Friday, January 24, 2014

കേരള ബഡ്ജറ്റ് -2014

പന്ത്രണ്ടാം തവണയാണ് കെ.എം.മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നത്‌ എന്നൊക്കെ യു.ഡി.എഫ്നും കേരള കോണ്‍ ഗ്രസ്സിനും പൊങ്ങച്ചം പറയാം എന്നല്ലാതെ സാധാരണക്കാരനോ സംസ്ഥാനത്തിൻറെ വളർച്ചക്കോ ഒന്നും ചെയ്യാത്ത ഒരു ബഡ്ജറ്റ് ആണ് മുൻ കാലങ്ങളിൽ എന്ന പോലെ ഇത്തവണത്തെ ബഡ്ജറ്റും. കുറെ നികുതി ഏർപ്പെടുത്തിയും വർദ്ധിപ്പിച്ചും മുന്നോട്ടു പോവുകയും പാഴ് ചെലവ് കൊണ്ട് എല്ലാ വർഷവും ധന കമ്മി വരുത്തി പോവുക എന്നതാണ് ബഡ്ജറ്റ് എന്നാണിവരുടെ ധാരണ. അതി രൂക്ഷമായിരിക്കുന്ന വിലക്കയറ്റം വീണ്ടും വർദ്ധിപ്പിക്കുന്ന ഒരു ബഡ്ജറ്റ് ആണ്  ഇതും. നേരിട്ട് നികുതി വർദ്ധിപ്പിക്കാതെ പരോക്ഷ വർദ്ധനയിലൂടെയാണ്  ഈ ബഡ്ജറ്റ് ജന ജീവിതം ദുസ്സഹമാക്കിയിരിക്കുന്നത്. വാഹന നികുതി വൻ തോതിൽ വർദ്ധിപ്പിച്ചത് ഓട്ടോ-റ്റാക്സി നിരക്കുകളിൽ വർദ്ധന ഉണ്ടാക്കും. അത് പോലെ ബസ്സുകളിൽ വരുത്തിയ നികുതി വർദ്ധന അന്യ സംസ്ഥാനത്ത് ജോലി ചെയ്യുന്ന ആയിരക്കണക്കിന് ആളുകളെ ദോഷകരമായി ബാധിക്കും. കെട്ടിട നികുതി വർദ്ധനയും ജനങ്ങളെ ദോഷകരമായി ബാധിക്കും. തുണിക്കടകൾക്ക് ഏർപ്പെടുത്തിയ വിറ്റു വരവ് നികുതി തുണിത്തരങ്ങൾക്ക് വില ക്കൂടുതൽ ഉണ്ടാക്കും. ഭക്ഷ്യ എണ്ണകൾക്കുള്ള നികുതി വില വർദ്ധനവിന് കാരണമാകും. വില വർദ്ധന പിടിച്ചു നിർത്താനായി വിപണിയിൽ ഇടപെടുന്നതിന് നാമ മാത്രമായ തുകയാണ് ഇത്തവണ വകയിരുത്തിയത്. ഇത് വിപണി വില വൻതോതിൽ വർദ്ധിക്കാൻ ഇടയാക്കും.

കാർഷിക ഉൽപ്പാദനം വർദ്ധിക്കാതെ വിലക്കയറ്റം തടയാൻ ആകില്ലെന്നുള്ള പ്രാഥമിക പാഠം പോലും മാണി ഉൾക്കൊണ്ടില്ല. കുട്ടനാട് പാക്കേജ്, വയനാട്പാക്കേജ് എന്നൊക്കെ കുറെ നാളായി നാം കേൾക്കുന്നു. അതൊന്നും നടപ്പാക്കാൻ ഇതേ വരെ ആർക്കും താൽപ്പര്യമില്ല. കഴിഞ്ഞ ബഡ്ജറ്റിൽ  കാർഷിക മേഖലയിലെ പദ്ധതികൾക്ക് വകയിരുത്തിയ തുകയുടെ ഒരു ശതമാനം പോലും ഇന്നേ വരെ ചിലഴിച്ചിട്ടില്ല  എന്ന സത്യം വെളിപ്പെടുത്തുന്നത് എല്ലാ വർഷവും കാട്ടിക്കൂട്ടുന്ന ഒരു പ്രഹസനം മാത്രമാണീ ബഡ്ജറ്റ് എന്നുള്ളതാണ്. പാരമ്പര്യ വ്യവസായങ്ങൾക്കോ കേരളത്തിന്‌ അനുയോജ്യമായ ചെറുകിട വ്യവസായങ്ങൾക്കോ ,പൊതു മേഖല വ്യവസായ സ്ഥാപനങ്ങൾക്കോ   ആവശ്യമായ  സഹായം നൽകി ഉൽപ്പാദനം വർദ്ധിപ്പിക്കാനുള്ള ഒരു ശ്രമവും ഈ ബഡ്ജറ്റിൽ ഇല്ല എന്നത് സ്വകാര്യ വ്യവസായികളുടെ താൽപ്പര്യം സംരക്ഷിക്കാൻ അല്ല എന്നെങ്ങിനെ പറയും.   സംസ്ഥാനത്തിന്റെ പൊതു കടം സർക്കാരിന്റെ കണക്കു കൂട്ടൽ അനുസരിച്ച് 1,14,121 കോടി രൂപയാണ്. ദിശാബോധം ഇല്ലാത്ത ഒരു സർക്കാരിന്റെ ജനങ്ങൾക്ക്‌ വേണ്ടിയല്ലാത്ത, സ്വകാര്യ ലോബിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന മറ്റൊരു ബഡ്ജറ്റ്.

Wednesday, January 22, 2014

വിദ്യാഭ്യാസ മന്ത്രിയും സ്കൂളും

" സൌകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലൂടെ കൂടുതൽ കുട്ടികളെ സർക്കാർ വിദ്യാലയങ്ങളിലേക്ക് ആകർഷിക്കാൻ കഴിയും. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ നടക്കാവ്  സ്കൂൾ ഒരു  മാതൃകയാണ്.   ഇത് സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാൻ സാധിക്കും".  ഉദ്ഘാടന പ്രസംഗത്തിൽ,ഡിസംബർ 27 ന്, വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ് പറഞ്ഞ കാര്യങ്ങളാണ്. അതേ റബ്ബ് ആണ് തിരുവനന്തപുരം അട്ടക്കുളങ്ങര സർക്കാർ  സെൻട്രൽ ഹൈ സ്കൂൾ കൊമ്പൗണ്ടിലുള്ള 2 ഏക്കർ സ്ഥലം ബസ് സ്റ്റാൻഡും  വാണിജ്യ സമുച്ചയവും നിർമിക്കുന്നതിന്  കൊടുക്കാൻ ഉത്തരവിട്ടത്. പറയുന്നത് ഒന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന് എന്ന രാഷ്ട്രീയക്കാരുടെ സ്ഥിരം സ്വഭാവം.


കോഴിക്കോട്‌ നടക്കാവ് ഗവണ്മെന്റ് ഗേൾസ്‌ ഹയർ സെക്കൻഡറി സ്കൂൾ  ആണ് ഇപ്പോൾ  അന്താരാഷ്‌ട്ര നിലവാരത്തിൽ ആക്കിയത്.
നല്ല പരീക്ഷണ ശാലകൾ,വായനശാല, ഹോക്കി,ഫുട് ബോൾ, മറ്റു  കളിസ്ഥലങ്ങൾ തുടങ്ങി എല്ലാം നല്ല നിലവാരത്തിൽ ഉള്ളവയാണ്. എം.എൽ.എ. ഫണ്ടും മറ്റു സാമ്പത്തിക സഹായവും ഉപയോഗിച്ച് ഒരു സാധാരണ സർക്കാർ വിദ്യാലയത്തെ ഇത്രയും പരിഷ്കരിച്ചതും നല്ല നിലയിൽ ആക്കിയതും പ്രിസം എന്ന പദ്ധതിയിലൂടെ  അവിടത്തെ എം.എൽ.എ. ആയ ശ്രീ എ. പ്രദീപ്‌ കുമാർ ന്റെ കഠിന പരിശ്രമം ഒന്ന് കൊണ്ടു മാത്രമാണ്. ഐ.ഐ.എം. എൻ.ഐ.ടി. ഐ.എസ്.ആർ. ഒ. എന്നീ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായവും ലഭിച്ചു.


എന്ത് കൊണ്ട് അട്ടക്കുളങ്ങര സ്കൂളും നടക്കാവ്  മാതൃകയിൽ വികസിപ്പിച്ചു കൂടാ? ഈ സ്കൂളിന് അഞ്ചര ഏക്കർ സ്ഥലം സ്വന്തമായുണ്ട്.നല്ല രീതിയിൽ കളിസ്ഥലവും മറ്റ് അനുബന്ധ സൌകര്യങ്ങളും ഇവിടെ ഉണ്ടാക്കാം. എം.എൽ.എ. ഫണ്ട്‌, എം.പി.ഫണ്ട്‌ മറ്റ് സാമ്പത്തിക സഹായം എന്നിവ ഇതിന്റെ വികസനത്തിന്‌ ഉപയോഗിക്കാം. കോഴിക്കോട് ഒരു സ്വകാര്യ സംഘടനയുടെ സാമ്പത്തിക സഹായവും ലഭിച്ചു. തിരുവനന്തപുരത്ത് അത്തരത്തിൽ നൂറ് കണക്കിന് കോടീശ്വരൻമാരുണ്ട്. സഹായിക്കാൻ   മനസ്സു കൂടി ഉള്ളവർ.  ഇവിടത്തെ എം.എൽ.എ. ആയ ശിവകുമാർ   മന്ത്രി കൂടിയാണ്. അതിനാൽ കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ നടത്തി എടുക്കാൻ സാധിക്കുകയും ചെയ്യും. നിലവാരം ഉയർത്തുകയാണെങ്കിൽ കുട്ടികളെ കൊണ്ട് പള്ളിക്കൂടം നിറയും എന്നുള്ളതിന് സംശയമില്ല. 5000 ത്തിൽ ഏറെ കുട്ടികൾ പഠിക്കുന്ന  സർക്കാർ  സ്കൂൾ, കോട്ടണ്‍ ഹിൽ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ്‌, ഒരു ഉദാഹരണമായി തിരുവനന്തപുരത്ത് തന്നെ ഉണ്ടല്ലോ. അത് പോലെ, അതിനേക്കാൾ മെച്ചമായ സൌകര്യങ്ങളുള്ള ഒരു വിദ്യാലയം ആക്കി ഇതിനെ മാറ്റാം. അതിനാൽ നഗരത്തിൻറെ ഹൃദയ ഭാഗത്തുള്ള  സ്കൂളിൻറെ  സ്ഥലം ബസ് സ്റ്റാൻഡും  വാണിജ്യ സമുച്ചയവും നിർമിക്കുന്നതിന്  നൽകാതെ, നിലവിലുള്ള സ്കൂളിനെ  ഉയർന്ന നിലവാരത്തിലുള്ള ഒരു വിദ്യാലയം ആക്കുകയാണ് വേണ്ടത്. എല്ലാം കച്ചവട ക്കണ്ണ്‍ കൊണ്ട് കാണാതെ ഭാവി തലമുറയ്ക്ക് വേണ്ടി, സ്വകാര്യ വിദ്യാലയങ്ങളിലെ അമിത ഫീസ്‌ നൽകാൻ കഴിവില്ലാത്ത പാവപ്പെട്ട വിദ്യാർഥികൾക്ക് വേണ്ടി,   എന്തെങ്കിലും ഒന്നു ചെയ്യൂ നിങ്ങൾ, ജനങ്ങൾ അധികാരത്തിലേറ്റിയ മന്ത്രിമാരേ. 

Tuesday, January 21, 2014

ഉദ്ഘാടനം -സ്കൈപ്

തിരുവനന്തപുരം ടെക്നോ പാർക്കിൻറെ മൂന്നാം ഘട്ടം മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. ഈ ജനുവരി 15 ന്. സ്വന്തം ഓഫീസിൽ  ഇരുന്ന് കൊണ്ട് സമ്മേളന സ്ഥലത്ത് തൻറെ സാന്നിധ്യം അറിയിച്ചു കൊണ്ടുള്ള  ഉദ്ഘാടനം ആയിരുന്നു. സ്കൈപ് എന്ന സാങ്കേതിക വിദ്യയിലൂടെ സമ്മേളന സ്ഥലത്ത്  സജ്ജമാക്കിയിരുന്ന വലിയ സ്ക്രീനിൽ മുഖ്യ മന്ത്രി ഉദ്ഘാടനവും പ്രസംഗവും നടത്തുന്നത് അവിടെ സന്നിഹിതരായിരുന്നവർ കണ്ടു സായൂജ്യം അടഞ്ഞു. ഉർവശീ ശാപം ഉപകാരം ആയി എന്ന പോലെ (മുഖ്യ മന്ത്രിക്ക് അസുഖമായിരുന്നു ആ ദിവസം.)  അവിടെ പോകാതെ തന്നെ  ഉദ്ഘാടനം നടത്താൻ കഴിഞ്ഞു എന്നുള്ളത് ഒരു തുടക്കം ആയി മുഖ്യനും  മറ്റു മന്ത്രിമാർക്കും എടുത്തു കൂടേ?

മുഖ്യ മന്ത്രിയോ മറ്റു മന്ത്രിമാരോ ഉദ്ഘാടനത്തിനോ പ്രസംഗങ്ങൾക്കോ എത്തുന്നത് സുരക്ഷാ ക്രമീകരണങ്ങളുടെ പേരിൽ ഖജനാവിന് വലിയ ചിലവും ജനങ്ങൾക്ക്‌ വലിയ ബുദ്ധിമുട്ടും ഉണ്ടാക്കുന്നതാണെന്നു അവർക്കും ജനങ്ങൾക്കും അറിയാം. അവരുടെ സാന്നിദ്ധ്യം കൊണ്ട് പ്രത്യേക ഗുണം അവർക്കും ജനങ്ങൾക്കും ഉണ്ടാകുന്നില്ല എന്നും എല്ലാവർക്കും അറിയാം. പിന്നെ സർക്കാർ നടത്തുന്ന പരിപാടികളിൽ സ്വാഭാവികമായും ഇവർ പങ്കെടുക്കുന്നത്,  തങ്ങളുടെ നിഷ്ക്രിയത്വം മറച്ചു വച്ച് ജനങ്ങളുടെ മുൻപിൽ ഒന്ന് ഷൈൻ ചെയ്യാം എന്ന ഇവരുടെ മിഥ്യാ ധാരണ കൊണ്ടാണ്.ഇവരെ ഒന്ന് ഉയർത്തിക്കാട്ടാം അത് വഴി തങ്ങൾക്കും എന്തെങ്കിലും ഗുണം നേടാം എന്ന വിധേയത്വം കാട്ടുന്ന ഉദ്യോഗസ്ഥരുടെയും കുട്ടി നേതാക്കളുടെയും ചിന്താഗതിയും ഇതിനു പിറകിലുണ്ട്. സർക്കാർ വക പരിപാടികളിലെ കേൾവിക്കാരെ കണ്ടിട്ടില്ലേ? പള്ളിക്കൂടങ്ങളിലെ പാവം കുട്ടികളോ,സർക്കാർ ഉദ്യോഗസ്ഥരോ,കുടുംബശ്രീ ക്കാരോ ആയിരിക്കും. നിർബ്ബന്ധിതമായി കൊണ്ടിരുത്തിയവർ, ചടങ്ങ് തീരും വരെ എണീറ്റു പോകാൻ കഴിയാത്ത ഹത ഭാഗ്യർ. സ്വകാര്യ് ചടങ്ങുകളിൽ ആകട്ടെ മന്ത്രിമാരെ വിളിക്കുന്നത്‌ അവരുടെ വ്യക്തി പ്രഭാവം കൊണ്ടല്ല. ചടങ്ങിന് ഒരു കൊഴുപ്പ് കൂട്ടാനാണ്. തൃശ്ശൂർ പൂരത്തിന് നെറ്റിപ്പട്ടം കെട്ടിയ ആനകളെ അണി നിരത്തുന്നത് പോലെ.  ചുവന്ന ലൈറ്റും കൊടിയും വച്ച കാറും,അകമ്പടി വാഹനങ്ങളും, പോലീസും എല്ലാം കൂടി ഒരു പൊലിമ വരും. അല്ലെങ്കിൽ ആഭാസത്തരം പറയുന്നവരെ സാംസ്കാരിക സമ്മേളനത്തിനോ , അക്ഷര വൈരികളെ പുസ്തക പ്രകാശനത്തിനോ  ആരെങ്കിലും വിളിക്കുമോ?

സ്കൈപ് എന്ന സാങ്കേതിക വിദ്യയുടെ സാധ്യത പ്രയോജനപ്പെടുത്തി നടത്തിയ രീതിയിലുള്ള ഉദ്ഘാടനങ്ങൾ നടത്താൻ  മുഖ്യ മന്ത്രിയും മറ്റു മന്ത്രിമാരും തയ്യാറാകണം. അത് വഴി അനാവശ്യ പണച്ചിലവും  ജനങ്ങൾക്കുണ്ടാകുന്ന  യാത്രാ ക്ലേശങ്ങളും   മറ്റ്   ബുദ്ധിമുട്ടുകളും   ഒഴിവാക്കാം, സമയവും ലാഭിക്കാം.  ഇത് കൂടാതെ ശ്രീ ഉമ്മൻ ചാണ്ടിക്ക്മറ്റൊരു വലിയ പ്രയോജനം കൂടിയുണ്ട്.  കരിങ്കൊടി പ്രകടനങ്ങളും വഴി തടയലും ഒഴിവാക്കാം. കരിങ്കൊടി പ്രകടനത്തിന് മറ്റൊരു സ്കൈപ്  വരുന്നത് വരെ എങ്കിലും.

മരണത്തെ കളിയാക്കൽ

18.1.2014 

ഒരു മരണം എങ്ങിനെ ആഘോഷം ആക്കാം എന്നുള്ളത് കിംസ് ആശുപത്രി അധികൃതർ കാണിക്കുകയുണ്ടായി. കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കർ മരിച്ച നിലയിൽ ഡൽഹി ലീല ഹോട്ടലിലെ സ്വന്തം മുറിയിൽ വെള്ളിയാഴ്ച കാണപ്പെടുകയുണ്ടായി. ദുരൂഹ മരണം, അത് ആത്മഹത്യയോ എന്താണെന്ന് കണ്ടു പിടിക്കാനുള്ള അന്വേഷണം നടക്കുകയാണ്. പോസ്റ്റ്‌ മോർട്ടം ഇന്ന്, 18.1.2014   ശനിയാഴ്ച നടക്കാനിരിക്കുന്നു. അപ്പോഴാണ്‌ രണ്ടു മൂന്നു ദിവസം മുൻപ് അവർ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു എന്ന വാർത്ത പുറത്തു വന്നത്. അതിനു പുറകേ മറ്റു സംശയങ്ങളും പുറത്തു വന്നു. ഒന്നുകിൽ ഉറക്ക ഗുളികയോ മറ്റോ അവർ കൂടുതൽ കഴിച്ചിരിക്കണം. അല്ലെങ്കിൽ കിംസ് ആശുപത്രിക്കാർ ഓവർ ഡോസ് മരുന്ന് കൊടുത്തിരിക്കണം. തങ്ങളുടെ ഭാഗം വിശദീകരിക്കാനായാണ് കിംസ് ആശുപത്രി അധികൃതർ ഒരു പത്ര സമ്മേളനം വിളിച്ചു കൂട്ടിയത്.

എന്തൊരു ആഹ്ലാദ പരമായ അന്തരീക്ഷമായിരുന്നു ആ പത്ര സമ്മേളനം. വൈസ് ചെയർമാൻ ഡോക്ടർ വിജയ രാഘവൻ, ഡയറക്ടർ ഇ.എം.നജീബ് എന്നിവർ പങ്കെടുത്ത ആ സമ്മേളനം ചിരിയും കളിയും ആയി മുന്നോട്ടു പോയി. പത്ര പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് ചിരിച്ചും തമാശ രൂപേണ പറഞ്ഞും ആയിരുന്നു ഈ രണ്ടു പേരുടെയും പ്രതികരണം. എന്താണിത്ര ചിരിക്കാനും കളി തമാശ പറയാനും? ഒരു രോഗിയുടെ ചികിത്സാ വിവരം പറയുന്നത് ഇത്തരത്തിൽ ആണോ? മരണപ്പെട്ട സ്ത്രീയുടെ മൃത ശരീരം മോർച്ചറിക്കുള്ളിൽ കിടക്കുമ്പോഴാണ് ഉത്തരവാദിത്വപ്പെട്ട ഒരു ഡോക്ടർ അവരുടെ ചികിത്സയുടെ കാര്യത്തിൽ ചിരിയും കളിയും നടത്തിയത്. ഇതാണോ അദ്ദേഹം പഠിച്ച മെഡിക്കൽ എത്തിക്സ്? ഇത് മൃത ദേഹത്തിനോടുള്ള അനാദരവല്ലേ? മരണത്തെ കളിയാക്കലല്ലേ? ഇതയും മാന്യത ഇല്ലാത്ത പെരുമാറ്റം ആരും പ്രതീക്ഷിച്ചില്ല. ഉത്തരവാദിത്വപ്പെട്ട ഒരു ആശുപത്രിയുടെ അധികൃതർ ഇത്തരത്തിലാണോ പെരുമാറെണ്ടത്? മരിച്ചാലും അഞ്ചാറു ലക്ഷം രൂപ കിട്ടിയതിൻറെ സന്തോഷത്തിൽ ആയിരിക്കും ആശുപത്രി മുതലാളി. എന്ത് സംശയ ദൂരീകരണത്തിനാണ് ഈ ചോദ്യോത്തര സമ്മേളനം നടത്തിയത്? ഒരു ഈ പത്ര സമ്മേളനവും ആഹ്ലാദ പ്രകടനവും കണ്ട ജനങ്ങൾക്ക്‌ ജനങ്ങൾക്ക്‌ പുതിയ സംശയങ്ങൾ ഉണ്ടാവുകയാണ് ചെയ്തത്. ആശുപത്രി ക്കാർക്ക് എന്തോ മറച്ചു വയ്ക്കാൻ ഉണ്ടെന്ന സംശയം ബലപ്പെടുകയാണ്.

Friday, January 10, 2014

കായിക താരങ്ങളുടെ യാത്ര

റാഞ്ചിയിൽ നടക്കുന്ന ദേശീയ സ്കൂൾ കായിക മേളയിൽ നമ്മുടെ ചുണക്കുട്ടികൾ മെഡൽ വാരിക്കൂട്ടുകയാണ്. രണ്ടാം ദിവസം അവസാനിക്കുമ്പോൾ 10 സ്വർണം ഉൾപ്പടെ 21 മെഡലുകളും 73 പോയിൻറുമായി കേരളം ഒന്നാം സ്ഥാനത്താണ്. നമ്മുടെ കുട്ടികളുടെ റാഞ്ചിയിലേയ്ക്കുള്ള യാത്ര ആയിരുന്നു പരിതാപകരം. കുട്ടികൾ  ജനറൽ കമ്പാർട്ട്മെന്റിൽ തിങ്ങി ഞെരുങ്ങി കഴിയണം. സീറ്റ് കിട്ടിയാൽ ഭാഗ്യം. നാട്ടിൽ  പോകുന്ന  അന്യ സംസ്ഥാന തൊഴിലാളികളുടെ തിക്കിലും തിരക്കിലും ആണ് ഓടാനും ചാടാനും പോകുന്ന ഈ പിഞ്ചു കുട്ടികൾ വിശ്രമവും, ഭക്ഷണവും ഉറക്കവും ഇല്ലാതെ രണ്ടു ദിനം കഴിയേണ്ടത്.  ഇതാ മറ്റൊരു ടീം കുട്ടികൾ ഇന്ന് പുറപ്പെട്ടു. 17 വയസ്സിനു താഴെയുള്ളവരുടെ ദേശീയ ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കാൻ ത്രിപുരയിലേക്ക്. 18 അംഗങ്ങൾക്ക് കിട്ടിയത് ആകെ 4 ബെർത്ത്‌. ഇരിക്കാനും കിടക്കാനും സ്ഥലമില്ലാതെ 4 ദിവസം ഈ കുട്ടികൾ യാത്ര ചെയ്യണം. ഇപ്പറഞ്ഞതൊന്നും ഒറ്റപ്പെട്ട സംഭവങ്ങൾ അല്ല.  കേരളത്തിന്‌ പുറത്തുള്ള മത്സരങ്ങൾക്ക് പോകുമ്പോൾ കേരള കായിക താരങ്ങൾക്ക് എല്ലാം കഴിഞ്ഞ കുറെ വർഷങ്ങളായി എന്നും സംഭവിക്കുന്ന കാര്യങ്ങൾ ആണിത്.  എല്ലാ തവണയും മാധ്യമങ്ങൾ ഇത് വലിയ വാർത്ത ആക്കി പ്രസിദ്ധീകരിക്കുകയും ചെയുന്നുണ്ട്. മാതൃ ഭൂമിയിലെ  ഇപ്പോഴത്തെ  ചിത്രങ്ങൾ, പ്രത്യേകിച്ച് വിശാഖ പട്ടണം റെയിൽവേ സ്റ്റെഷനിൽ  മറുനാടൻ മലയാളികൾ കുട്ടികളോട് കാണിച്ച സ്നേഹ വായ്പ്പ് കണ്ണ് നനയിച്ചു. 

ഇവിടെ ഒരു സ്പോർട്സ്‌ മന്ത്രി ഇല്ലേ? (ഉണ്ടോ?) ആ മനുഷ്യൻ ഈ പത്രം ഒന്നും വായിക്കാറില്ലേ? നാഴികയ്ക്ക് നാൽപ്പത് വട്ടം നമ്മുടെ മുഖ്യ മന്ത്രി ഡൽഹി ക്ക് പറക്കാറുണ്ടല്ലോ. സർക്കാർ കാര്യത്തിനും, പാർട്ടി കാര്യത്തിനും സ്വന്തം കാര്യത്തിനും. അത് പോലെ മറ്റു മന്ത്രിമാരും. വിദേശ യാത്ര ഉൾപ്പടെ. തിരുവനന്തപുരം തമ്പാന്നൂരിൽ വെള്ളം കെട്ടി നിൽക്കുന്നത് എന്ത് കൊണ്ടാണെന്ന് കണ്ടു പിടിക്കാൻ വരെ സംഘം ആയി വിദേശ യാത്ര നടത്തുന്നു. കോണ്‍ഗ്രസ്സും മാർക്സിസ്റ്റും നേതാക്കളും എം.എൽ. എ. മാരും ഇടയ്ക്കിടെ ഡൽഹി യാത്ര നടത്താറുണ്ടല്ലോ.  പാർട്ടി ഫണ്ട്‌ ഉപയോഗിച്ചാണതു എന്ന് പറയും.ശരി . കോർപ്പറേറ്റ് കാർ തരുന്ന ഫണ്ട് അല്ലേ  അത്. അതും ജനങ്ങളുടെ പണം ആണല്ലോ.  ഇങ്ങിനെ പൊതു ജനങ്ങളുടെ പണം സ്വന്തം വിമാന യാത്രക്കായി  ധൂർത്ത് അടി ക്കുന്നവർക്കു അതിൽ നിന്നും ഒരു പങ്ക് ഈ പാവം കുട്ടികളുടെ മാന്യമായ യാത്രക്ക് മാറ്റി വച്ച് കൂടെ?

അവസാന നിമിഷം ഒരു എം.പി. ഇടപെട്ട് ഒരു  ജനറൽ കമ്പാർട്ട്മെൻറ് ശരിയാക്കിയത്രേ. പേര് വെട്ടാതിരിയ്ക്കാൻ ഇടയ്ക്കിടെ പാർലമെന്റിൽ പോകുന്നു എന്നല്ലാതെ പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാത്ത കേരള എം.പി. മാർക്ക് ഇത്തരം കാര്യങ്ങളിൽ എങ്കിലും ഒന്ന് ശ്രദ്ധ വച്ച് കൂടെ? Sunday, January 5, 2014

ഉമ്മൻ ചാണ്ടിയും ഉമ്മൻ ഉമ്മനും

ഉമ്മൻ മാരെല്ലാം പരിസ്ഥിതി വിരോധികളും  പ്രകൃതി വിരുദ്ധരും ആണോ? ഗാഡ്ഗിൽ  റിപ്പോർട്ടും കസ്തുരി രംഗൻ റിപ്പോർട്ടും ജന വിരുദ്ധം ആണെന്നും ഒരു കാരണവശാലും നടപ്പാക്കരുത് എന്നുമാണ്  മുഖ്യ മന്ത്രിയുടെ പക്ഷം. അതിനു പ്രധാന മന്ത്രിയെ വരെ സമീപിച്ച ആളാണ്‌ ഉമ്മൻ ചാണ്ടി. കസ്തുരി രംഗൻ റിപ്പോർട്ട് അട്ടിമറിക്കാനുള്ള വഴി കണ്ടെത്താനാണ് ഉമ്മൻ ചാണ്ടി ഉമ്മൻ വി. ഉമ്മനെ ഏർപ്പെടുത്തിയത്. ആ ഉമ്മനും തൻറെ പരിസ്ഥിതി വിരുദ്ധ നിലപാട് വിളംബരം ചെയ്തു കൊണ്ട് ഒരു റിപ്പോർട്ട്‌ സമർപ്പിച്ചിരിക്കുന്നു.

ഗാഡ്ഗിൽ റിപ്പോർട്ട്‌ എങ്ങിനെ നടപ്പാക്കാം  എന്ന് പഠിക്കാനായി നിയോഗിച്ച കസ്തുരി രംഗൻ  ആ റിപ്പോർട്ടിനെ തള്ളി   സ്വന്തമായി പുതിയൊരു റിപ്പോർട്ട്‌ തന്നെ ഉണ്ടാക്കി ചരിത്രം കുറിച്ചു. പരിസ്ഥിതി നാശം വരുത്തുന്ന കസ്തുരി രംഗൻ   റിപ്പോർട്ട് തള്ളിക്കളയുന്നതിനു പകരം, ഖനി, ക്വാറി,കുത്തക മുതലാളിമാരുടെ വാലാട്ടികളായ കേന്ദ്ര സർക്കാർ അവസരം മുതലെടുത്ത്‌ ആ റിപ്പോർട്ട്‌ അംഗീകരിക്കുകയാണ് ചെയ്തത്. അങ്ങിനെയെങ്കിൽ നമ്മുടെ ഉമ്മൻ കമ്മിറ്റി ക്ക് മോശക്കാരനാകാൻ  കഴിയുമോ? കേരളത്തിൽ നിലവിലുള്ള 'പരിസ്ഥിതി ലോല പ്രദേശ നിയമം' തന്നെ റദ്ദാക്കാനാണ് ഉമ്മൻ കമ്മിറ്റി  പറയുന്നത്. പരിസ്ഥിതി സന്തുലിതാവസ്ഥയും ജൈവ വൈവിധ്യവും നില നിർത്തുന്നതിനു വേണ്ടി  പരിസ്ഥിതി ലോല പ്രദേശങ്ങൾ സർക്കാരിൽ നിക്ഷിപ്ത മാക്കി കൊണ്ടുള്ള നിയമം ആണിത്.    പശ്ചിമ ഘട്ട പ്രദേശങ്ങൾ ജൈവ വൈവിധ്യം കൊണ്ട് സമ്പന്നമാണെന്നും, ദശ ലക്ഷ ക്കണക്കിന് വർഷങ്ങൾ കൊണ്ട് ഉരുത്തിരിഞ്ഞു വന്നിട്ടുള്ള ഒരു ജൈവ ആവാസ വ്യവസ്ഥയാണ്  അവിടെ നില നിൽക്കുന്നതെന്നും, ഒരിക്കലും തിരിച്ചു കൊണ്ട് വരാൻ പറ്റാത്തതാണ് അവയുടെ നാശം എന്നും, പരിസ്ഥിതി ലോല പ്രദേശങ്ങൾ അങ്ങിനെ  വളരെ പ്രാധാന്യം ഉള്ളതാണ് എന്നും  അവയെ ശാസ്ത്രീയമായി  സംരക്ഷിക്കുന്നതിന്  വേണ്ടിയാണ് 'പരിസ്ഥിതി ലോല പ്രദേശ നിയമം' കൊണ്ട് വന്നത്  എന്നു തുടങ്ങി കുറെ നല്ല കാര്യങ്ങൾ ആ നിയമത്തിൻറെ  ആമുഖത്തിൽ ( പ്രീയാമ്പിൾ) എഴുതി വച്ചിട്ടുണ്ട്. (ഉമ്മൻ ചാണ്ടിയ്ക്കും ഉമ്മൻ ഉമ്മനും അതൊന്നും വായിക്കാൻ സമയം കാണില്ല).  ഇത്രയും പ്രധാനപ്പെട്ട നിയമം ആണ് റദ്ദ് ചെയ്യാൻ ഉമ്മൻ കമ്മറ്റി ശുപാർശ ചെയ്തത്. 

ഭൂമിയെ മുഴുവൻ നശിപ്പിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന രാഷ്ട്രീയക്കാർക്കും അവരുടെ ഏറാൻ മൂളികൾക്കും ഭാവിയെ പറ്റി ഒരു ചിന്തയും ഇല്ലേ? പെട്ടെന്ന് വീണു കിട്ടുന്ന കുറെ വെള്ളിക്കാശിനു വേണ്ടിയാണവരീ കാട്ടാളത്തരം കാട്ടുന്നത്.  "മനുഷ്യൻറെ ജീവിതം കഴിഞ്ഞു മതി പരിസ്ഥിതി സംരക്ഷണം" എന്നാണ് പ്രകൃതി നശീകരണത്തിന് കൂട്ട് നിൽക്കുന്ന വിവര ദോഷികളായ രാഷ്ട്രീയക്കാർ പൊതുവെ പറയാറുള്ളത്. എന്ത് വിഡ്ഢിത്തം ആണത്? പരിസ്ഥിതി സംരക്ഷണം നടത്തിയാൽ മാത്രമേ മനുഷ്യന് നില നിൽക്കാൻ കഴിയൂ എന്നുള്ള അറിവ് അവർക്കില്ലാതെ പോകുന്നു. പ്രകൃതി സംരക്ഷണ റിപ്പോർട്ടുകൾ നടപ്പാക്കാൻ സമിതികളേയും ഉപ സമിതികളേയും നിയമിച്ച് പരോക്ഷമായി നശീകരണത്തിന് കൂട്ട് നിൽക്കുന്ന കുറേ ആളുകളുണ്ട്. മനുഷ്യ രാശിയുടെ നന്മയോ നില നിൽപ്പൊ  അവരുടെ മസസ്സിൽ ഇല്ല. നാണയ തുട്ടുകൾ ആണീ വിധ്വംസകരുടെ ഒരേ ഒരു ലക്ഷ്യം.

Saturday, January 4, 2014

പ്രധാന മന്ത്രി

 മൻ മോഹന സിംഗ് മൌനത്തിൽ നിന്നും ഉണർന്നിരിക്കുന്നു. ഇന്നലെ ഔദ്യോഗിക പത്ര സമ്മേളനം വിളിച്ചു കൂട്ടി സംസാരിച്ചിരിക്കുന്നു. കഴിഞ്ഞ 10 വർഷത്തെ പ്രധാന മന്ത്രി പദ കാലയളവിൽ  മുൻപ് രണ്ടു പ്രാവശ്യം മാത്രമാണ് പത്ര പ്രതിനിധികളെ കണ്ടിട്ടുള്ളത്. ഇപ്പോഴത്തേത്   മൂന്നാം തവണ. മൻ മോഹൻ സിങ്ങിന്റെ സ്ഥായിയായ മൌനം ഒരു മുഖം മൂടിയാണ്.  തൻറെ കഴിവുകേടും നിസ്സഹായതയും അഴിമതിയും  മറച്ചു വയ്ക്കാനുള്ള ഒരു കാപട്യം.  സാധാരണ ഗതിയിൽ ഒരു പ്രധാന മന്ത്രിക്ക് തൻറെ സർക്കാരിന്റെ നയങ്ങളും രാജ്യത്തിൻറെ പുരോഗതിയും മറ്റും പറയാൻ ഉണ്ടാകും. മൻ മോഹൻ സിംഗിനെ സംബന്ധിച്ചിടത്തോളം നയ രൂപീകരണത്തിലും മറ്റു കാര്യങ്ങളിലും ഒന്നും പങ്കില്ല. അഭിപ്രായവുമില്ല. ഹൈ കമാണ്ടും യുവ രാജാവും പറയുന്നത് അതേ പടി അനുസരിച്ച് കസേരയിൽ ഇരിക്കുക എന്നൊരു ജോലി മാത്രം. പിന്നെ ഇടയ്ക്കിടെ വിദേശ രാജ്യങ്ങൾ സന്ദർശിക്കുക. രാജകീയ സുഖത്തോടെ അവിടെ ഒക്കെ പോകാം. സുഖിക്കാം. പ്രധാന മന്ത്രി ആയി 70 രാജ്യങ്ങൾ ആണ് സന്ദർശിച്ചിട്ടുള്ളത്. ചിലവോ? 640 കോടി രൂപ! ഏതാണ്ട് ഒരു വർഷത്തോളം ആണ് വിദേശ രാജ്യങ്ങളിലെ  താമസം. അമേരിക്ക ആണിഷ്ട്ടം എന്ന് ഒരു ആരോപണം ഉണ്ട്. സുപ്രീം കോടതി വിധിയെ മറി  കടന്ന് ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ നേതാക്കൾക്ക് മത്സരിക്കാൻ അവസരം ഒരുക്കുന്ന ഓർഡിനൻസ് കൊണ്ട് വന്നത് മൻ മോഹൻ സിംഗ്.  അഴിമതിക്കാരെ സംരക്ഷിക്കാൻ ഉള്ള അദ്ദേഹത്തിന്റെ താൽപ്പര്യം ആണ് അത് കാണിക്കുന്നത്. മൻ മോഹൻ സിംഗ് വിദേശ യാത്രയിൽ ആയിരുന്നപ്പോൾ രാഹുൽ ഗാന്ധി പറഞ്ഞു. ഈ ഓർഡിനൻസ് പൂർണ "നോണ്‍-സെൻസ്" ആണ്. ഇത് വലിച്ചു കീറിക്കളയണം എന്ന്. എന്ത് അധിക്ഷേപം ആണ്? എന്നിട്ടും ഒറ്റ അക്ഷരം  മിണ്ടാനുള്ള ധൈര്യം മൻ മോഹൻ സിങ്ങിന് ഉണ്ടായില്ല.  അതിനൊന്നും അദ്ദേഹത്തിന് പരിഭവമോ പരാതിയോ ഇല്ല താനും.  അത്രയ്ക്കും ദുർബ്ബലനാണ് നമ്മുടെ പ്രധാന മന്ത്രി.

അടുത്ത ഒരു തവണ കൂടി പ്രധാന  മന്ത്രി ആയാൽ കൊള്ളാമെന്ന് അദ്ദേഹത്തിന് ഉണ്ടായിരുന്നു. സമ്മർദ്ദങ്ങളോന്നും ഇല്ലാത്ത സുഖ ജീവിതം അല്ലേ. അങ്ങിനെ ഒരു മോഹം അൽപ്പം പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷേ ഇദ്ദേഹത്തെയും കൊണ്ട് ഇറങ്ങി തിരിച്ചാൽ ഒരു സീറ്റ് പോലും കിട്ടില്ല എന്ന് ഉറപ്പുള്ള കോണ്‍ഗ്രസ് കാർ ആ ആഗ്രഹം മുളയിലേ നുള്ളി. ഹൈ കമാൻഡ് നിർദേശം കൊണ്ടായിരിക്കാം  ഈ പത്ര സമ്മേളനം. ഏതായാലും പുതിയതായി ഒന്നും പറയാൻ പ്രധാന മന്ത്രിക്ക് ഇല്ല.  2-ജി., കൽക്കരിപ്പാടം , തുടങ്ങി എല്ലാ അഴിമതികളും മൻ മോഹൻ സിംഗിന്റെ കാലത്താണ് ഉണ്ടായത്. അതിനൊന്നും അദ്ദേഹത്തിന് മറുപടിയില്ല. അതെല്ലാം പ്രതിപക്ഷത്തിന്റെയും  കുത്തക പത്രങ്ങളുടെയും സൃഷ്ട്ടി ആണത്രേ. പിന്നെ സി.എ.ജി.യും. തന്നെ ചരിത്രം ഓർമിക്കും എന്നൊരു ശുഭാപ്തി വിശ്വാസവും പ്രകടിപ്പിക്കുന്നുണ്ട്.  ഭാരതത്തെ അഴിമതിയുടെ കൂത്തരങ്ങാക്കിയ ഭരണാധികാരി എന്നായിരിക്കും ചരിത്രം കുറിച്ച് വയ്ക്കുന്നത്. വികസനത്തിൽ 10 വർഷം പിറകോട്ടടിച്ച ആൾ. ആണവ കരാറിൽ ഉൾപ്പടെ പല  കാര്യങ്ങളിലും ഭാരതത്തെ അമേരിക്കക്ക് പണയം വച്ച ആൾ. ഏതായാലും വിരമിക്കുന്നു എന്ന് പറഞ്ഞു. അത് ഭാഗ്യം. അടുത്ത തവണ പ്രധാന മന്ത്രി പദത്തിലേക്ക്   രാഹുൽ ഗാന്ധി ആണ് ഉത്തമൻ എന്നും പറഞ്ഞു. പിന്നെ പറയാനുണ്ടായിരുന്നത് നരേന്ദ്ര മോഡിക്ക് എതിരെയാണ്. അത് പ്രധാന മന്ത്രി പദത്തിൻറെ അന്തസ്സിന് നിരക്കാത്ത രീതിയിലും ആയിപ്പോയി എന്ന് അരുണ്‍ ജയിറ്റ്ലി പറയുകയുണ്ടായി. 

Wednesday, January 1, 2014

ന്യൂ ഇയർ

ഒരു വർഷം കൂടി കടന്നു പോയി. 

എല്ലാവർക്കും

 പുതു വത്സരാശംസകൾ