Sunday, May 4, 2014

മദ്യം

 സ്വർണ്ണക്കടയിലോ തുണിക്കടയിലോ ചെല്ലുന്ന "കസ്റ്റമെഴ്സിനെ"   കാപ്പി, ചായ, തണുത്ത പാനീയങ്ങൾ തുടങ്ങിയവ നൽകി സൽക്കരിക്കും. ചായയും കാപ്പിയും ഒന്നും നൽകിയില്ലെങ്കിലും ഏത് കടയിൽ ചെന്നാലും,  ഉപഭോക്താവിനെ  ഉപചാര  പൂർവ്വം ആണ് സ്വീകരിക്കുന്നത്. എന്താണ് വേണ്ടതെന്ന്  ബഹുമാനപൂർവ്വം  അന്വേഷിക്കുന്നു. മാന്യമായി പെരുമാറുന്നു.  കാരണം അവരുടെ കച്ചവടം നടക്കണമെങ്കിൽ വാങ്ങുന്ന ആളെ സന്തോഷിപ്പിക്കണം.  ഇതിന് ഒരേ ഒരു അപവാദം നമ്മുടെ ബീവറേജസ്  കോർപ്പറേഷൻറെ മദ്യ വിൽപ്പന ശാലകൾ ആണ്. മഴയും വെയിലും സഹിച്ചാണ്  മണിക്കൂറുകളോളം മദ്യം വാങ്ങാനായി  റോഡരുകിൽ പാവം ജനം ക്യു നിൽക്കുന്നത്.   അങ്ങിനെ  മദ്യക്കടയുടെ കൌണ്ടറിന്റെ മുന്നിൽ എത്തിയാലോ ഒരു നികൃഷ്ട്ട ജീവിയെ  എന്ന പോലെയാണ്   കൌണ്ടറിലെ ഏമാന്മാരുടെ പെരുമാറ്റം. "പെട്ടെന്ന് പറ"  "വാങ്ങിയിട്ട് മാറ്" " ആ ബ്രാൻഡ് ഇല്ല, വേണമെങ്കിൽ തരുന്നത് വാങ്ങിക്കോ" ഇങ്ങിനെയുള്ള ആക്രോശങ്ങൾ ആണ് ബീവറെജസിലെ വിൽപ്പനക്കാരുടെത്.  ഗത്യന്തരമില്ലാതെ അവരുടെ ആട്ടും തൂപ്പും സഹിച്ച്, അവർ കൊടുക്കുന്നതും വാങ്ങി പാവം മദ്യപാനികൾ പോകുന്നു. മദ്യപാനികൾക്ക്‌ മാന്യമായ ഒരു പെരുമാറ്റം നൽകാൻ ആദ്യമായി ഒരു ചെറു വിരലെങ്കിലും  അനക്കുന്നത് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ആണ്. പുതിയ ഒരു വിൽപ്പന ശാല തുറക്കാൻ അനുവാദം നൽകാത്ത പഞ്ചായത്ത് അധികൃതർക്കെതിരെ  ബീവറേജസ്  കോർപ്പറേഷൻ നൽകിയ കേസിൽ വാദം കേൾക്കുമ്പോഴാണ് ഉപഭോക്താവിനെ അവഹേളിക്കുന്ന അവരുടെ നിലപാടിനെ പറ്റി പരാമർശിച്ചത്. 

ഹൈക്കോടതി കാണാത്ത മറ്റൊരു മാനം കൂടി ഇതിലുണ്ട്.  സർക്കാരിന്റെ കുത്തക മദ്യ കച്ചവടക്കാരായ  ബീവറേജസ്  കോർപ്പറേഷൻറെ  ചില്ലറ മദ്യ വിൽപ്പന ശാലകൾ മുഴുവൻ നൂറോ ഇരുനൂറോ ചതുരശ്ര അടി വിസ്തീർണം മാത്രം  ഉള്ള ചെറിയ കുടുസ്സു   കട മുറികൾ ആണ്.  മദ്യം സൂക്ഷിക്കുന്നതും കണക്കെഴുതുന്നതും, ബില്ല് എഴുതന്നതും, വിതരണം ചെയ്യുന്നതും എല്ലാം ഈ ചെറിയ സ്ഥലത്ത് നിന്നാണ്. മദ്യം വാങ്ങാൻ ജനങ്ങൾ വരിയായി നിൽക്കേണ്ടതോ? പൊതു സ്ഥലത്ത്, അതായത്, റോഡിലും നടപ്പാതയിലും. ഈ വിൽപ്പന ശാലകളെല്ലാം വളരെ തിരക്കേറിയ സ്ഥലങ്ങളിൽ ആണ്. ഒരുദാഹരണം  തിരുവനന്തപുരം കേശവദാസപുരം ജങ്ക്ഷനിൽ ഉള്ള മദ്യക്കട.  ഫുട്ട് പാത്തിനോട് ചേർന്ന് അൽപ്പം ഉയരത്തിൽ നിൽക്കുന്ന കടയ്ക്ക് മുൻപിൽ രണ്ടു പേർക്ക് മാത്രം നിൽക്കാൻ സ്ഥലം. വാങ്ങാൻ വരുന്ന ആളുകൾ എല്ലാവരും  വീതി കുറഞ്ഞ നടപ്പാത കയ്യടക്കി ആണ് ക്യു നിൽക്കുന്നത്.  ആള് കൂടുന്നതിനനുസരിച്ച്  ക്യു നീണ്ടു റോഡിലേക്കും വ്യാപിക്കും.   അങ്ങിനെ ഈ മദ്യ ശാലകൾ പൊതു ജനങ്ങൾക്ക് ശല്യമായി തീരുന്നു. സ്വസ്ഥമായി വഴി നടക്കാൻ ജനങ്ങൾക്ക് കഴിയാതെ വരുന്നു.  ഇടയ്ക്കിടെ   ക്യുവിൽ ഉണ്ടാകുന്ന വാക്കു തർക്കങ്ങളും ജനങ്ങൾക്ക്‌ ശല്ല്യം  ഉണ്ടാക്കുന്നു. ഒരു വിൽപ്പന ശാല മാത്രമല്ല  ഇത്തരത്തിൽ. കണ്‍സ്യുമർ ഫെഡിന്റെ 46  ഉൾപ്പടെ കേരളത്തിലുള്ള   384 ചില്ലറ വിൽപ്പന ശാലകളും ഇതേ പോലെ റോഡരുകിൽ ജനങ്ങൾക്ക്‌ ശല്യമായി   ആണ് പ്രവർത്തിക്കുന്നത്.  വാഹന ഗതാഗത തടസ്സം വരെ പലയിടത്തും നിത്യ സംഭവം ആണ്. (ഒരുദാഹരണം അമ്പലപ്പുഴ).  ഒന്നും രണ്ടുമല്ല  9.5 ലക്ഷം പേരാണ് കോർപ്പറേഷൻറെ  തന്നെ കണക്കനുസരിച്ച് ദിവസേന ഇങ്ങിനെ ക്യു നിന്ന്  ഈ കടകളിൽ നിന്നും മദ്യം വാങ്ങുന്നത്. അതിൽ നിന്നും മനസ്സിലാകുമല്ലോ ക്യുവിന്റെ നീളവും അവിടത്തെ തിരക്കും.

ജനങ്ങൾക്ക്‌ ശല്യമാകാതെ ( മഴയും വെയിലും കൊള്ളാതെ നിൽക്കാനുള്ള  ഉപഭോക്താവിൻറെ അവകാശം വേറെ ) മദ്യ വിൽപ്പന ശാലകൾ തുറക്കേണ്ട ഉത്തരവാദിത്വം കേരളത്തിലെ  മദ്യ കുത്തക വിൽപ്പനക്കാരായ  ബീവറേജസ്  കോർപ്പറേഷനുണ്ട്. സൌകര്യങ്ങൾ ഒരുക്കാൻ പണമില്ല എന്ന വാദം നില നിൽക്കില്ല. കാരണം വാങ്ങുന്ന വിലയും എക്സ്സൈസ് ഡ്യൂട്ടി യും ചേർത്തുള്ള തുകയുടെ 36%  ഇവർ വെയർ ഹൌസ് ചാർജ് ആയും    11 രൂപ ലേബലിംഗ് ചാർജ് ആയും എടുത്തതിന് ശേഷമാണ് ചില്ലറ വിൽപ്പന ശാലകൾക്കു നൽകുന്നത്. അവരാകട്ടെ ഇതിൻറെ മുകളിൽ വീണ്ടും 20  ശതമാനം കൂട്ടി എടുക്കുന്നു. അങ്ങിനെ കോർപ്പറേഷൻ മൊത്തം 56% ലാഭം ആണ് എടുക്കുന്നത്. 2012-13 വർഷം 8818 കോടി വിറ്റു വരവിൽ നിന്നും 7240 കോടി നികുതി ഇനത്തിൽ സർക്കാരിനു കൊടുത്തതിനു ശേഷം 1577 കോടി രൂപയാണ് കോർപ്പറേഷനു കിട്ടിയത്. ഈ സാമ്പത്തിക വർഷവും മദ്യത്തിനു വില കൂടിയത് കൊണ്ട് 2000 കോടിയെങ്കിലും   കോർപ്പറേഷനു കിട്ടിക്കാണും. ചെലവു കഴിഞ്ഞ് നൂറു കണക്കിന്  കോടികൾ ലാഭവും. നികുതി ഇനത്തിൽ ഓരോ വർഷവും 8000 കോടി കിട്ടുന്ന സർക്കാർ ഇട നിലക്കാരായ കോർപ്പറേഷനിലൂടെ  വീണ്ടും ജനങ്ങളെ കൊള്ള ചെയ്ത് ഖജനാവിൽ മുതൽ കൂട്ടുന്നത് എന്തിനാണ്?   നടപ്പാതയും നിരത്തും മദ്യം വാങ്ങാൻ വരുന്നവർ കയ്യേറുന്ന സാഹചര്യം അവസാനിപ്പിക്കണം. ജനങ്ങളെ സ്വൈരമായി നടക്കാൻ അനുവദിക്കണം.  അതിനാൽ പൊതു ജനങ്ങൾക്ക്‌ അസൌകര്യം ഉണ്ടാകാത്ത രീതിയിൽ തിരക്കിൽ നിന്നും മാറി അനുയോജ്യമായ സ്ഥലം കണ്ടു പിടിച്ച് അവിടെ വരുന്നവർക്ക്,  പൊതു വഴിയിൽ നിന്ന് അല്ലാതെ  മദ്യം വാങ്ങാൻ  സർക്കാർ   സൗകര്യം ചെയ്തു കൊടുക്കണം. 

1 comment: