2018, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

ഫിലിം ഫെസ്റ്റിവൽ





നമ്മുടെ സഹോദരങ്ങളെ പുനരധിവസിപ്പിച്ചിട്ടു മതി നമുക്ക് ആഘോഷങ്ങൾ എന്നൊക്കെ  മുഖ്യ മന്ത്രിയും മറ്റും പറഞ്ഞത് വെറുതെ.  സിനിമ ദുരന്ത ബാധിതരുടെ മനസ്സിൽ ഊർജം പകരും, അതിനാൽ ഫിലിം ഫെസ്റ്റിവൽ ഒഴിവാക്കേണ്ട കാര്യമില്ല എന്ന് മന്ത്രിയും കൂട്ടരും. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരും,  വീട് , സ്വത്തു, കൃഷി നഷ്ടപ്പെട്ടവർ, എല്ലാം നഷ്ടപ്പെട്ടവർ തുടങ്ങി ഇന്നും ദുരിതത്തിൽ   കഴിയുന്ന എല്ലാവർക്കും ചലച്ചിത്രോത്സവം ഊർജം പകരും എന്നതിൽ സംശയം ഇല്ലല്ലോ.


 പ്രളയ ദുരിതം ഒഴിയുന്നതും കാത്തിരുന്നാൽ നമ്മുടെ കാര്യങ്ങൾ ഒരിക്കലും നടക്കില്ല എന്ന് ചലച്ചിത്ര അക്കാദമിക്കാർക്കു മനസ്സിലായി.  ഫിലിം ഫെസ്റ്റിവൽ ഒരു അഞ്ചാറു വർഷം നടത്താൻ കഴിയില്ല.   ഇപ്പോഴും  സർക്കാർ പണ പിരിവിനായി വിദേശത്തു ആളെ അയച്ചു തുടങ്ങുന്നതേ ഉള്ളൂ. അത് കൊണ്ട് സാംസ്കാരിക മാന്ദ്യം എന്നെന്തെങ്കിലും   ന്യായം പറഞ്ഞു നമുക്ക് ആഘോഷങ്ങൾ തുടരാം. 3 കോടി രൂപയുടെ ചിലവേ ഉള്ളൂ. അതിൽ രണ്ടു കോടി ഡെലിഗേറ്റ് പാസ് വിറ്റു കിട്ടും. 2000 രൂപ ആണ് പാസ്സ് വില. 10000 പേര് വാങ്ങും എന്ന് കണക്കു കൂട്ടൽ. ഈ കാശിനു ആരും വാങ്ങാൻ പോകുന്നില്ല.  ആയിരം പേര് വാങ്ങിയാൽ ഭാഗ്യം.അങ്ങിനെ വരുമ്പോൾ  ഇത് വീണ്ടും ജനങ്ങളുടെ നികുതി പണം തന്നെ പോകും. ഗൗരവമായി  സിനിമ കാണാൻ വരുന്നത് വെറും 5 ശതമാനം മാത്രം. മറ്റുള്ളവർക്ക് ഇത് ഒരു ഉത്സവം. ഇത്തവണ കാശ് കൂടിയത് കൊണ്ട് ഉത്സവത്തിൽ പങ്കെടുക്കില്ല. അത്ര തന്നെ.


പ്രളയബാധിതർക്കു വേണ്ടി  രണ്ടു കാര്യങ്ങൾ ചലച്ചിത്ര അക്കാദമി ചെയ്തിട്ടുണ്ട് എന്നത് പ്രശംസനീയമാണ്. ഒന്ന് ഒരു ബട്ടൺ വച്ചിട്ടുണ്ട്, രെജിസ്ട്രേഷൻ സമയത്തു ഇതിൽ ഞെക്കിയാൽ ദുരിതാശ്വാസത്തിനു പങ്ക് സംഭാവന ചെയ്യാം. തിയറ്ററുകൾക്ക് മുൻപിൽ വച്ച പെട്ടികളും പണം നിക്ഷേപിക്കാം. പോരേ? 

പ്രളയ ബാധിതർ തിരുവനന്തപുരത്തു നടക്കുന്ന അന്താരാഷ്ട്ര ചലചിത്രോത്സ വത്തിൽ ഇങ്മാർ ബെറിമാൻറെ സിനിമകൾ കണ്ടു കഞ്ഞിയും കുടിച്ചു ക്യാംപിൽ ഉടുതുണിക്ക് മറുതുണിയില്ലാതെ ഊർജസ്വലരാകുന്നത് കണ്ടു മന്ത്രിയ്ക്കും അക്കാദമിയ്ക്കും സായൂജ്യം അടയാം.  


2 അഭിപ്രായങ്ങൾ: