മനസിലായി എന്നാണ്.   "ഭൂ മാഫിയയുടെ ഗൂണ്ടാ തലവൻ" എന്നാണ് സലിം രാജിനെ കോടതി  വിശേഷിപ്പിച്ചത്. "കർട്ടനു പിറകിൽ മറഞ്ഞിരിക്കുന്നവർ  രാഷ്ട്രീയ ഭരണകൂടത്തിൽ സ്വാധീനം ചെലുത്തുന്ന  വളരെ ശക്തരാണ്." ഇവിടെയും ഉമ്മൻ ചാണ്ടിയുടെ പങ്ക് ഉണ്ടെന്നുള്ള   വ്യക്തമായ ധാരണയോടു കൂടിയാണ് കോടതി  പറഞ്ഞത്.

"ജനങ്ങളുടെ കോടതിയ്ക്ക്  മുൻപിൽ തൻറെ നിരപരാധിത്വം തെളിയിക്കും" , രാഷ്ട്രീയക്കാർ  ഉപയോഗിച്ച് ഉപയോഗിച്ച് കേൾക്കുമ്പോൾ തന്നെ  ജനങ്ങൾക്ക്‌ അറപ്പും, ഛർദിയും  ഉളവാക്കുന്ന   ക്ലീഷേ  വച്ചാണ്   ഉമ്മൻ ചാണ്ടിയുടെ  അടുത്ത കളി. എന്താണ് നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ അദ്ദേഹത്തിന് വിശ്വാസമില്ലേ? ജനങ്ങളുടെ കോടതി എന്ന് പറഞ്ഞാൽ തെരെഞ്ഞെടുപ്പല്ലേ? അങ്ങിനെയെങ്കിൽ അദ്ദേഹം വീണ്ടും ജന വിധി തേടുമോ?       "എത്ര അപമാനം സഹിച്ചാലും താൻ രാജി വയ്ക്കില്ല" എന്ന് പറഞ്ഞ മഹാനാണ് അദ്ദേഹം. നാണം കെട്ടും മുഖ്യ മന്ത്രി പദത്തിൽ തുടരും എന്ന്.അത് അദ്ദേഹത്തിന്റെ സ്വഭാവ വൈശിഷ്ട്യം. മുഖ്യ മന്ത്രിക്ക് നാണവും മാനവും ഇല്ലായിരിക്കാം  പക്ഷെ കേരളത്തിലെ ജനങ്ങൾക്ക്    അന്തസ്സും  അഭിമാനവും ഉണ്ട്. ജനങ്ങളുടെ അന്തസ്സിനെ   ബാധിക്കുന്ന ഒരു പ്രശ്നമാണിത്. ഇത്രയും ആരോപണ വിധേയനായ ഒരു മുഖ്യ മന്ത്രിയെ ചുമക്കേണ്ട ഗതികേട് കേരളത്തിലെ ജനങ്ങൾക്കില്ല.  കോണ്‍ഗ്രസ്സുകാരും  കൈവിട്ട മട്ടാണ്. ആകെ ഒരു കെ.സി.ജോസഫ് മാത്രമാണ് വരട്ടു വാദവുമായി പിന്തുണക്ക് വന്നത്.  അത് കൊണ്ട്  അൽപ്പമെങ്കിലും അന്തസ്സ് ബാക്കിയുണ്ടെങ്കിൽ 'ഞഞ്ഞാ പിഞ്ഞാ' പറയാതെ  ശ്രീ ഉമ്മൻ ചാണ്ടി ഉടനെ രാജി വച്ച് ഒഴിയണം. 

2014, മാർച്ച് 27, വ്യാഴാഴ്‌ച

കോണ്‍ഗ്രസ് മാനിഫെസ്റ്റൊ

തെരഞ്ഞെടുപ്പ് വരുമ്പോൾ  അനുഷ്ഠിക്കേണ്ട  ഒരു കർമം എന്ന ഒരു സ്ഥാനം മാത്രമേ  മാനിഫെസ്റ്റൊക്ക്കോണ്‍ഗ്രസ് നൽകിയിട്ടുള്ളൂ.  അതിനാൽ എന്തെങ്കിലും കാട്ടിക്കൂട്ടുക മാത്രമാണ് ഇവിടെ മാനിഫെസ്റ്റൊ എന്ന പേരിൽ ഇത്തവണയും കോണ്‍ഗ്രസ് ചെയ്തത്. ജനങ്ങളെ കബളിപ്പിക്കാൻ തട്ടിക്കൂട്ടിയ ഒരു പത്രിക എന്നല്ലാതെ പുതുതായി പറയാൻ അവർക്കിനി ഒന്നുമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പു വേളകളിൽ തങ്ങളുടെ പ്രകടന പത്രികകളിൽ  പറഞ്ഞതിൻറെ തനിയാവർത്തനം മാത്രമാണിത്. അതിനർത്ഥം അന്ന് പറഞ്ഞ കാര്യങ്ങളൊന്നും ചെയ്യാൻ അവർക്ക് കഴിഞ്ഞില്ല എന്നതാണ്. കഴിഞ്ഞ   10 വർഷത്തെ ഭരണത്തിൽ ചെയ്യാൻ കഴിയാത്തതാണ് വീണ്ടും മോഹന വാഗ്ദാനങ്ങളായി ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്‌.  

2009 ലെ പ്രകടന പത്രികയിലെ 33% സ്ത്രീ സംവരണം ഇത്രയും വർഷം ഭരിച്ചിട്ടും നടപ്പാക്കാൻ അവർക്ക് കഴിഞ്ഞില്ല. അതിനുള്ള ആർജവം അവർ കാണിച്ചില്ല എന്നതാണ് വസ്തുത. ഇപ്പോൾ യാതൊരു ലജ്ജയുമില്ലാതെ അവർ ആവർത്തിക്കുകയാണ് " ലോക സഭയിലും നിയമ സഭകളിലും അത് നടപ്പിലാക്കാൻ കോണ്‍ഗ്രസ് പ്രതിജ്ഞാ ബദ്ധർ ആണ്" എന്ന്. വീണ്ടും ജനങ്ങളെ കബളിപ്പിക്കാൻ  സ്ത്രീ സംവരണം പുതിയ വാഗ്ദാനം ആക്കി നൽകുകയാണ് ഈ പ്രകടന പത്രികയിൽ.

കോണ്‍ഗ്രസ് യുവ രാജാവായ രാഹുൽ ഗാന്ധിയുടെ ബുദ്ധിയിൽ (അങ്ങിനെ ഒന്നുണ്ടെങ്കിൽ) ഉദിച്ചതാണ്‌ ജനങ്ങൾക്ക്‌ അവകാശങ്ങൾ വാഗ്ദാനം ചെയ്യുക എന്നത്. തൊഴിൽ ചെയ്യാനുള്ള  അവകാശം, വിദ്യാഭ്യാസതിനുള്ള അവകാശം, ഭക്ഷണത്തിനുള്ള അവകാശം എന്നീ അവകാശങ്ങൾ   കഴിഞ്ഞ ഭരണത്തിൽ അവർ വാഗ്ദാനം ചെയ്തിരുന്നു. അവകാശങ്ങൾ പ്രഖ്യാപിക്കുനതിനപ്പുറം അത് നടപ്പിലാക്കാൻ അവർ ഒന്നും ചെയ്തിട്ടില്ല എന്നതാണ് സത്യം. ഭക്ഷണം അവകാശമാക്കുന്നതിന്  ചെലവ് എത്രയാണെന്ന് അറിയാമോ?  ഒന്നര ലക്ഷം കോടി രൂപ!  ഇതെവിടെന്നു കണ്ടെടുക്കാം എന്ന് പറയാതെ നിയമം പാസ്സാക്കി അഭിമാനം കൊള്ളുകയാണ് കോണ്‍ഗ്രസ്. വെറുതെ പ്രഖ്യാപനങ്ങൾ നടത്തുക മാത്രമാണവർ.  ആരോഗ്യം,വീട്,പെൻഷൻ, തുടങ്ങിയ  അവകാശങ്ങളാണ്      പ്രകടന പത്രികയിലെപുതിയ അവകാശ വാഗ്ദാനങ്ങൾ.   സർക്കാർ ജീവനക്കാരുടെ പെൻഷൻ സ്വകാര്യ കമ്പനികളെ ഏൽപ്പിച്ച് ഊഹ കച്ചവടത്തിൽ  കമ്പനികൾക്ക് പണമുണ്ടാക്കാനുള്ള അവസരം ഉണ്ടാക്കികൊടുത്തവരാണ് കഴിഞ്ഞ കോണ്‍ഗ്രസ്  സർക്കാർ. പുതിയ പെൻഷൻ പദ്ധതിയും ഈ ഉദ്ദേശത്തിൽ ആയിരിക്കും വിഭാവനം ചെയ്തിരിക്കുന്നത് എന്നതിൽ സംശയിക്കേണ്ടതില്ല.

സ്ത്രീകളുടെ എതിരെയുള്ള അക്രമങ്ങൾ വിചാരണ ചെയ്യാൻ അതിവേഗ കോടതികൾ തുടങ്ങുമെന്ന് ആണ് ഒരു വാഗ്ദാനം. ഡൽഹിയിലെ കൂട്ട ബലാൽസംഘത്തിന്റെ പശ്ചാത്തലത്തിൽ, അങ്ങിനെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കാനായി നടപടികൾ എടുക്കുന്നതിന്   1000 കോടി രൂപയുടെ "നിർഭയ ഫണ്ട്" സർക്കാർ രൂപീകരിച്ചു. ഈ ആവശ്യത്തിനായി അതിൽ നിന്നും ഒരു രൂപ പോലും ഇന്ന് വരെ ഉപയോഗിച്ചിട്ടില്ല എന്നു കാണാം . ഈ കാര്യങ്ങൾ ഒന്നും അവർ  ഗൌരവമായി എടുക്കുന്നില്ല എന്നതിന്റെ തെളിവാണിത്.  വെറും പ്രഖ്യാപനങ്ങൾ നടത്തി മുതലെടുക്കുക  മാത്രമാണ് കോണ്‍ഗ്രസ്സിന്റെ  ഉദ്ദേശം എന്ന് മനസ്സിലാകുമല്ലോ.

ഭാരതത്തിലെ ഓരോ പൗരനും ഒരു ബാങ്ക് അക്കൌണ്ട് ഉണ്ടാക്കും എന്നതാണ് അടുത്ത വാഗ്ദാനം. എന്തിന്? പട്ടിണിയിൽ കഴിയുന്ന പാവപ്പെട്ട ജനങ്ങൾക്ക്‌ ഒരു നേരത്തെ ആഹാരം ആണോ ബാങ്ക് അക്കൌണ്ടും എ.ടി.എം. കാർഡും ആണോ വേണ്ടത്? 

എല്ലാവർക്കും ആധാർ കാർഡ് നൽകും എന്നതാണ് മറ്റൊരു വാഗ്ദാനം. ഭരണഘടന പ്രകാരം നിലനിൽക്കാത്ത, വെറും ഒരു സർക്കാർ ഉത്തരവിൻറെ മറവിൽ ആണ് ആയിരക്കണക്കിനു കോടി രൂപ ദുർവിനിയോഗം ചെയ്ത് ആധാർ കാർഡ് ഉണ്ടാക്കിയത്. നന്ദൻ നിലക്കേനി എന്നൊരാളെ കാബിനെറ്റ്‌ പദവി കൊടുത്ത് അതിൻറെ ചെയർമാൻ ആക്കാൻ. ആ ദേഹം കോണ്ഗ്രസ് ടിക്കറ്റിൽ ബംഗാളുരുവിൽ മത്സരിക്കുന്നുണ്ട്. ആധാർ കാർഡ് ആവശ്യമില്ലാത്ത  ഒന്നാണെന്നും ഒരു കാര്യത്തിനും അത് നിർബന്ധം ആക്കരുതെന്നും   സുപ്രീം കോടതി അടുത്ത കാലത്ത് ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി.  ആ സാധനം ആണ് കൊണ്ടു വരും എന്നു  അവർ  വാഗ്ദാനം ചെയ്യുന്നത്.  

80 കോടി ജനങ്ങളെ മിഡിൽ ക്ലാസ്സിലേക്ക് ഉയർത്തും എന്നതാണ് മറ്റൊരു വാഗ്ദാനം.പണ്ട് റെയിൽവേയിൽ തേർഡ് ക്ലാസ് നിർത്തലാക്കിയത് പോലെ അത് എളുപ്പമാണ്.  തേർഡ് എന്നെഴുതിയ മൂന്ന് വരയിലെ ഒരു ഒന്ന്   (I ) മായ്ച്ചു കളഞ്ഞു. അത്ര മാത്രം. അത് സെക്കൻറ് ക്ലാസ് ആയി. 

അടുത്ത വാഗ്ദാനം ഭാരതത്തിൻറെ അടിസ്ഥാന സൗകര്യ വികസനത്തിന്‌ 1 ട്രില്ല്യൻ ഡോളർ ചിലവഴിക്കും എന്നാണ്. അതെന്താണ് ഡോളറിൽ പറഞ്ഞത്? ട്രില്ല്യൻ എത്രയാണെന്ന് അറിയാമോ? ഒരു ലക്ഷം കോടി. അതായത് 60 ലക്ഷം കോടി രൂപ! ഇതെവിടന്നു കൊണ്ട് വരും? അത്  പറയാനുള്ള ഉത്തരവാദിത്വം  കോണ്‍ഗ്രസ്സിന് ഇല്ലേ? 

ഏറ്റവും രസകരമായത് അടുത്ത വാഗ്ദാനം ആണ് .അഴിമതി നിർത്തലാക്കാൻ വേണ്ടിയുള്ള നടപടികൾ എടുക്കും എന്ന് പറയുന്നു. 1,86000 കോടി രൂപയുടെ കൽക്കരി ഖനി അഴിമതി നടത്തിയത് ഈ സർക്കാരാണ്. 1,76000 കോടി രൂപയുടെ അഴിമതി നടത്തിയ 2-ജി കേസും ഇവരുടെ കാലത്താണ്. കോമണ്‍വെൽത്ത് ഗെയിംസ് അഴിമതി നടത്തിയതും ഇവരാണ്. 10 കോടി കൈക്കൂലി വാങ്ങിയ കേസിൽ രാജി വച്ച മന്ത്രി  ബൻസൽ   ഇവരുടെ മന്ത്രി സഭയിൽ ആയിരുന്നു.  റയിൽ മന്ത്രാലയത്തിൽ 17000 കോടി രൂപ ഇരുമ്പയിര്‌ അഴിമതി നടന്നെന്ന്   സി.എ.ജി.ചൂണ്ടി കാണിച്ചിരുന്നു.  പ്രതിരോധ മന്ത്രാലയം ആകെ അഴിമതിയിൽ മുങ്ങി നിൽക്കുകയാണ്. ടെട്ര  ട്രക്ക് വാങ്ങിയതിൽ അഴിമതി നടന്നു. അഴിമതി പുറത്തു വന്നതിനാൽ ഹെലികോപ്ടർ ഡീൽ പ്രതിരോധ മന്ത്രി റദ്ദാക്കുകയുണ്ടായി.  മന്ത്രിമാരും എം.പി. മാരും അഴിമതി കേസിൽ ജയിലിൽ കിടന്നത് ഇവരുടെ കാലത്താണ്. അങ്ങിനെ എത്രയെത്ര  അഴിമതികൾ.  മന്ത്രി സൽമാൻ ഖുർഷിദിന്റെ   അഴിമതി പുറത്തു വന്നപ്പോൾ, "71 ലക്ഷം രൂപയുടെ അഴിമതി  എന്ന് പറഞ്ഞാൽ ഒരു കേന്ദ്ര മന്ത്രിക്കു വളരെ കുറവാണ്, അത്  71 കോടി ആയിരിക്കും"  എന്ന്  മന്ത്രി ബേണി പ്രസാദ് പറഞ്ഞത് ഇവരുടെ അഴിമതിയുടെ നിലവാരം വെളിപ്പെടുത്തുന്നു. ഇവർ ഭരിച്ച ഓരോ ദിവസവും അഴിമതിയിൽ നിറഞ്ഞതാണ്‌.   അഴിമതിനടത്താൻ വേണ്ടിയാണ് ഇവർ അധികാരത്തിൽ ഇരുന്നതും ഇനി വരാൻ കൊതിക്കുന്നതും. ഇത്രയും അഴിമതി നടത്തിയ കോണ്‍ഗ്രസ് സർക്കാർ ഇനിയും ഒരവസരം കിട്ടിയാൽ ഇതിലും വലിയ അഴിമതി നടത്തും എന്നുള്ളത് തീർച്ചയല്ലേ?

കള്ളപ്പണം തടയാൻ നടപടിഎടുക്കും എന്നതാണ്   ചിരി ഉണർത്തുന്ന മറ്റൊരു വാഗ്ദാനം. കഴിഞ്ഞ ദിവസം മൻമോഹന്റെ ഈ കോണ്‍ഗ്രസ് സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞത് എന്താണ്? പുറം രാജ്യങ്ങളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചു  കൊണ്ട് വരാനായി  പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച  സുപ്രീം കോടതിയുടെ ഉത്തരവ് പിൻവലിക്കണം എന്നാണു. എന്ത് ആത്മാർഥത ആണ് കള്ളപ്പണം തടയാൻ ഇവർക്കുള്ളത്? ഇവരുടെ തന്നെ പണം ആയിരിക്കും ഒളിപ്പിച്ചു വച്ചിരിക്കുന്നത്. എന്തായാലും ഇവരുടെ വാദത്തെ  തള്ളി  സുപ്രീം കോടതി കർശനമായി മുന്നോട്ടു പോവുകയാണ് എന്നുള്ളത് നമ്മുടെ ഭാഗ്യം.

നമ്മുടെ കറന്റ് അക്കൌണ്ട്  കമ്മി കുറയ്ക്കാൻ വിദേശ നിക്ഷേപം ഏതു രീതിയിൽ ആയാലും സംഭരിക്കണം  എന്ന, വിദേശ രാജ്യങ്ങൾക്ക് അടിയറവ് പറയുന്ന നയം ആണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനർത്ഥം  അന്യ രാജ്യങ്ങളുടെ സഹായമില്ലാതെ രാജ്യത്തെ നയിക്കാൻ  കോണ്‍ഗ്രസ്സ് പാർട്ടിക്ക് കഴിവില്ല എന്നല്ലേ?  ഇത്തരം ഒരു പാർട്ടിയുടെ ഭരണം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ ഭാരത ജനത ഒത്തൊരുമിക്കേണ്ട സമയമായി.

2014, മാർച്ച് 26, ബുധനാഴ്‌ച

വിഴിഞ്ഞം തുറമുഖം

എ.കെ.ആന്റണിക്കെന്താ കേരളത്തോട് ഇത്ര വൈരാഗ്യം? പണ്ട് ഇവിടന്ന് ഓടിച്ചു വിട്ടു എന്നുള്ളത് സത്യം. പക്ഷേ അത് സ്വന്തം ചാപ്പൻ ആയ ഉമ്മൻ ചാണ്ടി അല്ലേ പണിഞ്ഞത് ? അതിനു പാവപ്പെട്ട കേരളക്കാര് എന്ത് പിഴച്ചു? ഉമ്മൻ ചാണ്ടിക്കിട്ടു ഇടക്കിടെ കൊടുക്കുന്നുമുണ്ടല്ലോ. അത് പോരെ? കേരളത്തിന് വേണ്ടി എന്തെങ്കിലും നല്ല കാര്യം ചെയ്തു കൂടെ?

തിരുവനന്തപുരത്ത് കാരുടെ ചിരകാല പ്രതീക്ഷയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മറ്റേതൊരു കേരള പദ്ധതിയേയും പോലെ നീണ്ടു പോവുകയാണ്.  ഹൈക്കോടതി ബെഞ്ച്‌,കൊച്ചു വേളി, നേമം റെയിൽവേ സ്റെഷനുകൾ, മാലിന്യ പ്ലാന്റ്, റോഡു വികസനം തുടങ്ങി അനേകം പദ്ധതികൾ ആണ് പ്രാവർത്തികമാകാതെ ജനങ്ങളെ വിഡ്ഢികളാക്കി കടലാസ്സിൽ മാത്രം ഒതുങ്ങുന്നത്. വിഴിഞ്ഞം തുറമുഖം   യാഥാർത്ഥ്യമായാൽ തലസ്ഥാനത്തിന്റെ   മുഖച്ഛായ മാറുന്നതിനോടൊപ്പം കേരളത്തിൻറെ സാമ്പത്തിക വളർച്ചയെയും  ത്വരിതപ്പെടുത്തും എന്നുള്ളത് ഏവർക്കും അറിയാവുന്നതാണ്. അന്താരാഷ്ട്ര കപ്പൽ ചാനലിൽ നിന്നും 10 നോട്ടിക്കൽ മൈൽ മാത്രം ദൂരമുള്ള, 24 മീറ്റർ ആഴമുള്ള സ്വാഭാവിക തുറമുഖമായ വിഴിഞ്ഞം, വലിയ കണ്ടയിനർ മദർ ഷിപ്പുകൾക്ക്  വരാനുള്ള തുറമുഖമായി വികസിപ്പിക്കാനുള്ള സംരംഭം തുടങ്ങിയിട്ട് 25 വർഷത്തിൽ ഏറെയായി. പക്ഷേ ഇവിടത്തെ ഭരണാധികാരികൾ ഓരോ ഒഴി കഴിവുകൾ പറഞ്ഞ് എന്നും മലയാളികളെ കബളിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. ഇത്തരം നിരന്തരം കബളിപ്പിക്കുന്നവരെ തന്നെ വീണ്ടും വീണ്ടും   ഭരണത്തിലേറ്റി ജനം സ്വയം പരിഹാസ്യരാകുന്നു.

കേന്ദ്രത്തിൽ നിന്നും എന്നും കേരളത്തിന്‌ അവഗണന മാതമാണ് കിട്ടിക്കൊണ്ടിരി ക്കുന്നത്. കേരളത്തിൽ നിന്നുള്ള എട്ടു മന്ത്രിമാരാണ് കഴിഞ്ഞ 5 വർഷം കേന്ദ്ര സർക്കാരിൽ ഉണ്ടായിരുന്നത്.  പ്രധാനമന്ത്രി കഴിഞ്ഞാൽ രണ്ടാമൻ എന്ന് പറയുന്ന പ്രധിരോധ മന്ത്രി എ .കെ. ആന്റണി ഉൾപ്പടെ. പറഞ്ഞിട്ട് കാര്യമില്ല. കേരളത്തെ സഹായിക്കാൻ ഇവർക്കാർക്കും താൽപ്പര്യമില്ല,സമയവുമില്ല.വർഷത്തിൽ ഒരു തവണ പോലും സ്വന്തം മണ്ഡലത്തിൽ വരാൻ സമയമില്ലാത്ത  ഇ.അഹമ്മദിനെ പോലെയും പി.സി.ചാക്കോയെ പോലെ ഉള്ളവരാണ് നമ്മുടെ ജന പ്രധിനിധികൾ. 

മുൻപ് ഉണ്ടാക്കിയ കരാറിൻ പ്രകാരം പുതിയ വിഴിഞ്ഞം തുറമുഖത്ത് നേവിക്ക് 500 മീറ്റർ ബെർത്തും കോസ്റ്റ് ഗാർഡിന് 120  അനുവദിച്ചിരുന്നു. വിഴിഞ്ഞത്തിന്റെ തന്ത്ര പ്രധാനമായ കിടപ്പ് അനുസരിച്ച് നേവിക്ക് ഇവിടെ പ്രത്യേക താൽപ്പര്യം ഉണ്ട്. 2008ൽ വിഴിഞ്ഞത്തിനു അനുമതി ലഭിക്കുമ്പോൾ നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകൾക്ക് സ്ഥലം അനുവദിക്കുന്നത് ഒരു ഉപാധി ആയി വച്ചിരുന്നു. ഇവിടെ ബ്രേക്ക്‌ വാട്ടർ (കടൽഭിത്തി) കെട്ടുമ്പോൾ അതിൻറെ ചിലവിന്റെ പങ്ക് വഹിക്കാനും പ്രധിരോധ മന്ത്രാലയം തയ്യാറായിരുന്നു.  അതനുസരിച്ച്‌ നേവി  ശുപാർശ  പ്രതിരോധ മന്ത്രാലയത്തിന് അയച്ചു കൊടുക്കുകയും ചെയ്തു. പക്ഷേ ഇതേ വരെ അവിടെ നിന്നും മറുപടി വന്നിട്ടില്ല. ഇന്നത്തെ അടങ്കൽ തുക 1250 കോടി രൂപയാണ്. അത് മുഴുവൻ എടുത്ത് സംസ്ഥാനം പണി ചെയ്യേണ്ടി വരും. കേരളത്തിന്റെ മുഖ്യ മന്ത്രി ആയിരുന്ന, കേരളത്തിന്‌ വേണ്ടി എന്നും തേൻ ഒഴുകുന്ന വാക്കുകൾ ഒഴുക്കുന്ന എ .കെ. ആന്റണി    ആണ് 
പ്രതിരോധ മന്ത്രി.  അവിടെ നിന്നാണ് കേരളത്തിന്‌ അനുകൂലമായ, പക്ഷെ അർഹമായ  ഒരു ഉത്തരവ് കിട്ടാതെ ഇരിക്കുന്നത്. ശ്രീമാൻ ആന്റണി ഇതൊന്നും അറിഞ്ഞില്ല എന്നുണ്ടോ? കസ്തുരി രംഗൻ റിപ്പോർട്ടിന് വേണ്ടി  രണ്ടു ദിവസം  ഡൽഹിയിൽ കാത്തു കിടന്ന രമേശ്‌ ചെന്നിത്തല ക്ക് ഇക്കാര്യം ഒന്ന് പറഞ്ഞു കൂടായിരുന്നോ? ചെന്നിത്തലയെ അയച്ച മുഖ്യ മന്ത്രിക്കു ഇതൊന്നു ഓർമിപ്പിച്ചു കൂടായിരുന്നോ? 5 വർഷം തിരുവനന്തപുരത്തിന്റെ എം.പി. ആയിരുന്ന, കേരളത്തിൽ നടന്ന എല്ലാ വികസങ്ങളുടെയും പ്രശസ്തി സ്വയം എടുക്കുന്ന, ഇപ്പോൾ വീണ്ടും മത്സരിക്കുന്ന  ശശി തരൂർ ഇക്കാര്യത്തിൽ എന്ത് ചെയ്തു? അവർക്കാർക്കും ഇതിലൊന്നും താൽപ്പര്യമില്ല. പ്രബുദ്ധരായ തിരുവനന്തപുരം വോട്ടർമാർ അവസരത്തിനൊത്ത് ഉയരും എന്ന് പ്രതീക്ഷിക്കാം.

2014, മാർച്ച് 24, തിങ്കളാഴ്‌ച

ചുവന്ന ലൈറ്റ്

അധികാരത്തിൻറെ ധാർഷ്ട്യവും മുഷ്ക്കും അധികാരത്തിലേറ്റിയവരോടുള്ള അവജ്ഞയും പുച്ഛവും പ്രകടിപ്പിക്കാൻ  ജന പ്രതിനിധികളും ജനസേവകരായ ഉദ്യോഗസ്ഥരും അവരുടെ  സർക്കാർ  വാഹനങ്ങളുടെ മുകളിൽ ഘടിപ്പിക്കുന്ന ചുവപ്പ്,നീല ബീക്കണ്‍ ലൈറ്റുകൾക്ക് നിയന്ത്രണം വേണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാൻ  അവസാനം കേരള സർക്കാർ തയ്യാറായിരിക്കുന്നു.  മുഖ്യ മന്ത്രിക്കും മറ്റു മന്ത്രിമാർക്കും ഇനിയും അതുപയോഗിക്കാം എന്നുള്ളതിനാലായിരിക്കാം മന്ത്രി സഭ അങ്ങിനെ തീരുമാനം  എടുക്കാൻ തയ്യാറായത്. അതനുസരിച്ച്‌ കറങ്ങുന്ന ചുവന്ന ലൈറ്റ്, കറങ്ങാത്ത ചുവന്ന ലൈറ്റ്, നീല ലൈറ്റ് തുടങ്ങിയവ ആരൊക്കെ ഉപയോഗിക്കണമെന്ന് വ്യക്തമായ മാർഗരേഖയാണ് പുറപ്പെടുവിച്ചിട്ടുള്ളത്.

ഇതേ വരെ അധികാര കേന്ദ്രങ്ങളിൽ സ്വാധീനമുള്ള  ഏത് ഒരുത്തനും ഒരു ലൈറ്റ് സംഘടിപ്പിക്കാൻ ഒരു പ്രയാസവും ഇല്ലായിരുന്നു. നിയമ സഭയിലെ ഒരു എം.എൽ.എ.,   പ്രത്യേക അധികാരം ഒന്നുമില്ലാത്ത  പദവി ആയ ചീഫ് വിപ്പ്  എന്ന് നാമകരണം ചെയ്യപ്പെട്ട തോട് കൂടി     കറങ്ങുന്ന ചുവന്ന ലൈറ്റ് വച്ച് ആണ് കറങ്ങി കൊണ്ടിരുന്നത്. അത് പോട്ടെ സർക്കാരിന്റെ ഒരു സാധാരണ കമ്പനി  മാത്രമായ നൊർക -റൂട്സ് ൻറെ 3  വൈസ് ചെയർമാൻ മാരിൽ ഒരാളായ യൂസഫ്‌ അലിയും ചുവന്ന ലൈറ്റ് വച്ച കാറിലായിരുന്നു യാത്ര. ജനങ്ങളിൽ നിന്നും ഒരു നിശ്ചിത അകലം പാലിക്കാനും,  ട്രാഫിക് നിയമങ്ങളെ ധിക്കരിക്കാനും, ചീറിപ്പായാനും , അതിനൊക്കെ ഉപരി   അൽപ്പം പൊങ്ങച്ചം കാണിക്കാനും, വേണ്ടിയാണീ ചുവന്ന ലൈറ്റിനു വേണ്ടി പോകുന്നത്. കറുത്ത വസ്ത്രമണിഞ്ഞ തോക്കുധാരികൾ ആയ ബ്ലാക്ക് ക്യാറ്റ് കമാൻഡോ കളുടെ അകമ്പടിയോട് കൂടി  പോകുന്നതു പോലെ വെറും ഒരു അൽപ്പത്തരം.

ചുവന്ന ലൈറ്റ് അധികാരത്തിന്റെ സിംബൽ എന്നുള്ള ധാരണ മാറ്റണം.   അത്യാവശ്യ സന്ദർഭങ്ങളിൽ ഉപയോഗിക്കാനുള്ള ഒന്നാകണം അത്.  മന്ത്രി ഉച്ചയ്ക്ക് വീട്ടിൽ ചോറുണ്ണാൻ പോകുമ്പോഴും വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ച് വീട്ടിൽ  പോകുമ്പോഴും  എന്തിനാണ് ചുവന്ന ലൈറ്റ്? കഴിഞ്ഞ ഒരു ദിവസം രാവിലെ ചുവന്ന ലൈറ്റ് കത്തിച്ച  8 കാറുകളാണ് ഗവർണർ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പോയപ്പോൾ ഉണ്ടായിരുന്നത്. ഇപ്പോൾ പുറപ്പെടുവിച്ച ലിസ്റ്റിലും ആവശ്യമില്ലാത്ത പലരും കടന്നു കൂടിയിട്ടുണ്ട്.   ഫ്ലാഷർ ഉള്ള ചുവന്ന ലൈറ്റ് ഉപയോഗിക്കുന്നവരുടെ പട്ടികയിൽ നിന്നും അധികം യാത്ര ഇല്ലാത്ത പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാനെയും  ഹൈക്കോടതി ജഡ്ജിമാരെയും ഒഴിവാക്കേണ്ടതാണ്. ഇക്കഴിഞ്ഞ മാർച്ച്‌ 16   ഞായറാഴ്ച  ഹൈക്കോടതിയുടെ കുറെ ലൈറ്റ് വച്ച കാറുകൾ ഏറണാകുളത്ത് നിന്ന് ആലപ്പുഴയും കഴിഞ്ഞ് പോകുന്നത് കണ്ടു. ഏതെങ്കിലും കല്യാണത്തിന് ആയിരിക്കാം പോയത്. അതിനൊക്കെ എന്തിനാ ലൈറ്റ് എന്ന ന്യായമായ ചോദ്യം ആണ് ജനങ്ങൾക്ക് ചോദിക്കുവാനുള്ളത്.  അത് പോലെ ഫ്ലാഷർ ഇല്ലാത്ത  ചുവന്ന ലൈറ്റ് ഉപയോഗിക്കുന്നവരുടെ പട്ടികയിൽ അഡ്വകേറ്റ്  ജനറൽ,  പബ്ലിക് സർവീസ് കമ്മീഷൻ,ന്യൂന പക്ഷ കമ്മീഷൻ, പട്ടിക ജാതി പട്ടിക വർഗ കമ്മീഷൻ ചെയർമാന്മാരെ ഉൾപ്പെടുത്തിയിട്ടുണ്ട്. (മുന്നോക്ക കമ്മീഷൻറെ കാര്യം പറയുന്നില്ല)   ഇവർക്ക് എന്തിനാണ് ചുവന്ന ലൈറ്റ്? ഒരു ഷോയ്ക്ക് വേണ്ടിയാണോ? ഇവരെയും ഒഴിവാക്കണം. മറ്റൊരു കാര്യം . ഐ.പി.എസ്. കാര് കാറിൽ കൊടി  വച്ച്   പോകുന്നത് കണ്ട്ഫോറസ്റ്റ് സർവീസ്  കാരും പിന്നെ   ഐ.എ.എസ്  കാരും കൊടി വയ്ക്കാൻ തുടങ്ങി. ഇത് കണ്ട് കുറച്ചു നാൾ ഒരു സെൻട്രൽ എക്സ്സൈസ് കമ്മീഷണറും  കൊടി  വച്ച് നടന്നു.   ഇങ്ങിനെയുള്ള അനധികൃത  പ്രവൃത്തികൾ നിരോധിക്കുക വേണം.
ഗതാഗത വകുപ്പ് ആണ് ഉത്തരവ് പുറത്തിറക്കിയത്  അത് നടപ്പാക്കാനുള്ള കഴിവ് അവർക്കുണ്ടോ എന്ന് കണ്ടറിയേണ്ടി ഇരിക്കുന്നു. അടുത്തിടെ ചുവന്ന ലൈറ്റ് മാറ്റില്ല എന്ന് പറഞ്ഞ് കൊല്ലം മേയർ പോലീസ് വാഹനത്തിനു മുൻപിൽ കുത്തിയിരുന്നത് നാം കണ്ടു. അതാണ്‌ കേരളത്തിലെ സ്ഥിതി.

2014, മാർച്ച് 23, ഞായറാഴ്‌ച

പ്രാഞ്ചിയേട്ടൻ

പത്മശ്രീ ക്കായി പ്രാഞ്ചിയേട്ടന്മാർ  രംഗത്തിറങ്ങിയ   കഥകൾ പതിയെ പുറത്തു വന്നു കൊണ്ടിരിക്കുന്നു. കൂടെ ഈ പ്രാഞ്ചിയേട്ടന്മാരെ ശുപാർശ ചെയ്ത നമ്മടെ ജന പ്രതിനിധികളുടെ പേരുകളും പുറത്തു വരുന്നു.

നമ്മടെ  മുഖ്യ മന്ത്രി  ഉമ്മൻ ചാണ്ടി ശുപാർശ ചെയ്ത പ്രാഞ്ചി ആരാണെന്നറിയണ്ടേ? അത് നമ്മടെ ചിട്ടിക്കമ്പനി മുതലാളി  ജോർജ്ജ് ആണ്.  കോഴഞ്ചേരി മത്തായി ജോർജ്ജ് മകൻ ജോർജ്ജ് മുത്തൂറ്റ്.  ഉമ്മൻ ചാണ്ടി മാത്രമല്ല നുമ്മടെ കേന്ദ്ര മന്ത്രി  കെ.വി. തോമസ്സും ജോർജ്ജ് മുത്തൂറ്റിനെയാണ് ശുപാർശ ചെയ്തത്. ഹയ്  എന്തൂട്ട് കാശാ ഇഷ്ടൻറെ കയ്യിൽ.  സ്വർണം  പണയം വച്ചാൽ  നല്ല പൈസ തരും. രണ്ടു മാസം കഴിഞ്ഞു പണയം എടുക്കാൻ ചെല്ലുമ്പൊഴെക്കു  ഒരു പവന് മുതലും പലിശയും കൂടി രണ്ടു പവൻറെ വിലയാകും.  അതാ നമ്മടെ ചിട്ടി കമ്പനിയുടെ രീതി. ഈ മുത്തൂറ്റ് ചിട്ടിക്കമ്പനി  ഒരു ബാങ്ക്  ആകാൻ പോവ്വാ.റിസർവ് ബാങ്കിന് അപേക്ഷ കൊടുത്തിട്ട് കാത്തിരിക്കുവാ ഇഷ്ട്ടൻ. പിന്നെങ്ങിനെ ശുപാർശ ചെയ്യാതിരിക്കും?

അടുത്ത പ്രാഞ്ചി  ആരാണെന്ന് നോക്കാം. കെ.പി. ഹുസൈൻ. പേര് കേട്ടിട്ടില്ലേ? ആള് ഡോക്ടറാ. വലിയ കാശ് കാരൻ. കേട്ടു കാണാൻ വഴിയില്ല. ആള് ഇന്ത്യയിലില്ല. അങ്ങ് ഗൾഫിലാ. (അതൊരു കൊറവ് ഒന്നുമല്ല. എത്രയോ ഗൾഫ് കാശുകാര് പത്മശ്രീ വാങ്ങിയിട്ടുണ്ട്). അവിടെ ഒരു മെഡിക്കൽ ഇൻസുറൻസ് കമ്പനിയാ.  ഇദ്ദേഹത്തെ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി തന്നെ ഗൾഫിൽ പോയി ആദരിച്ചിട്ടുണ്ട്.ഇഷ്ട്ടനെ പറഞ്ഞു കൊടുത്തത് ആരാന്ന് നോക്കാം. അതും നുമ്മടെ മന്ത്രി  കെ.വി. തോമസ്സ് തന്നെ.

പിന്നത്തെ പ്രാഞ്ചി തെക്ക് തിരുവനന്തപുരത്തെ ഒരു ആശുപത്രി മുതലാളിയാ. കിംസ് ആശുപത്രി ചെയർമാൻ  ഡോക്ടർ എം.ഐ. സഹദുള്ള. അതും ഒരു ഗൾഫ് മുതലാളിയാ. വലിയ പണക്കാരൻ. ഗൾഫിൽ ഒക്കെ കിംസ് ആശുപത്രികൾ ഉണ്ട്. ( അവയൊക്കെ നഷ്ട്ടത്തിലാ , കേരളത്തിലെ  ജനങ്ങളെ കൊണ്ടാ കാശുണ്ടാക്കുന്നതു എന്നും ഒരു വാർത്ത ഉണ്ട്). അങ്ങേരെ ശുപാർശ ചെയ്തത് രാജ്യ സഭ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ. പിന്നെ കേരള സർക്കാരും.

ഏതായാലും ഭാഗ്യത്തിന് ഇവരൊക്കെ ഇന്നും പ്രാഞ്ചിമാരായി തുടരുന്നു. പക്ഷേ അത് കൊണ്ട് കാര്യമില്ല.  സംഗതി അടുത്ത  വർഷം പൂർവാധികം ശക്തിയോടെ ഈ പ്രാഞ്ചിമാരെല്ലാം  രംഗത്ത് വരും. ഇപ്പ നടക്കാത്തതിന്റെ ഇളിഭ്യതയോടെ പൂർവാധികം ശക്തിയായി നമ്മടെ മുഖ്യ മന്ത്രിയും കൂട്ടുകാരും ശുപാർശയും  ചെയ്യും. ഇപ്പൊ കിട്ടിയാരുന്നെങ്കി ഈ പ്രാഞ്ചിമാർക്കെല്ലാം അടുത്ത തവണ ഒരു പത്മ ഭൂഷണും അതിനടുത്ത തവണ പത്മ വിഭൂഷണും തരപ്പെടുത്താമായിരുന്നു എന്നൊരു ഇഛഭംഗം ഉണ്ട്. 

ദേ ഇപ്പം ഒരാള് വടക്ക് നിന്ന് തെക്കോട്ട്‌ ഓടുന്നുണ്ട്. ബ്ലഡ് ശേഖരിക്കാൻ. സാക്ഷാൽ ബോബി ചെമ്മണ്ണൂർ.  ചക്രം മുടക്കി ഇഷ്ട്ടം പോലെ  പരസ്യം എല്ലാ ചാനലിലും കൊടുക്കുന്നത് കൊണ്ട് ഓട്ടത്തിന്റെ വിഷ്വൽസ് ഒക്കെ വച്ച്, ഓരോ പോയിന്റ്‌  കടക്കുന്നതും സ്വീകരണം ഏറ്റു  വാങ്ങുന്നതും ഒക്കെ  വലിയ വാർത്ത ആയി ചാനലുകാർ  കൊടുക്കുന്നുണ്ട്. നല്ല പബ്ലിസിറ്റി.  അടുത്ത തവണത്തെ ഒരു പ്രാഞ്ചി അങ്ങേര് ആയിരിക്കും എന്നത് തീർച്ചയാണ്.

2014, മാർച്ച് 21, വെള്ളിയാഴ്‌ച

വനം കത്തിക്കുന്നു

കാട് കത്തിയെരിയുമ്പോൾ റോമാ   ചക്രവർത്തിയെ പ്പോലെ വീണ വായിക്കുകയാണ് വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ.  തൻറെ കൊട്ടാരം പണിയാൻ വേണ്ടി നീറോ തന്നെയാണ് റോമാ  നഗരം കത്തിച്ചതെന്നു റോമാക്കാർ വിശ്വസിക്കുന്നു. അങ്ങിനെയല്ല ഇവിടെയും എന്ന് തീർത്തു പറയാനാകില്ല. നാല് ദിവസമായി കാട്ടു തീ പടരുകയാണ്. ആരോ കാട് കത്തിക്കുകയാണ്. മുഖ്യ വന പാലകന്റെ നേതൃത്വത്തിൽ കത്തി ചാമ്പലായ വനം പരിശോധിക്കുമ്പോഴും തൊട്ടടുത്ത്‌  കാടിന്  തീ കൊളുത്തുകയായിരുന്നു.  ആസൂത്രിതമായുള്ള ആക്രമണം ആണിത്. ഇത്രയും പരസ്യമായി ഭരണ കൂടത്തെ വെല്ലു വിളിച്ചു കൊണ്ടാണ് വനത്തിനു തീയിടുന്നത് എന്നതിനാൽ ഭരണ കൂടത്തിന്റെ മൌനാനുവാദവും ഒത്താശയും ഇതിലുണ്ടെന്ന് ജനം ന്യായമായും സംശയിക്കും. വയനാട്ടിൽ  കാട്ടു തീ പടർന്ന് പിടിച്ച് അമൂല്യമായ വന സമ്പത്തും ജീവജാലങ്ങളും കരിഞ്ഞു തീരുമ്പോഴും കസ്തുരി രംഗന്റെ കരടു വിജ്ഞാപനം ഇറക്കാനുള്ള തിരക്കിൽ ആയിരുന്നു മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി. 3114.3 ചതുരശ്ര കിലോ മീറ്റർ പ്രദേശം പരിസ്ഥിതി ലോല പ്രദേശത്തിൽ നിന്നും ഒഴിവാക്കി എന്നും,  5 ഹെക്ടറിൽ താഴെയുള്ള പാറമടകൾക്ക് പരിസ്ഥിതി അനുമതി ആവശ്യമില്ലെന്നും  പറഞ്ഞു അഭിമാനം കൊള്ളുകയാണ് അദ്ദേഹം. കാരണം ഈ ക്രെഡിറ്റ് വരുന്ന തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്സിന് കൂടുതൽ സീറ്റ് ലഭ്യമാക്കും. വീണ്ടും കുറെ നാൾ അതിൻറെ കെയറോഫിൽ ഭരിക്കാം. തിരുവഞ്ചൂർ ആകട്ടെ സ്ഥിരം പല്ലവി പാടുകയാണ്. സാമൂഹ്യ വിരുദ്ധരാണിത് ചെയ്തതെന്നും "ഗൂഡാലോചന" യ്ക്ക് സാധ്യത ഉണ്ടെന്നും മറ്റും. ഗൂഡാലോചന വന്നത് കൊണ്ട് ടി.പി. വധ കേസ് പോലെ ഇതും സി.ബി.ഐ.ക്ക് വിടാൻ പുള്ളി ശുപാർശ ചെയ്തേക്കാം. 

വനം, മണൽ,പാറമട,ഘനന മാഫിയകളുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് കേരള സർക്കാർ ഗാഡ്ഗിൽ റിപ്പോർട്ട്‌ തള്ളാനും കസ്തുരി രംഗൻ റിപ്പോർട്ടിൽ വെള്ളം ചേർക്കാനും തയ്യാറായത്. ഈ മാഫിയകൾ ആകട്ടെ ക്രൈസ്തവ സഭകളെയും, അജ്ഞരായ ജനങ്ങളെയും, അധികാര മോഹികളായ രാഷ്ട്രീയക്കാരെയും ഇതിനു കൂട്ടു പിടിച്ചു. മാഫിയകൾ ആകട്ടെ ഒരു പടി കൂടി കടന്ന് ശേഷിക്കുന്ന വനം കൂടി തീയിട്ട് പൂർണമായും നശിപ്പിക്കുകയാണ്.പ്രകൃതി നശീകരണത്തിന്റെ ഭായാനകമായ ദുരന്തങ്ങൾ അനുഭവിക്കേണ്ടത് ഇന്നത്തെ തലമുറ മാത്രമല്ല. വരും തലമുറകൾകൂടിയാണ്. മന്ത്രി മന്ദിരങ്ങളിൽ ഇരിക്കുന്നു എന്നത് കൊണ്ട് പ്രത്യേക പരിരക്ഷ അവർക്ക് കിട്ടുന്നില്ല.  മന്ത്രിമാരും അവരുടെ മക്കളും എല്ലാം  ഇതിൻറെ പ്രത്യാഘാതങ്ങൾ അ നുഭവിക്കേണ്ടി വരും. പക്ഷെ താൽക്കാലികമായി ലഭ്യമാകുന്ന പണത്തിനും ഭൌതിക സുഖത്തിനും വേണ്ടി അവർ ജനങ്ങളെയും വരും തലമുറകളെയും നാശത്തിലേക്ക് തള്ളിയിടുകയാണ്.  

2014, മാർച്ച് 20, വ്യാഴാഴ്‌ച

സിസ്റ്റർ അഭയ

മതേതര  രാഷ്ട്രം  എന്ന് ഭരണ ഘടന വിഭാവനം ചെയ്തിരിക്കുന്ന ഭാരത മഹാ രാജ്യത്തിലെ  ഒരു സംസ്ഥാനമായ കേരളത്തിലെ ഭരണ കൂടങ്ങൾ എന്നും മത പ്രീണനത്തിനു പ്രാമുഖ്യം നൽകുന്നു എന്നത് ജനാധിപത്യ വിശ്വാസികൾക്കെല്ലാം ഒരു വെല്ലു വിളിയാണ്.  കേന്ദ്ര സർക്കാരുകളും  ഇതിന്  അനുകൂല മനോഭാവം  ആണ് കൈക്കൊള്ളുന്നത് എന്നത് ഇത് കൂടുതൽ ഗൌരവം ഉള്ളതാക്കുന്നു.  ചില  നീതിന്യായ കോടതികൾ മാത്രമാണിന്ന് മതേതര വിശ്വാസികൾക്ക്  ഒരു അഭയം. സിസ്റ്റർ അഭയ കേസ് പുനരന്വേഷണം നടത്തണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നു. കേസന്വേഷണം അട്ടിമറിക്കപ്പെട്ടു എന്നും, അന്വേഷണ ഉദ്യോഗസ്ഥർ തന്നെ തെളിവുകൾ നശിപ്പിച്ചു എന്നും,കേസിൽ പ്രതികളെ രക്ഷിക്കാൻ ബോധ പൂർവമായ ശ്രമങ്ങൾ നടന്നുവെന്നും കോടതി കണ്ടെത്തി. ഇങ്ങിനെയൊന്നും നടന്നിട്ടില്ല എന്ന സി.ബി.ഐ. കോടതി വിധിയെ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഈ  ഉത്തരവ് പുറപ്പെടുവിച്ചത്.

1992 മാർച്ച് 27 ന് ആണ് കോട്ടയത്തെ പയസ് ടെന്ത് കോണ്‍വെന്റിൽ അഭയ കൊല്ലപ്പെടുന്നത്. കോണ്‍വെന്റിന്റെ കിണറ്റിൽ  അഭയയുടെ മൃതദേഹം കണ്ടെത്തി. ലോക്കൽ പോലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല. അന്ന് കേരളം ഭരിച്ചിരുന്നത് കോണ്‍ഗ്രസ് മുഖ്യ മന്ത്രി കെ. കരുണാകരൻ. ആഭ്യന്തരം, അതായത് പോലീസ്, മുഖ്യ മന്ത്രിയുടെ കയ്യിൽ. റെവന്യൂ, നിയമ മന്ത്രി എന്നത്തേയും പോലെ കെ.എം. മാണി. ധന മന്ത്രി ഇന്നത്തെ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി. അത് കഴിഞ്ഞ് കേസ് സി.ബി.ഐ.ക്ക് അന്വേഷണത്തിന് നൽകി.  'കൂട്ടിലെ തത്ത' 17 വർഷം  ഈ കേസ് അന്വേഷിച്ചു. പല തവണ ഇത് കൊലപാതകം ആണെന്നുള്ളതിന്‌ തെളിവില്ല എന്ന് കോടതിയിൽ പറഞ്ഞു. അവസാനം 2008 ലാണ് 3 പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.ഫാദർ കോട്ടൂർ,ഫാദർ പുത്രുക്കയിൽ, സിസ്റർ സ്റ്റെഫി എന്നിവർ. ഈ കേസ് അട്ടിമറിക്കാൻ എല്ലാ ഭാഗത്ത്‌ നിന്നും ആത്മാർഥമായ ശ്രമം നടന്നു.

ക്രൈസ്തവ സഭാംഗങ്ങൾ ആയ കേരള രാഷ്ട്രീയത്തിലെ ഉന്നതരും മത മേലധ്യക്ഷരും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് പണ്ടേ ആരോപണം ഉണ്ടായിരുന്നു. അവരെ രക്ഷിക്കാനും സഭയുടെ അന്തസ്സ് നില നിർത്താനും അന്നത്തെ സർക്കാർ ഇടപെടലുകൾ നടത്തിയിരുന്നു എന്നും അതിനാലാണ് തെളിവ് നശിപ്പിക്കാൻ പോലും പോലീസ് ധൈര്യപെട്ടത് എന്നും നാട്ടിൽ പാട്ടായിരുന്നു.സഭയുടെ ശക്തി നോക്കണേ. അതിനനുസരിച്ച് ആടുന്ന രാഷ്ട്രീയക്കാരും. അടുത്തിടെ ഒരു കോണ്‍ഗ്രസ്സ് ലോക സഭ സ്ഥാനാർഥിയെ  ഒരു ബിഷപ്പ് തലങ്ങും വിലങ്ങും വഴക്ക് പറഞ്ഞു. വഴക്ക് കേട്ട ഡീൻ കുരിയാക്കോസിന് ഒരു നാണവും ഇല്ല. ബിഷപ്പിന് അത് പറയാൻ അവകാശം ഉണ്ടെന്ന് പറഞ്ഞ് തന്റെ തൊലിക്കട്ടി അദ്ദേഹം കാണിച്ചു. ( എങ്ങിനെയാണ് അവകാശം കിട്ടിയതെന്ന് ആർക്കറിയാം). ഇതിനു പകരം ആ ബിഷപ്പിനെ  ഒരു കോണ്‍ഗ്രസ് എം.എൽ.എ. "നികൃഷ്ട ജീവി"  എന്ന്  വിളിച്ചു. അതിന്  മാപ്പ് പറയാൻ എന്തൊരു ആൾ തിരക്കായിരുന്നു. ഉമ്മൻ ചാണ്ടി, സുധീരൻ, സതീശൻ  വരെ ക്യു  ആയി   നിൽക്കുകയായിരുന്നു  ഒന്ന് മാപ്പ് പറയാൻ. സംഭവം കുരിശ് ആയല്ലോ എന്ന് വിളിച്ചു കഴിഞ്ഞപ്പോഴാ ബൽറാമിന്  മനസ്സിലായത്‌ .ഉടൻ ബൽറാം  മാപ്പും  പറഞ്ഞു. കുറച്ചുനാൾ മുൻപ് എൻ.എസ.എസ്സിന്റെ സെക്രട്ടറി സുകുമാരൻ നായരെ ഒരു കോണ്‍ഗ്രസ് എം.എൽ.എ   "നായന്മാരുടെ  കോപ്പ്' എന്ന് പറഞ്ഞ് അധിക്ഷേപിച്ചു. മാപ്പ് പോയിട്ട് അത് ശരിയായില്ല എന്ന് പറയാൻ പോലും ആരും ഇല്ലായിരുന്നു.  മത നേതാക്കളുടെ പുറകെ നടക്കേണ്ട കാര്യം രാഷ്ട്രീയ പാർട്ടികൾക്ക് ഇല്ല എന്ന് കൂടി ഇന്ന് ബിഷപ്പിന് മുൻപിൽ  മാപ്പ് പറഞ്ഞ സതീശൻ  ഉൾപ്പടെ ഇവരെല്ലാം പറഞ്ഞു. അതെ ആൾക്കാരാണ് ബിഷപ്പിൻറെ പുറകെ നടക്കുന്നത്. അതായത് കേരളത്തിലെ ഭരണം നിയന്ത്രിക്കുന്നത്‌  ഇന്നും പള്ളിയും പട്ടക്കാരും ആണ്. ബിഷപ്പിനെ തൊട്ടാൽ ഭരണം പോക്ക്.

2014, മാർച്ച് 17, തിങ്കളാഴ്‌ച

കേജിരിവാൾ

ഭരണത്തിൻറെ എല്ലാ മേഖലയിലും അഴിമതി നടമാടുകയും രാഷ്ട്രീയ പാർട്ടികൾ ഒന്നൊഴിയാതെ അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുകയും,രാഷ്ട്രീയ നേതാക്കൾ  രാജ്യത്തെ പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കുകയും, ജനങ്ങളെ ചൂഷണം ചെയ്യുകയും  അഴിമതിയിലൂടെ കോടികൾ സമ്പാദിക്കുകയും ചെയ്യുന്ന ഒരു  ദുസ്ഥിതിയിലാണ് കുറെ വർഷങ്ങളായി നമ്മുടെ രാജ്യം.   ജനങ്ങളെ കബളിപ്പിച്ചു  കള്ള പ്പണം   സമ്പാദിച്ചു  സുഖിക്കാനുള്ള ഒരു എളുപ്പ മാർഗം  ആയിട്ടാണ് ഇന്നത്തെ രാഷ്ടീയക്കാർ രാഷ്ട്രീയത്തെ കാണുന്നത്. ഓരോ അഞ്ചു വർഷം കൂടുമ്പോൾ ഓരോ കള്ളനെ തെരഞ്ഞെടുക്കുക എന്നത് മാത്രമായി ചുരുങ്ങി ജനാധിപത്യത്തിലെ നേടുംതൂണെന്ന് വിശേഷിപ്പിക്കുന്ന സാധാരണ ജനങ്ങളുടെ  കർമം. ഈ വ്യവസ്ഥിതിക്കെതിരെ ഉള്ള  ജനങ്ങളുടെ പ്രതിഷേധം ഒറ്റപ്പെട്ട സംഭവങ്ങളായി പരിണമിക്കുകയും അവയെ തന്നെയും അടിച്ചമർത്താൻ അധികാരവും പണവും അക്രമികളും വാടക ഗുണ്ടകളും കയ്യിലുള്ള രാഷ്ട്രീയ പാർട്ടികൾക്ക് കഴിഞ്ഞു. ഈ പ്രതിഷേധം പടർന്നു പിടിക്കാതിരിക്കാനും അവർ   ശ്രദ്ധിച്ചു. ഈ വ്യവസ്ഥിതിക്കു എതിരെ ഒരു പ്രക്ഷോഭം   നയിക്കാനും   രാജ്യ വ്യാപകമായി ചലനം ഉണ്ടാക്കാനും ആം ആദ്മി പാർട്ടി രൂപീകരിച്ച് പ്രവർത്തിച്ച കേജ് രിവാളിനു കഴിഞ്ഞു. അഴിമതിമാത്രം നടത്തി പത്തു വർഷം ഡൽഹി ഭരിച്ച മുഖ്യ മന്ത്രി ഷീലാ ദീക്ഷിതിനെ പുറം തള്ളി അധികാരത്തിൽ വരാൻ  ആം ആദ്മി പാർട്ടിക്ക് കഴിഞ്ഞു. അവരെ ജനങ്ങൾ സന്തോഷത്തോടെ വരവേറ്റു. നമ്മുടെ രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് വീശിതുടങ്ങി എന്ന് നമ്മൾ സമാധാനിച്ചു. അഴിമതി രഹിത ഭരണം വരുമെന്ന് ആശിച്ച ജനങ്ങൾ ആം ആദ്മി പാർട്ടിയിൽ പ്രതീക്ഷ അർപ്പിച്ചു. ആ പാർട്ടിയിൽ അന്ത ചിദ്രം വന്നപ്പോഴും അത് ബാലാരിഷ്ട്ടത ആയി കണ്ടു ജനങ്ങൾ കൂടെ നിന്നു. 

ആം ആദ്മി പാർട്ടിയും ഭാരതത്തിലെ മറ്റൊരു രാഷ്ട്രീയ പാർട്ടിയായി മാറിക്കൊണ്ടിരിക്കുകയാണ്. കേജിരിവാളുമായി ഒന്നിച്ച് ഒരു നേരം  ഭക്ഷണം കഴിക്കുന്നതിന് 20000 രൂപ ടിക്കറ്റ് വച്ചു. പാർട്ടി ഫണ്ടിന് വേണ്ടി ആണെന്നാണ്‌ വാദം. ഇതൊക്കെ സാധാരണ ജനങ്ങളിൽ നിന്നും അവരെ പതിയെ അകറ്റുകയാണ്.  വർഗീയതക്ക് എതിരെ പൊരുതുന്ന അവർ വോട്ടിനു വേണ്ടി മുസ്ലിം മത മേലദ്ധ്യക്ഷൻമാരുമായി വോട്ടിനു ചർച്ച നടത്തി.   ഭാരതത്തിലെ പ്രമുഖ പാർട്ടികളായ കോണ്‍ഗ്രസ്സിനും ഭാരതീയ ജനത പാർട്ടിക്കും എതിരെ ആയിരുന്നു കേജിരിവാളിന്റെ പ്രധാന പ്രവർത്തനം. സോണിയ ഗാന്ധിയുടെയും,കോണ്‍ഗ്രസ് നേതാക്കളുടെയും മുഖ്യ മന്ത്രിമാരുടെയും അഴിമതി പുറത്തു കൊണ്ട് വരും എന്നായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചത്. 2 ജി സ്പെക്ട്രം, കോമണ്‍വെൽത്ത് ഗെയിംസ്, കൽക്കരി ഖനി പാട്ടത്തിനു നൽകൽ, പ്രതി രോധ ഇടപാടുകൾ  തുടങ്ങിയവയിൽ നടന്ന  വൻ അഴിമതിയും   സോണിയയുടെ മരുമകൻ റോബർട്ട് വദ്രയുടെ ഭൂമി ഇടപാടുകളും പുറത്തു കൊണ്ട് വരും എന്നു പറഞ്ഞു തുടങ്ങിയ കേജിരിവാളും ആം ആദ്മി പാർട്ടിയും അതെല്ലാം മറന്നു തുടങ്ങിയ മട്ടാണ്. ഇന്ന് കേജിരി വാളിന്റെ സമരം ബി.ജെ.പി. യോട് മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. നരേന്ദ്ര മോഡി മാത്രമായിരിക്കുകയാണ് കേജിരിവാളിന്റെ ശത്രു. കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ ഡൽഹിയിൽ ഭരണം തുടങ്ങിയപ്പോഴേ ജനങ്ങൾക്ക്‌ സംശയം ഉണ്ടായിരുന്നു. കോണ്‍ഗ്രസ്സുമായി അവർക്ക് രഹസ്യ ധാരണ ഉണ്ടെന്ന് ജനങ്ങൾക്ക്‌   തോന്നി തുടങ്ങി. അഴിമതി തൂത്തെറിയും എന്ന പ്രസ്താവനയുമായി വന്ന ആ ആദ്മി പാർട്ടിയും കേജിരിവാളും അത്  മറന്ന് ബി.ജെ.പി.യ്ക്ക് എതിരെയുള്ള ഒരു പാർട്ടിയായി മാറിയിരിക്കുകയാണ്.അതാണ്‌ ആം ആദ്മി  പാർട്ടിക്ക് ജന പിന്തുണ കുറഞ്ഞു വരുന്നത്. 

2014, മാർച്ച് 12, ബുധനാഴ്‌ച

ടി.പി.വധം -സത്യാന്വേഷണ പരീക്ഷണങ്ങൾ

മഹാത്മാ ഗാന്ധിക്ക് ശേഷം "സത്യാന്വേഷണ പരീക്ഷണങ്ങൾ" നടത്തിയ ഒരേ ഒരാൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആയിരിക്കുമെന്നതിൽ സംശയം ഇല്ല. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സിൽ ഗാന്ധിജിയുടെ പാത പിൻ തുടരുന്ന ഏക  മഹാത്മാവ്.  'എൻറെ സത്യാന്വേഷണ പരീക്ഷണ കഥ' എന്ന പേരിൽ ഗാന്ധിജി ആത്മകഥ എഴുതിയിട്ടുണ്ട്. അത്തരത്തിൽ ശ്രീ തിരുവഞ്ചൂരും ഒരു പുസ്തകം എഴുതിയിരിക്കുന്നു. ഇവിടെ അദ്ദേഹം  സത്യാന്വേഷണ രേഖകൾ ആണ് നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്‌. "ടി.പി.വധം സത്യാന്വേഷണ രേഖകൾ" എന്നതാണ്  അദ്ദേഹത്തിന്റെ പുസ്തകം. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണ സമയത്ത് ആഭ്യന്തര മന്ത്രി, അതായത് പോലീസ് മന്ത്രി, എന്ന നിലയിൽ അദ്ദേഹം അനുഭവിച്ച മാനസിക സംഘർഷവും സത്യം തേടിയുള്ള യാത്രയും ഒക്കെയാണീ പുസ്തകത്തിൽ എന്ന് പറയപ്പെടുന്നു.

പുസ്തകത്തിൻറെ അവലോകനത്തിൽ നിന്നും ഉള്ളടക്കത്തെക്കുറിച്ച് കുറച്ച് വിവരങ്ങൾ ലഭ്യമാകുന്നുണ്ട്. കൂടുതൽ ഉന്നതരായ പ്രതികൾ ഉണ്ടാകാമെന്ന നിഗമനത്തിൽ ആണ് അന്വേഷണ സംഘം എത്തിച്ചേർന്നത് എന്നും, എന്നാൽ അതിന് ഉപോദ്ബലകമായ തെളിവുകൾ ലഭിച്ചില്ല എന്നും  പുസ്തകത്തിൽ തിരുവഞ്ചൂർ  എഴുതിയിട്ടുണ്ട്   എന്ന് പറയുന്നു. എന്തൊരു ശുദ്ധ ഭോഷ്ക് ആണിത്. തെളിവ് ഒന്നും  ലഭിക്കാതെ എങ്ങിനെയാണ് അന്വേഷണ സംഘം അങ്ങിനെ ഒരു നിഗമനത്തിൽ എത്തിയത്?  അത് എങ്ങിനെയെന്ന കാരണം    അന്വേഷിക്കേണ്ട ഉത്തര വാദിത്വം ഒരു ആഭ്യന്തര മന്ത്രി എന്ന നിലയിൽ തിരുവഞ്ചൂരിനു ഉണ്ടായിരുന്നില്ലേ? അത് നിറവേറ്റുന്നതിൽ അദ്ദേഹം പരാജയപ്പെട്ടില്ലേ?   അഥവാ ഒരു ഉൾവിളി  പോലെയോ ദൈവ വിളി പോലെയോ അങ്ങിനെ ഒരു നിഗമനത്തിൽ  അന്വേഷണ സംഘം എത്തിയെങ്കിൽ   എന്ത് കൊണ്ട് തുടരന്വേഷണം നടത്തിയില്ല? ഉന്നതരായ പ്രതികൾ എന്ന് പറയുമ്പോൾ  അമേരിക്കൻ പ്രസിഡന്റ് ഒന്നുമല്ലല്ലോ.ഇന്ത്യൻ നിയമ വ്യവസ്ഥക്കുള്ളിൽ വരുന്ന ഇന്ത്യൻ പൌരന്മാരല്ലേ. അപ്പോൾ അന്വേഷണം എന്ത് കൊണ്ടാണ് നിർത്തിയത്?  ആഭ്യന്തര മന്ത്രി അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചപ്പോൾ കെ.പി.സി.സി. പ്രസിഡന്റും പങ്കെടുത്തു എന്ന് ചാനലുകളിൽ വന്ന വാർത്ത തെറ്റാണെന്ന് പുസ്തകത്തിൽ പറയുന്നുണ്ട്.  മന്ത്രിയുടെ മുറിയിലേക്ക് വന്ന കോണ്‍ഗ്രസ്സ്  പ്രസിഡന്റ് പോലീസ് ഉദ്യോഗസ്ഥരെ കണ്ടു തിരിച്ചു പോകുമ്പോൾ താൻ മുറിയിലേക്ക് വിളിച്ചു സംസാരിച്ചതാണെന്ന് തിരുവഞ്ചൂർ പറയുന്നു. ഇങ്ങിനെ ഒരു മീറ്റിംഗിൽ അനുവാദം ചോദിക്കാതെ ഇടിച്ചു കേറാൻ ഏതു കോണ്‍ഗ്രസ് കാരനാണ് ധൈര്യപ്പെടുന്നത്? ആ മുറിക്ക് പുറത്തു ഒരു പോലീസകാരൻ പോലും കാവൽ ഇല്ലായിരുന്നോ? 

പോലീസ്കാർ  കേസ് അന്വേഷിക്കുമ്പോൾ മന്ത്രിക്കെന്തിനാണ്  മാനസിക സംഘർഷം ഉണ്ടാകുന്നത്? പ്രതികളുടെയും അവരെ സംരക്ഷിക്കുന്നവരുടെയും ഭാഗത്ത്‌ നിന്ന് പ്രതിഷേധം ഉണ്ടാകുന്നത് സ്വാഭാവികം ആണ്.  കേസ് അന്വേഷണം  സത്യസന്ധമാണെങ്കിൽ മന്ത്രിക്ക് മാനസിക സംഘർഷം വരേണ്ട ആവശ്യമില്ല. അതിനർത്ഥം കേസ് അന്വേഷണത്തിൽ കളവു കാണിക്കാൻ മന്ത്രിക്ക് ഉന്നതരിൽ നിന്നും സമ്മർദം ഉണ്ടായിരുന്നു എന്നാണ്. പൊതു സമൂഹവും പത്ര ദൃശ്യ മാധ്യമങ്ങളും കേസ് അന്വേഷണത്തെ സസൂക്ഷ്മം വിശകലം ചെയ്യുമ്പോഴും  വിടാതെ പിന്തുടരുകയും  ചെയ്യുമ്പോൾ കേസ് അട്ടിമറിക്കുക എന്നത് അൽപ്പം ബുദ്ധിമുട്ടായിരുന്നു. അതായിരിക്കാം ഇത്രയും വലിയ മാനസിക സംഘർഷം.

സാമാന്യ ബുദ്ധിക്ക് നിരക്കാത്ത പ്രസ്താവനകൾ മാത്രമാണീ പുസ്തകത്തിൽ എന്ന് തോന്നുന്നു.  ഉത്തരങ്ങളേക്കാൾ വളരെയേറെ ചോദ്യങ്ങൾ ആണ് ഈ 'സത്യാന്വേഷണ രേഖകൾ' ഉയർത്തുന്നത്. കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ കഴിഞ്ഞ ആഭ്യന്തര മന്ത്രി എന്ന നിലയിൽ ആണ് സ്ഥാനം ഒഴിഞ്ഞത് എന്നും പറയുന്നു. ചിരി വരുന്നുണ്ടോ? ആഭ്യന്തര മന്ത്രി സ്ഥാനത്തു   നിന്നും അദേഹത്തെ എങ്ങിനെ മാറ്റി  എന്നതും ചെന്നിത്തല എങ്ങിനെ ആ സ്ഥാനം പിടിച്ചെടുത്തു എന്നതും  കേരളത്തിലെ എല്ലാ ജനങ്ങൾക്കും അറിയാം.ഈ പുസ്തകത്തിൻറെ അവതാരിക എഴുതിയിരിക്കുന്നത് വധിക്കപ്പെട്ട ടി.പി.യുടെ ഭാര്യ ശ്രീമതി രമ ആണ്. നല്ല വാക്ക് പറയുന്ന ആരെങ്കിലും ഒരാൾ വേണ്ടേ അവതാരിക എഴുതാൻ എന്ന് വച്ചാകാം അവരെ കൊണ്ടെഴുതിച്ചത്. ഏതായാലും ഈ പുസ്തകത്തിന്‌ അവതാരിക എഴുതേണ്ടിയിരുന്നത് പിണറായി വിജയൻ ആയിരുന്നു. അടുത്ത പതിപ്പ് പുറത്തിറക്കുമ്പോൾ അത് ചെയ്‌താൽ നന്നായിരുന്നു.

ഗാന്ധിജിയുടെ ആത്മകഥയും    തിരുവഞ്ചൂരിന്റെ കഥയും  ആയി ഒരുപാട് സാമ്യങ്ങൾ   ഉണ്ട്. ഗാന്ധിജി   തൻറെ ആത്മ കഥയിൽ താൻ കള്ളം പറഞ്ഞതും അച്ഛന് മുൻപിൽ അതിന് കുറ്റസമ്മതം നടത്തിയതും  എഴുതിയിട്ടുണ്ട്. അത്ര സത്യ സന്ധനായിരുന്നു അദ്ദേഹം. സത്യാന്വേഷണ രേഖകളുടെ കഥാകൃത്തും ഇത് പോലെ കള്ളം പറയുകയും പിന്നീട് കുറ്റ സമ്മതം നടത്തുകയും ചെയ്തിട്ടുണ്ട്. ഒരുദാഹരണം. ശാലു മേനോനെ അറിയില്ല എന്ന് പറഞ്ഞ  ആൾ, പിന്നീട് അവരുടെ വീട്ടിൽ പോയെന്നും കരിക്ക് കുടിച്ചെന്നും പറഞ്ഞിട്ടുണ്ടല്ലോ. അങ്ങിനെ പലതും. ശരിയായ ഒരു ഗാന്ധിയൻ. 

2014, മാർച്ച് 11, ചൊവ്വാഴ്ച

ഇലക്ഷൻ കമ്മീഷൻ അനുമതി

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കസ്തുരി രംഗൻ റിപ്പോർട്ടിൻ മേലുള്ള കരട് വിജ്ഞാപനത്തിന് അനുമതി   നൽകിയിരിക്കുകയാണല്ലോ. കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കുന്നത്  തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം ആണ് എന്നുള്ളതിനാലാണ് തെരഞ്ഞെടുപ്പു കമ്മീഷന് മുന്നിൽ ബി.ജെ.പി. പരാതി നൽകിയത്. അതിന്മേലുള്ള തീരുമാനമാണ് കമ്മീഷൻ എടുത്തത്‌. ഈ കരട്   വിജ്ഞാപനം പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം അല്ല എന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ വിധിയെഴുതിയിരിക്കുന്നത്. പക്ഷെ  അന്തിമ വിജ്ഞാപനം തെരഞ്ഞെടുപ്പിന് ശേഷമേ പുറപ്പെടുവിക്കാവൂ എന്നും കമ്മീഷൻ പറയുന്നു.

എന്താണിതിന്റെ അർത്ഥം? അന്തിമ വിജ്ഞാപനം തെരഞ്ഞെടുപ്പിന് മുൻപ് വന്നാൽ എന്താണ് പ്രശ്നം?    അത്    തെരഞ്ഞെടുപ്പ് കഴിഞ്ഞേ പുറപ്പെടുവിക്കാവൂ   എന്ന് കമ്മീഷൻ  പറയുന്നത്  അന്തിമ വിജ്ഞാപനം     ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കും എന്നുള്ളത് കൊണ്ടല്ലേ ? ഈ കരട് വിജ്ഞാപനം തന്നെയല്ലേ അന്തിമം ആകുന്നത്? അങ്ങിനെയെങ്കിൽ   ഈ കരട് വിജ്ഞാപനവും കേരളത്തിലെ വോട്ടർമാരെ സ്വാധീനിക്കുകയില്ലേ? അപ്പോൾ കരട് വിജ്ഞാപനത്തിന് സാധുത നൽകുകയും അന്തിമ വിജ്ഞാപനം  പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം ആണെന്ന് പറയുകയും ചെയുന്നത് യുക്തിക്കും, സാമാന്യ ബുദ്ധിയ്ക്കും   നിരക്കുന്നതല്ലല്ലോ.

ഈ കരട് വിജ്ഞാപനം ഇറങ്ങുന്നതിന്റെ സാഹചര്യം നോക്കാം. കസ്തുരി രംഗൻ റിപ്പോർട്ടിന്റെ പേരിൽ മുന്നണി വിടും എന്ന് ഭീഷണിപ്പെടുത്തി കൊണ്ട് നിൽക്കുന്ന ജോസഫിനെയും, മറ്റു മാർഗങ്ങളില്ലാതെ ജോസഫിനെ   പിന്തുണച്ചു   നിൽക്കുന്ന മാണിയെയും, കോണ്‍ഗ്രസ്സിനെതിരെ തിരിഞ്ഞ പള്ളിക്കാരെയും, പിന്നെ ക്വാറി മുതലാളിമാരെയും, മണൽ മാഫിയകളെയും  അനുനയിപ്പിച്ച് കൂടെ  നിർത്താനും  അതിനോടൊപ്പം റിപ്പോർട്ടിനെതിരെ സമരം നടത്തുന്ന മാർക്സിസ്റ്റ് പാർട്ടി നേടുന്ന  മേൽക്കൈ തകർക്കാനും അങ്ങിനെ  തെരഞ്ഞെടുപ്പിൽ വോട്ടും സീറ്റും നേടാനും ഉള്ള  കോണ്‍ഗ്രസ്സിന്റെ കുറുക്കു വഴികളാണ് ഇതിനു പിന്നിൽ.    മാർച്ച് 5 നു തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുമെന്ന് കണ്ട്, മുഖ്യ മന്ത്രിയുടെ  നിർദേശം അനുസരിച്ച്, കേരളത്തിലെ ആഭ്യന്തര മന്ത്രി ഓടി ഡൽഹിയിൽ എത്തി, എ. കെ. ആന്റണി പറഞ്ഞിട്ട് പോലും കേൾക്കാതെ ഇടഞ്ഞു നിൽക്കുന്ന  പരിസ്ഥിതി മന്ത്രി വീരപ്പ മൊയിലിയെ കണ്ട് കാല് പിടിച്ച്   തിരക്കിട്ട് മാർച്ച് 4ന് രാത്രിയോടെ ഒരു സർക്കാർ കുറിപ്പ് പുറത്ത് ഇറക്കിക്കുന്നു. ഏറെ കൊട്ടി ഘോഷിച്ച "ഓഫീസ് മെമ്മോറാണ്ടം" . അതിൻറെ പകർപ്പ് ലഭിക്കാനായി പാതിരാ വരെ ഉറക്കമൊഴിച്ചിരുന്ന ഉമ്മൻ ചാണ്ടി വിജയശ്രീലാളിതനായി അർദ്ധ രാത്രിയിൽ പത്ര സമ്മേളനം നടത്തിയതും നാം കണ്ടു. അങ്ങിനെ സാങ്കേതികമായി തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുൻപ് തീരുമാനം ആക്കി. അടുത്ത ദിവസം തന്നെ  നിയമ മന്ത്രാലയത്തിൽ നിന്നും അനുമതിയും ലഭ്യമാക്കി. "ഹൈ റേഞ്ചിൽ ഒരു ഇല പോലും വീഴാൻ ഞങ്ങൾ അനുവദിക്കില്ല" എന്നുള്ള മൊയിലിയുടെ പ്രഖ്യാപനവും വന്നു. കരട് വിജ്ഞാപനവും ഉടൻ ഇറങ്ങുമെന്ന് ഉള്ള പ്രഖ്യാപനവും.

ഇത്രയും കാര്യം ഇത്രയും വേഗത്തിൽ ചെയ്തതിന്റെ ഒരേ ഒരു കാരണം ഇത് തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്സിനെ പ്രതികൂലമായി ബാധിക്കുന്നത് ഒഴിവാക്കുക  എന്നുള്ളത് കൊണ്ട് മാത്രമാണ് എന്ന് കാണാം. ജനങ്ങളെ സ്വാധീനിക്കാൻ വേണ്ടി. അല്ലെങ്കിൽ സാധാരണ ഗതിയിൽ ഒരു ഓഫീസ് മെമ്മോറാണ്ടം ഇറങ്ങാൻ തന്നെ പല ദിവസങ്ങൾ എടുക്കും. അത് ശരിയായി പരിശോധിച്ച് നിയമോപദേശം നൽകാൻ നിയമ മന്ത്രാലയം ആഴ്ചകൾ തന്നെ എടുക്കും. കരട് വിജ്ഞാപനം ഇറങ്ങാൻ പിന്നെയും ആഴ്ചകൾ. അങ്ങിനെയുള്ള കാര്യമാണ് രണ്ടു ദിവസം കൊണ്ട് സാധിച്ചെടുത്തത്. ഇവിടെ കേന്ദ്രം  ഭരിക്കുന്ന   കോണ്‍ഗ്രസ്  തങ്ങളുടെ അധികാരം ഉപയോഗിച്ച് അത് സാധിതമാക്കി. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഈ കരട് വിജ്ഞാപനം ഇറക്കാൻ     എന്തിനായിരുന്നു ഈ  ധൃധി? തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പോരായിരുന്നോ?  കേരളത്തിലെ    വോട്ടർ മാരെ സ്വാധീനിക്കുക, തങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യിക്കുക എന്ന കോണ്‍ഗ്രസ്സിന്റെ ഗൂഡ ലക്ഷ്യമാണ്‌ ഇതിനു പിന്നിൽ ഉണ്ടായിരുന്നത് എന്ന് ഏവർക്കും അറിയാം. ദേശീയ മാധ്യമങ്ങൾ ഉൾപ്പടെ ഇതൊരു വലിയ വാർത്ത ആക്കുകയും ചെയ്തു.   അങ്ങിനെ ഉണ്ടാക്കിയെടുത്ത  ഒരു തീരുമാനത്തിനാണ് തെരഞ്ഞെടുപ്പു കമ്മീഷൻ അനുമതി നൽകിയത്.

2014, മാർച്ച് 7, വെള്ളിയാഴ്‌ച

തിരുവനന്തപുരത്തെ മാലിന്യം

തിരുവനന്തപുരം നഗരത്തിൽ മാലിന്യ പ്രശ്നം അതിഗുരുതരമാണെന്നും അത് സ്ഥല വാസികളുടെ  ആരോഗ്യത്തെ സാരമായിബാധിക്കുന്നു എന്നും എല്ലാവർക്കും അറിയാം.  വിഷം  പുകയുന്ന ഒരു അഗ്നി പർവ്വതത്തിനു മുകളിലാണ് നമ്മൾ താമസിക്കുന്നത്.  വിളപ്പിൽശാലയിൽ മാലിന്യം ഇടുന്നത് അവസാനിപ്പിച്ചതിന് ശേഷം  രണ്ട് വർഷത്തിലേറെ ആയി. അതിനു ശേഷം ദിവസേന 230 ടണ്‍   എന്ന കണക്കിൽ 1,70,000 ടണ്‍  മാലിന്യം ആണ് തിരുവനന്തപുരം നഗരത്തിൽ ഉണ്ടായത്. ഇതിൽ പകുതിയോളം  നഗരത്തിൻറെ പല ഭാഗങ്ങളിലായി കൂടി കിടപ്പുണ്ട്. ഭൂരിഭാഗവും നിരത്തിലിട്ട്കത്തിക്കുകയാണല്ലോ. 1 ലക്ഷം ടണ്‍ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള  മാലിന്യം കത്തിച്ച പുക ശ്വസിച്ചാണ് കഴിഞ്ഞ രണ്ടു വർഷമായി തിരുവനന്തപുരത്തെ  ജനങ്ങൾ കഴിയുന്നു എന്നുള്ളത് ഭരണകൂടത്തിന്റെ നിരുതരവാദിത്വപരമായ നിലപാടും,  കുറ്റകരമായ അനാസ്ഥയും   ജനങ്ങളോട് ചെയ്യുന്ന കൊടും ക്രൂരതയും  ആണ്.പ്ലാസ്റ്റിക്ക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക ക്യാൻസറിനു കാരണം ആകുന്നുവെന്നു വിദഗ്ദ്ധർ പറയുന്നു.

ഇവിടെ ഭരണത്തിന് ഒരു നഗരസഭയും കേരള സർക്കാരും ഉണ്ട്. നികുതി പിരിവും ഉഷാറായി നടക്കുന്നുണ്ട്. പക്ഷേ മാലിന്യ സംസ്കരണത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ല. ഇതിൻറെ ഉത്തരവാദിത്വം സർക്കാരിന് ആണെന്ന് നഗര സഭയും നഗരസഭയ്ക്ക് ആണെന്ന് സർക്കാരും പറഞ്ഞ് രണ്ടു പേരും കയ്യൊഴിഞ്ഞ മട്ടാണ്. സർക്കാർ കോണ്‍ഗ്രസ്സിന്റെയും നഗര സഭ മാർക്സിസ്റ്റ്ന്റെയും ഭരണത്തിൽ ആണല്ലോ. തമ്മിൽ ആരോപണങ്ങൾ ഉന്നയിക്കുകയും  പഴി പറയുകയും മാത്രമാണ് ഇവർ രണ്ടു കൂട്ടരും ചെയ്യുന്നത്. മാലിന്യ പ്രശ്നം ഹൈ ക്കോടതിയിൽ പോയപ്പോൾ എന്തെങ്കിലും ഒരു തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ ഹൈക്കോടതിയും പാവപ്പെട്ട ജനങ്ങളെ  കയ്യൊഴിഞ്ഞ മട്ടാണ്. തിരുവനന്തപുരത്തിന് ഒരു എം.പി. ഉണ്ട് കുറെ എം.എൽ.എ. മാരും ഉണ്ട്. അവരും  ഈ പ്രശ്നം തീർക്കാൻ നടപടി ഒന്നും എടുക്കുന്നില്ല. ശമ്പളവും അലവൻസുകളും വാങ്ങി സ്വർണക്കടകളും, തുണിക്കടകളും ഉത്‌ഘാടനം ചെയ്ത് ആർഭാടമായി അവർ കഴിയുന്നു. 

തിരുവനന്തപുരത്ത് എന്ത് നടന്നാലും  എട്ടുകാലി മമ്മൂഞ്ഞിനെ പോലെ  "അത് ഞമ്മളാണ്" എന്ന് പറയുന്ന എം.പി.ശശി തരൂർ തൻറെ 5 വർഷത്തെ നേട്ടങ്ങൾ 4 പേജ് പത്ര പരസ്യത്തിൽ പറയുമ്പോഴും 25 കോടി രൂപ ഖര മാലിന്യ സംസ്കരണത്തിന് തരപ്പെടുത്തി കൊടുത്തു എന്ന് ഒഴുക്കാൻ മട്ടിൽ പറഞ്ഞു പോകുന്നതല്ലാതെ എന്ത് ചെയ്തു എന്ന് പറയുന്നില്ല. നിയമ സഭ തെരെഞ്ഞെടുപ്പില്ലാത്തത് കൊണ്ട് എം.എൽ. മാർ ആരും അവകാശ വാദവുമായി രംഗത്ത് വന്നിട്ടുമില്ല. പ്രതിപക്ഷ നേതാവിനോ അവരുടെ പാർട്ടിക്കാർക്കും ഇതൊരു പ്രശ്നമല്ല.

കസ്തുരി രംഗൻ റിപ്പോർട്ടിന്റെ പേരിൽ മാണിയും ജോസഫും കൈവിട്ടു പോകും, മലയോര പ്രദേശത്തെ വോട്ട് പോകും,തോറ്റു പോകും   എന്ന് വന്നപ്പോൾ മണിക്കൂറുകൾക്കകമാണ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഡൽഹിയിൽ എത്തി സോണിയ ഗാന്ധിയെ കാണുകയും വീരപ്പ മൊയിലിയെ കൊണ്ട് 'കരട്' റിപ്പോർട്ടിൽ ഒപ്പിടുവിക്കുകയും ചെയ്തത്. ഇപ്പോഴും അതിനു വേണ്ടി ആഭ്യന്തര മന്ത്രി ചെന്നിത്തല അവിടെ കാത്തു കെട്ടി കിടക്കുകയാണ്. അപ്പോൾ സ്വന്തം സ്ഥാനം ഉറപ്പിക്കാൻ വേണ്ടി  പ്രവർത്തിക്കാൻ ഇവർ ക്കറിയാം.  ക്ലിഫ് ഹൗസിലും കൻടോണ്‍ മെൻറ് ഹൗസിലും ശീതീകരിച്ച മുറികളിൽ  ഈ പുക എത്തില്ലെന്നാണ് ഇവരുടെ ധാരണ. എം.പി.മാരെയും,എം.എൽ.മാരെയും കൌണ്‍സിലർമാരെയും ഈ പുക ബാധിക്കില്ല എന്നും.  

2 വർഷമായി വിഷ ലിപ്തമായ ഈ പുക ശ്വസിക്കുന്ന തിരുവനന്തപുരം കാർക്ക്  വേണ്ടി തിരുവനന്തപുരത്ത് ഒരു ക്യാൻസർ ആശുപത്രി കൂടി തുടങ്ങാൻ ഉമ്മൻ ചാണ്ടിയും മേയർ ചന്ദ്രികയും  തയ്യാറാകണം എന്ന് അഭ്യർത്ഥിക്കുന്നു. 

2014, മാർച്ച് 6, വ്യാഴാഴ്‌ച

പുതിയ കേരള ഗവർണർ

"പൊതു പ്രവർത്തകരുടെ അസാന്മാർഗിക പ്രവൃത്തികൾക്കെതിരെ ജനങ്ങൾ ഉയർത്തെഴുന്നേഴുൽക്കേണ്ട കാലം അതിക്രമിച്ചു".    പൊതു പ്രവർത്തകർ സത്യസന്ധതയിലും സ്വഭാവത്തിലും ഉന്നത നിലവാരം പുലർത്തണമെന്ന്  നിഷ്ക്കർഷിക്കാൻ  ശക്തമായ ജനവികാരം രൂപപ്പെടെണ്ടതുണ്ട്". ഡൽഹി ലോകായുക്ത ജസ്റ്റീസ് മൻമോഹൻ സരിൻ 2011 ജൂലൈയിൽ  തൻറെ വിധിയിൽ പറഞ്ഞ വാക്കുകളാണിവ. ആർക്കെതിരെ ആണെന്നറിയാമോ ഈ പരാമർശങ്ങൾ ?കേരളത്തിലെ നിയുക്ത ഗവർണർ ഹേർ എക്സലെൻസി ഷീല ദീക്ഷിത്തിനെതിരെ. അന്നത്തെ ഡൽഹി മുഖ്യ മന്ത്രി ആയിരുന്നു അവർ. 2008 ലെ  ഡൽഹി അസ്സംബ്ലി തെരഞ്ഞെടുപ്പിൽ മന:പൂർവം ജനങ്ങൾക്ക്‌ തെറ്റായ വിവരം നൽകിയതായിരുന്നു കേസ് . ബി.ജെ.പി. പ്രവർത്തക കൊടുത്ത കേസ്. 60000 ചെലവ് കുറഞ്ഞ ഫ്ലാറ്റ് പാവപ്പെട്ടവർക്ക്  കൊടുക്കാൻ തയാറാണെന്ന് തെറ്റായ വിവരം ആണ് അവർ നൽകിയത്.   അവ തയ്യാറല്ലെന്ന്, (അതിനു സ്ഥലം പോലും കണ്ടെത്തിയിരുന്നില്ല)   വ്യക്തമായ ധാരണ ഉണ്ടായിട്ടു കൂടി ഫ്ലാറ്റുകൾ റെഡി ആണെന്ന് പ്രഖാപിക്കുകയുണ്ടായി. ഇതിന് അവർക്കെതിരെ നടപടി എടുക്കാൻ ലോകായുക്ത  രാഷ്ട്രപതിക്ക് ശുപാർശ നൽകുകയും ചെയ്തു. 

2012 മേയിൽ  ബി.ജെ.പി. പ്രവർത്തകൻ  നൽകിയ മറ്റൊരു കേസിലും ലോകായുക്ത അവർക്കെതിരെ വിധി പ്രസ്താവിക്കുകയുണ്ടായി. 2008 അസംബ്ലി തെരഞ്ഞെടുപ്പിന് സർക്കാറിന്റെ   പണം പരസ്യം കൊടുക്കാൻ ദുരുപയോഗം ചെയ്തു എന്ന കേസിൽ കുറ്റക്കാരി എന്ന് വിധിക്കുകയും പരസ്യത്തിനു ചിലവാക്കിയ തുകയുടെ പകുതി 11 കോടി രൂപ കോണ്‍ഗ്രസ് പാർട്ടിയിൽ നിന്നോ ഷീലാ ദീക്ഷിതിൽ നിന്നോ തിരിച്ചു പിടിക്കാൻ ലോകായുക്ത രാഷ്ട്രപതിയോട് ശുപാർശ ചെയ്തു. ലോകായുക്തയുടെ വിധി രാഷ്ട്രപതി തള്ളിയത് താൽക്കാലികാശ്വാസം ആയി. ഇതേ കേസിൽ അവർക്കെതിരെ എഫ്.ഐ.ആർ. രജിസ്ടർ ചെയ്യാൻ ഒരു ഡൽഹി കോടതി വിധി പുറപ്പെടുവിക്കുകയുണ്ടായി.  

 ലോകായുക്ത മറ്റൊരു കേസിലും ഷീല ദീക്ഷിതിനെതിരെ വിധി പുറപ്പെടുവിക്കുകയുണ്ടായി. 2008 തെരഞ്ഞെടുപ്പിന് മുൻപ്  അനധികൃത കോളനികൾക്ക് താൽക്കാലികമായി നിയമാനുസൃതമാക്കിയുള്ള  സർട്ടിഫിക്കറ്റുകൾ നൽകിയതാണ് കേസ്. ബി.ജെ.പി. നൽകിയ ആ കേസ് പുതിയ ഡൽഹി സർക്കാർ വീണ്ടും രാഷ്ട്രപതിക്ക്  വിട്ടിട്ടുണ്ട്. 1218 അനധികൃത കോളനികൾക്ക് ആണ് ഇത്തരം സർട്ടിഫിക്കറ്റുകൾ നൽകിയത്. 1639 കോളനികൾ നിയമാനുസൃതമാക്കുമെന്ന്  പറയുകയും ചെയ്തു. ഒരു പ്രത്യേക ചടങ്ങിൽ കോണ്‍ ഗ്രസ് പ്രസിഡന്റ്റ് സോണിയ ഗാന്ധി ആണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. 895 കോളനികളെ 2012ൽ നിയമാനുസൃതമാക്കുകയും ചെയ്തു.

2010 കോമണ്‍വെൽത്ത് ഗെയിംസ് നടത്തിപ്പിൽ അഴിമതി ആരോപണ വിധേയയാണ് ശ്രീമതി ഷീല ദീക്ഷിത്ത്. തെരുവ് വിളക്കുകൾക്കുള്ള സാമഗ്രികൾ ഇറക്കുമതി ചെയ്തതിൽ ക്രമക്കേടുണ്ടെന്ന് സി,എ.ജി. റിപ്പോർട്ടിൽ ഷീല ദീക്ഷിത്തിനെ കുറ്റപ്പെടുത്തിയിട്ടുണ്ടായിരുന്നു.

ജസ്സീക്ക ലാൽ വധക്കേസിൽ കുറ്റാരോപിതനായി ജയിലിൽ കഴിയുന്ന മനു ശർമ എന്ന ആളിന് ക്രമ വിരുദ്ധമായി പരോൾ നൽകി എന്നതാണ് മറ്റൊരു ആരോപണം. പുറത്തിറങ്ങിയ മനു ശർമ നിശാ ക്ലബ്ബുകളിൽ കറങ്ങി നടക്കുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. പാവപ്പെട്ടവർ ജയിലിൽ കഴിയുമ്പോൾ മനു ശർമയ്ക്ക് പ്രത്യേക പരിഗണന നൽകിയാണ്‌ പരോൾ നൽകിയതെന്ന് ഡൽഹി ഹൈക്കോടതി പരാമർശം നടത്തിയിരുന്നു. എന്നാൽ തൻറെ നടപടി ശരിയാണെന്ന് മുഖ്യ മന്ത്രി പറഞ്ഞിരുന്നു.

ഷീല ദീക്ഷിത്ത് മുഖ്യ മന്ത്രി ആയിരിക്കുമ്പോൾ ആണ്  രാജ്യത്തെ അപമാനത്തിലും ദുഖത്തിലും ആഴ്ത്തിയ ഡൽഹി ബലാൽസംഗം നടക്കുന്നത്.  ബലാൽസംഗത്തെ നിസ്സാരവൽക്കരിച്ചു കൊണ്ട് അന്ന്  ഷീല ദീക്ഷിത് ഡൽഹി നിയമ സഭയിൽ നടത്തിയ പ്രസംഗവും അനാവശ്യ പരാമർശവും നാം കേട്ടതാണ്. ഡൽഹി പോലീസ് കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴെയാണെന്ന് പറഞ്ഞ് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിയാനും ശ്രമിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് ആ ഒരു വർഷത്തിൽ 810 ബലാത്സംഗ കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട്‌ ചെയ്തത്.

2013 ലെ തെരഞ്ഞെടുപ്പിൽ അഴിമതിയിൽ മുങ്ങിക്കുളിച്ചു നിന്ന  ഷീല ദീക്ഷിത് സർക്കാരിനെ ജനങ്ങൾ തൂത്തെറിഞ്ഞു. 25000  വോട്ടിന് ആണ് അവർ ദയനീയമായി പരാജയപ്പെട്ടത്. അങ്ങിനെ ഒരു എം.എൽ. എ. പോലും ആക്കില്ല എന്ന് ജനങ്ങൾ വിധിയെഴുതി.

 ശ്രീമതി ഷീല ദീക്ഷിത്തിനെ കേന്ദ്ര സർക്കാർ  കേരള സംസ്ഥാനത്തിന്റെ     ഗവർണർ ആയി നിയമിച്ചിരിക്കുകയാണ്.   കോണ്‍ഗ്രസ്സിന്റെ പാപ്പരത്തം. കേരളത്തിലെ ജനങ്ങളോടുള്ള  കോണ്‍ഗ്രസ്സിന്റെ ഒരു വെല്ലു വിളി.

2014, മാർച്ച് 2, ഞായറാഴ്‌ച

കേരള യാത്ര

പിണറായി വിജയൻറെ കേരള യാത്ര ഒരു വൻ പരാജയമായിരുന്നു.  ജയരാജന്മാരുടെ ഭർത്സനങ്ങളും,  അഹിതം പറയുന്നവരോടുള്ള  ഭീഷണികളും, പരിഷ്കൃത സമൂഹത്തോടുള്ള വെല്ലുവിളികളും മാത്രമായിരുന്നു ഈ യാത്രയുടെ  ഹൈ ലൈറ്റ്. ജന പങ്കാളിത്തം വളരെ കുറവായിരുന്നു. പാർട്ടി സഖാക്കൾക്കും  സി.ഐ.ടി.യു ക്കാർക്കും  സ്വാഭാവികമായും ഇത്തരം യാത്രകളിലും യോഗങ്ങളിലും  പങ്കെടുക്കാതിരിക്കാൻ കഴിയില്ലല്ലോ. അവർ മാത്രമായിരുന്നു കൂടെ ഉണ്ടായിരുന്നത്. ലാവലിൻ കേസിൽ നിന്നും വിടുതൽ കിട്ടിയതിനു ശേഷം നടത്തിയ ഷാൾ സ്വീകരണ വിജയ യാത്ര പോലെ ഒരു യാത്ര. ഇത്തവണ ടി.പി.വധ കേസിൻറെ വിശദീകരണ യാത്ര പോലെ ആയി. സമാപന സമ്മേളനത്തിൽ സെക്രട്ടറി തൻറെ പ്രസംഗത്തിന്റെ മിക്കവാറും ഭാഗം ചന്ദ്രശേഖരൻ വധ കേസിൽ മാർക്സിസ്റ്റ് പാർട്ടിയുടെ നിലപാട് വിശദീകരിക്കാനാണ് എടുത്തത്‌. ബാക്കി സമയം ആകട്ടെ മാധ്യമങ്ങളെ കുറ്റപ്പെടുത്താനും. തങ്ങളുടെ യാത്രയ്ക്ക് മാധ്യമങ്ങൾ പ്രാധാന്യം കൊടുത്തില്ലെന്ന്.പത്യേകതകൾ ഒന്നും ഇല്ലാത്ത ഒരു യാത്രക്ക് ഇതിൽ കൂടുതൽ പ്രാധാന്യം എങ്ങിനെ കൊടുക്കും?

ഈ യാത്ര ഒരു ടെസ്റ്റ്‌ ഡോസ് ആയിരുന്നു. വി.എസ്. അച്ചുതാനന്ദൻ ഇല്ലാതെ ഒരു തെരഞ്ഞെടുപ്പ് പ്രചരണം എങ്ങിനെ ഇരിക്കും എന്നുള്ളതിന്റെ ഒരു പരീക്ഷണം.  പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്ന് വി.എസിനെ പുറത്താക്കിയാൽ എന്ത് സംഭവിക്കും എന്നുള്ളതിന്റെ ഒരു റിഹേർസൽ. പരീക്ഷണം എല്ലാവരും കണ്ടു,  നടത്തിയവരും അതിൻറെ ഫലം  മനസ്സിലാക്കി.അച്ചുതാനന്ദൻ ആകട്ടെ അത് ഒരു മുഴം മുന്നിൽ കണ്ടു. നേതൃത്വത്തോട് പാർട്ടിയെ പറ്റി പറയുകയും പ്രതിപക്ഷ സ്ഥാനം പോയാലും താൻ പറഞ്ഞ കാര്യങ്ങൾ ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു. മൂന്നാം മുന്നണി പറഞ്ഞു നടക്കുന്ന മാർക്സിസ്റ്റ് പാർട്ടി നേതൃത്വത്തിന് വരുന്ന ലോക സഭ തെരഞ്ഞെടുപ്പിൽ  ആകെ   ഒരു പ്രതീക്ഷ കേരളമാണ്. ബംഗാളിൽ   മമതാ ദീദിക്കു അടിയറവു പറഞ്ഞു. അവിടെ പൂജ്യം കിട്ടും കേരളത്തിൽ നിന്നും ഒന്നോ രണ്ടോ സീറ്റ് കിട്ടും എന്നാണ് ഇപ്പോൾ ആകെയുള്ള പ്രതീക്ഷ. അതും ഇല്ലാതാക്കിയാൽ പ്രകാശ് കാരാട്ട് എങ്ങിനെ പുറത്തിറങ്ങി നടക്കും? അതിനാൽ ഈ കേരള യാത്രയുടെ ജനപ്രീതി  കണ്ടു കൊണ്ടിരുന്ന കാരാട്ട്, അച്ചുതാനന്ദനോട്‌ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ നയിക്കാൻ പറഞ്ഞിരിക്കുകയാണ്. മറ്റവരും സന്തോഷത്തിലാണ്. അങ്ങിനെയെങ്കിലും അഞ്ചാറു വോട്ട് കിട്ടുന്നെകിൽ കിട്ടട്ടെ. അത് കഴിഞ്ഞ് പുള്ളിയെ ഒഴിവാക്കാം. മാർക്സിസ്റ്റ് പാർട്ടിയുടെ  ദയനീയ സ്ഥിതി.