2020, ഏപ്രിൽ 30, വ്യാഴാഴ്‌ച

പെണ്ണ് കാണൽ

കല്യാണം..അത് ആലോചിക്കാം..

ലാഘവത്തോടെ അപ്പോൾ പറഞ്ഞ ആ വാക്കുകൾക്ക്  പക്ഷേ ഒരു പാട് അനുരണനങ്ങൾ ഉണ്ടാകുമെന്ന് അറിയില്ലായിരുന്നു.

മുംബൈയിലെ ബാച്ച്ലർ ജീവിതം.  അടി പൊളി. ആസ്വദിച്ചുള്ള ജീവിതം. കേന്ദ്ര സർക്കാരിൽ  നല്ല ജോലി.  നല്ല ശമ്പളം. അതിൽ നിന്നും  വീട്ടിൽ അയച്ചു കൊടുക്കയും വേണ്ട. ഇനിയെന്ത് വേണം ജീവിതത്തിൽ.   വൈകുന്നേരങ്ങളും അവധി ദിവസങ്ങളും ആഘോഷം. താമസിക്കുന്ന  ഫ്‌ളാറ്റിൽ കൂടെ ഒരു സുഹൃത്ത്. ഒരു സ്വകാര്യ  കമ്പനിയിൽ ജോലി. മൂന്നു ഷിഫ്റ്റുകളും മാറി മാറി ജോലി. അത് കൊണ്ട്  വെകുന്നേരങ്ങളിൽ ഓഫീസിൽ നിന്നും എത്തി കുളിയൊക്കെ കഴിഞ്ഞാൽ മിക്കവാറും  സുഹുത്തുക്കളുടെ ഫ്‌ളാറ്റിലേയ്ക്ക്. ഫ്‌ളാറ്റ്  അടുത്ത് തന്നെ. ഒരു പത്തു മിനിറ്റ് നടന്നാൽ എത്തുന്ന ദൂരം. മൂന്നു പേര് ഒരു ഫ്‌ളാറ്റിൽ.ക്ളോസ് ഫ്രണ്ട്‌സ്. ഒരു bachelors' den.  പതിനൊന്നോ പന്ത്രണ്ടോ മണി വരെ അവിടെ തന്നെ. അന്താരാഷ്‌ട്ര കാര്യങ്ങൾ ചർച്ച. പുതിയ സിനിമകൾ  കാണൽ. ചീട്ടുകളിയും, സുരപാനവും  ഒക്കെ ആയി. ചിലപ്പോൾ മറ്റു ചില കൂട്ടുകാരും കാണും.

അങ്ങിനെ ജീവിതം സുഖകരമായി മുന്നോട്ടു പോകുന്നു.  കൂട്ടുകാരുടെ ഫ്ലാറ്റിന്റെ  മുകളിലത്തെ നിലയിൽ കടുംബമായി താമസിക്കുന്ന  ഒരു ചേട്ടൻ. ഇൻകം ടാക്സിൽ ജോലി. ചില സമയം അവിടെ വന്നു കമ്പനി കൂടും.   ഒരു ദിവസം  ഇങ്ങിനെ ഒരു സദസ്സിൽ ഇൻകം ടാക്‌സിലെ ചേട്ടൻ ചോദിച്ചു. കല്യാണം കഴിക്കണ്ടേ? ഒരു പെണ്ണുണ്ട്.

കല്യാണം- അതിനെക്കുറിച്ച് മനസ്സിൽ പോലും ആലോചിക്കാതെ നടക്കുന്ന കാലം. വയസ്സ് 25 ഒക്കെ കഴിഞ്ഞെങ്കിലും കല്യാണ പ്രായം ആയില്ല എന്ന തോന്നൽ. പെൺ കൂട്ടുകാർ  സുലഭം. കൂടാതെ പ്രേമവും . ആത്മാർത്ഥ പ്രേമമുള്ള രണ്ടു കാമുകിമാർ. കല്യാണം കഴിക്കണം എന്ന് ആഗ്രഹിക്കുന്നവർ,  കഴിക്കും എന്ന് വിശ്വസിക്കുന്നവർ. അവരിൽ ആദ്യം പ്രേമം ആയത് ശ്രീലതയുമായി. ശ്രീ എന്ന് സ്നേഹ പൂർവം വിളിക്കുന്ന  ആലുവക്കാരി. പിന്നെ പ്രേമവുമായി കടന്നു വന്നത് അന്നമ്മ എന്ന ആനി.  രണ്ടു പേരുമായും  അടുപ്പമാണെന്നു രണ്ടു പേർക്കും അറിയാം. രണ്ടാമത് വന്നാലും കൂടുതൽ ആധിപത്യം അന്നമ്മയ്ക്ക്കാണ് . 'അവളെ  ഇനി കാണരുത്' എന്നൊക്കെ അന്നമ്മ പറഞ്ഞു കളയും. ചേട്ടന് അത് യോജിക്കില്ല എന്ന് മയത്തിനേ  ശ്രീ പറയൂ. ഇതൊക്കെ  കൂടാതെ ഒരു  രസത്തിന് ഇടപെടുന്ന കുറെ പെൺ സുഹൃത്തുക്കൾ.   ഇതിനിടയിൽ കല്യാണം ഗൗരവമായി ആലോചിക്കില്ലല്ലോ.  അങ്ങിനെ ഉള്ളപ്പോഴാണ് അറിയാതെ   പറഞ്ഞത്.-ശരി, കല്യാണം..അത് ആലോചിക്കാം എന്ന് . സ്വാഭാവികമായി അത് അപ്പോൾ തന്നെ മറക്കുകയും ചെയ്‌തു.

മൂന്നാലു ദിവസം കഴിഞ്ഞുള്ള വെള്ളിയാഴ്ച വൈകുന്നേരം  ഇൻകം ടാക്സ് ചേട്ടൻ പറഞ്ഞു -  പെണ്ണിന്റെ അച്ഛൻ ചെറുക്കനെ ഒന്ന് കാണാൻ വേണ്ടി  ഞായറാഴ്ച  താമസ സ്ഥലത്തു വരും എന്ന്.   അന്ന് രസമായി പറഞ്ഞതിന്റെ  ഗൗരവം  മനസ്സിലായത്  അപ്പോഴാണ്. കൂട്ടുകാരുമൊത്തു കൂടിയാലോചനകൾ- എങ്ങിനെ ഒന്നു രക്ഷപ്പെടും. കൂട്ടുകാരെയും ആ ചേട്ടനെയും നാണം കെടുത്താതെ, പെണ്ണിന്റെ വീട്ടുകാരുടെ മനസ്സിൽ മുറിവേൽപ്പിക്കാതെ പ്രശ്‌നം  സോൾവ് ചെയ്യണം. ശനി ഒരു ദിവസം.  എത്ര ആലോചിച്ചിട്ടും ആരുടെ ബുദ്ധിയിലും ഒന്നും തെളിയുന്നില്ല.

 ഞായറാഴ്ച  നേരം പുലർന്നു. കൂട്ടുകാരന് അന്ന് ഓഫ്.  എട്ടര മണിക്ക് വാതിലിൽ മണിയൊച്ച. ആ ചേട്ടനും പത്തമ്പത് വയസ്സ് വരുന്ന മനുഷ്യനും. പെണ്ണിന്റെ അച്ഛൻ. സ്വീകരിച്ചിരുത്തി, കൂട്ടുകാരൻ ചായ ഇട്ടു കൊടുത്തു. കുടുംബ വിശേഷങ്ങൾ ചോദിച്ചു. അര  മണിക്കൂറിനു ശേഷം അവർ ഇറങ്ങി.  അങ്ങോട്ട് ചെല്ലുന്ന തീയതി  അറിയിക്കണം എന്ന അറിയിപ്പോടെ. ഒരു സംതൃപ്തി ആ അച്ഛന്റെ മുഖത്ത് ഉണ്ടായിരുന്നു എന്ന തോന്നുന്നു.  

ഇനിയും നാടകം കളിക്കുന്നത് അത്ര ശരിയല്ല. മകൾക്ക് വിവാഹം നടക്കണമെന്ന ആഗ്രഹവുമായി ഇരിക്കുന്ന അച്ഛൻ. അധികം താമസിപ്പിക്കുന്നത് ഒട്ടും ശരിയല്ല. കൂട്ടുകാരുമൊത്തുള്ള രഹസ്യ കൂടിയാലോചനകൾക്കു ശേഷം  ചേട്ടനോട് പറഞ്ഞു - കാര്യങ്ങളൊക്കെ വീട്ടിൽ അറിയിച്ചു.മുംബൈയിൽ നിന്നും വീട്ടുകാർക്ക്  താൽപ്പര്യമില്ല.  അവര് നാട്ടിൽ ഒന്നു കണ്ടു വച്ചിട്ടുണ്ട്.  ഇത്തവണ നാട്ടിൽ പോകുമ്പോൾ പെണ്ണ് കണ്ടു ഇഷ്ട്ടപ്പെട്ടാൽ കല്യാണം. അത് കൊണ്ട് ഇത്.....വേണ്ട. അങ്ങിനെ ആദ്യത്തെ പെണ്ണ് കാണൽ, വടക്കൻ വീരഗാഥയിൽ ചന്തു പറഞ്ഞത് പോലെ   ഞാൻ കാണാതെ പോയ പെണ്ണ് കാണൽ,  സംഭവ ബഹുലമായി തന്നെ നടന്നു.

വീണ്ടും മുംബൈ ജീവിതം അങ്ങിനെ പറന്നു പോകുന്നു. വർഷത്തിൽ രണ്ടു തവണ നാട്ടിൽ പോകും. ഓണത്തിനും മധ്യ വേനൽ അവധിക്കും. എല്ലാവരും വീട്ടിൽ കാണുമല്ലോ. അങ്ങിനെ ഒരു അവധിക്കു നാട്ടിൽ എത്തിയ സമയം. പുര നിറഞ്ഞില്ലെങ്കിലും പെണ്ണ് കെട്ടാൻ സമയം ആയി എന്ന് വീട്ടുകാർക്കു തോന്നിക്കാണും.  തോന്നിപ്പിച്ചതിന്റെ പൂർണ ഉത്തരവാദിത്വം കൃശ ഗാത്രനായ ആ മനുഷ്യൻ  ആയിരുന്നു. ബ്രോക്കർ. ബ്രോക്കർമാരുടെ  മുഖ മുദ്രയായ വാചാലത ഇല്ലാത്ത ഒരു പാവം ബ്രോക്കർ. 

ബോംബെ ജീവിതത്തിന്റെ ആലസ്യത്തിൽ പെണ്ണ് കാണലിൽ  വലിയ താല്പര്യമില്ലാത്തത് കൊണ്ട് കൂടുതൽ വിവരങ്ങൾ ഒന്നും ചോദിച്ചില്ല.  പെണ്ണ് ബിഎ. അവസാന വർഷം പഠിക്കുന്നു എന്ന് മാത്രം അറിഞ്ഞു. വൈകുന്നേരം പെണ്ണ് കാണൽ ഫിക്സ് ചെയ്തു. സൗദിയിൽ നിന്നും അവധിക്കു വന്ന സുഹൃത്ത് നാട്ടിലുണ്ട്. അവനെയും കൂട്ടി.  പിന്നെ ചേച്ചിയുടെ ഭർത്താവും.  അങ്ങിനെ ആദ്യത്തെ പെണ്ണ് കാണൽ. കാറിൽ നിന്നിറങ്ങി വീട്  ഒന്ന് വീക്ഷിക്കുമ്പോൾ ഏതെക്കെയോ ജനലുകളിലൂടെ പല കണ്ണുകൾ പരതുന്നതറിഞ്ഞു. വീട്ടിലോട്ടു കയറുമ്പോൾ  ഒരു ചെറിയ ചമ്മലും നാണവും ഒക്കെ.  പ്രധാന കഥാപാത്രം നമ്മൾ ആകുന്ന അവസ്ഥ.. എല്ലാവരും നോക്കുന്നതും ചെറുക്കനെ തന്നെ. സ്വീകരണവും കുശല പ്രശ്നങ്ങളും കഴിഞ്ഞു. പെണ്ണ് ചായയുമായി രംഗ പ്രവേശം ചെയ്യുന്നു.  ഒരു കോളേജ് കുമാരി. സുന്ദരി. ഇരുപതുകാരി.ചായ കുടിയും മറ്റും കഴിഞ്ഞു  വിവരം പറയാം എന്ന് രണ്ടു കൂട്ടരും പറയുന്നു - ഇറങ്ങുന്നു.

 ഒരു പെണ്ണ് കാണൽ എന്നതിനപ്പുറം ഒന്നും തോന്നിയില്ല.ആദ്യത്തെ അനുഭവം. അത് പതിയെ മറന്നു. എന്ത് സംഭവിച്ചു എന്ന് വീട്ടിൽ ചോദിച്ചതും ഇല്ല. പെണ്ണ് വീട്ടുകാരോ ചെറുക്കൻ വീട്ടുകാരോ ആരാണ്  വേണ്ട എന്ന് തീരുമാനിച്ചു എന്ന്  അറിയില്ല.

വീണ്ടും പഴയതു പോലെ മുംബൈ ജീവിതം. നാട്ടിൽ ഒരു അവധി. അപ്പോൾ പറയുന്നു ഒരു പെണ്ണ് കാണലിനു പോകണം. വീട്ടുകാരൊക്കെ കണ്ട് കഴിഞ്ഞു.അന്നത്തെ അതേ ബ്രോക്കർ. സമസപ്ത ജാതകം എന്നോ മറ്റോ  കുറെ കാര്യങ്ങൾ ഒക്കെ അയാൾ പറഞ്ഞിട്ടുണ്ട്.. സമപ്രായക്കാരായ കൂട്ടുകാരെപ്പോലെയുള്ള രണ്ടു ബന്ധുക്കളുമായി പെണ്ണ് കാണാൻ പോകുന്നു. അതിൽ ഒരാൾ പെണ്ണിന്റെ കസിൻ ബ്രദറുമായി കോളേജിൽ പഠിച്ചിട്ടുണ്ട്. അവിടെ എത്തി.  കുറെ നേരം കഥ പറഞ്ഞിരിക്കുന്നു. പെണ്ണിനെ കാണുന്നു.  അവിടെ നിന്നും ഇറങ്ങുന്നു. കൂടെ വന്ന രണ്ടു പേരും പറയുന്നു കൊള്ളാം എന്ന്. കൊള്ളാം എന്ന് തോന്നി. ഒരു തീരുമാനം എടുക്കാൻ വയ്യ. ശരിയായി കണ്ടില്ലേ? അങ്ങിനെ ആകെ സംശയം. 

അന്ന്  വൈകുന്നേരം  പെണ്ണ് കാണാൻ വന്ന കൂട്ടുകാരുമായി ഒത്തു കൂടി. ആഘോഷം എന്ന് അവർ പറഞ്ഞു. അവരോട് തുറന്നു പറഞ്ഞു -  ഒന്നു കൂടി കാണണം. അതെങ്ങിനെ നടക്കും? വീണ്ടും പോകുന്നത് വൃത്തികേട്. പറയുന്നത് തന്നെ നാണക്കേട്.  അവസാനം അവര് ഒരു വഴി കണ്ടു പിടിച്ചു. ആ കോളേജ് മേറ്റ്   കസിനോട് ഈ വിവരം ഒന്ന് അവതരിപ്പിക്കുക.   അങ്ങിനെ ആ കസിനെ  വിവരം അറിയിച്ചു. ഒന്ന് കൂടി കാണണം. അതിനൊരു വഴിയും അവർ  കണ്ടെത്തി. രാവിലെ ഗണപതി അമ്പലത്തിൽ തൊഴാൻ വരാമെന്ന് അറേഞ്ച് ചെയ്തു. രാവിലെ കുളിച്ചൊരുങ്ങി അമ്പലത്തിൽ എത്തി. അങ്ങിനെ ഗണപതിയുടെ സാന്നിദ്ധ്യത്തിൽ  വച്ച് കണ്ടു. രണ്ടാം തവണ പെണ്ണ് കാണൽ. അത് തന്നെ മതി എന്ന് ഉറപ്പിച്ചു.

മുംബൈ കൂട്ടുകാരികളുടെ കാര്യം. വിവരങ്ങൾ അറിഞ്ഞ  വീട്ടുകാർ അന്നമ്മയെ അവിടെ നിന്നും ഡൽഹിയിലേക്ക് മാറ്റി. ശ്രീലത അവിടെ തന്നെ ഉള്ള ഒരു പയ്യനെ കല്യാണം കഴിച്ചു.  പുതിയ കൂട്ടുകാരി  ഒരു പഞ്ചാബി കുട്ടി ആയിരുന്നു. അവിടെ HR കോളേജിൽ കോമേഴ്സിന് പഠിക്കുന്ന കുട്ടി. അവൾ ഒരു  വിവാഹ സമ്മാനം  നൽകി വിട പറഞ്ഞു.