Friday, August 19, 2016

ഡിപ്ലോമാറ്റിക് പാസ്പോർട്ട്
എന്തൊരു ബഹളമായിരുന്നു. സൗദി അറേബ്യയിൽ പോകണം. മലയാളികളെ രക്ഷിക്കണം. അതിനു ഡിപ്ലോമാറ്റിക് പാസ്പോർട്ട് വേണം. കെ.ടി.ജലീൽ മന്ത്രിയുടെ ആവശ്യമായിരുന്നു അത്. സൗദി യിൽ പോയി മന്ത്രി എന്ത് ചെയ്യുമായിരുന്നുവെന്ന് ആർക്കും അറിയില്ല. സൗദി രാജാവിനെ കണ്ടു സമരം പ്രഖ്യാപിക്കുമായിരുന്നോ? അതോ രാജാവിന്റെ കൊട്ടാരം ഉപരോധിക്കുമായിരുന്നോ? അതോ സൗദിയിൽ ഹർത്താൽ പ്രഖ്യാപിക്കുമായിരുന്നോ? അതൊന്നും അറിയില്ല.പക്ഷെ പോകണം. അവിടത്തെ സ്ഥിതി ഗതികൾ നേരിട്ട് മനസ്സിലാക്കാൻ!അതിന് സ്വന്തം പാസ്‌പോർട്ടിൽ പോയാൽ പോരെ? എല്ലാ മന്ത്രിമാരും നാഴികയ്ക്ക് നാൽപ്പതു വട്ടം ഗൾഫ് നാടുകൾ സന്ദര്ശിക്കുന്നുവല്ലോ. ബന്ധുക്കളെ കാണാനും പാർട്ടി ഫണ്ട് പിരിവിനും മറ്റുമായി. അപ്പോൾ വെറുതെ ഒരു സ്റ്റൈലിൽ പോകാൻ വേണ്ടിയാണ് നയ തന്ത്ര പാസ് പോർട്ട് വേണമെന്ന് മന്ത്രി  ആവശ്യപ്പെട്ടത്.കേന്ദ്രം ഡിപ്ലോമാറ്റിക് പാസ്പോർട്ട് നിഷേധിച്ചപ്പോഴോ? അതിലും വലിയ ബഹളം.അത് 'നിർഭാഗ്യകരം' എന്നാണു മുഖ്യ മന്ത്രി വിശേഷിപ്പിച്ചത്.''കേന്ദ്രം നിരസിച്ചതിന്റെ കാരണം നിഗൂഡം'' ആണത്രേ. 

ഇങ്ങിനെ കരഞ്ഞ സർക്കാരിന്റെ യഥാർത്ഥ ഉദ്ദേശം ഇപ്പോൾ വെളിവായിരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ സമയോചിതവും ബുദ്ധിപൂർവവും തന്ത്രപരവും ആയ ഇടപെടൽ കൊണ്ട് സൗദി രാജാവ് തന്നെ   പ്രശ്നത്തിൽ ഇടപെടുകയും ചെയ്തു. തിരികെ വരുന്ന മലയാളികൾ ഡൽഹിയിലും മുംബൈയിലും ആണ് വിമാനത്തിൽ ഇറങ്ങുന്നത്. എല്ലാം നഷ്ട്ടപ്പെട്ട അവർക്കു നാട്ടിൽ മടങ്ങിയെത്തണം. സൗദിയിൽ പോയി ആശ്വസിപ്പിക്കാൻ ശ്രമിച്ച മന്ത്രി ജലീലിനെയും ''നിഗൂഡം'' എന്ന് പറഞ്ഞ മുഖ്യ മന്ത്രി പിണറായിയേയും ആ പരിസരത്ത് എങ്ങും കാണാനില്ല. ''ഡിപ്ലോമാറ്റിക് പാസ്‌പോർട്ടിന്'' ശേഷം അവരുടെ സൗദി സ്നേഹം ഒക്കെ തീർന്നു. സർക്കാർ പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കിയതേ ഇല്ല. നാട്ടിലെത്താൻ പണം ഇല്ലാതെ  ഡൽഹിയിൽ അകപ്പെട്ടു പോയ മലയാളികൾ കഷ്ടപ്പെട്ടു. അവസാനം ഒരു  വാർത്താ ചാനൽ ഈ പ്രശ്നം ഉയർത്തിയപ്പോഴാണ് നമ്മുടെ ഭരണാധികാരികൾ ഇടപെടാൻ നിർബ്ബന്ധിതരായതു. അങ്ങിനെ തിരിച്ചു വന്ന സൗദി മലയാളികൾക്ക് ട്രെയിൻ ടിക്കറ്റു എടുത്തു കൊടുക്കാമെന്നു സർക്കാർപറഞ്ഞു.  മാധ്യമങ്ങൾ അതിനെ പരിഹസിച്ചപ്പോൾ അവസാനം നാണം കെട്ടു വിമാന ടിക്കറ്റു എടുത്തു കൊടുക്കാമെന്നു ഇപ്പോൾ പറഞ്ഞിരിക്കുകയാണ്.

ജലീൽ മന്ത്രി സൗദിയിൽ പോയിരുന്നുവെങ്കിൽ എത്ര ലക്ഷം രൂപയാണ് സർക്കാരിന് ചിലവാകുമായിരുന്നത്?  മന്ത്രി തനിയെ പോകുമോ? സഹായിക്കാൻ ഒരു ഉദ്യോഗസ്ഥ സംഘം. പിന്നെ ചിലപ്പോൾ ഒരു പാർട്ടി സംഘം. ഉപദേശങ്ങൾ നൽകാൻ. ലക്ഷങ്ങൾ പൊടിക്കും. അതിൽ ഒരു പങ്ക്  ഈ പാവങ്ങൾക്ക് ടിക്കറ്റു എടുത്തു കൊടുക്കാൻ നമ്മുടെ സർക്കാർ തയ്യാറായില്ല. വെറുതെ പേരും പ്രശസ്തിയും എടുക്കാമായിരുന്നു ജലീൽ മന്ത്രിയുടെ സൗദി യാത്രയുടെ ഉദ്ദേശം എന്ന് ഇപ്പോൾ വ്യക്തമായല്ലോ.

4 comments:

 1. സ്വന്തം പ്രസ്ഥാനത്തെ ചതിച്ചിട്ട്‌ വന്നവനല്ലേ?? അത്രയ്ക്കൊക്കെ ഗുണം പ്രതീക്ഷിച്ചാൽ മതി.

  ReplyDelete
 2. അങ്ങിനെ ഒരു വശം കൂടി ഉണ്ടല്ലോ. ശരിയാണ് സുധീ

  ReplyDelete
 3. അപ്പോൾ വെറുതെ ഒരു
  സ്റ്റൈലിൽ പോകാൻ വേണ്ടിയാണ്
  നയ തന്ത്ര പാസ് പോർട്ട് വേണമെന്ന്
  മന്ത്രി ആവശ്യപ്പെട്ടത്.

  ReplyDelete
  Replies

  1. അല്ലെങ്കിൽ സ്വന്തം പാസ്പ്പോർട്ടിൽ പോയാൽ എന്താണ് മുരളീ.

   Delete