2018, ഡിസംബർ 1, ശനിയാഴ്‌ച

സാഹിത്യ മോഷണം

വീണ്ടും ഒരു സാഹിത്യ മോഷണം. ദീപാ നിശാന്ത് എന്ന സ്ത്രീ മോഷണത്തിന്   പിടിക്കപ്പെട്ടിരിക്കുന്നു. കലേഷ് എന്ന കവി വർഷങ്ങൾക്കു മുൻപ് അതായത് 2011 ൽ തന്റെ ബ്ലോഗിൽ പ്രസിദ്ധപ്പെടുത്തിയ ''അങ്ങിനെയിരിക്കെ മരിച്ചുപോയ്  ഞാൻ/നീ''  എന്ന കവിത ആണ് ദീപ നിശാന്ത് മോഷ്ടിച്ചു ഒരു കോളേജ് മാഗസിനിൽ തന്റെ പേര് വച്ചു വച്ച് പ്രസിദ്ധീകരിച്ചത്.  പേര് മാറ്റി ''അങ്ങിനെയിരിക്കെ' എന്നാക്കി, പിന്നെ ചില വരികളിലെ ചില അക്ഷരങ്ങൾ മാറ്റി അങ്ങിനെ തൊണ്ടി  മുതലിന്റെ രൂപ മാറ്റം വരുത്താൻ ശ്രമം നടത്തി. പക്ഷെ വിജയിച്ചില്ല. പിടിച്ചു. ആദ്യം മോഷണം സമ്മതിക്കാൻ അൽപ്പം മടിച്ചു. അങ്ങിനെയാണ് ഇങ്ങിനെയാണ്‌ എന്നൊക്കെ പറഞ്ഞു നോക്കി. കള്ളന്മാർ സ്ഥിരം പെരുമാറുന്നത് പോലെ.   കലേഷ് തെളിവ് സഹിതം വന്നപ്പോൾ സമതിക്കേണ്ടി വന്നു. എന്നിട്ടും ഒരു നിഗൂഢതയുടെ പരിവേഷം പരത്തി, മറ്റാരെയോ സംരക്ഷിക്കാനാണ് എന്ന ധ്വനി നൽകി ആണ് മാപ്പപേക്ഷ. 

കോളേജ് അധികാരികൾ സത്യം പറയുകയുണ്ടായി, ദീപ നിശാന്ത് തന്നെ പ്രസിദ്ധീകരണത്തിന് നൽകിയതാണെന്ന്. ഇതിനിടയിൽ മറ്റാരെയോ വലിച്ചു കയറ്റുന്നുമുണ്ട്.  കവിത കലേഷ് അല്ല മറ്റാരോ കൊടുത്തതാണെന്ന് വയ്ക്കുക. അപ്പോഴും അന്യന്റെ കവിത സ്വന്തം  പേര് വച്ച് പ്രസിദ്ധീകരിക്കാൻ  ഉളുപ്പ് ഇല്ലാതെ പോയല്ലോ ആ സ്ത്രീയ്ക്ക്. ഇത് ആദ്യത്തെ മോഷണം ആയിരിക്കില്ല. സ്ഥിരം തൊഴിൽ ആയിരിക്കും. ഇവരുടെ കൃതികൾ ഒന്നും ഇത് വരെ വായിച്ചിട്ടില്ല. അത് കൊണ്ട് ബ്ലോഗുകാരും എഴുത്തുകാരും ദീപാ നിശാന്ത് അവരുടെ രചന വല്ലതും മോഷ്ടിച്ചോ എന്ന് ഒന്ന് നോക്കണേ.

Image may contain: sunglasses and text


Image may contain: 1 person, smiling, text

2018, നവംബർ 10, ശനിയാഴ്‌ച

നവംബർ 10 ന്റെ ബ്ലോഗ്



കേരള പുനർനിർമാണം.

പ്രളയത്തിന്റെ ദുരന്ത ഭൂമിയിൽ ആണ് നാമിന്ന്.സർവം സഹയായ പ്രകൃതി രൗദ്രയായി സംഹാര താണ്ഡവമാടി.  ഉരുൾ പൊട്ടലിന്റെ ആഘാതത്തിൽ കുന്നുകൾ ഇടിഞ്ഞു പാറകളും കല്ലും മണ്ണും  താഴ്വാരങ്ങളി ലേയ്ക്കു  വലിച്ചെറിയപ്പെട്ടു. മലവെള്ളപ്പാച്ചിലിൽ പുഴകൾ കരകവിഞ്ഞൊഴുകി  നാടും നഗരവും മുങ്ങി. വീടുകൾ തകർന്നു വീണു, മരങ്ങൾ കട പുഴകി.  തകർത്തു പെയ്യുന്ന മഴ. എങ്ങും ജലം മാത്രം.പ്രകൃതി രമണീയ മായ കേരളത്തിന്റെ  അവസ്ഥയാണിത്. നൂറു കണക്കിനാളു കൾ മരിച്ചു. പതിനായിരക്കണക്കിന് ആളുകൾക്കു വീട് നഷ്ട്ടപ്പെട്ടു. ലക്ഷക്കണക്കിന് പക്ഷി മൃഗാദികൾ ചത്തൊടുങ്ങി. അനേകം ഏക്കറിലെ കൃഷി നശിച്ചു.  ഒരായുസിന്റെ സമ്പാദ്യം മുഴുവൻ നശിച്ചു ഒന്നുമില്ലാത്തവരായ പതിനായിരങ്ങൾ. ഇതാണ് പ്രളയ ത്തിന്റെ ബാക്കി പത്രം.പ്രളയ ദുരന്തങ്ങളെ നേരിടുന്നതിൽ അനിതരസാധരണ മായ ഐക്യവും നിശ്ചയ ദാർഢ്യവും സാമാന്യ ബോധവും ഉത്തരവാദിത്വവും സ്നേഹവും കാണിച്ചവരാണ് മലയാളികൾ .എല്ലാവരും ഒത്തൊരുമയോടെ കൈ മെയ് മറന്നു ദുരന്ത നിവാര ണ പ്രവർത്തങ്ങളിൽ വ്യാപൃതരായി. കര, നാവിക, വായു സേനകൾ  പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. മൽസ്യ തൊഴിലാളികൾ അവരുടെ വള്ളങ്ങളുമായി വന്നു രക്ഷാ പ്രവർത്തന ത്തിൽ സ്തുത്യർഹമായ പങ്കു വഹിച്ചു. പോലീസ്, ഫയർ ഫോഴ്സ്‍, റവന്യു  തുടങ്ങി സർക്കാരിന്റെ എല്ലാ വിഭാഗങ്ങളും  ഒത്തൊരുമയോടെ പ്രവർ ത്തിച്ചു. ഓരോന്നും പ്രത്യേകം പറയേണ്ട, എല്ലാവരുടെയും ഒരേ മനസ്സോടെ ഒരേ ലക്ഷ്യത്തോടെ കൂട്ടായുള്ള പ്രവർത്തനങ്ങളുടെ ഫലമാണ് ദുരന്തത്തിന്റെ വ്യാപ്തി വലിയൊരളവു വരെ കുറയ്ക്കാൻ കഴിഞ്ഞത്. 

അതിന്റെ ബഹുമതി ഒരാൾക്കോ ഭരണകൂടത്തിനോ നൽകുന്നത് മറ്റുള്ളവരോട് ചെയ്യുന്ന നന്ദികേട്  മാത്രമായിരിക്കും. സൈന്യം വന്നാൽ ബലാത്സംഗം ചെയ്യും എന്ന് പറഞ്ഞ പാർട്ടി സെക്രട്ടറിയും, യന്ത്രത്തോക്കു കൊണ്ട് വെടിവയ്ക്കാൻ മാത്രമേ സൈന്യത്തിന് കഴിവുള്ളൂ എന്ന് പറഞ്ഞ മന്ത്രിയും, പ്രളയ സമയത്ത്  ജർമനിയിൽ ടൂർ പോയ  മന്ത്രിയും ഇരിക്കുന്ന ഭരണ നേതൃത്വത്തിനു ഫലപ്രദമായി ചെയ്യാൻ കഴിയില്ല എന്ന് ഏവർക്കും അറിയാമല്ലോ. മുഖ്യ മന്ത്രിക്ക് ഇതിന്റെ പൂർണ  ബഹുമതി ചാർത്തിക്കൊടുക്കാൻ ഉപജാപ വൃന്ദം പരിശ്രമിക്കുന്നുണ്ട്. കഷ്ട്ടം എന്നല്ലാതെ എന്ത് പറയാൻ. മുഖ്യ മന്ത്രി പറഞ്ഞിട്ടാണോ ജനങ്ങൾ മുഴുവൻ ഇതിൽ പങ്കെടുത്തത്?  അത്   ജനങ്ങളെ അവഹേളിക്കലാണ്.  ഒരേ ഒരു കാര്യം മാത്രമാണ്  ഉണ്ടായത്. ജനങ്ങളുടെ പങ്കാളിത്തം.  മറ്റാരെങ്കിലും ചെയ്യും അല്ലെങ്കിൽ ചെയ്യട്ടെ  എന്ന് നോക്കിയിരി ക്കാതെ, ആരും വിളിക്കാതെ സ്വയം മുന്നിട്ടിറങ്ങി രക്ഷാപ്രവർത്തനം നടത്തി ഒരു ചരിത്രം സൃഷ്ട്ടിച്ചു നമ്മൾ മലയാളികൾ.

പ്രളയ ശേഷം ചിത്രമാകെ മാറി. ജനം പല തട്ടിലായി. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന പണം ദുരിതാശ്വാസത്തിനു മാത്രമേ  ചിലവഴിക്കു എന്നൊരു ഉറപ്പു തരാൻ സർക്കാരിന് കഴിയാതെ പോയി. പണം കൊടുക്കാമെന്നു കരുതിയ പലരും പിന്മാറി. നിർബന്ധിത ശമ്പള പിരിവു തുടങ്ങിയതോടെ അവിടെയും ഉദ്യോഗസ്ഥരെ രണ്ടു തട്ടിലാക്കി. ഇതാണ് കേരളത്തിന്റെ പുനർനിർമാണം.


2018, ഒക്‌ടോബർ 16, ചൊവ്വാഴ്ച

Me Too




വിമെൻ ഇൻ സിനിമ കളക്ടീവ്. സിനിമയിലെ സ്ത്രീ ശക്തി ഉണർന്നി രിക്കുന്നു. കുറെ കാര്യങ്ങളെങ്കിലും പുറത്തു വരികയും അത് കൊണ്ട് കൂറേ കാര്യങ്ങൾ എങ്കിലും ഭാവിയിൽ നടത്താൻ ഭയമുണ്ടാവുകയും ചെയ്യും. പുറത്തറിയുന്ന സിനിമാ ലോകം നിറം പിടിപ്പിച്ചതാണ്. എല്ലാവരും ഏകോദര സാഹോദര്യ ത്തോടെ കഴിയുന്നു. ഇപ്പോഴും ചിരിച്ചു കൊണ്ട്.

പക്ഷെ  വെള്ളിത്തിരയ്ക്കു മുന്നിൽ നടക്കുന്നതിലും വിസ്മയകരമാണ് തിരശീലയ്ക്കു പിന്നിൽ നടക്കുന്നത്. അസൂയ, കുശുമ്പ്, പണത്തിനു വേണ്ടിയുള്ള ആർത്തി, പിടിച്ചു പറി,  പ്രണയം, സെക്സ്, ബലാത്സംഗം, സ്റ്റണ്ട്  ഇവയൊക്കെ സിനിമാ അണിയറയിലും നടക്കുന്നു. ഇപ്പോൾ അവ വർധിച്ചു. എല്ലാ  മേഖലയിലും എന്ന പോലെ സിനിമാ മേഖലയിലും പുരുഷാധിപത്യം ആണ്.  നടി എന്ന കാറ്റഗറിയിൽ  അനിവാര്യം ആയതു കൊണ്ട് മാത്രം  സ്ത്രീകലെ അഭിനയിപ്പിക്കുന്നു. അല്ലെങ്കിൽ തുമ് പുരുഷൻ ചെയ്യും.   പണ്ട് അതും പുരുഷൻ ആയിരുന്നല്ലോ.  അപ്പോൾ സ്വാഭാവികമായും   പുരുഷൻ പറയുന്നത് മാത്രം അവിടെ നടക്കുന്നു. സിനിമ വേണമെങ്കിൽ   അവന്റെ പീഡനങ്ങൾ സഹിക്കണം. അത് അവൻ    വിജയകരമായി നടപ്പാക്കുന്നു. 

ഒരു പഴയ കഥ. ഒരു  നടൻ വർഷങ്ങൾക്ക് മുൻപ് ബോംബെയിൽ വന്നു. രണ്ടു കൂട്ടുകാരും. പിന്നീട് കുറെ സിനിമകളിൽ വേഷമിട്ട ഒരു  കോമൺ ഫ്രണ്ടും.  ആദ്യത്തെ പടം പൊട്ടിയിട്ട് ആശാൻ  ബലൂൺ പോലെ പറന്നു നടക്കുന്ന കാലം. രാവിലെ ഇറങ്ങും. രാത്രി വന്നിരുന്നു അന്നത്തെ വിവരണങ്ങൾ. ഡ്രീം ലാൻഡ്, കൊളാബ,ബോംബേ   സെൻട്രൽ എന്നവിടങ്ങ ളിലെ അനുഭവങ്ങൾ. ഇങ്ങിനെ ഒരാഴ്ച. കാലക്രമേണ  ധാരാളം സിനിമകൾ.  പുതിയ തുടരുന്ന സിനിമാ സാഹസിക  കഥകൾ,  മറ്റു താരങ്ങളുടെ  കഥകൾ  പിന്നീട് കാണുമ്പോൾ.   ഇയാൾക്കെതിരെ ഒരു Me too വന്നാൽ   ഇപ്പോൾ  ഈ ശീലങ്ങളൊന്നും ഇല്ലാത്ത  ഡീസന്റ് ആണെന്ന് പറഞ്ഞാൽ എങ്ങിനെ ഇരിക്കും? അതാണ് സിനിമാ ലോകം. ഇനിയും Me Too വരും. തുറന്നു പറയാനുള്ള ധൈര്യം സ്ത്രീകൾക്ക് വന്നു. 

2018, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

ഫിലിം ഫെസ്റ്റിവൽ





നമ്മുടെ സഹോദരങ്ങളെ പുനരധിവസിപ്പിച്ചിട്ടു മതി നമുക്ക് ആഘോഷങ്ങൾ എന്നൊക്കെ  മുഖ്യ മന്ത്രിയും മറ്റും പറഞ്ഞത് വെറുതെ.  സിനിമ ദുരന്ത ബാധിതരുടെ മനസ്സിൽ ഊർജം പകരും, അതിനാൽ ഫിലിം ഫെസ്റ്റിവൽ ഒഴിവാക്കേണ്ട കാര്യമില്ല എന്ന് മന്ത്രിയും കൂട്ടരും. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരും,  വീട് , സ്വത്തു, കൃഷി നഷ്ടപ്പെട്ടവർ, എല്ലാം നഷ്ടപ്പെട്ടവർ തുടങ്ങി ഇന്നും ദുരിതത്തിൽ   കഴിയുന്ന എല്ലാവർക്കും ചലച്ചിത്രോത്സവം ഊർജം പകരും എന്നതിൽ സംശയം ഇല്ലല്ലോ.


 പ്രളയ ദുരിതം ഒഴിയുന്നതും കാത്തിരുന്നാൽ നമ്മുടെ കാര്യങ്ങൾ ഒരിക്കലും നടക്കില്ല എന്ന് ചലച്ചിത്ര അക്കാദമിക്കാർക്കു മനസ്സിലായി.  ഫിലിം ഫെസ്റ്റിവൽ ഒരു അഞ്ചാറു വർഷം നടത്താൻ കഴിയില്ല.   ഇപ്പോഴും  സർക്കാർ പണ പിരിവിനായി വിദേശത്തു ആളെ അയച്ചു തുടങ്ങുന്നതേ ഉള്ളൂ. അത് കൊണ്ട് സാംസ്കാരിക മാന്ദ്യം എന്നെന്തെങ്കിലും   ന്യായം പറഞ്ഞു നമുക്ക് ആഘോഷങ്ങൾ തുടരാം. 3 കോടി രൂപയുടെ ചിലവേ ഉള്ളൂ. അതിൽ രണ്ടു കോടി ഡെലിഗേറ്റ് പാസ് വിറ്റു കിട്ടും. 2000 രൂപ ആണ് പാസ്സ് വില. 10000 പേര് വാങ്ങും എന്ന് കണക്കു കൂട്ടൽ. ഈ കാശിനു ആരും വാങ്ങാൻ പോകുന്നില്ല.  ആയിരം പേര് വാങ്ങിയാൽ ഭാഗ്യം.അങ്ങിനെ വരുമ്പോൾ  ഇത് വീണ്ടും ജനങ്ങളുടെ നികുതി പണം തന്നെ പോകും. ഗൗരവമായി  സിനിമ കാണാൻ വരുന്നത് വെറും 5 ശതമാനം മാത്രം. മറ്റുള്ളവർക്ക് ഇത് ഒരു ഉത്സവം. ഇത്തവണ കാശ് കൂടിയത് കൊണ്ട് ഉത്സവത്തിൽ പങ്കെടുക്കില്ല. അത്ര തന്നെ.


പ്രളയബാധിതർക്കു വേണ്ടി  രണ്ടു കാര്യങ്ങൾ ചലച്ചിത്ര അക്കാദമി ചെയ്തിട്ടുണ്ട് എന്നത് പ്രശംസനീയമാണ്. ഒന്ന് ഒരു ബട്ടൺ വച്ചിട്ടുണ്ട്, രെജിസ്ട്രേഷൻ സമയത്തു ഇതിൽ ഞെക്കിയാൽ ദുരിതാശ്വാസത്തിനു പങ്ക് സംഭാവന ചെയ്യാം. തിയറ്ററുകൾക്ക് മുൻപിൽ വച്ച പെട്ടികളും പണം നിക്ഷേപിക്കാം. പോരേ? 

പ്രളയ ബാധിതർ തിരുവനന്തപുരത്തു നടക്കുന്ന അന്താരാഷ്ട്ര ചലചിത്രോത്സ വത്തിൽ ഇങ്മാർ ബെറിമാൻറെ സിനിമകൾ കണ്ടു കഞ്ഞിയും കുടിച്ചു ക്യാംപിൽ ഉടുതുണിക്ക് മറുതുണിയില്ലാതെ ഊർജസ്വലരാകുന്നത് കണ്ടു മന്ത്രിയ്ക്കും അക്കാദമിയ്ക്കും സായൂജ്യം അടയാം.  


2018, ജൂലൈ 25, ബുധനാഴ്‌ച

ആവിഷ്‌ക്കാര സ്വാതന്ത്ര്യം.



ഒരു നോവലിൽ സ്ത്രീകൾക്കെതിരെ  ലൈംഗിക പരാമർശം. അതിനെതിരെ പ്രതിഷേധവും ആവിഷ്‌ക്കാര സ്വാതന്ത്ര്യ വാദവും. നോവലിലെ ഒരു കഥാപാത്രം പറയുന്നതിന്റെ പേരിൽ ആണ് എതിർപ്പ് ഉയർത്തുന്നത് എന്നു പറയുന്നു  ആവിഷ്കാര സ്വാതന്ത്ര്യ ദാഹികൾ! കഥാപാത്രത്തിന് സ്വന്തമായി രൂപമോ ഭാവമോ ഭാഷയോ ശബ്ദമോ ഉണ്ടോ? ഇല്ല.   എഴുത്തുകാരൻ ക ഥാപാത്രത്തിന് സംഭാഷണം നൽകുന്നു. ഷേക്‌സ്‌പിയർ മാക്ബത്തിനെ ഉണ്ടാക്കി സംഭാഷണം നൽകുന്നു.വി.കെ.എൻ. സർ ചാത്തുവിനെ ഉണ്ടാക്കി ചാത്തുവിന്റെ സംഭാഷണം നൽകുന്നു. ഒ.വി.വിജയൻ രവിയെ ഉണ്ടാക്കി. അങ്ങിനെ പലതും. കഥാകാരൻ പറയാതെ ഒരു കഥാ പാത്രവും സംസാരിക്കില്ല. കഥാ സന്ദർഭത്തിനു അനുയോജ്യമായാണ് കഥാപാത്രങ്ങൾ സംസാരിക്കു ന്നത്. 

ഇവിടെ ഹരീഷിന്റ്റെ നോവലിൽ കഥയുമായി പുലബന്ധം പോലുമില്ലാത്ത സംഭാഷണമാണ് കുത്തിക്കയറ്റിയത്. ഒരാൾ നടക്കുമ്പോൾമൂന്നായി പിരിയുന്ന വഴി.ഒന്ന് അമ്പലത്തിലേയ്ക്ക്. അപ്പോഴാണ് 'തങ്ങൾ തയ്യാറാണ് എന്നറിയി ക്കാനാണ് സ്ത്രീകൾ കുളിച്ചൊരുങ്ങി അമ്പലത്തിൽ പോകുന്നതെന്നും നമ്പൂതിരിമാരാണ് ഇതിന്റെ ആശാന്മാർ' എന്നും ഒരുത്തൻ പറഞ്ഞതായി അയാൾ ഓർമ്മിക്കുന്നത്. ഇത് പറയാൻ വേണ്ടി മാത്രം അമ്പലത്തിന് മുന്നിലൂടെയുള്ള വഴി പറയുന്നു. കഥയ്ക്കോ കഥാപാത്രത്തിനോ ഒരു വിധത്തിലും ആവശ്യമില്ലാത്ത ഒരു ഭാഗം. കഥയുമായി ഒരു ബന്ധവുമില്ലാത്ത ഭാഗം. നോവലിൽ ഒരു പ്രസക്തിയും ഇല്ലാത്ത ഒരു വിവരണം. അമ്പലത്തിൽ പോകുന്ന സ്ത്രീകളെ അപമാനിക്കാൻ മാത്രം നോവലിൽ എഴുതി ചേർത്തത് പോലെ തോന്നും.   തർക്കം മുറുകിയപ്പോൾ നോവലിസ്റ്റ് പിൻവലിഞ്ഞു. ഇവിടെ  നോവലിസ്റ്റ് പറയട്ടെ ഈ വിവരണത്തിന്റെ ആവശ്യം എന്തായിരുന്നു എന്ന്. അത് എങ്ങിനെ നോവലിന്റെ കഥാ ഗതിയെ ബാധിക്കുന്നു എന്ന്.  എന്താണ് നോവലിൽ ഈ പ്രസ്താവനയുടെ സാംഗത്യം എന്ന്. പ്രശ്നം അവിടെ അവസാനിക്കുമല്ലോ.

2018, മേയ് 12, ശനിയാഴ്‌ച

ജാതി ഫ്‌ളാറ്റ്

വർഗീയ പരാമർശങ്ങളും പോർവിളികളും ഭീഷണികളും സോഷ്യൽ മീഡിയ യിൽ ധാരാളം. അതൊക്കെ വായിച്ചാൽ ഓരോ വിഭാഗങ്ങളും കത്തിയും തോക്കും എടുത്ത് തമ്മിൽ കൊല്ലാൻ തയ്യാറായി നിൽക്കുകയാണെന്ന്    തോന്നും.മാധ്യമങ്ങൾ അവരുടെ വകയും. ശരിയായ സാമൂഹ്യ ജീവിതത്തിൽ അതൊന്നും അത്ര കാണാനില്ല. ആരുമായും ഇടപഴകുമ്പോൾ ജാതിയും മതവും നോക്കാറില്ല. അതിനൊരപവാദം വാട്സാപ്പ് ഹർത്താലിൽ മാത്രമാണ് കണ്ടത്. ഇവിടെ എല്ലാവരും ഒന്നിച്ചു കഴിയുന്നു.  സോഷ്യൽ മീഡിയയിലെ ഈ വൈരാഗ്യം മുതലെടുക്കാൻ ബിസിനസ്സ് സ്ഥാപനങ്ങൾ രംഗത്തിറങ്ങിയതാണ് ലേറ്റസ്റ്റ് സംഭവം. ശരിയാ നിയമപ്രകാരം ഹലാൽ സർട്ടിഫൈഡ് ഫ്‌ളാറ്റുകൾ തയ്യാറാക്കിയാണ് അസറ്റ് ഹോം  ഇത് സമർത്ഥമായി മുതലെടുക്കുന്നത്. 14 ആം നൂറ്റാണ്ടിൽ വെസ്റ്റ് കൊച്ചി ഇസ്‌ലാമിനെ സ്വീകരിച്ചു എന്നും ഇന്ന് ഈ ഫ്‌ളാറ്റ് കൊണ്ട് അതിനു പുതിയ മുഖം നൽകിയെന്നും പരസ്യത്തിൽ പറയുന്നു. ബാത് റൂമും ടോയ്‌ലറ്റുകളും  ഖിബ്ലാ ദിശയ്ക്കകലെ , കിടക്കയുടെ തല ഭാഗം ശരിയാ നിയമപ്രകാരം. ഇതൊക്കെ കാണിക്കുന്നത് 75 ഫ്‌ളാറ്റുള്ള ഈ 9 നിലക്കെട്ടിടം  മുസ്ലിമിന് മാത്രമുള്ളതാണ്  എന്ന് തന്നെ. 

ഇനി നാളെ ഫോർട്ട് കൊച്ചിയിൽ  പഴയ യൂറോപ്പ് ബന്ധം വച്ച് ക്രിസ്ത്യാനി കൾക്ക് മാത്രം ഒരു ഫ്‌ളാറ്റ് സമുച്ചയം വന്നെന്നിരിക്കാം. കുമ്പസാര ക്കൂട് ഫ്രീ ആയിരിക്കും.. അടുത്ത ദിവസം മറ്റൊരു സ്ഥലം ഹിന്ദുവിന് മാത്രം,   ഒരമ്പലവും. കുറേക്കൂടി കഴിയുമ്പോൾ സുന്നി, ഷിയാ തുടങ്ങി ഓരോരു ത്തർക്കും പ്രത്യേകം  ഓരോ ഫ്‌ളാറ്റ് സമുച്ചയം ആകും. ഇങ്ങിനെ ഓരോ തുരുത്തുകളിൽ നമ്മളെ ഇവർ ഒതുക്കും. ഇത് ആശാസ്യമാണോ? ഇത് പ്രായോഗികമാണോ?    ഇത് നമുക്ക് വേണോ?  ഇത് ഒരു സ്നേഹത്തിൽ നിന്നും ഉത്ഭവിച്ച ഐഡിയ അല്ല. ഫ്‌ളാറ്റ് മുതലാളിമാരുടെ ആർത്തിയിൽ ഉദിച്ച   കച്ചവട തന്ത്രം. ഈ വിഭജനത്തിൽ  നാം വീഴരുത്. ആദ്യമായി അസറ്റ് ഹോമിന്റെ ഈ കള്ളത്തരം പൊളിച്ചടുക്കി ഈ മുസ്ലിം ഫ്‌ളാറ്റ്‌ ഒഴിവാക്കുക. 

അത് പോലെ ഇനി വരുന്ന വംശീയ, വർഗീയ ഫ്‌ളാറ്റുകളും വില്ലകളും നമ്മൾ വാങ്ങാതിരിക്കുക. നമ്മെ തമ്മിൽ തല്ലിച്ചുള്ള മുതലാളിമാരുടെ ബിസിനസ്സ് തന്ത്രത്തെ  തോൽപ്പിക്കുക.

Image may contain: 3 people, people smiling, text



2018, മേയ് 2, ബുധനാഴ്‌ച

മുഖ്യ മന്ത്രിയുടെ കോപം.





അശ്വതി ജാലയെ ജയിലിൽ അടയ്ക്കാനുള്ള വഴികൾ ഒരുക്കുകയാണ് സർക്കാർ. കുറ്റം എന്താണ്? മുഖ്യ മന്ത്രിയ്ക്കും ഡിജിപിക്കും എതിരെ പറഞ്ഞു അത്ര തന്നെ. ലീഗയുടെ തിരോധാനം അന്വേഷിക്കണം എന്ന് അപേക്ഷിക്കാൻ മുഖ്യ മന്ത്രിയെ കാണാൻ സെക്രട്ടറിയിൽ നിന്നും അനുവാദം വാങ്ങി പോയിട്ടും കാണാൻ കഴിഞ്ഞില്ല. ഡിജിപി ആകട്ടെ ആക്രോശിച്ചു വിരട്ടി വിട്ടു. ഇതൊക്കെ പരസ്യമാക്കിയതിനാണ് അശ്വതി നായരെ അകത്താക്കുന്നത്. അശ്വതി പണപ്പിരിവ് നടത്തുന്നു എന്ന് ആരോ കൊടുത്ത പരാതിയിലാണ് പോലീസ് നടപടി. നോട്ടീസ് കൊടുക്കാതെ ഫോണിൽ വിളിച്ചു പോലീസ് സ്റേഷനിൽ ഹാജരാകാൻ  പറയുകയായിരുന്നു. പൊലീസിന് എത്ര ശുഷ്‌കാന്തി. പട്ടിണി യുമായി തെരുവുകളിൽ അലയുന്ന പാവങ്ങൾക്ക് ഒരു നേരം ആഹാരം നൽകി കഴിഞ്ഞ 5 വർഷമായി മഹത്തായ കർമം അനുഷ്ഠിക്കുന്ന ആളാണ് അശ്വതി. ആ മനുഷ്യ സ്നേഹിയെ ആണ് പോലീസ് വേട്ടയാടുന്നത്.  ഇനി പരാതി ശരിയാന്നെ തന്നെ വച്ചോളൂ.   പണപ്പിരിവ്  കുറ്റം ആണോ? ഇത് ഏതു വകു പ്പിൽ ആണ് കുറ്റം?   എല്ലാ രാഷ്ട്രീയ പാർട്ടികളൂം പണപ്പിരിവ് നടത്തുന്നു.  പോലീസ് അസോസിയേഷൻ വരെ സമ്മേളനങ്ങൾക്ക് പണപ്പിരിവ് നടത്തുന്നു എന്ന് പണ്ട് സരിത തെളിവ് സഹിതം കാണിച്ചിട്ടുണ്ട്. സക്കാരിനെതിരെയുള്ള വിമർശനവും ശബ്ദവും അടിച്ചമർത്താനുള്ള ഒരു നടപടിയാണിത്. ഭയപ്പെടു ത്തുക എന്നത്.  മറ്റുള്ളവരും ശബ്ദ മുയർത്താതിരിക്കാൻ ഉള്ള ഒരു ഭയപ്പെടുത്താൽ. ഇങ്ങിനെ പോയാൽ ജയിൽ ആയിരിക്കും എന്നുള്ള മുന്നറിയിപ്പ്. പാവം അശ്വതി ഇപ്പോൾ ആശുപത്രീയിൽ ആണ്.  

2018, ഏപ്രിൽ 18, ബുധനാഴ്‌ച

കുറ്റവും ശിക്ഷയും






പണത്തിനു മീതെ കൃഷ്ണ മൃഗവും ചാടില്ല. സിനിമാ നടൻ സൽമാൻ ഖാനെ 5 വർഷം തടവ് ശിക്ഷയ്ക്കു വിധിച്ചു. കൃഷ്ണ മൃഗത്തെ വെടി വച്ച് കൊന്ന കേസിൽ. കൂട്ട് പ്രതികളായ മറ്റു സിനിമാ അഭിനേതാക്കളെ വെറുതെ വിട്ടു. തെളിവില്ല.  കേസിന് ആസ്പദമായ  സംഭവം നടന്നത് 20 വർഷം മുൻപ്.  അതിങ്ങനെ നീണ്ടു നീണ്ടു പോയി. ഏതായാലും ശിക്ഷിച്ചു. ശിക്ഷ വിധിച്ച അടുത്ത ദിവസം ജാമ്യവും കിട്ടി. സൽമാനെതിരെ ഇത് ആദ്യത്തെ കേസ് അല്ല.  1998 ൽ  മാനിനെ വെടി വച്ച് കൊന്ന  മറ്റു രണ്ടു കേസുകൾ ഉണ്ടായിരുന്നു. 1 വർഷവും 5 വർഷവും വീതം ശിക്ഷിച്ച കേസുകൾ. മേൽക്കോടതി കഴിഞ്ഞ വർഷം രണ്ടും വെറുതെ വിട്ടു. രാജസ്ഥാൻ സർക്കാർ അതിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ പോയിരിക്കുകയാണ്.  2002 ൽ   വഴി വക്കിൽ കിടന്നുറങ്ങിയ ഒരാളെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ  ബോംബെ  ഹൈക്കോടതി 2015 ൽ വെറുതെ വിട്ടു.

 അങ്ങിനെ പല കേസുകളും വെറുതെ വിടലുകളും കുറെ നടന്നു. കുറ്റവാളികൾ    പണക്കാരാകുമ്പോൾ തെളിവുകൾ കാണില്ല, സാക്ഷികൾ കാണില്ല, അങ്ങിനെ പലതും സംഭവിക്കും. തെളിവുകൾ നശിപ്പിക്കാൻ അധികാരികൾ കൂട്ട് നിൽക്കും. ഭീഷണിയിലും പണത്തിലും സാക്ഷികൾ കൂറ് മാറും. പക്ഷെ കൃഷ്ണ മൃഗത്തെ വെടി വച്ച കേസിൽ കടുത്ത സമ്മർദ്ദങ്ങളെ അതിജീവിച്ചു ബിഷ്‌ണോയി ഗോത്ര വർഗക്കാർ പോരാടിയത് കൊണ്ടാണ് കേസ് ഇവിടം വരെ എത്തിയത്. 

 രാജസ്ഥാനിലെ താർ മരുഭൂമിയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ജീവിക്കുന്ന പരിസ്ഥിതി സ്നേഹി കളായ, പ്രകൃതി സംരക്ഷകരായ ബിഷ്‌ണോയികൾ. മാനിനെ മക്കളെ പോലെ സ്നേഹിക്കുന്നവർ. മാനിനെ സ്വന്തം മുലയൂട്ടുന്നവർ. അവരാണ്  ഈ കേസിൽ ശക്തമായി നില കൊണ്ടത്.  ജാമ്യ ത്തിനെതിരെ അവർ അപ്പീൽ പോയി ക്കഴിഞ്ഞു. ജാമ്യം കിട്ടിയപ്പോൾ കുറെ അനുയായികൾ ആഹ്ലാദിക്കു ന്നത് കണ്ടു. ഇതാണ് ഇന്ത്യയുടെ ശാപം. പാവപ്പട്ടവന്റെ പണം സിനിമയിലൂടെ വാങ്ങി ആർഭാടമായി  ജീവിക്കുന്ന സിനിമാക്കാർ. കൊല്ലും കൊലയും ബലാത്സംഗവും കള്ളും  കഞ്ചാവും എല്ലാ നിയമ ലംഘനങ്ങളും നടത്തുന്നു അവർ. അവരെ പൂജിക്കുന്ന കുറെ വിഡ്ഢികൾ. അതാണ് നമ്മുടെ നിർഭാഗ്യം.

2018, ഏപ്രിൽ 8, ഞായറാഴ്‌ച

കള്ളക്കളി

കരണക്കുറ്റിയ്ക്കു അടി മേടിക്കുക എന്ന് പറയും. ചെവി പൊട്ടിപ്പോകും. ഇതാദ്യത്തേതല്ലാത്തതു കൊണ്ട് പ്രശ്നമില്ല. കേരള സർക്കാരിന് ശീലമായി.  പിണറായി വിജയൻറെ ഓർഡിനൻസ് സുപ്രീം കോടതി സ്റ്റേ ചെയ്തു. സർക്കാരിന് സുപ്രീം കോടതിയിയുടെ രൂക്ഷ വിമർശനവും. പുതുമ യൊന്നുമില്ല. എത്രയെത്ര തിരിച്ചടികൾ, എത്രയെത്ര വിമർശനങ്ങൾ. സെൻ കുമാറിനെ തിരിച്ചെടുക്കേണ്ടി വന്നല്ലോ. അങ്ങിനെ പലതും. ഹൈക്കോടതി ഇപ്പോൾ വിമർശനം നടത്തി മടുത്ത ലക്ഷണമാണ്. എന്നിട്ടും നാണമില്ലാതെ ബില്ല് ഗവർണർക്കു അയച്ചു. ഗവർണർ ആകട്ടെ ബില്ല് withheld എന്ന ഭരണഘടനാ വകുപ്പിൽ പിടിച്ചു വച്ചു. 





വിജയന് സ്നേഹം, ബാലന് സ്നേഹം, ശൈലജയ്ക്കു സ്നേഹം, രമേശന് സ്നേഹം, ഉമ്മന് സ്നേഹം. എല്ലാവർക്കും സ്നേഹം. കരുണയിലെയും കണ്ണൂരിലെയും മെഡിക്കൽ കോളേജ് വിദ്യാർത്ഥികളോടാണ് ഇവർക്കെല്ലാ വർക്കും ഇത്രയും സ്നേഹവും വാത്സല്യവും. സ്വന്തം മക്കളോട് ഉള്ള തിനേക്കാൾ സ്നേഹംആണ്  ഈ കുട്ടികളോട്. ഇങ്ങിനെ വേണം ജനപ്രതിനിധി കൾ. സ്നേഹം കൊണ്ട് അവർക്കു ഇരിക്കാൻ വയ്യാതായപ്പോഴാണ് ഓർഡിനൻസ് കൊണ്ട് വന്നത്.  വീണ്ടും സ്നേഹം കൂടിയപ്പോൾ   നിയമസഭയിൽ ബില്ല് കൊണ്ട് വന്നു പാസാക്കി. ഓർഡിനൻസ് സുപ്രീം കോടതി റദ്ദാക്കി എന്ന് ചോദിച്ചപ്പോൾ നിയമ മന്ത്രി ബാലൻ പറയുന്നു   'ഓർഡിനൻസിൽ  നിന്നും വ്യത്യസ്തമാണ് ബില്ല്'  എന്ന് .ബില്ല് ഗവർണർ ഒപ്പിടുമോ എന്ന  ചോദ്യത്തിന് ബാലൻ പറയുന്നത്  'ഓർഡിനൻസിൽ നിന്നും വ്യത്യസ്തമല്ല  ബില്ല്'  എന്ന്. എന്ത് പറയണം, എന്താണ്   പറയുന്നത് എന്നൊന്നും അറിയാത്ത അത്ര പരിഭ്രാന്തിയിൽ ആണ് ഈ മന്ത്രിമാ രെല്ലാ വരും.  ബില്ല്  ഇന്നലെ തന്നെ ഗവർണർക്കു അയച്ചു കൊടുത്ത് എന്നാണ് സർക്കാർ പറയുന്നത്. പക്ഷെ ഇന്ന് 7.4.18 നാണ് നിയമ സെക്രട്ടറി ഗവർണർക്കു ബില് കൈമാറിയത്. ഒരു ദിവസം കൂടി കഴിഞ്ഞാൽ ബില്ല് സ്വയം കാലഗതി പ്രാപിക്കും. സർക്കാരിന് വേണ്ടതും അതാണ്. എങ്ങിനെയും നാണക്കേടിൽ നിന്നും രക്ഷപ്പെടുക. ഒന്നുകിൽ ബില്ല് സ്വയം അവസാനിക്കുക, അല്ലെങ്കിൽ ഗവർണർ അനുമതി തിരിച്ചയക്കുക. രണ്ടായാലും സർക്കാരിന് കൈ കഴുകാം. ഒരു ദിവസം കാത്തിരിക്കാം. ഇനി ഇവരെല്ലാം ഈ സ്നേഹം എവിടെ കൊണ്ട് ചൊരിയും എന്നുള്ളതാണ്. അടുത്ത വർഷത്തെ നീറ്റ് പരീക്ഷ വരുന്നുണ്ട്. അപ്പോഴും കിട്ടും സ്നേഹം കാണിക്കാൻ അവസരം.

 സ്വകാര്യ മാനേജ്‌മെന്റുകളുടെ കാര്യം വരുമ്പോൾ ഭരണ പക്ഷവും പ്രതി പക്ഷവും ഒന്ന്. സിപിഎമ്മും കോൺഗ്രസ്സും  ഒന്ന്.  അവർ രണ്ടും  കൂടി ഐക്യത്തോടെ നിയമസഭയിൽ സ്വകാര്യ മെഡിക്കൽ കോളേജിന് അനുകൂല ബിൽ പാസാക്കുകയും ചെയ്തു. ഇതാണ് ഐക്യം. കണ്ണൂർ മെഡിക്കൽ കോളേജും കരുണ മെഡിക്കൽ കോളേജും മെറിറ്റ് അട്ടിമറിച്ചു കോഴപ്പണം വാങ്ങി 2016 -17 ൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരുന്നു. മേൽനോട്ട സമിതിയുടെ നിർദേശങ്ങൾ ലംഘിച്ചാണ് പ്രവേശനം നൽകിയത്.  ഇത് ചട്ട വിരുദ്ധമെന്ന് കണ്ടു ജസ്റ്റീസ് ജെയിംസ് കമ്മിറ്റി റദ്ദാക്കി.  അതിനെതീരെ   സർക്കാർ ഒരു കംപീറ്റന്റ് അതോറിറ്റിയെ നിയോഗിക്കുന്നു.

In his report after considering the applications for admissions, Competent Authority B. Srinivas said, "in the light of the ASC report that the management of Kannur Medical College, Anjarakkandy, had indulged in collection of capitation fee while admitting students to medical discipline during 2016-17, appropriate action may be initiated against the college as mandated in Section 4 (7) of Act 19 of 2006." 





കോഴപ്പണം വാങ്ങിയെന്നു പറഞ്ഞ ഇവരെയാണ്  സർക്കാർ സഹായി ക്കുന്നത്. കോളേജുകളുടെ ഹർജി  ഹൈക്കോടതി തള്ളി..സുപ്രീം കോടതിയും റദ്ദാക്കിയ നടപടി ശരി വച്ചു. അപ്പോഴാണ് എങ്ങിനെയെങ്കിലും ശരിയാക്കി മാനേജമെന്റുകളെ സഹായിക്കാൻ   സർക്കാർ ഓർഡിനൻസ് ഇറക്കിയത്.  ഇന്ന് കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കാനിരിക്കുന്നു. അതിനെ ഒതുക്കാനാണ് ധൃതിയിൽ നിയമം സഭ പാസ്സാക്കിയത്. ഇവിടെ എല്ലാവരും ഒന്നിക്കുന്നു. കാരണം അവർക്കു സഹായിക്കേണ്ടത്  കോഴപ്പണം വാങ്ങിയ മാനേജ് മെന്റു കളെയാണ്. അവർക്കു നന്ദിയും കടപ്പാടും കാണിക്കേണ്ടത് സ്വകാര്യ മാനേജമെന്റുകളോടാണ്.




2018, ഏപ്രിൽ 4, ബുധനാഴ്‌ച

ഗുരുത്വം.

അമ്മയ്ക്കും അച്ഛനും ഒപ്പം ഗുരുവിനെ ദൈവത്തെ പോലെ കാണുന്ന ഭാരതീയ സംസ്കാരം SFI  എന്ന വിദ്യാർത്ഥി സംഘടനാ ആ സംസ്കാരം കാണിച്ചു തുടങ്ങിയിട്ട് കാലം കുറെയായി.  ഏറ്റവും അവസാനം ഗുരുവിന്  ദക്ഷിണ നൽകിയത് ഇപ്രകാരം ആണ്.    "വിദ്യാർത്ഥി മനസ്സിൽ മരിച്ച പ്രിൻസിപ്പലിന് ആദരാജ്ഞലികൾ" വിരമിക്കുന്ന കാഞ്ഞങ്ങാട് നെഹ്രു കോളേജ് പ്രിൻസിപ്പൽ ഡോ. പി.വി. പുഷ്പ ക്ക് SFI നൽകിയ യാത്രയയപ്പ് പോസ്റ്റർ ആണ് ഇത്. 




അക്ഷരങ്ങൾ പഠിപ്പിച്ച, അറിവ് പകർന്നു തന്ന ഗുരുവിന് നൽകിയ ഗുരുപൂജ. ഇത് sfi യുടെ ആദ്യത്തേതല്ല (അവസാനത്തേതും ആയിരിക്കില്ല എന്ന് സംസ്ഥാന പ്രസിഡന്റ് പറയുന്നുണ്ട്). ഡോ. ടി.എൻ. സരസു,  പ്രിൻസപ്പാൾ ഗവ. വിക്റ്റോറിയ കോളേജ് പാലക്കാട് 2016 മാർച്ച് 31 ന് വിരമിക്കുമ്പോൾ SFI ഒരു ശവക്കുഴി തീർത്ത് അതിനു മുകളിൽ റീത്തും വച്ചത് കേരളത്തിലെ ജനം മറന്നു കാണില്ല.  അതിനു മുൻപ് എറണാകുളം മഹാരാജാസ് കോളേജിൽ പ്രിൻസിപ്പാളിന്റെ കസേര കത്തിച്ചു ഗുരുദക്ഷിണ നൽകിയതും നമ്മൾ കണ്ടു.

ഒരു ചാനൽ ചർച്ചയിൽ ഡോ. പുഷ്പ പറഞ്ഞു ഒരു പെൺകുട്ടിയെ കയറി പിടിച്ചതിനു രണ്ടു SFI ക്കാരെ സസ്‌പെൻഡ് ചെയ്തതാണ് വിരോധത്തിന് ഒരു കാരണം എന്ന്. അങ്ങിനെ ഒന്ന് തെളിയിക്കാം എങ്കിൽ അവർ പറയുന്ന എന്ത് പണിയും ചെയ്യാം എന്ന് SFI സംസ്ഥാന പ്രസിഡന്റ് വെല്ലുവിളിക്കു കയുണ്ടായി. പ്രിൻസിപ്പാൾ പറഞ്ഞു പെൺ  കുട്ടി എഴുതി കൊടുത്ത  പരാതി, SFI ക്കാർ എഴുതിക്കൊടുത്ത  മാപ്പ് ഇത് രണ്ടും കൈയിലുണ്ടെന്നു. 

 ഗുരുത്വമില്ലായ്മ ഇവരുടെ പാരമ്പര്യമാണ്. മൂത്ത സഖാക്കൾ കാണിക്കുന്നത് അനുകരിക്കുകയല്ലേ കുട്ടി സഖാക്കൾ ചെയ്യുന്നത്. പക്ഷെ  ഈ കുട്ടി സഖാക്കൾ ഒരു കാര്യം മനസ്സിലാക്കണം. ഈ മൂത്ത സഖാക്കളുടെ മക്കളാരും ഇങ്ങിനെ  ഗുരുത്വ ദോഷം കാണിച്ചു നടന്നിട്ടില്ല. അവർ പഠിച്ചു ജോലിയൊക്കെ കിട്ടി. കുട്ടി സഖാക്കൾ ഇങ്ങിനെ അധ്യാപകരെ തെറിയും വിളിച്ചു തേരാ പാരാ നടക്കും. 

2018, ഏപ്രിൽ 1, ഞായറാഴ്‌ച

ഹൃദയ സരസ്സിലെ






ശ്രീകുമാരൻ തമ്പി ക്കു ജെ.സി.ഡാനിയൽ പുരസ്കാരം കിട്ടി. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. വേണോ?  അഭിനന്ദനങ്ങൾ അസ്ഥാനത്തല്ലേ? ഈ പുരസ്കാരം പോലെ?  കവി, ഗാനരചയിതാവ്,സംഗീത സംവിധായകൻ, നോവലിസ്റ്റ്, കഥാകാരൻ,  തിരക്കഥാകൃത്ത്, നിർമാതാവ്, സംവിധായകൻ തുടങ്ങി സമസ്ത മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച ഒരു പ്രതിഭ. പത്തോളം കവിതാ സമാഹാരങ്ങൾ, നോവലുകൾ,  270 ചലച്ചിത്രങ്ങളിലായി മൂവായിരം ഗാനങ്ങൾ,  85   തിരക്കഥകൾ, 2 ചലച്ചിത്ര സംഗീത സംവിധാനം.25 സിനിമകളുടെ നിർമാണം, 30 സിനിമകളുടെ സംവിധാനം. സമസ്ത മേഖലകളിലും  വ്യക്തി മുദ്ര പതിപ്പിച്ച ഒരു അതുല്യ പ്രതിഭ. 

 അർഹിക്കുന്ന സ്ഥാനം അദ്ദേഹത്തിന് ലഭിച്ചില്ല എന്നതാണ് സത്യം. ചെറു പ്രായത്തിൽ തന്നെ സിനിമയിലെ പാട്ടെഴുത്തു തുടങ്ങിയത് കൊണ്ട് തിരിച്ചറിയപ്പെടാൻ കാലം എടുത്തു. പിന്നെ പുതു മുഖങ്ങളെ ഉയർത്താനോ അർഹിക്കുന്ന സ്ഥാനം നൽകാനോ മടിക്കുന്ന ഒരു മേഖല ആണല്ലോ സിനിമ. വയലാറും ഭാസ്കരനും ഒക്കെ കോടി കുത്തി വാഴുന്ന കാലം. മനോഹരങ്ങളായ ഗാനങ്ങളുമായാണ് ശ്രീകുമാരൻ തമ്പി എന്ന കവി സിനിമയിൽ രംഗപ്രവേശം ചെയ്തത്. സുഹൃത്ത് വയലാറിനെ ഉപേക്ഷിക്കാൻ മടിച്ച സംഗീത സംവിധായകൻ ദേവരാജൻ അത് കൊണ്ട് മാത്രം തമ്പിയുമായി   യോജിക്കാൻ, അദ്ദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് ഈണം പകരാൻ തയ്യാറായില്ല എന്നത് മറ്റൊരു സത്യം. 

അദ്ദേഹം ഞങ്ങളുടെ മാസിക സർഗഭാരതി  2016 ഓണപ്പതിപ്പിന്  നൽകിയ അഭിമുഖത്തിൽ നിന്നും ഉള്ള ചില ഭാഗങ്ങൾ. ഈ സന്ദർഭത്തിൽ പ്രസക്തമാണ്.





"കേരളത്തിനെ സംബന്ധിച്ചിടത്തോളമുള്ള  ഒരു പ്രശ്നം ഇവിടെ ഭരിക്കപ്പെടുന്ന പാർട്ടികളുടെ ആളിന് മാത്രമേ സ്ഥാനം കിട്ടുകയുള്ളൂ...ഞാൻ ഒരു പാർട്ടിയിലും  പെട്ട ആളല്ല....ഞാനിത്രയും കവിതകളെഴുതിയിട്ടും എന്റെ ഒരു കവിത പോലും ഒരു പാഠ പുസ്തകത്തിലും വന്നിട്ടില്ല. കാരണം,  തെരഞ്ഞെടുക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ ആൾക്കാർ ആയതു കൊണ്ടാണ്. എന്റെ കവിത മോഷ്ട്ടിച്ചെഴുതിയ ഒരാളുടെ കവിത പാഠ പുസ്തകത്തിൽ വന്നിട്ടുണ്ട്. ... എന്നെ ആരും കയറ്റി വിട്ടതല്ല. ഞാൻ കയറി വന്നതാണ്......ഞാൻ എഴുതിയ പല പാട്ടുകളും വയലാർ എഴുതിയ പാട്ടുകളായിട്ടാണ് അന്നത്തെ മുഖ്യ ധാര പത്രങ്ങൾ വരെ എഴുതിയത്.ഈ ചെറിയ പയ്യന് ഇങ്ങനെയൊന്നും എഴുതാൻ പറ്റില്ല എന്നാണു  അവരുടെ വിചാരം. ഞാനെഴുതിയ ആയിരത്തി ഒന്ന് പാട്ടുകളുടെ സമാഹാരമായ ഹൃദയസരസ്സിൽ എന്ന പുസ്തകവുമായി ഓട്ടോഗ്രാഫ് വാങ്ങാൻ ഓട്രാൾ വന്നു. അയാൾ പറഞ്ഞത് ഏതിൽ കുറച്ചു പാട്ടു വയലാറിന്റേതാണ് സാറേ എന്നാണ്. എന്റെ പുസ്തകത്തിൽ വയലാറിന്റെ പാട്ടുകളോ? ഈ കാലത്തും എന്റെ പല പാട്ടുകളും വയലാറിന്റെ പാട്ടുകളാണെന്നു വിശ്വസിച്ചു നടക്കുന്നവരുമുണ്ട്. .."

" എനിക്ക് കവിത പ്രാർത്ഥനയാണ്. എന്റെ ഓരോ കവിതകളും എന്റെ ഓരോ പ്രാർത്ഥനകളാണ്. പ്രാർത്ഥിക്കുന്ന അതേ വികാരത്തോടെയാണ് ഞാൻ കവിത എഴുതുന്നത്.എന്റെ രചനാ മേളയെന്നത് എന്റെ പ്രാർത്ഥനാ മേളയാണ്.............. ഞാനൊരു കർമ യോഗിയാണ്. 76 വയസ്സ് കഴിഞ്ഞിട്ടും ഞാനെന്റെ ജോലി തുടർന്നു കൊണ്ടേയിരിക്കുന്നു."

അതെ. അർഹിക്കുന്ന പ്രശസ്തിയും അംഗീകാരവും പുരസ്കാരവും ലഭിക്കാത്ത  ഒരു  പ്രതിഭ. പക്ഷെ ജന ഹൃദയങ്ങളിൽ എന്നും നിറഞ്ഞു നിൽക്കുന്ന പാട്ടുകളുടെ രചയിതാവ്.
സന്ധ്യക്കെന്തിനു സിന്ദൂരം, ചന്ദ്രികക്കെന്തിന് വൈഡൂര്യം
 എന്ന് എഴുതിയത്  പോലെ  
തമ്പിക്ക് എന്തിന് പുരസ്കാരം?

2018, മാർച്ച് 28, ബുധനാഴ്‌ച

മാൾ

മുഖ്യ മന്ത്രി, 5 മന്ത്രിമാർ, 7 എംഎൽഎ മാർ, സ്പീക്കർ, ഒരു എം.പി. ഇവരെല്ലാം വൈകുന്നേരം  ഒത്തു കൂടുന്നു. സമയമില്ലാത്തതിനാൽ ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്ന  മുഖ്യമന്ത്രി, അത് പോലെ തന്നെ തിരക്കുള്ള മന്ത്രിമാർ, തിരക്ക് കാരണം  നിയമസഭയിലെത്താൻ വിമാന യാത്ര അനുവദനീയമായ എംഎൽഎ മാർ. ഇവരൊക്കെയാണ് മണിക്കൂറുകൾ ഒന്നിച്ചു കൂടുന്നത്.


Image may contain: 16 people, including Ottasekharamangalam Vijayakumar, people smiling




 കേരളത്തിന്റെ നീറുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണോ? ആർക്കു നീറുന്നു? ജനങ്ങൾക്ക് അല്ലേ. നീറ്റൽ ഒക്കെ സഹിക്കണം. ജനാധിപത്യം അല്ലേ. തെരെഞ്ഞെടുത്തു വിട്ടു കഴിഞ്ഞാൽ ജന പ്രതിനിധികളുടെ ആട്ടും തൂപ്പും കൊണ്ട് കഴിയാൻ വിധിക്കപ്പെട്ടവരല്ലേ പൊതു ജനം. അങ്ങിനെ ജനകീയ പ്രശ്നം കൈകാര്യം ചെയ്യാനൊന്നും   അല്ല  ഇവർ ഒത്തു കൂടുന്നത്. ഒരു കട ഉദ്ഘാടനത്തിന്!  

ക്ലിഫ് ഹൗസിൽ നിന്നും പോലീസ് വാഹനങ്ങളുടെ അകമ്പടിയോടും ചെവി പൊട്ടുന്ന ഹൂട്ടർ വിളിയോടും കൂടി മുഖ്യ മന്ത്രിയുടെയും  മന്ത്രിമാരുടെയും കൊടി വച്ച ഇന്നോവ ക്രിസ്റ്റ കാറുകൾ പറക്കും, മാൾ ഓഫ് ട്രാവൻകൂർ ലക്ഷ്യമാക്കി. 

ആ കടയാണ് ഇന്ന് മുഖ്യ മന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. കട എന്ന് വച്ചാൽ സാദാ തട്ട് കട ഒന്നുമല്ല. മാൾ.  ആറര ലക്ഷം ചതുരശ്ര അടി വിസ്‌തീർണമുള്ള കട. 1000 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സ്ഥലം. 400 കോടി ചിലവിൽ. ഈ സംഭവത്തിന്റെ   ഉദ്ഘാടനത്തിനാണ് ഇത്രയും ജന പ്രതിനിധികൾ പങ്കെടുക്കുന്നത്.  മുതലാളി വിളിച്ചാൽ പോകാതിരിക്കാൻ പറ്റുമോ? നാടിന്റെ വികസനമല്ലേ മുതലാളിയുടെ ലക്ഷ്യം. അതേ ലക്ഷ്യം തന്നെയാണല്ലോ  ജന പ്രതിനിധി കളുടെയും. അങ്ങിനെ വികസനം എന്ന ലക്ഷ്യത്തിലേക്കു മുതലാളിക്കൊപ്പം സർക്കാരും ജന പ്രതിനിധികളും. 

2018, മാർച്ച് 23, വെള്ളിയാഴ്‌ച

ചുള്ളിക്കാട്

തന്റെ കവിതകൾ വിദ്യാലയങ്ങളിൽ പഠിപ്പിക്കരുത് എന്ന അപേക്ഷയുമായി ബാലചന്ദ്രൻ ചുള്ളിക്കാട്. കാരണം മലയാളം തെറ്റില്ലാതെ എഴുതാനും വായിക്കാനും പോലും അറിയാത്ത അദ്ധ്യാപകർ ആണ് ഇന്ന് ഭൂരിഭാഗവും.കോളേജുകളിൽ പോലും അത്തരത്തിൽ ഉള്ളവരാണ്. അതിന്റെ പ്രതിഷേധമാണ് ചുള്ളിക്കാട് തന്റെ കവിത പഠിപ്പിക്കേണ്ട എന്ന് പറയുന്നത്.





കവി  പറയുന്നത് ശരിയാണ്. അധ്യാപർക്കുള്ള  യോഗ്യതയായ ഡിഗ്രി ഉണ്ട്. അത് മതിയല്ലോ. ഇന്നത്തെ കാലത്ത് ഡിഗ്രി കിട്ടാൻ പഠിത്തമോ അക്ഷരാഭ്യാസമോ വേണ്ട താനും. ഡോക്റ്ററേറ്റ് ആണെങ്കിൽ അതിലുമെളുപ്പം. നെറ്റിൽ കയറിയാൽ ഇഷ്ട്ടം പോലെ പ്രബന്ധങ്ങൾ കിട്ടും.  അത്തരത്തിൽ മറ്റുള്ളവരുടെത് കോപ്പിയടിച്ച് ഒരു പ്രബന്ധം സംഘടിപ്പിക്കാം. അതാണ് നമ്മുടെ ഡോക്ടർമാർ ചെയ്യുന്നത്. ഒരു വൈസ് ചാൻസലർ വരെ കോപ്പി അടിച്ചതായി ആരോപണം ഉണ്ടായിരുന്നു. രാഷ്ട്രീയ സംരക്ഷണം കൊണ്ട് അതിൽ അന്വേഷണം നടന്നില്ല. കേരളത്തിലെ ഗവേഷണ പ്രബന്ധങ്ങളിലെ കോപ്പിയടിയെ കുറിച്ച് ഒരു പ്രബന്ധം അവതരിപ്പിച്ച് ഒരാൾക്ക് ഡോക്റ്ററേറ്റ് കിട്ടി എന്ന് പറയുമ്പോൾ മനസ്സിലാകുമല്ലോ കേരളത്തിലെ അദ്ധ്യാപകരുടെ കോപ്പിയടി എത്രയുണ്ടെന്ന്.  


രാഷ്ട്രീയമാണ് വില്ലൻ. രാഷ്ട്രീയക്കാരുടെ കാലു പിടിയ്ക്കുന്നവന് അർഹിക്കാത്ത പദവി നൽകും. യോഗ്യതയില്ലാത്ത വി.സി.യെ ഹൈക്കോടതി പുറത്താക്കിയത് അടുത്തിടെ ആണല്ലോ. കേരളത്തിലെ അദ്ധ്യാപകരുടെ പ്രധാന പരിപാടി രാഷ്ട്രീയം ആണ്. രാഷ്ട്രീയം മറച്ചു വച്ചുള്ള രാഷ്ട്രീയ സംഘടനയിൽ ചേരും. അതിന്റെ മറവിൽ ഫുൾ ടൈം രാഷ്ട്രീയ പ്രവർത്തനം. അതിനിടയിൽ പുസ്തകം വായിക്കാനും അക്ഷരം പഠിക്കാനും സമയമെവിടെ? സർക്കാർ ശമ്പളവും വാങ്ങി രാഷ്ട്രീയ പ്രവർത്തനം ! നമ്മുടെ വിദ്യാഭ്യാസ മന്ത്രി തന്നെ ഉദാഹരണം! കോളേജിൽ അദ്ധ്യാപകനായിരുന്ന കാലത്ത് തന്നെ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനം. ഒരു കറകളഞ്ഞ സഖാവ് അല്ലെങ്കിൽ പാർട്ടി മന്ത്രിയാക്കില്ലല്ലോ. ഇതൊക്കെയാണ് ഇവിടെ നടക്കുന്നത്. ബാലചന്ദ്രൻ ചുള്ളിക്കാട് ചെയ്തത് ശരി. എഴുത്തച്ഛനും കുഞ്ചൻ നമ്പ്യാരുമൊക്കെ ഭാഗ്യവാന്മാർ. ഇതൊക്കെ കാണാതെ രക്ഷ പെട്ടല്ലോ.

2018, മാർച്ച് 20, ചൊവ്വാഴ്ച

കർഷക സ്നേഹം.



ഭാരതം ഒരു കാർഷിക രാജ്യം ആണെന്ന് പണ്ട് നമ്മൾ പാഠ പുസ്തകത്തിൽ പഠിച്ചിട്ടുണ്ട്. അതായത് വ്യവസായം  അല്ല കൃഷിയാണ് പ്രധാനം. കാലം മാറി. ഇന്ന് കൃഷി ചെയ്യാനുള്ള ഭൂമിക്കും അവകാശത്തിനും വേണ്ടി കർഷകൻ സമരം ചെയ്യേണ്ട അവസ്ഥയാണ്  ഭാരതത്തിൽ. കർഷകന്റെ കൃഷി ഭൂമി മുഴുവനും രാഷ്ടീയക്കാരും ഭൂമാഫിയയും ചേർന്ന് കവർന്നെടുത്തു. കൃഷി ചെയ്തു കൊണ്ടിരുന്ന ഭൂമി. എല്ലാം വികസനത്തിന്റെ പേരിൽ.കൃഷിഭൂമി നികത്തി മോളുകളും വ്യവസായശാലകളും കെട്ടി പ്പൊക്കി. അരിയും ഗോതമ്പും  വയലിൽ നിന്നേ വരൂ ഫാക്ടറികളിൽ നിന്നല്ല എന്ന സാമാന്യ തത്വം പണത്തിന്റെ കിലുക്കത്തിലെ ഈ രാഷ്ട്രീയ ഭൂ- മാഫിയ സൗകര്യപൂർവം മറന്നു. 

Image may contain: 1 person, smiling, text



 മഹാരാഷ്ട്രയിൽ നടന്നത് ഒരു കർഷക സമരം ആയിരുന്നോ എന്നത് നോക്കേണ്ടി യിരിക്കുന്നു. കൂടുതലും ആദിവാസികൾ ആയിരുന്നു. അതിൽ പങ്കെടുത്ത 'അൺ പഠ് മാണുഷ്' ന് എന്തിനാണ് മുംബൈയിൽ വന്നതെന്ന് മനസ്സിലായിക്കാണില്ല. സ്വാമിനാഥൻ റിപ്പോർട്ട് എന്താണെന്നവർക്ക് എന്തറിയാം?എന്തോ കിട്ടും എന്ന് അവരെ ധരിപ്പിച്ചു. കൊടിയും തൊപ്പിയും വാങ്ങി ക്കൊടുത്ത കിസാൻ സഭ ആ പാവങ്ങൾക്ക് ഓരോ ജോഡി ചെരുപ്പ് വാങ്ങിക്കൊടുക്കാ ഞ്ഞത് മഹാ പാപം ആയിപ്പോയി. ചെരുപ്പ് ആര് കാണാൻ? കൊടിയും തൊപ്പിയും അല്ലേ പടത്തിൽ വരുന്നത്! ഓരോ കൊടിക്കു പകരം ഓരോ ജോഡി ചെരുപ്പ്. അപ്പോൾ പൊള്ളിയ കാലിന്റെ പടം പരസ്യമാക്കാൻ കഴിയില്ലല്ലോ. അപ്പോൾ അതും രാഷ്ട്രീയക്കാരുടെ ഒരു തട്ടിപ്പു ആയിരുന്നു. 

രാഷ്ട്രീയ ലക്ഷ്യം മാറ്റി വച്ചാൽ കർഷകരുടെ പ്രശ്നങ്ങൾ പൊതു ശ്രദ്ധയിൽ വന്നു എന്നത് വളരെ നല്ല കാര്യം. നാടിന്റെ വികസനത്തിന് ശാശ്വത പരിഹാരം കൃഷി മാത്രമാണെന്നുള്ള സന്ദേശം ജനങ്ങളിലെത്തണം. മൂന്നാറിലും വയനാടിലും ഒക്കെ ഭൂമിയും വനവും കൈയേറുകയും കൈയേറ്റ മാഫിയകൾക്ക് ഒത്താശ ചെയ്യുന്ന സി പി എമ്മിന് കർഷകന്റെ ഭാഗം വാദിക്കാൻ യാതൊരു അവകാശവുമില്ല. അവരുടെ ഭരണത്തിൽ കർഷക ആത്മഹത്യ കൂടി വരുന്നു എന്ന സത്യം നിലനിൽക്കുന്നു. നന്ദിഗ്രാം നാം കണ്ടതുമാണ്. ഏപ്രിൽ 4 ന് കർഷക കോൺഗ്രസ് സെക്രട്ടറിയേറ്റ് ഉപരോധിക്കുന്നു. കേരളത്തിലെ കർഷകർക്ക് വേണ്ടി. കാർഷിക കടം എഴുതിത്തള്ളാനും മറ്റും. അതിനെ പിന്തുണക്കുമോ കർഷക സ്നേഹികളായ സി പിഎം? മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ് ണാവിസിനെ പ്പോലെ അന്തസായി പെരുമാറുമോ അതോ പോലീസിനെ കൊണ്ട് തല്ലിച്ചതയ്ക്കുമോ കേരള മുഖ്യമന്ത്രി വിജയൻ?

2018, മാർച്ച് 9, വെള്ളിയാഴ്‌ച

നീതി

ആയുധം എവിടെ എന്ന് ഹൈക്കോടതി ചോദിക്കുന്നു. 24 മണിക്കൂറിനകം രണ്ട് വാള് പോലീസ് കണ്ടെടുക്കുന്നു. ഷൂ ഹൈബിന്റെ കൊലപാതകം നടന്ന് 16 ദിവസം കഴിഞ്ഞിട്ടും കണ്ടെടുക്കാൻ കഴിയാത്ത ആയുധം കോടതി പറഞ്ഞ് 16 മണിക്കൂറിനകം പുറത്തു വരുന്നു! ഇതിനർത്ഥം കോടതിയെ സി പി എം പേടിക്കുന്നു. കാരണം കോടതി വളരെ ശക്തമായി ഇടപെടുന്നു എന്നത് തന്നെ. 37 വെട്ടുകൾ ഏറ്റ ഷൂഹൈബിന്റെ ശരീരത്തിന്റെ ഫോട്ടോ കാണിച്ച് ഇതാണോ ചെയ്തത് എന്ന് ചോദിക്കുന്നു. സെൽഫി എടുക്കാൻ വന്ന വിദ്യാർത്ഥിയെ തട്ടി മാറ്റിയ മുഖ്യമന്ത്രി ആണോ പ്രതികളുമായി ഫോട്ടോ സെഷൻ? ഇങ്ങിനെ ശക്തമായ ഒരു കോടതി ആണ് നമുക്ക് വേണ്ടത്. കൊലപാതകങ്ങൾ ക്ക് ഒരു അവസാനം ഉണ്ടാകാൻ. പക്ഷേ പലപ്പോഴും ഇത്തരം ഗൗരവമായ ഒരു സമീപനം കോടതി എടുക്കുന്നതായി കാണുന്നില്ല. കിട്ടിയ തെളിവുകളുടെ വെളിച്ചത്തിൽ വിധി പ്രസ്താവം നടത്തുകയാണ്. തെളിവുകൾ നശിക്കപ്പെട്ടോ, മുഴുവൻ തെളിവുകളും എടുത്തോ എന്നൊന്നും കാണുന്നില്ല. സർക്കാർ പ്രോസിക്യുഷൻ ആകുന്ന കേസുകളിൽ പ്രത്യേകിച്ച്. ഇതിനൊരു മാറ്റം നമുക്ക് പ്രതീക്ഷിക്കാം.




ഷൂഹൈബ്‌ വധത്തിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സർക്കാരും പോലീസും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും തടയാൻ പറ്റാതെ വന്ന ഉത്തരവ്. ഹൈക്കോടതിക്കു അധികാര പരിധി ഇല്ലെന്ന വാദം പോലും അവസാനം ഉയർത്തി. ഇത് വരെയുള്ള അന്വേഷണത്തിലുള്ള വീഴ്ചകളെല്ലാം കൃത്യമായി ചൂണ്ടിക്കാണിച്ചാണ് ഉത്തരവ്. ഇത്തരത്തിൽ അന്വേഷണം പോയാൽ എങ്ങുമെത്തില്ല എന്ന് കാര്യകാരണ സഹിതം പറഞ്ഞാണ് സിബിഐ യെ കൊണ്ട് വന്നത്. കൊല നടന്നു മൂന്നാഴ്ചയ്ക്കകം സിബിഐ അന്വേഷണം നടത്തുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട് ഈ കേസിൽ. സാധാരണ ഗതിയിൽ പോലീസും പ്രതികളും പാർട്ടിയും കൂടി തെളിവുകളെല്ലാം പൂർണമായും നശിപ്പിച്ചു, പല വർഷങ്ങൾ കഴിഞ്ഞു ഒരു തരി തെളിവ് പോലും ദൈവം തമ്പുരാൻ വിചാരിച്ചാലും കണ്ടെടുക്കാൻ കഴിയാത്ത ഒരു സ്റ്റേജിൽ ആണ് സിബിഐ അന്വേഷണം വരുന്നത്. അത് കൊണ്ട് ശരിയായ പ്രതികളെല്ലാം രക്ഷപ്പെടുന്നു. പാർട്ടി കൊടുക്കുന്ന ഡമ്മി പ്രതികൾ പലരും തെളിവില്ലാത്തതു കൊണ്ട് രക്ഷപ്പെടുകയും ചെയ്യുന്നു. മുഹമ്മദ് ഫസൽ, അരിയിൽ ഷുക്കൂർ, കതിരൂർ മനോജ് വധക്കേസുകൾ സിബിഐ അന്വേഷിക്കുന്നുണ്ട്. ഇതെല്ലാം കൊലപാതകം നടന്നു വർഷങ്ങൾ കഴിഞ്ഞാണ് സിബിഐ യെ ഏൽപ്പിക്കുന്നത്. അത് കൊണ്ട് തന്നെ തെളിവുകൾ വലുതായൊന്നും അവശേഷിക്കുന്നില്ല. അഭയ കൊലക്കേസ് എത്ര വർഷങ്ങൾ കഴിഞ്ഞാണ് സിബിഐ ക്കു വിട്ടത്. ഇത്രയും കാല താമസം വരുമ്പോൾ തെളിവുകൾ നശിപ്പിക്കാൻ ഇഷ്ട്ടം പോലെ സമയം കിട്ടുന്നു. ഇവിടെ ഷൂഹൈബ്‌ കോല ചെയ്യപ്പെട്ടിട്ട് മൂന്നാഴ്ച മാത്രമേ ആയുള്ളൂ. അത് കൊണ്ട് തെളിവുകൾ പൂർണമായും നശിക്കപ്പെട്ടില്ല. അതിനാൽ സിബിഐ ക്കു ശരിയായി പ്രതികളെയും ഗൂഡാലചോനക്കാരെയും കണ്ടെത്താൻ കഴിയും. ഇവിടെയാണ് ജസ്റ്റീസ് കമാൽ പാഷയുടെ വിധി പ്രസക്തമാകുന്നത്. ഒരു ട്രെൻഡ് സെറ്റർ ആകേണ്ടത്. ഒരു മാസത്തിനകം തെളിവ് ശേഖരിക്കാൻ പൊലീസിന് കഴിയുന്നില്ലെങ്കിൽ, മനഃപൂർവം കേസ് തെളിയിക്കാതിരിക്കുക യാണെങ്കിൽ ഹൈക്കോടതി ആ കേസുകൾ സിബിഐ ക്കു വിടണം. എങ്കിൽ മാത്രമേ ജസ്റ്റീസ് കമാൽ പാഷ പറഞ്ഞത് പോലെ ഇവിടത്തെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ഒരു അറുതി വരൂ. 

2018, മാർച്ച് 8, വ്യാഴാഴ്‌ച

കാനോൻ നിയമം





മാർ ആലഞ്ചേരിക്ക് ഇൻഡ്യൻ നിയമം ബാധകമല്ലെന്ന് അങ്ങേര് ഹൈക്കോടതിയിൽ! പോപ്പിന്റെ നിയമം മാത്രമാണ് ബാധകമെന്ന്! വസ്തു വിൽപ്പനക്കേസിൽ പിടി വീണപ്പോഴാണ് ഈ വാദം! എങ്ങിനെയുണ്ട്? ഇതാണ് ഭാരതത്തിലെ ഇന്നത്തെ സ്ഥിതി. ഒരു ഭാരത പൗരൻ ഇൻഡ്യൻ ഭരണഘടന അനുസരിക്കാൻ ബാധ്യസ്ഥനല്ലെന്ന് കോടതിയിൽ വാദിക്കുന്നു! ഭാരതത്തിൽ ജനിച്ച് ഇവിടത്തെ ഉപ്പും ചോറും തിന്ന് ഇവിടത്തെ മണ്ണിൽ കഴിയുന്ന ഒരാൾക്ക് ഇറ്റാലിയൻ നിയമമത്രെ ബാധകം. ഭാരതത്തിലെ ജനങ്ങളുടെ പണം കൊണ്ട് ഇവിടെ ആസ്വദിച്ച് കഴിയുന്ന ആലഞ്ചേരിക്ക് ഇന്ത്യൻ നിയമം വേണ്ടെന്ന്. ഇനി ബിഷപ്പ് ഹൗസും സ്വത്തു വകയും പള്ളികളും വത്തിക്കാന്റെ സാമന്ത രാജ്യമായി പ്രഖ്യാപിക്കേണ്ടി വരുമോ? വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ദുരന്ത ഫലമാണിത്. കൂടുതൽ ആളുകൾ ഇത്തരം വാദവുമായി ഇനി വരും എന്ന് പ്രതീക്ഷിക്കാം.

സഭ, കാനോൻ നിയമം,വത്തിക്കാൻ എന്നൊക്കെ പ്പറഞ്ഞ് കോടതിയെ പേടിപ്പിക്കാനുള്ള ആലഞ്ചേരിയുടെയും കൂട്ടു കള്ളന്മാരുടെയും ശ്രമങ്ങളെല്ലാം പാഴായി. മാർ ആലഞ്ചേരി ഒരു സാധാരണ ഇൻഡ്യൻ പൗരനെ പോലെ നിയമത്തിന്റെ വഴിക്കു വരണമെന്ന് ഹൈക്കോടതി വിധി പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ ക്രിമിനൽ കേസ് എടുക്കാൻ മടിച്ചു നിന്ന പോലീസിനെയും കോടതി വിമർശിച്ചു. വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങൾക്ക് ക്രിമിനൽ കേസ് എടുക്കുവാൻ ഉത്തരവിട്ടു. ഇനി കേസും അന്വേഷണവും എങ്ങിനെ പോകുന്നുവെന്ന് നോക്കി ക്കാണാം. പിണറായി പോലീസ് അല്ലേ! ജസ്റ്റീസ് കമാൽ പാഷയെ പോലുള്ള ജഡ്ജിമാരാണ് ഇൻഡ്യൻ നീതി പീഠത്തിന്റെ അന്തസ് കാക്കുന്നത്.

2018, മാർച്ച് 2, വെള്ളിയാഴ്‌ച

കൊലപാതകം






ഒരു ആദിവാസി യുവാവിനെ തല്ലിക്കൊന്നു. പരിഷ്‌കൃത സമൂഹം എന്നഭിമാനിക്കുന്ന ഞാനും നിങ്ങളും അടങ്ങുന്ന സമൂഹം. മധു എന്ന ആ പാവം യുവാവിൽ ആരോപിക്കപ്പെട്ട കുറ്റം എന്താണെന്നോ? അയാൾ ആഹാരം മോഷ്ടിച്ചു. ഇനി അത് ശരിയാണെന്ന് തന്നെ ഇരിക്കട്ടെ. കോടികൾ ആണോ മോഷ്ടിച്ചത്? സ്വർണവും വജ്രവും ആണോ മോഷ്ടിച്ചത്? ഒന്നുമല്ല. ഒരു നേരത്തെ വിശപ്പകറ്റാനുള്ള ആഹാരം. അത് കൊടുക്കാൻ ബാധ്യസ്ഥരായ നമ്മൾ കൊടുക്കുന്നതിനു പകരം അവനെ തല്ലിക്കൊന്നു. കാട് അവന്റേതാണ്. കാട് നശിപ്പിച്ചു നമ്മൾ അവനെ അവിടെ നിന്നും ഇറക്കി വിട്ടു. പകരം അവനു ഭക്ഷണം കഴിക്കാൻ ഒരു വഴി പറഞ്ഞു കൊടുത്തില്ല. അവൻ വിശന്നു വലഞ്ഞു. കഴിക്കാൻ അൽപ്പം ആഹാരം എടുത്തു. നമ്മളിലെ നീതി ബോധം ഉണർന്നു. കൊന്നു അവനെ. എന്നിട്ടു അതിന്റെ സെൽഫിയും വീഡിയോയും എടുത്തു സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിച്ചു നമ്മൾ ആഹ്ലാദിച്ചു.  ഈ യുവാവ് എങ്ങിനെ ഈ സ്ഥിതിയിൽ എത്തിച്ചേർന്നു എന്ന് നമ്മൾ നോക്കിയോ? ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനു കോടിക്കണക്കിനു രൂപയാണ് കേന്ദ്ര സർക്കാരിന്റെ വകയായി ഓരോ വർഷവും നൽകുന്നത്. അത് എവിടെ പോകുന്നു? നമ്മുടെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മോഷ്ടിക്കുന്നു. എന്നിട്ടു മധുവിനെ പോലെയുള്ള ആദിവാസികളെ പട്ടിണിക്കിടുന്നു. എന്നിട്ടു അവനെ തല്ലിക്കൊല്ലുന്നു. സാക്ഷര കേരളം.

2018, ഫെബ്രുവരി 22, വ്യാഴാഴ്‌ച

നഴ്‌സുമാർ

പാവം നഴ്‌സുമാർ. ചേർത്തല കെ.ഇ.എം ആശുപത്രിയിലെ നഴ്‌സുമാർ 180 ദിവസമായി സമരത്തിലാണ്. സർക്കാർ അംഗീകരിച്ച മിനിമം വേതനം കിട്ടാൻ വേണ്ടിയാണ് അവർ സമരം നടത്തുന്നത്. ഇത്രയൂം ദിവസം ആയിട്ടും സർക്കാർ ഇതിൽ ഇടപെട്ടിട്ടില്ല. അനിശ്ചിത കാല നിരാഹാര സമരവുമായി നേതാവ് സുജനപാൽ അവിടെ കിടക്കുകയാണ്. ഈ സമരത്തിന് പിന്തുണയുമായി കേരളത്തിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാർ പണി മുടക്കി കെ ഇ എം ആശുപതിയുടെ മുൻപിൽ സമരം ചെയ്തു. ഏതാണ്ട് 50,000 നഴ്‌സുമാർ. എന്നിട്ടും സർക്കാർ ഭാഗത്തു നിന്നും യാതൊരു അനക്കവുമില്ല.

 തുശ്ചമായ വേതനത്തിലാണ് നഴ്‌സുമാർ ജോലി ചെയ്യുന്നത്. അത്രയും മാതമേ മാനേജ്‌മെന്റ് കൊടുക്കുകയുള്ളൂ. മറ്റു മാര്ഗങ്ങളില്ലാതെ പാവം നഴ്‌സുമാർ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു. ഇവരുടെ സമരം പരിഹരിക്കാൻ സർക്കാരിന് ബാധ്യതയില്ലേ? അവർ രാജ്യ ദ്രോഹികളൊന്നും അല്ലല്ലോ. കേരളത്തിലെ ആരോഗ്യ മേഖലയുടെ 65% സ്വകാര്യ ആശുപത്രികൾ ആണ്. അത്രയും നഴ്‌സുമാർ സ്വകാര്യ മേഖലയിൽ ആണ് കുറഞ്ഞ ശമ്പളത്തിൽ. അവരെ ചർച്ചയ്ക്കു വിളിക്കുക, ആശുപത്രി അധികൃതരെ വിളിക്കുക ഇതൊന്നും ചെയ്യാൻ കഴിയില്ലേ? ആരോഗ്യ മന്ത്രിയുടെ 28000 ത്തിന്റെ കണ്ണടയിൽ കൂടി നോക്കിയിട്ടൂ നഴ്‌സുമാരെ കാണാൻ കഴിയുന്നില്ലേ? എല്ലാം ശരിയാക്കും എന് പറഞ്ഞ എൽഡിഫ് ഒന്നൊന്നായി ശരിയാക്കി വരുന്നു.

2018, ഫെബ്രുവരി 14, ബുധനാഴ്‌ച

വാലെന്റൈൻ ഡേ

ആദ്യത്തെ പ്രണയം എന്നും ഓർമയിൽ പച്ച പിടിച്ച് നിൽക്കും. കാമുകന്റെയും കാമുകിയുടെയും മനസിൽ. എനിക്കുമുണ്ട് ഒരോർമ.   പള്ളിക്കൂടത്തിൽ വച്ചാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ. ആ വർഷം പുതിയ ഒരു പെൺകുട്ടി മറ്റേതോ സ്കൂളിൽ നിന്നും പത്താം ക്ലാസിൽ വന്നു ചേർന്നു. അവിടത്തെ ഒരു ടീച്ചറുടെ ബന്ധു. അവരുടെ വീട്ടിൽ നിന്ന് പഠിക്കാൻ. കാണാൻ കൊള്ളാം. ഒരു കൊച്ചു സുന്ദരി. വേറെ ഡിവിഷനിലാ. എല്ലാ ആൺ പിള്ളേരും സ്വാഭാവികമായി ആ സുന്ദരിയുടെ ശ്രദ്ധ കിട്ടാൻ നടന്നു. പല തവണ  സാഹചര്യങ്ങൾ ഉണ്ടാക്കി അവൾ എന്നോട് സംസാരിച്ചു. പല തവണ. ഞാനും സംസാരിച്ചു. ചെറിയ ചെറിയ കാര്യങ്ങൾ. അതിനപ്പുറമൊന്നും അതിൽ കടന്നു വന്നില്ല. സ്കൂളിൽ കലാ മത്സരം നടക്കുന്നു. ചിത്ര രചനാ മത്സരം. ഒരു ക്ലാസ് മുറിയിൽ എല്ലാവരും ഒന്നിച്ച്. ഇടക്ക് അവളുടെ ചായം തീർന്നു. അവള് നേരെ എന്റടുത്തേക്ക്. "എന്റെ കളർ തീർന്നു, ഒന്നു തരുമോ ". എടുത്തോളൂ. അവൾ നല്ലൊരു ചിത്രം വരച്ചു കാണും. ഫലം വന്നു. ഒന്നാം സമ്മാനം എനിക്ക്. രണ്ടാം സമ്മാനം അവൾക്ക്. 




ക്ലാസ് പരീക്ഷാ ഫലം വന്നു. രണ്ടു പേരും ജയിച്ചു. കോളേജ് പ്രവേശനത്തിന് കാത്തുനിൽക്കുന്ന കാലം. ഒരിയ്ക്കൽ അവളെ വഴിയിൽ വച്ചു കണ്ടു.  വഴിയെന്ന് പറഞ്ഞാൽ   അവളുടെ വീട്ടിലേക്ക് പോകുന്ന ഒരു നടപ്പാത. നാട്ടു വഴി. വിജനം. കുറെ നേരം സംസാരിച്ചു. കോളേജിൽ ചേരുന്ന കാര്യവും തിരിച്ച് ദൂരെയുള്ള സ്വന്തം വീട്ടിലേക്ക് പോകുന്ന കാര്യവും. ഏറെ നേരം മറ്റു വിശേഷങ്ങളും സംസാരിച്ചു നിന്നു. പിരിയുന്നതിന് മുൻപ് അവൾ പറഞ്ഞു. ''എനിക്ക് ഇഷ്ടമായിരുന്നു. വല്യ ഇഷ്ടമായിരുന്നു " . ഞാൻ മൗനമായി. ഒരിട വേളക്ക് ശേഷം അവൾ ചോദിച്ചു. "എന്നെ ഇഷ്ടമല്ലേ?" ഞാനാകെ സ്തംബ്ധനായി നിന്നു. അതെയെന്നോ   ഇല്ലെന്നോ പറഞ്ഞില്ല. ഞാൻ  അവളുടെ കൈ പിടിച്ച് ചെറുതായൊന്ന് അമർത്തി.രണ്ടു പേരുടെയും കണ്ണുകൾ നനഞ്ഞു. ഞങ്ങൾ പിരിഞ്ഞു. ആനിമിഷമാണ് ഞാനറിഞ്ഞത് അവൾ എന്നെ പ്രേമിച്ചിരുന്നു എന്ന്. അങ്ങിനെ ഞാനറിയാതെ പോയഎന്റെ ആദ്യ പ്രണയം. ഇന്നും ഒരു നനുത്ത വേദനയായി മനസ്സിൽ നിൽക്കുന്നു. 

(വാലന്റൈൻ ഡേ  പ്രമാണിച്ചുള്ള ഒരു കഥ)

2018, ഫെബ്രുവരി 11, ഞായറാഴ്‌ച

പദ്‌മശ്രീ

Image may contain: 1 person, text





 ഇത്രയും നിലവാരമില്ലാത്തവർ മന്ത്രി ആകരുത്. അല്ല  അങ്ങിനെ നോക്കിയാൽ സിപിഎം ആകെ കുഴയും. പാർട്ടിക്ക് പുറത്തു നിന്നും ആളെ എടുക്കേണ്ടി വരും. ഇവിടെ  മന്ത്രി എ.കെ.   ബാലന്റെ കാര്യം തന്നെയാണ് പറഞ്ഞത്. സാംസ്കാരിക മന്ത്രി. നല്ല സംസ്കാരം തന്നെ. ഭാരതത്തിന്റെ പദ്മ പുരസ്‌കാര ജേതാക്കളെ മന്ത്രി അധിക്ഷേപിച്ചിരിക്കുന്നു. അതും ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നൊക്കെ ഇവർ തന്നെ വിശേഷിപ്പിക്കുന്ന നിയമ സഭയിൽ. 'കഴിഞ്ഞ തവണ കളരിപ്പയറ്റിനു നൽകി, ഇപ്രാവശ്യം ആദിവാസ    ചികിത്സയ്ക്ക് നൽകി. ഇനി മന്ത്രവാദത്തിനു നൽകുമായിരിക്കാം'. ഇതാണ് കേരള നിയമസഭയിൽ  മന്ത്രി പറഞ്ഞത്. 

 പദ്മശ്രീ പുരസ്കാരം നേടിയ ആദിവാസി ചികിത്സകയായ ശ്രീമതി ലക്ഷ്മിക്കുട്ടി അമ്മയെ കളിയാക്കിക്കൊണ്ടാണ് മന്ത്രി ഈ പ്രസ്താവന നടത്തിയത്. ജനം തെരെഞ്ഞെടുത്തു വിട്ട 140 എം.എൽ.എ. മാരും ഈ അധിക്ഷേപം കേട്ട് കൊണ്ട് മിണ്ടാതെ ഇരുന്നു. ഇത് കാണിക്കുന്നത്ഇവരുടെ   പാവങ്ങളോടുള്ള മനോഭാവമാണ്. ആദിവാസികളോടുള്ള സമീപനമാണ്. നാട്ടറിവിനോടും നമ്മുടെ സംസ്കാരത്തോടും ഉള്ള സമീപനമാണ്. പട്ടിക ജാതി പട്ടിക വർഗ പിന്നോക്ക വിഭാഗ ക്ഷേമ  മന്ത്രി ആണ്. എന്നിട്ടും ഒരു ആദിവാസിയെ നിയമ സഭയിൽ പരസ്യമായി അധിക്ഷേപിക്കാൻ അദ്ദേഹത്തിന് ഒരു ഉളുപ്പും  ഉണ്ടായില്ല. ഒരു ആദിവാസിക്ക് പദ്മ പുരസ്കാരം കിട്ടിയതിനു അഭിമാനിക്കുകയല്ലേ മന്ത്രി ചെയ്യേണ്ടി ഇരുന്നത്? അതിനു പകരം ഒരു പുരസ്‌കാര ജേതാവിനെ അപമാനിക്കുകയാണ് ചെയ്തത്. 
    
സ്വന്തം പ്രാഞ്ചിയേട്ടന്മാർക്കു പുരസ്കാരങ്ങൾ കിട്ടാതെ പോയ ദ്വേഷ്യത്തിലാണ് മന്ത്രി ഇതൊക്കെ പറഞ്ഞത്. ജ്യോതിഷത്തിനും കൈനോട്ടത്തിനും വരെ കേന്ദ്രം പദ്മശ്രീ നൽകിയേക്കും എന്നും കൈനോട്ടമാണെങ്കിൽ സ്വന്തം പേര് കൊടുക്കും എന്നും കൂടി മന്ത്രി പറഞ്ഞു. കൈ നോട്ടത്തിനല്ല മറ്റു ചിലതിനാണ് മന്ത്രിക്കു പദ്മശ്രീ നൽകേണ്ടത്.


2018, ജനുവരി 29, തിങ്കളാഴ്‌ച

വാട്സാപ്പ്

അറിവ് ഒരു മഹാ സാഗരം. സംഗീതം ഒരു സാഗരം ആണെന്നും പാട്ടുകാരൊക്കെ കടാപ്പുറത്ത് മുത്തുച്ചിപ്പി പറക്കി നടക്കുന്ന കൊച്ചു കുട്ടികളാണെന്നും യേശുദാസ് പറഞ്ഞിട്ടുണ്ട്. സംഗീതമെന്ന സാഗരം തേടി അലഞ്ഞിട്ടുണ്ട് എന്ന് മോഹൻലാലും പറയുന്നുണ്ട്. പാട്ട് പഠിക്കാനായി പുള്ളി സിംഹത്തിന്റെ മടയിൽ ചെന്നു കയറിയ സിനിമയിൽ. സംഗീതം സാഗരമാണെങ്കിൽ അതിലും വലിയ സാഗരം ആയിരിക്കുമല്ലോ അറിവ്. അറിവെന്ന മഹാ സാഗരത്തിൽ നമ്മൾ കൊച്ചു കുട്ടികൾ പോലുമല്ല, വെറും നെത്തോലികൾ. അൽപ്പ ജ്ഞാനികൾ.പക്ഷേ അറിവിന്റെ ഭണ്ഡാഗാരങ്ങൾ കുറേശെയായി അടുത്ത കാലത്തായി നമ്മുടെ മുന്നിൽ  തുറന്നു കിട്ടുന്നുണ്ട്. നവയുഗത്തിന്റെ വരദാനമായ വാട്ട്സാപ്പ് ആണ്  നമുക്ക് തുറന്നു തരുന്നത്.  എന്തൊക്കെ അറിവുകൾ. എന്തൊക്കെ കാഴ്ചകൾ. ഈ പ്രപഞ്ചം എത്ര വിചിത്രം! 

ഒരുദാഹരണം നോക്കൂ. അവിയലും തോരനും സാമ്പാറുമൊക്കെ വയ്ക്കുന്ന പച്ചക്കറിയിൽ തമിഴൻ നമുക്കു   തളിച്ച് തരുന്ന മാരക വിഷത്തെ കുറിച്ച് നമുക്ക് അറിയില്ലായിരുന്നല്ലോ.വാട്ട് സാപ്പിലല്ലേ വിഷം മുക്കുന്ന പടങ്ങൾ ഉൾപ്പടെ വിവരങ്ങൾ നമ്മളറിഞ്ഞത്. പക്ഷെ ആ അറിവ് നമ്മളെ വല്ലാതെ വിഷമിപ്പിച്ചു. സാമ്പാറും വേണം പക്ഷേ വിഷം പാടില്ല താനും. അങ്ങിനെ വിഷ സാമ്പാർ വിഷമിച്ച് കഴിച്ചു കൊണ്ടിരുന്ന കാലഘട്ടത്തിലാണ് ദൈവത്തിന്റെ അവതാര മായ വാട്ട്സാപ്പ് ഒരു പരിഹാരവുമായി വന്നത്. ഒരു മാജിക്കൽ റമഡി. മഞ്ഞൾ! മലക്കറി മഞ്ഞൾ ലായനിയിൽ മുക്കി വയ്ക്കുക! വിഷം gone! നല്ല സ്വയമ്പൻ ജൈവ പച്ചക്കറി റഡി. മഞ്ഞളിലെ കർക്കുമിൻ  വിഷം മുഴുവൻ മാറ്റുമത്രേ! അങ്ങിനെ വിഷ രഹിത പച്ചക്കറി കഴിച്ച് സന്തോഷത്തോടെ കഴിയുമ്പോഴാണ് വാട്ട്സാപ്പ് വീണ്ടും വരുന്നത്. ഇടിത്തീ പോലെ. സന്തോഷം സങ്കടമായി. വിഷം കളയുന്ന മഞ്ഞൾപ്പൊടിയിൽ വിഷം! മാർക്കറ്റിൽ കിട്ടുന്ന മഞ്ഞൾ പൊടിയിൽ മായം ചേർക്കുന്നത് ഏതോ മാരക വിഷം! വിഷത്തെ വിഷം കൊണ്ട് കഴുകിയാൽ? അത് കൊണ്ട് മഞ്ഞൾ കൊണ്ട് പച്ചക്കറി കഴുകുന്നത് നിർത്തി. തമിഴന്റെ വിഷം തന്നെ  കഴിച്ചു കൊണ്ടിരിക്കുന്നു.

 അങ്ങിനെ ഇരിക്കുമ്പോഴാണ് മറ്റൊരു ആരോഗ്യ ടിപ്പുമായി വാട്സാപ്പ് വരുന്നത്. മാരകമായ വൈറസും ബാക്ടീരിയയും നമ്മുടെ വീട്ടിൽ ഉണ്ടാകുന്നു.നമ്മുടെ അശ്രദ്ധ കൊണ്ട്. എല്ലാ വീടുകളിലും യൂറോപ്യൻ ക്ളോസറ്റ്കൾ ആണല്ലോ. അവ ഫ്ലെഷ്‌ ചെയ്യുമ്പോൾ മലിന ജലം ബാക്ടീരിയ സഹിതം പുറത്തേയ്ക്കു തെറിച്ചു വീഴുന്നു. നമ്മുടെ ശുചി മുറി ആകെ അത് പടരുന്നു. കണക്കനുസരിച്ചു ശുചി  മുറിയുടെ 62 ശതമാനം സ്ഥലത്തു ബാക്ടീരിയ പടരുന്നു.! OMG ! വീഡിയോ സഹിതമാണ് നമ്മെ കാണിച്ചു തരുന്നത്. എത്ര ഭയാനകം.  നമ്മുടെ ശ്രദ്ധക്കുറവ് കൊണ്ടാണിത് സംഭവിക്കുന്നത്. ഇതെങ്ങിനെ തടയാം?  പ്രതിവിധി വാട്സാപ്പ് പറയുന്നുണ്ട്.  ക്ളോസറ്റിനു  അടപ്പുണ്ടല്ലോ. ഫ്ലഷ് ചെയ്യുമ്പോൾ അടപ്പു അടച്ചു വയ്ക്കുക. പ്രശ്നം തീർന്നു. എത്ര സിംപിൾ  കാര്യമാണ് നമ്മൾ ശ്രദ്ധിക്കാതെ പോയത്. അങ്ങിനെ വാട്സാപ്പ് പറഞ്ഞത് പോലെ ബാക്ടീരിയകളെ ക്ളോസറ്റിൽ തന്നെ നിർത്തി അവിടന്ന് ഡ്രൈനേജിൽ എത്തിച്ചു ശുചി മുറി ബാക്ടീരിയ ഫ്രീ ആയി സൂക്ഷിച്ചു സന്തോഷമായി കഴിയുന്ന നാളുകളിലാണ് ഒരു സംശയം മനസ്സിൽ ഉദിച്ചത്. ക്ളോസറ്റ് അടച്ചു ഫ്ലഷ് ചെയ്യുമ്പോൾ പുറത്തോട്ടു ശക്തിയായി വരുന്ന ജല കണങ്ങളും ബാക്ടീരിയയും ക്ളോസറ്റിന്റെ അടപ്പിൽ പറ്റിപ്പിടിച്ചു ഇരിക്കില്ലേ? തീർച്ചയായും.  അത് കഴുകി ക്കളയണ്ടേ? അടപ്പിൽ വെള്ളമൊഴിച്ചു കഴുകുന്നു. അപ്പോൾ ആ ബാക്ടീരിയ ശുചി മുറി ആകെ പടരുന്നു. പണ്ട് 62 ശതമാനം ആയിരുന്നുവെങ്കിൽ ഇപ്പോഴത് 100 ശതമാനം ആയിക്കാണും! അടച്ചില്ലെങ്കിൽ 62  അടച്ചാൽ 100. ആകെ പെട്ടു. ഇനി ഒരു പ്രതിവിധിയുമായി വാട്ട്സ്ആപ്പ് വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

2018, ജനുവരി 28, ഞായറാഴ്‌ച

13 കോടി

ജനങ്ങളെ അഭിമുഖീകരിക്കുന്നത്  സിപിഎമ്മിന് അത്ര എളുപ്പം അല്ലാതായി മാറിക്കൊണ്ടിരിക്കുന്നു. ജനത്തിന് എല്ലാം മനസ്സിലായല്ലോ.  ബിനോയ്  കോടിയേരിയുടെ 13 കോടി പണം തട്ടിപ്പ് പുറത്തു വന്നപ്പോൾ  പാർട്ടിക്കാര്യം അല്ല, അവർ ഉത്തരവാദിയല്ല എന്ന് പോളിറ്റ് ബ്യൂറോയും നേതാക്കളും പറഞ്ഞു. ശരി.  മകന്റെ കാര്യം അവൻ നോക്കട്ടെ എന്ന്  കോടിയേരിയും പറഞ്ഞു. രണ്ടും   സമ്മതിച്ചു. പക്ഷെ പെട്ടെന്ന് പാർട്ടി സ്റ്റേറ്റ് കമ്മിറ്റി കൂടുന്നു. ഒരു ദിവസം മുഴുവൻ ചർച്ച ചെയ്യുന്നു. മകൻ സ്വയം നോക്കട്ടെ എന്ന് പറഞ്ഞ അച്ഛൻ ദുബായിൽ നിന്നും വരുത്തിയ സൽസ്വഭാവ സർട്ടിഫിക്കറ്റ് സഹിതം പാർട്ടിക്ക്  വിശദീകരണം  നൽകുന്നു. അവസാനം  ദുബായ് പോലീസിനെ പോലെ സിപിഎമ്മും ഒരു സൽസ്വഭാവ സർട്ടിഫിക്കറ്റു കൊടുക്കുന്നു." പയ്യൻ നല്ലവൻ, അച്ഛൻ അതിലും  നല്ലവൻ"

13 കോടി കൊടുക്കാനുണ്ട് എന്നത് സത്യം. അത് ഫേസ് ബുക്കിൽ ബിനോയും സമ്മതിക്കുന്നു. 60000  ദിർഹം പിഴയായി കോടതിയിൽ കെട്ടി വച്ച് ക്രിമിനൽ കേസിൽ നിന്നും ഒഴിവായി. അപ്പോഴും കൊടുക്കാനുള്ള  13 കോടി ബാക്കി. സിവിൽ കേസ് പറഞ്ഞാൽ വർഷം കുറെ എടുക്കും. അതാണ് അറബി/മലയാളി സിപിഎം  പാർട്ടി കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്.  ഈ 13 കോടി ഏതെങ്കിലും പാർട്ടി അനുഭാവി ദുബായിൽ കൊടുത്ത് പ്രശ്നം ഒതുക്കും. രവി പിള്ള യൂസഫലി പോലെ എത്ര കോടീശ്വരന്മാരാണ് സിപി എമ്മിനു കൂട്ടായുള്ളതു. ലോക കേരള സഭയിലെ ഏതെങ്കിലും ഒരു പ്രവാസി യോട് പറഞ്ഞാൽ പോരെ? പകരം കേരളത്തിന്റെ ഏതെങ്കിലും പൊതു മുതൽ എഴുതി കൊടുത്താൽ പോരെ?  ഇനിയും മനസ്സിലാകാത്ത കാര്യം, ഇത്രയും പണ സ്രോതസ്സുള്ള അച്ഛനും മകനും എന്ത് കൊണ്ട് പണം കൊടുക്കാതിരുന്നു എന്നതാണ്കൊ ചോദ്യം. കാരണം അത് തന്നെ. വർഷങ്ങളോളം കേസ് പറയണം.പിന്നെ എന്തിനു 13 കോടി കളയണം? അത് കൊണ്ട് കൊടുക്കണ്ട എന്ന് തന്നെ തീരുമാനിച്ചു. ദുബായി കോടതിയിൽ വർഷങ്ങളോളം കേസ് കിടക്കും. ഇവിടെ  ചെയ്യാനും കഴിയില്ല. ആനപ്പുറത്തിരിക്കുന്നവന് നായെ പേടിക്കേണ്ടല്ലോ. ഇവരിലും അതി ബുദ്ധിമാൻ ആരോ അറബിയെ കേരളത്തിൽ ഇറക്കി കളിച്ചു. അംഭവം പുറത്തായി.


2018, ജനുവരി 22, തിങ്കളാഴ്‌ച

അവസാനം

Image may contain: 12 people

 
നല്ല കേസ് കിട്ടുന്നില്ല എന്ന് പറഞ്ഞു പണി മുടക്കി സുപ്രീം കോടതിയിൽ നിന്നും ഇറങ്ങിപ്പോയി പത്ര സമ്മേളനം നടത്തിയ 4 ജഡ്ജിമാരിൽ ഒരാളാണ് കുര്യൻ ജോസഫ് സാറ്. ഇപ്പഴ് ദാ ഒരു കേസ് കിട്ടിയപ്പം അതിൽ നിന്നും പിന്മാറിയിരി ക്കുന്നു. തോമസ് ചാണ്ടിയുടെ കേസ് കേൾക്കുന്ന ബെഞ്ചിന്റെ അധ്യക്ഷനായി രുന്നു. എന്താണ് ജഡ്ജിമാരുടെ ഈ പിന്മാറ്റത്തിന്റെ രഹസ്യം?  മനസ്സിലാ കുന്നില്ല.  പ്രബലന്മാർക്കെതിരെ വിധി പറ ഞ്ഞാൽ സ്വന്തം ശരീരത്തിനോ പദവിക്കോ  എന്തെങ്കിലും സംഭവിക്കുമോ എന്ന്. അങ്ങിനെയെങ്കിൽ പ്രധാന മന്ത്രി പദത്തിൽ ഇരുന്ന  ഇന്ദിരാഗാന്ധിക്കെതിരെ വിധി പറഞ്ഞ അലഹബാദ് കോടതിയിലെ ജസ്റ്റീസ് സിൻഹയെ നമിക്കണം. ശക്തനായ ലാലുവിനെ അഴിക്കുള്ളിലാക്കിയ ജഡ്ജി, ജയലളിതയെ, ശശികല യെ ഒക്കെ അകത്താക്കിയ ജഡ്ജിമാർ. അങ്ങിനെ അസംഖ്യം.കേസിൽ പക്ഷ പാതം വരുമോ എന്നുള്ള പേടി. മുന്നിൽ വരുന്ന കേസിനെ നിഷ്പക്ഷവും നീതിപൂർവവും ആയി സമീപിക്കാൻ കഴിയില്ല എന്ന പേടി.   നിയമിതനാകു മ്പോൾ  ഇങ്ങിനെയൊരു സത്യവാചകം ചൊല്ലുന്നുണ്ടല്ലോ.

 "I, ....., having been appointed as  a Judge of the Supreme Court of India do swear in the name of God/solemnly affirm that I will bear true faith and allegiance to the  Constitution  of India as by law established, that I will uphold the sovereignty and integrity of India, that I will duly and faithfully and to the best of my ability, knowledge and judgement perform the duties of my office without fear or favour, affection or ill-will and that I will uphold the Constitution  and the laws." 

ഇതിനു വലിയ അർത്ഥമൊന്നും ഇല്ലേ?


ഈ രണ്ടുമല്ലെങ്കിൽ മൂന്നാമത്തെ പേടി, ആ സത്യപ്രതിജ്ഞ വാചകത്തിൽ പറഞ്ഞിരിക്കുന്ന ''favour'' കിട്ടില്ല എന്നതായിരിക്കും. ജഡ്ജിമാരെ    ദൈവങ്ങളെ പ്പോലെയാണ് സാധാരണ ജനം കാണുന്നത്. പരമോന്നത കോടതിയിലെ ജഡ്ജിമാരെ ദൈവം കഴിഞ്ഞാൽ അടുത്ത പദവിയാണ് നൽകുന്നത് കാര്യങ്ങൾ ജഡ്ജിമാരുടെ മുന്നിൽ അവതരിപ്പിക്കാൻ മാത്രം ത്രാണിയുള്ള പട്ടിണിപ്പാവങ്ങളായ ജനം. നിഷ്പക്ഷമായ നീതി പൂർവമായ ഒരു വിധിയാണ് അവർ പ്രതീക്ഷിക്കുന്നത്. പിൻ തിരിഞ്ഞു ഓട്ടമല്ല.  


Image may contain: one or more people and people sitting


2018, ജനുവരി 19, വെള്ളിയാഴ്‌ച

ജനകീയ സമരം





ശ്രീജിത്തിന്റെ ഒറ്റയാൾ സമരം ഒരു ജനകീയ സമരമായി കേരളമാകെ പടർന്നു പിടിക്കുകയാണ്. സോഷ്യൽ മീഡിയ എന്ന നവ  മാധ്യമത്തിലൂടെ വ്യാപിച്ച സമരം ഭരണകൂട ഭീകരത്തേയ്ക്കെതിരെയുള്ള ഒരു വിപ്ലവമായി കക്ഷി രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ജനകീയ സമരങ്ങൾ എക്കാലവും വിജയം കണ്ടിട്ടുണ്ട് എന്നത് ചരിത്ര സത്യമാണ്. ലോക ചരിതം പരിശോധിച്ചാലും ഭാരതത്തിന്റെ ചരിത്രം നോക്കിയാലും അത് കാണാൻ കഴിയും. അടിയന്തരാവസ്ഥയ്ക്കു എതിരെ ഉയർന്നു വന്ന പ്രക്ഷോഭം നമ്മുടെ ഓർമയിൽ ജ്വലിച്ചു നിൽക്കുന്ന ഒരു ഉദാഹരണം ആണ്. പ്രധാന മന്ത്രി പദവി  നില നിർത്താനായി, അധികാരത്തിൽ തുടരുക എന്ന ഒരേ ഒരു ലക്ഷ്യത്തോടെ, ജനാധിപത്യ മാനദണ്ഡങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും ധ്വംസിച്ചു  അധികാരത്തിന്റെ കരാള ഹസ്ത ങ്ങളാൽ ഒരു ജനതയെ ആകെ അടിച്ചമർത്താമെന്ന ഇന്ദിരാ ഗാന്ധിയുടെ   വ്യാമോഹത്തി നെതിരെ ഉയർന്നു വന്ന ജന രോഷം  ഭാരതമാകെ വ്യാപിച്ച ഒരു ജനകീയ  പ്രക്ഷോഭ മായി മാറുകയും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച    ഭരണ കൂടത്തെ അധികാരത്തിൽ നിന്നും നിഷ്കാസിതമാക്കി അടിയന്തരാവസ്ഥ യ്ക്കെതിരെ  ജനങ്ങളോടൊപ്പം പോരാടിയ, അവർക്കു നേതൃത്വം നൽകിയ  ജനതാ പാർട്ടിയെ   ജനാധിപത്യ വ്യവസ്ഥയിൽ ബഹു ഭൂരിപക്ഷത്തോടെ    അധികാരത്തിൽ കൊണ്ട് വന്നത് 1977 ൽ  നാം കണ്ടതാണ്. ഭരണ കൂട ഭീകരത്തേയ്ക്കെതിരെയുള്ള   അത്തരം ഒരു ജനകീയ വിപ്ലവമാണ് കേരളത്തിന്റെ  ഭരണ സിരാ കേന്ദ്രത്തിൽ രൂപം കൊള്ളുന്നത്. 

ഹൈക്കോടതിയുടെ  ''സ്റ്റേ'' എന്ന ഒരു അദൃശ്യ സാധനത്തെ ആണ് സർക്കാർ തങ്ങളുടെ പ്രതിരോധ ആയുധമായി മുന്നിൽ വയ്ക്കുന്നത്. സ്റ്റേ എന്ന സാധനം ആരും കണ്ടിട്ടില്ല. സ്റ്റേ ഉണ്ടായതു കൊണ്ടാണ് സർക്കാരിന് ഒന്നും ചെയ്യാൻ കഴിയാത്തത് എന്ന് വാദിക്കുന്ന ചാനലിലെ ന്യായീകരണ തൊഴിലാളികൾക്ക് സ്റ്റേ ആരെയും കാണിക്കാൻ കഴിയുന്നില്ല. ഈ സ്റ്റേ എന്താണെന്നു കൂടി അറിയില്ല. ചാനലിൽ വന്ന ഒരാൾ പറയുകയാണ് ''സ്റ്റേ ഉണ്ട്, പക്ഷെ ഞാൻ കണ്ടിട്ടില്ല, അത് കൊണ്ട് അതിന്റെ ഉള്ളടക്കവും അറിയില്ല, പക്ഷെ അത് കൊണ്ടാണ് സർക്കാരിന് ഒന്നും ചെയ്യാൻ കഴിയാത്തത്''. എങ്ങിനെയുണ്ട് വാദഗതി? മാർകിസ്റ്റ് പാർട്ടിയെ പ്രതിനിധീകരിച്ചു ചാനലിൽ വന്ന ഒരു എംഎൽഎ. ആണ് ഇങ്ങിനെ പായുന്നത്. രണ്ടു വർഷമായിട്ടും സ്റ്റേ എന്താണെന്നോ എന്തിനാണെന്നോ അറിയാതെ ഇരിക്കുന്ന ഒരു സർക്കാർ. അഡ്വക്കേറ്റ് ജനറലിനെ ഫോണിൽ  വിളിച്ചു പറഞ്ഞാൽ ഒരു മിനിട്ടു കൊണ്ട് അറിയാൻ കഴിയുന്ന കാര്യമാണ്  അറിയില്ല, കണ്ടിട്ടില്ല എന്ന് പറഞ്ഞു സർക്കാർ കളിക്കുന്നത്. പ്രത്യേക  അന്വേഷണ സംഘം രൂപീകരിച്ച ആഭ്യന്തര സെക്രട്ടറിയുടെയോ ചീഫ് സെക്രട്ടറിയുടെ ഫയലിലും ഇല്ലേ ഈ 'സ്റ്റേ' യുടെ ഒരു പകർപ്പ്? ഏറ്റവും അവസാനം വന്ന വാർത്ത അനുസരിച്ചു പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ ഉത്തരവ് ഒരു ഒറ്റയാൾ ഉത്തരവ് ആയതു കൊണ്ട് നിയമപരം അല്ലാത്തത് കൊണ്ട്  സ്റ്റേ ചെയ്തു എന്നാണു പറഞ്ഞിരിക്കുന്നത്. ഇതാണോ സത്യം?   സർക്കാരിന് ഇത് അറിയാത്തതു കൊണ്ടോ അതോ മനഃപൂർവം ഒളിച്ചു വയ്ക്കുകയാണോ? സ്റ്റേ ഒഴിവാക്കാൻ ഹൈക്കോടതിയിൽ പോയാൽ സഹായിക്കാം എന്ന് സർക്കാർ പറയുന്നത് ഇത് അറിഞ്ഞു കൊണ്ടാണോ?

ഏറ്റവും രസകരം പിണറായി സർക്കാർ സിബിഐ  അന്വേഷണം ആവശ്യപ്പെട്ടു എന്നതാണ്. മുഖ്യ മന്ത്രിയും അത് തന്നെയാണ് ആവർത്തി ക്കുന്നത്. എന്തിനാണ് സിബിഐ  അന്വേഷണം ആവശ്യപ്പെട്ടത്?  കേരള പോലീസിനെ വിശ്വാസമില്ലാത്തതു കൊണ്ടല്ലേ? സ്വന്തം പോലീസ്   അന്വേഷിച്ചാൽ കണ്ടെത്താൻ കഴിയില്ല എന്ന ഉത്തമ ബോധ്യമുള്ള  ആഭ്യന്തര ചുമതലയുള്ള  മുഖ്യ മന്ത്രി!   ഇതാണ് കേരള സംസ്ഥാനത്തിലെ ക്രമ സമാധാന നില.


2018, ജനുവരി 10, ബുധനാഴ്‌ച

വിമർശനം

സിപിഎം ജില്ലാ സമ്മേളനങ്ങളിൽ നേതൃത്വത്തിനെതിരെ നിശിതമായ വിമർശനം ഉണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിൽ ഇരുത്തി ക്കൊണ്ടാ ണ് ഭരണ വീഴ്ചകൾ ചൂണ്ടി കാട്ടി ഇത്രയും രൂക്ഷമായ വിമർശനം നടത്തിയത്.

 കേരളത്തിൽ അങ്ങോള മിങ്ങോളം ഉള്ള മാർക്കിസ്റ്റ് പാർട്ടി അണി കൾ കോൾമയിർ കൊണ്ടു. OMG എന്തൊരു ഉൾപ്പാർട്ടി ജനാധിപത്യം! പാർട്ടിയുടെ സർവ്വാധി പതിയെ നേരിട്ട് വിമർശി ക്കാനുള്ള അവകാശം ഒരു പാർട്ടി അംഗ ത്തിന്! അതും മുഖത്ത് നോക്കി! ഏകാധി പതി എന്ന് വിളിച്ചാക്ഷേ പിക്കുന്ന പിണറായി യുടെ മഹാ മന സ്കത നോക്കൂ.  

 പാവം അണികൾ. മാധ്യമ പ്രവർത്തകരെ കടക്ക് പുറത്തു എന്ന് പറഞ്ഞ് അസഹിഷ്ണുത കാണിച്ച, കോട്ടയം സമ്മേളനത്തിൽ അണികളെ കള്ളുകുടിയന്മാരെന്ന് വരെ വിളിച്ച് ശകാരിച്ച, പാർട്ടി സെക്രട്ടറി പോലും എതിർത്ത് കമാ എന്ന് ഉരിയാടാൻ ധൈര്യ പ്പെടാത്ത പിണറായിക്കു മുൻപിൽ ഇങ്ങിനെ വിമർശ നം നടത്താൻ കഴിയുമോ എന്നൊന്നും പാവം സഖാ ക്കൾ ചിന്തിക്കാറില്ല. ഇതെല്ലാം മുന്നൊ രുക്കം നടത്തിയ നാടകങ്ങൾ ആണെന്ന് അവരുണ്ടോ അറിയുന്നു? നേതാക്കൾക്കെതിരെ അണികളിൽ ഉടലെടുക്കുന്ന അമർഷ വും രോഷവും അസംതൃപ്തിയും അണ കെട്ടി നിന്ന് പാർട്ടി മൊത്തം ഒഴുകി പ്പോകാതിരിക്കാൻ കണ്ടു പിടിച്ച ഒരു സേഫ്റ്റി വാൽവ് ആണ് ഈ വിമർശന നാടകങ്ങൾ. ദ്വേഷ്യം പരസ്യമായി പ്രകടിപ്പിക്കാൻ അവസരം കിട്ടിയതിൽ പ്രതിനിധികളും അണിക ളും ഒരു ബംബർ ലോട്ടറി അടിച്ച പോലെ സന്തോഷിക്കും.

ഈ വിമർശനങ്ങൾ ഒന്നും   ഭരണത്തെയോ നേതൃത്വത്തിന്റെ സ്വഭാവത്തെയോ ബാധിക്കില്ല എന്ന് അടുത്ത സമ്മേളനത്തിന് ആണ് ആ സഖാക്കൾ അറിയുന്നത്. അപ്പോഴും ഇത്തരം ഒരു വിമർശന നാടക ത്തിനു അവസരം കൊടുക്കും. സഖാക്കൾവീണ്ടും കോൾമയിർ കൊള്ളും. അടുത്ത വർഷം വീണ്ടും വിമർശനം വീണ്ടും......


2018, ജനുവരി 8, തിങ്കളാഴ്‌ച

സഭ

സീറോ മലബാർ സഭയുടെ അഴിമതിയുടെ നാറിയ കഥകൾക്ക് അത്ര പുതുമ യൊന്നും ഇല്ല. കാലാ കാലങ്ങളായി നടന്നു കൊണ്ടിരിക്കുന്ന, എല്ലാക്കാലത്തും നടക്കുന്ന എല്ലാവർക്കും അറിവുള്ള കാര്യങ്ങൾ ഇപ്പോൾ പുറത്തു വന്നു എന്ന് മാത്രം. ഇതൊരു കൂട്ടു കച്ചവടമാണ്. കൊള്ള മുതൽ എല്ലാവർക്കും പങ്കു വയ്ക്കാതെ വന്നപ്പോൾ സംഭവം പുറത്താക്കി.




ഒന്നോ രണ്ടോ രൂപയാണോ? കോടികൾ. 70 കോടി വില വരുന്ന എറണാകുളത്തെ 3.5 ഏക്കർ 28 കോടിക്ക് ഇടനിലക്കാരന് വിൽക്കുന്നു. അയാൾ 9 കോടി രൂപ മേജർ ആർച് ബിഷപ്പ് കർദിനാൾ മാർ ആലഞ്ചേരിക്ക് കൊടുത്തിട്ടു മുങ്ങി. ഈ അച്ചമ്മാര് ഇട്ടു കളിക്കുന്ന വസ്തുവും പണവും ഒക്കെ പാവപ്പെട്ട കുഞ്ഞാടു കളുടേതാണ്. അത് അവര് സന്തോഷമായിട്ടു കൊടുത്തതൊന്നും അല്ല. നിർ ബന്ധിച്ചുള്ള പിരിവു തന്നെ. മാമോദീസ, കല്യാണം, കുർബാന, അന്ത്യ കൂദാശ എല്ലാറ്റിനും റേറ്റ് അനുസരിച്ചു പണം കൊടുക്കണം. അവസാനത്തെ ആറടി മണ്ണിനു വരെ പള്ളിക്കാർ കാശു വാങ്ങുന്നു. എന്നിട്ട് ഈ പണം കൊണ്ട് അച്ചന്മാർ ആസ്വദിക്കുന്നു.


ആശുപത്രീകൾ നടത്തുന്നു, സ്‌കൂളുകൾ നടത്തുന്നു, കോളേജുകൾ നടത്തുന്നു. ഇതിൽ നിന്നൊക്കെ വൻ തോതിൽ ലാഭമുണ്ടാക്കുന്നു. ഈ പണമൊക്കെ എങ്ങോട്ടു പോകുന്നു എന്ന് ആർക്കുമറിയില്ല. സഭയിലെ പാവങ്ങൾക്ക് എങ്കിലും സഹായം ചെയ്തു കൂടെ? പാവങ്ങൾക്ക് ജാതിയില്ല മതമില്ല അവർക്കു പൊതുവായുള്ളത് ദാരിദ്ര്യം ആണ്.

 ഇനി ഞങ്ങൾ കുഞ്ഞാടുകളും മെത്രാന്മാരും ആയിട്ടുള്ള ഇടപാടിൽ പുറത്തുള്ള നിങ്ങൾക്കെന്തു കാര്യം എന്ന ചോദ്യം വരും. വിശ്വാസികളെ, നിങ്ങളുടെ പണം നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്തോ. പക്ഷേ ഇതിനകത്തു നികുതി വെട്ടിപ്പ് വരുന്നല്ലോ. സ്റ്റാമ്പ് ഡ്യൂട്ടി, ഇൻകം ടാക്സ് അങ്ങിനെ. ഏതായാലും ഒരു വിശ്വാസി പോലീസിൽ കേസ് കൊടുത്തിട്ടുണ്ട്. അതെന്താകുമെന്നു നോക്കാം. രാഷ്ട്രീയ പാർട്ടികൾ ഒരക്ഷരം മിണ്ടില്ല. ന്യുന പക്ഷം - പിന്നെ വോട്ട് ബാങ്ക്.

2018, ജനുവരി 4, വ്യാഴാഴ്‌ച

മിടുക്കി

എല്ലാവരും പുതുവർഷം ആഘോഷിക്കുമ്പോൾ കഴുത്തറ്റം വെള്ളം നിറഞ്ഞ നാട്ടുവഴിയിലൂടെ തലയിൽ പുസ്തക സഞ്ചിയുമായി പള്ളിക്കൂടത്തിൽ നിന്നും വീട്ടിലേക്ക്പോകുന്ന ഒരു പെൺ കുട്ടിയുടെ ചിത്രവും ആ കുട്ടി അതിജീവന ത്തിന്റെ പാത താണ്ടിയ കഥയും മാതൃഭ്രമി ദിന പത്രത്തിലുണ്ട്. 



സ്നേഹ എസ് നായർ എന്നാണാ കുട്ടിയുടെ പേര്. രണ്ടര സെന്റിലുള്ള വീട് വെള്ളത്തിൽ മുങ്ങിക്കിടന്നപ്പോൾ ആണ്  അച്ഛൻ മരിക്കുന്നത്. അടക്കം ചെയ്യാൻ പോലും സ്ഥലമില്ലാതെ അമ്മയെയും കൂട്ടി ആ കുട്ടി  വീട്ടിലേക്ക് മാറുന്നതും, ഉപജീവനത്തിന് വേണ്ടി  ഹരിപ്പാട്ട് അമ്പലനടയിൽ തട്ടുകട തുടങ്ങുന്നതും ഒക്കെ പറയുന്നുണ്ട്. അത്ര കഷ്ടപ്പെട്ടും ആ മിടുക്കി   പഠിത്തം തുടരുന്നു. പള്ളിക്കൂടത്തിൽ നിന്നും വന്നതിനു ശേഷം തട്ടുകടയിൽ അമ്മ യോടൊപ്പം ജോലി. അതിനിടയിൽ പഠിത്തം.



 ഇന്ന് ആ മിടുക്കി മഹാരാജാസ് കോളേജിൽ MA ക്ക് പഠിക്കുന്നു.വീട് ഇപ്പോഴും വെള്ളം കയറി താമസിക്കാൻ കഴിയാത്ത വിധം. ഈ ജീവിത സാഹചര്യങ്ങളെ ഒക്കെ അതിജീവിച്ചു ആ കുട്ടി പഠിക്കുന്നു. ജീവിക്കുന്നു. KSU വിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് അയിട്ടും പണക്കാരായ കോൺഗ്രസു നേതാക്കൾ ഒരു സഹായവും ചെയ്യുന്നില്ല. ആ വീടൊന്ന് നന്നാക്കി കൊടുക്കുക പോലും. പാവപ്പെട്ടവർക്ക് വേണ്ടി കണ്ണീരൊഴുക്കുന്ന ഖദർ ധാരികൾ.




അദ്ധ്വാനിച്ചു ഉണ്ടാക്കിയ പണം കൊണ്ട് ഒരു സ്‌കൂട്ടർ വാങ്ങുകയും ചെയ്തു.   വായ്പയെടുത്ത് ഒരു ഓട്ടോ വാങ്ങാനും ഒരു തയ്യൽ യൂണിറ്റ് തുടങ്ങാനും സ്നേഹ എസ്. നായർ എന്ന ആ കൊച്ചു മിടുക്കിക്ക് പദ്ധതി ഉണ്ട്. ഇത്രയും സ്ഥിരോത്സാഹവും നിശ്ചയ ദദാർഢ്യവും ഉള്ള സ്നേഹയ്ക്കു അതിനും കഴിയും. പണത്തിന്റെയും ധാരാളിത്തത്തിന്റെയും ഇടയിൽ മദിക്കുന്ന സമൂഹത്തിൽ ഇങ്ങിനെയുള്ള ജീവിതങ്ങളും ഉണ്ട്.  

2018, ജനുവരി 2, ചൊവ്വാഴ്ച

തലാക്ക്

മുത്തലാഖ്  നിർത്തലാക്കുന്ന ബിൽ ലോക് സഭ പാസ്സാക്കി. ബിൽ അവതരിപ്പിക്കുന്നതിനു മുൻപ് നടന്ന ഒരു മുത്തലാഖ് നോക്കൂ. ഉത്തര പ്രദേശിലെ രാംപൂർ ജില്ലയിലെ  ഖാസി  എന്ന മനുഷ്യൻ  മൂന്നു വട്ടം തലാക്ക് പറഞ്ഞു ഭാര്യ ഗുൽ അഫ്‌ഷാനെ വിവാഹം ഒഴിഞ്ഞു.കാരണം എന്തെന്നറി യണ്ടേ?  ഭാര്യ  രാവിലെ എണീക്കാൻ വൈകി! രാത്രി ജോലി കൊണ്ട് പാവം ഉറങ്ങിപ്പോയി.  തലാഖ് പറഞ്ഞത് കെട്ടിയോൾ കേട്ട് കാണാൻ വഴിയില്ല. ഉറക്കത്തിൽ അല്ലേ മൊഴി ചൊല്ലിയത്.  ഉറങ്ങി എണീറ്റപ്പോൾ ആയിരിക്കും പാവം ഭാര്യ  വിവരം അറിഞ്ഞത്.  ഇതാണ് മുതലാഖിന്റെ പേരിൽ ഭാര്യമാർ അനുഭവിക്കുന്ന ദുരന്തം.   

പക്ഷേ ഈ ബില്ലിനെതിരെ രാഷ്ട്രീയ പാർട്ടികൾ രംഗത്തു വന്നു. സുപ്രീം കോടതി വിധിയെ  സ്വാഗതം ചെയ്ത കോൺഗ്രസ്സ് മുത്തലാഖ് ക്രിമിനൽ കുറ്റം ആക്കുന്നതും തടവ് ശിക്ഷയും എതിർത്തു.  പിന്നെ എതിർത്തവർ കെ. പ്രേമചന്ദ്രൻ.  പിന്നെ എതിർപ്പ്  സ്ഥിരം കക്ഷി ഇ.ടി. മുഹമ്മദ് ബഷീർ. ഒരു ചാനൽ ചർച്ചയിൽ ഇ.ടി.യോട് ആവർത്തിച്ചാവർത്തിച്ചു  ചോദിച്ചു മുത്തലാക്ക് ഇസ്‌ലാമിക വിരുദ്ധമാണോ അല്ലയോ എന്ന്. വ്യക്തമായ ഒരു  മറുപടി പറയാതെ ഉരുണ്ടു കളിക്കുകയായിരുന്നു ഇ.ടി. പിന്നെ സ്ഥിരം മതേതരക്കാരായ ഇടതു പക്ഷം. അവർ ഇറങ്ങിപ്പോയി. ''ബിൽ പൗരാവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റമാണെന്ന്'' സാഹിത്യ ഭാഷ പറഞ്ഞു സമ്പത് എം.പി.യും. 

 സ്ത്രീകൾ ഈ ബില്ലിന് അനുകൂലമാണ്. കാരണം അവരാണല്ലോ മുത്തലാക്ക് കൊണ്ട് ദുരിതം അനുഭവിക്കുന്നത്. ഉറങ്ങിയാൽ തലാക്ക്, ഉണർന്നാൽ തലാക്ക് അങ്ങിനെ എന്തിനും തലാഖ്. പാവം ഭാര്യമാർ. മുസ്ലിം വനിതാ പേർസണൽ ലോ ബോർഡ് പ്രസിഡന്റ് ഷായിസ്ത ആംബർ പറഞ്ഞു, "ഞാൻ അള്ളാവിനോട് നന്ദി പറയുന്നു, ബില്ല് പാസാക്കിയെടുക്കാൻ സഹായിക്ക ണമെന്ന് എല്ലാ എംപി മാരോടും അഭ്യർത്ഥിക്കുന്നു." പക്ഷെ പുരുഷ സമൂഹം ഇതിനെ എതിർക്കും. നിയമം വന്നാൽ 3 വർഷം തടവ് ശിക്ഷ. പിന്നെ, നേരത്തെ ഉറങ്ങി, താമസിച്ചു എണീറ്റു,   കിഴക്കോട്ടു നോക്കി, പടിഞ്ഞാറോട്ടു നോക്കി എന്ന് കാക്കത്തൊള്ളായിരം  കാരണങ്ങളിൽ  മൊഴി ചൊല്ലാൻ കഴിയില്ലല്ലോ. പുരുഷാധിപത്യ സമൂഹത്തിൽ   ഇതൊക്കെ തന്നെ പ്രതീക്ഷിക്കാം. അതിലും പ്രധാനം വോട്ട് ബാങ്ക് ആണ്. ഇതിനെ പരസ്യമായി എതിർക്കാതെ മുസ്ലിം ലീഗിന് നില നിൽപ്പില്ല. അതെ പോലെയാണ് സി.പിഎമ്മിനും. sdpi  ൽ നിന്നും ലീഗിൽ നിന്നും മുസ്ലിം വോട്ട് പിടിച്ചില്ലെങ്കിൽ അവരും ജയിക്കില്ല. അത് പോലെ തന്നെ കോൺഗ്രസ്സും. മുത്തലാക്ക് രാഷ്ട്രീയ പാർട്ടികളുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്. പാവം സ്ത്രീകളുടെ ജീവിത പ്രശ്നവും.