Thursday, September 24, 2015

കമ്മ്യുണിസ്റ്റ് കല്യാണം

രണ്ടു ദിവസമായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ഒരു കല്യാണമാണ്. സി.പി.എം. നേതാവ് എം.എ. ബേബിയുടെ മകൻറെ വിവാഹം. രാഹു കാലത്ത് കല്യാണം നടത്തിയത്രേ. രാഹു കാലം എന്നൊരു കാലം ഇല്ലാത്ത ക്രിസ്ത്യാനികൾക്ക് ഏത് നേരവും എതു കാലവും ആയാലെന്താ? (അവർക്ക് ആര് ഭരണത്തിൽ വന്നാലും  ശുക്ര കാലം ആണ്)  പയ്യൻ ക്രിസ്ത്യാനി. പെണ്ണ്   ക്രിസ്ത്യാനി.  അവർ രജിസ്ടർ വിവാഹം കഴിച്ചു അത്ര തന്നെ. അതിൽ എന്തിത്ര പറയാനിരിക്കുന്നു? വല്ല മിശ്ര വിവാഹം ആയിരുന്നുവെങ്കിൽ ഒരു പുതുമ ഉണ്ടായിരുന്നു. പണ്ടു കമ്മ്യുണിസ്റ്റ് കല്യാണങ്ങൾ ആർഭാടം ഇല്ലാത്തവയായിരുന്നു. ടി.വി. തോമസും ഗൌരി യും തുടങ്ങി പലതും.

പിന്നെ പബ്ലിസിറ്റി. അത് ആവശ്യത്തിലും ഏറെ കിട്ടി. കേരളത്തിലെ രാഷ്ടീയത്തിലും, ഭരണത്തിലും, കലാ സാംസ്കാരിക രംഗത്തിലും, ബിസിനസ്,വ്യവസായ രംഗത്തിലും ഉള്ള എല്ലാപേരും കല്യാണ വിരുന്നിൽ പങ്കെടുത്തു. പത്രങ്ങൾക്ക് ഏതാണ്ട് അര പേജ് വേണ്ടി വന്നു വിരുന്നിനു എത്തിയവരുടെ പേര് അച്ചടിക്കാൻ. പിന്നെ ആകെ ഒരു പുതുമ കപ്പയും കാച്ചില് പുഴുങ്ങിയതും കൊടുത്തു എന്നത്. അത് പോലെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ചിഹ്നങ്ങൾ ആയ കട്ടൻ കാപ്പിയും പരിപ്പ് വടയും.

നിലവിലുള്ള ആചാരങ്ങൾക്ക് വില കൽപ്പിക്കില്ല എന്നായിരുന്നുവെങ്കിൽ ക്രിസ്ത്യാനികളുടെ ആചാരമല്ലാത്ത രാഹുകാലത്തിനെ വെറുതെ പിടിക്കാതെ ക്രിസ്ത്യാനികളുടെ നോമ്പ് സമയത്തോ ദുഃഖ വെള്ളിയാഴ്ചയോ കല്യാണം നടത്തേണ്ടിയിരുന്നു. ഇനി ബേബി സഖാവ് ഇതൊന്നും അറിയാതെ മാധ്യമങ്ങൾ വെറുതെ എഴുതി പെരുപ്പിച്ചത് ആകാനും മതി. 

11 comments:

 1. വെറും പബ്ലിസിറ്റി സ്റ്റണ്ട്. ഒരു പൊതുപ്രവർത്തകനായ എം.എ ബേബിക്ക് ഇത്തരം അൽപ്പത്വം നിറഞ്ഞ പ്രചാരണതന്ത്രങ്ങളെ ഒന്നു നിയന്ത്രിക്കാമായിരുന്നു. കൃസ്ത്യനികളായ വധൂവരന്മാർ രാഹുകാലം നോക്കാതെ വിവാഹം കഴിച്ചത് അത്ര വലിയ കാര്യമൊന്നുമല്ല. കല്യാണാഘോഷത്തിലെ കപ്പപ്പുഴുക്ക് ഇപ്പോഴത്തെ പുതിയ ട്രെൻഡ് ആണ്. കപ്പയും മത്തിയും ഇപ്പോൾ മലബാർ ഭാഗത്തൊക്കെ കല്യാണ വിഭവങ്ങളിൽ പ്രത്യേക സ്ഥാനം പിടിച്ചു കഴിഞ്ഞു . പ്രത്യേകിച്ച് വരേണ്യവിഭാഗങ്ങളുടെ ആർഭാടക്കല്യാണങ്ങളിൽ - അല്ല ആ വിവാഹത്തിൽ പങ്കെടുത്ത സെലിബ്രറ്റികളുടെ പട്ടിക നോക്കിയാൽ അതുമൊരു വരേണ്യവിഭാഗ മേലാളക്കല്യാണമായിരുന്നല്ലോ.....

  ReplyDelete
  Replies
  1. പ്രദീപ്‌.അതായിരുന്നു അങ്ങേരുദ്ദേശിച്ചതും. തെരെഞ്ഞെടുപ്പോക്കെ വരാൻ പോവുകയല്ലേ. ഐസക്ക് സഖാവ് പച്ചക്കറി കൃഷിയും കൊണ്ട് നടക്കുന്നു. എന്നാലിങ്ങിനെ ആകട്ടെ.

   Delete
 2. രാഹു ആയാലും ,
  കേതു ആയാലും ഈ കല്ല്യാണക്കച്ചേരി
  ലോക പ്രശസ്തമയല്ലോ .....അത് മതി

  ReplyDelete
  Replies
  1. അത് തന്നെ മുരളി.

   Delete
 3. മലയാളികൾക്ക് ഇപ്പൊ എല്ലാം ശീലമായി
  കള്ളവും അഴിമതിയും യുക്തിവാദവും രാഷ്ട്രീയവും മതവും വർഗീയവാദവും എല്ലാം

  ReplyDelete
  Replies
  1. ഈ ശീലം മാറിയില്ലെങ്കിൽ നമ്മളും രാഷ്ട്രീയക്കാരെ പ്പോലെ കള്ളന്മാരാകും ബൈജൂ

   Delete
 4. അല്ലെങ്കിലും ഇപ്പോൾ എല്ലാം അങ്ങനെ ആണല്ലോ,, പത്രക്കാർ എഴുതിപ്പിടിപ്പിച്ച് വേറെ കഥ ആക്കിക്കളയുമല്ലോ !!

  ReplyDelete
  Replies
  1. ഈ പത്രക്കാരെ കൊണ്ട് തോറ്റു ശ്രീ പതാരം.

   Delete
 5. ഈ ലാളിത്യമൊക്കെ പബ്ലിസിറ്റി സ്റ്റണ്ട് അല്ലെ. കൊടുക്കലും വാങ്ങലും ഒക്കെ പിന്നാമ്പുറത്തുകൂടിയായിരിക്കും... ഇവരെയൊക്കെ വിശ്വസിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു.

  ReplyDelete
  Replies
  1. അതെ അന്നൂസ് . അതെല്ലാം നടന്നു കാണും.

   Delete