2014, മേയ് 31, ശനിയാഴ്‌ച

ഫിലിം ഫെസ്റ്റിവൽ കോംപ്ലക്സ്

 'ഇൻറർ  നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള' എന്ന ആണ്ടോടാണ്ട് കൊണ്ടാടുന്ന ചലച്ചിത്രോത്സവം,  പേരിൽ   ' ഇന്റർ നാഷണൽ'  എന്ന് ഉണ്ടെങ്കിലും അത്ര വലിയ  അന്താരാഷ്ട്ര   നിലവാരമുള്ള ഒരു ചലച്ചിത്രോത്സവം  ഒന്നും അല്ല. അതിൽ വരുന്നതും അത്ര നിലവാരമുള്ള ചിത്രങ്ങൾ  അല്ല. കുറെ വിദേശ ചിത്രങ്ങൾ കാണാം എന്നുള്ള ഒരു ഗുണം  ഉണ്ട്. ഈ ഉത്സവം നടത്താനായി ഒരു 'ഫിലിം ഫെസ്റ്റിവൽ കോംപ്ലക്സ്'  തുടങ്ങാൻ സർക്കാർ ഒരുങ്ങുന്നു. ഒരാഴ്ച നീണ്ടു നിൽക്കുന്ന  ഈ ഫെസ്റ്റിവൽ  ഇപ്പോൾ നടത്തുന്നത് തിരുവനന്തപുരം നഗരത്തിലെ സർക്കാർ വക 4 ഉൾപ്പടെ ഏതാണ്ട് 13 തിയേറ്ററുകളിൽ ആണ്. കഴിഞ്ഞ ഫെസ്റ്റിവലിൽ വളരെ അധികം തിരക്ക് അനുഭവപ്പെട്ടു. മൊത്തം തിയേറ്ററുകളിൽ ഉള്ള   സീറ്റുകളേക്കാൾ വളരെ അധികം പാസുകൾ ആണ്  കൊടുത്തത്.  ഗൌരവമായി സിനിമ കാണാൻ വരുന്നവരായാലും ഉത്സവത്തിന്‌ വരുന്നവർ ആയാലും   അടുത്ത  വർഷങ്ങളിലും തിരക്ക് കൂടുവാനാണ് സാധ്യത. അതിനെ ഒഴിവാക്കാനാണ് കുറെ   തിയേറ്ററുകളുടെ ഒരു സമുച്ചയം ആയ  ഫിലിം ഫെസ്റ്റിവൽ  കോംപ്ലക്സ് തുടങ്ങാൻ പോകുന്നത്. അനേകം കോടി രൂപ ഇതിനായി വേണ്ടി വരും. വർഷത്തിൽ വെറും 7 ദിവസം നീണ്ടു  നിൽക്കുന്ന ഈ ഒരു പരിപാടിക്ക് വേണ്ടി ഇത്രയും ഭീമമായ് തുക ചിലവാക്കുന്നത് ദുർവ്യയം അല്ലേ? ഫെസ്റ്റിവൽ കഴിഞ്ഞ് സാധാരണ സിനിമകൾ പ്രദർശിപ്പിക്കാം എന്നൊരു വാദം ഉയർത്തിയേക്കാം. അതിനു തക്ക ചിത്രങ്ങൾ ഇവിടെ ഇറങ്ങുമോ? ഇല്ല. ഇപ്പോൾ തന്നെ തിയേറ്ററുകൾ നഷ്ട്ടത്തിലാണ്. ഇനിയും കൂടുതൽ വന്നാൽ എന്താകും സ്ഥിതി?  അതിനാൽ   ഫെസ്റ്റിവൽ  കോംപ്ലക്സ് എന്ന ആശയം അവസാനിപ്പിച്ച് മറ്റ് വഴികൾ തേടുകയാണ് ബുദ്ധി.  കൂടാതെ പണി പൂർത്തിയായി കഴിഞ്ഞാൽ  ടാഗോർ തിയേറ്റർ കൂടി കിട്ടും. ഈ ഫെസ്റ്റിവൽ  കേരളത്തിൽ രണ്ടു സ്ഥലങ്ങളിൽ ഒരേ സമയം  നടത്താം.  തിരുവനന്തപുരത്തിനു പുറമേ   കോഴിക്കോടോ തൃശ്ശൂരോ മത്സര ചിത്രങ്ങളും തെരഞ്ഞെടുത്ത കുറെ ചിത്രങ്ങളും ഇതേ സമയം പ്രദർശിപ്പിക്കാം. തിരുവനന്തപുരത്ത് തിരക്ക് ഒഴിവാകുന്നതോടൊപ്പം വടക്കൻ കേരളത്തിലെ കാണികൾക്ക് പണവും സമയവും ലാഭിക്കുകയും ചെയ്യാം.

ജനോപകാര പ്രദമായ കാര്യങ്ങൾ ഒന്നും ചെയ്യാത്തത് ആണ് കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ്സിന്റെ ദയനീയ പരാജയം സംഭവിച്ചതിന്റെ  കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്  എന്ന് എല്ലാവർക്കും അറിയാം. പരാജയ കാരണങ്ങൾ വിശകലനം  ചെയ്ത കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും അത് മനസ്സിലാക്കുന്നു. എന്നിട്ടും പൊതു ഖജനാവിലെ പണം തെറ്റായ കാര്യങ്ങൾക്ക്  ധൂർത്ത് അടിക്കാനാണ്‌  ഈ ഭരണാധികാരികളുടെ ഭാവം. ലോക സഭയിൽ പരാജയപ്പെട്ടാലും കേരളത്തിൽ ഇനിയും മൂന്നു വർഷം ഭരിക്കാമല്ലൊ എന്ന ധാർഷ്ട്യം ആയിരിക്കും. ഈ പണം കൊണ്ട് നമുക്ക് അത്യാവശ്യമായ മറ്റെന്തെല്ലാം കാര്യങ്ങൾ ചെയ്യാം? നിലവിലുള്ള ആശുപത്രികളുടെ സൌകര്യങ്ങൾ മെച്ചപ്പെടുത്തുകയോ, പുതിയവ തുടങ്ങുകയോ ചെയ്യാം. സർക്കാർ വിദ്യാലയങ്ങളുടെ  സ്ഥിതി മെച്ചപ്പെടുത്താം, കുറഞ്ഞ ചിലവിൽ ഭക്ഷണം നൽകുന്ന ഹോട്ടലുകൾ പലയിടത്തും   തുടങ്ങാം. അങ്ങിനെ എത്രയെത്ര അത്യാവശ്യ കാര്യങ്ങൾ ആണ് കേരളത്തിൽ  ചെയ്യാനുള്ളത്? ഇതെല്ലാം മറ്റു വകുപ്പുകളുടെ കാര്യങ്ങളാണ് എന്നുള്ള മുടന്തൻ ന്യായം    ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന  മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സമർത്ഥിച്ചേക്കാം. ഏത് വകുപ്പ്  ആയാലും ദുർവ്യയം ഒഴിവാക്കാനും ജനങ്ങൾക്ക്‌ ഏറ്റവും അധികം ആവശ്യമുള്ള കാര്യങ്ങൾ നൽകാനും ഉള്ള   ഉത്തരവാദിത്വം സർക്കാരിനല്ലേ?  അതിനാൽ   ഫെസ്റ്റിവൽ  കോംപ്ലക്സ് നിർമാണം പോലുള്ള അനാവശ്യ കാര്യങ്ങൾ  ഒഴിവാക്കി പണം പാഴാക്കി കളയാതിരിക്കുക.

2014, മേയ് 30, വെള്ളിയാഴ്‌ച

രാഹുലിനെ ജോക്കർ...

ഹൈക്കമാൻഡ് എന്ന് കേൾക്കുമ്പോൾ   പഞ്ച പുശ്ചം അടക്കി     നിന്ന കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കന്മാർ എല്ലാം ഇതാ   ഹൈക്കമാൻഡിനെ പരസ്യമായി   അധിക്ഷേപിക്കാനും അസഭ്യം പറയാനും കുറ്റപ്പെടുത്താനും ഉള്ള ധൈര്യം കാണിച്ചിരിക്കുന്നു. എന്നും സോണിയയുടെയും, രാഹുലിന്റെയും വിനീത വിധേയരായി , തിരു വായ്ക്കെതിർവായ്‌ ഇല്ലാതെ   ഓച്ഛാനിച്ചു നിന്ന രമേശ്‌ ചെന്നിത്തല, കണ്ണൂർ തോറ്റ പഴയ എം.പി. കെ. സുധാകരൻ,  കാസർകോട് തോറ്റ ടി. സിദ്ദിക്ക്, കെ.സി. അബു എന്നിവർ കേന്ദ്ര നേതൃത്വത്തിനെതിരെ ശക്തമായ വിമർശനമാണ് നടത്തിയത്. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ തോൽവിയുടെ പൂർണ ഉത്തരവാദിത്വം സോണിയയുടെയും രാഹുലിന്റെയും  തലയിൽ കെട്ടി വയുക്കുകയുണ്ടായി. രാജാവ് നഗ്നനാണ് എന്ന് പറയാനുള്ള ധൈര്യം വേണമെന്ന് സുധാകരൻ പറയുകയുണ്ടായി. ഒരിക്കലും വസ്ത്രം ധരിക്കാത്ത രാജാവിന്റെ പട്ടുടയാടകളെ വർണ്ണിച്ചും പ്രകീർത്തിച്ചും ജീവിത കാലം കഴിച്ചു കൂട്ടി സ്ഥാന മാനങ്ങൾ നേടിയ സുധാകരൻറെ നാക്ക് ഇത് വരെ  എവിടെ ആയിരുന്നു?    ടി.എച്. മുസ്തഫ ഒരു ചുവടു കൂടി മുന്നോട്ടു പോയി, പണ്ട് കാലത്ത്  പ്രധാന മന്ത്രി മൻമോഹൻ സിംഗ്  വരെ പേടിച്ചിരുന്ന   രാഹുലിനെ ജോക്കർ എന്ന് വിളി ക്കുകയും ഉണ്ടായി.

എന്ത് മാറ്റമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കൾക്ക് വന്നത്. ഇന്നലെ വരെ ഹൈക്കമാൻഡ് എന്ന് കേൾക്കുമ്പോൾ  മുട്ട് വിറച്ച് നിന്നിരുന്നവരാണ്  ഇവരെല്ലാം. കൊച്ചു കുട്ടികളെ പേടിപ്പിക്കാനായി അമ്മമാർ  മറുത, മാടൻ എന്നൊക്കെ പറയുന്നത് പോലെ വിമതന്മാരെ അമർച്ച ചെയ്യാനും  ഭിന്നാഭിപ്രായത്തെ ഒതുക്കാനും ഉപയോഗിച്ചിരുന്ന  ഹൈക്കമാൻഡ് എന്ന സാധനം ആകെ ശക്തി ക്ഷയിച്ചു പോയി.  ഔദ്യോഗിക പ്രതി പക്ഷ കക്ഷി എന്ന സ്ഥാനം പോലും നഷ്ട്ടപ്പെട്ട അവർക്ക് ആകെ 44 എം.പി. മാർ. അതിൽ 9 ഉം കേരളത്തിൽ നിന്നുള്ളവർ. ഇനി ഇവരൊക്കെ എന്ത് പറഞ്ഞാലും മുഖത്തൊരു കുത്ത് വച്ച് കൊടുത്താൽ പോലും തിരിച്ച് 'ക മ ' എന്നൊരക്ഷരം പറയാൻ ശക്തി ഇല്ലാത്തവർ ആയിപ്പോയി സോണിയയും രാഹുലും. അത് വ്യക്തമായി അറിയാവുന്നത് കൊണ്ടാണ് ഇവർ ഇത്രയും ധൈര്യം കാട്ടിയത്. രാജി വയ്ക്കേണ്ടി വരും എന്ന് പേടിച്ചിരുന്ന ഉമ്മൻ ചാണ്ടി പോലും ഇപ്പോൾ ധൈര്യം കാട്ടി തുടങ്ങിയല്ലോ. 

കോണ്‍ഗ്രസ്സിനെ  സംബന്ധിച്ചിടത്തോളം ഇതൊരു നല്ല തുടക്കമാണ്.  കഴിവില്ലാത്ത നേതൃത്വത്തെ പുറന്തള്ളി പുതിയ കേന്ദ്ര നേതൃത്വത്തെ കൊണ്ട് വരാനുള്ള നല്ലൊരു അവസരം. പക്ഷെ കാര്യ സാധ്യത്തിനു വേണ്ടി കാലു പിടിക്കുന്ന കോണ്‍ഗ്രസ്സ് കാരുടെ സ്ഥിരം സ്വഭാവം ഇല്ലാത്ത നേതാക്കന്മാരെ കണ്ടു പിടിക്കണം.  അത്  കുറച്ചു പ്രയാസം ആയിരിക്കും, പ്രത്യേകിച്ച് കേരളത്തിൽ നിന്നും. ശിഥിലമായി കഴിഞ്ഞ പാർട്ടിയെ പുനരുദ്ധരിക്കുക അത്ര എളുപ്പമല്ല. ചിലപ്പോൾ പത്തോ പതിനഞ്ചോ വർഷം കഴിയുമ്പോൾ സാധ്യമായേക്കാം. ദേശീയ കക്ഷി അല്ലാതായി ഭാരത്തിന്റെ ഭൂപടത്തിൽ നിന്നും ഇടത് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു. ഇടതു അല്ലെങ്കിൽ കോണ്‍ഗ്രസ്സ്  എന്ന സ്ഥിരം ചിന്തയിൽ നിന്നും കേരളത്തിലെ ജനങ്ങൾ മാറിക്കഴിഞ്ഞു.  അടുത്ത നിയമ സഭ തെരഞ്ഞെടുപ്പിൽ അത് വ്യക്തമാകുകയും ചെയ്യും.

2014, മേയ് 28, ബുധനാഴ്‌ച

ഹരിത ട്രിബുണൽ വിധി

കേരളം കാത്തിരുന്ന വിധിയാണ്  ഹരിത  ട്രിബുണൽ    നൽകിയത്. ആറന്മുള വിമാന താവളത്തിന് നൽകിയ എല്ലാ പാരിസ്ഥിക അനുമതികളും റദ്ദ് ചെയ്തു കൊണ്ടുള്ള വിധി മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിക്ക് ചെകിടത്ത് കിട്ടിയ ഒരു അടി ആണ്. കേരളത്തിലെ പ്രകൃതി സ്നേഹികളായ എല്ലാവർക്കും ആശ്വാസവും സന്തോഷവും പകരുന്ന കോടതി ഉത്തരവ്.

പ്രകൃതിയെയും പരിസ്ഥിതിയെയും പൂർണമായും നശിപ്പിക്കുന്ന ആറന്മുള വിമാന താവള പദ്ധതിക്ക് വേണ്ടി ഏറ്റവും ശക്തമായി വാദിച്ചതും ഏതു വിധേനയും അത് നിർമ്മിക്കും എന്ന് വാശി പിടിച്ചതും ഉമ്മൻ ചാണ്ടി ആണ്. വഴി വിട്ട്, നിയമങ്ങളെ കാറ്റിൽ പറത്തി അതിനു എല്ലാ അനുമതികളും നൽകിയതും അദ്ദേഹത്തിന്റെ സർക്കാർ ആണ്. പരിസ്ഥിതി നാശം ഉണ്ടാകും എന്ന് വ്യക്തമായി അറിയാമായിരുന്നിട്ടു കൂടി. അദ്ദേഹത്തിന്റെ തന്നെ  വാക്കുകൾ കേൾക്കൂ "വരാനുള്ള നാശം മുഴുവൻ എയർ പോർട്ടിന്റെ ഇത് വരെ ഉള്ള നിർമാ ണ പ്രവർത്ത നം കൊണ്ടു സംഭവിച്ചു കഴിഞ്ഞു"   ജൂലായ്‌ 17 നു നടത്തിയ പത്ര സമ്മേളനത്തിൽ ആണ് അദ്ദേഹം ഇത് പറഞ്ഞത്. വിമാന ത്താവള നിർമാണം ബലപ്പെടുത്തുവാനായി   സർക്കാർ 10 ശതമാനം ഓഹരി എടുക്കുക കൂടി ചെയ്തു. ഈ കേസ് കേൾക്കാൻ ട്രിബുണലിന് അധികാരം ഇല്ല എന്നായിരുന്നു സർക്കാർ വാദിച്ചത്. ഇപ്പോൾ  തോറ്റപ്പോൾ പതിയെ നില പാട് മാറ്റുകയാണ്. മന്ത്രി കെ. ബാബു പറയുകയാണ്‌. ഇതൊരു സ്വകാര്യ സംരംഭമാണ് എന്ന് മന്ത്രി അടൂർ പ്രകാശും ഇത് തന്നെ പറയുന്നു. അപ്പോൾ സർക്കാർ മുടക്കിയ 10 ശതമാനം പണമോ?

ഉമ്മൻ ചാണ്ടി പരാജയങ്ങൾ ഓരോന്നായി ഏറ്റു വാങ്ങുകയാണ്.  മാനദണ്ഡമില്ലാതെ  ബാറുകൾ അനുവദിക്കാനുള്ള നീക്കം പാളി. ഇക്കഴിഞ്ഞ ലോക സഭ തെരഞ്ഞെടുപ്പിൽ 3 സിറ്റിംഗ് സീറ്റുകൾ നഷ്ട്ടപ്പെട്ടു .  ഇതാ ഇപ്പോൾ ആറന്മുള വിമാന ത്താവള നിർമാണവും പൊളിഞ്ഞു.

2014, മേയ് 27, ചൊവ്വാഴ്ച

മോദി സത്യ പ്രതിജ്ഞ-ഉമ്മൻ ചാണ്ടി

ശ്രീ നരേന്ദ്ര മോദി   പ്രധാന മന്തിയായി സ്ഥാനാരോഹണം നടത്തിയ  പ്രൌഡ ഗംഭീരമായമായ  സത്യ പ്രതിജ്ഞാ ചടങ്ങിൽ കേരള മുഖ്യ മന്ത്രി പങ്കെടുക്കാത്തത് അനൌചിത്യമായിപ്പോയി. അത് മുഖ്യ മന്ത്രിയുടെ അതി ബുദ്ധിയും അല്പത്വവും  ആണ് പ്രകടമാക്കുന്നത്.  കഴിഞ്ഞ 10 വർഷക്കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് പാർട്ടിയുടെ കൂടെ  നിന്ന  ശ്രീ  ഉമ്മൻ ചാണ്ടിക്ക് മറ്റൊരു പാർട്ടി അധികാരത്തിൽ വരുന്നതിൻറെ അസഹിഷ്ണുത ആകാം. അല്ലെങ്കിൽ അപകർഷത ആകാം. എന്തായാലും  മുഖ്യ മന്ത്രിയുടെ ഈ പ്രവൃത്തി കേരളത്തിന്‌ അപമാനകരം ആണ്. ഏത് പാർട്ടിയുടെ പ്രതിനിധി ആയാലും നരേന്ദ്ര മോഡി ഭാരതത്തിൻറെ പ്രധാന മന്ത്രി ആയാണ് സത്യ പ്രതിന്ജ്ഞ ചെയ്യുന്നത്. അർഹമായ ആളുകളില്ലാത്തതിനാൽ കഴിഞ്ഞ 10 വർഷം ഭരണത്തിൽ ഇരുന്ന, നേരിട്ട് ലോക സഭയിൽ എത്താൻ കഴിവില്ലാത്തതിനാൽ രാജ്യ സഭ എന്ന കുറുക്കു വഴിയിലൂടെ പാരലമെന്റിൽ എത്തിയ ,  ഒത്തു തീർപ്പ് പ്രധാന മന്ത്രിയെ പോലെ  അല്ല മോദി .  543 അംഗങ്ങളുള്ള   ലോക സഭയിൽ പകുതിയിലധികം  അംഗ സംഖ്യ ഉള്ള  ഒരു രാഷ്ട്രീയ പാർട്ടിയുടെ 282 എം.പി.മാരുടെ   നേതാവാണ്‌ മോഡി. സഖ്യ കക്ഷികൾ ഉൾപ്പടെ 336 എം.പി.മാർ ( 62 ശതമാനം) തെരഞ്ഞെടുത്തനേതാവ്.  തെരഞ്ഞെടുപ്പിന് ശേഷം  പ്രധാന മന്ത്രിയെ പ്രഖ്യാപിക്കാം എന്നുള്ള കോണ്‍ഗ്രസ്സിന്റെയും അങ്ങിനെ ജയിച്ചാൽ  പ്രധാന മന്ത്രി ആകാം എന്നുള്ള   രാഹുൽ   ഗാന്ധിയുടെയും ഒളിച്ചു കളി  അല്ലാതെ, പ്രധാന മന്ത്രി സ്ഥാനാർഥി എന്ന് ഭാരതീയ ജനതാ പാർട്ടി അഭിമാനപൂർവ്വം അവതരിപ്പിച്ച് ജനങ്ങൾ ഒന്നടങ്കം തെരഞ്ഞെടുത്തതാണ് മോദി യെ.   ഫെഡറൽ വ്യവസ്ഥയിൽ  ഭരണ ഘടന പ്രകാരം  പ്രധാന  മന്ത്രി ആണ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടുന്ന ഭാരതത്തിൻറെ ഭരണാധികാരി. പ്രോട്ടോക്കോൾ നോക്കിയാൽ പ്രധാന മന്ത്രി കഴിഞ്ഞ്, കേന്ദ്ര കാബിനറ്റ്‌ മന്ത്രിമാർക്കും താഴെ ഏഴാമതാണ് സംസ്ഥാന മുഖ്യ മന്ത്രി.

സത്യ  പ്രതിജ്ഞയ്ക്ക്   പോകണ്ട   എന്ന്  മുഖ്യ മന്ത്രിയ്ക്ക്    മുകളിൽ നിന്നും ആജ്ഞ വന്നു കാണും.  എന്താണതിനു കാരണം എന്ന് ചോദിക്കാനുള്ള ആർജവം അദ്ദേഹത്തിന് ഇല്ലാതെ പോയി. ആജ്ഞ പുറപ്പെടുവിച്ച  മദാമ്മ മകനോടൊപ്പം ചടങ്ങിനു പോയല്ലോ. പിന്നെ കോണ്‍ഗ്രസ്സ് മുഖ്യ മന്ത്രിമാർക്ക് എന്താണ് അയിത്തം?  അസൗകര്യം മൂലമാണ് പോകാഞ്ഞത്‌ എന്ന് മുഖ്യ മന്ത്രി പറയുന്നു. വ്യക്തി പരമായ അസൌകര്യങ്ങൾ ആണോ? അദ്ദേഹത്തിൻറെ മകളുടെ വിവാഹം രണ്ടു ദിവസം മുൻപേ  ആയിരുന്നല്ലോ. (എല്ലാവർക്കും മാതൃകയായി അത് വളരെ ലളിതമായ ഒരു ചടങ്ങ് ആക്കിയത് നന്നായി.)  എന്നിരുന്നാലും ഒരു മുഖ്യ മന്ത്രി എന്ന നിലയിൽ  ഭരണ പരമായ കാര്യങ്ങൾക്ക് അല്ലേ   വ്യക്തി പരമായ  സൗകര്യങ്ങളെ ക്കാൾ മുൻഗണന നൽകേണ്ടത്?  ഒരു തരത്തിൽ പറഞ്ഞാൽ ഉമ്മൻ ചാണ്ടി മോദിയോട് നന്ദി പറയണം. അദ്ദേഹം  അധികാരത്തിൽ തുടരുന്നത് തന്നെ മോദി വന്നത് കൊണ്ടാണ്. കോണ്‍ഗ്രസ്സിന് കൂടുതൽ സീറ്റ് കിട്ടിയിരുന്നു എങ്കിൽ  തീരുമാനിച്ചിരുന്നത് പോലെ  കൂടുതൽ ശക്തിയാർജിച്ച സോണിയ ശ്രീ  ചാണ്ടിയെ  പഴയ കാര്യങ്ങളുടെ പേരിൽ പുറത്താക്കുക  തന്നെ  ചെയ്തേനെ.

ഏതായാലും മുഖ്യ മന്ത്രിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടതേ ഇല്ല. അവിടെ പാകിസ്ഥാൻ പ്രധാന മന്ത്രി ഉൾപ്പടെ  സാർക് രാജ്യങ്ങളിലെ എല്ലാ  ഭരണാധികാരികളും, ഭാരതത്തിലെ എല്ലാ പ്രധാനപ്പെട്ട വ്യക്തികളും  സന്നിഹിതരായിരുന്നു.  

കേരളത്തിൻറെ ഗതി എന്നും ഇത് തന്നെ. കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഭരണാധികാരികൾ കേരളത്തെ സ്ഥിരം അവഗണിക്കുന്നു.  അതിനൊരു മാറ്റമായി 1977 ൽ ജനതാ പാർട്ടി കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോഴും 1999 ൽ എൻ .ഡി.എ. വന്നപ്പോഴും പ്രതിപക്ഷ പാർട്ടികളാണ് ഇവിടെ അധികാരത്തിൽ. അർഹതപ്പെട്ടത് ഒന്നും നേടിയെടുക്കാൻ കഴിവില്ലാത്ത കേരള ഭരണം. കരുണ തോന്നി മധ്യ പ്രദേശിൽ നിന്നുമുള്ള മലയാളി രാജ്യ സഭ അംഗത്തെ മന്ത്രി ആക്കി 99 ൽ  കേരളത്തിന്‌ പ്രാതിനിധ്യം നൽകി. കേരളത്തിൽ റെയിൽവേയിൽ എന്തെങ്കിലും വികസനം നടന്നിട്ടുണ്ടെങ്കിൽ അത് ഓ. രാജഗോപാലിന്റെ കാലത്ത് മാത്രമാണ്. മോദിയെ കണ്ട് സംസാരിച്ചതിന്  മന്ത്രി ഷിബു വിനെ കൊണ്ട് മാപ്പ് പറയിച്ചവരാണ് ചാണ്ടിയും കൂട്ടു കോണ്‍ഗ്രസ്സുകാരും. ഈ മനോഭാവം മാറ്റണം.   കേരളത്തിന്‌  ഗുണം ചെയ്യുന്ന സർക്കാർ ആണ് അധികാരത്തിൽ വന്ന മോദി സർക്കാർ എന്ന് ഇവർ മനസ്സിലാക്കണം.  അതു കൊണ്ട് അപകർഷതാ ബോധവും മിഥ്യാഭിമാനവും  വെടിഞ്ഞ് കേന്ദ്ര ത്തിൽ നിന്നും അർഹമായി കിട്ടേണ്ടത് വാങ്ങാനുള്ള കടമ മുഖ്യ മന്തി ആയ ഉമ്മൻ ചാണ്ടിക്ക്  ഉണ്ട്.

2014, മേയ് 25, ഞായറാഴ്‌ച

ചന്ദ്രിക മുഖ പ്രസംഗം

സത്യത്തിനു നേരെ മുഖ പ്രസംഗമെഴുതിയത്കൊണ്ട് (വീക്ഷണം  )   അത് സത്യം അല്ലാതാകുന്നില്ല. അത് പോലെ ചന്ദ്രിക  പറഞ്ഞു എന്ന കാരണം  കൊണ്ടും  സത്യം സത്യം അല്ലാതാകുന്നില്ല.

കോണ്‍ഗ്രസ്സിന്റെ പതനത്തിന്റെ കാരണങ്ങൾ ഓരോന്നായി നിരത്തി ചന്ദ്രിക ദിനപ്പത്രം എഴുതിയ മുഖപ്രസംഗം  കോണ്‍ഗ്രസ്സിലെ കേരളത്തിലെ മേലാളന്മാർക്ക് അത്ര രസിച്ചില്ല. ഒന്നാമത്തെ കാരണം പറഞ്ഞത് രാഹുലിന്റെ കഴിവില്ലായ്മ എന്നാണ്.  അല്ലെങ്കിലും സത്യത്തിന്റെ മുഖം പലപ്പോഴും വികൃതമാണല്ലോ. അത് ഉൾക്കൊള്ളാനുള്ള സാമാന്യ മര്യാദ അവർ കാണിച്ചില്ല. അത് മാത്രമല്ല. ഇവിടെ മുസ്ലിം ലീഗ് കോണ്‍ഗ്രസ്സിന്റെ സാമന്തന്മാർ  ആണ് എന്ന് കോണ്‍ഗ്രസ്സും കരുതുന്നു അതിൽ അത്ര വലിയ തെറ്റ് ഒന്നുമില്ല എന്ന രീതിയിൽ ലീഗും പെരുമാറുന്നു. എങ്ങിനെയായാലും സ്വന്തം കാര്യം സാധിച്ചെടുക്കുക എന്നതാണല്ലോ ലീഗിൻറെ ലക്ഷ്യം.  കോണ്‍ഗ്രസ്സുകാർ കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിരട്ടി. കുട്ടി സ്വത സിദ്ധമായ മെയ് വഴക്കത്തോടെ ഒഴിഞ്ഞു മാറി. പക്ഷെ അതാ വരുന്നു കേന്ദ്രത്തിൽ നിന്നും വിളി. സാക്ഷാൽ അഹമ്മദ് പട്ടേൽ. സോണിയാ ജി യുടെ പൊളിറ്റിക്കൽ സെക്രട്ടറി. പിന്നെ വെറുതെ ഇരിക്കാൻ പറ്റില്ലല്ലോ . കോയി ബിരിയാണിയ്ക്കും നെയ്ച്ചോറിനും,  പോത്ത് വരട്ടിയതിനും ഓർഡർ പോയി. തങ്ങളുടെ വീടിൻറെ അടുക്കളയിൽ  എല്ലാവരും കൂടി.   സന്തോഷത്തോടെ  ബിരിയാണിയും അനുസാരികളും വാരി ചെലുത്തി. കോഴിയുടെ കാൽ കടിച്ചു പറിച്ചു.   " ഓൻ, അഹമ്മദ്  ഞമ്മടെ ആളാ". തങ്ങള് പറഞ്ഞു. കൈ നക്കി  യോഗം പിരിഞ്ഞു. ബാക്കി വന്ന ബിരിയാണിയും കോയി ഇറച്ചിയും പുറത്തു കാത്തു നിന്ന പത്രക്കാർക്ക് മൃഷ്ട്ടാഹ്ന ഭോജനം.     ലീഗ് നേതൃത്വം ചന്ദ്രിക പത്രാധിപസമിതിയെ താക്കീത് ചെയ്തു എന്ന് പത്രക്കാരും എഴുതി. ലീഗിനും സന്തോഷം  പത്രക്കാർക്കും സന്തോഷം.കോണ്‍ഗ്രസ്സിന് ഏറ്റവും വലിയ  സന്തോഷം. .

ഈ ലീഗുകാരെ മാത്രം എന്തിനു പുലഭ്യം പറയുന്നു. ഇതേ കാരണം   ഉമ്മൻ ചാണ്ടി പറഞ്ഞു . രമേശ്‌ ചെന്നിത്തല അൽപ്പം കൂടി കടത്തി പറഞ്ഞു. കേന്ദ്രത്തിലെ മൂരാച്ചി നയങ്ങൾ കേരളത്തിൽ നടപ്പിലാക്കാത്തത് കൊണ്ടാണ് 12 സീറ്റ് എങ്കിലും കിട്ടിയത് എന്ന്. പിന്നെ ചോട്ടാ നേതാക്കൾ  പലരും പറഞ്ഞു.  അങ്ങിനെ കോണ്‍ഗ്രസ്സ് കാർ എല്ലാം കേന്ദ്ര നേതൃത്വത്തെ കുറ്റം പറഞ്ഞു. അവിടെയും സ്ഥിതി മോശമല്ല. കേന്ദ്ര നേതാക്കളും രാഹുലിനെയും സോണിയയെയും തോൽവിയുടെ ഉത്തരവാദികൾ ആക്കി. കൂടെ താങ്ങി നിന്നിരുന്ന ശരദ് പവാർ വരെ ഇവരുടെ നേതൃത്വം ആണ് തോൽവിയുടെ കാരണം എന്ന് പരസ്യമായി കുറ്റപ്പെടുത്തി. അതൊരു സത്യം ആണെന്ന് എല്ലാ കോണ്‍ഗ്രസ്സുകാർക്കും അറിയുകയും ചെയ്യാം. ഭാരതത്തിലുള്ള എല്ലാവർക്കും വ്യക്തമായി അറിയാവുന്ന കാര്യമാണ് രാഹുൽ കഴിവില്ലാത്ത ഒരു നേതാവ് ആണെന്ന്.

ചന്ദ്രിക പറഞ്ഞ കാര്യങ്ങൾ മുൻഗണനാ ക്രമത്തിൽ ഒരു മാറ്റം വരുത്തേണ്ടതായി ഇരിക്കുന്നു. ( ഇനി അത് കൊണ്ടാണോ  കൊങ്ങ്രസ്സുകാർ ലീഗിനെ വഴക്ക് പറഞ്ഞത്?)     ഒന്നാമത്തെ കാരണം കോണ്‍ഗ്രസ്കാർ  നടത്തിയ ലക്ഷക്കണക്കിന്‌ കോടിയുടെ അഴിമതി ആണ്. രണ്ടാമത്തെ കാരണം ഭരണ പരാജയവും അത് മൂലമുണ്ടായ അതി ഭയങ്കര വിലക്കയറ്റവും ആണ്. മൂന്നാമതാണ് രാഹുൽ ഗാന്ധിയുടെ കഴിവില്ലായ്മ വരുന്നത്. പിന്നെ പ്രത്യയ ശാസ്ത്രങ്ങൾ തമ്മിലുള്ള ഏറ്റു മുട്ടൽ ഒന്നും ഉണ്ടായില്ല. കാരണം കോണ്‍ഗ്രസ്സിന് ഒരു പ്രത്യയ ശാസ്ത്രമേ ഇല്ലായിരുന്നു. എങ്ങിനെയെങ്കിലും ഭരണത്തിൽ വരുക, അഴിമതിയിലൂടെ കോടികൾ സമ്പാദിക്കുക  എന്ന ഒരേ ഒരു ഉദ്ദേശം മാത്രം.

വർഗീയതയിലൂടെ വോട്ട്  നേടാമെന്ന കാലം കഴിഞ്ഞു എന്നത് യു.പി.യിലെ മായവതിയുടെയും മുലായം സിങ്ങിന്റെയും പതനത്തിൽ നിന്നും വ്യക്തമായി കഴിഞ്ഞു. വർഗീയ  വോട്ടിൻറെ അടിസ്ഥാനത്തിൽ മാത്രമാണ് മുസ്ലീമിന്റെ രക്ഷകൻ എന്ന് അവകാശ പ്പെട്ടിരുന്ന മുലായവും പിന്നോക്കക്കാരുടെ രക്ഷക ആയ മായാവതിയും ഉയർന്നു വന്നതും അധികാരത്തിൽ കയറിയതും.   കേരളത്തിലും സ്ഥിതി വ്യത്യാസം ആകാൻ പോകുന്നില്ല. മതേതര ത്തിന്റെ പേരിൽ  മലപ്പുറവും പൊന്നാനിയും എന്നും കയ്യിൽ നിൽക്കും എന്ന ധാരണ ലീഗിനും വേണ്ട.

2014, മേയ് 20, ചൊവ്വാഴ്ച

വയൽ നികത്തൽ

തെരഞ്ഞെടുപ്പു ഫലം വരുന്നതും കാത്ത്,  ആര് ഭരണത്തിൽ വരുമെന്നും മറ്റും ഉള്ള ചർച്ചകളിൽ മുഴുകി, ജനം  മറ്റൊന്നിലും ശ്രദ്ധിക്കാതെ ഇരുന്ന സമയത്താണ്  കേരളത്തിന്റെ  പരിസ്ഥിതിയിലും, കൃഷിയിലും, ഭക്ഷ്യോൽപ്പാദനത്തിലും  അതി ഭയങ്കര  വിനാശം വരുത്തുന്ന  ഒരു നിയമ ഭേദഗതിയുമായി  കേരള സർക്കാർ  മുന്നോട്ടു പോകാൻ ശ്രമിക്കുന്നത്. കേരളത്തിലെ വയലും തണ്ണീർത്തടങ്ങളും നികത്താൻ  സ്വകാര്യ വ്യക്തികളെ അനുവദിക്കുന്ന ഒരു നിയമം ആണ് അവർ കൊണ്ടു വരാൻ  പോകുന്നത്. തെരഞ്ഞെടുപ്പു ഫലം വരുന്നതിനു ഒരാഴ്ച മുൻപാണ് ഭേദഗതികൾക്ക് രൂപം നൽകാൻ സർക്കാർ നിയോഗിച്ച യു.ഡി.എഫ് .ഉപസമിതി റിപ്പോർട്ട് സമർപ്പിച്ചത്. 

കേരളത്തിൻറെ പരിസ്ഥിതിയെയും, ആവാസ വ്യവസ്ഥയെയും, കാലാവസ്ഥയെയും,  ജല ലഭ്യതയേയും,  നെൽകൃഷിയെയും,  ഭക്ഷ്യോൽപ്പാദനത്തെയും ഏറ്റവും ദോഷകരമായി ബാധിക്കുന്ന ഒരു നിയമ ഭേടഗതിക്കാണ് ഉമ്മൻ ചാണ്ടി സർക്കാർ ശ്രമിക്കുന്നത്. നിലവിലുള്ള നെൽവയൽ സംരക്ഷണ നിയമം അനുസരിച്ച് പൊതു ആവശ്യത്തിനു മാത്രമേ നെൽവയൽ നികത്താൻ പാടുള്ളൂ. മറ്റു ഭൂമി ലഭ്യമല്ലാതെ വരുമ്പോൾ മാത്രം, ചുറ്റുമുള്ള നെൽവയലുകൾക്ക് ദോഷമാകാത്ത രീതിയിൽ. അങ്ങിനെ ഇപ്പോൾ   ഭൂ മാഫിയക്ക് നെൽവയൽ നികത്തൽ അത്ര എളുപ്പമല്ലാതെ ഇരിക്കുകയാണ്. അവരെ സഹായിക്കാനും കേരളത്തിലെ വയലുകൾ നശിപ്പിക്കാനുമുള്ള ഒരു ഗൂഡ നീക്കമാണ് സർക്കാർ നടത്തുന്നത്.  സ്വകാര്യ വ്യക്തികൾക്ക് വയൽ നികത്താൻ അനുമതി നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. വീട് വയ്ക്കാനും വ്യവസായം തുടങ്ങാനും ഒക്കെ ഇനി വയൽ നികത്താൻ അനുവാദം കൊടുക്കും. കൂടാതെ പൊതു കാര്യത്തിനു എന്ന് പറഞ്ഞാൽ സർക്കാരിനും വയൽ നികത്താൻ അധികാരം ഉണ്ടാകും.

8 ലക്ഷം ഹെക്ടർ നെൽ വയൽ ഉണ്ടായിരുന്നു 1970 ൽ. അത് 2000 ആണ്ട് ആയപ്പോഴേക്കും വെറും 2 ലക്ഷം  ഹെക്ടർ ആയി കുറഞ്ഞു.  മാറി മാറി വന്ന സർക്കാറുകൾ ഭൂ മാഫിയക്ക് വയലുകൾ നികത്താൻ ഒത്താശ ചെയ്തു കൊടുത്തതാണ് നെൽവയലുകൾ ഇത്രയും നശിക്കാൻ ഇടയായത്. ആറന്മുള വിമാനത്താവളം ഒരുദാഹരണം. കഴിഞ്ഞ ഇടതു സർക്കാർ എല്ലാ നിയമവും കാറ്റിൽ പറത്തി  വയൽ  നികത്താൻ അനുമതി നൽകി. തുടർന്ന് വന്ന ചാണ്ടി സർക്കാർ കഴിഞ്ഞ സർക്കാരിന്റെ തെറ്റ് തിരുത്താതെ അതിൻറെ മറവിൽ കൂടുതൽ നാശങ്ങൾക്ക് ഓശാന പാടി.

ഭൂമിയുടെ വിപണി വില ഈടാക്കിയാണ് ഇത് ചെയ്യുന്നത് എന്ന പരിഹാസ്യമായ ഒരു  ന്യായം സർക്കാർ പറയുന്നുണ്ട്. അങ്ങിനെ കിട്ടുന്ന പണം ഭക്ഷ്യ സുരക്ഷാ ഫണ്ടിലേക്ക് വകയിരുത്തും എന്നും സ്ഥലത്തെ കൃഷി നഷ്ട്ടത്തിനു പകരം ആണീ പണം എന്നും പറയുന്നു.   24 മണിക്കൂറും മദ്യം ഒഴുക്കിയിട്ടു കുടിക്കരുത്‌ എന്ന്  ജനങ്ങളെ  ഉൽബോധിപ്പിക്കുന്നു എന്ന് പറയുമ്പോലെ   ഉള്ള അപഹാസ്യമായ ഒന്നാണിത്. ഭക്ഷ്യ സുരക്ഷാ ഫണ്ടിൽ  കിട്ടുന്ന പണം കൊണ്ട് ആന്ധ്രയിൽ നിന്നും അരി വാങ്ങും എന്നാണോ?    വിലയാണോ ഇവിടെ പ്രധാനം? അത്രയും പണം കൊടുത്താൽ ഈ നെൽ വയൽ  തിരിച്ചു കിട്ടുമോ?  പരിസ്ഥിതിക്ക് എൽക്കുന്ന ആഘാതം കുറയുമോ? വരൾച്ച കുറയുമോ? നാട് നശിച്ചായാലും അഴിമതിയിലൂടെ പണം ഉണ്ടാക്കണം എന്ന അധികാരികളുടെ ഗൂഡോദ്ദേശം ആണ് ഇതിനു പിറകിൽ. ഇതിനെതിരെ ശക്തമായി പ്രതികരിക്കാനുള്ള ഉത്തരവാദിത്വം മനുഷ്യ സ്നേഹികളായ എല്ലാവർക്കും ഉണ്ട്.

2014, മേയ് 19, തിങ്കളാഴ്‌ച

രാജി

കോണ്‍ഗ്രസ്സിന്റെ ദയനീയ പരാജയത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട്‌ അമ്മയും വൈസ് പ്രസിഡണ്ട്‌ മോനും രാജി വയ്ക്കാൻ തയ്യാറായിരിക്കുന്നു. ചിരി വരുന്നോ? ഇന്ന് കൂടിയ കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ആണ് അവർ രണ്ടു പേരും രാജി സന്നദ്ധത പ്രകടിപ്പിച്ചത്. സമിതി അംഗങ്ങൾക്കെല്ലാം ഇതൊരു ഷോക്ക് ആയിരുന്നു. അവരെല്ലാം അമ്മാ അമ്മാ എന്ന് വിളിച്ചു  വലിയ വായിൽ പൊട്ടി  പൊട്ടിക്കരഞ്ഞു. എന്നിട്ട് രണ്ടു പേരോടും കേണപേക്ഷിച്ചു. രാജി പിൻ വലിക്കൂ, പിൻ വലിക്കൂ. ഇത്രയും ആത്മാർത്ഥമായി പറഞ്ഞാൽ പിന്നെന്തു ചെയ്യും? രണ്ട് പേരും രാജി പിൻവലിച്ചു. എല്ലാപേർക്കും ആശ്വാസമായി അങ്ങിനെ  പ്രവർത്തക സമിതി യോഗം പിരിഞ്ഞു.

പ്രവർത്തക സമിതി അംഗങ്ങളുടെ ആത്മാർത്ഥത ചോദ്യം ചെയ്യാൻ കഴിയില്ല. കാരണം അമ്മയും മോനും ഇല്ലെങ്കിൽ പാർട്ടി ഇല്ല അതോടെ അവരും ഇല്ലാതാകും. സോണിയ രാജി വച്ചാൽ പകരം വയ്ക്കാൻ ആരുണ്ട്‌? മോനുണ്ട്‌.  രാഹുലും രാജി വച്ചാലോ? . പിന്നെ ആകെ ഉള്ളത് പ്രിയങ്ക ആണ്. ഭർത്താവ് ആ വദ്ര കാരണം പ്രിയ മോൾക്ക്‌ പുറത്തിറങ്ങാൻ വയ്യാതെ ആയി. അപ്പോൾ അതോടെ പാർട്ടി അവസാനിക്കും. അതാണ്‌ അമ്മയും മോനും രാജി വയ്ക്കരുത് എന്ന് കരഞ്ഞപേക്ഷിച്ചത്. ഇവർക്ക് പകരം നിൽക്കാൻ ഒരാൾ പാർട്ടിയിൽ ഇല്ല. ആകെ അൽപ്പമെങ്കിലും ആണത്വം ഉള്ള പ്രണാബ് ഉണ്ടായിരുന്നു. അങ്ങേരെ പിടിച്ചു പ്രസിഡന്റും ആക്കി. പിന്നെ ഉള്ളതെല്ലാം  താറു താങ്ങികളും  കഴിവില്ലാത്തവരും ആണ്.

ഇന്ദിരാ ഗാന്ധി തൊട്ടുള്ള ഗാന്ധി കുടുംബം പാർട്ടിയെ അങ്ങിനെ ആക്കി. ചുറ്റും കൂടി നിന്നവർക്കാകട്ടെ ഗാന്ധി കുടുംബത്തിന്റെ പേരിൽ ഭരണത്തിൽ കയറാനും കയ്യിട്ടു വാരാനും അവസരം ലഭിച്ചു. അത് കൊണ്ട് പാർട്ടി ഇങ്ങിനെ പോകട്ടെ എന്ന് അവരും വിചാരിച്ചു. പകരം വയ്ക്കാൻ ആളില്ലാതെ അന്യം നിന്ന് പോകുന്ന പാർട്ടി. കഷ്ട്ടം.

2014, മേയ് 18, ഞായറാഴ്‌ച

പച്ച ലഡ്ഡു

വിജയം ആഘോഷിക്കുമ്പോഴും ആഹ്ലാദം പങ്കു വയ്ക്കുമ്പോഴും മധുരം വിളമ്പുന്നത് ഭാരതീയ സംസ്കാരത്തിൻറെ ഭാഗമാണ്.മധുരം മധുരമാണെന്ന് ഉള്ളതാണതിന് കാരണം. ദീപാവലി, ഓണം തുടങ്ങിയ ആഘോഷങ്ങൾക്കെല്ലാം മധുരം ആണ് പ്രധാനം.  പായസം,  മുട്ടായി, മധുര പലഹാരങ്ങൾ എന്നിവ വിതരണം ചെയ്യാറുണ്ടെങ്കിലും   സൗകര്യം മുൻ നിർത്തി കൂടുതൽ ആളുകൾ ഉള്ളപ്പോൾ  ലഡ്ഡു  പങ്ക് വയ്ക്കുന്നത് ആണ് സാധാരണം.

മുസ്ലിം ലീഗിൻറെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ ലഡ്ഡു വിതരണം ചെയ്യുകയുണ്ടായി. ഈ വിജയം ആഘോഷിക്കണോ എന്നത് മറ്റൊരു കാര്യം. പ്രായാധിക്യം കൊണ്ട് ശയ്യാവലംബിയായ ആളല്ല   ഒരു മയ്യത്ത് പെട്ടിയെ  സ്ഥാനാർഥി ആയി നിർത്തിയാലും വൻ ഭൂരി പക്ഷത്തോട് ജയിക്കുന്ന മലപ്പുറത്ത്‌ കിട്ടിയ 2 ലക്ഷം ഭൂരിപക്ഷം ആഹ്ലാദിക്കാനുള്ളത് ആണോ എന്ന് ആലോചിക്കണം.  ഇനി ലഡ്ഡുവിലേക്ക്. ടെലിവിഷനിലും മറ്റും കണ്ടത്  മുസ്ലിം ലീഗ് വിജയം ആഘോഷിക്കുമ്പോൾ വിതരണം ചെയ്തത് പച്ച ലഡ്ഡു. എന്താണീ പച്ചയുടെ സാംഗത്യം? കഴിഞ്ഞ വർഷം സ്കൂൾ അധ്യാപികമാർ എല്ലാം സെറ്റ് മുണ്ടിനോടൊപ്പം പച്ച ബ്ലൗസ് ധരിക്കണം എന്ന് ഒരു നിർദ്ദേശം നൽകിയിരുന്നു. ഇതിപ്പോൾ അവിടന്നും പോയി ആഹാര സാധനങ്ങൾക്കും നിറം മാറ്റാൻ തുടങ്ങിയിരിക്കുന്നു.

എത്ര വിചിത്രമായ പ്രവൃത്തി ആണിത്.  അങ്ങിനെയെങ്കിൽ നാളെ മുതൽ അവർ ഉണ്ടാക്കുന്നതും കഴിക്കുന്നതും ആയ എല്ലാ സാധനങ്ങൾക്കും പച്ച നിറം കൊടുക്കേണ്ടി വരുമല്ലോ? വെള്ളം ( അത് കുഴപ്പമില്ല പച്ച വെള്ളം എന്നാണല്ലോ പറയുന്നത്, അത് കൊണ്ട് ഓര്  സംതൃപ്തരാകും, കരിങ്ങാലി, പതിമുഖം എന്നിവ ചേർത്ത് നിറം കൊടുക്കാതിരുന്നാൽ മതി. അരിയും കുഴപ്പമില്ല, പച്ചരി ഉണ്ടല്ലോ.). പക്കേങ്കില്  നെയ്ച്ചോറ്,   ബിരിയാണി,  കോഴിയെറച്ചി, മീൻ കറി,പത്തിരി, പൊറോട്ട ഇവയുടെ ഒക്കെ  കാര്യമാണ് പ്രശ്നം. ഇവയൊക്കെ   പച്ച കളർ  ആക്കേണ്ടി വരുമല്ലോ?

പച്ചക്ക് വേണ്ടി പറയുന്ന നേതാക്കൾ എന്താണ് പച്ച മുണ്ടും പച്ച ഷർട്ടും ഇടാത്തത്? അവര് നല്ല ബ്രാൻഡഡ്‌  കുപ്പായം  ഇട്ട് സുഖിക്കുന്നു. പാവം അനുയായികളോ  പച്ച ലഡ്ഡുവും തിന്നു പച്ച തലേക്കെട്ടും കെട്ടി നടക്കുന്നു.  ഇത് വിദ്യാഭ്യാസവും വിവരവും ഇല്ലാത്ത സാധാരണ ജനങ്ങളെ കബളിപ്പിക്കാനും മുതലെടുക്കാനും ഉള്ള നേതാക്കളുടെ കുബുദ്ധി ആണ്. എന്തിനും ഒരു നിറം കൊടുക്കുന്ന ഈ പാഴ് വേല അവസാനിപ്പിക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു.  വിധ്വംസക ശക്തികളുടെ ദുഷ് പ്രചരണങ്ങൾക്ക് വശംവദരാകാതെ,  സമൂഹത്തിൽ ഒറ്റപ്പെടാതെ,  മുഖ്യ ധാരയിൽ വന്ന് നാടിൻറെ അഭിവൃദ്ധിക്ക് വേണ്ടി പ്രവർത്തിക്കുകയാണ് വേണ്ടത്. 

പരാജയ കാരണം

രാഷ്ട്രീയ പാർട്ടികളുടെ ഇനിയുള്ള പ്രകടനം  ആണ് ഇത് വരെ നടന്നതിലും അസഹ്യം. തെരഞ്ഞെടുപ്പു പരാജയത്തിൻറെ കാരണം കണ്ടു പിടിക്കുക എന്ന  പ്രഹസനം!  ആ യജ്ഞം ഇനി   കുറെ ദിവസം  കാണും . കോണ്‍ഗ്രസ്സും   മാർക്സിസ്റ്റും എല്ലാം പല ദിവസം നീണ്ടു നിൽക്കുന്ന വിശകലനങ്ങൾ നടത്തും. ചായയും അണ്ടിപ്പരിപ്പും, അല്ലെങ്കിൽ പരിപ്പു വടയും കുറെ തിന്നു തീർക്കും. അവസാനം കേന്ദ്രത്തിലും  സംസ്ഥാനത്തും ഉള്ള   നേതാക്കൾക്കാർക്കും  യാതൊരു രീതിയിലും കുറ്റം വരാത്ത എന്തെങ്കിലും  അപഹാസ്യമായ കാരണം പറഞ്ഞ് ഈ പൊറാട്ട് നാടകം അവസാനിപ്പിക്കും. അങ്ങിനെ  അവർക്ക് വോട്ട് ചെയ്ത പാവങ്ങളെ വീണ്ടും വിഡ്ഢികൾ ആക്കും.  

കാരണം ഏറ്റവും ലളിതമായ രീതിയിൽ പറഞ്ഞാൽ,  ജനങ്ങൾക്ക് അവരെ വേണ്ടാത്തതിനാൽ വോട്ട് ചെയ്തില്ല എന്നതാണ്. എന്ത് കൊണ്ട് വേണ്ടാതായി എന്നതിന് കാരണം അവരുടെ ചെയ്തികൾ ഒന്ന് മാത്രമാണ്. അഴിമതിയിൽ  ലക്ഷങ്ങളെ നിഷ്പ്രഭമാക്കി  ലക്ഷക്കണക്കിന്‌ കോടികളുടെ അഴിമതി ആണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടത്തിയത്.  1,86000 കോടി രൂപയുടെ കൽക്കരി ഖനി അഴിമതി, 1,76000 കോടി രൂപയുടെ  2-ജി അഴിമതി,  സി.എ.ജി.ചൂണ്ടി കാണിച്ച  17000 കോടി രൂപയുടെ  ഇരുമ്പയിര്‌ അഴിമതി,  കോമണ്‍വെൽത്ത് ഗെയിംസ് അഴിമതി നടത്തിയതും ഇവരാണ്.     ടെട്ര  ട്രക്ക് അഴിമതി. അഴിമതി പുറത്തായപ്പോൾ   റദ്ദാക്കിയ  ഹെലികോപ്ടർ ഡീൽ.  അങ്ങിനെ എത്രയെത്ര  അഴിമതികൾ.   ഇവരുടെ  റയിൽ മന്ത്രി  ബൻസൽ 10 കോടി കൈക്കൂലി  കേസിൽ രാജി വച്ചു.   മന്ത്രിമാരും എം.പി. മാരും അഴിമതി കേസിൽ ജയിലിൽ കിടന്നത് ഇവരുടെ കാലത്താണ്.  ഇത്രയും അഴിമതി നടത്തിയ കോണ്‍ഗ്രസ് സർക്കാർ ഇനിയും ഒരവസരം കിട്ടിയാൽ ഇതിലും വലിയ അഴിമതി നടത്തും എന്നുള്ളത് തീർച്ചയല്ലേ?

2009 ലെ പ്രകടന പത്രികയിലെ 33% സ്ത്രീ സംവരണം ഇത്രയും വർഷം ഭരിച്ചിട്ടും നടപ്പാക്കാനുള്ള  ആർജവം കോണ്‍ഗ്രസ്സ്  കാണിച്ചില്ല.   കള്ളപ്പണം തടയാൻ ഇവർക്ക് താൽപ്പര്യമില്ല.  പുറം രാജ്യങ്ങളിൽ ഒളിപ്പിച്ച   കള്ളപ്പണം തിരിച്ചു  കൊണ്ട് വരാനായി  പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച  സുപ്രീം കോടതിയുടെ ഉത്തരവ് പിൻവലിക്കണം എന്നാണു  കോണ്‍ഗ്രസ് സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞത്!  

ഇത് കൂടാതെ കേരളത്തിലെ ഭരണം. സരിത, സലിം രാജ് കേസുകളിൽ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ പങ്കും അവരെ രക്ഷിക്കാനുള്ള  വഴിവിട്ട  പ്രവൃത്തികളും, ടി.പി. വധ കേസിൽ  നടത്തിയ ഒത്തു തീർപ്പ്,  പാർട്ടി നേതൃത്വത്തിലും മന്ത്രിസഭയിലും  ഉള്ള വഴക്കും തമ്മിലടിയും, ബാർ ലൈസൻസിൽ മന്ത്രിസഭയുടെ നിലപാടും അഴിമതിയും, ഭൂമാഫിയ,ക്വാറി മാഫിയ എന്നിവരുമായുള്ള അവിശുദ്ധ കൂട്ടുകെട്ട്, തൃശൂർ-ചാലക്കുടി സീറ്റ് മാറ്റം,  ന്യുന പക്ഷ വർഗീയ  പ്രീണനം  തുടങ്ങി 1001 കാരണങ്ങൾ ആണ് കോണ്‍ഗ്രസ്സിനെ ജനങ്ങൾ വെറുക്കാൻ ഇടയാക്കിയത്. 

മാർക്സിസ്റ്റ് പാർട്ടിയുടെ പതനം ചരിത്രത്തിൻറെ അനിവാര്യത ആണ്. അതിന് ഒരു കാറ്റലിസ്റ്റ് എന്ന പോലെ  ത്വരിത പ്പെടുത്തുന്നു  എന്നത്  പിണറായി വിജയൻറെ  നിയോഗം. പിണറായി വിജയന്റെതാണ് പാർട്ടി. പിണിയാളുകളായി കുറെ ജയരാജന്മാരും. ചെലവ് നടക്കാൻ വേണ്ടി അവരെ പിൻതാങ്ങി ഒരു പ്രകാശ് കാരാട്ടും. ധാർഷ്ട്യം, അതാണവരുടെ മുഖ മുദ്ര.   കയ്യൂക്കിന്റെ ബലത്തിൽ ആണിന്ന് മാർക്സിസ്റ്റ് പാർട്ടി നില നിൽക്കുന്നത്. അതിന് അധികം ആയുസില്ല. 34 വർഷം ഭരിച്ച ബംഗാളിൽ നിന്നും തൂത്തെറിയപ്പെട്ട മാർക്സിസ്റ്റ് പാർട്ടിക്ക്  ദേശീയ പാർട്ടി എന്ന പദവിയും പൊയ്ക്കഴിഞ്ഞു.  ടി.പി. വധക്കേസിൽ  ഒത്തു തീർപ്പിലൂടെ നിയമത്തിന്റെ മുന്നിൽ കുറെയൊക്കെ സ്വയം  രക്ഷപ്പെടാനും  കൂട്ടു കാരെ രക്ഷപ്പെടുത്താനും പിണറായിക്ക്  കഴിഞ്ഞെങ്കിലും ജനങ്ങളുടെ കോടതിയിൽ  ഇവർക്കൊക്കെ ഉള്ള പങ്ക് വ്യക്തമാവുകയും ജനങ്ങൾ അതിനുള്ള ശിക്ഷ തെരഞ്ഞെടുപ്പിൽ നൽകുകയും ചെയ്തു. 

പിന്നെ രണ്ടു കൂട്ടർക്കും എങ്ങിനെ  സീറ്റുകൾ കിട്ടിയെന്നു ചോദിച്ചാൽ അത് ഇവിടത്തെ ജനങ്ങളുടെ സ്വയം കൃതാനർത്ഥം. വേണമെന്ന് വച്ച് ഇവർക്ക്  വോട്ട് ചെയ്‌തവർ വളരെ ചുരുക്കം.  ഇവർ രണ്ടു പേരുമല്ലാതെ  മറ്റൊരു വഴി തിരിയാനുള്ള ജനങ്ങളുടെ ഒരു വിമുഖത ആണ് ഇവർ വീണ്ടും വീണ്ടും തെരെഞ്ഞെടുക്കപ്പെടുന്നതിൻറെ കാരണം. ഇപ്പോഴത്തെ ഫലങ്ങൾ അതിനൊരു മാറ്റം വരുന്നതിൻറെ സൂചന ആണ് നൽകുന്നത്. 

രണ്ടു പേരുടെയും പരാജയ   വിശകലങ്ങളുടെ ഫലങ്ങൾ ഇപ്പോഴേക്കും പുറത്തു  വന്നു കാണും.  ഏ.കെ.ജി.സെന്ററിലെ ഒരു കാവൽക്കാരൻ ചുവന്ന ഷർട്ട് ധരിച്ചില്ല  എന്നോ, കെ.പി.സി.സി. ഓഫീസിനു മുന്നിൽ    ഒരു പൂച്ച കുറുകെ ചാടി ഖദറിൽ  ചവിട്ടി  എന്നോ ഉള്ള വയാകും അവർ കണ്ടു പിടിച്ച  കാരണങ്ങൾ.  കാവൽക്കാരനെയും പൂച്ചയെയും അടുത്ത തെരഞ്ഞെടുപ്പ് വരെ  സസ്പെൻഡ് ചെയ്ത് പ്രശ്നം പരിഹരിച്ചും കാണും.

2014, മേയ് 17, ശനിയാഴ്‌ച

സ്വാതന്ത്ര്യം


 എത്ര ഭാഗ്യവാന്മാർ നിങ്ങൾ
 എവിടെയും ചുറ്റി കറങ്ങി  നടക്കാം 
വഴിയിലും പറമ്പിലും പാടത്തും  മുറ്റത്തും  
തോന്നുമ്പോൾ മാത്രം  തിരിച്ചെത്തിയാൽ മതി .

സ്വാതന്ത്ര്യം  എത്ര നിങ്ങൾ  ആസ്വദിക്കുന്നു 
മേലെ  ആകാശവും താഴെ ഭൂമിയും 
ശുദ്ധ വായു ശ്വസിയ്ക്കാം ആവോളം 
നിങ്ങൾക്ക്  ഭാരതത്തിൽ.

ഞങ്ങളെ നോക്കൂ, ഇങ്ങ് അമേരിക്കയിൽ,  
അടച്ചിട്ട വീട്ടിലോ അപ്പാർട്ട്മെന്റിലൊ 
സ്വാതന്ത്ര്യം എന്തെന്നറിയാതെ 
അച്ചടക്കത്തിന്റെ വാൾ മുനക്ക് കീഴെ.

ആന്ജ്ഞകൾക്കൊപ്പം  തരുന്ന പോർക്കോ  ചിക്കനോ 
ദഹിക്കാതെ എന്നും  ഉള്ളിൽ കിടക്കും 
തുടലിന്റെ ബന്ധനത്തിൽ  പുറത്തുള്ള നടപ്പ് 
അതാണ്‌ ഞങ്ങൾക്കുള്ള എല്ലിൻ കഷണം . 

 എത്ര  സ്വാതന്ത്ര്യമാണവിടെ നിങ്ങൾക്ക്
ആരെയും നോക്കി മുറു മുറുക്കാം  
എത്ര ഉച്ചത്തിലും കുരയ്ക്കാം 
ആരുമായും കടിപിടി കൂടാം 

ഞങ്ങളോ, വീടിനുള്ളിൽ പോലും നിസ്സഹായർ 
ഉച്ചത്തിൽ ഒന്ന് കുരച്ചാലോ  
അടുത്ത വീട്ടുകാരൻ കേസ് കൊടുക്കും
പുറത്തു തനിയെ ഇറങ്ങിയാൽ പിടിച്ചകത്താക്കും 

നിങ്ങൾക്ക് ഏത് മൈൽ ക്കുറ്റിയിലും 
കാല് പൊക്കാം, മൂത്രമൊഴിക്കാം 
ഏത് പട്ടിയെയും നോക്കി കുരയ്ക്കാം 
പരസ്യമായി എവിടെ വച്ചും ഇണ ചേരാം.

 എത്ര ഭാഗ്യവാന്മാർ  നിങ്ങൾ !




2014, മേയ് 16, വെള്ളിയാഴ്‌ച

കോണ്‍ഗ്രസ്സിന്റെ ദുരന്തം

2014 ലോക സഭ തെരെഞ്ഞെടുപ്പോടു കൂടി കോണ്‍ഗ്രസ്സ് ഇന്ത്യൻ രാഷ്ട്രീയത്തിൽ അപ്രസക്തമായിരിക്കുകയാണ്. ആകെയുള്ള 543 സീറ്റിൽ വെറും 46 സീറ്റ് മാത്രം ജയിച്ച്  ഒരു പ്രാദേശിക പാർട്ടിയുടെ തലത്തിലേക്ക് അത് മാറിക്കഴിഞ്ഞു. തൃണമൂൽ കോണ്‍ഗ്രസ്സിനെ പോലെയോ അണ്ണാ ഡി.എം.കെ. യെ പോലെയോ ഉള്ള  ഒരു പാർട്ടി. 19 സംസ്ഥാനങ്ങളിൽ അവർക്ക് ഒരു സീറ്റ് പോലും ഇല്ല എന്നത് ജനങ്ങൾ അവരെ പൂർണമായും പുറന്തള്ളി എന്നതിന് തെളിവാണ്.  കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനങ്ങൾ നൽകിയ അടി ആണിത്.   തെരഞ്ഞെടുത്തയച്ച ജനങ്ങൾക്ക് വേണ്ടി  ഒന്നും പ്രധാന മന്ത്രിയെയും മറ്റും സംരക്ഷിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രം 5 വർഷം നടപ്പിലാക്കിയ ജെ.പി.സി. ചെയർമാൻ പി.സി. ചാക്കോയുടെ ഗതി നോക്കൂ.പൊട്ടി പൊളിഞ്ഞില്ലേ? അത് പോലെ വാചകവും  ഗുണ്ടായിസവും  കൊണ്ട് നടന്ന സുധാകരൻറെ ഗതി കണ്ടില്ലേ? മൂന്നാം മുന്നണി എന്ന് വലിയ വായിൽ പ്രസംഗിച്ചു നടന്ന പ്രകാശ് കാരാട്ടിന്റെ മാർക്സിസ്റ്റ് പാർട്ടിയുടെ ഗതി എന്ത്? ആകെ മൊത്തം 9 സീറ്റ്. കേരളത്തിൽ നിന്നും 5 സീറ്റ് കിട്ടിയത് കൊണ്ട് അത്രയെങ്കിലും ആയി. മൂന്നാം മുന്നണി നേതാക്കൾ ആയ മാർക്സിസ്റ്റ് പാർട്ടിയുടെ  ദേശീയ പാർട്ടി എന്ന അംഗീകാരം അങ്ങിനെ  റദ്ദാകാൻ പോവുകയാണ്. ബംഗാൾ പണ്ടേ പോയി. ഇനി കേരളത്തിൽ മാത്രം കണ്ടു വരുന്ന ഒരു അപൂർവ  സാധനം ആയി മാറാൻ പോവുകയാണ് അവർ. വലിയ നേതാവായ എം.എ. ബേബിയുടെ ദയനീയ പരാജയം ഇവിടെയും അവരുടെ നില പരുങ്ങലിൽ ആണെന്നുള്ളതിന്റെ സൂചന ആണ്. 

ജനങ്ങൾ കോണ്‍ഗ്രസ്സിനെയും മാർക്സസ്റ്റിനെയും  മടുത്തു എന്നുള്ളതിന് തെളിവാണ് നിഷേധ വോട്ടുകൾ. ഇരിക്കാനും നടക്കാനും വയ്യാത്ത ഒരു മനുഷ്യനെ , സ്വന്തം പാർട്ടിയിൽ നിന്ന് പോലും വന്ന എതിർപ്പിനെ അവഗണിച്ചു നിറുത്തിയ മലപ്പുറത്താണ് ഏറ്റവും കൂടുതൽ നിഷേധ വോട്ടുകൾ വന്നത്. 21829 വോട്ട്. 

കേരളത്തിലെ തെരഞ്ഞെടുപ്പു ഫലം തൻറെ ഭരണത്തിൻറെ പ്രതിഫലനം ആണെന്നും അതിൻറെ പൂർണ ഉത്തരവാദിത്വം തനിക്കാണെന്നും  മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ആവർത്തിച്ചു  പറയുകയുണ്ടായി.ആകെ 8 സീറ്റ് ആണ് കോണ്‍ഗ്രസ്സിന് കിട്ടിയത്. കഴിഞ്ഞ തവണ 13 സീറ്റുകൾ ആണ് കോണ്‍ഗ്രസ്സിന് ഉണ്ടായിരുന്നത്. അങ്ങിനെ കയ്യിലുള്ള 4 സീറ്റ് ആണ് നഷ്ട്ടപ്പെട്ടത്‌.സുധാകരൻ, ധനപാലൻ,ചാക്കോ തുടങ്ങി പ്രമുഖർ തോൽക്കുകയും ചെയ്തു. എന്തേ വാക്ക് പാലിക്കാൻ ഉമ്മൻ ചാണ്ടി തയ്യാറാകാത്തത്? ഈ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മൻ ചാണ്ടി ഉടൻ രാജി വയ്ക്കുകയാണ് വേണ്ടത്. അസ്സാം മുഖ്യ മന്ത്രി അരുണ്‍ ഗോഗോയ് ഫലം വന്ന ഉടൻ രാജി വച്ചത് കണ്ടില്ലേ? അത് പോലെ അന്തസായി ഇറങ്ങിപ്പോകൂ മുഖ്യ മന്ത്രീ.

2014, മേയ് 15, വ്യാഴാഴ്‌ച

ക്യാൻസർ

ഇന്ന് രാവിലെയാണ് അറിഞ്ഞത്. സുഹൃത്ത് ഇന്നലെ എഴുതിയ പോസ്റ്റ്‌ ഇന്ന് വായിക്കുമ്പോൾ. ആ സുഹൃത്തിന് എന്ന പോലെ അതൊരു വലിയ ഷോക്ക് ആയി.  സുഹൃത്തിന് ക്യാൻസർ  ആണെന്ന് സംശയം. സംശയ നിവൃത്തി  വരുത്താൻ ഇന്ന് സ്കാൻ ചെയ്യാൻ പോകുന്നു. ഇന്നത്‌ ചെയ്തു കാണും   ഫലം എന്തെന്ന് ഇത് വരെ അറിയില്ല.  രാത്രി പതിനൊന്നര മണിയായി. സുഹൃത്ത് പോസ്റ്റ്‌ ചെയ്യുന്നതു വരെ കാത്തിരിക്കുകയെ നിവൃത്തിയുള്ളൂ.

"മരിക്കാൻ എനിക്ക് പേടിയില്ല." സുഹൃത്ത്‌ പറയുന്നു. " എന്നായാലും ഒരിക്കൽ മരിക്കണം. പക്ഷെ ഇപ്പോൾ   പെട്ടെന്നുള്ളത് വളരെ അസൌകര്യമാണ്. എനിക്കൊരുപാട് സ്ഥലങ്ങൾ പോകാനുണ്ട്, ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്."

മരണത്തെ പറ്റിയുള്ള കാഴ്ചപ്പാട് കൊള്ളാം. ഒരു ഡോക്ടർ കൂടിയായ സുഹൃത്തിന്റെ. പക്ഷേ കത്ത് വായിക്കുമ്പോൾ സുഹൃത്തിന്റെ പേടി കുറേശ്ശെ വെളിവാകുന്നു. ഒപ്പം നിരാശയും ആശങ്കയും. മനുഷ്യ മനസ്സല്ലേ?


2014, മേയ് 13, ചൊവ്വാഴ്ച

കനക സിംഹാസനത്തിൽ

കേരളത്തിനാകമാനം   നാണക്കേട് ഉണ്ടാക്കുന്നതാണ്  വ്യാജ രേഖ ചമച്ച് ഒരാൾ  സർവകലാശാല വൈസ് ചാൻസലർ പദവിയിൽ എത്തി എന്നത്. സത്യത്തിനു വേണ്ടി എന്നും നില കൊണ്ടിരുന്ന രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ നാമധേയത്തിൽ ഉള്ള സർവകലാശാലയുടെ വൈസ് ചാൻസലർ പദവിക്ക് വേണ്ടി ആയിരുന്നു ഈ കള്ളത്തരം കാണിച്ചത് എന്നുള്ളത് അതിനെ കൂടുതൽ ലജ്ജാവഹം ആക്കുന്നു.   കള്ള ബയോ-ഡേറ്റ നൽകി വൈസ് ചാൻസലർ ആയ എ.വി.ജോർജ്ജ് എന്ന വ്യാജനെ ആണ് ഗവർണർ പുറത്താക്കിയത്.

വൈസ് ചാൻസലർ എന്ന പദവി പരി പാവനമാണെന്നും പണ്ഡിതരും  ശ്രേഷ്ഠരും  ആയ മഹാന്മാർ ആണ് ആ ഇരിപ്പിടത്തിൽ ഉപവിഷ്ടർ ആകേണ്ടത് എന്നും ഉള്ള അറിവ് ആ പദവി ആഗ്രഹിക്കുന്നവർക്ക് ഉണ്ടാകേണ്ടതാണ്.  അധികാര മോഹികൾ ആണവർ. അത്തരം  കള്ള നാണയങ്ങൾ വരുമ്പോൾ  ആ സത്യം മനസ്സിലാക്കി പെരുമാറാൻ ഉള്ള ബാധ്യത അവരെ ആ  സ്ഥാനത്ത് അവരോധിക്കുന്നവർക്കു ഉണ്ടാകേണ്ടതാണ്. പക്ഷേ ഇവിടെ രാഷ്ട്രീയാടിസ്ഥാനത്തിൽ വൈസ് ചാൻസലർ സ്ഥാനം പങ്ക് വയ്ക്കുന്നതിനാൽ അർഹത ഇല്ലാത്തവർ ഇവിടെ കയറിപ്പറ്റുന്നു.   വിദ്യാ സമ്പന്നരല്ലാത്ത, കയ്യൂക്കിലും, നാക്കിന്റെ ബലത്തിലും അധികാരത്തിൽ കയറിയ  നിരക്ഷര കുക്ഷികളായ രാഷ്ട്രീയ ക്കാർക്ക്  തങ്ങളുടെ ഏറാൻ മൂളികൾ ആരെയെങ്കിലും പ്രതിഷ്ഠിക്കണം എന്നല്ലാതെ ഒരു സർവകലാശാലയുടെ മഹത്വം എന്തെന്ന് അറിയില്ലല്ലോ. "കനക സിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുനകനോ വെറും ശുംഭനോ" എന്ന് പോലും  നോക്കാനുള്ള വകതിരിവ് നിയമന അധികാരികളായ രാഷ്ട്രീയക്കാർക്ക് ഇല്ലാതെ പോയത്  അവരെ തെരഞ്ഞെടുത്ത കേരളത്തിൻറെ തലയിൽ എഴുത്ത് എന്ന് നമുക്ക് വിലപിക്കാം.

ജോർജിനെ പിരിച്ചു വിട്ടത് കൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. ഇങ്ങിനെ കള്ളത്തരം കാട്ടിയതും  വ്യാജ രേഖ സമർപ്പിച്ചതും , വഞ്ചനനടത്തിയതും   അങ്ങിനെ വി.സി. ആയതും കുറ്റകരമാണ്. അതിന് ഇന്ത്യൻ ശിക്ഷാ  നിയമാവലി, ക്രിമിനൽ ,ശിക്ഷാ നിയമാവലി എന്നിവ പ്രകാരമുള്ള കേസുകൾ എടുത്ത് കോടതിക്ക് മുന്നിൽ വരുത്തണം.

ഇതിൽ ജോർജ് മാത്രമല്ല കുറ്റം ചെയ്തിട്ടുള്ളത്. ജോർജിനെ നിയമിച്ച സർക്കാരും  ഒരേ പോലെ കുറ്റക്കാർ ആണ്.  എ.വി. ജോർജ്ജ് കള്ള ബയോ-ഡേറ്റ ആണ് നൽകിയത് എന്നാണു സർക്കാർ നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകിയത്. കാസർകോട് കേന്ദ്ര സർവകലാശാലയിൽ  പരിസ്ഥിതി ശാസ്ത്ര വകുപ്പ് മേധാവി എന്ന് ബയോ- ഡേറ്റയിൽ കാണിച്ച്   10 വർഷം പ്രൊഫസ്സർ എന്ന യോഗ്യതാ മാനദണ്ഡം ഉണ്ടെന്നു ധരിപ്പിച്ചു. 2012 ഡിസംബർ 10 നും 18നും ഇടയിൽ നൽകിയ ബയോ- ഡേറ്റയിൽ ആണ് ഇക്കാര്യം കാണിച്ചിട്ടുള്ളത്.  ഇത്രയും വലിയ ഒരു പദവിയിലേക്ക് നിയമിക്കുമ്പോൾ സർക്കാർ എന്ത് കൊണ്ട് ഒരു ചെറിയ അന്വേഷണം പോലും നടത്തിയില്ല?  അതിൻറെ അർത്ഥം നിയമിക്കുന്നവർക്ക് ഈ കള്ളത്തരം വ്യക്തമായി അറിയാമായിരുന്നു എന്നാണ് .   അതിനു ശേഷം ഒരാഴ്ച കഴിഞ്ഞ്  ഡിസംബർ 26 നോ അതിനു ശേഷമോ രണ്ട് ബയോ- ഡേറ്റ കൂടി ജോർജ്  നൽകി എന്ന് റിപ്പോർട്ട് പറയുന്നു.  അതിൽ ക്രൈസ്റ്റ് കോളേജിൽ തിരികെ പ്രവേശിച്ചു എന്ന് പേന കൊണ്ട് തിരുത്തി എഴുതിയിരുന്നു. എന്നിട്ടും അത് അന്വേഷിക്കാതെ സർക്കാർ എന്ത് കൊണ്ട് നിയമനത്തിനു ഗവർണർക്ക്‌ ശുപാർശ ചെയ്തു? ഒരു ശിപായി പോസ്റ്റിനു വരെ 'പോലീസ് വെരിഫിക്കേഷൻ' നടത്തുന്ന നാട്ടിൽ എന്ത് കൊണ്ട് ഇത്രയും ഉയർന്ന സ്ഥാനത്തേക്ക് ഒരു പരിശോധന പോലും നടത്തിയില്ല?  കാസർകോട് സർവകലാശാലയിൽ നിന്നും    ഒറ്റ  ഫോണ്‍ കാളിലൂടെ അറിയാമായിരുന്ന  സത്യം അറിയാൻ എന്ത് കൊണ്ട് ശ്രമിച്ചില്ല?   യോഗ്യത ഇല്ലാത്ത ജോർജിനെ നിയമിക്കാൻ സർക്കാർ ഗൂഡാലോചന നടത്തി എന്നത് ഇതിൽ നിന്നും തെളിയുന്നു. ജോർജിനെ തെരഞ്ഞെടുത്ത സമിതിയും കുറ്റക്കാരാണ്. വിദ്യാഭ്യാസ മന്ത്രിക്കും, മുഖ്യ മന്ത്രിക്കും ഇതിലുള്ള പങ്കിൽ നിന്നും ഒഴിഞ്ഞു മാറാൻ പറ്റില്ല. കേസ് എടുത്ത് ഈ ഗൂഡാലോചന അന്വേഷിക്കുക തന്നെ ചെയ്യണം. ജോർജിനെ പിരിച്ചു വിട്ട നടപടി എടുത്ത ഗവർണർക്ക്  നിയമനം എങ്ങിനെ നടന്നു എന്ന് അന്വേഷിക്കാൻ ഉള്ള ഉത്തരവാദിത്വം കൂടിയുണ്ട്. 

2014, മേയ് 7, ബുധനാഴ്‌ച

മുല്ലപ്പെരിയാർ- സുപ്രീം കോടതി

കേരളത്തിലെ ഭരണാധികാരികളുടെ നിരുത്തരവാദിത്വ പരമായ നിലപാടിന്റെയും, ജനങ്ങളോട്  എന്തു തോന്നിവാസവും  കാട്ടാം എന്നുള്ള ധാർഷ്ട്യത്തിന്റെയും പരിണിത ഫലമാണ് മുല്ലപെരിയാർ അണക്കെട്ടിൽ 142 അടി വെള്ളം നിർത്താം എന്ന സുപ്രീം കോടതിയുടെ വിധി.കേരളം ഇന്ന് വരെ ഭരിച്ച എല്ലാ രാഷ്ട്രീയ പാർട്ടികളും എല്ലാ മുഖ്യമന്ത്രിമാരും ഇതിനു ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉത്തര വാദികൾ ആണ്. മുല്ലപ്പെരിയാർ അണക്കെട്ടിൻറെ കാര്യത്തിൽ ലാഘവത്തോടെ ഉള്ള സമീപനം ആണ് മാറി മാറി വന്ന കേരള  സർക്കാറുകൾ  സ്വീകരിച്ചത്. 

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ചരിത്രത്തിലെ  കറുത്ത ദിനം ആണ് 1970 മെയ്‌ 29. അന്നാണ് കാലഹരണപ്പെട്ട   1886ലെ മുല്ലപ്പെരിയാർ കരാർ 999 വർഷത്തേക്ക് കേരള സർക്കാർ പുതുക്കി നൽകിയത്. എല്ലാവരും പുകഴ്ത്തുന്ന ഭരണാധികാരിയായ സി. അച്യുതമേനോൻ മുഖ്യ മന്ത്രി ആയിരുന്നപ്പോഴാണ്  കേരള ജനതയെ ആകെ വഞ്ചിച്ചു കൊണ്ട് കേരളത്തിനെ   എന്നെന്നും ദുഃഖത്തിലും ഭീതിയിലും ആഴ്ത്തുന്ന  കരാർ തമിഴ് നാടുമായി ഒപ്പു വച്ചത്. പുതിയ യുഗത്തിൽ കേട്ടു കേൾവി ഇല്ലാത്ത 999 വർഷത്തെ കരാർ. കേരളത്തിൽ അല്ലാതെ ഏതു നാട്ടിൽ നടക്കും ഇത്തരത്തിലുള്ള ഒരു നടപടി? കേരള ജനതയെ ആകെ 999 വർഷത്തേക്ക് പണയം വയ്ക്കുക ആയിരുന്നില്ലേ അന്നത്തെ സർക്കാർ ഈ കരാറിലൂടെ? ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കക്ഷി രാഷ്ട്രീയ ഭേദ മന്യേ ഈ കൊടും വഞ്ചനക്ക് കൂട്ട് നിന്നു എന്നുള്ളത് സ്പഷ്ടമാണ്. അന്നുള്ള ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അതിനു ശേഷം വന്നവരും തമിഴ് നാട്ടിൽ അനേകം ഏക്കർ ഭൂമി വാങ്ങി കൂട്ടി എന്നൊരു ആരോപണവും ഉണ്ട്. ഈ കരാറിൽ തമിഴ് നാടിനു കിട്ടിയ വലിയ ലാഭത്തിനു   പ്രത്യുപകാരമായി ആണോ അങ്ങിനെ വാങ്ങാൻ സാധിച്ചത് എന്ന് നോക്കണം. ഈ ബിനാമി ഭൂമി ഇടപാട് ഊർജിതമായി അന്വേഷിക്കേണ്ടി ഇരിക്കുന്നു

കേരളത്തിന്റെ വാദ മുഖങ്ങളും സത്യവും സുപ്രീം കോടതിയുടെ മുന്നിൽ അവതരിപ്പിക്കാൻ നമ്മൾ ശ്രമിച്ചില്ല അല്ലെങ്കിൽ കഴിഞ്ഞില്ല എന്നതാണ് ഏറ്റവും ദുഖകരം. മന്ത്രിമാർ വളരെ ലാഘവ ബുദ്ധിയോടെ ആണ് ഈ പ്രശ്നത്തെ സമീപിച്ചത്. കുറുക്കന്മാർ  പോലെ ആണ് നമ്മുടെ ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും. തമിഴ് നാടിൽ  നിന്ന് കിട്ടുന്ന എന്തെങ്കിലും നക്കാപ്പിച്ച ആണവർക്ക് പ്രധാനം. അങ്ങിനെ അണക്കെട്ടിൻറെ ബലക്കുറവും, ജല നിരപ്പ് ഉയർത്താതെ തന്നെ തമിഴ് നാട്ടിന് വെള്ളം നൽകാനുള്ള മാർഗം എന്നിവയെ പറ്റി ഒന്നും പ്രായോഗികമായ നിർദേശങ്ങൾ സമർപ്പിക്കാൻ കേരളത്തിന്‌ സാധിച്ചില്ല. കോടതി നിയമിച്ച സമിതികൾ എല്ലാം തമിഴ് നാടിനു അനുകൂലമായിരുന്നു. സത്യം അവതരിപ്പിക്കാൻ ആർജവം ഉള്ള അംഗങ്ങളെ ഉൾപ്പെടുത്താൻ പോലും കേരളത്തിന് കഴിഞ്ഞില്ല എന്നത് കേരളത്തിന്റെ   താൽപ്പര്യ കുറവ് ഒന്ന് കൊണ്ട് മാത്രമാണ് എന്നു കാണാം. ഏറ്റവും അവസാനം കോടതിയുടെ  'അധികാരപ്പെടുത്തിയ സമിതിയിൽ'  കേരളത്തിൻറെ പ്രതിനിധി ആയി സർക്കാർ നിയോഗിച്ച  പെൻഷൻ പറ്റിയ ജഡ്ജി കെ.ടി. തോമസ്‌ പറഞ്ഞത്, അദ്ദേഹം കേരളത്തിൻറെ പ്രതിനിധി അല്ല എന്നാണ്. ഡാം സുരക്ഷിതം എന്ന് പറഞ്ഞ് ഈ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ വിയോജനം രേഖപ്പെടുത്താൻ പോലും കെ.ടി. തോമസ്‌ തയ്യാറായില്ല എന്ന് പറയുമ്പോൾ അവരുടെയെല്ലാം താൽപ്പര്യം കേരളത്തിന്‌ വിരുദ്ധം ആണെന്ന് മനസ്സിലാകുമല്ലോ.

തമിഴ് നാടിന് ആവശ്യമുള്ള ജലം നൽകാൻ കേരളം തയ്യാറാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്കുറവു പരിഗണിച്ച് ജലനിരപ്പ്‌ കുറച്ച് അണക്കെട്ടിന് മുകളിൽ നിന്നും തമിഴ് നാടിന് വെള്ളം നൽകാമല്ലോ.ഇപ്പോൾ തന്നെ ഇരച്ചിപ്പലം എന്നയിടത്തെ  കനാലിലൂടെ അവർ വെള്ളം ചോർത്തുന്നത് പരസ്യമായ രഹസ്യമാണ്.  അത് പോലെ അനധികൃതമായി പലയിടങ്ങളിലും കൂടി. അത്തരം ഒരു നിലപാട് എന്ത് കൊണ്ട് കേരളം അവതരിപ്പിച്ചില്ല?

119 കൊല്ലം പഴക്കമുള്ള, കുമ്മായ മിശ്രിതത്താൽ നിർമിച്ച അണക്കെട്ട് അങ്ങുമിങ്ങും ദ്വാരം വീണ് വെള്ളം ശക്തിയായി  ഒലിച്ചു ഈ മിശ്രിതം അടർന്നു പോയ്ക്കൊണ്ടിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതായി. ഈ അണക്കെട്ടിൻറെ 32 കിലോ മീറ്റർ ചുറ്റളവിൽ 5 മാസങ്ങൾക്കുള്ളിൽ 26 ഭൂ ചലനങ്ങൾ ആണുണ്ടായത്. സമുദ്ര നിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ ഉള്ള മുല്ലപ്പെരിയാർ അണക്കെട്ട്  തകർന്നാൽ കേരളത്തിൻറെ പകുതിയും 35 ലക്ഷം ജനങ്ങളും അറബിക്കടലിന്റെ ആഗാധതയിൽ അപ്രത്യക്ഷമാകും. 50 അടി ഉയരത്തിൽ 150 കിലോ മീറ്റർ വേഗതയിൽ   ശക്തിയായി വരുന്ന വെള്ളപ്പാച്ചിലിനെ തടുക്കാൻ ഇടുക്കി അണക്കെട്ടിനു ആകില്ല.   'അധികാരപ്പെടുത്തിയ   സമിതി പറയുന്നു അണക്കെട്ടിന് ബലമുണ്ട് അത് തകരില്ല എന്ന്. തമിഴ് നാടും അത് തന്നെ പറയുന്നു. അതിൻറെ ബലത്തിൽ സുപ്രീം കോടതിയും പറയുന്നു ബലമുണ്ട് അതിനാൽ ജല നിരപ്പ് 142 അടി  ആക്കണം എന്ന്. ഒരേ ഒരു ചോദ്യം എത്ര നാൾ? 999 വർഷം?

2014, മേയ് 5, തിങ്കളാഴ്‌ച

പരസ്യ പ്രസ്താവന

കോണ്‍ഗ്രസ്സ് പാർട്ടിയുടെ സർവ്വ ശക്തനായ നേതാവ് ആണ് "ഹൈ കമാൻഡ്". പഴയ മലയാള സിനിമകളിൽ   കസേരയിൽ തല തിരിഞ്ഞു മുഖം കാണിക്കാതെ അവസാനം  വരെ ഇരിക്കുന്ന കൊള്ളത്തലവൻ  "ബോസ്" ഇല്ലേ? അത് പോലെ. അത് കൊട്ടാരക്കരയോ ജോസ് പ്രകാശോ ആണെന്ന് സി.ഐ.ഡി. ആയ   പ്രേംനസീർ അറിയുന്നതിന് മുൻപ്  നമുക്കറിയാം.  അത് പോലെ ആണ് കോണ്‍ഗ്രസ് ഹൈക്കമാൻഡ്.  എന്ത് പറഞ്ഞാലും കോണ്‍ഗ്രസ്സ് കാർ പറയും " അത് ഹൈക്കമാൻഡ് പറയട്ടെ എന്ന്. ഉമ്മൻ ചാണ്ടിയോട് രാജി വയ്ക്കാൻ പറഞ്ഞാലും ഇത് തെന്നെ പറയും.   പണ്ടേ ഉള്ള സ്വഭാവം ആണ്. ഈ  നേതാവ് പറയും ബാക്കിയുള്ള എല്ലാവരും, ചോട്ടാ നേതാക്കളും (പ്രധാന മന്ത്രി മറ്റൊരാൾ ആണെങ്കിൽ അയാളും) അയാളെ അനുസരിച്ച് പഞ്ച പുശ്ചം അടക്കി നിൽക്കണം.

എന്നിട്ടും ചിലരൊക്കെ തങ്ങൾ ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാനായി ഇടയ്ക്കിടെ വായ തുറക്കും. ( പ്രധാന മന്ത്രി അങ്ങിനെ ആണെന്ന് പറയരുത്. അദ്ദേഹം അതിനു പോലും വായ തുറക്കാറില്ല). കേരളത്തിലെ തെരഞ്ഞെടുപ്പു പ്രചാര വേളയിൽ എ.കെ. ആന്റണി പറയുകയുണ്ടായി ' ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ മാർക്സിസ്റ്റ്ന്റെ പിന്തുണ തേടും" എന്ന്. അത് പണ്ടും അങ്ങിനെ ആയിരുന്നല്ലോ. മറ്റൊരു വിദ്വാൻ ഒരു പടി കൂടെ കടന്ന് ' മൂന്നാം മുന്നണിക്ക്‌ പിന്തുണ നൽകും എന്നു പറഞ്ഞു. തോറ്റു തുന്നം പാടും എന്ന സത്യം മുന്നിൽ കണ്ടുള്ള ഭയത്തിൽ നിന്നാണീ ജൽപ്പനങ്ങൾ. ഇപ്പോഴത്തെ ഹൈക്കമാൻഡ് അമ്മയും മോനും ആണ്. ഉടൻ രാഹുൽ ഗാന്ധി ഇവരെ പിടിച്ചു വിരട്ടി. എന്നിട്ട് പറഞ്ഞു. ഞങ്ങൾ പ്രതിപക്ഷത്ത് ഇരിക്കും എന്ന്. ഏതായാലും തോൽക്കും എന്നുറപ്പായി.

 കേരളത്തിലെ കോണ്‍ഗ്രസ്സുകാരെ സുധീരൻ പേടിപ്പിക്കുന്നതും ഈ "ഹൈക്കമാൻഡ്" എന്ന് പറഞ്ഞാണ്.    അങ്ങിനെ കോണ്‍ഗ്രസ്സ് കാർക്ക് ഒന്നും പറയാൻ കഴിയില്ല. പരസ്യമായി പറഞ്ഞാൽ അപ്പോൾ പറയും പരസ്യ പ്രസ്താവന പാടില്ല. അതിനു വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. എന്തെങ്കിലും ഉണ്ടെങ്കിൽ പാർട്ടി ഫോറത്തിൽ പറയണം. എന്നാൽ വല്ലപ്പോഴും ചേരുന്ന കെ.പി.സി.സി. മീറ്റിംഗിൽ പറഞ്ഞാലോ?  അപ്പോൾ പറയും അങ്ങിനെ വിമർശിക്കാൻ പാടില്ല എന്ന്. പിന്നെ എവിടെ പറയും? കഴിഞ്ഞ കെ.പി.സി.സി. മീറ്റിംഗിൽ ഷാനിമോൾ ഉസ്‌മാൻ കെ.സി. വേണുഗോപാലിനെ കുറിച്ച് കുറെ കാര്യങ്ങൾ പറഞ്ഞു. പുള്ളിക്ക് സരിതയും ആയുള്ള ബന്ധവും മറ്റും. അതിനു അവരെ താക്കീത് ചെയ്തിരിക്കുകയാണ്. 

അല്ല, കോണ്‍ഗ്രസ്സ് കാര് എന്തിനാണ് തമ്മിൽ കുറ്റം പറയുന്നത്. എല്ലാവരും ഒരേ തൂവൽ പക്ഷികൾ ആണ്. അത് കൊണ്ട് എന്തെങ്കിലും കിട്ടുന്നതും വാങ്ങി സ്വസ്ഥമായി ഇരിക്കുന്നതല്ലേ ഭംഗി?

2014, മേയ് 4, ഞായറാഴ്‌ച

മദ്യം

 സ്വർണ്ണക്കടയിലോ തുണിക്കടയിലോ ചെല്ലുന്ന "കസ്റ്റമെഴ്സിനെ"   കാപ്പി, ചായ, തണുത്ത പാനീയങ്ങൾ തുടങ്ങിയവ നൽകി സൽക്കരിക്കും. ചായയും കാപ്പിയും ഒന്നും നൽകിയില്ലെങ്കിലും ഏത് കടയിൽ ചെന്നാലും,  ഉപഭോക്താവിനെ  ഉപചാര  പൂർവ്വം ആണ് സ്വീകരിക്കുന്നത്. എന്താണ് വേണ്ടതെന്ന്  ബഹുമാനപൂർവ്വം  അന്വേഷിക്കുന്നു. മാന്യമായി പെരുമാറുന്നു.  കാരണം അവരുടെ കച്ചവടം നടക്കണമെങ്കിൽ വാങ്ങുന്ന ആളെ സന്തോഷിപ്പിക്കണം.  ഇതിന് ഒരേ ഒരു അപവാദം നമ്മുടെ ബീവറേജസ്  കോർപ്പറേഷൻറെ മദ്യ വിൽപ്പന ശാലകൾ ആണ്. മഴയും വെയിലും സഹിച്ചാണ്  മണിക്കൂറുകളോളം മദ്യം വാങ്ങാനായി  റോഡരുകിൽ പാവം ജനം ക്യു നിൽക്കുന്നത്.   അങ്ങിനെ  മദ്യക്കടയുടെ കൌണ്ടറിന്റെ മുന്നിൽ എത്തിയാലോ ഒരു നികൃഷ്ട്ട ജീവിയെ  എന്ന പോലെയാണ്   കൌണ്ടറിലെ ഏമാന്മാരുടെ പെരുമാറ്റം. "പെട്ടെന്ന് പറ"  "വാങ്ങിയിട്ട് മാറ്" " ആ ബ്രാൻഡ് ഇല്ല, വേണമെങ്കിൽ തരുന്നത് വാങ്ങിക്കോ" ഇങ്ങിനെയുള്ള ആക്രോശങ്ങൾ ആണ് ബീവറെജസിലെ വിൽപ്പനക്കാരുടെത്.  ഗത്യന്തരമില്ലാതെ അവരുടെ ആട്ടും തൂപ്പും സഹിച്ച്, അവർ കൊടുക്കുന്നതും വാങ്ങി പാവം മദ്യപാനികൾ പോകുന്നു. മദ്യപാനികൾക്ക്‌ മാന്യമായ ഒരു പെരുമാറ്റം നൽകാൻ ആദ്യമായി ഒരു ചെറു വിരലെങ്കിലും  അനക്കുന്നത് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ആണ്. പുതിയ ഒരു വിൽപ്പന ശാല തുറക്കാൻ അനുവാദം നൽകാത്ത പഞ്ചായത്ത് അധികൃതർക്കെതിരെ  ബീവറേജസ്  കോർപ്പറേഷൻ നൽകിയ കേസിൽ വാദം കേൾക്കുമ്പോഴാണ് ഉപഭോക്താവിനെ അവഹേളിക്കുന്ന അവരുടെ നിലപാടിനെ പറ്റി പരാമർശിച്ചത്. 

ഹൈക്കോടതി കാണാത്ത മറ്റൊരു മാനം കൂടി ഇതിലുണ്ട്.  സർക്കാരിന്റെ കുത്തക മദ്യ കച്ചവടക്കാരായ  ബീവറേജസ്  കോർപ്പറേഷൻറെ  ചില്ലറ മദ്യ വിൽപ്പന ശാലകൾ മുഴുവൻ നൂറോ ഇരുനൂറോ ചതുരശ്ര അടി വിസ്തീർണം മാത്രം  ഉള്ള ചെറിയ കുടുസ്സു   കട മുറികൾ ആണ്.  മദ്യം സൂക്ഷിക്കുന്നതും കണക്കെഴുതുന്നതും, ബില്ല് എഴുതന്നതും, വിതരണം ചെയ്യുന്നതും എല്ലാം ഈ ചെറിയ സ്ഥലത്ത് നിന്നാണ്. മദ്യം വാങ്ങാൻ ജനങ്ങൾ വരിയായി നിൽക്കേണ്ടതോ? പൊതു സ്ഥലത്ത്, അതായത്, റോഡിലും നടപ്പാതയിലും. ഈ വിൽപ്പന ശാലകളെല്ലാം വളരെ തിരക്കേറിയ സ്ഥലങ്ങളിൽ ആണ്. ഒരുദാഹരണം  തിരുവനന്തപുരം കേശവദാസപുരം ജങ്ക്ഷനിൽ ഉള്ള മദ്യക്കട.  ഫുട്ട് പാത്തിനോട് ചേർന്ന് അൽപ്പം ഉയരത്തിൽ നിൽക്കുന്ന കടയ്ക്ക് മുൻപിൽ രണ്ടു പേർക്ക് മാത്രം നിൽക്കാൻ സ്ഥലം. വാങ്ങാൻ വരുന്ന ആളുകൾ എല്ലാവരും  വീതി കുറഞ്ഞ നടപ്പാത കയ്യടക്കി ആണ് ക്യു നിൽക്കുന്നത്.  ആള് കൂടുന്നതിനനുസരിച്ച്  ക്യു നീണ്ടു റോഡിലേക്കും വ്യാപിക്കും.   അങ്ങിനെ ഈ മദ്യ ശാലകൾ പൊതു ജനങ്ങൾക്ക് ശല്യമായി തീരുന്നു. സ്വസ്ഥമായി വഴി നടക്കാൻ ജനങ്ങൾക്ക് കഴിയാതെ വരുന്നു.  ഇടയ്ക്കിടെ   ക്യുവിൽ ഉണ്ടാകുന്ന വാക്കു തർക്കങ്ങളും ജനങ്ങൾക്ക്‌ ശല്ല്യം  ഉണ്ടാക്കുന്നു. ഒരു വിൽപ്പന ശാല മാത്രമല്ല  ഇത്തരത്തിൽ. കണ്‍സ്യുമർ ഫെഡിന്റെ 46  ഉൾപ്പടെ കേരളത്തിലുള്ള   384 ചില്ലറ വിൽപ്പന ശാലകളും ഇതേ പോലെ റോഡരുകിൽ ജനങ്ങൾക്ക്‌ ശല്യമായി   ആണ് പ്രവർത്തിക്കുന്നത്.  വാഹന ഗതാഗത തടസ്സം വരെ പലയിടത്തും നിത്യ സംഭവം ആണ്. (ഒരുദാഹരണം അമ്പലപ്പുഴ).  ഒന്നും രണ്ടുമല്ല  9.5 ലക്ഷം പേരാണ് കോർപ്പറേഷൻറെ  തന്നെ കണക്കനുസരിച്ച് ദിവസേന ഇങ്ങിനെ ക്യു നിന്ന്  ഈ കടകളിൽ നിന്നും മദ്യം വാങ്ങുന്നത്. അതിൽ നിന്നും മനസ്സിലാകുമല്ലോ ക്യുവിന്റെ നീളവും അവിടത്തെ തിരക്കും.

ജനങ്ങൾക്ക്‌ ശല്യമാകാതെ ( മഴയും വെയിലും കൊള്ളാതെ നിൽക്കാനുള്ള  ഉപഭോക്താവിൻറെ അവകാശം വേറെ ) മദ്യ വിൽപ്പന ശാലകൾ തുറക്കേണ്ട ഉത്തരവാദിത്വം കേരളത്തിലെ  മദ്യ കുത്തക വിൽപ്പനക്കാരായ  ബീവറേജസ്  കോർപ്പറേഷനുണ്ട്. സൌകര്യങ്ങൾ ഒരുക്കാൻ പണമില്ല എന്ന വാദം നില നിൽക്കില്ല. കാരണം വാങ്ങുന്ന വിലയും എക്സ്സൈസ് ഡ്യൂട്ടി യും ചേർത്തുള്ള തുകയുടെ 36%  ഇവർ വെയർ ഹൌസ് ചാർജ് ആയും    11 രൂപ ലേബലിംഗ് ചാർജ് ആയും എടുത്തതിന് ശേഷമാണ് ചില്ലറ വിൽപ്പന ശാലകൾക്കു നൽകുന്നത്. അവരാകട്ടെ ഇതിൻറെ മുകളിൽ വീണ്ടും 20  ശതമാനം കൂട്ടി എടുക്കുന്നു. അങ്ങിനെ കോർപ്പറേഷൻ മൊത്തം 56% ലാഭം ആണ് എടുക്കുന്നത്. 2012-13 വർഷം 8818 കോടി വിറ്റു വരവിൽ നിന്നും 7240 കോടി നികുതി ഇനത്തിൽ സർക്കാരിനു കൊടുത്തതിനു ശേഷം 1577 കോടി രൂപയാണ് കോർപ്പറേഷനു കിട്ടിയത്. ഈ സാമ്പത്തിക വർഷവും മദ്യത്തിനു വില കൂടിയത് കൊണ്ട് 2000 കോടിയെങ്കിലും   കോർപ്പറേഷനു കിട്ടിക്കാണും. ചെലവു കഴിഞ്ഞ് നൂറു കണക്കിന്  കോടികൾ ലാഭവും. നികുതി ഇനത്തിൽ ഓരോ വർഷവും 8000 കോടി കിട്ടുന്ന സർക്കാർ ഇട നിലക്കാരായ കോർപ്പറേഷനിലൂടെ  വീണ്ടും ജനങ്ങളെ കൊള്ള ചെയ്ത് ഖജനാവിൽ മുതൽ കൂട്ടുന്നത് എന്തിനാണ്?   നടപ്പാതയും നിരത്തും മദ്യം വാങ്ങാൻ വരുന്നവർ കയ്യേറുന്ന സാഹചര്യം അവസാനിപ്പിക്കണം. ജനങ്ങളെ സ്വൈരമായി നടക്കാൻ അനുവദിക്കണം.  അതിനാൽ പൊതു ജനങ്ങൾക്ക്‌ അസൌകര്യം ഉണ്ടാകാത്ത രീതിയിൽ തിരക്കിൽ നിന്നും മാറി അനുയോജ്യമായ സ്ഥലം കണ്ടു പിടിച്ച് അവിടെ വരുന്നവർക്ക്,  പൊതു വഴിയിൽ നിന്ന് അല്ലാതെ  മദ്യം വാങ്ങാൻ  സർക്കാർ   സൗകര്യം ചെയ്തു കൊടുക്കണം. 

2014, മേയ് 2, വെള്ളിയാഴ്‌ച

ഗുരുവായൂർ

ദൈവത്തെ ഒരു നോക്ക് കണ്ട് തൊഴുത്‌ പ്രാർത്ഥിക്കാനാണ് വിശ്വാസികൾ അമ്പലങ്ങളിൽ പോകുന്നത്. പക്ഷെ കേരളത്തിൽ  ഇന്നത്‌ വളരെ പ്രയാസമേറിയ ഒരു കർമം ആയി മാറിയിരിക്കുകയാണ്. തിക്കും തിരക്കും ഒഴിവാക്കി   ഭക്തർക്ക്  സ്വസ്ഥതയോടെ   ദർശനത്തിന് അവസരം ഒരുക്കുക എന്നതാണ് ക്ഷേത്രങ്ങളിലെ ജോലിക്കാരുടെ  കർത്തവ്യം. പക്ഷെ അതിനു നിയോഗിച്ചവർ തന്നെ   ഭക്തരെ കയ്യേറ്റം ചെയ്യുകയും ദർശനം തടയുകയും ചെയ്യുന്നത്  സാധാരണം ആയിരിക്കുകയാണ്. വലിയ തിരക്കുള്ള ശബരിമലയിൽ ഭക്തരെ ദേഹോപദ്രവം ഏൽപ്പിക്കുന്നത് നിത്യ സംഭവം ആയിരിക്കുകയാണ്. അടുത്തിടെ വൃദ്ധയായ അമ്മയെയും മാനസിക വൈകല്യം ഉള്ള മകനെയും ഗുരുവായൂർ അമ്പലത്തിലെ ജീവനക്കാർ അതി ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ മനസാക്ഷി ഉള്ളവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുക തന്നെ ചെയ്തു.

ഈ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ആകസ്മികമായാണ് പുറത്തു വന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെ ഉദ്യോഗസ്ഥർ തമ്മിൽ കഴിഞ്ഞ ഫെബ്രുവരി 23ന് ക്ഷേത്രത്തിനകത്ത് വച്ച് പൊരിഞ്ഞ അടി നടന്നു. ആ  അടിപിടിയുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ ആണ് ഭക്തരെ കയ്യേറ്റം ചെയ്ത ദൃശ്യങ്ങൾ പുറത്തു വന്നത്. ദേവസ്വം ഉദ്യോഗസ്ഥർ തമ്മിലുള്ള വഴക്കും കൈയ്യാങ്കളിയും സ്ഥിരം ചടങ്ങുകൾ ആയിരിക്കുകയാണ്.  അതിനു കാരണം രാഷ്ട്രീയമാണ്. ദേവസ്വത്തിലെ നിയമനങ്ങൾ എല്ലാം രാഷ്ട്രീയമായാണ്  നടക്കുന്നത്. ഭക്തർക്ക്‌ അവിടെ യാതൊരു ശബ്ദവുമില്ല.  അധികാരത്തിൽ വരുന്ന ഇടതും വലതും സർക്കാരുകൾ ദേവസ്വം ബോർഡ് അംഗങ്ങൾ മുതൽ ഉദ്യോഗസ്ഥരെ വരെ നിയമിക്കുന്നത് രാഷ്ട്രീയ പാർട്ടി അടിസ്ഥാനത്തിൽ പങ്കു വയ്ക്കുന്നതിലൂടെയാണ്. അങ്ങിനെ ദൈവ വിശ്വാസമോ, വിശ്വാസികളുടെ വികാരമോ   സൌകര്യമോ  മാനിക്കാനുള്ള മനസ്സോ ഇല്ലാത്തവർ ആണ് ദൈവത്തെയും വിശ്വാസികളെയും സേവിക്കാൻ ക്ഷേത്രങ്ങളിൽ കടന്നു കൂടുന്നത്. അവർക്ക് ഭക്തരോട് ഒരു പ്രതിബദ്ധതയും ഇല്ല. പണത്തോടും അവരെ നിയമിച്ച രാഷ്ട്രീയ നേതാവി നോടും മാത്രമാണ് അവരുടെ കൂറ്.

ക്ഷേത്രങ്ങൾ രാഷ്ട്രീയക്കാരുടെ ഒരു കറവപ്പശു ആണ്. ദൈവങ്ങളിലും  അമ്പലങ്ങളിലും വിശ്വാസമില്ലാത്ത, ദൈവങ്ങളെ നിന്ദിക്കുന്ന  ഇടതു-വലതു കമ്മ്യൂണിസ്റ്കാർക്ക്  ദേവസ്വം ബോർഡ് ഉൾപ്പടെ ക്ഷേത്ര ഭരണത്തിലും ക്ഷേത്രങ്ങളിലും കടന്നു കൂടാൻ ഒരു ലജ്ജയും  ഇല്ല. ഭരണത്തിൽ ഇരിക്കുന്ന രാഷ്ട്രീയക്കാർ തങ്ങളുടെ വിധേയരെ അനധികൃതമായി  ദേവസ്വത്തിൽ  നിയമിക്കുന്നു. കഴിയുന്നിടത്തൊക്കെ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുകയും അത് വഴി അധികാരത്തിൽ വില പേശുവാനുള്ള ശക്തി സംഭരിക്കുകയുമാണ് ഇതിലൂടെ ഇവർ ലക്ഷ്യം വയ്ക്കുന്നത്. രാഷ്ട്രീയക്കാരുടെ നോട്ടം ക്ഷേത്രത്തിൻറെ സ്വത്തിലും അവിടെ എത്തുന്ന പണത്തിലും മാത്രമാണ്. ഭക്തർ ദൈവത്തിനും അമ്പലത്തിനും നൽകുന്ന കാണിക്കയിൽ ആണ് അവരുടെ കണ്ണ്. അതിൽ നിന്നും കിട്ടുന്നത്ര പണം കവരുക മാത്രമാണ് അവരുടെ ലക്ഷ്യം. അനധികൃതമായി   നിയമനം നേടിയ  അവരുടെ ആശ്രിതരുടെയും   ലക്ഷ്യം കാണിക്ക പെട്ടിയിൽ കയ്യിടുക എന്നത് മാത്രമാണ്.  അപ്പോഴാണ്‌ കിട്ടിയതിൻറെ  കൂടുതൽ- കുറവിൻറെ പേരിൽ തമ്മിൽ തല്ല് നടക്കുന്നത്.   ഫെബ്രുവരി 23നു ഗുരുവായൂർ നടന്ന തമ്മിൽ തല്ല് കഴിഞ്ഞിട്ട് മാസം രണ്ടു കഴിഞ്ഞു. ഇതേ വരെ അതിൽ ഒരു നടപടിയും എടുത്തിട്ടില്ല.   ഒരു ടെലിവിഷൻ  ചാനൽ കാരുടെ ചോദ്യത്തിന്   ദേവസ്വം മന്ത്രി  ശിവകുമാർ ഒഴി കഴിവ് പറഞ്ഞ് രക്ഷപ്പെടാൻ ആണ് ശ്രമിച്ചത്. റിപ്പോർട്ട് ചോദിച്ചു,അവരുടെ വിശദീകരണം ചോദിച്ചു  നടപടി ക്രമങ്ങൾ തുടരുന്നു,  തുടങ്ങിയ  സ്ഥിരം പല്ലവി ആയിരുന്നു മന്ത്രിയുടെത്. തല്ലു കൂടിയവരിൽ ഒരാൾ ആഭ്യന്തര മന്ത്രിയുടെ ആളും മറ്റേ ആൾ കോണ്‍ഗ്രസ്സിൽ നിന്നും പുറത്താക്കിയപ്പോൾ,  ടെലിവിഷനിൽ  കരഞ്ഞ   ഒരു പഴയ ഒരു മന്ത്രിയുടെ മകനും ആണെന്ന് പറയുന്നു. അത് കൊണ്ടാണ് നടപടികൾ വൈകുന്നത് എന്നും പറയുന്നു.

ഭക്തന്മാർ  ചെയ്യുന്ന സംഭാവന ആണ് ക്ഷേത്രത്തിൽ വരുന്ന സ്വത്ത്.  അത് ക്ഷേത്രത്തിൻറെ നടത്തിപ്പിനും   ഭക്തർക്ക് കൂടുതൽ സൌകര്യങ്ങൾ നൽകുന്നതിനും മാത്രം ആണ് ഉപയോഗിക്കേണ്ടത്. ആ പണം   ദേവസ്വം ബോർഡിലൂടെ എടുക്കുകയാണ് സർക്കാർ ചെയ്യുന്നത്. അതിൽ ഒരു പങ്ക് അവർ കൈക്കലാക്കുകയും ചെയ്യുന്നു.  ഇവിടെ ചൂഷണം ചെയ്യപ്പെടുന്നത് വിശ്വാസികളായ ഭക്തജനങ്ങൾ ആണ്. അവർ അമ്പലത്തിലേക്ക് നൽകുന്ന പണം മറ്റുള്ളവർ കവർന്നെടുത്തു ആസ്വദിക്കുമ്പോൾ ആ പാവങ്ങൾക്ക് തല്ലും അടിയും തിരിച്ചു കിട്ടുന്നു. ഇതിന് ഒരു മാറ്റം വരുത്തേണ്ടത് അത്യാവശ്യമായിരിക്കുന്നു.  അനേകം  കോടികളാണ്   ക്ഷേത്രങ്ങളിൽ നിന്നുമുള്ള വരുമാനം. അത് ഓരോ വർഷവും കൂടി ക്കൊണ്ടേ ഇരിക്കുന്നു.  അത് കൊണ്ട്  ദേവസ്വം ഭരണം കയ്യൊഴിയാൻ ഒരിക്കലും   രാഷ്ട്രീയ പാർട്ടികൾ തയ്യാറാകില്ല. പിന്നെ ഭക്ത ജനങ്ങൾക്ക്‌ മുൻപിലുള്ള ഒരേ ഒരു മാർഗം  ക്ഷേത്രങ്ങളിൽ ഭക്തർ നൽകുന്ന സംഭാവനകൾ നിർത്തുക എന്നതാണ്. അവിടെ നിന്നും നിവേദ്യങ്ങൾ വാങ്ങുന്നതും ഒഴിവാക്കണം. ആ പണം ക്ഷേത്രത്തിനു പുറത്ത് വിശ്വാസികളുടെ നന്മക്ക് വേണ്ടിയുള്ള ഏതെങ്കിലും സുതാര്യമായ  ധർമസ്ഥാപനങ്ങൾക്ക് നൽകണം. അതാണ്‌ ഹിന്ദു ധർമം. പൂജാരിക്ക് ദക്ഷിണ നൽകുന്നത് മാത്രം തുടരുക. അങ്ങിനെ വിശ്വാസത്തിന്റെ പേരിൽ  ക്ഷേത്രങ്ങൾ വാരിക്കൂട്ടുന്ന പണം കുറയുകയും ചൂഷണവും കൊള്ളയടിയും നിൽക്കുകയും ചെയ്യും.