2016, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

ഘോഷയാത്ര




ശ്രീ കൃഷ്ണ ജയന്തി ആഘോഷം റോഡിലല്ല അമ്പലങ്ങളിലാണ് വേണ്ടത് എന്ന് മാർക്സിസ്റ് പാർട്ടി സെക്രട്ടറി ശ്രീ കോടിയേരി ബാലകൃഷ്ണൻ പ്രസ്താവിച്ചു കണ്ടു.

റോഡുകളിൽ നിന്നും തിരക്ക് ഒഴിവാക്കുക എന്ന ഉദ്ദേശത്തോടു കൂടിയല്ല ഈ പറഞ്ഞത് എന്ന് എല്ലാവർക്കും അറിയാം. അടുത്ത കാലത്തു മാർക്സിസ്റ് പാർട്ടിയിലെ  ചോട്ടാ മുതൽ ബഡാ നേതാക്കൾ വരെയുള്ളവരുടെ വായിൽ നിന്നും വീഴുന്ന മൊഴി മുത്തുകൾ കേട്ടാൽ സാമാന്യ ബുദ്ധി ഉളളവർക്കൊക്കെ അത് മനസ്സിലാകും. 

നബി ദിനം. അന്ന് മുസ്ലിം കുട്ടികൾ (ഇപ്പോൾ വലിയവരും ആയി) ആഘോഷമായി,കൊടികളുമായി  ജാഥയായി റോഡിലൂടെ പോകും.

ഈസ്റ്ററിനു ഘോഷയാത്രയായി ക്രിസ്ത്യാനികൾ റോഡിലൂടെ പോകുന്നത് കാണാം.

ദുഃഖ വെള്ളിയാഴ്‌ച കുരിശും പേറി അവർ  ജാഥയായി തെരുവിലൂടെ നീങ്ങുന്നത് കാണാം.

ക്രിസ്തുമസ് കരോൾ,  സാന്റാക്ളോസുമായി പൊതു നിരത്തിലും ഇടവഴികളിലും കൂടെ ഒക്കെ രാത്രി കാലങ്ങളിൽ  കൊട്ടും പാട്ടുമായി ആഘോഷ പൂർവം പോകുന്നു.

ഇനി കോടിയേരി ഇവരുടെ കൂടെയൊക്കെ ഈ ഘോഷയാത്രകളെല്ലാം പള്ളികൾക്കുള്ളിൽ മതി എന്ന് പറയുമോ? എങ്കിൽ വെറുതെ പുലമ്പുന്നതല്ല പറയുന്നതിൽ ആർജ്ജവം ഉണ്ടെന്നു നമുക്ക് മനസ്സിലാക്കാം.

ഒരു കാര്യം കൂടി. റോഡുകൾ നിറഞ്ഞു,മാർക്സിസ്റ് പാർട്ടിയുടെ ജാഥകൾ ഗതാഗതം തടസ്സപ്പെടുത്തി മിയ്ക്കവാറും കാണാറുണ്ടല്ലോ. അത് പോലെ പാതയോര  മീറ്റിംഗുകൾ ഹൈ കോടതി  നിരോധിച്ചവയാണല്ലോ.  എന്നിട്ടും അത് നിർബ്ബാധം തുടരുന്നല്ലോ.

2016, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

പിന്നെയും

സ്വരം നന്നായിരിക്കുമ്പോൾ പാട്ട്  നിർത്തണം എന്നൊരു പഴഞ്ചൊല്ലുണ്ട്. ബുദ്ധിമാന്മാരായ നമ്മളുടെ പൂർവികർ പറഞ്ഞു വച്ച അർത്ഥവത്തായ കാര്യം. പക്ഷെ പണത്തിനും പ്രശസ്തിക്കും വേണ്ടി പരക്കം പായുന്ന  ഇന്നത്തെ ഈ ലോകത്തിൽ ആരിത് കേൾക്കാൻ? കേട്ടാലും അനുസരിക്കാൻ?

കുറെ നല്ല  സിനിമകൾ സംഭാവന ചെയ്ത അടൂർ ഗോപാല കൃഷ്ണൻ എന്ന പ്രതിഭ ഈ പഴഞ്ചൊല്ലിന്റെ അർത്ഥം ഇനിയും മനസ്സിലാക്കിയിട്ടില്ല  തോന്നുന്നു. അഥവാ മനസിലാക്കിയിട്ടുണ്ടെങ്കിലും  മുൻകാല യശസ്സ് കൈവിട്ടുപോകും എന്ന മിഥ്യാ ധാരണ കൊണ്ട് അത് അംഗീകരിക്കാൻ തയ്യാറാകുന്നില്ല. അത് കൊണ്ടാണ് പിന്നെയും,  സിനിമ ഉണ്ടാക്കാൻ ഇറങ്ങി പുറപ്പെട്ടത്.




"പിന്നെയും" എന്ന അദ്ദേഹത്തിന്റെ സിനിമ ഒരു സിനിമ ആണോ എന്ന് ആളുകൾ ചോദിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല.

ദുർബ്ബലമായ കഥ.   ഒരു ഗൾഫ്  മലയാളി വലിയ തുകയ്ക്ക് ഇൻഷ്വർ ചെയ്തിട്ട്, അപകടത്തിൽ  മരിച്ചെന്നു ധരിപ്പിച്ചു  അവരെ കബളിപ്പിച്ചു പണം കൈക്കലാക്കാൻ വേണ്ടി ഒരു വഴിപോക്കനെ  കാറിൽ കയറ്റി കൊന്നു കാറിനൊപ്പം കത്തിച്ചു കളയുന്നു.  അങ്ങിനെയൊരു തീരുമാനത്തിൽ എത്തിച്ചേരാൻ തക്കതായ കാരണം ഒന്നും തന്നെ കഥയിലില്ല.  ആളൊരു പണക്കൊതിയനല്ല. ഗൾഫിൽ നല്ലൊരു ജോലി കിട്ടി. നല്ല ശമ്പളവും ഉണ്ട്. സ്നേഹവതി യായ  ഭാര്യയും മകളും കുടുംബവും. ഭാര്യക്ക് ജോലിയും ഉണ്ട്. കൊലപാതകവും തട്ടിപ്പും നടത്താനുള്ള തീരുമാനം എടുക്കുന്നതിനു സഹായകമായി ഒന്നും കഥയിൽ കൊണ്ട് വന്നില്ല. അയാളുടെ മാനസികാവസ്ഥ അത്തരത്തിൽ പരിണമിച്ചത്  എങ്ങിനെയാണ് എന്ന്  കാണിക്കാൻ സംവിധായകൻ ദയനീയമായി പരാജയപ്പട്ടു. അത് കൊണ്ട് കഥ അവിശ്വസനീയമായി.  പിന്നെ ഈ കൊലപാതകത്തിന്  കൂട്ട് നിൽക്കുന്നവരോ? അയാളുടെ അച്ഛനും അമ്മായി അച്ഛനും. പാവപ്പെട്ട രണ്ടു വൃദ്ധർ. കുറ്റം ചെയ്തിട്ടുള്ളവരോ  കുറ്റവാസന ഉള്ളവരോ അല്ലാത്ത രണ്ടു സാധാരണക്കാർ. അവർ ഈ കൊലപാതകത്തിന് പിന്തുണ നൽകുന്നതും  കൊലയിൽ പങ്കെടുക്കുന്നതും ഒട്ടും വിശസനീയമായില്ല.സ്വന്തം മോളെ വഴിയാധാരമാക്കാനും സ്വന്തം മകനെ ജെയിലിൽ ആക്കാനും അച്ഛൻമാർ ആഗ്രഹിക്കുമോ?  അവരുടെ താൽപ്പര്യം എന്തായിരിക്കുന്നു എന്നു പറയാനും സംവിധായകന് കഴിഞ്ഞില്ല. അത് പോലെ അയാളുടെ  ഭാര്യ. വേണ്ട എന്ന് അവർ പറയുന്നെങ്കിലും ശക്തമായി അതിനെ എതിർക്കുന്നില്ല.  ഇതൊന്നും സാമാന്യ ബുദ്ധിക്കു നിരക്കുന്നതായി തോന്നിപ്പിക്കുവാൻ സംവിധായകന് കഴിഞ്ഞില്ല.  അവിടെ തുടങ്ങുന്നു സിനിമയുടെ  വീഴ്ച. 

കൊലപാതകം കണ്ടു പിടിച്ചതിനു ശേഷമുള്ള സിനിമയുടെ രണ്ടാം ഭാഗത്തും പ്രത്യേകിച്ച് ഒന്നും സംഭവിക്കുന്നില്ല. അച്ഛനും അമ്മായി അച്ഛനും ജയിലിൽ ആകുന്നു. ഭാര്യയുടെ ജീവിതം ആണ് കാണിക്കുന്നത് എന്ന് പറയുന്നു. പക്ഷെ  ഭാര്യ കരച്ചിലോ ചിരിയോ ഒന്നും ഇല്ലാതെ ഒരു ജീവിതം കഴിക്കുന്നു. 17 വർഷം. യാതൊരു വികാരവും ഇല്ലാതെ. അത്ര തന്നെ. ഭർത്താവ് എവിടെയോ ജീവിച്ചിരിക്കുന്നു എന്ന അറിവോട്  കൂടി തന്നെ  അവർ ജോലി ചെയ്തു കുടുംബം പുലർത്തുന്നു. മരിച്ചു പോയ ഹതഭാഗ്യന്റെ മകന് സഹായങ്ങൾ കഴിവനുസരിച്ചു  ചെയ്തു കൊടുക്കുന്നു എന്ന് മാത്രം. ഭാര്യയുടെ  കഷ്ടപ്പാടുകളോ മനസ്സിലെ വികാരങ്ങളോ ഒന്നും കാണിക്കുന്നില്ല. ഭർത്താവിനോട്  സ്നേഹമോ,ദ്വേഷ്യമോ ഒന്നും അവർക്കില്ല. ഒരു കാത്തിരിപ്പും  ഇല്ല. അവരുടെ വികാരമില്ലായ്മ പോലെ കഥയും യാതൊരു വികാരവും ഇല്ലാതെ മുന്നോട്ടു പോകുന്നു.അവസാനം ഭർത്താവ് ഒളിച്ചു രഹസ്യമായി  ഭാര്യയെ വിളിക്കാൻ വരുമ്പോൾ വരുന്നില്ല എന്ന് അവർ പറയുന്നു. ദുർബ്ബലമായ കഥ  അടൂരിന്റെ തന്നെയാണ്. അത് പോലെ  തിരക്കഥയും സംഭാഷണവും നിലവാരമില്ലാത്തതായി.

അഭിനയത്തിന്റെ കാര്യത്തിൽ ഭർത്താവ് (ദിലീപ്) ഒരു പരാജയം തന്നെ ആണ്. ഭാര്യ (കാവ്യ) യും അത് പോലെ തന്നെ. വലുതായി അവതരിപ്പിക്കാൻ വേണ്ടി  ഭാര്യയ്ക്ക് ഒന്നുമില്ല. എല്ലാം ഒരു കൃത്രിമത്വം. ആ പൊലിസുകാരുടെ അഭിനയവും, മരിച്ചു പോയ മനുഷ്യന്റെ മകന്റെ അഭിനയവും കൃത്രിമത്വം മാത്രം നിറഞ്ഞതായി. മോളുടെ അഭിനയവും അത് പോലെ തന്നെ. അച്ചടി ഭാഷയിൽ പോലീസുകാരും, മോനും മോളും ഒക്കെ സംസാരിക്കുന്നതു കേട്ടപ്പോൾ അറപ്പു തോന്നി.ഒന്നാം ക്ലാസിലെ കുട്ടികൾ നാടകം അവതരിപ്പിക്കുമ്പോൾ പറയുന്നത് പോലെയാണ്ഇവരുടെ  സംഭാഷണം.  കളിപ്പാവകളെ പ്പോലെ, സംഭാഷണം  ഉരുവിടുന്ന അഭിനേതാക്കൾ.   സ്വാഭാവികത വരുത്തുവാൻ പണ്ട് കാലത്തു പ്രത്യേകം ശ്രദ്ധിച്ചിരുന്നു അടൂർ കൃത്രിമത്വത്തിന്റെ വക്താവായി മാറി.  നെടുമുടി വേണുവും വിജയരാഘവനും ഇന്ദ്രൻസും ആണ് അൽപ്പമെങ്കിലും സ്വാഭാവികമായി അഭിനയിച്ചത്. അവർക്കാകട്ടെ വലിയ റോളും ഇല്ലായിരുന്നു. അങ്ങിനെ അഭിനയത്തിന്റെ കാര്യത്തിലും ചിത്രം പരാജയമായി.

കഥ,തിരക്കഥ,സംഭാഷണം,അഭിനയം ഒക്കെ പരാജയപ്പെട്ടു. അത് പോലെ  സംവിധാനവും. ജോലി കിട്ടാതെ നടക്കുന്ന നായകനെ കാണുമ്പോൾ അതിൽ അയാൾക്ക്‌ ദുഃഖ മുണ്ടെന്നോ കുടുംബത്തിൽ പ്രാരാബ്ദമുണ്ടെന്നോ പ്രേക്ഷകന് തോന്നിപ്പിക്കാൻ കഴിഞ്ഞില്ല.  'സ്വയംവര'ത്തിലെ ബസ് യാത്ര പോലെ ഒരു നീണ്ട ഇന്റർവ്യൂ. എന്തായിരുന്നു അതിന്റെ ആവശ്യം? ജോലി കിട്ടുന്നില്ല എന്ന് കാണിക്കാനാണോ? തിരുവനന്തപുരത്തെ രണ്ടു മൂന്നു പ്രമുഖ വ്യക്തികളെ കാണിച്ചു എന്നല്ലാതെ മറ്റൊന്നും അത് കൊണ്ട് നേടിയില്ല. അത് സിനിമ മാർക്കെറ്റിങ്ങിനു ഗുണം ചെയ്യുമോ ആവോ? ആ വൃദ്ധന്മാർ എത്ര ലാഘവത്തോടെ ആണ് കാറിൽ വച്ച് അപരിചതനെ കൊല്ലുന്നത്?  സ്ഥിരം കൊലയാളിയെ പ്പോലെ.  എന്തായിരുന്നു കെ.പി.എ.സി. ലളിതയുടെ റോൾ? കാവ്യയോട് മറ്റൊരു കല്യാണം കഴിക്കണം എന്നു പറയുന്നതിന് വേണ്ടി  മാത്രം. എന്തായിരുന്നു ഇന്ദ്രൻസിന്റെ റോൾ? പ്രാരാബ്ധം ഉള്ള വീട് ആണ് എന്ന് കാണിക്കാനാണോ? ചോദ്യങ്ങൾ മാത്രമാണ് കാണികളുടെ മനസ്സിൽ അവശേഷിക്കുന്നത്. 

''പിന്നെയും'' ഒട്ടും നിലവാരമില്ലാത്ത ഒരു സിനിമയാണ്. രണ്ടു മണിക്കൂർ ഇരുന്നത്  പ്രേക്ഷകർ ക്ഷമാ ശീലർ ആയത് കൊണ്ട് മാത്രം. അടൂർ  ഗോപാലകൃഷ്ണന്റെ പതനത്തിന്റെ ആഴം കാണാൻ.

2016, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

വ്യത്യസ്ത ചിത്രം

ഏതോ ഒരു പുതു മുഖ സംവിധായകൻ (അങ്ങേരുടെ പേരോ അങ്ങേരുടെ പടത്തിന്റെ പേരോ ഓർമയില്ല) സോഷ്യൽ മീഡിയയ്ക്ക് എതിരെ രൂക്ഷമായി പ്രതികരിക്കുന്നത് കണ്ടു. പടം ഇറങ്ങിയ ഉടൻ ഫേസ് ബുക്കിലും മറ്റും വരുന്ന നിരൂപണങ്ങൾ ആണ് സിനിമയെ നശിപ്പിക്കുന്നത് എന്ന്.

ശരിയാണ്. അങ്ങിനെ സത്യ സന്ധമായ അഭിപ്രായങ്ങൾ വരുന്നത് കൊണ്ടാണ് കുറച്ചു പേരെങ്കിലും ആ സിനിമകൾ കാണാതെ രക്ഷപ്പെടുന്നത് എന്നത് സത്യം തന്നെയാണ്. പണ്ടൊക്കെ ഏതെങ്കിലും ഒരു പ്രസിദ്ധീകരണത്തിൽ വരുന്ന നിരൂപണം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത് വരുന്നത് വളരെ താമസിച്ചും. ഇന്ന് കാലം മാറി.ഓരോരുത്തരും അവരുടെ അഭിപ്രായം പറയുന്നു,. അതിൽ എന്താണ് തെറ്റ്? അങ്ങിനെ കുറെ അഭിപ്രായങ്ങൾ വായിക്കുമ്പോൾ  ജനത്തിനു സിനിമയെ കുറിച്ച് ഒരു ഏകദേശ ധാരണ കിട്ടും. വെറുതെ 100 ഉം 200  രൂപ കളയേണ്ട എന്ന് തീരുമാനിക്കും. ബോറൻ പടങ്ങൾ കാണാതെ ആ  കാശിനു അരി മേടിക്കാൻ കഴിയുമല്ലോ.

സോഷ്യൽ മീഡിയയിൽ വരുന്ന നിരൂപണത്തെ കുറ്റം പറയുന്ന ഈ സംവിധായകനും (കൂടെ മറ്റു സംവിധായകരും) ചെയ്യുന്ന തട്ടിപ്പു എന്താണ്  എന്ന് നോക്കാം. ഏതെങ്കിലും ചാനലിൽ അഭിമുഖം അഡ്ജസ്റ് ചെയ്യുന്നു. കൂടെ അതിലെ പ്രധാന നടൻ-നടി എന്നിവരെ സംഘടിപ്പിക്കുന്നു. എന്നിട്ടു ചർച്ച. ഓരോ അഭിപ്രായ പ്രകടനങ്ങൾ. എല്ലാവരും പറയുന്നത് ഒരേ കാര്യം."ഇതൊരു വ്യത്യസ്ത ചിത്രം ആണ്". നടൻ പറയുന്നു "വ്യത്യസ്ത അഭിനയ മുഹൂർത്തം" ആയിരുന്നു. നടിയും അത് പറയുന്നു. പാട്ടെഴുത്തുകാരനും, അങ്ങിനെ കൂടെ വന്ന എല്ലാവരും സംവിധായകനും ഇങ്ങിനെ "വ്യത്യസ്ത" കള്ളങ്ങൾ തന്നെ കാഴ്ചക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്നു.  ഒരു വ്യത്യസ്തതയുമില്ലാത്ത ഒരു നിലവാരമില്ലാത്ത സാധനത്തെ കുറിച്ചാണ് ഈ ''പ്രോമോ''. മീഡിയയെ ഉപയോഗിച്ചു സിനിമാക്കാര് നടത്തുന്ന ഈ തട്ടിപ്പു ശരിയാണോ സംവിധായക സുഹൃത്തേ?

ഇന്ന് പത്ര മാധ്യമങ്ങളിൽ വരുന്ന നിരൂപണങ്ങളും കാശ് കൊടുത്തു എഴുതിക്കുന്നവ ആണ്. അത് കൊള്ളാം. ഇത് കൊള്ളാം. പടം മൊത്തത്തിൽ ഒരു കാഴ്ച്ചാനുഭവം എന്നൊക്കെ ഈ നിരൂപക സുഹൃത്തുക്കൾ തട്ടി വിടും. പണ്ട് ശരിയായി നിരൂപണം എഴുതിയിരുന്ന ആൾക്കാർ ഉണ്ടായിരുന്നു. കോഴിക്കോടൻ,സിനിക്ക് എന്ന ചിലർ.ഇന്നതൊക്കെ മാറി. സോഷ്യൽ മീഡിയ ഉള്ളത് കൊണ്ടാണ് ജനം രക്ഷപ്പെടുന്നത്.

2016, ഓഗസ്റ്റ് 20, ശനിയാഴ്‌ച

നല്ല അധ്യക്ഷ

"പാർട്ടി പറയുന്നത് മാത്രമേ ഞാൻ ചെയ്യുകയുള്ളൂ.  അവർക്കു വിധേയമായിരിക്കും ഞാൻ പ്രവർത്തിക്കുക"

കേരള സംഗീത നാടക അക്കാദമി അധ്യക്ഷ ആയി പുതുതായി സ്ഥാനമേറ്റ കെ.പി.എ.സി. ലളിതയുടെ വാക്കുകൾ ആണിത്.

                                               Image result for kpac lalitha as sangeetha nataka academy



നല്ല അധ്യക്ഷൻ. ഇങ്ങിനെ വേണം അധ്യക്ഷൻ ആയാൽ. ഒരു പദവി തന്നതല്ലേ. പിന്നെ അവർ പറഞ്ഞാൽ കേൾക്കണ്ടേ. ഇത് അതിനും അപ്പുറത്തു പോയി. പാർട്ടി പറയുന്നത് മാത്രമേ കേൾക്കുകയുള്ളൂ. അത് മതി അവര് പറയുന്നത് പോലെ തന്നെ ചെയ്താൽ മതി. അവര് പറയുന്ന പേപ്പറിൽ അങ്ങ് ഒപ്പിട്ടു കൊടുത്താൽ മതി. എന്നിട്ടു സ്വസ്ഥമായി ഇരുന്നാൽ മതി. വണ്ടിയും അലവൻസും ഒക്കെ കിട്ടും. സിനിമകളും  ഇപ്പോൾ കുറവല്ലേ. അങ്ങിനെ അങ്ങ് ജീവിക്കാം.

സാധാരണ എല്ലാവരും രാഷ്ട്രീയ ത്തിനു അതീതമായി പ്രവർത്തിക്കും എന്നാണു പറയുന്നത്. അങ്ങിനെയാണ് വേണ്ടത് താനും. ഇവിടെ നമ്മുടെ അധ്യക്ഷ പറയുന്നത്  പാർട്ടി പറയുന്നത് പോലെ മാത്രമേ പ്രവർത്തിക്കൂ എന്നാണ്.

ഇതിനിടെ ഇക്കഴിഞ്ഞ നിയമ സഭ തിരെഞ്ഞെടുപ്പിൽ ഒന്ന് മത്സരിക്കാൻ ശ്രമിച്ചതാണ്. മാർക്സിസ്റ് സ്ഥാനാർഥി ആയി. നാട്ടുകാര് എതിരായപ്പോൾ പതിയെ പിന്മാറി. അങ്ങിനെ യിരിക്കുമ്പോൾ ആണ് ഈ സ്ഥാനം കിട്ടുന്നത്. പിന്നെ എങ്ങിനെ പാർട്ടിയ്ക്ക് അനുസരിക്കാതിരിക്കും? 

സർക്കാരിന്റെ പോളിസി അനുസരിച്ചു ഭരിക്കും എന്ന് പോലും പറഞ്ഞില്ല. പകരം പാർട്ടി പറയുന്നത് പോലെ എന്ന്. ഇങ്ങിനെ നട്ടെല്ലില്ലാത്തവരെ പിടിച്ചു ഓരോ സ്ഥാനത്തു ആക്കിയാൽ അതിന്റെയൊക്കെ ഗതി എന്താവും? ഇങ്ങനെയുള്ളവരെ തന്നെയാണ് പാർട്ടിക്ക് വേണ്ടത്. ചിന്താ ശക്തി ഇല്ലാത്ത,നട്ടെല്ലില്ലാത്ത ആളുകളെ. പാർട്ടി പറഞ്ഞാൽ മുന്നും പിന്നും നോക്കാതെ കുത്താനും വെട്ടാനും കൊല്ലാനും തയ്യാറാകുന്നവർ. അങ്ങനെയാണല്ലോ പാർട്ടി വളർന്നത്.

ഏതായാലും സംഗീത നാടക അക്കാദമിയുടെ കാര്യം ഈ ഭരണം തീരുന്നതു വരെ കട്ട പൊഹ.



2016, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

ഡിപ്ലോമാറ്റിക് പാസ്പോർട്ട്




എന്തൊരു ബഹളമായിരുന്നു. സൗദി അറേബ്യയിൽ പോകണം. മലയാളികളെ രക്ഷിക്കണം. അതിനു ഡിപ്ലോമാറ്റിക് പാസ്പോർട്ട് വേണം. കെ.ടി.ജലീൽ മന്ത്രിയുടെ ആവശ്യമായിരുന്നു അത്. സൗദി യിൽ പോയി മന്ത്രി എന്ത് ചെയ്യുമായിരുന്നുവെന്ന് ആർക്കും അറിയില്ല. സൗദി രാജാവിനെ കണ്ടു സമരം പ്രഖ്യാപിക്കുമായിരുന്നോ? അതോ രാജാവിന്റെ കൊട്ടാരം ഉപരോധിക്കുമായിരുന്നോ? അതോ സൗദിയിൽ ഹർത്താൽ പ്രഖ്യാപിക്കുമായിരുന്നോ? അതൊന്നും അറിയില്ല.പക്ഷെ പോകണം. അവിടത്തെ സ്ഥിതി ഗതികൾ നേരിട്ട് മനസ്സിലാക്കാൻ!അതിന് സ്വന്തം പാസ്‌പോർട്ടിൽ പോയാൽ പോരെ? എല്ലാ മന്ത്രിമാരും നാഴികയ്ക്ക് നാൽപ്പതു വട്ടം ഗൾഫ് നാടുകൾ സന്ദര്ശിക്കുന്നുവല്ലോ. ബന്ധുക്കളെ കാണാനും പാർട്ടി ഫണ്ട് പിരിവിനും മറ്റുമായി. അപ്പോൾ വെറുതെ ഒരു സ്റ്റൈലിൽ പോകാൻ വേണ്ടിയാണ് നയ തന്ത്ര പാസ് പോർട്ട് വേണമെന്ന് മന്ത്രി  ആവശ്യപ്പെട്ടത്.







കേന്ദ്രം ഡിപ്ലോമാറ്റിക് പാസ്പോർട്ട് നിഷേധിച്ചപ്പോഴോ? അതിലും വലിയ ബഹളം.അത് 'നിർഭാഗ്യകരം' എന്നാണു മുഖ്യ മന്ത്രി വിശേഷിപ്പിച്ചത്.''കേന്ദ്രം നിരസിച്ചതിന്റെ കാരണം നിഗൂഡം'' ആണത്രേ. 

ഇങ്ങിനെ കരഞ്ഞ സർക്കാരിന്റെ യഥാർത്ഥ ഉദ്ദേശം ഇപ്പോൾ വെളിവായിരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ സമയോചിതവും ബുദ്ധിപൂർവവും തന്ത്രപരവും ആയ ഇടപെടൽ കൊണ്ട് സൗദി രാജാവ് തന്നെ   പ്രശ്നത്തിൽ ഇടപെടുകയും ചെയ്തു. തിരികെ വരുന്ന മലയാളികൾ ഡൽഹിയിലും മുംബൈയിലും ആണ് വിമാനത്തിൽ ഇറങ്ങുന്നത്. എല്ലാം നഷ്ട്ടപ്പെട്ട അവർക്കു നാട്ടിൽ മടങ്ങിയെത്തണം. സൗദിയിൽ പോയി ആശ്വസിപ്പിക്കാൻ ശ്രമിച്ച മന്ത്രി ജലീലിനെയും ''നിഗൂഡം'' എന്ന് പറഞ്ഞ മുഖ്യ മന്ത്രി പിണറായിയേയും ആ പരിസരത്ത് എങ്ങും കാണാനില്ല. ''ഡിപ്ലോമാറ്റിക് പാസ്‌പോർട്ടിന്'' ശേഷം അവരുടെ സൗദി സ്നേഹം ഒക്കെ തീർന്നു. സർക്കാർ പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കിയതേ ഇല്ല. നാട്ടിലെത്താൻ പണം ഇല്ലാതെ  ഡൽഹിയിൽ അകപ്പെട്ടു പോയ മലയാളികൾ കഷ്ടപ്പെട്ടു. അവസാനം ഒരു  വാർത്താ ചാനൽ ഈ പ്രശ്നം ഉയർത്തിയപ്പോഴാണ് നമ്മുടെ ഭരണാധികാരികൾ ഇടപെടാൻ നിർബ്ബന്ധിതരായതു. അങ്ങിനെ തിരിച്ചു വന്ന സൗദി മലയാളികൾക്ക് ട്രെയിൻ ടിക്കറ്റു എടുത്തു കൊടുക്കാമെന്നു സർക്കാർപറഞ്ഞു.  മാധ്യമങ്ങൾ അതിനെ പരിഹസിച്ചപ്പോൾ അവസാനം നാണം കെട്ടു വിമാന ടിക്കറ്റു എടുത്തു കൊടുക്കാമെന്നു ഇപ്പോൾ പറഞ്ഞിരിക്കുകയാണ്.

ജലീൽ മന്ത്രി സൗദിയിൽ പോയിരുന്നുവെങ്കിൽ എത്ര ലക്ഷം രൂപയാണ് സർക്കാരിന് ചിലവാകുമായിരുന്നത്?  മന്ത്രി തനിയെ പോകുമോ? സഹായിക്കാൻ ഒരു ഉദ്യോഗസ്ഥ സംഘം. പിന്നെ ചിലപ്പോൾ ഒരു പാർട്ടി സംഘം. ഉപദേശങ്ങൾ നൽകാൻ. ലക്ഷങ്ങൾ പൊടിക്കും. അതിൽ ഒരു പങ്ക്  ഈ പാവങ്ങൾക്ക് ടിക്കറ്റു എടുത്തു കൊടുക്കാൻ നമ്മുടെ സർക്കാർ തയ്യാറായില്ല. വെറുതെ പേരും പ്രശസ്തിയും എടുക്കാമായിരുന്നു ജലീൽ മന്ത്രിയുടെ സൗദി യാത്രയുടെ ഉദ്ദേശം എന്ന് ഇപ്പോൾ വ്യക്തമായല്ലോ.

2016, ഓഗസ്റ്റ് 17, ബുധനാഴ്‌ച

പീഡനം

14  സെക്കൻഡ് നോട്ടം എന്നതിന് പൊങ്കാലയിട്ടു ട്രോളേഴ്‌സ് ആഘോഷിച്ചു. അതിനിടയിൽ കയറി, നമ്മുടെ മുഹമ്മദാലി ഫെയിo, മന്ത്രി ജയരാജൻ ഇടപെടുകയും ചെയ്തു. 14 സെക്കൻഡ് പ്രയോഗം അങ്ങേർക്കു അരോചകമായത്രേ. (ട്രോളുകൾ എല്ലാം വളരെ രസകരമായിരുന്നു. വായു നോക്കികളുടെ പരിവേദനവും, സെക്കൻഡ് അളക്കാനുള്ള യന്ത്രം ഘടിപ്പിച്ച കണ്ണാടിയും ഒക്കെ നന്നായി ചിരിപ്പിച്ചു)

അര മണിക്കൂർ കാത്തു നിന്നാൽ നമ്മൾ പറയും."അഞ്ചാറു മണിക്കൂർ കാത്തു നിന്നു" എന്ന്.  അഞ്ചാറു പട്ടികൾ റോഡിൽ നിന്നാൽ നമ്മൾ പറയും "ഒരു പത്തു നൂറു പട്ടികൾ നിൽക്കുന്നു" എന്ന്. അത് പോലെ നോട്ടത്തിന്  ഋഷി രാജ് സിംഗ് ആലങ്കാരികമായി പറഞ്ഞു എന്നെ ഉള്ളൂ. 

ഒരു നോട്ടം കണ്ടാൽ മതി. അപ്പോൾ അറിയാം. അത് ഏതു തരം ആണെന്ന്. ഒരു കൊത്തി വലിക്കുന്ന നോട്ടം. കാമം മാത്രമാണ് ആ നോട്ടത്തിൽ ഉള്ളത്. അത് കണ്ടാൽ അറിയുകയും ചെയ്യാം. അങ്ങിനെ ഉള്ള നോട്ടത്തിനാണ് ഋഷി രാജ് സിംഗ് പറഞ്ഞത്. "Outraging the modesty of  woman" എന്നാണ് ഇന്ത്യൻ പീനൽ കോഡിൽ കുറ്റം ആയി പറയുന്നത്.  മോഡസ്റ്റി എന്താണെന്ന്  സുപ്രീം കോടതി 2007  ലെ വിധി യിൽ നിർവചിക്കുകയും ചെയ്തു. "The essence of a woman's modesty is her sex".  നിർവചനം.

സ്ത്രീ പീഡനം വർധിച്ചു വരുന്ന സാഹചര്യത്തിൽ ആണ് സ്ത്രീകളെ ബോധവൽക്കരിക്കാൻ വേണ്ടി ഇതൊക്കെ പറഞ്ഞത്.

ഇതിനെ വിമർശിച്ചു കൊണ്ട് ശാരദക്കുട്ടി എന്ന എഴുത്തുകാരി എഴുതുകയുണ്ടായി. കാണാൻ അഴകുള്ളതിനെ നോക്കുന്നത് മനുഷ്യ സഹജം ആണെന്നും നിയമം കൊണ്ട് അത് തടഞ്ഞാൽ നല്ല സാഹിത്യം ഉണ്ടാവുകയില്ല എന്ന് പറയുന്നു. കാണാൻ ഭാഗിയുള്ളതിനെ നോക്കുന്നത് മനുഷ്യ സഹജം ആണ്. അത് സ്ത്രീ ആയാലും,പൂവ് ആയാലും,പ്രകൃതി ആയാലും ഭംഗി എന്നൊരു വികാരം മാത്രം ആണ് അവിടെയുള്ളത്. അതിനപ്പുറം കടക്കുമ്പോഴാണ്‌ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നിയമവും സദാചാര മര്യാദകളും പഠിപ്പിച്ചു പഠിപ്പിച്ചു പുതു തലമുറയെ മാനസിക വൈകല്യമുള്ളവരാക്കി തീർക്കും എന്നാണ് അവർ പറയുന്നത്.

ഒരു നിയമവും വ്യവസ്ഥയും ഉള്ളത് കൊണ്ടല്ലേ സമൂഹം പ്രശ്ങ്ങളില്ലാതെ മുന്നോട്ടു പോകുന്നത്? നിയന്ത്രണങ്ങളില്ലാതെ സമൂഹം നില നിൽക്കുമോ? സമൂഹത്തിന്റെ നില നിൽപ്പിനു വേണ്ടിയാണ് നിയന്ത്രണങ്ങൾ കൊണ്ട് വന്നത് തന്നെ.
വ്യവസ്ഥാപിത നിയമങ്ങളെ  പരിഹസിക്കുക എന്നത് ഇന്നൊരു ഫാഷൻ ആയിരിക്കുകയാണ്. അടുത്ത കാലത്തു ഒരു ചുംബന സമരം നടന്നല്ലോ. അതിനെ പിന്തുണക്കുന്ന കുറെ എഴുത്തുകാരും ഉണ്ടായി. അവരുടെ ആരുടെയെങ്കിലും പെൺ മക്കളോ ഭാര്യമാരോ ചുംബിക്കാൻ വേണ്ടി തെരുവിൽ ഉണ്ടായിരുന്നോ? ഇല്ല. വെറുതെ പ്രഖ്യാപനം നടത്താനും ഉൽബോധനം നടത്താനും എളുപ്പമാണ്. അതാണ് ഇവിടത്തെ എഴുത്തുകാരും ''സൊ കാൾഡ്'' ബുദ്ധികജീവികളും ചെയ്യുന്നത്. 

2016, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

മാണി രാഷ്ട്രീയം

കോൺഗ്രസ്സ് വിമുക്ത ഭാരതം എന്ന് മോദി പറഞ്ഞപ്പോൾ കോൺഗ്രസ്സുകാർ ചിരിച്ചു. ആ സത്യം അറിയാമെങ്കിലും പൊതു സമൂഹത്തിൽ കാണിക്കാനുള്ള  പല്ലിളി. കോൺഗ്രസ്സിന്റെ നാശം ഏതാണ്ട് ആയിക്കഴിഞ്ഞു എന്ന് തന്നെ പറയാം. ഓരോ അഞ്ചു കൊല്ലം കഴിയുമ്പോഴും ഉണ്ടായിരുന്ന ഒരു അവസരം ആണ് കേരളത്തിൽ കോൺഗ്രസ്സിനു നഷ്ടപ്പെടാൻ പോകുന്നതു. ഐക്യ ജനാധിപത്യ മുന്നണി എന്ന ഒരു സംഭവത്തിന്റെ പച്ചയിൽ ആണ് കേരളത്തിൽ അവർ ഭരണം നടത്തിയിരുന്നത്. എല്ലാം മതേതര പാർട്ടികൾ. മുസ്ലിങ്ങളുടെ മാത്രമായ മുസ്ലിം ലീഗ് എന്ന മതേതരം. ക്രിസ്ത്യാനികളുടെയും പള്ളികളുടെയും ആയ കേരള കോൺഗ്രസ്സ് ( അത് മാണി വിഭാഗം- മറ്റേ വിഭാഗം എന്നിങ്ങിനെ)  പിന്നെ കുറെ എം.എൽ.എ. മാരില്ലാതെ പാർട്ടികൾ. എന്തായാലും എല്ലാം തട്ടിക്കൂട്ടി കോൺഗ്രസ്സ് ഭരണം നടത്തിയിരുന്നു. 

ഇതാ അതിൽ പ്രമുഖൻ മാണി കേരള കോൺഗ്രസ്സ് യു.ഡി.എഫ്. വിട്ടു കഴിഞ്ഞിരിക്കുന്നു. ബാർ കോഴക്കേസിൽ തന്നെ പിന്തുണച്ചില്ല , രക്ഷിച്ചില്ല  എന്നതാണ്  മാണിയുടെ കാരണം. അത് ശരിയല്ലേ? ബാബുവിനെ സഹായിച്ചു. ഉമ്മൻ ചാണ്ടിയെ സഹായിച്ചു. അങ്ങിനെ പല മന്ത്രിമാരെയും എം.പി. മാരെയും എം.എൽ.എ. മാരെയും അഴിമതി കേസുകളിൽ നിന്നും സരിതയിൽ നിന്നും ഒക്കെ സംരക്ഷിച്ചു നിർത്തിയില്ലേ? എന്ത് കൊണ്ട്  മാണിയെ മാത്രം ഒഴിവാക്കി? അത് അഴിമതിക്കാര് തമ്മിലുള്ള കണക്കാണ് അത് അവര് തമ്മിൽ തീർക്കട്ടെ.

 ബി.ജെ.പിയുടെ വരവാണ് കേരളത്തിലെ രാഷ്ട്രീയ സമ വാക്യങ്ങൾ മുഴുവൻ തെറ്റിച്ചത്.ഇടതു അഞ്ചു വർഷം വലതു അഞ്ചു വർഷം എന്ന കണക്കു ആണിവിടെ തെറ്റിയത്. കോൺഗ്രസ്സിന്റെ കൂടെ നിന്നാൽ മൊത്തം നശിക്കും എന്ന തിരിച്ചറിവ് ആണ് മാണിയെ രക്ഷപെടാൻ പ്രേരിപ്പിച്ചത്. മാണിയില്ലാതെ മധ്യ തിരുവിതാംകൂറിലെ ക്രിസ്ത്യാനി വോട്ട് കിട്ടാതെ യു.ഡി.എഫ്. ജയിക്കാൻ കഴിയില്ല. ആ സത്യം മനസ്സിലാക്കി മുസ്ലിം ലീഗും കാലം മാറി ചവിട്ടാൻ തയ്യാറെടുത്തു നിൽക്കുകയാണ്. വിടെയാണ് ബി.ജെ.പി.യുടെ പ്രസക്തി വർധിക്കുന്നത്. കേരള നിയമ സഭയിൽ ഒരു സാമാജികനെ ലഭിച്ചത് കൂടാതെ പലയിടത്തും ചുരുക്കം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. അവിടെയൊക്കെ ജയിച്ചു കയറാൻ ബി.ജെ.പിയ്ക്ക് ആകും എന്ന് എല്ലാവർക്കും  അറിയാം. 

മാണി എങ്ങോട്ടു പോകണമെന്നറിയാതെ നിൽക്കുകയാണ്. എൻ.ഡി.എ. ആണ് അവർക്കു ഏറ്റവും അനുയോജ്യം. ഇടതിന് അവരെ വലിയ ആവശ്യം ഇല്ല. കുറച്ചു സീറ്റ് കിട്ടിയാലും മാർക്സിസ്റ് കാർ മാണിയെ ഒതുക്കും. ഇനി ഒരേ ഒരു മാർഗം എൻ.ഡി.എ. അവര് മാണിയെ പൊന്നു പോലെ നോക്കിക്കൊള്ളും. കോഴ. അത് മാണിയോട് കൂടി അവസാനിക്കും. മാണിക്കിനി രാഷ്ട്രീയത്തിൽ എത്ര കാലം ആണുള്ളത്? അടുത്ത തെരെഞ്ഞെടുപ്പിൽ തന്നെ മാണിയുടെ പ്രസക്തി പോവും. അപ്പോൾ കേരള കോൺഗ്രസ്സിനു മുന്നോട്ടു പോകാനും വളരാനും അടുത്ത തലമുറയെ ആശ്രയിക്കുകയാണ് വേണ്ടത്. അതിനു എൻ.,ഡി,എ. അല്ലാതെ മറ്റൊരു വഴിയും ഇല്ല. അണ്ണാനെ മരം കേറ്റം പഠിപ്പിക്കേണ്ടല്ലോ എന്ന് പറയുന്നത് പോലെ മാണിയെ രാഷ്ട്രീയം പഠിപ്പിക്കേണ്ടല്ലോ.




2016, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ATM

ATM കവർച്ച പുതിയ മാനങ്ങൾ കൈവരിക്കുകയാണ്. കാർഡിലുള്ള വിവരങ്ങൾ ATM ൽ ഒളിച്ചു വയ്ക്കുന്ന രഹസ്യ  ഉപകരണം ഉപയോഗിച്ച്  പിടിച്ചെടുക്കുന്നു. രഹസ്യ ക്യാമറ ഉപയോഗിച്ച് PIN എടുക്കുന്നു. പിന്നെ അക്കൗണ്ടിൽ നിന്നും പണംഎടുക്കുന്നു. സുരക്ഷ ഒരുക്കേണ്ടത് ബാങ്ക് തന്നെയാണ്.

പൊതു ജനങ്ങൾ നിക്ഷേപിക്കുന്ന പണം അവർക്ക് ആവശ്യപ്പെടുന്ന സമയത്തു നൽകുന്നത് കൊണ്ട്തങ്ങൾക്ക് ജോലി ഭാരം വർധിക്കുന്നു എന്ന് മുറവിളി കൂട്ടിയാണ് ബാങ്ക് കാർ നിർബന്ധിച്ചു എല്ലാവരെയും ATM കാർഡ് അടിച്ചേൽപ്പിച്ചത്. അങ്ങിനെ അവരുടെ ജോലി ഭാരം കുറഞ്ഞു. പക്ഷേ ATMലെ പണത്തിനും ഉപഭോക്താക്കളുടെ ജീവൻറെ സുരക്ഷയ്ക്കും ബാങ്ക് കാർ വലിയ പ്രാധാന്യം നൽകിയില്ല.കാവൽക്കാരെ നിയോഗിക്കാൻ പറഞ്ഞാൽ അത് നഷ്ട്ടം ആകും എന്ന് പറഞ്ഞു ബാങ്ക് അധികാരികൾ തള്ളിക്കളയും.  പണം മോഷ്ടിക്കുന്നത് കൂടാതെ പണം പിൻവലിക്കാൻ വരുന്ന കസ്റ്റമേഴ്‌സിനെ വരെ കൊന്നിട്ടുണ്ട് മോഷ്ട്ടാക്കൾ. ഇപ്പോൾ ATMൽ നിന്നും കൂടുതൽ തവണ പണം പിൻവലിച്ചാൽ അതിനും സർവീസ് ചാർജ് ഈടാക്കുന്നു ഈ ബാങ്ക് കാർ. വൻതോതിലുള്ള ചൂഷണം ആണ് ബാങ്കകൾ ചെയ്യുന്നത്.


ഈ നഷ്ടം എന്ന് പറയുന്ന ബാങ്കുകൾ ആയിരക്കണക്കിന് കോടികളാണ് കിട്ടാക്കടം ആയി എഴുതിത്തള്ളുന്നത്. ഒരു വീട് വയ്ക്കാനോ,കുട്ടികളെ പഠിക്കാനോ സാധാരണക്കാരൻ എടുക്കുന്ന വായ്പ അല്ല. വിജയ മല്യയെ പ്പോലുള്ള കോടീശ്വരന്മാർ  എടുക്കുന്ന കടം ആണ് ഇങ്ങിനെ എഴുതിത്തള്ളുന്നത്. 





തിരുവനന്തപുരത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ന്റെ വികാസ് ഭവനിലെ ATM ആണിത്.  ATM മെഷീനിന്റെ നേരെ മുകളിൽ ആണ് അണ്ഡകടാഹം പോലെ തുറന്നു കിടക്കുന്ന ഈ ദ്വാരം. ചെറിയ രഹസ്യ ക്യാമറ എന്തിന്, സിനിമ എടുക്കുന്ന വലിയ ക്യാമറ പോലും സൗകര്യമായി ഘടിപ്പിക്കാവുന്നത്ര വലിയ ദ്വാരം. റുമേനിയൻ കള്ളന്മാർ ആദ്യം ഇവിടെ വന്നു നോക്കി. ഇത്രയും സൗകര്യമായി ക്യാമറ വയ്ക്കാൻ ബാങ്ക് സ്ഥലം ഒരുക്കിയത് കണ്ട് കള്ളന്മാർക്ക് പോലും  നാണക്കേട് തോന്നിക്കാണും. അതിനാലാണ് ഇവിടെ  ക്യാമറ വയ്ക്കാതെ   റുമേനിയക്കാർ മറ്റു ATM തേടി പോയത്. കള്ളന്മാർക്കുമില്ലേ ഒരു ഡീസൻസി.

2016, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

മനുഷ്യത്വം

നിലവിളക്ക് ക്രിസ്ത്യാനി കൊണ്ട് പോയി, മുത്തുക്കുട കൊണ്ട് പോയി. എഴുത്തിനിരുത്ത്, തുലാഭാരം തുടങ്ങി ഹിന്ദു ആചാരങ്ങൾ എല്ലാം കൊണ്ട് പോയി എന്ന് പകുതി ഹാസ്യമായും പകുതി ഗൗരവമായും പരിതപിക്കുന്ന ട്രോളുകൾ ഈ വെബ്ബ് ലോകത്തിൽ ധാരാളം കാണാം. 

ഇന്നത്തെ പാത്രത്തിൽ വന്ന വാർത്ത ഒന്ന് നോക്കൂ.


ഏക ആശ്രയമായിരുന്ന അമ്മയുടെ (ഇന്ദു) മരണത്തോടെ അനാഥരായ  കീർത്തിയും ദീപ്തിയും. താമസിക്കാൻ വീടില്ല. നെയ്യാറ്റിൻകരയിൽ വാടകയ്ക്കു ആയിരുന്നു താമസിച്ചിരുന്നത്. ഇനി ആ വാർത്തയുടെ  അവസാന ഭാഗം ഒന്ന് വായിച്ചു നോക്കൂ.

  "സ്വന്തമായി സ്ഥലമില്ലാത്ത കൊണ്ട് തൊട്ടടുത്ത പള്ളിയിലെ പുരോഹിതന്റെ  സഹായത്തോടെ ഇന്ദുവിന്റെ മൃതദേഹം നെട്ടയം മലമുകളിലെ സെമിത്തേരിയിലാണ് ഞായറാഴ്ച സംസ്കരിച്ചത്."

ആചാരങ്ങളെല്ലാം കൊണ്ട് പോയി എന്ന് വിലപിക്കുന്നവർക്ക്  ഇത്രയും നാൾ ഹിന്ദുവിന്റെ ആചാരം അനുസരിച്ചു ജീവിച്ച ഇന്ദു എന്ന സ്ത്രീയുടെ മൃതദേഹം പോലും ഹിന്ദു ആചാരപ്രകാരം സംസ്കരിക്കാൻ കഴിഞ്ഞില്ല. 10 മാസം മുൻപ് ഇന്ദുവിന്റെ ഭർത്താവ് പ്രകാശ് മരിച്ചപ്പോഴും ശരീരം പള്ളിയിൽ ആണ് അടക്കിയത്.. ഇന്ദു മരിച്ചപ്പോഴും പള്ളി തന്നെ ശരണം.  ഭൗതിക ശരീരം മറവു ചെയ്താൽ മതി. സെമിത്തേരിയിൽ ആയാലും. ശരീരം  കിടന്നു പുഴുവരിക്കാതിരിക്കാൻ പള്ളീലച്ചൻ മഹത്തായ ഒരു മാതൃക കാട്ടിത്തന്നു.  എന്നാലും അവർക്കൊരു സഹായം ചെയ്യാൻ, അവർ വിശ്വസിച്ചിരുന്ന ആചാരങ്ങൾ പിന്തുടരുന്ന  ഹിന്ദു സമൂഹം മുന്നോട്ടു വന്നില്ല  എന്നുള്ളിടത്താണ് പ്രശ്നം.

ഇവർ താമസിച്ചിരുന്നതിനു ചുറ്റും ഹിന്ദുക്കൾ ഉണ്ടായിരുന്നല്ലോ. ഹിന്ദു സംഘടനകൾ ഉണ്ടായിരുന്നല്ലോ. ഇന്ദുവിന്റെ  മരണം എല്ലാവരും അറിഞ്ഞും കാണുമല്ലോ. എന്നിട്ടും ആരും മുന്നോട്ടു വന്നില്ല. ഇന്നലെ പത്ര വാർത്ത വന്നത് കൊണ്ട്  എല്ലാം കഴിഞ്ഞതിനു ശേഷം സഹായവുമായി എൻ.എസ്.എസ്. രംഗത്ത് വരുന്നുണ്ട്. അവരും മുൻപ്  അവിടെ  ഉണ്ടായിരുന്നല്ലോ. അവരും ഒന്നും ചെയ്തില്ല. കഷ്ട്ടപ്പെടുന്ന നായർക്ക് വേണ്ടിയല്ലേ ഈ എൻ.എസ്.എസ്? അതൊ പണക്കാർക്ക് വേണ്ടി മാത്രമോ?  ട്രോളും സോഷ്യൽ മീഡിയയും മാത്രം മതിയോ? മനുഷ്യത്വം എന്നൊന്ന് വേണ്ടേ?