2014, മാർച്ച് 2, ഞായറാഴ്‌ച

കേരള യാത്ര

പിണറായി വിജയൻറെ കേരള യാത്ര ഒരു വൻ പരാജയമായിരുന്നു.  ജയരാജന്മാരുടെ ഭർത്സനങ്ങളും,  അഹിതം പറയുന്നവരോടുള്ള  ഭീഷണികളും, പരിഷ്കൃത സമൂഹത്തോടുള്ള വെല്ലുവിളികളും മാത്രമായിരുന്നു ഈ യാത്രയുടെ  ഹൈ ലൈറ്റ്. ജന പങ്കാളിത്തം വളരെ കുറവായിരുന്നു. പാർട്ടി സഖാക്കൾക്കും  സി.ഐ.ടി.യു ക്കാർക്കും  സ്വാഭാവികമായും ഇത്തരം യാത്രകളിലും യോഗങ്ങളിലും  പങ്കെടുക്കാതിരിക്കാൻ കഴിയില്ലല്ലോ. അവർ മാത്രമായിരുന്നു കൂടെ ഉണ്ടായിരുന്നത്. ലാവലിൻ കേസിൽ നിന്നും വിടുതൽ കിട്ടിയതിനു ശേഷം നടത്തിയ ഷാൾ സ്വീകരണ വിജയ യാത്ര പോലെ ഒരു യാത്ര. ഇത്തവണ ടി.പി.വധ കേസിൻറെ വിശദീകരണ യാത്ര പോലെ ആയി. സമാപന സമ്മേളനത്തിൽ സെക്രട്ടറി തൻറെ പ്രസംഗത്തിന്റെ മിക്കവാറും ഭാഗം ചന്ദ്രശേഖരൻ വധ കേസിൽ മാർക്സിസ്റ്റ് പാർട്ടിയുടെ നിലപാട് വിശദീകരിക്കാനാണ് എടുത്തത്‌. ബാക്കി സമയം ആകട്ടെ മാധ്യമങ്ങളെ കുറ്റപ്പെടുത്താനും. തങ്ങളുടെ യാത്രയ്ക്ക് മാധ്യമങ്ങൾ പ്രാധാന്യം കൊടുത്തില്ലെന്ന്.പത്യേകതകൾ ഒന്നും ഇല്ലാത്ത ഒരു യാത്രക്ക് ഇതിൽ കൂടുതൽ പ്രാധാന്യം എങ്ങിനെ കൊടുക്കും?

ഈ യാത്ര ഒരു ടെസ്റ്റ്‌ ഡോസ് ആയിരുന്നു. വി.എസ്. അച്ചുതാനന്ദൻ ഇല്ലാതെ ഒരു തെരഞ്ഞെടുപ്പ് പ്രചരണം എങ്ങിനെ ഇരിക്കും എന്നുള്ളതിന്റെ ഒരു പരീക്ഷണം.  പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്ന് വി.എസിനെ പുറത്താക്കിയാൽ എന്ത് സംഭവിക്കും എന്നുള്ളതിന്റെ ഒരു റിഹേർസൽ. പരീക്ഷണം എല്ലാവരും കണ്ടു,  നടത്തിയവരും അതിൻറെ ഫലം  മനസ്സിലാക്കി.അച്ചുതാനന്ദൻ ആകട്ടെ അത് ഒരു മുഴം മുന്നിൽ കണ്ടു. നേതൃത്വത്തോട് പാർട്ടിയെ പറ്റി പറയുകയും പ്രതിപക്ഷ സ്ഥാനം പോയാലും താൻ പറഞ്ഞ കാര്യങ്ങൾ ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു. മൂന്നാം മുന്നണി പറഞ്ഞു നടക്കുന്ന മാർക്സിസ്റ്റ് പാർട്ടി നേതൃത്വത്തിന് വരുന്ന ലോക സഭ തെരഞ്ഞെടുപ്പിൽ  ആകെ   ഒരു പ്രതീക്ഷ കേരളമാണ്. ബംഗാളിൽ   മമതാ ദീദിക്കു അടിയറവു പറഞ്ഞു. അവിടെ പൂജ്യം കിട്ടും കേരളത്തിൽ നിന്നും ഒന്നോ രണ്ടോ സീറ്റ് കിട്ടും എന്നാണ് ഇപ്പോൾ ആകെയുള്ള പ്രതീക്ഷ. അതും ഇല്ലാതാക്കിയാൽ പ്രകാശ് കാരാട്ട് എങ്ങിനെ പുറത്തിറങ്ങി നടക്കും? അതിനാൽ ഈ കേരള യാത്രയുടെ ജനപ്രീതി  കണ്ടു കൊണ്ടിരുന്ന കാരാട്ട്, അച്ചുതാനന്ദനോട്‌ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ നയിക്കാൻ പറഞ്ഞിരിക്കുകയാണ്. മറ്റവരും സന്തോഷത്തിലാണ്. അങ്ങിനെയെങ്കിലും അഞ്ചാറു വോട്ട് കിട്ടുന്നെകിൽ കിട്ടട്ടെ. അത് കഴിഞ്ഞ് പുള്ളിയെ ഒഴിവാക്കാം. മാർക്സിസ്റ്റ് പാർട്ടിയുടെ  ദയനീയ സ്ഥിതി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ