Friday, September 2, 2016

സഹായ നിധി

 അവശരായ സഹ പ്രവർത്തകരെ സഹായിക്കാൻ പണം ഉണ്ടാക്കാൻ വേണ്ടി  പൊതു കലാപരിപാടികൾ നടത്തുന്നത് സിനിമാക്കാരുടെ സ്ഥിരം പരിപാടി ആണ്. ജന പ്രിയരായ താരങ്ങൾ ആണ് ആ പരിപാടികളിലെ പ്രധാന ആകർഷണം. അവരെ കാണാൻ  ജനങ്ങൾ ടിക്കറ്റ് എടുത്തു ഇടിച്ചു കയറും. അതായത് അവശ കലാകാരന്മാരെ സഹായിക്കാനുള്ള പണവും ജനങ്ങളുടെ കയ്യിൽ നിന്നും തന്നെ ഒപ്പിച്ചെടുക്കുന്നു. 

അടുത്തിടെ ഇത്തരം ഒരു ഷോ  കോഴിക്കോട് അരങ്ങേറുകയുണ്ടായി. അവശ സഹായ നിധിയ്ക്കു വേണ്ടി മോഹൻ ലാൽ പങ്കെടുക്കുന്ന കലാ മാമാങ്കം.  ഇക്കഴിഞ്ഞ ആഗസ്ററ് 15 ന്. ഈ ഷോ തുടങ്ങുന്നതിന്   24 മണിക്കൂർ മുൻപ് ടി.എ. റസാക്ക് എന്ന തിരക്കഥാ കൃത്ത് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിക്കിടക്കയിൽ അന്ത്യ ശ്വാസം വലിച്ചു. മൃതദേഹം കോഴിക്കോടേയ്ക്കു കൊണ്ട് വന്നു. പക്ഷെ അവിടെ മോഹൻലാൽ ഷോ നടക്കുന്നു. എല്ലാ സിനിമാ താരങ്ങളും മൃതദേഹത്തിനരുകിൽ ഓടിയെത്തിയാൽ മോഹനം കലങ്ങില്ലേ? അതിനാൽ സിനിമാ രംഗത്തുള്ള എല്ലാ മഹാരഥൻമാരും കൂടിയാലോചിച്ചു  മൃത ദേഹം കോഴിക്കോട് അടുപ്പിച്ചില്ല. ആരെയും അറിയിപ്പിക്കാതെ  മൃതദേഹം ആംബുലൻസിൽ തന്നെ അന്ന് മുഴുവൻ റോഡിൽ ഇടുന്നു. ഷോ എല്ലാം തീർന്നു. അത് കഴിഞ്ഞു   മുഖത്ത്ദുഃഖവും വാരി പൂശി എല്ലാ സിനിമാ താരങ്ങളും റസാഖിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തുന്നു.                    (റസാക്കിനോടൊപ്പം രണ്ടു സൂപ്പർ സ്റ്റാറുകൾ)

അവശ കലാകാരന്മാരോട് എന്തൊരു സ്നേഹം!

ഈ സിനിമാ താരങ്ങളൊക്കെ കോടികൾ ആണ് പ്രതിഫലം വാങ്ങുന്നത്. മോഹൻലാൽ,മമ്മൂട്ടി,ജയറാം,ദിലീപ്,നയൻതാര,മഞ്ജു വാരിയർ,കാവ്യ   തുടങ്ങിയവർ.  അത് പോലെ നിർമാതാക്കളും കോടികൾ ഉണ്ടാക്കുന്നു. ഓരോ പടം ഇറങ്ങുമ്പോഴും  ആദ്യ ദിവസം ഇത്ര  കളക്ഷൻ എന്നൊക്കെ പത്രത്തിൽ കാണാറില്ലേ? ഇങ്ങിനെയുണ്ടാക്കുന്ന പണത്തിന്റെ ഒരംശം ഈ അവശ കലാകാരന്മാർക്ക് വേണ്ടി ഇവർക്ക് മാറ്റി വച്ച് കൂടെ? സിനിമ കൂടാതെ പരസ്യത്തിനും കോടികൾ ആണ് ഇവർ വാങ്ങുന്നത്. അതും കൂടാതെ സ്വർണ കടകളും, മാർബിൾ കടകളും (എന്തും) ഉദ്ഘാടനത്തിന് പല പല ലക്ഷങ്ങൾ (ചിലർ കോടികളും)  വാങ്ങുന്നു. ഇതിൽ നിന്നും ഒരു ചെറിയ  ഭാഗം പാവപ്പെട്ട കലാകാരന്മാർക്ക് നൽകാതെ ഷോ നടത്തി വീണ്ടും ജനങ്ങളുടെ താരങ്ങളെ കാണുക എന്ന മൃദുല വികാരത്തെ  ചൂഷണം ചെയ്തു അവന്റെ കീശയിൽ കയ്യിടണോ?  റോൾസ് റോയ്‌സ്,BMW,ഓഡി,കാഡി എന്നൊക്കെയുള്ള കോടികളുടെ കാറുകൾ, എസ്റ്റേറ്റുകൾ,ബിസിനസ്സുകൾ, ഇവയൊക്കെയുള്ള താരങ്ങളാണ് അവശരെ സഹായിക്കാൻ വേണ്ടി ജനങ്ങളുടെ പിച്ച ചട്ടിയിൽ കയ്യിടുന്നത്.

താരങ്ങളേ,  നിർമാതാക്കളെ, കാശുണ്ടാക്കുന്ന എല്ലാ സിനിമാക്കാരെ, ഇനിയെങ്കിലും ഈ നാണം കെട്ട  പണി നിർത്തൂ. നിങ്ങളെ നിങ്ങളാക്കിയത് തിയേറ്ററിൽ വന്നു നിങ്ങളുടെ സിനിമ വിജയിപ്പിച്ച  ഞങ്ങൾ ജനങ്ങളാണ്. എന്നിട്ടും നിങ്ങൾ ഞങ്ങളെ വീണ്ടും ചെയ്യുന്നു. നിങ്ങൾക്കു കിട്ടുന്ന പ്രതിഫലത്തിന്റെ   10 ശതമാനം അവശ കലാകാരന്മാർക്ക് വേണ്ടി നീക്കി വയ്ക്കുക. ഇത്രയും പണമൊക്കെ ഉണ്ടാക്കിയാലും ആർക്ക് എന്ത് വരും എന്ന് പ്രവചിക്കാനാകില്ലല്ലോ. ഇപ്പോൾ തിളങ്ങി നിൽക്കുന്നവർക്കും മറ്റൊരു അന്ത്യം വരാം. (ആർക്കും അങ്ങിനെ വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം). അതിനാൽ നിങ്ങൾ ഓരോരുത്തരും പത്തു ശതമാനം നിങ്ങളുടെ കഷ്ട്ടപ്പെടുന്ന സഹപ്രവർത്തകർക്ക് വേണ്ടി നൽകുക.   അങ്ങിനെയെങ്കിലും സമൂഹത്തിനു നന്മ ചെയ്യുക.   5 comments:

 1. സത്യം സാർ .രാജാവ് നഗ്നനാണെന്ന്‌ പറയാൻ ആരെങ്കിലും ഒക്കെ ഉണ്ടാകണം സർ

  ReplyDelete
  Replies
  1. അവരിത് പോലെ തന്നെ തുടരും പുനലൂരാൻ. നമ്മൾ മാറാത്തിടത്തോളം കാലം.

   Delete
 2. ഒരു കലാകാരനോട് ചെയ്യാവുന്ന ഏറ്റവും വലിയ നന്ദികേട്. പണവും പ്രശസ്തിയുമാണ് എല്ലാവർക്കും വലുത് അതാണ് ഇവിടെയും നടന്നത്

  ReplyDelete
  Replies
  1. അതെ ഷാഹിദ്. പണവും പ്രശസ്തിയും. ഒരു നിമിഷത്തിൽ എല്ലാം തകരുന്ന എത്രയോ ഉദാഹരണങ്ങൾ ഇവരുടെ മുൻപിൽ ഉണ്ട്. എന്നിട്ടും ഒരു സഹാനുഭൂതി..... ഇല്ല ..

   Delete
 3. വളരെ നാണംകെട്ട ഏർപ്പാടായിപ്പോയി.

  ReplyDelete