2016, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

സ്വാശ്രയം

ഏതു സർക്കാർ വന്നാലും സ്വകാര്യ മെഡിക്കൽ കോളേജുകൾ മെഡിക്കൽ സീറ്റുകൾ വിൽപ്പന നടത്തും എന്ന് തീർച്ചയാണ്. കോഴ വാങ്ങി മാത്രമേ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുകയുള്ളൂ. കഴിഞ്ഞ സർക്കാരും അതിനു അവർക്കു വേണ്ട ഒത്താശ ചെയ്തു കൊടുത്തു. ഈ സർക്കാരാകട്ടെ ഒരു പടി കൂടി കടന്നു നിയമ പരമായി വാങ്ങാവുന്ന ഫീസും പതിന്മടങ്ങു കൂട്ടി നൽകി. കൂടിയ ഫീസും അതിനൊപ്പം തലവരിപ്പണവും. സ്വാശ്രയ മാനേജ്‌മെന്റുകൾ കോളടിച്ചു. 

പുതിയ സർക്കാർ പറയുന്നത് ഞങ്ങൾ വന്നിട്ട് 100 ദിവസമല്ല ആയുള്ളൂ. അതിനിടയിൽ  ഇത്രയൊക്കെ ചെയ്തില്ലേ? 100 ദിവസം കൊണ്ട് ഫീസ് ലക്ഷങ്ങൾ കൂട്ടി നൽകിയെങ്കിൽ 365 ദിവസം കഴിയുമ്പോൾ (അടുത്ത വർഷം) എന്തായിരിക്കും  ഗതി? ഇതിലും ലക്ഷങ്ങൾ കൂടുതൽ? മെഡിക്കൽ പ്രവേശനം എന്നത്  പൊടുന്നനെ പൊട്ടി മുളച്ച ഒരു സംഗതി അല്ല. സെപ്റ്റംബർ 30 നു മുൻപ് എല്ലാ പ്രവേശന നടപടികളും പൂർത്തിയാക്കണം എന്ന് സുപ്രീം കോടതിയുടെ പഴയ വിധി ഇപ്പോഴും നിലവിലുണ്ട്.ഇടതു അധികാരത്തിൽ കയറിയ ഉടൻ തന്നെ അവർക്ക് മാനേജ്‌മെന്റും ആയി ചർച്ച നടത്തി കാര്യങ്ങൾ നേരെയാക്കാമായിരുന്നു. അത് ചെയ്യാതെ സുപ്രീം കോടതി പറഞ്ഞ രണ്ടാമത്തെ നീറ്റും കഴിഞ്ഞു അവസാന നിമിഷം ആണ് ഒത്തു തീർപ്പ്. ഒത്തു കളി എന്ന് ആരോപിച്ചാലും തെറ്റില്ല. സ്വകാര്യ കോളേജിനെ എല്ലാ സീറ്റും ഏറ്റെടുത്തു കൊണ്ട് സർക്കാർ ആഗസ്റ്റിൽ ഒരു ഉത്തരവിറക്കി. അത് ഹൈ കോടതി  സ്റ്റേ ചെയ്തു. അതിനെതിരെ സർക്കാർ അപ്പീൽ പോകാതെ മിണ്ടാതെ ഇരുന്നു. എന്താണ് അതിനർത്ഥം? മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയിൽ പോയപ്പോഴും കേരള സർക്കാരിന്റെ വക്കീൽ ഒന്നും മിണ്ടാതെ നിന്നു. ഇതൊരു ഒത്തു കളി ആയിരുന്നു എന്നല്ലേ ഇത് തെളിയിക്കുന്നത്? ഒരു കേന്ദ്രീകൃത കൗൺസലിങ് വേണം എന്ന് പറഞ്ഞത് കേന്ദ്രം ആണ്. അതിനനു കൂലമായി കേരളം ഒരക്ഷരം ഉരിയാടിയില്ല. പിന്നെ സുപ്രീം കോടതി എന്ത് ചെയ്യാനാണ്? കേരളം സർക്കാർ അനുവദിച്ച സ്വകാര്യ കൗൺസലിങ് നടക്കട്ടെ എന്ന് സുപ്രീം കോടതി പറഞ്ഞു. സ്വകാര്യ മാനേജ്‌മെന്റും സർക്കാരും ഹാപ്പി.

ബാബുവിനെതിരെ കേസ്,ശിവകുമാറിനെതിരെ കേസ്, മറ്റു പലരും വീഴും, മാണി ഗ്രൂപ്പ് പുറത്തു. അങ്ങിനെ  ശിഥിലമായി കൊണ്ടിരിക്കുന്ന യു.ഡി.എഫ്. അതിന്റെ നേതാവ് രമേശ് ചെന്നിത്തല. അങ്ങേരു കോൺഗ്രസിൽ അധികാരം പിടിച്ചെടുക്കാനായി ഒരു സ്വാശ്രയ സമരം തുടങ്ങി. സ്വാശ്രയത്തിൽ ഫീസ് കൂടുതലാണ്. നിരാഹാരം,സത്യാഗ്രഹം , അങ്ങിനെ മഹാത്മാ ഗാന്ധി പഠിപ്പിച്ച രക്ത രഹിത സമര മാർഗങ്ങൾ ചെന്നിത്തല ഗാന്ധി തുടങ്ങി. ഇടയ്ക്കു പോലീസ് ലാത്തിയടിയിൽ രക്തം വീണു. വീണത് രക്തം. അല്ല ചുവന്ന മഷി ആണെന്ന് പിണറായി. 

കോഴ ഒഴിവാക്കാനാണ് ഫീസ് കൂട്ടിയത് എന്ന് പിണറായി പറയുന്നു.  വൻതോതിൽ കോഴ വാങ്ങൽ നടക്കുന്നു എന്നാണ് ചെന്നിത്തലയും  പറയുന്നു. കോഴയുടെ തെളിവുകൾ പല പത്രങ്ങളും നിരത്തി . ഫോൺ കാളും മറ്റും.ആരോഗ്യ മന്ത്രി ശൈലജയും കോഴ ഉണ്ടാകും എന്ന് സമ്മതിക്കുന്നു. കോഴയ്ക്കെതിരെ വിജിലൻസ് അന്വേഷണം സർക്കാർ പ്രഖ്യാപിച്ചു.

ഇപ്പോൾ കുടുങ്ങിയത് ചെന്നിത്തലയും യു.ഡി.എഫ്.ഉം ആണ്. അവരുടെ 25 നേതാക്കളുടെ മക്കൾ സ്വാശ്രയത്തിൽ പഠിക്കുന്നു. എല്ലാം മാനേജ്‌മെന്റ് സീറ്റിൽ. കോഴ കൊടുത്തോ? എങ്കിൽ പണം എവിടന്നാണ്‌? ഇല്ലെങ്കിൽ സ്വാധീനം ചെലുത്തിയോ? അതിനു പ്രത്യുപകാരം? രണ്ടും അഴിമതി തന്നെ.മാനേജ്‌മെന്റ് സീറ്റിൽ വലിയ ഫീസ് ആണ്. അത് ഇവരുടെ ശമ്പളത്തിൽ നിന്നും ആണോ എടുത്തത്? അത് വരവ് ചെലവ് കണക്കിൽ വന്നോ? തെരെഞ്ഞെടുപ്പിനു നിൽക്കുമ്പോഴും ഇൻകം ടാക്സ് റിട്ടേൺ കൊടുക്കുമ്പോഴും ഈ തുക ഒക്കെ കണക്കിൽ വന്നോ? ചെന്നിത്തലയുടെ മകൻ MBBS കഴിഞ്ഞു MD യ്ക്ക് പഠിക്കുകയാണ്.

ഇത് ഇടത്തു നേതാക്കൾക്കും ബാധകമാണ്. പുലിവാല് പിടിച്ചോ എല്ലാവരും?ഏതായാലും നന്നായി.ജേക്കബ് തോമസ് കുറെ അദ്ധ്വാനിക്കട്ടെ. ഇവരുടെ കള്ളത്തരങ്ങൾ പുറത്തു വരട്ടെ.

2016, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

മഹാൻ

"പോടോ, പോയി വേറെ പണി നോക്ക്" 

കേരള മുഖ്യ മന്ത്രി പ്രതിപക്ഷ നേതാവിനോട് നിയമസഭയിൽ പറഞ്ഞതാണ്. 

ഇതിൽ വലിയ പുതുമ ഒന്നും തോന്നേണ്ട കാര്യമില്ല. കാര്യം കുറെ നാളായി നിയമ സഭയിൽ നടക്കുന്ന  സംഭവങ്ങൾ നമ്മൾ കാണുന്നുണ്ടല്ലോ. മാണിയ്ക്ക് ഒരു ബഡ്ജറ്റ് അവതരിപ്പിക്കാൻ സ്ഥലം ഒരുക്കുന്നതിന് വേണ്ടി അന്നത്തെ ഭരണ പക്ഷം ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിൽ കാട്ടി ക്കൂട്ടിയ കോലാഹലങ്ങൾ നമ്മൾ കണ്ടു. അതിനെ എതിർക്കാൻ ശിവൻ കുട്ടിയുടെ നേതൃത്വത്തിൽ നടത്തിയ സാഹസിക പ്രവൃത്തികളും നമ്മൾ കണ്ടു. സ്പീക്കറുടെ കസേര മറിച്ചിടുക, തുടങ്ങിയ അഭ്യാസങ്ങൾ. കയ്യാങ്കളികൾ. സ്ത്രീകളെ കയ്യേറ്റം ചെയ്തു എന്നുള്ള കേസുകളും ഉണ്ടായി. അതാണ് നമ്മുടെ നിയമ സഭയുടെയും നിയമ സഭാ സാമാജികരുടെയും നിലവാരം. ഉടു  തുണി കഥയും കേട്ടിട്ടുണ്ട്.

അതിന്റെ ബാക്കി പത്രം ആണ് പിണറായി മുഖ്യ മന്ത്രി രമേശ് ചെന്നിത്തല യോട് പറഞ്ഞ " പോയി പണി നോക്ക്" എന്ന വാചകം. കാലങ്ങളോളം പാർട്ടി സെക്രട്ടറി ആയിരുന്നു അധികാരം മുഴുവൻ കൈയിൽ വച്ച് എല്ലാവരോടും സാമന്തന്മാർ,അല്ലെങ്കിൽ ഭൃത്യന്മാർ  എന്ന നിലയിൽ പുശ്ചത്തോടും അധികാരത്തോടും ധാർഷ്ട്യത്തോടും മാത്രം പെരുമാറിയ പിണറായിക്ക് ഇപ്പറഞ്ഞതിൽ, ഈ ഭാഷയിൽ വലിയ അപാകത ഒന്നും തോന്നുന്നുണ്ടാകില്ല. അത് കേട്ടിരുന്ന മാർക്സിസ്റ് സാമാജികർക്കു എന്ത് തോന്നിയാലും പഞ്ച  പുശ്ചമടക്കി നിൽക്കേണ്ട ഗതികേടും. കാരണം പിണറായി മുഖ്യ മന്ത്രി എന്നതിനുപരി പാർട്ടിയിലെ എല്ലാം എല്ലാം ആണ്. അതിനു മീതെ പരുന്തും പറക്കില്ല.(അച്യുതാനന്ദനും). 

പിന്നെ നല്ല ഭാഷയും ഒതുക്കവും ഒന്നും അറിയില്ല എന്ന് പറയാനും കഴിയില്ല. കഴിഞ്ഞ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതൽ വോട്ടെടുപ്പ് കഴിയുന്നത് വരെയും അച്യുതാനന്ദനെ മോശമാക്കി ഒരക്ഷരം സംസാരിച്ചില്ലല്ലോ. എത്ര സമ്മേളനങ്ങളിൽ രണ്ടു പേരും ഒന്നിച്ചു പങ്കെടുത്തു. എന്തൊരു സ്നേഹം ആണ് അഭിനയിച്ചത്. മുഖ്യ മന്ത്രി പദം  ഉറപ്പാക്കുന്നത് വരെയും ഈ അടവ് നയം തുടർന്നു. അപ്പോൾ പെരുമാറാൻ അറിയില്ല എന്ന് പറയുന്നതു   പൂർണമായും വിശ്വസിക്കാൻ കഴിയില്ല. ഇന്നത്തെ ഒരു പത്രത്തിൽ കണ്ടു. "മഹാന്മാരെ പ്പോലെ ഒന്നും ആകാൻ എനിക്ക് കഴിയില്ല" എന്ന് പിണറായി പറഞ്ഞതായിട്ട് . അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് സത്യ സന്ധമായി  പറഞ്ഞതാണ് എന്ന് സ്വീകരിക്കേണ്ടി വരും.

തെരെഞ്ഞെടുപ്പിൽ നമ്മൾ ചെയ്ത പ്രവൃത്തിയുടെ ഫലം തന്നെയാണ് നമ്മൾ അനുഭവിക്കുന്നത്. ഇത്രയും കാലം കമ്മ്യുണിസ്റ്റിനു   അല്ലെങ്കിൽ   കോൺഗ്രസിനു  വോട്ട് ചെയ്യണം എന്നൊരു മാർഗം മാത്രമേ നമുക്ക് മുന്നിൽ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ മറ്റൊരു ഓപ്‌ഷൻ കൂടി വന്നിരുന്നു. 

2016, സെപ്റ്റംബർ 28, ബുധനാഴ്‌ച

ബൈ-പാസ് സർജറി





തിരുവനന്തപുരത്തെ ഒരു പ്രമുഖ ആശുപത്രി. ഡോക്ടർ ആകട്ടെ അതി പ്രശസ്തൻ. ഹൃദ്രോഗ വിദഗ്ധൻ.  ശ്രീ ചിത്ര ആശുപത്രിയിൽ  ഒക്കെ മുമ്പ് ജോലി ചെയ്ത പ്രഗത്ഭൻ.

നെഞ്ചു വേദനയെ തുടർന്ന് ഒരു രോഗിയെ ഈ പ്രമുഖ ആശുപത്രിയിൽ കൊണ്ട് ചെല്ലുന്നു. എല്ലാ പരിശോധനകളും നടത്തുന്നു. അവസാനം കണ്ടു പിടിക്കുന്നു ഹൃദയത്തിൽ ബ്ലോക്ക്. ഒന്നും രണ്ടുമല്ല 5  ബ്ലോക്ക്. പിന്നെ എന്താണ് ചെയ്യാനുള്ളത്?  ബൈ പാസ്സ് സർജറി. ഡോക്ടർ രോഗിയുടെ ബന്ധുക്കളെ വിളിക്കുന്നു. ബൈ പാസ്സ് സർജറിയുടെ ആവശ്യകതയെ കുറിച്ച് പറയുന്നു. ചെയ്തില്ലെങ്കിൽ രോഗിയുടെ ജീവൻ അപകടത്തിൽ.

രോഗി  സ്ത്രീ. വയസ്സ് 78 .

ബന്ധുക്കൾ വീണ്ടും ചോദിക്കുന്നു. "ഡോക്ടർ ഈ പ്രായത്തിൽ.....  ". 
" ഹേയ് ഒരു കുഴപ്പവുമില്ല" ഡോക്ടറുടെ മറുപടി. "സർജറി കഴിഞ്ഞു ഒരു  മാസം ഐ.സി.യു.  യിൽ കടിക്കേണ്ടി വരും. അതിനു 1 - ഒന്നര ലക്ഷം കൂടെ കരുതിക്കോ." ബൈ പാസിന് ഒരു 3 -4  ലക്ഷം.

കേമനായ ഡോക്ടർ അല്ലേ. ബന്ധുക്കൾ സമ്മതിക്കുന്നു.രോഗിയുടെ ഒരു അകന്ന ബന്ധു സംശയം പ്രകടിപ്പിക്കുന്നു. ആരും ശ്രദ്ധിക്കുന്നില്ല. അയാൾ അയാളുടെ ബന്ധു മറ്റൊരു പി.ജി. ഡോക്ടറുടെ അഭിപ്രായം അന്വേഷിക്കുന്നു. ആ ഡോക്ടർ പറഞ്ഞു. "മിയ്ക്കവാറും ഓപ്പറേഷൻ ടേബിളിൽ തന്നെ ആയിരിക്കും അന്ത്യം."

സർജറി നടക്കുന്നു. പറഞ്ഞത് പോലെ സംഭവിക്കുന്നു.  ഓപ്പറേഷൻ ടേബിളിൽ തന്നെ മരിക്കുന്നു. അത് പുറത്തു പറയാതെ ആശുപത്രിക്കാർ  ഒരു ദിവസം ICU ൽ കിടത്തുന്നു. അതിനു ശേഷം  മരണം ബന്ധുക്കളെ അറിയിക്കുന്നു. ഇതാ സഞ്ചയനവും കഴിഞ്ഞു.

ഇത്രയും അനുഭവ ജ്ഞാനം ഉള്ള, ബൈ-പാസ് സർജറി തീരുമാനിച്ച  ഡോക്ടറുടെ അറിവിനെ ചോദ്യം ചെയ്യുകയല്ല. 78 വയസ്സ്. അത് വളരെ പ്രധാനം. ആരോഗ്യ സ്ഥിതി സ്വാഭാവികമായും  മോശം. അങ്ങിനെയുള്ള ഒരാളെ സർജറി  നടത്താൻ തീരുമാനിച്ചത് എന്തിന് എന്ന് ബന്ധുക്കൾ ചോദിച്ചാൽ ആ ഡോക്ടർ എന്ത് സമാധാനം പറയും? ഓപ്പറേഷൻ ടേബിളിൽ വച്ച് മരിക്കുന്ന സ്റ്റേജിലുള്ള ഒരു രോഗിയെ മനസ്സിലാക്കാൻ ആ ഡോക്ടർക്ക് കഴിയില്ലേ? 

സംഭവം അതല്ല. രോഗി മരിക്കുമോ ഇല്ലയോ എന്നതല്ല അവരുടെ പ്രശ്നം. കഴിവതും കൂടുതൽ ബൈ-പാസ്സ് ചെയ്യുകയാണ് ഹോസ്പിറ്റലിന്റെ ലക്ഷ്യം. അത്രയും പണം കിട്ടുമല്ലോ.അതിന്റെ ഒരു പങ്ക് ചെയ്യുന്ന ഡോക്ടർക്കും  കിട്ടും. ജീവൻ പോകാതിരുന്നുവെങ്കിൽ ഒന്ന് രണ്ടു മാസം ഐ.സി.യു.വിൽ കിടത്തി അതിന്റെ കാശും കിട്ടും. മരിക്കും എന്നുറപ്പുണ്ടെങ്കിലും അഞ്ചാറു ദിവസം വെന്റിലേറ്ററിൽ കിടത്തി അതിന്റെ കാശും. തിരുവനന്തപുരത്തെ ഉത്രാടം തിരുനാൾ SUT ഹോസ്പിറ്റൽ ആണ് ഈ ആശുപത്രി.

2016, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

രാജ്യ ദ്രോഹികൾ







എന്താണ് മാതൃഭൂമി ചാനലിലെ ചർച്ച അവതാരകൻ പറയുന്നത്? 

   "പതിനേഴാം തീയതി റഷ്യയിലേക്ക് പോകേണ്ടതാണ് രാജ് നാഥ് സിംഗ്.എന്ത് കൊണ്ടദ്ദേഹം അതൊരു ദിവസം വൈകിച്ചു?  അദ്ദേഹവും അജിത് ഡോവലും മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ യുടെ ഭാഗമായുണ്ടായതാണോ അങ്ങിനെയെങ്കിൽ  ഈ ആക്രമണം?"

എന്താണ് ഇതിനർത്ഥം? ഭാരതത്തിന്റെ ആഭ്യന്തര മന്ത്രി  ആസൂത്രണം  ചെയ്താണ് 18 ഇന്ത്യൻ സൈനികരെ കൊന്നത് എന്നാണോ? അപ്പോൾ ഉറിയിലെ ഇന്ത്യൻ സൈനിക ക്യാമ്പ് ആക്രമിച്ചതും ഇന്ത്യൻ സൈനികരെ കൊല്ലിച്ചതും ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ആണോ? അങ്ങിനെയെങ്കിൽ ആഭ്യന്തര മന്ത്രി മാത്രം വിചാരിച്ചാൽ മതിയോ? പ്രധാന മന്ത്രി അറിയാതെ കഴിയുമോ? അപ്പോൾ സ്വാഭാവികമായും  പ്രധാന മന്ത്രി കൂടി അറിഞ്ഞതല്ലേ ഇത്? കൊല്ലാൻ ഉപയോഗിച്ച തീവ്ര വാദികളെ എവിടന്നു അറേൻജ്ജ് ചെയ്തു? ഭാരതത്തിനെതിരെ ഒരു ഒരു തീവ്ര വാദ സംഘടന വളർത്തുന്നവർ,അതിന്റെ നേതാക്കൾ ആണ് ആഭ്യന്തര മന്ത്രിയും മറ്റും എന്നല്ലേ അർത്ഥം? 

ആഭ്യന്തര  മന്ത്രിയ്ക്ക് തീവ്രവാദ ബന്ധം ഉണ്ടെന്നല്ലേ ഇത് വെളിവാക്കുന്നത്? പ്രധാന മന്ത്രിയ്ക്കും?  ഇങ്ങിനെ രാജ്യത്തിന് എതിരെ പ്രവർത്തിക്കുന്നവർ രാജ്യദ്രോഹികൾ അല്ലേ ? നമ്മളുടെ ആഭ്യന്തര മന്ത്രിയും മറ്റും രാജ്യ ദ്രോഹികൾ ആണെന്നല്ലേ ഭംഗ്യന്തരേണ ഈ വാർത്താ അവതാരകൻ സൂചിപ്പിക്കുന്നത്?

പാകിസ്ഥാൻ പറയുന്നു എന്ന് പറഞ്ഞാണ് ഇതൊക്കെ പറയുന്നത്. ശത്രു രാജ്യങ്ങൾ പറയുന്നത്  ഏറ്റു  പറയുന്നതാണോ മാധ്യമ പ്രവർത്തനം? 
2001 സെപ്റ്റംബർ 11 നു മുംബയിൽ നടത്തിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം  ഇത് വരെ പാകിസ്ഥാൻ ഏറ്റു പറഞ്ഞിട്ടില്ലല്ലോ.അതിനർത്ഥം അവർ നടത്തിയത് അല്ല എന്നാണോ? കസബ് എന്ന ഭീകരൻ പാകിസ്ഥാൻ കാരൻ ഓൾ എന്ന് അവർ പറയുന്നു. അതേറ്റു പാടുകയാണോ ഭാരതീയർ ചെയ്യേണ്ടത്.ഭാരതത്തിൽ നടത്തുന്ന എല്ലാ തീവ്ര വാദി ആക്രമണത്തിനും പിന്നിൽ പാകിസ്ഥാൻ ആണെന്ന് തെളിവ് സഹിതം കാണിച്ചു കൊടുത്തിട്ടുണ്ട്. അവരുടെ സൈനയം നൽകുന്ന പരിശീലനം, അവരുടെ ആയുധങ്ങൾ എല്ലാം ലോകത്തിനു അറിവുള്ളതാണ്. എന്നിട്ടും പാകിസ്ഥാൻ പത്രങ്ങൾ പറയുന്നു എന്ന വ്യാജേന ജനങ്ങളുടെ മനസ്സിൽ വിഷം കുത്തി വയ്ക്കുകയല്ലേ അയാൾ ചെയ്യുന്നത്?  ആഭ്യന്തര മന്ത്രിയെക്കുറിച്ചു അങ്ങിനെ ഒരു ചിന്ത ജനങ്ങളുടെ മനസ്സിൽ പടർത്തുകയല്ലേ ഇതിലൂടെ അയാൾ ചെയ്തത്? പാകിസ്ഥാൻ പത്രം പറഞ്ഞു എന്നൊരു മറവിൽ ആ വാർത്ത പ്രചരിപ്പിക്കുകയല്ലേ ചെയ്തത്? 

ഈ ചോദ്യങ്ങളൊക്കെ ആരോടാണിയാൾ ചോദിക്കുന്നത്? ചർച്ചയിൽ പങ്കെടുത്ത  ബി.ജെ.പി. ക്കാരോടോ?  ഒന്നിലധികം വീക്ഷണങ്ങൾ പ്രതിഫ ലിപ്പിക്കാനാണല്ലോ     ചർച്ചകൾ. ആരാണ് ഇയാളുടെ ഈ വാദത്തെ അനുകൂലിക്കുന്നത്? 

ചാനലിൽ എന്തും പറയാനുള്ള അവകാശമുണ്ടോ അവതാരകർക്ക് ? ഇത് തടയാൻ ഒരു നിയമം ഇല്ലേ ഈ ഭാരതത്തിൽ? ഭാരതത്തിലെ ആഭ്യന്തര മന്ത്രിക്കെതിരെ ഇത്രയും ഗുരുതരമായ ഒരു ആരോപണം ഉണ്ടായിട്ടും ഇവിടത്തെ നിയമപാലകർ ആരും ഒന്നും ചെയ്തു കണ്ടില്ല. ഇങ്ങിനെ പോയാൽ, ഭാരതത്തിന്റെ ആഭ്യന്തര മന്ത്രി ഗൂഡാലോചന നടത്തി ഒരു ആക്രമണ നാടകം നടത്തി നമ്മുടെ 18  സൈനികരെ കൊന്നു എന്ന് ഭാരതീയ ചാനലിൽ പ്രചാരണം നടത്തിയാൽ, ഇത്തരം കാര്യങ്ങൾ അനുവദിച്ചു കൊടുത്താൽ നമ്മുടെ രാജ്യം എവിടെ ചെന്നെത്തും? 

2016, സെപ്റ്റംബർ 25, ഞായറാഴ്‌ച

സൗഹൃദം

ദേ ഇപ്പോൾ ഫോൺ വച്ചതേ ഒള്ളൂ.കടൽ കടന്നു വന്ന വിളി. അതിന്റെ ആഹ്ലാദത്തിൽ ഉടൻ എഴുതുന്നു.

ബ്ലോഗിലെ സൗഹൃദം ഒരു പ്രത്യേക സൗഹൃദം തന്നെ. ബ്ലോഗെഴുത്തിൽ നിന്നും എല്ലാം അറിയാൻ കഴിയും. നമ്മുടെ സൗഹൃദവും അങ്ങിനെ തുടർന്നു പോകും. ആളിനെ നേരിട്ട് കണ്ടില്ല എന്നൊരു ചെറിയ വിഷമം മാത്രമേ കാണൂ. എന്നാലും കാണുന്ന ഒരു പ്രതീതി അനുഭവപ്പെടും. അത്ര ഊഷ്മളമാണ് ആ സൗഹൃദവും സ്നേഹ ബന്ധവും. 

കുറെ നാൾ മുൻപ് ആസ്‌ട്രേലിയയിൽ നിന്നും ഒരു ഫോൺ വന്നു.ഒരു അഭിപ്രായത്തിനും നാട്ടിൽ വരുമ്പോൾ കാണാനും. കാണൽ നടന്നില്ല. ദുബായിൽ നിന്നും ഒരു വിളി വന്നു കഴിഞ്ഞ മാസം കാണലും നടന്നു. ബ്ലോഗ്  സുഹൃത് ബന്ധത്തിന്റെ ആഴം അറിയാൻ പറഞ്ഞു എന്നെ ഉള്ളൂ.

ഇനി ഫോൺ കാളിന്റെ വിശേഷങ്ങൾ പറയാം. വന്നത് അങ്ങ് ബിലാത്തിയിൽ നിന്നും. ഒരു മാന്ത്രിക ശബ്ദം. മറ്റാരുമല്ല നമ്മുടെ ബിലാത്തിക്കാരൻ സാക്ഷാൽ മുരളീ മുകുന്ദൻ. ബ്ലോഗിൽ നിന്നുള്ള പരിചയം ഇവിടം വരെ എത്തി ഇനി അടുത്ത വരവിന് നേരിട്ടുള്ള ഏറ്റുമുട്ടലും. മുരളിയോട്  സംസാരിക്കാൻ കഴിഞ്ഞതിലുള്ള  അതിയായ സന്തോഷം  ബ്ലോഗ് കൂട്ടുകാരോട് പങ്കു വയ്ക്കുന്നു. 

2016, സെപ്റ്റംബർ 24, ശനിയാഴ്‌ച

വിവാഹം-മോചനം

"ആ കാലമാടനുമായിട്ടുള്ള  കല്യാണമേ വേണ്ടായിരുന്നു"

"ആ വൃത്തികെട്ടവളെ ഇത്രയും നാൾ പൊറുപ്പിച്ചത് തന്നെ എന്റെ മഹാമനസ്കത."      

വിവാഹ മോചനത്തിന്  ശേഷം സിനിമാ രംഗത്തെ ഭാര്യാ ഭർത്താക്കന്മാർ സ്ഥിരം പറയുന്ന വാചക സാംപിളുകളാണിത്. ഇനി കല്യാണം കഴിഞ്ഞയുടൻ ആ 'അനാഘ്രാത കുസുമങ്ങൾ' പറയുന്നതോ......

  "എന്റെ ചേട്ടനില്ലെങ്കിൽ എനിക്ക് ജീവിതമേ ഇല്ല"  

(ആത്മഗതം : " കുറെ കളിച്ച്‌  ആരുടെയെങ്കിലും തലയിൽ തൂങ്ങാൻ നടന്നപ്പോഴാണ്   ഈ പൊട്ടനെ കിട്ടിയത്")

"എന്റെ ഭാര്യ അവളാണെന്റെ എല്ലാം.എന്റെ കണ്ണാണ് കരളാണ്" 

(ആത്മഗതം :നീ കുറെ ഓടിയതാണെന്ന് അറിയാതെയല്ലെടീ. നിന്റെ പൂത്ത കാശ് കുറെ ഞാൻ അനുഭവിക്കട്ടെ")

 എന്ന് പറഞ്ഞു തേനും പാലും ഒലിപ്പിച്ച  കക്ഷികളാണ് ഇപ്പോൾ തമ്മിൽ  തെറി പറയുന്നത്. 

പൈങ്കിളി വാരികകൾക്ക് പരദൂഷണം എന്നും ഇഷ്ട്ട വിഷയം തന്നെ. ബുദ്ധിപരമായ വ്യായാമം ഒന്നും വേണ്ടാത്തതിനാൽ അത് വായിക്കാൻ വലിയൊരു ജനക്കൂട്ടവും ഉണ്ടാകും. പിന്നെ പരദൂഷണം കേൾക്കുന്നതിന്റെ സുഖം. 

ഇത്തരം പ്രസിദ്ധീകരണങ്ങൾ മലയാള സാഹിത്യത്തെയും സംസ്കാരത്തെയും മലീമസമാക്കിക്കൊണ്ടിരിക്കുന്നു. അതിനു ധാരാളം വായനക്കാർ ഉണ്ടാകുന്നതാണ് അവയൊക്കെ വളരാനും വികസിക്കാനും ഒക്കെ കാരണം.  വായനക്കാരുടെ അധമ വികാരങ്ങളെ തൃപ്തിപ്പെടുത്തുന്നത് കൊണ്ടാണ് ആ പ്രസിദ്ധീകരണങ്ങൾ ഇങ്ങിനെ വളരുന്നത്. പരസ്യത്തിലൂടെ പണം വാരിക്കൂട്ടുന്നത്. അതവരുടെ ബിസിനസ്സ് ആണ്.അതിനു കരുക്കൾ ആകുന്നതോ പാവപ്പെട്ട ജനങ്ങളും. 

ഈ സിനിമാക്കാർക്ക്  വിവാഹവും ഒരു പബ്ലിസിറ്റി ആണ്. കല്യാണം  കഴിഞ്ഞാൽ ഒരു ലക്കം വാരിക മുഴുവൻ ഭാര്യയും ഭർത്താവും രണ്ടു പേരുടെയും ഗുണ ഗണങ്ങൾ പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും പുകഴ്ത്തലാണ്. ആദ്യമായി സ്ത്രീയെയും പുരുഷനെയും കാണുന്നത് പോലെ.ഇവരൊക്കെ എത്ര ഓടിയവരാണ് എന്ന് അറിയുന്ന ജനം ചിരിക്കും. പിന്നെ വിവാഹ മോചനം വരെ ഇവരാരും പുറത്തു വരില്ല. അവർ നടത്തിക്കൊണ്ടിരുന്ന ജീവിതം തന്നെ തുടരും.അതൊക്കെ വ്യക്തമായി അറിഞ്ഞു കൊണ്ടാണല്ലോ വിവാഹം എന്ന ഒരു അഡ്ജസ്റ്മെന്റ് നടത്തിയത്. പിന്നീട് വരുന്നത് വിവാഹ മോചനവും കൊണ്ടാണ്. അങ്ങോട്ടും ഇങ്ങോട്ടും തെറി പറഞ്ഞു കൊണ്ട്.ഇവരുടെ ഒക്കെ പൂർവകാല ചരിത്രവും, ചാരിത്ര്യവും വഴി വിട്ട  ജീവിതവും ഒക്കെ നന്നായി അറിയുന്ന ജനങ്ങളെ കളിപ്പിക്കാനാണ് അവരുടെ  ഉദ്യമം. അതൊക്കെ വായിക്കാൻ നമ്മളും. ഇപ്പോൾ ദിവസവും ഓരോ വിവാഹ മോചനം നടക്കുന്നത് കൊണ്ട് ഈ പരദൂഷണ വാരികകൾക്കു ചാകര ആണ്.ഒരു പത്തു പതിനഞ്ചു സിനിമാക്കാര് അടുത്തിടെ വിവാഹ മോചനം നടത്തിയിട്ടുണ്ട്.

സിനിമാ മാസികകൾ അല്ല ഇപ്പോൾ ഈ പരദൂഷണ ബിസിനസ്സ് ഏറ്റെടുത്തിരിക്കുന്നത്.കുടുംബ വാരിക എന്ന ലേബലിൽ പുറത്തിറങ്ങുന്നവയാണ്. (വനിത അതിൽ പ്രധാനിയാണ്).  ഇത്തരം
 പ്രസിദ്ധീകരണങ്ങളെ ഒഴിവാക്കുകയാണ് പ്രബുദ്ധം എന്ന് പറയുന്ന കേരള ജനത ചെയ്യേണ്ടത്.

2016, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

പാക് ഭീകരർ

ഭാരതത്തിനു നേരെ വർഗീയമായും, സൈനികമായും പാകിസ്ഥാൻ നടത്തുന്ന ആക്രമണങ്ങൾ അപലപനീയമാണ് ഒപ്പം അവർ ഒരു  തിരിച്ചടിയും അർഹിക്കുന്നു.  പത്താൻകോട്ടെ ഭീകരാകരമാണത്തിനു ശേഷം പാകിസ്ഥാന്റെ അതിർത്തി കടന്നുള്ള ആക്രമണമായിരുന്നു 18 സൈനികർ കൊല്ലപ്പെട്ട   'ഉറി' ആക്രമണം.




ഉറി ആക്രമണത്തിന് ശേഷം നമ്മുടെ കേരളീയർ കൂടുതൽ ആക്രമണോൽസുകാരായി എന്ന് സോഷ്യൽ മീഡിയയിൽ വരുന്ന പലതും കണ്ടാൽ മനസ്സിലാകും. ഉടൻ പാകിസ്ഥാനുമായി ഒരു യുദ്ധം തന്നെ വേണമെന്ന അഭിപ്രായം ആണ് ഇവരിൽ പലരും പ്രകടിപ്പിക്കുന്നത്. മുൻ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയുടെ പടവും ഇട്ടു, അവർ നടത്തിയ 1965 ഉം 1971 ഉം യുദ്ധങ്ങൾ പ്രകീർത്തിച്ചിട്ടുള്ള പോസ്റ്റുകൾ. അത് പോലെ ഒരു യുദ്ധം വേണമെന്ന പോസ്റ്റുകൾ.

ഒരു യുദ്ധം എത്ര ഭയാനകവും എത്ര ദുരിതം വിതയ്ക്കുന്നതും ആണ്? ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുന്നു. ആയിരക്കണക്കിന് സൈനികർ മരിക്കുന്നു. പതിനായിരക്കണക്കിന്  കോടി രൂപ ചിലവഴിക്കപ്പെടുന്നു.  രാജ്യത്തിന്റെ സമ്പത് വ്യവസ്ഥ ആകെ തകരാറിലാകുന്നു. ഭക്ഷണ സാധനങ്ങളുടെ ദൗർലഭ്യം ഉണ്ടാകുന്നു. പണത്തിന്റെ ദൗർലഭ്യം ഉണ്ടാകുന്നു. അങ്ങിനെ രാജ്യം ആകെ യുദ്ധക്കെടുതികൾ അനുഭവിക്കുന്നു. തകർന്ന സമ്പദ് വ്യവസ്ഥ നേരെയാക്കി എടുക്കാൻ അടുത്ത പത്തോ ഇരുപതോ വർഷങ്ങൾ വേണ്ടി വരും.

പാകിസ്ഥാനെ അടിക്കണം എന്ന് പറയാൻ എളുപ്പമാണ്. പ്രത്യേകിച്ചും ശത്രു രാജ്യത്തിന്റെ അതിർത്തികളിൽ നിന്നും വളരെ വളരെ  ദൂരെ  സ്ഥിതി ചെയ്യുന്ന  നാം കേരളക്കാർക്ക്. ഇന്ന് വരെ അകലങ്ങളിൽ അല്ലാതെ യുദ്ധം നമ്മൾ കണ്ടിട്ടില്ല. അതിർത്തിയിലെ വെടിയൊച്ച കേൾക്കുന്ന പഞ്ചാബ്, കാശ്മീർ,രാജസ്ഥാൻ തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളെ പ്പോലെ യുദ്ധത്തിന്റെ  ഭീകരത നേരിട്ട് അനുഭവിക്കേണ്ട നമുക്ക്. വിമാനത്തിന്റെ ഇരമ്പൽ കേൾക്കുമ്പോൾ  ബോംബോ ഷെല്ലോ വീട്ടിനു മുകളിലോ തലയിലോ വീഴുമെന്നു പേടിച്ചു കഴിയേണ്ട നമുക്ക്. ആകെ ഒന്ന് പേടിച്ചത് 1971 ൽ കൊച്ചിയിലെ കടലിൽ  നിർവീര്യമായ ഒരു ബോംബ് പോലുള്ള സാധനം കണ്ടപ്പോൾ ആണ്. അതോടെ തീർന്നു മലയാളിയുടെ യുദ്ധാനുഭവം.

ഇടയ്ക്കിടെ വരുന്ന  ശവപ്പെട്ടികൾ മാത്രമാണ് യുദ്ധം നടക്കുന്നു എന്ന് കേരളക്കാരെ  ഓർമിപ്പിക്കുന്നത്. അത് ആ സൈനികരുടെ വീട്ടിലും  കുടുംബങ്ങളിലും   മാത്രം ഒതുങ്ങുന്നു. നമ്മൾ ബിവറേജസിന്റെ ക്യുവിലും പെറോട്ട ചിക്കൻ കടകളുടെ മുന്നിലും ആഘോഷം നടത്തുന്നു. ഇടയ്ക്കിടെ ടി.വി.യിൽ വരുന്ന യുദ്ധ വാർത്തകൾ കണ്ടും കേട്ടും  ആസ്വദിക്കുന്നു.

ഇന്നും പാകിസ്ഥാന്റെ ആക്രമണത്തെ അപലപിക്കാത്ത, അതിനെ കാശ്മീരിന്റെ പേര് പറഞ്ഞു സാധൂകരിക്കുന്ന ആളുകൾ നമ്മുടെ നാട്ടിലുണ്ട്. മതമോ,രാഷ്ട്രീയമോ ആയുള്ള നേട്ടത്തിന് വേണ്ടിയാണ് അവർ സ്വന്തം നാടിനെ തള്ളിപ്പറയുന്നത്. രാജ്യദ്രോഹികൾ ആണവർ. അവരും പാകിസ്ഥാൻ പോലെ നമ്മുടെ ശത്രുക്കൾ തന്നെയാണ്.


2016, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

മരണ മൊഴി

ബിജെ.പി. ഫാസിസ്റ് പാർട്ടി ആണോ?

ബംഗാളിൽ നിന്ന് കൂടി അടിച്ചിറക്കി  അറബിക്കടലിലേക്ക് വലിച്ചെറിഞ്ഞപ്പോൾ, കൈകാലിട്ടടിച്ചു അവസാന കച്ചിത്തുരുമ്പ് ആയി കയറി പിടിച്ചത് ഭൂപടത്തിൽ താഴെ അറ്റത്തുള്ള കേരള ദേശത്തു. അങ്ങിനെ കടലിൽ മുങ്ങുന്നതിനു മുൻപ് കേരളത്തിൽ അബദ്ധവശാൽ പറ്റിപ്പിടിച്ചു നിൽക്കുന്ന  ഒരു പ്രതിഭാസം ആണ് മാർക്സിസ്റ് കമ്മ്യുണിസ്റ് പാർട്ടി. 

അവരിന്നു ചർച്ച ചെയ്യുന്നത് പാർട്ടി അന്യം നിന്നു പോകും എന്നുള്ളത് അല്ല. അതിനി ചർച്ച ചെയ്തിട്ട് കാര്യമില്ല എന്ന് അവർക്കും അറിയാം എന്നുളളത് കൊണ്ടായിരിക്കാം. ബിജെ.പി. ഫാസിസ്റ് പാർട്ടി ആണോ എന്നതാണ് അവരുടെ പ്രധാന ചർച്ചാ വിഷയം. അവരുടെ പഴയ പാർട്ടി സെക്രട്ടറി പറയുന്നത് ബി.ജെ.പി. ഒരു ഫാസിസ്റ്റു പാർട്ടി അല്ല എന്നതാണ്. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കാരാട്ട് പറയുന്നത്. പക്ഷെ ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്ന യെച്ചൂരി പറയുന്നത് ബി.ജെ.പി. ഫാസിസ്റ്റു തന്നെ എന്നാണ്.

ഈ ഭരണത്തോടെ മഹാബലി ആയി ചവിട്ടി താഴ്ത്തപ്പെട്ട വി.എസ്. യെച്ചൂരിയുടെ ഭാഗത്താണ്. പാർട്ടി കോൺഗ്രസ്സിൽ അത്  ചെയ്തു.

ബംഗാളിൽ ഭരണത്തിൽ ഇരുന്നപ്പോൾ മാർക്സിസ്റ് പാർട്ടി സിംഗൂരിൽ കർഷകരിൽ നിന്നും പിടിച്ചെടുത്തു ടാറ്റ യ്ക്ക് നൽികിയ  1000 ഏക്കർ ഭൂമി തിരിച്ചു നൽകാൻ സുപ്രീം കോടതി പറയുകയും അത് പ്രകാരം ഭൂമി തിരിച്ചു നൽകി തുടങ്ങുകയും  ചെയ്തു. ആ നാണം കെട്ട  പരിപാടിയെ കുറിച്ച് അവർക്കു ഒന്നും പറയാനില്ല. 

ആകെ ചെയ്യാനുള്ളത് ബി.ജെ.പി. ഫാസിസ്റ് പാർട്ടി ആണോ അല്ലയോ എന്ന ചൂട് പിടിച്ച ചർച്ചയാണ്. നമുക്ക് കാത്തിരിക്കാം പാർട്ടി എന്താണ് അന്തിമ തീരുമാനം എടുക്കുക എന്നത്.

ബി.ജെ.പി. ഏതായാലും സൂക്ഷിച്ചിരിക്കട്ടെ. അവരുടെ ഭാവിയെ വല്ലാതെ ബാധിക്കുന്ന ഒരു തീരുമാനം ആയിരിക്കും മാർക്സിസ്റ് പാർട്ടിയുടേത്.

കാൽക്കീഴിൽ നിന്നും മണ്ണ് ചോർന്നുപോകുമ്പോഴും  താഥ്വികമായ  അവലോകനം" നടത്തുന്ന പാവം മാർക്സിസ്റ്കാർ .



2016, സെപ്റ്റംബർ 13, ചൊവ്വാഴ്ച

മാനനഷ്ടം

സിനിമാ നടൻ ദിലീപ് കേസ് കൊടുക്കുമത്രേ. തന്റെ ഫേസ് ബുക്കിൽ ആണ് ഈ ഭീഷണി. വിഷയം അങ്ങേരുടെ രണ്ടാം വിവാഹം തന്നെ. അടുത്തിടെ വനിത വാരികയിൽ അങ്ങേരും സിനിമാ നടി കാവ്യയും കൂടി യോജിച്ചു ഒന്നിച്ചു ഒരു അഭിമുഖം നൽകിയിരുന്നു. അത് വിശദീകരിച്ചു ഒരു പത്രം എഴുതിയതിനാണ് ദിലീപിന്റെ ഭീഷണി.

അഭിമുഖം കൊടുക്കുന്നെങ്കിൽ എന്തിനാ രണ്ടു പേരും കൂടി കൊടുക്കുന്നത്? അങ്ങേർക്കു പറയാനുള്ളത് സ്വയം അങ്ങ് പറഞ്ഞാൽ പോരെ? അല്ലെങ്കിൽ അത് ഭാര്യ ആയിരിക്കണം. പിന്നെ അതിലെ ഫോട്ടോകളും. വനിത അല്ലെ വാരിക. മാക്സിമം മുതെലെടുക്കാൻ വേണ്ടി  "എന്തെങ്കിലും നടക്കും" എന്ന് ധ്വനിപ്പിക്കുന്ന, രണ്ടു പേരും ചേർന്നുള്ള   കുറെ ഫോട്ടോകളും ഇട്ടു. മുഖ ചിത്രവും അത് പോലെ രണ്ടു പേരും ചേർന്നു നിൽക്കുന്നത്.  വിവാഹ മോചനം നടത്തി ഫ്രീ ആയി രണ്ടു പേരും! ആളുകൾ എന്തും ധരിച്ചോട്ടെ എന്ന് വാരിക കരുതി. സർക്കുലേഷനും കൂടും. അതിനു സപ്പോർട്ട്  ചെയ്യുന്നത് പോലെ ദിലീപും കാവ്യയും പെരുമാറി. എന്തെങ്കിലും നടക്കുന്നെങ്കിൽ നടക്കട്ടെ എന്ന് അവരും കരുതി.  സിനിമയിൽ വന്ന കാലം മുതലേ കാവ്യയുമായുള്ള കെമിസ്ട്രിയും (ഫിസിക്‌സും ബയോളജിയും ഒക്കെ) ഒക്കെ ദിലീപ് വിശദീകരിച്ചു. ദിവ്യയും അത് പോലെ തന്നെ ദിലീപേട്ടനുമായുള്ള അതും.

''കല്യാണം കഴിക്കുന്നെങ്കിൽ മോളോട് ചോദിച്ചിട്ടേ ചെയ്യൂ''. പറയുന്നത് ദിലീപ് ആണ്. എന്തും മകളുടെ അഭിപ്രായം അറിഞ്ഞിട്ടത്രേ ചെയ്യുന്നത്.ആ മോളുടെ  അമ്മയുമായുള്ള വിവാഹം ഒഴിഞ്ഞപ്പോൾ "മീനൂട്ടി" യോട് ചോദിച്ചായിരുന്നോ മാഷേ? എന്തിനാ വെറുതെ വർത്തമാനം പറയുന്നത്?

പണത്തിനും പ്രശസ്തിക്കും വേണ്ടി പെറ്റ തള്ളയെ വരെ തള്ളിക്കളയുന്ന വരാണ്   ഭൂരിപക്ഷം സിനിമാക്കാരും. അവർക്കു കുടുംബവും ഭാര്യയും, ഭർത്താവും മക്കളും എല്ലാം വെറും ഷോ മാത്രമാണ്. അത് പോലെയുള്ള ഒരു നാടകം. ദിലീപിന്റെ ഈ പ്രകടനവും അത്  തന്നെ  പടങ്ങളൊന്നും ഇല്ലാതെ പൊളിഞ്ഞു നിൽക്കുന്ന കാലം. ഇനി പടങ്ങൾ കിട്ടുമെന്ന് വലിയ പ്രതീക്ഷയും ഇല്ല. എന്നാൽ ഇങ്ങിനെയെങ്കിലും എന്തെങ്കിലും പബ്ലിസിറ്റി ആകട്ടെ എന്ന് രണ്ടു പേരും വിചാരിച്ചു. ഈ സിനിമാക്കാർക്ക് എന്നും ലൈം ലൈറ്റിൽ നിൽക്കുന്നതാണ് ഇഷ്ട്ടം. അതിനു പത്ര മാധ്യമങ്ങളുടെ സഹായം വേണം. അതിനാണ് ഇങ്ങിനെയുള്ള ഇന്റർവ്യൂ കൊടുക്കുന്നത്.  അതും പോരാഞ്ഞു കൂടുതൽ കോൺട്രോവേഴ്‌സി ഉണ്ടാക്കിക്കൊണ്ടേ ഇരിക്കും. ഇപ്പോൾ ഫേസ് ബുക്കിൽ കാണിച്ച കോപ്രായം പോലെ.അത്രയും നാൾ പത്ര ത്താളിൽ നിറഞ്ഞു നിൽക്കാമല്ലോ. 


ദിലീപേ, നിങ്ങൾക്ക് വേണമെങ്കിൽ വേറെ കല്യാണം കഴിച്ചു കൊള്ളൂ. കാവ്യ തയ്യാറായാണെങ്കിൽ അങ്ങിനെ. അല്ലെങ്കിൽ മറ്റാരെയെങ്കിലും. അതിനു ഈ പത്ര മാസികകളിൽ വന്ന് വിഴുപ്പലക്കുക്കുന്നതു എന്തിനാണ്? പിന്നെ ഫേസ് ബുക്ക്. നിങ്ങളെ അന്ധമായി ആരാധിക്കുന്ന കുറെ മണ്ടന്മാർ നിങ്ങളെ പുകഴ്ത്തി കൊണ്ടിരിക്കും. അത് കണ്ടു പാവം നിങ്ങൾ...............

2016, സെപ്റ്റംബർ 11, ഞായറാഴ്‌ച

കള്ളക്കളി





സൗമ്യ കൊലക്കേസിൽ ഗോവിന്ദച്ചാമിയ്ക്ക് വിധിച്ച വധശിക്ഷ സുപ്രീം കോടതി ശരി വയ്ക്കും എന്ന് തന്നെയാണ് നമ്മൾ വിചാരിച്ചിരുന്നത്, ഇന്നും വിചാരിക്കുന്നത്. അതിനിടയിൽ സുപ്രീം കോടതി ചോദിച്ച ചില പ്രസക്തമായ ചോദ്യങ്ങൾക്കു മറുപടി പറയാൻ കഴിയാതെ വായും പൊളിച്ചു നിൽക്കേണ്ടി വന്നു പ്രോസിക്യുഷന്. ഒറ്റക്കയ്യൻ ഗോവിന്ദച്ചാമി എങ്ങിനെ സൗമ്യയെ ട്രെയിനിൽ നിന്നും തള്ളിയിടും? തള്ളിയിടുന്നത് ആരെങ്കിലും കണ്ടോ?ചാടിയത് ആയിരിന്നു കൂടെ? തുടങ്ങി കോടതിയുടെ പല ചോദ്യങ്ങൾക്കും പ്രോസിക്യുഷൻ  വക്കീലന്മാർക്ക് മറുപടി ഉണ്ടായിരിരുന്നില്ല.

ഇതിനുള്ള രേഖകളും തെളിവുകളും ഒക്കെ കേസ് റിക്കോർഡുകളിൽ ഉണ്ട്. അതൊന്നു പറയുക മാത്രമാണ് വേണ്ടത്. പക്ഷെ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന വക്കീലന്മാർ, നമ്മൾ കൊടുക്കുന്ന നികുതിയിൽ നിന്നും ശമ്പളം പറ്റുന്ന സർക്കാർ വക്കീലന്മാർ, മറുപടി പറയാതെ നിന്നു. എന്താണ് അതിനർത്ഥം? അവർക്കു മറ്റെന്തോ താൽപ്പര്യം ഉണ്ടായിരുന്നു എന്ന് തന്നെ. പ്രതിയുടെ താൽപ്പര്യം സംരക്ഷിക്കാൻ വേണി അവർ ഇത് ചെയ്തു അന്ന് പറഞ്ഞാലും അധികമാകില്ല. അതിനു പ്രതിയുടെ ഭാഗത്തു നിന്നും അവർക്കു എന്തെങ്കിലും കിട്ടി എന്ന് പറഞ്ഞാലും തെറ്റ് പറയാൻ കഴിയില്ല.

കേസുകൾ വലിയ ഒരു തട്ടിപ്പു ആണ്. സത്യം പലയിടത്തും ബലി  കഴിക്കപ്പെടുന്നു.  അന്വേഷണ ഉദ്യോഗസ്ഥർ പണം വാങ്ങി തെളിവുകൾ ഒഴുവാക്കുന്നു. തെളിവുകൾ നശിപ്പിക്കുന്നു.പ്രതിയ്ക്ക് അനുകൂലമായി കാര്യങ്ങൾ നീക്കുന്നു.പോസ്ററ് മോർട്ടം ചെയ്യുന്നവർ തെളിവുകൾ പലതും പുറത്തു കൊണ്ടു വരുന്നില്ല. ഇതിനൊക്കെ അനുകൂലമായി പ്രോസിക്യുഷനും വാദിക്കുന്നു. അങ്ങിനെ കേസ് മൊത്തം അട്ടിമറിക്കപ്പെടുന്നു.

കേസിന്റെ കാര്യങ്ങൾ പൂർണമായും ജനങ്ങൾ മനസ്സിലാക്കുന്നില്ല. മനസ്സിലാക്കാൻ കഴിയുകയുമില്ല.പത്രങ്ങളിൽ വരുന്ന വാർത്തകളിൽ നിന്നും ആണ് കുറച്ചു മനസ്സിലാക്കുന്നത്. ശരിയായ രീതിയിൽ ആണ് അന്വേഷണം പോകുന്നത് എന്ന് അവർക്കു തോന്നും. കാരണം തെളിവുകൾ എല്ലാം എടുത്തോ സത്യ സന്ധമായി കേസ് അന്വേഷിച്ചോ എന്നൊന്നും ജനങ്ങൾക്കു അറിയാൻ കഴിയില്ല. പോലീസ് കാർ ഈ കള്ളക്കളിയൊക്കെ വളരെ രഹസ്യമായി, സമർത്ഥമായി ചെയ്യും.

രണ്ടു കാര്യങ്ങൾ ആണ് ഇതിനു പുറകിൽ ഉള്ളത്. ഒന്ന് രാഷ്ട്രീയക്കാരുടെ ഇടപെടൽ. അവിടെ സ്വന്തം താൽപ്പര്യം സംരക്ഷിക്കാൻ വേണ്ടി ഉദ്യോഗസ്ഥർ നട്ടെല്ല് വളച്ചു സത്യത്തിനെ  ബലി കഴിക്കുന്നു. രണ്ടാമതായി പണം വാങ്ങി ചെയ്യുന്നത്. ഈ സംഭവിക്കുന്നത്  പൂർണമായും അറിയാൻ ജനങ്ങൾക്ക് കഴിയില്ല. പത്രങ്ങൾ അവരുടെ താൽപ്പര്യത്തിന് അനുസരിച്ചാണല്ലോ വാർത്തകൾ കൊടുക്കുന്നത്. 

2016, സെപ്റ്റംബർ 4, ഞായറാഴ്‌ച

മുൻ‌കൂർ അനുവാദം

 ഒ രിക്കലും ചിരിച്ചിട്ടില്ലാത്തവർ,  തെരെഞ്ഞടുപ്പ് വേളയിൽ സംഘടിപ്പിച്ചെടുത്ത ആ ചിരി കണ്ടപ്പോഴേ മനസ്സിലായി. ഇത് ഈവന്റ് മാനേജ്‌മെന്റ് കാര് മുഖത്ത് പേസ്റ് ചെയ്തു കൊടുത്തതാണെന്ന്. അസഹിഷ്ണുതയുടെയും  സ്വേച്ഛാധിപത്യത്തിന്റെയും ദംഷ്ട്രകൾ  തന്നെയാണ് ആ ചിരിയുടെ ഉള്ളിൽ  ഒളിഞ്ഞിരുന്നത് എന്ന് ഏവർക്കും അറിയാമായിരുന്നു.

രാത്രിയിൽ  മുഖ്യ മന്ത്രി പിണറായി വിജയനെ കാണാൻ ഓഫീസിൽ എത്തിയ ഒരു മാർക്സിസ്റ് എം.എൽ.എ. യെ മുൻ കൂർ അനുമതി ഇല്ലാതെ ചെന്നതിനു മുഖ്യ മന്ത്രി വഴക്കു പറഞ്ഞു,ശാസിച്ചു എന്നുള്ള വാർത്തകൾ ആണ് പുറത്തു വരുന്നത്.കാട്ടാക്കട എം.എൽ.എ. ശ്രീ സതീഷ് ആണ് ഈ ഹത ഭാഗ്യൻ. വെറുതെ കൊച്ചു വർത്തമാനം പറയാൻ പോയതല്ല. കോവളം ബൈ പാസിന്റെ വികസനത്തെ കുറിച്ച് സംസാരിക്കാൻ അവിടത്തെ എം.എൽ.എ. ശ്രീ വിന്സെന്റിനെയും  മറ്റു ചില പ്രവത്തകരെയും കൂടിയായിരുന്നു പോയത്.മുൻ‌കൂർ അനുവാദം വാങ്ങാതെ ചെന്നതിനാണ് വഴക്കു പറഞ്ഞത് എന്നാണു പറയുന്നത്. 

ഇതിനു സതീഷ് എം.എൽ.എ. യുടെ വിശദീകരണം ആണ് രസകരം. അങ്ങിനെ വഴക്കു പറഞ്ഞതും ശാസിച്ചതും ഒന്നും ഇല്ല. ''എന്താ നേരത്തെ അപ്പോയിന്റ് മെന്റ് വാങ്ങി വന്നു കൂടായിരുന്നോ'' എന്ന് വളരെ സൗമ്യമായി ചോദിച്ചു എന്നാണു അദ്ദേഹം പറയുന്നത്.

ഒരു എം.എൽ.എ. യുടെ ഗതികേട് നോക്കണേ! നാടിന്റെ വികസനത്തിന്റെ കാര്യത്തിന് മുഖ്യ മന്ത്രിയെ കാണുന്നതിന് സമയവും സൗകര്യവും നോക്കണമത്രേ. മറ്റേ എം.എൽ.എ. യുടെ വിശദീകരണം ഇത് വരെ വന്നു കണ്ടില്ല.

ഈ സതീഷ് എം.എൽ.എ. യുടെ സമയം അത്ര നല്ലതല്ല എന്ന് തോന്നുന്നു. കുറെ ദിവസം മുൻപ് ഒരു യോഗത്തിൽ ഇദ്ദേഹത്തെ കാത്തു മന്ത്രി കടകം പള്ളി സുരേന്ദ്രന് കുറെ നേരം ഇരിക്കേണ്ടി വന്നു. ഇദ്ദേഹം താമസിച്ചു പോയി. ഇനി അതിനെല്ലാം കൂടി ചേർത്താണോ എന്തോ മുഖ്യ മന്ത്രി സൗമ്യമായി വഴക്കു പറഞ്ഞത്?

2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

സഹായ നിധി

 അവശരായ സഹ പ്രവർത്തകരെ സഹായിക്കാൻ പണം ഉണ്ടാക്കാൻ വേണ്ടി  പൊതു കലാപരിപാടികൾ നടത്തുന്നത് സിനിമാക്കാരുടെ സ്ഥിരം പരിപാടി ആണ്. ജന പ്രിയരായ താരങ്ങൾ ആണ് ആ പരിപാടികളിലെ പ്രധാന ആകർഷണം. അവരെ കാണാൻ  ജനങ്ങൾ ടിക്കറ്റ് എടുത്തു ഇടിച്ചു കയറും. അതായത് അവശ കലാകാരന്മാരെ സഹായിക്കാനുള്ള പണവും ജനങ്ങളുടെ കയ്യിൽ നിന്നും തന്നെ ഒപ്പിച്ചെടുക്കുന്നു. 

അടുത്തിടെ ഇത്തരം ഒരു ഷോ  കോഴിക്കോട് അരങ്ങേറുകയുണ്ടായി. അവശ സഹായ നിധിയ്ക്കു വേണ്ടി മോഹൻ ലാൽ പങ്കെടുക്കുന്ന കലാ മാമാങ്കം.  ഇക്കഴിഞ്ഞ ആഗസ്ററ് 15 ന്. ഈ ഷോ തുടങ്ങുന്നതിന്   24 മണിക്കൂർ മുൻപ് ടി.എ. റസാക്ക് എന്ന തിരക്കഥാ കൃത്ത് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിക്കിടക്കയിൽ അന്ത്യ ശ്വാസം വലിച്ചു. മൃതദേഹം കോഴിക്കോടേയ്ക്കു കൊണ്ട് വന്നു. പക്ഷെ അവിടെ മോഹൻലാൽ ഷോ നടക്കുന്നു. എല്ലാ സിനിമാ താരങ്ങളും മൃതദേഹത്തിനരുകിൽ ഓടിയെത്തിയാൽ മോഹനം കലങ്ങില്ലേ? അതിനാൽ സിനിമാ രംഗത്തുള്ള എല്ലാ മഹാരഥൻമാരും കൂടിയാലോചിച്ചു  മൃത ദേഹം കോഴിക്കോട് അടുപ്പിച്ചില്ല. ആരെയും അറിയിപ്പിക്കാതെ  മൃതദേഹം ആംബുലൻസിൽ തന്നെ അന്ന് മുഴുവൻ റോഡിൽ ഇടുന്നു. ഷോ എല്ലാം തീർന്നു. അത് കഴിഞ്ഞു   മുഖത്ത്ദുഃഖവും വാരി പൂശി എല്ലാ സിനിമാ താരങ്ങളും റസാഖിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തുന്നു.



                    (റസാക്കിനോടൊപ്പം രണ്ടു സൂപ്പർ സ്റ്റാറുകൾ)

അവശ കലാകാരന്മാരോട് എന്തൊരു സ്നേഹം!

ഈ സിനിമാ താരങ്ങളൊക്കെ കോടികൾ ആണ് പ്രതിഫലം വാങ്ങുന്നത്. മോഹൻലാൽ,മമ്മൂട്ടി,ജയറാം,ദിലീപ്,നയൻതാര,മഞ്ജു വാരിയർ,കാവ്യ   തുടങ്ങിയവർ.  അത് പോലെ നിർമാതാക്കളും കോടികൾ ഉണ്ടാക്കുന്നു. ഓരോ പടം ഇറങ്ങുമ്പോഴും  ആദ്യ ദിവസം ഇത്ര  കളക്ഷൻ എന്നൊക്കെ പത്രത്തിൽ കാണാറില്ലേ? ഇങ്ങിനെയുണ്ടാക്കുന്ന പണത്തിന്റെ ഒരംശം ഈ അവശ കലാകാരന്മാർക്ക് വേണ്ടി ഇവർക്ക് മാറ്റി വച്ച് കൂടെ? സിനിമ കൂടാതെ പരസ്യത്തിനും കോടികൾ ആണ് ഇവർ വാങ്ങുന്നത്. അതും കൂടാതെ സ്വർണ കടകളും, മാർബിൾ കടകളും (എന്തും) ഉദ്ഘാടനത്തിന് പല പല ലക്ഷങ്ങൾ (ചിലർ കോടികളും)  വാങ്ങുന്നു. ഇതിൽ നിന്നും ഒരു ചെറിയ  ഭാഗം പാവപ്പെട്ട കലാകാരന്മാർക്ക് നൽകാതെ ഷോ നടത്തി വീണ്ടും ജനങ്ങളുടെ താരങ്ങളെ കാണുക എന്ന മൃദുല വികാരത്തെ  ചൂഷണം ചെയ്തു അവന്റെ കീശയിൽ കയ്യിടണോ?  റോൾസ് റോയ്‌സ്,BMW,ഓഡി,കാഡി എന്നൊക്കെയുള്ള കോടികളുടെ കാറുകൾ, എസ്റ്റേറ്റുകൾ,ബിസിനസ്സുകൾ, ഇവയൊക്കെയുള്ള താരങ്ങളാണ് അവശരെ സഹായിക്കാൻ വേണ്ടി ജനങ്ങളുടെ പിച്ച ചട്ടിയിൽ കയ്യിടുന്നത്.

താരങ്ങളേ,  നിർമാതാക്കളെ, കാശുണ്ടാക്കുന്ന എല്ലാ സിനിമാക്കാരെ, ഇനിയെങ്കിലും ഈ നാണം കെട്ട  പണി നിർത്തൂ. നിങ്ങളെ നിങ്ങളാക്കിയത് തിയേറ്ററിൽ വന്നു നിങ്ങളുടെ സിനിമ വിജയിപ്പിച്ച  ഞങ്ങൾ ജനങ്ങളാണ്. എന്നിട്ടും നിങ്ങൾ ഞങ്ങളെ വീണ്ടും ചെയ്യുന്നു. നിങ്ങൾക്കു കിട്ടുന്ന പ്രതിഫലത്തിന്റെ   10 ശതമാനം അവശ കലാകാരന്മാർക്ക് വേണ്ടി നീക്കി വയ്ക്കുക. ഇത്രയും പണമൊക്കെ ഉണ്ടാക്കിയാലും ആർക്ക് എന്ത് വരും എന്ന് പ്രവചിക്കാനാകില്ലല്ലോ. ഇപ്പോൾ തിളങ്ങി നിൽക്കുന്നവർക്കും മറ്റൊരു അന്ത്യം വരാം. (ആർക്കും അങ്ങിനെ വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം). അതിനാൽ നിങ്ങൾ ഓരോരുത്തരും പത്തു ശതമാനം നിങ്ങളുടെ കഷ്ട്ടപ്പെടുന്ന സഹപ്രവർത്തകർക്ക് വേണ്ടി നൽകുക.   അങ്ങിനെയെങ്കിലും സമൂഹത്തിനു നന്മ ചെയ്യുക.