2014, മാർച്ച് 29, ശനിയാഴ്‌ച

ഹൈ ക്കോടതി വിധി

മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയെ അതി നിശിതമായാണ് കേരള ഹൈക്കോടതി വിമർശിച്ചിരിക്കുന്നത്. സലിം രാജ് ഭൂമി തട്ടിപ്പ് കേസിൻറെ വിധിയിൽ ആണ് കോടതി   അധികാര ദുർവിനിയോഗത്തിനും തൻറെ ഓഫീസ് കുറ്റവാളികളെ കൊണ്ട് നിറച്ചതിനും മുഖ്യ മന്ത്രിക്കെതിരെ പരാമർശങ്ങൾ നടത്തിയത്. "ജനങ്ങളെ സേവിക്കാനുള്ള ഒരു മാതൃകാ  സ്ഥാപനം ആയിരിക്കണം മുഖ്യ മന്ത്രിയുടെ ഓഫീസ്", കോടതി പറഞ്ഞു. "അടുത്ത കാലത്ത് നടന്ന സംഭവങ്ങൾ ," (സരിത നായർ  തട്ടിപ്പ്, സലിം രാജ് തട്ടിപ്പ്), മുഖ്യ മന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനത്തിൽ ഗുരുതരമായ ചോദ്യങ്ങൾ ആണ് ഉയർത്തിയിരിക്കുന്നത് , അതിന് കേരളത്തിലെ ജനങ്ങളോട്  മറുപടി പറയാൻ മുഖ്യ മന്ത്രി ബാധ്യസ്ഥനാണ്." 

ഇതിനപ്പുറം ഒരു കോടതി എന്താണ് പറയേണ്ടത്? മുഖ്യ മന്ത്രിയുടെ പങ്ക് ഈ  സംഭവങ്ങളിൽ ഉണ്ടായിരുന്നുവെന്നും, അത് പുറത്തു വന്നപ്പോൾ കുറ്റക്കാരെ സംരക്ഷിക്കാൻ മുഖ്യ മന്ത്രി ശക്തമായ  ഇടപെടൽ നടത്തിയെന്നും അല്ലേ ഇതിനർത്ഥം? ഇതേ കോടതി, സലിം രാജ് കേസിലും സരിത കേസിലും  നിരന്തരമായി  മുഖ്യ മന്ത്രിക്ക് എതിരെ പരാമർശങ്ങൾ നടത്തിയിരുന്നു. മുഖ്യ മന്ത്രിയുടെ പങ്ക് തെളിയിക്കുന്ന പരാമർശങ്ങൾ. അന്നെല്ലാം ഉമ്മൻ ചാണ്ടിയും സിൽബന്ധികളും, "അതൊക്കെ വാക്കാലുള്ള പരാമർശങ്ങൾ" ആണെന്നും വിധിന്യായത്തിൽ അതിനു സാംഗത്യം ഇല്ല" എന്നും   പറഞ്ഞു തള്ളിക്കളഞ്ഞിരുന്നു. ചാനൽ  ചർച്ചകളിൽ വിഡ്ഢി വേഷം കെട്ടാൻ  വരുന്ന ചാണ്ടിയുടെ  കാവൽ പടയിലെ   കാലാളുകൾ ആയ   തറയിൽ,  വാഴയ്ക്കൻ, ഉണ്ണിത്താൻ   എന്നീ  ഇംഗ്ലീഷ് അക്ഷരം അറിയാവുന്നവർ ഇതൊരു "പാസ്സിംഗ് റെഫറൻസ്"  എന്ന കോടതി ഭാഷ ആണെന്നു ജനങ്ങൾക്ക്‌  പറഞ്ഞു തന്നു. എന്നാൽ ഇപ്പോൾ ഇത്  കോടതി വിധി യിൽ തന്നെ എഴുതിയിരിക്കുന്ന പരാമർശങ്ങൾ ആണ്. ഇതിനിപ്പോൾ  സാംഗത്യം ഇല്ലേ?എന്ത് പറയുന്നു? 

തൻറെ ഭാഗം കേൾക്കാതെ ആണ് കോടതി ഇങ്ങിനെ വിധി പറഞ്ഞത് എന്നുള്ള അർത്ഥമില്ലാത്ത, ബാലിശമായ  വാദഗതിയുമായി ഉമ്മൻ ചാണ്ടി രംഗത്ത് വന്നിരിക്കുകയാണ്. അവസാന കച്ചിത്തുരുമ്പ് .  കാരണം തങ്ങളുടെ   മുൻപിലുള്ള തെളിവുകൾ പരിശോധിച്ച ശേഷമാണ് കോടതിഇത്തരം പരാമർശം നടത്തിയത്. എങ്ങിനെ ഈ തീരുമാനത്തിൽ എത്തി ചേർന്നു എന്ന് കോടതി വ്യക്തമാക്കുന്നുണ്ട്. "സം സ്ഥാന ഭരണത്തിൻറെ തലപ്പത്തിരിക്കുന്നവർ,  സത്യസന്ധരും,സ്വഭാവ ശുദ്ധിയുള്ളവരുമായ പേർസണൽ സ്റ്റാഫിനെ നിയമിക്കാനുള്ള വിവേകവും ഉത്തരവാദിത്വവും കാണിച്ചില്ല." എന്ന് കോടതി പറയുന്നുണ്ട്. അതിനർത്ഥം, സരിത നായർ, സലിം രാജ് കേസുകളിൽ ഉമ്മൻ ചാണ്ടിയുടെ പേർസണൽ സ്റ്റാഫ് ആരോപണ വിധേയരായപ്പോഴും അവരെ സംരക്ഷിക്കാൻ ഉമ്മൻ ചാണ്ടി നടത്തിയ കളികൾ കോടതിക്ക് നേരിട്ട് മനസിലായി എന്നാണ്.   "ഭൂ മാഫിയയുടെ ഗൂണ്ടാ തലവൻ" എന്നാണ് സലിം രാജിനെ കോടതി  വിശേഷിപ്പിച്ചത്. "കർട്ടനു പിറകിൽ മറഞ്ഞിരിക്കുന്നവർ  രാഷ്ട്രീയ ഭരണകൂടത്തിൽ സ്വാധീനം ചെലുത്തുന്ന  വളരെ ശക്തരാണ്." ഇവിടെയും ഉമ്മൻ ചാണ്ടിയുടെ പങ്ക് ഉണ്ടെന്നുള്ള   വ്യക്തമായ ധാരണയോടു കൂടിയാണ് കോടതി  പറഞ്ഞത്.

"ജനങ്ങളുടെ കോടതിയ്ക്ക്  മുൻപിൽ തൻറെ നിരപരാധിത്വം തെളിയിക്കും" , രാഷ്ട്രീയക്കാർ  ഉപയോഗിച്ച് ഉപയോഗിച്ച് കേൾക്കുമ്പോൾ തന്നെ  ജനങ്ങൾക്ക്‌ അറപ്പും, ഛർദിയും  ഉളവാക്കുന്ന   ക്ലീഷേ  വച്ചാണ്   ഉമ്മൻ ചാണ്ടിയുടെ  അടുത്ത കളി. എന്താണ് നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ അദ്ദേഹത്തിന് വിശ്വാസമില്ലേ? ജനങ്ങളുടെ കോടതി എന്ന് പറഞ്ഞാൽ തെരെഞ്ഞെടുപ്പല്ലേ? അങ്ങിനെയെങ്കിൽ അദ്ദേഹം വീണ്ടും ജന വിധി തേടുമോ?       "എത്ര അപമാനം സഹിച്ചാലും താൻ രാജി വയ്ക്കില്ല" എന്ന് പറഞ്ഞ മഹാനാണ് അദ്ദേഹം. നാണം കെട്ടും മുഖ്യ മന്ത്രി പദത്തിൽ തുടരും എന്ന്.അത് അദ്ദേഹത്തിന്റെ സ്വഭാവ വൈശിഷ്ട്യം. മുഖ്യ മന്ത്രിക്ക് നാണവും മാനവും ഇല്ലായിരിക്കാം  പക്ഷെ കേരളത്തിലെ ജനങ്ങൾക്ക്    അന്തസ്സും  അഭിമാനവും ഉണ്ട്. ജനങ്ങളുടെ അന്തസ്സിനെ   ബാധിക്കുന്ന ഒരു പ്രശ്നമാണിത്. ഇത്രയും ആരോപണ വിധേയനായ ഒരു മുഖ്യ മന്ത്രിയെ ചുമക്കേണ്ട ഗതികേട് കേരളത്തിലെ ജനങ്ങൾക്കില്ല.  കോണ്‍ഗ്രസ്സുകാരും  കൈവിട്ട മട്ടാണ്. ആകെ ഒരു കെ.സി.ജോസഫ് മാത്രമാണ് വരട്ടു വാദവുമായി പിന്തുണക്ക് വന്നത്.  അത് കൊണ്ട്  അൽപ്പമെങ്കിലും അന്തസ്സ് ബാക്കിയുണ്ടെങ്കിൽ 'ഞഞ്ഞാ പിഞ്ഞാ' പറയാതെ  ശ്രീ ഉമ്മൻ ചാണ്ടി ഉടനെ രാജി വച്ച് ഒഴിയണം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ