Sunday, September 20, 2015

പട്ടി കടിക്കും


കടിക്കുന്ന പട്ടിയെ അടിക്കണമെങ്കിൽ പോലും  സുപ്രീം കോടതിയുടെ വിധി വേണ്ടി വരുന്ന കാലം. തെരുവിൽ അലഞ്ഞു നടക്കുന്ന പട്ടികളെ "ഒഴിവാക്കാൻ" തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന കേരള ഹൈ ക്കോടതി വിധി സ്റ്റേ ചെയ്യാൻ  സുപ്രീം കോടതി വിസമ്മതിച്ചു. എന്നാലും ഒരു ഫുൾ ജഡ്ജ്മെൻറ് വന്നില്ല. അത് വരാൻ ഇനിയും കുറെ നാള് കഴിയും. ഇനി കുറെ  നീണ്ടു നിൽക്കുന്ന വാദം ഒക്കെ കേട്ടതിനു ശേഷം. 

കേരളത്തിൽ കുഞ്ഞുങ്ങളെയും വലിയവരെയും തെരുവ് പട്ടികൾ കടിക്കുന്ന വാർത്തകൾ ആണ് ഓരോ ദിവസവും വന്നു കൊണ്ടിരിക്കുന്നത്. അതും വെറുതെ റോഡിലൂടെയും ഇടവഴിയിലൂടെയും ഒക്കെ പോകുമ്പോൾ ഓടിച്ചിട്ട്‌ കടിക്കുകയാണ്. അത്രയ്ക്കും ആക്രമണ സ്വഭാവം ഉള്ളതായി തീർന്നിരിക്കുന്നു ഈ നായ്ക്കൾ. എന്നിട്ടും ഒരു നടപടി എടുക്കാൻ, ഇതിനൊരു പരിഹാരം കാണാൻ കേരള ഭരണ കൂടം തയ്യാറാകുന്നില്ല എന്നത് വളരെ അത്ഭുത കരമായിരിക്കുന്നു. ഇവിടെ ഒരു ഭരണ കൂടം ഉണ്ടോ?

കോണ്‍ഗ്രസ്സ് പാർട്ടിക്കകത്ത് തെരഞ്ഞെടുപ്പു നടത്തണോ എന്നൊക്കെയുള്ള കാര്യം ആലോചിക്കാനാണ് മുഖ്യ മന്ത്രിക്ക് താൽപ്പര്യം. അതിൽ സുധീരനെ എങ്ങിനെ വീഴ്ത്താം എന്ന കാര്യമാണ് അദ്ദേഹത്തിന് പ്രധാനം.അതിനു വേണ്ടി സോണിയ മദാമ്മയുടെ പാദാരവിന്ദം  തൊഴാൻ ഡൽഹി ക്ക് പോയിരിക്കുന്നു. എത്ര പേർ പട്ടി കടിച്ചു ചത്താൽ അങ്ങേർക്ക് എന്ത്‌? വീണ്ടും കിടക്കുന്നില്ലേ ലക്ഷക്കണക്കിന്‌ പുഴുക്കളെ പോലുള്ള മനുഷ്യർ, വോട്ട് ചെയ്യാൻ? പിന്നെ പത്തോ ആയിരമോ മനുഷ്യർ  പട്ടി കടിച്ചു ചത്താൽ എന്ത്?  ഭാര്യയും മക്കളും സർക്കാർ ചിലവിൽ  സുരക്ഷിതർ ആണല്ലോ. എന്തായാലും ഒരു കാര്യം ചെയ്തു  പട്ടി കടി എൽക്കുന്നവരുടെ ചികിത്സയുടെ ചെലവ് സർക്കാർ വഹിയ്ക്കാം എന്ന്. എന്തൊരു ധിക്കാരപരമായ ഒരു നിലപാടാണിത്? പട്ടി കടി ഏൽക്കുന്ന ആൾക്കാർ അനുഭവിക്കുന്ന വേദനയും കഷ്ട്ടപ്പടിനും ആര് മറുപടി പറയും? പട്ടിയിൽ നിന്നും പേ പിടിച്ചാൽ ചികിത്സാ ചെലവ് കൊടുത്താൽ തീരുമോ പ്രശ്നം? ജനങ്ങളെ നോക്കാനോ അവരുടെ കാര്യം കേൾക്കാനോ ഇവർക്ക് സമയമില്ല.  200 രൂപ മാത്രം ദിവസ ശമ്പളം കിട്ടുന്ന മൂന്നാറിലെ പാവപ്പെട്ട തേയില തോട്ട തൊഴിലാളികൾ സമരം ചെയ്തപ്പോൾ 500 രൂപ കൊടുത്താൽ മുതലാളി നഷ്ട്ടത്തിൽ ആകുമെന്ന് പറയുന്ന ഒരു തൊഴിൽ മന്ത്രി. കൃഷി മന്ത്രിയെ ആ പ്രദേശത്ത് എങ്ങും കണ്ടതെ ഇല്ല. തേയില ഇനി ഒരു കൃഷി അല്ലേ എന്ന് സംശയം തോന്നിപ്പോകും.

ആനപ്പുറത്തിരിക്കുന്നവന് നായെ പേടിക്കേണ്ട എന്ന പഴഞ്ചൊല്ല് ആണ് ഇവർ നമ്മെ ഓർമിപ്പിക്കുന്നത്‌. ഇവരാരെങ്കിലും നിലത്തു ചവിട്ടാറുണ്ടോ? റോഡിൽ കൂടി നടക്കാറുണ്ടോ? വീട്ടിൽ നിന്നും നേരെ കാറിലേക്ക് കാലെടുത്തു വയ്ക്കുന്നു.  കാറിൽ നിന്നും ഓഫീസിലേക്ക് കയറുന്നു. ദൂരം കൂടുതലാണെങ്കിൽ വിമാനത്തിലും ഹെലി കോപ്ടരിലും യാത്ര.  ഉത്ഘാടനത്തിന് പോകുമ്പോൾ ( അതാണല്ലോ സ്ഥിരം ജോലി)  ഇവരൊക്കെ  കാറിൽ നിന്നും ഇറങ്ങുമ്പോൾചുമന്ന് വേദിയിൽ കയറ്റാൻ തൊഴിലില്ലാത്ത പാർട്ടിക്കാർ  എന്ന കുറെ പാദസേവകർ  ഉണ്ട്. എങ്ങിനെയെങ്കിലും ഇവരുടെ പ്രീതി നേടി പത്തു കാശ് ഉണ്ടാകാനുള്ള വേലയാണ്.  പക്ഷേ I P S കാരായ IG യും DGP യും ഒക്കെപ്പോയി ഈ മന്ത്രിമാരുടെ കാറിന്റെ ഡോർ തുറന്നു കൊടുക്കുന്നത് കാണുമ്പോൾ മഹാ കഷ്ട്ടം എന്ന് പറയുക മാത്രമേ കഴിയൂ. അത് ഏതു പ്രോട്ടോക്കോൾ ആണോ എന്തോ?  അങ്ങിനെ ജീവിക്കുന്ന ഈ മന്ത്രിമാർക്ക് റോഡിൽ കൂടി നടക്കുന്ന പാവപ്പെട്ടവന്റെ വേദന എങ്ങിനെ മനസ്സിലാകാനാണ്? എന്നിട്ടും നടപടിയെടുക്കാത്തതിനെ അനുകൂലിയ്ക്കുന്ന കുറെ മനുഷ്യർ. അവർ ഭരണ പക്ഷം ആണ്.  പട്ടി പാർട്ടി നോക്കിയാണോ കടിക്കുന്നത്? അത് പോലും മനസ്സിലാക്കാൻ കഴിയാത്ത കുറെ അനുകൂലികളും.  പട്ടികളോട് എന്താണീ ഭരണത്തിൽ ഇരിക്കുന്നവർക്ക് ഇത്ര സ്നേഹം എന്ന് മനസ്സിലാകുന്നില്ല. പട്ടികളുടെ ജന്മം ആണ് ഈ പാവപ്പെട്ട ജനങ്ങൾ, അതിനാൽ അവർ തമ്മിൽ കടിച്ചു ചാകട്ടെ എന്ന് മനസ്സിൽ കരുതുന്നുണ്ടായിരിക്കാം അവർ.

ഇതിങ്ങിനെ പോകും. പട്ടികൾ വീണ്ടും കുറേക്കൂടി ആക്രമണോൽസുകരാകും. ജനങ്ങൾക്ക്‌ കൂടുതൽ കടി കൊള്ളും.  എന്നിട്ടും പട്ടികൾ അനങ്ങില്ല. നമ്മുടെ മുന്നിൽ ഇനി ഒരു മാർഗമേ ഉള്ളൂ.തെരഞ്ഞെടുപ്പ് അടുത്തു വരുന്നു. ആനപ്പുറത്ത് നിന്നും ഇവർ താഴെയിറങ്ങും. വോട്ട് ചോദിക്കാൻ. ഈ പട്ടികളെ കൊണ്ട് അവരെ കടിപ്പിക്കുക.  ഇനി നമുക്ക് അതേ  ചെയ്യാനുള്ളൂ. എന്നിട്ട് ചികിത്സാ ചെലവ് കൊടുക്കാം. അതാണല്ലോ അവരും ചെയ്യുന്നത്.  ( ഇത് സെക്രടറിയേറ്റിനു പുറത്തു കൂട്ടുകാർ വരാൻ  കാത്തു നിൽക്കുന്നു)  

10 comments:

 1. ജനത്തിനെ എന്നും
  പൊറുതി മുട്ടിക്കുന്ന കേരളത്തിലെ
  പട്ടികളും , പാർട്ടികളും ഒരേ ഗണത്തിൽ
  പെടുന്നത് തന്നെയാണ്...!

  ReplyDelete
  Replies
  1. തമ്മിൽ ഭേദം പട്ടി

   Delete
 2. നാലുകാലുള്ള ശ്വനനേക്കാള്‍ കഷ്ടമാണ് രണ്ടു കാലുള്ള പട്ടികള്‍......

  ReplyDelete
  Replies
  1. പട്ടി കടിക്കും മറ്റവൻ നമ്മളെ നക്കി കൊല്ലും

   Delete
 3. ജനത്തെ കടിച്ചു കൊല്ലുന്ന പട്ടികളെ തട്ടണമെന്നു പറയാന്‍ ഞാനാളല്ല.കാരണം ഞാനത് പറഞ്ഞാല്‍ ചിലപ്പോള്‍ എന്നെ തട്ടും!!! അതാണ്‌ സ്ഥിതി. എന്തായാലും പട്ടികള്‍ പെറ്റുപെരുകാന്‍ കാരണം ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ വേസ്റ്റ് നിക്ഷേപവും അനിയന്ത്രിതമായ നഗരവല്‍ക്കരണവുമാണ്.

  ReplyDelete
 4. നന്മയെന്നു പഠിച്ചതൊക്കെ തിന്മയും തിന്മയെന്നു പഠിച്ചതൊക്കെ നന്മയും ആയി മാറുന്ന കാലമാണ്. "ശരിയല്ല" എന്ന് ഒറ്റ സ്വരത്തിൽ ഉറപ്പിച്ച് പറയാവുന്ന കാര്യങ്ങൾക്കു പോലും രണ്ടല്ല, രണ്ടായിരം പക്ഷം! തെറ്റിനെ ശരിയും ശരിയെ തെറ്റും ആക്കുന്ന കർമ്മത്തിൽ ഏർപ്പെട്ടിരിക്കുന്ന ഓരോ പക്ഷത്തിനും പതിനായിരം രഹസ്യ അജൻറകൾ !! വല്ലാത്തൊരു കാലത്തിലൂടെയാണ്‌ നമ്മൾ കടന്നുപോകുന്നത്! ആളുകളെ കടിച്ചു കുടയുന്ന തെരുവുപട്ടികളുടെ കാര്യത്തിൽ പോലും ഒരു തീരുമാനം എടുക്കാൻ കഴിയാത്ത വിധം കുഴങ്ങുന്ന ഭരണകൂടവും നിയമ വ്യവസ്ഥകളും!!! ഏറ്റവും ലളിതമായ പ്രശ്നത്തിലെ ശരിയും തെറ്റും പോലും തിരിച്ചറിയാൻ കഴിയാത്തത് പോലെ നമ്മുടെയൊക്കെ പ്രജ്ഞ നശിക്കുകയാണോ?! ഒന്നും മനസ്സിലാകുന്നില്ല!

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
  Replies
  1. With your permission, deleting the same comment which was published two times by mistake.

   Delete
  2. എന്റെ കാലിൽ കടിക്കാത്തിടത്തോളം ഞാൻ എന്തിനു വിഷമിക്കണം എന്ന നിസംഗത. അത് ഒരു കാരണം. രണ്ടാമത്തേത് ഇതിൽ നിന്നും എനിക്ക് എന്തെങ്കിലും ഗുണം ഉണ്ടാക്കാമോ എന്ന ആർത്തി . അത് രണ്ടാമത്തെ കാരണം.
   ഗിരിജ തൊട്ടാവാടി നന്നായിരുന്നു.

   Delete