Monday, August 22, 2016

വ്യത്യസ്ത ചിത്രം

ഏതോ ഒരു പുതു മുഖ സംവിധായകൻ (അങ്ങേരുടെ പേരോ അങ്ങേരുടെ പടത്തിന്റെ പേരോ ഓർമയില്ല) സോഷ്യൽ മീഡിയയ്ക്ക് എതിരെ രൂക്ഷമായി പ്രതികരിക്കുന്നത് കണ്ടു. പടം ഇറങ്ങിയ ഉടൻ ഫേസ് ബുക്കിലും മറ്റും വരുന്ന നിരൂപണങ്ങൾ ആണ് സിനിമയെ നശിപ്പിക്കുന്നത് എന്ന്.

ശരിയാണ്. അങ്ങിനെ സത്യ സന്ധമായ അഭിപ്രായങ്ങൾ വരുന്നത് കൊണ്ടാണ് കുറച്ചു പേരെങ്കിലും ആ സിനിമകൾ കാണാതെ രക്ഷപ്പെടുന്നത് എന്നത് സത്യം തന്നെയാണ്. പണ്ടൊക്കെ ഏതെങ്കിലും ഒരു പ്രസിദ്ധീകരണത്തിൽ വരുന്ന നിരൂപണം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത് വരുന്നത് വളരെ താമസിച്ചും. ഇന്ന് കാലം മാറി.ഓരോരുത്തരും അവരുടെ അഭിപ്രായം പറയുന്നു,. അതിൽ എന്താണ് തെറ്റ്? അങ്ങിനെ കുറെ അഭിപ്രായങ്ങൾ വായിക്കുമ്പോൾ  ജനത്തിനു സിനിമയെ കുറിച്ച് ഒരു ഏകദേശ ധാരണ കിട്ടും. വെറുതെ 100 ഉം 200  രൂപ കളയേണ്ട എന്ന് തീരുമാനിക്കും. ബോറൻ പടങ്ങൾ കാണാതെ ആ  കാശിനു അരി മേടിക്കാൻ കഴിയുമല്ലോ.

സോഷ്യൽ മീഡിയയിൽ വരുന്ന നിരൂപണത്തെ കുറ്റം പറയുന്ന ഈ സംവിധായകനും (കൂടെ മറ്റു സംവിധായകരും) ചെയ്യുന്ന തട്ടിപ്പു എന്താണ്  എന്ന് നോക്കാം. ഏതെങ്കിലും ചാനലിൽ അഭിമുഖം അഡ്ജസ്റ് ചെയ്യുന്നു. കൂടെ അതിലെ പ്രധാന നടൻ-നടി എന്നിവരെ സംഘടിപ്പിക്കുന്നു. എന്നിട്ടു ചർച്ച. ഓരോ അഭിപ്രായ പ്രകടനങ്ങൾ. എല്ലാവരും പറയുന്നത് ഒരേ കാര്യം."ഇതൊരു വ്യത്യസ്ത ചിത്രം ആണ്". നടൻ പറയുന്നു "വ്യത്യസ്ത അഭിനയ മുഹൂർത്തം" ആയിരുന്നു. നടിയും അത് പറയുന്നു. പാട്ടെഴുത്തുകാരനും, അങ്ങിനെ കൂടെ വന്ന എല്ലാവരും സംവിധായകനും ഇങ്ങിനെ "വ്യത്യസ്ത" കള്ളങ്ങൾ തന്നെ കാഴ്ചക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്നു.  ഒരു വ്യത്യസ്തതയുമില്ലാത്ത ഒരു നിലവാരമില്ലാത്ത സാധനത്തെ കുറിച്ചാണ് ഈ ''പ്രോമോ''. മീഡിയയെ ഉപയോഗിച്ചു സിനിമാക്കാര് നടത്തുന്ന ഈ തട്ടിപ്പു ശരിയാണോ സംവിധായക സുഹൃത്തേ?

ഇന്ന് പത്ര മാധ്യമങ്ങളിൽ വരുന്ന നിരൂപണങ്ങളും കാശ് കൊടുത്തു എഴുതിക്കുന്നവ ആണ്. അത് കൊള്ളാം. ഇത് കൊള്ളാം. പടം മൊത്തത്തിൽ ഒരു കാഴ്ച്ചാനുഭവം എന്നൊക്കെ ഈ നിരൂപക സുഹൃത്തുക്കൾ തട്ടി വിടും. പണ്ട് ശരിയായി നിരൂപണം എഴുതിയിരുന്ന ആൾക്കാർ ഉണ്ടായിരുന്നു. കോഴിക്കോടൻ,സിനിക്ക് എന്ന ചിലർ.ഇന്നതൊക്കെ മാറി. സോഷ്യൽ മീഡിയ ഉള്ളത് കൊണ്ടാണ് ജനം രക്ഷപ്പെടുന്നത്.

10 comments:

 1. നിരൂപണം നടത്തുന്നവർ എത്ര മാത്രം അർഹതയുളളവരാണ് അത് ചെയ്യുന്നത്...? സെക്സ് കാണാൻ ചെല്ലുന്നവൻ അതില്ലെങ്കിൽ പടത്തിനെ കുറ്റം പറയും. ഇടി കാണാൻ ചെല്ലുന്ന വൻ ഉദ്ദേശിച്ച മാതിരി കണ്ടില്ലെങ്കിൽ അവനും കുറ്റം പറയും. അവസാനം കരയാൻ അവസരമില്ലാത്തതു കൊണ്ട് സാധാരണ സ്ത്രീകൾ തൃപ്തിപ്പെടില്ല. ഇങ്ങനെ ഓരോരുത്തർക്കും ഓരോ ശീലങ്ങളായിരിക്കും. ഇവരൊന്നും ഒരു ചിത്രത്തെ അവലോകനം ചെയ്യാൻ പ്രാപ്തരുമല്ല. ഇത്തരം അവലോകനം നടത്തുന്നവർ ശത്രുപക്ഷത്തുനിന്നും പണം വാങ്ങി എഴുതുന്നതല്ലെന്ന് എങ്ങനെ ഉറപ്പിക്കാനാകും...?
  അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം.
  സാധാരണ ജനങ്ങളെ തീയറ്റിറ്റൽ നിന്നും അകറ്റുന്നതിന് പ്രധാന കാരണം ടിക്കറ്റിന്റെ താങ്ങാനാവാത്ത ചാർജ്ജ് തന്നെയാണ്. അതു കൊണ്ട് എത്ര നല്ല പടമായാലും എല്ലാവരും ഒന്നുമടിക്കും.
  പുതു മാദ്ധ്യമത്തിൽ വരുന്ന അവലോകനം സാധാരണക്കാർക്ക് പ്രശ്നമല്ല. അവരെ കയറ്റാൻ പറ്റിയ സിനിമകളെ വിജയിക്കുകയുള്ളു. നല്ല സിനിമകൾക്ക് വായ്മൊഴിയായിത്തന്നെ ജനങ്ങൾ പരസ്യം കൊടുത്തു കൊള്ളും..

  ReplyDelete
  Replies
  1. ശരിയാണ്. ഓരോരുത്തർക്കും ആവശ്യമുള്ളത് ഇല്ലാത്ത സിനിമയെ മോശം എന്ന് പറയും. അതും ശരിയാണ്. ഇന്നെല്ലാം പണം കൊടുത്തു ചെയ്തെടുക്കുന്നവയാണ്. വായ് മൊഴി എന്ന് വി.കെ. പറഞ്ഞല്ലോ. അതാണ് പ്രധാനം. അതാണ് ഇന്നത്തെ നവ മാധ്യമം.

   Delete
 2. Replies
  1. സുധി എഴുതിയത് മറുപടി ഇടുമ്പോഴേയ്ക്ക് മാഞ്ഞു പോയി.

   സിനിമ യെക്കുറിച്ചു ഒരു ഏകദേശ രൂപം ഇത്തരം നിരൂപണങ്ങളിൽ നിന്നും കിട്ടും. പണം കൊടുത്തു എഴുതിക്കുന്നതു കണ്ടാലറിയാം. ഒരു ജനതയെ മുഴുവൻ വിലയ്ക്ക് വാങ്ങാൻ കഴിയില്ലല്ലോ. അത് കൊണ്ട് സോഷ്യൽ മീഡിയ നിരൂപണങ്ങൾ അങ്ങിനെ പോകട്ടെ.

   Delete
 3. നിരൂപണങ്ങള്‍ വായിച്ച് വായിച്ച് സിനിമ/ പുസ്തകം കാണാനോ/വായിക്കാനോ പറ്റാതായിട്ടുണ്ട്. പറഞ്ഞെഴുതിക്കുന്നവയും സോഷ്യല്‍ മീഡിയകളില്‍ ഉണ്ട്...

  ReplyDelete
  Replies
  1. എന്നാലും ഒരു ഏകദേശ രൂപം കിട്ടും മുബീ

   Delete
 4. ഇന്ന് പത്ര മാധ്യമങ്ങളിൽ
  വരുന്ന നിരൂപണങ്ങളും കാശ്
  കൊടുത്തു എഴുതിക്കുന്നവ ആണ്.

  ReplyDelete
  Replies
  1. മുരളീ അത് വായിക്കുമ്പോൾ അറിയാം. ഒന്ന് നല്ല പോലെ സുഖിപ്പിച്ചു പറയും. അതിന്റെ ആൾക്കാർ കാശ് കൊടുക്കുമ്പോൾ. രണ്ട് തെറി വിളി. എതിരാളികൾ കാശ് കൊടുക്കുമ്പോൾ.

   Delete
 5. ഞാൻ പണം മുടക്കി ചിത്രം കാണുന്നയാളല്ല. ചലച്ചിത്രങ്ങളോട്‌ വലിയ അഭിനിവേശമില്ല എന്നതു തന്നെ കാരണം. അവസാനമായി തിയേറ്ററിൽ കണ്ട പടം ' എന്നു സ്വന്തം മൊയ്തീൻ ' ആണ്‌. പൊതുജനം (സൊഷ്യൽ മീഡിയ) വല്യ അഭിപ്രായം പറഞ്ഞു കണ്ടപ്പോൾ ആ സാഹസത്തിനു മുതിർന്നു അത്രമാത്രം. പറഞ്ഞു പരത്തിയപോലെ അത്രയ്ക്ക്‌ കേമമല്ലെങ്കിലും മോശമല്ലാത്ത ഒരു പടമായേ അനുഭവപ്പെട്ടുള്ളൂ.
  വളരെയടുത്ത്‌ (നെറ്റിൽ) 'കമ്മട്ടിപ്പാടം' കണ്ടു കൊള്ളാം. വ്യത്യസ്തത പുലർത്തുന്നു. ചില പ്രതിഭകൾ ഉദയം കൊള്ളുന്നുണ്ടതിൽ.

  ReplyDelete
  Replies
  1. സിനിമാ തിയേറ്റർ മാത്രമുണ്ടായിരുന്ന കാലം മാറി. ഇപ്പോൾ നെറ്റിൽ അല്ലെങ്കിൽ സി.ഡി. ഒക്കെ ഉള്ളത് കൊണ്ട് സൗകര്യമാണ്. അതിനു മറ്റൊരു സൗകര്യം കൂടിയുണ്ട്. ബോറടിക്കുന്നെങ്കിൽ ഒഴിവാക്കാനുള്ളത്. അത് വലിയൊരു അനുഗ്രഹം ആണ്. പിന്നെ ടിക്കറ്റു ചാർജ്. ഒരിടത്തു 400 രൂപ!

   Delete