2020, മാർച്ച് 21, ശനിയാഴ്‌ച

മാമ്പഴം



ഓർമകൾ ഓടിക്കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കര  മാവിൻ ചുവട്ടിൽ......


Image may contain: plant, tree, outdoor and nature



അങ്ങ് ഉയരത്തിൽ പഴുത്തു നിൽക്കുന്ന മാങ്ങകൾ. കൊതിയോടെ നോക്കി നിൽക്കുന്ന കുട്ടികൂട്ടം. എത്തിപ്പെടാൻ പറ്റാത്ത പൊക്കം. പാതി വഴിയിൽ ചിറകറ്റു വീണ മോഹങ്ങൾ എറിഞ്ഞ കമ്പുകളും കല്ലുകളും ആയി മാവിന് ചുറ്റും കിടക്കുന്നു. ഒരു കാറ്റോ ഒരു അണ്ണാനോ ഒന്ന് വരും മാവ് ഒന്ന് കുലുക്കും ഒരു മാങ്ങ താഴെ തള്ളിയിടും എന്ന പ്രതീക്ഷയോടെ കൂട്ടുകാരുമൊത്തു മാവിൻ ചോട്ടിൽ കഥ പറഞ്ഞു കളിച്ചു നടന്ന കാലം.

പള്ളിക്കൂടം അടച്ചാൽ ഇതൊക്കെ തന്നെ.മാവും പറങ്കിമാവും ഒക്കെ കേറിയിറങ്ങി കളിച്ചു നടക്കുന്ന കാലം. അവയൊക്കെ പൂത്തു കായ്ക്കുന്ന കാലവും.

കിളിച്ചുണ്ടൻ, മൂവാണ്ടൻ, നാട്ടുമാവ് തുടങ്ങി കുറെ മാവുകൾ. പിന്നെ ആകാശം മുട്ടെ നിൽക്കുന്ന കോമാവ്. നല്ല പൈനാപ്പിളിന്റെ രുചി ആണ് അതിലെ മാങ്ങ. ഒരു നാട്ടുമാവിൽ ചെറിയ ചെറുനാരങ്ങയുടെ വലിപ്പത്തിലുള്ള തേൻ രുചിയുള്ള ചക്കര മാങ്ങ.എങ്ങിനെ കറങ്ങിയാലും ഏതെങ്കിലും മാവിൻ ചോട്ടിൽ നിന്നും പഴുത്ത മാങ്ങ കിട്ടും. തൊലി കടിച്ചുരുരിഞ്ഞു കളഞ്ഞു കടിച്ചു തിന്നും ദേഹത്തൊക്കെ കുറെ വീഴ്ത്തി.

ജോലിക്കാരെ കൊണ്ട് പറിപ്പിച്ചു  പഴുപ്പിക്കാൻ വയ്ക്കും. കുട്ടയ്ക്കകത്തു വൈക്കോലിൽ വച്ച് ചാക്ക് മൂടി. നേരിട്ട് കിട്ടാതെ വരുമ്പോഴേ അതിൽ കൈ വയ്ക്കൂ. അതിനു അത്ര രുചി ഇല്ലല്ലോ.

ഇന്നിതാ കൈയെത്തി പറിക്കാൻ മാങ്ങ. മാവിന്റെ ഉയരത്തിൽ വീട്ടിലെ ടെറസിൽ നിന്നും. ആ പഴയ രുചി ഉണ്ടോ?..

പണ്ടെന്നോ പാടിയ പഴയൊരാ പാട്ടിന്റെ .. ഈണം മറന്നു പോയി.



2020, മാർച്ച് 11, ബുധനാഴ്‌ച

Body Shaming



 ***
എന്നെ കൊന്നു തരൂ എന്ന് വിലപിക്കുന്ന ഒരു കുഞ്ഞു അനുഭവിക്കുന്ന മനോവേദന ലോകം മുഴുവൻ ഏറ്റെടുത്തു. പൊക്കം കുറഞ്ഞതിന് സഹപാഠികൾ കളിയാക്കുന്നതിൽ മനം നൊന്തു കരയുന്ന ഹൃദയ സ്പർശിയായ രംഗം.

ക്വാഡന് സോളിഡാരിറ്റി പങ്കു വച്ച് ആയിരങ്ങൾ, പതിനായിരങ്ങൾ സോഷ്യൽ മീഡിയയിൽ എഴുതി തങ്ങളുടെ ദുഃഖം  തങ്ങളുടെ അനുഭവം പങ്കു  
വച്ച്. സോഷ്യൽ മീഡിയയിലെ ഒരു ഹൈപ്പ് മാത്രമായി തീർന്നോ ഇതും? ഇത്തരം പരിഹാസങ്ങളെയും അധിക്ഷേപങ്ങളെയും അതി ജീവിച്ചു ഒരു പദവിയിൽ എത്തിയവർ പിന്നീട് തിരിഞ്ഞു നോക്കിയിട്ടുണ്ടോ? കൂടെയുണ്ടായിരുന്നവരെ കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ? മകനേ- അനിയാ  നിന്നെപ്പോലെ ഞാനും അനുഭവിച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞവർ. ഇപ്പോഴും ഇങ്ങിനെ കുറെ ആളുകൾ ഉണ്ടെന്ന് അറിയുന്നുണ്ടോ? അവർക്കു വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടോ?

വളർച്ചയില്ലാത്ത കുഞ്ഞു മോളെ ഒക്കത്തെടുത്ത് 13 കിലോമീറ്റർ അകലെയുള്ള പ്രത്യേക സ്‌കൂളിൽ കൊണ്ടു പോയ കൗമാരക്കാരി അമ്മ. തിരിച്ചു വന്നു വൈകുന്നേരം വിളിക്കാൻ പോകാനുള്ള സാമ്പത്തിക പരാധീനത കൊണ്ട് മുഴുവൻ ദിവസം അവിടെ കാത്തു നിന്നു ആ  അമ്മ. അവിടെ തന്നെ ഒരു ആയയുടെ ജോലി എടുത്തു. സ്വന്തം  അനുഭവം മഞ്ജു എന്ന സുഹൃത്ത് ഒരു fb പോസ്റ്റിൽ പങ്കു വച്ചിരുന്നു. അത് കഴിഞ്ഞു അവിടെ പഠിച്ചു സ്പെഷ്യൽ ടീച്ചർ ആയി ആ സ്‌കൂളിൽ തന്നെ ടീച്ചർ ആയി കുഞ്ഞുങ്ങളെ നോക്കിയ  മഞ്ജുവിനോട് ബഹുമാനം തോന്നി.

ആസ്‌ട്രേലിയയിൽ പോകണ്ട. നമുക്ക് ചുറ്റും ഇത്തരം അവഗണന, അവഹേളനം അനുഭവിക്കുന്ന അനേകം കുട്ടികൾ- വളർന്നവർ വളരാത്തവർ ഉണ്ട്.ക്വാഡന്റെ മാനസികാവസ്ഥയിൽ എത്തിയവർ. അവരെ നമ്മൾ നോക്കാറുണ്ടോ? ശ്രദ്ധിക്കാറുണ്ടോ? ഇല്ല. അവർക്കു വേണ്ടി വിദ്യാലയങ്ങൾ ഉണ്ട്. അവിടെ ആരെങ്കിലും പോയി നോക്കാറുണ്ടോ? ആ കുട്ടികൾ എങ്ങനെ കഴിയുന്നു എന്ന് നോക്കാറും ഇല്ല. 

അടുത്തിടെ ശ്രീജിത്ത് രവീന്ദ്രൻ എന്ന അട്ടപ്പാടിക്കാരൻ യുവാവ് ഫേസ് ബുക്കിൽ വർഗീയത വളർത്തി എന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. അറസ്റ്റും സ്റ്റേഷനിൽ കൊണ്ട് പോകുന്നതും ഒക്കെ കാട്ടി ഒരു ആക്ഷേപ വീഡിയോ കേരള പോലീസ് തന്നെ ഇടുകയുണ്ടായി. അതിൽ വന്ന പ്രതികരണങ്ങൾ ആണ് വിചിത്രം. കറുത്തവൻ, വൃത്തി കെട്ടവൻ എന്നൊക്കെ രീതിയിലുള്ള അപമാനകരമായ അധിക്ഷേപങ്ങൾ. ഇന്നലെ ക്വാഡന്റെ അവസ്ഥയിൽ അനുതാപം പ്രകടിപ്പിച്ചവരും ആത്മരോഷം കൊണ്ടവരുമായ ആളുകൾ  തന്നെയാണ് ആ യുവാവിന്റെ നിറത്തിലും രൂപത്തിലും അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞു അപമാനിച്ചത്.

 ഇത് ആ കുട്ടികളുടെയോ അവരുടെ മാതാപിതാക്കളുടെയോ കുറ്റം ആണെന്ന് ആരും പറയില്ലല്ലോ.  ജനിതക വൈകല്യം എന്ന് ശാസ്ത്രീയ വിശദീകരണം. അതിനു ആ പാവങ്ങളെ അപമാനിക്കുകയാണോ വേണ്ടത്?

 നമുക്ക് മാറാം. ക്വാഡൻ നമുക്ക് ഒരു പ്രചോദനം ആകട്ടെ. സോഷ്യൽ മീഡിയയിൽ അവസാനിപ്പിക്കാനല്ല. ഇത്തരം ആൾക്കാരെ പരിഹസിക്കാതിരിക്കാനും അവർക്ക് സഹായം ചെയ്യാനും ഉള്ള മനസ് നമുക്കുണ്ടാകാൻ.