Tuesday, May 20, 2014

വയൽ നികത്തൽ

തെരഞ്ഞെടുപ്പു ഫലം വരുന്നതും കാത്ത്,  ആര് ഭരണത്തിൽ വരുമെന്നും മറ്റും ഉള്ള ചർച്ചകളിൽ മുഴുകി, ജനം  മറ്റൊന്നിലും ശ്രദ്ധിക്കാതെ ഇരുന്ന സമയത്താണ്  കേരളത്തിന്റെ  പരിസ്ഥിതിയിലും, കൃഷിയിലും, ഭക്ഷ്യോൽപ്പാദനത്തിലും  അതി ഭയങ്കര  വിനാശം വരുത്തുന്ന  ഒരു നിയമ ഭേദഗതിയുമായി  കേരള സർക്കാർ  മുന്നോട്ടു പോകാൻ ശ്രമിക്കുന്നത്. കേരളത്തിലെ വയലും തണ്ണീർത്തടങ്ങളും നികത്താൻ  സ്വകാര്യ വ്യക്തികളെ അനുവദിക്കുന്ന ഒരു നിയമം ആണ് അവർ കൊണ്ടു വരാൻ  പോകുന്നത്. തെരഞ്ഞെടുപ്പു ഫലം വരുന്നതിനു ഒരാഴ്ച മുൻപാണ് ഭേദഗതികൾക്ക് രൂപം നൽകാൻ സർക്കാർ നിയോഗിച്ച യു.ഡി.എഫ് .ഉപസമിതി റിപ്പോർട്ട് സമർപ്പിച്ചത്. 

കേരളത്തിൻറെ പരിസ്ഥിതിയെയും, ആവാസ വ്യവസ്ഥയെയും, കാലാവസ്ഥയെയും,  ജല ലഭ്യതയേയും,  നെൽകൃഷിയെയും,  ഭക്ഷ്യോൽപ്പാദനത്തെയും ഏറ്റവും ദോഷകരമായി ബാധിക്കുന്ന ഒരു നിയമ ഭേടഗതിക്കാണ് ഉമ്മൻ ചാണ്ടി സർക്കാർ ശ്രമിക്കുന്നത്. നിലവിലുള്ള നെൽവയൽ സംരക്ഷണ നിയമം അനുസരിച്ച് പൊതു ആവശ്യത്തിനു മാത്രമേ നെൽവയൽ നികത്താൻ പാടുള്ളൂ. മറ്റു ഭൂമി ലഭ്യമല്ലാതെ വരുമ്പോൾ മാത്രം, ചുറ്റുമുള്ള നെൽവയലുകൾക്ക് ദോഷമാകാത്ത രീതിയിൽ. അങ്ങിനെ ഇപ്പോൾ   ഭൂ മാഫിയക്ക് നെൽവയൽ നികത്തൽ അത്ര എളുപ്പമല്ലാതെ ഇരിക്കുകയാണ്. അവരെ സഹായിക്കാനും കേരളത്തിലെ വയലുകൾ നശിപ്പിക്കാനുമുള്ള ഒരു ഗൂഡ നീക്കമാണ് സർക്കാർ നടത്തുന്നത്.  സ്വകാര്യ വ്യക്തികൾക്ക് വയൽ നികത്താൻ അനുമതി നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. വീട് വയ്ക്കാനും വ്യവസായം തുടങ്ങാനും ഒക്കെ ഇനി വയൽ നികത്താൻ അനുവാദം കൊടുക്കും. കൂടാതെ പൊതു കാര്യത്തിനു എന്ന് പറഞ്ഞാൽ സർക്കാരിനും വയൽ നികത്താൻ അധികാരം ഉണ്ടാകും.

8 ലക്ഷം ഹെക്ടർ നെൽ വയൽ ഉണ്ടായിരുന്നു 1970 ൽ. അത് 2000 ആണ്ട് ആയപ്പോഴേക്കും വെറും 2 ലക്ഷം  ഹെക്ടർ ആയി കുറഞ്ഞു.  മാറി മാറി വന്ന സർക്കാറുകൾ ഭൂ മാഫിയക്ക് വയലുകൾ നികത്താൻ ഒത്താശ ചെയ്തു കൊടുത്തതാണ് നെൽവയലുകൾ ഇത്രയും നശിക്കാൻ ഇടയായത്. ആറന്മുള വിമാനത്താവളം ഒരുദാഹരണം. കഴിഞ്ഞ ഇടതു സർക്കാർ എല്ലാ നിയമവും കാറ്റിൽ പറത്തി  വയൽ  നികത്താൻ അനുമതി നൽകി. തുടർന്ന് വന്ന ചാണ്ടി സർക്കാർ കഴിഞ്ഞ സർക്കാരിന്റെ തെറ്റ് തിരുത്താതെ അതിൻറെ മറവിൽ കൂടുതൽ നാശങ്ങൾക്ക് ഓശാന പാടി.

ഭൂമിയുടെ വിപണി വില ഈടാക്കിയാണ് ഇത് ചെയ്യുന്നത് എന്ന പരിഹാസ്യമായ ഒരു  ന്യായം സർക്കാർ പറയുന്നുണ്ട്. അങ്ങിനെ കിട്ടുന്ന പണം ഭക്ഷ്യ സുരക്ഷാ ഫണ്ടിലേക്ക് വകയിരുത്തും എന്നും സ്ഥലത്തെ കൃഷി നഷ്ട്ടത്തിനു പകരം ആണീ പണം എന്നും പറയുന്നു.   24 മണിക്കൂറും മദ്യം ഒഴുക്കിയിട്ടു കുടിക്കരുത്‌ എന്ന്  ജനങ്ങളെ  ഉൽബോധിപ്പിക്കുന്നു എന്ന് പറയുമ്പോലെ   ഉള്ള അപഹാസ്യമായ ഒന്നാണിത്. ഭക്ഷ്യ സുരക്ഷാ ഫണ്ടിൽ  കിട്ടുന്ന പണം കൊണ്ട് ആന്ധ്രയിൽ നിന്നും അരി വാങ്ങും എന്നാണോ?    വിലയാണോ ഇവിടെ പ്രധാനം? അത്രയും പണം കൊടുത്താൽ ഈ നെൽ വയൽ  തിരിച്ചു കിട്ടുമോ?  പരിസ്ഥിതിക്ക് എൽക്കുന്ന ആഘാതം കുറയുമോ? വരൾച്ച കുറയുമോ? നാട് നശിച്ചായാലും അഴിമതിയിലൂടെ പണം ഉണ്ടാക്കണം എന്ന അധികാരികളുടെ ഗൂഡോദ്ദേശം ആണ് ഇതിനു പിറകിൽ. ഇതിനെതിരെ ശക്തമായി പ്രതികരിക്കാനുള്ള ഉത്തരവാദിത്വം മനുഷ്യ സ്നേഹികളായ എല്ലാവർക്കും ഉണ്ട്.

No comments:

Post a Comment