Tuesday, September 1, 2015

ഓണ കൊല

സമാധാനത്തിന്റെയും ശാന്തിയുടെയും സമൃദ്ധിയുടെയും ഉത്സവമാണ് ഓണം. എല്ലാവരും സന്തോഷത്തോടെ ഒത്തൊരുമയോടെ ഓണം ആഘോഷിക്കുന്നു. ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ.

ഇത്തവണത്തെ ഓണം കൊലപാതകങ്ങളുടെ ഓണം ആയിരുന്നു. കാസർഗോടും തൃശ്ശൂരും കൊലപാതകങ്ങൾ. അതിനോടനുബന്ധിച്ചുള്ള അക്രമങ്ങൾ തുടർന്നു. രണ്ടു ജീവനുകൾ ആണ് നഷ്ട്ടപ്പെട്ടത്‌. നമുക്കൊക്കെ വേദനയുടെങ്കിലും ആ കുടുംബത്തിനല്ലേ ഏറ്റവും കൂടുതൽ വേദന? തങ്ങളുടെ മകൻ  ആർക്കാണ് നഷ്ട്ടം? അവരുടെ ബന്ധുക്കൾക്ക്. നാരായണന്റെയും അഭിലാഷിന്റെയും ഉറ്റവർക്ക്‌.  

എന്തിനാണിങ്ങിനെ കൊലപാതകങ്ങൾ നടത്തുന്നത്? രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിൽ ആയിരിക്കാം. അത് എന്തിനു വൈരാഗ്യത്തിൽ എത്തുന്നു? രണ്ടു പേരുടെ രണ്ടു വിശ്വാസങ്ങൾ. അത് കൊലപാതകത്തിൽ എങ്ങിനെ എത്തിച്ചേരുന്നു?  അതിനു പ്രോത്സാഹനം നൽകാൻ നേതാക്കൾ ഉള്ളത് കൊണ്ടല്ലേ?  ഏതു രാഷ്ട്രീയ പാർട്ടിയുടെ തത്വ സംഹിതകളിൽ ആണ് മനുഷ്യനെ കൊല്ലാൻ പറയുന്നത്? ഒന്നിലും ഇല്ല. പിന്നെ എങ്ങിനെ ഇവ നടക്കുന്നു? അതിനെ കുറിച്ച് നമ്മൾ അതായത് ഈ സമൂഹം ചിന്തിക്കണ്ടേ?

രാഷ്ട്രീയ വീക്ഷണങ്ങൾ തമ്മിലുള്ള സംഘട്ടനം ശാരീരികമായ  സംഘട്ടനം ആയി മാറുന്നു. അതിന് ഓരോയിടത്തെയും ഉന്നത തലങ്ങളിലെ പ്രേരണ ഉണ്ടെന്നു ധരിക്കുന്നതിൽ തെറ്റില്ല. രാഷ്ട്രീയ ഗൂഡാലോചന. അതല്ലെങ്കിൽ അണികൾ ധരിക്കുന്നതും പിന്തുടരുന്നതും തെറ്റായ രീതികൾ എന്നാകാം. നേതാക്കൾ ഘോര ഘോരം പ്രസംഗിക്കുന്നത് രാഷ്ട്രീയ എതിരാളികളെ ഉന്മൂല നാശം ചെയ്യാനാണെന്ന് തെറ്റായി ധരിക്കുന്നതാണ് ഇതിനു കാരണം. അതിന്റെ ഉത്തമ ഉദാഹരണം ആണ് കൊലപാതകത്തിന് ശേഷം കത്തിപ്പടർന്ന  വിപുലമായ ആക്രമണങ്ങളും സംഘർഷങ്ങളും.

സാക്ഷരതയും വിദ്യാഭ്യാസവും ഉള്ള നമ്മൾ എങ്ങിനെയാണ് ഇങ്ങിനെ അധപതിക്കുന്നത്? ഒരാളെ കൊന്നത് കൊണ്ട് ഈ പ്രശ്നം അവസാനിക്കുന്നോ? മരിച്ച വ്യക്തികളുടെ കുടുംബത്തിനു തീരാ നഷ്ട്ടം. ഈ കേസിൽ പിടിക്കപ്പെടുന്നവരുടെ ജീവിതം ഇനി മുഴുവൻ ദുരിതം. അവരുടെ കുടുംബങ്ങളുടെ കാര്യവും അതിലും കഷ്ട്ടം. അങ്ങിനെ നോക്കുമ്പോൾഎത്ര കുടുംബങ്ങളെയാണ് ഈ കൊലപാതകം ബാധിച്ചത് എന്ന് നോക്കൂ. ഞാനും നിങ്ങളും ഉൾപ്പെട്ട നമ്മുടെ  സമൂഹത്തിത്തിന് തന്നെയാണ് വലിയ നഷ്ട്ടം ഉണ്ടായിരിക്കുന്നത്.

ആസൂത്രിതമായ ഗൂഡാലോചന ആണിതെന്നു ആഭ്യന്തര മന്ത്രി പറഞ്ഞു. അങ്ങേരുടെ റോൾ കഴിഞ്ഞു. ഈ ഗൂഡാലോചന കണ്ടു പിടിക്കാൻ  അങ്ങേരുടെ കീഴിലുള്ള പോലീസിനു കഴിഞ്ഞില്ല എന്നത് വേറെ കാര്യം.  പോലീസിനു മാത്രം ഒന്നും ചെയ്യാൻ കഴിയില്ല ചെയ്യുന്നവരും മാധ്യമങ്ങളും വിചാരിക്കണം എന്ന് കേരള ഡി.ജി.പി. ചെയ്യുന്നവർ വിചാരിചിരുന്നുവെങ്കിൽ ഇതൊന്നും സംഭവിക്കുക ഇല്ലല്ലോ.

ഇത് കുടുംബത്തിൽനിന്നും തുടങ്ങേണ്ട ഒരു സ്വഭാവ രൂപീകരണം ആണ്. തങ്ങളുടെ മക്കളെ നേർ വഴിക്ക് നയിക്കേണ്ടത് നമ്മുടെ കടമയാണ്. അവർ വളരുമ്പോൾ തന്നിഷ്ട്ടത്തിനു പോകുമായിരിക്കാം. പക്ഷേ ആ വളർച്ചയിൽ മാനുഷിക മൂല്യങ്ങളും നമ്മുടെ ഉദാത്തമായ സംസ്കാരവും അനുസരിച്ച് ജീവിക്കാൻ പഠിപ്പിക്കുക എന്നത് മാതാ പിതാക്കളുടെ ധർമമാണ്. തിരുവനന്തപുരത്തും   അടൂരും   എൻജിനീയറിംഗ്  കോളജിൽ  നടന്ന ഓണാഘോഷവും മരണവും നമ്മൾ കണ്ടതാണല്ലോ. ആ കുട്ടികളെ നേരായി വളർത്താതിന്റെ കുറ്റം തന്നെയാണ് അവിടെ കണ്ടത്. കുട്ടികളെ  സത്യവും ധർമവും അനുസരിച്ച് വളർത്താതിരുന്നാൽ സമൂഹം ദുഷിക്കും. നമുക്കൊക്കെ വേദനയും സങ്കടവും ഉണ്ടെങ്കിലും മരിച്ചവരുടെ കുടുംബത്തിനുണ്ടായത്  തീരാനഷ്ട്ടമല്ലേ? അത് പോലെ പ്രതികളുടെ കുടുംബങ്ങൾക്ക്. ഇനിയെങ്കിലും കുട്ടികളെ നന്നായി വളർത്തി എല്ലാവർക്കും പ്രയോജനമുള്ളവരാക്കുക. സ്നേഹവും സമാധാനവും  വളർത്താൻ അവരെ പഠിപ്പിക്കുക. 

10 comments:

 1. ഇത് ഒരു സാമൂഹിക പ്രശ്നമാണെന്ന് തോന്നുന്നു.
  ഇവിടെ എല്ലാം മത്സരത്തില്‍ അധിഷ്ഠിതമാണ്.
  സ്നേഹവും സഹവര്‍ത്തിത്വവും ആരോഗ്യകരമായ
  സംവാദവുമാണ് വേണ്ടത്.

  ReplyDelete
  Replies
  1. ശരിയായ ചർച്ചകൾ നടക്കില്ല സജീവ്‌. കാരണം നമ്മുടെ രാഷ്ട്രീയ വിധേയത്വം അതിനിടയിൽ കടന്നു വരും.

   Delete
 2. കൊയ്യേണ്ടവർ ഒളിഞ്ഞിരുന്ന് വിതയ്ക്കുന്നു.വിഡ്ഢികളായ കുറേ 'കൊടി'ക്കുഞ്ഞുങ്ങൾ ജീവിതം പാഴാക്കാൻ ഇറങ്ങിത്തിരിച്ചാൽ എന്ത്‌ ചെയ്യാൻ പറ്റും!!

  ReplyDelete
  Replies
  1. മസ്തിഷ്ക്ക പ്രക്ഷാളനം നടത്തപ്പെട്ട കൊടിമാർ സമൂഹത്തിൽ ഉള്ളിടത്തോളം ഉള്ളിടത്തോളം കാലം സംഭവം ഇത്തിരി ബുദ്ധിമുട്ടാ സുധീ.

   Delete
 3. "ഇത് കുടുംബത്തിൽനിന്നും തുടങ്ങേണ്ട ഒരു സ്വഭാവ രൂപീകരണം ആണ്. തങ്ങളുടെ മക്കളെ നേർ വഴിക്ക് നയിക്കേണ്ടത് നമ്മുടെ കടമയാണ്. അവർ വളരുമ്പോൾ തന്നിഷ്ട്ടത്തിനു പോകുമായിരിക്കാം. പക്ഷേ ആ വളർച്ചയിൽ മാനുഷിക മൂല്യങ്ങളും നമ്മുടെ ഉദാത്തമായ സംസ്കാരവും അനുസരിച്ച് ജീവിക്കാൻ പഠിപ്പിക്കുക എന്നത് മാതാ പിതാക്കളുടെ ധർമമാണ്."
  സത്യമാണ് ബിപിന്‍ സാര്‍.
  ദുരന്തങ്ങള്‍ക്കൊടുവില്‍,എല്ലാ ദുരിതങ്ങളും അനുഭവിക്കേണ്ടിവരുന്നത് അതത്‌ കുടുംബങ്ങളാണ്........
  ആശംസകള്‍

  ReplyDelete
  Replies
  1. അതേ തങ്കപ്പൻ ചേട്ടാ. മക്കൾക്ക് വിദ്യാഭ്യാസം നൽകാനും ജോലി വാങ്ങി കൊടുക്കാനും എന്തിനു കല്യാണം കഴിപ്പിക്കുന്നത് വരെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന കേരളത്തിലെ മാതാ പിതാക്കൾ മക്കളുടെ പോക്ക് കണ്ടില്ല എന്ന് പറയുന്നത് അർത്ഥമില്ലാത്ത പറച്ചിലാണ്. അപ്പോൾ അവരും സഹായിക്കുന്നു. അല്ലെങ്കിൽ തടയാൻ ശ്രമിക്കുന്നില്ല. നല്ല പോലെ വളർത്താൻ ശ്രമിക്കുന്നില്ല.

   Delete
 4. രാഷ്ട്രീയ വീക്ഷണങ്ങൾ
  തമ്മിലുള്ള സംഘട്ടനം ശാരീരികമായ
  സംഘട്ടനം ആയി മാറുന്നു. അതിന് ഓരോയിടത്തെയും
  ഉന്നത തലങ്ങളിലെ പ്രേരണ ഉണ്ടെന്നു ധരിക്കുന്നതിൽ തെറ്റില്ല. രാഷ്ട്രീയ ഗൂഡാലോചന. അതല്ലെങ്കിൽ അണികൾ ധരിക്കുന്നതും പിന്തുടരുന്നതും തെറ്റായ രീതികൾ എന്നാകാം. നേതാക്കൾ ഘോര ഘോരം പ്രസംഗിക്കുന്നത് രാഷ്ട്രീയ എതിരാളികളെ ഉന്മൂല നാശം ചെയ്യാനാണെന്ന് തെറ്റായി ധരിക്കുന്നതാണ് ഇതിനു കാരണം. അതിന്റെ ഉത്തമ ഉദാഹരണം ആണ് കൊലപാതകത്തിന് ശേഷം കത്തിപ്പടർന്ന വിപുലമായ ആക്രമണങ്ങളും സംഘർഷങ്ങളും.

  ReplyDelete
 5. കാക്കേണ്ടവര്‍ കാത്താല്‍
  കഴുകന്‍ കാലില്‍ പറക്കില്ല.......

  ReplyDelete
  Replies
  1. വളരെ ശരി വിനോദ്

   Delete