2014, ജനുവരി 21, ചൊവ്വാഴ്ച

ഉദ്ഘാടനം -സ്കൈപ്

തിരുവനന്തപുരം ടെക്നോ പാർക്കിൻറെ മൂന്നാം ഘട്ടം മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. ഈ ജനുവരി 15 ന്. സ്വന്തം ഓഫീസിൽ  ഇരുന്ന് കൊണ്ട് സമ്മേളന സ്ഥലത്ത് തൻറെ സാന്നിധ്യം അറിയിച്ചു കൊണ്ടുള്ള  ഉദ്ഘാടനം ആയിരുന്നു. സ്കൈപ് എന്ന സാങ്കേതിക വിദ്യയിലൂടെ സമ്മേളന സ്ഥലത്ത്  സജ്ജമാക്കിയിരുന്ന വലിയ സ്ക്രീനിൽ മുഖ്യ മന്ത്രി ഉദ്ഘാടനവും പ്രസംഗവും നടത്തുന്നത് അവിടെ സന്നിഹിതരായിരുന്നവർ കണ്ടു സായൂജ്യം അടഞ്ഞു. ഉർവശീ ശാപം ഉപകാരം ആയി എന്ന പോലെ (മുഖ്യ മന്ത്രിക്ക് അസുഖമായിരുന്നു ആ ദിവസം.)  അവിടെ പോകാതെ തന്നെ  ഉദ്ഘാടനം നടത്താൻ കഴിഞ്ഞു എന്നുള്ളത് ഒരു തുടക്കം ആയി മുഖ്യനും  മറ്റു മന്ത്രിമാർക്കും എടുത്തു കൂടേ?

മുഖ്യ മന്ത്രിയോ മറ്റു മന്ത്രിമാരോ ഉദ്ഘാടനത്തിനോ പ്രസംഗങ്ങൾക്കോ എത്തുന്നത് സുരക്ഷാ ക്രമീകരണങ്ങളുടെ പേരിൽ ഖജനാവിന് വലിയ ചിലവും ജനങ്ങൾക്ക്‌ വലിയ ബുദ്ധിമുട്ടും ഉണ്ടാക്കുന്നതാണെന്നു അവർക്കും ജനങ്ങൾക്കും അറിയാം. അവരുടെ സാന്നിദ്ധ്യം കൊണ്ട് പ്രത്യേക ഗുണം അവർക്കും ജനങ്ങൾക്കും ഉണ്ടാകുന്നില്ല എന്നും എല്ലാവർക്കും അറിയാം. പിന്നെ സർക്കാർ നടത്തുന്ന പരിപാടികളിൽ സ്വാഭാവികമായും ഇവർ പങ്കെടുക്കുന്നത്,  തങ്ങളുടെ നിഷ്ക്രിയത്വം മറച്ചു വച്ച് ജനങ്ങളുടെ മുൻപിൽ ഒന്ന് ഷൈൻ ചെയ്യാം എന്ന ഇവരുടെ മിഥ്യാ ധാരണ കൊണ്ടാണ്.ഇവരെ ഒന്ന് ഉയർത്തിക്കാട്ടാം അത് വഴി തങ്ങൾക്കും എന്തെങ്കിലും ഗുണം നേടാം എന്ന വിധേയത്വം കാട്ടുന്ന ഉദ്യോഗസ്ഥരുടെയും കുട്ടി നേതാക്കളുടെയും ചിന്താഗതിയും ഇതിനു പിറകിലുണ്ട്. സർക്കാർ വക പരിപാടികളിലെ കേൾവിക്കാരെ കണ്ടിട്ടില്ലേ? പള്ളിക്കൂടങ്ങളിലെ പാവം കുട്ടികളോ,സർക്കാർ ഉദ്യോഗസ്ഥരോ,കുടുംബശ്രീ ക്കാരോ ആയിരിക്കും. നിർബ്ബന്ധിതമായി കൊണ്ടിരുത്തിയവർ, ചടങ്ങ് തീരും വരെ എണീറ്റു പോകാൻ കഴിയാത്ത ഹത ഭാഗ്യർ. സ്വകാര്യ് ചടങ്ങുകളിൽ ആകട്ടെ മന്ത്രിമാരെ വിളിക്കുന്നത്‌ അവരുടെ വ്യക്തി പ്രഭാവം കൊണ്ടല്ല. ചടങ്ങിന് ഒരു കൊഴുപ്പ് കൂട്ടാനാണ്. തൃശ്ശൂർ പൂരത്തിന് നെറ്റിപ്പട്ടം കെട്ടിയ ആനകളെ അണി നിരത്തുന്നത് പോലെ.  ചുവന്ന ലൈറ്റും കൊടിയും വച്ച കാറും,അകമ്പടി വാഹനങ്ങളും, പോലീസും എല്ലാം കൂടി ഒരു പൊലിമ വരും. അല്ലെങ്കിൽ ആഭാസത്തരം പറയുന്നവരെ സാംസ്കാരിക സമ്മേളനത്തിനോ , അക്ഷര വൈരികളെ പുസ്തക പ്രകാശനത്തിനോ  ആരെങ്കിലും വിളിക്കുമോ?

സ്കൈപ് എന്ന സാങ്കേതിക വിദ്യയുടെ സാധ്യത പ്രയോജനപ്പെടുത്തി നടത്തിയ രീതിയിലുള്ള ഉദ്ഘാടനങ്ങൾ നടത്താൻ  മുഖ്യ മന്ത്രിയും മറ്റു മന്ത്രിമാരും തയ്യാറാകണം. അത് വഴി അനാവശ്യ പണച്ചിലവും  ജനങ്ങൾക്കുണ്ടാകുന്ന  യാത്രാ ക്ലേശങ്ങളും   മറ്റ്   ബുദ്ധിമുട്ടുകളും   ഒഴിവാക്കാം, സമയവും ലാഭിക്കാം.  ഇത് കൂടാതെ ശ്രീ ഉമ്മൻ ചാണ്ടിക്ക്മറ്റൊരു വലിയ പ്രയോജനം കൂടിയുണ്ട്.  കരിങ്കൊടി പ്രകടനങ്ങളും വഴി തടയലും ഒഴിവാക്കാം. കരിങ്കൊടി പ്രകടനത്തിന് മറ്റൊരു സ്കൈപ്  വരുന്നത് വരെ എങ്കിലും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ