Tuesday, September 29, 2015

ബോക്സ്‌ ഓഫീസ്

ദൃശ്യം                                                  66 കോടി 
പ്രേമം                                                  60 കോടി 
ബാംഗലൊർ ഡെയ്സ്                   45 കോടി 
20-20                                                       32 കോടി 
ഒരു വടക്കൻ സെൽഫി                  32 കോടി 
 കേരള വർമ പഴശ്ശി  രാജ            23 കോടി 
ക്ലാസ് മെറ്റ്സ്                                    23 കോടി 

മലയാളത്തിലെ ചില സിനിമകളുടെ കളക്ഷന്റെ ഒരു ഓട്ട ക്കണക്കാണിത്. തിയേറ്ററും സാറ്റലൈറ്റും കൂടി. ശരിയായ കണക്ക്  ഇതിലും വളരെയേറെ കൂടുതൽ ആയിരിക്കും. ചെലവ് മുഴുവൻ കള്ള ക്കണക്ക് ആയിരിക്കും. ഏതെങ്കിലും നടനോ നടിയോ താൻ വാങ്ങുന്നത് എത്ര രൂപയാണെന്ന് പറഞ്ഞിട്ടുണ്ടോ? അത് പോലെ എത്ര കൊടുത്തു എന്ന് ഏതെങ്കിലും ഒരു നിർമാതാവ് പറഞ്ഞിട്ടുണ്ടോ?   ഓരോ ചിത്രത്തിനും  ചെലവ് ഒരു 4  കോടി  വരും എന്നാണ് അവർ പറയുന്നത്. 4 കോടിക്ക് 62 കോടി. തിയേറ്റർകാർക്ക് കൊടുക്കുന്നതും നികുതിയും ഒക്കെ കഴിഞ്ഞാലും ഒരു 40 കോടി  ലാഭം.  അപ്പോൾ എത്ര ശതമാനം ആണ് ലാഭം?

സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നാണ് നടനും നിർമാതാവും ആയ ദിലീപ് പറയുന്നത്. നികുതി പിരിക്കുക  അല്ലാതെ സർക്കാർ ഒന്നും ചെയ്യുന്നില്ലത്രേ. എന്താണ് ദിലീപേ സർക്കാർ ചെയ്യേണ്ടത്? ഈ 66 കോടിയൊന്നും പോരെ? അതിൽ കൂടുതൽ ഉണ്ടാക്കാൻ  സർക്കാർ  സഹായം ചെയ്യണം എന്നാണോ?

സിനിമ ഫീൽഡിൽ തമ്മിലടിയാണ്. കൂടുതൽ കാശ് വാങ്ങാൻ നടീ നടന്മാർ മാക്സിമം ശ്രമിക്കും. ഏറ്റവും കുറച്ചു വാങ്ങാൻ ഡിസ്ട്രിബ്യുട്ടെഴ്സ് ശ്രമിക്കും. ഏറ്റവും കൂടുതൽ കിട്ടാൻ നിർമാതാവും. വൈഡ് റിലീസ് തിയേറ്റർ ഉടമകൾ സമ്മതിക്കില്ല. അവർക്ക് കുറേശ്ശെ കുറേശ്ശെ മൊത്തം കളക്ഷൻ കിട്ടണം. ഇങ്ങിനെ പോകുന്നു സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ചെയ്തികൾ. ഓരോ ഗ്രൂപ്പിനും അവരവരുടേതായ താൽപ്പര്യം സംരക്ഷിക്കണം.  കാശുണ്ടാക്കണം. അത്ര തന്നെ. മറ്റവൻ കുത്തുപാള എടുത്താലും ഒന്നുമില്ല. അടുത്തവൻ വരും. അവനെ ഒതുക്കാം.ഇതാണ് ഓരോരുത്തരുടെയും മനസ്സിലിരിപ്പ്. ഇത് മാത്രമാണ്. ഇവനൊക്കെ ഈ കാശ് ഉണ്ടാക്കിക്കൊടുക്കുന്നത് ആരാ? പാവപ്പെട്ട ജനങ്ങൾ. വിഡ്ഢികളായ ജനങ്ങൾ അവർ ചൂഷണം ചെയ്യപ്പെടുക ആണെന്നറിയാതെ ഓരോ ആളിന്റെ അല്ലെങ്കിൽ ഓരോ  ഗ്രൂപ്പിൻറെ  പിറകെ അങ്ങ് പോകുന്നു. പ്രേമം പുറത്താക്കി എന്ന് പറഞ്ഞ് നമ്മൾ എത്ര കരഞ്ഞു? 66  കോടി യിൽ ഇനിയും കൂടാനാണ് നമ്മൾ ബഹളം കൂട്ടിയത് എന്ന് നമ്മൾ ആരെങ്കിലും ചിന്തിച്ചോ?

ദിലീപിന് വേറൊരു പരാതി കൂടിയുണ്ട്. സിനിമ റിലീസ് ചെയ്‌താൽ ഉടനെ മീഡിയയിൽ വരുന്ന മോശപ്പെട്ട അഭിപ്രായങ്ങൾ സിനിമയുടെ കളക്ഷനെ ബാധിക്കുന്നു എന്ന്. അത് കൊണ്ട് സിനിമ ഇറങ്ങി 66 ഉം 76 ഉം കോടികൾ ഉണ്ടാക്കിയതിനു  ശേഷം മാത്രം സോഷ്യൽ മീഡിയയിൽ അഭിപ്രായം വന്നാൽ മതി എന്നത്രെ. ഇത് തടയാൻ സർക്കാരിന് കഴിയില്ലേ എന്നാണ് ചോദ്യം. എന്ന് വച്ചാൽ എതു പരട്ട പടം ആയാലും അഭിപ്രായം ഒന്നും പുറത്തു വരാതെ ഇവന്മാര് കോടികൾ ഉണ്ടാക്കുന്നത്‌ വരെ നമ്മൾ കാത്തിരിക്കണം.  ഇതിലും ഭേദം എല്ലാവരും നിർബന്ധമായി എല്ലാ സിനിമയും കണ്ടിരിക്കണം എന്ന് സർക്കാർ ഒരു ഉത്തരവ് ഇറക്കിയാൽ പോരെ? ഇയാൾക്ക് വട്ടാണോ? 

ഇപ്പോൾ സോഷ്യൽ മീഡിയ വന്നത് കൊണ്ട് ഒരു ഗുണം ആദ്യത്തെ ഷോ കഴിയുമ്പോൾ തന്നെ അതിന്റെ അഭിപ്രായം അറിയാം എന്നത് തന്നെയാണ്. അത് കൊണ്ട് അലമ്പ് പടം ആണെങ്കിൽ പോക്കറ്റിൽ ഇരിക്കും 200 രൂപ. ഇല്ലായിരുന്നുവെങ്കിൽ അത് നിർമാതാവിന്റെ പോക്കറ്റിൽ. ( പോക്കറ്റിൽ കോടികൾക്ക് സ്ഥലം കാണില്ലല്ലോ. അത് കൊണ്ട് അത് ഓഡി, BMW തുടങ്ങിയ കാർ ആയിട്ടും , ഫ്ലാറ്റുകളും തോട്ടങ്ങളും ആയിട്ടും, കുടുംബ സമേതം ഉള്ള ലോകം ചുറ്റൽ ആയിട്ടും, പുട്ട് കട ആയിട്ടും ഒക്കെ മാറും.)

ഈ പണമൊക്കെ ഈ കോടികളൊക്കെ വിഡ്ഢികളായ നമ്മുടെ പണം ആണ് എന്ന് ഇനിയെങ്കിലും ജനം ഓർമിക്കണം. ഏതു ബിസിനസ് ചെയ്താലും ഒരു മാന്യമായ ലാഭം പോരെ എന്റെ ദിലീപേ? Saturday, September 26, 2015

പരസ്യം-സുപ്രീം കോടതി വിധി.

സുപ്രീം കോടതി 2015 മെയ്‌  13 ന് പുറപ്പെടുവിച്ച വിധി സുപ്രധാനമാണ്‌.
പൊതു ജനങ്ങളുടെ പണം ഖജനാവിൽ നിന്നുമെടുത്ത് സർക്കാരുകൾ  പരസ്യങ്ങൾ നൽകി ദുരുപയോഗം ചെയ്യുന്നതിനെതിരായുള്ള വിധി ആയിരുന്നു അത്. ഭരണാധികാരികളും രാഷ്ട്രീയ നേതാക്കന്മാരും തങ്ങളെ മഹത്വവത്കരിക്കാനും ജനപ്രിയരാക്കാനും ഈ പരസ്യങ്ങൾ ഉപയോഗിക്കുന്നു എന്നതിനാൽ സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി വളരെ വ്യക്തമായി മാർഗ നിർദ്ദേശങ്ങൾ  സമർപ്പിക്കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തു. ഇത്തരം പരസ്യങ്ങളിൽ ഇന്ത്യയുടെ   പ്രസിഡന്റ് , പ്രധാന  മന്ത്രി, ചീഫ് ജസ്റ്റീസ് എന്നിവരുടെ ചിത്രം മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്നും വിധിയിൽ പറയുന്നുണ്ട്. ആ മുഖങ്ങളും  പല്ല് മുഴുവൻ  കാട്ടിയുള്ള ചിരിയും കാണേണ്ടി വരില്ലല്ലോ എന്ന ആശ്വാസത്തിലാണ്  ജനങ്ങൾ. 

രാഷ്ട്രീയ ക്കാർക്ക് ഈ വിധി ഇഷ്ട്ടപ്പെടില്ല എന്നറിയാം. അതിനെ തരണം ചെയ്യാൻ പരോക്ഷമായി പലതും ചെയ്യുന്നുണ്ട് ഭരണാധികാരികൾ. അത്തരം ഒരു ഉദ്യമമാണ്  ഇന്ന്  കേരള സർക്കാർ പ്രസിദ്ധീകരിച്ച ഒരു പരസ്യം. ഈ പരസ്യം സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണ്."വികസന സമന്വയം" എന്ന പേരിൽ ഒരു  ടാബ്ലോയിഡ് സൈസ്  പതിനാറു പേജ് പത്രം ആയിരുന്നു പരസ്യം ആയി ( 26.9.2015 ൽ)  പ്രസിദ്ധീകരിച്ചത്. 9 ലക്ഷം കോപ്പികൾ ആണ് അടിച്ചത്. അതിൻറെ മുൻ പേജിൽ മുഖ്യ മന്ത്രിയുടെ ചിത്രം. മുഖ്യ മന്ത്രി നമ്പർ 1 ആണ് എന്ന് കാണിക്കത്തക്ക വിധത്തിൽ ഡിസൈൻ ചെയ്ത മുഖ ചിത്രം. അവിടം തൊട്ടു തുടങ്ങുന്നു സുപ്രീം കോടതി വിധിയുടെ ലംഘനം.

(i) മുഖ്യ മന്ത്രിയുടെ രണ്ടു ചിത്രങ്ങൾ കൂടി അക പേജുകളിൽ ഉണ്ട്. അതിൽ  ഒരെണ്ണം വികസനവുമായി യാതൊരു ബന്ധവും ഇല്ലാത്ത പരേഡിൽ സല്യുട്ട് സ്വീകരിക്കുന്ന ചിത്രം. കൂടാതെ പഞ്ചായത്ത് വകുപ്പ് മന്ത്രിയുടെ ഒരു  ചിത്രവും കൊടുത്തിരിക്കുന്നു.

 "തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിൽ ഏറ്റവും സാർഥകമായ നാളുകളാണ് പിന്നിട്ട നാല് വർഷങ്ങൾ" എന്ന് പരസ്യം  പറയുമ്പോൾ

(ii  )മുൻകാല സംരംഭങ്ങളോ,നില നിന്നിരുന്ന നയങ്ങളോ പുതിയത് എന്ന പേരിൽ അവതരിപ്പിക്കരുത് എന്ന നിർദ്ദേശം. (iii ) അധികാരത്തിൽ ഇരിക്കുന്ന പാർട്ടിയെ 'പോസിറ്റീവ് ആയി പ്രൊജക്റ്റ്  ചെയ്യരുത് (iv )  ഒരു രാഷ്ട്രീയ പാർട്ടിക്ക് അനുകൂലമായി പൊതു ജന പിന്തുണ നേടുക എന്ന ഉദ്ദേശം തുടങ്ങിയ കാര്യങ്ങൾ പാടില്ല എന്നി വയുടെ ഒക്കെ ലംഘനമാണ്.

"2006 മുതൽ 2011 വരെ തദ്ദേശ സ്ഥാപനങ്ങൾക്ക്  നൽകിയതിന്റെ ഇരട്ടിയിലധികം തുക തുടർന്നുള്ള 5 വർഷങ്ങളിൽ നൽകാൻ കഴിഞ്ഞു" എന്ന് പരസ്യത്തിൽ പറയുന്നു.

 (v ) അത്  മുൻ സർക്കാരിനെതിരെ ഉള്ള പരാമർശമാണ്. സർക്കാരിനെ വിമർശിക്കുന്ന പാർട്ടികൾക്കെതിരെ  'നെഗറ്റീവ്' ആയ ധാരണ പരത്തരുത്‌ എന്ന ചട്ടത്തിന്റെ ലംഘനം ആണ്.

ഒരു മലയാള ദിനപത്രത്തിന്റെ കൂടെയാണീ ടാബ്ലോയിഡ് സൈസ്  പതിനാറു പേജ് പത്രം വിതരണം ചെയ്തത്. കൂടാതെ ഇത് അച്ചടിച്ചിരിക്കുന്നതും അവരുടെ പ്രസ്സിൽ ആണ്.

( vi) പരസ്യങ്ങൾ  മീഡിയ ഹൌസുകളെ 'പാട്രനൈസ്' ചെയ്യാനോ അനുകൂല റിപ്പോർട്ടിന് അവരുടെ സഹായം തേടാനോ ആകരുത് എന്നതിൻറെ ലംഘനം ആണ്. 

Friday, September 25, 2015

രാഹുൽ കോണ്‍ഫറൻസ്‌

ദേ വീണ്ടും ആളിനെ കാണാനില്ല. എവിടെ പോയെന്നു ആർക്കുമറിയില്ല. ബി.ജെ.പി. ആളെവിടെ എന്ന് ചോദിച്ചപ്പോഴാണ് കോണ്‍ഗ്രസ്സുകാർ രാഹുൽ ഗാന്ധിയെ തിരക്കുന്നത്. ഇടയ്ക്ക് ബീഹാറിൽ ചെന്നിരുന്നു. വലിയ ഒരു സമ്മേളനവും നടത്തി. പക്ഷെ നിതിഷും ലാലുവും ഉൾപ്പടെ നേതാക്കൾ ഒന്നും ആ റാലിയിൽ പങ്കെടുത്തില്ല. അതിനു ശേഷം ആണ് ആള് മിസ്സിംഗ്‌.  

ഈ വർഷം ആദ്യം ഇത് പോലെ കാനാതായതാണ്. പിന്നെ ഒന് രണ്ടു മാസത്തിനു ശേഷം പൊങ്ങി. അതിനെ ന്യായീകരിക്കാൻ കോണ്‍ഗ്രസ് കുറെ പാട് പെട്ടു. രണ്ടു മാസം അവധിയിൽ ആണെന്നും മറ്റും പറഞ്ഞു തടി തപ്പി. വിദേശത്തായിരുന്നു എന്ന് എല്ലാവരും പറഞ്ഞു. ഏതു രാജ്യം ആണെന്ന് ആര്ക്കും അറിഞ്ഞു കൂടാ. നമ്മുടെ ടോം വടക്കനും മറ്റും സ്ഥലം പറയാനും രാഹുലിന്റെ മുങ്ങൽ ന്യായീകരിക്കാനും കുറെ കഷ്ട്ടപ്പെട്ടു. ഏതായാലും കോണ്‍ഗ്രസ്സിന്റെ ഭാഗ്യത്തിന് അങ്ങേര് പോയ പോലെ തിരിച്ചു വന്നു. കുടുംബ പാരമ്പര്യം വച്ച് നോക്കിയാൽ ഏതെങ്കിലും സുഖ വാസ കേന്ദ്രത്തിൽ ആരെങ്കിലുമൊത്തു ആഘോഷിച്ചതായിരിക്കാം.

ആൾക്കാർ ചോദിച്ചപ്പോഴാണ് കോണ്‍ഗ്രസ്സുകാർ ആളെ തിരക്കിയത്. ജനങ്ങളോട്‌ എന്ത് പറയാനാണ്? എന്നാലും ഒരു കാരണം മണ്ട് പിടിച്ചു. പുള്ളി അമേരിക്കയിൽ പോയി. എന്തിനാണ്? അടുത്ത ചോദ്യം. കുറെ ആലോചിച്ചു. അവിടെ എവിടെയോ ഒരു കോണ്‍ഫറൻസിൽ  പങ്കെടുക്കാൻ എന്ന്. ഏത് കോണ്‍ഫറൻസ്‌? "Week end with Charlie  Rose" . ഒരു പത്ര  പ്രവർത്തകന്റെ   കോണ്‍ഫറൻസ്‌. ഇപ്പോൾ ബി.ജെ.പി. പറയുന്നു ആ സംഭവം ജൂലായിൽ കഴിഞ്ഞു. കോണ്‍ഗ്രസ് വെറുതെ പറയുന്നതാണ് എന്ന്. ഇതാണ് സത്യം? സ്ഥിരം ഇങ്ങിനെ മുങ്ങുന്നുവെന്നതു കൊണ്ട് സത്യം അല്ലെന്നു തന്നെ കരുതേണ്ടി വരും. അങ്ങേരു മുങ്ങും ഒരു കാരണം കണ്ടു പിടിക്കാൻ പാവം കോണ്‍ഗ്രസ്സുകാർ തല പുകഞ്ഞു ആലോചിക്കണം. കഷ്ട്ടം.

ഇനി അങ്ങേരു കോണ്‍ഫറൻസിനു പോയി എന്ന് തന്നെ വിശ്വസിക്കാം. പക്ഷെ എന്തോ പ്രസംഗിക്കും? ഇവടെ നമ്മുടെ പാർലമെന്റിൽ രണ്ടു വാക്ക് പറയാൻ അക്ഷരം അറിയാവുന്ന ആരെയോ കൊണ്ട് എഴുതി കൊണ്ട് പോയ ആളാണ്‌. തുണ്ട് എഴുത്ത്. ആ തുണ്ട് ടി.വി. ക്യാമറ പകർത്തുകയും നമ്മളെല്ലാം ചാനലുകളിൽ കണ്ടതും ആണല്ലോ. അങ്ങിനെയുള്ള ആളാണ്‌ കോണ്‍ഫറൻസിൽ  പോകുന്നത്.പറയുമ്പം എന്തെങ്കിലും വിശ്വസിക്കാവുന്ന കള്ളം പറയണ്ടേ. 

ഓരോരുത്തർക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്. അതെ ചെയ്യാൻ കഴിയൂ. വെറുതെ കറങ്ങി നടന്ന പയ്യനെ പിടിച്ചാണ് കോഗ്രസ്സുകാർ AICC വൈസ് പ്രസിടന്റ്റ് ആക്കിയത്. ഗാന്ധി എന്ന ലേബലിൽ ഇന്ത്യയെ കുറെ ക്കൂടി ഭരിച്ചു കൊള്ളയടിക്കാനാണ് അവരിത് ചെയ്തത്. കോണ്‍ഗ്രസ്സിന്റെ പാരമ്പര്യം.

Thursday, September 24, 2015

കമ്മ്യുണിസ്റ്റ് കല്യാണം

രണ്ടു ദിവസമായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ഒരു കല്യാണമാണ്. സി.പി.എം. നേതാവ് എം.എ. ബേബിയുടെ മകൻറെ വിവാഹം. രാഹു കാലത്ത് കല്യാണം നടത്തിയത്രേ. രാഹു കാലം എന്നൊരു കാലം ഇല്ലാത്ത ക്രിസ്ത്യാനികൾക്ക് ഏത് നേരവും എതു കാലവും ആയാലെന്താ? (അവർക്ക് ആര് ഭരണത്തിൽ വന്നാലും  ശുക്ര കാലം ആണ്)  പയ്യൻ ക്രിസ്ത്യാനി. പെണ്ണ്   ക്രിസ്ത്യാനി.  അവർ രജിസ്ടർ വിവാഹം കഴിച്ചു അത്ര തന്നെ. അതിൽ എന്തിത്ര പറയാനിരിക്കുന്നു? വല്ല മിശ്ര വിവാഹം ആയിരുന്നുവെങ്കിൽ ഒരു പുതുമ ഉണ്ടായിരുന്നു. പണ്ടു കമ്മ്യുണിസ്റ്റ് കല്യാണങ്ങൾ ആർഭാടം ഇല്ലാത്തവയായിരുന്നു. ടി.വി. തോമസും ഗൌരി യും തുടങ്ങി പലതും.

പിന്നെ പബ്ലിസിറ്റി. അത് ആവശ്യത്തിലും ഏറെ കിട്ടി. കേരളത്തിലെ രാഷ്ടീയത്തിലും, ഭരണത്തിലും, കലാ സാംസ്കാരിക രംഗത്തിലും, ബിസിനസ്,വ്യവസായ രംഗത്തിലും ഉള്ള എല്ലാപേരും കല്യാണ വിരുന്നിൽ പങ്കെടുത്തു. പത്രങ്ങൾക്ക് ഏതാണ്ട് അര പേജ് വേണ്ടി വന്നു വിരുന്നിനു എത്തിയവരുടെ പേര് അച്ചടിക്കാൻ. പിന്നെ ആകെ ഒരു പുതുമ കപ്പയും കാച്ചില് പുഴുങ്ങിയതും കൊടുത്തു എന്നത്. അത് പോലെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ചിഹ്നങ്ങൾ ആയ കട്ടൻ കാപ്പിയും പരിപ്പ് വടയും.

നിലവിലുള്ള ആചാരങ്ങൾക്ക് വില കൽപ്പിക്കില്ല എന്നായിരുന്നുവെങ്കിൽ ക്രിസ്ത്യാനികളുടെ ആചാരമല്ലാത്ത രാഹുകാലത്തിനെ വെറുതെ പിടിക്കാതെ ക്രിസ്ത്യാനികളുടെ നോമ്പ് സമയത്തോ ദുഃഖ വെള്ളിയാഴ്ചയോ കല്യാണം നടത്തേണ്ടിയിരുന്നു. ഇനി ബേബി സഖാവ് ഇതൊന്നും അറിയാതെ മാധ്യമങ്ങൾ വെറുതെ എഴുതി പെരുപ്പിച്ചത് ആകാനും മതി. 

Wednesday, September 23, 2015

സ്ലീപ്പർ ടിക്കറ്റ്

ഇടയ്ക്കുള്ള സ്റ്റേഷനുകളിൽ നിന്നും സ്ലീപ്പർ  ടിക്കറ്റ് കൊടുക്കുന്നത് ഒരു സുപ്രഭാതത്തിൽ റെയിൽവേ നിറുത്തി വച്ചു. റിസർവേഷൻ കമ്പാർറ്റ്മെന്റിൽ പകൽ സമയം ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിൽ യാത്ര ചെയ്യാനുള്ള അവസരം ആണ് യാത്രക്കാർക്ക് നഷ്ട്ടമായത്. പ്രത്യേകിച്ചും കേരളത്തിൽ. കാരണം ടിക്കറ്റ് എടുത്തു യാത്ര ചെയ്യുന്നതും കേരളത്തിൽ ആണല്ലോ കൂടുതൽ. മറ്റു സംസ്ഥാനങ്ങളിൽ കയ്യൂക്ക് ആണ് കാര്യം.. ടിക്കറ്റ് പോലും ഇല്ലാതെ ആണ് റിസർ വേഷൻ   കമ്പാർട്ട്മെന്റിൽ അവർ തള്ളിക്കയരുന്നത്. 

 ഓർഡർ  ഇറങ്ങിയ ഉടനെ തന്നെ പാലക്കാട് അത് നടപ്പാക്കി തുടങ്ങി. അല്ലെങ്കിലും രാജാവിനെ ക്കാളും രാജ ഭക്തി ആണ് കേരള റെയിൽവേ ഉദ്യോഗസ്ഥർക്ക്. മുംബയിൽ നിന്നോ ഡൽഹിയിൽ നിന്നോ യാത്ര തുടങ്ങുമ്പോൾ ഒരു ടി.ടി. വന്നു ചെക്ക് ചെയ്യുന്നതാണ്. പിന്നെ ഈ കറുത്ത കോട്ട് കാരെ കാണുന്നത് ഇങ്ങ് പാലക്കാട് കഴിയുമ്പോഴാണ്.പിന്നെ ഒരു പരിശോധന ആണ്. യാത്രക്കാരെ കള്ളന്മാരെ പ്പോലെയാണ് ഇവർ നോക്കുന്നത്.

ഏതായാലും റെയിൽവേ യ്ക്കും ധന നഷ്ട്ടമുണ്ടാക്കുന്ന ഈ തുഗ്ലക് പരിഷ്ക്കാരം ഒരു ദിവസം കൊണ്ട് അവസാനിപ്പിച്ചു. നല്ലത്. പ്രതി പക്ഷ നേതാവ് ഇതിനെതിരെ പറഞ്ഞു. ഭാരതീയ ജനതാ പാർട്ടി അധ്യക്ഷൻ റെയിൽവേ മന്ത്രിക്ക് കത്തെഴുതി. ജനങ്ങൾ ആകമാനം പ്രതിഷേധം പ്രകടിപ്പിച്ചു. പക്ഷെ ഒരാളെ മാത്രം മഷി ഇട്ടു നോക്കിയിട്ടും കണ്ടില്ല. കേരളത്തിലെ റെയിൽ മന്ത്രി. സാക്ഷാൽ ആര്യാടൻ മുഹമ്മദ്‌. ഒരക്ഷരം പറഞ്ഞില്ല. ഇനി അങ്ങേരിതു അറിഞ്ഞില്ല എന്നുണ്ടോ? അതോ സുഖം ഇല്ലാതെ കിടപ്പോ മറ്റോ ആണോ? എന്തായാലും അടുത്ത നിയമ സഭ തെരഞ്ഞെടുപ്പു വരുമ്പോൾ ഒരു സ്ഥാനാർഥി ആയി അദ്ദേഹത്തെ കാണാം.
Tuesday, September 22, 2015

എം.എൽ.എ. മാർ കേസ്
സ്ത്രീകളെ അപമാനിച്ചതിനു 4 എം.എൽ.എ. മാർക്ക് എതിരെ 
 തിരുവനന്തപുരം  ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി കേസ് എടുത്തിരിക്കുന്നു. കഴിഞ്ഞ മാർച്ച് 13 നു ധന മന്ത്രി കെ.എം. മാണിയുടെ ചരിത്ര പ്രസിദ്ധ മായ ബഡ്ജറ്റ് അവതരണ ദിവസം നടന്ന സ്ത്രീകളെ കയ്യേറ്റം ചെയ്തതിനും അപമാനിച്ചതിനും ആണ്  കേസ് എടുത്തത്‌. ശിവദാസൻ നായർ, ജോർജ്, വാഹീദ്, ഡോമിനിക് പ്രസന്റെഷൻ എന്നിവർ ആണ് അപമാനിച്ചവർ. 

ജമീല  പ്രകാശം ലതിക എന്നിവർ ആണ് കേസ് കൊടുത്തത്. ആദ്യം ഇവർ സ്പീക്കർക്ക് പരാതി നൽകി. സ്പീക്കർ അത് പതിയെ ഒതുക്കി. അങ്ങിനെ സഹി കേട്ട് അവർ കോടതിയിൽ പരാതി നൽകി. അതാണ്‌ ഇപ്പോൾ കേസ് എടുത്ത നിലയിൽ വന്നത്. ഇവരുടെ പരാതിയിൽ സ്പീക്കർ നടപടി എടുത്തില്ല എങ്കിലും നിയമസഭയിലെ കസേരയും മേശയും തകർത്തതിന് നടപടി എടുത്തു. അത് പോലീസിൽ കൊടുത്തു കേസ് ആക്കി. പക്ഷെ സ്ത്രീകളെ അപമാനിച്ചതിന് എതിരെ ക മാ എന്നൊരക്ഷരം മിണ്ടിയില്ല.

മാതൃ ഭൂമി  പത്രം പറയുന്നത് ഈ കേസ് എടുത്തത്‌ നിയമസഭയും ജുഡിഷ്യറി യും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിനു വഴിയൊരുക്കും എന്നാണ്.   അത് സ്വന്തം ലേഖകന് വിവരം ഇല്ലാഞ്ഞാണ്. സമ്മേളനത്തിനിടെ നടന്ന കാര്യത്തിൽ "കോടതിയ്ക്ക്  ഇടപെടാൻ  അധികാരം ഇല്ല എന്ന വിലയിരുത്തലിൽ ആണ് സ്പീക്കർ എൻ.ശക്തൻ" എന്ന് കൂടി പത്രം പറയുന്നു. "സഭാ നടപടികൾക്ക് ഭരണ ഘടനയുടെ 212  അനുച്ചേദ പ്രകാരം സംരക്ഷണം ഉണ്ട്. കോടതിയുടെ ഉത്സരവ് ഇതിനു എതിരാണെന്നാണ് സ്പീക്കറുടെ നിഗമനം."

ഇതൊക്കെ സ്പീക്കർ പറഞ്ഞതാണോ അതോ സ്പീക്കറുടെ വായിൽ പത്രം കുത്തി ത്തിരുകിയാതാണോ എന്നാണു സംശയം. ഒരു സ്പീക്കർ അങ്ങിനെ പറയുമോ? വല്ലപ്പോഴുമെങ്കിലും ഭരണ ഘടന വായിച്ചു കാണില്ലേ?എന്തായാലും ഇങ്ങിനെ പറയുന്നത് ശുദ്ധ വിഡ്ഢിത്തരവും അറിവില്ലായ്മയുമാണ്. ഇവരാരും പുസ്തകം ( ഭരണ ഘടന) വായിച്ചിട്ടില്ല എന്ന് തന്നെ ഇത് തെളിയിക്കുന്നു.

" 212. സഭാ നടപടികളിൽ കോടതി  ഇടപെടാൻ പാടില്ല. 

(1)നിയമ സഭയിൽ   നടക്കുന്ന നടപടിക്രമങ്ങൾ ക്രമ വിരുദ്ധം   എന്ന ആരോപണത്തിൽ കോടതി ചോദ്യം ചെയ്യാൻ പാടില്ല.

(2) നിയമ സഭയുടെ നടപടി കൾ  നടത്തിക്കാൻ  ഭരണ ഘടന പ്രകാരം ചുമതലപ്പെട്ട ആൾ അതിനു വേണ്ടി സഭയിൽ ചെയ്യുന്ന കാര്യങ്ങൾ കോടതിയുടെ പരിഗണനയിൽ വരില്ല."

പെണ്ണുങ്ങളെ പിടിക്കുന്നതും അപമാനിക്കുന്നതും ഇതിൽ ഏതു വകുപ്പിൽ വരും?  സ്പീക്കർ ശക്തൻ കൈയാംഗ്യം കാണിച്ച് ബട്ജറ്റ്‌ അവതരണത്തിന് അനുവാദം കൊടുത്തതും  കസേരയിൽ  പോലീസ് അദ്ദേഹത്തെ പൊക്കിയെടുത്തു കൊണ്ട് വന്നു പ്രതിഷ്ട്ടിച്ചതും ഒക്കെ വേണമെങ്കിൽ  ക്രമ വിരുദ്ധമായ നടപടികൾ കോടതിയ്ക്ക് ചോദ്യം ചെയ്യാൻ പാടില്ല എന്ന വകുപ്പിൽ ഒഴിവാക്കാം. "നടപടിക്രമങ്ങൾ ക്രമ വിരുദ്ധം" ആണെന്നു പറഞ്ഞു കോടതിയ്ക്ക് ഇടപെടാൻ കഴിയില്ല. പെണ്ണുങ്ങളെ കയറി പിടിയ്ക്കുന്നത് സഭയുടെ സാധാരണ നടപടി  ആണോ?   

സഭയിൽ ഒരു കൊലപാതകം നടക്കുന്നു എന്ന് സങ്കൽപ്പിക്കുക. ( ഇന്നത്തെ കാലത്ത് അങ്ങിനെ സങ്കൽപ്പിക്കാൻ വലിയ വിഷമമില്ലല്ലൊ. മാർച്ച് 13 ലെ കേരള നിയമസഭയിലെ അടിപിടിയും കയ്യാങ്കളിയും സ്ത്രീ പീഡനവും  ഒക്കെ കണ്ടപ്പോൾ ഒരു കൊലപതകവും അവിടെ നടന്നു കൂടായ്കയില്ല.) സഭയിൽ നടന്നു എന്ന് കരുതി, അത് കൊലപാതകം ആല്ലാതായി തീരുമോ? അതിനു സംരക്ഷണം ഉണ്ടോ? സ്പീക്കർ പറഞ്ഞാൽ കൊലപാതകി രക്ഷ പെടുമോ?

ചാണ്ടിയെ താങ്ങണം എന്ന് കരുതി ഇത്രയും വിഡ്ഢി ത്തരവും വിവര ദോഷവും  മാതൃഭൂമി  പത്രം എഴുതി പ്പിടിപ്പിക്കാമോ? ശക്തനും ഇത് വായിച്ചു കാണുമല്ലോ? പുള്ളി പറയുന്നു എന്നാണു പത്രം പറഞ്ഞിരിക്കുന്നത്. ആത് നിഷേധിച്ചിട്ടും ഇല്ല. അതിനർത്ഥം സ്പീക്കറും ഈ നിലപാടിൽ എന്ന് തന്നെയല്ലേ? 

Sunday, September 20, 2015

പട്ടി കടിക്കും


കടിക്കുന്ന പട്ടിയെ അടിക്കണമെങ്കിൽ പോലും  സുപ്രീം കോടതിയുടെ വിധി വേണ്ടി വരുന്ന കാലം. തെരുവിൽ അലഞ്ഞു നടക്കുന്ന പട്ടികളെ "ഒഴിവാക്കാൻ" തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന കേരള ഹൈ ക്കോടതി വിധി സ്റ്റേ ചെയ്യാൻ  സുപ്രീം കോടതി വിസമ്മതിച്ചു. എന്നാലും ഒരു ഫുൾ ജഡ്ജ്മെൻറ് വന്നില്ല. അത് വരാൻ ഇനിയും കുറെ നാള് കഴിയും. ഇനി കുറെ  നീണ്ടു നിൽക്കുന്ന വാദം ഒക്കെ കേട്ടതിനു ശേഷം. 

കേരളത്തിൽ കുഞ്ഞുങ്ങളെയും വലിയവരെയും തെരുവ് പട്ടികൾ കടിക്കുന്ന വാർത്തകൾ ആണ് ഓരോ ദിവസവും വന്നു കൊണ്ടിരിക്കുന്നത്. അതും വെറുതെ റോഡിലൂടെയും ഇടവഴിയിലൂടെയും ഒക്കെ പോകുമ്പോൾ ഓടിച്ചിട്ട്‌ കടിക്കുകയാണ്. അത്രയ്ക്കും ആക്രമണ സ്വഭാവം ഉള്ളതായി തീർന്നിരിക്കുന്നു ഈ നായ്ക്കൾ. എന്നിട്ടും ഒരു നടപടി എടുക്കാൻ, ഇതിനൊരു പരിഹാരം കാണാൻ കേരള ഭരണ കൂടം തയ്യാറാകുന്നില്ല എന്നത് വളരെ അത്ഭുത കരമായിരിക്കുന്നു. ഇവിടെ ഒരു ഭരണ കൂടം ഉണ്ടോ?

കോണ്‍ഗ്രസ്സ് പാർട്ടിക്കകത്ത് തെരഞ്ഞെടുപ്പു നടത്തണോ എന്നൊക്കെയുള്ള കാര്യം ആലോചിക്കാനാണ് മുഖ്യ മന്ത്രിക്ക് താൽപ്പര്യം. അതിൽ സുധീരനെ എങ്ങിനെ വീഴ്ത്താം എന്ന കാര്യമാണ് അദ്ദേഹത്തിന് പ്രധാനം.അതിനു വേണ്ടി സോണിയ മദാമ്മയുടെ പാദാരവിന്ദം  തൊഴാൻ ഡൽഹി ക്ക് പോയിരിക്കുന്നു. എത്ര പേർ പട്ടി കടിച്ചു ചത്താൽ അങ്ങേർക്ക് എന്ത്‌? വീണ്ടും കിടക്കുന്നില്ലേ ലക്ഷക്കണക്കിന്‌ പുഴുക്കളെ പോലുള്ള മനുഷ്യർ, വോട്ട് ചെയ്യാൻ? പിന്നെ പത്തോ ആയിരമോ മനുഷ്യർ  പട്ടി കടിച്ചു ചത്താൽ എന്ത്?  ഭാര്യയും മക്കളും സർക്കാർ ചിലവിൽ  സുരക്ഷിതർ ആണല്ലോ. എന്തായാലും ഒരു കാര്യം ചെയ്തു  പട്ടി കടി എൽക്കുന്നവരുടെ ചികിത്സയുടെ ചെലവ് സർക്കാർ വഹിയ്ക്കാം എന്ന്. എന്തൊരു ധിക്കാരപരമായ ഒരു നിലപാടാണിത്? പട്ടി കടി ഏൽക്കുന്ന ആൾക്കാർ അനുഭവിക്കുന്ന വേദനയും കഷ്ട്ടപ്പടിനും ആര് മറുപടി പറയും? പട്ടിയിൽ നിന്നും പേ പിടിച്ചാൽ ചികിത്സാ ചെലവ് കൊടുത്താൽ തീരുമോ പ്രശ്നം? ജനങ്ങളെ നോക്കാനോ അവരുടെ കാര്യം കേൾക്കാനോ ഇവർക്ക് സമയമില്ല.  200 രൂപ മാത്രം ദിവസ ശമ്പളം കിട്ടുന്ന മൂന്നാറിലെ പാവപ്പെട്ട തേയില തോട്ട തൊഴിലാളികൾ സമരം ചെയ്തപ്പോൾ 500 രൂപ കൊടുത്താൽ മുതലാളി നഷ്ട്ടത്തിൽ ആകുമെന്ന് പറയുന്ന ഒരു തൊഴിൽ മന്ത്രി. കൃഷി മന്ത്രിയെ ആ പ്രദേശത്ത് എങ്ങും കണ്ടതെ ഇല്ല. തേയില ഇനി ഒരു കൃഷി അല്ലേ എന്ന് സംശയം തോന്നിപ്പോകും.

ആനപ്പുറത്തിരിക്കുന്നവന് നായെ പേടിക്കേണ്ട എന്ന പഴഞ്ചൊല്ല് ആണ് ഇവർ നമ്മെ ഓർമിപ്പിക്കുന്നത്‌. ഇവരാരെങ്കിലും നിലത്തു ചവിട്ടാറുണ്ടോ? റോഡിൽ കൂടി നടക്കാറുണ്ടോ? വീട്ടിൽ നിന്നും നേരെ കാറിലേക്ക് കാലെടുത്തു വയ്ക്കുന്നു.  കാറിൽ നിന്നും ഓഫീസിലേക്ക് കയറുന്നു. ദൂരം കൂടുതലാണെങ്കിൽ വിമാനത്തിലും ഹെലി കോപ്ടരിലും യാത്ര.  ഉത്ഘാടനത്തിന് പോകുമ്പോൾ ( അതാണല്ലോ സ്ഥിരം ജോലി)  ഇവരൊക്കെ  കാറിൽ നിന്നും ഇറങ്ങുമ്പോൾചുമന്ന് വേദിയിൽ കയറ്റാൻ തൊഴിലില്ലാത്ത പാർട്ടിക്കാർ  എന്ന കുറെ പാദസേവകർ  ഉണ്ട്. എങ്ങിനെയെങ്കിലും ഇവരുടെ പ്രീതി നേടി പത്തു കാശ് ഉണ്ടാകാനുള്ള വേലയാണ്.  പക്ഷേ I P S കാരായ IG യും DGP യും ഒക്കെപ്പോയി ഈ മന്ത്രിമാരുടെ കാറിന്റെ ഡോർ തുറന്നു കൊടുക്കുന്നത് കാണുമ്പോൾ മഹാ കഷ്ട്ടം എന്ന് പറയുക മാത്രമേ കഴിയൂ. അത് ഏതു പ്രോട്ടോക്കോൾ ആണോ എന്തോ?  അങ്ങിനെ ജീവിക്കുന്ന ഈ മന്ത്രിമാർക്ക് റോഡിൽ കൂടി നടക്കുന്ന പാവപ്പെട്ടവന്റെ വേദന എങ്ങിനെ മനസ്സിലാകാനാണ്? എന്നിട്ടും നടപടിയെടുക്കാത്തതിനെ അനുകൂലിയ്ക്കുന്ന കുറെ മനുഷ്യർ. അവർ ഭരണ പക്ഷം ആണ്.  പട്ടി പാർട്ടി നോക്കിയാണോ കടിക്കുന്നത്? അത് പോലും മനസ്സിലാക്കാൻ കഴിയാത്ത കുറെ അനുകൂലികളും.  പട്ടികളോട് എന്താണീ ഭരണത്തിൽ ഇരിക്കുന്നവർക്ക് ഇത്ര സ്നേഹം എന്ന് മനസ്സിലാകുന്നില്ല. പട്ടികളുടെ ജന്മം ആണ് ഈ പാവപ്പെട്ട ജനങ്ങൾ, അതിനാൽ അവർ തമ്മിൽ കടിച്ചു ചാകട്ടെ എന്ന് മനസ്സിൽ കരുതുന്നുണ്ടായിരിക്കാം അവർ.

ഇതിങ്ങിനെ പോകും. പട്ടികൾ വീണ്ടും കുറേക്കൂടി ആക്രമണോൽസുകരാകും. ജനങ്ങൾക്ക്‌ കൂടുതൽ കടി കൊള്ളും.  എന്നിട്ടും പട്ടികൾ അനങ്ങില്ല. നമ്മുടെ മുന്നിൽ ഇനി ഒരു മാർഗമേ ഉള്ളൂ.തെരഞ്ഞെടുപ്പ് അടുത്തു വരുന്നു. ആനപ്പുറത്ത് നിന്നും ഇവർ താഴെയിറങ്ങും. വോട്ട് ചോദിക്കാൻ. ഈ പട്ടികളെ കൊണ്ട് അവരെ കടിപ്പിക്കുക.  ഇനി നമുക്ക് അതേ  ചെയ്യാനുള്ളൂ. എന്നിട്ട് ചികിത്സാ ചെലവ് കൊടുക്കാം. അതാണല്ലോ അവരും ചെയ്യുന്നത്.  ( ഇത് സെക്രടറിയേറ്റിനു പുറത്തു കൂട്ടുകാർ വരാൻ  കാത്തു നിൽക്കുന്നു)  

Friday, September 11, 2015

എ. ആർ. റഹ് മാൻപ്രശസ്ത സംഗീത സംവിധായകൻ എ. ആർ. റഹ് മാന്  എതിരെ മുസ്ലിം മത പണ്ഡിതരുടെ  ഫത് വ .  പ്രവാചകനെ ആക്ഷേപിച്ചു എന്നതാണ് കാരണം.

ആരായിരുന്നു ഇപ്പറയുന്ന എ. ആർ. റഹ് മാൻ?   എ.എസ്. ദിലീപ്കുമാർ. ശരിയായ ഹിന്ദു. തമിഴ്  മുദലിയാർ.  ആർ. കെ. ശേഖർ എന്ന   സിനിമ  സംഗീത സംവിധായകൻറെ മകൻ. ആ ദിലീപ് കുമാർ ആണ് മതം മാറി മുസ്ലിം മതം സ്വീകരിച്ച് എ. ആർ. റഹ് മാൻ ആയത്. അച്ഛന്റെ മരണ ശേഷം സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒക്കെ വന്നപ്പോഴാണ് മതം മാറിയത് എന്ന് റ ഹ് മാൻ തന്നെ പറയുന്നുണ്ട്.

മുഴുവൻ പേരോ? അള്ളാ രാഖ റഹ് മാൻ. അങ്ങിനെ മതം മാറി മുസ്ലിം ആയ ആൾക്കെതിരെ ആണ് ആ മതം ഇപ്പോൾ ഫത് വ പുറപ്പെടുവിച്ചിരിക്കുന്നത്.  എങ്ങിനെയുണ്ട് ?

ഇനി ഫത് വ എന്താണെന്ന് നോക്കാം. കലിമ വീണ്ടും ചെയ്യണമെന്ന്. കൂടാതെ വിവാഹം അടക്കം എല്ലാ ചടങ്ങുകളും വീണ്ടും ചെയ്യണം എന്ന്.

അതിലും പുറകോട്ടു പോകണോ? അതായത് മുസ്ലിം മതത്തിൽ ചേർന്നത്‌. അതും വീണ്ടും ചെയ്യണോ?   

വിഴിഞ്ഞം പാരിസ്ഥിക പഠനം

അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കും എന്ന അർത്ഥം പൂർണമായും പറയാൻ കഴിയില്ല എങ്കിലും ഏകദേശം അത് പോലൊക്കെയാണ് രാഷ്ട്രീയക്കാർ ഓരോത്തിടത്തും പ്രസംഗിക്കുന്നതും പെരുമാറുന്നതും. അവിടെ കൂടിയിരിക്കുന്നവരെ സുഖിപ്പിക്കാൻ എന്തെങ്കിലും പറയുക അത്ര തന്നെ.

വിഴിഞ്ഞം തുറമുഖം പണിയുന്നതിനു മുൻപ് പരിസ്ഥിതി ആഘാത പഠനങ്ങൾ നടത്തും എന്ന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല പ്രഖ്യാപിച്ചു. തീരദേശ മത്സ്യ തൊഴിലാളികളുടെ ഏതോ സമ്മേളനത്തിൽ  ആണ് പ്രഖ്യാപനം നടത്തിയത്. വിഴിഞ്ഞം തുറമുഖം പാരിസ്ഥിക പഠനം നടത്തി, അനുമതികൾ എല്ലാം നേടി, കരാറും ഒപ്പിട്ട് പണി തുടങ്ങാൻ പോകുമ്പോഴാണ് മന്ത്രി ഈ അഭിപ്രായവും ആയി  രംഗത്ത് വന്നത്.

ഇത് പല കാര്യങ്ങൾ തുറന്നു കാട്ടുന്നു. ഒന്ന് കയ്യടി നേടാനായി എന്ത് വിഡ്ഢിത്തവും പറയുക എന്നത്. പ്രസംഗത്തിന് വിളിച്ചവരെ, തന്റെ മുന്നിൽ വായും പൊളിച്ചിരിക്കുന്നവരെ ഒന്ന് സുഖിപ്പിക്കാം. അതാണ്‌ വിചാരം. അതിനു വീണ്ടു വിചാരം ഇല്ലാതെ എന്തെങ്കിലും പറയുക.  എന്നിട്ട് വളിച്ച ചിരിയും ചിരിച്ചു മടങ്ങുക. അത്ര തന്നെ.

രണ്ടാമതായി വരുന്നത് ഇങ്ങേർക്ക് കാര്യ വിവരം ഇല്ല എന്നാണ്. വളരെ നാളുകൾ കേരളത്തിൽ തലങ്ങും വിലങ്ങും ചർച്ച ചെയ്ത ഒരു പദ്ധതി. അതിനെ ക്കുറിച്ച് ഒരു വിവരക്കേട് പറയുക എന്നത് എത്ര ലജ്ജാവഹം ആണ്. എന്താണതിനർത്ഥം? പ്രധാന പ്പെട്ട ഒരു വകുപ്പ് മന്ത്രിക്ക്   കേരളത്തിൽ നടക്കുന്ന പ്രധാന കാര്യങ്ങൾ പോലും അറിയില്ല എന്നും അതിലൊന്നും ശ്രദ്ധ ഇല്ല എന്നുമല്ലേ?

 ചെന്നിത്തല ഉൾപ്പെടുന്ന മന്ത്രി സഭ എത്ര തവണ ഇതിനു വേണ്ടി കൂടി? മന്ത്രി സഭ അല്ലേ  അനുമതി നൽകിയത്? അദാനിയുമായി കരാർ ഒപ്പ് വയ്ക്കുമ്പോൾ ഈ മന്ത്രി എവിടെ ആയിരുന്നു? 

തുറമുഖ മന്ത്രി ഉടൻ തന്നെ രംഗത്ത് വന്നു ശക്തമായ പ്രസ്ഥാവന നടത്തി. എല്ലാ പഠനങ്ങളും നടത്തി.ഇനി ഒരു പഠനവും ഇല്ല. മന്ത്രി അറിവില്ലാതെ പറഞ്ഞതായിരിക്കാം എന്ന്. അത് കേട്ടപ്പോൾ ഉടൻ ചെന്നിത്തല തന്റെ സ്വന്തം പ്രസ്താവന വിഴുങ്ങി. വായിൽ നിന്നും അറിയാതെ വീണു പോയതാണ് എന്ന് സ്ഥിരം പല്ലവിയും മൊഴിഞ്ഞു. എന്തൊരു മന്ത്രി! 

Monday, September 7, 2015

അഴിമതി രാഷ്ട്രീയം


രാഷ്ട്രീയ നപുംസകങ്ങളെ ഓച്ഛാനിച്ചു ഓച്ഛാനിച്ചു  നട്ടെല്ല് വളഞ്ഞ നാണം കെട്ട,  മനസ്സ് മുരടിച്ച  ഐ.എ.എസ്,ഐ.പി.എസ്. ഐ. എഫ്.(ഫോറസ്റ്റ്)   എസ്.  ഉദ്യോഗസ്ഥരുടെ പാരമ്പര്യത്തിൽ നിന്നും കുതറി മാറി ആത്മാർത്ഥതയും സത്യ സന്ധതയും സാമൂഹ്യ പ്രതിബദ്ധതയും ഉള്ള   ഒരു  പുതിയ തലമുറ ഉദയം ചെയ്തു  വരുന്നു എന്നത് ആശ്വാസകരമാണ് അതോടൊപ്പം പ്രതീക്ഷയ്ക്ക് വക നൽകുകയും ചെയ്യുന്നു.  ആരംഭ ശൂരത്വം ആണിതെന്നു പറഞ്ഞു കളിയാക്കേണ്ട. കാരണം  എല്ലാറ്റിനും ഒരു ''അവസാനം"  ഉണ്ട്.  അത് കഴിഞ്ഞ് ഒരു പുതു യുഗം പിറവി എടുക്കും. ഇവിടെയും അതാണ്‌ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

യന്ത്രം എന്ന നോവലിൽ മലയാറ്റൂർ പറയുന്നത് പോലെ ഫ്ലോട്ട് ചെയ്ത് നിൽക്കുകയാണ് പഴയ തലമുറയിലെ ഭൂരിപക്ഷം ഐ.എ.എസ്, ഐ.പി.എസ്.  ഉദ്യോഗസ്ഥരും. അത് കൊണ്ട് ഗുണം  പലതാണ്. അഴിമതി നടത്തി പണം ധാരാളം ഉണ്ടാക്കാം. മന്ത്രിമാരുടെയും രാഷ്ട്രീയ മേലാളന്മാരുടെയും അഴിമതിക്ക് കൂട്ട് നിന്നാൽ മതി. അത് പോലെ നല്ല പോസ്റ്റിങ്ങ്‌ കിട്ടും. നല്ലത് എന്ന് പറഞ്ഞാൽ പത്തു കാശ് ഉണ്ടാക്കാവുന്ന പോസ്റ്റിങ്ങ്‌. പിന്നെ എല്ലാ ഭൌതിക സുഖവും അനുഭവിക്കാം. മന്ത്രി പറയുന്നതിനെ എതിർക്കാതെ വാലും ചുരുട്ടി നിന്നാൽ മതി.  പഴയ മുഖ്യ മന്ത്രി കരുണാകരൻ ആശ്രിത വത്സലൻ ആണെന്ന് പ്രകീർത്തിക്കാരുണ്ടല്ലോ. എന്താണതിന്റെ അർത്ഥം? കൂടെ നിൽക്കുന്നവനെ വഴി വിട്ടു സഹായിക്കും. എന്തിന് ? തൻറെ വഴി വിട്ട പ്രവൃത്തികളെ സഹായിച്ചത് കൊണ്ട്. അതിൻറെ പണം ഖജനാവിൽ നിന്ന്. അതിന്റെ ദുരിതം അനുഭവിക്കുന്നത് പൊതു ജനവും.   

വിരമിച്ചവരും ഇപ്പോൾ ജോലിയിൽ ഇരിക്കുന്നവരുമായ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ നോക്കൂ. രണ്ടു തരം ഉണ്ട്. അഴിമതിയ്ക്കു കൂട്ട് നിൽക്കുന്നതോടൊപ്പം സ്വന്തമായി അഴിമതി നടത്തി പണവും പദവിയും ഉണ്ടാക്കുന്നവർ. മറ്റേ ഗ്രൂപ്പ് അഴിമതിയ്ക്കു കൂട്ട് നിൽക്കുന്നു. പേടി കൊണ്ട് അഴിമതി നടത്തുന്നില്ല. പിന്നെ പ്രത്യുപകാരം എന്ന നിലയിൽ കിട്ടുന്ന  പദവി യൊക്കെ വാങ്ങി സസുഖം ജീവിക്കുന്നു. ജനങ്ങളെ സംബന്ധിച്ചിടത്തോളം രണ്ടു പേരും തുല്യർ. അഴിമതിക്കാർ.


വയനാട് ഡിസ്ട്രിക്റ്റ് പോലീസ് സുപ്രണ്ട് ആയിരുന്ന അജിത ബീഗം IP S നെ തിരുവനന്തപുരം പോലീസ് ട്രെയ്നിംഗ് കോളേജ് പ്രിൻസിപ്പൽ ആയി മാറ്റിയിരിക്കുന്നു. മാവോ വേട്ടയിലും മറ്റും അവരെടുത്ത ധീരമായ നടപടികൾ ആണ് കോണ്‍ഗ്രസ്സ് ഭരണ കൂടത്തെ ചൊടിപ്പിച്ചത്.

അത് പോലെ ഭക്ഷ്യ സുരക്ഷ കമ്മീഷണർ ആയ ടി.വി. അനുപമ IAS  തമിഴ് നാട്ടിൽ നിന്നും വിഷപ്പച്ച കറികൾ കൊണ്ട് വരുന്നതിനെതിരെ നടപടി തുടങ്ങി. രാഷ്ട്രീയ കോമരങ്ങൾ ഉറഞ്ഞു തുള്ളി. കോണ്‍ഗ്രസ്സുകാർ.  പരിശോധന നടപടികൾ നിറുത്തി വയ്പ്പിച്ചു. അടുത്തതായി നിറപറ കറി പ്പൊടികളുടെ മായം കണ്ടു പിടിച്ച് അതിനെതിരെ നടപടി എടുത്തിരുന്നു. അതും അധികാരികൾക്ക് ഇഷ്ട്ടപ്പെട്ടില്ല. അവരെ ഒരു കളക്ടർ ആക്കി സ്ഥലം മാറ്റാൻ രാഷ്ട്രീയ നേതൃത്വം ആലോചിക്കുന്നു.

കോഴിക്കോട് കളക്ടർ എൻ. പ്രശാന്ത്IAS.  ജന സേവന പ്രവത്തനങ്ങൾ കൊണ്ട് കോഴിക്കോട് വലിയ പോപ്പുലർ ആയി വന്നു. രാഷ്ട്രീയ കൊമരങ്ങൾക്ക് അതത്ര പിടിച്ചില്ല. അവിടത്തെ കോണ്‍ഗ്രസ് നേതാക്കൾ പ്രശാന്തിനെതിരെ ആക്രമണം തുടങ്ങി. ആ കലക്ടർ ആവശ്യമില്ലാതെ ഈ കോണ്‍ഗ്രസ് രാഷ്ട്രീയക്കാരുടെ മുന്നിൽ വാലാട്ടി നിൽക്കില്ല അത്ര തന്നെ.

കൊച്ചിയിലും കോഴിക്കോടും സത്യ സന്ധമായി , മുഖം നോക്കാതെനടപടി എടുത്ത ആളാണ്‌ നിശാന്തിനി IP S. ( മുഖം നോക്കാതെ എന്ന പ്രയോഗം  രമേശ്‌ ചെന്നിത്തലയുടെ പേറ്റന്റ്‌ ആയി. അപ്പോൾ മനസ്സിലാക്കിക്കൊള്ളണം കളി നടന്നു എന്ന് ) . അവരും കോണ്‍ഗ്രസ്സിലെ കണ്ണിലെ കരടാണ്.

ആലുവാ റൂറൽ എസ്.പി. യതീഷ് ചന്ദ്ര ആണ് മറ്റൊരു താരം. ഹർത്താൽ ദിവസത്തെ അങ്കമാലിയിലെ അക്രമത്തെ സധൈര്യം നേരിട്ട  ഉദ്യോഗസ്ഥൻ. അദ്ദേഹം മാരിക്സിസ്റ്റിനും അനഭിമതനായി.

ഹരിശങ്കർ  IP S. മയക്കു മരുന്നിനും പോലീസ് സേനയിലെ കൈക്കൂലിക്കും എതിരെ ശക്തമായ നടപടികൾ ആണ് എടുത്തത്‌. അതും രാഷ്ട്രീയ   നേതൃത്വത്തിന് ഇഷ്ട്ടപ്പെട്ടിട്ടില്ല.  

മറ്റൊരു താരം ആണ് മെറിൻ ജൊസഫ് ഐ.പി.എസ്. ഒരു എം.എൽ.എ. യെ ക്കൊണ്ട് ഒരു  സിനിമാ താരവുമായി ഒരു ഫോട്ടോ എടുത്തു എന്ന് പറഞ്ഞ് ചന്ദ്ര ഹാസം ഇളക്കിയവരാണ് കോണ്‍ഗ്രസ്സ് കാർ. ഈ ഫോട്ടോ എടുത്തു കൊടുത്ത ഹൈബി ഈഡനെ ഇവരാരും കുറ്റം പറഞ്ഞില്ല. അതിനു കാരണമുണ്ട്. ഇതെല്ലാവരും കൂടിയുള്ള ഒരു ല കളിയാണ്. ഹൈബിയെ വല്ലതും പറഞ്ഞാൽ അയാളും എല്ലാം തുറന്നു പറയും. അതോടെ അഴിമതിയും ലൈംഗികവും എല്ലാം പുറത്താകും. അത് ,കൊണ്ട് മെറിനെ എല്ലാവരും തെറി പറഞ്ഞു.  

ഒരു പടം കാണൂ. ഇങ്ങിനെ ഇരിക്കുന്നതിൽ എന്താണ് തെറ്റ്? പക്ഷേ വെളുത്ത ഖദറിനകത്തു കറുത്ത മനസ്സുള്ള ഈ രാഷ്ട്രീയ ഭിക്ഷാംദേഹികൾക്ക് ഇത് പിടിക്കില്ല.


ചെന്നിത്തലയെ കണ്ടപ്പോൾ എണീറ്റ്‌ നിന്ന് തൊഴുതില്ല എന്ന് പറഞ്ഞ് ഋഷി രാജ് സിംഗിനെ മുഖ്യ മന്ത്രി ഉൾപ്പടെയുള്ളവർ ഇവിടെ കിടന്നു ചന്ദ്ര ഹാസം ഇളക്കിയത് നമ്മൾ കണ്ടതാണ്. ഈ രാഷ്ട്രീയക്കാരാണ് ഇവരെ ഇങ്ങിനെ വേലക്കാരെ പ്പോലെ ആക്കുന്നത്. അവർക്ക് വേണ്ടത് അന്തസ്സായി പെരുമാരുന്നവരെ അല്ല. വാലാട്ടി പ്പട്ടികളെ ആണ്.  അതിനെത്ര പേർ തയ്യാറാകും എന്ന് കണ്ടറിയാം.

ഇങ്ങിനെ ധൈര്യവും അന്തസ്സും സത്യ സന്ധതയും ഉള്ള ഒരു കൂട്ടം ഉദ്യോഗസ്ഥരാണ് നമുക്ക് വേണ്ടത്. അവർക്ക് മാത്രമേ നമ്മുടെ ജനാധിപത്യത്തെ സരക്ഷിക്കാനാകൂ.  ഒരാളെ സ്ഥലം മാറ്റാം. 10 പേരെ സ്ഥലം മാറ്റാം. പക്ഷേ എല്ലാവരെയും സ്ഥലം മാറ്റാൻ കഴിയുമോ? എല്ലാവരുടെയും പേരിൽ നടപടി എടുക്കാൻ കഴിയുമോ? ഇല്ല.  അതിനു എല്ലാവരും ഒന്നായി അഴിമതിക്കെതിരെ നിൽക്കണം. ഒറ്റ തിരിഞ്ഞുള്ള ആക്രമണം നടത്തുന്നത് അഴിമതി ഇല്ലാത്ത ആ ഉദ്യോഗസ്ഥന്  പകരം വയ്ക്കാൻ മറ്റൊരു അഴിമതിക്കാരൻ   ഉദ്യോഗസ്ഥനെ കിട്ടുന്നത് കൊണ്ടാണല്ലോ. അങ്ങിനെ ഒരു  പകരക്കാരൻ അഴിമതിക്കാരൻ ഇല്ലെങ്കിൽ എന്ത് ചെയ്യും?  

അഴിമതിയില്ലാത്ത ഈ ഉദ്യോഗസ്ഥരെല്ലാം കൂടി ഒരു പ്ലാറ്റ് ഫോം ഉണ്ടാക്കണം. സോഷ്യൽ മീഡിയയിൽ. തങ്ങൾ ചെയ്യാൻ പോകുന്ന കാര്യങ്ങളും മറ്റും ഉൾപ്പെടുത്തി.  സർവീസ് ചട്ടങ്ങൾ എന്ന നിയന്ത്രണത്തിന് പൂർണമായും അകത്ത് നിന്ന് കൊണ്ടുള്ള ഒരു സംഗതി. രാഷ്ട്രീയ ക്കാരുടെ ഈ പെപ്പിടി കണ്ട് നിങ്ങൾ  പേടിക്കരുത്. ജനങ്ങൾക്ക്‌ നിങ്ങളെ  വേണം. നല്ല ഒരു ഭരണത്തിന് വേണ്ടി. അതിനുള്ള ഉത്തരവാദിത്വം നിങ്ങളുൾപ്പെടുന്ന പുതിയ തലമുറയ്ക്കാണ്. അതിനായി ജനങ്ങൾ പ്രതീക്ഷാ നിർഭരരായി നോക്കുന്നത് നിങ്ങളെയാണ. ഒരു നേരത്തെ ആഹാരമില്ലാതെ, നാണം മറയ്ക്കാൻ ഒന്നുമില്ലാതെ, തല ചായ്ക്കാൻ ഒരു കൂരയില്ലാതെ കോടിക്കണക്കിന് ജനത ആണ് നമ്മുടെ ഭാരതത്തിൽ. അവസരത്തിനൊത്ത് ഉയരൂ. 

Sunday, September 6, 2015

പോണ്‍ വേണമോ വേണ്ടയോ


"പൊതുവെ ഉത്തര മുതലാളിത്ത ദിശയെ കാഴ്ച്ചയുടെ കാലമായിട്ടാണ് വിലയിരുത്താറുള്ളത്.കാഴ്ചയുടെ ചടുലത,വർണ പരത എന്നിവയെല്ലാം കാമനകളെ പെട്ടെന്ന് കൈ യടക്കുന്നതിനാൽ അവയെ കേന്ദ്രീകരിച്ച സാമ്സ്കാരികൊൽപ്പന്നങ്ങൾക്കു  വശ്യത കൂടുകയും വിപണി മൂല്യവും മാധ്യമ പരിഗണനയും കിട്ടുകയും ചെയ്യും." 

വല്ലതും മനസ്സിലായോ? അതാണ്‌ പ്രശ്നം. ഒരു മലയാളം വാരികയിൽ വന്ന ഒരു പ്രമുഖ ലേഖനം ആണിത്. വിഷയം പോണ്‍ സൈറ്റുകളെ നിരോധിക്കണോ വേണ്ടയോ എന്നതാണ്.ലേഖനം ഇങ്ങിനെ പോകുന്നു. നാലഞ്ചു പേജ് കഴിഞ്ഞാലും പോക്ക് ഇങ്ങിനെ തന്നെ. എവിടെയോ ഒന്ന് പറയുന്നുണ്ട്. സാധനം വേണമെന്ന്. ബാക്കിയൊക്കെ ഈ തരത്തിൽ എന്തൊക്കെയോ എഴുതി കൂട്ടിയതാണ്.

എഴുതാൻ ഒന്നുമില്ലാത്ത, എഴുത്ത് വറ്റിയ എഴുത്തുകാർ. പണ്ടത്തെ അവരുടെ പേര് മുതലെടുത്ത്‌ എന്തെങ്കിലും എഴുതാൻ വാരികകളും സമ്മതിക്കുന്നു. അങ്ങിനെയാണ് ഇത്തരം ആശയ ദാരിദ്ര്യം  പ്രകടമാക്കുന്ന ലേഖനങ്ങളും കഥയും കവിതയും ഒക്കെ പ്രസിധീകൃതമാകുന്നത്. 

 പൊതുവെ ഇന്നത്തെ പ്രസിദ്ധീകരണങ്ങളിൽ ഒക്കെ ഇത്തരം ഗിമ്മിക്കുകൾ ആണുള്ളത്. പോണ്‍ വേണമോ വേണ്ടയോ എന്ന് പറയാനായി എത്ര പേജുകൾ ആണിങ്ങിനെ വെസ്റ്റ്‌ ആക്കിയത്?  സംഭവം മാതൃഭൂമി വാരികയിൽ ആണ് ഈ എഴുത്തിന്റെ ഹൈ ലൈറ്റ് ബീഫ് നിരോധനം പോലെ ഭരണ കൂടം നടത്തുന്ന കൈ കടത്തലുകൾ വിവരിക്കുന്നു എന്നതാണ്. അതാണ്‌ ഒന്നുമില്ലാത്ത നാലഞ്ചു പേജ് പ്രസിദ്ധീകരിക്കാൻ മാതൃഭൂമി തയ്യാറായതിനു കാരണം.

ഇന്നത്തെ പ്രത്ര ധർമം ഒക്കെ ഇത് തന്നെ.  പത്രങ്ങൾക്കും ചാനലുകൾക്കും വയറു നിറയെ പരസ്യം കൊടുക്കുന്ന നിറപറയുടെ  മുളക് പൊടി മല്ലിപ്പൊടി മഞ്ഞൾ പ്പൊടി എന്നിവയിൽ നിയമ വിരുദ്ധമായ വസ്തുക്കൾ കണ്ടെത്തിയിട്ടും അതൊന്നു പറയാൻ ഈ പത്രങ്ങളോ ചാനലുകാലോ തയ്യാരായില്ലല്ലോ. അത് തന്നെ കാര്യം.

Saturday, September 5, 2015

മന്ത്രിയുടെ യാത്ര

മന്ത്രിമാർക്കും vip കൾക്ക് റോഡിൽ ഒരു പ്രാധാന്യവും  നൽകേണ്ട എന്നാണ് ഡി.ജി.പി. ഏമാന്റെ പോലീസുകാർക്കുള്ള സർക്കുലർ.  സർക്കുലർ  അവിടെ  കിടക്കും.  മന്ത്രിക്ക് പ്രത്യേക പരിഗണന നൽകിയില്ലെങ്കിൽ ഏമാനും പോകും അവിടെ ഡ്യുട്ടിയിലുള്ള പൊലീസുകാരന്റെ തൊപ്പിയും പോകും.

ഇതാ നോക്കൂ.  ഒരു മന്ത്രി പോകുന്നതിനായി പ്രത്യേക സൗകര്യം ഒരുക്കുന്നതിനായി ട്രാഫിക് പോലീസ്  സിഗ്നൽ ലൈറ്റ് അണച്ച് കാത്തു നിന്നു. ഏതോ കട ഉത്ഘാടനത്തിനായിരിക്കും മന്ത്രി പോയത്.തിരുവനന്തപുരം ജി.പി.ഒ  ജങ്ക്ഷനിൽ. മന്ത്രിക്ക് സൗകര്യം ഒരുക്കാൻ. എന്ന് പറഞ്ഞാൽ മറ്റുള്ള വണ്ടികളെ എല്ലാം തടഞ്ഞു നിർത്തി ആ മഹാന് പോകാൻ.നികുതി കൊടുക്കുന്നവരെ തടഞ്ഞു നിർത്തി ആ നികുതിപ്പണം കൊണ്ട് ചുവന്ന ലൈറ്റും ഫിറ്റ് ചെയ്തു സുഖിക്കുന്ന മന്ത്രിയെ കൂടുതൽ സുഖിപ്പിക്കാൻ.


ശ്രീകൃഷ്ണ ജയന്തി

സംഭവാമി യുഗേ യുഗേ 


ഇതാ മാർക്സിസ്റ്റ് പാർട്ടിക്കാരുടെ വക ശ്രീകൃഷ്ണ ജയന്തി ആഘോഷം. ഇന്ന്  കണ്ണൂരും മറ്റും സി.പി.എമ്മും അവരുടെ  പോഷക സംഘടനകളും   കൊച്ചു ഉണ്ണി ക്കണ്ണൻ മാരെ അണി  നിരത്തി  ശ്രീ കൃഷ്ണ ജന്മ ദിനം ആഘോഷിക്കുന്നു.

നല്ലത് തന്നെ. വരട്ടു തത്വ വാദങ്ങളിൽ നിന്നും, കാലഹരണപ്പെട്ട ആശയങ്ങളിൽ നിന്നും ഉൽകൃഷ്ട്ട മായ    ഭാരതീയ വിശ്വാസങ്ങളിലേയ്ക്കും ഭാരതീയ സംസ്കൃതിയിലേയ്ക്കും വരാൻ  ഇപ്പോഴെങ്കിലും അവർക്ക് തോന്നിയത് നന്നായി. അന്യ രാജ്യത്ത് നിന്നും ഇറക്കുമതി ചെയ്ത മാർക്സിസം ഇവിടെ വേരോടില്ല എന്ന് അന്നേ ഇവർക്കറിയാം. അധികാരം ആയിരുന്നല്ലോ അന്നും ഇന്നും ലക്ഷ്യം. അതിനായി ബുദ്ധിപൂർവ്വം അവർ ഭാരതത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ കയറി പറ്റി. അന്നും അതിനെ അനുകൂലിച്ചു കുറെ   വരട്ടു തത്വ വാദങ്ങൾ പറഞ്ഞു.

അന്ന് തൊട്ട് ഭൌതിക വാദം, വൈരുദ്ധ്യാത്മക ഭൌതിക വാദം, സ്വത്വം  എന്നൊക്കെ ആർക്കും മനസ്സിലാകാത്ത ഭാഷയിൽ കുറെ കാര്യങ്ങൾ പറഞ്ഞു ജനങ്ങളെ കബളിപ്പിച്ചു കൊണ്ടിരുന്നു. ഈശ്വരൻ ഇല്ലെന്നും അതിനെ പൂജിക്കേണ്ട ആവശ്യം ഇല്ലെന്നും നേതാക്കൾ പറഞ്ഞു. എന്നിട്ട് രഹസ്യമായി ഗുരുവായൂരും പൂമൂടലിനു കാടാമ്പുഴയിലും തലയിൽ മുണ്ടുമിട്ട് നേതാക്കന്മാരൊക്കെ പോയി ദൈവാനുഗ്രഹം വാങ്ങി.  പാവം കുറെ അണികൾ മാത്രം ദൈവത്തിനെ തെറി വിളിച്ചു നടന്നു. ഈ കപട നാടകങ്ങളൊക്കെ അധികാര കസേരയിൽ കയറാൻ ഉള്ള പെടാപ്പാടുകൾ ആയിരുന്നു എന്ന് ബുധിയുള്ളവർക്കൊക്കെ അറിയാം.

ഇതാ കണ്ണൂര് പാർട്ടി അടവൊന്നു മാറ്റിയിരിക്കുന്നു. നാരായണ ഗുരുവിനെ പിടിച്ചു പൂജിച്ചു തുടങ്ങി. ഗുരു SNDP യുടെ അല്ലെന്നും തങ്ങളുടേത് കൂടി ആണെന്നും പറഞ്ഞു ചതയ ദിന ആഘോഷങ്ങൾ നടത്തുന്നു. ഒരു പടി കൂടി കടന്നു ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു. 

ശ്രീകൃഷ്ണനെ ആരാധിച്ചാലും "സ്വത്വം" ( എന്താണാ സാധനം?) മറക്കാൻ കഴിയില്ലല്ലോ. കണ്ണനെ നിറം മാറ്റുന്നു.നീല കണ്ണന് പകരം നല്ല ചുമപ്പു കണ്ണനായിരിക്കും. എല്ലാ കുട്ടികളെയും ചുവപ്പ് നിറം പൂശും. ചുവന്ന ഉടുപ്പ്.ചെങ്കൊടി ആയിരിക്കും കണ്ണന് കൂടെ. ചുവപ്പ് മയമാക്കിയ കാളവണ്ടിയിൽ കണ്ണനും ഗോപികമാരും കയറി നഗരം ചുറ്റിയുള്ള ഘോഷ യാത്ര. കൂടെ കണ്ണൻറെ പ്രിയ പ്പെട്ട ഗോക്കൾ. അതായത് പശുക്കൾ. അവയും ചുവന്ന വേഷം ചുറ്റിക്കും. 

ഘോഷ യാത്ര അവസാനിക്കുന്നു. അത് കഴിഞ്ഞു വണ്ടി വലിച്ച കാളകളെയും ആ പശുക്കളെയും എല്ലാം കൊന്ന് ഒരു "ബീഫ് ഫെസ്റ്റ്" നടത്തുന്നു.
ശ്രീ കൃഷ്ണ ജയന്തി മാർക്സിസ്റ്റ് സ്റ്റൈൽ.   

Tuesday, September 1, 2015

ഓണ കൊല

സമാധാനത്തിന്റെയും ശാന്തിയുടെയും സമൃദ്ധിയുടെയും ഉത്സവമാണ് ഓണം. എല്ലാവരും സന്തോഷത്തോടെ ഒത്തൊരുമയോടെ ഓണം ആഘോഷിക്കുന്നു. ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ.

ഇത്തവണത്തെ ഓണം കൊലപാതകങ്ങളുടെ ഓണം ആയിരുന്നു. കാസർഗോടും തൃശ്ശൂരും കൊലപാതകങ്ങൾ. അതിനോടനുബന്ധിച്ചുള്ള അക്രമങ്ങൾ തുടർന്നു. രണ്ടു ജീവനുകൾ ആണ് നഷ്ട്ടപ്പെട്ടത്‌. നമുക്കൊക്കെ വേദനയുടെങ്കിലും ആ കുടുംബത്തിനല്ലേ ഏറ്റവും കൂടുതൽ വേദന? തങ്ങളുടെ മകൻ  ആർക്കാണ് നഷ്ട്ടം? അവരുടെ ബന്ധുക്കൾക്ക്. നാരായണന്റെയും അഭിലാഷിന്റെയും ഉറ്റവർക്ക്‌.  

എന്തിനാണിങ്ങിനെ കൊലപാതകങ്ങൾ നടത്തുന്നത്? രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിൽ ആയിരിക്കാം. അത് എന്തിനു വൈരാഗ്യത്തിൽ എത്തുന്നു? രണ്ടു പേരുടെ രണ്ടു വിശ്വാസങ്ങൾ. അത് കൊലപാതകത്തിൽ എങ്ങിനെ എത്തിച്ചേരുന്നു?  അതിനു പ്രോത്സാഹനം നൽകാൻ നേതാക്കൾ ഉള്ളത് കൊണ്ടല്ലേ?  ഏതു രാഷ്ട്രീയ പാർട്ടിയുടെ തത്വ സംഹിതകളിൽ ആണ് മനുഷ്യനെ കൊല്ലാൻ പറയുന്നത്? ഒന്നിലും ഇല്ല. പിന്നെ എങ്ങിനെ ഇവ നടക്കുന്നു? അതിനെ കുറിച്ച് നമ്മൾ അതായത് ഈ സമൂഹം ചിന്തിക്കണ്ടേ?

രാഷ്ട്രീയ വീക്ഷണങ്ങൾ തമ്മിലുള്ള സംഘട്ടനം ശാരീരികമായ  സംഘട്ടനം ആയി മാറുന്നു. അതിന് ഓരോയിടത്തെയും ഉന്നത തലങ്ങളിലെ പ്രേരണ ഉണ്ടെന്നു ധരിക്കുന്നതിൽ തെറ്റില്ല. രാഷ്ട്രീയ ഗൂഡാലോചന. അതല്ലെങ്കിൽ അണികൾ ധരിക്കുന്നതും പിന്തുടരുന്നതും തെറ്റായ രീതികൾ എന്നാകാം. നേതാക്കൾ ഘോര ഘോരം പ്രസംഗിക്കുന്നത് രാഷ്ട്രീയ എതിരാളികളെ ഉന്മൂല നാശം ചെയ്യാനാണെന്ന് തെറ്റായി ധരിക്കുന്നതാണ് ഇതിനു കാരണം. അതിന്റെ ഉത്തമ ഉദാഹരണം ആണ് കൊലപാതകത്തിന് ശേഷം കത്തിപ്പടർന്ന  വിപുലമായ ആക്രമണങ്ങളും സംഘർഷങ്ങളും.

സാക്ഷരതയും വിദ്യാഭ്യാസവും ഉള്ള നമ്മൾ എങ്ങിനെയാണ് ഇങ്ങിനെ അധപതിക്കുന്നത്? ഒരാളെ കൊന്നത് കൊണ്ട് ഈ പ്രശ്നം അവസാനിക്കുന്നോ? മരിച്ച വ്യക്തികളുടെ കുടുംബത്തിനു തീരാ നഷ്ട്ടം. ഈ കേസിൽ പിടിക്കപ്പെടുന്നവരുടെ ജീവിതം ഇനി മുഴുവൻ ദുരിതം. അവരുടെ കുടുംബങ്ങളുടെ കാര്യവും അതിലും കഷ്ട്ടം. അങ്ങിനെ നോക്കുമ്പോൾഎത്ര കുടുംബങ്ങളെയാണ് ഈ കൊലപാതകം ബാധിച്ചത് എന്ന് നോക്കൂ. ഞാനും നിങ്ങളും ഉൾപ്പെട്ട നമ്മുടെ  സമൂഹത്തിത്തിന് തന്നെയാണ് വലിയ നഷ്ട്ടം ഉണ്ടായിരിക്കുന്നത്.

ആസൂത്രിതമായ ഗൂഡാലോചന ആണിതെന്നു ആഭ്യന്തര മന്ത്രി പറഞ്ഞു. അങ്ങേരുടെ റോൾ കഴിഞ്ഞു. ഈ ഗൂഡാലോചന കണ്ടു പിടിക്കാൻ  അങ്ങേരുടെ കീഴിലുള്ള പോലീസിനു കഴിഞ്ഞില്ല എന്നത് വേറെ കാര്യം.  പോലീസിനു മാത്രം ഒന്നും ചെയ്യാൻ കഴിയില്ല ചെയ്യുന്നവരും മാധ്യമങ്ങളും വിചാരിക്കണം എന്ന് കേരള ഡി.ജി.പി. ചെയ്യുന്നവർ വിചാരിചിരുന്നുവെങ്കിൽ ഇതൊന്നും സംഭവിക്കുക ഇല്ലല്ലോ.

ഇത് കുടുംബത്തിൽനിന്നും തുടങ്ങേണ്ട ഒരു സ്വഭാവ രൂപീകരണം ആണ്. തങ്ങളുടെ മക്കളെ നേർ വഴിക്ക് നയിക്കേണ്ടത് നമ്മുടെ കടമയാണ്. അവർ വളരുമ്പോൾ തന്നിഷ്ട്ടത്തിനു പോകുമായിരിക്കാം. പക്ഷേ ആ വളർച്ചയിൽ മാനുഷിക മൂല്യങ്ങളും നമ്മുടെ ഉദാത്തമായ സംസ്കാരവും അനുസരിച്ച് ജീവിക്കാൻ പഠിപ്പിക്കുക എന്നത് മാതാ പിതാക്കളുടെ ധർമമാണ്. തിരുവനന്തപുരത്തും   അടൂരും   എൻജിനീയറിംഗ്  കോളജിൽ  നടന്ന ഓണാഘോഷവും മരണവും നമ്മൾ കണ്ടതാണല്ലോ. ആ കുട്ടികളെ നേരായി വളർത്താതിന്റെ കുറ്റം തന്നെയാണ് അവിടെ കണ്ടത്. കുട്ടികളെ  സത്യവും ധർമവും അനുസരിച്ച് വളർത്താതിരുന്നാൽ സമൂഹം ദുഷിക്കും. നമുക്കൊക്കെ വേദനയും സങ്കടവും ഉണ്ടെങ്കിലും മരിച്ചവരുടെ കുടുംബത്തിനുണ്ടായത്  തീരാനഷ്ട്ടമല്ലേ? അത് പോലെ പ്രതികളുടെ കുടുംബങ്ങൾക്ക്. ഇനിയെങ്കിലും കുട്ടികളെ നന്നായി വളർത്തി എല്ലാവർക്കും പ്രയോജനമുള്ളവരാക്കുക. സ്നേഹവും സമാധാനവും  വളർത്താൻ അവരെ പഠിപ്പിക്കുക.